ഡോ. റബേക്ക മിനി വർഗീസ്​

അമേരിക്കയിൽനിന്ന്​ ചില 'കോവിഡ്​ പോസിറ്റീവ്​' അനുഭവങ്ങൾ

അമേരിക്കയിൽ ഫൈസർ- ബയോൺടെക്​ വാക്​സിൻ സ്വീകരിച്ച മലയാളി ഡോക്​ടർ അവിടുത്തെ ഇപ്പോഴത്തെ സാഹചര്യം വിശദീകരിക്കുന്നു.

നുവരി ആറിനാണ് ഞാൻ ജോലി ചെയ്യുന്ന ബെർഗൻ ന്യൂ ബ്രിഡ്ജ് മെഡിക്കൽ സെന്ററിൽ നിന്ന്​ Pfizer bioN tech വാക്‌സിന്റെ രണ്ടാമത്തെ ഡോസ്​ സ്വീകരിച്ചത്. മൂന്നാഴ്ച മുമ്പാണ് ആദ്യ ഡോസ് ലഭിച്ചത്. അന്ന് കാര്യമായ റിയാക്ഷൻ ഒന്നുമില്ലായിരുന്നു. എന്നാൽ ഇപ്പോൾ ചെറിയൊരു കുളിരും കൈവേദനയും തോന്നുന്നുണ്ട്. വാക്‌സിൻ ഫലപ്രദമായി എന്നതിന്റെ സന്തോഷം. വാക്‌സിൻ എടുത്തശേഷം ശാരീരിക ബുദ്ധിമുട്ടുണ്ടോയെന്ന് പരിശോധിക്കാൻ 15-30 മിനുട്ട് നിരീക്ഷണത്തിൽ ഇരിക്കണം. ഇത് സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലല്ലേ എന്നായിരുന്ന ആ കാത്തിരിപ്പിനിടെ മനസ്സിലേക്ക് ഓടിയെത്തിയ ആദ്യ ചിന്ത.

കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ഡോ. റബേക്ക

ഈ ആശുപത്രിയിൽ, പത്തു മാസമായി ഡോക്ടർമാരും നേഴ്‌സുമാരും മറ്റു സ്റ്റാഫുകളും കടന്നു പോന്ന ദുരിതങ്ങൾ, രോഗികളുടെ, പ്രത്യേകിച്ച് കോവിഡ് ബാധിച്ചവരുടെ ഭയവും വേദനയും വിഷമങ്ങളും, ഒറ്റപ്പെടലിന്റെ പ്രയാസങ്ങൾ, അവരുടെ ബന്ധുക്കൾ അനുഭവിച്ച ഒറ്റപ്പെടൽ, ഓൾഡ്​ ഏജ്​ ഹോമുകളെ കോവിഡ് അതിരൂക്ഷമായി ബാധിച്ച സാഹചര്യം, പെട്ടെന്നുള്ള മരണങ്ങൾ, ശവസംസ്‌കാരത്തിന് മതിയായ ക്രമീകരണങ്ങളില്ലാത്തതിനാൽ വലിയ വാഹനങ്ങളിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട് കൊണ്ടുപോയത്... എല്ലാം ഒരഭ്രപാളിയിലെന്ന പോലെ അപ്പോൾ എന്റെ മനസ്സിലൂടെ കടന്നു പോയി.

രോഗം ബാധിച്ച അധികാരകേന്ദ്രങ്ങൾ

മാസ്‌ക് ധരിക്കുന്നതിന്റേയും, സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ആരോഗ്യപ്രവർത്തകർ നിരന്തരം ബോധവത്കരണം ചെയ്യുമ്പോഴും, കോവിഡിനെ നിസാരവത്കരിച്ച്, മാസ്‌ക് അനാവശ്യമാണെന്ന് പ്രചരിപ്പിച്ച അധികാര കേന്ദ്രത്തിന്റെ ഉന്നതങ്ങളിലുള്ളവർ തന്നെ സ്ഥിതി വഷളാക്കുന്നതിൽ വലിയ പങ്കു വഹിച്ചു. ഇത് രോഗികളുടെ എണ്ണം നിയന്ത്രണാതീതമാക്കുകയും, ആരോഗ്യപ്രവർത്തകർക്ക് രോഗം വരാനുള്ള സാധ്യത കൂട്ടുകയും ചെയ്തു. മൂവായിരത്തോളം ആരോഗ്യപ്രവർത്തകരാണ് അമേരിക്കയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ആരോഗ്യപ്രവർത്തകരുടെ മരണം വലിയൊരു വിടവാണ് സൃഷ്​ടിച്ചത്. കേവലം ഒരു ജീവൻ എന്നതിലുപരി, രോഗബാധിതരെ മരണത്തിന് വിട്ടുകൊടുക്കാതിരിക്കാൻ പ്രാപ്തരായ ഒരു കൂട്ടം ആളുകളുടെ സേവനം കൂടിയാണ് അവിടെ നഷ്ടപ്പെട്ടത്. വ്യക്തിപരമായി എനിക്ക് ഒരു സഹപ്രവർത്തകരേയും കോവിഡിൽ നഷ്ടപ്പെട്ടില്ലെന്നത് ആശ്വാസകരമാണ്.

കേരളത്തിലെ ആരോഗ്യരംഗം ഉന്നതനിലവാരത്തിലുള്ളതാണെങ്കിൽ കൂടി, കൂടുതൽ സൗകര്യപ്രദമായ ചികിത്സയ്ക്ക് നമ്മുടെ നാട്ടിലെ പല പ്രമുഖരും അമേരിക്കയിൽ എത്താറുണ്ട്. ആ രാജ്യമാണ് ഒരു വൈറസിന് മുന്നിൽ പകച്ചു നിന്നത്. കോവിഡ് മരണ നിരക്കിൽ അമേരിക്ക മുന്നിൽ നിൽക്കാനുള്ള കാരണം, രാഷ്ട്രീയ നേതൃത്വത്തിന്റെ ഇഛാശക്തിയില്ലായ്മയാണെന്നതിൽ തർക്കമില്ല.

വെറ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കു മുന്നിൽ കോവിഡ് സാഹചര്യം വിശദീകരിക്കുന്ന ഡോ. ആന്തണി ഫൗച്ചി (2020 ഏപ്രിൽ) / photo: wikimedia commons

മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരുന്ന, ആറ് പ്രസിഡന്റുമാരുടെ ഉപദേശകനായി സേവനമനുഷ്ഠിച്ച, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് ഇമ്യൂണോളജി ഡയരക്ടർ ആന്തണി ഫൗച്ചിയുടെ ശബ്ദത്തിന് മുകളിൽ നിന്നത് ഒരു ഫ്‌ളൂവിനെക്കാൾ നിസ്സാരമാണ് കോവിഡ് എന്നു പറഞ്ഞ പ്രസിഡന്റ് ട്രംപിന്റെ നിരുത്തരവാദിത്തപരമായ പ്രസ്താവനയാണ്.

ആളുകളുടെ സമീപനം മാറുന്നു

കൃത്യസമയത്ത് ചികിത്സ തേടിയാൽ കോവിഡ് മരണങ്ങൾ വലിയ അളവിൽ തടയാമെന്ന തിരിച്ചറിവ് ഇപ്പോൾ ജനങ്ങൾക്കുണ്ട്. ആരോഗ്യവാനായിരുന്ന
എന്റെ ഒരു മലയാളി സുഹൃത്ത്​ കോവിഡ് ബാധിച്ച് ആശുപത്രിയിലെത്താൻ താമസിച്ച് ഒരു മാസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞാണ് മരിച്ചത്. സംസ്‌കാര ചടങ്ങിലും നിയന്ത്രണങ്ങളുള്ളതിനാൽ ഇത്തരം വേർപാടുകൾ കുടുംബത്തിനും സുഹൃത്തുക്കൾക്കും അതിതീവ്രമായ വേദനയാണ് സമ്മാനിക്കുക. എന്നാൽ ഇപ്പോൾ രോഗത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും കൂടുതൽ മനസ്സിലായതോടെ ആളുകളുടെ സമീപനത്തിൽ വലിയ മാറ്റമുണ്ട്. സാഹചര്യമനുസരിച്ച് ആശുപത്രിയിലെത്തി പെട്ടെന്ന് ചികിത്സ തേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇപ്പോൾ കൂടുതൽ ബോധമുണ്ട്. കോവിഡ് ബാധിതർ വീടുകളിൽ കഴിയാൻ തയാറാകുന്നു, ഗുരുതര ലക്ഷണങ്ങളുണ്ടെങ്കിൽ ആശുപത്രിയിലെത്താനും സന്നദ്ധരാകുന്നു.

വാക്‌സിനെക്കുറിച്ച് പലർക്കും ആശങ്ക കാണും. വാക്‌സിനിലുള്ളത് ഒരു ജനറ്റിക് മെറ്റീരിയൽ അല്ലേ, അത് മനുഷ്യന്റെ ജനിതക ഘടനയ്ക്ക് മാറ്റം വരുത്താനുള്ള സാധ്യതയില്ലെ എന്ന ചോദ്യം ഞാൻ നേരിട്ടിരുന്നു

എന്റെ സ്‌നേഹിതയുടെ കുടുംബത്തിൽ മൂന്ന് തലമുറയിൽ പെട്ട അഞ്ചു പേർക്ക് ഒരാഴ്ചക്കുള്ളിൽ കോവിഡ് പോസിറ്റിവ് ആയി. പ്രായമായ അമ്മയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ പ്രായവും, മറ്റ് അസുഖങ്ങളും പരിഗണിച്ച് മോണോക്ലോണൽ ആന്റിബോഡി ട്രീറ്റ്‌മെന്റ് നൽകി വീട്ടിലേക്ക് പറഞ്ഞുവിട്ടു. അവർക്ക് കാര്യമായ രോഗലക്ഷണമോ പ്രയാസങ്ങളോ ഉണ്ടായില്ല. മകൾക്കും മരുമകനും ചെറിയ ലക്ഷണങ്ങളും ക്ഷീണവും ഉണ്ടായിരുന്നെങ്കിലും അവർക്കും അസുഖം ഭേദമായി. അവർക്ക് ഞാൻ സ്റ്റിറോയ്ഡ്, ബ്ലഡ് തിന്നർ വൈറ്റമിൻ സി, വൈറ്റമിൻ ഡി സിൻക് എന്നിവയാണ് നൽകിയത്. മൂന്നാം തലമുറയിൽ പെട്ട രണ്ടു പേർക്കും ഒരു തരത്തിലുള്ള ലക്ഷണങ്ങളും പ്രകടമായില്ല.

ഡോ. റബേക്ക സഹപ്രവർത്തകരോടൊപ്പം

ഞാനും ഭർത്താവ് ജോർജ് വർഗീസും ചേർന്ന് ന്യൂ ജേഴ്സിയിലെ മോണ്ട്‌വെലിൽ നടത്തിവരുന്ന ലൈഫ്‌ലൈൻ അർജന്റ് കെയറിൽ ആന്റി ബോഡി ടെസ്റ്റ് ചെയ്യാൻ സൗകര്യമുള്ളതിനാൽ, വാക്‌സിൻ എടുത്ത് മൂന്നാമത്തെ ആഴ്ച ഞാൻ ആന്റി ബോഡി ടെസ്റ്റ് ചെയ്തു നോക്കി, വാക്‌സിൻ ഫലപ്രദമാണോ എന്നറിയാൻ. വാക്‌സിൻ എടുക്കുന്നതിനുമുമ്പ് ഞാൻ കോവിഡ് നെഗറ്റീവ് ആയതിനാൽ ശരീരത്തിൽ നേരത്തെ ആന്റി ബോഡി ഉണ്ടായിരുന്നില്ല. പരിശോധന ഫലത്തിൽ ആന്റി ബോഡിയുടെ സാന്നിധ്യം വാക്‌സിൻ ഫലപ്രദമായെന്ന് തെളിയിച്ചു.

വാക്​സിൻ ജനിതകഘടനയിൽ മാറ്റമുണ്ടാക്കില്ല

വാക്‌സിനെക്കുറിച്ച് പലർക്കും ആശങ്ക കാണും. വാക്‌സിനിലുള്ളത് ഒരു ജനറ്റിക് മെറ്റീരിയൽ അല്ലേ, അത് മനുഷ്യന്റെ ജനിതക ഘടനയ്ക്ക് മാറ്റം വരുത്താനുള്ള സാധ്യതയില്ലെ എന്ന ചോദ്യം ഞാൻ നേരിട്ടിരുന്നു.

കോവിഡ്-19 പരിശോധനാ ഫലം

ഫൈസറിന്റെതാണെങ്കിലും, മൊഡേണയുടേതാണെങ്കിലും (ഈ രണ്ടു വാക്‌സിനുകൾക്കാണ് ഉപയോഗിക്കാൻ അമേരിക്കയിൽ അനുമതി ലഭിച്ചിട്ടുള്ളത്) വാക്‌സിനുകളിൽ mRNA ആണ് ഉപയോഗിക്കുന്നത്. mRNA എന്നാൽ നമ്മുടെ ശരീരത്തിൽ പ്രൊട്ടീൻ ഉൽപാദിപ്പിക്കാനുള്ള മെസേജുമായി പോകുന്ന RNA ആണ്. കോശങ്ങളിൽ യഥാസ്ഥാനത്തെത്തി, റൈബോസോമിൽ ചെന്ന് അവിടെ പ്രൊട്ടീൻ ഉണ്ടാക്കുക എന്നാണ് ഇതിന്റെ ജോലി. പണി കഴിഞ്ഞയുടൻ അത് നശിച്ചു പോകുന്നു. ഒരു തരത്തിലുള്ള ജനിതക ഘടനാ മാറ്റത്തിനും അത് കാരണമാവുന്നില്ല.

മകനെ കാണാനാകാതെ, അമ്മയെ ഒന്ന്​ കെട്ടിപ്പിടിക്കാനാകാതെ

കോവിഡ് കാലത്ത് ഞാൻ വ്യക്തിപരമായി അനുഭവിച്ച ഏറ്റവും വലിയ പ്രയാസം വീട്ടുകാരിൽ നിന്ന്​ അകന്നു നിൽക്കേണ്ടി വന്ന സാഹചര്യമാണ്. യൂണിവേഴ്‌സിറ്റി ഓഫ് ഇല്യനോയിൽ കമ്പ്യൂട്ടർ എഞ്ചിനിയറിങ് പഠിക്കുന്ന മകനെ ഞാൻ കണ്ടിട്ട് പത്ത് മാസത്തിലധികമായി. രണ്ടു പേരും വ്യത്യസ്ത സ്റ്റേറ്റുകളിലായതിനാൽ യാത്ര ചെയ്താൽ രണ്ടാഴ്ച ക്വാറൻറയിനിൽ പ്രവേശിക്കണം. അതുകൊണ്ട് കോവിഡ് കഴിഞ്ഞിട്ടോ, വാക്‌സിൻ ലഭിച്ചശേഷമോ പരസ്പരം കാണാമെന്ന തീരുമാനത്തിൽ ഞങ്ങൾ എത്തുകയായിരുന്നു. അമ്മ എന്നോടൊപ്പമാണ് താമസം, എന്നാൽ അമ്മയെ ഒന്ന് കെട്ടിപ്പിടിക്കാൻ പോയിട്ട് അടുത്തിടപഴകാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ജോലി കഴിഞ്ഞ് വന്നാൽ സ്വന്തം മുറികളിലേക്ക് ചുരുങ്ങുകയാണ് എല്ലാവരും. മെഡിക്കൽ സ്‌കൂളിൽ പഠിക്കുന്നതിനാൽ മകൾ ബെറ്റിയുടെ സ്ഥിതിയും എന്റേതിൽ നിന്ന്​ വ്യത്യസ്ഥമല്ല. ഫോണിന്റെ സാധ്യതകൾ ഉപയോഗിച്ചാണ് സാമൂഹ്യ ജീവിതം ഇപ്പോൾ മുന്നോട്ടു പോകുന്നത്. ആരോഗ്യപ്രവർത്തകർക്ക് മാത്രമല്ല, രോഗികൾക്കും, ബന്ധുക്കൾക്കും സാമൂഹ്യ ജീവിതം എന്നൊന്നുണ്ടല്ലോ. ഇത്തരം മാനസിക പ്രയാസങ്ങളിലൂടെ എല്ലാവരും കടന്നു പോകുകയാണ്​.

അമേരിക്കയിലെ ഏറ്റവും പ്രധാന ആഘോഷങ്ങളാണ് ക്രിസ്​മസും താങ്ക്സ്​ ഗിവിങ് ടർക്കി ഡിന്നറും. ഞങ്ങൾക്ക് ഈ വർഷം ടർക്കിയും ഉണ്ടായില്ല, ഡിന്നറും ഉണ്ടായില്ല. ഇത് രണ്ടും ഉണ്ടായവർക്കാവട്ടെ ഏഴാം ദിവസം കോവിഡും കിട്ടി.
ലൈഫ്‌ലൈൻ അർജന്റ് കെയറിൽ ഞങ്ങൾ കോവിഡ് ടെസ്റ്റ് ചെയ്യുന്നുണ്ട്. ഡ്രൈവ് ത്രൂ ആയിട്ടാണ് കോവിഡ് പരിശോധന. ക്ലിനിക്കിന് ചുറ്റും രണ്ടും മൂന്ന് നിരകളിലായി നിൽക്കുന്ന വാഹനങ്ങളുടെ അടുത്തെത്തി സുരക്ഷാകവചങ്ങൾ അണിഞ്ഞാണ് സന്ദർശകരുടെ സ്വാബ് ശേഖരിക്കുന്നത്. കോവിഡ് രൂക്ഷമായ സമയത്ത് വാഹനത്തിരക്ക് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയപ്പോൾ പൊലീസ് ഇടപെടുകയും, പി.പി.ഇ കിറ്റ് ധരിച്ച് ഡോക്ടർക്ക് വാഹനങ്ങൾ നിയന്ത്രിക്കേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു.

ലൈഫ്‌ലൈൻ എമർജൻസി കെയറിൽ വെച്ച് കോവിഡ് പരിശോധനക്കായി സ്വാബ് ശേഖരിക്കുന്നു

2020 അമേരിക്കയെ സംബന്ധിച്ച്​ സുപ്രധാനമായ വർഷമായിരുന്നു. പലരും ഉദ്വേഗത്തോടെ നോക്കിക്കണ്ട പ്രസിഡൻഷ്യൽ ഇലക്ഷൻ നടന്ന വർഷം. കോവിഡിനെ നിസാരവത്കരിച്ച്, മാസ്‌കില്ലാതെ തെരഞ്ഞെടുപ്പു റാലികളിൽ പങ്കെടുത്ത പ്രസിഡന്റ് ട്രംപും അനുയായികളും അമേരിക്കയിൽ രോഗം പടരുന്നതിൽ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. ട്രംപ് നടത്തിയ റാലികൾ ചരിത്രം എന്നും ദുഃഖത്തോടെ ഓർത്തുവെക്കും.

ന്യൂ ജേഴ്‌സിയിൽ ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ മരിച്ച കോവിഡ് രോഗികളിൽ കൂടുതലും പ്രായമായവരും, നഴ്‌സിങ് ഹോമിൽ നിന്ന്​ വന്നവരുമായിരുന്നു. നഴ്‌സിങ് ഹോമിലെ അന്തേവാസികൾ കഴിഞ്ഞ ദിവസം വാക്‌സിൻ സ്വീകരിച്ചു. സന്ദർശകരില്ലാതെ, സ്വന്തം മക്കളെ പോലും കാണാൻ സാധിക്കാതിരുന്ന അവർക്ക് ദുഃഖത്തിൽ നിന്ന് മോചനം ലഭിക്കും എന്ന ആശ്വാസത്തിലാണ് അവരും ഞങ്ങളും. കോവിഡിൽ നിന്ന്​ സമൂഹം പൂർണമായും മുക്തമായില്ലെങ്കിൽ പോലും ആശ്വാസം തരുന്ന കാഴ്ചകളും അനുഭവങ്ങളുമാണ് ഇപ്പോൾ കൂടുതലും. ആശുപത്രിയിൽ കോവിഡ് ചികിത്സക്കെത്തി രോഗം ഭേദമായവർ സന്തോഷ സൂചകമായി പൂക്കളും, വൈനും, ലഞ്ചും കൊണ്ട് നന്ദി പറയാനെത്തുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.

ഡോ. റബേക്ക

രണ്ടാമത്തെ ഡോസ് എടുത്തശേഷം രോഗികളോട് ഇടപഴകുന്ന രീതിയിലും കുറച്ച് മാറ്റങ്ങൾ വരുത്താനുള്ള സ്വാതന്ത്ര്യമുണ്ട്. രോഗികളെ നേരിട്ട് കാണാനും തൊടാനും ഇപ്പോൾ സാധിക്കുന്നുണ്ട്. ഒരു ഡോക്ടറുടെ സ്പർശനം രോഗികൾക്ക് വലിയ ആശ്വാസം നൽകുമെന്നതിൽ തർക്കമില്ല. ഐസൊലേഷനിൽ കഴിയുന്ന രോഗികൾക്ക് ഡോക്ടർമാരുടേയും, നേഴ്‌സ്മാരുടേയും ഹ്രസ്വസന്ദർശനം പോലും നൽകുന്ന ആശ്വാസം ചെറുതല്ല. വാക്‌സിൻ എടുത്തശേഷം രണ്ടു മാസ്‌ക് ധരിച്ചിരുന്നത് ഒന്നാക്കി ചുരുക്കാൻ സാധിച്ചു. വരും ദിവസങ്ങളിൽ കോവിഡ് അപ്രത്യക്ഷമായിത്തുടങ്ങിയാൽ മാസ്‌കുകളുടെ തലവേദനയിൽ നിന്നും ക്ലോസ്‌ട്രോഫോബിയയിൽ നിന്നും പൂർണമായും മുക്തയാവാം എന്ന ശുഭപ്രതീക്ഷയുണ്ട്. ▮


ഡോ. റബേക്ക മിനി വർഗീസ്‌

മെഡിക്കൽ ഡയറക്ടർ, ലൈഫ്​ലൈൻ അർജന്റ് കെയർ, മോണ്ട്​​വെൽ ന്യൂ ജഴ്‌സി. ബെർഗൻ ന്യൂ ബ്രിഡ്ജ് മെഡിക്കൽ സെന്ററിൽ ഹോസ്പിറ്റലിസ്റ്റ് ഫിസിഷ്യൻ.

Comments