‘ഡോക്ടർ അകത്തുണ്ട്' എന്ന വാചകത്തിന് സമാശ്വാസത്തിന്റെ വെളിച്ചമുണ്ട്. ‘ഡോക്ടർ കൈയൊഴിഞ്ഞു' എന്ന വാചകത്തിലാകട്ടെ നിരാശയുടെ ഇരുട്ടുമുണ്ട്. അതിനിടയിലെ ഏകാന്തസ്ഥലികളിൽവെച്ച് രോഗിയും ഡോക്ടറും തമ്മിലുള്ള സമാഗമങ്ങൾ പലമട്ടിൽ നടന്നുകൊണ്ടിരിക്കുന്നു.
അരോഗതയും അരോഗികളും ഉള്ള ഒരു കാലത്തിനു വേണ്ടിയാണ് ഡോക്ടർ പരിശ്രമിക്കുന്നത്. അങ്ങനെയൊരു കാലമുണ്ടായാൽ ആദ്യം ഇല്ലാതാവുക ഡോക്ടർമാർ എന്ന ഗണമാണെന്ന് അവർക്ക് അറിയുകയുംചെയ്യാം. അതായത് താൻ ഇല്ലാതായിപ്പോകുന്ന ഒരു കാലം വരാനാണ് ഏതു ഡോക്ടറും പ്രവർത്തിച്ചുകൊണ്ടിരി ക്കുന്നത്. സ്വയം അപ്രസക്തരാകാനുള്ള ആ ഉദ്യോഗം മനുഷ്യരെ നിസ്വാർത്ഥതയുടെ ടെലിയോളജിയെക്കുറിച്ച് പഠിപ്പിക്കുന്നു.
ഇന്നത്തെ താൽക്കാലികശമനം മാത്രമല്ല നാളത്തെ നിത്യശമനം കൂടിയാണ് ഡോക്ടറുടെ ലക്ഷ്യം. വസൂരി ചികിൽസിച്ച് ധാരാളം പണമുണ്ടാക്കുക എന്നതല്ല, വസൂരിയ്ക്ക് എന്നേക്കുമായി ശമനമുണ്ടാക്കുക എന്നതായിരുന്നു എഡ്വേർഡ് ജെന്നറുടെ അഭിവീക്ഷണം. പുരാതന ചൈനയിൽ ആളുകൾ ഡോക്ടർക്ക് പണം നൽകിയിരുന്നത് അവർക്ക് ആരോഗ്യമുള്ള അവസ്ഥയിലായിരുന്നു എന്ന് ദ താവോ ഓഫ് ഹെൽത്ത്, സെക്‌സ് ആൻഡ് ലോൺജെവിറ്റി എന്ന പുസ്തകത്തിൽ വായിച്ചതായി ഓർമ്മിക്കുന്നു. രോഗം വന്നാൽ അതിനർത്ഥം ഡോക്ടർ പരാജയപ്പെട്ടു എന്നാണല്ലോ. അതിനാൽ പുരാതന ചൈനാക്കാർ രോഗകാലത്ത് ഒരിക്കലും ഡോക്ടർക്ക് പണം നൽകിയിരുന്നില്ലത്രേ. രസകരമായ ഒരു തത്വശാസ്ത്രത്തിന്റെ ഉൽപന്നംപോലെയാണ് ആ പുരാതന മധ്യസ്ഥം എനിക്കനുഭവപ്പെടുന്നത്. ഒരു രോഗിയെ അരോഗിയായി തിരിച്ചയക്കുമ്പോൾ ഒരു ഡോക്ടർ ഒരു കസ്റ്റമറെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. ആ നഷ്ടത്തെ ഡോകർ സന്തോഷത്തോടുകൂടി സ്വീകരിക്കുന്നു. ഒരു മണിക്കൂർ മുമ്പെങ്കിലും, ഒരു മിനുട്ട് മുമ്പെങ്കിലും ആ നഷ്ടം സംഭവിക്കണേ എന്ന അപരിചിതമായ പ്രാർത്ഥനയുടെ അൾത്താരയിലാണ് ഡോക്ടറുടെ വാസം. ‘പ്രകൃതി ചികിൽസിക്കുന്നു, ഡോക്ടർ അതിനു ഫീസുവാങ്ങുന്നു’ എന്ന ശൈലിയുണ്ടാക്കിയ രസികൻ എന്തായാലും ഡോക്ടറുടെ ശത്രുവായിരിക്കാൻ വഴിയില്ല. ശമിപ്പിക്കുക എന്ന ക്രിയ നടപ്പിലാക്കുന്ന പ്രകൃതിയുടെ പരഭാഗമായി അയാൾ ഡോക്ടറെ സങ്കൽപിക്കുന്നുണ്ടല്ലോ.
ടാർ റോഡുകളോ വൈദ്യുതിയോ ഇല്ലാത്ത ഒരു ഉൾനാടൻ ഗ്രാമമായിരുന്നു എന്റേത്. രാവിലെ പോയി വൈകുന്നേരം തിരിച്ചെത്തുന്ന ഒരൊറ്റ ബസ്. ആ ബസ് പോകുന്നതിന്റെയും വരുന്നതിന്റെയും ശബ്ദം നാഴികകൾക്കപ്പുറത്ത് കേൾക്കാം. ഇടശ്ശേരി പറഞ്ഞ ‘കടുതരം ശബ്ദപൂരം' ഗ്രാമത്തിലേക്കെത്തി യിട്ടില്ല. അതിനാൽ ഏത് ചെറിയ ഒച്ചയും വേണ്ടത്ര ദൂരത്തിലേക്ക് ചെന്നെത്തിക്കൊള്ളും.
ചെറിയ രോഗങ്ങളെയെല്ലാം സ്ഥലത്തെ ഹോമിയോപതിക്ക് ഫിസിഷ്യന്റെ മുമ്പിലോ ആയുർവ്വേദവൈദ്യന്റെ മുമ്പിലോ സമർപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ നാടിന്റെ പതിവ്. ചെറിയ ചില ഗുളികകളിൽ ഏതൊക്കെയോ ദ്രാവകങ്ങൾ ഇറ്റിച്ചെടുത്താണ് ഹോമിയോപ്പതിക് ഫിസിഷ്യൻ ചികിൽസ നടത്തുന്നത്.. എന്ത് അസുഖത്തിനു ചികിൽസ തേടിച്ചെന്നാലും ‘നാലുദിവസത്തേയ്ക്ക് കുളിയേ്ക്കണ്ട' എന്നു വിധിക്കുന്ന ഒരു ഭിഷഗ്വരൻ എന്റെ ഓർമ്മയിലുണ്ട്. കുട്ടികളുടെ കാര്യത്തിൽ അദ്ദേഹത്തിന് ഒരു അധിക വിധിപ്രസ്താവം കൂടിയുണ്ട്: ‘നാലുദിവസത്തേയ്ക്ക് സ്‌കൂളിൽ പോകണ്ട.' കുട്ടിക്കാലത്ത് ആ വിധിവാക്യം ഞങ്ങൾക്ക് പകർന്ന ആഹ്ലാദം ചില്ലറയല്ല. കഷായത്തിന്റെ പ്രൗഢിയിലാണ് വൈദ്യന്റെ മഹത്വമിരിക്കുന്നത്. പച്ചമരുന്നുകളും അങ്ങാടിമരുന്നുകളും എണ്ണയിൽ വേവുന്നതിന്റെ ഗന്ധം മിക്കവാറും വീടുകളിൽനിന്ന് വർഷത്തിലൊരിക്കലെങ്കിലും ഉയരുമായിരുന്നു.

'ഓർത്തോ' സംബന്ധിയായ പ്രശ്‌നങ്ങൾ സാധാരണയായി കളരിമർമ്മക്കാരുടെ വിഭാഗത്തിലാണ് വരിക. എല്ലാ ദിവസവും ഏതെങ്കിലുമൊരു കുട്ടി എവിടെയെങ്കിലും വീണിരിക്കും എന്നത് അന്ന് ഒരു നാട്ടുനടപ്പായിരുന്നു. നാലോ അഞ്ചോ ദിവസങ്ങളുടെ ഇടവേളയിൽ അവരിൽ ആരുടെയെങ്കിലും ഒരാളുടെ കൈയോ കാലോ ഒടിഞ്ഞിട്ടുമുണ്ടാകും. എള്ളെണ്ണ പുരട്ടിയ തുണിയ്ക്കുമേലെ പച്ചമരുന്നുകളുടെ അരപ്പ് തേച്ചുപിടിപ്പിച്ചുകൊണ്ട് ഒന്നിലേറെത്തവണ ഞാൻ കളരിമർമ്മഗുരുക്കളുടെ ചികിൽസയ്ക്ക് വിധേയനായിട്ടുണ്ട്. എക്‌സ്റെയൊന്നും ആവശ്യമില്ലാത്ത വിധം തങ്ങൾ ആ വിഷയത്തിൽ മഹാജ്ഞാനികളാണെന്ന് അവർ അഭിനയിച്ചുപോന്നു. കൈപ്പടം നീർക്കെട്ടിനു മുകളിൽ അമർത്തിവെച്ച്, കണ്ണുകൾ ഇറുക്കിച്ചിമ്മി ‘ഒടിവുണ്ട്' എന്നോ ‘ചതവുണ്ട്' എന്നോ അവർ പറഞ്ഞാൽ അതിൽപ്പിന്നെ അപ്പീലില്ലായിരുന്നു.
മേൽപ്പറഞ്ഞവരെല്ലാം പരാജയപ്പെടുമ്പോഴാണ് രാവിലത്തെ ബസിൽ ഞങ്ങൾ പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള പട്ടണത്തിൽ ‘ഡോക്ടറെ' കാണാൻ പോകുന്നത്. പോകാതിരിക്കാൻ കഴിയില്ല എന്ന അവസ്ഥയിൽ മാത്രം ആ യാത്രകൾ ഉണ്ടായി. രോഗി അക്ഷരാർത്ഥത്തിൽ രോഗിയായതുകൊണ്ടുമാത്രം സംഭവിക്കുന്ന യാത്രകളാണത്. അതിനകം ഞങ്ങളെത്തേടി യെത്തിയ ‘ഡോക്ടർമാരുടെ കൈപ്പുണ്യത്തെ'ക്കുറിച്ചുള്ള കഥകളാണ് ആ യാത്രകളുടെ ലക്ഷ്യസ്ഥാനം നിർണ്ണയിച്ചിരുന്നത്.
കൈപ്പുണ്യമുള്ള ഡോക്ടർമാരുടെ കൂട്ടത്തിൽ രാഘവൻ ഡോക്ടർ, ബാലകൃഷ്ണൻ ഡോക്ടർ, പവിത്രൻ ഡോക്ടർ, പുനത്തിൽ കുഞ്ഞബ്ദുള്ള ഡോക്ടർ എന്നെല്ലാമുള്ള പേരുകൾ അക്കാലത്ത് ഉയർന്നുകേട്ടിരുന്നു. എ.കെ. രാജൻ ഡോക്ടറും അന്ന് ജനപ്രിയനായിരുന്നു. പക്ഷേ, ഗൈനക്കോളജിസ്റ്റായ അദ്ദേഹത്തിന്റെ പേര് അന്ന് ഞങ്ങൾ കുട്ടികൾ കേട്ടിരിക്കാൻ സാഹചര്യമില്ലല്ലോ.
ഒറ്റ ഇരിപ്പിൽ പത്തും പതിനഞ്ചും രോഗികളെ തുടർച്ചയായി പരിശോധിക്കുകയും അതിനുശേഷം മാത്രം ഓരോരുത്തർക്കും തുടർച്ചയായി മരുന്നു കുറിക്കുകയും ചെയ്യുന്ന പവിത്രൻ ഡോക്ടറുടെ നൈപുണ്യത്തെക്കുറിച്ച് ഒട്ടേറെ കഥകൾ വയലും കാടും കടന്ന് ഞങ്ങളുടെ ഗ്രാമത്തിൽ എത്തിയിരുന്നതായി ഓർമ്മിക്കുന്നു. കാര്യങ്ങൾ അണുവിട മാറ്റമില്ലാതെ അങ്ങനെത്തന്നെയോ നടന്നത് എന്നെനിക്കറിയില്ല; ചിലപ്പോൾ അതിശയോക്തിയാവാം, പക്ഷേ അങ്ങനെയൊരു സ്തുതിവിഷയത്തിന് പവിത്രൻ ഡോക്ടർ വിഷയിയായിത്തീർന്നിരുന്നു..
പുനത്തിൽ കുഞ്ഞബ്ദുള്ളയാണ് എന്റെ ഓർമ്മയിലെ ആദ്യത്തെ ഡോക്ടർ. എന്തോ ഒരു അസുഖത്തിന്റെ സമയത്ത് അദ്ദേഹം എന്നെ പരിശോധിക്കുന്നതിന്റെ ഒരു അവ്യക്തചിത്രം മനസ്സിലുണ്ട്. ചെറുപ്പത്തിൽ എനിക്ക് പതിവായി അപസ്മാരം വരുമായിരുന്നു. പുനത്തിലിന്റെ നഴ്‌സിംഗ് ഹോമിൽ അപസ്മാര ചികിൽസയ്ക്കായി എന്നെ ദിവസങ്ങളോളം കിടത്തിയിട്ടുണ്ട് എന്ന വാർത്ത അമ്മയിൽനിന്നും പലവട്ടം കേട്ടതിന്റെ ബലത്തിൽ ഞാൻ സ്വയം നിർമ്മിച്ചെടുത്തതാണോ ആ ദൃശ്യം എന്നെനിക്കു സംശയവുമുണ്ട്. എന്തായാലും, ആ കിടപ്പ് എനിക്ക് മനസ്സിൽ കാണാനാവുന്നുണ്ട്. അതിലെ രോഗിക്കോ ഡോക്ടർക്കോ തിരിച്ചറിയാനാവുന്ന അടയാളങ്ങളോ മുഖങ്ങളോ ഇല്ല. മൂടൽമഞ്ഞുപോലെ ഒരു അവ്യക്തയിൽ ആ ചിത്രം കിടക്കുന്നു.
പിൽക്കാലത്ത് പുനത്തിലിന്റെ കൂടെ ഇരിക്കാൻ അവസരം കിട്ടിയപ്പോഴൊക്കെ ആ ചിത്രം എന്നിൽ തികട്ടിവന്നിട്ടുണ്ട്. അത് യഥാർത്ഥത്തിൽ സംഭവിച്ചതാണോ അതോ ‘ഫാൾസ് മെമ്മറി'യാണോ, അതല്ല ‘ഇംപ്ലിസിറ്റ് മെമ്മറി’യാണോ അതുമല്ല ‘പ്രോട്ടൊടൈപ് ഇമേജാ'ണോ എന്നൊന്നും എനിക്ക് അറിഞ്ഞുകൂടാ. അങ്ങനെ എന്റെ (ഓർമ്മയിലെ) ആദ്യ ചികിൽസാനുഭവം പത്താളോട് വിളിച്ചുപറയാൻ പറ്റാത്തവിധത്തിൽ സങ്കൽപത്തിനും യാഥാർത്ഥ്യത്തിനും നടുവിലുള്ള ഒരു ഇടനിലയായിപ്പോയി. ഈ ‘ലിമിനൽ മെമ്മറി'യെ ശരിക്കുള്ള ഓർമ്മച്ചാത്തന്മാർ അവരുടെ കൂടെ ഇരുത്തുമോ ആവോ?
രണ്ടു ദശാബ്ദങ്ങൾക്കുമുമ്പ് ഞാൻ സന്ധിച്ച ഒരു ഡോക്ടറെക്കുറിച്ച് പറഞ്ഞ് ഈ ആഖ്യാനം പൂർണ്ണമാക്കാം. അദ്ദേഹം ഒരു ശിശുചികിത്സാവിദഗ്ധനാണ്. ആദ്യം കാണുമ്പോൾ എനിക്ക് അദ്ദേഹത്തെ പരിചയമൊന്നുമില്ല. അല്ലെങ്കിൽ, ഡോക്ടർമാരെ എന്തിനാണ് പരിചയപ്പെടുന്നത്? നിങ്ങൾക്ക് രോഗം വന്നാൽ, കൊള്ളാവുന്ന ഒരു ഡോക്ടറെ ചെന്നുകാണണം. രോഗവിവരം ഭംഗിയായി പറയണം. നമ്മൾ പറഞ്ഞുതീരുന്നതിനുമുമ്പേ അയാൾ മരുന്നുകളുടെ വംശാവലി രേഖപ്പെടുത്തുന്നുണ്ടോ എന്ന് ഒളികണ്ണിട്ടുനോക്കണം. ഉണ്ടെങ്കിൽ രോഗവിവരം ഒന്നുകൂടി വിശദമായി പറയണം. മരുന്നുചീട്ടു വാങ്ങിയാൽ ഫീസ് കൊടുക്കണം. തീർന്നു. അല്ലാതെ ഡോക്ടറുമായി പരിചയവും ഹൃദയബന്ധവും ചങ്ങാത്തവും ബഹുമാനപ്രകടനവും മറ്റുമെന്തിന്? ഞാൻ കാശുതരുന്നു, നിങ്ങൾ കാശു വാങ്ങി ചികിൽസിക്കുന്നു. ഇങ്ങനെയൊക്കെയുള്ള ‘ഫോക്‌ലോറു'കളിൽ അഭിരമിക്കുന്ന ഒരാളായിരുന്നു ഞാനും. ആ അഭിരമിക്കലുകളിൽനിന്ന് എന്നെ മണ്ണിലേക്കിറക്കിക്കൊണ്ടുവന്ന ഡോക്ടരെക്കുറിച്ചാണ് പറയുന്നത്.

കടുത്ത പനി ബാധിച്ച് അങ്ങേയറ്റം തളർന്ന നിലയിലുള്ള മകളുമായി ഞാനും ഭാര്യയും ഡോക്ടറുടെ അടുത്തെത്തുന്നു. അവൾ കൈക്കുഞ്ഞാണ്. രാത്രിയാണ്. തൊട്ടാൽപൊള്ളുന്ന അവസ്ഥയിലാണ് കുഞ്ഞ്. ഇടയ്ക്ക് ദൃഷ്ടി മറഞ്ഞുപോകുന്നുണ്ടോ? ഞങ്ങൾക്ക് പേടിയോ ധൈര്യമില്ലായ്‌മോ അസ്വാസ്ഥ്യമോ എന്തൊക്കെയോ അനുഭവപ്പെടുന്നു. മാതാപിതാക്കൾ എന്ന നിലയിൽ അമച്വർ ആയ ആളുകളാണ്. ഇത്തരം സന്ദർഭങ്ങളൊന്നും നേരിട്ട് പരിചയമില്ല. അവസാനത്തെ ആളും ഒഴിഞ്ഞുപോയി വിജനമായ കൺസൾട്ടിംഗ് മുറിക്കു മുമ്പിൽ ഞങ്ങൾ വേവലാതിയോടെ നിൽക്കുകയാണ്. കോളിംഗ് ബെല്ലടിച്ച് കാത്തിരുന്നു. അവിടെ തൂക്കിയിട്ടിരിക്കു ന്ന ഒരു ബോർഡിൽനിന്ന് പരിശോധനാസമയം വളരെമുമ്പേ കഴിഞ്ഞുപോയതായി മനസ്സിലാക്കാം. എങ്കിലും, കാത്തിരിക്കുകയാണ്. ഡോക്ടർ വന്നു. ഞാനും ഭാര്യയും കുഞ്ഞുമായി അകത്തേക്ക്. അപാരമായ ക്ഷമയോടെ ഡോക്ടർ കുഞ്ഞിനെ പരിശോധിക്കുന്നു. രോഗവിവരങ്ങൾ ഞങ്ങളോട് തിരക്കുന്നു. ഏത് ചികിൽസാമുറിയിലും നടക്കുന്ന സ്വാഭാവികമായ കാര്യങ്ങളാണ് അത്രയും. ഞാൻ ശ്രദ്ധിച്ചത് അതല്ല, ഡോക്ടർ കുഞ്ഞിനെ മാത്രമല്ല കുഞ്ഞിന്റെ മാതാപിതാക്കളെയും ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങളുടെ മുഖത്തെ പരവശതയും അസ്വസ്ഥതയും അദ്ദേഹം പിടിച്ചെടുക്കുന്നുണ്ട്. അദ്ദേഹം ഞങ്ങളോട് സംസാരിക്കുന്നുണ്ട്. അദ്ദേഹം ഞങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നുണ്ട്. ആ ചികിൽസ എനിക്ക് ഇഷ്ടപ്പെട്ടു. പനിപിടിച്ച ഒരു ശരീരത്തെ മാത്രമല്ല കനംപിടിച്ച രണ്ടു മനസ്സുകളെക്കൂടിയാണ് അദ്ദേഹം ചികിൽസിച്ചത്.
ഇത്തരം സന്ദർഭങ്ങളിൽ എല്ലാവരും ചെയ്യുന്ന ഒരു നാട്ടുനടപ്പുണ്ടല്ലോ, നമ്മുടെ അനുഭവം മറ്റുള്ളവരോട് പങ്കുവെയ്ക്കുക എന്നത്. (അങ്ങനെയൊരു നാട്ടുനടപ്പുണ്ടെന്ന് പല ഡോക്ടർമാർക്കും അറിഞ്ഞുകൂടാത്തതാണ് ആ പ്രൊഫഷന്റെ വലിയൊരു പ്രശ്‌നം.) ആ നാട്ടുനടപ്പിനിടയിലാണ് ഡോക്ടറെക്കുറിച്ച് ചില വിശദവിവരങ്ങൾ കിട്ടുന്നത്. അതെല്ലാം ചേർത്തുവെച്ചപ്പോൾ എനിക്കാവശ്യമുള്ളതായി. സ്വന്തം പ്രൊഫഷനിൽ സവ്യസാചിത്വമുള്ളയാൾ എന്ന് ഞാൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. ആ സന്ദർശനം കഴിഞ്ഞിട്ട് ഇപ്പോൾ ഇരുപതു കൊല്ലത്തോളമാകുന്നു. ഇതിനിടയിൽ പലതവണ എന്റെ കുഞ്ഞുങ്ങളുമായി ഞാൻ അദ്ദേഹത്തിന്റെ മുന്നിലെത്തിയിട്ടുണ്ട്. മറ്റു പലരെയും അദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചിട്ടുണ്ട്. ഓരോ തവണയും 'ഭിഷഗ്വരൻ ക്ഷമയും സ്‌നേഹവുമാണ്' എന്ന് അദ്ദേഹം എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്; സഹാനുഭൂതിയും ധാർമ്മികതയുമാണ് ഡോക്ടർമാരുടെ ഇഷ്ടപ്രമേയങ്ങളെങ്കിൽ അതുരണ്ടും അദ്ദേഹത്തിൽ ആവശ്യത്തിലേറെയുണ്ടെന്നും. ‘കൂലി'വാങ്ങി’ ‘ജോലി' ചെയ്യുന്ന പ്രൊഫഷനല്ല മെഡിക്കൽ സയൻസിന്റേതെന്ന് എനിക്ക് മനസ്സിലായത് ആ ഡോക്ടരെ കണ്ടുമുട്ടിയതിനുശേഷമാണ്.
പിന്നെപ്പിന്നെ, രോഗത്തിന്റെ നിഴൽപ്പാടിലല്ലാതെയും ഞങ്ങൾ കൂടിക്കണ്ടു. ആ കൂടിച്ചേരലുകളിൽ കവിതയും കഥയും പോലുള്ള ചിലതൊക്കെ ചർച്ചാവിഷയങ്ങളായി. ഞങ്ങൾക്കിടയിലെ പൊതുസുഹൃത്തുക്കളുടെ എണ്ണം കൂടി. എന്റെയോ വേണ്ടപ്പെട്ടവരുടെയോ ആരോഗ്യപ്രശ്‌നങ്ങളിൽ തീരുമാനമെടുക്കേണ്ടിവരുമ്പോൾ അങ്ങേയറ്റം വിലമതിക്കുന്ന വിദഗ്ധാഭിപ്രായത്തിന്റെ ഉടമയായി. അദ്ദേഹത്തെ ഞങ്ങൾ കുടുംബസദസ്സിൽ അവരോധിച്ചു. അതു വേറെ കഥ. അങ്ങനെ ഒരൊറ്റ രാത്രിയുടെ സാന്ത്വനസ്പർശത്താൽ ഒരു ഡോക്ടർ എന്റെ കൂടെ ഇങ്ങ് ഇറങ്ങിപ്പോന്നു. ശിശുചികിത്സാവിദഗ്ധനും എഴുത്തുകാരനുമായ ആ ഡോക്ടരുടെ പേരുപറഞ്ഞാൽ വായനക്കാർ അറിയും. പക്ഷേ അദ്ദേഹത്തിന് ഒട്ടും ഇഷ്ടപ്പെടില്ല എന്നറിയാവുന്നതിനാൽ ഞാൻ ഒരിക്കലും അത് പറയില്ല എന്നു മാത്രം. ഹൃദയം നിറഞ്ഞ ഒറ്റവാക്യത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ നേരട്ടെ: ദീർഘായുഷ്മാൻ ഭവഃ
നടക്കാതെ പോകുന്ന
പുതുവത്സര പ്രതിജ്ഞകളും
ചില ജൈവശാസ്ത്ര വസ്തുതകളും
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

