ഡൽഹി ശാന്തി മുകുന്ദ് ഹോസ്പിറ്റലിനു മുന്നിലെ നോട്ടീസ്‌

ഒൻപതാം ഡൽഹി

ഞാൻ ഈ കുറിപ്പെഴുതുമ്പോൾ ആയിരങ്ങൾ ഈ നഗരത്തിൽ വിവിധ ആതുരാലയങ്ങളിൽ ജീവവായുവിനുവേണ്ടി കേഴുകയാണ്. ഇന്ത്യയിലെ ഒരു രാഷ്ട്രീയബന്ദും സ്വാധീനിക്കാത്ത ഈ നഗരം തുഗ്ലക്കാബാദ് എന്ന പരാജിതനഗരം പോലെ ആളൊഴിഞ്ഞുകിടക്കുന്നു.

1996 ലാണ് എന്റെ ഡൽഹി വാസം തുടങ്ങുന്നത്.
അതായത് ഇരുപത്തഞ്ചുകൊല്ലങ്ങളായി ഇതെന്റെ പ്രധാന ജീവിതനഗരം.
ഇവിടെ വരുംമുമ്പേ കേട്ടിരിക്കുന്നു ചരിത്രഡൽഹിയിൽ എട്ടുനഗരങ്ങളുണ്ടെന്ന്. ചിലർ പറയും ഏഴെന്ന്, മറ്റുചിലർ പറയും അതിലും എത്രയോ കൂടുതലെന്ന്.
ഭൂമി തുരന്നുനോക്കി ചില ചരിത്രകാരന്മാർ പറഞ്ഞു, പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം ഇവിടുത്തെ മറ്റൊരു നഷ്ടനഗരമാണെന്ന്.
ഭാരതവർഷം പോലും സമീപകാലം എന്നു കരുതുന്നവർ ഡൽഹിയിൽ അതിലും പഴക്കം ആരോപിക്കും.

എന്നാൽ ഞാൻ ഡൽഹിയിൽ വരുമ്പോൾ പറഞ്ഞുകേട്ട നഗരങ്ങൾ ബ്രിട്ടീഷുകാർ പണിത ന്യൂഡൽഹി മാറ്റിനിർത്തിയാൽ പിന്നെ ഏഴായിരുന്നു.
പൃഥ്വിരാജ് ചൗഹാൻ എന്ന രജപുത്രന്റെ രാജധാനിയോട് ചേർന്നുണ്ടായ മെഹ്റോളി, ഡൽഹി സുൽത്താന്മാരുടെ ആദ്യനഗരം, പിന്നീടുവന്നത് അലാവുദ്ദീൻ ഖിൽജി പണിത സിരിനഗരം (അതിന്റെ പ്രാന്തങ്ങളിലാണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്. ബാഗ്ദാദിൽ നിന്നും ഡമാസ്‌കസിൽ നിന്നും പണ്ഡിതന്മാർ വന്നു താമസിച്ചിരുന്ന മതപാഠശാലയിൽ ഞാൻ എന്നും രാവിലെ നടക്കാൻ പോകും. ആ എടുപ്പുകളുടെ ഒഴിഞ്ഞ ഇരുട്ടിൽ ഒന്നിൽ ഒരു പിൽക്കാല തുഗ്ലക് അന്തിയുറങ്ങുന്നു). മൂന്നാമത്തെ നഗരം തുഗ്ലക്കാബാദ് ആണ്...
ആളൊഴിഞ്ഞ, അരങ്ങൊഴിഞ്ഞ, കോട്ടക്കകത്ത് ഇപ്പോൾ ആടുകൾ മേയുന്നു.

ഞാൻ താമസിക്കുന്ന കോളനിയിലെ ഇരുന്നൂറുവീടുകളിൽ എൺപതുവീടുകളിലെങ്കിലും കുറഞ്ഞത് ഒരാൾക്കെങ്കിലും കോവിഡ് ഉണ്ട്. ഇരുപത്തഞ്ചുകൊല്ലത്തെ എന്റെ ഡൽഹി ഓർമകളിൽ ഈ നഗരത്തിന് ഇങ്ങനെ ഒരു സ്വത്വഭേദം ഇതിനുമുൻപ് കണ്ടിട്ടില്ല.

നാലാം നഗരം പഴയ രണ്ടു സുൽത്താൻ നഗരങ്ങളെ ചേർത്തുകെട്ടി മുഹമ്മദ് ബിൻ തുഗ്ലക് പണിത ജഹൻപനായും(ലോകനഗരം), അഞ്ചാം ഡൽഹിനഗരം ഫെറോസാബാദും ആണ്. അവിടെ ഇപ്പോൾ ഒരു ക്രിക്കറ്റ് മൈതാനവും ഒരു മസ്ജിദും ബാക്കി.
ആറാം നഗരം ദിൻപനാ അഥവാ വിശ്വാസത്തിന്റെ നഗരം.
ഹുമയൂണും പിന്നാലെ ഷേർഷാ സൂരിയും നിർമിച്ചത്. ഏഴാം നഗരം, ഇന്നത്തെ ഡൽഹിയിലെ പുരാനി ദില്ലി, ഷാജഹാനാബാദ്. എട്ടാമത്തേത് ലോകാവസാനം വരെ തങ്ങൾ ഇന്ത്യ ഭരിക്കും എന്ന് കരുതി ബ്രിട്ടീഷുകാർ പാറയിൽ പണിത പുതിയ ഡൽഹി.

ഞാൻ ഈ കുറിപ്പെഴുതുമ്പോൾ, ഇന്ത്യയിലെ ഒരു രാഷ്ട്രീയബന്ദും സ്വാധീനിക്കാത്ത ഈ നഗരം തുഗ്ലക്കാബാദ് എന്ന പരാജിതനഗരം പോലെ ആളൊഴിഞ്ഞുകിടക്കുന്നു / Photo: Wikimedia Commons

എന്നാൽ ഈ ലേഖനത്തിൽ ഞാൻ പരാമർശിക്കുന്നത് ഒൻപതാമത്തെ ഡൽഹിയെക്കുറിച്ചാണ്.
അത് കോട്ടയോ, കൊത്തളമോ, കൊട്ടാരമോ, കുളമോ, കിണറോ, കൽക്കെട്ടുകളോ, കൽപ്പിതകഥകളോ അല്ല.
ഞാൻ പറഞ്ഞുവരുന്നത് ഓർമകളുടെ ഡൽഹിയെക്കുറിച്ചാണ്.
ഒൻപതാമത്തെ ഡൽഹി ഓർമകളുടേതാണ്.

ഞാൻ ഈ കുറിപ്പെഴുതുമ്പോൾ ആയിരങ്ങൾ ഈ നഗരത്തിൽ വിവിധ ആതുരാലയങ്ങളിൽ ജീവവായുവിനുവേണ്ടി കേഴുകയാണ്. ഇന്ത്യയിലെ ഒരു രാഷ്ട്രീയബന്ദും സ്വാധീനിക്കാത്ത ഈ നഗരം തുഗ്ലക്കാബാദ് എന്ന പരാജിതനഗരം പോലെ ആളൊഴിഞ്ഞുകിടക്കുന്നു. ഇരുപതുകൊല്ലങ്ങൾക്കു മുമ്പേ ഒരു ദീപാവലിത്തലേന്ന് ബോംബ് സ്ഫോടനത്തിൽ തകർന്ന കുപ്പിവളക്കട, സ്ഫോടനത്തിൽ കൊല്ലപ്പെട്ട അച്ഛന്റെ മൃതദേഹം സംസ്‌കരിച്ച് പിറ്റേന്ന് തുറന്ന് മകൻ ജീവിതസമരം തുടർന്ന നഗരമാണ് ഇങ്ങനെ അടഞ്ഞുകിടക്കുന്നത്.
ആളുകൾ നഗരത്തെ ഉപേക്ഷിച്ച് കുടുംബത്തിലേക്ക് പലായനം ചെയ്തിരിക്കുന്നു. കുടുംബമായിരിക്കുന്നു രാഷ്ട്രവും രാഷ്ട്രീയവും.

അഞ്ചുമാസങ്ങളായി പതിനായിരക്കണക്കിന് കർഷകർ സമരം ചെയ്യുമ്പോൾ അതൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ ജീവിച്ച നഗരമാണ് ഭയന്ന് വിറങ്ങലിച്ച്, അടിസ്ഥാന ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത്.

ഞാൻ താമസിക്കുന്ന കോളനിയിലെ ഇരുന്നൂറുവീടുകളിൽ എൺപതുവീടുകളിലെങ്കിലും കുറഞ്ഞത് ഒരാൾക്കെങ്കിലും കോവിഡ് ഉണ്ട്. ഇരുപത്തഞ്ചുകൊല്ലത്തെ എന്റെ ഡൽഹി ഓർമകളിൽ ഈ നഗരത്തിന് ഇങ്ങനെ ഒരു സ്വത്വഭേദം ഇതിനുമുൻപ് കണ്ടിട്ടില്ല. ഈ നഗരാതിർത്തിയിൽ അഞ്ചുമാസങ്ങളായി പതിനായിരക്കണക്കിന് കർഷകർ സമരം ചെയ്യുമ്പോൾ അതൊന്നുമറിഞ്ഞില്ലേ എന്നമട്ടിൽ ജീവിച്ച നഗരമാണ് ഭയന്ന് വിറങ്ങലിച്ച്, അടിസ്ഥാന ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത്. നഗരികാണിക്കാനല്ലാതെ ആദ്യമായി ആളുകൾ കണ്ണാടി നോക്കി ഞെട്ടി സ്വയം ചോദിക്കുന്നു, ആരാണ് ഞാൻ?

362 വർഷങ്ങൾക്കു മുൻപ് തലയില്ലാത്ത ഒരു ശരീരത്തെ ആനപ്പുറത്ത് ഡൽഹിയിൽ നഗരികാണിച്ചിരുന്നു... ഷാജഹാൻ ചക്രവർത്തിയുടെ മകൻ ദാരാ രാജകുമാരന്റെ ശരീരം.
കൊല്ലപ്പെടുന്നതിനു മുൻപേ സൂഫിചിന്തയിൽ ദാരായും ചോദിച്ച ചോദ്യം ഇതുതന്നെയാണ്... ഈ നഗരത്തിൽ ആരാണ് ഞാൻ? അധികാരവുമായി ബന്ധപ്പെട്ടതാണ് എട്ടു ഡൽഹികളുടെയും കെട്ടുറപ്പുകൾ. ഒൻപതാം ഡൽഹി കെട്ടുറപ്പിന്റെതല്ല, കെട്ടിയിറക്കലിന്റേതാണ്.

ഓക്‌സിജൻ വിതരണം ത്വരഗതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ മാക്‌സ് ഹെൽത്‌കെയർ ട്വിറ്ററിൽ പങ്കുവെച്ച എസ്.ഒ.എസ് സന്ദേശം

ശ്വാസതടസ്സം വന്ന എന്റെ നഗരത്തെക്കുറിച്ച് ദർശനാധ്യാപകനായ സുഹൃത്തിനോട് സംസാരിക്കുമ്പോൾ അദ്ദേഹം എനിക്കൊരു അയച്ചുതന്നു.
രണ്ടു പേർ മൂക്കുകൾ പൂർണമായും അടച്ച്, ആലിംഗനം ചെയ്ത്, പരസ്പരം ചുംബിച്ച് വായിലൂടെമാത്രം ശ്വാസോച്ഛാസം ചെയ്യാൻ ശ്രമിക്കുന്ന മുപ്പതുസെക്കന്റുകൾ. സെർബിയൻ കലാകാരി മറീന അബ്രമോവിച്ചും ഉലയ്യും നമ്മെ ഉലച്ചുകളയുന്ന മുപ്പതുസെക്കന്റുകൾ.‘നീ എനിക്ക് ഓക്‌സിജൻ തന്നാൽ ഞാൻ നിനക്ക് കാർബൺ ഡയോക്‌സൈഡ് തരാം' എന്ന അതിതീവ്ര ദുരന്തസന്ധി.
എന്റെ മനസ്സിലൂടെ വാഗൺ ട്രാജഡി കടന്നുപോയി, വിഭജനകാലത്ത് തീവണ്ടികളിൽ ശ്വാസം മുട്ടി മരിച്ചവർ കടന്നുപോയി, സിഖ് കൂട്ടക്കൊലകളിൽ പെട്രോളിൽ നിന്നു കത്തുമ്പോൾ അതിനുള്ളിൽ ഓക്‌സിജൻ തിരഞ്ഞുമരിച്ച സർദാർജിമാർ കടന്നുപോയി, ഒരൊറ്റദിവസം തിമൂർ പതിനാലാം നൂറ്റാണ്ടിൽ ഈ നഗരത്തിൽ കൊന്നൊടുക്കിയ പതിനായിരങ്ങൾ കടന്നുപോയി, ലോകത്തിലെ തടങ്കൽ പാളയങ്ങൾ കടന്നുപോയി.

ഡൽഹിയിലെ പശ്ചിമ വിഹാറിലെ ഒരാശുപത്രിയിൽ ഓക്‌സിജൻ ആഗ്രഹിച്ചുകിടക്കുന്ന 235 പേർക്കുവേണ്ടി രണ്ടു സ്‌പെഷ്യൽ ജീവവായു ട്രക്കുകൾ പോകുന്നത് ഞാൻ കണ്ടു.
ആ വണ്ടിക്കു കടന്നുപോകാനായി നഗരവീഥികൾ പോലീസ് ഒഴിച്ചിട്ടു. ഏതോ അസംബന്ധനാടകത്തിലെ ദുരന്താന്ത്യപ്രമേയം നേരിട്ട് കണ്മുന്നിൽ. അതുകൊണ്ടാണ് ഞാൻ ഈ ലേഖനത്തിന് ഒൻപതാം ഡൽഹി എന്ന് പേരിട്ടത്. ഇത് പുതിയ നഗരമാണ്. പാണ്ഡവന്റെ ചോദ്യം മുതലിങ്ങോട്ടുള്ള മുഴുവൻ ചോദ്യങ്ങളും വീണ്ടും ചോദിക്കാൻ പ്രാപ്തമായ ഒരു fundamental city ..അതാണ് ഒൻപതാം ഡൽഹി.

എന്റെ കുടുംബം ഇന്ന് കോവിഡിനെ അതിജീവിച്ചെങ്കിൽ അതിനുകാരണം ഡൽഹിയിലെ വ്യവസ്ഥയല്ല, മറിച്ച് ഞങ്ങൾക്ക് ഈ നഗരത്തിലുള്ള ബന്ധങ്ങളാണ്. കനത്ത കുറ്റബോധത്തോടെയാണ് ഞാനിതു പറയുന്നത്. ഇത്തരം ബന്ധങ്ങളില്ലാത്ത പാവങ്ങൾ ശ്വാസം കിട്ടാതെ മരിക്കുന്ന നഗരം ആധുനികമാണോ?

എന്തൊക്കെയാണ് ഒൻപതാം ഡൽഹിയുടെ തൂണുകൾ?
ഞാൻ ആദ്യം മനസ്സിലാക്കുന്നത് മതമില്ലാതായതാണ്.
ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച് ഷഹീൻ ബാഗിൽ സ്ത്രീകളും കുഞ്ഞുങ്ങളും മാസങ്ങളോളം മതേതരമായ അടിസ്ഥാനചോദ്യങ്ങൾ ചോദിച്ച് സമരം ചെയ്തപ്പോൾ അതിനു മതചിഹ്നം ചാർത്തിക്കൊടുത്ത മധ്യവർഗം ഒരാപൽഘട്ടത്തിലെത്തിയപ്പോൾ ആദ്യം മറക്കുന്നത് സ്വന്തം മതാത്മകതയാണ്. അയാൾ പ്രാർത്ഥിക്കുന്നുണ്ട്, പക്ഷേ മറ്റൊരുമതത്തെ ശത്രുവായി കാണുന്നില്ല... വിശ്വാസമേ, ശ്വാസം മുട്ടുമ്പോൾ ജീവവായു മാത്രമാണ് പ്രധാനം. പ്രളയകാലത്ത് മലയാളി കണ്ടതും പിറ്റേന്ന് മലയാളി മറന്നതുമായ ഒരു കാര്യം.

രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്.
ആദ്യത്തേത് പ്രധാനമന്ത്രിയും.
ഈ നഗരത്തിൽ വോട്ടില്ലാത്ത കുടിയേറ്റപ്പണിക്കാർ ലക്ഷക്കണക്കിനായി ഇത്തവണയും അവരവരുടെ ഗ്രാമങ്ങളിലേക്ക്, ഭാണ്ഡത്തിൽ ഒരു പക്ഷേ കോവിഡ് വൈറസ്സുമായി, പലായനം ചെയ്യുകയാണ്.
പോകരരുതെന്നു പറയാൻ ഈ നഗരത്തിന് എന്ത് അർഹത?.
ഞങ്ങളുടെ കോളനിയിൽ ഒൻപതു വീടുകളിൽ പാത്രം കഴുകിയും നിലം തുടച്ചും ജീവസന്ധാരണം ചെയ്യുന്ന ജാർഖണ്ഡ്കാരി സ്മൃതി പറഞ്ഞത്, കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് രണ്ടുമാസങ്ങൾ വീടുകൾ അടഞ്ഞുകിടന്നപ്പോൾ ഒൻപതിൽ എട്ടു വീട്ടുടമകളും പ്രതിമാസക്കൂലി കൊടുക്കാൻ തയ്യാറായില്ല എന്നാണ്. നൂറുകണക്കിന് സ്മൃതികൾ ആ ദിവസങ്ങളിൽ ഈ നഗരത്തെ സ്‌നേഹസീമയ്ക്ക് പുറത്തുനിർത്തിക്കാണണം. ആ ശ്വാസംമുട്ടൽ ആവർത്തിക്കാതിരിക്കാനാണ് അവർ ഇത്തവണ പെട്ടെന്ന് ഗ്രാമങ്ങളിലേക്ക് പോകുന്നത്. അവർ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും വിശ്വസിക്കുന്നില്ല. അവരുടെ പലായനം ഒരു സത്യപ്രതിജ്ഞയാണ്.

ഈ നഗരത്തിന്റെ തലച്ചോറിൽ ഒരു വലിയ പലായനത്തിന്റെ ഓർമയുണ്ട്... രാജ്യവിഭജനക്കാലത്തെ പലായനം.
എന്റെ അയൽപക്കത്തെ കാശ്മീരി പണ്ഡിറ്റിനോട് ഞാൻ ചോദിച്ചു, 1986 ൽ നിങ്ങൾ ശ്രീനഗറിൽ നിന്ന് വന്നത് മറന്നുപോയോ, എന്തേ നിങ്ങൾ സ്മൃതിയ്ക്ക് ഒരുമാസത്തെ കൂലിയായ ആയിരം രൂപ കൊടുത്തില്ല. അവനവന്റെ പലായനത്തിന്റെ പ്രാധാന്യം മറ്റുള്ളവരുടേതിനില്ല എന്നയാളുടെ തണുത്ത പ്രതികരണം എന്നോടു പറഞ്ഞു. പലായനത്തിന്റെ വില ഏറ്റവും കൂടുതൽ കൊടുത്ത ഒരു കൂട്ടർ ഡൽഹി അതിർത്തിയിൽ വേനലിലും സമരം തുടരുകയാണ്. അവർ പുതിയ ലോക്ക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ഇതര സംസ്ഥാന ത്തൊഴിലാളികൾ നഗരം വിട്ടുപോകാതിരിക്കാൻ ഡൽഹി ചേരികളിൽ റോട്ടിയും പരിപ്പുകറിയും എത്തിക്കുന്നതിന്റെ ചിത്രവും ഞാൻ കണ്ടു. കവി അൻവർ അലിയാണ് എന്നോടു പറഞ്ഞത് ഡൽഹിയുടെ ഭൂപടം ഇന്ത്യയുടെ കണ്ഠം പോലെയാണെന്ന്... വെറുതേയല്ല ഇങ്ങനെ ശ്വാസം മുട്ടുന്നത്.

ഡൽഹിയിൽ സമരം തുടരുന്ന കർഷകർ രണ്ടാം ലോക്ക്ഡൗണിൽ പെട്ടുഴലുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നു / Photo: Kisan Ekta Morcha, Fb

ഇനി ഞാൻ എന്റെ കുടുംബത്തിലേക്കു വരാം.
എന്റെ കുടുംബം ഇന്ന് കോവിഡിനെ അതിജീവിച്ചെങ്കിൽ അതിനുകാരണം ഡൽഹിയിലെ വ്യവസ്ഥയല്ല, മറിച്ച് ഞങ്ങൾക്ക് ഈ നഗരത്തിലുള്ള ബന്ധങ്ങളാണ്. കനത്ത കുറ്റബോധത്തോടെയാണ് ഞാനിതു പറയുന്നത്. ഇത്തരം ബന്ധങ്ങളില്ലാത്ത പാവങ്ങൾ ശ്വാസം കിട്ടാതെ മരിക്കുന്ന നഗരം ആധുനികമാണോ? കോവിഡിന്റെ ഒന്നാം തരംഗത്തിൽ എന്റെ ഭാര്യയും രണ്ടാം തരംഗത്തിൽ മകനും രോഗബാധിതരായി. ആദ്യം ദീപാവലിക്കാലം. രണ്ടാമത്തേത് ഈ ക്രൂരമാം ഏപ്രിൽ. റീന മരണത്തിൽ നിന്ന് തിരിച്ചുവന്നത് ഉയർന്ന ബന്ധങ്ങൾ സഹായിച്ചതിനാലാണ്. മകൻ കഴിഞ്ഞ ആഴ്ച കോവിഡ് ബാധിതനായപ്പോൾ ഞാൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇതാ: കോവിഡ്: ദില്ലി അവസ്ഥ എന്റെ മകൻ നിരഞ്ജന് കോവിഡ് പോസിറ്റിവായിട്ട് ഇതാറാം ദിവസം. ഭാഗ്യം, അവൻ മുംബൈയിൽ ഒറ്റക്കായില്ല ഈ നേരത്ത്, പ്രൊഫഷണലായ ആവശ്യത്തിന് ഡൽഹിയിൽ ഒരാഴ്ചയായി ഉണ്ടായിരുന്നു. ഞങ്ങൾ കൂടെയുണ്ടല്ലോ. അഞ്ചാം ദിവസവും പനി 101 ഡിഗ്രിയിൽ നിന്ന് താഴാത്തതിനാൽ ഡോക്ടർ ഇന്നലെ വൈകീട്ട് പുതിയ മരുന്നു നൽകാൻ പറഞ്ഞു. ഒന്നുരണ്ട് ടെസ്റ്റുകൾക്കും പറഞ്ഞു. തൃശൂർ പൂരം വേണോ വേണ്ടായോ എന്ന് തീരുമാനിക്കാനാവാത്ത ആദ്ധ്യാത്മിക സമസ്യയിൽ കുരുങ്ങി നിൽക്കുന്ന കേരള സമൂഹം കേൾക്കാനിത്: എന്റെ മകന് 21 വയസ്സേയുള്ളു. പ്രായത്തിന്റെ ആർജ്ജവം അവനെ സംരക്ഷിക്കുമെന്ന് ഡോക്ടർമാർ.. പക്ഷേ, നഗരാവസ്ഥ കേട്ടുകൊള്ളൂ:

ഒന്ന്: ഈ മഹാനഗരത്തിൽ ഒരാശുപത്രിയിലും ഒരു മെത്ത പോലും ഒഴിഞ്ഞതില്ല

രണ്ട്: കഴിഞ്ഞ 24 മണിക്കൂറിൽ തലസ്ഥാനത്ത് 25000 കേസിന്റെ വർധന. എനിക്കുറപ്പാണ് സർക്കാർ രേഖകളിൽ പെടാൻ കഴിയാത്ത വർധന ഇതിന്റെ മൂന്നിരട്ടി കാണും... അപ്പോൾ, ഒരു ലക്ഷം പ്രതിദിനം..

മൂന്ന്: Blood Test ന് ലാബുകളിൽ വിളിക്കുമ്പോൾ കോവിഡ് രോഗിയുടെ വീട്ടിൽ വന്ന് ടെസ്റ്റ് ചെയ്യില്ല എന്ന് മറുപടി. കോവിഡ് രോഗികൾക്ക് ലാബുകളിൽ പോയി ടെസ്റ്റ് ചെയ്യാൻ അനുവാദവുമില്ല. ആശുപത്രികളിൽ admit ആകാനാണെങ്കിൽ ആശുപത്രികളിൽ ഒഴിവില്ല... ആശുപത്രി വരാന്തകൾ വരെ പ്രക്ഷീണരായ രോഗികളാൽ നിറഞ്ഞിരിക്കുന്നു. അനുഭവിച്ചറിഞ്ഞാലേ ഈ വിഷമസന്ധി മനസ്സിലാകൂ..

നാല്: നിരഞ്ജന് ഡോക്ടർ നിർദ്ദേശിച്ച മരുന്ന് മുഴുവൻ ഡൽഹിയിലും out of stock. ഞങ്ങൾ ക്വാറന്റൈനിലായതിനാൽ പുറത്തിറങ്ങാൻ പറ്റില്ല... കൂട്ടുകാരാണ് അന്വേഷിക്കുന്നത്. ഏറ്റവും ഉയർന്ന പിടിപാടുകൾ കൊണ്ട് രാത്രി 24 കിലോമീറ്റർ വണ്ടിയോടിച്ച് ഒരിടത്തുനിന്നും രണ്ടു ദിവസത്തേക്ക് മരുന്നു കിട്ടി... വഴിയിൽ സുഹൃത്തിനെ അഞ്ചിടത്ത് പോലിസ് തടഞ്ഞു, കർഫ്യൂ. ഏതായാലും മരുന്നിന് ഫലം കണ്ടതു പോലെ... ഇന്ന് രാവിലെ, ആറു ദിവസങ്ങളിലാദ്യമായി temp നൂറിൽ താഴെയെത്തി.

​​​​​​​ഈ ലേഖനം ഭയം പടർത്താനുദ്ദേശിച്ചുള്ളതല്ല. എന്നാൽ ഒരു വർഷത്തിലേറെയായി അടച്ചിട്ട വീട്ടിൽ അനുഭവിക്കുന്ന ഈ മനുഷ്യാവസ്ഥ ഭയം ജനിപ്പിക്കുന്നതല്ലേ?

അഞ്ച്: രക്തപരിശോധന നടത്താൻ കഴിയുമോ എന്ന് തീർച്ചയില്ല. ഡോക്ടർമാരും, മുതിർന്ന മാധ്യമ പ്രവർത്തകരും, സർക്കാർ ഉദ്യോഗസ്ഥരും, പൊതുജനാരോഗ്യ പ്രവർത്തകരും സുഹൃത്തുക്കളായുള്ള എന്റേയും റീനയുടേയും അവസ്ഥ ഇന്ന് ഇങ്ങനെയെങ്കിൽ... ഒരു ദിവസം കുറഞ്ഞത് 25,000 എന്ന മട്ടിൽ പെരുകുന്ന രോഗികളുടെ കാര്യം മഹാദുരന്തമായി മാറുകയാണ്...

പൂരത്തിന്റെ കാര്യമോർക്കാനുള്ള മാനസികാവസ്ഥയല്ല എന്റേത്. ആർക്കെതിരേ ഇന്ന് ട്രോൾ ചെയ്യണമെന്നാലോചിക്കുന്ന ഒരു മലയാളി വൈറസ് ബാധയുണ്ടല്ലോ.. അതൊന്ന് മാറ്റിവെച്ചിട്ട് ആലോചിച്ചു നോക്കൂ... ഭീതിദമാണ് കോവിഡ് രണ്ടാം തരംഗപ്പടർച്ചയുടെ വേഗം. നമ്മുടെ നഗരങ്ങൾക്ക് കെട്ടിടങ്ങൾ കൊണ്ട് വെറുതേ തലയുയർത്തി നിൽക്കാമെന്നേയുള്ളു. മനുഷ്യത്വം തലതാഴ്ത്തി നിൽക്കുകയാണ്.
ഇതായിരുന്നു, ഫേസ്ബുക്ക്​ കുറിപ്പ്.

'രോഗികളുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അവർക്ക് ആവശ്യമായ ഓക്‌സിജൻ നൽകാൻ സാധിച്ചില്ലെങ്കിൽ എന്തു ചെയ്യും? രോഗികൾ മരിക്കും, രോഗികൾ മരിക്കും.' ഓക്‌സിജൻ ലഭ്യതക്കുറവിനെക്കുറിച്ച് സംസാരിക്കവെ വിതുമ്പുന്ന ശാന്തി മുകുന്ദ് ഹോസ്പിറ്റൽ സി.ഇ.ഒ സുനിൽ സാഗർ / Photo: ANI

ഈ ലേഖനം ഭയം പടർത്താനുദ്ദേശിച്ചുള്ളതല്ല. എന്നാൽ ഒരു വർഷത്തിലേറെയായി അടച്ചിട്ട വീട്ടിൽ അനുഭവിക്കുന്ന ഈ മനുഷ്യാവസ്ഥ ഭയം ജനിപ്പിക്കുന്നതല്ലേ?
ഞാനോർക്കുന്നു ഡൽഹിയിലെ ആകാശവാണിക്കു മുന്നിലെ വൃദ്ധനായ ചെരുപ്പുകുത്തിയെ.
ഉത്തർപ്രദേശുകാരൻ.
അയാളുടെ അയൽവാസി വിഭജനശേഷം പാകിസ്ഥാനിലേക്ക് പോയി. പാകിസ്ഥാനിലേക്ക് പോകും വഴി അയാൾ കൊല്ലപ്പെട്ടു. ചെരുപ്പുകുത്തി എന്നോടു പറഞ്ഞു; ""ഞാൻ ഇവിടെ 1948 ൽ വന്നതാണ് ... അക്കാലത്ത് ഞാൻ നന്നാക്കിയ ചെരിപ്പുകളിൽ പലതും ലാഹോറിൽ നടന്ന് തേഞ്ഞതാണ്, അവരുടെ പല ബന്ധുക്കളും കൊല്ലപ്പെട്ടവരാണ്.''

ഈ നഗരത്തിന്റെ ഓർമകൾ അപാരമാണ്.
ആ ഓർമകൾ ഈ വീട്ടിനുള്ളിൽ ഒരു വൈറസിനെ പോലെ കടന്നുവന്ന് എന്നെ ആക്രമിക്കുകയാണ്.
ഈ നഗരത്തിലാണ് ഗാന്ധി ഒരു വെടിക്ക് പിന്നോട്ടു മലർന്നത്.
ഈ നഗരത്തിലാണ് അംബേദ്കർ ഭരണഘടനയുടെ അസ്ഥിവാരത്തെക്കുറിച്ച് സംസാരിച്ചതും സ്വപ്നങ്ങളുടെ പരാഗങ്ങൾ വിതരണം ചെയ്തതും.
ഈ നഗരത്തിലെ രാംലീല മൈതാനിയിലാണ് ജയപ്രകാശ് നാരായൺ അടിയന്തിരാവസ്ഥക്കെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ചത്.
ഈ നഗരത്തിലാണ് മൗലാനാ അബുൾ കലാം ആസാദ് മുസ്‌ലിംകളോട് പാകിസ്ഥാനിലേക്ക് പോകരുത് എന്ന് അഭ്യർത്ഥിച്ചത്.
ഓർമകളുടെ പടലങ്ങൾ ശ്വാസനാളത്തിൽ പിടിമുറുക്കുന്നു. ചരിത്രത്തിന്റെ ഒരു ആംബുലൻസ് ചൂളം വിളിച്ച് അടച്ചിട്ട ഓരോ വീടിനു മുന്നിലൂടെയും പോകുന്നു.

ഡൽഹിയിലേക്ക് ഓക്‌സിജൻ വിട്ടുതരണമെന്ന് ഹരിയാന സർക്കാറിനോട് ആവശ്യപ്പെട്ട് കോവിഡ് ചികിത്സയിൽ കഴിയുന്ന എ.എ.പി എം.എൽ.എ സൗരഭ് ഭരദ്വാജ്‌ ട്വീറ്റ് ചെയ്ത വീഡിയോയിൽ നിന്നും

ഇന്നലെ എന്റെ സുഹൃത്ത് മഹാവീർ എൻക്ലേവിൽ നിന്ന് വിളിച്ചു.
അദ്ദേഹത്തിന്റെ അമ്മ ജനിച്ചത് കിഴക്കൻ ബംഗാളിലെ ചിറ്റഗോങ്ങിൽ.
ഇപ്പോൾ ദില്ലിയിലെ ദ്വാരകയിൽ ഓക്‌സിജൻ സിലിണ്ടറിന് കാത്തുകിടക്കുന്നു... വയസ്സ് എൺപത്തിയഞ്ച്.
സുഹൃത്ത് പറഞ്ഞു; ""അമ്മയുടെ ഇഷ്ടഗാനം ഒരിക്കൽ അമ്മ ഗോപാലകൃഷ്ണന് വീട്ടിലെ അത്താഴമേശയിൽ പാടിത്തന്നിട്ടുണ്ട്''
മനസ്സിൽ മുഴങ്ങുന്നു ആ രബീന്ദ്രസംഗീതം, ഹൃദയോർ ഏകുൽ ഓകുൽ...
​പക്ഷെ, CAA നിയമം വന്നപ്പോൾ ഈ കിഴക്കൻ ബംഗാളി ബ്രാഹ്‌മണൻ കേന്ദ്രസർക്കാരിനൊപ്പമായിരുന്നു.

വീണ്ടും ഓർമകളുടെ ഈ നഗരം ശ്വാസം മുട്ടിക്കുന്നു.

ചെറുപ്പക്കാരായ വളണ്ടിയർമാർ ഉറക്കമില്ലാതെ ഫോൺ വിളിയിലാണ്. പുതിയ കേസുകൾ ആരെടുക്കും എന്ന് ചോദിക്കുമ്പോൾ എനിക്ക് വയ്യ, ഉറങ്ങിയിട്ടില്ല, മാനസികമായി തളർന്നിരിക്കുന്നു എന്നിങ്ങനെ പരിഭവം പറയുന്നവർ തന്നെ പിന്നെ ആ കേസുകൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് പറയും

ഡൽഹിയിലെ പൊതുജനാരോഗ്യപ്രവർത്തകനായ വി.ആർ. രാമനെ ഞാൻ വിളിച്ചു. രാമൻ നൽകിയ മറുപടി ഒൻപതാം നഗരത്തിന്റെ നൈതികവായൂസിലണ്ടർ പോലെ എനിക്കു തോന്നി. ഞാൻ അതിവിടെ ഉദ്ധരിക്കാം: ""ഞങ്ങളുടെ സംഘം ആകാവുന്നത് ശ്രമിക്കുന്നുണ്ട്. ഇന്നലെ മൊത്തം 158 പേർക്ക് ആശുപത്രികളിൽ പ്രവേശനം കിട്ടി. ഇതിനുമുമ്പ് സഹായിച്ച 100 ഓളം പേരിൽ എട്ടു പേരുടെ മരണവാർത്തയുടെ വിഷമവും. ചെറുപ്പക്കാരായ വളണ്ടിയർമാർ ഉറക്കമില്ലാതെ ഫോൺ വിളിയിലാണ്. പുതിയ കേസുകൾ ആരെടുക്കും എന്ന് ചോദിക്കുമ്പോൾ എനിക്ക് വയ്യ, ഉറങ്ങിയിട്ടില്ല, മാനസികമായി തളർന്നിരിക്കുന്നു എന്നിങ്ങനെ പരിഭവം പറയുന്നവർ തന്നെ പിന്നെ ആ കേസുകൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് പറയും. മിക്കവാറും പരസ്പരം നേരിട്ടറിയാത്ത, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാർ. കൂടുതലും പെൺകുട്ടികൾ. ഗ്രൂപ്പിൽ ചുരുക്കം മുതിർന്നവരായ ഞാനും ഡോ. വന്ദന പ്രസാദുമൊക്കെ അവർക്ക് മുന്നിൽ വൃദ്ധജനങ്ങൾ. ആശുപത്രി ബെഡ് ഒരു ഗ്രൂപ്പ്. മറ്റൊരു ഗ്രൂപ്പ് ഓക്‌സിജൻ കാര്യങ്ങൾ. ഒരു ഗ്രൂപ്പ് ഡാറ്റാ റിസോഴ്‌സ് തയ്യാറാക്കുന്നു. മറ്റൊന്ന് മരുന്നുകൾ നോക്കുന്നു. ഡോക്ടർ, നഴ്‌സ്- ആരോഗ്യ പ്രവർത്തകരുടെ ടെക്‌നിക്കൽ ഗ്രൂപ്പ്, വീട്ടുരോഗികൾക്ക് ഉപദേശം നൽകുന്നു. ഒരു ഗ്രൂപ്പ് വീട്ടുരോഗികൾക്ക് ഭക്ഷണമുണ്ടാക്കി എത്തിക്കുന്നു. പറ്റാവുന്ന മുഴുവൻ പേർക്കും വീട്ടുചികിത്സയും ഗുരുതര രോഗികൾക്ക് മാത്രം ആശുപത്രിയും എന്ന രീതിയിൽ മാത്രമേ മുന്നോട്ട് പോകാനാവൂ എന്ന തിരിച്ചറിവ് ആരോഗ്യസംവിധാനങ്ങൾ മുങ്ങുന്ന ഈ വേളയിൽ ഞങ്ങൾക്കുണ്ട്. പക്ഷേ ഓക്‌സിജൻ, മരുന്നുകൾ, മറ്റു സംവിധാനങ്ങൾ എന്നിവ വേണ്ടപോലെ കിട്ടുമോ എന്ന ഭീതിയും. എന്തായാലും ഇന്നുമുതൽ ഇതിനായി ടെലിഫോൺ ഹെൽപ്‌ലൈൻ തുടങ്ങുന്നു. അതിനായി മൾട്ടി ചാനൽ ടെക്‌നിക്കൽ പ്ലാറ്റ്‌ഫോം ഒരു ഗ്രൂപ്പ് തയാറാക്കി. പ്രവർത്തകരുടെ പരിശീലനം ഇന്നലെയും ഇന്നും. ഈ വാട്ട്‌സ്ആപ് ഗ്രൂപ്പ് ഒരു അത്ഭുതം. ഞാൻ ലിസ്റ്റിൽ ആളുകളുടെ എണ്ണം കൂട്ടി അവർക്ക് ജോലിഭാരം നൽകുന്നത് അല്ലാതെ ഒന്നും ചെയ്യുന്നില്ല ഗോപാൽ.''

‘ഞാൻ എന്റെ ആത്മാവിനോട് ചോദിച്ചു, എന്താണ് ഡൽഹി? ​​​​​​​അവൾ മറുപടി പറഞ്ഞു: ലോകം ശരീരമാണെങ്കിൽ ഡൽഹി അതിലെ ജീവനാണ്.’ ​​​​​​​- മിർസ ഗാലിബ് (ഡൽഹിയിലെ ഏഴാം നഗരത്തിൽ ജീവിച്ച കവി). ▮


എസ്​. ഗോപാലകൃഷ്​ണൻ

ബ്രോഡ്​കാസ്​റ്റർ, എഴുത്തുകാരൻ, സാംസ്​കാരിക വിമർശകൻ, ​കോളമിസ്​റ്റ്. യു.എ.ഇ കേന്ദ്രമാക്കിയുള്ള റേഡിയോ മാംഗോയിൽ കണ്ടൻറ്​ ഹെഡ്​. ഡൽഹിയിൽ ആകാശവാണിയിലും സഹപീഡിയയിലും ദീർഘകാലം പ്രവർത്തിച്ചു. ജലരേഖകൾ, കഥ പോലെ ചിലതു സംഭവിക്കു​മ്പോൾ, മനുഷ്യനുമായുള്ള ഉടമ്പടികൾ, പാട്ടും കാലവും എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments