വയോജനങ്ങളെ കേരളീയ സമൂഹം പരിഗണിക്കുന്നുണ്ടോ?

2021- ലെ പഠനം അനുസരിച്ച് കേരളത്തിലെ ജനസംഖ്യയിൽ 16.5 ശതമാനം വൃദ്ധജനങ്ങളാണ്. ഇവരുടെ ആരോഗ്യം, പൊതുസമൂഹം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കുന്നുണ്ടോ?

You are never too old to set another goal or to dream a new dream.
- Les Brown

പ്രായമാകൽ എന്നത് അനിവാര്യവും ജൈവശാസ്ത്രപരമായ സ്വാഭാവിക പ്രകൃതി നിയമമാണ്. കേരളത്തിലെ ആരോഗ്യ സേവനരംഗം അന്താരാഷ്ട്ര നിലവാരത്തിൽ മത്സരക്ഷമമാണ് എന്നതിൽ നമുക്ക് അഭിമാനിക്കാം. വയോജനങ്ങളുടെ ക്ഷേമവും ആരോഗ്യവും പരിപാലിക്കുന്നതിൽ നാം കുറെയൊക്കെ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും ഇനിയും കുറേ ചെയ്യാനുണ്ട്. 2021- ലെ പഠനമനുസരിച്ച് കേരളത്തിലെ ജനസംഖ്യയിൽ 16.5 ശതമാനം വൃദ്ധജനങ്ങളാണ്. ആരോഗ്യസേവനം മെച്ചമായ തമിഴ്നാട്ടിൽ അത് 13.6 ശതമാനവും ഹിമാചൽപ്രദേശിൽ 13.1 ശതമാനവുമാണ്​. ആരോഗ്യ രംഗത്ത് താഴെ കിടക്കുന്ന ബീഹാറിൽ 7.7 ശതമാനവും ഉത്തർപ്രദേശിൽ 8.1 ശതമാനവും ആസാമിൽ 8.2 ശതമാനവുമാണ്​.

മനുഷ്യജീവിതഘട്ടങ്ങളിൽ ഏറ്റവും അവസാനം വരുന്നതാണ് വാർധക്യം. ഈ കാലത്തിലെത്തിയവരെ സീനിയർ സിറ്റിസൺസ് എന്നൊരു നല്ല പേരിൽ  പൊതുവേ പറയാറുണ്ട്. ഈ പ്രായത്തിന്റെ പൊതുവേയുള്ള പ്രശ്നങ്ങൾ ശാരീരികവും മാനസികവും സാമൂഹികവും ആണ്. സാമൂഹിക പശ്ചാത്തലത്തിൽ വീക്ഷിക്കുമ്പോൾ  മുതിർന്ന പൗരന്മാർ  മൂന്നു വിഭാഗത്തിൽ പെടും.  

ഒന്ന്; സമൂഹവുമായി ഒത്തുപോകുന്നവർ. 
രണ്ട്​; സമൂഹവുമായി ഒത്തുപോകാതെ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ.
മൂന്ന്​; തനിക്കും കുടുംബത്തിനും സമൂഹത്തിനും ചുറ്റുമുള്ളവർക്കും മികച്ച സേവനം ചെയ്യുന്നവർ.   ഇവരുടെ വൈദഗ്ദ്ധ്യവും പരിചയവും സമൂഹത്തിനും മറ്റുള്ളവർക്കുമായി അർപ്പിക്കുന്നു. സമൂഹത്തിന് എല്ലാ വിധത്തിലും നേതൃത്വം കൊടുക്കുന്ന അമൂല്യമായ വിഭാഗമാണിവർ.

പ്രായമേറുമ്പോഴുള്ള ക്ഷീണവും പ്രവർത്തനശേഷിക്കുറവും മൂലമാണ്​ ജോലിയിൽ നിന്ന് വിരമിക്കലും ബന്ധപ്പെട്ട ആനുകൂല്യങ്ങളും സമൂഹം മുതിർന്ന പൗരർക്ക്​ നൽകിപ്പോരുന്നത്. / Photo: K.R Sunil
പ്രായമേറുമ്പോഴുള്ള ക്ഷീണവും പ്രവർത്തനശേഷിക്കുറവും മൂലമാണ്​ ജോലിയിൽ നിന്ന് വിരമിക്കലും ബന്ധപ്പെട്ട ആനുകൂല്യങ്ങളും സമൂഹം മുതിർന്ന പൗരർക്ക്​ നൽകിപ്പോരുന്നത്. / Photo: K.R Sunil

വികസിത രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ട മുതിർന്ന പൗരന്മാരുടെ പ്രായം 65- നുമുകളിലാണ്. എന്നാൽ, ഏഷ്യൻ വംശജരിൽ പലപ്പോഴും ഇത് അറുപതായി പരിഗണിക്കാറുണ്ട്. എന്നാൽ നാം വർഷം തോറും എണ്ണുന്ന വയസ് അല്ലല്ലോ പ്രായം. അതനുസരിച്ച് കേവലം 45 വയസ്സിൽ പടു വൃദ്ധരാവുന്നവരുണ്ട്. നൂറു വയസ്സ് കഴിഞ്ഞാലും സൃഷ്​ട്യുന്മരായി സന്തോഷപൂർവ്വം ജീവിതം നയിച്ച് തനിക്കും ചുറ്റുമുള്ളവർക്കും പ്രകാശം  പരത്തി ജീവിതം ആഘോഷിക്കുന്നവരുമുണ്ട്. 

ഓർമ- ബൗദ്ധിക രംഗങ്ങളിൽ സംഭവിക്കുന്ന അപചയം ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാം.  ചിലർക്ക് ലഘുവായ ഓർമ്മപ്പിശക് മാത്രമേ ഉണ്ടാവുകയുള്ളൂ. മസ്തിഷ്ക പ്രവർത്തനത്തിന്​ വേഗം കുറയും. 

കേരളത്തിലെ 60 വയസ്സ് കഴിഞ്ഞവരുടെ ജനസംഖ്യ 42 ലക്ഷം ആണ്. ഈ പ്രായത്തിൽ പൊതുവേയുള്ള പ്രശ്നങ്ങൾ എന്താണെന്ന്​ നോക്കാം. ഒന്നാമതായി, സ്വാഭാവികമായ ശാരീരിക അവശത.  പ്രായമായവർ​ ‘മനസ്സെത്തുന്ന ഇടത്ത് ശരീരം എത്തുന്നില്ല’ എന്ന് പരാതി പറയാറുണ്ട്. കാഴ്ച, കേൾവി, സ്പർശനം, സ്വാദ്, ബുദ്ധികൂർമ്മത, ഓർമ്മശക്തി, പേശികളുടെ പ്രവർത്തനശേഷി തുടങ്ങിയവ കുറയുന്നതിനാലാണ്​ ഇപ്രകാരം സംഭവിക്കുന്നത്. പ്രായമേറുമ്പോഴുള്ള ക്ഷീണവും പ്രവർത്തനശേഷിക്കുറവും മൂലമാണ്​ ജോലിയിൽ നിന്ന് വിരമിക്കലും ബന്ധപ്പെട്ട ആനുകൂല്യങ്ങളും സമൂഹം മുതിർന്ന പൗരർക്ക്​ നൽകിപ്പോരുന്നത്. 

വാർദ്ധക്യം ക്ഷയകാലമാണ്, ചെറുപ്പത്തെപ്പോലെ അഭിവൃദ്ധിയും വളർച്ചയും പ്രതീക്ഷിക്കാവുന്ന കാലമല്ല. അതനുസരിച്ച് ചയാപചയക്ഷയങ്ങൾ (Metabolic Decline), ചില വാർദ്ധക്യകാല രോഗങ്ങൾ വരാൻ സാധ്യതയുണ്ട്​. ഉദാഹരണമായി സന്ധി രോഗങ്ങൾ, ഹൃദയരക്തക്കുഴൽ രോഗങ്ങൾ, അസ്ഥി രോഗങ്ങൾ, തിമിരം, മറ്റ് നേത്ര രോഗങ്ങൾ, പ്രമേഹം, രക്തസമ്മർദ്ദം കൊളസ്ട്രോൾ തുടങ്ങിയ ചയാപചയരോഗങ്ങൾ കൂടുതലാകാം.

Photo: K.R. Sunil
Photo: K.R. Sunil

ഓർമ- ബൗദ്ധിക രംഗങ്ങളിൽ സംഭവിക്കുന്ന അപചയം ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാം. ചിലർക്ക് ലഘുവായ ഓർമ്മപ്പിശക് മാത്രമേ ഉണ്ടാവുകയുള്ളൂ. മസ്തിഷ്ക പ്രവർത്തനത്തിന്​ വേഗം കുറയും. പൊതുവേയുള്ള മസ്തിഷ്ക പ്രവർത്തനത്തിലെ അപചയമാണിത് കാണിക്കുന്നത്. എന്നാൽ പ്രായത്തിനനുസരിച്ചുള്ള  സ്വാഭാവിക മാറ്റങ്ങൾ  ജ്ഞാനാത്മക (cognitive)  അപചയമോ ഏതെങ്കിലും തരത്തിലുള്ള മേധാക്ഷയമോ അല്ല. പല പ്രായമായവരും അവരുടെ ജ്ഞാനാത്മക കഴിവുകൾക്ക് പോറലേൽക്കാതെ സംതൃപ്തമായ ബൗദ്ധിക ജീവിതം തുടരുന്നുണ്ട്.

മുതിർന്ന പൗരരുടെ ആരോഗ്യ സംരക്ഷണവും ക്ഷേമവും സമൂഹത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമാണ്. പ്രത്യേക പരിഗണന അവർ എന്തുകൊണ്ടും അർഹിക്കുന്നു.

പ്രായമായവരുടെ സാമൂഹ്യാന്തരീക്ഷവും ജീവിതശൈലിയും അവരുടെ ജീവിതാന്തരീക്ഷത്തെയും വ്യക്തിപരവും സാമൂഹ്യപരവുമായ ബന്ധങ്ങളെയും സ്വാധീനിക്കാറുണ്ട്. ജോലിയിൽനിന്ന് വിരമിക്കലും തുടർന്ന് സാർത്ഥകമായി ഒന്നും ചെയ്യാനില്ല എന്ന തോന്നലും പതിവായി ജോലി ചെയ്തിരുന്നവരെ  പ്രയാസപ്പെടുത്താറുണ്ട്. ഔദ്യോഗികമായി അവർ പരിമിതപ്പെട്ടു എന്ന തോന്നൽ പ്രശ്നം സൃഷ്ടിക്കുന്നു. ആത്മവിശ്വാസം കുറയ്ക്കുന്നു. ദൈനംദിന ജീവിതത്തിൽ മാറ്റങ്ങളുണ്ടാകുന്നു, സാമൂഹ്യബന്ധങ്ങളിൽ വ്യത്യാസം വരുന്നു. ഇതെല്ലാം ഗൗരവതരമായ നഷ്ടബോധത്തിലേക്കും വിഷാദത്തിലേക്കും പലപ്പോഴും വിഷാദരോഗത്തിലേക്കും നയിക്കാം. ഇതിന്​ ഊർജം പകരുന്ന ജീവിതാനുഭവങ്ങൾ മുതിർന്ന പൗരർക്കായി കാലം ഒരുക്കുന്നുണ്ട്.  അവയിൽ പ്രധാനമാണ്​, പലവിധം ഏകാന്തതകൾ. ചെയ്തുപോയ തെറ്റുകളിലും വീഴ്ചകളിലും അനാവശ്യമായി അഭിരമിക്കൽ, സ്നേഹസമ്പന്നരുടെ നഷ്ടം, അവർ സ്നേഹം തരാതിരിക്കൽ തുടങ്ങിയവ ഏകാന്തതയുടെ ആഴം കൂട്ടും.

മുതിർന്ന പൗരരുടെ ആരോഗ്യ സംരക്ഷണവും ക്ഷേമവും സമൂഹത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമാണ്. പ്രത്യേക പരിഗണന അവർ എന്തുകൊണ്ടും അർഹിക്കുന്നു. പതിവായ ചെക്കപ്പ്​, സ്കാൻ ചെയ്യൽ, പഴയകാല രോഗങ്ങൾക്കുള്ള നിയന്ത്രണം, മാനസികാരോഗ്യം നിലനിർത്തൽ, വൈകാരിക പ്രശ്നങ്ങൾ പരിഹരിക്കൽ എന്നിവ പ്രധാനമാണ്. മാനസികാരോഗ്യത്തിൽ ഉൽക്കണ്ഠ, വിഷാദരോഗം എന്നിവയും മനസ്സിലാക്കി നിയന്ത്രിക്കേണ്ടതാണ്.

മുതിർന്ന പൗരരുടെ ആരോഗ്യ സംരക്ഷണവും ക്ഷേമവും സമൂഹത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമാണ്. പ്രത്യേക പരിഗണന അവർ എന്തുകൊണ്ടും അർഹിക്കുന്നു / Photo: Unsplash
മുതിർന്ന പൗരരുടെ ആരോഗ്യ സംരക്ഷണവും ക്ഷേമവും സമൂഹത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്തമാണ്. പ്രത്യേക പരിഗണന അവർ എന്തുകൊണ്ടും അർഹിക്കുന്നു / Photo: Unsplash

ഈ വെല്ലുവിളികളുണ്ടെങ്കിലും എ​ത്രയോ മുതിർന്നവർ ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നുണ്ട്. പൊതുജനാരോഗ്യ സംരക്ഷണരംഗം മുന്നോട്ടു കുതിക്കുന്നതോടെ സമൂഹത്തിന്റെ പിന്തുണയും ഇവർക്കുകിട്ടും. ഇപ്രകാരം തൃപ്തികരമായ ജീവിതഗുണം നിലനിർത്താനും ജീവിതത്തിന്റെ സായന്തനങ്ങളിൽ  സന്തോഷകരമായി കഴിയാനും സാധിക്കും. ലോകമെങ്ങുമുള്ള പല സമൂഹങ്ങളും പ്രായമായവരോടുള്ള പ്രതിബദ്ധതയും കടപ്പാടും പരിഗണിക്കുന്നവരാണ്. പൊതുജീവിതത്തിൽ പ്രായമായവർക്ക് അർഹമായ സ്ഥാനം നൽകേണ്ടതും അവരെ പരിഗണിക്കേണ്ടതും ആവശ്യമാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.

പ്രായമാക്കൽ  പ്രകൃതിയുടെ അനിവാര്യ നിയമമാണ്.   അതിനാലത് ആരോഗ്യകരമായി ഇരിക്കണം. ആരോഗ്യ സംരക്ഷണത്തിന് പ്രായം പരിഗണിച്ചിട്ടുള്ള നയങ്ങളും പരിപാടികളും ഉണ്ടായിരിക്കണം.

ലോകാരോഗ്യ സംഘടന മുതിർന്ന പൗരരുടെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പൂർണമായി ഉൾക്കൊള്ളുന്നുണ്ട്. സംഘടന ഊന്നി പറയുന്ന കാര്യങ്ങൾ ഇവയാണ്:

ആരോഗ്യകരമായി പ്രായമാവുക: പ്രായമാക്കൽ  പ്രകൃതിയുടെ അനിവാര്യ നിയമമാണ്.   അതിനാലത് ആരോഗ്യകരമായി ഇരിക്കണം. ആരോഗ്യ സംരക്ഷണത്തിന് പ്രായം പരിഗണിച്ചിട്ടുള്ള നയങ്ങളും പരിപാടികളും ഉണ്ടായിരിക്കണം. വൃദ്ധസൗഹൃദമായ നഗരങ്ങൾ, നല്ല നിലവാരത്തിലുള്ള വൃദ്ധസദനങ്ങൾ, നീണ്ടകാല പരിചരണത്തിനുള്ള സംവിധാനങ്ങൾ, അതിനാവശ്യമായ ജീവിതശൈലീ മാറ്റങ്ങൾ എന്നിവ ആവശ്യമാണ്.  

പകരാത്ത രോഗങ്ങൾ, ചയാപചയരോഗങ്ങൾ, ഹൃദയ രക്തക്കുഴൽ രോഗങ്ങൾ,  അർബുദങ്ങൾ, നീണ്ടകാല രോഗങ്ങൾ, പ്രമേഹം തുടങ്ങിയവയാണ് വാർദ്ധക്യത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ. ഇതോടൊപ്പം പുകവലി, മദ്യപാനം എന്നിവയുടെ നിയന്ത്രണവും പ്രധാനമാണ്.  രോഗപ്രതിരോധം ലോകാരോഗ്യ സംഘടന ഊന്നിപ്പറയുന്ന ഒരു വിഷയമാണ്. മുതിർന്ന പൗരരിൽ പ്രതിരോധ നടപടികൾ എടുത്തിട്ടില്ലാത്ത രോഗങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തി അവ അതത് സമയം പൂർത്തീകരിക്കേണ്ടതാണ്. ഇൻഫ്ലുവന്‍സ വാക്സിൻ, ന്യൂമോകോക്കൽ വാക്സിൻ, അഞ്ചാംപനി വാക്സിന്‍ എന്നിവ പ്രായമായവർ എടുത്തിരിക്കേണ്ടതാണ്.  

പകരാത്ത രോഗങ്ങൾ, ചയാപചയരോഗങ്ങൾ,  ഹൃദയ രക്തക്കുഴൽ രോഗങ്ങൾ,  അർബുദങ്ങൾ,  നീണ്ടകാല രോഗങ്ങൾ,  പ്രമേഹം  തുടങ്ങിയവയാണ് വാർദ്ധക്യത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ. ഇതോടൊപ്പം പുകവലി, മദ്യപാനം എന്നിവയുടെ നിയന്ത്രണവും പ്രധാനമാണ്. Photo: Unsplash
പകരാത്ത രോഗങ്ങൾ, ചയാപചയരോഗങ്ങൾ,  ഹൃദയ രക്തക്കുഴൽ രോഗങ്ങൾ,  അർബുദങ്ങൾ,  നീണ്ടകാല രോഗങ്ങൾ,  പ്രമേഹം  തുടങ്ങിയവയാണ് വാർദ്ധക്യത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ. ഇതോടൊപ്പം പുകവലി, മദ്യപാനം എന്നിവയുടെ നിയന്ത്രണവും പ്രധാനമാണ്. Photo: Unsplash

മുതിർന്നവരെ ചൂഷണം ചെയ്യുന്നത് തടയൽ പ്രധാനമായ ഒരു വിഷയമാണ്.  ഇത് ഭൂരിഭാഗവും ചെയ്യുന്നത് വളരെ വേണ്ടപ്പെട്ടവരെന്ന് കരുതുന്നവർ തന്നെയാണ്. മുതിർന്ന പൗരർ ശാരീരികവും വൈകാരികവും സാമ്പത്തികവുമായ ചൂഷണത്തിന് നിർദ്ദയം വിധേയരാകാറുണ്ട്. വൃദ്ധരായ മാതാപിതാക്കളുടെ സമ്പത്ത് ഒപ്പിട്ട് വാങ്ങി വൃദ്ധസദനങ്ങളിലേക്ക് അവരെ തള്ളുന്നു. മക്കളെല്ലാം സമ്പന്ന രാജ്യങ്ങളിൽ സുഖമായി കഴിയുകയായിരിക്കും. അവർക്കായി ഉറക്ക​മൊഴിയുകയും കഷ്ടപ്പെടുകയും ഇല്ലാത്ത പണം ചെലവാക്കി പഠിപ്പിക്കുകയും വലുതാക്കുകയും ചെയ്തവരെ ആ പ്രയോജകർ ഓർക്കുന്നേയില്ല. കരുണയുടെയും പരിഗണനയുടെയും ഊഷ്മളത വറ്റിവളരുന്നു. ആയിരക്കണക്കിന് കിലോമീറ്റർ അകലെ മഹാദൂരത്തിന്റെ വിടവ് നൽകുന്ന തണുത്തുറഞ്ഞ നിസ്സംഗതയിൽ കഴിഞ്ഞതെല്ലാം നിഷ്ക്കരുണം മറക്കുന്നു.

പ്രായം കൊണ്ട് ദുർബ്ബല വിഭാഗങ്ങളായ മുതിർന്ന പൗരർ എല്ലാത്തരം ചൂഷണങ്ങൾക്കും വിധേയരാകാറുണ്ട്. സാമൂഹ്യ വിവേചനം, അവഗണന, മോഷണം പിടിച്ചുപറി എന്നിവയ്ക്ക് ഇവർ എളുപ്പം ഇരയാകുന്നു. 

പ്രായം കൊണ്ട് ദുർബ്ബല വിഭാഗങ്ങളായ മുതിർന്ന പൗരർ എല്ലാത്തരം ചൂഷണങ്ങൾക്കും വിധേയരാകാറുണ്ട്. സാമൂഹ്യ വിവേചനം, അവഗണന, മോഷണം പിടിച്ചുപറി എന്നിവയ്ക്ക് ഇവർ എളുപ്പം ഇരയാകുന്നു. ഈ വിഭാഗത്തിന് സാമൂഹിക- സാമ്പത്തിക പ്രശ്നങ്ങളുണ്ട്​, ശാരീരിക- വൈകാരിക പ്രശ്നങ്ങളുണ്ട്​. സന്നിഗ്ദ്ധ ഘട്ടങ്ങളിൽ,  ഉദാഹരണമായി പ്രകൃതിദുരന്തങ്ങളിലും മറ്റും- ഇവർക്ക് പ്രത്യേക പരിഗണന ആവശ്യമാണ്. 

കേരളത്തിന്റെ ആരോഗ്യ വിദ്യഭ്യാസ സേവനരംഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. മുതിർന്ന പൗരർക്കുള്ള കേരളത്തിന്റെ പദ്ധതിയുടെ പേര് വയോരക്ഷ പദ്ധതി എന്നാണ്. ഏറ്റവും ദുർബലമായ അവസ്​ഥ പരിഗണിച്ച്​ മുതിർന്ന പൗരർക്കായി വയോരക്ഷാ പരിപാടി അനുസരിച്ച് വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അർഹരായ മുഴുവൻ മുതിർന്ന പൗരർക്കും സഹായവും പിന്തുണയും കൊടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. താഴെക്കിടയിലുള്ള, ആരുമില്ലാത്ത മുതിർന്ന പൗരർക്ക് അടിയന്തര മെഡിക്കൽ സഹായം കൊടുക്കുക, കിടപ്പിലായവർക്ക് സേവനം ഉറപ്പാക്കുക, പുനരധിവാസം ലഭ്യമാക്കുക തുടങ്ങിയവയാണ്​ ഈ പദ്ധതിയുടെ ലക്ഷ്യം.

Photo: K.R. Sunil
Photo: K.R. Sunil

കേരളം വയോജനങ്ങളായി കാണുന്നത്, 60 വയസ്സിന് മുകളിലുള്ളവരെയാണ്. കേരള ജനസംഖ്യയുടെ ആറിൽ ഒന്ന് വയോജനങ്ങളാണ്. ആരോഗ്യസേവനം മെച്ചപ്പെടുന്നതോടെ വൃദ്ധരുടെ ശതമാനം കൂടി വരും. ലോകമെങ്ങുമുള്ള വൃദ്ധരുടെ ജനസംഖ്യ വർധിച്ചുവരുന്നതനുസരിച്ച് ഇന്ത്യയിലും കേരളത്തിലും വയോജനങ്ങളുടെ പ്രശ്നം ശ്രദ്ധ ചെലുത്തേണ്ട ഒന്നായി മാറിയിട്ടുണ്ട്​. ജനനനിരക്ക് കുറയുന്നതോടെ വയോജനങ്ങളുടെ സംഖ്യ കൂടുക എന്നത് സ്വാഭാവികമാണ്. ലോകമെങ്ങും ഈ പ്രതിഭാസം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.  

ഇന്ത്യയിൽ 60 വയസ്സിന് മീതെയുള്ള ജനങ്ങളുടെ ശതമാനം ഏഴ് ആണെങ്കിൽ  കേരളത്തിൽ അത് ഇരട്ടിയിൽ കൂടുതൽ- 16.5- ആണ് (2009). 2030 ആകുന്നതോടെ ഇന്ത്യയിലത് 20% ആകുമെന്ന് കണക്കാക്കപ്പെടുന്നു. വയോജനങ്ങൾ  പലതരം ശാരീരിക- മാനസിക- സാമൂഹ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി  വയോജനങ്ങൾക്കായി ഒരു പരിപാടി അവതരിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. ഇതിന്​ ശ്രമം ആരംഭിച്ചത് 2003-ലും നയരേഖ അംഗീകരിച്ചത് 2006-ലും ആണ്. അതിനുശേഷം 2013- ൽ ഈ പദ്ധതി പരിഷ്കരിച്ച്, സ്റ്റേറ്റ് ഓൾഡ് ഏജ് പോളിസി എന്നറിയപ്പെട്ടു. ഇതിനായി നിയോഗിച്ച കാര്യനിർവഹണസംഘം സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ഈ ശില്പശാലയിൽ ലഭ്യമായ വിവരങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തന പരിപാടി ആവിഷ്കരിക്കുകയാണ്. ആ വിവരങ്ങൾ പരിശോധിക്കാം.  

  1. അവശ വിഭാഗങ്ങളെ പറ്റിയുള്ള പ്ലാനിങ് ബോർഡിന്റെ പ്ലാനിംഗിനെ പറ്റിയുള്ള റിപ്പോർട്ട്

  2. ടാസ്ക് ഫോഴ്സ് റിപ്പോർട്ട്

  3. സംസ്ഥാനത്തിന്റെ 2013- ലെ വയോജന നയം 

  4. സാമൂഹ്യ വൈദ്യശാസ്ത്ര വിഭാഗത്തിന്റെ  വയോജനങ്ങൾക്കുള്ള ആവശ്യകതയെ കുറിച്ചുള്ള പഠനം.   

Photo: Unsplash
Photo: Unsplash

ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ:

  • ശാരീരിക പ്രവർത്തനം പ്രോത്സാഹിപ്പിക്കുക.

  • വിശാലമായ പശ്ചാത്തലത്തിലുള്ള ആരോഗ്യകരവും പ്രവർത്തനനിരതവുമായ പ്രായമാക്കൽ നടപ്പാക്കുക.

  • സമൂഹത്തെ ബോധവൽക്കരിക്കുക.

  • ജീവിതഗുണം കൂട്ടാൻ അനാരോഗ്യകരമായ ജീവിതശൈലികൾ മാറ്റം വരുത്തുക, രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുക, ഇവയെല്ലാം ജീവിതകാലം തുടരാൻ പ്രോത്സാഹിപ്പിക്കുക. 

  • ലക്ഷ്യബോധത്തോടെയുള്ള ശാരീരിക പ്രവർത്തനങ്ങൾ  വയോജനങ്ങളിൽ നടത്താനുള്ള പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുക.

  • എല്ലാ ആരോഗ്യ സാമൂഹ്യ സേവന സംവിധാനങ്ങളിലും വയോജനങ്ങൾക്ക് ശാരീരിക പ്രവർത്തനം നടത്തുവാനുള്ള ഉപദേശം കൊടുക്കാൻ സൗകര്യങ്ങളുണ്ടാക്കുക.

  • പ്രാദേശിക ഭരണ സംവിധാനങ്ങളുപയോഗിച്ച് വയോജനങ്ങളുടെ ശാരീരിക പ്രവർത്തനങ്ങൾ സുഗമമാക്കാനുള്ള പദ്ധതികൾ നടപ്പാക്കുക.

  • സാമൂഹ്യ ജീവിതത്തിൽ വയോജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുക. 

  • വയോജനങ്ങളുടെ ഹോബി ക്ലബ്ബുകൾ  സംസ്ഥാനത്തുടനീളം പ്രോത്സാഹിപ്പിക്കുക.

  • ജനസേവന - ഗതാഗത സംവിധാനങ്ങൾ വയോജന സൗഹൃദമാക്കുക.

  • അനാപചാരിക സേവന രംഗങ്ങളിൽ പൊതു രംഗത്തുള്ളവരിൽ നിന്ന് സേവന പ്രവർത്തനങ്ങൾ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

  • അവരുടെ വീടുകളിൽ വച്ചുതന്നെ ആവശ്യമുള്ള സേവനങ്ങൾ നൽകാനുള്ള സംവിധാനം ഉണ്ടാക്കുക. അവരെ സ്വയം പര്യാപ്തമാക്കി വ്യക്തിപരമായ കാര്യങ്ങൾ ചെയ്യുവാൻ കഴിവുറ്റവരാക്കുക.

  • സ്വന്തം കാര്യം നോക്കാൻ വയോജനങ്ങളെ പരിശീലിപ്പിക്കണം. അതനുസരിച്ചുള്ള പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. 

  • വയോജനങ്ങളെ പരിചരിക്കുന്ന വളണ്ടിയർമാരെ പരിശീലിപ്പിക്കാൻ സംവിധാനം വേണം.

  • വയോജനങ്ങളെ പരിചരിക്കാൻ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കണം. അതിന് വളണ്ടിയർമാരായി വരുന്നവരെയും സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ  താല്പര്യമുള്ളവരെയും സംഘടിപ്പിച്ച് പരിശീലിപ്പിക്കണം.

  • ഇത്തരം വയോജന പരിശീലന കേന്ദ്രങ്ങൾ പരസ്പരം ബന്ധിപ്പിച്ച് പ്രാദേശിക സേവനങ്ങൾ വളരെ മെച്ചപ്പെട്ടതാക്കാൻ സാധിക്കും.

  • കഴിയുന്നത്ര കാലം സ്വന്തം വീടുകളിൽ തുടരാനുള്ള കഴിവുണ്ടാക്കാൻ തക്ക പരിശീലനം ലഭ്യമാക്കണം. അതിനായി ഗവേഷണ പരിപാടികളും സേവന മാതൃകകളും വികസിപ്പിക്കണം

  • വയോജനങ്ങൾക്ക് സ്വതന്ത്രമായി ജീവിക്കാനും അവരുടെ വ്യക്തിപരമായ കാര്യങ്ങൾ നോക്കാനുമുള്ള സംവിധാനമുണ്ടായിരിക്കണം. അതിനുള്ള ഗവേഷണങ്ങളും പ്രായോഗികവും ഫലപ്രദവുമായ മാർഗങ്ങളും വികസിപ്പിക്കണം. 

Photo: People’s Archive Of Rural India
Photo: People’s Archive Of Rural India

വയോജനങ്ങൾക്ക് ഏകാന്തത വലിയ പ്രശ്നമാണ്. ജനങ്ങൾ അടുത്തുണ്ടെങ്കിലും അവർ തമ്മിലുള്ള വ്യക്തിപരവും സാംസ്കാരികവുമായ അന്തരം ആശയവിനിമയത്തിന് തടസമുണ്ടാകുന്നു. സാമൂഹ്യമായ ആശയവിനിമയം, ഫോണിലൂടെയും വീഡിയോയിലൂടെയുമുള്ള ആശയവിനിമയം എന്നിവ പ്രായോഗികമാക്കണം. പല രാജ്യങ്ങളിലും 65 വയസ്സിന് മുകളിലുള്ളവരിൽ പകുതി പേരും തനിയെ ജീവിക്കുന്നവരാണ്. ദിവസേനയുള്ള ഷോപ്പിംഗ്, ചെറിയ യാത്രകൾ, സാമൂഹ്യ ജീവിതം,  പൊതുസേവനങ്ങൾ, ഇന്റർനെറ്റ് ഉപയോഗം,  അതിലൂടെ സാധനങ്ങൾ  ഓർഡർ ചെയ്യൽ എന്നിവ  ചെയ്യാവുന്നതാണ്.  

താമസിക്കുന്ന സ്ഥലത്ത് ആവശ്യത്തിനുള്ള സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതാണ്. പ്രവേശന വാതിലുകളും ജനലുകളും അടച്ചിരിക്കണം.  വെള്ളം, ഗ്യാസ്,  ഇലക്ട്രിസിറ്റി എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കണം. ഉറങ്ങുമ്പോൾ ഒരു ലൈറ്റ് ഒഴിച്ച് ബാക്കിയെല്ലാം ഓഫ് ആക്കണം. 

ആരോഗ്യസേവനപരവും  സാമൂഹ്യ സേവനപരവുമായ  പ്രവർത്തനം സംഘടിതമാക്കേണ്ടതുണ്ട്. പല സംഘടനകളുടെയും വിദൂരസ്തരായ പ്രവർത്തകരുടെയും സേവനങ്ങൾ ഇത്തരത്തിൽ സൗകര്യപ്രദവും കഴിവുറ്റതുമാക്കാനും സാധിക്കും.

ഓർമ്മപ്രശ്നമുള്ളവർക്ക് ടെലഫോൺ, ഡയറി, റിമൈൻഡർ സർവീസ് മുതലായവ ഉപയോഗിക്കാം. മരുന്നുകൾ സമയത്ത് കഴിക്കാനും ഈ സേവനം ഉപയോഗിക്കാം. 

കാഴ്ച- ​കേൾവി തകരാറ്, നടക്കാനുള്ള ബുദ്ധിമുട്ട്, വിരലുകൾ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയുള്ളവർക്ക് യോജിച്ച ഉപകരണം ലഭ്യമാക്കണം.

ടെലികെയർ എന്ന, വിദൂര സ്ഥലങ്ങളിൽ നിന്നുള്ള പരിചരണം, ടെലി മെഡിസിൻ എന്ന വിദൂര സ്ഥലങ്ങളിൽ നിന്നുള്ള വൈദ്യസേവനം എന്നിവ വളരെ സഹായകരമാണ്.

ആധുനിക സംവിധാനങ്ങളായ ഐ സി ടി തുടങ്ങിയവ അടിസ്ഥാനമാക്കി വീട്ടിൽ തന്നെ പരിചരണം നടത്താം​. ഇപ്രകാരം വ്യക്തിപരമായ ആരോഗ്യ സേവനം കൊടുക്കുന്നത്​ രോഗനിർണയം എളുപ്പമാക്കും. ഹൃദ്രോഗം, പ്രമേഹം മുതലായ രോഗങ്ങൾ ശാസ്ത്രീയമായി ചികിത്സിക്കാനും സാധിക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കൽ ഫലപ്രദമായി ഒഴിവാക്കുകയും ചെയ്യാം. ഓർമക്കുറവും ബൗദ്ധിക തകരാറും ഉള്ളവർക്ക് വീട്ടിൽ തന്നെ താമസിക്കാനും ജി പി എസ് ഉപയോഗിച്ച് സമീപപ്രദേശങ്ങളിൽ സഞ്ചരിക്കാനും റിമൈൻഡറുകൾ ഉപയോഗിക്കാനുമുള്ള സൗകര്യം നല്ലതാണ്​.

 സർക്കാർ, പകൽ സമയ വയോജന സദനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ശാരീരിക- വൈകാരിക- മാനസിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്കായി ഇത്തരം സ്ഥാപനങ്ങൾ പരിപോഷിപ്പിക്കേണ്ടതുണ്ട്. Photo: Wikimedia Commons
സർക്കാർ, പകൽ സമയ വയോജന സദനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ശാരീരിക- വൈകാരിക- മാനസിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്കായി ഇത്തരം സ്ഥാപനങ്ങൾ പരിപോഷിപ്പിക്കേണ്ടതുണ്ട്. Photo: Wikimedia Commons

ആരോഗ്യസേവനപരവും സാമൂഹ്യ സേവനപരവുമായ പ്രവർത്തനം സംഘടിതമാക്കേണ്ടതുണ്ട്. പല സംഘടനകളുടെയും വിദൂരസ്തരായ പ്രവർത്തകരുടെയും സേവനങ്ങൾ ഇത്തരത്തിൽ സൗകര്യപ്രദവും കഴിവുറ്റതുമാക്കാനും സാധിക്കും. ആരോഗ്യ സംവിധാനം ആ വ്യക്തിയുടെ ആവശ്യമനുസരിച്ചായിരിക്കണം. പഴകിയ രോഗമുള്ളവർക്ക് അടുപ്പിച്ചുള്ള സേവനം ആവശ്യമായി വരും. എല്ലാത്തരം രോഗങ്ങൾക്കും പ്രതിരോധ മാർഗങ്ങൾ സഹായകരമായിരിക്കും. പ്രാഥമികവും ദ്വിതീയവുമായ പ്രതിരോധം അവസ്ഥയനുസരിച്ച് ചെയ്യേണ്ടതാണ്. വാക്സിനേഷൻ, മയക്കുവസ്തുക്കൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കാം. ഗ്ലൌക്കോമ, അർബുദം, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ പതിവായ പരിശോധനയിലൂടെ കണ്ടെത്തി അവ സങ്കീർണ്ണമാകാതെ നോക്കാം.

അപകടങ്ങൾ ഒഴിവാക്കാൻ  സുരക്ഷിതമായ ഭവന പരിപാടി, ആത്മഹത്യ കുറയ്ക്കാനുള്ള മാനസികാരോഗ്യ പരിപാടികൾ, വിഷാദരോഗം, മേധാക്ഷയ രോഗങ്ങൾ, മറ്റു മാനസിക രോഗങ്ങൾ  എന്നിവക്കുള്ള ചികിത്സ നടപ്പാക്കൽ എന്നിവ വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിൽ വളരെ പ്രധാനമാണ്. സാമൂഹ്യമായ ഒറ്റപ്പെടൽ, ദാരിദ്ര്യം, വിവേചനം, താമസിക്കാൻ ഇടമില്ലായ്മ എന്നിവയും പരിഹരിക്കപ്പെടാനുള്ള പ്രശ്നങ്ങളാണ്​. വ്യക്തിപരമായ കാര്യങ്ങൾ ചെയ്യാൻ  വയോജനങ്ങളെ പ്രോത്സാഹിപ്പിക്കണം. അതിനുള്ള ആരോഗ്യ ബോധവൽക്കരണം കൊടുക്കാവുന്നതാണ്. അതിനാവശ്യമായ സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള പരിശീലനവും കൊടുക്കാം. ഇതിനാവശ്യമായ ഇൻറർനെറ്റ് പരിശീലനം വയോജനങ്ങൾ നേടിയിരിക്കണം.

വയോജനസംരക്ഷണത്തിൽ ചില പോരായ്​മകളുമുണ്ട്​. പരിശീലനം ലഭിച്ച നഴ്‌സുമാരുടെ കുറവ് ഇതി​ലൊന്നാണ്​.

പഴയ തലമുറ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയപ്പോൾ, യുവതലമുറ കൂടുതൽ പ്രായോഗികമാണ്. മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് അയക്കുന്നതിൽ അവർക്ക് യാതൊരു മടിയുമില്ല. സർക്കാർ, പകൽ സമയ വയോജന സദനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ശാരീരിക- വൈകാരിക- മാനസിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്കായി ഇത്തരം സ്ഥാപനങ്ങൾ പരിപോഷിപ്പിക്കേണ്ടതുണ്ട്. സന്നദ്ധസംഘടനകളും മറ്റ് ക്ഷേമപ്രവർത്തകരും ഈ പ്രവർത്തനങ്ങളിലെ സാമ്പത്തിക ബാധ്യതകൾ കുറയ്ക്കുവാൻ സഹായിക്കും. വൃദ്ധസദനങ്ങളുടെ എണ്ണവും സൗകര്യവും വർദ്ധിപ്പിക്കാൻ പരിപാടിയുണ്ട്. ഓരോ അഞ്ചു കൊല്ലവും ഈ സൗകര്യങ്ങൾ 3% കണ്ട് വർദ്ധിപ്പിക്കാനാണ് പരിപാടി.  അതനുസരിച്ച് കിടക്കകളുടെ എണ്ണം 2008 ആയി വർദ്ധിപ്പിക്കേണ്ടതാണ്. വൃദ്ധസദനങ്ങളിൽ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണന ആവശ്യമാണ്. അതിനുള്ള ഉത്തരവാദിത്തം പൊതുസമൂഹത്തിനാണ്.  ആരോഗ്യ സേവനം, കൗൺസിലിംഗ്, വ്യായാമ സൗകര്യങ്ങൾ, കൂട്ടായ കളികൾ എന്നിവയാണ് ഈ കേന്ദ്രങ്ങളിൽ സാധാരണ കൊടുക്കുന്നത്. ഉയർന്ന വരുമാനമുള്ള വയോജനങ്ങൾക്ക് സ്ഥാപനസേവനം ആവശ്യമായി വന്നാൽ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാം. സ്വകാര്യ രംഗത്ത് പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ പുനരധിവാസ സൗകര്യങ്ങൾ ചെയ്തുവരുന്നുണ്ട്.  

Photo: K.R. Sunil
Photo: K.R. Sunil

പൊതുമേഖലയിലുള്ള ഡേ കെയർ ഭവനങ്ങളുടെ എണ്ണവും മേന്മയും വർദ്ധിപ്പിക്കേണ്ടതുണ്ട്​. വികസിത രാജ്യങ്ങളിലുള്ള ഭവന സന്ദർശന പരിപാടിക്ക് പകരമായി ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കാം. ഇത്തരം കേന്ദ്രങ്ങളിൽ  വയോജനങ്ങളുടെ മക്കൾക്ക് അവരുടെ മാതാപിതാക്കളെ പകൽ പ്രവേശിപ്പിച്ച് ഉപയോഗപ്രദമായ സേവനങ്ങൾ കൊടുക്കാൻ സാധിക്കും. ഇത്തരം നെറ്റ് വർക്കുകൾ  വയോജനങ്ങളുടെ ഏകാന്തതയും വിഷാദവും കുറക്കാൻ സഹായിക്കും.  

വയോജനസംരക്ഷണത്തിൽ ചില പോരായ്​മകളുമുണ്ട്​. പരിശീലനം ലഭിച്ച നഴ്‌സുമാരുടെ കുറവ് ഇതി​ലൊന്നാണ്​. നിയമവിരുദ്ധ മാർഗങ്ങളിലൂടെ വയോജനങ്ങളുടെ സ്വത്ത് കൈമാറ്റം തടയാൻ പദ്ധതിയില്ല. മാനസിക അസ്വാസ്ഥ്യമുള്ള അന്തേവാസികൾക്ക് വൈദ്യസഹായം ലഭിക്കാത്തത് ഒരു പ്രശ്​നമാണ്​. കൂടാതെ, മരുന്നുകളുടെ ദൗർലഭ്യവും അടിയന്തര പരിഹാരം​ തേടുന്ന പ്രശ്​നമാണ്​.

വൃദ്ധസദനങ്ങളെ കുറിച്ച് പഠിക്കാൻ കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി, ചില പരിഹാര നടപടികൾക്ക് ശുപാർശ ചെയ്തിരുന്നു.
ഗുരുവായൂർ പോലുള്ള ആരാധനാലയങ്ങളിൽ പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ച് പോകുന്നത്, കുട്ടികൾക്ക് സ്വത്ത് ലഭിച്ച ശേഷം മാതാപിതാക്കളെ ഉപേക്ഷിക്കുന്നത്​ തുടങ്ങിയ പ്രശ്‌നങ്ങൾ ഇവർ പരിശോധിച്ചു. “വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്ക് വിവിധ രോഗങ്ങളുണ്ട്. രോഗത്തെയും ചികിത്സാ കോഴ്സിനെയും ആശ്രയിച്ച് ഓരോ വ്യക്തിക്കും തനതായ ഭക്ഷണക്രമമുണ്ട്. മാനസികരോഗികളുടെ പരിചരണം വെല്ലുവിളിയാണ്​. മേധാക്ഷയമുള്ള അന്തേവാസികൾ അവരറിയാതെ മുറികളിൽ മൂത്രമൊഴിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ പരിശീലനം ലഭിച്ച നഴ്​സുമാരുടെ സേവനം ആവശ്യമാണ്. നിലവിൽ കേരളത്തിലുടനീളം 2500 നഴ്സുമാർ വൃദ്ധസദനങ്ങളിൽ ജോലി ചെയ്യുന്നു. സൗജന്യ മരുന്ന് ഉറപ്പാക്കുന്ന വയോമിത്രം പദ്ധതിയുടെ ആനുകൂല്യം ഗ്രാമീണ മേഖലയിലെ അന്തേവാസികൾക്ക് ലഭിച്ചിട്ടില്ല.

Photo: K.R. Sunil
Photo: K.R. Sunil

വയോജനങ്ങളെ സാമ്പത്തികമായി സ്വതന്ത്രരാക്കുക എന്നത്​ പ്രധാനപ്പെട്ട കാര്യമാണ്​.  കേരളത്തിലെ വയോജനങ്ങളുടെ വലിയ സാമൂഹ്യപ്രശ്നമാണിത്. ഇതിന്​ കേരളത്തിൽ, 35 സാമൂഹ്യ സുരക്ഷാ പദ്ധതികളുണ്ട്​. 59.18 ലക്ഷം അംഗങ്ങളുള്ള 26 ക്ഷേമനിധി ബോർഡുകളുണ്ട്. അവയിൽ  16.2 ലക്ഷം കാർഷിക രംഗത്തുള്ളവരും 11.58 ലക്ഷം നിർമ്മാണ മേഖലയിലുള്ളവരുമാണ്​. സ്ത്രീ തൊഴിലാളികൾ കൂടുതലുള്ളത് കശുവണ്ടി,  തുന്നൽ, കയർ, മുള, അംഗൻവാടി മേഖലകളിലാണ്​. ബീഡി തൊഴിലാളികൾ  ഭൂരിഭാഗവും പുരുഷന്മാരാണ്. അംഗൻവാടിയിലെ എല്ലാവരും വെൽഫെയർ ബോർഡ്​ എന്ന  ക്ഷേമനിധി ബോർഡിലെ അംഗങ്ങളാണ്. തുന്നൽ തൊഴിലാളികളിൽ  85% വും  സ്ത്രീകളാണ്. എന്നാൽ കള്ള്, അബ്കാരി വ്യവസായത്തിലുള്ള തൊഴിലാളിക​ളിൽ 99% വും പുരുഷന്മാരാണ്. ഇതിൽ അംഗത്വമുള്ള തൊഴിലാളികളുടെ ശതമാനം 70% വരെയാണ്. ഇത് ജനസംഖ്യയുടെ 28 ശതമാനത്തോളം വരും. അവർ 15 മുതൽ 59 വയസ്സ് വരെ പ്രായമുള്ളവരാണ്.  

വയോജന ക്ഷേമ പദ്ധതികൾ കേരളത്തിൽ വളരെ മുന്നോട്ടു പോയിട്ടുണ്ടെങ്കിലും ഇനിയും കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്​. ഉദാഹരണമായി, എല്ലാ വയോജനങ്ങൾക്കും ലഭ്യമാകുന്ന പെൻഷൻ പദ്ധതി ഒരു അനിവാര്യതയാണ്.  ഇത്തരം സാമൂഹിക സേവനങ്ങൾ  ഉറപ്പാക്കാനുള്ള നിയമങ്ങളും പൊതുജന ബോധവൽക്കരണങ്ങളും ആവശ്യമാണ്.


Summary: Does the Kerala society consider the elderly Dr p k sukumaran


ഡോ. പി.കെ. സുകുമാരൻ

മനോരോഗ വിദഗ്ധൻ, എഴുത്തുകാരൻ, യുക്തിവാദ പ്രവർത്തകൻ. തൃശൂർ പ്രശാന്തി ക്ലിനിക്കിൽ കൺസൽട്ടൻറ്​ സൈക്യാടിസ്റ്റ്. ഇന്ത്യൻ സൈക്യാട്രിക്​ സൊസൈറ്റിയിൽ ആജീവനാന്ത ഫെല്ലൊ. ​​​​​​​ഹൃദ്‌രോഗം മുതൽ കോവിഡ് വരെ: രോഗലക്ഷണങ്ങളും രോഗ നിർണയവും, ശങ്കരാചാര്യർ വിചാരണ ചെയ്യപ്പെടുന്നു, വിഷാദോന്മാദ ജീവിതം ബൈപോളാർ, സ്‌കിസോഫ്രീനിയ: അനുഭവവും വിശകലനവും തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments