Representative image: Trivandrum Medical College / Facebook

സംഘർഷഭരിതമോ
ഡോക്ടർ- രോഗി- ആശുപത്രി ബന്ധം?

ചികിത്സക്കിടെ രോഗികൾ പലതരം അപമാനങ്ങൾക്കിരയാകുന്നുണ്ട്. രോഗത്തെ കുറ്റമായി കരുതുന്ന മനോഭാവം ഒളിഞ്ഞുപ്രവർത്തിക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകരും രോഗികളും തമ്മിലുണ്ടാകുന്ന ഇടപെടലുകളുമായി ബന്ധപ്പെട്ട് ആശുപത്രി, ആരോഗ്യകേന്ദ്രങ്ങൾ എന്നിവയ്ക്ക് പൗരാവകാശ രേഖ അനിവാര്യമാണെന്ന വാദം മുന്നോട്ടുവെക്കുകയാണ് ഡോ. യു. നന്ദകുമാർ.

‘‘എന്റെ അമ്മൂമ്മ വിടപറഞ്ഞത് 2009- ലാണ്; മരിക്കുമ്പോൾ വർഷങ്ങളായി അവർ അൽഷിമേഴ്സ് രോഗബാധിതയായിരുന്നു. പരേതയുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന ഇടങ്ങളിൽക്കൂടി ശവമഞ്ച വാഹനം നീങ്ങും എന്നത് എന്റെ നാട്ടിലെ കീഴ് വഴക്കമാണ്. പരേതരുടെ വീട്, തൊഴിലിടം, വിവാഹവേദി എന്നിവ പോലെ, എന്റെ അമ്മൂമ്മ അവസാനത്തെ പത്തു വർഷം കഴിഞ്ഞുപോന്ന നഴ്സിംഗ് ഹോം ഇതിൽ പെടും. അടുത്ത ബന്ധുക്കളായ എന്റെ കുടുംബവും ശവമഞ്ചവാഹനത്തിനു തൊട്ടുപിന്നിൽ സഞ്ചരിക്കുന്നുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ഹൃദയസ്പർശിയായ കാഴ്ചയാണ് ഞങ്ങൾ നഴ്‌സിംഗ് ഹോമിലേയ്ക്കുള്ള തെരുവിലേയ്ക്ക് തിരിയുമ്പോൾ കണ്ടത്. ആ ഉയർന്ന കെട്ടിടത്തിന് മുമ്പിൽ കാത്തുനിന്ന ഏഴ് നഴ്‌സുമാർ വിതുമ്പുകയും കരയുകയും ചെയ്യുകയായിരുന്നു. അനേക വർഷങ്ങളായി അമ്മൂമ്മയ്ക്ക് അവരുമായി സംസാരിക്കാനോ, ആശയങ്ങൾ പങ്കിടുവാനോ കഴിഞ്ഞിരുന്നില്ല; ഏറെക്കുറെ കട്ടിലിൽ മാത്രമായിരുന്നു അമ്മുമ്മയുടെ ജീവിതം. എന്നിട്ടും അമ്മുമ്മ അവരുടെ രോഗിപ്പട്ടികയിൽ ഒരു നമ്പർ മാത്രമായിരുന്നില്ല, മരണത്തിൽ കണ്ണീർ വാർക്കാൻ തക്ക സഹജീവിയായും അവർ കണ്ടു’’.
(Ella Nygård: How I Came to Study Shame and Humiliation in Finnish Healthcare)

യെല്ല നെയ്‌ഗാർഡ് (Ella Nygård) ഗവേഷകയാണ്; ആശുപത്രികളും ആരോഗ്യരംഗവും വഴി സമൂഹത്തിൽ നിന്ദ (shame), അപമാനവത്കരണം (humiliation) എന്നിവ സൃഷ്ടിക്കപ്പെടുന്നതെങ്ങനെ എന്ന അന്വേഷണമാണ് ഫിൻലൻഡുകാരിയായ അവരുടെ പഠനമേഖല.

ആശുപത്രികളിലെത്തുന്ന രോഗികൾ, അവരുടെ ബന്ധുക്കൾ എന്നിവർക്കനുഭവപ്പെടുന്ന പ്രതികൂലമോ അനനുതാപപരമോ ആയ വികാരമാണ് നിന്ദ. ജനങ്ങളുടെ സാമൂഹികവും മാനസികവുമായ ആരോഗ്യത്തെ നിന്ദാനുഭവം സ്വാധീനിക്കും. അപമാനം അനുഭവിക്കൽ നിന്ദിക്കപ്പെടലായി (ഷെയിം / shame) മാറുമ്പോൾ വ്യക്തികൾ രോഷാകുലരായി പ്രതികരിക്കാം. വ്യക്തികളുടെയോ ജനങ്ങളുടെയോ രോഷം പലപ്പോഴും നേരിടേണ്ടിവരുന്നത് നിർദ്ദോഷികളായ മറ്റു ചിലരാകാനുള്ള സാധ്യതയേറെയാണ്. നിന്ദയും അപമാനവും അനുഭവിക്കുന്നവർ ശത്രുസ്ഥാനത്ത് കാണുന്നത് അധികാരസ്ഥാനത്തുള്ളതായി അവർക്കു തോന്നുന്ന ആരെങ്കിലും ആകാനിടയുണ്ട്.

യെല്ല നെയ്‌ഗാർഡ്
യെല്ല നെയ്‌ഗാർഡ്

ആരോഗ്യസ്ഥാപനങ്ങൾ,
അപരിചിത ഇടങ്ങൾ

ആരോഗ്യ മേഖല എന്നത് ആശുപത്രി, രോഗവും ചികിത്സയും, അനുബന്ധ പ്രവർത്തനങ്ങൾ എന്നീ വിപുലമായ അനുഭവസാധ്യതകൾ പ്രദാനം ചെയ്യുന്ന ഇടങ്ങളാകുന്നു. അവിടെ തുടർച്ചയായി സംഭവിക്കുന്ന സമ്പർക്കങ്ങൾ രോഗികൾക്കും ബന്ധുക്കൾക്കും മാത്രമല്ല ആരോഗ്യപ്രവർത്തകർക്കു കൂടിയും വൈകാരിക സമ്മർദങ്ങളുണ്ടാക്കാം. നേരിട്ടുണ്ടാകുന്ന പ്രവൃത്തികളിൽ കൂടി മാത്രമേ നിന്ദയും അപമാനവും വന്നുകൊള്ളൂ എന്നില്ല. നിന്ദിക്കപ്പെടുകയോ അവഹേളനമുളവാക്കുകയോ ചെയ്യാൻ ഉപയോഗിക്കപ്പെടുന്ന വാക്കുകളും ശരീരഭാഷയും പലപ്പോഴും പ്രശ്നമാകാം. ആരോഗ്യസ്ഥാപനങ്ങൾ തങ്ങൾക്ക് പരിചിതമല്ലാത്ത ഇടങ്ങളാണെന്ന് ഭൂരിപക്ഷം പേരും കരുതുന്നു; അവിടെ ആകസ്മികമായിപ്പോലും വരുത്തുന്ന തെറ്റുകളും തിരുത്തലുകളും പോലും നിന്ദാസ്തുതികൾക്ക് കാരണമായെന്നുവരാം.

വൈദ്യസേവനം തേടുന്ന വ്യക്തികൾ രോഗികളായി പരിഗണിക്കപ്പെടുന്നു. അവരുടെ ബന്ധുക്കളും സമൂഹവും വൈദ്യസ്ഥാപനവും മറ്റു സ്റ്റേയ്ക്ക്ഹോൾഡർമാരും (stakeholders) മറിച്ചല്ല കരുതുക. സ്ഥിതിവിവരക്കണക്കുകളിലും സർക്കാർ ആസൂത്രണങ്ങളിലും വ്യക്തികൾ രോഗികളായി മാറ്റപ്പെടുകയും തുടർന്ന് നമ്പറുകളും ക്ലസ്റ്ററുകളുമായി രൂപാന്തരപ്പെടുകയും ചെയ്യും. ഇതിലോന്നും നമുക്ക് അസാധാരണത്വം തോന്നുന്നുമില്ല. രോഗിയെന്ന നിലയിൽ ഒരു വ്യക്തിക്കുണ്ടാകുന്ന വൈദ്യസമ്പർക്കത്തിൽ നിന്ദാനുഭവവും അപമാനവും ഉണ്ടാകാനുള്ള സാധ്യത തീർച്ചയായുമുണ്ട്. കുറഞ്ഞത് അത്തരം തോന്നലുകൾ മനസ്സിൽ പതിയുമെന്ന സാധ്യത തള്ളിക്കളയാനുമാവില്ല. എന്തുകൊണ്ടങ്ങനെ എന്ന ചിന്തക്ക് പ്രസക്തിയുണ്ട്.

ആരോഗ്യസ്ഥാപനങ്ങൾ തങ്ങൾക്ക് പരിചിതമല്ലാത്ത ഇടങ്ങളാണെന്ന് ഭൂരിപക്ഷം പേരും കരുതുന്നു; അവിടെ ആകസ്മികമായിപ്പോലും വരുത്തുന്ന തെറ്റുകളും തിരുത്തലുകളും പോലും നിന്ദാസ്തുതികൾക്ക് കാരണമായെന്നുവരാം.

മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായിട്ടാണ് രോഗാവസ്ഥയിൽ വ്യക്തികൾ തങ്ങളെത്തന്നെ കാണുന്നത്. അപ്പോൾ രോഗമെന്നാൽ പോരായ്മ, പരിമിതി, ന്യൂനത, ദൂഷ്യം തുടങ്ങിയ ധാരണകളാണ് മനസ്സിലെത്തുക. ആരോഗ്യപ്രവർത്തകരുടെ (ഡോക്ടർ, നേഴ്സ്, മറ്റുള്ളവർ) മുന്നിലെത്തുന്ന രോഗികൾ തങ്ങളുടെ പരിമിതികളേക്കുറിച്ചെല്ലാം വ്യക്തമാക്കേണ്ടിവരുന്നു. ശരീരത്തേയും മനസ്സിനെയും ഭാഗികമായെങ്കിലും തുറന്നുകാട്ടേണ്ടതായും വരുന്നു. രോഗികൾ സങ്കോചം, അപകർഷതാബോധം, അപമാനം തുടങ്ങിയ വികാരങ്ങളിലൂടെ കടന്നുപോകും. അവർ അവശ്യം വേണ്ട വിവരങ്ങൾ നൽകാതിരിക്കുകയും ചികിത്സയെക്കുറിച്ചും ആശുപത്രി സന്ദർശനത്തെക്കുറിച്ചും അസന്തുഷ്ടി പ്രകടിപ്പിക്കുകയും, ചിലപ്പോൾ പരാതിക്കാർ എന്ന മട്ടിൽ പെരുമാറുകയും ചെയ്തെന്നും വരാം. ഇതെല്ലാം അവരുടെ മനസ്സിന്റെ പ്രതിരോധവുമാകാം. ആശുപത്രിയിലെ ഡോക്ടർ- രോഗി സമ്പർക്കം രോഗികളെമാത്രമല്ല, ഡോക്ടർമാരെയും നഴ്സ്മാരേയും കൂടി ബാധിച്ചെന്നും വരാം. ഡോക്ടർ, രോഗി എന്നിവർ അനുഭവിക്കുന്ന അപകർഷതയും, നിന്ദാനുഭവും, എന്നിവ സമാനമല്ല; തുല്യവുമല്ല. ഡോക്ടർമാരും (നഴ്സ്മാരും) രോഗികളുമായി തങ്ങളുടെ നെഗറ്റീവ് വികാരങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നതും വിരളമല്ല.

നൂതന സാങ്കേതിക സംവിധാനങ്ങളുടെ കൂടാരമാണ് ആധുനിക ആശുപത്രികൾ.
നൂതന സാങ്കേതിക സംവിധാനങ്ങളുടെ കൂടാരമാണ് ആധുനിക ആശുപത്രികൾ.

രോഗികൾക്ക് തങ്ങളുടെ ഉള്ളിലുണ്ടാകുന്ന രോഷം നിയന്ത്രിതമായ തോതിലോ (controlled or not) അല്ലാതെയോ ആകാം. ആരോഗ്യപ്രവർത്തകരുടെ മുന്നിൽ അതൊന്നും പ്രകടിപ്പിച്ചില്ലെന്നിരിക്കും; ഇതുമൂലം രോഗസംബന്ധിയായ അറിവുകൾ ഉൾകൊള്ളാനും ഒരു തുറന്ന ചർച്ചയ്ക്ക് സന്നദ്ധമാകാനും പലരും ക്ലേശിക്കുന്നതും കാണാം. ആരോഗ്യരംഗത്തെ സമ്പർക്കങ്ങൾ ഒന്നോ രണ്ടോ ഘട്ടങ്ങളായി പരിമിതപ്പെടുന്നില്ല. പലപ്പോഴും രോഗികൾക്ക് മനസ്സിലാക്കാനാകുന്നതിലും അപ്പുറമാണ് ആധുനിക ആശുപത്രികൾ; അവയുടെ നടത്തിപ്പ് അതിസങ്കീർണവും. നൂതന സാങ്കേതിക സംവിധാനങ്ങളുടെ കൂടാരമാണ് ആധുനിക ആശുപത്രികൾ. സ്വീകരണമുറി, അത്യാഹിതവിഭാഗം, ഡോക്ടറുമായുള്ള ആദ്യ കൂടിക്കാഴ്ച്ച, ലാബ്, സ്കാനിങ്, മറ്റു പരിശോധനകൾ, എന്നിങ്ങനെ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളുമായി മെഡിക്കൽ സമ്പർക്കങ്ങൾ മുന്നോട്ടു നീങ്ങുന്നു. ഇതാണെങ്കിൽ സാധാരണക്കാരായ രോഗികൾക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ മനസ്സിലാക്കാവുന്നതുമല്ല; അത്രമാത്രം സാങ്കേതികത്വം അവയിലുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം രോഗികളുടേയും ബന്ധുക്കളുടേയും പ്രതികരണങ്ങളെ കാണാൻ.

രോഗികളുടെ വികാരപ്രകടനവും ആരോഗ്യ പ്രവർത്തകരുടെ പ്രൊഫഷണൽ സ്ട്രെസും

രോഷം എന്നത് രോഗികളുടെ ഒരു വൈകാരിക പ്രകടനമാണ്. ഇതിന്റെ ഉറവിടം മനസ്സിലാക്കുന്നത് ഡോക്ടർ- രോഗി ബന്ധങ്ങൾ അനാവരണം ചെയ്യാനുതകും. നിരാശ എന്ന വികാരം കൂടി രോഷം എന്ന വികാരത്തോടൊപ്പം കാണാറുണ്ട്. ഒരുപക്ഷെ നിരാശയാവാം രോഷത്തിലേയ്ക്ക് നയിക്കുന്നത്. ആരോഗ്യ / ആശുപത്രി അനുഭവങ്ങളിൽ ഉണ്ടായി എന്ന് കരുതപ്പെടുന്ന തിക്തമായ തോന്നലുകൾ, വേണ്ടത്ര ഗൗരവം തങ്ങളുടെ പരാതികളിന്മേൽ ഉണ്ടായില്ലെന്ന ചിന്ത എന്നിവ സംഘർഷങ്ങളിലേയ്ക്കു നയിക്കും: നിന്ദയും അപമാനബോധവും സൃഷ്ടിക്കും. പ്രാപ്യതയിൽ തെല്ല് താഴെ നിൽക്കുന്ന രോഗികൾക്ക് / ബന്ധുക്കൾക്ക് നിലവിലെ വ്യവസ്ഥിതി തങ്ങളെ കുറ്റാരോപിതരാക്കി നിർത്തുന്നുവെന്ന ചിന്തയാണ് പലപ്പോഴും ഉണ്ടാക്കുന്നത്. രോഗിയുടെ / ബന്ധുക്കളുടെ മനസ്സിലാകട്ടേ ആരോഗ്യപ്രവർത്തകരായ ചില വ്യക്തികളെയും കുറ്റാരോപിതരായി മനസ്സിൽ കാണുന്നുണ്ടാകാം. അവർ ചികിത്സകർ തന്നെയാവണമെന്നില്ല. റിസപ്ഷനിലെ ഉദ്യോഗസ്ഥരോ, ലാബുകളിലെ പ്രവർത്തകരോ ആരെങ്കിലും ആകാം. ഇതെല്ലാം നിന്ദാനുഭവത്തിനും രോഷപ്രകടനത്തിനും തീർച്ചയായും കാരണമായി എന്നുവരാം. നിന്ദയും അപമാനവും അനുഭവിക്കുന്നവർ രോഷാകുലർ ആയെന്നിരിക്കും; അത് ശരിയാണെന്നല്ല, അവയെല്ലാം അനുതാപപൂർവം പരിഹരിക്കാൻ ശ്രമം വേണം എന്നുമാത്രം. മറ്റേതു രോഗങ്ങളോടും എടുക്കുന്ന സമീപനം ഇവിടെയും പരീക്ഷിക്കാവുന്നതേയുള്ളു. രോഷം പ്രകടിപ്പിക്കുന്ന രോഗിയെയും കേൾക്കേണ്ടതുണ്ട്; തങ്ങൾ കേൾക്കപ്പെടുന്നുവെന്ന ചിന്ത അവർക്കുണ്ടാകുകയും വേണം. പ്രക്ഷുബ്ധ വികാരങ്ങളെ അനുനയിപ്പിക്കണം; രോഗികൾക്കും ബന്ധുക്കൾക്കും തങ്ങൾ സദാചാര വിധിയെഴുത്തുകൾക്ക് വിധേയരായെന്ന തോന്നൽ ഉണ്ടാകാതെ നോക്കണം. ആരോഗ്യസ്ഥാപനങ്ങളിലെത്തുന്ന ഏതൊരാളോടും നടത്തുന്ന ക്രയവിക്രയങ്ങളിൽ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങൾ കൃത്യമായി പറയാനാകുമോ എന്ന് സംശയമാണ്. രോഗികളുമായി ആശയവിനിമയം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട അടിസ്ഥാന സമീപനത്തെക്കുറിച്ച് റ്റനൂബിയെപ്പോലുള്ളവർ (Tanoubi, et al) പറയുന്നത് ഇതാണ്:

  • രോഗിയുടെ വൈകാരികത കണ്ടെത്തുക, അതെല്ലാം മനസ്സിലാക്കുകയും നിയമ സംവിധാനത്തിന്റെ പരിധിയിൽ കാണാൻ ശ്രമിക്കുക.

  • ആദരവ് സ്ഥാപിക്കുക.

  • ആരോഗ്യ സംരക്ഷണത്തിൽ പിന്തുണ നൽകുക, കൂടുതൽ അന്വേഷണങ്ങൾക്കും വിശദീകരണങ്ങൾക്കും അവസരമൊരുക്കുക.

ഒരുവേള ഇത്തരം മാർഗരേഖകൾ പ്രയോഗത്തിൽ വരുത്തിയാൽ, രോഗികൾക്കും അവരോടൊപ്പമുള്ളവർക്കും അനുഭവപ്പെടാവുന്ന അപമാനബോധം (അപമാനാനുഭവം) പരിമിതപ്പെടുത്താനെങ്കിലും സഹായിച്ചേക്കും.

ആശുപത്രി വരാന്ത/photo: facebook,  Jirin Abraham
ആശുപത്രി വരാന്ത/photo: facebook, Jirin Abraham

ആരോഗ്യ പ്രവർത്തകരും രോഗികളും തമ്മിലുണ്ടാകുന്ന ഇടപെടലുകൾ ഒരു ദിശയിൽ ചലിക്കുന്ന കൊടുക്കൽവാങ്ങലല്ല. അവയെക്കുറിച്ചു ദ്വിദിശ, അനേകദിശ (bidirectional, multi-directional) മാതൃകയിൽ ചിന്തിക്കേണ്ടിയിരിക്കുന്നു; പലപ്പോഴും അതിലും സങ്കീർണമാകാം കാര്യങ്ങൾ. ഡോക്ടർമാർ പലപ്പോഴും ചില രോഗികളെ ദുഷ്കരമെന്ന് (difficult) പറഞ്ഞുവെയ്ക്കാറുണ്ട്. രോഗിയും ഡോക്ടറും (മറ്റ് ആരോഗ്യപ്രവർത്തകരും) രോഗികളുമായി ഇടപെടുന്നതിന് അനവധി തലങ്ങളുണ്ട്; ഇത് കൂടി പരിഗണിച്ചുവേണം ‘ഡിഫിക്കൽറ്റ്' (difficult) എന്ന വിളിപ്പേരുള്ള രോഗികളെ നാം കാണേണ്ടത്. ഇടപെടാൻ ക്ളേശമെന്ന് മുദ്രകുത്തപ്പെട്ട രോഗിയുടെ പെരുമാറ്റരീതി, ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ പ്രത്യേക ശ്രദ്ധനേടും. എന്നാൽ ആരോഗ്യപ്രവർത്തകരുടെ (ഡോക്ടർ / നഴ്സ് / മറ്റുള്ളവർ) പെരുമാറ്റരീതികൾ വിലയിരുത്തപ്പെടുന്നത് അപൂർവമായി മാത്രം. രോഗികളുമായി സൗഹാർദ്ദത്തോടല്ലാതെ പെരുമാറുന്നത് താരതമ്യേന ചെറുപ്പക്കാർ ആണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് ആരോഗ്യസേവന രംഗത്ത് അവർക്കുള്ള പരിചയക്കുറവ് മൂലം മാത്രമാണെന്ന് കരുതാൻ വയ്യ. സംഘർഷമുള്ള സാഹചര്യങ്ങളിൽ ആശയവിനിമയം നടത്താനുള്ള നൈപുണ്യം വേണ്ടത്ര ആർജ്ജിക്കപ്പെടാതിരിക്കുക വലിയ പ്രശ്നം തന്നെയാണ്. അടിയന്തര പരിചരണം, പരിശോധനകൾ എന്നിവ വേണ്ടിവരുമ്പോഴും, അത്യാഹിതങ്ങൾ ഉണ്ടാകുമ്പോഴും ആശയവിനിമയത്തിലെ പ്രാഗൽഭ്യം സർവ്വപ്രധാനമാകുന്നു. ജൂനിയർ തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രൊഫഷണൽ സ്ട്രെസ് കൂടുതലാകാൻ തീർച്ചയായും സാധ്യതയുണ്ട്. അനേകം മണിക്കൂറുകൾ ജോലിയിൽ തുടരേണ്ടിവരുന്നതും സീനിയർ ഡോക്ടർമാർ ഏൽപ്പിക്കുന്ന അധികഭാരവും മാനസിക ഭാരം വർധിപ്പിക്കും. ആരോഗ്യപ്രവർത്തകർ / ഡോക്ടർ, രോഗി സമവാക്യം ഇതിനാൽ സമ്മർദ്ദത്തിലാകുന്നു. ഇതേത്തുടർന്ന് അനഭിമതമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നത് വിരളമായല്ല.

എന്നാൽ രോഗികളുമായുള്ള ഇടപെടലുകൾ ‘ക്ലേശകരം, ദുർഘടം’ എന്നൊക്കെ വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും അതൊന്നും മറുകടക്കാനാവാത്ത തടസ്സങ്ങളായി കാണേണ്ടവയല്ല. ആരോഗ്യ പ്രവർത്തകർ തങ്ങളുടെ ആശയവിനിമയ പ്രോട്ടോക്കോളിൽ വേണ്ടത്ര മാറ്റങ്ങൾ വരുത്തുകയാണ് അഭികാമ്യം. അതിനുള്ള സാഹചര്യം സ്ഥാപനങ്ങളുടെ തലത്തിൽ ഒരുക്കുന്നതാവും ഫലപ്രദം. അങ്ങനെയെങ്കിൽ എല്ലാ രോഗികളോടും സമഭാവനയോടെ കാണാനും ഇടപെടാനും ആരോഗ്യ പ്രവർത്തകർക്ക് കഴിയുമെല്ലോ. പ്രൊഫഷണൽ തലത്തിൽ രോഗികളോടുള്ള സമ്പർക്കങ്ങളിൽ സംഭവിക്കാവുന്ന വൈഷമ്യങ്ങൾ എങ്ങനെ തരണം ചെയ്യാമെന്നത് അക്കാദമിക് വിഷയമായി കാണണമെന്നും വിദഗ്ദ്ധർക്ക് അഭിപ്രായമുണ്ട്.

അനേകം മണിക്കൂറുകൾ ജോലിയിൽ തുടരേണ്ടിവരുന്നതും സീനിയർ ഡോക്ടർമാർ ഏൽപ്പിക്കുന്ന അധികഭാരവും മാനസിക ഭാരം വർധിപ്പിക്കും. ആരോഗ്യപ്രവർത്തകർ / ഡോക്ടർ, രോഗി സമവാക്യം ഇതിനാൽ സമ്മർദ്ദത്തിലാകുന്നു.

എന്താണ് നിന്ദാനുഭവം എന്നുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്ന നിന്ദാനുഭവവും അപമാനീകരണവും മാനസിക വ്യതിയാനങ്ങളാണെന്നു കരുതാം. വ്യക്തിയുടെ സ്വത്വം (സ്വം- self), അന്തസ്സ് (dignity), എന്നിവയ്ക്കേറ്റ മുറിവുകളായി അനുഭവപ്പെടുന്നു. മറ്റുള്ളവരെക്കാൾ താഴ്ന്നവരാക്കപ്പെട്ടെന്ന ബോധം, ഏതെങ്കിലും പോരായ്മകളുമായി അടയാളപ്പെടുത്തൽ, ദോഷപൂർണത (vulnerability) എന്നിവ തോന്നിപ്പിക്കുന്ന സാഹചര്യങ്ങളിലെത്തിക്കുകയോ അതിലേയ്ക്ക് നയിക്കുന്ന പെരുമാറ്റങ്ങൾ മറ്റുള്ളവരിൽ നിന്നുണ്ടാകുകയോ ചെയ്താൽ നാം അപമാനിതാരയെന്ന് തോന്നും. തുല്യാവകാശ നീതിയുറപ്പാക്കണമെങ്കിൽ ഇതേക്കുറിച്ചുള്ള ചർച്ചകൾ ആരോഗ്യരംഗത്തുതന്നെ ഉണ്ടാകേണ്ടതാണ്.

 അപരിചിതത്വവും ഭയം അങ്കുരിക്കുന്ന ഏകാന്തതയും ഉളവാക്കുന്ന ചികിത്സാപരിസരങ്ങളിൽ അധികാരത്തിന്റെ അസന്തുലിതാവസ്ഥ അനുഭവപ്പെടാം. /Photo: Facebook, Trivandrum Medical College
അപരിചിതത്വവും ഭയം അങ്കുരിക്കുന്ന ഏകാന്തതയും ഉളവാക്കുന്ന ചികിത്സാപരിസരങ്ങളിൽ അധികാരത്തിന്റെ അസന്തുലിതാവസ്ഥ അനുഭവപ്പെടാം. /Photo: Facebook, Trivandrum Medical College

നിന്ദിക്കപ്പെട്ടെന്നോ, അപമാനനുഭവം ഉണ്ടായെന്നോ ഉള്ള തോന്നലുകൾ ചികിത്സാരംഗത്ത് ഉണ്ടാകാൻ സാധ്യതയേറെയാണ്. തോന്നലുകൾ ശരിയായിക്കൊള്ളണമെന്നില്ല; എങ്കിലും അവ വ്യക്തികളുടെ അനുഭവങ്ങളായി തുടരുക തന്നെ ചെയ്യും. അനുഭവതലങ്ങളിലെ ശരികൾ വസ്തുനിഷ്ടമാകണമെന്നുപോലും ഇല്ല. അതിനാൽ ചികിത്സാരംഗത്തെ അപമാനം, നിന്ദ എന്നിവകളുടെ പഠനത്തിൽ മറ്റൊരു സങ്കീർണതലം കൂടിയുണ്ടാവുന്നു. പൊതുവേ പറഞ്ഞാൽ രോഗിയും ചികിത്സാരംഗത്തെ പ്രഫഷണലും (ഡോക്ടർ, നഴ്സ്, ലാബ് ടെക്നൊളജിസ്റ്റ്, സ്കാൻ ടെക്നൊളജിസ്റ്റ്, തിയേറ്റർ സ്റ്റാഫ് തുടങ്ങി ആരും) തമ്മിൽ സംഭവിക്കുന്ന ഏത് സമ്പർക്കത്തിലും അനനുകൂലമായ അനുഭവങ്ങൾക്ക് കാരണമാകാം. പല സാഹചര്യങ്ങൾ ഇതിലേയ്ക്ക് നയിക്കുന്നു. അസമമായ അധികാരനിലായാണ് അവയിൽ പ്രധാനം. പ്രത്യേകിച്ചും തിയേറ്റർ, ലാബുകൾ, ശബ്ദവും വെളിച്ചവും ഊഷ്മാവും നിയന്ത്രിച്ച ഇടങ്ങളും അപരിചിതത്വവും ഭയം അങ്കുരിക്കുന്ന ഏകാന്തതയും ഉളവാക്കുന്ന ചികിത്സാപരിസരങ്ങളിൽ അധികാരത്തിന്റെ അസന്തുലിതാവസ്ഥ അനുഭവപ്പെടും. തങ്ങളുടെ ശരീരവും രോഗവും മ്യൂസിയവത്കരിക്കപ്പെടുന്നു എന്ന തോന്നൽ അധികാരവുമായി ചേർത്തുകാണുമ്പോൾ ഉളവാകുന്ന അനുഭവത്തിന് വല്ലാത്ത തീക്ഷ്ണതയുണ്ടാകും.

ഇപ്പോഴും തുടരുന്ന ‘സ്റ്റിഗ്മ’

രോഗനിർണയം പോലും പ്രശ്നമാകാറുണ്ട്. ഇവിടെ പരിഗണിക്കേണ്ടത്, സമൂഹത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സ്റ്റിഗ്മ (stigma) എന്ന അനുഭവം. ആരോഗ്യം, രോഗം, ചികിത്സ, സമൂഹം, എന്നിവയ്ക്കിടയിൽ എവിടെയോ സ്‌റ്റിഗ്മ സ്ഥിതിചെയ്യുന്നു. സ്റ്റിഗ്മയും അനുബന്ധമായ അപമാനീകരണവും എല്ലാക്കാലത്തും ഉണ്ടായിരുന്നെങ്കിലും, കാലാകാലങ്ങളിൽ അതിന് മാറ്റങ്ങൾ സംഭവിക്കുന്നതായി കാണാം. ചില രോഗനിർണയങ്ങൾ (diagnoses) സമൂഹം അകൽച്ചയോടെയോ വിദ്വേഷത്തോടെയോ കാണാറുണ്ട്; വിവേചനത്തിന് കാരണമാകാറുമുണ്ട്. രോഗിയായി ജീവിക്കേണ്ടയാൾ രോഗത്തിന്റെ ഭാരവുമായി സമൂഹത്തിൽ ജീവിക്കാൻ വിധിക്കപ്പെടുകയും ചെയ്യുന്നു. നിന്ദാനുഭവം മാത്രമല്ല, സമൂഹത്തിൽ ഇടപെടുമ്പോഴുള്ള ഉത്കണ്ഠ, തങ്ങൾ നിരീക്ഷിക്കപ്പെടുകയാണോ എന്ന ചിന്ത, തുടങ്ങി അനേകം അനുഭവങ്ങൾ സ്റ്റിഗ്മയിലുണ്ട്. അതിനാൽ സ്റ്റിഗ്മ അനുഭവിക്കുന്നതായി കരുതുന്ന വ്യക്തി സമൂഹത്തിന്റെ നോട്ടത്തിൽ (gaze) അടങ്ങിയ രൂക്ഷത അനുഭവിക്കുന്നതായി തിരിച്ചറിയുന്നു.

രോഗങ്ങൾ ദൈവീക കോപമാണെന്നും പലതരം ഭൂതപ്രേതങ്ങളുടെ സഞ്ചാരം അവയ്ക്ക് കരണമാകാമെന്നും വിശ്വസിച്ചിരുന്നതായി തോമസ്, റാവു (Thomas & Rao) എന്നിവർ തങ്ങളുടെ പ്രബന്ധത്തിൽ പറയുന്നു. നാട്ടുവൈദ്യത്തോടൊപ്പം പൂജകളും നേർച്ചകളും അനുഷ്ടാനമായി നൽകിയിരുന്നു.

സ്റ്റിഗ്മ എക്കാലത്തും നമുക്കുചുറ്റും ഉണ്ടായിരുന്നു. പലവിധമുള്ള വിശ്വാസങ്ങളും സാമൂഹിക ധാരണകളും സ്റ്റിഗ്മ സ്ഥാപിതമാകാൻ ഉപകരിച്ചുകാണും. പത്തൊമ്പതാം നൂറ്റാണ്ടുമതലാണ് കേരളത്തിൽ (ഇന്നത്തെ) ആധുനിക ചികിത്സയെത്തുന്നത്. അതുവരെ വിവിധതരം നാട്ടുചികിത്സകൾ ആയിരുന്നു പ്രധാനമായുമിവിടെ നിലനിന്നിരുന്നത്. അസംഖ്യം അന്ധവിശ്വാസങ്ങളും ജനങ്ങൾ പിന്തുടർന്നുവന്നു. രോഗങ്ങൾ ദൈവീക കോപമാണെന്നും പലതരം ഭൂതപ്രേതങ്ങളുടെ സഞ്ചാരം അവയ്ക്ക് കരണമാകാമെന്നും വിശ്വസിച്ചിരുന്നതായി തോമസ്, റാവു (Thomas & Rao) എന്നിവർ തങ്ങളുടെ പ്രബന്ധത്തിൽ പറയുന്നു. നാട്ടുവൈദ്യത്തോടൊപ്പം പൂജകളും നേർച്ചകളും അനുഷ്ടാനമായി നൽകിയിരുന്നു. സർക്കാർ സെൻസസ് (1901) അനുസരിച്ച് ജ്യോതിഷി, ആഭിചാരി, നാട്ടുവൈദ്യർ എന്നീ മൂന്നുതരം ആൾക്കാരും രോഗിയുടെ പരിചരണത്തിനുണ്ടാവും എന്ന് റിപ്പോർട്ട് ചെയ്തുകാണുന്നു. ആഭിചാരം, അന്ധവിശ്വാസം, നേർച്ച എന്നിവയോടൊത്തു പോകുന്നതാണ് സ്റ്റിഗ്മ. നാട്ടുവിശ്വാസങ്ങൾ, നാട്ടാചാരങ്ങൾ എന്നിവ സ്റ്റിഗ്മ സ്ഥാപനത്തിന് (stigmatization) സഹായകരമാണ്.

ഡോ. സോമർവെൽ
ഡോ. സോമർവെൽ

19-ാം നൂറ്റാണ്ടിൽ മെഡിക്കൽ മിഷനറിമാർ കേരളത്തിലെത്തി. അക്കാലത്തെ വിവിധ ക്രിസ്ത്യൻ സഭകളിൽ പ്രവർത്തിച്ചുകൊണ്ട് അവർ ആധുനിക ചികിത്സയുടെ അടിത്തറപാകി. അക്കാലത്തു വന്ന മിഷനറി ഡോക്ടർമാരിൽ പ്രമുഖനായിരുന്നു ഡോ. സോമർവെൽ (Dr Somerwell). അദ്ദേഹം ഇന്ത്യയിലെ ചികിത്സാനുഭവങ്ങളെക്കുറിച്ചുള്ള രചനയിൽ (Somervell, T. Howard, Knife and life in India: The Story of a Surgical Missionary at Neyyoor, Travancore, The Livingstone Press, London,1955) ഒരു നാട്ടുകാരൻ ഇപ്രകാരം പറഞ്ഞതായി (Thomas & Rao) എഴുതിയിരിക്കുന്നു: ‘‘You medical missionaries, you think you're a lot of blinking philanthropists, and rather despise the more pious sort of preaching missionary. But you're the worst of the lot. You are setting out to fight against Nature. Nature wants the unfit to die, and you go and save them. You're populating the world with unemployables, you doctors; you have lowered the death- rate goodness knows how much, and 90 per cent of the increase of population you have caused is unemployable and ought to have died. The other 10 per cent ought to have died, too, but may be able to do somebody out of a job. No- you doctor people are all wrong. You ought to stop being a doctor tomorrow and become something useful’’.

രോഗങ്ങളെക്കുറിച്ചു സമൂഹം സൂക്ഷിച്ചുവെച്ച ബോധ്യങ്ങളാണ് നാമിവിടെ കാണുന്നത്. പുതുതായുണ്ടായിവരുന്ന ആശയങ്ങളെ സ്വീകരിക്കാനും മാനവികതയ്ക്ക് കോട്ടമുണ്ടാക്കുന്ന വിശ്വാസങ്ങളെ തള്ളിക്കളയാനും വിസമ്മതിക്കുന്ന സമൂഹത്തെ നമുക്കിവിടെ കാണാം. ലഭ്യമായ ചികിത്സ ഉപേക്ഷിക്കുക എന്നതിൽ തെറ്റുകാണുന്നില്ല, എന്നുമാത്രമല്ല, ചികിത്സ ലഭിക്കാതെ കുറേപ്പേർ മരിച്ചാൽ അതും സാരമില്ലെന്ന മനോഭാവം പോലും സമൂഹത്തിൽ നോർമലൈസ്‌ഡ്‌ (normalised) ആകുന്നു.

ഇവിടെ നാം കാണുന്ന സമവാക്യത്തിന് ചില പ്രത്യേകതകളുണ്ട്. രോഗമുണ്ടായാൽ എന്തുചെയ്യണം എന്ന ചോദ്യം പരിഗണിക്കാം. നാം വിശ്വസിക്കുന്നതെന്തോ അത് തെന്നെ ചെയ്യാം എന്നാണുത്തരമെങ്കിൽ ചികിത്സയും വിശ്വാസവും തുല്യമായി പരിഗണിക്കപ്പെടുന്നു എന്നർത്ഥം. തന്മൂലം രോഗി മരിക്കുന്നത് പ്രശ്നമേയാകുന്നില്ല. രോഗിക്കാകട്ടെ, വിശ്വാസ പരിചരണമാണോ, അന്ന് ലഭ്യമായ ആധുനിക ചികിത്സയാണോ വേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശവും പരിമിതമായിരിക്കും. ഈ ലേഖകർ മറ്റൊരു ഡാറ്റ മുന്നോട്ടുവയ്ക്കുന്നു; മലബാറിൽ 1888-89 കാലത്ത് ആധുനിക ചികിത്സ സ്വീകരിച്ചവരുടെ കണക്കാണത്. ക്രിസ്ത്യാനികൾ ആയിരത്തിൽ 35.2, മുസ്ലീമുകൾ 29, ഹിന്ദുക്കൾ 7.2 എന്നിങ്ങനെയാണ് ആധുനിക ചികിത്സ സ്വീകരിച്ചവർ. ഇന്നത്തെപ്പോലെ വാണിജ്യ താല്പര്യങ്ങളോ മീഡിയ പ്രചാരണമോ ഇല്ലാത്ത കാലത്ത് കണക്കുകൾ നൽകുന്ന സൂചനകൾ സ്റ്റിഗ്മയുടെ ഉറവിടം കണ്ടെത്താൻ നമ്മെ സഹായിക്കും.

ഇന്ത്യയിൽ ബ്യൂബോണിക് പ്ലേ​ഗ് പടർന്നു പിടിച്ചപ്പോൾ ബോംബെയിലെ താല്‍ക്കാലിക ആശുപത്രിയില്‍ രോഗികളെ പരിചരിക്കുന്നു. /photo: x, @IndiaHistorypic
ഇന്ത്യയിൽ ബ്യൂബോണിക് പ്ലേ​ഗ് പടർന്നു പിടിച്ചപ്പോൾ ബോംബെയിലെ താല്‍ക്കാലിക ആശുപത്രിയില്‍ രോഗികളെ പരിചരിക്കുന്നു. /photo: x, @IndiaHistorypic

ആരോഗ്യവുമായി ബന്ധപ്പെട്ട് കലശലായ അപമാനമുണ്ടാക്കുന്നത് സ്റ്റിഗ്മയിലൂടെയാണെന്ന് കാണാൻ വിഷമമില്ല.
പഴയൊരു റിപ്പോർട്ട് (വാർത്ത - മസൂരിദീനം - 20/03/1920) നോക്കാം:

‘‘ആറ്റിങ്ങൽ: മസൂരിദീനമില്ലാത്ത ഒരു വീടുപോലും ചിറയിൻകീഴിലില്ല. മരണങ്ങൾ ധാരാളമുണ്ടാകുന്നുണ്ട്. സാനിട്ടറിക്കാരെ കാണ്മാനെയില്ല. ഇത്രയൊക്കെ മരണങ്ങളുണ്ടായിട്ടും ഗസറ്റിലെ വാരറിപ്പോർട്ടിൽ ഒന്നും പ്രസ്താവിച്ചുകാണാത്തതിൽ വിസ്മയിക്കുന്നു. ചിറയിൻകീഴ് അപ്പോത്തിക്കരിയും ആറ്റിങ്ങൽ മിഷ്യൻ ഡോക്ടറും മസൂരി രോഗബാധിതരായി കിടപ്പിലാണ്’’.

എപിഡെമിക്കായ വസൂരിരോഗം വ്യാപിച്ചപ്പോൾ പരിചരണത്തിൽ പങ്കാളികളാകേണ്ട സാനിറ്ററി ഉദ്യോഗസ്ഥരും രോഗം മോണിറ്റർ ചെയ്യേണ്ടവരും അപ്രത്യക്ഷരായത് എന്തുകൊണ്ടെന്ന് ചിന്തിച്ചാൽ രോഗത്തെക്കുറിച്ചുള്ള ധാരണകളുടെ ശക്തി പിടികിട്ടും. മറ്റു രോഗങ്ങളും സമൂഹത്തിൽ സ്റ്റിഗ്മയുടെ ഭാരമേല്പിക്കുന്നു; ക്ഷയം (tuberculosis), കുഷ്ഠം (leprosy), ലൈംഗിക രോഗങ്ങൾ (venereal diseases, VD) എന്നിവ ഉദാഹരണങ്ങൾ. ഇതിൽ മലയാളത്തിൽ കുഷ്ഠരോഗത്തിനിനിയും സ്റ്റിഗ്മ ലഘൂകരിക്കാനുതകുന്ന മറ്റു പേരുകൾ കണ്ടെത്തിയിട്ടില്ല. ഇംഗ്ലീഷിൽ ‘ഹാൻസെൻ'സ് രോഗം (Hansen's disease അഥവാ HD) എന്നാണിപ്പോൾ അറിയപ്പെടുന്നത്. അതുപോലെ ലൈംഗിക രോഗങ്ങൾക്കും വിളിപ്പേരിൽ മാറ്റം (HD, STD, STI എന്നിങ്ങനെ) മാറിവന്നിട്ടുണ്ട്. രോഗമുള്ളവർക്ക് സമൂഹത്തിൽ കൂടുതൽ സ്വാതന്ത്ര്യത്തോടെ കടന്നുപോകാൻ ഇതെല്ലാം സഹായിക്കുന്നു.

ദീർഘകാല രോഗികളായി ജീവിക്കേണ്ടിവരുന്നവർക്ക് സാമൂഹിക സമ്പർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. പലപ്പോഴും മറ്റുള്ളവരോട് തങ്ങളുടെ രോഗത്തെപ്പറ്റി എന്തെങ്കിലും പറയേണ്ടിവരും.

ദീർഘകാല രോഗികളായി ജീവിക്കേണ്ടിവരുന്നവർക്ക് സാമൂഹിക സമ്പർക്കങ്ങളിൽ (societal interaction) നിന്ന് ഒഴിഞ്ഞുമാറാനാവില്ല. പലപ്പോഴും മറ്റുള്ളവരോട് തങ്ങളുടെ രോഗത്തെപ്പറ്റി എന്തെങ്കിലും പറയേണ്ടിവരും. രോഗപരിചരണത്തിന് എടുക്കേണ്ടിവരുന്ന പ്രയാസങ്ങളെക്കുറിച്ചോ രോഗലക്ഷണങ്ങൾ സമൂഹ ദൃഷ്ടിയിൽ പെടാതെ ഗോപ്യമായി വെയ്ക്കുന്നതിന്ന് നേരിടുന്ന സാഹസങ്ങളെക്കുറിച്ചോ മിതത്വം പാലിക്കുകയും വേണം. അതിനു അനുയോജ്യവും നിഷ്പക്ഷവുമായ (suitable, neutral) പദസമ്പത്ത് ഭാഷയിലുണ്ടാകേണ്ടത് സ്റ്റിഗ്മ നിയന്ത്രിക്കാനാവശ്യവുമാണ്. നമ്മുടെ സാംസ്കാരിക ബോധ്യങ്ങൾക്കുചിതമായ, എന്നാൽ കഴിയുന്നത്ര സൗഹാർദ്ദപരവുമായ പദങ്ങൾ കാലാകാലങ്ങളിൽ പ്രയോഗത്തിലെത്തണം. രോഗവുമായി ബന്ധപ്പട്ട് വികസിച്ചുവന്ന പ്രതികൂല ചിന്തകളെ ഉത്തേജിപ്പിക്കാതെ ആശയവിനിമയം ഇതുമൂലം സാധിക്കും. ഇതിനർത്ഥം ഭാഷയിലെ മാറ്റങ്ങൾ അപമാനീകരണത്തിന് ആശ്വാസമുണ്ടാക്കുമെന്നല്ല; കൂടുതൽ ജനാധിപത്യപരമായ അവസ്ഥ സാധ്യമാക്കും എന്നുമാത്രം.

ആലപ്പുഴ ജില്ലയിലെ നൂറനാട് ലപ്രസി സാനറ്റോറിയം
ആലപ്പുഴ ജില്ലയിലെ നൂറനാട് ലപ്രസി സാനറ്റോറിയം

അടുത്തിടെ കണ്ട ഒരു പത്രവാർത്ത നോക്കാം. ആലപ്പുഴ ജില്ലയിലെ നൂറനാട് ലപ്രസി സാനറ്റോറിയത്തിലെ (സ്വസ്ഥയാഗാരം) അന്തേവാസികളും സ്റ്റാഫും ചേർന്ന് നടത്തിയ ബീച്ച് സന്ദർശനമാണ് വാർത്തയിൽ ഇടം നേടിയത്. ആകെ 85 പേരാണ് സാനറ്റോറിയത്തിൽ നിന്ന് ബീച്ച് ആസ്വദിക്കാനെത്തിയത്. അതിൽ അന്തേവാസികളായ 30 പേരും 22 സ്റ്റാഫുമാണ് ഉണ്ടായിരുന്നത്. മറ്റേതൊരു വിനോദയാത്രയും പോലെ കടന്നുപോകേണ്ട ഇക്കാര്യത്തിന് ഇത്ര വാർത്താപ്രാധാന്യം ലഭിക്കാനെന്തു കാര്യം? സാനറ്റോറിയം ആരംഭിച്ചിട്ട് 89 വർഷം കഴിഞ്ഞിരിക്കുന്നു; എന്നിട്ടും ആദ്യമായാണ് അര ദിവസത്തിലെങ്കിലും ഒതുങ്ങിയ ഇത്തരമൊരു യാത്ര സംഘടിപ്പിക്കാനായത്. യാത്രയിൽ പങ്കെടുത്ത എത്രപേർക്കിപ്പോൾ ലപ്രസിയുണ്ട്? ആർക്കും ഉണ്ടാവില്ല; എല്ലാരും രോഗത്തെ അതിജീവിച്ചവർ തന്നെ. ഏറ്റവും മുതിർന്നയാൾ 55 വർഷങ്ങൾക്ക് മുമ്പാണ് സാനറ്റോറിയത്തിൽ എത്തിയത്; എന്നാൽ, ആദ്യമായാണിത്ര ദൂരം യാത്രചെയ്യുന്നത്. രോഗം മാറിക്കഴിഞ്ഞാലും പോകാനിടമില്ലാതാകുന്നതിനെ നാം എന്തവസ്ഥയെന്ന് പറയണം. ആരോഗ്യവും അപമാനീകരണവും തമ്മിൽ ഇതിലധികം എന്ത് ബന്ധമാണ് ചിന്തിക്കാനാകുക? രോഗത്തെ അതിജീവിച്ചവർ തന്നെയാണധികം പേരും. അവരവിടെത്തന്നെ തങ്ങളുടെ ജീവിതവുമായി തുടരുന്നു. ഇതിനു കാരണം ലപ്രസി പോലുള്ള രോഗങ്ങൾ നേരിടുന്ന സാമൂഹിക വിലക്കുകൾ (taboo) തന്നെയായിരിക്കും. പുറത്തിറങ്ങാനും ജീവിതത്തിന്റെ അനേകം സാദ്ധ്യതകൾ പര്യവേക്ഷണം ചെയ്യാനും സാധിക്കാത്തതിലും വലിയ അപമാനീകരണം ഇല്ലതന്നെ.

ബ്രിട്ടീഷ് ഭരണകാലത്ത് ലപ്രസി ബാധിതർ കുറ്റവാളികളായിരുന്നു. പൊതു ഇടങ്ങളിൽ ലപ്രസിയുടെ ശാരീരികമാറ്റങ്ങൾ പ്രദർശിപ്പിക്കുന്നത് കുറ്റകരമാണെന്ന നിയമം പ്രാബല്യത്തിലുണ്ടായിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് ലപ്രസി ബാധിതർ കുറ്റവാളികളായിരുന്നു. പൊതു ഇടങ്ങളിൽ ലപ്രസിയുടെ ശാരീരികമാറ്റങ്ങൾ പ്രദർശിപ്പിക്കുന്നത് കുറ്റകരമാണെന്ന നിയമം പ്രാബല്യത്തിലുണ്ടായിരുന്നു. അവർ പുറത്തിറങ്ങിനടന്നാൽ രോഗവ്യാപനം വർധിക്കുമെന്നും കരുതപ്പെട്ടു. പൊതു സാമൂഹിക ഭീതി സ്ഥാപിക്കാൻ കരിനിയമങ്ങൾക്ക് സാധിക്കും, പ്രത്യേകിച്ച് അതേറ്റുപിടിക്കാൻ അന്ധവിശ്വാസങ്ങൾ കൂടിച്ചേരുമ്പോൾ. അങ്ങനെ മറ്റു പ്രയാസങ്ങളൊന്നും കൂടാതെ സർക്കാരിനും സമൂഹത്തിനും ഒരു വലിയ ജനവിഭാഗത്തിനെ നിശ്ശബ്ദരാക്കാനും അതിലൂടെ അദൃശ്യരാക്കാനും കഴിഞ്ഞു. അപമാനീകരണം, വിലക്ക് (taboo) എന്നിവയ്ക്ക് പുറമെ നിയമവും അവർക്കെതിരായി.

 തോപ്പിൽ ഭാസി
തോപ്പിൽ ഭാസി

അതിനാൽ അക്കാലത്തു ലപ്രസി ബാധിതരെ ഇതരർ ആക്കുക (otherise) എന്ന പ്രതിഭാസം തടസ്സമില്ലാതെ തുടർന്നുവന്നു. തോപ്പിൽ ഭാസിയുടെ അശ്വമേധം (നാടകം, 1962) സമൂഹത്തിൽ വേരൂന്നിയ അയിത്താചരണം പ്രശ്നവത്കരിക്കുന്നു. അയിത്തം ശുദ്ധിയുമായി (purity) ബന്ധമുള്ള അനാചാരമാണെന്ന് നമുക്കറിയാം. കുഷ്ഠരോഗത്തെ ക്രൈമായും അയിത്തമായും കാണുന്ന സമൂഹത്തിന്റെ ബുദ്ധിശൂന്യത സരോജവും തോമസും (നാടകത്തിലെ രോഗി, ഡോക്ടർ) തമ്മിൽ നടക്കുന്ന സംഭാഷണത്തിൽ വ്യക്തമാണ്.

അതിനുമുമ്പ് 1947- ൽ തകഴിയുടെ ‘തോട്ടിയുടെ മകൻ' അപമാനീകരണം തന്നെയാണ് ചർച്ചയ്ക്കെടുത്തത്. കോളറ, വസൂരി എന്നീ രോഗങ്ങളുടെ പശ്ചാത്തലത്തിൽ അന്തസ്സും ആത്മാഭിമാനവും കൈവരിക്കാൻ ചുടലമുത്തു നടത്തുന്ന പ്രയത്നമാണ് നോവൽ. കോളറ മരണത്തിന്റെ ആദ്യ ഇര റോഡരികിൽ ചായക്കടയ്ക്ക് മുമ്പിൽ ദുർഗന്ധം വമിക്കുന്ന അനാഥപ്രേതമായി കിടന്നു. ആരും അടുത്തുവരാൻ മടിക്കുന്ന ആ പ്രേതത്തിന് ചുറ്റും പട്ടണത്തിലെ ഈച്ചകളെല്ലാം കൂടിയിരുന്നു. രോഗം മനുഷ്യരെ, പ്രത്യേകിച്ച് പിന്നാക്കാവസ്ഥയിൽ ജീവിക്കുന്നവരെ എന്തുചെയ്യുമെന്ന് നോവൽ കാട്ടിത്തരുന്നു.

തകഴി
തകഴി

സ്റ്റിഗ്മ, അയിത്തം എന്നിവയുടെ തിരിച്ചുവരവ് നാം കാണുന്നത് തൊണ്ണൂറുകളിൽ എയ്ഡ്സ് രോഗം പടർന്നുപിടിച്ചപ്പോഴാണ്. എയ്ഡ്സ് ബാധിച്ചവർ രോഗികളെന്നുപോലും തിരിച്ചറിയാൻ സമൂഹത്തിന് കഴിയാതെപോയി. പൊതുനിരത്തിൽ അവരെ കല്ലെറിയുകയും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ചെയ്യുന്നതിൽ സമൂഹത്തിന് കുറ്റബോധം തതോന്നിയില്ല. എയ്ഡ്സ് ബാധിച്ചവരുടെ രോഗബാധിതരല്ലാത്ത കുട്ടികൾക്ക് പോലും അയിത്തവും അപമാനവും അനുഭവിക്കേണ്ടിവന്നു. അതിപ്പോഴും തുടരുന്നില്ലെന്നാരുകണ്ടു? പൊതു ഇടങ്ങളിൽ നിന്നവരെ തള്ളിമാറ്റിയെന്നു മാത്രമല്ല, അവർക്ക് അവകാശപ്പെട്ട സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കുന്നതിലും സമൂഹമുണ്ടായിരുന്നു. അങ്ങനെയെങ്കിൽ കോളറയോടും വസൂരിയോടും നാം കണ്ട പാർശ്വവത്കരിക്കലും വ്യക്തികൾ അനുഭവിച്ച അപമാനവും ഇപ്പോൾ കാണാത്തത് പ്രസ്തുത രോഗങ്ങൾ വിരളമായതിനാൽ മാത്രം. അത് ശരിയെങ്കിൽ മറ്റൊരു ഭയാനകമായ രോഗം ആവിർഭവിക്കുമ്പോൾ പഴയ പ്രശ്നങ്ങൾ വീണ്ടും ഉണ്ടാകും. അതുണ്ടായി, അധികം വൈകാതെ തന്നെ.

കോവിഡ് ഒരു കുറ്റമാണോ?

കോവിഡ് കാലത്ത് അപമാനീകരണം തിരിച്ചുവന്നത് നാം കണ്ടു. മൃതദേഹത്തോടുള്ള അനാദരവ്, ഇന്ത്യയിൽ പലേടത്തും സംഭവിച്ചു; ചെന്നൈയിൽ ഒരു ഡോക്ടറുടെ മൃതദേഹം ഒന്നിലധികം ശ്മാശാനങ്ങളിൽ നാട്ടുകാരുടെ ആക്രമണത്തിന് വിധേയമായി. വസൂരി പകർച്ചവ്യാധിക്കാലത്ത് മൃതദേഹങ്ങളോടെടുത്ത സാമൂഹിക നിലപാടുകൾ ഓർമയിലെത്തും വിധം കൂടിയായിരുന്നു അത്. മറുനാട്ടിൽ നിന്ന് തിരിച്ചുവന്ന നാട്ടുകാരെ ഫ്ലാറ്റിൽ കയറ്റാതെ ഇരുട്ടിൽ നിർത്തി. പഴയ കുഷ്ഠരോഗ, കോളറക്കാലത്തെ അനുഭവങ്ങളെ അനുസ്മരിക്കപ്പെടുന്നതുപോലെ തോന്നിച്ചു, അക്കാലത്തെ റിപ്പോർട്ടുകൾ. ‘രോഗം ഒരു പാപമാണോ?' എന്ന തോപ്പിൽ ഭാസിയുടെ ചോദ്യം 2020- ലും പ്രസക്തമായി. രോഗികളും, കുടുംബവും തെറ്റുകാരാണെന്ന രീതിയിലായിരുന്നു സമൂഹത്തിന്റെ നോട്ടം. ഈ പുതിയ അയിത്ത സങ്കൽപം ഇതരവത്കരണത്തിനു (otherise) പുതുഭാഷ്യം രചിച്ചുവെന്നതിൽ സംശയമില്ല. ചില സാഹചര്യങ്ങൾ അനുകൂലമായാൽ സ്റ്റിഗ്മ ശക്തിപ്പെടും. പ്രധാനമായും അഞ്ച് ഘടകങ്ങൾ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു:

  • 1. പൊതുബോധത്തിൽ കടന്നുവരുന്ന വിശ്വാസ നിർമിതികൾ. രോഗമുള്ളവരെയും, രോഗിയെന്ന് സംശയിക്കപ്പെടുന്നവരെയും, രോഗികളുമായി സമ്പർക്കമുണ്ടായവരെയും ഒരുപോലെ കുറ്റാരോപിതരായ അകറ്റിനിർത്തുന്നു.

  • 2. സാമൂഹിക, ആരോഗ്യ പ്രവർത്തകരും അധികാരികളും കാട്ടുന്ന പെരുമാറ്റ രീതികൾ സമൂഹത്തെ അതിവേഗം സ്വാധീനിക്കുന്നു. ചികിത്സ തേടാനും അധികാരികളുമായുള്ള സമ്പർക്കം സ്ഥാപിക്കാനും പ്രയാസമുളവാക്കും. ക്രമേണ ഇതൊരു സാമൂഹിക പെരുമാറ്റ മാതൃകയായി മാറും.

  • 3. രോഗികളാകട്ടെ, സമൂഹത്തിൽനിന്ന് കിട്ടുന്ന അപമാനവും ബുദ്ധിമുട്ടുകളും ആന്തരീകരിക്കുകയും ഉൾവലിയുകയും ചെയ്യും.

  • 4. കുടുംബം, സുഹൃത്തുക്കൾ എന്നിവർ രോഗികളോടും അവരോട് സമ്പർക്കം പുലർത്തുന്നവരെയും ഇകഴ്ത്തുകയും തള്ളിക്കളയുകയും ചെയ്യുന്നതിൽ നിന്നുണ്ടാകുന്ന പെരുമാറ്റ വ്യതിയാനം.

  • 5. ക്രമേണ ഇത്തരം പെരുമാറ്റ രീതികൾ പരിചിതമാകുകയും സാമൂഹിക രീതിയായി അംഗീകരിക്കപ്പെടുകയും ചെയ്യും.

സൂക്ഷ്മനിരീക്ഷണത്തിൽ ഇന്ത്യയിലെങ്ങും, കേരളത്തിലും ഇങ്ങനെയൊക്കെ നടന്നിരുന്നതായി ഓർത്തെടുക്കാം.

ക്വാറന്റയിനിലുള്ളവരോട് അധികാരം ഉപയോഗിക്കുക, പുറത്തിറങ്ങുന്നവരുടെ മേൽ ബലം പ്രയോഗിക്കുക, റെഡ് സോണിൽ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് പോകുന്നവർക്കെതിരെ ആൾക്കൂട്ട ആക്രമണമുണ്ടാകുക എന്നിവയ്ക്ക് സാമൂഹിക അംഗീകാരം കിട്ടുന്നെങ്കിൽ സ്റ്റിഗ്മ / അയിത്തം എന്നിവ സ്ഥാപിക്കപ്പെട്ടുവെന്ന് കരുതാം.

കോവിഡ് കാലത്ത് പൊടുന്നനെ ജോലി നഷ്ടപ്പെട്ടവരുടെ കൂട്ടപലായനം ഇത്തരത്തിൽ ഒരനുഭവമാണ്; അവിടെയും കൂടുതൽ യാതനയനുഭവിച്ചവർ പിന്നാക്കാവസ്ഥയിൽ ജീവിക്കുന്നവരായിരുന്നു. ലോക്ക്ഡൗൺ, അധികാരികളിൽ നിന്നുണ്ടായ തിക്താനുഭവങ്ങൾ, അടച്ചിരിക്കൽ, എന്നിവയ്ക്ക് വിധേയരായവർക്ക് കോവിഡ് നല്ല ഓർമകളാവില്ല നല്കിയിട്ടുണ്ടാവുക.

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാനായി കൊണ്ടുപോകുന്ന ആരോഗ്യപ്രവര്‍ത്തകര്‍
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാനായി കൊണ്ടുപോകുന്ന ആരോഗ്യപ്രവര്‍ത്തകര്‍

രണ്ടു പ്രധാന പെരുമാറ്റ ശൈലികളെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. നിരന്തര ഇതരവത്കരണം (othering) ചില സമൂഹങ്ങളിൽ അനായാസം നടക്കുന്നു. വർഗം, വർണം, ജാതി, സാമൂഹികാവസ്ഥ എന്നവയുടെ അടിസ്ഥാനത്തിൽ സമൂഹത്തിൽ വിവേചന സാധ്യത നിലനിൽക്കുന്നുവെങ്കിൽ അപമാനീകരണം (humiliation) ഉണ്ടാകുമെന്നതിൽ സംശയമില്ല. മറ്റൊന്ന് സമൂഹങ്ങൾ ആന്തരീകരിച്ചിട്ടുള്ള (internalized) സഹജബോധമാണ്. ശക്തമായ ജനാധിപത്യ ബോധം, അനുതാപം (empathy) എന്നിവയും ഇതരവത്കരണത്തെ പ്രതിരോധിക്കാൻ സഹായിക്കും. സമൂഹത്തിൽ പൊതുവേ കാണപ്പെടുന്ന വ്യവഹാരങ്ങളിൽ ഈ രണ്ടു ഘടകങ്ങളും ഏറിയും കുറഞ്ഞും കാണാനാകും. അനുതാപത്തിനുള്ള കഴിവ് നമ്മടെ ദൈനംദിന ജീവിതത്തിലും, പ്രതിസന്ധിഘട്ടങ്ങളിലും അത്യാവശ്യവുമാണ്. കോവിഡ്, പ്രളയം അപകടങ്ങൾ തുടങ്ങി ഏതവസ്ഥകളിലും അനുതാപം പ്രവർത്തിക്കുന്നത് കാണാം. വൈദ്യശാസ്ത്രരംഗത്തും പൊതുജനാരോഗ്യ രംഗത്തും ഫലപ്രദമായ ആശയവിനിമയത്തിന് അനുതാപം കൂടിയേതീരൂ. കഴിഞ്ഞ ദശകങ്ങളിൽ ധാരാളം പഠനങ്ങൾ നടക്കുന്ന മേഖലയായി ഇത് പരിണമിച്ചിട്ടുണ്ട്. അപമാനീകരണം രോഗികളിലും പ്രധാന പരിചാരകരിലുമാണ് ഉണ്ടാകുന്നതെങ്കിലും ആരോഗ്യപ്രവർത്തകരിലും (ഡോക്ടർ, നഴ്സ്, ടെക്നൊളജിസ്റ്റ്, പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റുകൾ) പ്രതികൂല സമ്മർദ്ദങ്ങൾ കാണപ്പെടാനിടയുണ്ട്.

അനുതാപം എങ്ങനെ വേണം?

ആരോഗ്യ പ്രവർത്തന മേഖലയിൽ അനുതാപത്തിന്റെ ഉള്ളടക്കം എന്തെന്ന് കണ്ടെത്താൻ ശ്രമം നടത്തിയവരാണ് മെർസെർ, റെയ്നോൾഡ്സ് (Mercer and Reynolds) എന്നീ ഗവേഷകർ.
രോഗികളുടെ വികാരം, മാനസിക സംഘർഷങ്ങളും ബോധ്യങ്ങളും, അനുബന്ധ ആശങ്കകളും അവസ്ഥകളും തുടങ്ങിയവ മനസ്സിലാക്കി അവരോട് ആശയവിനിമയം ചെയ്യുകയാണ് പ്രാഥമിക ഘട്ടം. അവർക്ക് അതെല്ലാം മനസ്സിലാക്കിയെന്നുറപ്പാക്കുകയും അതനുസരിച്ചുള്ള പ്രവർത്തനം നടപ്പിലാക്കലും അടുത്തഘട്ടത്തിൽ വേണ്ടതാണ്. രോഗനിർണയത്തിൽ കൃത്യത, പരിചരണത്തിൽ സംതൃപ്തി, എന്നിവ അടിസ്ഥാന ഗുണമേന്മകളായി പരിഗണിക്കപ്പെടും. രോഗിയിലും ബന്ധുക്കളിലും ഉണ്ടാകുന്ന മാനസിക സംഘർഷത്തിൽ അയവുണ്ടാകാനും ഈ നടപടികൾ സഹായിക്കും. ഇതും അനുതാപത്തിന്റെ ഭൂമികയിൽ ഉൾപ്പെടുന്നു. അതിനാൽ, വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ഭാഗമായി അനുതാപം കൂടി ഉൾപ്പെടുത്തേണ്ടതാണെന്ന് പല യൂണിവേഴ്സിറ്റികളും കരുതുന്നു.

അനുതാപമുള്ള ആരോഗ്യപ്രവർത്തകർ സമൂഹത്തിനു മുതൽക്കൂട്ടാണെന്ന് പറയാം. എങ്കിലും പാഠ്യവിഷയമാക്കപ്പെട്ട അനുതാപം എത്രകണ്ട് ഫലപ്രദമാണെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

അനുതാപമുള്ള ആരോഗ്യപ്രവർത്തകർ സമൂഹത്തിനു മുതൽക്കൂട്ടാണെന്ന് പറയാം. എങ്കിലും പാഠ്യവിഷയമാക്കപ്പെട്ട അനുതാപം എത്രകണ്ട് ഫലപ്രദമാണെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. മെഡിക്കൽ വിദ്യാർത്ഥികൾക്ക് അനുതപിക്കാനുള്ള കഴിവ് കുറഞ്ഞുവരുന്നതായും, മുതിർന്ന ഡോക്ടർമാരുടെ അനുതാപ പ്രവർത്തനത്തിൽ പരിക്ഷീണത സംഭവിക്കുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ അടുത്തകാലത്തായി പുറത്തുവന്ന ചില പഠനങ്ങളിൽ അനുതാപപ്രേരകമായ സൂചനകൾ വിദ്യാർത്ഥികളിൽ കണ്ടുവരുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. യു, ടാൻ (Yu & Tan, et al) എന്നീ ഗവേഷകർ ഇതാണ് അന്വേഷണ വിധേയമാക്കുന്നത്.

യുവും ടാനും നടത്തിയ പഠനങ്ങളെ ഇങ്ങനെ ചുരുക്കാം. അനുതാപം രണ്ടു രീതിയിൽ പ്രകാശിപ്പിക്കപ്പെടും; വ്യക്തിഗതമായ സ്വഭാവ രീതികളുമായി അത് ചേർന്നുനിൽക്കുന്നു. ഓരോ വ്യക്തിക്കും മറ്റുള്ളവരുടെ പ്രശ്നങ്ങൾ, മനസികാനുഭവങ്ങൾ എന്നിവ കണ്ടെത്താനും മനസ്സിലാക്കാനും പ്രതികരിക്കാനുമുള്ള കഴിവുകൾ ഭിന്നമായിരിക്കുമെല്ലോ. അതയാളുടെ സ്വഭാവവിശേഷമായി (trait) പരിഗണിക്കാം. എന്നാൽ വ്യക്തിബാഹ്യമായ അനേകം ഘടകങ്ങളും മറ്റുള്ളവരോട് നാം സ്വീകരിക്കുന്ന നിലപാടുകളെ സ്വാധീനിക്കും. നമുക്ക് പ്രതികരിക്കേണ്ടിവരുന്ന വിഷയം, അതിലേയ്ക്ക് നയിച്ച പ്രത്യേക സാഹചര്യങ്ങൾ, സമയം, തുടങ്ങി അനവധി കാര്യങ്ങളപ്പോൾ നമ്മുടെ ചിന്തയിൽ ഉണ്ടാകും. ഇതെല്ലം വ്യക്തിബാഹ്യമാണെന്നതും സാഹചര്യങ്ങളോട് കൂടുതൽ ചേർന്നുനിൽക്കുന്നതും ആയതിനാൽ അവസ്ഥയുമായി (state) ബന്ധപ്പെട്ടാണ് ഇതിനെ പരിഗണിക്കുക. അതിനാൽ അനുതാപം എന്ന പെരുമാറ്റ രീതിയിൽ രണ്ടു ഘടകങ്ങളും അടങ്ങിയിരിക്കും. എന്തെന്ത് അനുപാതത്തിലാണ് ഇവയുള്ളതെന്ന് കൃത്യമായി പ്രവചിക്കാൻ ആയിക്കൊള്ളണമെന്നില്ല. അനുതാപപഠനം അക്കാദമിക് പരിശീലനമായി മാറ്റണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്. തങ്ങളുടെ ജീവിതാനുഭവങ്ങൾ പെരുമാറ്റ രീതികളെ സ്വാധീനിച്ചിട്ടുള്ളതായി പുതുതായി പ്രാക്ടീസ് ആരംഭിക്കുന്ന ഡോക്ടർമാർ, നഴ്സ്മാർ തുടങ്ങിയ ആരോഗ്യപ്രവർത്തകർ കരുതുന്നു. രോഗികളെ സ്പർശിക്കേണ്ടി വരുമ്പോൾ അനുതാപം വർധിക്കുന്നതായും അവർ പറയുന്നു. രോഗികളുടെ അനുഭവങ്ങളെ ശരിതെറ്റുകൾക്കതീതമായി മനസ്സിലാക്കാൻ ശ്രമിക്കുന്നത് അനുതാപ സാഫല്യത്തിന് ഉത്തമമാണ്. എന്തായാലും അക്കാദമിക് പരിശീലനത്തിലൂടെ രോഗികളെയും അവരുടെ പ്രശ്നങ്ങളെയും കൂടുതൽ അനുതാപത്തോടെ പരിഗണിക്കാൻ സാധ്യതയേറും. അനുതാപ വിജ്ഞാനീയം (empathetics) എന്ന പഠനശാഖ വികസിക്കുമ്പോൾ അപമാനീകരണത്തിന്റെ സൂചനകൾ കണ്ടെത്താനും ശ്രദ്ധാപൂർവ്വം പ്രതികരിക്കാനും കഴിയുമെന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്.

അടുത്തകാലത്തായി പുറത്തുവന്ന ചില പഠനങ്ങളിൽ അനുതാപപ്രേരകമായ സൂചനകൾ വിദ്യാർത്ഥികളിൽ കണ്ടുവരുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.
അടുത്തകാലത്തായി പുറത്തുവന്ന ചില പഠനങ്ങളിൽ അനുതാപപ്രേരകമായ സൂചനകൾ വിദ്യാർത്ഥികളിൽ കണ്ടുവരുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

രണ്ടുപേർ തമ്മിൽ അനുതാപപൂർവം ആശയവിനിമയം നടത്തുമ്പോൾ ഭാഷ മാത്രമല്ല പ്രയോഗത്തിൽ വരിക. നാം അനുഭവങ്ങൾ പങ്കിടുന്നതും വികാരങ്ങൾ പരസപരം അറിയിക്കുന്നതും ഭാഷയ്ക്ക് പുറത്തുള്ള സങ്കേതങ്ങൾ ഉപയോഗിച്ചാണ്. പൊതുവെ അവയ്ക്ക് ആംഗികവിനിമയം (non-verbal communication) എന്ന് പറയാം. ഭാഷയിലൂടെ പറയുന്നതിലധികം ആശയങ്ങൾ ഇപ്രകാരം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മെഡ്‌സ്‌കേപ്പ് (Medscape) എന്ന ഓൺലൈൻ വൈദ്യശാസ്ത്ര മാധ്യമം 700 പേരെ ഉൾപ്പെടുത്തി ഒരു സർവേ നടത്തുകയുണ്ടായി. കാൻസർ റിസ്‌ക്കുകളെക്കുറിച്ചു രോഗികളുമായി ആശയവിനിമയം ചെയ്യാറുണ്ടോ എന്നൊരു ചോദ്യമുണ്ടായിരുന്നു. ഡോക്ടർമാരിൽ 70% പേരും അഭിപ്രായപ്പെട്ടത് അവർ ഫലപ്രദമായ ചർച്ചയ്ക്ക് സമയം കണ്ടെത്തുന്നു എന്നായിരുന്നു. എന്നാൽ 30% രോഗികൾ മാത്രമാണ് അതോർത്തെടുത്തത്. ഡോക്ടർമാരുടെയും രോഗികളുടെയും മനസ്സിലാക്കലുകളിൽ ഉണ്ടാകുന്ന വിടവ് വ്യക്തമാണ്. കുറെ രോഗികളെങ്കിലും പിന്നീട് കാൻസർ ബാധിതരാകാറുണ്ടല്ലോ. മെച്ചപ്പെട്ട ആശയവിനിമയം നേരത്തെ രോഗം കണ്ടെത്താനും ചികിൽസിക്കാനും ഇടവരുത്തും എന്നോർക്കുമ്പോൾ ഇതെത്ര പ്രധാനമെന്ന് ചിന്തിക്കാവുന്നതേയുള്ളു.

പ്രായോഗികതലത്തിൽ അനുതാപത്തിന് ഏറെ നല്ല ഗുണങ്ങളുണ്ട്. ഡോക്ടർക്കും രോഗിക്കും പരസ്പരം മനസ്സിലാക്കാനും സഹകരിക്കാനുമാകുന്നുവെന്നത് പ്രധാനമാണ്. വൈദ്യശാസ്ത്രവും ചികിത്സയും അതിസാങ്കേതികമാകുന്ന ഇക്കാലത്ത് രോഗികൾ കടന്നുപോകാനിടയുള്ള മെഡിക്കൽ പ്രൊസീജ്യറെല്ലാം (procedures) മാനസികമായി ഉൾക്കൊള്ളാൻ രോഗിക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും അവസരമുണ്ടാകും. ശരീരത്തിൽ നടത്തുന്ന പരിശോധനകളെക്കുറിച്ചു ധാരണയുണ്ടായാൽ അതവർക്ക് തങ്ങളുടെ ശരീരത്തിനുമേൽ നിയന്ത്രണബോധം (sense of control) തോന്നും. ആരോഗ്യസംവിധാനവും രോഗിയും പരസ്പര പങ്കാളിത്തം ഉറപ്പിക്കുക വഴി ഇതരവത്കരണത്തിന്റെ സാധ്യത പരിമിതപ്പെടുത്താനുമാകും. അപമാനീകരണത്തിന്റെ വഴികൾ അടക്കുന്ന മാർഗമായി ഇതിനെക്കാണാം.

ഹെലൻ റീസ്
ഹെലൻ റീസ്

ഹെലൻ റീസ് (Helen Riess) ‘എംപതി ഇഫ്ഫെക്ട്’ (Empathy Effect) എന്ന പുസ്തകത്തിൽ അനുതാപത്തിലൂന്നിയ ബന്ധം സ്ഥാപിക്കുന്നതെങ്ങനെ എന്ന വിഷയം പരിഗണിക്കുന്നു. അനുതാപം പ്രാവർത്തികമാക്കാൻ സഹായിക്കുന്ന ഒരു കൈപ്പുസ്തകമാണിത്. അതിപ്രകാരം ചുരുക്കിപ്പറയാം:

  • രോഗികളോട് പറയാനുള്ളത് കണ്ണിൽ നോക്കി മെല്ലെ പറയുക. തങ്ങൾ പറയുന്ന കാര്യങ്ങൾക്കൊപ്പം രോഗിക്ക് നീങ്ങാനാകുന്നുണ്ടോ എന്ന വസ്തുത മനസ്സിലാക്കാനിത് സഹായിക്കും. രോഗിയുടെ ആശങ്കകളും ഉത്കണ്ഠയും അവരുടെ മുഖത്തിൽ നിന്ന് വായിക്കാനും സാധിക്കും.

  • മുഖഭാവങ്ങൾ ശ്രദ്ധിക്കുക. ഡാർവിൻ മുതൽ പല ഗവേഷകരും മനുഷ്യരിൽ വികാരങ്ങളുടെ മുഖാവിഷ്കാരത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. അതിനർത്ഥം വികാരങ്ങളെയും അനുഭവങ്ങളെയും നമ്മുടെ മുഖഭാവങ്ങളിൽ ആവിഷ്കരിക്കുന്നതിന് പരിണാമപരമായ കാരണങ്ങൾ കൂടിയുണ്ട്. മറ്റൊരാളുടെ മുഖഭാവങ്ങൾ മനസ്സിലാക്കി പ്രതികരിക്കാനും ഒരുപക്ഷെ, ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്താനും നമുക്കറിയാം. പരിണാമം മാത്രമല്ല, സാമൂഹിക സ്വഭാവവത്കരണം (social conditioning) എന്ന രീതികൂടി മുഖാവിഷ്കാരങ്ങളെ സ്വാധീനിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു. ചില വികാരങ്ങൾ മുഖത്തിലൂടെ പ്രകാശിപ്പിക്കാറുണ്ട്; അവ ലോകമെമ്പാടും ഏറെക്കുറെ ഒരേരീതിയിൽ വായിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ സാംസ്കാരിക പശ്ചാത്തലം, ജീവിതരീതി എന്നിവയെ ആശ്രയിച്ചു വ്യത്യാസപ്പെടാം. ചില മുഖഭാവങ്ങൾ പാശ്ചാത്യരും പൗരസ്ത്യരും ഭിന്നമായ രീതിയിലാണ് വായിച്ചെടുക്കുന്നത്; വ്യത്യസ്ത മുഖമേഖലകൾ അവർ വായിക്കാൻ ശ്രമിക്കുന്നു. മുഖഭാവപഠനം സങ്കീർണമായ വിഷയമായി മാറാൻ കാരണമായി. വികാരങ്ങളും മുഖഭാവങ്ങളും മസ്തിഷ്കത്തിലെ വയറിങ് (wiring) സംവിധാനത്തിന്റെ ഭാഗമാണെന്ന് ഇന്ന് മനസ്സിലാക്കപ്പെടുന്നു. അനുതാപം (empathy) സൃഷ്ടിക്കാനും അനുകൂലാവസ്ഥയിലുള്ളവരിൽ യോജിപ്പുളവാക്കാനും കഴിയുന്നതിനാൽ ആരോഗ്യ സംവിധാനത്തിൽ ഇതിനു പ്രത്യേക സ്ഥാനമുണ്ട്.

  • ശരീരത്തിന്റെ അംഗവിന്യാസരീതി (body posture) ആശയവിനിമയത്തെ സ്വാധീനിക്കും. രോഗികളുമായി സംസാരിക്കുമ്പോൾ ഡോക്ടർമാർ, നഴ്സ്മാർ എന്നീ ആരോഗ്യപ്രവർത്തകർ സ്വീകരിക്കുന്ന അംഗവിന്യാസരീതി ആശയവിനിമയത്തിന്റെ പ്രാരംഭതടസ്സങ്ങൾ തരണം ചെയ്യാനുതകും. രോഗിയുടെ / ബന്ധുവിന്റെ ശരീരഭാഷയുമായി പൊരുത്തപ്പെടുത്തുക, അല്പം മുന്നോട്ട് ചരിയുക, കണ്ണുകൾ ഒരേ ലെവലിൽ നിർത്തുക തുടങ്ങിയ കാര്യങ്ങൾ അനുവർത്തിക്കുന്നത് ഫലപ്രദമായിക്കാണുന്നു. അശ്രദ്ധമായിരിക്കുന്നതും താൽപര്യക്കുറവ് കാട്ടുന്നതും പെട്ടെന്നുതന്നെ മനസ്സിലാക്കാൻ നമുക്ക് കഴിയുമെന്നും ഓർക്കേണ്ടതുണ്ട്.

  • ശബ്ദത്തിന്റെ സ്വരഭേദങ്ങൾ (tone) ആശയവിനിമയത്തിൽ പ്രധാനമാണ്. നാം പറയാനുദ്ദേശിക്കുന്ന കാര്യങ്ങൾ ഏറ്റവും ഉചിതമായി പറയാനുള്ള സ്വര, താള ക്രമം അനിവാര്യമാണെല്ലോ. അതുപോലെ രോഗിക്കും ബന്ധുവിനും ചോദിക്കാനുള്ള കാര്യങ്ങൾ ആവർത്തിച്ച് ചോദിക്കാനും അവയെക്കുറിച്ചു ആവശ്യമുള്ളപക്ഷം കൂടുതൽ ചർച്ചകൾക്ക് ഇടം നൽകുന്നതും അനുതാപം ഉറപ്പിക്കാൻ സഹായിക്കും. രോഗികളുടെ / ബന്ധുക്കളുടെ ചെറിയ ചോദ്യങ്ങൾ പോലും ഗൗരവമായി പരിഗണിച്ച് ഉത്തരം കണ്ടെത്തേണ്ടത് അവരുടെ അവകാശം കൂടിയാണ്.

ക്രമേണ വികസിച്ചുവന്ന വൈദ്യ നൈതികതയുടെ വിപുലമായ സഞ്ചയമുണ്ട് വൈദ്യശാസ്ത്രത്തിനിന്ന്. അപമാനീകരണ പ്രവണതകളെ മനസ്സിലാക്കാനും അതിനെതിരെ പ്രതിരോധം സൃഷ്ടിക്കാനും സഹായിക്കുന്ന ആശയങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ധാരാളം പഠനങ്ങളും നടക്കുന്ന മേഖലയായതിനാൽ ശ്രദ്ധേയമായ അനേകം അറിവുകൾ പുതുതായി കടന്നുവരുന്നുമുണ്ട്. അപമാനാനുഭവങ്ങൾക്ക് കാരണമായ ഘടകങ്ങൾ വ്യതിരിക്തമായിരിക്കും; നമ്മുടെ ജീവിത പശ്ചാത്തലവുമായി ബന്ധപ്പെട്ടുമിരിക്കും. സമൂഹത്തിന്റെ പൊതുനീതിബോധം, മറ്റുള്ളവരോടുള്ള നമ്മുടെ സമീപനം എന്നിവയുടെ അടിസ്ഥാനത്തിലാവും നാം പ്രശ്നങ്ങളെ കാണാൻ ശ്രമിക്കുന്നതുപോലും. സാർവത്രികമായ പെരുമാറ്റച്ചട്ടങ്ങളോ പ്രോട്ടോക്കോളുകളോ പിന്തുടരാനാകാത്തത്തിന് പിന്നിലും ഇതൊക്കെത്തന്നെയാവും കാരണം. എങ്കിലും മുൻവിധി (prejudice), പക്ഷപാത പ്രവണത (bias), അനാദരവ് (disrespect), പരിഷ്ക്കാരത്തിലും ലോകപരിജ്ഞാനത്തിലും ഉള്ള വിടവ് എന്നിവയും അപമാനീകരണത്തിനു പിന്നിൽ പ്രവർത്തിക്കും. ആധുനിക വൈദ്യശാസ്ത്രത്തിലെ പുതിയ ഇടങ്ങളിൽ ഇതെല്ലാം പ്രശ്നവത്കരിക്കപ്പെടാൻ സാധ്യതയേറും. ഉദാഹരണത്തിന്, അപമൃത്യുവും പോസ്റ്റ്-മോർട്ടവും, മസ്തിഷ്കമരണവും അവയവദാനവും, മരണശേഷമുള്ള ശരീരദാനം, സാന്ത്വന ചികിത്സയും (palliative care) വെന്റിലേറ്റർ നിരസിക്കലും (പിൻവലിക്കൽ), ഗർഭമവസാനിപ്പിക്കൽ, ഭ്രൂണചികിത്സ, എന്നീ മേഖലകളിൽ ഡോക്ടർമാരും രോഗികളും (ബന്ധുക്കളും) തമ്മിൽ ആശയവിനിമയം ഏതുഘട്ടത്തിൽ പൂർണമാകുമെന്ന് പറയാനാവില്ല. മസ്തിഷ്ക മരണത്തെ ചുറ്റിപ്പറ്റി പ്രചരിക്കുന്ന കഥകൾ അപസർപ്പക നോവലുകളെ വെല്ലുന്നതാണ്. വൈദ്യശാസ്ത്ര പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങളിലും മീഡിയയിലും സിനിമയിലും സാഹിത്യത്തിലും നിറയുന്ന ആശയക്കുഴപ്പം ഇതിന്റെ പ്രതിഫലനമാണെന്ന് തോന്നുന്നു. വ്യക്തികൾ അനുഭവിക്കുന്ന അപമാനബോധം (യാഥാർത്ഥമാണെങ്കിലും അല്ലെങ്കിലും) സാമൂഹികവത്കരിക്കുമ്പോൾ സംഭവിക്കുന്നതവാമത്.

വേണം, പൗരാവകാശരേഖ

ചികിത്സാസംവിധാനത്തിനുള്ളിൽ ഡോക്ടർമാർക്ക് (ഒപ്പമുള്ളവർക്കും) രോഗികളുടെ മേൽ വ്യക്തമായ അധികാരമുണ്ട്. അവരുടെ തൊഴിൽ നൽകുന്ന പ്രിവിലെജ് അത്തരം ബന്ധങ്ങൾ സ്ഥാപിക്കുവാൻ സഹായിക്കുന്നു. ഡോക്ടർമാർ രോഗികളിൽ നിന്ന് വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുകയും പരിശോധനകൾ നടത്തുകയും രോഗമെന്തെന്ന് നിശ്ചയിക്കുകയും ചെയ്യും. ഇത് കുറെ സമയമെടുക്കുന്ന പ്രവർത്തനമാണെന്ന് പറയേണ്ടതില്ലല്ലോ. മണിക്കൂറുകളോ, ദിവസങ്ങളോ ആഴ്ചകളോ വേണ്ടിവരും നടപടിക്രമങ്ങൾ അവസാനിക്കാൻ; അതിനുശേഷമാണ് ചികിത്സ. ഈ സമയത്തിനുള്ളിൽ ഡോക്ടർമാർ അനേകം നിശ്ശബ്ദ തീരുമാനങ്ങൾ (silent decisions) കൈക്കൊള്ളേണ്ടിവരും. അതെല്ലാം രോഗികളോട് വിസ്തരിച്ചു പറഞ്ഞുകൊള്ളണമെന്നില്ല. അത്യാവശ്യമെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രം ഉചിതമായ രീതിയിൽ രോഗികളോട് പറയുകയാണ് സാധ്യമാകുക. പറയുന്നതിലധികം പറയാതെ പോകുന്നുവെന്ന തോന്നൽ രോഗികളിലുണ്ടാവാനിത് മതി. രോഗിയുടെ താല്പര്യങ്ങൾ, അവകാശങ്ങൾ, ജീവിതഗുണത എന്നിവ തങ്ങളറിയാതെ ഡോക്ടറിലേയ്ക്ക് ചോർന്നുപോകുന്നുവെന്ന തോന്നൽ രോഗിക്കുണ്ടായാൽ തെറ്റുപറയാനുമാവില്ല.

ആധുനിക ചികിത്സാ സംവിധാനങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ചികിത്സിക്കണം എന്ന നിലപാടു പോലും ഡോക്ടർമാരിൽ നിക്ഷിപ്തമാകുന്ന അധികാരത്തെ നേർപ്പിക്കാൻ കണ്ടെത്തിയ മാർഗമാണ്.
ആധുനിക ചികിത്സാ സംവിധാനങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം ചികിത്സിക്കണം എന്ന നിലപാടു പോലും ഡോക്ടർമാരിൽ നിക്ഷിപ്തമാകുന്ന അധികാരത്തെ നേർപ്പിക്കാൻ കണ്ടെത്തിയ മാർഗമാണ്.

ആധുനിക ചികിത്സാ സംവിധാനങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ (evidence based practice), മാത്രം ചികിത്സിക്കണം എന്ന നിലപാടു പോലും ഡോക്ടർമാരിൽ നിക്ഷിപ്തമാകുന്ന അധികാരത്തെ നേർപ്പിക്കാൻ കണ്ടെത്തിയ മാർഗമാണ്. ക്ലിനിക്കൽ പ്രോട്ടോകോൾ, ലൈസൻസിങ്, നിയമസംവിധാനം, സ്ഥാപനങ്ങൾ നടപ്പാക്കുന്ന പെരുമാറ്റച്ചട്ടം എന്നിവ രോഗിയുടെ വശത്തുനിന്നും നോക്കിയാൽ നീതിയുക്തമാണ്; അതേകാര്യങ്ങൾ അധികാരം സ്ഥാപിക്കാനും ഉതകും. പ്രത്യേകിച്ചും സാമൂഹികമോ സാംസ്കാരികമോ ആയ കാര്യങ്ങളാൽ ദുർബലരായവർ ചികിത്സകരുടെ അധികാരത്തിന് പാത്രമാകാറുണ്ട്. തങ്ങളുടെ ശരീരത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ചികിത്സകരുടെ തീരുമാനങ്ങൾക്ക് വിടാമെന്ന ചിന്തയാണ് സാമൂഹിക ദൗർബല്യമനുഭവിക്കുന്നവർ കൈക്കൊള്ളുക. ഇത് അപൂർവ്വമായെങ്കിലും ഹിംസാത്മകമായ അധികാര (predatory power) കേന്ദ്രീകരണമായി കാണാം. ചികിത്സയിലെ നൈതികതയെ കുറിച്ചുള്ള ആധുനിക സംവാദങ്ങൾ സങ്കീർണമായ മെഡിക്കൽ പരിചരണത്തിൽ ഒളിഞ്ഞുകിടക്കുന്ന അധികാര കേന്ദ്രീകരണവുമായി ബന്ധപ്പെട്ടതാണ്.

ചുരുക്കിപ്പറയാം. മെഡിക്കൽ രംഗത്ത് നടക്കുന്ന അപമാനീകരണം (humiliation in medicine) പ്രതിരോധിക്കാനാകും. രോഗി കേന്ദ്രീകൃതമായ ചികിത്സയും ചികിത്സാസംസ്കാരവും സ്ഥാപിക്കുക എന്നതാണ് മുഖ്യം. അതോടൊപ്പം, അപമാനാനുഭവം റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും അവ പരിഹരിക്കുന്നതിനാവശ്യമായ ചട്ടക്കൂടുകൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുക. ആശുപത്രി, ആരോഗ്യകേന്ദ്രങ്ങൾ എന്നിവ പൗരാവകാശ രേഖ (citizen's charter) പ്രഖ്യാപിക്കുകയും അവ സാക്ഷാത്കരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഭരണപരമായ അംഗീകാരത്തോടെ നടപ്പാക്കുകയും ചെയ്യുക. മെഡിക്കൽ നൈതികത, അനുതാപം, ആശയവിനിമയ ശൈലി എന്നിവ കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യുകയും മാറ്റങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുക. ആരോഗ്യകേന്ദ്രങ്ങൾ ഉപയോഗിക്കുന്നവർ അതിന്റെ ഉടമസ്ഥതയിൽ (stakeholder) ധാർമികമായി പങ്കാളികളാണ്. അവരുടെ ശബ്ദം തുടച്ചുമാറ്റാനോ നിർജീവമാക്കാനോ ഉള്ള ശ്രമം തടയപ്പെടേണ്ടതുമാണ്.

Reference:

1.Nygaard, Ella - https://shameandmedicine.org/how-i-came-to-study-shame-and-humiliation-in-finnish-healthcare/

2.Lazare, Aaron – Shame and Humiliation in Medical Encounter: Arch Intern Med. 1987;147(9):1653-1658. doi:10.1001/archinte.1987.00370090129021

3.Tanoubi I, Cruz-Panesso L, Drolet P. The Patient, the Physician, or the Relationship: Who or What Is "Difficult", Exactly? an Approach for Managing Conflicts between Patients and Physicians. Int J Environ Res Public Health. 2021 Nov 27;18(23):12517. doi: 10.3390/ijerph182312517. PMID: 34886243; PMCID: PMC8656806.

4.Jaeb A Michael, Pecanac E Kristen: Shame in patient-health professional encounters: A scoping review: International Journal of Mental Health Nursing Early View - https://doi.org/10.1111/inm.13323

5.Thomas Sindhu, Rao Y Srinivasa: Institutionalisation of Western Medicine in Colonial Kerala – History Research Journal; Vol. 5, Issue 5, Sept-Oct 2019

6.Ezhuthu – monthly; book 5, iss 10 ; p.56, Aug 2020.

7.https://www.newindianexpress.com/states/kerala/2024/Mar/05/keralas-nooranad-leprosy-asylum-marks-historic-first-residents-enjoy-a-day-out-at-azheekal-beach

8.Krishna Manmohan, From Criminalization to Confinement: The Leprosy Sufferers of Colonial Bihar and Chotanagpur 1870 – 1940s: https://www.jstor.org/stable/44156298

9.Nandakumar. U, കോവിഡ്-19: ആരോഗ്യത്തിന്റെ വരും കാലങ്ങൾ - (കോവിഡ് - വ്യക്തി, സമൂഹം, രാഷ്ട്രീയം: എഡിറ്റർ, ഡോ. വി എൻ ജയചന്ദ്രൻ), 2020, SPCS.

10.YU, C.C., TAN, L., LE, M.K. et al. The development of empathy in the healthcare setting: a qualitative approach. BMC Med Educ 22, 245 (2022). https://doi.org/10.1186/s12909-022-03312-y

11.Riess Helen, Neporent Liz – The Empathy Effect; 2018

12.McCullough LB. Physicians' Professionally Responsible Power: A Core Concept of Clinical Ethics. J Med Philos. 2016 Feb;41(1):1-9. doi: 10.1093/jmp/jhv034. Epub 2015 Dec 14. PMID: 26671961; PMCID: PMC4882629.


Summary: How is our healthcare system works with doctor patient hospital relations. Dr U Nandakumar writes about how important documents in our health system.


ഡോ. യു. നന്ദകുമാർ

എഴുത്തുകാരൻ, പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നു. അണ്ണാമലൈ യൂണിവേഴ്​സിറ്റിയിലെ റിഹാബിലിറ്റേഷൻ മെഡിസിനിൽ പ്രൊഫസറായിരുന്നു.

Comments