അപകടകരമായ ആൻറിബയോട്ടിക്​ ദുരുപയോഗം; ഒരു ആഗോള ഭീഷണിയെക്കുറിച്ച്​…

ഏതെങ്കിലുമൊരു രോഗാണുബാധയ്ക്ക് ഏതെങ്കിലും ആന്റിബാക്ടീരിയല്‍ / ആന്റിബയോട്ടിക്​ മരുന്നുകള്‍ കഴിക്കുന്നതിലൂടെ,​ നാമറിയാതെത്തന്നെ രോഗാണുക്കളുടെ അതിജീവനത്തില്‍ നമ്മൾ പങ്കാളികളാകുകയാണ്​ ചെയ്യുന്നത്​. അതിനു മാറ്റം വരണമെങ്കില്‍ രോഗാണുക്കളുടെ അതിജീവനത്തില്‍ നമുക്ക് എത്രമാത്രം പങ്കുണ്ടെന്നറിയേണ്ടത് അത്യാവശ്യമാണ്. ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഒരു ആഗോളഭീഷണിയാകുന്ന സാഹചര്യത്തിൽ, ആൻറിബയോട്ടിക്കുകളുടെ ശാസ്​​ത്രീയ ഉപയോഗത്തെക്കുറിച്ച്​ ഒരു വിശകലനം.

ഴിഞ്ഞ ദിവസം എന്റെ അണപ്പല്ല് (wisdom tooth) ദന്തഡോക്ടര്‍ പറിച്ചെടുത്തു. ശരിക്കും അതൊരു സര്‍ജറി ആയിരുന്നു എന്നാണ് കണ്‍സെൻറ്​ ഒപ്പിടുവിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, കൂടാതെ മോണയുടെ എല്ലുവരെ കുത്തിത്തുരന്ന് ഒരു പല്ല് അടച്ചുതന്നു. വായ മൊത്തം മരവിച്ചാണ് പുറത്തുവന്നത്. സാധാരണഗതിയില്‍ അണുബാധയുണ്ടാകാതിരിക്കാൻ ഉള്ളില്‍ കഴിക്കാൻ ഒരു ആന്റിബയോട്ടിക്ക് ഡോക്ടര്‍ കുറിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്റെ പ്രതീക്ഷ പാടെ തെറ്റി, ക്ലോര്‍ഹെക്‌സിഡിന്‍ എന്ന ഒരു ആന്റിബാക്റ്റീരിയല്‍ മൗത് വാഷ് മാത്രമാണ് കുറിപ്പടിയായി കിട്ടിയത്. ഏഴു ദിവസം തുടര്‍ച്ചയായി അതുപയോഗിച്ച് ഞാന്‍ സുഖം പ്രാപിച്ചു.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകള്‍ ആഗോളതലത്തിലായും ഓരോരോ രാജ്യങ്ങളുടെതായും ഉള്ള ഗൈഡ്ലൈന്‍സ് അനുസരിച്ചാണ് ആന്റിബയോട്ടിക്കുകള്‍ ഉപയോഗപ്പെടുത്തുന്നത്. കാരണം ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (Antimicrobial resistance-AMR) എന്നത് ആഗോളത്തിലുള്ള ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു.

നിലവിലുള്ള ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനം തരണം ചെയ്യാന്‍ ബാക്റ്റീരിയ പോലുള്ള സൂക്ഷ്മാണുക്കള്‍ അതിന്റെ ഘടനയില്‍ മ്യുട്ടേഷന്‍ വഴിയോ പ്രവര്‍ത്തനരീതി മാറ്റിയോ പുതിയ അതിജീവനമാര്‍ഗം കണ്ടുപിടിക്കുകയും അതുവഴി ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനത്തെ നിര്‍വീര്യമാക്കാന്‍ പാകത്തിലുള്ള, മുമ്പത്തേതിനേക്കാള്‍ ശക്തികൂടിയ തലമുറയെ, പുതിയ സ്ട്രെയിന്‍ ആയ അണുക്കളെ ഉണ്ടാക്കി, ആന്റിബയോട്ടിക്​ മരുന്നുകള്‍ ഫലപ്രദമാകാതെ വരുന്നതിനെയാണ് ആന്റിബാക്റ്റീരിയല്‍ / ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് അഥവാ ആൻറി ബയോട്ടിക്കിനോടുള്ള പ്രതിരോധം എന്ന് പൊതുവെ പറയുന്നത്.

അപകടകാരികളായ സൂക്ഷ്മാണുക്കളെ കൊല്ലുകയോ അവയുടെ വളര്‍ച്ച തടയുകയോ ചെയ്യുന്നതിന് ബാക്റ്റീരിയ, ഫംഗസ്, വൈറസ് തുടങ്ങിയ സൂക്ഷ്മാണുക്കള്‍ സ്വയം ഉണ്ടാക്കുന്ന രാസവസ്തുക്കളാണ് ആന്റിബയോട്ടിക്കുകള്‍. ഉദാഹരണമായി, പ്രകൃതിദത്ത പെനിസില്ലിന്‍, പെനിസിലിയം നൊട്ടേറ്റം (Penicillium Notatum) എന്ന മോള്‍ഡില്‍ നിന്നും, സെഫലോസ്ഫോറിന്‍, സെഫലോസ്ഫോറിയം (Cephalosporium) എന്ന മോള്‍ഡില്‍ നിന്നുമാണ് ലഭിക്കുന്നത്.

ബാക്ടീരിയയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന രാസവസ്തു ഇത്തരം സൂക്ഷമാണുക്കളുടെ മോള്‍ഡില്‍ നിന്ന്​ വേര്‍തിരിച്ചെടുത്ത് ശുദ്ധീകരിച്ച്,​ മനുഷ്യശരീരത്തില്‍ അവയ്ക്കു നശിപ്പിക്കാനാകുന്ന ബാക്ടീരിയ കടന്നുകൂടുമ്പോള്‍ മരുന്നായി ഉപയോഗിക്കുകയാണ് ആദ്യം ചെയ്തത്. പിന്നിട് ഇത്തരം രാസവസ്തുവിന്റെ ഘടന മനസ്സിലാക്കി, ചില മാറ്റങ്ങള്‍ വരുത്തി അവയെ പാതി കൃത്രിമമായും പൂര്‍ണമായും കൃത്രിമമായും ഉണ്ടാക്കാമെന്നതിലേക്ക് പുരോഗമിച്ചു. പ്രകൃതിദത്ത പെനിലിനില്‍നിന്ന് അമോക്സിസിലിനും ആമ്പിസിലിനും വികസിപ്പിച്ചെടുത്തത് ഇതിനുദാഹരണമാണ്.

പ്രകൃതിദത്ത പെൻസിലിന്‍ എന്ന ആന്റിബിയോട്ടിക്കിനെ നിര്‍വീര്യമാക്കാൻ ചിലതരം ബാക്റ്റീരിയ പെനിസിലിനേസ് ഉള്‍പ്പെടുന്ന പലതരം എന്‍സൈമുകള്‍ ഉണ്ടാക്കിയപ്പോഴാണ് നമുക്ക് ശക്തികൂടിയ പലതരം കൃത്രിമ / സിന്തറ്റിക് പെൻസിലിനുകള്‍ ഉണ്ടാക്കേണ്ടിവന്നത്. ഇത്​ ബാക്റ്റീരിയല്‍ റെസിസ്റ്റന്‍സിന്റെ ഒരുദാഹരണം മാത്രമാണ്. മ്യുട്ടേഷന്‍ എന്നത് അതിജീവനത്തിന്റെ ഭാഗമായി ഈ സൂക്ഷമാണുക്കളില്‍ കുറച്ചു സമയമെടുത്തു നടക്കുന്ന പ്രക്രിയയാണ്. പക്ഷെ ആന്റിബയോട്ടിക്കുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നില്ലെങ്കില്‍ ഈ സൂക്ഷമാണുക്കളുടെ പലതരത്തിലുള്ള അതിജീവനം വളരെ വേഗത കൂടിയ നിരക്കില്‍ സംഭവിക്കുന്നു എന്നതാണ് വ്യത്യാസം.

നിലവിലുള്ള ആന്റിബയോട്ടിക്കുകള്‍ പുതിയ സ്ട്രെയ്നിനെതിരെ ഫലപ്രദമാവില്ല. അപ്പോള്‍ ഒന്നുകില്‍ ശക്തികൂടിയ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുക അല്ലെങ്കില്‍ വിവിധതരം മെക്കാനിസം വഴി അണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന രണ്ടോ അതിലധികമോ ആന്റിബയോട്ടിക്കുകള്‍ ഒരുമിച്ച് ഉപയോഗിക്കുക എന്നതാണ് ഈ സാഹചര്യത്തില്‍ ചെയ്യാവുന്നത്. അത് ശരീരത്തിനെ എങ്ങനെ​ പ്രതികൂലമായി ബാധിക്കും എന്നതും പ്രധാനമാണ്.

പുതിയ സ്ട്രെയ്നിനെ നശിപ്പിക്കാന്‍ ശക്തിയുള്ള പുതിയ മരുന്നുകള്‍ അത്രയും വേഗതയില്‍ നമുക്ക് വികസിപ്പിച്ചെടുക്കാന്‍ ഒരുപാട് കടമ്പകളുണ്ട്. നിലവിലുള്ള ആന്റിബയോട്ടിക്കിനേക്കാള്‍ ശക്തിയുള്ള പുതിയ ആന്റിബയോട്ടിക്കുകള്‍ വികസിപ്പിച്ചെടുക്കേണ്ട ഗവേഷണമാണ് പ്രധാന വെല്ലുവിളി.

ഏതു പ്രവര്‍ത്തനരീതി വഴിയാണ് ബാക്ടീരിയ ഒരു മരുന്നിനെതിരെ അതിജീവനം ആര്‍ജ്ജിക്കുന്നതെന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. അതിനുശേഷം ആ പ്രത്യേകരീതിക്കെതിരെ പ്രവര്‍ത്തിക്കുന്ന രാസപദാര്‍ത്ഥം കണ്ടെത്തുകയാണ് ആദ്യപടി. അത് മനുഷ്യനില്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടോ, സാധാരണ കോശങ്ങളെ എത്രമാത്രം വിപരീതമായി ഇത് ബാധിക്കും, അനന്തരഫലങ്ങള്‍ എന്തൊക്കെയാണ് എന്നൊക്കെ മനസ്സിലാക്കിയശേഷം മാത്രമേ മരുന്നു വികസിപ്പിക്കാന്‍ സാധിക്കൂ. അതിനേറെ സമയവും പണച്ചെലവും സാവകാശവും വേണം.

സ്വയം പ്രതിരോധത്തിനുള്ള കഴിവുള്ളതുകൊണ്ട് പല വിഭാഗത്തില്‍പ്പെട്ട സൂക്ഷമാണുക്കള്‍ പലതരം മെക്കാനിസം വഴിയാണ് ആന്റിബാക്റ്റീരിയല്‍ മരുന്നുകളെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത്.

ഡി. എന്‍. എ. യുടെ അടിസ്ഥാനഘടകങ്ങളില്‍ (basic units) മാറ്റം വരുത്തി ജീനിന്റെ ഘടന മാറ്റുകയാണ് മ്യൂട്ടേഷനില്‍ നടക്കുന്നത്. ചിലപ്പോള്‍ ഒറ്റയ്ക്കൊറ്റയ്ക്കുള്ള അടിസ്ഥാനഘടകങ്ങളെ ഒഴിവാക്കുകയോ (Deletion), കൂട്ടിച്ചേര്‍ക്കുകയോ (Insertion) ചെയ്യുന്നു. മറ്റു ചിലപ്പോള്‍ ജീനുകളുടെയോ ക്രോമസോമുകളുടെയോ വലിയ ഭാഗങ്ങളുടെ പുനഃക്രമീകരണം (Rearrangements) നടത്തുന്നു. മരുന്നുകളെ അതിജീവിക്കാന്‍ കഴിവുള്ള പുതിയ തലമുറ (Variant form) ഇങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു.

മറ്റൊരു രീതിയില്‍, ബാക്ടീരിയയ്ക്ക് നിലവിലുള്ള മരുന്നിനെതിരെ രാസാഗ്‌നികളുണ്ടാക്കി മരുന്നിനെ നിര്‍വീര്യമാക്കാന്‍ പറ്റും. കൂടാതെ, മരുന്ന് എത്തേണ്ടിടത്തെത്താതെ പുറംതള്ളാനും മരുന്നിന്റെ ശരിയായ ഫലം ലഭിക്കാത്തവിധം അതിനെ വിഘടിപ്പിച്ച് കളയാനുമൊക്കെ പ്രാപ്തിയുള്ളവയായിരിക്കും അതിജീവനം ലഭിച്ച പുതിയ അണുക്കള്‍.

മരുന്നുകളെ അതിജീവിക്കുന്ന ജീനുകള്‍ ഉണ്ടാക്കി അവയെ കൈമാറുകയാണ് വേറൊരു മെക്കാനിസത്തില്‍ പ്രധാനമായും നടക്കുന്നത്. കോണ്‍ജുഗേഷന്‍ (Conjugation), ട്രാന്‍സ്ഫോര്‍മേഷന്‍ (Tranformation), ട്രാന്‍സ്ഡക്ഷന്‍ (Transduction) എന്നീ രീതികളിലൂടെയാണ് മറ്റ് അണുക്കളില്‍നിന്ന് സ്വായത്തമാക്കുന്ന ഈ മാര്‍ഗ്ഗത്തില്‍ അതിജീവനം സാദ്ധ്യമാകുന്നത്. മരുന്നുകളെ അതിജീവിക്കുന്ന ജീനുകള്‍ ഉണ്ടാക്കി അവയെ കൈമാറുകയാണ് ഇതില്‍ പ്രധാനമായും നടക്കുന്നത്.

ആന്റിബാക്റ്റീരിയല്‍ മരുന്നുകള്‍ക്കതിരെ പ്രവര്‍ത്തിക്കുന്ന മരുന്നുകളെ അവയുടെ പ്രവര്‍ത്തനരീതിയനുസരിച്ചാണ് തരംതിരിച്ചിരിക്കുന്നത്. കോശഭിത്തിയുടെ നിര്‍മ്മാണത്തെ തടസ്സപ്പെടുത്തി ബാക്ടീരിയയെ നശിപ്പിക്കുന്നവയാണ് ചിലവ. ബീറ്റാലാക്ടം എന്ന വിഭാഗത്തില്‍പ്പെടുന്നവയാണിവ. പെനിസില്ലിന്‍, സെഫലോസ്ഫോറിന്‍ എന്നിവയാണ് ഉദാഹരണങ്ങള്‍. മാക്രോലൈഡ് (അസിത്രോമൈസിന്‍, എറിത്രോമൈസിന്‍ ക്ലാരിത്രോമൈസിന്‍ എന്നിവ ഉദാഹരണം), ടെറ്റ്രാസൈക്ലിന്‍ എന്നിവ ബാക്ടീരിയായിലെ പ്രോട്ടീന്‍ നിര്‍മ്മാണത്തെ തടസ്സപ്പെടുത്തുന്ന വിഭാഗത്തില്‍പ്പെടുന്നു.

ഫ്ലൂറോ ക്വിനോലോണ്‍ വിഭാഗത്തില്‍പ്പെട്ട ആന്റിബാക്റ്റീരിയല്‍ മരുന്നുകള്‍ (സിപ്രോഫ്‌ലോക്സാസിന്‍ ഉദാഹരണം), ക്ഷയരോഗത്തിനെതിരെ ഉപയോഗിക്കുന്ന റിഫാമ്പിസിന്‍ (റിഫാംബിന്‍), എന്നിവ ബാക്ടീരിയായിലെ നൂക്ലിക് ആസിഡ് നിര്‍മ്മാണത്തെ തടസ്സപ്പെടുത്തി അവയെ നശിപ്പിക്കും. ട്രൈമെതൊപ്രിം (Trimethoprim) സള്‍ഫാമെതോക്സസോള്‍ (Sulfamethoxazole) എന്നിവയുടെ സംയുക്തം ബാക്റ്റീരിയായിലെ മെറ്റബോളിസത്തെയാണ് തടസ്സപ്പെടുത്തുന്നത്. പോളിമിക്സിന്‍ (Plymixin), ഡാപ്റ്റോമൈസിന്‍ (Daptomycin) എന്നിവ ബാക്ടീരിയായുടെ ആവരണത്തിന്റെ ഘടനയെ തകര്‍ക്കുന്നു. ഇങ്ങനെ പലവിധത്തില്‍ ബാക്ടീരിയയെ നശിപ്പിക്കണമെങ്കില്‍ അതിന് ഒരു പ്രത്യേക അളവ് ആന്റിബയോട്ടിക് പ്രത്യേക സമയത്തേക്ക് ശരീരത്തില്‍ മരുന്നായി നിലനിര്‍ത്തേണ്ടതുണ്ട്. ശരീരത്തില്‍ എത്രസമയത്തേക്ക് ഒരു പ്രത്യേക മരുന്നിന്റെ പ്രവര്‍ത്തനസമയം ഉണ്ടാകുമെന്നതിനനുസരിച്ചാണ് അത് ഒരു നേരമോ രണ്ടു നേരമോ മൂന്നു നേരമോ നാലു മണിക്കൂര്‍ ഇടവിട്ടോ എന്നൊക്കെ തീരുമാനിക്കപ്പെടുന്നത്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന സമയക്രമമനുസരിച്ച് നിര്‍ദ്ദേശിക്കുന്ന കാലയളവുവരെ തുടര്‍ച്ചയായി കഴിച്ചാലേ ആന്റിബയോട്ടിക്കിന് ബാക്ടീരിയായെ പൂര്‍ണ്ണമായും നശിപ്പിക്കാനാകൂ. കുറഞ്ഞ അളവിലും ക്രമം തെറ്റിയും പകുതി ദിവസം കഴിച്ചു നിര്‍ത്തുന്നതുമെല്ലാം മരുന്നിനെതിരെ ബാക്ടീരിയയുടെ അതിജീവനത്തിനു വഴി തെളിക്കും.

ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനത്തെപ്പറ്റി പഠിക്കുന്നത് ഏറ്റവും കുറഞ്ഞ തടസ്സപ്പെടുത്തല്‍ വലയം (Minimum Inhibitory zone ) എന്നതിനെപ്പറ്റി ഗവേഷണം നടത്തികണക്കിലെടുത്താണ്. ഒരു പ്രത്യേക രോഗാണുവിനെ അനുയോജ്യമായ സാഹചര്യത്തില്‍വളരാനനുവദിച്ചശേഷം (Incubation) അതിനെ നശിപ്പിക്കുവാന്‍ ശക്തിയുള്ള ആന്റിബയോട്ടിക് (ആന്റിബാക്ടീരിയല്‍) ആ ഭാഗത്തേക്ക് ഒഴിക്കുന്നു. പിന്നീടുള്ള നിരീക്ഷണത്തില്‍ ഈ പ്രത്യേക ആന്റിബയോട്ടിക്കിന് ആ രോഗാണുവിനെ നശിപ്പിക്കാനാവുമെങ്കില്‍ അത് എത്ര വ്യാപ്തിയിലാണെന്നത് കണ്ടുപിടിക്കുന്നു. അങ്ങനെ ഒരു പ്രത്യേക രോഗാണുവിന്റെ വളര്‍ച്ച തടസ്സപ്പെടുത്താനാവുന്ന ആന്റിബാക്ടീരിയല്‍ മരുന്നിന്റെ ഏറ്റവും കുറഞ്ഞ അളവാണ് മിനിമം ഇന്‍ഹിബിറ്ററി കോണ്‍സെൻട്രേഷൻ. പുതിയ ആന്റിബയോട്ടിക് ഉണ്ടാക്കുമ്പോള്‍ അതിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാനും ഇത് പ്രയോജനപ്രദമാക്കും. ഏത് ആന്റിബയോട്ടിക് ഏത് രോഗാണുവിനെതിരെ ഫലപ്രദമാകുമെന്നറിയാനും പരീക്ഷണം വളരെ പ്രയോജനപ്പെടും. ഉദാഹരണമായി, മൂത്രത്തില്‍ പഴുപ്പ് (urinary tract infection) എന്ന രോഗാണുബാധ പ്രഥമമായുള്ള /സാധാരണയായുള്ള എംപിരിക്കല്‍ ചികിത്സകൊണ്ട് (Empirical treatment) പൂര്‍ണമായും മാറാതെ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ടെങ്കില്‍ യൂറിന്‍ കള്‍ച്ചര്‍ ചെയ്യുന്നതിലൂടെ, ഏതു ഏതു പ്രത്യേക രോഗാണുവാണ് അതിനു കാരണമാകുന്നതെന്ന് കണ്ടുപിടിക്കാന്‍ സാധിക്കും. ആ കള്‍ച്ചറിലേക്ക് പലതരം ആന്റിബയോട്ടിക്കുകള്‍ കടത്തിവിട്ട് ആന്റിബയോട്ടിക്കുകളുടെ മിനിമം ഇന്‍ഹിബിറ്ററി സോണ്‍ കണക്കാക്കുന്നതുവഴി ഏതു ആന്റിബയോട്ടിക്കാണ് ആ പ്രത്യേക അണുക്കളെ നശിപ്പിക്കുന്നതെന്ന് മനസ്സിലാക്കി ഫലപ്രദമായി ചികില്‍സിക്കാന്‍ സാധിക്കും. ഇതൊന്നുമറിയാതെയാണ് പലപ്പോഴും ഏതെങ്കിലുമൊക്കെ രോഗാണുബാധയ്ക്ക് ഏതെങ്കിലുമൊക്കെ ആന്റിബാക്ടീരിയല്‍ / ആന്റിബയോട്ടിക്​ മരുന്നുകള്‍ നാം കഴിക്കുന്നതും അങ്ങനെ നാമറിയാതെത്തന്നെ രോഗാണുക്കളുടെ അതിജീവനത്തില്‍ പങ്കാളികളാകുന്നതും. അതിനു മാറ്റം വരണമെങ്കില്‍ രോഗാണുക്കളുടെ അതിജീവനത്തില്‍ നമുക്ക് എത്രമാത്രം പങ്കുണ്ടെന്നറിയേണ്ടത് വളരെ അത്യാവശ്യമാണ്.

രോഗാണുബാധയുടെ തീവ്രതയ്ക്കനുസരിച്ചാണ് ഡോക്ടര്‍ ആന്റിബയോട്ടിക്കിന്റെ അളവും അതു കഴിക്കേണ്ട കാലയളവും തീരുമാനിക്കുന്നത്. ഒന്നു വീതം മൂന്നു നേരം കഴിക്കണമെന്ന്​ ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ രാവിലെ ഒന്നു ഗുളിക കഴിച്ചിട്ട് വൈകുന്നേരമാകുമ്പോള്‍ ഉച്ചനേരത്തു കഴിക്കാനുള്ളതും രാത്രിയില്‍ കഴിക്കാനുള്ളതും ഒരുമിച്ചു രണ്ടെണ്ണം കഴിക്കുന്നത് വളരെ അപകടം ചെയ്യും. കാരണം, രാവിലെ കഴിച്ചുകഴിയുമ്പോള്‍ മരുന്നിന്റെ പ്രവര്‍ത്തനം തുടങ്ങുമെങ്കിലും വൈകുന്നേരം വരെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ കഴിയാതെവരുന്ന സാഹചര്യത്തില്‍ അതിജീവനം നടക്കുവാനുള്ള രീതികള്‍ അബലംബിക്കാനുള്ള സമയം സൂക്ഷ്മാണുക്കള്‍ക്കു ലഭിക്കും. വീണ്ടും ഈ രീതി തുടരുന്നതും, അസുഖം കുറഞ്ഞു എന്നു തോന്നുമ്പോള്‍ ആന്റിബയോട്ടിക്കുപയോഗം കുറയുന്നതും മരുന്നിനെ എതിര്‍ക്കാനുള്ള പുതിയ ജനുസ്സുകളെ ഉത്പാദിപ്പിക്കാൻ അവസരമൊരുക്കും.

എല്ലാ ആന്റിബയോട്ടിക്കുകളും എല്ലാത്തരം രോഗാണുബാധക്കും യോജിക്കുന്നതല്ല. പ്രത്യേകതരം രോഗാണുക്കള്‍ക്കനുസരിച്ച് പ്രത്യേകം ആൻറിബയോട്ടിക്കുകളാണ് ഉപയോഗിക്കേണ്ടത്. അങ്ങനെ വരുമ്പോള്‍ തെറ്റായ രോഗനിര്‍ണ്ണയവും അതേ തുടര്‍ന്ന് യോജിക്കാത്ത ആന്റിബയോട്ടിക്കുപയോഗവും അതിജീവനത്തിന് വഴിതെളിക്കുന്ന മറ്റൊരു കാര്യമാണ്. തൊണ്ടവേദന, മൂത്രത്തില്‍ പഴുപ്പ് എന്നിവയ്ക്ക് ശരിയായ ആന്റിബയോട്ടിക്ക് ഏതെന്നറിയാതെ രോഗി സ്വയംചികിത്സ നടത്തുമ്പോഴും രോഗാണുക്കള്‍ മരുന്നിനെതിരെ അതിജീവനം പ്രാപിക്കുന്നതിനുള്ള സാഹചര്യമാണുണ്ടാകുന്നത്.

ആന്റിബയോട്ടിക്കിനെ അതിജീവിച്ച രോഗാണുക്കളാണ് പിന്നീട് മനുഷ്യശരീരത്തെ ആക്രമിക്കുന്നത്. മരുന്ന് ഫലപ്രദമാകില്ല, മാത്രമല്ല, രോഗം പടരുകയും ചെയ്യും. ശക്തികൂടിയ മരുന്ന് കൂടിയ അളവില്‍ കൂടുതല്‍ കാലയളവിൽ കഴിക്കേണ്ടിവരും. ചിലപ്പോള്‍ ഒന്നിലധികം വിഭാഗത്തിപ്പെട്ട ആന്റിബയോട്ടിക്കുകള്‍ ഒരുമിച്ച് കൂടിയ കാലം കഴിക്കേണ്ടി വരും. ആ സ്ഥിതിവന്നാല്‍ശരീരത്തിലുള്ള ഉപകാരികളായ സൂക്ഷ്മജീവികളുടെ സന്തുലനാവസ്ഥയെ അത് തകിടം മറിക്കും. മലേറിയ, ഇന്‍ഫ്ലുവെന്‍സ, എയ്ഡ്സ് എന്നിവയ്ക്കൊക്കെയുള്ള മരുന്നുകള്‍ക്കെതിരെ അതിജീവനം പ്രാപിച്ച രോഗാണുക്കളാണിപ്പോഴുള്ളത്. ആന്റിബയോട്ടിക് യുഗത്തിനു മുമ്പ് ഒരു കാലം (Pre Antibiotic Era) ഉണ്ടായിരുന്നതുപോലെ ആന്റിബയോട്ടിക്ക് യുഗത്തിനുശേഷം (Post Antibiotic Era) എന്ന ഒരു കാലത്തേക്കായിരിക്കും ഇനി നമ്മള്‍ പോവുക എന്നത് ലോകാരോഗ്യസംഘടന പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു. അതാകട്ടെ വളരെ ഭീകരവും.

ആന്റി ബയോട്ടിക്കുകള്‍ ശരിയായ വിധത്തിലാണോ നമ്മള്‍ ഉപയോഗിക്കുന്നത്? ഫ്ലൂ, തൊണ്ടവീക്കം തുടങ്ങി വൈറസു മൂലമുണ്ടാകുന്ന രോഗാണുബാധക്ക് ആന്റിബയോട്ടിക്കുകള്‍ സ്വയം ചികിത്സയുടെ ഭാഗമായി ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉപയോഗിക്കുകയോ ആന്റിബയോട്ടിക് കുറിച്ച് തരാന്‍ ഡോക്ടറെ നിര്‍ബന്ധിച്ചിട്ട് അതുപ്രകാരം കഴിച്ച് സുഖമാകാനുള്ള വഴികള്‍ തേടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ആന്റിബയോട്ടിക് ദുരുപയോഗത്തിന്​ നല്ല ഉദാഹരണമാണ്​. വൈറസുകൊണ്ടുണ്ടാകുന്ന അണുബാധയ്ക്ക് ആന്റിബാക്ടീരിയല്‍ എന്ന വിഭാഗം ആന്റിബയോട്ടിക് കഴിക്കുമ്പോള്‍ നമ്മള്‍ ആന്റിബാക്റ്റീരിയല്‍ റെസിസ്റ്റന്‍സ് എന്ന ഒരു വലിയ വിപത്തില്‍ പങ്കാളികളാകുകയാണ്.

വൈറസ്, ഫംഗസ് തുടങ്ങിയ രോഗാണുബാധക്ക് ബാക്ടീരിയയ്ക്കെതിരെ കഴിക്കേണ്ട ആന്റിബയോട്ടിക്കുകള്‍ പ്രയോജനപ്പെടില്ല. വൈറസ്​ ബാധ പിടിപെട്ട് രോഗാതുരമായ, പ്രതിരോധശേഷി കുറഞ്ഞ ശരീരത്തില്‍ ബാക്റ്റീരിയ കൂടി കടന്നുകൂടി രണ്ടാമത്തെ അണുബാധയായി (secondary infection) അസുഖമുണ്ടായി, ബാക്ടീരിയയ്ക്കെതിരെ ഡോക്ടര്‍ ആന്റിബയോട്ടിക് കുറിക്കുന്നുവെങ്കില്‍ രണ്ടാമത്തെ വിഭാഗം അണുബാധയ്ക്ക് ആന്റിബയോട്ടിക് ഫലപ്രദമാണ്.

ഡോക്ടര്‍ ഏഴു ദിവസത്തേക്കോ പത്തു ദിവസത്തേക്കോ ആന്റിബയോട്ടിക്ക് കുറിച്ചുതരുമ്പോള്‍ പകുതി ദിവസത്തേക്കുള്ള ആന്റിബയോട്ടിക് വാങ്ങി കഴിക്കുന്നതും അല്ലെങ്കില്‍ ഒന്നുരണ്ടു ദിവസം കഴിഞ്ഞ്​, കുറച്ചു സുഖമായി എന്ന് തോന്നുമ്പോള്‍, ഇടക്കുവെച്ചു നിര്‍ത്തുന്നതും ആന്റിബയോട്ടിക് ദുരുപയോഗത്തിന്​ മറ്റൊരു ദാഹരണമാണ്.

ഇനി വേറൊരാള്‍ക്ക് ഡോക്ടര്‍ കുറിച്ച ആന്റിബയോട്ടിക് വീട്ടിലുണ്ടെങ്കില്‍, സമാന ലക്ഷണം അനുഭവപ്പെടുമ്പോള്‍ ഉപയോഗിക്കുന്നതും എന്തെങ്കിലും തരം അണുബാധയുണ്ടാകുമ്പോള്‍ ഡോക്ടറെ കാണാതെ ഏതെങ്കിലുമൊരു ആന്റിബയോട്ടിക് കഴിക്കുന്നതും ആന്റിബയോട്ടിക് ദുരുപയോഗമാണ്​. ഇങ്ങനെ ചെയ്യുമ്പോഴും ആന്റി ബാക്റ്റീരിയല്‍ റെസിസ്റ്റന്‍സ് എന്ന മഹാവിപത്തിന്​ നമ്മള്‍ പങ്കുകാരാവുകയാണ്.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ചിലപ്പോഴൊക്കെ ഓവര്‍ പ്രിസ്‌ക്രൈബിങ്ങിലൂടെ ആന്റിബാക്റ്റീരിയല്‍ റെസിസ്റ്റന്‍സിന്റെ ഭാഗമാകാറുണ്ട്. ആന്റിബയോട്ടിക്കിന്റെ ചെറിയ ഡോസ് ഉപയോഗിക്കേണ്ട അവസ്​ഥയിൽ കൂടുതല്‍ ഡോസ് കുറിക്കുക, ഒരു പ്രത്യേക രോഗാണുവിനെ നശിപ്പിക്കാൻ വിശാലമായ പ്രവര്‍ത്തനമുള്ള ബ്രോഡ് സ്‌പെക്ട്രം ആന്റിബയോട്ടിക് ഉപയോഗിക്കുക, ആന്റി ബയോട്ടിക് ആവശ്യമില്ലെങ്കിലും അതുപയോഗിക്കാൻ നിര്‍ദ്ദേശിക്കുക എന്നതൊക്കെ ഓവര്‍ പ്രിസ്‌ക്രൈബിങ്ങിന്​ ഉദാഹരണങ്ങളാണ്.

ഇപ്പോള്‍, ക്ഷയരോഗത്തിന്റെ കാര്യത്തിലാണ് പൂര്‍ണമായ ആന്റിബയോട്ടിക്കിനോടുള്ള പ്രതിരോധം (Totally drug resistance) എന്ന അവസ്ഥയുള്ളത്. അതുകൊണ്ടുതന്നെ ആ അവസ്ഥ ക്ഷയരോഗം നിയന്ത്രിക്കുന്നതിൽ ആഗോളതലത്തില്‍ വലിയ ഭീഷണിയാണ്. ഒരു ആന്റിബയോട്ടിനോടുള്ള പ്രതിരോധത്തില്‍ (single drug resistance) നിന്ന് ആരംഭിച്ച് പലതരം ആന്റിബയോട്ടിക്കിനോടുള്ള പ്രതിരോധം, (multi drug resistance) പിന്നെ വ്യാപകമായ പ്രതിരോധം (extensively drug resistance)- അങ്ങനെ പുരോഗമിച്ചാണ് ക്ഷയരോഗം അഥവാ ട്യൂബെര്‍ക്കുലോസിസിന്റെ മൈക്കോബാക്റ്റീരിയം എന്ന ബാക്റ്റീരിയ ടോട്ടലി ഡ്രഗ് റെസിസ്റ്റന്‍സ് എന്ന അവസ്ഥയിലേക്ക് വന്ന് ആഗോളതലത്തില്‍ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നത്.

2018-ലെ ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തില്‍ അഞ്ചു ലക്ഷത്തോളം പുതിയ ക്ഷയരോഗത്തിന്റെ കേസുകള്‍ ക്ഷയരോഗത്തിനെതിരെ ഉപയോഗിക്കുന്ന റിഫാമ്പിസിന്‍ (റിഫാംബിന്‍), എന്ന മരുന്നിനെതിരെ അതിജീവനം പ്രാപിച്ചതായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. അതില്‍ ഭൂരിഭാഗം രോഗാണുക്കളും മള്‍ട്ടി ഡ്രഗ് റെസിസ്റ്റൻറ്​ ആണ്. അതായത് ഈ വിഭാഗം ക്ഷയരോഗാണുക്കളെ ക്ഷയരോഗത്തിനെതിരെ പ്രവര്‍ത്തിക്കുന്ന കടുത്ത രണ്ടു തരം ആന്റിബയോട്ടിക്കുകള്‍ക്കും നശിപ്പിക്കാനാവില്ല എന്നര്‍ത്ഥം. അപ്പോള്‍ മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്റ് - ട്യൂബര്‍സുക്കോസിസ് എന്ന അസുഖം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ പലതരം ആന്റിബയോട്ടിക്കുകള്‍ പ്രത്യേക രീതിയില്‍ ദീര്‍ഘനാള്‍ ഉപയോഗിച്ചാലേ സുഖം പ്രാപിക്കാനാവൂ എന്ന അവസ്ഥ വരുന്നു.

ശരിയായ വിധം ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ ബാക്റ്റീരിയ പോലുള്ള മ്യൂട്ടേഷന്‍ വഴി പുതിയ സ്ട്രെയിന്‍ ഉണ്ടാക്കാന്‍ കഴിവുള്ള സൂക്ഷ്മാണുക്കള്‍ പരത്തുന്ന എല്ലാ രോഗങ്ങളുടെയും കാര്യത്തില്‍ ഇത്തരം ആന്റിബയോട്ടിക് റെസിസ്റ്റന്‍സ്, കാലക്രമേണ ടോട്ടലി ഡ്രഗ് റെസിസ്റ്റന്‍സ് എന്ന വിപത്തിലേക്ക് തന്നെ വന്നേക്കാം. ഭാവിയില്‍ നമ്മുടെ മക്കളും കൊച്ചുമക്കളുമൊക്കെ ഒരു ചെറിയ അണുബാധക്കുപോലും ഒന്നിലധികം ആന്റിബയോട്ടിക്കുകള്‍ കുറെ കാലത്തേക്ക് കഴിക്കേണ്ടതായോ ഒരുപക്ഷെ ഒരു ആന്റിബയോട്ടിക്കും ഫലപ്രദമാകാതെയോ വരും.

അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ നമ്മുടെ ശരീരത്തിലുള്ള നല്ല ബാക്ടീരിയകള്‍ക്കും വളരെ വേഗം മ്യുട്ടേഷന്‍ സംഭവിച്ചേക്കാം. ശരീരത്തെ സംരക്ഷിക്കുന്ന ഇത്തരം ബാക്ടീരിയകള്‍ മ്യൂട്ടേഷന്‍ വഴി രോഗാണുക്കളായോ ഉപദ്രവകാരികളായോ ആയി മാറിയേക്കാം. അവക്കെതിരെ പ്രവര്‍ത്തിക്കാന്‍ വീണ്ടും പുതിയ ശക്തി കൂടിയ മരുന്നുകള്‍ കണ്ടുപിടിക്കേണ്ടതായി വരുന്നത് വളരെ പ്രയത്​നവും സമയവും ആവശ്യമുള്ള കാര്യമാണ്.

അതുകൊണ്ട് ആന്റിബയോട്ടിക്കിന്റെ ശരിയായ ഉപയോഗത്തില്‍ ഉത്തരവാദിത്തബോധവും കാര്യവിചാരികത്വവും ഉള്ളവരായി മാറാന്‍ നമുക്ക് ശ്രമിക്കാം. അതിനായി ആരോഗ്യപ്രവര്‍ത്തകരും മരുന്നുപയോഗിക്കുന്ന നമ്മളും കരുതലോടെ പ്രവര്‍ത്തിക്കുക.

രോഗാണുക്കളുടെ അതിജീവനത്തെ നേരിടാന്‍/ ആന്റിബയോട്ടിക്കുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാന്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • പൊതുസ്ഥലങ്ങളില്‍ പോയി വരുമ്പോള്‍ കൈകള്‍ (ഇരുപതു സെക്കന്‍ഡില്‍ കുറയാതെ) സോപ്പുപയോഗിച്ച്​ വൃത്തിയായി കഴുകുക.

  • സാംക്രമികരോഗങ്ങളുള്ളവരുമായി അടുത്തിടപഴകാതെ ശ്രദ്ധിക്കുക. കുട്ടികള്‍ക്ക് വൈറല്‍ പനി, മറ്റു പകരുന്ന രോഗങ്ങള്‍ എന്നിവ വരുമ്പോള്‍ അവരെ സ്‌കൂളില്‍ വിടാതിരിക്കുന്നത് മറ്റു കുട്ടികളിലേക്ക് ഇത് പകരാതിരിക്കാന്‍ സഹായിക്കും.

  • വൈറസുകൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ക്ക് അതാതു സമയങ്ങളില്‍ വാക്സിനേഷന്‍ എടുക്കുക.

  • ഡോക്ടറുടെ കുറിപ്പടിയോടുകൂടി മാത്രം ആന്റിബയോട്ടിക്കുകള്‍ വാങ്ങി ഉപയോഗിക്കുക. നമ്മുടെ രോഗാണുബാധക്കുള്ള ശരിയായ ആന്റിബയോട്ടിക് എതെന്നറിയാത്ത സ്വയംചികിത്സ തീര്‍ത്തും ഒഴിവാക്കുക.

  • മരുന്നിന്റെ കാലയളവ് (ഇടക്കു വെച്ച് നിര്‍ത്താതെ) ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന വിധം പൂര്‍ത്തിയാക്കുക.

  • അസുഖം ഭേദപ്പെട്ടു എന്ന് നമുക്കു തോന്നിയാലും ചിലതരം ആന്റിവൈറല്‍ മരുന്നുകള്‍ ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ ഉപയോഗിക്കേണ്ടിവന്നേക്കാം. ഡോക്ടറുടെ നിര്‍ദ്ദേശം പാലിക്കുക.

  • ഉപയോഗശേഷം ബാക്കിയുള്ള ആന്റിബയോട്ടിക്കുകള്‍ മറ്റാര്‍ക്കും പങ്കുവെയ്ക്കാതിരിക്കുക.

References:
1.https://www.who.int/news-room/fact-sheets/detail/antibiotic-resistance.
2.https://www.cdc.gov/handwashing/when-how-handwashing.html#:~:text=Wet%20your%20hands%20with%20clean,for%20at%20least%2020%20seconds.
3.https://www.cdc.gov/drugresistance/index.html


ലീന തോമസ്​ കാപ്പൻ

കഥാകൃത്ത്​, വിവർത്തക. കാനഡയിൽ ഫാർമസിസ്​റ്റ്​. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുന്നു. മരുന്നറിവുകൾ, മരുന്ന്​: ഉപയോഗവും ദുരുപയോഗവും എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments