രണ്ടിലോ മൂന്നിലോ പഠിക്കുന്ന കാലം. ഒരു ജലദോഷം വന്നാൽ ലോകം മുഴുവൻ പനിച്ചൂടിലേക്കു ചുരുങ്ങുന്ന പ്രായം. കുഞ്ഞസ്വസ്ഥതകൾ പങ്കുവയ്ക്കാൻ ഭാഷപോലും വഴങ്ങാത്ത ബാല്യം.
അച്ഛനുമമ്മയും കൈപിടിച്ച് എന്നെ കോഴിക്കോട്ടെ അശോക ആശുപത്രിയിലേക്കാണ് അന്നു കൊണ്ടുപോയത്. അവിടെ സേതുമാധവൻ ഡോക്ടറെ കാണാനാണ് പോയെതെന്നോർക്കുന്നു. ഭൂമിയിൽ ജനിക്കുന്ന ഓരോരുത്തർക്കും രണ്ടു രാജ്യങ്ങളിൽ പൗരത്വമുണ്ടെന്ന് സൂസൻ സൊണ്ടാഗ് Illness as Metaphor-ൽ എഴുതിയിട്ടുണ്ട്: ആരോഗ്യമുള്ളവരുടെ രാജ്യത്തും രോഗികളുടെ രാജ്യത്തും. ആറുവയസ്സുകാരിക്ക് ഈ വാക്കുകൾ അന്ന് പരിചിതമല്ലായിരുന്നല്ലോ! ആദ്യമായി രോഗികളുടെ രാജ്യത്തേക്കു കടന്ന ആ കുഞ്ഞിനെ, ഒരു നല്ല ആതിഥേയനെപ്പോലെ സ്വീകരിച്ചത് ആ ഡോക്ടറാണ്. "ധർമ്മാർത്ഥകാമമോക്ഷാണാം ആരോഗ്യം മൂലമുത്തമം"- ആരോഗ്യമാണ് ജീവിതത്തിന്റെ എല്ലാ പുരുഷാർത്ഥങ്ങളുടെയും ഉത്തമമായ വേരെന്ന് ചരകസംഹിത പറയുന്നു. ആ വേരിനെ തൊട്ടറിയാൻ വന്ന ഒരു കൊച്ചുപൂവായിരുന്നല്ലോ ഞാനന്ന്. പനിച്ചൂടിനിടയിലും ആ മുറിയിലേക്കു കടന്നപ്പോൾ മനസ്സിലൊരു തണുപ്പു പടർന്നത് ഞാനിന്നും ഓർക്കുന്നു.
ഡോക്ടർ എന്നെ പതുക്കെ പരിശോധനാക്കസേരയിൽ ഇരുത്തി. പനിഭ്രമവും പരിഭ്രമവും ഒരുപോലെ എന്നെ വലച്ചിരിക്കാം.
എന്നാൽ അദ്ദേഹം സംസാരിച്ചത് അച്ഛനോടാണ്. രോഗത്തെക്കുറിച്ചല്ലായിരുന്നു ആ വർത്തമാനങ്ങൾ . പാട്ടിനെക്കുറിച്ച്, കവിതയെക്കുറിച്ച്, കലയെക്കുറിച്ച് സംസ്കാരത്തിന്റെ നാനാഭാവങ്ങളെക്കുറിച്ച് ഡോക്ടർ വാചാലനാകുന്നു. അദ്ദേഹം ഒരു സംഗീതപ്രേമിയായിരുന്നു, സർവകലാശാലാ വേദികളിൽ സമ്മാനം നേടിയ ഗായകൻ. അച്ഛന്റെ പ്രശസ്തമായ ഒരു ലളിതഗാനം "നിളാനദിയുടെ നിർമ്മലതീരം... " പാടിയാണ് അദ്ദേഹം സമ്മാനം നേടിയതെന്നു കേട്ടപ്പോൾ എന്റെ കുഞ്ഞുമനസ്സ് അമ്പരന്നു. ഈ ഡോക്ടർ എന്നെ പരിശോധിക്കാത്തതെന്ത്? പരസ്പരം ആരാധകരെപ്പോലെയാണല്ലോ അച്ഛനും ഡോക്ടറും സംസാരിക്കുന്നത്.
"Every disease is a musical problem; every cure is a musical solution’’ എന്ന് ജർമൻ കവി നൊവാലിസ് എഴുതിയതായി പറയപ്പെടുന്നു. അന്ന് ആ മുറിയിൽ അതു സത്യമായി. അരമണിക്കൂറോളം ആ സംഭാഷണം ഒരു പുഴപോലെ ഒഴുകി, ഞാൻ പനിച്ചൂടിൽ അതു കേട്ടിരുന്നിരിക്കണം. "ഭദ്രം കർണേഭിഃ ശൃണുയാമ ദേവാഃ", കാതുകൊണ്ട് മംഗളമായതു കേൾക്കട്ടെ എന്ന് ഋഗ്വേദം പ്രാർത്ഥിക്കുന്നു. ഞാൻ കേട്ടത് മംഗളമായതു തന്നെയായിരുന്നു: രണ്ടു കലാസ്നേഹികളുടെ സൗഹൃദസംഭാഷണം. പ്രിയമുള്ളവരുടെ ശാന്തമായ വാക്കുകൾ.
സ്നേഹസ്പർശം. രോഗശാന്തിക്ക് ഇനിയെന്തു വേണം.

"സമദോഷഃ സമാഗ്നിശ്ച സമധാതുമലക്രിയഃ | പ്രസന്നാത്മേന്ദ്രിയമനാഃ സ്വസ്ഥ ഇത്യഭിധീയതേ" എന്ന് സുശ്രുതസംഹിത. ശരീരം മാത്രമല്ല, ആത്മാവും ഇന്ദ്രിയങ്ങളും മനസ്സും പ്രസന്നമാകുമ്പോഴാണ് ഒരാൾ സ്വസ്ഥനാകുന്നത്. ആ പ്രസന്നതയുടെ ആദ്യപാഠം ഡോക്ടർ എനിക്കു പകർന്നത് എത്ര സ്വാഭാവികമായാണ് . ഒരു ഡോക്ടറുടെ മുറി ഇങ്ങനെയാവണമെന്ന ചിന്തതന്നെ രോഗസൗഖ്യത്തിനു കാരണമാകും. ഇന്ന് പലപ്പോഴും ഡോക്ടർമാരെ കാണാൻ പോകുമ്പോൾ മുഖത്തുനോക്കാതെ കമ്പ്യൂട്ടറിൽ വിവരങ്ങൾ രേഖപ്പെടുത്തി ഒന്നു തൊട്ടുനോക്കാതെ കണ്ണിൽനോക്കി സംസാരിക്കാതെ അവർ മരുന്നു കുറിച്ചുതരുന്ന പ്രൊഫെഷണലിസം കാണുമ്പോൾ സേതുമാധവൻ ഡോക്ടറുടെ സഹൃദയത്വം മനസ്സിൽ നിറയും.
"Ars longa, vita brevis" (Life is short, art is long) വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രറ്റിസിന്റെ ആദ്യ സൂത്രത്തിലെ ഈ വാക്യം, ജീവിതം ഹ്രസ്വമാണെന്നും കല സുദീർഘമാണെന്നും വൈദ്യവും ഒരു കലയാണെന്നും അന്ന് ആ ഡോക്ടർ എനിക്കു കാണിച്ചുതന്നു. ചികിത്സയും സംഗീതവും ഒരേ മുറിയിൽ ഒരേ കസേരയ്ക്കരികിൽ എൻ്റെയടുത്തിരിക്കുന്നു. ഒടുവിൽ അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. "പേടിക്കാനൊന്നുമില്ല, കേട്ടോ, ഇത് സാധാരണ പനിയാണ്. രണ്ടു ദിവസം കൊണ്ടു മാറും’’. മൂന്നു മരുന്നുകൾ കുറിച്ചു. പിന്നെ കഴുത്തിൽ കിടന്ന സ്റ്റെതസ്കോപ്പ് എടുത്ത് എന്റെ നെഞ്ചിലും പുറത്തും വെച്ചു. ആ തണുത്ത സ്പർശം ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്. ഞങ്ങൾ കുട്ടികൾക്ക് ഡോക്ടറുടെ കഴുത്തിലെ ആ സ്റ്റെതസ്കോപ്പ് ഒരു വിസ്മയക്കളിപ്പാട്ടമായിരുന്നു. "ഡോക്ടർകളി" കളിക്കുമ്പോൾ ഒരു കമ്പോ ചെറിയ ചരടോ കയറോ ചങ്ങലയോ കഴുത്തിലിട്ട് ഞങ്ങൾ കൂട്ടുകാരെ പരസ്പരം പരിശോധിക്കുമായിരുന്നു.
If music be the food of love, play on;
Give me excess of it, that, surfeiting,
The appetite may sicken, and so die
എന്ന് ഷേക്സ്പിയറുടെ ഓർസിനോ പറയുന്നുണ്ട് (Twelfth Night). ആ ഡോക്ടർ പാടിക്കൊണ്ടേയിരിക്കുന്ന ഒരാളായിരുന്നു അന്നും ഇന്നും.
ഇന്ന് വായനയിലും എഴുത്തിലും മുഴുകുമ്പോൾ "രോഗത്തെ ചികിത്സിക്കുന്നവൻ നല്ല വൈദ്യൻ, രോഗമുള്ള മനുഷ്യനെ ചികിത്സിക്കുന്നവൻ മഹാവൈദ്യൻ" എന്ന് സർ വില്യം ഓസ്ലർ പറഞ്ഞത് കുറിച്ചുവെക്കുന്നു. ഡോ. സേതുമാധവൻ ആ രണ്ടാമത്തെ വിഭാഗത്തിലായിരുന്നു: കരുണയും സഹാനുഭൂതിയും സംഗീതവും ഒന്നിച്ചു ചേർന്ന ഒരു വൈദ്യൻ . രോഗിയെ വെറുമൊരു രോഗമായി കാണാതെ ഒരു കുടുംബത്തിന്റെയും സൗഹൃദത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായി കാണാൻ കഴിയുന്ന ഹൃദയമുള്ള ഒരാൾ. "വൈദ്യോ നാരായണോ ഹരിഃ"* എന്ന പഴമൊഴി മലയാളിക്കു പരിചിതമാണ്, വൈദ്യൻ ദൈവത്തിന്റെ തന്നെ രൂപമെന്ന്. ദൈവത്തെ ഞാൻ കണ്ടിട്ടില്ല. പക്ഷേ ദൈവം ഒരു വെള്ളക്കോട്ടണിഞ്ഞാൽ ഇങ്ങനെയിരിക്കുമെന്ന് ആ കുട്ടി അന്നു ഉറച്ചു വിശ്വസിച്ചു.

Mens sana in corpore sano, ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് എന്ന് പറഞ്ഞത് റോമൻ കവി ജുവനൽ. ആരോഗ്യമുള്ളവരുടെ ആ രാജ്യത്തേക്കുള്ള വഴി, ചിലപ്പോൾ ഈ ഡോക്ടറുടെ മുറിയിലെ ചിരിയുടെയും ഈണത്തിന്റെയും ഇടനാഴിയിലൂടെയാണു കടന്നുപോകുന്നത്. "പശ്യേമ ശരദഃ ശതം, ജീവേമ ശരദഃ ശതം", നൂറു ശരത്കാലങ്ങൾ കാണാനും നൂറു ശരത്കാലങ്ങൾ ജീവിക്കാനും കഴിയട്ടെ എന്ന യജുർവേദപ്രാർത്ഥന മനുഷ്യന്റെ നശ്വരതയ്ക്കു മേൽ നിത്യം വർഷിക്കുന്നു. വർഷങ്ങൾ പലതു കടന്നുപോയി. പനിയുടെ ഓർമ്മകൾ മാഞ്ഞു, മരുന്നുകളുടെ പേരുകൾ മാഞ്ഞു. പക്ഷേ ആ കസേരയും ആ ചിരിയും ആ പാട്ടിന്റെ ഈണവും ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു.
ഇന്ന് ഞാൻ എല്ലാവരെയും പോലെതന്നെ ആരോഗ്യത്തിന്റെയും രോഗത്തിന്റെയും രാജ്യങ്ങൾക്കിടയിൽ യാത്ര ചെയ്യുന്നു. ആ നേർത്ത അതിർത്തിയിലാണ് മനുഷ്യന്റെ മനസ്സമാധാനമിരിക്കുന്നതെന്ന് ഈ കാലം പഠിപ്പിക്കുന്നു. ആദ്യമായി ആ അതിർത്തി കടന്ന ആ രണ്ടാംക്ലാസുകാരിക്കു ആ ദിവസം ഭയത്തിന്റേതായിരുന്നില്ല. പാട്ടിന്റെയും ചെറുചിരിയുടെയും തണുത്ത സ്റ്റെതസ്കോപ്പിന്റെയും മൃദുവായ ഓർമയാണ് "സർവേ ഭവന്തു സുഖിനഃ, സർവേ സന്തു നിരാമയാഃ" എന്ന ശാന്തിമന്ത്രം പോലെ, ഒരു കുട്ടിയുടെ ഓർമ്മയിൽ ആ ഡോക്ടർ ഇന്നും നിരാമയമായ ഒരു പ്രാർത്ഥനയായി നിലകൊള്ളുന്നു. അതുകൊണ്ടാവാം, "രോഗം" എന്ന വാക്കു കേൾക്കുമ്പോഴെല്ലാം ആദ്യം ഓർമ്മയിലെത്തുന്നത് കോഴിക്കോട്ടെ അന്നത്തെ അശോക ഹോസ്പിറ്റലിലെ ഡോ. ടി. സേതുമാധവന്റെ കാരുണ്യമുള്ള മുഖമാണ്. കോഴിക്കോട് പാറോപ്പടിയിലെ അദ്ദേഹത്തിന്റെ വലിയ വീട്ടിൽ ഞങ്ങൾ പോയിട്ടുണ്ട്. പീഡിയാട്രീഷനായിരുന്ന അദ്ദേഹം പിന്നീട് യു.കെയിൽ പോയെന്നറിഞ്ഞു. ഏതോ ഒരവധിക്കാല സന്ദർശനത്തിൽ മിന്നായം പോലെ അദ്ദേഹത്തിന്റെ പ്രസന്നമുഖം അച്ഛനോടൊപ്പം കണ്ടതോർക്കുന്നു.
READ: ‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

