പോൾ കലാനിധി

മരണം ജീവിതത്തെ പുണരുന്ന നിമിഷങ്ങളിൽ
​നിങ്ങൾ എങ്ങനെയായിരിക്കും?

പോൾ കലാനിധി എന്ന ന്യൂറോ സർജൻ തന്റെ കാൻസർ രോഗം നിർണയിക്കപ്പെട്ടതുമുതൽ, ശേഷി നഷ്ടപ്പെടുന്നതുവരെയുള്ള ദിനങ്ങളിൽ അനുഭവിച്ച, മരണത്തിന്റെയും ജീവിതത്തിന്റെയും തീവ്രനിമിഷങ്ങൾ രേഖപ്പെടുത്തുന്ന കൃതിയാണ്​ ‘വെൻ ബ്രെത് ബികംസ് എയർ'. രോഗത്തിനും ജോലിക്കുമിടയിൽ അപൂർണമായി രചിക്കപ്പെട്ട ഈ പുസ്തകം മരണത്തിനും ജീവിതത്തോടൊപ്പം അർഥവും അന്തസ്സും നൽകുന്നു.

ണ്മയുടെ അഭാവവും ഭാവവും ഒരുമിച്ച് സമ്മേളിക്കുന്ന വേദിയാണോ മരണം? മറ്റുള്ളവരിൽ നിന്ന് വേറിട്ട് ഞാനെന്ന സ്വത്വത്തിന് നിലയില്ല എന്നത് മരണം ഉറപ്പാക്കുന്നു. മരണത്തിനുശേഷം മറ്റുള്ളവരിലൂടെ ജീവിക്കുന്നു എന്നതല്ല, ജീവിച്ചിരിക്കുന്നതും അപരരിലൂടെയാണെന്നതിന് അടിവരയിടുകയാണ് ഉറ്റവർ ഓടിയെത്തുന്ന മരണവേദി.

കുരുവിനുള്ളിൽ ഉരുവപ്പെടുന്ന രൂപം പുറത്തുവന്നാലും നശിച്ചാലും, എണ്ണമറ്റവക്ക് പിറവി നൽകാൻ പാകത്തിൽ ഉള്ളിൽ പതിഞ്ഞുകിടപ്പാണ്. അകത്തെ രൂപരേഖയിലാണോ പുറത്തുവന്ന രൂപത്തിലാണോ ഉണ്മ നിലകൊള്ളുന്നത്? ഉള്ളിൽ പേറി നടക്കുന്നവർക്ക് പെട്ടെന്നുണ്ടാകുന്ന ശൂന്യത, ഉറ്റവരിൽ മരിച്ചവരെ വീണ്ടും മുളപ്പിച്ചെടുക്കുന്നു. അവ ആദരാഞ്ജലികളും ആചാരങ്ങളും മാത്രമായി അവസാനിക്കണമെന്നില്ല. ഓർമകളിലൂടെയോ വാക്കുകളിലൂടെയോ എഴുത്തിലൂടെയോ ഒക്കെ ദീർഘകാലം നിലനിൽക്കാം.

മരണത്തെ മുൻകൂട്ടി അറിയുന്ന മനുഷ്യർ, ധാരാളം ചിന്തിച്ചുകൂട്ടിയിട്ടുണ്ട്. ഉറപ്പോടെ ജീവിക്കുന്ന സമയത്തുതന്നെ, ഇല്ലാതാകുമെന്ന അറിവുണ്ടാക്കുന്ന വൈരുദ്ധ്യത്തെ മറികടക്കാനുള്ള ശ്രമങ്ങൾ മനുഷ്യർ നടത്തികൊണ്ടേയിരിക്കുന്നു. മരണത്തെ അഭിമുഖീകരിക്കുക പ്രയാസമാണെങ്കിലും അസാധ്യമല്ല. കലയും സാഹിത്യവും തത്വചിന്തയും എല്ലാം ഈ ഒരു ധർമം കൂടി നിർവഹിക്കുന്നു. മോഡേൺ സയൻസിന്റെ അറിവുകൾ ഇവയെ കുറേക്കൂടി സമ്പുഷ്ടമാക്കുന്നു. പോൾ കലാനിധി എന്ന ന്യൂറോ സർജൻ തന്റെ രോഗം നിർണയിക്കപ്പെട്ടതുമുതൽ, ശേഷി നഷ്ടപ്പെടുന്നതുവരെയുള്ള ദിനങ്ങളിൽ അനുഭവിച്ച, ‘‘മരണത്തിന്റെയും ജീവിതത്തിന്റെയും നിറക്കൂട്ടുകൾ'' ചാലിച്ച് രചിച്ചതാണ് ‘വെൻ ബ്രെത് ബികംസ് എയർ' (When Breath Becomes Air) എന്ന കൃതി.

ഇന്ത്യൻ വംശജനായ പോൾ, അമേരിക്കയിലെ സ്റ്റാൻഫോർഡിൽ ന്യൂറോ സർജനായുള്ള പരിശീലനം അവസാനിക്കാറായ സമയത്ത്, മുപ്പത്താറാമത്തെ വയസ്സിലാണ് അതിതീവ്രമായ കാൻസറിന് വിധേയനാകുന്നത്. സയൻസിലും സാഹിത്യത്തിലും തത്വചിന്തയിലും ഒരേപോലെ ആഭിമുഖ്യമുണ്ടായിരുന്ന പോൾ ചികിത്സയിലെ ധാർമികത, തുടക്കം മുതൽ വിടാതെ പിന്തുടർന്നിരുന്നു. പഠനകാലത്തുതന്നെ പ്രസിദ്ധീകരിക്കപ്പെട്ട ഗവേഷണപ്രബന്ധവും അന്വേഷണത്തിലുള്ള താത്പര്യവും പ്രൊഫഷണലായ വൈദഗ്ദ്ധ്യവും വളരെ ശോഭനമായ ഒരു ഭാവി മുന്നിൽ വച്ചുനീട്ടിയിട്ട് തട്ടിക്കളയുകയാണുണ്ടായത്. അങ്ങേയറ്റത്തെ നിരാശയിലേയ്ക്ക് ഒരാൾ കൂപ്പുകുത്താവുന്ന സാഹചര്യം. അതിനേക്കാളുപരി, അതികഠിനമായ ശാരീരികപ്രയാസങ്ങളിലൂടെയാണ് രോഗബാധിതമായ രണ്ടുവർഷങ്ങളിലൂടെ അദ്ദേഹം കടന്നുപോയത്. അതെല്ലാം ധീരമായി നേരിട്ട്​ ഈ പുസ്തകത്തിനുള്ള കുറിപ്പുകൾ തയാറാക്കാൻ കഴിഞ്ഞത് ചിന്തയുടെ ഓജസ്സുകൊണ്ടും മനുഷ്യരോടുള്ള ധാർമികമായ പ്രതിബദ്ധത കൊണ്ടുമാണ്.

അവയവങ്ങളിൽ പടർന്നുകയറുന്ന വിനാശകാരിയായ അർബുദത്തെയും മരുന്നുകളുടെ പാർശ്വഫലങ്ങളെയും ഒരുവശത്ത് ഒതുക്കിയിട്ട്, സ്‌നേഹബന്ധങ്ങളെ പരിപോഷിപ്പിക്കുകയും വൈദഗ്ധ്യം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യാനുള്ള അവസാനശ്രമങ്ങൾ വായനക്കാർക്ക് അസാധാരണമായി അനുഭവപ്പെടും.

മരണസമയത്തും അതിനുശേഷവുമുള്ള കാര്യങ്ങൾ അദ്ദേഹത്തിന് എഴുതാൻ കഴിയാത്തതുകൊണ്ട് ആ ഭാഗം എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ സഹധർമിണിയായ ലൂസിയാണ് എന്ന സവിശേഷതയും ഈ പുസ്തകത്തിനുണ്ട്. അവയവങ്ങളിൽ പടർന്നുകയറുന്ന വിനാശകാരിയായ അർബുദത്തെയും മരുന്നുകളുടെ പാർശ്വഫലങ്ങളെയും ഒരുവശത്ത് ഒതുക്കിയിട്ട്, സ്‌നേഹബന്ധങ്ങളെ പരിപോഷിപ്പിക്കുകയും വൈദഗ്ധ്യം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യാനുള്ള അവസാനശ്രമങ്ങൾ വായനക്കാർക്ക് അസാധാരണമായി അനുഭവപ്പെടും. ഓരോ നിമിഷവും അനിശ്ചിതത്വത്തിലൂടെ കടന്നുപോകുമ്പോഴും തീരുമാനങ്ങളെടുക്കാനുള്ള ബാധ്യത ഏറ്റെടുക്കുകയും അത് വായനക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്യാൻ സാധിക്കുന്നത് നേരിനെ നേർക്കുനേർ നിർത്താനുള്ള അസാധാരണമായ ആർജവം കൊണ്ടാണ്. ശ്വാസം അടക്കിപ്പിടിച്ചുകൊണ്ടുമാത്രം വായിച്ചുതീർക്കാവുന്ന ഈ കൃതിക്ക് അനേകം അടരുകളുള്ളതിനാൽ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. അതെനിയ്ക്ക്, അദ്ദേഹത്തെ പോലെ മെഡിക്കൽ സയൻസിനോട് കടപ്പെട്ടിരിക്കുന്ന ഒരു മനസ്സുള്ളതുകൊണ്ടാണോ എന്നറിയില്ല.

പോളിന്റെ മരണശേഷം പുസ്തകം വായിച്ചതിലൂടെയാണ് അദ്ദേഹത്തെ അടുത്തറിയുന്നതെന്ന് അവതാരിക എഴുതിയ പകർച്ചവ്യാധി ചികിത്സിക്കുന്ന ഡോക്ടറായ ഏബ്രഹാം വർഗീസ് പറയുന്നു: ‘‘കൈകൾ വഴങ്ങുക പോലും ചെയ്യാതെ, തീവ്രമായ വേദനയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴും സമചിത്തത വെടിയാതെ തന്റെ ചിന്തകൾ മറ്റുള്ളവരുമായി പങ്കുവക്കാൻ നടത്തിയ ഈ ശ്രമം അത്യപൂർവമായിരിക്കും. സ്വന്തം ജീവരസത്തിൽ മുക്കി എഴുതിയ ഈ ആത്മകഥ വായിക്കുന്നവർക്കും മരണത്തെ സധൈര്യം നേരിടാൻ പ്രാപ്തി ഉണ്ടായേക്കും. ഓർമദിവസം ഒത്തുകൂടുമ്പോൾ പരസ്പരം അറിയാത്തവർ തമ്മിൽ ആത്മബന്ധവും സ്വാധീനവും ഉണ്ടാക്കാൻ പാകത്തിൽ പോളിന്റെ അസാന്നിദ്ധ്യം, സാന്നിദ്ധ്യമായി മാറി. എഴുത്തിലെ സത്യസന്ധത കൊണ്ട് വാക്കുകൾക്കിടയിലെ നിശ്ശബ്ദതയിൽ വായനക്കാർ സ്വന്തം ശബ്ദം കേൾക്കുന്നു.’’

പോൾ കലാനിധിയും ലൂസിയും മകൾക്കൊപ്പം/ Photo: Facebook, Lucy Goddard

പോൾ കലാനിധി സ്റ്റാൻഫോർഡിൽ ന്യൂറോ സർജറിയിൽ റസിഡന്റായിരിക്കെ 2013-ലാണ് രോഗം തിരിച്ചറിയുന്നത്. കുറച്ചുകാലമായി ശരീരം ശോഷിക്കുകയും കടുത്ത നടുവേദനക്കടിപ്പെടുകയും ചെയ്ത പോൾ, തനിക്ക് കാൻസർ ആയിരിക്കുമോ എന്ന് സ്വയം സംശയിക്കുന്നുണ്ട്. മെഡിക്കൽ ഡേറ്റാബേസിൽ അതേപ്പറ്റി തിരയുന്നത് കണ്ടുപിടിച്ച, മെഡിക്കൽ റെസിഡന്റും ഭാര്യയുമായ ലൂസി, ഇക്കാര്യം താനുമായി പങ്കുവക്കാത്തതിൽ പരിഭവിക്കുകയും ചെയ്യുന്നു. മെഡിക്കൽ പഠനത്തിനിടയിൽ പ്രണയിച്ച് വിവാഹം ചെയ്ത അവർക്കിടയിൽ ചെറിയ വിടവുണ്ടായ കാലമായിരുന്നു അത്. സംശയിച്ചതുപോലെ തനിക്ക് ശ്വാസകോശത്തിൽ കാൻസർ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തുന്നു. ഇതറിയുന്നതോടെ അവർ രണ്ടുപേരും മുമ്പത്തേക്കാൾ പരസ്പരം അടുക്കുകയും കരുതുകയും ചെയ്യുന്നു. ആദ്യമായി ആശുപത്രിയിലെത്തിയ ദിവസം കിടക്കയിൽ അവർ തമ്മിൽ മുറുകെ പുണർന്നുകിടന്നു. ഇത് കാൻസർ അല്ലാതിരിക്കാൻ എന്തെങ്കിലും പഴുതുണ്ടോ എന്ന് ഡോക്ടർ കൂടിയായ ലൂസി അന്വേഷിച്ചുവെങ്കിലും പോൾ അത് തന്നെയാണെന്ന് ഉറപ്പിച്ചിരുന്നു.

പിന്നീടങ്ങോട്ടുള്ള ജീവിതത്തിൽ ഡോക്ടർ, രോഗി കൂടിയാവുകയാണ്.
ഡോക്ടർ എന്ന റോളിൽ നിന്ന് രോഗിയിലേയ്ക്കുള്ള ആ പരിവർത്തനത്തിന്റെ ഓരോ മാത്രയും ആൾ അറിയുന്നുണ്ട്. നീലനിറത്തിലുള്ള ഹോസ്പിറ്റൽ ഗൗൺ ധരിച്ച്, ചിരപരിചിതരായ നഴ്സുമാരെ കടന്ന്, നൂറുകണക്കിന് രോഗികളെ പരിശോധിച്ച റൂമിൽ സ്വയം അഡ്മിറ്റാകുന്നു. രോഗികളുടെ കൂടെയിരുന്ന് അവരുടെ അന്ത്യനാളുകളെയും സങ്കീർണതകളെയും പറ്റി വിവരിച്ചുകൊടുക്കുകയും അതിജീവിച്ചവരെ അഭിനന്ദിക്കുകയും, മരണം ഉറപ്പുവരുത്തി ബന്ധുക്കളെ അറിയിക്കുകയും ചെയ്ത അതേ മുറിയിൽ പോൾ തന്റെ ഡോക്ടറെ പ്രതീക്ഷിച്ചു കിടന്നു. വൈദ്യപഠനം തുടങ്ങിയതുമുതൽ താൻ പരിചരിച്ച രോഗികളെയും അവരുടെ സഹനവും ആശ്വാസവും ഓർത്തെടുക്കുമ്പോഴും, ദുരിതത്തിന്റെ ആഴം ശരിക്കും അറിയുന്നത് രോഗിയാകുമ്പോൾ മാത്രമാണ് എന്ന് തിരിച്ചറിയുന്നു.

ശരീരം ശോഷിച്ചും കഠിനമായ നടുവേദനയുമായെത്തുന്ന 35 വയസ്സുകാരനെ ഒരു മെഡിക്കൽ വിദ്യാർഥിക്ക് രോഗനിർണയം നടത്താൻ നൽകുകയാണെങ്കിൽ ആദ്യം നൽകുന്ന ഉത്തരം കാൻസർ തന്നെയാവും. എന്നാൽ രോഗി താൻ തന്നെയാകുമ്പോൾ അത് സംശയം മാത്രമായി തോന്നും

ശരീരത്തിന്റെ ക്ഷീണവും രൂപമാറ്റവുമെല്ലാം രോഗിയുടെ ഐഡന്റിറ്റി തന്നെ മാറ്റിമറിക്കും. മാരകമായ രോഗം ബാധിച്ചവർക്ക്, അവരുടെ മാനസികാവസ്ഥ നന്നായി പരിഗണിച്ച് ജീവിതകാലാവധിയെപ്പറ്റി, കരുണ കൈവെടിയാതെ യഥാർഥമായ വിവരങ്ങൾ താൻ നൽകിയിരുന്നു എന്ന് സ്വന്തം കൺസൾട്ടേഷന്റെ സമയത്ത് പോൾ ഓർക്കുന്നു. കപ്‌ളാൻ- മെയർ രേഖ (Kaplan-Meier curve) ഉപയോഗിച്ച് എത്രനാൾ ജീവിക്കുമെന്ന് പറയാൻ തന്റെ ഡോക്ടറായ എമ്മയോട് പോൾ ആവശ്യപ്പെടുന്നു. കൃത്യമായ ഉത്തരം ലഭിക്കാത്തതിനാൽ അസ്വസ്ഥപ്പെടുകയും ചെയ്യുന്നുണ്ട്.

രോഗത്തെക്കുറിച്ച് എല്ലാം അറിയുന്ന ആൾ കൂടിയാണ് ഡോക്ടർ. ശരീരം ശോഷിച്ചും കഠിനമായ നടുവേദനയുമായെത്തുന്ന 35 വയസ്സുകാരനെ ഒരു മെഡിക്കൽ വിദ്യാർഥിക്ക് രോഗനിർണയം നടത്താൻ നൽകുകയാണെങ്കിൽ ആദ്യം നൽകുന്ന ഉത്തരം കാൻസർ തന്നെയാവും. എന്നാൽ രോഗി താൻ തന്നെയാകുമ്പോൾ അത് സംശയം മാത്രമായി തോന്നും. പ്രത്യേകിച്ച് അപൂർവമായി കാണാവുന്ന രോഗമാകുമ്പോൾ. രോഗം ഉറപ്പായാൽ ജീവിതം തകർന്നുപോവും. ഉറ്റവരും സുഹൃത്തുക്കളും കൊണ്ടുവരുന്ന ആശ്വാസവാക്കുകൾ ചിലപ്പോഴെങ്കിലും പൊള്ളയായി തോന്നും.

ഒരാഴ്ച മുമ്പുവരെ തുടർച്ചയായി 36 മണിക്കൂറോളം ജോലിചെയ്തിരുന്ന ആൾ ആ കർമങ്ങളിൽ നിന്ന്​ ഒഴിവാക്കപ്പെട്ടിരിക്കുന്നു. പ്രിയപ്പെട്ടവർ തനിക്കുവേണ്ട കാര്യങ്ങൾ ഒരുക്കുമ്പോഴും പ്രതീക്ഷ ഉണർത്തുന്ന തരത്തിൽ സംസാരിക്കുമ്പോഴും, എത്രയോ തവണ മറ്റു രോഗികളുടെ മുന്നിൽ ഇതുപോലെയുള്ള കാര്യങ്ങൾക്ക് സാക്ഷ്യംവഹിച്ചിരിക്കുന്നു എന്നോർക്കുകയാണ്. സഹപ്രവർത്തകയും ഡോക്ടറുമായ എമ്മയോട് ഒരിക്കൽ, സുഖമാണല്ലോ എന്ന് ചോദിക്കുമ്പോൾ, രോഗികളോട് ഡോക്ടർമാർ ക്ഷേമം അന്വേഷിക്കുകയല്ലാതെ, അവർ അങ്ങനെ തിരിച്ചുചെയ്യാറില്ലല്ലോ എന്നോർത്തുപോകുന്നു.

ചികിത്സയിലിരിക്കെ വീണ്ടും ഡോക്ടറായി ജോലിയിൽ പ്രവേശിക്കാൻ പോളിന് അവസരം ലഭിക്കുന്നുണ്ട്. രോഗങ്ങളെക്കുറിച്ച് നല്ല വിവരമുള്ള ആളിന്റെ ഭാവികാര്യങ്ങൾ എളുപ്പം ഡോക്ടർക്ക് തീരുമാനിച്ച് നൽകാൻ കഴിയില്ല. അനിശ്ചിതത്വം രോഗകാലത്തുടനീളം പോളിനെ വേട്ടയാടുന്നുണ്ട്. ഭാവി എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കുക ഈ അവസരത്തിൽ വളരെ പ്രയാസമായിരുന്നു. ഡോക്ടറായ എമ്മ അതു ചോദിക്കുമ്പോഴൊക്കെയും തന്റെ കാലാവധി കപ്ലാൻ മേയർ രേഖ ഉപയോഗിച്ച് കൃത്യമായി പറയാനാണ് പോൾ ആവശ്യപ്പെടുന്നത്. എമ്മ അതിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യും. ന്യൂറോ സർജറി ചെയ്യാൻ ഇനിയും താൽപര്യമുണ്ടോ എന്ന് എമ്മ ചോദിക്കുമ്പോൾ തന്റെ ജീവിതത്തിന്റെ മുക്കാൽ പങ്കും അതിനുവേണ്ടിയാണ് പരിശ്രമിച്ചിട്ടുള്ളതെന്ന മറുപടിയിൽ അതിനോടുള്ള അതിയായ താത്പര്യം പ്രകടമാകുന്നുണ്ട്. 40 വർഷത്തോളം നീളുമായിരുന്ന തന്റെ കരിയറിന്റെ പകുതി ഭാഗം ന്യൂറോ സർജറിയിലും ഗവേഷണത്തിലും, പിന്നീടുള്ള പകുതി സാഹിത്യരചനയിലും മുഴുകാനായിരുന്നു ആഗ്രഹിച്ചിരുന്നത്. പത്തുവർഷമെങ്കിലും ലഭിച്ചാൽ അത് പ്രൊഫഷനിലേയ്ക്കും രണ്ടുവർഷമാണെങ്കിൽ എഴുത്തിലേയ്ക്കും തിരിയാമെന്ന് പോൾ ചിന്തിച്ചു. എന്നാൽ കാലാവധി അറിയാതെ എങ്ങനെ തീരുമാനമെടുക്കും?

പോൾ കലാനിധിയും ലൂസിയും ആശുപത്രിയിൽ/ Photo: med.stanford.edu

രോഗികളാവുന്നവർ അവരുടെ മറ്റു കടമകൾ നിർവഹിക്കാനാകാതെ കുഴങ്ങുന്നത് ഈ സമയത്ത് നമ്മൾ തിരിച്ചറിയുന്നു. കുടുംബത്തിൽ പ്രിയപ്പെട്ടവരോടൊപ്പം കഴിയുക എന്നതും വിലപ്പെട്ടതാണ്. ചിലർ ജോലി പൂർണമായി വിടുകയും മറ്റു ചിലർ പൂർണമായി അതിൽ മുഴുകുകയും ചെയ്യും. കൺസൾട്ടേഷന് എമ്മയുടെ അടുത്തെത്തുമ്പോൾ രോഗിയെന്നുള്ള ഐഡന്റിറ്റിയുണ്ട്. എന്നാൽ, മറ്റു സ്ഥലങ്ങളിൽ എത്തുമ്പോൾ മുഖം നഷ്ടപ്പെട്ടതുപോലെ. രോഗിയായും ഡോക്ടറായും എമ്മയുടെ സഹായത്തോടെ തുടരുമ്പോഴും അർഥവത്തായി മരണത്തെയും ശിഷ്ടജീവിതത്തെയും അഭിമുഖീകരിക്കുന്നതിന് പോൾ വീണ്ടും സാഹിത്യത്തിലേയ്ക്ക് തിരിഞ്ഞു. പഴയ ജീവിതത്തെ പുതുക്കുകയോ പുതിയതൊന്ന് പണിയുകയോ വേണ്ടിയിരുന്നു.

ആ സമയത്ത് സ്വന്തം ജീവിതത്തിലേയ്ക്ക് പിന്തിരിഞ്ഞുനോക്കി അതെഴുതാനാരംഭിച്ചു. ചെറുപ്പകാലത്തുതന്നെ ധാരാളം വായിക്കുകയും സാഹിത്യത്തെ മനുഷ്യബന്ധങ്ങളിലെ സൂക്ഷ്മതകളുടെ നിലവറയായി കാണുകയും ചെയ്തിരുന്നു. ഒരു ഡോക്ടർക്കാവശ്യമായ മനുഷ്യസ്‌നേഹത്തിലേയ്ക്കുള്ള വാതിൽ തുറക്കുക കൂടി ആയിരുന്നിരിക്കണം അത്. യൗവനാരംഭത്തിൽ പങ്കെടുത്ത സാഹിത്യ ക്യാമ്പിലെ അനുഭവങ്ങൾ ഹൃദ്യമായി ഇതിൽ വിവരിക്കുന്നുണ്ട്. അമ്മയോടും അച്ഛനോടും രണ്ട് സഹോദരന്മാരോടും ഒപ്പം അരിസോണയിലെ ഒരു മരുപ്രദേശത്തിനരികെയായിരുന്നു കുട്ടിക്കാലം കഴിച്ചത്. അവിടവിടെ അലഞ്ഞുനടക്കുകയും പാമ്പുകളും തേളുകളും ചിലന്തികളും ഒക്കെയായുള്ള മുഖാമുഖങ്ങളിലൂടെ കടന്നുപോവുകയും ചെയ്തിരുന്ന കാലം. നല്ല സ്‌കൂളുകൾ ആ പ്രദേശത്തില്ലാതിരുന്നതിനാൽ വായിക്കാൻ ധാരാളം പുസ്തകങ്ങൾ അമ്മ നൽകിയിരുന്നു. രാത്രി കാൽപനികലോകത്ത് കറങ്ങിനടന്ന് വെളുപ്പാൻ കാലത്ത് തിരിച്ചെത്തുന്ന മകനെ ലഹരി പിടികൂടിയിട്ടുണ്ടോ എന്ന് സംശയത്തോടെ തിരയുന്ന അമ്മയ്ക്ക്, അമ്മതന്നെ തെരഞ്ഞെടുത്ത് നൽകുന്ന റൊമാന്റിക് കവിതകളാണ് തനിക്ക് ലഹരിയായതെന്ന് അറിയാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് ചിരിക്കുന്നു.

ഡോക്ടർ എന്ന നിലയിൽ അനേകം പേരുടെ മരണം പരിചിതമായി കഴിഞ്ഞിരുന്നു എങ്കിലും സ്വന്തം മരണം മുഖാമുഖം എത്തിയപ്പോൾ തീരെ പരിചിതമല്ലാത്ത ഒരു മരുഭൂമി മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്നതായാണ് തോന്നിയത്.

ബയോളജിയും സാഹിത്യവും പഠിച്ചശേഷം പതുക്കെയാണ് മെഡിക്കൽ വിദ്യാഭ്യാസത്തിലേയ്ക്ക് കടന്നുവരുന്നത്. ധാർമികതയും മനുഷ്യജീവിതത്തിന്റെ അർഥവും മസ്തിഷ്‌കവുമായി അതിനുള്ള ബന്ധവും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് അതും സംഭവിക്കുന്നത്. മെഡിക്കൽ വിദ്യാർഥികളുടെ ആദ്യദിവസത്തെ കഡാവർ (ശവശരീരം) ഡിസ്സെക്ഷൻ ഏതൊരാളെയും പോലെ പോളിനും മറക്കാനാവാത്തതാണ്. ശവശരീരത്തെ ഗുരുവായി കാണണമെന്ന സങ്കൽപമുണ്ടെങ്കിലും ഓരോരുത്തരുടെയും സ്വഭാവങ്ങൾക്കനുസരിച്ചായിരിക്കും അതിനോടുള്ള സമീപനം. ആ ദിവസം മുതൽ തന്നെ ഭാവിയിൽ എങ്ങനെയുള്ള ഡോക്ടർ ആയിത്തീരുമെന്ന് പ്രവചിക്കാനാകുമെന്ന് തോന്നുന്നു. മറ്റു മനുഷ്യരെ നമ്മൾ എങ്ങനെ ബഹുമാനിക്കുന്നു എന്നത് അവിടെ പ്രകടമാകും. ജീവിച്ചിരുന്ന ആളിന്റെ സ്വകാര്യതയിലേയ്ക്കും വിശുദ്ധിയിലേയ്ക്കും കൈവെക്കുമ്പോൾ ആദ്യം തോന്നുന്ന വികാരം നിലനിർത്തുന്നവരിൽ മനുഷ്യരോടുള്ള ആദരവ് നിലനിൽക്കുമായിരിക്കും. തന്റെ മുന്നിലെത്തിയ ശരീരത്തിലെ അടയാളങ്ങളിൽ നിന്ന് ഇന്നലെ ജീവിച്ച ആ മനുഷ്യൻ കടന്നുപോയ രോഗവും ശസ്ത്രക്രിയയും പോൾ അനുമാനിച്ചെടുക്കുന്നുണ്ട്. ആമാശയത്തിൽ നിന്ന് കണ്ടെത്തിയ രണ്ട് മോർഫിൻ ഗുളികകൾ മരണത്തിന് തൊട്ടുമുമ്പ് അയാൾ അനുഭവിച്ച വേദനയായി വായിച്ചെടുക്കുന്നു.

ഈ മനുഷ്യസ്പർശം ജോലിയിലും പോൾ കാത്തുസൂക്ഷിച്ചു. ഡോക്ടർ എന്ന നിലയിൽ അനേകം പേരുടെ മരണം പരിചിതമായി കഴിഞ്ഞിരുന്നു എങ്കിലും സ്വന്തം മരണം മുഖാമുഖം എത്തിയപ്പോൾ തീരെ പരിചിതമല്ലാത്ത ഒരു മരുഭൂമി മുന്നിൽ നീണ്ടുനിവർന്നു കിടക്കുന്നതായാണ് തോന്നിയത്. ഡോക്ടറുടെ ആശ്വാസവചനങ്ങൾ കേൾക്കുമ്പോൾ അത് സ്വന്തം രോഗികളോട് ആയിരം തവണ പറഞ്ഞ ആവർത്തനങ്ങളായി ഉള്ളിൽ ചിലമ്പിച്ചു. ചികിത്സാപദ്ധതി ചർച്ചചെയ്ത് ഒരുമിച്ച് തീരുമാനിക്കുകയോ, അതല്ലെങ്കിൽ ആ ഭാരത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയോ ചെയ്യാമെന്ന ചോയ്സ് ഡോക്ടറായ എമ്മ നൽകുന്നുണ്ട്. രോഗികൾക്ക് സ്വന്തം രോഗത്തെക്കുറിച്ച് നല്ല ഉൾക്കാഴ്ച ഉണ്ടാകുമെന്നും അവരുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്നും എന്നാൽ, ഡോക്ടറുടെ ശ്രദ്ധയോടെയുള്ള ഉത്തരവാദിത്വത്തിൽ നിന്ന്​ തെല്ലും ഒഴിയരുതെന്നുമാണ് പോൾ കരുതിയത്. തന്റെ രോഗികളിൽ നിന്ന് അവരുടെ കഥകൾ കേട്ടിരുന്നതും ഓർക്കുന്നുണ്ട്.

ശാസ്ത്രീയമായ അറിവിന്റെ കൃത്യതയേക്കാൾ രോഗിക്കാവശ്യം തന്റെ നിലനിൽപ്പിനോട് ചേർത്ത് മനസ്സിലാക്കാനാവുന്ന യാഥാർഥ്യമാണ്​. സത്യത്തോട് അടുത്തുനിൽക്കുന്ന അത് കള്ളമോ വെറും വിശ്വാസമോ ആകാനും പാടില്ല.

സ്റ്റാറ്റിസ്റ്റിക്‌സ് ഉപയോഗിച്ചുള്ള മരണകാലാവധിയുടെ പ്രവചനവും നന്നായി മനസ്സിലാക്കിയിരുന്ന സയൻറിസ്റ്റ് കൂടിയായതിനാൽ, ജീവിതം തിരിച്ചുകിട്ടാനുള്ള സാധ്യത ഒരു നേരിയ ആകസ്മികതയുടേതുമാത്രമാണെന്ന് തിരിച്ചറിയുന്നു. സംഭവ്യതയുടെ സയൻസായ സ്റ്റാറ്റിസ്റ്റിക്ക്‌സ് നൽകുന്ന പഴുതുകളെ കുറിച്ച് പോളിന് അറിവുണ്ട്. മരിക്കാൻ പോകുന്ന ആൾ ആ പഴുതിലും പ്രതീക്ഷ കാണും. പ്രതീക്ഷ മതിഭ്രമം ആയേക്കുമെന്ന ധാരണയും അദ്ദേഹത്തിനുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പോൾ സയന്റിസ്റ്റും തത്വചിന്തകനുമായി വഴുതിക്കൊണ്ടിരിക്കുന്നതു കാണാം. നമ്പറുകൾ സയൻറിസ്റ്റ് കൂടിയായ ഡോക്ടർക്ക് കൃത്യത നൽകുമ്പോൾ അത് രോഗിയുടെ വ്യക്തിജീവിതത്തിലേയ്ക്ക് പരിഭാഷപ്പെടുത്തുന്നത് മറ്റൊരു മൂല്യമാണ് എഴുതിച്ചേർക്കുന്നത്. ശാസ്ത്രീയമായ അറിവിന്റെ കൃത്യതയേക്കാൾ രോഗിക്കാവശ്യം തന്റെ നിലനിൽപ്പിനോട് ചേർത്ത് മനസ്സിലാക്കാനാവുന്ന യാഥാർഥ്യമാണ്​. സത്യത്തോട് അടുത്തുനിൽക്കുന്ന അത് കള്ളമോ വെറും വിശ്വാസമോ ആകാനും പാടില്ല. അത് മനസ്സിലാക്കിയിരുന്ന പോൾ ആ രീതിയിലാണ് തന്റെ രോഗികൾക്ക് അവസ്ഥകൾ വിശദീകരിച്ചു കൊടുത്തിരുന്നത്. ഡോക്ടർ ഒരേസമയം സയൻറിസ്റ്റും മനുഷ്യസ്‌നേഹിയും ആകുന്നതും ആകേണ്ടതും എങ്ങനെയാണെന്നുകൂടിയുള്ള പാഠമായിത്തീരുന്നുണ്ട് ഈ പുസ്തകത്തിന്റെ താളുകൾ.

പോൾ കലാനിധി മകൾക്കൊപ്പം/ Photo: Facebook, Lucy Goddard

ഈ സമയത്തുണ്ടാകുന്ന അസ്തിത്വപരമായ പ്രശ്‌നങ്ങളൊക്കെ മനുഷ്യസഹജമായ ആകാംക്ഷയോടെ നേരിടുകയാണ് പോളും കുടുംബവും. പ്രതിസന്ധി നേരിടാൻ ഉതകുമെന്ന പ്രതീക്ഷയോടെ പോളും ലൂസിയും ഒരു കപ്പിൾ തെറാപ്പിസ്റ്റിന്റെ അടുത്ത് പോകുന്നു. ഈയൊരവസ്ഥയിൽ, വളരെ നന്നായി പൊരുത്തപ്പെട്ടു പോകുന്നു എന്നാണ് അവർ സമാധാനിപ്പിച്ചത്. അതിനിടെ ഒരു കുഞ്ഞുണ്ടാകുന്നത് ജീവിതത്തിന് പുതിയ അർഥം നൽകുമെന്നും അവർ കണ്ടെത്തുന്നു. സമയം വിലപ്പെട്ടതായതിനാൽ, ടെക്​നോളജിക്കൽ അസിസ്റ്റൻസ് ഉപയോഗിച്ചാണ് ഗർഭധാരണം നടന്നത്. ഫിസിഷ്യനായുള്ള ജോലിയും, ഗർഭവും പോളിന്റെ പരിചരണവും ഒരേസമയം ലൂസി നടത്തിക്കൊണ്ടുപോയി. പ്രസവസമയത്ത് കൈ പിടിച്ച്​ പോൾ ലൂസിയുടെ കൂടെയുണ്ടായിരുന്നു. കുഞ്ഞിനെ നഴ്സിൽ നിന്ന്​ കൈയിൽ വാങ്ങി.

ചികിത്സ തുടരവേ, എമ്മയുടെ ധൈര്യം പകർന്ന വാക്കുകൾ കൊണ്ട് വീണ്ടും ഓപ്പറേഷൻ തിയേറ്ററിൽ ജോലി ചെയ്യാനാരംഭിച്ചു. ആദ്യ ദിവസം മണിക്കൂറുകൾക്കുള്ളിൽ കണ്ണിൽ ഇരുട്ടുകയറുകയും പിൻവാങ്ങുകയും ചെയ്യേണ്ടിവന്നുവെങ്കിലും പതിയെപ്പതിയെ ഫിസിയോ തെറാപ്പിയൊക്കെ ചെയ്ത് കരുത്ത് കൂട്ടി. തിയേറ്ററിന് പുറത്തുള്ള ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുത്തില്ല. ആദ്യം ജോലിയിൽ പഴയതുപോലെ ആനന്ദം അനുഭവിക്കാനായില്ല, എങ്കിലും മരുന്നുകളുടെ സഹായത്തോടെ വീണ്ടും അത് പതിയെ ആസ്വദിക്കാൻ തുടങ്ങി. കുറച്ചുനാളത്തെ പിൻവാങ്ങലിനുശേഷം വീണ്ടും കാൻസർ മുഴകൾ ശ്വാസകോശത്തിൽ പ്രത്യക്ഷപ്പെട്ടു. ഡോക്ടർ സ്ഥാനത്തുനിന്ന്​ രോഗിയുടെ കസേരയിലേയ്ക്ക് വീണ്ടും മാറ്റം. ഇഷ്ടപ്പെട്ട മറ്റു കാര്യങ്ങളിലേയ്ക്ക് തിരിയാൻ എമ്മയുടെ നിർദേശമുണ്ടായി.

ധിഷണാശാലിയും പഠനോത്സുകനുമായ ഒരു ഡോക്ടറാകുന്നതിനുമുമ്പ് ചെറുപ്പത്തിൽ തന്നെ പോൾ ജീവിതത്തിന്റെ അർഥം തിരഞ്ഞുകൊണ്ടിരുന്നു. അത് പിന്നീട് മരണത്തിലേയ്ക്കും നീളുന്ന അന്വേഷണമാവുകയാണ്.

ഡോക്ടർ എന്ന നിലയ്ക്കും രോഗി എന്ന നിലയ്ക്കും മരണത്തെ പരിചയപ്പെടാനും അതിനനുസരിച്ച് ജീവിതം മാറ്റാനും പോൾ ശ്രമിച്ചുകൊണ്ടിരുന്നു. നിരാസം, ദ്വേഷ്യം, വിലപേശൽ, നിരാശ, ഉൾക്കൊള്ളൽ, എന്നിങ്ങനെ മാരകരോഗികൾ കടന്നുപോകുന്ന അവസ്ഥകളിലൂടെയെല്ലാം പോയെങ്കിലും അത് ക്രമം തെറ്റിച്ചായിരുന്നു എന്ന് അദ്ദേഹം ഉള്ളിൽ ചിരിക്കുന്നു. കഷ്ടപ്പെട്ട് നേടിയത് തട്ടിമാറ്റിയതിൽ തനിക്ക് പ്രത്യേകിച്ച് താൽപര്യമില്ലാത്ത ദൈവത്തോട് ദേഷ്യപ്പെടുന്നു.

ആദ്യം കഴിച്ചുകൊണ്ടിരുന്ന മരുന്ന് ഫലം കാട്ടാതെ വന്ന അവസാനഘട്ടത്തിൽ കീമോതെറാപ്പി ചെയ്യാൻ തുടങ്ങി. ന്യൂറോ സർജറി ഗ്രാജുവേഷൻ കിട്ടി, അതിന്റെ ചടങ്ങിൽ പങ്കെടുക്കാൻ ഒരുങ്ങിയ ദിവസം രോഗം ഛർദിയുടെ രൂപത്തിൽ ഗുരുതരമാവുകയും അഡ്മിറ്റ് ചെയ്യേണ്ടിവരുകയും ചെയ്തു.
ചികിത്സകൾ ഒന്നൊന്നായി പരാജയപ്പെടുന്നത് പോൾ അറിഞ്ഞു.
‘ഇനി എന്ത്? ന്യൂറോ സർജറി തുടരാൻ പറ്റുമോ?, മറ്റെന്തെങ്കിലും?നടക്കാനെങ്കിലും?', എമ്മയോടുള്ള ചോദ്യം.
‘ധൈര്യമായി മുന്നോട്ടുപോവുക . ഇനി ഒരു അഞ്ചുകൊല്ലമെങ്കിലും ജീവിക്കാം,' എന്ന മറുപടിയിൽ ആത്മവിശ്വാസക്കുറവ് തണുത്തുകിടന്നു.

ധിഷണാശാലിയും പഠനോത്സുകനുമായ ഒരു ഡോക്ടറാകുന്നതിനുമുമ്പ് ചെറുപ്പത്തിൽ തന്നെ പോൾ ജീവിതത്തിന്റെ അർഥം തിരഞ്ഞുകൊണ്ടിരുന്നു. അത് പിന്നീട് മരണത്തിലേയ്ക്കും നീളുന്ന അന്വേഷണമാവുകയാണ്. മനുഷ്യബന്ധങ്ങളിലും ധാർമികതയിലും അർത്ഥം കാണാൻ ശ്രമിക്കുമ്പോൾ സാഹിത്യമാണ് അതിനുള്ള ഏറ്റവും നല്ല മേഖലയായി കണ്ടത്. ബയോളജിയിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദം നേടുമ്പോൾ കരിയറിനേക്കാൾ ജീവിതത്തിന്റെ അർഥം തിരയുകയായിരുന്നു പോൾ ചെയ്തത്. ന്യൂറോസയൻസിനാൽ വശീകരിക്കപ്പെട്ടിരുന്നതുകൊണ്ടാവണം പോൾ ഇംഗ്ലീഷ് സാഹിത്യത്തിനുവേണ്ടി ‘വിറ്റ് മാൻ ആൻറ്​ മെഡിക്കലൈസേഷൻ ഓഫ് പേഴ്‌സണാലിറ്റി' എന്ന പ്രബന്ധം രചിക്കുമ്പോൾ, അതിൽ സാഹിത്യത്തെക്കാളധികം ന്യൂറോസയൻസ് കടന്നുവന്നത്. വിഷയത്തിൽ ഒതുങ്ങാത്ത അന്വേഷണത്വരയാണ് അത് കാണിക്കുന്നത്. പിന്നീട് മെഡിക്കൽ സ്‌കൂളിലും ന്യൂറോ സർജറി കരിയറായി സ്വീകരിക്കുമ്പോഴും രോഗിയാകുമ്പോഴും എല്ലാം മനുഷ്യബന്ധങ്ങളും അതിന്റെ അർഥവും ധാർമികതയും ഇടമുറിയാതെ ചേർത്തുനിർത്തുന്ന മനോഭാവമാണ് പോളിൽ കാണുന്നത്. രോഗാനുഭവം, നേരത്തെ കണ്ടിരുന്ന ജീവിതത്തിന്റെ അർഥത്തെ മാറ്റിയെഴുതേണ്ടതിലേയ്ക്ക് അദ്ദേഹത്തെ എത്തിക്കുന്നുണ്ട്.

കുഞ്ഞുണ്ടാകാനായി തീരുമാനമെടുക്കുമ്പോൾ, മരണസമയത്ത് കുഞ്ഞിനെ പിരിയുന്നത് കൂടുതൽ വേദനയുണ്ടാക്കില്ലേ എന്ന് ലൂസി ചോദിക്കുന്നുണ്ട്. ആ വേദന ശ്രേഷ്ഠമല്ലേ എന്ന മറുചോദ്യമാണ് പോളിനുള്ളത്.

ടോൾസ്റ്റോയിയുടെ ഇവാൻ ഇല്ലിച്ച്, വൂൾഫ്, കാഫ്ക തുടങ്ങിയ വായനയിൽ വീണ്ടും മുഴുകുന്നു. മരണം പ്രതീക്ഷിക്കാത്ത തരത്തിൽ മുന്നിൽ വന്ന് ജീവിതത്തിന്റെ അടിക്കല്ലിളക്കുമ്പോൾ, ആ മരണത്തിന് അർഥവും അത് പരിഭാഷപ്പെടുത്താൻ വാക്കുകളും കണ്ടെത്തി അനുഭവത്തെ സമ്പന്നമാക്കുകയാണ് ഈ കൃതിയിലൂടെ. ഭാവിയെപ്പറ്റിയുള്ള അനിശ്ചിതത്വവും ക്ഷീണവും പിന്നോട്ടുവലിക്കുമ്പോൾ സാമുവൽ ബക്കറ്റിന്റെ വാക്കുകളിൽ മുറുകെപ്പിടിച്ച് പോൾ എഴുതാനിരിക്കുന്നു. വാക്കുകളിൽ അർഥം നിറച്ച് മരണത്തിന്റെ ശൂന്യതയിൽ ജീവൻ പകരുന്നു.

തീക്ഷ്ണമായ പ്രതിസന്ധിയിലും പിന്തിരിയാതെ ജീവിതനിരാസത്തോട് പോരടിക്കുന്നത് മറ്റുള്ളവർക്കും ഉത്തേജകമരുന്നാണ്. കുഞ്ഞുണ്ടാകാനായി തീരുമാനമെടുക്കുമ്പോൾ, മരണസമയത്ത് കുഞ്ഞിനെ പിരിയുന്നത് കൂടുതൽ വേദനയുണ്ടാക്കില്ലേ എന്ന് ലൂസി ചോദിക്കുന്നുണ്ട്. ആ വേദന ശ്രേഷ്ഠമല്ലേ എന്ന മറുചോദ്യമാണ് പോളിനുള്ളത്. പൊരുതുന്ന ജീവിതത്തിനാണ് ഉപ്പുരസമുള്ളത്, അതിൽ നിന്ന് പിന്തിരിയുന്നതിലല്ല എന്നദ്ദേഹം ഉറപ്പിക്കുന്നു.

ധാർമികപഠനത്തിനായി, പുസ്തകത്തേക്കാൾ വായിക്കാൻ നല്ലത് ജീവിതയാഥാർഥ്യങ്ങളാണെന്ന അറിവാണ് സാഹിത്യപഠനത്തിനും ധാരാളം വായനയ്ക്കും ശേഷം ചികിത്സകനാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. /Photo: med.stanford.edu

ചെറുപ്പം മുതൽ ധാർമികതയോടും അതിന്റെ ശരീരബദ്ധമായ സ്രോതസ്സിനോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയാണ് പോളിനെ ചികിത്സകനെന്ന പോലെ തനതായ കൈയ്യൊപ്പുള്ള, എന്നാൽ മറ്റുള്ളവർക്ക് പിന്തുടരാവുന്ന രോഗിയും മരണാസന്നനുമാക്കുന്നത്. ധാർമികപഠനത്തിനായി, പുസ്തകത്തേക്കാൾ വായിക്കാൻ നല്ലത് ജീവിതയാഥാർഥ്യങ്ങളാണെന്ന അറിവാണ് സാഹിത്യപഠനത്തിനും ധാരാളം വായനയ്ക്കും ശേഷം ചികിത്സകനാകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കവിതാരചനയോടൊപ്പം രോഗശുശ്രൂഷയും നടത്തിയ വാൾട്ട് വിറ്റ്മാൻ പോളിന് പഠനവിഷയവുമായിരുന്നു. മനുഷ്യരുടെ അർഥം തേടലിൽ മസ്തിഷ്‌കത്തിനുള്ള പങ്ക് അദ്ദേഹം തിരിച്ചറിഞ്ഞു. സയൻസും ധാർമികതയും സാഹിത്യവും തത്വചിന്തയും ബന്ധങ്ങളുടെ ചാരുതയും അഴിച്ചെടുക്കാനാവാത്തവിധം കെട്ടുപിണഞ്ഞതാണെന്നത് ഒരു ഉൾക്കാഴ്ചയാണ്. മരണത്തിലൂടെയുള്ള മനുഷ്യസത്വങ്ങളുടെ വിടവാങ്ങലിന്റെ വേദനയും ഇടനേരവും അപ്പോഴത്തെ സാദ്ധ്യതകളും ഒക്കെ ഏറ്റവും നന്നായി മനസിലാക്കാൻ കഴിയുന്നത് ചികിത്സകർക്കാണ്. പലരും അത് മനസ്സിലാക്കാറില്ലെങ്കിലും.

മരണം മനുഷ്യരെ ജയിക്കുമെന്നത് അറിഞ്ഞുകൊണ്ടുതന്നെ, നമ്മുടെ പരിമിതികൾ അറിഞ്ഞുകൊണ്ടുതന്നെ, മൃത്യുവിന്റെ വിഷയത്തിലും ഉത്തരവാദപ്പെടേണ്ടത് ഡോക്ടറുടെ കടമയാണ്; അതിൽ നിന്ന് ഒളിച്ചോടിയിട്ട് കാര്യമില്ല.

കൂടുതലും പരാജയപ്പെടാവുന്ന ചികിത്സാവിഭാഗമായ ന്യൂറോ സർജറി പോൾ തെരഞ്ഞെടുക്കുന്നത് മാനവികമായ ധാർമികതയോടുള്ള ആഭിമുഖ്യം കൊണ്ടാണ്. അങ്ങനെ മനസ്സിലാക്കിയ ഒരു ചികിത്സകന് രോഗികൾക്കും ബന്ധുക്കൾക്കും പകർന്നുനൽകാൻ കഴിയുന്ന അറിവ് മുറിവുണക്കുന്നതിന്റെ ഒരു പ്രധാന ഘടകമാണ്. പലവിധ ദ്രാവകങ്ങളും വാതകങ്ങളും അകത്തോട്ടും പുറത്തോട്ടും ഒഴുകുന്ന ട്യൂബുകളാൽ ബന്ധിക്കപ്പെട്ട മനുഷ്യരുടെ ബന്ധുക്കൾ രോഗിയുടെ പഴയപോലെയുള്ള പൂർണമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടാവാം. യഥാർഥമായ അറിവ് കരുണയോടെ പറഞ്ഞുകൊടുക്കാൻ കഴിയുന്ന ഒരു ഡോക്ടർക്ക് അപ്പോൾ വലിയ പങ്കുവഹിക്കാനുണ്ട്. അത്തരം ഒരു ഡോക്ടറെയാണ് നമുക്ക് നഷ്ടപ്പെട്ടത്.

അതീവ വൈദഗ്ദ്ധ്യം ആവശ്യപ്പെടുന്നതാണ് ന്യൂറോ സർജറി. അത് കരവിരുത് മാത്രമല്ല. ഓരോ വ്യക്തിയുടെയും അവസ്ഥ മനസ്സിലാക്കി മസ്തിഷ്‌കത്തിൽ എവിടെ തൊടാമെന്നതിനുള്ള ശ്രദ്ധയും വേണം. ഭാഷയുടെ നിയന്ത്രണമുള്ള സ്ഥലങ്ങൾ മനുഷ്യരുടെ താൻബോധത്തിന്റെ ഇരിപ്പിടമായതുകൊണ്ട് ഏറ്റവും വിശുദ്ധിയോടെ കാണേണ്ടതാണ്. അവിടെ ഏൽക്കുന്ന ക്ഷതം രോഗിയെ ഒറ്റപ്പെട്ട തുരുത്തിലേയ്ക്ക് കൊണ്ടുപോകുമെന്ന ആലോചനയാണ് പോളിനെ ഒരു നല്ല ചികിത്സകനാക്കുന്നത്. തന്റെ രോഗികളുമായുള്ള പല വർത്തമാനങ്ങളും പുസ്തകത്തിലുടനീളം അദ്ദേഹം വിവരിക്കുന്നുണ്ട്. സർജറിയെ തുടർന്നുണ്ടായ രോഗിയുടെ മോശം അവസ്ഥയുമായി ബന്ധപ്പെട്ടാണോ എന്ന് തോന്നിക്കുമാറ് സുഹൃത്തായ ജെഫ് എന്ന സർജൻ ആത്മഹത്യ ചെയ്യുമ്പോൾ മരണത്തിന്റെയും ലോകത്തിന്റെയും, നെറിയില്ലായ്മയെയും കൂടി അദ്ദേഹം ശ്രദ്ധിക്കുന്നു. മരണം മനുഷ്യരെ ജയിക്കുമെന്നത് അറിഞ്ഞുകൊണ്ടുതന്നെ, നമ്മുടെ പരിമിതികൾ അറിഞ്ഞുകൊണ്ടുതന്നെ, മൃത്യുവിന്റെ വിഷയത്തിലും ഉത്തരവാദപ്പെടേണ്ടത് ഡോക്ടറുടെ കടമയാണ്; അതിൽ നിന്ന് ഒളിച്ചോടിയിട്ട് കാര്യമില്ല.

2015 മാർച്ച് 9-ന് പോൾ മരിച്ചശേഷം സഹധർമിണിയായ ഡോ. ലൂസി അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ എഴുതിച്ചേർത്ത അനുബന്ധം അങ്ങേയറ്റം ഹൃദയസ്പർശിയും സമാനതകളില്ലാത്തതുമാണ്. അവസാന മാസങ്ങളിൽ പുസ്തകം പൂർത്തിയാക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. കുഞ്ഞു മകളോടും ഭാര്യയോടും മറ്റു കുടുംബാംഗങ്ങളോടും ഒപ്പം സന്തോഷവും വേദനയും സൽക്കാരങ്ങളും പങ്കിട്ടു. അതിനിടെ കാൻസറിന്റെ പുതിയ ആക്രമണം തലച്ചോറിലേയ്ക്കും വ്യാപിക്കുന്നതായി മനസ്സിലാക്കിയത് അദ്ദേഹത്തെ വേദനിപ്പിച്ചു. ജീവിതകാലം മുഴുവൻ തിരഞ്ഞ അർഥം നഷ്ടപ്പെടുകയാണ്. മനുഷ്യരുടെ പരസ്പരധാരണയ്ക്കും ധാർമികതയ്ക്കും അടിസ്ഥാനം മസ്തിഷ്‌കമാണെന്ന്​ മനസ്സിലാക്കി അതിൽ കൂടുതൽ പഠിക്കുകയും വീണ്ടും പഠിക്കാൻ ആഗ്രഹിക്കുകയും ചെയ്ത ആളിന് അതിനുണ്ടാകുന്ന ക്ഷതത്തെക്കുറിച്ചുള്ള മുന്നറിവ് എത്രത്തോളം വേദനാജനകമായിരിക്കും. അതിനാൽ ബന്ധുക്കൾ, തലച്ചോറിന്റെ കഴിവുകൾ പരമാവധി നിലനിർത്തിക്കൊണ്ടുള്ള ചികിത്സയും പാലിയേറ്റീവ് കെയറും നടത്താനാണ് തീരുമാനിച്ചത്.

പോൾ കലാനിധിയുടെ ശവകുടീരത്തിൽ ലൂസിയും മകളും / Photo: Facebook, Lucy Goddard

ആഴ്ചകൾ മാത്രമായി ചുരുങ്ങിയ ജീവിതം ലൂസിയെ വേദനിപ്പിച്ചു. ചെറിയ മകളെ മടിയിലിരുത്തി വീട്ടുകാരോടൊപ്പം മാത്രമായിരുന്നു അന്ത്യദിനങ്ങൾ. പൂർത്തിയാകാത്ത സ്‌ക്രിപ്റ്റ് മുഴുമിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ഒരു ഞായാറാഴ്ച വൈകുന്നേരം ശ്വാസം കിട്ടാൻ പ്രയാസം കണ്ട് പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസ്റ്റത്തിന്റെ സഹായത്തോടെ മാത്രമാണ് ശ്വസിക്കാൻ കഴിഞ്ഞിരുന്നത്. ശ്വാസനാളിയിൽ ട്യൂബ്​ കടത്തിയും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്നതിനെക്കാൾ സമാധാനപരമായ മരണമാണ് എല്ലാവരും ആഗ്രഹിച്ചത്. മുഖത്തെ ഓക്‌സിജൻ മാസ്‌ക് മാറ്റി മരണത്തെ വരിക്കാൻ ആയിരുന്നു തീരുമാനം. അദ്ദേഹം സന്നദ്ധത അറിയിക്കുകയും പ്രിയപ്പെട്ടവരോടെല്ലാം സ്‌നേഹം നൽകി വിടപറയുകയും ചെയ്തു.
കണ്ണുകളിൽ നീര് തിളങ്ങി. പുസ്തകം പ്രസിദ്ധീകരിക്കുമെന്ന ഉറപ്പും നേടി. മോർഫിന്റെ അളവ് കൂട്ടിയിരുന്നു. പതിയെ മാസ്‌കും മോണിറ്ററുകളും മാറ്റി. അച്ഛനും അമ്മയും സഹോദരങ്ങളും സമീപം ചേർന്നുനിന്നു. കുഞ്ഞുമകളുടെ കവിൾ അച്ഛന്റെ കവിളോട് ചേർത്ത് ലൂസി താരാട്ടുപാടി.

മരണത്തെ ഭയക്കുകയും അകറ്റിനിറുത്തുകയും ചെയ്യുന്ന നമ്മുടെ സംസ്‌കാരത്തിന് വിപരീതമായ ഒരു സംവേദനക്ഷമത ഉണ്ടാക്കിയെടുക്കാൻ ഈ പുസ്തകത്തിന് കഴിയുന്നു

മരണസമയത്ത് ആശ്വാസമായി കൈപിടിച്ചും ചെവിയിൽ ഈണവും ധൈര്യവും പകർന്നും ലൂസി കൂടെ നിന്നു. രോഗം കണ്ടെത്തിയ ദിവസവും ന്യൂറോസർജറിയിൽ നിന്ന് പിരിയുന്ന ദിവസവും തമ്മിൽ കെട്ടിപ്പുണർന്നു കരഞ്ഞതായി ലൂസി ഓർക്കുന്നു. രോഗം അവരുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കുകയാണ് ചെയ്തത്. രോഗദുരിതത്തിനിടയിലും ഉത്തരവാദിത്വമുള്ള ജീവിതപങ്കാളിയായി, കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാനും പോൾ ശ്രമിച്ചിരുന്നു. നെഞ്ചിൽ തല ചേർത്ത് കിടന്നും ബന്ധുക്കളോടൊപ്പം ഫോട്ടോ എടുത്തും ഡിന്നർ നടത്തിയും ചെറിയ സന്തോഷങ്ങൾ അവർ കൊണ്ടാടി.

പോൾ മരണത്തെ ധീരമായി അഭിമുഖീകരിക്കുകയും, മല്ലിടുകയും സമരസപ്പെടുകയും ചെയ്തു എന്ന് ലൂസി പറയുന്നു. മരണത്തെ ഭയക്കുകയും അകറ്റിനിറുത്തുകയും ചെയ്യുന്ന നമ്മുടെ സംസ്‌കാരത്തിന് വിപരീതമായ ഒരു സംവേദനക്ഷമത ഉണ്ടാക്കിയെടുക്കാൻ ഈ പുസ്തകത്തിന് കഴിയുമെന്നും അവർ പ്രത്യാശിക്കുന്നു. വ്രണപ്പെടുമ്പോഴും ദുർബലപ്പെടാത്ത സ്ഥൈര്യത്തെ അവർ മുമ്പത്തേക്കാൾ പ്രണയിക്കുകയും ചെയ്യുന്നു.

രോഗത്തിനും ജോലിക്കുമിടയിൽ അപൂർണമായി രചിക്കപ്പെട്ട ഈ പുസ്തകം മരണത്തിനും ജീവിതത്തോടൊപ്പം അർഥവും അന്തസ്സും നൽകുന്നു. മനുഷ്യരാശിയോടുള്ള ഒരു ഡോക്ടറുടെ പ്രതിബദ്ധതയുടെ പ്രകാശനമാണിത്. മനുഷ്യരുടെ നശ്വരതയും ഏതു നിമിഷവും വ്രണിതമായേക്കാവുന്ന ലോലതയും, ഓർമിപ്പിക്കുന്നതോടൊപ്പം തീവ്രതയോടെ ജീവിക്കാനും ഇത് ആഹ്വാനം നൽകുന്നു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഡോ. എ. കെ. ജയശ്രീ

കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി.

Comments