കോവിഡ്- 19 അതിരൂക്ഷമായിരുന്ന ഒരു വർഷവും തുടർന്നുള്ള അതിന്റെ വ്യാപനകാലത്തും, ഡോക്ടർമാർ, ഈ രോഗത്തിന്റെ ചികിത്സയുടെ ഭാഗമായുള്ള അതിതീവ്രമായ സ്ട്രെസ്സിന് ഇരകളായി എന്നതരത്തിലുള്ള നിരവധി പഠനറിപ്പോർട്ടുകൾ വന്നിട്ടുണ്ട്. തുടർച്ചയായുള്ള, വിശ്രമരഹിതമായ ജോലി എന്ന നിലയ്ക്കുമാത്രമല്ല, നമ്മുടെ നാട്ടിലെ ആരോഗ്യസംവിധാനങ്ങളുടെ പരിമിതികൾ കൂടി പരീക്ഷിക്കപ്പെട്ട ഒരു സന്ദർഭമായിരുന്നു ഇത്.
ചികിത്സിക്കാൻ മരുന്നോ പ്രതിരോധിക്കാൻ വാക്‌സിനോ ലഭ്യമല്ലാത്ത അതിതീവ്ര വ്യാപനശേഷിയുള്ള മാരകമായ ഒരു വൈറസ് രോഗത്തെയായിരുന്നു കോവിഡിന്റെ ആദ്യഘട്ടങ്ങളിൽ മനുഷ്യരാശിക്ക് നേരിടാനുണ്ടായിരുന്നത്. സ്വയം ഈ രോഗത്തെ പ്രതിരോധിക്കുകയും അതേസമയം ഇതേ രോഗം ബാധിച്ച രോഗികളെ ചികിത്സിക്കുകയും ചെയ്യുക എന്ന അതീവ സങ്കീർണവും ദുഷ്‌കരവുമായ ഇരട്ടദൗത്യമാണ് ഈ ഘട്ടത്തിൽ ആരോഗ്യമേഖലക്ക് നിർവഹിക്കാനുണ്ടായിരുന്നത്. പൊതുജനാരോഗ്യമേഖലക്ക് മതിയായ പ്രാധാന്യമോ ആനുപാതിക പരിഗണനയോ ലഭിക്കാത്ത വിഭവദരിദ്രമായ നാടുകളിലെ ആരോഗ്യപ്രവർത്തകർക്കും ആരോഗ്യ സംവിധാനങ്ങൾക്കും ഈ സാഹചര്യം കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. കേരളത്തിലും സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല.
ചികിത്സയിൽ സങ്കീർണതയോ പിഴവോ ആരോപിച്ചുകൊണ്ടുള്ള ജനക്കൂട്ട ആക്രമണങ്ങളാണുണ്ടാകുന്നത്. ഇത് ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും മൊറെയ്‌ലിനെ ബാധിക്കുന്ന പ്രശ്‌നമായി മാറിയിട്ടുണ്ട്.
കോവിഡുകാലത്തെ വൈജ്ഞാനിക സംഘർഷങ്ങൾ
സാധാരണ ഡോക്ടർമാർക്ക് പരിചിതമായ രോഗം- മരുന്ന്- ചികിത്സ എന്ന ക്രമത്തിൽ ചികിത്സയ്ക്ക് പ്രാധാന്യം നൽകുന്ന മെഡിക്കൽ മാതൃകയ്ക്ക് (medical model) പകരം സാമൂഹിക അകലം പാലിക്കലും മാസ്‌ക് ധരിക്കലും പോലെ മനുഷ്യന്റെ പെരുമാറ്റങ്ങളെ പുനഃക്രമീകരിച്ച് രോഗപ്രതിരോധത്തിന് പ്രാധാന്യം നൽകുന്ന ജൈവസ്വഭാവ മാതൃകയെ (bio-behavioural model) ആധുനിക സാങ്കേതികവിദ്യകളുമായി സമന്വയിപ്പിച്ച് ഫലപ്രദമായി നടപ്പാക്കാനും സാധിച്ചുവെങ്കിലും ഇത്തരം രോഗപ്രതിരോധ മാർഗങ്ങൾ കോവിഡിന്റെ ആദ്യഘട്ടങ്ങളിൽ നമ്മുടെ ആരോഗ്യപ്രവർത്തകർക്ക് പോലും അപരിചിതങ്ങളായിരുന്നു എന്നത് യാഥാർഥ്യമാണ്.
എന്നാൽ, കാലങ്ങളായി മറ്റ് ശാസ്ത്ര- സാങ്കേതിക മേഖലകളിലുണ്ടായ പുരോഗതിക്ക് ആനുപാതികമായി വൈദ്യശാസ്ത്ര ഗവേഷണരംഗം പുരോഗമിക്കാത്തത് ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയായിട്ടുണ്ട്, പ്രത്യേകിച്ചും കോവിഡ് മഹാമാരിക്കാലത്ത്. ചുരുങ്ങിയ കാലത്തിനുള്ളിൽ വാക്‌സിനുകൾ വികസിപ്പിക്കാനായത് നേട്ടമായെങ്കിലും ആവിർഭവിച്ച് രണ്ടരവർഷം പിന്നിട്ടിട്ടും ഇന്നും കോവിഡ് ചികിത്സക്ക് നൂറുശതമാനം ഫലപ്രദമായ മരുന്നോ പ്രതിരോധമാർഗമോ കണ്ടെത്താനായിട്ടില്ലെന്നത് വെല്ലുവിളി തന്നെയാണ്. ആരോഗ്യ ഗവേഷണത്തിന് വർധിച്ച പരിഗണന നൽകുകയും കൂടുതൽ വിഭവങ്ങൾ നീക്കിവെക്കുകയുമാണ് ഇതിനുള്ള പരിഹാരം.
കോവിഡ് എന്ന രോഗത്തെ സ്വയം ഈ പ്രതിരോധിക്കുകയും അതേസമയം ഇതേ രോഗം ബാധിച്ച രോഗികളെ ചികിൽസിക്കുകയും ചെയ്യുക എന്ന അതീവ സങ്കീർണവും ദുഷ്‌കരവുമായ ഇരട്ട ദൗത്യമാണ് ഈ ഘട്ടത്തിൽ ആരോഗ്യമേഖലക്ക് നിർവഹിക്കാനുണ്ടായിരുന്നത്.
ആരോഗ്യമേഖലക്കുള്ള പൊതുവിഹിതം വർധിപ്പിച്ച് അടിസ്ഥാനസൗകര്യവികസനം ത്വരിതപ്പെടുത്തണം. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്കും പ്രാപ്യമാകുന്നതിന് ‘എയ്ഡഡ് ഹോസ്പിറ്റൽ' പോലുള്ള സാധ്യതകൾ പരിശോധിക്കപ്പെടണം. ആരോഗ്യമേഖലയുടെ പരിമിതവിഭങ്ങൾ എല്ലാവരിലേക്കും എത്തിച്ചേരുന്ന രീതിയിൽ നീതിപൂർവം വിതരണം ചെയ്യപ്പെടണം. ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ചില സമാന്തര ചികിത്സാരീതികൾക്ക് വൻതുകകൾ ദുർവ്യയം ചെയ്യുന്നത് ഒഴിവാക്കപ്പെടണം. രോഗപ്രതിരോധത്തിന് പ്രാധാന്യം നൽകുകയും ആരോഗ്യഗവേഷണം പ്രോത്സാഹിപ്പിക്കുകയും വേണം. ഒപ്പം, പാരിസ്ഥിതികാരോഗ്യത്തിന് പ്രാധാന്യം നൽകണം. ഇനി ആവശ്യം കൂടുതൽ മെഡിക്കൽ കോളജുകളല്ല, മറിച്ച് മികച്ച ചികിത്സാകേന്ദ്രങ്ങളും ലോകോത്തര ആരോഗ്യഗവേഷണ സ്ഥാപനങ്ങളുമാണ്.
ചികിത്സ, സ്വയം പ്രതിരോധം
ഒരേസമയം കോവിഡ് ബാധിതരെ ചികിത്സിക്കുകയും അതേസമയം സ്വയം രോഗത്തെ പ്രതിരോധിക്കുകയും ചെയ്യുക എന്ന ദുഷ്‌കരവും അതീവ സങ്കീർണവുമായ ദൗത്യമാണ് ഈ ഘട്ടത്തിൽ ആരോഗ്യമേഖലയ്ക്ക് നിർവഹിക്കാനുണ്ടായിരുന്നത്. ജോലിഭാരത്തിനൊപ്പം കുടുംബത്തിൽനിന്ന് പ്രത്യേകിച്ച് കുഞ്ഞുങ്ങളെയും, വൃദ്ധ മാതാപിതാക്കളെയും, ഇണകളെയും മാറിനിൽക്കേണ്ടിവരുന്നതിലൂടെ നേരിടേണ്ടിവന്ന മാനസികസംഘർഷങ്ങളെയും ഇതോടൊപ്പം ചേർത്തുവെക്കണം. എന്നാൽ ആരോഗ്യപ്രവർത്തകർ നേരിട്ട
ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ട കാര്യമായ ശ്രമങ്ങൾ പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടായോ എന്ന് സംശയമാണ്.
പൊതുസമൂഹവും ഡോക്ടർമാരും
ഡോക്ടർമാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ, പൊതുസമൂഹം പൊതുവെ നിസംഗമാണ് എന്നൊരു അഭിപ്രായം കേൾക്കാറുണ്ട്, പ്രത്യേകിച്ച്, സങ്കീർണമായ ചികിത്സാപ്രയോഗങ്ങളിൽ പോലും ഡോക്ടർമാർ പ്രതികളാക്കപ്പെടുന്ന സാഹചര്യത്തിൽ. തീർച്ചയായും ഇത്തരം സാഹചര്യങ്ങളുണ്ട്. ആശുപത്രികളിൽ ഡോക്ടർമാരുടെ സുരക്ഷിതത്വത്തെ ബാധിക്കാവുന്ന രീതിയിൽ ഇത്തരം പ്രശ്‌നങ്ങൾ വികസിക്കാറുമുണ്ട്. അത് ചികിത്സയെയും ബാധിക്കും.
ചികിത്സാപിഴവ് എന്താണ്, അത് എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് കൃത്യമായി നിർവചിക്കപ്പെട്ട നിയമങ്ങളുണ്ടാകുക എന്നത് ഏറ്റവും പ്രധാനമാണ്. ഇതിനായി മെഡിക്കൽ ഓംബുഡ്‌സ്മാൻ പോലെ, ഒരു നിഷ്പക്ഷ സംവിധാനം ആവശ്യമുണ്ട്.
ഈ പ്രശ്‌നത്തെ വ്യത്യസ്ത തലങ്ങളിലൂടെ വേണം സമീപിക്കാൻ. ആദ്യമായി, ചികിത്സാപിഴവ് എന്താണ്, അത് എങ്ങനെ കണ്ടെത്താം എന്നതിനെക്കുറിച്ച് കൃത്യമായി നിർവചിക്കപ്പെട്ട നിയമങ്ങളുണ്ടാക്കുക എന്നത് ഏറ്റവും പ്രധാനമാണ്. ഇതിനായി മെഡിക്കൽ ഓംബുഡ്‌സ്മാൻ പോലെ, ഒരു നിഷ്പക്ഷ സംവിധാനം ആവശ്യമുണ്ട്. മറ്റൊന്ന്, കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടോ എന്നുറപ്പുവരുത്താനും പിഴവ് കണ്ടെത്താനുമുള്ള മാർഗരേഖ വേണം. ആശുപത്രി തലത്തിലോ സംസ്ഥാനതലത്തിലോ ദേശീയതലത്തിലോ ഇത്തരം മാർഗരേഖകളുണ്ടാക്കാം. വ്യത്യസ്തങ്ങളായ രോഗാവസ്ഥകൾ പരിഗണിച്ച് പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിൽ എന്തെല്ലാമാണ് ചികിത്സാവിധികൾ, അത് കൃത്യമായി നൽകേണ്ടത് എങ്ങനെ എന്നെല്ലാം നിർവചിക്കപ്പെടണം. അതിനനുസരിച്ചുള്ള പരിശീലനം ആരോഗ്യപ്രവർത്തകർക്ക് നൽകണം. ആശുപത്രികളിൽ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കണം.
ഈ രണ്ടു കാര്യങ്ങളുണ്ടെങ്കിൽ ചികിത്സാപിഴവ് ഉണ്ടോ എന്ന് കണ്ടെത്താൻ കഴിയും, നഷ്ടപരിഹാരം അടക്കമുള്ള നടപടികളെടുക്കാനും കഴിയും. സ്വഭാവിക നീതിയാണത്. എന്നാൽ, ഇവിടെ സംഭവിക്കുന്നത് എന്താണ്? ചികിത്സയിൽ സങ്കീർണതയോ പിഴവോ ആരോപിച്ചുകൊണ്ടുള്ള ജനക്കൂട്ട ആക്രമണങ്ങളാണുണ്ടാകുന്നത്. ഇത് ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും മൊറെയ്‌ലിനെ ബാധിക്കുന്ന പ്രശ്‌നമായി മാറിയിട്ടുണ്ട്. അത് ആത്മവിശ്വാസത്തോടെ കൃത്യമായി ചികിത്സ നിർണയിക്കുന്നതിലും ചികിത്സ നൽകുന്നതിലും തടസമുണ്ടാക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ആശുപത്രികളിൽ ചികിത്സക്കുപോകുമ്പോൾ അവകാശങ്ങൾ മാത്രമല്ല, കടമകളും കൂടി ജനങ്ങൾക്കുണ്ട് എന്ന് അവരെ ബോധവത്കരിക്കേണ്ടതുണ്ട്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.