1954 ഫെബ്രുവരി 7.
എന്റെ ജന്മദിനം.
കുറെയേറെ പളുങ്ക് സ്വപ്നങ്ങളുമായി സൂര്യോദയത്തിനും മുൻപ് അമ്മക്കരികിലേക്ക് ഞാൻ വന്നു.
അന്നൊരു ഞായറാഴ്ച.
പിറന്ന നാട്ടിൽ ഞായറാഴ്ച അവധിയായതുകൊണ്ട് അന്നു മുഴുവൻ സുഖമായി ഉറങ്ങാൻ അമ്മ എന്നോട് പറഞ്ഞു. പിറ്റേന്ന് സൂര്യോദയം മുതലാണ് മറ്റേതോ ലോകത്തുനിന്ന് കൊണ്ടുവന്ന പളുങ്കു സ്വപ്നങ്ങളത്രയും അമ്മയുടെ മിഴിചൈതന്യത്തിലും ഹൃദയമിടിപ്പിലും വിതർത്തി ഓരോന്നായി പൊട്ടിച്ചു പൊട്ടിച്ച് സിനിമയും കഥയുമെല്ലാം ചിന്തിച്ചു തുടങ്ങിയത്. ഏതോ ദേവലോകത്തിലെ നിത്യവും പൂക്കുന്ന പരശ്ശതം കുഞ്ഞുപൂക്കളുടെ ഇതളുകളിൽ ചവിട്ടിയുള്ള സഞ്ചാരമായിരുന്നു അന്നു മുതൽ ഈ അക്ഷരങ്ങൾ കുറിക്കുന്ന ഈ നിമിഷം വരെ.
എന്നാൽ, പിറന്നതും ആറു വർഷം പെട്ടെന്ന് പറന്നു പറന്ന് 1960 ഏപ്രിൽ പിറന്നു. നല്ല കുരുത്തക്കേടുള്ള ഒരു ദിവസം. വീടിന്റെ പൂമുഖത്ത് ചാരുകസേരയിൽ എന്തോ വായിച്ചിരിക്കുന്ന അച്ഛനു മുന്നിലൂടെ, മുറ്റത്തുനിന്ന് ഓടിക്കയറി ഇടനാഴി കടന്ന് അടുക്കളയിലേക്ക് വലംതിരിഞ്ഞ് പുറത്തേക്ക് ഓടവേ, വാതിൽപ്പടിയിൽ പാദം ഉടക്കി കമിഴ്ന്നടിച്ച് നിലത്തുവീണു. വീണതും തൊട്ടടുത്ത് അടുപ്പിൽ തിളയ്ക്കുന്ന വെള്ളപ്പാത്രത്തിൽ ഇടംകാൽ ഇടിച്ചതും പാത്രം ദേഹത്തേക്ക് ചരിഞ്ഞു കമിഴ്ന്നു.
തിളയ്ക്കുന്ന തിരമാല ദേഹം പുതപ്പിച്ച് ചുമരിൽ ചെന്നിടിച്ച് എന്നോട് ചൂടായി. തിളയ്ക്കുന്ന വെള്ളത്തിൽ വൈറ്റ്ലഗോൺ കോഴിമുട്ട പൊട്ടിച്ചിട്ടപോലെ ദേഹം മൊത്തം പിടച്ചതും മരവിച്ചതും ഇന്നും ഓർമ്മയുണ്ട്. കുത്തനെ എടുത്ത് നിർത്തി ആരൊക്കെയോ ചേർന്ന് പൊള്ളാതിരിക്കാൻ എന്തൊക്കെയോ ദേഹത്ത് തളിച്ചു. നിലവിളി നുറുങ്ങുകളാൽ യഥേഷ്ടം വീശി. പൊള്ളിവീർത്ത് പുക പറക്കുന്ന ദേഹകുമിളകൾക്ക് നല്ല ഭംഗിയുണ്ടായിരുന്നു. പിടിക്കാൻ സ്ഥലമില്ലാതെ വിഷമിച്ച അച്ഛൻ ഇരുതുടകളിലും പിടിച്ചുയർത്തി എന്നെ ഇന്നത്തെ ചെറിയ ടിവി ക്യാമറപോലെ ചുമലിലേക്ക് മുഖം ചായ്ച്ചുകിടത്തി നഗരത്തിലെ ആശുപത്രികളോരോന്നും മനസ്സിൽ എണ്ണിയെണ്ണി ഓടി.
ഓടിച്ചെന്ന ഒരാശുപത്രിയിലും എന്നെ എടുത്തില്ല. ഒടുക്കം മേശയിലേക്ക് എടുത്തു കിടത്തി ആശ്വസിപ്പിച്ചത് അമ്പിളിമാമനെപോലെ ഒരു ഡോക്ടർ. ഞാനന്ന് മാഞ്ഞുപോകേണ്ടതായിരുന്നു. പളുങ്കുസ്വപ്നങ്ങളെല്ലാം വാരിക്കെട്ടി എന്നെയും കൂട്ടി തിരികെ പോകാൻ അനേകം അപ്സരസ്സുകൾ വന്നിരുന്നു. അവരിൽ ചിലർ ധൃതിവെച്ചിരുന്നു. ചിലർ ധൃതിവെച്ചവരെ പാട്ടുപാടി ആശ്വസിപ്പിച്ചിരുന്നു. ആ അപ്സരസ്സുകൾ ഡോക്ടർക്കും അച്ഛനും ഏഴു ദിവസം സമയം നൽകി. അതിനുള്ളിൽ രക്ഷിച്ചില്ലെങ്കിൽ എട്ടാം ദിവസം എന്നെയും ഒക്കത്തെടുത്ത് സ്ഥലം വിടുമെന്ന് സൂചിപ്പിച്ചു. അശേഷം ഭയന്നില്ല അച്ഛൻ. അച്ഛന് ധൈര്യം കൊടുത്തുകൊണ്ട് ഡോക്ടറും കച്ചമുറുക്കി.

എട്ടാം ദിവസം അച്ഛന്റെയും ഡോക്ടറുടെയും കൈ പിടിച്ചു കുലുക്കി എന്നെ അവർക്കരികിൽ ധൈര്യത്തോടെ നിർത്തി ആശീർവദിച്ച് അപ്സരസ്സുകൾ സ്ഥലംവിട്ടു. അന്ന് രാത്രിയാണ് അമ്മ ഇത്തിരി കഞ്ഞി കുടിച്ചതെന്ന് ഈ അടുത്ത ദിവസങ്ങളിലൊന്നിൽ ഏട്ടൻ എന്നോട് അറിയാതെ പറഞ്ഞുപോയിരുന്നു.
വാട്ടിയ വാഴയില വിരിച്ച കട്ടിലിലാണ് മരുന്നു പുരട്ടി ദിവസങ്ങളോളം എന്നെ കിടത്തിയത്. ഓരോ ദിവസം കഴിയുമ്പോഴും കരിഞ്ഞു വരുന്ന തോലെല്ലാം പരിശോധനാ മേശപ്പുറത്തിരുത്തി പതിയെ പറിച്ചെടുത്ത് അവിടം ഡോക്ടറും നേഴ്സും മരുന്നു പുരട്ടും. പുറംഭാഗത്തും കൈകളിലുമുള്ള തോലുകൾ എടുക്കുമ്പോൾ ഇക്കിളിയാവും. ചിലനേരം വേദനിക്കും. പതിയെ തോലുകൾ പൂർവസ്ഥിതിയിലാകവേ എങ്ങനെയോ വലംകൈ ചുമലോട് ചേർന്ന് ഒട്ടിപ്പോയി. കൈ തിരിച്ചെടുക്കാൻ ഒരു ശസ്ത്രക്രിയ മനസ്സിലിട്ടുനടന്ന ഡോക്ടറെ കാണാൻ ആനേരം ബോംബെയിൽനിന്ന് ഒരു ഡോക്ടർസുഹൃത്ത് വന്നു. ഡോക്ടർ അദ്ദേഹത്തെയും എന്നെ കാണിച്ചു. ആ ഡോക്ടറുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയ ഇല്ലാതെ എന്റെ വലംകൈ ഡോക്ടർ തിരിച്ചെടുത്തു തന്നു. വളർന്നുവരുമ്പോൾ ആ കൈകൊണ്ടുതന്നെ കുട്ടിച്ചാത്തനും മഴവിൽക്കാവടിയും എല്ലാം എഴു താൻ, ഡിസ്ചാർജ് വാങ്ങി ഡോക്ടറെ സാഷ്ടാംഗം നമസ്കരിച്ച് അച്ഛന്റെ കൈപിടിച്ചിറങ്ങവേ, മൗനമായി ഒരുപക്ഷേ ഡോക്ടർ എന്നോട് പറഞ്ഞിരിക്കാം.
അദ്ദേഹമാണ് ഡോക്ടർ ബാലകൃഷ്ണൻ. ഒരു ജീനിയസ്. മനുഷ്യനെ ദൈവമായി കണ്ട ഒരാൾ. ആ ആശുപത്രിയാണ് കോഴിക്കോട്ടെ അശോകാ ഹോസ്പിറ്റൽ. എന്നെ സംബന്ധിച്ച് ജീവിതം എനിക്ക് കാണിച്ചുതന്ന മഹാക്ഷേത്രം. ഇന്നും മുന്നിലൂടെ പോകുമ്പോൾ നിശ്ശബ്ദം ഒരിടത്തുനിന്ന് മുകൾ നിലയിലെ ഇടനാഴിയിലേക്ക് നോക്കി അറിയാതെ തൊഴുതുപോകും. മദ്ധ്യത്തിൽ കാണുന്ന ആ മുറിക്കുള്ളിലൂടെ കടന്നുപോയ ഏതോ നിമിഷങ്ങളിലൊന്നിലാണ് ഡോക്ടർ ബാലകൃഷ്ണൻ ചിതറിപ്പോയ എന്റെ പളുങ്കു സ്വപ്നങ്ങൾ വീണ്ടുംപെറുക്കിയെടുത്ത് മനസ്സിലിട്ടു തന്നത്.
ഡോക്ടർ ബാലകൃഷ്ണൻ ഈശ്വരനിൽ വിലയം പ്രാപിച്ചിട്ട് വർഷങ്ങൾ ഒരുപാടായി.
പ്രണാമം, പ്രിയ ഡോക്ടർ.
READ: സർക്കാർ
ഡോക്ടർമാർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

