The Doctor by Luke Fildes, 1891

മരണവും വൈദ്യവും തമ്മിലെന്ത്?

വൈറസ്സിനൊപ്പം കരുതലോടെ ജീവിക്കുക എന്നതാണല്ലോ ഇന്ന് വ്യാപകമായ തോതിൽ നിർദേശിക്കപ്പെടുന്ന ഒരു ആശയം. ഒരുപക്ഷെ ഇന്നത്തെ ഘട്ടത്തിൽ ഏക പോംവഴി ഇതാവാം. എന്നാൽ, ഈ ആശയത്തിൽ സമ്പൂർണമായ വൈദ്യവൽകരണത്തിനുള്ള ആഹ്വാനം ഉണ്ട്. ഈയൊരു ഘട്ടത്തിൽ, ഫൂക്കോയുടെ വൈദ്യവിമർശത്തിന്റെ പാഠങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

രണത്തെക്കുറിച്ചുള്ള വേവലാതികൾക്ക് മനുഷ്യന്റെ ചരിത്രത്തോളം പഴക്കമുണ്ട് എന്നൊക്കെ പറയുന്ന പതിവുണ്ട് നമുക്ക്. ഇത് ശരിയുമാകാം. എന്നാൽ, ലോലമായ ഒരു യുക്തിയാണ് ഈ നിരീക്ഷണത്തിലുള്ളത്. എളുപ്പത്തിൽ അത് മുറിഞ്ഞുപോകും. ഇവിടെ വിവക്ഷിതമാവുന്ന മനുഷ്യൻ മരണമുള്ള ജീവിയാണ്: ഒരിക്കൽ മരിക്കുമെന്ന് ഉറപ്പുള്ള ജീവി. ഇങ്ങനെയൊരു ജീവിയെ മുൻകൂറായി സങ്കല്പിച്ച് മരണത്തെപ്പറ്റി പറയുമ്പോൾ നമ്മൾ ഏത് മരണത്തെക്കുറിച്ചാണ് പറയുന്നത്? ഒരേ മട്ടിൽ ചരിത്രത്തിലുടനീളം തുടരുന്ന അനുഭവമോ പ്രതിഭാസമോ ആണോ മരണം എന്നത്? മേല്പറഞ്ഞവിധത്തിൽ, ഒരിക്കൽ മരിക്കുമെന്ന് ഉറപ്പുള്ള ജീവിയായി ഒരു മനുഷ്യനെ സങ്കല്പിച്ചാൽ ആ ജീവി സ്വന്തം മരണത്തെ എങ്ങനെയാണ് സമീപിച്ചത്? ഇഹലോകവാസത്തിന്റെ അവസാനമായാണോ? പരലോകവാസത്തിന്റെ തുടക്കമായാണോ? മറ്റൊന്നായി മടങ്ങിവരാനുള്ള താൽകാലിക വേർപാടായാണോ? ആത്മാവിന്റെ മുക്തിയായാണോ? കൂടുവിട്ടുള്ള കൂടുമാറ്റമായാണോ? പൂർണ വിരാമമായാണോ? നീട്ടിവെയ്ക്കാൻ ആഗ്രഹിക്കുന്ന, കഴിയുന്ന സംഭവമായാണോ? ശരീരത്തിന്റെ പണിമുടക്കലായാണോ?

വൈറസും വൈദ്യവും മരണവുമൊക്കെ ദൈനംദിന ജീവിതത്തെ വൻതോതിൽ കലുഷമാക്കിയ കാലത്താണ് നമ്മൾ ജീവിക്കുന്നത്. വൈദ്യത്തിലാണ് നമ്മുടെ വിശ്വാസവും പ്രതീക്ഷയും. അതിന്റെ ഭാഷയിലാണ് നമ്മൾ സംസാരിക്കുന്നത്.

പലമട്ടിലാണ് ആളുകൾ മരണത്തെ കണ്ടതെങ്കിൽ അവർ സ്വന്തം നിലനിൽപ്പിന് കൽപ്പിച്ച അർഥവും പലതാണ്. പല മരണങ്ങളുണ്ടെങ്കിൽ പല ജീവിതങ്ങളും ഉണ്ടാവണം. അങ്ങനെയെങ്കിൽ ഒരു മനുഷ്യജീവിയെ മുൻകൂറായി സങ്കല്പിക്കാനാവില്ല. നിലനിൽപ്പിനും മരണത്തിനും ഒരേയൊരു അർഥം കൽപ്പിക്കുന്ന മനുഷ്യജീവിയുണ്ടെങ്കിൽ, അത് മരണമില്ലാത്ത തുടരുന്ന ചിരന്തനസത്തയാകണം. അല്ലെങ്കിൽ, അതിന് ജനിമൃതികളിലൂടെ തുടരുന്ന ജീവിതം ഉണ്ടാവണം. മരണമുള്ള ജീവിയുടെ മരണമില്ലാത്ത ജീവിതം! മനുഷ്യജീവിതത്തെക്കുറിച്ചുള്ള രേഖീയമായ ചരിത്രകഥനത്തിന്റെ പതിവുരീതിയിൽ നിന്ന് മാറി മരണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ, വിഷയം മറ്റൊന്നാവും.

 മിഷേൽ ഫൂക്കോ /Photo: Britannica
മിഷേൽ ഫൂക്കോ /Photo: Britannica

എന്താണ് മരണം എന്നതാവില്ല ഈ ചിന്തയിലെ ചോദ്യം. മറിച്ച്, മരണമെന്നത് അറിവിന്റെയും അനുഭവത്തിന്റെയും വിഷയമെന്ന നിലയിൽ ഭിന്നഘട്ടങ്ങളിൽ നിർവചിക്കപ്പെടുന്നതെങ്ങനെ എന്നതാവാം. ഈ മട്ടിൽ മരണത്തെപ്പറ്റി ചിന്തിക്കുമ്പോൾ, വൈദ്യം എന്നത് പ്രധാനമായി മാറുന്നു. ആധുനിക വൈദ്യവിജ്ഞാനീയം മരണത്തെക്കുറിച്ചുള്ള സവിശേഷമായ ഒരു കാഴ്ചപ്പാടിനെ ഉൾക്കൊള്ളുന്നുണ്ട്. മിഷേൽ ഫൂക്കോയുടെ വൈദ്യവിമർശം ഇതിലാണ് ശ്രദ്ധയൂന്നുന്നത്. വൈറസും വൈദ്യവും മരണവുമൊക്കെ ദൈനംദിന ജീവിതത്തെ വൻതോതിൽ കലുഷമാക്കിയ കാലത്താണ് നമ്മൾ ജീവിക്കുന്നത്. വൈദ്യത്തിലാണ് നമ്മുടെ വിശ്വാസവും പ്രതീക്ഷയും. അതിന്റെ ഭാഷയിലാണ് നമ്മൾ സംസാരിക്കുന്നത്.

ഈയൊരു ഘട്ടത്തിൽ, ഫൂക്കോയുടെ വൈദ്യവിമർശത്തിന്റെ പാഠങ്ങളെ തിരിഞ്ഞുനോക്കുന്നതിന്റെ ഔചിത്യം സംശയിക്കപ്പെടാം. (പ്രാണവേദനയുടെ കാലത്താണോ ഫൂക്കോ വായന!) വൈദ്യത്തിന്റെ യുക്തിയെ ഏറെക്കുറെ സംശയലേശമന്യേ നമ്മൾ സ്വാംശീകരിച്ചിട്ടുണ്ട്. വാസ്തവത്തിൽ, വൈദ്യനിരാസത്തിനുള്ള ആഹ്വാനമോ ബദൽ വൈദ്യമാതൃകൾക്കായുള്ള തിരച്ചിലോ ഫൂക്കോയുടെ പഠനത്തിന്റെ താൽപര്യമല്ല. ആധുനിക വൈദ്യത്തിന്റെ യുക്തിയെ സ്വശരീരത്തിൽ സംവഹിക്കുന്ന മട്ടിൽ വ്യക്തികൾ രൂപപ്പെട്ടതിന്റെ ചരിത്രം കണ്ടെത്താനാണ് ഫൂക്കോ ശ്രമിച്ചത്.

വൈദ്യൻ നോക്കുമ്പോൾ

ക്ലിനിക്കിന്റെ ജനനം എന്ന തന്റെ പുസ്തകത്തിന്റെ തുടക്കത്തിൽത്തന്നെ ഫൂക്കോ പറയുന്നത് തന്റെ മുഖ്യമായ പരിഗണനാവിഷയങ്ങളിലൊന്ന് മരണമാണ് എന്നാണ്. ഒറ്റനോട്ടത്തിൽത്തന്നെ വൈദ്യവും മരണവുമായി ഉറ്റ ബന്ധമുണ്ട്. മരണത്തെ ആവുന്നതും നീട്ടിവെയ്ക്കാനും മറ്റുമാണല്ലോ വൈദ്യൻ തത്രപ്പെടുന്നത്. എന്നാൽ, ആധുനികവൈദ്യത്തിന്റെ വ്യാവഹാരികമായ അടിസ്ഥാനം തന്നെ ഉറപ്പിക്കപ്പെട്ടത് മരണത്തെക്കുറിച്ചുള്ള സവിശേഷമായ ഒരു സങ്കൽപത്തിന്മേലാണ് എന്നാണ് ഫൂക്കോ പറഞ്ഞത്.

ഫൂക്കോയുടെ വാക്കുകളിൽ പറഞ്ഞാൽ, ശരീരങ്ങളുടെ പുരോഹിതരായി വൈദ്യന്മാർ! ശരീരങ്ങൾ വൈദ്യന്മാരോട് കുമ്പസാരിച്ചു.

ശരീരത്തിന്മേലുള്ള വൈദ്യന്റെ നോട്ടം തന്നെ ഈ സങ്കൽപത്താൽ ആവിഷ്ടമാണ്. ജാഗരൂകമായ നോട്ടത്തിലൂടെ നമ്മുടെ ശരീരത്തെക്കുറിച്ച് നമ്മളറിയാത്ത രഹസ്യങ്ങൾ കണ്ടെത്തുന്ന ആളാണ് ഡോക്ടർ. ഡോക്ടർ നോക്കുക എന്ന് നമ്മൾ പറയും. ഡോക്ടറെ കാണിക്കുക എന്നും നമ്മൾ പറയും. ഈ കാണലും നോക്കലും നോക്കിക്കാണലും എന്തിനെയാണ് വിവക്ഷിക്കുന്നത്? ഈ നോട്ടത്തിന്, പ്രത്യേകിച്ചും പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും കൈവന്ന അർഥങ്ങൾ വിശകലനം ചെയ്യാനാണ് മിഷേൽ ഫൂക്കോ തന്റെ പുസ്തകത്തിലൂടെ ശ്രമിച്ചത്.

അനാട്ടമിക്കൽ ആയ നോട്ടം ശരീരത്തെ ആണ് ശ്രദ്ധിക്കുന്നത്. മുൻകൂറായി തയ്യാറാക്കപ്പെട്ട രോഗവിവരപ്പട്ടികയിൽ പരതുകയല്ല ചെയ്യുന്നത്. / Painting: The Anatomy Lesson of Dr Nicolaes Tulp, Rembrandt
അനാട്ടമിക്കൽ ആയ നോട്ടം ശരീരത്തെ ആണ് ശ്രദ്ധിക്കുന്നത്. മുൻകൂറായി തയ്യാറാക്കപ്പെട്ട രോഗവിവരപ്പട്ടികയിൽ പരതുകയല്ല ചെയ്യുന്നത്. / Painting: The Anatomy Lesson of Dr Nicolaes Tulp, Rembrandt

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിൽ നോട്ടത്തെ കേന്ദ്രീകരിച്ചുള്ള വൈദ്യവിജ്ഞാനീയം ഉടലെടുത്തു.അതിനുമുൻപ് നോട്ടം ഉണ്ടായിരുന്നില്ല എന്നല്ല ഇപ്പറഞ്ഞതിന്റെ അർഥം. രോഗചികിത്സയുടെ സമ്പ്രദായങ്ങളിലൊക്കെ നോട്ടം ഉണ്ട്. ശരീരത്തെ പരിശോധിക്കുമ്പോൾ ചികിത്സകർ ചെയ്യുന്നത് അതിനെ സശ്രദ്ധം നോക്കുകയാണ്. ശരീരം ഇവിടെ നോട്ടത്തിന്റെ വിഷയമാണ്. എന്നാൽ വൈദ്യനോട്ടത്തിന് സവിശേഷമായ ഒരു ശക്തി കൈവന്ന ഘട്ടത്തെക്കുറിച്ചാണ് ഫൂക്കോയുടെ വാദം. കണ്ണിന് ലഭ്യമായ വിവരങ്ങളിൽ നിന്നും വേണ്ടവ തിരഞ്ഞെടുക്കലാണ് നോട്ടം എന്ന് പറഞ്ഞുവല്ലോ. അതായത്, കണ്ണ് ഇവിടെ കാണാനുള്ള അവയവം മാത്രമല്ല. കാഴ്ചയ്ക്കുമേൽ വെളിച്ചം വീശുന്നത്, സത്യത്തെ വെളിച്ചത്തു കൊണ്ടുവരുന്നത് കണ്ണാണ്. എൻലൈറ്റൻമെൻറ്​ എന്ന ആശയത്തിലെ വെളിച്ചം എന്ന രൂപകം കണ്ണിന്റെ ഈ ശേഷിയെ ധ്വനിപ്പിക്കുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ വൈദ്യവിജ്ഞാനീയവും കാഴ്ചയുടെ വെളിച്ചവും തമ്മിലുള്ള സവിശേഷമായ പുതിയൊരു സങ്കലനം സാധ്യമായി.

ഈ സങ്കലനത്തിന്റെ വിവക്ഷകൾ പരിശോധിക്കുമ്പോൾ മേൽപ്പറഞ്ഞ നോട്ടത്തിന്റെ രണ്ട് ഘട്ടങ്ങൾ പ്രധാനമായി വരുന്നു. രോഗവർഗീകരണപരവും (nosological) ശരീരവിശകലനപരവുമായ (anatomical) രണ്ട് ഘട്ടങ്ങൾ. ആദ്യത്തേതിൽനിന്ന് രണ്ടാംഘട്ടത്തിലേക്കുള്ള മാറ്റം വൈദ്യവിജ്ഞാനീയത്തിൽ സംഭവിച്ച വിപ്ലവകരമായ മാറ്റമാണ് എന്ന് ഫൂക്കോ പറയുന്നു. എന്തുകൊണ്ടാണ് ഈ മാറ്റം പ്രധാനമാവുന്നത് എന്ന് നോക്കാം.

ശരീരത്തിന്റെ കുമ്പസാര രഹസ്യങ്ങളിലേക്ക് സ്റ്റെതസ്‌കോപ്പ് ചെവിയോർക്കുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, സ്റ്റെതസ്‌കോപ്പിക് ആയ നോട്ടം രോഗത്തിന്റെ ആന്തരാർഥങ്ങളെ ചികഞ്ഞെടുക്കുന്നു.

മുൻപ് വൈദ്യന്റെ നോട്ടം തന്നെ രോഗവർഗീകരണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. മുന്നേ വർഗീകരിക്കപ്പെട്ട രോഗങ്ങളിലാണ് നോട്ടത്തിന്റെ ശ്രദ്ധ വ്യാപരിച്ചത്. ഈ നോട്ടം രോഗിയുടെ ശരീരത്തിന്റെ പുറത്ത് രോഗലക്ഷണങ്ങളെ തേടി ചുറ്റിക്കറങ്ങുന്നു. രോഗങ്ങൾക്ക് സ്വാഭാവികമായ ഒരു ക്രമവും പട്ടികയുമുണ്ട്. നേരത്തെ പറഞ്ഞപോലെ, അവ മുൻകൂറായിത്തന്നെ വർഗീകരിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിന്മേൽ രോഗലക്ഷണങ്ങൾ ‘കാണുന്ന' വൈദ്യൻ മുൻകൂറായി നിലനിൽക്കുന്ന വർഗീകരണത്തിന്റെ പട്ടികയെ അടിസ്ഥാനമാക്കി രോഗത്തെ തിട്ടപ്പെടുത്തുന്നു. ഇവിടെ, ‘കാണൽ' കാണപ്പെട്ടതിന് പട്ടികയിലെ പേരു നൽകലാണ്. അതായത് പേരുള്ളത് മാത്രമേ കാണാനാവൂ. രോഗം ഉണ്ടാവുക എന്നാൽ പട്ടികയിൽ പേരുണ്ടാവുക എന്നാണ്. ഈ സമ്പ്രദായം പിന്നീട് മാറി. ആധുനികമായ സമ്പ്രദായത്തിൽ ശരീരവിശകലനവും കാരണവിശകലനവും (etiology) പ്രധാനമായി. ശരീര വിശകലനപരമായ നോട്ടം രോഗവർഗീകരണപരമായ നോട്ടത്തെ പകരംവെച്ചു.

അനാട്ടമിക്കൽ ആയ നോട്ടം ശരീരത്തെ ആണ് ശ്രദ്ധിക്കുന്നത്. മുൻകൂറായി തയ്യാറാക്കപ്പെട്ട രോഗവിവരപ്പട്ടികയിൽ പരതുകയല്ല ‘നോട്ടം' ചെയ്യുന്നത്. മറിച്ച്, ‘മുൻധാരണകളില്ലാതെ', ശരീരത്തെ നോക്കുകയാണ്. വർഗീകരണത്തിന്റെ പട്ടികയിലൂടെ കയറിയിറങ്ങിപ്പോകുന്ന നോട്ടമല്ല അത്. നേരിട്ട് അത് സത്യത്തെ ഗ്രഹിക്കുന്നു. ഒരു പട്ടികയും മലിനമാക്കാത്ത സംശുദ്ധമായ നോട്ടം ആണത്. പട്ടികയിലെ പേരുകളും വാക്കുകളും ഇല്ല അവിടെ. വാക്കുകളില്ലാത്ത ഒരു ഭാഷയിലൂടെ നോട്ടം സംസാരിക്കുന്നു എന്നൊക്കെ ഫൂക്കോ പറയും. ഇവിടെ കാണലിന്റെ അർഥം വേറെയാണ്. കാണൽ നാമകരണമല്ല. ശുദ്ധമായ സത്യത്തിന്റെ വെളിപ്പെടുത്തലാണത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ് ക്ലിനിക് എന്ന ആശയവും സ്ഥാപനവും പുതിയ അർഥവിവക്ഷകളോടെ ‘ജന്മം'കൊണ്ടത്. / Painting: The Agnew Clinic, Thomas Eakins, 1889
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ് ക്ലിനിക് എന്ന ആശയവും സ്ഥാപനവും പുതിയ അർഥവിവക്ഷകളോടെ ‘ജന്മം'കൊണ്ടത്. / Painting: The Agnew Clinic, Thomas Eakins, 1889

ക്ലിനിക്കൽ എന്ന പ്രയോഗത്തിൽത്തന്നെ ഈ അർഥധ്വനിയുണ്ട്. തത്ത്വങ്ങളേക്കാൾ നേരിട്ടുള്ള നിരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ശ്രദ്ധയെ അത് സൂചിപ്പിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ് ക്ലിനിക് എന്ന ആശയവും സ്ഥാപനവും പുതിയ അർഥവിവക്ഷകളോടെ ‘ജന്മം'കൊണ്ടത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ ക്ലിനിക്കുകൾ വളരെ വിരളമായി മാത്രമേ ഉണ്ടായിരുന്നുള്ളു. അധ്യയനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്ന നിലയിൽ മാത്രമേ അവ നിലനിന്നിരുന്നുള്ളു. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ ക്ലിനിക് എന്ന ആശയം തന്നെ പുനർനിർവചിക്കപ്പെട്ടു. അതിന്റെ പ്രയോഗമണ്ഡലം വിപുലമാവുകയും വൈദ്യശാസ്ത്രപ്രയോഗവുമായി ക്ലിനിക് എന്ന ആശയം താദാത്മ്യം പ്രാപിക്കുകയും ചെയ്തു.

വൈദ്യശാസ്ത്രം മൃതശരീരത്തെ സ്പർശിക്കാഞ്ഞതിന് കാരണം മതപരമായ വിലക്കുകളാണെന്ന് കരുതുന്നത് ശരിയാവില്ല. അന്നത്തെ വൈദ്യവിജ്ഞാനീയത്തിന് മൃതശരീരം ആവശ്യമായിവന്നില്ല.

ഇതിന് പശ്ചാത്തലമായി വൈദ്യവ്യവഹാരത്തിന് സംഭവിച്ച ചരിത്രപരമായ മറ്റൊരു വഴിത്തിരിവും ഫൂക്കോ ചൂണ്ടിക്കാണിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ ഉണ്ടായ പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ, വൈദ്യനോട്ടം പൂർവാധികം ശക്തി സംഭരിച്ചു. രോഗിയുടെ ശരീരത്തെയും കടന്ന് അത് സമൂഹത്തിലേക്ക് നീണ്ടു, പടർന്നു. സമൂഹശരീരം തനതവസ്ഥയിൽത്തന്നെ രോഗാണുക്കളെ വഹിക്കുന്നു എന്നതിനാൽ അതിന് നിതാന്തമായ വൈദ്യസഹായം വേണമെന്നായി. ഭരണകൂടങ്ങൾ ഉടലുകളുടെ ആയുരാരോഗ്യസുരക്ഷ ഏറ്റെടുത്തു. കൂട്ടവും കൂട്ടംതെറ്റുന്ന കുഞ്ഞാടും ഭരണകൂടത്തിന്റെ ജാഗരൂകമായ നോട്ടത്തിനുള്ളിലായി. ആരോഗ്യസുരക്ഷയുടെ ചിട്ടകളും ചട്ടങ്ങളും മുറകളും ഉടലുകളിൽ അന്തർരേഖിതമായി. സർക്കാരിന്റെ കണക്കിൽപെടാതെ ജനിക്കാനോ മരിക്കാനോ പറ്റില്ല. ആശുപത്രി മരണാസന്നർക്ക് മാത്രമുള്ള സ്ഥാപനം എന്നതിന് പകരം ജനിക്കാനും ജീവിക്കാനുമുള്ള ഇടമായി. വൈദ്യം രാഷ്ട്രകാര്യനിർവഹണ സംവിധാനത്തിലേക്ക് ഉദ്ഗ്രഥിക്കപ്പെട്ടു. നോട്ടത്തിന്റെ ശക്തി വർധിച്ചു. ഫൂക്കോയുടെ വാക്കുകളിൽ പറഞ്ഞാൽ, ശരീരങ്ങളുടെ പുരോഹിതരായി വൈദ്യന്മാർ! ശരീരങ്ങൾ വൈദ്യന്മാരോട് കുമ്പസാരിച്ചു. ശരീരവും വൈദ്യനോട്ടവും തമ്മിലെ ഇടപാടുകൾ അനിവാര്യവും സാർവത്രികവുമായി. ശരീരങ്ങളെ മുക്തിയിലേക്കു നയിക്കുന്ന മഹാസഭയായി വൈദ്യമെന്ന സ്ഥാപനം.

കുഴലുവെച്ച് നോക്കുമ്പോൾ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലാണ് സ്റ്റെതസ്‌കോപ്പിന്റെ കണ്ടുപിടുത്തം ഉണ്ടായത് (1816-ൽ Rene Laennec ആണ് അത് കണ്ടുപിടിച്ചത്). വൈദ്യനോട്ടത്തിന്റെ ഈ പുതിയ സാങ്കേതികവിദ്യ രോഗനിർണയത്തിന്റെ ഉപകരണം മാത്രമല്ല. വേറിട്ട ഒരു കാഴ്ചപ്പാട് അതിൽ ആവിഷ്ടമാണ്. കുഴലുവെച്ചുനോക്കുമ്പോൾ വൈദ്യൻ ശരീരത്തെ കേൾക്കുകയാണ്. നോട്ടം ശ്രവണമാണ്, ഇവിടെ. ഈ വേളയിൽ രോഗി ശബ്ദിക്കരുത്. ‘മിണ്ടാതിരിക്കൂ, ഞാൻ കേൾക്കട്ടെ' എന്ന് ഡോക്ടർ പറയും. മിണ്ടാതിരുന്നാൽ എന്ത് കേൾക്കാൻ! നമ്മൾ മിണ്ടാതിരിക്കുമ്പോൾ ശരീരം ഡോക്ടറോട് മിണ്ടും, ഒച്ചയില്ലാതെ. ശരീരത്തിന്റെ മൂകഭാഷണം! ഉടൽ ഈ വിനിമയത്തിലെ വിഷയി അല്ല, വിവരശേഖരണത്തിന്റെ വിഷയം മാത്രം. വൈദ്യചരിത്രകാരിയായ ജകാലിൻ ഡഫിൻ (Jacalyn Duffin) പറഞ്ഞത് ഇവിടെ പ്രസക്തമാകുന്നു. ലക്ഷണങ്ങളുടെ ഒരു സഞ്ചികയാണെന്ന ധാരണയ്ക്ക് പകരം ഒരു ശരീരവ്യവസ്ഥയുടെ (anatomical system), (ലക്ഷണങ്ങളുടെ അഭാവത്തിലും ഉണ്ടാവുന്ന) തകരാറായി രോഗത്തെ കാണാൻ, അഥവാ പുനർനിർവചിക്കാൻ സ്റ്റെതസ്‌ക്കോപ്പിന്റെ കണ്ടുപിടുത്തം ഇടവരുത്തി.

സ്റ്റെതസ്കോപ് ഉപയോഗിച്ച് പരിശോധന നടത്തുന്ന റെനെ ലീനകിൻറെ ചിത്രീകരണം / Artist: Unknown
സ്റ്റെതസ്കോപ് ഉപയോഗിച്ച് പരിശോധന നടത്തുന്ന റെനെ ലീനകിൻറെ ചിത്രീകരണം / Artist: Unknown

ആന്തരശരീരത്തിലേക്ക് നുഴഞ്ഞിറങ്ങുന്ന നോട്ടമായി സ്റ്റെതസ്‌കോപ്പിനെ ലാക്ഷണീകരിക്കാം. ക്ലിനിക്കൽ ആയ നോട്ടത്തിന് പുതിയ ഭാഷയാണ് എന്ന ഫൂക്കോവിന്റെ നിലപാട് മുൻപേ പരാമർശിച്ചുവല്ലൊ. പുതിയൊരു വ്യാകരണഘടനയുള്ള ഭാഷയാണത്. ഈ ഭാഷയുടെ സവിശേഷത, സത്യം ഭാഷണത്തിലല്ല, നോട്ടത്തിൽത്തന്നെയാണെന്നതാണ്. ശരീരം ഡോക്ടറോട് കുമ്പസാരിക്കുന്നു. രോഗിയുടെ രോഗാനുഭവസാക്ഷ്യങ്ങളെ നിശ്ശബ്ദമാക്കി ശരീരത്തിന്റെ കുമ്പസാര രഹസ്യങ്ങളിലേക്ക് സ്റ്റെതസ്‌കോപ്പ് ചെവിയോർക്കുന്നു. മറ്റൊരുതരത്തിൽ പറഞ്ഞാൽ, സ്റ്റെതസ്‌കോപ്പിക് ആയ നോട്ടം രോഗത്തിന്റെ ആന്തരാർഥങ്ങളെ ചികഞ്ഞെടുക്കുന്നു. നോട്ടവും അതിന്റെ വിഷയവും ഒരേ യുക്തിയുടെ ഭാഷയാണ് സംസാരിക്കുന്നത്. ഒരേ ലോഗോസിലൂടെ രണ്ടും വിനിമയം നടത്തുന്നു എന്നൊക്കെ ഫൂക്കോ പറയും.

മൃതശരീരം

ഉടലിന്റെ ഉപരിതലത്തെ ഭേദിച്ച് ഉള്ളിലേക്ക് നീളുന്ന നോട്ടം എന്നത് ആധുനിക വൈദ്യത്തിന്റെ വിചാരമാതൃകയെത്തന്നെ സാധ്യമാക്കിയ ഒന്നാണ്. രോഗത്തിന്റെ ഉറവിടം തേടി ശരീരത്തെ കീറിമുറിച്ച് പരിശോധിക്കുന്ന സമ്പ്രദായം ഈ നോട്ടത്താൽ ആവിഷ്ടമാണ്. മൃതശരീരം എന്നത് വൈദ്യശാസ്ത്രത്തിന് വേണ്ടപ്പെട്ട ഒന്നായത് ഈ സമ്പ്രദായത്തിന്റെ വരവോടെയാണ്. ജീവിച്ചിരിക്കുന്നവരെ ചികിൽസിക്കുന്ന ഡോക്ടർക്ക് എന്തിനാണ് മൃതശരീരം? ജീവിയുടെ രോഗാവസ്ഥയുടെ രഹസ്യം മൃതശരീരത്തിൽ കണ്ടെത്താനുള്ള ശ്രമം പണ്ടുതൊട്ടേ ഉള്ളതല്ല. മൃതശരീരം തുറന്നുള്ള നോട്ടം യൂറോപ്പിലെ പ്രബുദ്ധതയുടെ ഘട്ടത്തിലും വൈദ്യവിജ്ഞാനീയത്തിന്റെ ഭാഗമായില്ല. യുക്തിയുടെ കണ്ണഞ്ചപ്പിക്കുന്ന വെളിച്ചം ഏത് ഇരുട്ടിനെയും ഭേദിച്ചപ്പോഴും മൃതശരീരത്തെ തൊട്ടില്ല. ശാസ്ത്രം അതിനെ ആചാരങ്ങൾക്ക് വിട്ടുകൊടുത്തു.

ജീവന്റെ സത്യത്തെക്കുറിച്ചും രോഗത്തിന്റെ സ്വഭാവത്തെക്കുറിച്ചും അറിവുനൽകുന്ന ഒരു സങ്കേതമായി മരണം മാറി

വൈദ്യശാസ്ത്രം മൃതശരീരത്തെ സ്പർശിക്കാഞ്ഞതിന് കാരണം മതപരമായ വിലക്കുകളാണെന്ന് കരുതുന്നത് ശരിയാവില്ല. അന്നത്തെ വൈദ്യവിജ്ഞാനീയത്തിന് മൃതശരീരം ആവശ്യമായിവന്നില്ല. കാരണം, ശവങ്ങൾക്ക് ജീവനെപ്പറ്റി ഒന്നും പറയാനില്ല. അവയ്ക്ക് ജീവിതത്തിലേക്ക് വെളിച്ചം വീശാനാവില്ല. പിൽക്കാലത്ത് ഈ കാഴ്ചപ്പാട് മാറി. യുക്തിയുടെ വെളിച്ചം കടന്നുചെല്ലേണ്ടുന്ന ഇടമായി മൃതശരീരം മാറി. ആചാരങ്ങളുടെ ഇരുണ്ട പുറാമ്പോക്കുകളിൽ നിന്ന് അതിനെ യുക്തിയുടെ പാഠശാലകളിലേക്ക് മാറ്റാമെന്നായി. ശവശരീരം തുറന്ന് ജീവിച്ചതിന്റെ പാടുകൾ കാണുക, രോഗത്തിന്റെ അടയാളങ്ങൾ കണ്ടെത്തുക! എന്തും തുറന്നുനോക്കുക, നിഗൂഢതകളെ അഴിച്ചെടുക്കുക എന്നതായിരുന്നല്ലോ യുക്തിയുടെ യുഗത്തിൽ പ്രാബല്യം നേടിയ രീതിവിദ്യ. ശവശരീരം തുറന്നുനോക്കാനുള്ള ഇച്ഛയ്ക്കുമേലുള്ള വിലക്കുകൾ കൂടി നീങ്ങിയതോടെ വൈദ്യത്തിന്റെ നോട്ടം പുതിയ സാധ്യതകളിലേക്ക് പടർന്നു. രോഗലക്ഷണങ്ങളുടേതായ പ്രതലത്തിൽ നിന്ന് കോശതലത്തിലേക്ക് ആഴ്ന്നിറങ്ങുന്ന നോട്ടമായി അത് വർധിതവീര്യം നേടി. കൺവെട്ടത്തുള്ള കാര്യങ്ങൾക്കപ്പുറം മരണത്തിൽ മറഞ്ഞിരിക്കുന്ന കാര്യങ്ങളിലേക്ക് അത് കടന്നു. മരണം എന്നതുതന്നെ ജീവനെ വിശദീകരിക്കാൻ ശേഷിയുള്ള ഒന്നായിമാറി.

ശവശരീരം തുറന്നുനോക്കാനുള്ള ഇച്ഛയ്ക്കുമേലുള്ള വിലക്കുകൾ കൂടി നീങ്ങിയതോടെ വൈദ്യത്തിന്റെ നോട്ടം പുതിയ സാധ്യതകളിലേക്ക് പടർന്നു. / Painting by Henri Gervex, Wikimedia Commons
ശവശരീരം തുറന്നുനോക്കാനുള്ള ഇച്ഛയ്ക്കുമേലുള്ള വിലക്കുകൾ കൂടി നീങ്ങിയതോടെ വൈദ്യത്തിന്റെ നോട്ടം പുതിയ സാധ്യതകളിലേക്ക് പടർന്നു. / Painting by Henri Gervex, Wikimedia Commons

പഴയ കാഴ്ചപ്പാടിൽ, രോഗവിശകലനം എന്നത് മരണം വരെ മാത്രമുള്ള ഏർപ്പാടാണ്. മരണത്തോടെ എല്ലാം തീന്നു. ജീവന്റെ കഥ അവിടെ തീർന്നു. സത്ത് പോയി. ചത്തുപോയവരുടെ ജാതകം നോക്കണ്ട! രോഗമുണ്ടെങ്കിലേ വൈദ്യം ഉള്ളൂ. മൃതശരീരത്തിന് രോഗമില്ല. അതിൽ രോഗത്തിന്റെ അവശിഷ്ടമില്ല (1973, 141). എന്നാൽ, ജഡവിശകലനം ജീവനും മരണവും തമ്മിലെ അതിരുകൾ മാറ്റിവരച്ചു. വൈദ്യവിജ്ഞാനീയത്തിന്റെ പുതിയൊരു ഭൂമിക നിലവിൽ വന്നു. ഇവിടെ, മരണം ഒരു പൂർണവിരാമമല്ല. മൃതമായത് കാലയവനികയ്ക്കുള്ളിൽ മറയുകയല്ല. എല്ലാറ്റിനും ഒടുവിൽ വന്നുവീഴുന്ന തിരശീല പോലെ കാഴ്ചയെ മറയ്ക്കുകയല്ല മരണം. മറയ്ക്കലല്ല, മറനീക്കലാണ് അത്. മരണം ഒന്നും ഒളിച്ചുവെയ്ക്കുന്നില്ല. രഹസ്യങ്ങളെ അത് പരസ്യപ്പെടുത്തി. സത്യത്തെ വെളിവാക്കി. മരണത്തിന് അതിന്റെ അതാര്യത നഷ്ടമായി. അത് സുതാര്യമായി. മൃതശരീരത്തിന്റെ തുറന്നുനോക്കൽ ലക്ഷണവിശകലനത്തിന്റെ കാലത്തെയും ശരീരവിശകലനത്തിന്റെ കാലത്തെയും ഏതാണ്ട് ഒരുമിപ്പിച്ചു എന്ന് ഫൂക്കോ പറയുന്നു. ജീവന്റെ സത്യത്തെക്കുറിച്ചും രോഗത്തിന്റെ സ്വഭാവത്തെക്കുറിച്ചും അറിവുനൽകുന്ന ഒരു സങ്കേതമായി മരണം മാറി (1973,144).

മരണത്തിന്റെ ഉച്ചിയിൽ നിന്നുകൊണ്ടാണ് ആധുനിക വൈദ്യം രോഗത്തെയും ജീവനെയും നോക്കിക്കാണുന്നത് എന്ന ഫൂക്കോയുടെ നിരീക്ഷണത്തിന് വിസ്‌ഫോടകമായ ധ്വനികളുണ്ട്. മരണത്തെ കണ്ട കണ്ണുകൊണ്ട് വൈദ്യം ജീവന്റെ കെട്ടഴിക്കുന്നു. ഒരർഥത്തിൽ, ത്രികാലജ്ഞാനം സിദ്ധിച്ച നോട്ടമാണത്. മരണത്തെ കാണാനാവുന്ന ദൈവത്തിന്റെ നോട്ടം പോലെ! പത്തൊമ്പതാം നൂറ്റാണ്ടിലെ വൈദ്യവ്യവഹാരം ഈ നോട്ടത്താൽ ആവിഷ്ടമാണ്. അനാട്ടമിക്കൽ ഗേയ്സ് എന്നതാണ് ഫൂക്കോ ഉപയോഗിക്കുന്ന പദം. ശരീരത്തെ കീറിമുറിച്ചുള്ള പരിശോധനയെ സാധ്യമാക്കിയത് മൃതശരീരവുമായുള്ള അതിന്റെ ഇടപാടാണ്. അതായത്, മൃതശരീരമാണ് അതിന് വിശകലനമാതൃക നൽകിയത്. മരണത്തിന്റെ ഉച്ചിയിൽ നിന്നുള്ള നോട്ടത്തിൽ വൈദ്യശാസ്ത്രം കാണുന്നത് രോഗഗ്രസ്തമായ ജീവനെ ആണ്. രോഗം ശരീരത്തിൽത്തന്നെ ഉണ്ട്. അത് ജീവനെ പുറമെനിന്ന് ആക്രമിക്കുകയല്ല. മറിച്ച്, രോഗം ജീവനിൽ വേരോടിനിൽക്കുന്നു. പാത്തോളജിക്കൽ ലൈഫ് എന്ന് ഫൂക്കോ പറയും. പാത്തോളജിക്കൽ ആയ ജീവിതരൂപമാണ് രോഗം എന്ന് വന്നു.

ജീവിതം എന്ന രോഗം

വൈദ്യവിജ്ഞാനത്തിന്റെ ഭവശാസ്ത്രം തന്നെ മാറുകയാണ് ഇവിടെ. രോഗവർഗീകരണത്തിന്റെ പഴയ സമ്പ്രദായത്തിൽ, സാമാന്യമായത് അറിവിന്റെ വിഷയമാണ്. ഉദാഹരണത്തിന്, ഒരു രോഗം ഉണ്ട് എന്നാൽ രോഗവിവരപ്പട്ടികയിൽ അത് ഉണ്ട് എന്നാണ്. സാമാന്യം എന്ന നിലയിൽ. ചികിൽസിക്കുന്ന ശരീരത്തിൽ വൈദ്യൻ കാണുന്നത് ആ സാമാന്യത്തിന്റെ വിശേഷഭാവമാണ്. ഓരോ രോഗവും ഇങ്ങനെയാണ്. പുതിയ സമ്പ്രദായത്തിൽ, വ്യക്തിയാണ് വിഷയം. വ്യക്തി വൈദ്യവിജ്ഞാനീയത്തിന്റെ വിഷയം ആയി എന്ന് മാത്രമല്ല, ഈ വിഷയം അതിന് അനിവാര്യവുമായി.

രോഗവുമായുള്ള വിരുദ്ധസാദൃശ്യത്തിലൂടെ മാത്രം അർഥം കൈവരിക്കുന്ന പദമാണ് ആരോഗ്യം എന്നത്. ഈ ആരോഗ്യസങ്കൽപ്പനം സ്വാഭാവികമായും രോഗത്തെ ചൂണ്ടിനിൽക്കുന്നു.

രോഗം സാമാന്യമായതിന്റെ സവിശേഷ സന്ദർഭമല്ല. ജീവിതം കൈക്കൊള്ളുന്ന മറ്റൊരു രൂപം ആണ്. രോഗം എന്നത് സാമാന്യമായ ഒന്നല്ല. അത് വൈയക്തികമായ രൂപം കൈവരിച്ചു. രോഗം ജീവിതത്തിന്റെ ഭാഗമായി എന്നുപറയുമ്പോൾ മരണവും അങ്ങനെയായി എന്നാണ്. ജീവിതത്തെ ഇല്ലാതാക്കുന്ന ഒരു ബാഹ്യ ഇടപെടൽ അല്ല, മരണം. ജീവിതത്തെ ഘടിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന അതിന്റെ തന്നെ മറ്റൊരു തലമാണത്. ശരീരം സ്വാഭാവികമായിത്തന്നെ മരണത്തെ ഉൾക്കൊള്ളുന്നു. രോഗം മരണത്തിന്റെ പ്രകടനമാണ് എന്ന് വന്നു. ഒരാൾ രോഗം വന്നു മരിക്കുകയില്ല, മരണം ഉള്ളതുകൊണ്ട് ഒരാൾ രോഗിയാവുകയാണ് (1990, 158). മരണം ശരീരത്തിൽത്തന്നെ ഉള്ളതിനാൽ ജീവിതം സദാ രോഗഗ്രസ്തമാണ്. ജീവിതം തന്നെ മാരകമായ ഒരു രോഗമാണ് (സനൂസിയുടെ Life as a Fatal Sexually Transmitted Disease എന്ന സിനിമയുടെ പേര് ഓർത്തുകൊണ്ട്) എന്ന് പറയാം. വൈദ്യസഹായം ഇല്ലാതെ ജീവിതം ഇല്ല. വൈദ്യപരിചരണം ഇല്ലാതെ ജീവിതം ഇല്ല. ജീവിതത്തിന്റെ സമ്പൂർണമായ വൈദ്യവൽകരണം സാധ്യമായത് ഇതോടെയാണ്.

ശരീരം സ്വാഭാവികമായിത്തന്നെ മരണത്തെ ഉൾക്കൊള്ളുന്നു. ജീവിതത്തെ ഘടിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന അതിന്റെ തന്നെ മറ്റൊരു തലമാണത്.   / Painting: At Eternity's Gate, Vincent van Gogh
ശരീരം സ്വാഭാവികമായിത്തന്നെ മരണത്തെ ഉൾക്കൊള്ളുന്നു. ജീവിതത്തെ ഘടിപ്പിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന അതിന്റെ തന്നെ മറ്റൊരു തലമാണത്. / Painting: At Eternity's Gate, Vincent van Gogh

മേൽപ്പറഞ്ഞ കാര്യങ്ങളുടെ തുടർച്ചയായി ഫൂക്കോ നടത്തുന്ന മറ്റൊരു സുപ്രധാനമായ നിരീക്ഷണമുണ്ട്. മരണം എന്ന വൈദ്യവൽകരിക്കപ്പെട്ട അനുഭവം ആധുനികവ്യക്തിയെ രൂപപ്പെടുത്തിയ അതിപ്രധാനമായ ഘടകമാണ് എന്നതാണ് അത്. മനുഷ്യൻ സ്വന്തം കണ്ണിലൂടെത്തന്നെ ശാസ്ത്രത്തിന്റെ വിഷയം എന്ന നിലയിൽ സ്വയം ചമഞ്ഞു എന്ന് ഫൂക്കോ. സ്വന്തം കണ്ണിലൂടെ തന്നിലേക്കുതന്നെ തിരിയുന്ന മനുഷ്യജീവിയുടെ നോട്ടം വൈദ്യത്തിന്റെ നോട്ടവുമായി താദാത്മ്യം പ്രാപിച്ചു. ഈ നോട്ടത്തിൽ മനുഷ്യജീവികൾ അവരവരെത്തന്നെ കണ്ടത് വ്യക്തികളായാണ്. മനുഷ്യജീവിയെ സംബന്ധിച്ചിടത്തോളം, ആയിരിക്കൽ മരണത്തിന് അഭിമുഖമായിരിക്കലാണെന്ന് പറഞ്ഞത് ഹെയ്ദെഗർ ആണ്. ആധുനിക വ്യക്തി മരണത്തെ സ്വശരീരത്തിൽ പേറുന്നു. വൈദ്യത്തിന്റെ യുക്തിയെയും. സ്വന്തം മരണം ഉണ്ടാക്കിയ തുറവിയിൽ മനുഷ്യർ അവരവർക്ക് തന്നെ വ്യാവഹാരികമായ അസ്തിത്വം കൽപ്പിച്ചു. വൈദ്യവ്യവഹാരത്തിലെ വിഷയമായി അവർ സ്വയം തിരിച്ചറിഞ്ഞു (1973, 197). വൈദ്യത്തിലൂടെ മരണത്തിലേയ്ക്കുണ്ടായ തുറവിയാണ് ആളുകളെ വ്യക്തികളെന്ന നിലയിൽ സ്വയം കാണാൻ പ്രാപ്തമാക്കിയത്. ആളുകൾ വ്യക്തികളാവുന്നത് സ്വയം അങ്ങനെ തിരിച്ചറിയുമ്പോഴാണ്. ഈ തിരിച്ചറിവാകട്ടെ, വ്യക്തികളെ രൂപപ്പെടുത്തുന്ന ശാക്തികബലതന്ത്രങ്ങൾ ശരീരത്തിൽ അന്തരരേഖിതമാവുന്നതിലൂടെ ഉണ്ടാവുന്നതാണ്. ചുരുക്കത്തിൽ, ആധുനിക വ്യക്തിയുടെ ശരീരത്തിൽ വൈദ്യത്തിന്റെ ജനിതകമുദ്രയുണ്ട്.

വൈറസിനൊപ്പമുള്ള ജീവിതം

വൈദ്യത്തിന്റെ യുക്തിക്ക് തീവ്രമായ സാമൂഹ്യവ്യാപനം സംഭവിക്കുന്ന ഘട്ടമാണ് ഏതിനം പകർച്ചവ്യാധിയുടെയും ഘട്ടം. രോഗപ്പകർച്ചയെ തടയാനുള്ള വഴി വ്യക്തി-ശരീരത്തിന്മേലുള്ള സുരക്ഷയുടെ കെട്ടുകൾ കൂടുതൽ മുറുക്കുക എന്നതാവാം. വൈറസ്സിനൊപ്പം കരുതലോടെ ജീവിക്കുക എന്നതാണല്ലോ ഇന്ന് വ്യാപകമായ തോതിൽ നിർദേശിക്കപ്പെടുന്ന ഒരു ആശയം. ഒരുപക്ഷെ ഇന്നത്തെ ഘട്ടത്തിൽ ഏക പോംവഴി ഇതാവാം. എന്നാൽ, ഈ ആശയത്തിൽ സമ്പൂർണമായ വൈദ്യവൽകരണത്തിനുള്ള ആഹ്വാനം ഉണ്ട്.

വൈറസിനൊപ്പമുള്ള ജീവിതം വൈദ്യവുമായുള്ള നിരന്തര സഹവാസമായി മാറും. ജീവിതത്തിന്റെ സമസ്തതലങ്ങളും വൈദ്യവ്യവഹാരത്തിന്റെ വരുതിയിൽപ്പെടുമ്പോൾ സംഭവിക്കുന്നതെന്ത് എന്ന ചോദ്യം പ്രസക്തമാണ്. ആപത്കരമായ ഒരു സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജീവിതത്തിന്റെ അർഥത്തിന് സംഭവിക്കുന്ന സങ്കോചമാണ്. വൈദ്യപരിചരണത്തിന്റെ ഉന്നമായി സങ്കല്പിക്കപ്പെടുന്നത് ആരോഗ്യമാണല്ലോ. രോഗമില്ലാത്ത അവസ്ഥ എന്ന അർഥത്തിൽ ആണ് ആരോഗ്യം എന്ന പദം ഇവിടെ വ്യവഹരിക്കപ്പെടുന്നത്. ഇങ്ങനെ നോക്കുമ്പോൾ, രോഗവുമായുള്ള വിരുദ്ധസാദൃശ്യത്തിലൂടെ മാത്രം അർഥം കൈവരിക്കുന്ന പദമാണ് ആരോഗ്യം എന്നത്. ഈ ആരോഗ്യസങ്കൽപ്പനം സ്വാഭാവികമായും രോഗത്തെ ചൂണ്ടിനിൽക്കുന്നു. ആരോഗ്യത്തോടെ ജീവിക്കുക എന്നാൽ രോഗമില്ലാതെ കഴിഞ്ഞുകൂടുക എന്നാണ്. ഈ അർഥത്തിലുള്ള ആരോഗ്യസങ്കല്പവും ആരോഗ്യപരിപാലന പദ്ധതികളും രോഗത്തിനുചുറ്റും കറങ്ങുന്നു എന്നുപറയാം. വൈദ്യവൽകരിക്കപ്പെടുന്ന ജീവിതവും ചലിക്കുന്നത് രോഗത്തെ ചുറ്റിപ്പറ്റിയാണ്. അതായത്, രോഗത്തിനുചുറ്റും, മരണത്തിന് പിടികൊടുക്കാതെയുള്ള കഴിഞ്ഞുകൂടലാണ് ജീവിതം എന്നുവരുന്നു.

നടക്കുക എന്നത് വ്യായാമമുറയായി മാറുമ്പോൾ ദുർമേദസ്സ് എന്ന വൈദ്യസങ്കല്പനത്തെ അടിസ്ഥാനമാക്കി നമ്മൾ അതിനെ കണ്ടുതുടങ്ങും. മുൻപ് നടന്നപോലെയല്ല പിന്നെ നമ്മൾ നടക്കുക.

വൈദ്യവൽകരണം എന്നത് പുതിയ പദപ്രയോഗമോ ആശയമോ അല്ല. ആളുകൾ സ്വാഭാവികമെന്നവണ്ണം ചെയ്തിരുന്ന കാര്യങ്ങൾ, അവരുടെ മനോഭാവങ്ങളും പെരുമാറ്റങ്ങളുമൊക്കെ, വൈദ്യത്തിന്റെ വ്യവഹാരഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, നടക്കുക എന്നത് വ്യായാമമുറയായി മാറുമ്പോൾ ദുർമേദസ്സ് എന്ന വൈദ്യസങ്കല്പനത്തെ അടിസ്ഥാനമാക്കി നമ്മൾ അതിനെ കണ്ടുതുടങ്ങും. മുൻപ് നടന്നപോലെയല്ല പിന്നെ നമ്മൾ നടക്കുക. ചെരുപ്പിടുന്നത്, ഭക്ഷണം കഴിക്കുന്നത്, ഉറങ്ങുന്നത്, ഇരിക്കുന്നത്, കൈകഴുകുന്നത്, കുളിക്കുന്നത്, തൊടുന്നത്, തൊടാതിരിക്കുന്നത്, കൂട്ടുകൂടുന്നത് എന്ന് വേണ്ട ആളുകളുടെ ചെയ്തികളൊക്കെ ഇത്തരത്തിൽ മാറിക്കഴിഞ്ഞിട്ടുണ്ട്. മാത്രവുമല്ല, ഈ പ്രക്രിയയുടെ മറ്റൊരു പ്രത്യേകതയായി കാണാവുന്നത് വൈദ്യത്തിന്റെ നോട്ടം ശരീരത്തിൽത്തന്നെ പാർപ്പുറപ്പിക്കുന്നു എന്നതാണ്. വൈദ്യൻ പുറത്തല്ല. നോട്ടം പുറത്തുനിന്നും ശരീരത്തിൽ പതിയുകയല്ല.

നമ്മൾ നമ്മുടെ പെരുമാറ്റങ്ങളെത്തന്നെ വൈദ്യത്തിന്റെ കണ്ണിലൂടെ കാണുന്നു; അതിനനുസൃതമായി സ്വയം ചിട്ടപ്പെടുത്തുന്നു. പെരുമാറ്റങ്ങളെ ക്രമീകരിക്കുക മാത്രമല്ല, നാഡിമിടിപ്പുകളെ, സ്പന്ദനത്തെ, രക്തസമ്മർദത്തെ ഒക്കെ അടയാളപ്പെടുത്തുകയും സ്വജീവിതത്തെ വൈദ്യയുക്തിയിൽ സ്വയം ചിട്ടപ്പെടുത്തുകയും ചെയ്യുന്ന വ്യക്തികൾ ഉണ്ടാവുന്നു. ഹോമോ മെഡിക്കസ് (homo medicus) എന്ന ഒരു പദം ഫൂക്കോ ഉപയോഗിച്ചിട്ടുണ്ട് (2006, 358). ആരോഗ്യം എന്ന കേന്ദ്രതത്വത്താൽ പ്രചോദിതമായി പ്രവർത്തിക്കുന്ന മനുഷ്യജീവിയെ സൂചിപ്പിക്കുന്നതിനായി ഈ പദം ഉപയോഗിക്കുന്നവരുണ്ട്. ഈ ജീവി സകലതിനെയും കാണുക ആരോഗ്യത്തെ മുൻനിർത്തിയാവും. രാഷ്ട്രീയപ്രയോഗങ്ങളും ഭരണവും കമ്പോളവും ഒക്കെ വൈദ്യത്തിന്റെ യുക്തിയിൽ ക്രമീകരിക്കപ്പെടുമ്പോൾ പൊതുജീവിതത്തിന്റെ അർഥം തന്നെ മാറുകയാണ്. ആരോഗ്യപരിരക്ഷയ്ക്ക് ആവശ്യമായി വരുന്ന അളവിൽ മാത്രം പൊതുതാൽപ്പര്യവും പൊതുജീവിതവും ഉള്ള ജീവികളായി മനുഷ്യർ രൂപം മാറുന്നു (Rose, 134-135). കോവിഡും അതിനെ നേരിടാനായി ആഗോളമായി സ്വീകരിക്കപ്പെട്ട നടപടികളും ഈ രൂപാന്തരണത്തിന് ആക്കം കൂട്ടുന്നുണ്ട്. പരസ്പരം അടുക്കുന്നതും തൊടുന്നതും കൂട്ടം ചേരുന്നതുമൊക്കെ വിലക്കപ്പെട്ട ഒരു ഘട്ടമാണ് കടന്നുപോകുന്നത്. വിലക്കുകളുടെ യുക്തി ഒരു ആരോഗ്യ അടിയന്തരാവസ്ഥയുടെ ഘട്ടത്തിനപ്പുറത്തേക്ക് നീളുമ്പോൾ എന്താണ് സംഭവിക്കുക? ഒരു ജനതയുടെ രാഷ്ട്രീയശരീരത്തെത്തന്നെ ഘടനാപരമായി മാറ്റാൻ അതിനാവും. വൈദ്യത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന ഭരണകൂടം പ്രവർത്തിക്കുന്നത് ശരീരത്തിലൂടെയാണ്. അത് കല്പിക്കുന്നത് നമ്മൾ ഇച്ഛിക്കും! ▮

സൂചിത കൃതികൾ:

1. M. Foucault, The Birth of the Clinic: An Archeology of Medical Perception ( Translated by A.M Sheridan), Routledge, London,19732. M. Foucault, The Care of the Self ,The History of Sexuality. Vol. 3 ( Translated by Robert Hurley), Penguin, London, 19903. M. Foucault, History of Madness (Translated by Jonathan Murphy and Jean Khalfa) Routledge, London and New York, 20064. J. Duffin, History of Medicine: a Scandalously Short Introduction, Macmillan, 20005. N. Rose, The Politics of Life Itself, Princeton University Press, 2007


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ടി.വി. മധു

സാംസ്‌കാരിക വിമർശകൻ, ചിന്തകൻ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിലോസഫി വിഭാഗം മേധാവിയും പ്രൊഫസറും. നവ മാർക്‌സിസം, പോസ്റ്റ് മാർക്‌സിസം, ഉത്തരാധുനികത, ആധുനികത തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നടത്തുന്നു. നവ മാർക്‌സിസ്റ്റ് സാമൂഹികവിമർശനം, ഞാൻ എന്ന അഭാവം, മാർക്‌സിനൊപ്പം മാർക്‌സിനുശേഷം (നിസാർ അഹമ്മദിനൊപ്പം) എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments