ആഗോള ആരോഗ്യ ഭൂപടത്തിൽ കേരളം ഒരു മാതൃകയായി വിശേഷിപ്പിക്കപ്പെടുന്നത് അര നൂറ്റാണ്ട് മുമ്പാണ്. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യം എന്നതാണ് കേരളത്തെ ഈ വിശേഷണത്തിന് അർഹമാക്കിയത്. കുറഞ്ഞ മരണ നിരക്കുകളും ഉയർന്ന ആയുർ ദൈർഘ്യവും എന്നതിനൊപ്പം ആരോഗ്യ ചെലവുകളും താരതമ്യേനെ കുറവായിരുന്നു ഇവിടെ.
ആരോഗ്യ രംഗത്തെ പൊതു നിക്ഷേപം ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവായിരുന്നപ്പോഴും ആരോഗ്യ സൂചികകളായ മാതൃ-ശിശു മരണ നിരക്കുകൾ ഗണ്യമായ തോതിൽ കുറക്കാനും ആയുർദൈർഘ്യം വർധിപ്പിക്കാനും കഴിഞ്ഞതാണ് ഈ നേട്ടത്തിന്റെ കാതൽ.
സാമൂഹികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ നിരവധി കാരണങ്ങളുണ്ട് ഈ നേട്ടങ്ങൾക്ക് പിന്നിൽ. ജനങ്ങളിലെ ആരോഗ്യ- ശുചിത്വ അവബോധം, പോഷകാഹാരലഭ്യത, വിപുലമായ ആരോഗ്യ പരിചരണ സംവിധാനം എന്നിവ ഇതിൽ പ്രധാനമാണ്.
പൊതു ആരോഗ്യ സംവിധാനം പരിമിതമായിരുന്ന അക്കാലത്ത് നാട്ടിലുടനീളം വ്യാപിച്ചുകിടന്നിരുന്ന നൂറുകണക്കിന് ചെറുകിട സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നഴ്സിങ് ഹോമുകളുമൊക്കെയാണ് കേരളത്തിന്റെ ഈ ആരോഗ്യ നേട്ടങ്ങൾക്ക് അടിത്തറയായി വർത്തിച്ചത്.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിയുന്ന സാഹചര്യമാണ്. മരണനിരക്കുകൾ കുറവ് തന്നെയാണെങ്കിലും വർധിച്ച രോഗാതുരതയും ഉയർന്ന ആരോഗ്യ ചെലവുകളും കേരളത്തിന്റെ ആരോഗ്യ രംഗത്തിന് കനത്ത വെല്ലുവിളികൾ ഉയർത്തുന്നു.
രോഗാതുരതയിൽ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് കേരളം. പ്രമേഹവും അമിത രക്തസമ്മർദ്ദവും അർബുദ രോഗങ്ങളും മാനസിക രോഗങ്ങളും മറ്റ് ജീവിതശൈലീരോഗങ്ങളും ഉൾപ്പെടെ വർധിച്ച് വരുന്ന അപകടങ്ങളും വയോജനങ്ങളുടെ എണ്ണത്തിലും അനുപാതത്തിലുമുള്ള വർദ്ധനവും രോഗാതുരത വർദ്ധിക്കുന്നതിന് കാരണമാണ്. രോഗാതുരതയിലെ ഈ വർദ്ധനവ് ചികിത്സാ ചെലവുകളും ഗണ്യമായി ഉയർത്തുന്നു.

നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് റിപ്പോർട്ട് (2021-22) പ്രകാരം, ജനങ്ങളുടെ സ്വകാര്യ ആരോഗ്യ ചെലവ് (out of pocket expenditure) ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മൊത്തം ആരോഗ്യചെലവിന്റെ അറുപത് ശതമാനവും ജനങ്ങൾ അവരുടെ സ്വന്തം പോക്കറ്റിൽ നിന്ന് തന്നെ ചെലവഴിക്കേണ്ട സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. ആരോഗ്യത്തിന്റെ പൊതുവിഹിതം 32.5 ശതമാനം മാത്രമാണുള്ളത്.
2011- ലെ സെൻസസ് പ്രകാരം കേരളത്തിലെ വയോജനങ്ങൾ ആകെ ജനസംഖ്യയുടെ 12.6% ആയിരുന്നെങ്കിൽ ഇപ്പോഴത് അഞ്ചിലൊന്നായി. പത്തു വർഷം കൂടി കഴിയുമ്പോൾ കേരളത്തിലെ വയോജന അനുപാതം ആകെ ജനസംഖ്യയുടെ നാലിലൊന്നും 2051- ൽ അത് മൂന്നിലൊന്നുമായി മാറും. വയോജനങ്ങളിലെ രോഗാതുരത പരിഗണിച്ചാൽ നിലവിൽ 35% പേർക്ക് പ്രമേഹവും 53% പേർക്ക് അമിത രക്തസമ്മർദ്ദവുമുണ്ട്. ഒരേസമയം മൂന്നിലധികം രോഗങ്ങളുള്ളവർ 20 ശതമാനമാണ്. രോഗതുരതയിൽ വന്ന ഈ വർദ്ധനവ് കേരളത്തിൽ കൂടുതൽ ആശുപത്രികളും ആരോഗ്യസ്ഥാപനങ്ങളും ഉണ്ടാകേണ്ടത് അനിവാര്യമാക്കി.
തൊണ്ണൂറുകളിലെ സാമ്പത്തിക ഉദാരവത്കരണ നയങ്ങളെ തുടർന്നാണ് നിരവധി വൻകിട സ്വകാര്യ ആശുപത്രികൾ കേരളത്തിലെ ആരോഗ്യ രംഗത്തേക്ക് കടന്നുവരുന്നത്. പ്രവാസി നിക്ഷേപങ്ങൾ ഇതിൽ പ്രധാന പങ്ക് വഹിച്ചു. ഇങ്ങനെ രൂപം കൊണ്ട ആശുപത്രികളിൽ ആസ്റ്റർ, കിംസ് തുടങ്ങിയ ആശുപത്രി ശൃംഖലകളും ഉൾപ്പെടുന്നു. അന്തർദേശീയ നിലവാരമുള്ള ചികിത്സ നാട്ടിൽ വ്യാപകമായി ലഭ്യമാക്കിയതിൽ ഇത്തരം വൻകിട സ്വകാര്യ ആശുപത്രികൾക്ക് വലിയ പങ്കുണ്ട്. ആരോഗ്യ രംഗത്തെ വർദ്ധിച്ച ആവശ്യങ്ങളും അതിനൂതന സാങ്കേതിക വിദ്യകളുടെ വരവും എല്ലാം ആരോഗ്യ രംഗത്ത് കൂടുതൽ നിക്ഷേപം അനിവാര്യമാക്കിത്തീർത്തു. ഈ പശ്ചാത്തലത്തിൽ വേണം കേരളത്തിലെ സ്വകാര്യ ആരോഗ്യ മേഖലയിൽ ആഗോള നിക്ഷേപ സ്ഥാപനങ്ങൾ അടുത്ത കാലത്ത് നടത്തിയ വൻ നിക്ഷേപങ്ങളെ വിലയിരുത്താൻ.
യു എസ് ആസ്ഥാനമായ ബ്ലാക്‌സ്റ്റോൺ, കെ കെ ആർ എന്നീ വൻകിട നിക്ഷേപ കമ്പനികൾ സ്വകാര്യ ഇക്വിറ്റി നിക്ഷേപമായി പതിനായിരം കോടിയിലധികം മുടക്കിയാണ് കേരളത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രി ബ്രാന്റുകളായ കിംസ്, ആസ്റ്റർ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തത്. ബ്ലാക്ക്‌സ്റ്റോണിന്റെയും ടിപിജി ഗ്രോത്തിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡ് (QCIL) ൽ 6600 കോടി രൂപ മുടക്കിൽ ബ്ലാക്ക്‌സ്റ്റോണിനുള്ളത് 73% ഓഹരികളും, ടിപിജി ഗ്രോത്തിന് 25% ഓഹരികളും. CARE ആശുപത്രി ശൃംഖലയെ നിയന്ത്രിക്കുന്നതും 'ക്വാളിറ്റി കെയർ' ആണ്. ആസ്റ്റർ ഗ്രൂപ്പ് ക്വാളിറ്റി കെയറുമായി ലയിക്കുകയാണ് ഉണ്ടായത്.

ക്വാളിറ്റി കെയറിലൂടെ മറ്റ് ആശുപത്രികൾ ഏറ്റെടുക്കാൻ ബ്ലാക്സ്റ്റോൺ വിനിയോഗിക്കുന്നത് 4800 കോടി രൂപയാണ്. KKR (Kohlberg Kravis Roberts & Co.) കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രി ഏറ്റെടുക്കുന്നത് 2500 കോടിക്കാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള നിരവധി ചെറുകിട, ഇടത്തരം സ്വകാര്യ ആശുപത്രികൾ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ അവർ തുടരുന്നു.
'ക്വാളിറ്റി കെയർ' 3,300 കോടി രൂപക്കാണ് കിംസ് ഹെൽത്തിന്റെ 85 ശതമാനം ഓഹരികൾ സ്വന്തമാക്കിയത്. കിംസ് ഹെൽത്തിന് കേരളത്തിലും തമിഴ്‌നാട്ടിലുമായി അഞ്ച് ആശുപത്രികളിലായി - തിരുവനന്തപുരം, കോട്ടയം, കൊല്ലം, പെരിന്തൽമണ്ണ നാഗർകോവിൽ - 1678 കിടക്കകളാണുള്ളത്. കിംസ് ഏറ്റെടുക്കലിലൂടെ ക്വാളിറ്റി കെയർ 3,800 കിടക്കകളോടെ അപ്പോളോ ഹോസ്പിറ്റലുകൾ, മണിപ്പാൽ ഹെൽത്ത്, ഫോർട്ടിസ് ഹെൽത്ത്കെയർ എന്നിവയ്ക്ക് ശേഷം രാജ്യത്തെ നാലാമത്തെ വലിയ ആശുപത്രി ഗ്രൂപ്പായി മാറും.
ആരോഗ്യ രംഗത്തെ വളർച്ചക്കൊപ്പം സ്വഭാവികമായി സംഭവിക്കാവുന്ന വൻകിട നിക്ഷേപങ്ങൾ എന്നതിനപ്പുറം എന്ത് പ്രാ ധാന്യമാണ് ഈ നിക്ഷേപങ്ങൾക്കുള്ളത് എന്ന ചോദ്യമുയരാം.
BMW കാർ ഫാക്ടറി മുതൽ ദുബായ് സ്മാർട്ട് സിറ്റി വരെ വൻ നിക്ഷേപപ്രതീക്ഷ തന്ന സംരംഭങ്ങൾ പിൻവാങ്ങിയ, നിക്ഷേപ സൗഹൃദമല്ല എന്ന ദുഷ്‌പേരുള്ള, വൻ വ്യവസായങ്ങൾ വരാൻ മടിക്കുന്ന ഒരു കൊച്ച് ഭൂപ്രദേശത്തിന്റെ ആരോഗ്യ മേഖലയിലേക്കാണ്, ട്രില്യൺ ഡോളർ ആസ്തിയുള്ള ബ്ലാക്ക് സ്റ്റോൺ, കെകെആർ പോലുള്ള ആഗോള ഭീമന്മാരുടെ വരവ്. പാശ്ചാത്യ വികസിത രാജ്യങ്ങളിലെ ആരോഗ്യ രംഗത്ത് പോലും ഈ നിക്ഷേപ കമ്പനികൾ ഇത്രയും വലിയ നിക്ഷേപങ്ങൾ ഇതേ വരെ നടത്തിയിട്ടില്ല എന്ന വസ്തുതയുമുണ്ട്. ആരോഗ്യ സേവനങ്ങൾ നൽകുക എന്നതിനപ്പുറം ലാഭകരമായ ഒരു മേഖലയിലേക്ക് ആഗോള നിക്ഷേപ സ്ഥാപനങ്ങൾ വൻ നിക്ഷേപം നടത്തുന്നു എന്നത് മാത്രമാണ് ഇതിലൂടെ നാം വായിച്ചെടുക്കേണ്ടത്.
ഇതര മേഖലകളിലെ വൻകിട വ്യവസായങ്ങൾക്ക് പോലുമില്ലാത്ത ലാഭസാധ്യത കേരളത്തിലെ ആരോഗ്യ മേഖലക്ക് മാത്രം കൈവരുന്നത് എന്തുകൊണ്ടാണ്?
രാജ്യത്തെ ജനസംഖ്യയിൽ പതിമൂന്നാം സ്ഥാനത്തും സമ്പത്ത് ശേഷിയിൽ ഒമ്പതും പ്രതിശീർഷ ആഭ്യന്തര ഉത്പാദനത്തിൽ പതിനൊന്നും സ്ഥാനത്ത് മാത്രം നിൽക്കുന്ന ഒരു സംസ്ഥാനത്താണ് അതിന്റെ വാർഷിക ആരോഗ്യ ബജറ്റിന്റെ അഞ്ചോ ആറോ മടങ്ങുവരുന്ന തുക സ്വകാര്യ ആരോഗ്യ മേഖലയിൽ ഒറ്റവർഷം കൊണ്ട് നിക്ഷേപിക്കുന്നത്.
രോഗാതുരതയിലും ചികിത്സാ ചെലവിലും രാജ്യത്തെ 'നമ്പർ വൺ' സംസ്ഥാനമെന്ന പദവിയാണ് കേരളത്തിന്റെ ആരോഗ്യ മേഖലയിലേക്ക് ആഗോള കോർപറേറ്റുകളെ ആകർഷിക്കുന്ന മുഖ്യ ഘടകം. ചികിത്സക്ക് ആവശ്യമായ രോഗികളെ ലഭിക്കുക എന്നതും ആ രോഗികളുടെ കൈവശം സ്വന്തം ചികിത്സക്കായി ചെലവഴിക്കാൻ ആവശ്യത്തിന് പണമുണ്ടായിരിക്കുക എന്നതുമാണ് ലാഭേച്ചയോടെ മാത്രം ചികിത്സാരംഗത്ത് നിക്ഷേപം ഇറക്കുന്നവരുടെ ആദ്യ ലക്ഷ്യം. ഈ രണ്ട് ഘടകങ്ങളും ഒരേപോലെ ഒത്തിണങ്ങിവരുന്നുണ്ട് എന്നതാവാം കേരളം ആഗോള കോർപ്പറേറ്റുകളുടെ ശ്രദ്ധാകേന്ദ്രമാകാൻ കാരണം. ഒരേസമയം വെല്ലുവിളിയും അവസരവുമാണ് കേരളത്തിന്റെ ആരോഗ്യ രംഗത്തെ കോർപ്പറേറ്റ് നിക്ഷേപങ്ങൾ.
ആരോഗ്യ രംഗത്തെ മനുഷ്യ വിഭവശേഷിയാണ് കേരളത്തിന്റെ ഏറ്റവും വലിയ കൈമുതൽ. മെഡിക്കൽ, പാരാ മെഡിക്കൽ രംഗത്ത് പരിശീലനം സിദ്ധിച്ച ആയിരക്കണക്കിന് തൊഴിൽ രഹിതർ കേരളത്തിലുണ്ടെന്നുള്ളതും അവരെ കുറഞ്ഞ ശമ്പളത്തിന് ലഭ്യമാക്കാം എന്നതുമാവാം കോർപറേറ്റ് സ്ഥാപനങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുന്ന ഒരു ഘടകം. ആരോഗ്യ രംഗത്തെ ഇത്തരം നിക്ഷേപങ്ങളിലൂടെ ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിയുമെന്ന നേട്ടം സംസ്ഥാനത്തിനുമുണ്ട്.
മെഡിക്കൽ ടൂറിസം ആണ് സമാനമായ മറ്റൊരു രംഗം. ടൂറിസം വികസന സാധ്യതക്കൊപ്പം ആഗോള നിലവാരത്തിലുള്ള ചികിത്സ നാട്ടുകാർക്കും ലഭ്യമാകുന്നു എന്ന നേട്ടവുമുണ്ട്. അതുകൊണ്ട്, ആരോഗ്യ രംഗത്തെ ആഗോള കോർപറേറ്റുകളുടെ വരവ് കൊണ്ട് കേരളത്തിന് നേട്ടങ്ങളുണ്ട്. അതു പോലെ ജനങ്ങളുടെ വർധിച്ച രോഗാതുരതയും ആരോഗ്യ ചെലവുകളും വെല്ലുവിളിയുമാണ്.
ഇതേവരെ കൈവരിച്ച നേട്ടങ്ങളെ കുറച്ചുകാണാതെ തന്നെ, പുതിയ വെല്ലുവിളികളെ വസ്തുനിഷ്ഠമായി വിലയിരുത്തി ഭാവി മാർഗങ്ങൾ കണ്ടെത്താൻ കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണ്. രോഗപ്രതിരോധത്തിന് മുൻഗണന നൽകുകയും പൊതു ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് മാത്രമേ ആരോ ഗ്യ രംഗത്ത് നാം നേരിടുന്ന വെല്ലു വിളികളെ തരണം ചെയ്യാനാവൂ.
രോഗാതുരത കുറക്കാൻ രോഗ- പ്രതിരോധത്തിന് പ്രാധാന്യം നൽകണം. വ്യായാമം ഇല്ലായ്മയാണ് കേരളത്തിൽ ജീവിത ശൈലീ രോഗ വ്യാപനത്തിന്റെ പ്രധാന കാരണം. ജീവിതശൈലീ രോഗ പ്രതിരോധത്തിന്റെ ഭാഗമായി കൂടുതൽ കളിസ്ഥലങ്ങളും നടപ്പാതകളും എല്ലായിടങ്ങളിലും വേണം. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാൻ പദ്ധതി വേണം.

ആരോഗ്യത്തെ നിർണയിക്കുന്ന സാമൂഹിക ഘടകങ്ങളിലെ വിടവുകൾ കണ്ടെത്തുകയും പരിഹരികുകയും വേണം. ഇപ്പോഴുള്ള മുപ്പത് ശതമാനം എന്നതിന് പകരം നൂറ് ശതമാനം ജനങ്ങൾക്കും ശുദ്ധീകരിച്ച കുടിവെള്ളം ഉറപ്പ് വരുത്തുന്നതിലൂടെ മാത്രമേ ജലജന്യ രോഗങ്ങൾ തടയാൻ സാധിക്കൂ. ഖര ദ്രവ മാലിന്യങ്ങളുടെ ശാസ്ത്രീയമായി സംസ്കരണം ഉറപ്പ് വരുത്താതെ എലിപ്പനിയും ഡെങ്കിപ്പനിയും തടയാനാവില്ല. മായം കലരാത്ത ശുചിയായ ഭക്ഷണം ഉറപ്പ് വരുത്താൻ ഭക്ഷ്യ സുരക്ഷാനിയമങ്ങൾ കർശനമായി നടപ്പാക്കേണ്ടിയിരിക്കുന്നു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന നിയമങ്ങൾ എല്ലാം ഫലപ്രദമായി നടപ്പാക്കാൻ ശക്തമായി ഒരു പൊതുജനാരോഗ്യ കേഡർ രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ചികിത്സാരംഗത്ത് പ്രാഥമികാരോഗ്യ തലം മുതൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ വരെ പൊതു ആരോഗ്യ സംവിധാനം ഉടച്ചുവാർക്കണം. അപകട-അത്യാഹിത ചികിത്സയും അർബുദ ചികിത്സയുമൊക്കെയാണ് ഏറ്റവുമധികം ചെലവേറിയതും സാധാരണക്കാർക്ക് താങ്ങാനാകാതെ വരുന്നതും. വൻകിട സ്വകാര്യ ആശുപത്രികൾക്ക് ഏറ്റവുമധികം വരുമാനമുണ്ടാകുന്നതും ഇതേ രംഗത്താണ്.
പൊതുമേഖലയിൽ നിലവിലെ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളെ ഉൾപ്പെടുത്തി മികച്ച ട്രോമ ആന്റ് എമർജൻസി കെയർ നെറ്റ് വർക്കിന് രൂപം നൽകിക്കൊണ്ട് മാത്രമേ ചെലവേറിയ ചികിത്സകൾ സാധാരണക്കാർക്ക് പ്രാപ്യമാക്കാനാവൂ. അതിന് ആരോഗ്യ വകുപ്പിന് കീഴിൽ സൂപ്പർ സ്പെഷ്യലിറ്റി കേഡർ വിപുലമാക്കണം. അതുപോലെ കാൻസർ പ്രതിരോധത്തിനും ചികിത്സക്കും വിപുലമായ സംവിധാനവും ആവശ്യമാണ്. മെഡിക്കൽ കോളജുകൾ ഉൾപ്പെടെ പൊതു ആരോഗ്യ സ്ഥാപനങ്ങളുടെ ചികിത്സാ നിലവാരം ഉയർത്താൻ അവിടങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം കൂടി ഉറപ്പ് വരുത്തുന്നതിലൂടെ മാത്രമേ ചികിത്സാ നിലവാരം ഇനിയും മെച്ചപ്പെടുത്താൻ സാധിക്കൂ. ആരോഗ്യ രംഗത്തെ പൊതു സ്വകാര്യ പങ്കാളിത്തത്തെ കുറിച്ചും ചിന്തിക്കേണ്ടി വരും.
ആരോഗ്യ ഗവേഷണമാണ് പൊതുമേഖലയിൽ ഇനിയും ഏറെ മുന്നോട്ട് പോകേണ്ട ഏറ്റ വും പ്രധാനപ്പെട്ട രംഗം. കേരളത്തിലെ ഇപ്പോഴത്തെ രോഗാതുരതക്ക് കാരണവും പരിഹാരവും കണ്ടെത്താൻ മികച്ച ഗവേഷണങ്ങൾ അനിവാര്യമാണ്.
ചുരുക്കത്തിൽ, രോഗപ്രതിരോധത്തിന് പ്രാധാന്യം നൽകുകയും പൊതു ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ നമ്മുടെ രോഗാതുരതയും ചികിത്സാ ചെലവുകളും ഇനിയും ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ട് എന്നത് തന്നെയാണ് ആരോഗ്യ രംഗത്തെ നിലവിലെ മാറ്റങ്ങൾ നൽകുന്ന സൂചന.
READ: ‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

