ഡോ. ജയകൃഷ്​ണൻ ടി.

പാൻഡമിക്ക് റിഫ്‌ളക്ഷൻസ്

പ്പോൾ ജീവിക്കുന്നവരിൽ ആരും ഇതുപോലെയുള്ള ഒരു പകർച്ചവ്യാധിയുടെ അനുഭവത്തിലൂടെ കടന്നുപോയിട്ടില്ല. അവരുടെ മുൻതലമുറയുടെ അനുഭവങ്ങളിൽ നിന്ന് സമാനമായത് കേട്ടറിഞ്ഞിട്ടുമുണ്ടാകില്ല. അതുകൊണ്ടുതന്നെ, അസാധാരണമായ ഒരു അനുഭവത്തോടെയാണ് മുഴുവൻ ജനങ്ങളും കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂഗോളത്തോടൊപ്പം കോവിഡ് ഭീഷണിക്കുകീഴിൽ സൂര്യന്റെ ഭ്രമണപഥം പൂർത്തിയാക്കുന്നത്. 17 വർഷങ്ങൾക്കുമുമ്പ് ഇതുപോലെത്തന്നെ ചൈനയിലെ വടക്കുകിഴക്കുനിന്ന് ഉത്ഭവിച്ച് പുതിയ കൊടിക്കൂറയുമായി ഹോങ്കോംഗ് വഴി മാർച്ച് ചെയ്ത കീരീടധാരിയായ സാർസ് കൊറോണ - 1 മാസങ്ങൾക്കുള്ളിൽ മരുന്നുകളോ വാക്‌സിനുകളോ എത്തുന്നതിനുമുമ്പേ "നോൺ ഫാർമക്കോളജിക്ക'ലായ പബ്ലിക്ക് ഹെൽത്ത് നടപടികളിലൂടെ പിൻമടക്കം നടത്തിയിരുന്നു. 11 വർഷം മുമ്പ് മെക്‌സിക്കോയിൽ നിന്ന് തുടങ്ങി ഇത്ര വേഗതയില്ലാതെ ലോകമാകെ പടർന്ന "H1 N1 ' പാൻഡമിക്കും ബഹുദൂരം യാത്ര ചെയ്ത് എത്തുമ്പോഴേക്കും ക്ഷീണിതമായതിനാൽ സംഹാരശേഷി കുറഞ്ഞ് ഇപ്പോൾ നമുക്കിടയിൽ ഒളിച്ചിരിപ്പാണ്.

കോവിഡ്​ മാരകമാവില്ല എന്ന പ്രതീക്ഷയിൽ ഞങ്ങൾ കോഴിക്കോട്ട് മെഡിക്കൽ കോളേജിലെ 24ാം ബാച്ചിലെ പൂർവ വിദ്യാർത്ഥികളായ ഡോക്ടർമാർ കഴിഞ്ഞ ഫെബ്രുവരിയിൽ ദുബായിയിൽ ഗെറ്റ് റ്റുഗതർ നടത്തിയിരുന്നു

അതിനാൽ, കഴിഞ്ഞ വർഷം ആദ്യം ചൈനയിലെ വൂഹാനിൽ നവജാത ഭീകരന്റെ പിറവിയുണ്ടായി അവിടെ വൃക്ഷങ്ങൾ ഉലഞ്ഞാടിയപ്പോൾ കോവിഡും ഇതുപോലെ ഒതുങ്ങുമെന്നാണ് കരുതിയത്. ഈ ഒരു പ്രതീക്ഷയിലും ധാരണയിലും ഞങ്ങൾ കോഴിക്കോട്ട് മെഡിക്കൽ കോളേജിലെ 24ാം ബാച്ചിലെ പൂർവ വിദ്യാർത്ഥികളായ ഡോക്ടർമാർ ഫെബ്രുവരിയിൽ ദുബായിയിൽ ഗെറ്റ് റ്റുഗതർ നടത്തുകയും ചെയ്തു. കനഡ തൊട്ട് ആസ്‌ത്രേലിയ വരെ നിന്നെത്തിയ നൂറിലധികം പേരുണ്ടായിരുന്നു. അവിടെ മാളുകളിലും മാർക്കറ്റുകളിലും മുഖത്ത് മാസ്‌കുമായി ധാരാളം ചൈനീസ് വംശജകരെ ഞങ്ങൾ മുഖാമുഖം കണ്ടിട്ടുമുണ്ടായിരുന്നു. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കേണ്ട എന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം ഞങ്ങൾ അത് ഉപയോഗിച്ചിരുന്നില്ല. ഇതുകഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോൾ കോവിഡ് അവിടെയും എത്തിയ വാർത്ത കേട്ടു. ഭാഗ്യത്തിന് ഞങ്ങൾക്കാർക്കും ഇൻഫെക്ഷൻ കിട്ടിയില്ല.

നിപ്പ വെെറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം അടക്കം ചെയ്യാൻ കൊണ്ടുപോകുന്നു / ഫോട്ടോ : നിധീഷ് കൃഷ്ണൻ സുപ്രഭാതം

രോഗസാധ്യതയുള്ളവരെ നിശ്ചിതകാലം മറ്റുള്ളവരിൽ നിന്ന് മാറ്റിപാർപ്പിക്കുന്ന പുരാതന രീതിയായ "ക്വാറന്റയിൻ' എന്ന പദം മെഡിക്കൽ ചരിത്രത്തിൽ പഠിച്ചതും ഇപ്പോൾ മെഡിക്കൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതുമാണെങ്കിലും പൊതുവെ അത്ര വ്യാപകമായി നടപ്പിലാക്കിവരുന്നതല്ല. 14ാം നൂറ്റാണ്ടിനുമുമ്പ് പ്ലേഗ് ബാധയുള്ള സ്ഥലത്തു നിന്നുവരുന്ന യാത്രക്കാരെയും കൊണ്ട് വരുന്ന കപ്പലുകൾ 40 ദിവസത്തോളം പുറങ്കടലിൽ നിർത്തിയാണ് തുറമുഖത്ത് അടുപ്പിക്കാൻ അനുവദിക്കാറുള്ളൂ. 40 എന്നതിന്റെ റോമൻ പദത്തിൽ നിന്നാണ് "ക്വാറന്റയിൻ' എന്ന പ്രയോഗം ഉണ്ടായത്. ഇപ്പോൾ യെല്ലോ ഫീവർ ബാധിത രാജ്യങ്ങളിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുക്കാതെ എത്തുന്നവർക്കാണ് പ്രത്യേകമായി ക്വാറന്റയിൻ ഏർപ്പെടുത്തുന്നത്. എബോളക്ക് ക്വാറന്റയിൻ ഏർപ്പെടുത്താത്തത് വ്യാപകമാക്കിയപ്പോൾ അതിൽ വംശീയതയുടെ പ്രശ്‌നം മുഴച്ച് നിന്നപ്പോൾ പെട്ടെന്ന് നിർത്തുകയും ചെയ്തു. രണ്ടുവർഷം മുമ്പ് കോഴിേക്കോട് നിപ്പ ബാധിതമായപ്പോൾ സമ്പർക്കത്തിൽ പെട്ടവർക്കുള്ള മൂന്നാഴ്ചത്തെ ക്വാറന്റയിനും, രോഗികളുടെ ഐസോലേഷനും കേരളീയർ അടുത്തറിഞ്ഞു. ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ കോൺടാക്റ്റ് എന്താണെന്നും കോൺടാക്റ്റ് ട്രെയിസിഗ് എന്താണെന്നും ക്വാറന്റയിൻ, ഐസോലേഷൻ എന്നിവ എന്താണെന്നും കേരളത്തിലെ രാഷ്ട്രീയക്കാരും ജനങ്ങളും എളുപ്പം ഉൾക്കൊണ്ടു.

ശാസ്ത്രവും ആധുനികതയും ഉണ്ടാക്കിയ നേട്ടങ്ങൾ ഈ സൂഷ്മജീവിക്കുമ്പിൽ എത്ര നിസ്സാരമെന്ന് കൊഞ്ഞനം കുത്തുമ്പോഴും ശാസ്ത്രം നൽകുന്ന വെളിച്ചത്തിലൂടെ മാത്രമേ മാനവരാശിക്ക് മുന്നോട്ട് ചലിക്കാനാകൂ എന്ന ബോധവുമുണ്ടായി

കോവിഡ് എത്തിയപ്പോൾ "For Every ills there is a pill ' എന്ന ചൊല്ല് വിശ്വസിക്കുന്ന ലോകം മരുന്നുകൾക്ക് മുമ്പുള്ള പഴയ പബ്ലിക്ക് ഹെൽത്ത് രോഗനിയന്ത്രണ മാർഗങ്ങളായ ക്വാറന്റയിൻ, ഐസൊലേഷൻ, സർവൈലൻസ് രീതികളിലേക്കുതന്നെ തിരിച്ചുപോയി, പുനരവതാരം ചെയ്യപ്പെട്ടു. ഒരു വർഷം തികഞ്ഞിട്ടും മരുന്നുകളൊന്നും കൈപ്പിടിയിലില്ലാതെ, കെണിയിൽ നിന്ന് പുറത്തുകടക്കാൻ വഴികളില്ലാതെ ജനം വാക്‌സിനുകൾക്കായി കൊതിച്ചു.
ഈ പാൻഡമിക്ക് ഒരർത്ഥത്തിൽ അതാതിടങ്ങളിലെ ഭരണനേതൃത്വങ്ങളെ വെളിച്ചത്ത് വിവസ്ത്രരാക്കി എന്നൊരു വ്യാഖ്യാനവുമുണ്ട്. രോഗവ്യാപനം ഫലപ്രഥമായി തടയാൻ ഒന്നും കൈയ്യിലില്ലെന്നറിഞ്ഞിട്ടും പല പല പ്രഖ്യാപനങ്ങളും അടവുകളും നിയന്ത്രണങ്ങളും മാറി മാറി ഉപയോഗിക്കപ്പെട്ടു. ഇതുപോലെ പടരുന്ന/നീണ്ടുനിൽക്കുന്ന പാൻഡമിക്കുകൾക്ക് ലോക്ക്ഡൗണുകളും യാത്രാനിയന്ത്രണങ്ങളും ദീർഘകാല ഗുണം ചെയ്യില്ലെന്ന് മനസ്സിലാക്കപ്പെട്ടു. മറ്റൊരർത്ഥത്തിൽ ശാസ്ത്രവും ആധുനികതയും ഉണ്ടാക്കിയ നേട്ടങ്ങൾ ഈ സൂഷ്മജീവിക്കു മുമ്പിൽ എത്ര നിസ്സാരമെന്ന് കൊഞ്ഞനം കുത്തുമ്പോഴും ശാസ്ത്രം നൽകുന്ന വെളിച്ചത്തിലൂടെ മാത്രമേ മാനവരാശിക്ക് മുന്നോട്ട് ചലിക്കാനാകൂ എന്ന ബോധവുമുണ്ടായി. ചിലയിടങ്ങളിൽ ഈ സമയങ്ങളിൽ ആർട്ടർനേറ്റ് മെഡിസിനുകളും തലപൊക്കി എന്നതിനുനേരെ കണ്ണടക്കുന്നുമില്ല.

രോഗനിയന്ത്രണ നടപടികളും തന്ത്രങ്ങളും മെഡിക്കൽ വിദഗ്ധർക്കുപരി ഭരണ- രാഷ്ട്രീയ നേതൃത്വങ്ങൾ തീരുമാനിച്ചു. സർക്കാറുകൾക്ക് ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളിൽനിന്ന് മുഖം തിരിച്ചുനിൽക്കാൻ പറ്റില്ലെന്ന സാമൂഹ്യ ഉത്തരവാദിത്തം തിരിച്ചറിയപ്പെട്ടു

"Politics is nothing but health' എന്ന വെർക്കോവിന്റെ പഴയ വാചകങ്ങൾക്ക് അടിവരയിടുന്ന വിധത്തിൽ രാഷ്ട്രീയം ഈ കാലത്ത് ആരോഗ്യ കാര്യങ്ങളിൽ ഇടപെട്ടു. രോഗനിയന്ത്രണ നടപടികളും തന്ത്രങ്ങളും മെഡിക്കൽ വിദഗ്ധർക്കുപരി ഭരണ- രാഷ്ട്രീയ നേതൃത്വങ്ങൾ തീരുമാനിച്ചു. സർക്കാറുകൾക്ക് ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളിൽനിന്ന് മുഖം തിരിച്ചുനിൽക്കാൻ പറ്റില്ലെന്ന സാമൂഹ്യ ഉത്തരവാദിത്തം തിരിച്ചറിയപ്പെട്ടു. ഇതിനനുസരിച്ച് തെരഞ്ഞെടുപ്പുകളുടെ വിധിയെഴുത്തുകൾ നിർണയിക്കപ്പെടാമെന്ന നില വന്നു. അമേരിക്കയിൽ ട്രംപ് വീണത് ഒരു ഉദാഹരണം മാത്രം. കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങളിലും ഇത് നിഴലിച്ചു. എല്ലാവർക്കും സൗജന്യ ആരോഗ്യ സേവനമെന്ന "യൂനിവേഴ്‌സൽ ഹെൽത്ത് കെയറി 'ന്റെ പ്രസക്തി ലോകത്ത് തിരിച്ചറിയപ്പെട്ടതും ആരോഗ്യ മേഖലക്ക് കൂടുതൽ വിഭവശേഷി അനുവദിക്കണമെന്ന ന്യായവും അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ തിരിച്ചറിയുകയും പ്രമുഖ അന്താരാഷ്ട്ര​ മെഡിക്കൽ ജേർണലുകൾ ഇതിനായി എഡിറ്റോറിയലുകൾ എഴുതുകയും ചെയ്തു. ആരോഗ്യത്തിന്റെ സാമൂഹ്യ നിർണയ ഘടകങ്ങൾക്കൊപ്പം (social determinants of health) "സദാചാര നിർണയ' ഘടകങ്ങളും ( moral determinants of health) ചർച്ച ചെയ്യപ്പെട്ടു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ട പ്രവർത്തകർ

ആരോഗ്യത്തിന് രാഷ്ട്രീയമാനം വന്നപ്പോൾ പബ്ലിക്ക് ഹെൽത്തിന് രാഷ്ട്രീയ ഊർജ്ജം കിട്ടി. രോഗാണുവിനെയും അതിന്റെ പാത്തോളജിയെക്കുറിച്ചും അറിഞ്ഞതുകൊണ്ടുമാത്രം രോഗത്തെ നിയന്ത്രിക്കാനാവില്ലെന്ന് ശാസ്ത്രം തിരിച്ചറിഞ്ഞു. പബ്‌ളിക്ക് ഹെൽത്തും എപ്പിഡിമിയോളജിയും ബഹുമാനിക്കപ്പെടുന്ന മെഡിക്കൽ വിഷയമായി. പലരും പബ്‌ളിക്ക് ഹെൽത്ത് വിദഗധരുടെ കുപ്പായമണിഞ്ഞ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

എച്ച്.ഐ.വി രോഗം മെഡിക്കൽ സയൻസിനെ പല പാഠങ്ങളും പഠിപ്പിച്ചിട്ടുണ്ട്. ബ്ലഡ് ബാങ്കുകളുടെ സുരക്ഷിതത്തവും ഇഞ്ചക്ഷൻ സേഫ്ടിയും ബയോ മെഡിക്കൽ വെയ്‌സ്റ്റ് മാനേജ്‌മെന്റും അനുശീലമാക്കിയത് എച്ച്.ഐ.വി രോഗം മൂലമാണ്. സെയ്ഫ് സെക്‌സ് എന്ന വിചാരം പോലും എച്ച്.ഐ.വി. ഉണ്ടാക്കിയതാണ്. കോവിഡും അതുപോലെ നിത്യവും നമ്മെ ധാരാളം പാഠങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ചികിത്സകന്റെ കരസ്പർശമാണ് അതിലൊന്ന്. കൈപ്പുണ്യം നമ്മുടെ ചികിത്സയുടെ പ്രധാന വിശ്വാസമായതിനാൽ സ്പർശനം ചികിത്സയുടെ കൂടി ഭാഗമാണ്. അതിനാൽ രോഗിയുടെ ശരീരത്തിൽ സ്പർശിക്കാതെ രോഗനിർണയം നടത്തുന്ന രീതി ആദ്യം വിഷമമുണ്ടാക്കിയിരുന്നു. പിന്നീട് ആവശ്യമുള്ള പക്ഷം മാത്രം കർശന സുരക്ഷിതത്വത്തോടെ ശരീര പരിശോധന ശീലമാക്കി. അഭിവാദ്യം ചെയ്യുന്ന ആലിംഗനം , ഷെയ്ക്ക് ഹാൻഡ്, സ്വാന്തനമായി ചെയ്യുന്ന തടവലുകൾ എന്നിവയൊക്കെ ക്രമേണ ചികിത്സാ പരിസരങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടു. രോഗികളും ഡോക്ടർമാരും തമ്മിലുള്ള ശാരീരിക അകലം കൂടുക മാത്രമല്ല പരസ്പരം തിരിച്ചറിയാത്ത വിധം വായയും മൂക്കും മൂടി മാസ്‌ക് അണിഞ്ഞായി ഇടപെടലുകൾ. ഇത് രോഗികളിൽ മാനസിക വിഷമം ഉണ്ടാക്കിയതായി പഠനങ്ങളുണ്ട്. ആശുപത്രികളിൽ ജീവനക്കാരും രോഗികളും കൂട്ടിരിപ്പുകാരും പരസ്പരം കോവിസ് സംശയിച്ച് അകലം പാലിച്ച് തുടങ്ങി. ഇതോടനുബന്ധിച്ച് ആശുപത്രികളിൽ വായു ജന്യ ഇൻഫെക്ഷൻ കൺട്രോൾ നടപടികൾ ഉർജ്ജിതമാക്കപ്പെട്ടു. ചെറിയ ചെറിയ രോഗങ്ങൾക്കുപോലും ആശുപത്രി വരാന്തയിലെത്തി തിങ്ങിക്കൂടിയിരുന്ന ജനങ്ങൾ ഭയം മൂലം ആശുപത്രികൾ ബഹിഷ്‌കരിച്ചുതുടങ്ങി. തിരക്കൊഴിഞ്ഞ ഡോക്ടർമാർക്ക് രോഗികളെ കാത്തിരിക്കേണ്ടി വരികയും ചെയ്തു.

ആദ്യം മാസ്‌ക് ധരിക്കാൻ വിസമ്മതം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ 80 % ലധികം പേരും പുറത്ത് പോകുമ്പോൾ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ "കാപ്‌സ്യൂൾ' പഠനങ്ങൾ കാണിക്കുമ്പോൾ സമൂഹത്തിൽ അലർജിയും മറ്റ് ശ്വാസകോശ രോഗങ്ങളും കുറഞ്ഞതായി മെഡിക്കൽ രേഖകളും വെളിപ്പെടുത്തുന്നു

ഒരു ഭാഗത്ത്, പല ചെറിയ രോഗങ്ങൾക്കൊന്നും മെഡിക്കൽ ചികിത്സ വേണ്ടെന്ന് ജനം തിരിച്ചറിയുകയും തനിയേ മാറുമെന്ന് മനസ്സിലാക്കുകയും ചെയ്തു. മറുഭാഗത്ത് തുടർച്ചയായി ചെക്കപ്പുകളും ചികിത്സകളും വേണ്ട രോഗികൾക്ക് അത് ലഭിക്കാത്തതിനാൽ സ്ഥിതി വഷളായി മരണം പോലും സംഭവിച്ചിട്ടുണ്ട്. വേണ്ട സമയത്ത് ആശുപത്രികളിലെത്തി ചികിത്സ ലഭ്യമാക്കാത്തതിനാൽ ധാരാളം പേർ മരിച്ചതായി ഡെത്ത് ഓഡിറ്റ് വിവരങ്ങൾ വെളിപ്പെടുത്തുന്നു. ഇവരിൽ ഹൃദയാഘാതങ്ങൾ മാത്രമല്ല ലെപ്‌ടോ സ്‌പൈറോസിസുകളുമുണ്ടായിരുന്നു.
ആദ്യം മാസ്‌ക് ധരിക്കാൻ വിസമ്മതം ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ 80 % ലധികം പേരും പുറത്ത് പോകുമ്പോൾ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ "കാപ്‌സ്യൂൾ' പഠനങ്ങൾ കാണിക്കുമ്പോൾ സമൂഹത്തിൽ അലർജിയും മറ്റ് ശ്വാസകോശ രോഗങ്ങളും കുറഞ്ഞതായി മെഡിക്കൽ രേഖകളും വെളിപ്പെടുത്തുന്നു. ഇടയ്ക്കിടെ സോപ്പിട്ട് കൈ കഴുകുന്നതും സാനിറ്റൈസർ വ്യാപകമായതും വയറിളക്ക രോഗങ്ങളും മറ്റ് ശ്വാസകോശ രോഗങ്ങളും ഗണ്യമായി കുറച്ചു. ലോക്ക്ഡൗൺ കാലത്ത് ആളുകൾ പുറത്തിറങ്ങി ഇടകലരാതിരുന്നതു കൊണ്ടും യാത്ര ഒഴിവാക്കി വീടുകളിൽ അടങ്ങിയിരുന്നതുമൂലവും സ്‌കൂളിൽ പോകാതെ കുട്ടികൾ വീടുകളിലിരുന്നതുകൊണ്ടും വൈറൽ പനിയും പകർച്ചവ്യാധികളും ഇവിടെ ഉറങ്ങിക്കിടന്നു. ശരീരം ഇളകാതെയിരുന്നതിന്റെ പ്രത്യാഘാതം അറിയാനിരിക്കുന്നതേയുള്ളൂ.

കോവിഡ് പ്രവർത്തനത്തിൽ ഏർപ്പെട്ടതിന് ശേഷം വിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകർ

നിരത്തിൽ ആളുകളും വാഹനങ്ങളും നേർത്തുവന്നപ്പോൾ റോഡപകടങ്ങൾ വിരളമായി. പൊതു വാഹനങ്ങൾക്ക് യാത്രാവിലക്ക് വന്നപ്പോൾ മാർക്കറ്റിൽ സെക്കന്റ്ഹാന്റ് വാഹനങ്ങളുടെ വിൽപന വർധിച്ചു. തൊഴിൽ ജീവിതം പുനരാരംഭിച്ചതോടെ പുതിയ സ്വകാര്യ വാഹനങ്ങൾ കൊണ്ട് നിരത്തുകൾ ശ്വാസം മുട്ടുകയും അപകടങ്ങൾ തിരിച്ചുവരികയും ചെയ്തിട്ടുണ്ട്. പൊതുവാഹനങ്ങളിലെ ഗതാഗത നിയന്ത്രണം കോവിഡ് നിയന്ത്രണത്തിൽ വലിയ കാര്യമല്ല എന്നാണ് ലഭ്യമായ തളിവുകൾ.

ആദ്യ കോവിഡ് രോഗിയുടെ സൂചന കിട്ടിയപ്പോൾ തന്നെ ആശുപത്രികളിൽ നിന്ന് രോഗികൾ സ്വയം ഡിസ്ചാർജ് വാങ്ങിപ്പോകുകയും രോഗികൾക്ക് കൂട്ടിരിപ്പിന് ആളുകളെ കിട്ടാതെ വരികയും ചെയ്തിരുന്നു. രോഗികൾക്കുചുറ്റും ഉണ്ടായിരുന്ന കൂട്ടിരിപ്പുകാരുടെ ആൾക്കൂട്ടം അപ്രത്യക്ഷമായി. പിന്നെ ആശുപത്രികളിൽ സന്ദർശകരുടെ എണ്ണവും നേർത്തുനേർത്തു വന്നു. സ്വയം രക്ഷയ്ക്ക് സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്നത് അനിവാര്യമായപ്പോൾ ഡോക്ടറും രോഗികളും നേരിട്ട് കാണാതെയുള്ള ടെലിപ്പതി - വെർച്വൽ ചികിത്സക്ക് സ്വീകര്യത കിട്ടിയത് കോവിഡ് കാലത്താണ്. ഏപ്രിലിൽ തന്നെ ഇന്ത്യൻ സർക്കാർ ഇതംഗീകരിക്കയും ചെയ്തു. ഫോൺ വിളികളും വാട്ട്‌സ് ആപ് വീഡിയോ ചാറ്റുകളും സ്‌കൈപ്പും സൂമും ഇതിന്റെ പ്ലാറ്റ്‌ഫോമുകളായി. സർക്കാർ തന്നെ ഇത് തുടങ്ങിയതോടെ ജനങ്ങളും മാനസികമായി സ്വീകരിച്ചു. എങ്കിലും ഇത് ശാരീരിക പരിശോധനകൾക്ക് പകരമാവില്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. കോവിഡ് കാലത്ത് മരിച്ചവർ പലരും പ്രിയപ്പെട്ടവരുടെ അന്ത്യചുംബനങ്ങളറ്റുവാങ്ങാതെയാണ് യാത്രയായത്. ഐസൊലേഷൻ വാർഡിൽ ഏകാന്തതയിൽ കണ്ണടഞ്ഞവർ പിന്നെ സ്വന്തം വീടുകളുടെ പടിവാതിലുകൾ കടക്കാതെ, ആരും തൊടാതെ പരലോകത്തേക്ക് പോയി.

ഇറാനിലെ തെഹ്‌റാനിലുള്ള ഇമാം ഖുമെയ്‌നി ആശുപത്രിയിൽ കഴിയുന്ന കോവിഡ് രോഗികൾ

കോവിഡിന്റെ ആദ്യ കാലത്തൊക്കെ രോഗികളുമായി ഇടപെട്ട ഡോക്ടർമാരേയും നേഴ്‌സുമാരേയും ആശുപത്രി ജീവനക്കാരേയും "നല്ലവരായ അയൽക്കാർ' സ്റ്റിഗ്മറ്റൈസ്' ചെയ്ത് അകലത്തിൽ ക്വാറന്റയിനിൽ നിർത്തിയിരുന്നു. പിന്നീട് ചിലയിടങ്ങളിൽ സോഷ്യൽ മീഡിയകളിൽ "വാരിയർ'മാരായി ബഹുമാനിക്കുന്ന കാഴ്ചയും കണ്ടു. മനുഷ്യരെ സംരക്ഷിക്കുന്നവർ എങ്ങനെ ശത്രുക്കളെ കൊന്നൊടുക്കുന്ന സൈനികരാകുന്നു എന്നും ആലോചിച്ചുപോയിട്ടുണ്ട്.
കോൺടാക്ട് ട്രേസിംഗിന്റെ ഭാഗമായ ചോദ്യങ്ങളും, ഫോൺ വിളികളും റൂട്ട് മാപ്പ് തയ്യാറാക്കി പൊതുമാധ്യമ ങ്ങളിൽ പരസ്യപ്പെടുത്തുന്നതും പലപ്പോഴും വ്യക്തികളുടെ സ്വകാര്യതയുടെ ലംഘനമാകുന്നില്ലേ എന്ന് പോലും സംശയിക്കാതിരുന്നിട്ടില്ല. പാൻഡമിക്ക് റെസ്‌പോൺസുകൾ പലപ്പോഴും റിസ്‌കുകളുടെ ഡിസ്‌പ്രൊപോഷനുകളായി അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്.

ലോക്ക്ഡൗൺ കാലത്ത് ജീവിതത്തിൽ ആദ്യമായി പ്രാക്ടീസ് നിർത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്ത ഡോക്ടർമാർ ദീർഘകാല വെക്കേഷനുകൾ വീട്ടുകാരുമായി ആഘോഷിച്ചു. പലരും മറന്നുപോയ പഴയ ഹോബികൾ തിരിച്ചെടുത്തു. എഴുത്തുകൾ, ചിത്രം വര, പാട്ടുകൾ, ഡാൻസുകൾ തുടങ്ങിയവ വീണ്ടെടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ട് വൈറലുകളാക്കി. ക്ലാസ്‌മേറ്റ് ഗ്രൂപ്പുകൾ ബാല്യം വീണ്ടെടുത്തു. വനിതകൾ യൂട്യൂബിൽ നിന്ന് കുക്കറികൾ കണ്ടെത്തി പാചകം ചെയ്ത് രുചിച്ചു പങ്കിട്ടു. നെറ്റ്ഫ്‌ളിക്‌സിന്റെയും ആമസോണിന്റേയും OTT പ്ലാറ്റ്‌ഫോമിൽ ലോക സിനിമകൾ കണ്ടുതീർത്തു. ചിലർ തൂമ്പയെടുത്ത് കൃഷിയും തുടങ്ങി. ഇതേകാലത്ത് എല്ലാവരും വീടുകളിൽ ഒതുങ്ങിക്കഴിഞ്ഞതിനാൽ ഗാർഹിക പീഡനം കൂടാമെന്നും അൺപ്ലാൻഡ് ഗർഭങ്ങൾ വർദ്ധിക്കാമെന്നും ഗവേഷകർ പറയുന്നു.

കെനിയയിലെ നെയ്‌റോബിയിൽ എച്ച്.ഐ.വി ബാധിതരുടെ പുനരധിവാസത്തിനുള്ള ക്ലിനിക്കിൽ കഴിയുന്ന അഞ്ചു വയസ്സുകാരൻ സാമുവലും മുത്തശ്ശി റെഗിന മബുലയും / Photo:Clare McEvoy

പൊതുവേ വെക്കേഷനുകളില്ലാതെ, അഞ്ച് അദ്ധ്യയന വർഷത്തിലേക്ക് നീണ്ടുനിവർന്നുകിടന്നിരുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് വീട്ടിലേക്ക് പുസ്തക ബാഗുകളുമായി മടങ്ങാനുള്ള ദീർഘാവധി കിട്ടി. ഈ പരോൾ കാലത്ത് അധ്യാപകരേയോ രോഗികളേയാ കാണാതെ വീടിന്റെ തളച്ചിട്ട മുറിയിലിരുന്ന് സഹപാഠികളില്ലാതെ സ്വന്തം ലാപിന്റേയോ ഗാഡ്ജറ്റിന്റേയോ സ്‌ക്രീനിൽ അലസമായി ഓൺ ലൈൻ ക്ലാസുകളിൽ അറ്റൻഡൻസ് ഉറപ്പിച്ച് സെമസ്റ്റർ പരിക്ഷകൾ കടന്നു. വൈഫൈ കിട്ടാത്തവരും ഇല്ലാത്തവരും സ്വയം ശപിച്ചു. ഓൺലൈൻ വെബിനാറുകളിൽ ക്ലാസുകൾ, സെമിനാറുകൾ, ട്രെയി‌നിങ്ങുകൾ, മീറ്റിങ്ങുകൾ, സൗഹൃദങ്ങൾ എന്നിവ ആകാമെന്ന സാധ്യത വന്നപ്പോൾ Zoom, Google meet, Jio meet എന്നിവയുമായി ചങ്ങാതത്തത്തിലായി. യാത്രകളില്ലാതെ ദൂരത്തെ തിരസ്‌കരിച്ച് ഭൂഗോളത്തെ തന്നെ സ്‌ക്രീനിലൊതുക്കി കണ്ടും കേട്ടും തുടങ്ങി.

സാമ്പത്തിക വ്യത്യാസമില്ലാതെ സകലരും പ്രൈമറി ഹെൽത്ത് സെന്റർ തൊട്ട് മെഡിക്കൽ കോളേജടക്കമുള്ള സർക്കാർ സേവനങ്ങൾ അനുഭവിക്കാനും ഈ കാലം ഇടവരുത്തി

ഇതേസമയത്ത് സർക്കാർ ഡോക്ടർമാരും നേഴ്‌സുമാരും ഔദ്യോഗിക സമ്മർദ്ദങ്ങളിൽ രാവും പകലും ജോലി ചെയ്ത് "ബേൺ ഔട്ട് 'ആയി തളർന്നുപോകുന്നതും കണ്ടു. സ്വകാര്യ ഫൈവ് സ്റ്റാർ ആശുപത്രികൾ ആദ്യകാലത്ത് കോവിഡുമായി മുഖം തിരിച്ചുനിന്നപ്പോൾ സാമ്പത്തിക വ്യത്യാസമില്ലാതെ സകലരും പ്രൈമറി ഹെൽത്ത് സെന്റർ തൊട്ട് മെഡിക്കൽ കോളേജടക്കമുള്ള സർക്കാർ സേവനങ്ങൾ അനുഭവിക്കാനും ഈ കാലം ഇടവരുത്തി. ആശുപത്രി വാർഡുകൾക്കുപുറത്ത് കമ്യൂണിറ്റി ഹാളുകൾ പോലുള്ള സ്ഥലത്തും വളണ്ടിയർമാരുടെ സേവനങ്ങൾക്കുകീഴിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റുകളിലെ ആഴ്ചകൾ നീളുന്ന ചികിത്സാകാലവും ആയിരങ്ങൾ അനുഭവിച്ചു.

പടിഞ്ഞാറൻ രാജ്യങ്ങൾ ഫിഫോ- First in first out -തിയറി അനുസരിച്ച് കോവിഡിൽ നിന്ന് പുറത്ത് കടക്കുമെന്ന് കരുതിയെങ്കിലും ശൈത്യത്തിന്റെ വരവിനോടൊപ്പം രണ്ടാം വരവ് വ്യാപിച്ചു. അപ്പോഴും എന്തുകൊണ്ടാണ് കിഴക്കൻ രാജ്യങ്ങൾ മെച്ചപ്പെട്ടതെന്ന ചോദ്യങ്ങൾക്ക് ഒരുത്തരം മാത്രം: കാലാവസ്ഥക്കുപുറമേ പല രോഗങ്ങളുടേയും ഉത്ഭവസ്ഥാനമായതിനാൽ പൂർവാനുഭവങ്ങളുടെ കരുത്ത്. ഇച്ഛാശക്തിയുള്ള സർക്കാരുകൾ, അതിനെ അനുസരിക്കുന്ന ജനം, ഇതിനായി ഒരുക്കപ്പെട്ട ജനങ്ങളുടെ മനഃശാസ്ത്രം എന്നിവയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു (sociological imprint.)

വിദേശ യാത്രകളും വിമാനങ്ങളും ഉണ്ടായിരുന്നില്ലെങ്കിൽ കോവിഡ് വൂഹാനിൽ ഒരുങ്ങുമായിരുന്നു. Genes will continue to mutate, planes will continue to fly ... അതിനാൽ ഇനിയും പാൻഡമിക്കുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ഇപ്പോൾ ലോകരാഷ്ട്രങ്ങളിലെ ശാസ്ത്രജ്ഞർ സഹകരണത്തോടെ പ്രവർത്തിച്ച് അറിവുകൾ പരസ്പരം പങ്കിടുന്നത് ഒരു പ്രതീക്ഷയാണ്. കോവിഡ് നൽകുന്ന മറ്റു ചില പാഠങ്ങൾ: മനുഷ്യ ജീവനെതിരായ ഓരോ ഭീഷണിയും നേരത്തെ തിരിച്ചറിയണം, ഈ ഭീഷണി ആഗോളമാണ്, അതുകൊണ്ട് അതിനുവേണ്ടത് ആഗോള സഹകരണമാണ്, ഇനി മുതൽ നമ്മൾ സ്വയം നമ്മുടേതു മാത്രമല്ല സർവരുടേയും ഒന്നിച്ചുള്ള അതിജീവനത്തിനാണ് പ്രവർത്തിക്കേണ്ടതെന്ന് നേതൃത്വങ്ങൾ തിരിച്ചറിയണം.

ആഫ്രിക്കൻ രാജ്യമായ നൈജറിലെ ഒരു കോവിഡ് ആശുപത്രിയിൽനിന്ന് ഡ്യൂട്ടിക്കുശേഷം മടങ്ങുന്ന നഴ്‌സ്‌

നൂറുവർഷങ്ങൾക്കുമുമ്പ് 50 - 100 മില്യൻ ആളുകളെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്‌ളൂ മാനവരാശിയെ മാറ്റിപ്പണിയുന്നതിനോടൊപ്പം ആധുനിക ലോകത്തെ രൂപപ്പെടുത്തുകയും അതിന്റെ മാറ്റത്തെ ത്വരിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒപ്പം, ആദ്യമായി യൂനിവേഴ്‌സൽ ഹെൽത്ത്‌കെയർ എന്ന ആശയത്തിന് വിത്ത് പാകുകയും ചെയ്തു. ഇമ്മാനുവൽ കാന്റിന്റെ അഭിപ്രായത്തിൽ ശാസ്ത്രവും വിജ്ഞാനവും സമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തുകയല്ലാതെ അതിന് കാരണമാക്കില്ല. കോവിഡിന്റെ ആദ്യകാലാനുഭവങ്ങൾ ഇനിയുള്ള കാലത്തെ മാറ്റി പണിയുമെന്ന് ചില മനുഷ്യസ്‌നേഹികൾ വിചാരിച്ചു. "വൈറസ് യഥാർത്ഥ വൈറസ് അല്ലെന്നും മനുഷ്യത്വ'മാണെന്നും സിസെക്ക് ദർശിച്ചു. എന്നാൽ പാൻഡമിക്ക് ഒരു വർഷം പൂർത്തിയാക്കുമ്പോൾ, കോവിഡാനന്തര ലോകത്തെക്കുറിച്ച് നമ്മൾ ഇങ്ങനെ തിരിച്ചറിയുന്നു: പണവും ലാഭവും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു മനുഷ്യസമൂഹം സമ്പത്ത് അടിസ്ഥാനമാക്കിയുള്ളതും കൂടുതൽ കേന്ദ്രീകൃതവും ഏകീകൃത മൂലധനാധിഷ്ഠവുമായ മറ്റൊരു ഡിജിറ്റൽ സാമ്രാജ്യ വിപണിയിലേക്കാണ് വാതിലുകൾ തുറന്നുവെക്കുന്നത്, കോവിഡ് അനുബന്ധ മേഖലകൾ മുഴുവൻ വാണിജ്യകേന്ദ്രമാളുകളായി ലോകത്തിനുമുമ്പിൽ തുറന്നുകിടക്കുന്നു. ▮


ഡോ. ജയകൃഷ്ണൻ ടി.

എപ്പിഡെമിയോളജി വിദഗ്ധൻ. വകുപ്പ് മേധാവി ആൻറ്​ പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, കെ. എം. സി. ടി. മെഡിക്കൽ കോളേജ്, കോഴിക്കോട്.

Comments