ഫോട്ടോ: മുഹമ്മദ് ഹനാൻ

കോവിഡ് കാലം കഴിഞ്ഞാൽ രോഗാതുരത
​കൂടും; കേരളം ചെയ്യേണ്ടത്​

കേരളത്തിലെ ഇപ്പോഴത്തെ കോവിഡ് വ്യാപനം വലിയ ചർച്ചക്കിടയാക്കിയിട്ടുണ്ട്, കേരളം ആദ്യഘട്ടത്തിൽ കൈവരിച്ച നേട്ടങ്ങൾ പീന്നിട് കളഞ്ഞുകുളിച്ചു എന്ന മട്ടിൽ വിമർശനങ്ങളുണ്ടാകുന്നുണ്ട്. കേരളത്തിലെ ഇപ്പോഴത്തെ വ്യാപനത്തിന്റെ യഥാർഥ കാരണം എന്താണെന്നും ഇപ്പോഴത്തെ വ്യാപനത്തിൽ ആശങ്കപ്പെടേണ്ടതുണ്ടോ എന്നും വ്യക്തമാക്കുകയാണ് ഡോ. ബി. ഇക്ബാൽ. ഒപ്പം, വാക്‌സിനുകളുടെ ഫലപ്രാപ്തി, കോവിഷീൽഡ് രണ്ടാം ഡോസിന്റെ കാര്യത്തിലുള്ള കോടതി ഇടപെടൽ, വരാൻ പോകുന്ന ഇളവുകളുടെ പ്രത്യാഘാതം, നിപ്പയുടെ ആവർത്തനം, കോവിഡുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങൾ, ആഗോളതലത്തിൽ ഉയർന്നുവരുന്ന പുതിയ കാഴ്ചപ്പാടുകൾ, കേരളം വികസിപ്പിച്ചെടുക്കേണ്ട പുതിയ പൊതുജനാരോഗ്യ വ്യവസ്ഥ എന്നിവയെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളും അദ്ദേഹം മുന്നോട്ടുവെക്കുന്നു.


വെല്ലുവിളിയുണ്ടായി, കേരളം വിജയകരമായി നേരിട്ടു

കോവിഡിന്റെ ഒന്നാംതരംഗം വിജയപൂർവം തരണം ചെയ്ത കേരളത്തിൽ രണ്ടാം തരംഗകാലത്ത് കോവിഡ് വ്യാപനം ദീർഘനാളായി തുടരുന്നത് വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. വിവിധ ഘട്ടങ്ങളിൽ വിവിധ പ്രദേശങ്ങളിൽ മഹാമാരികൾ വ്യാപിക്കുകയോ നിയന്ത്രിക്കപ്പെടുകയോ കെട്ടടങ്ങുകയോ ചെയ്യുന്നതിന്റെ സവിശേഷ കാരണങ്ങൾ ശാസ്​ത്രീയമായി പരിശോധിക്കേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ രണ്ടാംതരംഗം കെട്ടടങ്ങിത്തുടങ്ങിയ അവസരത്തിലാണ് കേരളത്തിൽ രണ്ടാം തരംഗം ആരംഭിച്ച് രോഗവ്യാപനം വലിയ വർധന കാട്ടിത്തുടങ്ങിയത്.

ഐ.സി.എം.ആർ ജൂൺ 14 മുതൽ ജൂലൈ 6 വരെ നടത്തിയ സീറോ പ്രിവലൻസ് പഠനപ്രകാരം (സമൂഹത്തിൽ എത്രപേർക്ക് രോഗം ബാധിച്ചിരുന്നു എന്ന് രക്തത്തിലെ ആൻറിബോഡി പരിശോധിച്ച് നിശ്ചയിക്കുന്ന പഠനം) രാജ്യത്തെ സീറോ പ്രിവലൻസ് 67.6 ശതമാനമാണെങ്കിൽ കേരളത്തിലേത് 42.7% മാത്രമായിരുന്നു; ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ്.
ഇതിൽ നിന്നെത്തേണ്ട നിഗമനം, കേരളത്തിൽ ഒന്നാംഘട്ടത്തിൽ രോഗനിയന്ത്രണം വളരെ വിജയകരമായിരുന്നതിനാൽ രോഗം ബാധിച്ചവരുടെ എണ്ണം വളരെ കുറവായിരുന്നു എന്നാണ്. മാത്രമല്ല, കേരളത്തിൽ ആറിലൊരാളിൽ രോഗം കണ്ടെത്തിയപ്പോൾ രാജ്യം മൊത്തമെടുത്താൽ അത് 33 പേരിൽ ഒരാളിൽ മാത്രമാണുള്ളത്. ചില വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നൂറിൽ കൂടുതൽ പേരിൽ മാത്രമാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. നമ്മുടെ ടെസ്റ്റിംഗ് രീതിയുടെ വിജയത്തേയും ഇത് സൂചിപ്പിക്കുന്നു. രാജ്യത്ത് പത്തുലക്ഷം പേരിൽ 3,82,781 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ കേരളത്തിൽ 9,17,930 പേരെ ടെസ്റ്റ് ചെയ്തുകഴിഞ്ഞിട്ടുണ്ട്.

കേരളത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പോസിറ്റീവ് കേസുകളിൽ വാക്‌സിൻ എടുത്തവർക്കുണ്ടാകുന്ന രോഗപകർച്ചയുള്ളവരുടെ എണ്ണം വർധിച്ചുവരികയാണ്. ഇതിൽ ആശങ്കപ്പെടേണ്ടതില്ല. മരണമടയുന്നവരിൽ 95 ശതമാനവും വാക്‌സിനെടുക്കാത്തവരാണ് എന്നാണ്​ കണ്ടെത്തിയിട്ടുള്ളത്​.

എന്നാൽ ഒന്നാം തരംഗം വിജയകരമായി നേരിട്ടതിനാൽ രണ്ടാംതരംഗ കാലത്ത് കേരളത്തിന് വലിയ പ്രതിസന്ധി നേരിടേണ്ടിവന്നു. രോഗസാധ്യതയുള്ള വലിയൊരു ജനസമൂഹത്തിലേക്കാണ് (Susceptible Population) രണ്ടാംതരംഗത്തിൽ അതിവ്യാപനശേഷിയുള്ള ഡെൽറ്റ വൈറസ് കടന്നുവന്നത്. രോഗം ഇതുവരെ ബാധിക്കാത്തവരിൽ, ജനസംഖ്യ വളരെ കൂടുതലായതിനാലും ജനസാന്ദ്രത ഉയർന്ന് നിൽക്കുന്നതുകൊണ്ടും രോഗം സ്വാഭാവികമായും അതിവേഗം പടർന്നു പിടിക്കുകയാണുണ്ടായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി നഗര- ഗ്രാമങ്ങൾ തമ്മിൽ പരസ്പരം ബന്ധിതമായതിനാൽ രോഗവ്യാപന സാധ്യത കേരളത്തിൽ ഉയർന്നുനിൽക്കുന്നു. എന്നാൽ, രോഗികളുടെ എണ്ണം വർധിച്ച് ഒരു ഘട്ടത്തിൽ 40,000നുമേൽ പോയപ്പോഴും രോഗബാധിതരർക്കെല്ലാം ഉചിത ചികിത്സ ഉറപ്പാക്കുന്നതിൽ കേരളം വിജയിച്ചു. ഒരു ഘട്ടത്തിലും ആശുപത്രികളിൽ ലഭ്യമായ കോവിഡ് ചികിത്സാ കിടക്കകളുടെ എണ്ണത്തിനേക്കാൾ കൂടുതലായി രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായില്ല. രണ്ടാം തരംഗത്തിലും മരണനിരക്കും കേരളത്തിൽ കുറവാണ്. രാജ്യത്ത് 1.34 % ആയിരിക്കുമ്പോൾ കേരളത്തിൽ 0.51% മാത്രം.

ഡോ. ജയപ്രകാശ് മുളിയിൽ, ഡോ. ഗഗൻ ദീപ് കാങ്ങ്

ആരോഗ്യവിദഗ്ധനും പ്രസിദ്ധ എപ്പിഡെമിയോളജിസ്റ്റുമായ ഡോ. ജയപ്രകാശ് മുളിയിൽ, വെല്ലൂർ മെഡിക്കൽ കോളേജിലെ വൈറോളജിസ്റ്റ് ഡോ. ഗഗൻ ദീപ് കാങ്ങ് തുടങ്ങി അഖിലേന്ത്യാതലത്തിൽ പ്രമുഖരായ നിരവധി വിദഗ്ദർ കേരളം രണ്ടാംതരംഗത്തിൽ നേരിട്ട വെല്ലുവിളികളുടെ കാരണങ്ങൾ വിശദമാക്കുകയും അത് വിജയകരമായി നേരിട്ടതിൽ കേരളത്തെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

കോവിഡ് വന്ന്​ ഭേദമായവരിൽ; പ്രത്യേകിച്ച് പ്രമേഹം, രക്താതിമർദ്ദം, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ അനുബന്ധ രോഗം ബാധിച്ചവർക്ക് ഗുരുതരമായ കോവിഡാനന്തര രോഗങ്ങളുണ്ടാവാൻ സാധ്യതയുണ്ട്

വാക്‌സിനേഷൻ ഫലപ്രദമായി നടപ്പിലാക്കുന്നതിലും കേരളം വിജയിച്ചുവരികയാണ്. ഇതിനകം ഒന്നാം ഡോസ് വാക്‌സിൻ 18 വയസ്സിന് മുകളിലുള്ള 77 % പേർക്കും രണ്ടാം ഡോസ് വാക്‌സിൻ 30% പേർക്കും നൽകികഴിഞ്ഞിട്ടുണ്ട്. സെപ്തംബറിൽ ഒന്നാം ഡോസ് വാക്‌സിനും ഒക്ടോബർ അവസാനത്തോടെ രണ്ടാം ഡോസ് വാക്‌സിനും അർഹരായ എല്ലാവർക്കും നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഡൽറ്റ വൈറസിന് വാക്‌സിൻ പ്രതിരോധത്തെ ഭാഗികമായി അതിജീവിക്കാൻ കഴിയുന്നതിനാൽ വാക്‌സിനെടുത്തവർക്ക് രോഗപകർച്ച ഉണ്ടാകുന്നുണ്ട്. എന്നാൽ, ഇവർക്ക് ലഘുവായ രോഗലക്ഷണം മാത്രമാണുണ്ടാവുക. മാത്രമല്ല, മരണ സാധ്യതയും വളരെ കുറവാണ്. കേരളത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പോസിറ്റീവ് കേസുകളിൽ വാക്‌സിൻ എടുത്തവർക്കുണ്ടാകുന്ന രോഗപകർച്ചയുള്ളവരുടെ എണ്ണം വർധിച്ചുവരികയാണ്. ഇതിൽ ആശങ്കപ്പെടേണ്ടതില്ല. മരണമടയുന്നവരിൽ 95 ശതമാനവും വാക്‌സിനെടുക്കാത്തവരാണ് എന്നാണ്​ കണ്ടെത്തിയിട്ടുള്ളത്​. ഒന്നിലേറെ അനുബന്ധരോഗമുള്ള വയോജനങ്ങൾ മാത്രമാണ് കോവിഡ് എടുത്തിട്ടും മരണമടഞ്ഞിട്ടുള്ളത്.

കേരളത്തിലെ വാക്സീനേഷൻ കണക്കുകൾ (10/09/2021) / kerala.gov.in

കോവിഡ് വന്ന്​ ഭേദമായവരിൽ; പ്രത്യേകിച്ച് പ്രമേഹം, രക്താതിമർദ്ദം, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ അനുബന്ധ രോഗം ബാധിച്ചവർക്ക് ഗുരുതരമായ കോവിഡാനന്തര രോഗങ്ങളുണ്ടാവാൻ സാധ്യതയുണ്ട്. ഇത് പരിഗണിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്.

വാക്‌സിന്റെ ഫലപ്രാപ്തി

ഇപ്പോഴത്തെ വാക്‌സിനുകളോട് ഭാഗികമായി അതിജീവനശേഷിയുള്ളതാണ് ഡൽറ്റ വൈറസ്. തുടക്കത്തിലുണ്ടായിരുന്ന വന്യവൈറസുകളെ (Wild Virus) നേരിടുന്നതിനുള്ള വാക്‌സിനുകളാണ് ഇപ്പോഴുള്ളത്. അതുകൊണ്ടാണ് വാക്‌സിൻ എടുത്തവരിൽ പലർക്കും രോഗപകർച്ചയുണ്ടാവുന്നത്. എന്നാൽ ഇതത്ര ഗുരുതര രോഗമായി മാറുന്നില്ല. മരണമടയാനുള്ള സാധ്യതയുമില്ല, ഒന്നിലേറെ അനുബന്ധ രോഗമുള്ള വയോജനങ്ങളിൽ മാത്രമാണ് വാക്‌സിനെടുത്തവക്ക് രോഗപ്പകർച്ചയുണ്ടാവുന്ന ‘ബ്രേക്ക് ത്രൂ ഇൻഫക്ഷൻ' (Break Through Infection) രോഗമൂച്ചയുണ്ടാക്കുന്നതും മരണകാരണമാവുന്നതും. ഭാവിയിൽ ഡൽറ്റാ വൈറസുകളെയും പൂർണമായി പ്രതിരോധിക്കാൻ കഴിവുള്ള വാക്‌സിൻ വികസിപ്പിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രോഗം വന്ന് ഭേദമായവരുടെ കാര്യത്തിലെന്നതുപോലെ തന്നെ വാക്‌സിൻ മൂലവും ആവശ്യമായ പ്രതിരോധം ലഭിക്കും. മാത്രമല്ല, രോഗം വന്ന്​ ഭേദമായി സാമൂഹ്യപ്രതിരോധം (Herd Immuntiy) കൈവരിക്കാൻ കാത്തിരുന്നാൽ ധാരാളം പേർക്ക്​ രോഗം വന്ന് ജീവൻ നഷ്ടപ്പെടേണ്ടിവരും. മറ്റ് സാമൂഹ്യ- സാമ്പത്തിക പ്രതിസന്ധികളേയും നേരിടേണ്ടിവരുന്നതിനാൽ സമൂഹത്തിന് കനത്തവില നൽകേണ്ടിവരും.

കോവിഷീൽഡ് പോലെ വൈറൽ വെക്ടർ വാക്‌സിനുകൾ വൈകി നൽകുന്നതായിരിക്കും ഫലപ്രദമെന്നാണ് വാക്‌സിൻ വിദഗ്ധരുടെ അഭിപ്രായം. / Photo: Wikimedia Commons

ഇതിനിടെ, കോവിഷീൽഡ് വാക്സിൻ എടുത്ത് നാലാഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് അനുവദിക്കണമെന്ന് ഹൈകോടതി വിധിച്ചിരിക്കുന്നു. കോടതി ഇത്തരം ശാസ്​ത്രീയ മാനദണ്ഡങ്ങളുടെ കാര്യത്തിൽ അഭിപ്രായം പറയുന്നത് ഉചിതമല്ല. അതെല്ലാം വിദഗ്ധർക്ക് വിട്ടുകൊടുക്കുന്നതാണ് നല്ലത്. വിദേശത്ത് പോകാൻ സമയപരിധിയുള്ള ചിലർക്ക് ഇളവ് അനുവദിച്ചെങ്കിലും കോവിഷീൽഡ് പോലെ വൈറൽ വെക്ടർ വാക്‌സിനുകൾ വൈകി നൽകുന്നതായിരിക്കും ഫലപ്രദമെന്നാണ് വാക്‌സിൻ വിദഗ്ധരുടെ അഭിപ്രായം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നാൽ...

കുട്ടികളിൽ രോഗമുണ്ടായാൽ തന്നെ ഗുരുതരമാവില്ല. അപൂർവ്വമായി കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്നുമാത്രം. കുട്ടികൾ മുതിർന്നവരിലേക്ക് രോഗം പകർത്തുമോ എന്നതാണ് പ്രധാന ചോദ്യം. ഇതൊഴിവാക്കാൻ വിദ്യാർത്ഥികളുള്ള വീട്ടിലെ അംഗങ്ങളെയും അധ്യാപകരെയും വിദ്യാഭ്യാസ മേഖലയിലെ മറ്റ് ജീവനക്കാരെയും വാക്‌സിനേഷന് വിധേയമാക്കേണ്ടതാണ്. കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ എല്ലാവരും പിന്തുടരുകയും വേണം. കുട്ടികളിൽ അപൂർവമായിട്ടാണെങ്കിലും കോവിഡാനന്തരമായി കാണപ്പെടുന്ന മിസ്‌ക് രോഗം (MIS-C, Multi System Inflammatory Syndrome in Children) കാലേകൂട്ടി കണ്ടെത്തി ചികിത്സിക്കാനുള്ള സംവിധാനങ്ങൾ ഇപ്പോൾ തന്നെ ക്രമീകരിച്ചിട്ടുണ്ട്.

Photo: DHE Kerala


വീണ്ടും നിപ, എന്തുകൊണ്ട്?

കേരളത്തിൽ നിപ ഒരു പ്രദേശിക രോഗമായി (Endemic) നിലനിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. വവ്വാലുകളിലെ വൈറസ് പഠനം, ഇടത്താവളമാവാൻ സാധ്യതയുള്ള ജീവികളിലെ വൈറസ് സാന്നിധ്യം ഇതെല്ലാം പഠനവിധേയമാക്കേണ്ടതാണ്. പഴംതീനി വവ്വാലുകൾ പടർത്തുന്ന രോഗമായതിനാൽ വവ്വാലിന്റെ ആവാസകേന്ദ്രങ്ങളിൽ പോകുന്നത് ഒഴിവാക്കുകയും വവ്വാൽ കടിച്ചുപേക്ഷിച്ചവയാവാൻ സാധ്യതയുള്ള പഴങ്ങൾ സ്പർശിക്കാതിരിക്കാൻ ശ്രമിക്കേണ്ടതുമാണ്. മാസ്‌ക് ധാരണം, സാമൂഹ്യദൂരം പാലിക്കൽ, ആവർത്തിച്ച് കൈ കഴുകൽ തുടങ്ങിയ കോവിഡ് പെരുമാറ്റചട്ടങ്ങൾ തന്നെയാണ് രോഗം പകരാതിരിക്കാൻ പിന്തുടരേണ്ടത്. പക്ഷികൾ ഉപേക്ഷിച്ച പഴവർഗ്ഗങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകിച്ച് കുട്ടികൾ ശ്രദ്ധിക്കണമെന്നത് പൊതുസമൂഹത്തിൽ വ്യാപകമായി പ്രചരിപ്പിക്കേണ്ട ആരോഗ്യ സന്ദേശമാണ്.

ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഭാവിയിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ടാലും നമുക്ക് നിപ നിയന്ത്രണം അതിവേഗം കൈവരിക്കാൻ കഴിയും. നിപയെ അമിതമായി ഭയപ്പെടേണ്ടതില്ല. ഇത്തരം വൈറസ് രോഗങ്ങളെ ശാസ്​ത്രീയമായി മനസ്സിലാക്കി സമീപിക്കുകയും ഉചിതമായ കരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്ത് അമിതമായ പരിഭ്രമം ഒഴിവാക്കേണ്ടതാണ്.

വവ്വാലുകളിലെ വൈറസ് പഠനം, ഇടത്താവളമാവാൻ സാധ്യതയുള്ള ജീവികളിലെ വൈറസ് സാന്നിധ്യം ഇതെല്ലാം പഠനവിധേയമാക്കേണ്ടതാണ്. / Photo:Sean McCann

കോവിഡിൽ നിന്ന് വ്യത്യസ്തമായി കടുത്ത രോഗലക്ഷണങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ പ്രകടിപ്പിക്കുകയും അടുത്തിടപെടുന്നവരിലേക്കുമാത്രം പകരുകയും ചെയ്യുന്നതിനാൽ നിപ, എബോള, കോറോണ വൈറസുകൾ മൂലമുള്ള സാർഴ്‌സ്, മെഴ്‌സ് തുടങ്ങിയ പകർച്ചവ്യാധികൾ അതിവേഗം നിയന്ത്രണ വിധേയമാക്കാൻ കഴിയും. രോഗികളെ വേർതിരിച്ച് ചികിത്സിച്ചും സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി ക്വാറന്റയിൻ ചെയ്തുമാണ് രോഗനിയന്ത്രണം കൈവരിക്കുന്നത്. എന്നാൽ, കോവിഡുമായി തട്ടിച്ചുനോക്കുമ്പോൾ ഇത്തരം വൈറസ് രോഗങ്ങളൊന്നും മഹാമാരികളായി (Panademic) മാറിയിട്ടില്ല. ഏതാനും രാജ്യങ്ങളിൽ മാത്രമായി വ്യാപിച്ച എപ്പിഡെമിക്കുകൾ (Epidemic) മാത്രമായി പരിമിതപ്പെട്ടാണ് കാണപ്പെടുന്നത്. എന്നാൽ ഇവയുടെ മരണനിരക്ക് വളരെ കൂടുതലാണ്. നിപ ഇതിനകം വിവിധ രാജ്യങ്ങളിൽ 500 നടുത്താളുകളെ മാത്രമാണ് ബാധിച്ചത്. 252 പേർ മരിച്ചു. 40 മുതൽ 75 ശതമാനം വരെയായിരുന്നു വിവിധ രാജ്യങ്ങളിലെ മരണനിരക്ക്. ഈ രോഗങ്ങൾക്കെല്ലാം കാരണമായ വൈറസുകളുടെ വാഹകർ വവ്വാലുകളാണ്. പരിസ്ഥിതിവിനാശവും ആരോഗ്യമാനദണ്ഡങ്ങൾ പാലിക്കാതെ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതും മൂലമാണ് വൈറസുകൾ വവ്വാലുകളിൽ നിന്ന് നേരിട്ടോ മറ്റൊരു ഇടത്താവള ജീവിയിലൂടെയോ (Intermediate Host) മനുഷ്യരിലെത്തുന്നത്.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് നടപടികളായി

കേരളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി വികസിപ്പിക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ നടന്നുവരികയാണ്. കോവിഡ് വിദഗ്ധസമിതി അംഗം കൂടിയായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ പ്രസിദ്ധ ശാസ്ത്രജ്ഞൻ ഡോ. ഇ. ശ്രീകുമാർ ഡയറക്ടറായി ചുമുതലയേൽക്കുകയാണ്. ബയോ സെഫ്റ്റി ലെവൽ മൂന്ന് നിലവാരമുള്ള ലബോറട്ടറി നിർമാണത്തിനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചുവരുന്നു. ഇതിനകം നിയമിച്ചുകഴിഞ്ഞ ശാസ്ത്രജ്ഞരെ വിദേശത്ത് പരിശീലനത്തിനായക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിനടുത്തുതന്നെ ലൈഫ് സയൻസസ് പാർക്കിൽ വാക്‌സിൻ നിർമാണ കേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമവും നടന്നുവരികയാണ്.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി / Photo: kscste.kerala.gov.i

കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റണം

കോവിഡുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കേണ്ട ശാസ്ത്രീയ പഠനങ്ങളെക്കുറിച്ച് ചോദിച്ചാൽ, പൊതുവിൽ ഗവേഷണം, ശാസ്​ത്രീയ പഠനങ്ങൾ, അതിന്റെ അടിസ്ഥാനത്തിലുള്ള ഗവേഷണ പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണം എന്നിവയുടെ കാര്യത്തിൽ കേരളം ആരോഗ്യമേഖലയിൽ മാത്രമല്ല മിക്ക വൈജ്ഞാനിക മേഖലകളിലും വളരെ പിന്നിലാണ് എന്നു പറയേണ്ടിവരും. ആരോഗ്യരംഗത്ത് ഗവേഷണ-പഠന-പ്രസിദ്ധീകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ആരോഗ്യ സർവകലാശാല സ്ഥാപിച്ചത് എങ്കിലും പ്രതീക്ഷിച്ച ഫലം കണ്ടിട്ടില്ല. ഇപ്പോഴത്തെ മഹാമാരി കാലമെങ്കിലും ആരോഗ്യഗവേഷണത്തെ ഉത്തേജിപ്പിക്കാൻ പ്രചോദനമാവുമെന്ന് പ്രതീക്ഷിക്കാം. ഇതുതന്നെയാണ് അപൂർവം ചില അപവാദങ്ങൾ ഒഴിച്ചാൽ, മറ്റ് സർവകലാശാലകളിലേയും സ്ഥിതി.

കേരളത്തിന്റെ ഏറ്റവും വലിയ ആസ്തി, വിജ്ഞാനാർജ്ജനത്തോടുള്ള അതീവ താത്പര്യം തന്നെയാണ്. ഒരു വൈജ്ഞാനിക സമൂഹത്തിനാവശ്യമായ എല്ലാ ബൗദ്ധിക അടിത്തറയും അടിസ്ഥാന സൗകര്യങ്ങളുമുള്ള സംസ്ഥാനമാണ് നമ്മുടേത്. വിജ്ഞാന ഉല്പാദനത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളും കേരളത്തിൽ ഒത്തിണങ്ങിയിരിക്കുന്നു.

കേരളത്തെ വൈജ്ഞാനിക സമൂഹമായി മാറ്റേണ്ടതാണെന്ന ചർച്ച വൈകിയാണെങ്കിലും ഇപ്പോൾ ആരംഭിച്ചിട്ടുള്ളത് ഗുണകരമായ മാറ്റത്തിലേക്ക് വഴിതുറക്കാൻ സഹായകരമാവുമെന്ന് പ്രതീക്ഷിക്കാം.

സാർവദേശീയ- ദേശീയ നിലവാരമുള്ള നിരവധി ഗവേഷണ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. വിക്രം സാരാഭായി സ്‌പെയ്‌സ് സെന്റർ, ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻറ്​ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്​നോളജി, സെന്റർ ഫോർ ഡവലപ്പ്‌മെൻറ്​ സ്റ്റഡീസ്, ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിസ്റ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻറ്​ ടെക്‌നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻറ്​ ടെക്‌നോളജി (മുൻ റീജിയണൽ റിസർച്ച് ലാബറട്ടറി) തുടങ്ങി നിരവധി വിശ്രുത ഗവേഷണസ്ഥാപനങ്ങളും കേന്ദ്രങ്ങളും മിക്ക വൈജ്ഞാനിക ശാഖകളുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ട്. ഇവക്കുപുറമേ സർവകലാശാലയിലെയും ആർട്ട്‌സ് ആന്റ് സയൻസ് കോളേജുകളിലേയും പല ഡിപ്പാർട്ട്‌മെന്റുകളിലും ഗവേഷണത്തിന് സൗകര്യങ്ങൾ ലഭ്യമാണ്. സർവകലാശാലകളുടെ ഗവേഷണ സെന്ററുകളെന്ന പരിഗണന ഒഴിച്ചാൽ നമ്മുടെ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഇവക്കുള്ള അക്കാദമിക്ക് ബന്ധം വളരെ പരിമിതമാണ്. നവീന കോഴ്‌സുകളാരംഭിക്കാനും ലൈബ്രറി, ലാബറട്ടറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പങ്കിടുവാനും വിദഗ്ദരുടെ സേവനം അധ്യാപനത്തിനും ഗവേഷണത്തിനും പ്രയോജനപ്പെടുത്താനും സഹായകരമായ രീതിയിൽ സർവകലാശാലകളും കോളേജുകളും ഗവേഷണസ്ഥാപനങ്ങളും തമ്മിൽ അക്കാദമിക്ക് ജൈവബന്ധം സ്ഥാപിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ നമുക്ക് കഴിയും.

ശാസ്ത്ര- സാങ്കേതികവിദ്യാ മുന്നേറ്റവും കേരളത്തെ ആധുനികകാലത്തിന് യോജിച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോവാൻ ആവശ്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. കേരളത്തെ വൈജ്ഞാനിക സമൂഹമായി (Knowledge Society) മാറ്റേണ്ടതാണെന്ന ചർച്ച വൈകിയാണെങ്കിലും ഇപ്പോൾ ആരംഭിച്ചിട്ടുള്ളത് ഗുണകരമായ മാറ്റത്തിലേക്ക് വഴിതുറക്കാൻ സഹായകരമാവുമെന്ന് പ്രതീക്ഷിക്കാം.

കോവിഡാനന്തരം പുതിയ കാഴ്ചപ്പാടുകൾ

കോവിഡാനന്തര നവ സാധാരണകാലത്ത് (New Normal) ഒട്ടനവധി ആശയങ്ങളും പരികല്പനകളും ഉയർന്നുവരും. ഇവയിൽ പലതും മുൻകാലങ്ങളിൽ ഉന്നയിക്കപ്പെട്ട് അവഗണിക്കപ്പെട്ടവയുമായിരിക്കും. ഇവയിൽ സാർവത്രിക ആരോഗ്യസേവനം, പൊതുജനാരോഗ്യ സംവിധാനങ്ങളുടെ പ്രസക്തി, ഓപ്പൺ സോഴ്‌സ് (Open Source) മാതൃകയിൽ കുത്തക കമ്പനികളെയും സാമൂഹ്യപ്രസക്തിയില്ലാത്ത പേറ്റൻറ്​ നിയമങ്ങളും ഒഴിവാക്കിയും സഹകരണാടിസ്ഥാനത്തിലുള്ളവയുമായ ഗവേഷണങ്ങൾ, ഔഷധ ഉൽപാദനം, ആരോഗ്യമേഖലയിലുണ്ടാവേണ്ട അന്താരാഷ്ട്ര ഐക്യദാർഢ്യത്തിന്റെ (International Solidarity) ആവശ്യകത, പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ സംരക്ഷണം, ലിംഗനീതി, സർവോപരി മനുഷ്യരുടെ ആരോഗ്യത്തോടൊപ്പം മൃഗസംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കേണ്ട ഏകലോകം, ഏകാരോഗ്യം (One World One Health) തുടങ്ങിയ നിരവധി മേഖലകളെ സ്പർശിക്കുന്ന പുതിയ കാഴ്ചപ്പാടുകൾ ലോകവ്യാപകമായി ഉയർന്നുവരും.

മരണനിരക്ക് കുറച്ചുകൊണ്ടുള്ള ആരോഗ്യമേഖലയിലെ നമ്മുടെ വിജയത്തിന് കൊടുക്കേണ്ടിവരുന്ന വിലയായി വർധിച്ചുവരുന്ന ഇത്തരം ദീർഘസ്ഥായി- പകർച്ചേതര രോഗങ്ങളെ കാണാം.

കേരളം എന്തുചെയ്യണം?

രോഗാതുരത (Morbidity) വളരെ കൂടുതലുള്ള പ്രദേശമാണ് കേരളം. 1970 കളിൽ ഡോ. പി.ജി.കെ. പണിക്കരും ഡോ.സി.ആർ. സോമനും നടത്തിയ പഠനത്തെ തുടർന്ന് കേരളാവസ്ഥയെ ‘Low Mortality High Morbidity Syndrome' എന്ന് വിശേഷിപ്പിച്ചിരുന്നു. ആരോഗ്യമേഖലയിലെ ഗുണകരമായ വശമായ മരണനിരക്ക് കുറഞ്ഞിരിക്കുമ്പോൾ തന്നെ രോഗാതുരത കൂടുതലാണെന്ന് അവർ ചൂണ്ടിക്കാട്ടി. മരണനിരക്ക് കുറയുമ്പോൾ പ്രായാധിക്യമുള്ളവർ സമൂഹത്തിൽ വർധിക്കുകയും വയോജനങ്ങളെ കൂടുതലായി ബാധിക്കുന്ന പ്രമേഹം, രക്താതിമർദ്ദം, കാൻസർ തുടങ്ങിയ രോഗങ്ങൾ കൂടുകയും ചെയ്യും. മരണനിരക്ക് കുറച്ചുകൊണ്ടുള്ള ആരോഗ്യമേഖലയിലെ നമ്മുടെ വിജയത്തിന് കൊടുക്കേണ്ടിവരുന്ന വിലയായി വർധിച്ചുവരുന്ന ഇത്തരം ദീർഘസ്ഥായി- പകർച്ചേതര രോഗങ്ങളെ കാണാം. എന്നാൽ സാധാരണഗതിയിൽ പ്രതീക്ഷിക്കാവുന്നതിലും കൂടുതലാണ് കേരളത്തിൽ പകർച്ചേതര രോഗങ്ങളുടെ (Non Communicable Diseases) സാന്നിധ്യം. പ്രമേഹരോഗികളുടെ അമിത വർധന മൂലം കേരളം രാജ്യത്തെ പ്രമേഹരോഗികളുടെ തലസ്ഥാനമായി കരുതപ്പെടുന്നു. അമിതവും അനാരോഗ്യകരങ്ങളുമായ ആഹാരരീതി, വ്യായാമരാഹിത്യം തുടങ്ങിയ ജീവിതരീതികളാണ് പകർച്ചേതര രോഗങ്ങൾ വർധിക്കാൻ പ്രധാന കാരണം. മാത്രമല്ല, പകർച്ചേതര രോഗങ്ങൾക്കുള്ള ചികിത്സാസൗകര്യങ്ങൾ വർധിച്ചിട്ടുണ്ടെങ്കിലും ഉചിത ചികിത്സ സ്വീകരിച്ച് രോഗം നിയന്ത്രിക്കുന്നവർ വളരെ കുറവാണെന്നതും വലിയ വെല്ലുവിളിയാണ്​. പ്രമേഹം, രക്താതിമർദ്ദം എന്നീ രോഗങ്ങൾ നിയന്ത്രിക്കപ്പെട്ടിട്ടുള്ളവർ 15 ശതമാനം മാത്രമാണെന്ന് ഒരു പഠനം വെളിപ്പെടുത്തിയിട്ടുണ്ട്.

സാധാരണഗതിയിൽ പ്രതീക്ഷിക്കാവുന്നതിലും കൂടുതലാണ് കേരളത്തിൽ പകർച്ചേതര രോഗങ്ങളുടെ (Non Communicable Diseases) സാന്നിധ്യം. / Photo: Wikimedia Commons

കേരളീയരുടെ മാനസികാരോഗ്യ നിലവാരവും അത്ര നല്ല നിലയിൽ അല്ല എന്ന്​നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. വർധിച്ചുവരുന്ന വാഹനാപകടങ്ങൾ നിരവധി പേരുടെ മരണത്തിനും അംഗവൈകല്യത്തിനും കാരണമാകുന്നുണ്ട്.
പകർച്ചേതര രോഗങ്ങളോടൊപ്പം കേരളത്തിൽ നിരവധി പകർച്ചവ്യാധികളും നിലനിൽക്കുന്നു എന്നതാണ് നിർഭാഗ്യകരമായ വസ്തുത. ഡങ്കി, എച്ച് 1 എൻ 1, ചിക്കുൻ ഗുനിയ, വയറിളക്ക രോഗങ്ങൾ, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ കേരളത്തിൽ പ്രാദേശിക രോഗമായി (Endemic) നിലനിൽക്കുകയും നിരവധി പേരുടെ ജീവൻ വർഷം തോറും അപഹരിച്ചുവരികയുമാണ്. ശിശുമരണനിരക്ക്, ആയുർദൈർഘ്യം തുടങ്ങിയ അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേരളം ആരോഗ്യമേഖലയിൽ വികസിത രാജ്യങ്ങൾക്ക് ഏതാണ്ട് തുല്യമായ സ്ഥാനം നേടിയതായി കരുതപ്പെടുന്നത്. എന്നാൽ, വികസിത രാജ്യങ്ങളിൽ നിന്നും ആരോഗ്യമേഖലയിൽ മികച്ചുനിൽക്കുന്ന ക്യൂബ, നിക്കാരാഗ്വ, ശ്രീലങ്ക തുടങ്ങിയ വികസ്വരരാജ്യങ്ങളിൽ നിന്നും തുടച്ചുനീക്കപ്പെടുകയോ പൂർണമായി നിയന്ത്രിക്കപ്പെടുകയോ ചെയ്ത പകർച്ചവ്യാധികൾ പലതും കേരളത്തിൽ കാണപ്പെടുന്നു എന്നതാണ് സത്യം. ഇത്തരം രോഗസാന്നിധ്യത്തിന് നിഷേധ മുൻഗണന (Negative Weightage) നൽകിയാൽ ആരോഗ്യമേഖലയിലെ കേരളത്തിന്റെ സ്ഥാനം വളരെ വേഗം താഴെക്കുപോവും എന്നതാണ് വസ്തുത.

ബൈപാസ്- ഡയാലിസിസ് കേന്ദ്രങ്ങൾ വർധിപ്പിച്ചും അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയും നമുക്കിനി മുന്നോട്ടുപോകാനാവില്ല. രോഗനിവാരണത്തിന് ഊന്നൽ നൽകേണ്ടിയിരിക്കുന്നു.

ഉചിതമായ ജീവിതരീതി മാറ്റങ്ങളിലൂടെയും പ്രാരംഭഘട്ട ചികിത്സയിലൂടെയും പകർച്ചേതര രോഗങ്ങൾ നിയന്ത്രിക്കുകയും മൂർച്ചാവസ്ഥ (Complications) തടഞ്ഞ് ഗുരുതരമാവുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്. പ്രമേഹം, രക്താതിർമർദ്ദം എന്നീ രണ്ട് രോഗങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞാൽ തന്നെ അവയുടെ ഫലമായുണ്ടാവുന്ന ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗങ്ങൾ തടയാൻ കഴിയും. ബൈപാസ്- ഡയാലിസിസ് കേന്ദ്രങ്ങൾ വർധിപ്പിച്ചും അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തിയും നമുക്കിനി മുന്നോട്ടുപോകാനാവില്ല. രോഗനിവാരണത്തിന് (Disease Prevention) ഊന്നൽ നൽകേണ്ടിയിരിക്കുന്നു. കൊതുകുകൾ, കീടങ്ങൾ എന്നിവ പരത്തുന്ന ഡങ്കി, സിക, സ്‌ക്രബ് ടൈഫസ്, മസ്തിഷ്‌കജ്വരം എന്നീ പ്രാണിജന്യ രോഗങ്ങൾ (Vector Borne Diseases), മലിനജലത്തിലൂടെ വ്യാപിക്കുന്ന എലിപ്പനി, വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ തടയുന്നതിന് കൊതുകുനശീകരണം, മാലിന്യ നിർമാർജ്ജനം, ശുദ്ധജലലഭ്യത എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. എച്ച് 1 എൻ 1 പ്രതിരോധത്തിനുള്ള വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കേണ്ടതാണ്.

കോവിഡ് കാലം കഴിഞ്ഞാൽ വലിയൊരു ജനവിഭാഗം വിധേയമാവാൻ സാധ്യതയുള്ള കോവിഡാനന്തര രോഗങ്ങൾ മൂലം (Post Covid Syndromes) കേരളീയരുടെ രോഗാതുരത ഇനിയും വർധിക്കും. ഇവർക്ക് ഉചിതമായ ചികിത്സ നൽകാൻ ഇതിനകം ആരംഭിച്ചിട്ടുള്ള ചികിത്സാകേന്ദ്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടിവരും. അധികം പേരെ ബാധിക്കാതെയാണെങ്കിലും ആവർത്തിച്ച് പ്രത്യേക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന നിപ, സ്‌ക്രബ് ടൈഫസ് (Scrub Typhus), കരിമ്പനി (Leishmaniasis), കുരങ്ങുപനി (Kyasanur Forest Disease) എന്നിവ നിയന്ത്രിക്കുന്നതിന് അതത് രോഗങ്ങളുടെ സവിശേഷ രോഗ ഉറവിട വ്യാപന രീതികൾ പരിഗണിച്ച് ഉചിതമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കേണ്ടതാണ്.

ആർദ്രം മിഷൻ കോവിഡ് ശമിച്ച് കഴിഞ്ഞാൽ ആർദ്രം 2.0 ആയി വിപൂലീകരിച്ച് രോഗാതുരത കുറച്ച് ഗുണാത്മക ആരോഗ്യമുള്ള ജനസമൂഹമായി കേരളത്തെ പരിവർത്തനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു.

പകർച്ച- പകർച്ചേതര രോഗങ്ങൾ ഒരു വിഷമവൃത്തം പോലെ അന്യോന്യം രോഗമൂർച്ചക്കും കാരണമാവുന്നു. കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ കൂടുതലും പ്രമേഹവും രക്താതിമർദ്ദവുമുള്ളവരാണ്. പകർച്ചവ്യാധികൾ പ്രമേഹം പോലുള്ള രോഗങ്ങളെ മൂർച്ചിപ്പിക്കുകയും ചെയ്യും. കേരളത്തിലെ പകർച്ച- പകർച്ചേതര രോഗാതുരത നിയന്ത്രിക്കുന്നതിനായി വ്യക്തമായ കാര്യപരിപാടികൾ ആസൂത്രണം ചെയ്ത് ബ്രഹത്തായ കർമപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കേണ്ടിയിരിക്കുന്നു.
ആരോഗ്യമേഖലയെ വലിയ നവീകരണത്തിന് വിധേയമാക്കിയ ആർദ്രം മിഷൻ കോവിഡ് ശമിച്ച് കഴിഞ്ഞാൽ ആർദ്രം 2.0 ആയി വിപൂലീകരിച്ച് രോഗാതുരത കുറച്ച് ഗുണാത്മക (Positive) ആരോഗ്യമുള്ള ജനസമൂഹമായി കേരളത്തെ പരിവർത്തനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു. ആരോഗ്യ വിദ്യാഭ്യാസം, രോഗപ്രതിരോധം, ചികിത്സ, പുനരധിവാസം (Rehabilitation), സാന്ത്വന പരിചരണം (Palliative Care) എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള പൊതുജനാരോഗ്യ വ്യവസ്ഥയാണ് (Public Health System) വികസിപ്പിച്ചെടുക്കേണ്ടത്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ, സംസ്​ഥാന പ്ലാനിങ്​ ബോർഡ്​ അംഗം, പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, ആഗോളവൽക്കരണകാലത്തെ ജനങ്ങളുടെ ആരോഗ്യം, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments