Photo: Muhammed Fasil

നമ്മൾ എന്ന വിലക്ഷണ ബഹുവചനം

കോവിഡ്​ ഘട്ടത്തിലെ അഭികാമ്യമായ ഒരു ജീവിതചര്യ എന്ന മട്ടിൽ നിർദേശിക്കപ്പെട്ട അകലം എന്ന ആശയത്തെ അത്ര അപരിചിതവും ഭീഷണവുമായ ഒന്നായിക്കാണാൻ പറ്റുന്ന വിധത്തിൽ ആളുകൾ സ്വതവേ അടുപ്പത്തിലായിരുന്നോ? ഉള്ള അടുപ്പം നഷ്ടമാകുന്നതുകൊണ്ടാണോ നമ്മൾ അകന്നിരിക്കാൻ ഭയക്കുന്നത്?

കൊറോണക്കാലത്ത്, നമ്മളെ ഏറ്റവും അലട്ടിയത് ഒരുപക്ഷെ അകലം എന്ന ആശയമായിരുന്നു. എന്തുകൊണ്ടാവാം, അകലം നമ്മളെ ഇത്രമാത്രം അലട്ടുന്നത്? ആഗോളമായിത്തന്നെ, പകർച്ചവ്യാധിയുടെ ഘട്ടത്തിലെ അഭികാമ്യമായ ഒരു ജീവിതചര്യ എന്ന മട്ടിൽ നിർദേശിക്കപ്പെട്ട ഈ ആശയത്തെ അത്ര അപരിചിതവും ഭീഷണവുമായ ഒന്നായിക്കാണാൻ പറ്റുന്ന വിധത്തിൽ ആളുകൾ സ്വതവേ അടുപ്പത്തിലായിരുന്നോ? ഉള്ള അടുപ്പം നഷ്ടമാകുന്നതുകൊണ്ടാണോ നമ്മൾ അകന്നിരിക്കാൻ ഭയക്കുന്നത്? വേണ്ടത് സാമൂഹികമായ അകലമോ ശാരീരികമായ അകലമോ എന്ന ചോദ്യത്തിലൊന്നും വലിയ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. സാമൂഹികമല്ലാത്ത ഒരു ശരീരവും ഇല്ല. എന്തായാലും, ആധുനികമായ സാമൂഹ്യസംവിധാനങ്ങൾക്ക് അകലം എന്നത് അത്ര അപരിചിതമായ ആശയമല്ല. നമ്മുടെ സാമൂഹ്യമായ ഇടപാടുകളും സ്ഥാപനങ്ങളും അകലത്തെ അടിസ്ഥാനമാക്കുന്നുണ്ട്.

അടുപ്പത്തിലും നിശ്ചിതമായ അകലം പാലിക്കാൻ ആളുകളെ ശീലിപ്പിച്ചുകൊണ്ടാണ് ആധുനികമായ സാമൂഹ്യസ്ഥാപനങ്ങൾ സ്വയം ചിട്ടപ്പെടുത്തിയത്. വ്യക്തി എന്ന സങ്കൽപ്പനത്തെ ഇഴപിരിച്ച് നോക്കിയാൽ ഇത് വ്യക്തമാവും. പരസ്പരം അകന്ന് നിൽക്കുന്നവരാണ് വ്യക്തികൾ. ജൂതപ്രശ്‌നത്തെക്കുറിച്ചുള്ള പഠനത്തിൽ മാർക്‌സ് പറഞ്ഞ ഒരു കാര്യമിവിടെ ശ്രദ്ധേയമാവുന്നു; സ്വാതന്ത്ര്യം, സമത്വം എന്നിങ്ങനെയുള്ള ആധുനികമായ ആശയങ്ങളുടെ അർഥം തന്നെ അകലം ആണെന്നതാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. നിശ്ചിത അകലത്തിൽ വേർപിരിഞ്ഞുനിൽക്കുമ്പോഴേ ആളുകൾ സ്വതന്ത്രരും തുല്യരുമാകൂ. ഇങ്ങനെ അകലത്തിൽ നിൽക്കുന്ന ആളുകൾ തമ്മിലുള്ള വിനിമയങ്ങളാണ് കമ്പോളത്തെ സാധ്യമാക്കിയത്. അകലം എന്ന ആശയത്തെ ഈ രീതിയിൽ കാണുമ്പോൾ ആധുനിക സമൂഹം രൂപപ്പെട്ടതിന്റെ യുക്തിയിൽത്തന്നെ അത് അന്തർഹിതമാണ് എന്നുപറയാം. ഒരുപക്ഷെ, അകലം ഉണ്ടാക്കിയ ഗൃഹാതുരതയാണ് ആധുനികരുടെ അടുപ്പത്തിനോടുള്ള അഭിനിവേശത്തിൽ വിങ്ങുന്നത്. പടിഞ്ഞാറൻ രാഷ്ട്രീയചിന്തയുടെ ചരിത്രത്തിലുടനീളം അടുപ്പത്തോടുള്ള ഈ ഗൃഹാതുരമായ അഭിനിവേശം ദൃശ്യമാണെന്ന് പല ചിന്തകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ആളുകൾ ഗാഢമായ അടുപ്പത്തിൽ പുലർന്നിരുന്ന ഏതോ ഒരു പുരാതന കാലത്തെക്കുറിച്ചുള്ള ചരിത്രനിരപേക്ഷമായ ഓർമ പല സിദ്ധാന്തങ്ങളും സങ്കല്പങ്ങളും മുൻകൂറായിത്തന്നെ ഉൾക്കൊള്ളുന്നുണ്ട്.

ആയിരിക്കുക എന്നാൽ എവിടെയെങ്കിലും ആയിരിക്കുക എന്നാണ്. എവിടെയോ ഇടംപിടിക്കലാണ് അത്. ഇടം ഇടയിൽ ആണ്. പലതിനും ഇടയിൽ, മറ്റൊന്നിന്റെ കൂടെ. ഈ അർഥത്തിൽ, തൊട്ടുതൊട്ടല്ലാതെ ഒന്നിനും ഇടം പിടിക്കാനാവില്ല.

കമ്യൂണിറ്റി എന്ന വാക്കിൽ തന്നെ അടുപ്പം എന്ന ആശയം ഉണ്ട്. ആളുകൾ തമ്മിലെ ഒത്തുചേരലിനെയാണ് കമ്യൂണിറ്റി എന്ന ആംഗലപദത്തിലെ കോം (com) എന്ന ശബ്ദം വിവക്ഷിക്കുന്നത്. കോമൺ, കമ്യൂൺ, കമ്യൂണിക്കേഷൻ, കമ്യൂണിസം എന്നീ വാക്കുകളിലൊക്കെ ഈ ശബ്ദമുണ്ട്. ഒത്തുചേർന്ന് നിൽക്കുന്ന ഒരുകൂട്ടം ആളുകളാണ് കമ്യൂണിറ്റി. ഈ കൂട്ടത്തിന് ഒരു സത്തയുള്ളതായി സങ്കൽപിക്കുക. അതിൽ ഉൾപ്പെടുന്നവർക്കൊക്കെ പൊതുവായ ഐഡൻറിറ്റി നൽകുന്നത് ഈ സത്തയാണെന്നും സങ്കല്പിക്കുക. ഇങ്ങനെയൊരു സങ്കൽപമാണ് കമ്യൂണിറ്റിയെ സംബന്ധിച്ച ലബ്ധപ്രതിഷ്ഠമായ ഒരു കാഴ്ചപ്പാടിന്റെ അടിസ്ഥാനമായി മാറിയത്. ഈ അർഥത്തിൽ കമ്യൂണിറ്റിയെ സമുദായം എന്ന് പരിഭാഷപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. സമുദായം എന്ന വാക്കിലെ പൂർവസർഗമായി വരുന്ന ‘സം' എന്ന ശബ്ദത്തിന് ‘കൂടെ', ‘ചേർന്ന്' എന്നീ വിവക്ഷകളാണുള്ളത്. ഒത്തുചേരുമ്പോൾ ഉദിക്കുന്നത് ആവാം സമുദായം. എന്നാൽ, മതപരമോ ജാതീയമോ ആയ കൂട്ടത്തെ സൂചിപ്പിക്കുന്ന വിധത്തിൽ പ്രസ്തുത പദം ഉപയോഗിക്കുമ്പോൾ അർഥം മാറും. വെറുമൊരു കൂട്ടം അല്ല ഇവിടെ സമുദായം. ചേർന്നുനിൽക്കുന്നവരെ തമ്മിൽ ചേർത്തുനിർത്തുന്ന എന്തോ ഒന്നിനെ അത് വിവക്ഷിക്കും.

തനതായുള്ള എന്തോ ഒന്നിൽ പങ്കുപറ്റുന്നവരുടെ പൊതുവായ സ്വഭാവത്തെയും സത്താപരമായ ഒത്തിണക്കത്തെയും സൂചിപ്പിക്കുന്ന പദമായി 'കമ്യൂണിറ്റി' മാറി. / Photo : Pixabay

കമ്യൂണിറ്റി എന്ന പദവും ഉപയോഗിക്കപ്പെടുന്നത് കോം എന്ന ശബ്ദത്തിൽ സൂചിതമാവുന്ന ഒത്തുചേരലിനെ മാത്രം വിവക്ഷിക്കുന്ന മട്ടിലല്ല. ചേർന്നുനിൽക്കുന്നവർക്ക് തനതായി എന്തോ ഉണ്ട്, അല്ലെങ്കിൽ അവർക്ക് പൊതുവായി എന്തോ ഉണ്ട്. ഈ രണ്ട് അർഥങ്ങളിലും കമ്യൂണിറ്റി എന്നതിൽ ഒരു ഉൾപ്പെടൽ ഉണ്ട്. എല്ലാർക്കുമുള്ള ഒന്നിൽ പങ്കുപറ്റിക്കൊണ്ടോ തങ്ങൾക്കുള്ളതിനെ എല്ലാർക്കുമായി പങ്കുവെച്ചുകൊണ്ടോ ആളുകൾ കമ്യൂണിറ്റി ആകുന്നു. കോം എന്ന ശബ്ദത്തിൽ ഒത്തുചേരൽ മാത്രമേ ഉള്ളൂ എങ്കിൽ കമ്യൂണിറ്റിയെക്കുറിച്ചുള്ള മേൽപ്പറഞ്ഞ സങ്കൽപത്തിലേക്ക് കടന്നുവന്നപ്പോൾ പ്രസ്തുത പദം നിയതമായ ഉള്ളടക്കമുള്ള ഒന്നായി മാറുന്നു എന്നുചുരുക്കം. അതായത്, തനതായുള്ള എന്തോ ഒന്നിൽ പങ്കുപറ്റുന്നവരുടെ പൊതുവായ സ്വഭാവത്തെയും സത്താപരമായ ഒത്തിണക്കത്തെയും സൂചിപ്പിക്കുന്ന പദമായി അത് മാറി. ഈ വൈപരീത്യത്തെ വിശകലനം ചെയ്യുന്ന ചില പുസ്തകങ്ങൾ കഴിഞ്ഞ കാലഘട്ടത്തിൽ പുറത്തുവന്നു. ലുക് നാൻസി (Jean-Luc Nancy), ജോർജ്യോ അഗാംബെൻ (Giorgio Agamben), റോബർട്ടോ എസ്‌പോസിറ്റോ (Roberto Esposito) എന്നീ ചിന്തകരുടെ കൃതികളാണ് അവയിൽ പ്രധാനം. ഈ പുസ്തകങ്ങളിൽ പൊതുവായുള്ളത് കമ്യൂണിറ്റി എന്ന സങ്കൽപനത്തെ അതിന്റെ സത്താപരമായ വിവക്ഷകളിൽ നിന്ന് പുറത്തെടുക്കാനുള്ള ശ്രമമാണ്. അതായത്, തനതായ ഒന്നിനെയും സൂചിപ്പിക്കാത്തവിധത്തിലുള്ള കൂട്ടമായി അതിനെ മനസ്സിലാക്കാനുള്ള ശ്രമമാണ് അവയിലുള്ളത്. ഈ മൂന്ന് കാഴ്ചപ്പാടുകളെയും സംക്ഷിപ്തമായി പരിശോധിക്കാനാണ് അടുത്ത ഭാഗത്ത് ശ്രമിക്കുന്നത്. അവസാനഭാഗത്ത്, നമ്മൾ എന്ന ബഹുവചനത്തിന്റെ വിവക്ഷകളിലേക്ക് വരാം.

പൊരുത്തമില്ലാത്ത അടുപ്പം

നാൻസി തന്റെ പുസ്തകത്തിൽ ശ്രമിച്ചത് ഇതാണ്: ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒന്നായി കാണുന്നതിനുപകരം ബന്ധത്തിന്റെ തന്നെ സ്വഭാവമായി കമ്യൂണിറ്റിയെ കാണുക. ഹൈദെഗ്ഗെറുടെ being-with (Mitsein) എന്ന ആശയത്തെ പിൻപറ്റിയാണ് അദ്ദേഹം ഈ നീക്കം നടത്തുന്നത്. ഒരാളെ മറ്റൊരാളുമായി ബന്ധിപ്പിക്കുന്ന ഒന്നല്ല കമ്യൂണിറ്റി. മറിച്ച്, ഓരോരുത്തരും ‘ആയിരിക്കുന്നത്' കമ്യൂണിറ്റിയിലാണ്. ഉണ്മ തന്നെ സാമുദായികമാണ്. മറ്റൊന്നിലേയ്ക്ക് നിതാന്തമായി തുറന്നുകിടക്കുന്ന ബന്ധമായി അതിനെ സങ്കല്പിക്കാം. എന്നാൽ, ബന്ധത്തിൽ ചേർന്നുനിൽക്കുന്നവർ ബന്ധുക്കളല്ല. അവരെ കൂട്ടിയിണക്കുന്ന ഒരു പൊതുവായ ഘടകമോ യുക്തിയോ ഒന്നും ഇല്ല. ഒരു തീവണ്ടിമുറിയിൽ യാത്രചെയ്യുന്നവരെപ്പോലെ. ബന്ധുത്വമില്ലാത്ത ബന്ധം!
ആയിരിക്കുക എന്നാൽ ഇത്തരത്തിൽ ഏകവും അനേകവും ആയിരിക്കുക എന്നാണ്. ഒന്നും പലതും തമ്മിലുള്ള സങ്കൽപനപരമായ അതിരുകൾ മാഞ്ഞുപോകുന്നുണ്ട് ഇവിടെ. അനേകമായല്ലാതെ ആയിരിക്കലിലില്ല. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ആയിരിക്കുക എന്നാൽ എവിടെയെങ്കിലും ആയിരിക്കുക എന്നാണ്. എവിടെയോ ഇടംപിടിക്കലാണ് അത്. ഇടം ഇടയിൽ ആണ്. പലതിനും ഇടയിൽ, മറ്റൊന്നിന്റെ കൂടെ. ഈ അർഥത്തിൽ, തൊട്ടുതൊട്ടല്ലാതെ ഒന്നിനും ഇടം പിടിക്കാനാവില്ല.
ഒരു പ്രകരണത്തിലല്ലാതെ ഉണ്മയില്ല. ആയിരിക്കുക എന്നാൽ സമ്പർക്കത്തിലായിരിക്കുക എന്നാണ്. സ്പർശത്തെ ഉണ്മയുടെ തന്നെ സ്വഭാവമായെടുക്കാം. സ്പർശിക്കുമ്പോൾ സ്പർശിക്കപ്പെടുന്നുമുണ്ട്. സ്പർശിക്കപ്പെടാതെ സ്പർശിക്കാൻ ആവില്ല. കാണുന്ന കണ്ണ് കാഴ്ചയ്ക്ക് പുറത്താണ്. എന്നാൽ സ്പർശിക്കുന്ന ശരീരത്തിന് മറഞ്ഞിരിക്കാനാവില്ല. അത് പൂർണമായും വെളിപ്പെട്ടുനിൽക്കുന്നു. സ്പർശം ഏശാത്ത ഒരിടമോ ആയിരിക്കലോ ഇല്ല. ഉണ്മ തന്നെ തൊടാവുന്നത്ര മൂർത്തമാണ് എന്ന് നാൻസി പറയും. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിറ്റിയെ അദ്ദേഹം പുനർവിഭാവനം ചെയ്യുന്നത്.

അഗാംബെൻ സങ്കല്പിക്കുന്ന കമ്യൂണിറ്റിയിൽ ആളുകൾക്ക് മേൽവിലാസങ്ങളില്ല. ഭരണക്രമത്തെ ശരീരത്തിൽനിന്ന്​ കുടഞ്ഞെറിഞ്ഞുകൊണ്ടാണ് ആളുകൾ കമ്യൂണിറ്റി ആവുക. ചെറുത്തുനില്പിന്റെ പ്രകരണത്തിലാണ് കമ്യൂണിറ്റി ഉണ്ടാവുന്നത്.

അഗാംബെൻ കമ്യൂണിറ്റിയെ കാണാൻ ശ്രമിക്കുന്നതും ഏതാണ്ട് ഇതേ മട്ടിലാണ്. വിശദാംശങ്ങളിൽ വ്യത്യസ്തമെങ്കിലും അദ്ദേഹത്തിന്റെ സമീപനവും മേല്പറഞ്ഞതിനോട് സമാനമാണ്. പൊതുവായ സ്വഭാവമോ, ലക്ഷണമോ ഏകീകൃതമായ സത്തയോ ഇല്ലാത്ത ഒരു കൂട്ടത്തെ സങ്കൽപ്പിക്കുക. തൊട്ടടുത്താണ് അവിടെ ആളുകളുടെ നില. പക്ഷെ, അവർ വെവ്വേറെ ആളുകളാണ്. ഒരൊറ്റ ജനതയോ ഒരൊറ്റ വംശമോ ഒരൊറ്റ കുടുംബമോ ഒന്നുമല്ല. ബഹുത്വത്തെ സൂചിപ്പിക്കുന്ന വിധത്തിൽ ‘നമ്മൾ' ഉണ്ട് അവിടെ. പക്ഷെ, ‘നമ്മൾ' എന്നതിന് പിന്നിൽ, മുൻകൂറായി ഒരു ‘ഞാൻ' ഇല്ല. ഒറ്റകൾ ഒരുമിച്ച് കൂട്ടം ഉണ്ടാവുകയല്ല. ‘നമ്മൾ' എന്നതിന്റെ ഏകവചനമല്ല ‘ഞാൻ'. ‘ഞാൻ' എന്നതിലേക്ക് വെട്ടിച്ചുരുക്കാനാവാത്ത ബഹുത്വം ആണ് ‘നമ്മൾ'. ഇതിനെ ഒരു കമ്യൂണിറ്റി ആയി സങ്കൽപ്പിച്ചാൽ അതിലുൾപ്പെടുന്നവർ പലരാണ്. ഓരോരുത്തരുടെയും ഉണ്മ, അതെന്തായാലും, എല്ലായ്‌പ്പോഴും സംഗതമാണ്. അവരുടെ നീക്കങ്ങൾ ആസൂത്രിതമല്ല. ശരീരങ്ങൾക്ക് വിന്യാസക്രമങ്ങൾ ഒന്നുമില്ല. ഓരോ ശരീരവും അതായിരിക്കുന്ന നിലയിൽത്തന്നെ പ്രധാനമാണ്. ഓരോന്നും, അതെന്താണ് എന്നതല്ല, ‘എന്തായാലും' സംഗതമാവുന്നു എന്ന മട്ടിൽ ചേർന്നുനിൽക്കുമ്പോഴാണ് കമ്യൂണിറ്റി ആവുന്നത്. നിങ്ങൾ ആരാണ്, എന്താണ് എന്നതൊക്കെ പ്രധാനമാവുന്നത് ഒരു ഭരണക്രമത്തിനുള്ളിൽ നിങ്ങളെ തിരിച്ചറിയേണ്ടതുള്ളതിനാലാണ്. ഈ അർഥത്തിൽ, മേൽവിലാസങ്ങളിലൊക്കെ ഒരു ഭരണക്രമത്തിന്റെ യുക്തിയുണ്ട്. ഇങ്ങനെ നോക്കുമ്പോൾ, അഗാംബെൻ സങ്കല്പിക്കുന്ന കമ്യൂണിറ്റിയിൽ ആളുകൾക്ക് മേൽവിലാസങ്ങളില്ല. ഭരണക്രമത്തെ ശരീരത്തിൽനിന്ന്​ കുടഞ്ഞെറിഞ്ഞുകൊണ്ടാണ് ആളുകൾ കമ്യൂണിറ്റി ആവുക. ചെറുത്തുനില്പിന്റെ പ്രകരണത്തിലാണ് കമ്യൂണിറ്റി ഉണ്ടാവുന്നത്. നിലവിലുള്ള ഒന്നല്ല അത്. വരാനിരിക്കുന്ന, എന്നാൽ എപ്പോഴും സാധ്യമായ ഒന്ന്. ഒരു ഫ്ലാഷ് മോബ് പോലെ. ടിയാനെമെൻ സ്‌ക്വയർ ആണ് അഗാംബെൻ നൽകുന്ന ഉദാഹരണം.

കമ്യൂണിറ്റിയും ഇമ്യൂണിറ്റിയും

കമ്യൂണിറ്റിയെക്കുറിച്ചുള്ള ഈ വിചിന്തനങ്ങളെല്ലാം കോം (com) എന്ന ശബ്ദത്തിന്റെ വിവക്ഷകളെയാണ് അടിസ്ഥാനമാക്കുന്നത്. ഇതിനുപകരം munus എന്ന ശബ്ദത്തിന്റെ വിവക്ഷകളിലേക്ക് പോയാൽ വേറിട്ട ഒരു വിചിന്തനം സാധ്യമാകും എന്നാണ് പ്രമുഖ ഇറ്റാലിയൻ ചിന്തകനായ റോബർട്ടോ എസ്‌പോസിറ്റോ പറയുന്നത്. Munus എന്ന വാക്കിന് നിയമം, സമ്മാനം എന്നൊക്കെയുള്ള അർഥങ്ങൾ എസ്‌പോസിറ്റോ കണ്ടെത്തുന്നു. മറ്റൊരാൾക്ക് സമർപ്പിക്കുന്ന സമ്മാനത്തിന്റെ യുക്തിയുണ്ടതിൽ. അതായത്, കമ്യൂണിറ്റിയിൽ ഉൾപ്പെടുക എന്നാൽ, തനിക്കു പ്രിയപ്പെട്ട ഒന്ന് മൊറ്റൊരാൾക്കുവേണ്ടി കൈവിടാൻ സന്നദ്ധമാവുക എന്നാണ്. ഒരുതരം സമർപ്പണത്തിന്റെ പാരസ്പര്യമാണ് കമ്യൂണിറ്റിയുടെ ഉള്ളടക്കം.

ഇമ്യൂണിറ്റി എന്ന വാക്കിനെയും സങ്കൽപനത്തെയും മേൽപറഞ്ഞ വിശകലനവുമായി ചേർത്തുവെയ്ക്കുകയാണ് എസ്‌പോസിറ്റോ ചെയ്യുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം. കമ്യൂണിറ്റി എന്ന വാക്കിലും ഇമ്യൂണിറ്റി എന്ന വാക്കിലും munus എന്ന ശബ്ദമുണ്ട്. കമ്യൂണിറ്റി എന്ന വാക്കിൽ munus എന്ന ശബ്ദത്തിന് മുൻപേ ഉള്ളത് ‘കോം' എന്ന ശബ്ദം ആണ്. മുമ്പ്​ പറഞ്ഞപോലെ ഒത്തുചേർന്നുള്ള നിൽപിനെ അത് സൂചിപ്പിക്കുന്നു. സ്വന്തമായുള്ളത് മറ്റൊരാൾക്കായി നൽകാനുള്ള പരസ്പര പ്രതിബദ്ധതയാണ് ഈ ചേർന്നുള്ള നിൽപിനെ സാധ്യമാക്കുന്നത്. എന്നാൽ ഇമ്യൂണിറ്റി എന്ന പദത്തിലെ ‘im' എന്ന ശബ്ദം ഒരു വിലക്കിനെ സൂചിപ്പിക്കുന്നു. നൽകാനുള്ള സന്നദ്ധതയ്ക്കുമേലുള്ള വിലക്കായി അത് പ്രവർത്തിക്കുന്നു. അർപ്പണത്തിനുപകരം ആത്മരക്ഷയുടെ യുക്തി അതിൽ പ്രധാനമാവുന്നു.

ഇമ്യൂണിറ്റി എന്ന വാക്ക് വൈദ്യവുമായും ആരോഗ്യവുമായും ബന്ധപ്പെട്ട് മാത്രമല്ല ഉപയോഗിക്കപ്പെടുന്നത്. നിയമപരമായ അർഥത്തിലും ഇതുപയോഗിച്ചുപോരുന്നുണ്ട്. ഉദാഹരണത്തിന്, നയതന്ത്രപരിരക്ഷയെ സൂചിപ്പിക്കുന്ന മട്ടിൽ ഇമ്യൂണിറ്റി എന്ന പദം പ്രയോഗിക്കാറുണ്ടല്ലോ. പൊതുവായ ഒരു യുക്തി റദ്ദാക്കപ്പെടുന്ന പ്രത്യേക സന്ദർഭത്തെ ആണ് രണ്ടിടത്തും അത് സൂചിപ്പിക്കുന്നത്. ഒത്തുചേർന്നുള്ള ജീവിതം സാമാന്യമായ ഒരു സംഗതിയാണെങ്കിൽ ഇമ്യൂണിറ്റി അതിനെ റദ്ദാക്കുന്ന സന്ദർഭമാണ്. എല്ലാവർക്കും ബാധകമായ ചില നിയമങ്ങൾ റദ്ദാക്കപ്പെടുന്ന സന്ദർഭമാണ് നയതന്ത്രപരിരക്ഷയുടെ സന്ദർഭം. നയതന്ത്രപരിരക്ഷയുള്ള ഒരാൾക്ക് ചില നിയമങ്ങൾ ബാധകമാവുന്നില്ലല്ലോ. ശരീരത്തിന്റെ ഇമ്യൂണിറ്റി എന്നുപറയുന്നത് പുറമെനിന്നുള്ള ഒരു ബാധയെ ചെറുക്കാനുള്ള അതിന്റെ സ്വാഭാവികമോ ആർജിതമോ ആയ ശേഷിയാണ്. നിയമത്തിന്റെ പരിരക്ഷയിലും ഉള്ളത് ഇതുതന്നെ. നിയമം എന്നതുതന്നെ ഒരു പരിരക്ഷണസംവിധാനമാണ് എന്നതാണ് എസ്‌പോസിറ്റോയുടെ വാദം. രാഷ്ട്രവും അങ്ങനെതന്നെ. കോവിഡിന്റെ വ്യാപനഘട്ടത്തിനിടെ നൽകിയ ഒരു അഭിമുഖത്തിൽ മേൽപറഞ്ഞ നിലപാടുകൾ അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പരിരക്ഷാ സജ്ജീകരണം എന്ന പ്രക്രിയയ്ക്ക് നീണ്ട ഒരു ചരിത്രമാണുള്ളത്. ആധുനികതയുടെ ചരിത്രം തന്നെ ഇതുമായി ചേർന്നുനിൽക്കുന്നു. ആധുനികത ഉണ്ടായതുതന്നെ പരിരക്ഷണത്തിന്റെ യുക്തിയിലാണ്

ലുക് നാൻസി, ജോർജ്യോ അഗാംബെൻ, റോബർട്ടോ എസ്‌പോസിറ്റോ

ഈ വാദം കുറേക്കൂടി സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതുണ്ട്. ആധുനികമായ ജീവിതത്തിന്റെ സവിശേഷതയായി കാണാറുള്ളത് അതിലടങ്ങിയ സ്ഥായിയായ അപകടസാധ്യതയാണ്. ആപത്കരമായ ജീവിതസന്ദർഭങ്ങളെയാണ് ‘ആധുനികരായ' വ്യക്തികൾ നേരിട്ടത്. ഈ ഘട്ടത്തിൽ വ്യക്തികളുടെ ജീവിതസുരക്ഷ ഉറപ്പാക്കുന്നതിനായി ആധുനിക ഭരണകൂടങ്ങൾ നിലവിൽവന്നു എന്ന് വാദിക്കുന്നത് അതിലളിതവത്കരണമാവും. വാസ്തവത്തിൽ, വ്യക്തി എന്ന സങ്കൽപനത്തിൽ തന്നെ ഇമ്യൂണിറ്റിയുടെ ഒരു യുക്തിയുണ്ട്. പരസ്പരം സുരക്ഷിതമായ അകലത്തിൽ നിൽക്കുന്നവരാണ് വ്യക്തികൾ. വ്യക്തികൾ എന്ന നിലയിലുള്ള ആളുകളുടെ ഈ നിലനില്പിനെ സംബന്ധിച്ച്​ സുരക്ഷ തന്നെയാണ് പ്രധാനമായി മാറുന്നത്. പടിഞ്ഞാറൻ ലിബറൽ ചിന്താപാരമ്പര്യത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ് മനുഷ്യജീവികൾ പ്രകൃത്യാ തന്നെ സ്വതന്ത്രരാണ് എന്ന ആശയം. അതായത്, ആളുകൾക്ക് സ്വയം നിർണയിക്കാനുള്ള ശേഷിയുണ്ട്, സ്വയം ഭരിക്കാനുള്ള കഴിവുണ്ട്. അങ്ങനെയെങ്കിൽ എന്തിനാണ് ഭരണകൂടം? ആളുകൾ സ്വയം ഭരിക്കാനുള്ള ശേഷിയെ മറ്റൊരു ഏജൻസിയ്ക്കു കൈമാറുന്നതിന് എന്താണ് ന്യായം? ഉടമ്പടി സിദ്ധാന്തത്തിന്റെ (Social Contract Theory) ആദ്യകാല വക്താക്കൾ, തോമസ് ഹോബ്​സും ജോൺ ലോക്കും മറ്റും, ഇക്കാര്യം പരിശോധിക്കുന്നുണ്ട്. അവരുടെ നോട്ടത്തിൽ, തങ്ങളെ ഭരിക്കാനുള്ള സ്വാതന്ത്ര്യം ആളുകൾ മറ്റൊരു സംവിധാനത്തെ ഏൽപ്പിക്കുന്നതാണ് ഉടമ്പടി. സ്വാതന്ത്ര്യം നഷ്ടമാവുണ്ട് അവിടെ. തങ്ങൾ പരിത്യജിക്കുന്ന സ്വാതന്ത്ര്യത്തിനുപകരം അവർക്കു കിട്ടുന്നത് പരിരക്ഷയാണ്. അതായത്, ഭരണകൂടം ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ നിലവിൽ വരുന്നു. ഈ ഉടമ്പടിയുടെ അർഥം സ്വാതന്ത്ര്യത്തിനു പകരം പരിരക്ഷ എന്നതാണ്. വ്യക്തിയെ പ്രതിരോധസജ്ജമാക്കുക, ഇമ്യൂണൈസ് ചെയ്യുക എന്നതാണ് ഭരണകൂടത്തിന്റെ പ്രാഥമികമായ ദൗത്യം. ഇങ്ങനെ നോക്കുമ്പോൾ, ആധുനിക വ്യക്തി എന്നത് ഈ പരിരക്ഷണസംവിധാനത്തിന്റെ സൃഷ്ടിയാണ്. ആധുനിക ഭരണകൂടത്തിന്റെ അടിസ്ഥാനമെന്ന നിലയിൽ ഒരു ഉടമ്പടിയെ സങ്കല്പിച്ചാൽ അത് ഒപ്പുവയ്ക്കപ്പെട്ടത് വ്യക്തിയുടെ ശരീരങ്ങളിലൂടെയാണ്. അഥവാ, അതിന്റെ യുക്തി പ്രവർത്തനക്ഷമമായത് വ്യക്തി- ശരീരങ്ങളിലൂടെയാണ്.

രാഷ്ട്രീയ ശരീരത്തിന് അതിന്റെ തന്നെ പരിരക്ഷണതന്ത്രങ്ങൾ വിനയായിത്തീരുന്നു. ഭരണകൂടവും ആരോഗ്യവും ശരീരവും തമ്മിലുള്ള സങ്കീർണമായ ബന്ധത്തെപ്പറ്റി ചിന്തിക്കുമ്പോൾ, വിശേഷിച്ചും കോവിഡിന്റെ ഘട്ടത്തിലും കോവിഡനന്തര കാലത്തും, ഏറെ പ്രസക്തമാണ് ഈ നിരീക്ഷണം എന്നുതോന്നുന്നു.

ശരീരത്തിന് ഇമ്യൂണിറ്റിയുണ്ട് എന്നുപറയുമ്പോൾ അതിന് സ്വയം പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് എന്നാണല്ലോ. പ്രതിരോധം ആവശ്യമായിവരുന്നത് അതിന്റെ സുസ്ഥിതിക്കുനേരെ ഭീഷണി ഉണ്ടാവുമ്പോഴാണ്. സുസ്ഥിതിക്കുള്ള കാവലാണത്. സുരക്ഷയിൽ വിള്ളലുണ്ടാവുമ്പോൾ ഇമ്യൂണിറ്റി അതിനെ പ്രതിരോധാത്മകമായി ദൃഢപ്പെടുത്തുന്നു. ഇത് സമുദായത്തെക്കുറിച്ചും സംഗതമാണ്. സമുദായത്തെ ശരീരമായി എടുത്താൽ അതിന് ഇമ്യൂണിറ്റിയുടെ കാവലുണ്ട്. എന്നാൽ, ഈ കാവൽ അതിരുകടക്കുമ്പോൾ അത് എന്തിനെയാണോ സംരക്ഷിക്കുന്നത് അതിനെത്തന്നെ ദുർബലമാക്കും. കമ്യൂണിറ്റിയെ സംബന്ധിച്ച്​, പരിരക്ഷണത്തിന്റെ കാവൽ അതിന്റെ അതിർത്തിക്ക് പുറത്തല്ല. ആളുകളുടെ പരസ്പരമുള്ള തുറവി ആണ് കമ്യൂണിറ്റിയുടെ അടിസ്ഥാനമെങ്കിൽ ഈ തുറവിയെ റദ്ദാക്കലാണ് ഇമ്യൂണിറ്റി. സാമുദായികമായ ജീവിതം പുറത്തുനിന്നോ അകത്തുനിന്നോ ഭീഷണി നേരിടുന്ന ഒരു അടിയന്തരഘട്ടത്തിൽ ഇപ്പറഞ്ഞ റദ്ദാക്കലിന്റെ യുക്തി വർധിതവീര്യം കൈക്കൊള്ളും. ഭീഷണി സ്ഥായിയായ ഒന്നാണെന്നുവന്നാൽ അടിയന്തരാവസ്ഥ ജീവിതാവസ്ഥയായിത്തീരും. ശരീരത്തിന്റെ സുസജ്ജമായ പരിരക്ഷണവ്യവസ്ഥ അതേ ശരീരത്തെത്തന്നെ നശിപ്പിക്കുന്ന മട്ടിലേയ്ക്ക് നീങ്ങുന്നതിനെയാണല്ലോ ഓട്ടോ ഇമ്യൂൺ രോഗാവസ്ഥയായി കാണാറുള്ളത്. അതായത്, പരിരക്ഷയുടെ തന്ത്രങ്ങൾ ഉന്നംതെറ്റി ആതിഥേയശരീരത്തെ തന്നെ ആക്രമിക്കുന്നു. ഇതേ വിപര്യയം രാഷ്ട്രീയശരീരത്തിലും സംഭവിക്കുന്നുവെന്നാണ് എസ്‌പോസിറ്റോയുടെ നിരീക്ഷണം. രാഷ്ട്രീയ ശരീരത്തിന് അതിന്റെ തന്നെ പരിരക്ഷണതന്ത്രങ്ങൾ വിനയായിത്തീരുന്നു. ഭരണകൂടവും ആരോഗ്യവും ശരീരവും തമ്മിലുള്ള സങ്കീർണമായ ബന്ധത്തെപ്പറ്റി ചിന്തിക്കുമ്പോൾ, വിശേഷിച്ചും കോവിഡിന്റെ ഘട്ടത്തിലും കോവിഡനന്തര കാലത്തും, ഏറെ പ്രസക്തമാണ് ഈ നിരീക്ഷണം എന്നുതോന്നുന്നു.

പകർച്ചവ്യാധികളുടെ ഘട്ടത്തിൽ ഭരണകൂടത്തിന്റെയും ആരോഗ്യ സംവിധാനങ്ങളുടെയും ഇടപെടൽ കമ്യൂണിറ്റിയെ, മനുഷ്യജീവികളുടെ സാമുദായികമായ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു എന്ന നിഗമനത്തിലേക്ക് എളുപ്പത്തിൽ കൊണ്ടെത്തിക്കാവുന്ന വാദമല്ല ഇത്. കാരണം, വ്യക്തികൾ എന്ന മട്ടിലുള്ള മനുഷ്യജീവിയുടെ നിലനിൽപിൽ തന്നെ പരിരക്ഷണത്തിന്റെ യുക്തിയാണുള്ളത്. അതേ യുക്തിയിൽ തന്നെയാണ് ഭരണകൂടവും പ്രവർത്തിക്കുന്നത്. പുതിയ ഇനം പകർച്ചവ്യാധികളുടെ ഘട്ടത്തിൽ കൂടുതൽ ഊർജിതമായി മാറുന്ന ആരോഗ്യരക്ഷാ സംവിധാനങ്ങൾക്ക് വിധേയമാവുന്നത് മുൻകൂറായിത്തന്നെ ഇമ്യൂണൈസ് ചെയ്യപ്പെട്ട ശരീരങ്ങളാണ്. ഇപ്പറഞ്ഞതിനർഥം വ്യക്തിയുടെ ജീവിതത്തിന് പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ലെന്നല്ല. ഇമ്യൂണിറ്റിയെക്കുറിച്ചുള്ള അമിതമായ ഉത്ക്കണ്ഠ ആളുകളെ കഴിഞ്ഞുകൂടലിന്റെ കേവലയുക്തിയിലേക്ക് ചുരുക്കും. ജീവിതത്തിന്റെ സാംഗത്യം തന്നെ ‘കഴിഞ്ഞുകൂടൽ' മാത്രമായി മാറാം. ജീവി വെറും ജീവപദാർഥമായി മാറാം. പക്ഷെ അവിടെ മറ്റൊരു സാധ്യത തുറക്കുന്നുണ്ട് എന്നാണ് എസ്‌പോസിറ്റോയുടെ നിരീക്ഷണം. എവിടെ പരിരക്ഷണയുക്തിയുടെ ആധിക്യം ഉണ്ടാവുന്നുവോ അവിടെ കമ്യൂണിറ്റി എന്നത് ചെറുത്തുനില്പിന്റെ യാഥാർഥമോ പ്രതീകാത്മകമോ ആയ രൂപഭാവങ്ങളിൽ ഉയിർത്തെണീക്കും. ഇമ്യൂണിറ്റി ആളുകളെ സുരക്ഷയുടെ കളങ്ങളിൽ നിശ്ചിത അകലത്തിൽ അടച്ചിടുമ്പോൾ കമ്യൂണിറ്റി തുറവിയുടെ രാഷ്ട്രീയമായി മാറും . ജൈവരാഷ്ട്രീയം എന്ന ആശയത്തിന് ധനാത്മകമായ ഒരർഥം കണ്ടെത്താനുള്ള ശ്രമം കൂടിയാണ് എസ്‌പോസിറ്റോ നടത്തുന്നതെന്ന് പറയാം.

എന്താണ് നമ്മൾ?

കമ്യൂണിറ്റിയെക്കുറിച്ചുള്ള മേൽപറഞ്ഞ നിരീക്ഷണങ്ങളോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ഈ കുറിപ്പിന്റെ താൽപര്യം അതല്ല. നാൻസിയും അഗാംബെനും എസ്‌പോസിറ്റോയും കമ്യൂണിറ്റിയെക്കുറിച്ച് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകളിൽ പൊതുവായി ഉള്ളത് ഒത്തുചേരലിന്റെ തത്വചിന്താപരമായ വിവക്ഷകളെക്കുറിച്ചുള്ള പരിശോധനയാണ്. എന്നാൽ, പാശ്ചാത്യമായ സിദ്ധാന്തീകരണങ്ങളുടെ പ്രകരണത്തിൽ ഈ ഒത്തുചേരലിനെ സൂചിപ്പിക്കുന്ന വാക്കുകൾ ഒരു ആശയക്കുഴപ്പത്തിന് ഇടനൽകുന്നുണ്ടെന്ന് തോന്നുന്നു. ഉദാഹരണത്തിന്, ഇംഗ്ലീഷിൽ we എന്ന ശബ്ദത്തിന് ‘ഞങ്ങൾ' എന്നും ‘നമ്മൾ' എന്നും അർഥമാകാം. എന്നാൽ, മലയാളത്തിൽ നമ്മൾ എന്ന ശബ്ദത്തിന്റെ സൂചന ‘ഞങ്ങൾ' അല്ല. രണ്ടും ഒരു ഒത്തുചേരലിനെ, കൂട്ടത്തെ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, ഒത്തുചേരലിന്റെ സ്വഭാവം രണ്ടിലും വ്യത്യസ്തമായാണ് വിവക്ഷിതമാവുന്നത്. ഈ വ്യത്യാസം കമ്യൂണിറ്റിയെക്കുറിച്ചുള്ള ചിന്തയിൽ പ്രധാനമാവുന്നതെങ്ങനെ എന്നതാണ് ഇവിടെ പരിശോധിക്കുന്നത്.

‘നമ്മൾ' എന്ന പ്രയോഗത്തിൽ ഒരു ഉൾക്കൊള്ളൽ ഉണ്ട്. ‘ഞങ്ങൾ' എന്നതിൽ ഒരു പുറംതള്ളലും. അതായത്, നമ്മൾ എന്ന് ഒരാൾ പറയുമ്പോൾ മറുപക്ഷത്തുള്ള ആളെക്കൂടി ഉൾപ്പെടുത്തിയാണ് അങ്ങനെ പറയുന്നത്. നേരെമറിച്ച്, ‘ഞങ്ങൾ' എന്ന് പറയുന്ന ഒരാൾ മറുപക്ഷത്തെ ഉൾപ്പെടുത്തിയല്ല, പുറംതള്ളിയാണ് സംസാരിക്കുന്നത്. ​

എന്താണ് ‘നമ്മൾ'? എന്തിനെയാണ് അത് സൂചിപ്പിക്കുന്നത്? വാസ്തവത്തിൽ, നമ്മൾ എന്നത് ശൂന്യമായ ഒരു സൂചകമാണ്. അതിന് നിയതമായ ഉള്ളടക്കമൊന്നുമില്ല. ‘നമ്മൾ മനുഷ്യർ' എന്ന് പറയുമ്പോൾ അതിലെ ‘നമ്മൾ' എല്ലാ മനുഷ്യരെയും ഉൾക്കൊള്ളും. ‘നമ്മൾ ഇന്ത്യക്കാർ' എന്നുപറയുമ്പോൾ അതിന്റെ ഉള്ളടക്കം മാറും. ‘നമ്മൾ മലയാളികൾ' എന്നാവുമ്പോൾ വീണ്ടും മാറും. ‘നമ്മൾ വിശ്വാസികൾ', ‘നമ്മൾ ജനാധിപത്യവാദികൾ' എന്നിങ്ങനെ അതിനെ വികസിപ്പിക്കാം, ചുരുക്കാം. സൂക്ഷിച്ചുനോക്കിയാൽ, മേൽപ്പറഞ്ഞ സന്ദർഭങ്ങളിൽ നമ്മൾ എന്ന ശബ്ദത്തിന് ഉള്ളടക്കം നൽകിയത് അതിനെ തുടർന്ന് പ്രയോഗിക്കപ്പെട്ട മനുഷ്യർ, ഇന്ത്യക്കാർ, മലയാളികൾ എന്നിങ്ങനെയുള്ള വാക്കുകളാണ്. ഒറ്റയ്ക്കെടുത്താൽ ആ ശബ്ദത്തിന് അർഥമൊന്നുമില്ല. ഈ മട്ടിൽ ഉള്ളടക്കം നേടുന്ന ‘നമ്മൾ' ആണ് കമ്യൂണിറ്റി എന്നത്. അതായത്, ഒരുകൂട്ടം ആളുകൾ തങ്ങൾ ആരാണെന്നതിനെ നിർവചിക്കുന്ന മട്ടിലുള്ള ഒരു ആഖ്യാനം പരസ്പരം പങ്കുവെക്കുമ്പോൾ ‘നമ്മൾ' ഉണ്ടാവുന്നു എന്നുപറയാം. അവർ അവരെത്തന്നെയും ചുറ്റുമുള്ള ലോകത്തെയും ആ കഥയിലൂടെ കാണുന്നു. പക്ഷെ, ഇവിടെ ഒരു പ്രശ്‌നമുണ്ട്. ആളുകൾ എങ്ങനെയാണ് ഒരു കഥയിൽ പങ്കെടുക്കുന്നത്? ഈ പങ്കെടുക്കൽ എന്താണ്? ഒരു കഥ ഏറ്റുപറയുന്നതും അതിൽ പങ്കെടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ‘ഞങ്ങൾ ഇന്ത്യക്കാർ' എന്നുപറയുന്നതും ‘നമ്മൾ ഇന്ത്യക്കാർ' എന്ന് പറയുന്നതും തമ്മിലെ വ്യത്യാസമാണത്. ആദ്യത്തേതിൽ ‘ഞങ്ങൾ' ആണ്; രണ്ടാമത്തേതിൽ ‘നമ്മൾ' ആണ്.

അടുപ്പത്തിലും നിശ്ചിതമായ അകലം പാലിക്കാൻ ആളുകളെ ശീലിപ്പിച്ചുകൊണ്ടാണ് ആധുനികമായ സാമൂഹ്യസ്ഥാപനങ്ങൾ സ്വയം ചിട്ടപ്പെടുത്തിയത്. വ്യക്തി എന്ന സങ്കൽപ്പനത്തെ ഇഴപിരിച്ച് നോക്കിയാൽ ഇത് വ്യക്തമാവും. പരസ്പരം അകന്ന് നിൽക്കുന്നവരാണ് വ്യക്തികൾ. / Photo: Muhammed Fasil

നമ്മളിൽ അപ്പുറവും ഇപ്പുറവും തമ്മിലെ, ഞാനും നീയും തമ്മിലെ ഒരു ഐക്യദാർഢ്യമുണ്ട്, ഒത്തുചേരലുണ്ട്. ഞങ്ങൾ എന്ന ശബ്ദത്തെ പിരിച്ചെഴുതിയാൽ ഞാൻ ഒന്ന്, ഞാൻ രണ്ട്, ഞാൻ മൂന്ന് എന്നിങ്ങനെ പല ഒറ്റകളാവും. അഥവാ, ഞാൻ എന്ന ശബ്ദത്തിന്റെ ബഹുവചനമാണ്​ ഞങ്ങൾ. എന്നാൽ, നമ്മൾ അങ്ങനെയല്ല. അതിന് ഏകവചനമില്ല. അപ്പുറവും ഇപ്പുറവും തമ്മിലെ ഒത്തുചേരൽ, സംഭാഷണം ഉണ്ടതിൽ. ‘ഞാൻ' നിന്നോടാണ് ‘നമ്മൾ' എന്ന് പറയുന്നത്. ഞങ്ങൾ എന്ന ശബ്ദവും നമ്മൾ എന്ന ശബ്ദവും സൂചിപ്പിക്കുന്നത് ഒരേ കാര്യത്തെത്തന്നെയാണ് എന്നുതോന്നാം. വ്യാകരണപ്രകാരം രണ്ടും പ്രഥമപുരുഷ സർവനാമങ്ങളാണ്. ഈ രണ്ടു സർവനാമങ്ങളും തമ്മിലെ വ്യത്യാസം ആദ്യത്തേത് വിഷയീ സർവനാമവും (subject- pronoun) രണ്ടാമത്തേത് വിഷയ സർവനാമവും (object-pronoun) ആണെന്നതാണ്. അതായത്, നമ്മൾ എന്നുപറയുമ്പോൾ നാം സ്വയം ചൂണ്ടുന്നു, നമ്മൾ തന്നെ വിഷയമാകുന്നു. ഇംഗ്ലീഷിൽ we എന്നും us എന്നും പറയുമ്പോഴുള്ള വ്യത്യാസത്തിന് സമാനമാണിത്.

‘നമ്മൾ' എന്ന പ്രയോഗത്തിൽ ഒരു ഉൾക്കൊള്ളൽ ഉണ്ട്. ‘ഞങ്ങൾ' എന്നതിൽ ഒരു പുറംതള്ളലും. അതായത്, നമ്മൾ എന്ന് ഒരാൾ പറയുമ്പോൾ മറുപക്ഷത്തുള്ള ആളെക്കൂടി ഉൾപ്പെടുത്തിയാണ് അങ്ങനെ പറയുന്നത്. നേരെമറിച്ച്, ‘ഞങ്ങൾ' എന്ന് പറയുന്ന ഒരാൾ മറുപക്ഷത്തെ ഉൾപ്പെടുത്തിയല്ല, പുറംതള്ളിയാണ് സംസാരിക്കുന്നത്. First person clusivity എന്ന് വിളിക്കപ്പെടുന്ന ഈ സംഗതി ദ്രാവിഡ ഭാഷകളിൽ പൊതുവെ നിലനിൽക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഏതെങ്കിലും ഒരു ഭാഷയിലെ ഒരു വാക്കിന്റെയോ അതിന്റെ ഉപയോഗത്തിന്റെയോ പ്രശ്‌നം എന്ന നിലയിലല്ലാതെ ‘നമ്മൾ' എന്നതിനെ ഒരു സങ്കൽപനമായി എടുക്കാനാണ് ഇവിടെ താൽപര്യപ്പെടുന്നത്. ആ നിലയിൽ നോക്കുമ്പോൾ, കമ്യൂണിറ്റി എന്ന ആശയത്തിന്റെ കാതലായ ഒരു വശം അതിൽ തെളിയും. ‘നമ്മൾ' എന്ന മട്ടിൽ കമ്യൂണിറ്റിയെ വിഭാവനം ചെയ്യുക. അതിനു രണ്ടു സവിശേഷതകൾ കാണാനാവും. ഒന്ന്, അതിന്റെ വിലക്ഷണത. രണ്ട്, അതിന്റെ സംവാദാത്മകത.

എന്താണ് അതിന്റെ വിലക്ഷണത എന്നുനോക്കാം. മുൻപ് സൂചിപ്പിച്ചപോലെ, നമ്മൾ എന്നത് സവിശേഷമായ ഒരു ബഹുവചനമാണ്: ഏകവചനമില്ലാത്ത ബഹുവചനം! എന്നാൽ, പൊതുവായ ലക്ഷണമില്ല ‘നമ്മൾ'ക്ക്. ഈ അർഥത്തിൽ വിലക്ഷണമാണ് അത്. മറ്റൊരർഥത്തിലും നമ്മൾ എന്ന ആശയത്തിലെ വിലക്ഷണതയെ കാണാം. സാമാന്യം എന്ന നിലയിലോ വിശേഷം എന്ന നിലയിലോ ആയല്ലാതെ ഒരു ആയിരിക്കൽ സങ്കല്പിച്ചാൽ അതും വിലക്ഷണമാണ്. ഉദാഹരണത്തിന്, ഒരാൾ ഒരു മനുഷ്യൻ ആയിരിക്കുന്നത് മനുഷ്യൻ എന്ന സാമാന്യത്തിന്റെ വിശേഷഭാവം എന്ന മട്ടിലാണെന്നുകണ്ടാൽ, അയാൾക്ക് മനുഷ്യന്റെ ലക്ഷണമുണ്ടാവും. എന്നാൽ, മറ്റുള്ളവരോട് ചേർന്നുനിൽക്കുമ്പോഴും അയാൾ മറ്റൊരാളല്ല എന്നുകണ്ടാൽ അയാളുടെ ആയിരിക്കൽ ലക്ഷണശാസ്ത്രത്തിന് വഴങ്ങില്ല. ആ ആയിരിക്കലിന്റെ അനന്യത വിലക്ഷണമാണ്. സാമാന്യം- വിശേഷം എന്ന ദ്വന്ദ്വത്തിലൂടെ ഒപ്പിയെടുക്കാനാവാത്ത ഒന്നാണ് അത്. ഓരോ മുഖവും മറ്റൊന്നിൽനിന്ന് വ്യത്യസ്തമാണെങ്കിൽ അവയ്ക്ക് പൊതുവായ ലക്ഷണമില്ല. മുഖങ്ങൾക്ക് ഒരു ആദിരൂപമില്ല. ‘നമ്മൾ' എന്നത് സൂചിപ്പിക്കുന്നത് ഇങ്ങനെ പലതായിരിക്കലിനെ ആണ് എന്ന് പറയാം.

രോഗം ആരോഗ്യത്തിന്റെയും സുരക്ഷയുടെയും പ്രതിരോധത്തിന്റെയും മറുഭാഷയിൽ സംസാരിക്കുക എന്ന വൈപരീത്യം ചരിത്രത്തിലെ ഒരു ആകസ്മികതയല്ല. സമുദായത്തിന്റെ ഘടനയിൽത്തന്നെ അതുണ്ട്. നാസിസം നമ്മളിൽത്തന്നെയുണ്ട്.

കമ്യൂണിറ്റിയിലെ ‘കോം' എന്ന ശബ്ദത്തിൽ സൂചിതമാവുന്ന ഒത്തുചേരലിന് വ്യത്യസ്തമായ മറ്റൊരു മാനം നൽകുന്നുണ്ട്, നമ്മൾ എന്ന വാക്ക്. നേരത്തെ പറഞ്ഞപോലെ, ‘നമ്മൾ', ‘ഞങ്ങൾ' അല്ല. ഉച്ചരിക്കുന്ന മാത്രയിൽ തന്നെ അത് കേൾക്കുന്ന ആളെക്കൂടി ഉൾക്കൊള്ളുന്നു. അഥവാ, ഈ ഉൾക്കൊള്ളൽ ഇല്ലാതെ ‘നമ്മൾ' ഇല്ല. മാത്രവുമല്ല, ഉച്ചരിക്കുമ്പോഴേ അത് ഉണ്ടാവുന്നുള്ളു. മുൻകൂറായി നിലവിലുള്ള ഒരു കൂട്ടത്തെ സൂചിപ്പിക്കുകയല്ല, മറിച്ച് ഒരു കൂട്ടത്തെ ഉണ്ടാക്കുകയാണ് അത്. സമുദായത്തെ ഈ മട്ടിൽ രൂപമെടുക്കുന്ന കൂട്ടമായി കണ്ടാൽ, അതിന്റെ ഉണ്മ തന്നെ സംവാദാത്മകമാണ്. അഥവാ, സംഭാഷണത്തിലൂടെ നിർവചിക്കപ്പെടുകയും പുനർനിർവചിക്കപ്പെടുകയും ചെയ്യുന്ന ഒന്നായി സമുദായം എന്ന സങ്കൽപത്തെ പുനർവിഭാവനം ചെയ്യാം. അതിന് നിയതമായ ഉള്ളടക്കമോ അതിരടക്കമോ ഇല്ല. ഒത്തുചേരലിലെ ഉണർവവും ഉയർച്ചയും ഒക്കെ ആണല്ലോ സമുദായം (സം + ഉദായം) എന്ന പദത്തിന്റെ ധ്വനി. നിലവിലുള്ള സമുദായങ്ങൾ ഒന്നും ഇങ്ങനെയല്ല. നിശ്ചിതവും കർക്കശവും ആയ അതിരടക്കമുണ്ട് എല്ലാ സമുദായങ്ങൾക്കും. എസ്‌പോസിറ്റോയുടെ സങ്കൽപന സങ്കേതം ഉപയോഗിച്ച് പറഞ്ഞാൽ, ഏത് കമ്യൂണിയിലും അതിന്റെ തുറവിയെ റദ്ദാക്കുന്ന മട്ടിൽ ഇമ്യൂണിറ്റിയുടെ വിപരീതയുക്തി പ്രവർത്തിക്കുന്നുണ്ട് ഈ വൈപരീത്യം അനിവാര്യവുമാണ്. കാരണം, ഇമ്യൂണിറ്റി ഇല്ലാതെ കമ്യൂണിറ്റി ഇല്ല. ആളുകൾ തമ്മിലുള്ള തുറന്ന ഇടപാടുകളെ, പരസ്പരമുള്ള ധാർമികമായ കടപ്പാടുകളെ പരിമിതമാക്കിക്കൊണ്ടല്ലാതെ ഒരു കമ്യൂണിറ്റിയും ഉണ്ടായിട്ടുമില്ല. എന്നാൽ, ഇമ്യൂണിറ്റിയുടെ യുക്തി അതിന്റെ തീവ്രപക്ഷത്തേക്ക് നീളുമ്പോൾ അത് അടിമുടി ഹിംസാത്മകമായിമാറും. നാസി ഭീകരതയെക്കുറിച്ചുള്ള എസ്‌പോസിറ്റോയുടെ വിശകലനം ഇവിടെ ശ്രദ്ധേയമാകുന്നു. സമുദായം എന്ന സങ്കൽപം ഹിംസാത്മകമായ രൂപം കൈക്കൊണ്ടതിന്റെ ഉദാഹരണമായാണ് അദ്ദേഹം നാസികളുടെ കൊലവെറിയെ കാണുന്നത്. സമഗ്രാധിപത്യം എന്ന ചരിത്രപരമായ സംവർഗം കൊണ്ടല്ല, മറിച്ച് ഇമ്യൂണിറ്റി എന്ന ജൈവരാഷ്ട്രീയ സംവർഗം കൊണ്ടാണ് അതിനെ വിലയിരുത്തേണ്ടത് എന്നദ്ദേഹം നിരീക്ഷിക്കുന്നു ശരീരത്തിന് രോഗപ്രതിരോധശേഷി നൽകി അതിലൂടെ അതേ ശരീരത്തെ തന്നെ ആക്രമിക്കുന്ന രോഗം (auto immune disease) പോലെയാണ് നാസിസം പ്രയുക്തമായത് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. രോഗം ആരോഗ്യത്തിന്റെയും സുരക്ഷയുടെയും പ്രതിരോധത്തിന്റെയും മറുഭാഷയിൽ സംസാരിക്കുക എന്ന വൈപരീത്യം ചരിത്രത്തിലെ ഒരു ആകസ്മികതയല്ല. സമുദായത്തിന്റെ ഘടനയിൽത്തന്നെ അതുണ്ട്. നാസിസം നമ്മളിൽത്തന്നെയുണ്ട്.

സമുദായവും ഹിംസയും തമ്മിലെ വിചിത്രവും സങ്കീർണവുമായ ബന്ധത്തെയാണ് മേൽപ്പറഞ്ഞ രൂപകം വെളിവാക്കുന്നത്. സമുദായങ്ങൾ നിലനിന്നുപോരുന്നതിന്റെ യുക്തിയിൽ നിരുപദ്രവകരമായ ഒരുതരം സംഘബോധമാണുള്ളതെന്ന് തോന്നാം. എന്നാൽ, അതിൽ അനിവാര്യമായ ഒരു പുറത്താക്കലുണ്ട്. ‘ഞങ്ങളും' ‘അവരും' എന്ന മട്ടിൽ അകവും പുറവും ഉണ്ട്. സംഘബോധത്തിന്റെ മുറുക്കവും പുറത്താക്കലിന്റെ തീവ്രതയും പരസ്പരാശ്രിതമാണ്. ‘അവർ'ക്കെതിരെ യുദ്ധസജ്ജമായി നിൽക്കുന്ന ‘ഞങ്ങൾ' ആയി ഒരു സമുദായം മാറുന്നത് അത് നിലനിന്നുപോരുന്നതിന്റെ യുക്തിയുടെ തന്നെ ദാരുണമായ വിപര്യയമാവാം. ഇവിടെയാണ് സമുദായം എന്ന ആശയത്തിന്റെ പുനർവിചിന്തനം പ്രധാനമാവുന്നത്. നമ്മൾ എന്ന ബഹുവചനത്തിന്റെ വിലക്ഷണതയും സംവാദാത്മകതയും മുൻനിർത്തി സമുദായത്തെ കാണാനാണ് ഈ കുറിപ്പിൽ ശ്രമിച്ചത്.എന്താണ് നമ്മൾ എന്ന ചോദ്യം നൽകപ്പെട്ട ഒരു ഉത്തരത്തിൽ ശമിക്കുന്നില്ല. ഇനിയും ജനിച്ചിട്ടില്ലാത്ത ഒന്നാവാം ഈ നമ്മൾ. എന്നാൽ, അതൊരു വാഗ്ദത്ത സമുദായവുമല്ല. ഉണ്ടാവേണ്ട ഒന്നിനെക്കുറിച്ചുള്ള ഭാവനാത്മകമായ ചിന്തയല്ല ഈ ചോദ്യത്തിന്റെ താല്പര്യം; മറിച്ച്, ഉള്ളതിനെക്കുറിച്ചുള്ള വിമർശനാത്മകമായ പുനർവിചിന്തനമാണ്. നിലവിലുള്ള ഒന്നിന്റെ കെട്ടുറപ്പിനെ അതിന്റെ തന്നെ യുക്തിയുടെ ഇടർച്ചകളിലേക്ക് അഴിച്ചിടുന്ന ഇടപെടലാവാം അത്.▮​​

References

1. Karl Marx, On the Jewish Question, reprinted in Karl Marx, Selected Writings, ed.David McLellan, Oxford University Press, 1977

2. തത്വചിന്തകനായ ലുക്ക് നാൻസി പറഞ്ഞത് ആദിമ സമുദായം എന്ന ആശയം തന്നെ ഇതിന് തെളിവാണെന്നാണ്. സാമൂഹ്യമായ ഉടമ്പടിയിലൂടെയാണ് ഒരു ഭരണകൂടം നിലവിൽ വന്നത് എന്ന സിദ്ധാന്തം, ഉടമ്പടിക്ക് മുൻപുള്ള പ്രാകൃതമായ അവസ്ഥയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ, പ്രാകൃത കുടുംബം എന്ന സങ്കല്പ്പം, അഥീനിയൻ നഗരസങ്കല്പം, റോമാ റിപ്പബ്ലിക്ക്, ക്രിസ്തീയ സമുദായം, കമ്യൂൺ എന്ന ആശയം, സാഹോദര്യം എന്ന ആശയം എന്നിവയിലൊക്കെ ഇതുണ്ടെന്ന് നാൻസി പറയുന്നു. കാണുക: Jean-Luc Nancy: Inoperative Community

3. Jean-Luc Nancy: Inoperative Community, Ed. Peter Connor, University of Minnesota Press, 2004.Giorgio Agamben: The Coming Community, Trans. Michael Hardt, University of Minnesota Press, 2003.Roberto Esposito: Communitas, The Origin and Destiny of Community, Trans. Timothy Campbell, Stanford University Press, 2010.
4. The Biopolitics of Immunity in Times of Covid 19: An Interview with Roberto Esposito, Antipode Online, 16th June 2020.
5. Roberto Esposito: Community, Immunity, Bio politics, Trans.Michela Russo, (Insituto de estudios Criticos, Vol.3, 2012) , DOI: https://doi.org/10.3998/pc.2322227.0003.001
6. അതേ പ്രബന്ധം.
7. Roberto Esposito: Terms of the Political, Trans. Rhiannon Noel Welch, Fordham University Press, 2013, p.39
8. അതേ പുസ്തകം, p.84-85

(പ്രാക്‌സിസ് പരമ്പരയുടെ ഭാഗമായി ഇൻസൈറ്റ് പബ്ലിക്ക ഉടൻ പ്രസിദ്ധീകരിക്കുന്ന ‘വചനവും മാംസവും' എന്ന പുസ്തകത്തിലെ ഒരു ഭാഗം)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ടി.വി. മധു

സാംസ്‌കാരിക വിമർശകൻ, ചിന്തകൻ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിലോസഫി വിഭാഗം മേധാവിയും പ്രൊഫസറും. നവ മാർക്‌സിസം, പോസ്റ്റ് മാർക്‌സിസം, ഉത്തരാധുനികത, ആധുനികത തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നടത്തുന്നു. നവ മാർക്‌സിസ്റ്റ് സാമൂഹികവിമർശനം, ഞാൻ എന്ന അഭാവം, മാർക്‌സിനൊപ്പം മാർക്‌സിനുശേഷം (നിസാർ അഹമ്മദിനൊപ്പം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments