മനില സി. മോഹൻ: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിവസവും വലിയ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണല്ലോ? രണ്ടുദിവസമായി 700 കടന്നു. ഇത് ആയിരത്തിന് മുകളിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ഈ രീതിയിൽ രോഗികളുടെ എണ്ണം കൂടുമ്പോൾ അവരെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ കേരളത്തിൽ നിലവിൽ ഉണ്ടോ?
ഡോ. എ.കെ. ജയശ്രീ: പ്ലാനിങ് ഇതിനകത്ത് വളരെ പ്രധാനമാണ്. ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ നേരിയ ലക്ഷണങ്ങൾ ഉള്ളവരായാലും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കുന്നതാണ് നിലവിലെ രീതി. അത് ആവശ്യമില്ല. ഓവർ കെയർ എന്ന രീതിയിൽ നമുക്ക് ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത ഉള്ളതുകൊണ്ട് ചെയ്തതാണ്. ഇപ്പോൾ ആ സ്ട്രാറ്റജി മാറ്റേണ്ടിവരും. കൂടുതൽ രോഗികൾ വരുന്ന സമയത്ത് ലക്ഷണങ്ങൾ കുറഞ്ഞവരേയും ഒട്ടും ലക്ഷണമില്ലാത്തവരേയും വീട്ടിൽ തന്നെ നോക്കാം.
കേസുകൾ കൂടുമ്പോൾ, അങ്ങനെയൊരു സാഹചര്യം നേരിടാൻ നമ്മൾ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റേഴ്സ് തയ്യാറാക്കിയിട്ടുണ്ട്. അത്ര സീരിയസ് അല്ലാത്ത രോഗികളെ അവിടെ താമസിപ്പിച്ച് ചികിത്സിക്കുന്നുണ്ട്. കണ്ണൂരിൽ മെഡിക്കൽ കോളജിനോട് അറ്റാച്ച്ഡ് ആയി രണ്ട് സ്ഥലങ്ങളാണ് ഞങ്ങൾ കണ്ടുവെച്ചിരിക്കുന്നത്. ഒരെണ്ണം തുടങ്ങിക്കഴിഞ്ഞു. വേറെയും കേന്ദ്രങ്ങളുണ്ട്. ആവശ്യത്തിനനുസരിച്ച് പ്രാദേശിക ഭരണകൂടങ്ങൾക്ക് കീഴിൽ ഇത്തരം സെന്ററുകൾ സജ്ജീകരിക്കാം. അത്ര ഗുരുതരാവസ്ഥയില്ലാത്തവരെ അവിടെ ചികിത്സിക്കാം. ഇത് മുൻകൂട്ടിക്കണ്ട്, കുറേ ബെഡുകളും സെന്ററുകളും കണ്ടെത്തിയിട്ടുണ്ട്.
പിന്നെയുള്ളത് കോവിഡ് കെയർ സെന്ററുകളാണ്. അത് നേരത്തേയുള്ള കേന്ദ്രങ്ങളാണ്. അവിടെയും ധാരാളം ആളുകളെ താമസിപ്പിക്കാൻ പറ്റുന്നുണ്ട്. ഇതിൽ ഒരു പ്രശ്നമുള്ളത്, ഗുരുതരാവസ്ഥയിലുള്ളവർ ഒരുപാടധികം വന്നുകഴിഞ്ഞാൽ ഒരുപക്ഷേ നമുക്ക് അതിനുള്ള സൗകര്യം തികയാതെ വന്നേക്കും. അത് രോഗവ്യാപനത്തിന്റെ തോതനുസരിച്ചിരിക്കും. ഇക്കാര്യങ്ങളെല്ലാം പ്രതീക്ഷിച്ചു കൊണ്ട് തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ആയുർവേദ മെഡിക്കൽ കോളജുകൾ കോവിഡ് ചികിത്സയ്ക്കുവേണ്ടി എടുത്തിട്ടുണ്ട്. അവിടുത്തെ ബെഡുകളും ഹ്യൂമൺ റിസോഴ്സസും ഉപയോഗിക്കും. പിന്നെ എറണാകുളത്ത് നിരവധി പ്രൈവറ്റ് ആശുപത്രികളിൽ കുറേ ബെഡുകൾ തയ്യാറാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം കണ്ടില്ലേ, തിരുവനന്തപുരം പട്ടം സ്‌കൂളുകളിലുണ്ടായ തിരക്ക്. അങ്ങനെ കണ്ടാൽ വിശ്വസിക്കാൻ കഴിയാത്ത തരത്തിലാണ് ആളുകൾ പെരുമാറുന്നത്. ബോധവത്കരണം നടത്തിയിട്ടും ആളുകൾ അതിന്റേതായ രീതിയിൽ എടുക്കാത്ത പ്രശ്നമുണ്ട്
ഇത് എല്ലാ ജില്ലകളിലുമായെന്ന് പറയാൻ കഴിയില്ല. വലിയ തോതിൽ രോഗികളുടെ എണ്ണം വർധിക്കുകയാണെങ്കിൽ പ്രൈവറ്റ് ആശുപത്രികളിലെ സൗകര്യങ്ങൾ കൂടി ഉപയോഗിക്കും. ഇതൊക്കെ പറയുമ്പോഴും നമുക്ക് പൂർണമായി പ്രവചിക്കാൻ കഴിയില്ലല്ലോ. റിസ്‌കുള്ള ആളുകൾ എത്ര വരുന്നുവെന്നുള്ളതാണ് പ്രധാനം. നേരിയ ലക്ഷണങ്ങളൊക്കെയുള്ള, ചെറുപ്പക്കാരും മറ്റുമാണ് കൂടുതലെങ്കിൽ പ്രശ്നം അധികം വരുന്നില്ല. മാനേജ് ചെയ്യാൻ പറ്റും. കോപ്ലിക്കേഷൻസുള്ള രോഗികളുടെ എണ്ണം കൂടിയാലാണ് പ്രശ്നം. മറ്റ് രോഗങ്ങൾ ഉള്ളവർക്കുള്ള സൗകര്യങ്ങളും അപ്പോൾ കുറയുമല്ലോ. കോവിഡ് കേസുകൾ നോക്കാൻ നമ്മൾ കുറേ ബെഡുകളും ഐ.സി.യുവുമൊക്കെ മാറ്റിവെക്കുമ്പോൾ അങ്ങനെയല്ലാത്ത രോഗികൾക്ക് പ്രശ്നം വരുമല്ലോ. അതുംകൂടി കണ്ടുകൊണ്ടാണ് കാര്യങ്ങളൊക്കെ ചെയ്യുന്നത്. ചില ആശുപത്രികൾ, മഞ്ചേരി മെഡിക്കൽ കോളജ് പോലുള്ളവ പൂർണമായും കോവിഡിന് മാറ്റിവെച്ചിരിക്കുകയാണ്. അങ്ങനെ വരുമ്പോൾ ബാക്കി ഏതൊക്കെ സ്ഥലങ്ങളിലാണ് മറ്റു ചികിത്സകൾ കൊടുക്കാൻ കഴിയുകയെന്നത് ഐഡന്റിഫൈ ചെയ്തുവെക്കണം. അങ്ങനെ നല്ല പ്ലാനിങ് ഉണ്ടെങ്കിലേ നടക്കൂ. അത് ഏറെക്കുറെ നടക്കുന്നുണ്ട്.
ചോദ്യം: സ്വകാര്യ ആശുപത്രികളുമായി സംസാരം നടക്കുന്നുണ്ടോ?
ശരിക്കും പറഞ്ഞാൽ ഇത് ആദ്യം മുതലേ നടക്കുന്നുണ്ട്. പക്ഷേ, സ്വകാര്യ ആശുപത്രികൾ എത്ര സഹകരിക്കുകയും മുന്നോട്ടുവരികയും ചെയ്യും എന്നത് നിർണായക ഘടകമാണ്.
ചോദ്യം: കോവിഡ് വ്യാപനം മൂന്നാം ഘട്ടം എത്തിനിൽക്കുകയാണ്. ആദ്യത്തെ രണ്ടു ഘട്ടങ്ങളിലും നമ്മൾ പ്രതീക്ഷിച്ചതുപോലെയാണ് വ്യാപനം ഉണ്ടായത്. പക്ഷേ മൂന്നാം ഘട്ടം ആകുമ്പോഴേക്കും സർക്കാർ തന്നെ അങ്കലാപ്പിലാവുന്നപോലെ തോന്നലുണ്ടായി. ഇത് നമ്മുടെ പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ള വ്യാപനമാണോ? മൂന്നാം ഘട്ടം സർക്കാറിനെ, കുറച്ച് അസ്വസ്ഥരാക്കിയിട്ടുണ്ടോ?
നമ്മൾ പ്രതീക്ഷിച്ചതുപോലെയാണ് എന്നു പറയുമ്പോഴും പലരും ഇതിനെ ഗൗരവമായി എടുക്കുന്നില്ല. കഴിഞ്ഞദിവസം കണ്ടില്ലേ, തിരുവനന്തപുരം പട്ടം സ്‌കൂളുകളിലുണ്ടായ തിരക്ക്. അങ്ങനെ കണ്ടാൽ വിശ്വസിക്കാൻ കഴിയാത്ത തരത്തിലാണ് ആളുകൾ പെരുമാറുന്നത്. ഇത്രയും ബോധവത്കരണം നടത്തിയിട്ടും ആളുകൾ അതിന്റേതായ രീതിയിൽ എടുക്കാത്ത പ്രശ്നമുണ്ട്. മാസ്‌കൊക്കെ എല്ലാവരും ഇടുന്നുണ്ട്. അപ്പോൾ തന്നെയും മാസ്‌കിട്ടാൽ പിന്നെ അടുത്തടുത്ത് നിന്നാലൊന്നും പ്രശ്നമില്ല എന്ന രീതിയിലാണ് പെരുമാറുന്നത്. ഒരുപരിധി കഴിഞ്ഞാൽ സർക്കാറിനും ആരോഗ്യ സംവിധാനത്തിനും മാത്രമായി ഇത് നിയന്ത്രിക്കാൻ കഴിയില്ല. അത് എല്ലാവരും മനസിലാക്കേണ്ട കാര്യമാണ്.
ചികിത്സ വേണ്ട രോഗികളുടെ എണ്ണം കൂടിക്കഴിഞ്ഞാൽ, ഒഴിഞ്ഞുകിടക്കുന്ന ഒരുപാട് കെട്ടിടങ്ങളും കാര്യങ്ങളുമൊക്കെയുണ്ടല്ലോ. കുറേയൊക്കെ മാനേജ് ചെയ്യാൻ പറ്റുമെന്നുതന്നെയാണ് തോന്നുന്നത്. വെന്റിലേറ്റർ സൗകര്യങ്ങളൊക്കെ വേണ്ടിവരുന്ന രോഗികൾ കൂടിക്കഴിഞ്ഞാലാണ് പ്രശ്നമാകുക.
മറ്റൊന്ന്, ആരോഗ്യ പ്രവർത്തകർ പ്രൊട്ടക്ടഡ് ആകേണ്ട ആവശ്യകതയാണ്. ആരോഗ്യപ്രവർത്തകർക്ക് രോഗം വരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഒരാൾക്ക് രോഗം പിടിപെട്ടാൽ അവരുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രവർത്തകരൊക്കെ ക്വാറൻറയിനിൽ പോകേണ്ടിവരും. അങ്ങനെ പോകുമ്പോൾ ഹ്യൂമൺപവർ ഷോട്ടേജ് വരും. ഇതിന്റെയൊക്കെ സീരിയസ്നെസ് ആളുകൾക്കുണ്ടെന്ന് തോന്നുന്നില്ല. ലോക്ക്ഡൗൺ മാത്രം പരിഹാരമല്ല. ലോക്ക്ഡൗണിലേക്ക് എപ്പോഴും പോകാൻ കഴിയില്ലല്ലോ. ലോക്ക്ഡൗൺ ഇളവ് ചെയ്യുമ്പോഴും എല്ലാവരും അതിന്റെ ഗൗരവത്തിൽ വരണമെന്നുള്ളതാണ്. അങ്ങനെ വരാത്തതിന്റെ പ്രശ്നമാണ് പ്രധാനമായും കാണുന്നത്.
ചോദ്യം: ഇതുവരെയുള്ള കോവിഡ് രോഗികളിൽ പത്തുപേർക്കാണ് വെന്റിലേറ്റർ സൗകര്യം ഉപയോഗിക്കേണ്ടി വന്നിട്ടുള്ളത്. മൊത്തം രോഗികളുടെ എണ്ണം കൂടുമ്പോൾ വെന്റിലേറ്ററുകളും അതിനനുസരിച്ച് വേണ്ടിവരില്ലേ?
മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്കാണ് കൂടുതലായി വെന്റിലേറ്റർ സൗകര്യം വേണ്ടിവരുന്നത്. റിവേഴ്സ് ക്വാറൻറയിൻ ഫലപ്രദമായി നടപ്പിലാക്കുകയെന്നതാണ് ഒരുമാർഗം. പ്രായംകൂടിയവർ, മറ്റ് രോഗങ്ങളുള്ളവർ, ഇമ്മ്യൂണോ സപ്രസ്ഡ് ആയ ചെറുപ്പക്കാർ, ശ്വാസകോശ രോഗമുള്ളവർ എന്നിവർക്കാണ് ഇത് വേണ്ടിവരുന്നത്. സമൂഹ വ്യാപനം ഉണ്ടായിക്കഴിഞ്ഞാൽ സ്വാഭാവികമായും ഈ ആളുകളിലേക്കും രോഗം കൂടുതലെത്തുമല്ലോ.
വെന്റിലേറ്റർ ലഭ്യത മാത്രമല്ല പ്രശ്‌നം. കോവിഡ് ബാധിച്ച് മരിച്ചവരുടേയും മറ്റു രോഗങ്ങളിലൂടെ മരിച്ചവരുടേയും മരണനിരക്ക് നോക്കിയാൽ കോവിഡ് മരണ നിരക്ക് വളരെ വലിയ തോതിലൊന്നും കൂടിയിട്ടില്ല.
ലോക്ക്ഡൗണിലേക്ക് എപ്പോഴും പോകാൻ കഴിയില്ലല്ലോ. ലോക്ക്ഡൗൺ ഇളവ് ചെയ്യുമ്പോഴും എല്ലാവരും അതിന്റെ ഗൗരവത്തിൽ വരണമെന്നുള്ളതാണ്. അങ്ങനെ വരാത്തതിന്റെ പ്രശ്നമാണ് പ്രധാനമായും കാണുന്നത്
ഇപ്പോൾ ടി.ബി കൊണ്ട് മരിക്കുന്നതും, മറ്റ് പല രോഗങ്ങൾ കൊണ്ട് മരിക്കുന്നതും വെച്ച് നോക്കുമ്പോൾ കോവിഡ് മരണനിരക്ക് അത്ര വലുതാണ് എന്ന് പറയാൻ സാധിക്കില്ല. പക്ഷേ ഇനി കുറച്ചുകൂടി കൂടാൻ സാധ്യതയുണ്ട്. കുറച്ചുകൂടി കഴിഞ്ഞാൽ കോവിഡ് അതിനേക്കാൾ മുന്നോട്ടുവരാൻ സാധ്യതയുണ്ട്. മൊത്തത്തിൽ ഓരോ രോഗങ്ങളുടെയും മരണനിരക്ക് നോക്കുമ്പോൾ ക്ഷയമൊക്കെയാണ് ലോകത്ത് കൂടുതൽ മരണമുണ്ടാക്കുന്നത്.
ചോദ്യം: കോവിഡ് ക്ലസ്റ്ററുകൾ ധാരാളമായി രൂപപ്പെട്ടിട്ടുണ്ടല്ലോ. എങ്ങനെയാണ് ഇതിനെ നേരിടുക?
ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ അയാളുടെ കോണ്ടാക്ട് ട്രേസിങ്ങൊക്കെ കൃത്യമായി ചെയ്ത് അവരെ നിരീക്ഷിക്കുകയും അവർക്ക് അസുഖം വന്നാൽ ടെസ്റ്റ് ചെയ്യുകയും ഒക്കെയാണ്. ഇത് കൃത്യമായി ചെയ്യുമ്പോൾ അടുത്ത ആളുകൾക്ക് വരാതെ അത് അവിടെ കണ്ടയ്ൻ ചെയ്ത് നിർത്താൻ പറ്റും. നേരത്തെ ഫാമിലി ക്ലസ്റ്റേഴ്സ് ഉണ്ടായിരുന്നു. ക്വാറൻറയിനിൽ ഇരിക്കുന്ന ആളുകൾ അവരുടെ വീട്ടിലുള്ള ആളുകളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നതിന്റെ ഭാഗമായി വീട്ടിലെ മറ്റുള്ളവർക്ക് രോഗം വരുന്ന സ്ഥിതി. അങ്ങനെയാണ് കണ്ണൂരും കാസർകോഡുമൊക്കെ നേരത്തെ ഉണ്ടായത്. ഒരു പ്രദേശത്ത് ഒരാളിൽ നിന്ന് ഒരുപാട് ആളുകൾകളിലേക്ക് പടർന്ന് അവിടെ വലിയ തോതിൽ രോഗികൾ കൂടിവരുന്നതിനെയാണ് ക്ലസ്റ്റർ എന്നുപറയുന്നത്. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. പലപ്പോഴും സോഴ്സ് അറിഞ്ഞുകൂടാത്ത കേസുകൾ വരും. അത് നമ്മൾ അന്വേഷിച്ചു പോകും. കണ്ടെത്തുന്നത്, ചിലപ്പോൾ ആദ്യം വന്നയാളെ ആവണമെന്നില്ല. വീണ്ടും നമ്മൾ അന്വേഷിച്ചു പോകുമ്പോൾ വേറെയാളിൽ നിന്നാണ് വന്നതെന്ന് മനസിലാകും. ആ ആളിൽ നിന്ന് പല ആളുകൾക്കും വന്നിട്ടുണ്ട്. അങ്ങനെ വരുന്നതാണ് ഒരു ക്ലസ്റ്റർ എന്നു പറയുന്നത്. ഒരാളിൽ നിന്ന് വരുന്നതാണ്. പക്ഷേ നമ്മൾ അന്വേഷിച്ചു പോകുമ്പോൾ ആദ്യം കണ്ടെത്തുന്നത് അയാളെ തന്നെയായിരിക്കണമെന്നില്ല.
ചോദ്യം: മൂന്നാം ഘട്ടത്തിൽ പ്രതീക്ഷിച്ചതാണോ ക്ലസ്റ്റർ വ്യാപനം ? അടുത്ത ഘട്ടം എന്നു പറയുന്നത് സമൂഹ വ്യാപനം ആണല്ലോ. അത് കേരളത്തിൽ ഏത് തരത്തിലാകുമെന്നാണ് തോന്നുന്നത്?
അത് നമ്മൾ എടുക്കുന്ന മുൻകരുതൽ പോലെയും ജാഗ്രത പോലെയുമാണ് ഉണ്ടാവുക. മുൻകരുതലിനെക്കുറിച്ച് എത്ര പറയുമ്പോഴും എത്രത്തോളം നമ്മുടെ സ്വഭാവം മാറ്റാൻ കഴിയുന്നുവെന്നുള്ളതിലാണ് കാര്യം. ലോക്ക്ഡൗൺ മാറ്റിയപ്പോൾ ആളുകൾ വലിയ തോതിൽ പുറത്തിറങ്ങുന്നത് കണ്ടു. പല രാജ്യങ്ങളിലും നോക്കിക്കഴിഞ്ഞാൽ ആളുകൾ സ്വയം നിയന്ത്രണം പാലിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് മനസ്സിലാക്കാൻ പറ്റും. നമ്മൾ അതാണ് ആഗ്രഹിക്കുന്നത്. ജപ്പാൻ പോലെയുള്ള രാജ്യങ്ങളിൽ ആളുകളുടെ ബോധപൂർവമായ ഇടപെടലാണ് കാണാനാവുക. മുൻകരുതൽ എടുക്കണം എന്ന ബോധ്യം ആളുകൾക്കുണ്ടാവണം. അടിച്ചേൽപ്പിക്കുന്നത് കൊണ്ട് മാത്രം ആ ബോധം വരില്ലല്ലോ.
എത്രയും പെട്ടെന്ന് ക്ലസ്റ്റർ ഐഡന്റിഫൈ ചെയ്യുകയെന്നുള്ളതാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. വ്യാപക സ്പ്രഡിലേക്ക് പോകാതിരിക്കാൻ വേണ്ടിയാണിത്
കേരളത്തിലെ ജനസാന്ദ്രത വളരെക്കൂടുതലാണല്ലോ. അതും ഒരു ഘടകമാണ്. എന്തായാലും സമൂഹവ്യാപനം എന്ന ഘട്ടത്തിലേക്ക് പോകും എന്നുതന്നെയാണ് കരുതുന്നത്. നമ്മൾ ആദ്യം മുതൽ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം പെട്ടെന്ന് രോഗബാധ ഉയരുന്നതിനേക്കാളും ഇതൊന്ന് ഫ്‌ളാറ്റൺ ചെയ്ത് കൊണ്ടുപോകാനാണ്. മാക്സിമം അതിന്റെ ഇംപാക്ട് കുറക്കുകയെന്നത് മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ.
ചോദ്യം: മറ്റ് രാജ്യങ്ങളുടെ എക്സ്പീരിയൻസ് വെച്ച്, സമൂഹവ്യാപനം നടക്കുകയാണെങ്കിൽ തന്നെ, നമ്മുടെ ജനസംഖ്യയുടെ എത്രത്തോളം ആളുകളെ ബാധിക്കാൻ സാധ്യതയുണ്ട്?
എത്ര ശതമാനം എന്ന് പറയാൻ പറ്റുമോ എന്നെനിക്കറിയില്ല. ചില പ്രത്യേക മേഖലകളിൽ കൂടുതൽ വരുന്നുണ്ടല്ലോ. നമ്മുടെ സൗകര്യങ്ങളൊക്കെ അതിനകത്തൊരു ഘടകമായിരിക്കും. നിർബന്ധമായിട്ടും ഒരുമിച്ച് ഇരിക്കേണ്ടിവരുന്ന ആളുകളിൽ ഇത് വരാൻ സാധ്യത കൂടുതലാണ്. അങ്ങനെ നോക്കുമ്പോൾ എല്ലായിടത്തും ഒരേപോലെ വരുമെന്ന് പറയാൻ കഴിയില്ല. പല കമ്മ്യൂണിറ്റികളിലും പല രീതിയിലാവും വരിക. അപ്പോൾ തന്നെ അവർ എടുക്കുന്ന റസ്പോൺസ് എന്നു പറയുന്നതും വളരെ പ്രധാനമാണ്.
ചോദ്യം: സമൂഹ വ്യാപനത്തിലേക്ക് പോയി എന്നു വിചാരിക്കുക. വീണ്ടും ഒരു ലോക്ക്ഡൗൺ തന്നെയായിരിക്കില്ലേ അത് തടയാനുള്ള ഏറ്റവും നല്ല മെത്തേഡ്. അതിലേക്ക് പോകേണ്ടിവരുമോ?
എത്രയും പെട്ടെന്ന് ക്ലസ്റ്റർ ഐഡന്റിഫൈ ചെയ്യുകയെന്നുള്ളതാണ് ഇപ്പോൾ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത്. വ്യാപകമായ സ്പ്രഡിലേക്ക് പോകാതിരിക്കാൻ വേണ്ടിയാണ് ക്ലസ്റ്റർ ഐഡന്റിഫൈ ചെയ്തുകൊണ്ടിരിക്കുന്നത്. എത്രയും പെട്ടെന്ന് ക്ലസ്റ്റർ ഐഡന്റിഫൈ ചെയ്യുകയും ആ പ്രത്യേക സ്ഥലത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്യുക എന്നുള്ളതാണ്. അപ്പോൾ പിന്നെ അവിടെ അത് കണ്ടയ്ൻ ചെയ്തു നിർത്താമല്ലോ. അതുകൊണ്ടുതന്നെ കേരളം പരക്കെ സ്പ്രഡ് എന്ന നിലയിലേക്ക് പോകില്ല. കണ്ടയ്ൻമെന്റ് സോണിലെ ലോക്ക്ഡൗൺ പതുക്കെ ഇളവ് ചെയ്യാമല്ലോ. ആ രീതിയിൽ ക്ലസ്റ്റർ ഐഡന്റിഫിക്കേഷൻ സ്ട്രാറ്റജിയാണ് ഇപ്പോൾ വർക്കു ചെയ്തുകൊണ്ടിരിക്കുന്നത്.
ചോദ്യം: കേരളത്തിൽ മരണനിരക്ക് വളരെ കുറവാണല്ലോ. പത്തിൽ താഴെയാണ് ഇതുവരെ വെന്റിലേഷൻ ആവശ്യമായി വന്നത്. അതായത് പൊതുവെ നോക്കുമ്പോൾ കേരളത്തിൽ കോവിഡ് അത്ര സിവിയർ ആയിട്ടില്ല. അതിന് എന്തെങ്കിലും കാരണമുണ്ടോ? സമൂഹ വ്യാപനം നടന്നാൽ പോലും ഇതേ രീതിയിൽ നമുക്ക് നിലനിർത്താൻ പറ്റുമോ?
അങ്ങനെ ഒരിക്കലും പറയാൻ പറ്റില്ല. ഇപ്പോൾ ഇവിടെ മരണനിരക്ക് കുറഞ്ഞിരിക്കുന്നത് കുറച്ചുപേരെ മാത്രം ബാധിക്കുന്നതുകൊണ്ടാണ്. വ്യാപകമായിക്കഴിഞ്ഞാൽ അത് അങ്ങനെയായിരിക്കില്ല. ടോട്ടൽ നമ്പർ കുറഞ്ഞിരിക്കുന്നതിനാലാണ് റിസ്‌കുള്ള ആൾക്കാരെ അധികം ബാധിക്കാത്തത്. റാപ്പിഡ് സ്പ്രഡ് വരുമ്പോൾ റിസ്‌കുള്ള ആളുകളെയും അതുപോലെ ബാധിക്കുമല്ലോ. ഇപ്പോഴത്തെ അവസ്ഥ കേരളത്തിന്റെ കാലാവസ്ഥ കൊണ്ടൊക്കെയാണ് എന്നൊന്നും ഒട്ടും പറയാൻ പറ്റില്ല.
കേരളത്തിൽ ലൈഫ് എക്സ്പെക്റ്റൻസി കൂടുതലായതുകൊണ്ട് പ്രായമായ ആൾക്കാരും റിസ്‌ക് കൂടുതലുള്ളവരും കൂടുതലാണല്ലോ. അതുകൊണ്ട് അവരെ എഫക്ട് ചെയ്യാതിരിക്കുകയെന്നത് വളരെ പ്രധാനമാണ്. റിവേഴ്സ് ക്വാറൻറയിനാണ് വളരെയധികം നോക്കേണ്ടത്. അത് എത്രത്തോളം നമുക്ക് പറ്റുന്നുവെന്നിടത്താണ് ഇതിന്റെ ടേണിങ് പോയിന്റ്.
ചോദ്യം: എണ്ണം പറയുന്നതിന്റെ കൂട്ടത്തിൽ ഉറവിടം അറിയാത്ത കേസുകളുടെ എണ്ണവും ഓരോ ദിവസവും കൂടിക്കൂടി വരുന്നുണ്ട്. അതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്?
ഉറവിടം അറിയാത്ത കേസുകളും മാക്സിമം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് സമൂഹ വ്യാപനത്തിന്റെ ഒരു ലക്ഷണമാണല്ലോ. സോഴ്സ് അറിയാത്ത ഒരുപാട് ആൾക്കാർ വരുന്നുവെന്ന് പറയുന്നത് സമൂഹവ്യാപനത്തിന്റെ തുടക്കമാണ് എന്ന് പറയാം. അത് തടയാൻ മാക്സിമം ശ്രമിക്കുന്നുണ്ട്. എനിക്കു തോന്നുന്നത്, കേരളത്തിൽ ഇതിൽക്കൂടുതൽ എഫേർട്ട് ഒന്നും എടുക്കാൻ പറ്റില്ല. ഉറവിടമറിയാത്ത കേസുകളിൽ ചിലതിൽ അന്വേഷണം നടത്തി സോഴ്സ് കണ്ടെത്താൻ പറ്റുന്നുണ്ട്. ചിലത് മാത്രം കണ്ടെത്താൻ പറ്റുന്നില്ല. അതിനകത്ത് ടെസ്റ്റിന്റെ കാര്യവും പ്രധാനമാണ്. ടെസ്റ്റ് ഫോൾസ് പോസിറ്റീവ് ഒക്കെ വരാൻ സാധ്യതയുണ്ട്.
ചോദ്യം: ടെസ്റ്റിന്റെ എണ്ണം ഇപ്പോൾ കൂട്ടിയിട്ടുണ്ട് അല്ലേ?
ടെസ്റ്റിന്റെ എണ്ണം അങ്ങനെ വെറുതെ കൂട്ടുന്നതിൽ കാര്യമൊന്നുമില്ല. ടെസ്റ്റ്, ആരെ ചെയ്യുന്നു? എന്തിന് ചെയ്യുന്നു? എന്നതിലാണ് കാര്യം. ആദ്യം ഒരു സമയത്ത് നമ്മൾ ടെസ്റ്റു ചെയ്തിരുന്നത് പുറത്തുനിന്നും വരുന്ന ആൾക്കാരെ മാത്രമായിരുന്നുവല്ലോ. ഒന്നുരണ്ട് ഘട്ടം കഴിയുമ്പോൾ പിന്നെ അവരെ മാത്രം ടെസ്റ്റ് ചെയ്യുന്നതുകൊണ്ട് കാര്യമൊന്നുമില്ല. കൃത്യമായി എത്ര ശതമാനം എഫക്റ്റഡാണ് എന്നറിയണമെങ്കിൽ കൃത്യമായി സാമ്പിൾ എടുത്തുകൊണ്ട് തന്നെ ചെയ്യണം. അത് ഇപ്പോൾ ചെയ്തുതുടങ്ങിയിട്ടുണ്ട്.
സോഴ്സ് അറിയാത്ത ഒരുപാട് ആൾക്കാർ വരുന്നുവെന്ന് പറയുന്നത് സമൂഹവ്യാപനത്തിന്റെ തുടക്കമാണ് എന്ന് പറയാം. അത് തടയാൻ മാക്സിമം ശ്രമിക്കുന്നുണ്ട്. എനിക്കു തോന്നുന്നത്, കേരളത്തിൽ ഇതിൽക്കൂടുതൽ എഫേർട്ട് ഒന്നും എടുക്കാൻ പറ്റില്ല
സെന്റിനൽ സർവയലൻസ് നടക്കുന്നുണ്ട്. ഓരോരോ ഗ്രൂപ്പിലുള്ള ആൾക്കാരെ, ജനറൽ പോപ്പുലേഷനിൽനിന്നുതന്നെ ഇതുപോലത്തെ ലക്ഷണങ്ങളുള്ള ആൾക്കാരെ കുറച്ചുപേരെ ടെസ്റ്റ് ചെയ്യും. പർപ്പസ് ആയിട്ട് സെലക്ട് ചെയ്യുന്നത് തന്നെയാണ്. ഓരോ ജില്ലകളിലും ഏതൊക്കെ ഗ്രൂപ്പുകൾ എന്നത് ആദ്യമേ തീരുമാനിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പ് എന്നു പറയുന്നത്, ഇതുപോലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന ആൾക്കാർ, ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ്, പിന്നെ പൊലീസും അതുപോലെയുള്ള ആൾക്കാരും, പിന്നെ ഡ്രൈവർമാർ, കമ്മ്യൂണിറ്റി കിച്ചനൊക്കെ നടത്തുന്ന ഫ്രണ്ട്ലൈൻ വർക്കേഴ്സായിട്ട് വരുന്ന ആൾക്കാർ, അങ്ങനെ ഓരോ വിഭാഗങ്ങളിൽ നിന്നും റിസ്‌കുള്ള പോപ്പുലേഷനെ ഐഡന്റിഫൈ ചെയ്ത് അതിൽ നിന്നും സെലക്ടഡ് ആയിട്ടുള്ള ആൾക്കാരെ, ഒരിടത്ത് നിന്ന് മാത്രമല്ല, പല സ്ഥലത്തുനിന്നും എടുത്ത് അതിൽ എത്ര ശതമാനം പോസിറ്റീവാണ് എന്നതിനനുസരിച്ചേ എത്രത്തോളമായി ഈ സ്പ്രഡ് എന്നത് പറയാൻ പറ്റുകയുള്ളൂ. ഒരു വ്യക്തിയെ ഡയഗ്‌നോസ് ചെയ്യുന്നത് പോലെ തന്നെയാണ് കമ്മ്യൂണിറ്റി ഡയഗ്‌നോസിസ് എന്നു പറയുന്നത്. ഇതൊക്കെ പറയുമ്പോഴും ഇതിനെല്ലാം പരിമിതികളുണ്ട്. നമുക്ക് പൂർണമായി മനസിലാക്കാൻ പറ്റുമെന്ന് വിചാരിക്കുന്നില്ല.
അത് മാത്രമല്ല, ഇപ്പോൾ പുതിയ ടെസ്റ്റുകൾ വന്നിട്ടുണ്ട്. ആന്റിജൻ ടെസ്റ്റുകളൊക്കെ വന്നത് കൊണ്ട് കുറച്ചുകൂടി എളുപ്പത്തിൽ ടെസ്റ്റുകൾ ചെയ്യാൻ സാധിക്കുന്നുണ്ട്. ഫീൽഡ് ലെവലിലൊക്കെ ചെയ്യാൻ പറ്റും. നേരത്തെയാണെങ്കിൽ അവിടെപ്പോയി മാത്രം ചെയ്യാൻ പറ്റുന്ന പി.സി.ആർ ടെസ്റ്റുകളേ ഉണ്ടായിരുന്നുള്ളൂ. ആന്റിജൻ ടെസ്റ്റൊക്കെയാകുമ്പോൾ റിസൽട്ട് അന്നുതന്നെ കിട്ടും. കുറച്ചുകൂടെ തുടക്കത്തിൽ തന്നെ അറിയാൻ പറ്റും. ഫീൽഡിൽ ചെയ്യാൻ എളുപ്പമാണ്. അങ്ങനെയുള്ള ടെസ്റ്റുകൾ വന്നപ്പോൾ കുറച്ചുകൂടി വ്യാപകമായി അത് ചെയ്യാൻ പറ്റുന്നുണ്ട്.
ചോദ്യം: പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജ് വരെയുള്ള എല്ലാ ലെയറിലുമുള്ള ആരോഗ്യ പ്രവർത്തകരും ഇതിനകത്ത് വർക്കു ചെയ്യുന്നുണ്ടല്ലോ. കുറേ കാലമായി ഇതേ ജോലി ചെയ്യുമ്പോൾ മാനസികവും ശാരീരികവുമായി തളർന്ന് പോവില്ലേ? ഇതിനകത്ത് നേരിട്ട് പങ്കെടുത്ത ആളെന്ന നിലയിൽ അങ്ങനെ തോന്നിയിട്ടുണ്ടോ? മാനസികമായിട്ടും ശാരീരികമായിട്ടും ബാധിക്കാൻ തുടങ്ങിയിട്ടുണ്ടോ?
തീർച്ചയായും. അഞ്ചാറ് മാസമായി ആരോഗ്യ പ്രവർത്തകർ ഇടതടവില്ലാതെ പണിയെടുത്തുകൊണ്ടിരിക്കുകയാണ്. അത് നമ്മുടെ വിജിലൻസിന്റെ ഭാഗവും കമ്മിറ്റ്മെന്റിന്റെ ഭാഗവുമാണ്. അതിനെക്കുറിച്ചും നമ്മൾ വളരെ കോൺഷ്യസാണ്. പ്രത്യേകിച്ച് സർക്കാർ. ഏതു മീറ്റിങ്ങിനുവന്നാലും ആരോഗ്യ മന്ത്രി പറയും, നിങ്ങൾ നിങ്ങളുടെ ആരോഗ്യം നോക്കണം. നിങ്ങൾ കുറച്ചുപേർ വർക്കു ചെയ്യുമ്പോൾ ബാക്കിയുള്ളവർക്ക് റസ്റ്റു ചെയ്യാൻ അവസരം ഉണ്ടാക്കികൊടുക്കണം എന്ന് ശൈലജടീച്ചർ പറയാറുണ്ട്. അതിനെക്കുറിച്ച് നമ്മുടെ സംവിധാനം കോൺഷ്യസാണ്. പക്ഷേ മറ്റു നിവൃത്തിയൊന്നുമല്ല.
നമുക്ക് വർക്കു ചെയ്യാതിരിക്കാൻ പറ്റില്ല. വേറൊരു കാര്യം റൊട്ടേഷനാണ്. സർക്കാർ തന്നെ വളരെ നിർബന്ധമായിട്ട് പറയുന്നതാണ്, എല്ലാവരും ഇതിലേക്ക് ഒരുമിച്ച് ഇറങ്ങരുത്, പകരം റൊട്ടേഷനായി ചെയ്യണമെന്ന്. ഒരു പൊസിഷൻ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന ആളുകൾ കുറച്ചുദിവസത്തിനുശേഷം അവിടെ നിന്ന് മാറി വേറെ കുറച്ചുപേരെ അവിടേക്ക് കൊണ്ടുവരികയും ആ രീതിയിലുള്ള റൊട്ടേഷൻ വേണമെന്നുള്ളത് നിർബന്ധമായിട്ട് പറയുന്നുണ്ട്.
ഏതു മീറ്റിങ്ങിനുവന്നാലും ആരോഗ്യ മന്ത്രി പറയും, നിങ്ങൾ നിങ്ങളുടെ ആരോഗ്യം നോക്കണം. നിങ്ങൾ കുറച്ചുപേർ വർക്കു ചെയ്യുമ്പോൾ ബാക്കിയുള്ളവർക്ക് റസ്റ്റു ചെയ്യാൻ അവസരം ഉണ്ടാക്കികൊടുക്കണം
റിസോഴ്സ് ആൾക്കാരെ തന്നെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച്, അതിൽ ഒരു ഗ്രൂപ്പ് വർക്കു ചെയ്യുമ്പോൾ വേറൊരു ഗ്രൂപ്പ് മാറി നിൽക്കുക, എന്നിട്ട് വീണ്ടും ഇവർ മാറുന്ന സമയത്ത് അടുത്ത ഗ്രൂപ്പ് വന്ന് നിൽക്കുക അങ്ങനെ ക്രമീകരിച്ചിട്ടുണ്ട്. പക്ഷേ ഇതൊക്കെ പറഞ്ഞാലും, പ്രത്യേകിച്ച് ആശാവർക്കർമാർക്കും അതുപോലെ ഫീൽഡിൽ വർക്കു ചെയ്യുന്നവർക്കുമൊക്കെ ഭയങ്കരമായ വർക്ക് ലോഡ് തന്നെയാണ് ഇപ്പോഴും ഉള്ളത്. എനിക്കു തോന്നുന്ന ഒരു കാര്യം, ആരോഗ്യ പ്രവർത്തകർ അല്ലാത്ത സന്നദ്ധ പ്രവർത്തകർ ഇതുപോലുള്ള കാര്യങ്ങൾക്ക്, മെഡിക്കൽ അല്ലാത്ത കാര്യങ്ങൾക്ക് വന്നാൽ വലിയ കാര്യമായിരിക്കും എന്നാണ്. അതുപോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആദ്യമുണ്ടായിരുന്നതിൽ നിന്ന് കുറച്ചു പിന്നോട്ടു പോയിട്ടുണ്ട്. അവർ ആദ്യഘട്ടത്തിൽ കുറേ ഇനീഷ്യേറ്റീവ് എടുത്തിരുന്നു. ആ രീതിയിലുള്ള ഓർഗനൈസിങ് വരണം. അവര് പുറകോട്ടു പോയതാണോ മറ്റ് സെൻട്രലൈസ്ഡ് സംവിധാനം മുന്നിലേക്ക് വന്നതാണോ എന്ന് പറയാൻ പറ്റില്ല. ഇപ്പോൾ അങ്ങനെയൊരു വിമർശനം നിലനിൽക്കുന്നുണ്ട്. കൂടുതൽ ബ്യൂറോക്രാറ്റിഡ് മോഡിലേക്ക് പോകുന്നുവെന്നത്.
മറ്റൊരു വശം കൂടിയുണ്ട്. ഏറ്റവും പ്രധാനമായ കാര്യവും അതു തന്നെയാണ്. മനുഷ്യർ തമ്മിലുള്ള ഇടപെടലിലെ ഹ്യൂമൺ ആസ്പെക്ട് ഉണ്ടല്ലോ അതിൽ കേരളത്തിലുള്ളവർ കുറച്ച് പുറകിലാണോ എന്ന്, കൺസേൺഡ് ആണോ എന്ന് എനിക്ക് സംശയംതോന്നിയിട്ടുണ്ട്.
ഇപ്പോൾ പത്തനംതിട്ടയിൽ കണ്ടില്ലേ, ക്വാറൻറയിനിൽ ഉള്ള ആളെ ഓടിച്ചിട്ട് പിടിച്ചത്. അങ്ങനെ ചെയ്യേണ്ട കാര്യമില്ല യഥാർത്ഥത്തിൽ. രോഗം സ്ഥിരീകരിച്ചിട്ടുള്ള ആളാണെങ്കിൽ കൂടി ആളെ ചെയ്സ് ചെയ്ത് പിടിച്ചുകൊണ്ടുപോരേണ്ട കാര്യമില്ലല്ലോ. അങ്ങനെ പടർത്തുന്ന സംഗതിയൊന്നും ഇതിനകത്ത് ഇല്ലല്ലോ. അയാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. ക്വാറൻറയിനിൽ ഇരിക്കുന്നയാളാണ്. മനുഷ്യരോട് അങ്ങനെയല്ലല്ലോ പെരുമാറേണ്ടത്. ശരിക്കു പറഞ്ഞാൽ മീഡിയ തന്നെയാണ് അതിനകത്ത് പ്രധാന പ്രതിയെന്നു ഞാൻ പറയും. കാരണം ഇത് ഹൈലൈറ്റ് ചെയ്ത് കാണിക്കുന്നുണ്ടായിരുന്നല്ലോ. ഇത് കാണുന്ന ആൾക്കാർ ഇതുതന്നെ വീണ്ടും കാണുകയല്ലേ. ഇങ്ങനെയാണ് ചെയ്യേണ്ടതെന്ന് ധരിക്കില്ലേ.
ഈ രോഗം പടരാതെ തന്നെ എത്രപേർ ആത്മഹത്യ ചെയ്തു ഇപ്പോൾ. അതും നമ്മൾ ശ്രദ്ധിക്കേണ്ടതല്ലേ. കോവിഡ് വന്ന് മരിക്കുന്നത് പോലെ തന്നെയല്ലേ ആത്മഹത്യ ചെയ്യുന്നതും. ഇതുപോലെ പിടിച്ചുകൊണ്ടുവന്നതിന്റെ പേരിലൊക്കെ ആത്മഹത്യ ചെയ്യുന്നുണ്ട്. പൊതുവെയുള്ള സ്ട്രസുമുണ്ട്. ഇപ്പോൾ ടോട്ടൽ എണ്ണമെടുത്താൽ മറ്റ് രോഗങ്ങൾ കൊണ്ടുതന്നെയാണ് ആളുകൾ കൂടുതൽ മരിക്കുന്നത്.
ശാരീരികമായ അകലവും സാമൂഹ്യമായ അടുപ്പവുമാണ് വേണ്ടത്. ഫിസിക്കൽ ഡിസ്റ്റൻസ് വേണം. അതേസമയം നമ്മുടെ ഇന്റിമസിയും സഹകരണവും വേറൊരു തരത്തിൽ പ്രകടിപ്പിക്കുകയും വേണം. അതിന്റെ ബാലൻസിങ് വേണം
കോവിഡ് പുതിയതായി വന്ന രോഗമാണ്, പെട്ടെന്ന് പകരുന്നതാണ്, സിവിയർ ആയിട്ടുള്ള ആൾക്കാർക്ക് കൂടുതൽ വന്നുകഴിഞ്ഞാൽ നമ്മുടെ സംവിധാനങ്ങൾ പോരാതെ വരും, അതുകൊണ്ട് നമ്മൾ ഇത് ഫ്ളാറ്റൺ ചെയ്യണം. അതിനാണ് നമ്മൾ ശ്രദ്ധിച്ചത്. കർവ് ഫ്ളാറ്റൺ ചെയ്യണം എന്നുള്ള ഉദ്ദേശം മാത്രമാണ് അതിലുള്ളത്. അല്ലാതെ ഇത് ഭയങ്കരമായി പേടിക്കേണ്ട ഒരു കാര്യമല്ല, അല്ലെങ്കിൽ ആൾക്കാരെ ഇങ്ങനെ പേപ്പട്ടിയെ ഓടിക്കുന്നതുപോലെ ഓടിക്കേണ്ട കാര്യമൊന്നുമല്ലല്ലോ ഇത്.
പലയിടത്തും ആരോഗ്യപ്രവർത്തകരെപ്പോലും അടുത്ത് താമസിപ്പിക്കാൻ ആളുകൾ തയ്യാറാവാത്ത അവസ്ഥയുണ്ട്.. ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നുവെന്നുള്ള കാരണം കൊണ്ട്. നമ്മൾ ഡങ്കിപ്പനിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണം നടത്തിയപ്പോഴാണ് മനസിലായത്, ആളുകൾ വീടുകളിൽ കയറ്റുന്നില്ല ആരോഗ്യ പ്രവർത്തകരെ. എല്ലാവർഷവും ആരോഗ്യ പ്രവർത്തകർ പോയി കൊതുകിനെയും ഉറവിടവും നശിപ്പിക്കാനുള്ള ക്ലാസ് എടുത്തുകൊടുക്കുകയുമൊക്കെ ചെയ്യാറുള്ളതായിരുന്നു. പക്ഷേ ഈ വർഷം ഇവർ ചെല്ലുമ്പോൾ ആൾക്കാർ തടയുകയാണ്. വീടിനകത്തേക്ക് കയറ്റുന്നില്ല.
കോവിഡ് ഉണ്ടെങ്കിലും നമ്മുടെ ജീവിതവും പ്രധാനമാണല്ലോ. ജീവിതത്തിന്റെ എല്ലാ വശങ്ങളും പ്രധാനമാണല്ലോ. അപ്പോൾ ഇതിനോടൊപ്പം തന്നെ നമ്മുടെ സഹകരണവും സ്നേഹവും കരുതലും കൊണ്ടുപോകുക. അത് നമ്മൾ ഇതിന്റെ കൂടെ പഠിക്കേണ്ട ഒരു കാര്യം തന്നെയാണ്. ഏത് എപ്പിഡമിക്കാണെങ്കിലും മനുഷ്യർ ഒരുമിച്ച് ചേർന്ന് അതിനെ നേരിടുകയെന്നതാണല്ലോ പ്രധാനം. അത് പക്ഷേ സയിന്റിഫിക്കായിരിക്കണം. ഞാൻ കൈകഴുകുന്നില്ല, അല്ലെങ്കിൽ ഞാൻ എല്ലാവേരയും സ്നേഹിക്കുന്നു, അതുകൊണ്ട് കെട്ടിപ്പിടിക്കണം എന്നൊന്നുമല്ല ഞാൻ പറയുന്നത്. സയിന്റിഫിക്കായിട്ടുള്ള കാര്യങ്ങൾ മനസിലാക്കിക്കൊണ്ട്, നമ്മൾ മാനസികമായി അതുൾക്കൊള്ളാൻ തയ്യാറാവണം. സർക്കാർ പറയുന്നതുപോലെ ശാരീരികമായ അകലവും സാമൂഹ്യമായ അടുപ്പവുമാണ് വേണ്ടത്. ഫിസിക്കൽ ഡിസ്റ്റൻസ് വേണം. അതേസമയം നമ്മുടെ ഇന്റിമസിയും സഹകരണവും വേറൊരു തരത്തിൽ പ്രകടിപ്പിക്കുകയും വേണം. അതിന്റെ ബാലൻസിങ് വേണം.
ചോദ്യം: കോവിഡ് പോസിറ്റീവായതിന്റെ പേരിൽ, ക്വാറന്റൈൻ ആയതിന്റെ പേരിൽ വീട്ടുകാർ പോലും ഒറ്റപ്പെടുത്തുന്ന അവസ്ഥയുമുണ്ട്.
അതെ. വീട്ടിലുള്ള സ്വന്തം ആൾക്കാർ, രക്തബന്ധം എന്നൊക്കെ പറയാവുന്നവർ തന്നെ പുറത്തുനിന്നുവന്നവരെ ഒറ്റപ്പെടുത്തിയ സംഭവമുണ്ട്. ഒരു കുട്ടി ഈ അടുത്ത് ആത്മഹത്യ ചെയ്തു അതിന്റെ പേരിൽ. നമ്മളിപ്പോൾ മെഡിസിനെക്കുറിച്ച് പറയുന്ന ഒരു കാര്യം, ആർട്ടും സയൻസും കൂടി ചേരുന്ന ഒന്നാണെന്നാണ്. അതേസമയം, നമ്മൾ ഒരുപാട് കാൽപ്പനികമാക്കിയിട്ട് അതിനെ അശാസ്ത്രീയം ആക്കാനും പാടില്ല. രണ്ടുംകൂടിയുള്ള ബാലൻസിങ് എന്നു പറയുന്നത് വളരെ വളരെ പ്രധാനമായിട്ടുള്ള കാര്യമാണ്. കൃത്യമായി കാര്യങ്ങൾ മനസിലാക്കിക്കൊണ്ട് മാനുഷികമായി എങ്ങനെ പെരുമാറാം എന്നുതന്നെയാണ് നമ്മൾ പഠിക്കേണ്ടത്.
ആദ്യ സമയത്ത് ഒരാൾ, മുപ്പത് വയസോളമുള്ള ഒരുയുവാവ് ഇവിടെ വന്ന് വലിയ കരച്ചിലും ബഹളവും പ്രശ്നവുമായിരുന്നു. ആത്മഹത്യയുടെ വക്കിലായിരുന്നു. വീട്ടുകാരാരും ശ്രദ്ധിക്കുന്നില്ല. ക്വാറന്റൈനിൽ പോകണം എന്നു പറഞ്ഞപ്പോൾ, തിരിച്ചു വീട്ടിലേക്ക് വരണ്ടയെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. അത് ആ സമയത്ത് വലിയ പ്രശ്നമായിരുന്നു. ഇപ്പോഴും അങ്ങനെയുള്ള കാര്യങ്ങളുണ്ട്. ഇതിനെ നമ്മൾ ബാലൻസ്ഡ് ആയിട്ട് കൊണ്ടുപോകുക എന്നുള്ളത് തന്നെയാണ് പ്രധാനം എന്നാണ് എനിക്ക് തോന്നുന്നത്.
നമ്മൾ വിജിലന്റായിട്ട് ഇരിക്കണം. അടുത്ത ഘട്ടം എങ്ങനെയാണെന്ന് ആന്റിസിപ്പേറ്റ് ചെയ്ത് പ്ലാൻ ചെയ്ത് മുന്നോട്ടുപോകണം. ട്രീറ്റ്മെന്റിന്റെ മേഖലയിലാണെങ്കിലും വാക്സിന്റെ മേഖലയിലാണെങ്കിലും ടെസ്റ്റിങ്ങിന്റെ മേഖലയിലാണെങ്കിലും വളരെ വേഗത്തിലുള്ള പുരോഗതിയാണുള്ളത്. പണ്ട് ഇതുപോലുള്ള പാൻഡമിക്കുകളൊക്കെ ഉണ്ടാവുമ്പോൾ പെട്ടെന്ന് അതിനെക്കുറിച്ച് അറിയുകയും പ്രിവന്റ് ചെയ്യുകയും ചെയ്തിരുന്നില്ല. ഇപ്പോൾ നമ്മൾ എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്. അതിന്റെ റസ്പോൺസും ഉണ്ട്. ലോക്ക്ഡൗൺ എന്നൊക്കെ പറയുന്നത് പണ്ടൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഇപ്പോൾ അത്രയും ഫാസ്റ്റായിട്ട് മൂവ് ചെയ്യുകയും മുൻകരുതൽ എടുക്കുകയും ചെയ്യുന്നുണ്ട്. കമ്മ്യൂണിക്കേഷൻ തന്നെ ഇപ്പോൾ വളരെ ഫാസ്റ്റാണല്ലോ. അതിന്റെ ഗുണമുണ്ട്. ഫോണിൽ കൂടിയൊക്കെ അടുപ്പമുള്ളവരുമായി ബന്ധപ്പെടാൻ പറ്റുന്നുണ്ട്, കെയർ നൽകാൻ പറ്റുന്നുണ്ട്. ഇവിടെ തന്നെ ഇപ്പോൾ ഒരു റോബോട്ട് വന്നിട്ടുണ്ട്. പലകാര്യങ്ങളും റോബോട്ടിനെക്കൊണ്ട് ചെയ്യാൻ പറ്റുന്നുണ്ട്. പേഷ്യന്റിനോട് അതിനെക്കൊണ്ട് സംസാരിപ്പിക്കാം. തിരിച്ചിങ്ങോട്ടും സംസാരിക്കാം. അങ്ങനെയുള്ള പ്രോഗ്രസ് ഉണ്ടാകുമ്പോൾ കുറച്ച് റിസ്‌കും കുറയും. ഫുഡുകൊടുക്കാനും മരുന്നുകൊടുക്കാനുമൊക്കെ റോബോട്ടിനെ ഉപയോഗിക്കാൻ പറ്റും.
ചോദ്യം: ഇത് എത്രകാലം കൂടി നമ്മൾ പ്രതീക്ഷിക്കേണ്ടിവരും എന്നാണ് തോന്നുന്നത്?
എന്തായാലും മിനിമം ഒന്നുരണ്ടുവർഷം നീണ്ടുനിന്നേക്കും. ഒന്നുകിൽ വാക്സിൻ ഡവലപ്പ് ചെയ്യണം അല്ലെങ്കിൽ ഹേർഡ് ഇമ്മ്യൂണിറ്റി ഡവലപ്പ് ചെയ്യണം. എങ്കിൽ മാത്രമേ നമുക്ക് ഇത് കുറയ്ക്കാൻ പറ്റുകയുള്ളൂ. എന്നാൽ മാത്രമേ ഫ്രീയായിട്ട് ഇടപെടുന്ന രീതിയിലേക്ക് പോകാൻ പറ്റുകയുള്ളൂ. ചെയിൻ ബ്രേക്ക് ചെയ്ത് പോകണമെന്നുണ്ടെങ്കിൽ കൂടുതൽ ആളുകളിൽ ഇതിനെതിരെയുള്ള പ്രതിരോധം ഉണ്ടായിവരണം. അങ്ങനെ വരണമെങ്കിൽ ഒന്നുകിൽ നാച്വറൽ ആയി വരണം, അല്ലെങ്കിൽ വാക്സിൻ വഴി വരണം. അല്ലാത്തിടത്തോളം ഇതിലെ വിജിലൻസ് നമുക്ക് കളയാൻ പറ്റില്ല. മുൻകരുതൽ നടപടികൾ നമുക്ക് കളയാൻ പറ്റില്ല. അത് തുടർന്നുകൊണ്ടിരിക്കണം. തുടരുകയെന്നത് ഇപ്പറഞ്ഞത് പോലെ വളരെ സ്ട്രസ്ഫുള്ളാണ്.