ജീവിതത്തെ സുന്ദരമാക്ക​ട്ടെ, ഓട്ടിസം എന്ന ഐഡൻറിറ്റി

ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ് ഓട്ടിസം എന്ന ധാരണയാണ് ആദ്യം തിരുത്തപ്പെടേണ്ടത്. മനുഷ്യ മസ്തിഷ്കത്തിന്റെ സ്വാഭാവികമായ ഒരവസ്ഥാവിശേഷം മാത്രമാണ് ഓട്ടിസം. പ്രയാസകരമെങ്കിലും, സാമൂഹ്യ ജീവിതം ആഗ്രഹിക്കുന്നവരാണ് ഓട്ടിസ്റ്റിക് വ്യക്തികളിൽ ഭൂരിഭാഗവും. അത്തരത്തിലുള്ള ഘടനാമാറ്റത്തിനുവേണ്ടിയാണ് ഓട്ടിസം റൈറ്റ്സ് മൂവ്മെന്റുകൾ വാദിക്കുന്നത്. ഇന്ന്​, ഏപ്രിൽ രണ്ട്​, ഓട്ടിസം അവബോധദിനമായി ആചരിക്കുന്നു

മോർഗൻ എന്ന അമേരിക്കൻ ചലച്ചിത്രതാരത്തോടൊപ്പം ലോകം മുഴുവൻ നോക്കിക്കണ്ട ഗാനിം അൽ മുഫ്താഹിനെ ഓർമയില്ലേ?

"ഇവർ കൈകോർത്തപ്പോൾ ലോകം അനുഭവിച്ചത് തുല്യതയുടെ മഹാസങ്കീർത്തനമാണ്. ചലനവേഗത്തിൽ പായാൻ വെമ്പുന്ന ലോകമനസിന്നെ നൊടിയിട കൊണ്ടാണ് ഇവർ പിടിച്ചു കെട്ടിയത്. വൈവിധ്യങ്ങളുടെ മഹാലോകത്തെയാണ് ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന വേദിയിൽ ഖത്തർ തുറന്നു കാട്ടിയത്. അനുപമമായിരുന്നു ലോകത്തിന് ഖത്തർ നൽകിയ സന്ദേശം.

ഇതേ ഖത്തർ തന്നെയാണ് 2007- ൽ ഓട്ടിസം വ്യക്തികളുടെ തുല്യാവകാശത്തിനായുള്ള പ്രമേയം ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ചത്. ഖത്തർ അമീറായിരുന്ന ഹമദ് ബിൻ ഖലീഫ അൽതാനിയുടെ ഐക്യരാഷ്ട്ര സഭാ പ്രതിനിധി മോസ ബിൻത് നാസർ അൽ മിസ്സ്നദ് ആയിരുന്നു പ്രമേയവതാരക. സഭയിൽ ഒരംഗത്തിന്റെ പോലും എതിർപ്പില്ലാതെ പ്രമേയം അംഗീകരിക്കപ്പെടുകയും 2008 മുതൽ ഏപ്രിൽ രണ്ട് ലോക ഓട്ടിസം ബോധവൽക്കരണ ദിനമായി ആചരിക്കപ്പെടുകയും ചെയ്തു.

'ബർഫി' സിനിമയിൽ പ്രിയങ്ക ചോപ്ര അവതരിപ്പിച്ച ഓട്ടിസം ബാധിച്ച കഥാപാത്രം

ഓട്ടിസം അവബോധ ദിനമാണിന്ന്.
Transforming the narrative: Contributions at home, at work, in the arts and in policymaking എന്നതാണ് ഈ വർഷം യു.എൻ മുന്നോട്ട് വെച്ച മുദ്രാവാക്യം. വീട്ടിലും തൊഴിലിടത്തിലും നയരൂപീകരണതലത്തിലുമെല്ലാം നിലനിൽക്കുന്ന ധാരണകളെ തിരുത്തി പുതിയൊരു ലോകക്രമം സൃഷ്ടിക്കാനുള്ള ആഹ്വാനമാണിത്. Autism - the employment advantage (2015 ), Autism and the 2030 Agenda: Inclusion and neurodiversity (2016), Toward Autonomy and Self determination (2017 ), Empowering Woman and Girls with Autism (2018 ) , Assistive Devices and Active participation (2019 ), The Transition to Adulthood ( 2020 ), Inclusion in the
Workplace (2021 ), Inclusive Quality Education for All(2022 ) എന്നിങ്ങനെ ലോകത്തിന്റെ കാഴ്ചപ്പാടിലുണ്ടാകുന്ന ക്രമാനുഗതമായ വളർച്ച ആശാവഹമാണ്.

ഓട്ടിസം ഒരു രോഗമല്ല, ഐഡന്റിറ്റിയാണ് എന്ന് ലോകമിന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. നാഡീവൈവിധ്യമാണ് ( Neuro Diversity) ഓട്ടിസത്തിന് കാരണമെന്നും ആധുനിക വൈദ്യശാസ്ത്രം അംഗീകരിക്കുന്നു. ഇത്തരം വൈവിധ്യങ്ങളെ കൂടി മനുഷ്യാവകാശ പക്ഷത്തുനിന്നു കൊണ്ട് അംഗീകരിക്കണമെന്ന ആശയത്തിലേക്ക് ലോകത്തെ വഴി നടത്തിയതിന്റെ തുടക്കമായി ആ പ്രമേയാവതരണത്തെ നമുക്കിന്ന് വായിക്കാം.

'മൈം നെയിം ഈസ് ഖാൻ' സിനിമയിൽ ഷാരൂഖ് ഖാൻ അവതരിപ്പിച്ച കഥാപാത്രം

ഓട്ടിസത്തെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് സമൂഹത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം . സാമൂഹികീകരണത്തിനുണ്ടാകുന്ന പ്രയാസമാണ് ഓട്ടിസം വ്യക്തികളുടെ പ്രധാന സവിശേഷത എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ആശയവിനിമയ ശേഷിയിലും വ്യത്യസ്തത പുലർത്തുന്നവരാണിവർ. അതീവ ലളിതവും ചിരപരിചിതവുമായ വാക്കുകളും വസ്തുക്കളും മാത്രമേ ഇവർക്ക് മനസിലാവൂ. സങ്കീർണമോ ആലങ്കാരികമോ ആയ ഭാഷ ഇവരോട് സംവദിക്കുകയില്ല. സാമൂഹീകരണ ശ്രമത്തിൽ പരാജയപ്പെട്ടുപോകുന്നവരാണ് ഓട്ടിസം വ്യക്തികളിൽ ഭൂരിഭാഗവും. ഏറ്റക്കുറച്ചിലുണ്ടാവാമെങ്കിലും, ഇത്തരം പൊതുസവിശേഷതകൾ ഓട്ടിസം വ്യക്തികളിൽ സാധാരണമാണ്.

ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ് ഓട്ടിസം എന്ന ധാരണയാണ് ആദ്യം തിരുത്തപ്പെടേണ്ടത്. മനുഷ്യ മസ്തിഷ്കത്തിന്റെ സ്വാഭാവികമായ ഒരവസ്ഥാവിശേഷം മാത്രമാണ് ഓട്ടിസം. പ്രയാസകരമെങ്കിലും, സാമൂഹ്യ ജീവിതം ആഗ്രഹിക്കുന്നവരാണ് ഓട്ടിസ്റ്റിക് വ്യക്തികളിൽ ഭൂരിഭാഗവും. അത്തരത്തിലുള്ള ഘടനാമാറ്റത്തിനുവേണ്ടിയാണ് ഓട്ടിസം റൈറ്റ്സ് മൂവ്മെന്റുകൾ വാദിക്കുന്നത്.

ഖത്തർ ലോകകപ്പ് ഉദ്ഘാടന വേദിയിൽ ഗാനിം അൽ മുഫ്താഹ് മോർഗൻ ഫ്രീമാനൊപ്പം

ഇന്ത്യയിൽ, ഓട്ടിസം റേറ്റിലുണ്ടാകുന്ന വർധനവ് ആശങ്കാജനകമാണെന്ന് പഠനങ്ങൾ പറയുന്നു. അറിവില്ലായ്മ (Low awareness), അവസ്ഥാ നിർണയത്തിലെ പരിതോപാവസ്ഥ ( Poor Diagnosis), അടിസ്ഥാന സേവനങ്ങളുടെ അഭാവം (Lack of Basic Services ) എന്നിവയാണ് വർധനയുടെ പ്രധാന കാരണങ്ങളായി പഠനം പറയുന്നത്. 18 മില്യൺ (ഒരു കോടി 80 ലക്ഷം) ഇന്ത്യക്കാർ ഓട്ടിസം ബാധിതരായുണ്ട് എന്നാണ് 2022 ലെ കണക്ക്.

കേരളത്തിലും ഓട്ടിസം കേസുകൾ വർധിച്ചതായാണ് സ്ഥിതിവിവരക്കണക്കുകൾ. ആരോഗ്യ വകുപ്പിന് പുറമെ വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ ഭരണ സംവിധാനങ്ങൾ എന്നിവ നടത്തുന്ന ഇടപെടലുകൾ ഓട്ടിസം കേസുകൾ കണ്ടെത്തുന്നതിലും വിവിധ ചികിത്സകൾ / തെറാപ്പികൾ നൽകുന്നതിലും നടത്തിയ മുന്നേറ്റങ്ങൾ ഇതോടൊപ്പം ചേർത്തു പറയാവുന്നതാണ്.

മറ്റുള്ളവരുമായും ചുറ്റുപാടുകളുമായും ചേർന്ന് സാധാരണരീതിയിൽ പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഓട്ടിസം. സ്വയം എന്നർഥമുള്ള ‘ആട്ടോസ്‘ എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഓട്ടിസം എന്ന ഇംഗ്ലീഷ് പദമുണ്ടായത്. ‘ലിയോ കാനർ’ എന്ന മനോരോഗ വിദഗ്ദനാണ് 1943-ൽ ഈ പദം ആദ്യമായി ഉപയോഗിച്ചത്. തലച്ചോറിന്റെ ഘടനയിലും പ്രവർത്തനത്തിലുമുളള അസാധാരണത്വം മൂലമാണ് ഓട്ടിസം ഉണ്ടാകുന്നത് എന്ന് കരുതപ്പെടുന്നു. നാഡീപരമായ തകരാറുകൾ കൊണ്ട് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കാവുന്ന അവസ്ഥാവിശേഷമാണിത്.

സങ്കടം, ദേഷ്യം മുതലായ വികാരങ്ങൾ നിയന്ത്രിക്കുന്നതിനോ ഭാഷയിലൂടെ പ്രകടിപ്പിക്കുന്നതിനോ സാധിക്കാത്തതിനാൽ, ഓട്ടിസം വ്യക്തികളിൽ നിന്നുണ്ടാവുന്ന സ്വഭാവ സവിശേഷതകൾ ഉൾക്കൊള്ളാൻ സാധിക്കാതെ വന്നേക്കും. കുടുംബത്തിനകത്ത് പോലും ഒറ്റപ്പെട്ടു പോകുന്ന , അവഗണിക്കപ്പെടുന്ന ദയനീയമായ അവസ്ഥ ഉണ്ടാവാറുണ്ട് എന്നതാണ് വാസ്തവം.

സ്നേഹത്തോടെയുള്ള പെരുമാറ്റം, മുടങ്ങാത്ത തെറാപ്പികൾ മുതലായവയാണ് ഒരു പരിധി വരെയെങ്കിലും ആശ്വാസമാവുന്ന പരിഹാര മാർഗങ്ങൾ. നിറവും ഭാഷയും ലിംഗവും സംസ്കാരവുമെല്ലാം വ്യത്യസ്തങ്ങളായ മനുഷ്യരാണ് ലോകത്തിന്റെ സവിശേഷത. ന്യൂറോ ഡൈവേഴ്സിറ്റിയെയും അതേ ഗണത്തിൽ അംഗീകരിക്കുമ്പോഴാണ് ലോകം കൂടുതൽ സുന്ദരമാവുക.

Comments