കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ വിവിധ ജില്ലകളിലെ ഓക്‌സിജൻ ലഭ്യത പരിശോധിക്കാൻ ആരംഭിച്ച ഓക്‌സിജൻ വാർ റൂമുകളിലൊന്ന് / Photo: Pinarayi Vijayan, Fb

ആരോഗ്യം ഭരണകൂടങ്ങളുടെ തലവര വരയ്ക്കും

സമീപകാല തെരഞ്ഞെടുപ്പുകളിൽ അമേരിക്കയിൽ ഡോണൾഡ് ട്രംപിനെ അടിച്ചുകൂട്ടിക്കളഞ്ഞതും കേരളത്തിൽ പിണറായി വിജയന് പിന്നെയും കസേര വലിച്ചിട്ടു കൊടുത്തതും ഒരേ ഘടകമായിരുന്നു; പൊതുജനാരോഗ്യം.

രോഗ്യസംവിധാനം ഭരണകൂടങ്ങളുടെ തലവര വരയ്ക്കുന്നു എന്നത് ശുഭസൂചകമാണ്. ഭാവിയിൽ മോദി ഭരണത്തെ ചാമ്പലാക്കാൻ പോകുന്നത് ഇന്ന് കത്തിയെരിയുന്ന ചിതകളാകും. ബൈഡന്റെ നേതൃത്വത്തിൽ അമേരിക്കൻ ആരോഗ്യ മേഖലയിൽ അടിമുടി അഴിച്ചുപണിയൽ നടക്കുന്നു. 2014ൽ തന്നെ കോമൺവെൽത്ത് ഫണ്ട് നടത്തിയ പഠനത്തിൽ (Mirror, Mirror on the wall) അമേരിക്കൻ ആരോഗ്യ സംവിധാനത്തിലെ പിഴവുകൾ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ആരോഗ്യ മേഖലയിൽ ലോകത്തേറ്റവും ധനവിനിയോഗം ചെയ്യുന്ന അമേരിക്ക ഏഴാം സ്ഥാനത്തേക്ക് തഴയപ്പെട്ടിരുന്നു. അതിന്റെ പകുതി മാത്രം ചെലവാക്കുന്ന ക്യൂബയിൽ life expectancy അമേരിക്കയെക്കാൾ കൂടുതലാണുതാനും.

പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് ബൈഡൻ ശ്രദ്ധ ചെലുത്തുന്നത്.
ഒന്ന്; പ്രാഥമികോരോഗ്യ രംഗം വിപുലപ്പെടുത്തുക, ഒബാമ ഒപ്പുവെച്ച പോലെ എല്ലാവർക്കും താങ്ങാനാവുന്ന വിധം ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുക.
രണ്ട്; പൊതുജനാരോഗ്യത്തിന്റെ സാമൂഹിക വശങ്ങൾ മെച്ചപ്പെടുത്തുക. ഇനിയൊരു പാൻഡെമിക്കിനെ എതിരിടാൻ അമേരിക്ക സജ്ജമായിക്കൊണ്ടിരിക്കുന്നു.

ജനങ്ങൾക്ക് ചെലവ് കുറഞ്ഞതും നിലവാരമുള്ളതുമായ ആരോഗ്യസേവനങ്ങൾ പുനഃസ്ഥാപിച്ചു കൊണ്ടുള്ള ഉത്തരവിൽ ഒപ്പു വെക്കുന്ന യു.എസ്​. പ്രസിഡൻറ്​ ജോ ബൈഡൻ / Photo: President Biden, Twitter

ഇങ്ങുദൂരെ, കേരളത്തിൽ ഒരു ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും കോവിഡിനെ രോഗമായി മാത്രം കാണാതെ ആരോഗ്യ അടിയന്തരാവസ്ഥ ഏൽപ്പിക്കുന്ന ആഴമേറിയ മുറിവുകളെ സമഗ്രമായി നേരിടുന്നതിലൂടെ, മാനവികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലൂടെ ദുരിതപർവ്വത്തിലും കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷിത ജീവിതം "ഉറപ്പു'തരുന്നു.

ആരോഗ്യസേവനമെന്നാൽ രോഗാവസ്ഥയെ ചികിൽസിക്കൽ മാത്രമല്ല. ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ എന്ന് മാത്രമല്ല. ലോകാരോഗ്യ സംഘടന ആരോഗ്യത്തെ നിർവചിക്കുന്നത്, ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ സന്തുലിതാവസ്ഥയെന്നാണ്. കോവിഡ് ഏൽപ്പിച്ച ശാരീരികാസ്വസ്ഥതകൾ മാത്രമല്ല, ലോക്ക്ഡൗൺ കൊണ്ടുവന്ന stress, സാമ്പത്തികാരക്ഷിതാവസ്ഥ, ഐസൊലേറ്റ് ചെയ്യാനാവാത്ത പാർപ്പിടം, പോഷകാഹാരക്കുറവ്, ശുദ്ധജല സംവിധാനം, മാലിന്യവിമുക്തമായ ചുറ്റുപാട്, കാലാവസ്ഥ ഇതെല്ലാം ആരോഗ്യത്തിന്റെ സാമൂഹിക വശങ്ങളാണ്. അതായത് നല്ല ഭരണം പ്രതിഫലിക്കുന്നത്, പൊതുജനങ്ങളുടെ ആരോഗ്യത്തിലും ആയുസ്സിലുമാണ്.

താരതമ്യേന മികച്ച ആരോഗ്യസംവിധാനം കേരളത്തിനുണ്ട്. ആ മികവിന്റെ സൂചകങ്ങളായി കാണാവുന്നത് ഏറ്റവും കുറഞ്ഞ മാതൃശിശുമരണ നിരക്കാണ്. കോവിഡിന്റെ തുടക്കകാലത്തു ഏറെ ശ്രദ്ധിക്കപ്പെട്ട കേരളമോഡൽ പ്രശംസനീയമാണ്.

എറണാകുളം അമ്പലമുകളിൽ സജ്ജമാകുന്ന കോവിഡ് ചികിത്സാ കേന്ദ്രം. രാജ്യത്ത് ഏറ്റവും അധികം ഓക്‌സിജൻ കിടക്കകളുള്ള ചികിത്സാ കേന്ദ്രമാണിത്. Photo: Pinarayi Vijayan, Fb

കോവിഡ് രോഗികൾക്ക് DNR (Do Not Resuscitate) consent വാങ്ങിക്കുന്ന, അതായത് കാർഡിയോ- റെസ്​പിറേറ്ററി arrest വന്നാൽ CPRപോലുള്ള അടിയന്തര ജീവൻരക്ഷാ മാർഗങ്ങൾ ഒന്നും ചെയ്യേണ്ടതില്ലെന്ന നിർദ്ദേശം ആരോഗ്യപ്രവർത്തകർക്ക് കൊടുക്കുന്ന അയൽ സംസ്ഥാനമുണ്ട് കേരളത്തിന് എന്നോർക്കുന്നത് ഈ വ്യത്യാസം ബോധ്യപ്പെടുത്തും.

പൊതുവെ ആരോഗ്യ സേവനങ്ങളെ മൂന്നു തലങ്ങളായി തിരിക്കാം; രോഗങ്ങളെ തടയുന്ന പ്രാഥമികതലം, രോഗചികിത്സയിലൂന്നിയ ദ്വിതീയ തലം, ചികിത്സാശേഷം പുനരധിവാസപ്രവർത്തനങ്ങളുടെ തൃതീയ തലം.

ദേശീയാടിസ്ഥാനത്തിൽ 53 ശതമാനവും കേരളത്തിൽ 35 ശതമാനവും രക്തക്കുറവുള്ളവരാണ്. നമ്മുടെ വീടുകളിൽ നിലനിൽക്കുന്ന ലൈംഗിക അസമത്വം ഇതിനു പ്രധാനകാരണങ്ങളിലൊന്നാണ്

കോവിഡ് പ്രതിസന്ധിയിൽ പ്രാഥമിക പ്രവർത്തനങ്ങൾ മുങ്ങിപ്പോകുകയോ ദ്വിതീയ തലത്തിലേക്ക് സമന്വയിക്കുകയോ ചെയ്തു. അതായത് ആശുപത്രികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്ന ചികിത്സാമേഖലയാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. രോഗശമനത്തിനുശേഷം ബാക്കിയാവുന്ന ശാരീരിക ബലക്ഷയങ്ങളിൽ പരാശ്രിതരായവരെ തിരികെ സ്വതന്ത്രവ്യക്തികളാക്കുന്ന പ്രവർത്തനങ്ങൾക്കാണ് തൃതീയ തലം ഊന്നൽ കൊടുക്കുന്നത്. ദൗർഭാഗ്യവശാൽ ഇത് എൻ.ജി.ഒകളുടെയും സന്നദ്ധസംഘടനകളുടെയും കാരുണ്യത്തിലാണ് നടക്കുന്നത്. അപകടത്തിൽപെട്ടും സ്‌ട്രോക്ക് വന്നും അപ്രതീക്ഷിതമായി വീണുപോകുന്നവർക്ക് തിരിച്ചുവരവ് സാധ്യമാക്കുന്ന അതിനൂതന ഒക്ക്യുപേഷനൽ തെറാപ്പി ഉപകരണങ്ങളുടെ അഭാവം വലിയൊരു ജനവിഭാഗത്തെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്നുണ്ട്. വിപുലമായ റീഹാബിലിറ്റേഷൻ യൂണിറ്റുകൾ കേരളത്തിൽ ആശുപത്രികളുടെ ഭാഗമല്ലാതെ വേറെത്തന്നെ നിർമിക്കേണ്ടതുണ്ട്.

ലോകത്തേറ്റവും കൗമാരപ്രായക്കാരുള്ളത് ഇന്ത്യയിലാണ്- 253 മില്യൺ, ജനസംഖ്യയുടെ അഞ്ചിലൊന്ന്. അതിൽ പകുതിയോളം വരുന്ന പെൺകുട്ടികളാണ് രാജ്യത്തിന്റെ നിക്ഷേപം. ആരോഗ്യമുള്ള സ്ത്രീക്കേ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാനാവൂ. ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ ഒരു തൂക്കം കൂടുതൽ കൗമാര പ്രായത്തിലെ പെൺകുട്ടികളിൽ ആവേണ്ടതുണ്ട്. ദേശീയാടിസ്ഥാനത്തിൽ 53 ശതമാനവും കേരളത്തിൽ 35 ശതമാനവും രക്തക്കുറവുള്ളവരാണ്. നമ്മുടെ വീടുകളിൽ നിലനിൽക്കുന്ന ലൈംഗിക അസമത്വം ഇതിനു പ്രധാനകാരണങ്ങളിലൊന്നാണ്, ഉള്ളതിൽ മികച്ച മാംസ-മൽസ്യവിഭവങ്ങൾ വീട്ടിലെ ആണുങ്ങൾക്ക് മാറ്റിവെക്കുന്ന അമ്മമാരുള്ളവരാണ് നമ്മിലേറെയും, സാമൂഹികഘടകങ്ങൾ ആരോഗ്യത്തെ സ്വാധീനിക്കുന്നതിന്റെ ചെറിയ ഉദാഹരണം മാത്രമാണിത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ആർത്തവാരംഭം സംഭവിക്കുന്നതും ഇതിന് മറ്റൊരു കാരണമാണ്.

കെ.കെ. ശെെലജ

ഗർഭകാലങ്ങളിൽ മിക്കവരിലും കാണുന്ന ശർദ്ദിൽ മൂലം ഗർഭിണികൾക്ക് സർക്കാർ സൗജന്യമായികൊടുക്കുന്ന മൈക്രോ ന്യൂട്രിയന്റുകളുടെ (അയൺ, folic ആസിഡ്) ബയോ അവൈലബിലിറ്റി (അഗിരണം) കുറയുന്നു. ദീർഘകാലമായുള്ള വിളർച്ച ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും പഠനത്തിലും മറ്റും ശ്രദ്ധ ചെലുത്താനാവാത്ത വണ്ണം ക്ഷീണമുണ്ടാക്കുകയും ചെയ്യുന്നു. പ്രസവത്തിനുവേണ്ടി മാത്രമല്ലാതെ തന്നെ പെൺകുട്ടികളുടെ ആരോഗ്യം മെച്ചപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്ക് അത് വിരൽ ചൂണ്ടുന്നു.
മാറിവരുന്ന ജീവിത ശൈലികളാലും രാസവസ്തുക്കളുടെ അമിതോപയാഗത്തിനാലും വർധിച്ചു വരുന്ന വന്ധ്യത പൊതുമേഖല അത്ര ശ്രദ്ധ ചെലുത്താത്ത കാര്യമാണ്. ഇത്തരം ചികിത്സാച്ചെലവുകൾ സാധാരണക്കാരന് താങ്ങാവുന്നതല്ല. സ്വകാര്യസ്ഥാപനങ്ങൾ ഇത്തരം ചികിത്സകൾക്ക് കഴുകൻ വേട്ട നടത്തുന്നുമുണ്ട്.

കുടിക്കുന്ന വെള്ളവും, കഴിക്കുന്ന ഭക്ഷണവും, ശ്വസിക്കുന്ന വായുവും വിഷാദവും ഉറക്കവും വിദ്യാഭാസവും സാമ്പത്തികഭദ്രതയും സുരക്ഷിതത്വവും ചുറ്റുപാടും എല്ലാം ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
കേരളത്തിന്റെ ആരോഗ്യമേഖലയുടെ അമരത്ത് ലക്ഷ്യബോധമുള്ള ശക്തയായ ഒരു സ്ത്രീയുടെ സാന്നിധ്യം ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഏതൊരു പ്രതിസന്ധിയെയും സമഗ്രമായികാണുന്ന, സൂക്ഷ്മ- സ്ഥൂല പ്രതിവിധികളെ തുല്യപ്രാധാന്യത്തോടെ നടപ്പിലാക്കുന്ന ഇടതിന്റെ തുടർഭരണത്തിൽ പ്രത്യാശയുണ്ട്. ▮

Comments