തിരുവനന്തപുരത്ത് സ്ഥാപിക്കാനിരിക്കുന്ന രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളേജിന് മുൻ മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ കെ. കരുണാകരന്റെ പേര് നൽകാൻ സർക്കാർ തീരുമാനിച്ചതായി അറിയാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ സംഭാവനകളെ മാനിച്ചുള്ള ഈ തീരുമാനത്തെ ബഹുമാനിക്കുന്നു.
കേരള ആരോഗ്യ സർവകലാശാല രൂപീകരിച്ച സമയത്ത് കേരളം മറന്നുതുടങ്ങിയ മഹത് വ്യക്തിത്വമായ ഡോ. പി. പല്പുവിന്റെ പേരിടണമെന്ന് അഭ്യർത്ഥിച്ചത് നിർഭാഗ്യവശാൽ നടക്കാതെ പോയി. ഇപ്പോൾ ഹരിപ്പാട് ഒരു പുതിയ സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനുശേഷം സർക്കാർ മേഖലയിൽ പുതിയ മെഡിക്കൽ കോളേജുകൾ വരാൻ സാധ്യതയില്ല. കേന്ദ്രസർക്കാർ എയിംസ് ആരംഭിച്ചാൽ തന്നെ അതിനു നമുക്ക് താത്പര്യമുള്ളവരുടെ പേരിടാനും പറ്റുമെന്ന് തോന്നുന്നില്ല.
സാമൂഹിക പരിഷ്കർത്താവ്, വൈദ്യശാസ്ത്രജ്ഞൻ, പൊതുജനാരോഗ്യ പ്രവർത്തകൻ എന്നീ നിലകളിൽ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ ചരിത്രത്തിൽ ഡോ. പി. പൽപ്പു നൽകിയ സംഭാവനകൾ അതുല്യമാണ്. പ്രത്യേകിച്ച് പ്ലേഗ് പോലുള്ള മഹാമാരികളെ പ്രതിരോധിക്കുന്നതിലും പൊതുജനാരോഗ്യ രംഗത്തെ പ്രവർത്തനങ്ങളിലും അദ്ദേഹം വഹിച്ച പങ്ക് ഏറെ വിലപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ, ഹരിപ്പാട് സർക്കാർ മെഡിക്കൽ കോളേജിന് ഡോ. പി. പൽപ്പുവിന്റെ പേര് നൽകുന്നത് ഗൗരവമായി പരിഗണിക്കേണ്ടതാണ്.
കോവിഡ് മഹാമാരിയുടെ കാലത്താണ് പ്ലേഗ് നിയന്ത്രണത്തിലും പൊതുജനാരോഗ്യ രംഗത്തും ഡോ. പി. പൽപ്പു വഹിച്ച നിർണായക പങ്കിനെക്കുറിച്ച് കേരളസമൂഹം വീണ്ടും ചർച്ച ചെയ്യാൻ തുടങ്ങിയത്. അന്ന് ഞാൻ എഴുതിയ "മഹാമാരികൾ: പ്ലേഗ് മുതൽ കോവിഡ് വരെ" എന്ന പുസ്തകത്തിൽ ഡോ. പി. പൽപ്പുവിനെക്കുറിച്ച് ഒരു അധ്യായം ഉൾപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെക്കുറിച്ച് കൂടുതൽ അറിയാൻ ആ ഭാഗം ഇവിടെ പങ്കുവയ്ക്കുന്നു.

മഹാമാരി പ്രതിരോധം:
ഡോ. പി. പൽപ്പുവിന്റെ
മഹത്തായ പാരമ്പര്യം
കോവിഡ് മഹാമാരിക്കെതിരെ കേരളം നടത്തിയ പോരാട്ടത്തിൽ ഡോക്ടർമാരും നഴ്‌സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും കാഴ്ചവെച്ച നിസ്വാർഥ സേവനം എന്നും സ്മരിക്കപ്പെടേണ്ടതാണ്. സ്വന്തം ജീവൻ പോലും അപകടത്തിലാണെന്ന് അറിഞ്ഞുകൊണ്ടാണ് അവർ രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനും നേതൃത്വം നൽകിയത്. നൂറുകണക്കിന് ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടാകുകയും ചിലർ ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്തിട്ടും സേവനത്തിൽ നിന്ന് അവർ പിന്നോട്ടുപോയില്ല. രോഗികളെ നേരത്തേ കണ്ടെത്തി ചികിത്സ നൽകുകയും പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്തതുകൊണ്ടാണ് കോവിഡ് മരണനിരക്ക് നിയന്ത്രിക്കുന്നതിൽ കേരളത്തിന് ശ്രദ്ധേയമായ നേട്ടം കൈവരിക്കാനായത്.
ഇത്തരം സന്ദർഭങ്ങളിലാണ് കേരളത്തിന്റെ നവോത്ഥാന നായകരിലൊരാളായ ഡോ. പി. പൽപ്പുവിനെ (1863–1950) വീണ്ടും ഓർക്കേണ്ടത്. സാമൂഹിക പരിഷ്കർത്താവെന്ന നിലയിൽ മാത്രമല്ല, മഹാമാരി നിയന്ത്രണത്തിലും പൊതുജനാരോഗ്യരംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾ അസാധാരണമായിരുന്നു.
1896-ൽ ബാംഗ്ലൂരിൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ഡോ. പി. പൽപ്പു രോഗപ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പ്ലേഗ് നിയന്ത്രണത്തിനുള്ള പ്രത്യേക ഓഫീസറായും പിന്നീട് മൈസൂരിലെ പ്ലേഗ് ക്യാമ്പുകളുടെ സൂപ്രണ്ടായും അദ്ദേഹം പ്രവർത്തിച്ചു. രോഗബാധിതരെ പരിചരിക്കുന്നതിനിടെ താനും മരണത്തിന് കീഴടങ്ങേണ്ടിവന്നേക്കാമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം മുൻകൂട്ടി മരണപത്രത്തിൽ ഒപ്പുവെച്ച് അധികാരികൾക്ക് നൽകിയ ശേഷമാണ് സേവനത്തിനിറങ്ങിയത്. അദ്ദേഹത്തിന്റെ ആത്മസമർപ്പണത്തിന്റെ ആഴം വ്യക്തമാക്കുന്ന സംഭവമാണത്.
പ്ലേഗ് ക്യാമ്പുകളിൽ പ്രതിദിനം അനേകം മരണങ്ങൾ സംഭവിച്ചിരുന്ന ആ ദുരന്തകാലത്തെക്കുറിച്ച് ഒരു സുഹൃത്തിന് എഴുതിയ കത്തിൽ ഡോ. പി. പൽപ്പു ഹൃദയഭേദകമായ വാക്കുകൾ കുറിച്ചു. ക്യാമ്പിന് ചുറ്റുമുള്ള ശ്മശാനങ്ങളിൽ തുടർച്ചയായി ചിതകൾ കത്തുന്നതും, മനുഷ്യർ എലികളെപ്പോലെ മരിച്ചുവീഴുന്നതും വിവരിച്ച അദ്ദേഹം, "മരണം മരണവും ചുമതല ചുമതലയും" എന്ന വാക്കുകളിൽ തന്റെ ദൗത്യബോധം രേഖപ്പെടുത്തി. അത് ഒരു ഡോക്ടറുടെ മാത്രമല്ല, മനുഷ്യസ്നേഹത്തിന്റെ പ്രഖ്യാപനമായിരുന്നു.
ഡോ. പി. പൽപ്പുവിന്റെയും സഹപ്രവർത്തകരുടെയും ആത്മാർഥമായ പ്രവർത്തനഫലമായി പ്ലേഗ് വ്യാപനം ഫലപ്രദമായി നിയന്ത്രിക്കാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ക്യാമ്പുകൾ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചതായി ഇന്ത്യാ സർക്കാരിന്റെ സർജൻ ജനറലും സാനിറ്ററി കമ്മീഷണറും വിലയിരുത്തി. ഈ സേവനങ്ങളെ മാനിച്ച് മൈസൂർ സർക്കാർ അദ്ദേഹത്തെ ഇംഗ്ലണ്ടിലും ഫ്രാൻസിലും ഉപരിപഠനത്തിന് അയച്ചു. കേംബ്രിഡ്ജിൽ നിന്ന് പൊതുജനാരോഗ്യത്തിൽ ഡിപ്ലോമയും ലണ്ടനിൽ നിന്ന് എഫ്.ആർ.പി.എച്ച്. ബിരുദവും നേടിയ അദ്ദേഹം പിന്നീട് ബാംഗ്ലൂർ ഹെൽത്ത് ഓഫീസറായും വിവിധ പൊതുജനാരോഗ്യ ചുമതലകളിലും ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു.

പ്ലേഗ് നിയന്ത്രണത്തിൽ മാത്രം ഒതുങ്ങിയിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തനം. വസൂരി പ്രതിരോധത്തിനുള്ള വാക്സിൻ നിർമ്മാണം മെച്ചപ്പെടുത്തുന്നതിലും, പൊതുജനാരോഗ്യ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിലും, ആരോഗ്യപ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിലും അദ്ദേഹം മുൻകൈയെടുത്തു. പ്രസംഗങ്ങളേക്കാൾ ജനങ്ങളിലേക്ക് സന്ദേശം എത്തിക്കാൻ കലാപരിപാടികൾ കൂടുതൽ ഫലപ്രദമാണെന്ന് മനസ്സിലാക്കി അവ ആരോഗ്യവിദ്യാഭ്യാസത്തിനായി ഉപയോഗിച്ചതും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ തെളിവാണ്.
ഡോ. പി. പൽപ്പുവിന്റെ ജീവിതം മറ്റൊരു വലിയ പാഠവും നമ്മെ പഠിപ്പിക്കുന്നു. തിരുവിതാംകൂർ സർക്കാർ നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയിട്ടും ജാതിയുടെ പേരിൽ അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. പിന്നീട് മദ്രാസ് മെഡിക്കൽ കോളേജിൽ പഠനം പൂർത്തിയാക്കിയെങ്കിലും സ്വന്തം നാട്ടിൽ ജോലിയും നിഷേധിക്കപ്പെട്ടു. എന്നാൽ ഈ അനീതികൾ അദ്ദേഹത്തെ തളർത്തിയില്ല. മൈസൂർ സംസ്ഥാനത്ത് അദ്ദേഹം കഴിവുറ്റ ഡോക്ടറായും പൊതുജനാരോഗ്യ വിദഗ്ധനായും സമൂഹപരിഷ്കർത്താവായും ചരിത്രത്തിൽ ഇടം നേടി.
കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർ കാഴ്ചവെച്ച ആത്മസമർപ്പണവും സേവനമനോഭാവവും കാണുമ്പോൾ ഡോ. പി. പൽപ്പുവിന്റെ ജീവിതം അനായാസം ഓർമയിലേക്ക് വരുന്നു. മഹാമാരികളെ നേരിടാൻ ശാസ്ത്രബോധവും ധൈര്യവും മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്തവും ഒരുപോലെ അനിവാര്യമാണെന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ തെളിയിച്ചു.
പ്ലേഗ് കാലത്ത് ഡോ. പി. ഉയർത്തിപ്പിടിച്ച പൊതുജനാരോഗ്യ പ്രതിബദ്ധതയും ശാസ്ത്രചിന്തയും ഇന്നും പ്രസക്തമാണ്. കോവിഡ് കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി സേവനം ചെയ്ത ആരോഗ്യപ്രവർത്തകരിൽ ആ മഹത്തായ പാരമ്പര്യത്തിന്റെ തുടർച്ച നമുക്ക് കാണാൻ കഴിയും. മഹാമാരികൾ മാറിയേക്കാം; എന്നാൽ മനുഷ്യസ്നേഹവും ശാസ്ത്രത്തോടുള്ള വിശ്വാസവും സമൂഹത്തോടുള്ള ഉത്തരവാദിത്തവും കാലാതീതമായ മൂല്യങ്ങളാണ്. ഡോ. പി. പൽപ്പുവിന്റെ ജീവിതം ഇന്നും നമ്മെ അതാണ് ഓർമിപ്പിക്കുന്നത്.

കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിലും ഡോ. പി. പൽപ്പുവിന്റെ സ്ഥാനം അതുല്യമാണ്. അരുവിപ്പുറത്ത് ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച അദ്ദേഹം, ഗുരുവിന്റെ ആത്മീയദർശനം സമൂഹപരിഷ്കരണ പ്രസ്ഥാനമായി വളരേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞു. ഡോ. പി. പൽപ്പുവിന്റെയും കുമാരനാശാന്റെയും അഭ്യർഥനയും പിന്തുണയും നിർണായകമായി, ശ്രീനാരായണഗുരു സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാൻ മുന്നോട്ടുവന്നു. പിന്നീട് രൂപംകൊണ്ട ശ്രീ നാരായണ ധർമ്മ പരിപാലന സംഘത്തിന്റെ രൂപീകരണത്തിലും വളർച്ചയിലും ഡോ. പി പൽപ്പു പ്രധാന പങ്കുവഹിച്ചു.
