വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ

‘‘ഹോമിയോപ്പതി, ആയുർവേദം തുടങ്ങിയ വ്യത്യസ്​ത വൈദ്യശാസ്​ത്ര സംവിധാനങ്ങളെ ആധുനിക വൈദ്യശാസ്​ത്രവുമായി കലർത്തുന്നത് ആധുനിക വൈദ്യശാസ്​ത്രത്തിന്റെ കാര്യക്ഷമത നശിപ്പിക്കും. ഇന്ത്യൻ ബിരുദമായ ക്രോസ്പതി– മിക്സോപ്പതി ബി.എ.എം.എസ്​–എം.ബി.ബി.എസ്​, വൈദ്യശാസ്​ത്രലോകം പുച്ഛത്തോടെ നിരസിക്കും. ചൈനീസ്​ മിക്സോപതി ബിരുദം നിരസിച്ചതുപോലെ ഒരു രാജ്യവും ഈ ബിരുദവും അംഗീകരിക്കില്ല എന്നുറപ്പ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അലക്സ് ഫ്രാങ്ക്‍ലിൻ എഴുതിയ ലേഖനം.

മോഡേൺ മെഡിസിൻ, ഹോമിയോപ്പതി, ആയുർവേദം തുടങ്ങിയ വ്യത്യസ്​ത വൈദ്യശാസ്​ത്ര സംവിധാനങ്ങൾ സംയോജിപ്പിച്ച് രോഗിയെ ചികിത്സിക്കുന്ന രീതിയെയാണ് സങ്കരവൈദ്യം (ക്രോസ്പതി– മിക്സോപ്പതി) എന്നു പറയുന്നത്. ആധുനിക വൈദ്യശാസ്​ത്രവുമായി സമാന്തര വൈദ്യശാസ്​ത്രത്തെ സമന്വയിപ്പിക്കാനുള്ള ശ്രമമാണ് ഈ നീക്കം. എന്നാൽ ഇത് രോഗികളുടെ സുരക്ഷയെയും തെളിവുകൾ അടിസ്​ഥാനമാക്കിയുള്ള വൈദ്യശാസ്​ത്രത്തിന്റെ സമഗ്ര തയെയും കുറിച്ച് ആശങ്കകൾ ഉയർത്തുന്നു.

ഇന്റഗ്രേറ്റീവ് മെഡിസിൻ എന്നത് അശാസ്​ത്രീയ ആരോഗ്യ പരിപാലനമാണ്. അത് ആധുനിക വൈദ്യ ശാസ്​ത്രവും ബദൽ ചികിത്സകളും സംയോജിപ്പിച്ച് ഒരു വ്യക്തിയുടെ മനസ്സ്, ശരീരം, ആത്മാവ് എന്നിവയെ ചികിത്സിക്കുന്നുവെത്ര. രോഗികളുടെ സുരക്ഷയെ ബാധിക്കുന്ന രീതിയിൽ വ്യത്യസ്​ത മെഡിക്കൽ സംവിധാനങൾ അശാസ്​ത്രീയമായി കൂട്ടിക്കലർത്തുന്ന ഈ നീക്കത്തെ ഐ.എം.എ ശക്തമായി എതിർക്കുന്നു.

നിർഭാഗ്യകരമെന്നു പറയട്ടെ, ഇന്ത്യയിലെ ആദ്യത്തെ എം.ബി.ബി.എസ്​– ബി.എ.എം.എസ്​ കോഴ്സ് പോണ്ടിച്ചേരി​ ജിപ്മറിൽ ആരംഭിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. കേന്ദ്ര ആരോഗ്യ, ആയുഷ് സഹമന്ത്രി (സ്വതന്ത്ര ചുമതല) പ്രതാപ്റാവു ജാദ് ആണ് ഈ നീക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മിക്സോപതി – ക്രോസ്പതി എന്നിങ്ങനെ പരസ്​പര വിരുദ്ധമായ വ്യത്യസ്​ത സംവിധാനങ്ങളുടെ കൂട്ടിക്കലർച്ച എന്നു സൂചിപ്പിക്കുന്ന പദങ്ങൾക്ക് പകരം ഇന്റഗ്രേറ്റീവ് മെഡിസിൻ എന്ന പദമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നത്. ക്രോസ്പതി – മിക്സോപതി എത് രോഗീപരിചരണത്തിനും സുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ എം.ബി.ബി.എസ്​– ബി.എ.എം.എസ്​ കോഴ്സ് പോണ്ടിച്ചേരി​ ജിപ്മറിൽ ആരംഭിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.
ഇന്ത്യയിലെ ആദ്യത്തെ എം.ബി.ബി.എസ്​– ബി.എ.എം.എസ്​ കോഴ്സ് പോണ്ടിച്ചേരി​ ജിപ്മറിൽ ആരംഭിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്.

എല്ലാ മെഡിക്കൽ കോളേജുകളിലും സർക്കാർ ആശുപത്രികളിലും പരമ്പരാഗത വൈദ്യശാസ്​ത്രവും ആധുനിക വൈദ്യശാസ്​ത്രവും സംയോജിപ്പിച്ചുള്ള കേന്ദ്രങ്ങൾ സ്​ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രസ്​താവിച്ചിരുന്നു. പരമ്പരാ ഗത ചൈനീസ്​ വൈദ്യശാസ്​ത്രം ആധുനിക വൈദ്യ ശാസ്​ത്രവുമായി കലർത്താൻ ശ്രമിച്ച ചൈനയുടെ ഉദാഹരണം ഉദ്ധരിച്ച്, അതൊരു പരാജയപ്പെട്ട മാതൃകയായതിനാൽ മോഡേൺ മെഡിസിൻ പ്രാക്ടീ ഷണർമാർ (IMA) വളരെക്കാലമായി ഈ സമീ പനത്തെ എതിർക്കുന്നു.

ഇന്റഗ്രേറ്റീവ് മെഡിസിൻ നയത്തെ ജനവിരുദ്ധനീക്കമെന്ന് വിശേഷിപ്പിച്ച IMA, ഇത് സംഭവിച്ചാൽ 2030 ആകുമ്പോഴേക്കും എല്ലാ എം.ബി.ബി.എസ്​ ഡോക്ടർമാരും ഇന്റഗ്രേറ്റീവ് മെഡിസിനിൽനിന്നുള്ളവരായിരിക്കുമെന്നും ഒരു അടിസ്​ഥാനവുമില്ലാതെ എല്ലാ വൈദ്യശാസ്​ത്ര സമ്പ്രദായങ്ങളിൽ നിന്നുമുള്ള മരുന്നുകൾ (Kitchadi medicine) പ്രാക്ടീസ്​ ചെയ്യുകയും നൽകുകയും ചെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

രാജ്യത്ത് 650–ലധികം മെഡിക്കൽ കോളേജുകളുണ്ട്, അവയിലൂടെ എല്ലാ വർഷവും 1,36,000 എം.ബി.ബി.എസ്​ ഡോക്ടർമാരാണ് പുറ ത്തുവരുന്നത്. വൈദ്യശാസ്​ത്ര ചുമതലകൾ കൈകാര്യം ചെയ്യുന്നതിനും ഇന്ത്യയെ ഒരു മെഡിക്കൽ ഹബ്ബായി കാണുന്ന ലോകമെമ്പാടുമുള്ള ആളുകളെ സേവിക്കുന്നതിനും അവർക്ക് മതിയായ പരിശീലനം ലഭിച്ചിട്ടുണ്ട്. ആയുർവേദം, ഹോമി യോപ്പതി, യുനാനി തുടങ്ങിയ മേഖലകളിൽ നിന്നുള്ള മെഡിക്കൽ പ്രൊഫഷണലുകൾ ആധുനിക വൈദ്യശാസ്​ത്രത്തിലേക്ക് ലാറ്ററൽ എൻട്രി ചെയ്യുന്നത് ഡോക്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല; പക്ഷേ ഇത് രോഗികളെ ഗുരുതരമായി ബാധിക്കും, സംയോജിത വൈദ്യശാസ്​ത്രം പരിശീലിക്കുന്ന ഒരേയൊരു രാജ്യമായ ചൈന ദയനീയമായി പരാജ യപ്പെട്ടു. ഈ സംയോജനം ആ രാജ്യത്തിന്റെ പരമ്പരാഗത വൈദ്യശാസ്​ത്ര സമ്പ്രദായത്തിന്റെ തകർച്ചയ്ക്കും കാരണമായി, അതിനാൽ ഇപ്പോൾ ചൈന പരമ്പരാഗത സംവിധാനത്തെ ആധുനിക വൈദ്യശാസ്​ത്രവുമായി സംയോജിപ്പിക്കുക എന്ന ആശയം ഉപേക്ഷിച്ചു.
എല്ലാ വൈദ്യശാസ്​ത്ര സംവിധാനങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. അതിനാൽ, അവയെ അവയുടെ ശുദ്ധമായ രൂപങ്ങളിൽ സംരക്ഷിക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു. മിക്സോപ്പതി ഇതിന് ഒരു സാധ്യതയും അവശേഷിപ്പിക്കുന്നില്ല. കൂടാതെ, ശാസ്​ത്രങ്ങളുടെ ഈ അശാസ്​ത്രീയമായ മിശ്രിതം രോഗികൾക്കിടയിൽ കഷ്ടതകൾക്കും ജീവൻ നഷ്ടപ്പെടുന്നതിനും മാത്രമേ കാരണമാകൂ. എല്ലാ വൈദ്യശാസ്​ത്ര വിഭാഗങ്ങളും അവയുടെ ശുദ്ധമായ രൂപങ്ങളിൽ പ്രയോഗിക്കുമ്പോൾ, ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്’’.

സമാന്തര ചികിത്സകൾക്ക് മേൽക്കൈയുണ്ടായിരുന്ന നാൽപതുകളുടെ ഉത്തരാർധത്തിൽ, 1947-ൽ, 32 വയസ്സായിരുന്ന ഇന്ത്യക്കാരുടെ ആയുർദൈർഘ്യം. ഇന്ന് 70 വയസ്സിലേറെയായി വർദ്ധിച്ചത് ആധുനിക വൈദ്യശാസ്​ത്രത്തിന്റെ വിജയത്തിന് തെളിവാണ്. ‘അമ്മ വേണോ കുഞ്ഞു വേണോ’ എന്ന ചോദ്യം സാധാരണമായിരുന്ന, കഷ്ടിച്ച് അര നൂറ്റാണ്ടുമുമ്പത്തെ ദയനീയാവസ്​ഥയിൽ നിന്ന് ആധുനിക വൈദ്യശാസ്​ത്രത്തിന്റെ സഹായത്താൽ മാത്രമാണ് ഇപ്പോൾ മാതൃമരണനിരക്ക് ഒരു ലക്ഷ ത്തിൽ 18 ആയി കുറയ്ക്കാൻ കഴിഞ്ഞത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തെ ശിശുമരണനിരക്കും മാതൃമരണനിരക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്ന് കണക്കുകൾ സത്യസന്ധമായി വെളിപ്പെടുത്തുന്നു. വസൂരി, പോളിയോ തുടങ്ങിയ രോഗങ്ങളുടെ ഉന്മൂലനത്തോടൊപ്പം അഞ്ചാംപനി, മുണ്ടിനീര്, ടെറ്റനസ്​, എച്ച്.ഐ.വി, ക്ഷയം, മലേറിയ തുടങ്ങിയ അണുബാധകളും മിക്കവാറും നിർമ്മാർജ്ജനം ചെയ്യപ്പെട്ടു.

ഹോമിയോ വാക്സിനേഷനെ എതിർക്കുന്നു. എന്നാൽ, വാക്സിനേഷനെ ശക്തമായി പിന്തുണയ്ക്കുന്ന മോഡേൺ മെഡിസിൻ വഴി ഭൂമിയിൽ നിന്ന് നിരവധി പകർച്ചവ്യാധികളെ തൂത്തെറിയാൻ കഴിഞ്ഞു. വസൂരി, പോളിയോ, നവജാതശിശു ടെറ്റനസ്​ തുടങ്ങിയ രോഗങ്ങൾ വാക്സിനുകൾ വഴി ഇല്ലാതാക്കി. ആൻ്റിബയോട്ടിക്കു കളുടെ ആവിർഭാവം ജീവന് ഭീഷണിയായ അണുബാധകളുടെ ചികിത്സയിൽ വിപ്ലവം സൃഷ്ടിച്ചു. ഹൃദ്രോഗ പരിചരണം, കാൻസർ ചികിത്സ, പ്രമേഹ ചികിത്സ, മാതൃ– ശിശു ആരോഗ്യ സേവനങ്ങൾ എന്നിവയിലെ നൂതന ഇടപെടലുകൾ വലിയ മാറ്റങ്ങളുാക്കി.

ആയുർവേദത്തിനോ ഹോമിയോപ്പതിക്കോ മറ്റ് ശാസ്​ത്രങ്ങൾക്കോ ഞങ്ങൾ എതിരല്ല. അവർ അവരുടേതായ സംവിധാനങ്ങൾ പരിശീലിക്കട്ടെ. അവ കൂട്ടിക്കലർത്തുതിനെയാണ് ഞങ്ങൾ എതിർക്കുന്നത്, കാരണം ഇത് സഹായകരമല്ലാത്ത, ഗുരുതരമായ ഫലങ്ങളിലേക്ക് നയിക്കുന്നു. ആയുർ വേദ, ഹോമിയോപ്പതി, യുനാനി ഡോക്ടർമാരെ ഒരു വർഷത്തേക്ക് പരിശീലിപ്പിച്ച് ഒരു സർജന് തുല്യമായ ജോലികൾ ചെയ്യാൻ അവരെ എങ്ങനെയാണ് അനുവദിക്കുക? അവർക്ക് അവരുടെ രോഗികളോട് നീതി പുലർത്താനാവുമോ? വിലയേറിയ ജീവൻ തുലാസിലാക്കുന്ന ഈ കുട്ടിക്കളി ഒരിക്കലും അനുവദിക്കാൻ വയ്യ. അവർ അവരുടെ സ്വന്തം സമ്പ്രദായം പിന്തുടരുകയും അവരുടെ സിസ്റ്റങ്ങളിലെ ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യട്ടെ.

യു.കെയിലെ എൻ.എച്ച്.എസ്​ മുതൽ അമേരിക്കയിലെ വമ്പൻ ആശുപത്രികൾ വരെ – ആഗോളതലത്തിൽ മെഡിക്കൽ സേവനങ്ങളുടെ നട്ടെല്ല് ഇന്ത്യൻ ഡോക്ടർമാരാണ് എന്നത് നാം മറക്കരുത്. ഇന്ത്യയിൽ ലഭ്യമായ അടിസ്​ഥാന സൗകര്യങ്ങൾ, പരിശീലനം, വൈദഗ്ദ്ധ്യം എന്നിവ പല വികസിത രാജ്യങ്ങളുടേതിനേക്കാൾ മികച്ച താണ്. ദശലക്ഷക്കണക്കിന് ആളുകളെ ഫലപ്രദമായി സേവിച്ച ഒരു സംവിധാനത്തെ, പ്രത്യേകിച്ച് തികച്ചും വ്യത്യസ്​തമായ ശാസ്​ത്രീയ തത്വങ്ങളിൽ പ്രവർത്തിക്കുന്ന ഇതര വൈദ്യശാസ്​ത്ര സംവിധാനങ്ങളുമായി ലയിപ്പിക്കാൻ നിർബന്ധിതമാക്കിക്കൊണ്ട്, അശാസ്ത്രീയമായി നന്നാക്കാൻ ശ്രമിക്കേണ്ട ആവശ്യമില്ല.

എല്ലാ സ്​ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളാണ്. ഗവേഷണങ്ങൾ നടത്തി മറ്റ് സംവിധാനങ്ങളെ മികവുറ്റതാക്കുന്നതിനുപകരം അത് ആധുനിക വൈദ്യശാസ്​ത്രവുമായി കലർത്തുന്നത് ഓരോ സംവി ധാനത്തിന്റെയും, പ്രത്യേകിച്ച് ആധുനിക വൈദ്യശാസ്​ത്രത്തിന്റെ ശുദ്ധതയും കാര്യക്ഷമതയും നശിപ്പിക്കും. ഇന്ത്യൻ ബിരുദമായ ക്രോസ്പതി– മിക്സോപ്പതി ബി.എ.എം.എസ്​–എം.ബി.ബി.എസ്​, വൈദ്യശാസ്​ത്രലോകം പുച്ഛത്തോടെ നിരസിക്കും. ചൈനീസ്​ മിക്സോപതി ബിരുദം നിരസിച്ചതുപോലെ ഒരു രാജ്യവും ഈ ബിരുദവും അംഗീകരിക്കില്ല എന്നുറപ്പ്.

READ: വെല്ലുവിളികൾ നേരിടുന്ന
ഇന്ത്യൻ ഡോക്ടർ സമൂഹം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments