മാനസിക രോഗങ്ങൾ മനുഷ്യരിൽ പ്രകടമായത് എന്നുമുതലാണ് എന്ന ചോദ്യത്തിന് കൃത്യമായ ഒരു കാലഘട്ടം ഉറപ്പിച്ചുപറയാൻ ബുദ്ധിമുട്ടാണ്. ഇന്ന് നമ്മൾ കണ്ടുവരുന്ന പലതരത്തിലുള്ള മാനസിക സംഘർഷങ്ങളും അസുഖങ്ങളും സ്വഭാവദൂഷ്യ ങ്ങളും ലഹരിപദാർത്ഥത്തിന്റെ അമിത ഉപയോഗവും മറ്റും പുരാതനകാലത്ത് അത്ര ത്തോളം വ്യാപകമായിരുന്നില്ല എന്ന് സമർത്ഥിക്കാം. പക്ഷേ മനുഷ്യർക്ക് മറ്റു പലതരത്തിലുള്ള മാനസിക രോഗങ്ങൾ അന്നും പ്രകടമായിരുന്നു എന്നതിന് തെളിവുണ്ട്.
ഏതാണ് പുരാതന കാലം?
പുരാതനകാലത്തെ നമ്മുടെ പഠനസൗകര്യത്തിനായി പൊതുവായി മൂന്ന് കാലഘട്ടങ്ങളായി തരം തിരിക്കാം.
-വേദകാലത്തിന് മുൻപ്:
Pre Vedic (BCE- പതിനഞ്ചാം നൂറ്റാണ്ടിനു മുമ്പ്).
-വേദ കാലഘട്ടം:
Vedic (BCE 1500 മുതൽ 600 BCE വരെ).
-വേദാനന്തര സുവർണ്ണ കാലം:
(BCE 600 മുതൽ 200 CE (AD) വരെ).
വേദ കാലഘട്ടത്തിനു മുമ്പ്
(Before 1500 BCE)
സിന്ധു നദീതട സംസ്കാരത്തിന്റെ കാലഘട്ടമാണിത്. ഈ കാലഘട്ടത്തിൽ ജനങ്ങൾ വളരെ ഉന്നത നിലവാരത്തിലായിരുന്നു ജീവിച്ചതെന്ന് സൂചനകളുണ്ട്. പൊതുജനാരോഗ്യ സംവിധാനങ്ങൾ, ശുചിത്വ പരിപാലനം, ചികിത്സാസമ്പ്രദായങ്ങൾ എന്നിവയെല്ലാം ദൃഢമായ സാമൂഹിക സംവിധാനത്തിന്റെ കീഴിൽ നിലനിന്നിരുന്നു എന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ ശിവാരാധനയും ശക്തി ആരാധനയും ആണ് പ്രധാനമായി ഉണ്ടായിരുന്നത്. ഇതുകൂടാതെ ഗോത്ര സംസ്കാര ആചാരങ്ങളും ജനങ്ങൾ പിന്തുടർ ന്നിരുന്നു. ഈജിപ്തിലെയും മധ്യ ഏഷ്യയിലെയും സംസ്കാരങ്ങളും ഈ സംസ്കാരവും തമ്മിൽ കൊടുക്കൽ വാങ്ങൽ നടന്നിരുന്നതായി തെളിവുണ്ട്.
രോഗാവസ്ഥകൾ പിശാചിന്റെ ഉപദ്രവം കൊണ്ടും പ്രേതബാധ കൊണ്ടും ദൈവകോപം കൊണ്ടും അന്യഗ്രഹ ങ്ങളുടെ ദോഷകരമായ ഇടപെടൽ കൊണ്ടും ഉണ്ടാകുന്നതാണ് എന്ന് അന്നത്തെ ജനങ്ങൾ വിശ്വസിച്ചുപോന്നു. ഇതിന് പരിഹാരമായി ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള പൂജകളും ബലികളും മറ്റു ക്രിയകളും അവർ നടത്തിയിരുന്നു. അതുപോലെ ശത്രുതയുള്ള മനുഷ്യരാൽ സംഭവി ക്കുന്ന അസുഖങ്ങൾക്ക് പരിഹാരമായി കൂടോത്രം, മാരണം, ദുർമന്ത്രവാദം എന്നിവ നടത്തപ്പെട്ടിരുന്നു. ഹാനികരമായ ശകതികളെ ചെറുക്കാൻ പുരാതനകാല ചികിത്സകർ രോഗികൾക്ക് ഏലസ്സുകളും ചരടുകളും മറ്റും നൽകി. സമൂഹത്തിലെ ആചാരങ്ങൾ പാലിക്കാതിരുന്നാൽ അതിന് ശിക്ഷയായി മാനസിക അസുഖങ്ങളും ശാരീരിക അസുഖങ്ങളും വന്ന് ഭവിക്കുന്നതായും ജനങ്ങൾ വിശ്വസിച്ചുപോന്നു.

ട്രിപ്പനേഷൻ (Trepanation)
മനുഷ്യന്റെ തലക്കുള്ളിൽ കുടികൊള്ളുന്ന പിശാചിനെ പുറത്തുകൊണ്ടുവരാൻ ഇരുമ്പ് ഉപകരണം കൊണ്ട് തലയോട്ടിയിൽ ദ്വാരമുണ്ടാക്കുന്ന രീതിയാണ് ട്രിപ്പനേഷൻ എന്ന് പറയുന്നത്. ഇത് പുരാതനകാലത്ത് യൂറോപ്പിലും തെക്കൻ അമേരിക്കയിലും നടത്തിയിരുന്നത് പോലെ ഭാരതത്തിലും ചെയ്തിരുന്നു എന്നതിന് തെളിവുകളുണ്ട്.
വേദ കാലഘട്ടം
(1500 BCE to 800 BCE)
ആര്യൻ അധിനിവേശത്തോടുകൂടി സിന്ധു നദീതട സംസ്കാരം പതുക്കെ നശിച്ച് ഇല്ലാതായി. BCE 1500 മുതൽ BCE 800 വരെയുള്ള ഈ കാലഘട്ടത്തിലാണ് നാല് വേദങ്ങളും വാമൊഴിയായി രചിക്കപ്പെട്ടത്. ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വ വേദം എന്നീ വേദങ്ങളിൽ, രോഗചികിത്സയിലും മനോ രോഗ ചികിത്സയിലും പ്രധാന പങ്കുവഹിച്ചിരുന്നത് അഥർവ്വ വേദമാണ്. ആയുർവേദം അഥർവ്വ വേദത്തിന്റെ ഒരു ശാഖയാണെന്ന് വിശ്വസിക്കു ന്നവരും ഉണ്ട്.
വേദകാലഘട്ടത്തിൽ രോഗകാരണമായി കരുതപ്പെട്ടത് ഭക്ഷണക്രമത്തിലെ അസന്തുലി താവസ്ഥയും ജീവിതചര്യകളുടെ അപാകവും പാപ കർമ്മ ഫലങ്ങളുടെ പ്രഹരവുമാണ്. ഭക്ഷണജന്യമായ ദേഹ അസുഖങ്ങൾക്ക് ആയുർവേദവും അനാചാരപ്രവർത്തിക്കും പാപകർമ്മത്തിനും പരിഹാരമായി അഥർവ്വവേദത്തിലുള്ള മന്ത്രങ്ങളും പൂജകളും ഉപയോഗിക്കപ്പെട്ടു. വേദകാല മഹർഷികൾ രോഗങ്ങളെ ജലത്തിന്റെ യും വായുവിന്റെയും വരൾച്ചയുടെയും അനന്തരഫലമായി കരുതി. പിൽക്കാലത്ത് ഈ സിദ്ധാന്തമാണ് ത്രിദോഷ സിദ്ധാന്തത്തിലേക്ക് വഴിതെളിച്ചത്.
ഉപനിഷത്ത് കാലം
(BCE 800 to 600)
ഈ കാലഘട്ടത്തിൽ മനുഷ്യന്റെ ചിന്താമണ്ഡല ത്തെയും മനോവ്യാപാരങ്ങളെയും ആഴത്തിൽ പഠിച്ചു മനസ്സിലാക്കാനുള്ള ശ്രമങ്ങൾ നടന്നു. പഞ്ചേന്ദ്രിയങ്ങളുടെ മൂലഭാവമാണ് മനസ്സ് എന്നവർ കരുതി. ഉപനിഷത്ത് കാലത്ത് പഞ്ചകോശ സിദ്ധാന്ത പ്രകാരം ശരീരം അന്നമയകോശവും അതിന്റെ ആവരണം പ്രാണമയ കോശവും മൂന്നാമത്തെ ആവരണം മനോമയ കോശവുമാണ്. ഇത്, കാര്യങ്ങൾ ഗ്രഹിക്കാനും (perception) അറിയാനും (cognition) ഓർമ്മിക്കാനും (memory) ഉപകരിക്കുന്നു.
നാലാമത്തെ ആവരണമാണ് വിജ്ഞാനകോശം. ഇത് മനുഷ്യന്റെ ബോധതലത്തെ സ്വാധീനിക്കുന്നു.
അവസാനത്തെ ആവരണമാണ് ആനന്ദമയ കോശം. ഇത് നിർവൃതിയുടെ അവസ്ഥയാണ്.
മനസ്സ്, ഉപനിഷത്ത് സിദ്ധാന്തപ്രകാരം
ഏകദേശം രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടത് എന്ന് കരുതുന്ന മാണ്ഡൂക്യ ഉപനിഷത്ത് അഥർവ്വവേദത്തിന്റെ ഭാഗമാണ്. ഗദ്യരൂപത്തിലുള്ള ഈ ഉപനിഷത്ത് ഏറ്റവും ചെറിയതാണ്. ഇതിൽ ആകെയുള്ളത് 12 വാക്യങ്ങളാണ്. ഇതിൽ മൂന്നു മുതൽ ആറാം വാക്യം വരെ ഉള്ള ഭാഗത്താണ് മനുഷ്യന്റെ ബോധത്തിന്റെ 4 അവസ്ഥകളെക്കുറിച്ച് വിവരിക്കുന്നത്. ജാഗ്രത, സ്വപ്നം, സുഷുപ്തി എന്ന മൂന്ന് അവസ്ഥകളും ഈ മൂന്നിനും അപ്പുറവും അടിസ്ഥാനപരവുമായ നാലാമത്തെ അവസ്ഥയായ തുരിയാവസ്ഥയും വിവരിച്ചിരിക്കുന്നു.
1. ജാഗ്രത - ഇത് ഉണർന്നിരിക്കുന്ന അവസ്ഥയാണ്. ഇവിടെ നമുക്ക് നമ്മുടെ ദൈനംദിന ലോകത്തെ കുറിച്ചുള്ള അവബോധമുണ്ട്. ഇതാണ് സ്ഥൂല ശരീരം.
2. സ്വപ്നം - സ്വപ്നതുല്യ മനസ്സാണ് ഈ അവസ്ഥ യിൽ. അന്തഃപ്രജ്ഞ, സൂക്ഷ്മം, ജ്വലനം എന്ന് പല വശങ്ങളുള്ള ഈ അവസ്ഥയാണ് സൂക്ഷ്മശരീരം.
3. ഗാഢനിദ്ര - ഈ മൂന്നാമത്തെ അവസ്ഥയിൽ ബോധത്തിന്റെ അടിസ്ഥാനം ശ്രദ്ധാ ശൈഥില്യമില്ലാത്തതാണ്. എല്ലാത്തിന്റെയും നാഥനും, സർവ്വനും എല്ലാത്തിന്റെയും ഉറവിടവും ആന്തരിക നിയന്താവുമായ ഇതാണ് കാരണശരീരം.
4. തുരിയാവസ്ഥ - ഇത് ബോധത്തിന്റെ മൂന്ന് അവ സ്ഥകളെയും മറികടക്കുന്ന പശ്ചാത്തലമാണ്. ആദിമ ശുദ്ധമായ അവസ്ഥയാണ് അത്. ഉറക്കത്തിനും മരണത്തിനും ഇടയിലുള്ള ഒരു പ്രത്യേകാവസ്ഥയും കൂടിയാണ്.

വേദാനന്തര കാലഘട്ടം
(BCE 600 to 200 CE (AD)
ഭാരതീയ വൈദ്യശാസ്ത്രത്തിന്റെ സുവർണ്ണകാലം എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഈ കാലഘട്ടം. ആറാം നൂറ്റാണ്ടിന്റെ ഒരു പ്രധാന പ്രത്യേകത, ലോകമെമ്പാടും പല രാജ്യങ്ങളിലും മഹാരഥന്മാരായ ചിന്തകർ ഒരേസമയത്ത് വിരാജിച്ചിരുന്ന കാലഘട്ടമായിരുന്നു എന്ന വസ്തുതയാണ്. ഗ്രീക്ക് ചിന്തകനും ഗണിതശാസ്ത്രജ്ഞനുമായ പൈതഗോറസ്, ഇറാനിയൻ പ്രവാചകനായ സാരതുഷ്ട (Zoroaster), ചൈനയിലെ തത്വചിന്തകനായ കൺഫ്യൂഷ്യസ്, ഇന്ത്യയിലെ ശ്രീബുദ്ധൻ മുതലായ മഹത് വ്യകതികൾ മനുഷ്യരാശിക്ക് വിലപ്പെട്ട സംഭാവനകൾ നൽകി. ഈ കാലഘട്ടത്തിൽ തന്നെയാണ് ഭാരതത്തിൽ ആറു ദർശനങ്ങളും (ന്യായ, വൈശേഷിക, സാംഖ്യ, യോഗ, മീമാംസ, വേദാന്ത) സൃഷ്ടിക്കപ്പെട്ടത്. വൈദ്യശാസ്ത്രം, മതാചാരങ്ങളിൽ നിന്നും മന്ത്ര വാദത്തിൽ നിന്നും വേർതിരിഞ്ഞു തത്വശാസ്ത്ര മേഖലയോട് കൂടുതൽ അടുത്തു. വൈദ്യശാസ്ത്രവും മനോരോഗ ചികിത്സയും യുക്തിചിന്തയിലേക്കും ശാസ്ത്രീയ വീക്ഷണ ങ്ങളിലേക്കും കൂടുതൽ ഉന്മുഖമായി.
ക്രി.മു. ആറാം നൂറ്റണ്ടിൽ ഭാരതത്തിലെ വൈദ്യശാസ്ത്ര പഠനകേന്ദ്രങ്ങളായിരുന്നു തക്ഷശില സർവകലാശാലയും കാശിയും. തക്ഷശിലയിൽ വൈദ്യശാസ്ത്രവും ഔഷധ ശാസ്ത്രവും പഠിപ്പിക്കാൻ ഭരദ്വാജനും ആത്രേയനും മുൻകൈയെടുത്തു. ശസ്ത്രക്രിയാ രീതികളിൽ പ്രാവീണ്യം നേടിയ കാശിയിലെ ധന്വന്തരി ആചാര്യൻപല വൈദ്യഗ്രങ്ങളുടെ രചയിതാവാണ്. ചരകനും ശുശ്രുതനും വാഗ്ഭടനും ഭാരത വൈദ്യശാസ്ത്രത്തിലെ ത്രിമൂർത്തികളായി അറിയപ്പെടുന്നു.
ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാതപിത്തകഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലി താവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണെത്ര ആരോഗ്യം. വാതത്തിന്റെയും പിത്തത്തിന്റെയും കഫത്തിന്റെയും ഏറ്റക്കുറച്ചിലുകൾ ശാരീരിക അസുഖത്തിനും മാനസികമായ മാറ്റങ്ങൾക്കും ഹേതുവാകുന്നു.
മനുഷ്യന്റെ സ്വഭാവഗുണങ്ങൾ മൂന്നായി തരംതിരി ക്കപ്പെട്ടു. സാത്വിക ഗുണം, രജോ ഗുണം, തമോഗുണം. ദോഷങ്ങളും ഗുണങ്ങളും കൂടാതെ പ്രകൃതിയിലെ പഞ്ചഭൂതങ്ങൾ മനുഷ്യമനസ്സിനെയും ശരീരത്തെയും സ്വാധീനിക്കുന്നുവത്രേ. വായു, പൃഥ്വി, ജലം, അഗ്‌നി, ആകാശം എന്നിവ യാണ് പഞ്ചഭൂതങ്ങൾ.
മനസ്സ് പുരാതന സങ്കൽപ്പങ്ങളിൽ
വേദ കാലഘട്ടത്തിൽ മനുഷ്യമനസ്സ് ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത് എന്നായിരുന്നു സങ്കല്പം. മനുഷ്യന്റെ ആത്മസ്ഥാനമായും ചേതനാസ്ഥാനമായും ഹൃദയത്തെയാണ് ആദികാലത്തെ വൈദ്യപണ്ഡിതർ മനസ്സിലാക്കിയിരു ന്നത്. ചരകസംഹിതയിലും ഇത് തന്നെയാണ് പ്രതിപാദിക്കുന്നത്.
തൈത്തിരിയോപനിഷത്തിലും മനോമയ പുരുഷന്റെ സ്ഥാനം ഹൃദയമാണെന്നാണ് സൂചിപ്പിക്കുന്നത്. ചരകന്റെ സമകാലികനായ ഭേളൻ ആണ് ആദ്യമായി മസ്തിഷ്‌കത്തിനെ മനസ്സിന്റെ കേന്ദ്രമായി തിരിച്ചറിഞ്ഞത്. പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ ഭേളൻ ചിന്താമണ്ഡലത്തെ മനസ്സ്, ചിത്തം, ബുദ്ധി എന്ന് മൂന്നു വശങ്ങളായി തരംതിരിച്ചു. മസ്തിഷ്‌കത്തിലെ ദോഷങ്ങൾ മനസ്സിനെയും അതുവഴി ഹൃദയത്തെയും ബുദ്ധിയെയും ബാധിച്ച് കാര്യകാരണ ബോധം നശിച്ചു ഉന്മാദാവസ്ഥയുണ്ടാകുന്നു എന്നാണ് ഭേളൻ സിദ്ധാന്തിച്ചത്.
ആയുർവേദ ആചാര്യനായ ചരകൻ മനുഷ്യരുടെ വ്യക്തിത്വ വൈവിധ്യങ്ങളെ 16 തരമായി തിരിച്ചിരുന്നു (personality types). ഇതിൽ ഏഴെണ്ണം സാത്വിക ഗുണത്തിൽ പെട്ടതും അഞ്ചെണ്ണം രജോഗുണത്തിൽ പെട്ടതും നാലെണ്ണം തമോഗു ണത്തിൽ പെട്ടതും ആയിരുന്നു.
പുരാതനകാലത്ത് ആയുർവേദ ശാസ്ത്രം തന്നെ എട്ടു ശാഖകളായി തരംതിരിക്കപ്പെട്ടിരുന്നു. ഇവയിൽശല്യതന്ത്രം ശസ്ത്രക്രിയാവിഭാഗമാണ്. ശാരീരിക രോഗങ്ങൾ ചികിത്സിക്കുന്നത് കായ ചികിത്സ, പ്രേതബാധകളെ അകറ്റുന്നത് ഭൂതവിദ്യ, ആരോഗ്യമുള്ളവർക്ക് ഓജസ്സ് വർദ്ധിപ്പിക്കുന്നതിന് രസായന ചികിത്സ. ലൈംഗികശക്തി വർദ്ധിപ്പിക്കുന്നതിന് വാജീകരണം എന്ന രീതി വ്യാപകമായി ഉപയോഗിച്ചിരുന്നു. 2500 വർഷങ്ങൾക്ക് മുമ്പ് ഇത്രയും വിപുലമായ ഒരു ആരോഗ്യ ശാസ്ത്രം ഭാരതത്തിൽ നിലനിന്നിരുന്നു എന്നത് അൽഭുതമുളവാക്കുന്ന വസ്തുതയാണ്.

രോഗകാരണങ്ങൾ
ചരകന്റെ കാഴ്ചപ്പാടിൽ
മനുഷ്യൻ ചെയ്യുന്ന ദുഷ്‌കർമ്മങ്ങൾ, ഉപദ്രവകാരി കളായ പ്രേതഭൂതാദികൾ, ആചാരലംഘനങ്ങൾ (ഉദാഹരണത്തിന് രജസ്വലയായ സ്ത്രീയുമായുള്ള ശാരീരികബന്ധം, അമാവാസി കാലത്തുള്ള വേഴ്ച, പുണ്യ സ്ഥലങ്ങളെ അശുദ്ധമാക്കൽ, ബ്രാഹ്മണനിന്ദ, ഗുരുനിന്ദ മുതലായവ), പ്രതിജ്ഞാ ലംഘനം, മറ്റു ശക്തികളുടെ ബാധ (possession) തുടങ്ങിയവയാണത്രേ രോഗകാരണങ്ങൾ.
ത്രിദോഷ സന്തുലിതാവസ്ഥ ആണല്ലോ മാനസികവും ശാരീരികവുമായ സൗഖ്യത്തിന്റെ ആയുർവേദ അടിസ്ഥാനം. ഈ ദോഷങ്ങൾ കൂടുകയോ കുറയുകയോ ചെയ്യുമ്പോൾ മനോവ്യാപാരങ്ങളും ബാധിക്കപ്പെടുന്നു. ഈ അവസ്ഥയെ ഉന്മാദം എന്നു വിളിക്കുന്നു. ദോഷങ്ങളുടെ അടിസ്ഥാനത്തിൽ വാതോന്മാദം, പിത്തോന്മാദം, കഫോന്മാദം എന്ന് മൂന്നായും തരംതിരിച്ചിരിക്കുന്നു. കൂടാതെ പുറത്തുനിന്നുള്ള വിഷാംശ ങ്ങൾ ശരീരത്തിലും മസ്തിഷ്‌കത്തിലും കടന്നുചെല്ലുമ്പോൾ അതിനെ വിഷജോന്മാദം എന്നും ദുരനുഭവങ്ങളുടെ ആഘാതം കാരണം മനസ്സിൽ ഉാകുന്ന ശിഥിലാവസ്ഥയെ ആധിജോ ന്മാദം എന്നും വിശേഷിപ്പിക്കുന്നു. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ഉണ്ടാകുന്ന ബോധക്ഷയത്തെയും അനുബന്ധ സ്വഭാവ വ്യതിയാനങ്ങളെയും മദം (delirium), അപസ്മാരം (epilespy), മൂർച്ഛ എന്നു വേർതിരിക്കുന്നു. ഇന്ന് നാം ഹിസ്റ്റീരിയ എന്നൊക്കെ വിവരിക്കുന്ന വൈകാരിക അബോധാവസ്ഥയെ ആ കാലഘട്ടത്തിൽ തന്നെ ചരകൻ യോഷാപസ്മാരം എന്ന പേരിൽ പ്രതിപാദിച്ചിരുന്നതായി കാണാം.
ചില താരതമ്യ നിരീക്ഷണങ്ങൾ
ആധുനിക വൈദ്യ ശാസ്ത്രം മാനസിക രോഗങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കാൻ ശ്രമിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിനുശേഷമാണ്. തുടക്കകാലത്ത് രോഗികളെ അസൈലം (Asylum) എന്ന് പറയുന്ന മാനസികാരോഗ്യ കേന്ദ്രത്തിൽ മാറ്റിപ്പാർപ്പിച്ച് ഭക്ഷണവും വ്യായാമവും മറ്റും നൽകുകയാണ് ചെയ്തത്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ശാസ്ത്രീയമായ സമീപനങ്ങളും അനുകമ്പയോടെ മനോരോഗികളെ കൈകാര്യം ചെയ്യലും മനഃശാസ്ത്രപരമായ ചികിത്സകളും വരുന്നത്. മനോരോഗ അവസ്ഥയെ വിപ്‌ളവകരമായി മാറ്റിത്തീർത്ത അൽഭുതകരമായ മരുന്നുകൾ വന്നു തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്.
2500 വർഷം മുമ്പു തന്നെ പുരാതന ആചാര്യന്മാർ സർപ്പഗന്ധവും ശംഖുപുഷ്പവും അശ്വഗന്ധവും ബ്രഹ്മിയും മറ്റും ഔഷധങ്ങളായി ഉപയോഗിക്കുകയും ആരോഗ്യചര്യയും ധ്യാനവും പൂജകളും ജീവിതശൈലീനിയന്ത്രണങ്ങളും മനഃശാസ്ത്രപരമായ രീതികളായി വിധിക്കുകയും ചെയ്തിരുന്നു എന്ന വസ്തുത മനോരോഗ ചികിത്സ പ്രാചീന ഭാരതത്തിൽ മികച്ച രീതിയിൽ നിലനിന്നിരുന്നു എന്നതിന്റെ തെളിവുകളാണ്.
ആധുനിക വൈദ്യശാസ്ത്രത്തിൽ മനോരോഗങ്ങളെ ഗൗരവമേറിയ മാനസികാവസ്ഥകളായും (spychosis), വിഷാദരോഗങ്ങളായും (Depression), ഉത്കണ്ഠാവസ്ഥകളായും (anxitey disorder), മസ്തിഷ്‌കജന്യമായ അവസ്ഥകളായും (organic disorder), ലഹരിവസ്തുക്കളോടുള്ള വിധേയത്വമായും (addiction), ബുദ്ധിമാന്ദ്യമായും (mental retardation), പഠനവൈകല്യങ്ങളായും (learning disorder) പൊതുവേ തരംതിരിക്കുന്നു.
ആയുർവേദത്തിൽ മേൽപ്പറഞ്ഞ അസുഖങ്ങളുടെ ലക്ഷണങ്ങൾ ഏതെങ്കിലും ഒരു ഉന്മാദാവസ്ഥയുടെ ലക്ഷണങ്ങളിൽ കാണാം. ഉദാഹരണത്തിന് schizophrenia എന്ന രോഗത്തിൽ വാതോന്മാദ ലക്ഷണങ്ങൾ, അസ്ഥാനവാക്ക് (inappropriate speech), അംഗവിക്ഷേപം (mannerisms), സംശയം (paranoia) മുതലായവ കാണാം. പിത്തോൻമാദ ലക്ഷണങ്ങൾ- ഉദാഹരണത്തിന് മിഥ്യാജ്ഞാനം (hallucinations), കഫോൻമാദലക്ഷണങ്ങൾ, ഉദാ: അല്പവാക്ക് (alogia), തുശ്‌നീഭാവം (fat afect) മുതലായവയും പ്രകടമാവാം.
വിഷാദരോഗം (depression) കഫോന്മാദവുമായി ബന്ധപ്പെട്ടതാണ്. മന്ദവാക്ക് (povetry of speech), അൽപഭുക്ക് (poor appetite) മുതലായ ലക്ഷണ ങ്ങൾ ഇതിൽപെട്ടതാണ്.
ആയുർവേദ ചികിത്സാരീതികൾ
ഔഷധ ചികിത്സയാണ് ആയുർവേദത്തിലെ പ്രധാന ചികിത്സ. ഓരോ ഉന്മാദാവസ്ഥക്കും അനുസരിച്ച് പലതരം പച്ചമരുന്നുകൾ കഷായ രൂപത്തിലും ലേഹ്യ രൂപത്തിലും നെയ്യിൽ ചേർത്തും രോഗിയെ കഴിപ്പിക്കും. തീവ്രമായ ലക്ഷണങ്ങൾക്ക് ശിരോധാരയായിട്ടും ശിരോലേപവും ആയിട്ടും മരുന്നുകൾ നൽകുന്നു.
മരുന്ന് കലർന്ന എണ്ണ ഉപയോഗിച്ച് ചർമ്മത്തിലൂടെ ഉഴിഞ്ഞും ചികിത്സിക്കാം.
ദോഷാവസ്ഥകൾ നേരെയാക്കാൻ വിരേചനം (purgative), വമനം (emetic അഥവാ ചർദ്ദിപ്പിക്കൽ), മരുന്ന് കലർന്ന പുക ഉപയോഗിച്ചുള്ള ധൂമപാനം, മൂക്കിൽ കൂടി കൊടുക്കപ്പെടുന്ന നസ്യം, ക്രമപ്രകാരം നെയ്യ് സേവിക്കൽ (സ്നേഹപാനം), വസ്തി (enema) മുതലായവ പ്രധാനപ്പെട്ട രീതികളാണ്.
ഔഷധങ്ങൾ കൂടാതെ ചില ഉന്മാദാവസ്ഥകൾക്ക് ഒരുതരം ഷോക്ക് ട്രീറ്റ്‌മെന്റുണ്ട്. ഉദാഹരണത്തിന് വിഷപ്പല്ല് ഒഴിവാക്കിയ പാമ്പുകളെ കാണിച്ച് രോഗിയെ ഞെട്ടിപ്പിക്കൽ 2000 വർഷങ്ങൾക്ക് മുമ്പേ സുപ്രസിദ്ധ വൈദ്യന്മാർ സൂചിപ്പിച്ച ചികിത്സയാണ്.
ചരകന്റെ കാലത്ത് തന്നെ അനുകമ്പയോടും സഹാനുഭൂതിയോടും രോഗിയെ മനഃശാസ്ത്രപരമായി ആശ്വസിപ്പിക്കുന്ന രീതികൾ (ഇക്കാലത്തെ സൈക്കോതെറാപ്പി) പ്രതിപാദി ച്ചിരുന്നു. ആധുനിക ചികിത്സയിൽ ഔഷധ ചികിത്സ കൂടാതെ വൈദ്യുതി ഷോക്ക് ചികിത്സ (ECT), സൈക്കോതെറാപ്പി, മസ്തിഷ്‌ക ഉത്തേജന ചികിത്സ (deep ബ്രെയിൻ സ്റ്റിമുലേഷൻ), ബ്രെയിൻ ശസ്ത്രക്രിയ (spycho surgery) മുതലായവ ഫലപ്രദ മായി ഉപയോഗിക്കുന്നു.
ആയുർവേദ ചികിത്സയിലാവട്ടെ ഔഷധങ്ങൾക്ക് പുറമേ സൈക്കോതെറാപ്പിയും ബിഹേവിയർ തെറാപ്പിയും (CBT), യോഗയും പ്രവർത്തി ചികിത്സയും (occupational therapy) ഇപ്പോൾ നൽകുന്നുണ്ട്.
കഫോന്മാദത്തിൽ മൈഥുന ആസക്തി കൂടുന്നതായി പറയുന്നു. പക്ഷേ വിഷാദരോഗത്തിൽ പൊതുവേ ലൈംഗികാസക്തി കുറയുന്നതായിട്ടാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഇതുപോലെയുള്ള അടിസ്ഥാന വ്യത്യാസങ്ങൾ ഈ രണ്ടു രീതികളെയും താരതമ്യം ചെയ്യുമ്പോൾ കാണാം.
ത്രിദോഷ സിദ്ധാന്തത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ആയുർവേദ വൈദ്യന്മാർ ഉന്മാദാ വസ്ഥയുടെ ലക്ഷണങ്ങൾ നിരീക്ഷിച്ച് അതിനുള്ള ചികിത്സയാണ് നൽകുന്നത്. ആധുനിക വൈദ്യത്തിൽ വിഷാദരോഗവും മാനസിക ശിഥിലാവസ്ഥയും (spychosis) ഒന്നിച്ചു വരുമ്പോൾ ആന്റി ഡിപ്രഷൻ (antidepressant) മരുന്നും ആന്റി സൈക്കോട്ടിക് മരുന്നും കൂട്ടിക്കലർത്തിയാണ് നൽകുന്നത്. അതുപോലെ ഷോക്ക് ചികിത്സ എന്ന പേരിൽ പൊതുവേ അറിയപ്പെടുന്ന ECT വിഷാദത്തിനും സൈക്കോസിസിനും ഒരുപോലെ ഫലപ്രദമാണ്.
പ്രതിരോധ ചികിത്സ (preventive psychitary) എന്ന് ഈ കാലഘട്ടത്തിൽ നാം പ്രതിപാദിക്കുന്ന പല കാര്യങ്ങളും ചരകന്റെ ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്. ഉദാഹരണത്തിന് സമീകൃത ആഹാരം, മദ്യവർജനം, മാംസവർജനം, ഇച്ഛാശകതിയോടുകൂടി നേർവഴിയിലുള്ള ജീവിത രീതി എന്നിവ മാനസിക രോഗങ്ങൾ വരാതെ തടുക്കും എന്ന് ആചാര്യൻ പറയുന്നു.

ആയുർവേദം പിൽക്കാലത്തിൽ
ക്രിസ്തുവർഷം അഞ്ചാം നൂറ്റാണ്ടിനുശേഷം മറ്റു പശ്ചിമേഷ്യൻ സംസ്കാരങ്ങളുടെ അധിനിവേശങ്ങളും യൂറോപ്യൻ അധിനിവേശങ്ങളും തുടങ്ങിയതോടെ ആയുർവേദത്തിന്റെ വളർച്ച മുരടിച്ചുപോയി. എട്ടാം നൂറ്റാണ്ടിൽ വാഗ്ഭടൻ അഷ്ടാംഗഹൃദയം എഴുതിവെച്ചു. പതിമൂന്നാം നൂറ്റാണ്ടിൽ ശാരംഗധാര സംഹിതയും (ഔഷധങ്ങളെ കുറിച്ച്) രചിക്കപ്പെട്ടു എന്നതല്ലാതെ പിന്നീട് ഈ ശാഖ വികസിച്ചില്ല.
നമ്മുടെ ശ്രദ്ധ പതിക്കേണ്ടത് പുരാതനകാലത്ത് തുടങ്ങി ഇന്നും ഉപയോഗിച്ച് വരുന്ന ഫലം നല്കുന്ന ആയുർവേദ ഔഷധങ്ങളുടെ യഥാർത്ഥ പ്രവർത്തനരീതി എങ്ങനെയാണ് എന്ന് പഠിക്കുന്നതിലാവണം. നാഡീഞരമ്പുകളിൽ എന്ത് തരത്തിലുള്ള രാസപ്രവർത്തനമാണ് ഈ മരുന്നുകൾ ഉണ്ടാക്കുന്നത് എന്ന് വ്യക്തമായി കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങൾ അത്യാവശ്യമാണ്. അതുപോലെ നൂറ്റാുകൾക്ക് മുമ്പ് രൂപപ്പെട്ട ചര്യകൾ പല മാനസിക പ്രശ്‌നങ്ങൾക്കും പരിഹാരമാണ് എന്ന് നമുക്കിപ്പോൾ മനസ്സിലായി വരുന്നുണ്ടല്ലോ. പുരാതനകാലത്തെ അന്ധവിശ്വാസങ്ങളും മനോരോഗം ചികിത്സിക്കാൻ ദുർമന്ത്രവാദം ഉപയോഗിക്കലും ശത്രുക്കൾക്കെതിരെ കൂടോത്രം ചെയ്യലും എല്ലാം ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും നാം കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
ഈ പുരാതന വൈദ്യശാസ്ത്രവും ചികിത്സാരീതികളും വിശദമായ ശാസ്ത്രീയ പഠനങ്ങൾക്ക് വിധേയമാക്കി അശാസ്ത്രീയ നിലപാടുകൾ നിഷ്‌കരുണം ഒഴിവാക്കിയാൽ പല രത്‌നങ്ങളും അപൂർവ്വ അറിവുകളും നമുക്ക് നിശ്ചയമായും ലഭിച്ചേക്കും.
References
1. മാനസിക രോഗങ്ങൾ, ആര്യവൈദൻ പി.വി. രാഘവ വാരിയർ( 2016), ആര്യവൈദ്യശാല കോട്ടക്കൽ പ്രസിദ്ധീകരണം.
2.PRAJNANA by Prof. M.Jithesh et al, (2024) ആരോഗ്യവദ്യശാല കോട്ടക്കൽ പ്രസിദ്ധീകരണം.
3.Psychitaric thought in ancient India. Dr.A.Venkoba Rao, Indian Journal of Psychitary, vol 20, 1978.
4.Internet sources.
READ: മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

