കഴിഞ്ഞ സർക്കാർ അവതരിപ്പിച്ച ബജറ്റിന്റെ പരിഷ്കൃതരൂപമെന്ന നിലയിലുള്ള പരിമിതി കണക്കിലെടുത്ത്, പുതിയ സർക്കാറിന്റെ ബജറ്റിനെ വിലയിരുത്തേണ്ടതുണ്ടെന്ന യാഥാർഥ്യം മനസ്സിലാക്കിക്കൊണ്ടാണ് ധനമന്ത്രികൂടിയായ മുഖ്യമന്ത്രിയുടെ ബജറ്റ് അവതരണത്തെ സമീപിക്കുന്നത്. ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ ശ്രദ്ധേയമായി തോന്നിയ ചില പ്രാഥമിക നിരീക്ഷണങ്ങൾ പങ്കുവെക്കാം.
കെയർഗിവർ പരിശീലനം സ്വാഗതാർഹം
വയോജന പരിപാലകരെ പരിശീലിപ്പിക്കുന്നതിനായി കെയർഗിവർ കോഴ്സുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനം തീർത്തും സ്വാഗതാർഹമാണ്. ഇന്ന് വയോജനപരിപാലനത്തിലുള്ള വലിയൊരു വെല്ലുവിളി, കഴിവും പരിശീലനവും ലഭിച്ച കെയർ ഗിവർമാരുടെ അഭാവമാണ്. കഴിഞ്ഞ സർക്കാർ വയോജന കമ്മീഷനും പുതിയ സർക്കാർ വയോജനവകുപ്പും രൂപീകരിച്ച് വയോജന സംരക്ഷണത്തിലുള്ള പ്രതിബന്ധത പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ ചെറുതെന്ന് തോന്നാമെങ്കിലും പ്രസക്തമായ മുന്നോട്ടുള്ള കാൽവെപ്പായി ഈ പദ്ധതിയെ കാണേണ്ടതാണ്. വയോജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട പരിചരണവും സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം, പ്രത്യേകിച്ച് സ്ത്രീകൾക്ക് തൊഴിൽസാധ്യതകൾ സൃഷ്ടിക്കാനും ഈ പദ്ധതി സഹായകമാകും. സാമൂഹിക സുരക്ഷയും തൊഴിൽസൃഷ്ടിയും ഒരേസമയം ലക്ഷ്യമിടുന്ന പദ്ധതിയെന്ന നിലയിൽ ഇത് അഭിനന്ദനാർഹമാണ്.
വയോജനങ്ങൾക്ക്
'സമഗ്ര ശ്വാസകോശ സുരക്ഷാകവചം':
ഇൻഫ്ലുവൻസ (Flu) വാക്സിൻ പദ്ധതി ഉൾപ്പെടുത്തുക
വയോജന വിഭാഗം ആരംഭിച്ചും ബഡ്ജറ്റിൽ വയോജനക്ഷേമം ലക്ഷ്യമിട്ടും നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു വിഷയം വിട്ടുപോയതായിൽ വലിയ നിരാശ തോന്നി. മുഖമന്ത്രി വിളിച്ചുകൂട്ടിയ പ്രീ ബഡ്ജറ്റ് ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കുകയും എഴുതി നൽകുകയും ചെയ്തിരുന്നു.
ഇടക്കാല ബഡ്ജറ്റിൽ വയോജനങ്ങൾക്ക് ന്യൂമോകോക്കൽ വാക്സിൻ നൽകുന്ന പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തിയത് പൊതുജനാരോഗ്യരംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു. കുട്ടികൾക്ക് മാത്രമല്ല, വയോജനങ്ങൾക്കും നിർദ്ദിഷ്ട പ്രതിരോധ കുത്തിവെയ്പ്പുകൾ ആവശ്യമാണെന്ന ദീർഘകാലത്തെ ആവശ്യത്തിനുള്ള അംഗീകാരമായിരുന്നു അത്. എന്നാൽ, ഈ പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യവും സാമ്പത്തിക നേട്ടവും പൂർണ്ണതോതിൽ കൈവരിക്കണമെങ്കിൽ ന്യൂമോകോക്കൽ വാക്സിനുപുറമേ ഇൻഫ്ലുവൻസ (Flu) വാക്സിൻ കൂടി ഇതിന്റെ ഭാഗമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
വയോജനങ്ങളിൽ മാരകമായ ശ്വാസകോശ ന്യൂമോകോക്കൽ ബാക്ടീരിയൽ അണുബാധയ്ക്ക് (Pneumonia) പ്രധാന വാതിൽ (Gateway) ആയി പ്രവർത്തിക്കുന്നത് ഇൻഫ്ലുവൻസ വൈറസ് ബാധയാണ്. ഫ്ലൂ വൈറസ് ശ്വാസകോശത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി തകർക്കുന്നതിലൂടെ, ബാക്ടീരിയകൾക്ക് ശരീരത്തിൽ എളുപ്പം കടന്നുകൂടാനും അവസ്ഥ ഗുരുതരമാക്കാനും സാധിക്കുന്നു. കൂടാതെ, ഇൻഫ്ലുവൻസ മൂലമുണ്ടാകുന്ന അതിതീവ്രമായ ശാരീരിക ആഘാതങ്ങൾ പലപ്പോഴും വയോജനങ്ങളിൽ പെട്ടെന്നുള്ള ഹൃദയാഘാതം (Heart Attack), പക്ഷാഘാതം (Stroke) എന്നിവയ്ക്ക് കാരണമാകാറുണ്ട്. വാക്സിനേഷനിലൂടെ ഫ്ലൂവും അതുവഴിയുണ്ടാകുന്ന ഹൃദയസംബന്ധമായ സങ്കീർണ്ണതകളും തടയുന്നതിലൂടെ, വയോജനങ്ങളുടെ ദീർഘകാല ആശുപത്രിവാസം കുറയ്ക്കാനും സർക്കാർ ആശുപത്രികളിലെ ചികിത്സാച്ചെലവും കുടുംബങ്ങളുടെ ആരോഗ്യച്ചെലവും വലിയതോതിൽ കുറയ്ക്കാനും സാധിക്കും.
കേരള സ്റ്റേറ്റ് വാക്സിൻ പോളിസി കമ്മിറ്റി- 2022 നവംബറിലെ റിപ്പോർട്ടിൽ ശുപാർശ ചെയ്തതുപോലെ, 65 വയസ്സിനു മുകളിലുള്ളവർക്കായി ഒറ്റത്തവണ നൽകേണ്ട ന്യൂമോകോക്കൽ വാക്സിനൊപ്പം, വർഷം തോറും നൽകേണ്ട ഇൻഫ്ലുവൻസ വാക്സിൻ കൂടി ഉൾപ്പെടുത്തി ഒരു 'സമഗ്ര ശ്വാസകോശ സുരക്ഷാ കവചം' (Comprehensive Respiratory Shield) പുതിയ ബഡ്ജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നിലവിൽ ന്യൂമോകോക്കൽ വാക്സിനായി സജ്ജമാക്കുന്ന കോൾഡ്-ചെയിൻ സംവിധാനങ്ങളും ആരോഗ്യ ശൃംഖലയും തന്നെ ഇതിനും ഉപയോഗിക്കാമെന്നതിനാൽ ഇൻഫ്ലുവൻസ വാക്സിനായി വലിയൊരു ഭരണനിർവഹണ അധികച്ചെലവ് (Administrative Overhead) ഉണ്ടാകുന്നില്ല. മാത്രമല്ല ഇത്രയധികം പേർക്ക് വാക്സിൻ നൽകുമ്പോൾ അതിൻ്റെ വിലയും ഗണ്യമായി കുറയാനാണ് സാധ്യത. ഹെപറ്റൈറ്റിസ് ബി വാക്സിൻ്റെ കാര്യത്തിലും മറ്റും സംഭവിച്ചതതാണ്.
ഇന്ത്യയൊട്ടാകെ വയോജനങ്ങളുടെ ജനസംഖ്യ വർദ്ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത്, വയോജന വാക്സിനുകളെ കേന്ദ്ര സർക്കാരിന്റെ 'സാർവത്രിക വാക്സിനേഷൻ പരിപാടിയിൽ' (Universal Immunisation Programme - UIP) ഉൾപ്പെടുത്താനായി സംസ്ഥാനത്തു നിന്നുള്ള ശക്തമായ സമ്മർദ്ദം കേന്ദ്രത്തിന്മേൽ ചെലുത്തുകയു ചെയ്യേണ്ടതാണ്.
ഇതെല്ലാം പരിഗണിച്ച് ബഡ്ജറ്റ് മറുപടിയിൽ വയോജനങ്ങൾക്കുള്ള വാർഷിക ഫ്ലൂ വാക്സിൻ പദ്ധതികൂടി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണം:
സ്വാഗതാർഹ തീരുമാനം, വ്യക്തമായ രൂപരേഖ അനിവാര്യം
കേരള ബജറ്റിൽ മെഡിക്കൽ കോളേജുകളെ സംബന്ധിച്ച് പ്രഖ്യാപിച്ച കാര്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത്, ഏതാനും മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണാവകാശം നൽകാനുള്ള തീരുമാനമാണ്. ഏറെക്കാലമായി വിവിധ തലങ്ങളിൽ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ആവശ്യത്തിനാണ് ഒടുവിൽ അംഗീകാരം ലഭിച്ചിരിക്കുന്നത്. വൈകിയാണെങ്കിലും ഈ തീരുമാനം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.
2007-ലും 2017-ലും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ മെഡിക്കൽ കോളേജുകൾക്ക് കൂടുതൽ ഭരണപരവും പ്രവർത്തനപരവുമായ സ്വാതന്ത്ര്യം നൽകേണ്ടതിന്റെ ആവശ്യകത പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു. മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, രോഗീപരിചരണം എന്നീ മൂന്ന് മേഖലകളുടെയും സവിശേഷതകൾ കണക്കിലെടുക്കുമ്പോൾ, സാധാരണ സർക്കാർ വകുപ്പുകളുടെ ഭരണരീതിയിൽ മെഡിക്കൽ കോളേജുകളെ കാര്യക്ഷമമായി നടത്തുക എന്നത് ദുഷ്കരമായ കാര്യമാണ്. അതിനാൽ സ്വയംഭരണത്തിലേക്കുള്ള നീക്കം ഒരു ഭരണപരിഷ്കാരമെന്നതിലുപരി ആരോഗ്യരംഗത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനുള്ള ഒരു സുപ്രധാന നടപടിയായാണ് കാണേണ്ടത്.

നിയമപരവും ഭരണപരവുമായ അടിത്തറ വേണം
എന്നാൽ, സ്വയംഭരണം എന്നത് കേവലം ഒരു ഭരണപരമായ പ്രഖ്യാപനമായി ചുരുങ്ങരുത്. ഓരോ മെഡിക്കൽ കോളേജിനെയും സ്വതന്ത്രവും പ്രവർത്തനപരമായി സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളുമായി മാറ്റുന്നതിനുള്ള വ്യക്തമായ നയരേഖയും നിയമപരമായ ചട്ടക്കൂടും രൂപപ്പെടുത്തേണ്ടതുണ്ട്. അതിന്റെ ആദ്യപടി മെഡിക്കൽ കോളേജുകൾക്കിടയിലെ സ്ഥലംമാറ്റ സമ്പ്രദായം അവസാനിപ്പിക്കുകയെന്നതാണ്. ഓരോ മെഡിക്കൽ കോളേജിനും അതിന്റേതായ പ്രത്യേക സർവീസ് കേഡർ രൂപീകരിക്കുകയും നിയമനങ്ങൾ അതത് സ്ഥാപനങ്ങളിലേക്ക് മാത്രമായി നടത്തുകയും വേണം. നിലവിലുള്ള ജീവനക്കാർക്ക് ഒരുതവണ തങ്ങളുടെ ഇഷ്ടസ്ഥാപനം തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നത് ഈ മാറ്റം സുഗമമാക്കും.
പ്രത്യേക ഭരണചട്ടങ്ങൾ ആവിഷ്കരിക്കണം
മെഡിക്കൽ കോളേജുകളുടെ ഭരണത്തിനായി പ്രത്യേക ചട്ടങ്ങളും നടപടിക്രമങ്ങളും രൂപീകരിക്കേണ്ടതുണ്ട്. വാങ്ങൽ നടപടികൾ, ഭരണാനുമതികൾ, സാങ്കേതിക ഉപകരണങ്ങളുടെ പരിപാലനം, ഗവേഷണ സൗകര്യങ്ങളുടെ വികസനം, ആശുപത്രി സേവനങ്ങൾ എന്നിവയുടെ ആവശ്യങ്ങൾ സാധാരണ സർക്കാർ വകുപ്പുകളിൽ നിന്നു വ്യത്യസ്തമാണ്. അതിനാൽ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും രോഗീപരിചരണത്തിന്റെയും പ്രത്യേക ആവശ്യങ്ങൾ മുൻനിർത്തിയുള്ള ഭരണരീതിയാണ് വേണ്ടത്.
സാധാരണ സർക്കാർ വകുപ്പുകളുടെ ഭരണരീതിയിൽ മെഡിക്കൽ കോളേജുകളെ കാര്യക്ഷമമായി നടത്തുക എന്നത് ദുഷ്കരമാണ്. അതിനാൽ സ്വയംഭരണത്തിലേക്കുള്ള നീക്കം ഒരു ഭരണപരിഷ്കാരമെന്നതിലുപരി ആരോഗ്യരംഗത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനുള്ള ഒരു സുപ്രധാന നടപടിയായാണ് കാണേണ്ടത്.
സാമ്പത്തിക അധികാരങ്ങൾ വർധിപ്പിക്കണം
ഇതോടൊപ്പം പ്രിൻസിപ്പൽമാർക്കും സൂപ്രണ്ടുമാർക്കും നൽകിയിരിക്കുന്ന സാമ്പത്തിക അധികാരങ്ങൾ ഗണ്യമായി വർധിപ്പിക്കേണ്ടതുണ്ട്. ആധുനിക മെഡിക്കൽ ഉപകരണങ്ങളുടെ വാങ്ങൽ, ആശുപത്രി അടിസ്ഥാനസൗകര്യങ്ങളുടെ പരിപാലനം, അടിയന്തര ആവശ്യങ്ങൾ നിറവേറ്റൽ എന്നിവയ്ക്ക് വേഗത്തിലുള്ള തീരുമാനമെടുക്കൽ അനിവാര്യമാണ്. നിലവിലെ സാമ്പത്തിക നിയന്ത്രണങ്ങൾ പലപ്പോഴും രോഗീപരിചരണത്തെയും വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
പ്രൊഫഷണൽ നേതൃത്വവും ആശുപത്രി മാനേജ്മെന്റും
മെഡിക്കൽ കോളേജുകളുടെ നേതൃത്വത്തെയും കൂടുതൽ പ്രൊഫഷണൽ ആക്കേണ്ടതുണ്ട്. ആശുപത്രിഭരണത്തിലോ ആരോഗ്യപരിപാലന മാനേജ്മെന്റിലോ ഔപചാരിക പരിശീലനം നേടിയ ഡോക്ടർമാരിൽ നിന്നായിരിക്കണം പ്രിൻസിപ്പൽമാരെയും മെഡിക്കൽ സൂപ്രണ്ടുമാരെയും തിരഞ്ഞെടുക്കേണ്ടത്. ആശുപത്രി ഭരണരംഗത്ത് പ്രാവീണ്യമുള്ള മനുഷ്യവിഭവശേഷി സൃഷ്ടിക്കുന്നതിനായി കേരള ആരോഗ്യ സർവകലാശാല ദീർഘകാല, ഹ്രസ്വകാല പരിശീലന പരിപാടികൾ ആരംഭിക്കേണ്ടതുമുണ്ട്. മെഡിക്കൽ സൂപ്രണ്ടിന്റെ സ്ഥാനം പൂർണസമയ ഭരണച്ചുമതലയായി മാറ്റുന്നതും പരിഗണിക്കണം.

ധനസഹായവും ആശുപത്രി വികസന സമിതികളും
സ്വയംഭരണത്തിന്റെ ഭാഗമായി നിലവിലുള്ള സർക്കാർ ധനസഹായ സംവിധാനത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ല. വികസന പദ്ധതികൾക്കും ദൈനംദിന പ്രവർത്തനങ്ങൾക്കും ആവശ്യമായ ധനസഹായം സർക്കാർ തുടർന്നും ഉറപ്പാക്കണം. അതോടൊപ്പം ആശുപത്രി വികസന സമിതികളുടെ പ്രവർത്തനത്തിലും സാമ്പത്തിക സുതാര്യതയിലും തീരുമാനമെടുക്കൽ സംവിധാനത്തിലും ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരണം.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ പുതിയ പങ്ക്
മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണം നൽകുമ്പോൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ (DME) പങ്കും പുനർനിർവചിക്കേണ്ടിവരും. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഏകോപനം, ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശങ്ങളുടെ നടപ്പാക്കൽ, വിവിധ പാരാമെഡിക്കൽ കോഴ്സുകളുടെ മേൽനോട്ടം, സംസ്ഥാനതല നയരൂപീകരണം തുടങ്ങിയ സുപ്രധാന ചുമതലകൾ ഡയറക്ടറേറ്റിന് തുടർന്നും നിർവഹിക്കാനാകും. അതിനാൽ സ്വയംഭരണം എന്നത് ഡയറക്ടറേറ്റിന്റെ പ്രസക്തി ഇല്ലാതാക്കുന്നതല്ല; മറിച്ച് അതിന്റെ പങ്കിനെ കൂടുതൽ നയപരവും ഏകോപനപരവുമായി പുനഃസംഘടിപ്പിക്കുന്നതായിരിക്കണം.
സ്വയംഭരണവും മികച്ച ആരോഗ്യസേവനവും
കേരളത്തിലെ മെഡിക്കൽ കോളേജുകൾ രാജ്യത്തെ മികച്ച ആരോഗ്യവിദ്യാഭ്യാസ- രോഗീപരിചരണ സ്ഥാപനങ്ങളായി വളരണമെങ്കിൽ സ്വയംഭരണം അനിവാര്യമാണ്. എന്നാൽ അത് പേരിലുള്ള സ്വയംഭരണമല്ല, യഥാർത്ഥ പ്രവർത്തനസ്വാതന്ത്ര്യവും ഉത്തരവാദിത്തവും പ്രൊഫഷണൽ മാനേജ്മെന്റും ഉറപ്പാക്കുന്ന സമഗ്രമായ പരിഷ്കാരമായി മാറേണ്ടതുണ്ട്. ബജറ്റിലെ ഈ പ്രഖ്യാപനം ആ ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പാകട്ടെ. ഘട്ടം ഘട്ടമായി മറ്റ് മെഡിക്കൽ കോളേജുകളും സ്വയം ഭരണസ്ഥാപനങ്ങളാക്കി മാറ്റുകയും വേണം.
കേരളത്തിലെ മെഡിക്കൽ കോളേജുകൾ രാജ്യത്തെ മികച്ച ആരോഗ്യവിദ്യാഭ്യാസ- രോഗീപരിചരണ സ്ഥാപനങ്ങളായി വളരണമെങ്കിൽ സ്വയംഭരണം അനിവാര്യമാണ്.
ഹെൽത്ത് ബ്രിഗേഡിൽനിന്ന്
സമഗ്ര സ്കൂൾ- കോളേജ് ആരോഗ്യപദ്ധതിയിലേക്ക്
സ്കൂൾതലത്തിൽ "ഹെൽത്ത് ബ്രിഗേഡ്" രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണ്. നിലവിൽ എൻ.സി.സി., സ്‌കൗട്ട്-ഗൈഡ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങിയവയുടെ ആരോഗ്യബോധവത്കരണം, ലഹരിവിരുദ്ധപ്രവർത്തനങ്ങൾ, റാഗിങ് വിരുദ്ധ ക്യാമ്പയിനുകൾ എന്നിവ സ്കൂൾ- കോളേജ് തലങ്ങളിൽ നടക്കുന്നുണ്ട്. അവയെ കൂടുതൽ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ശക്തിപ്പെടുത്തുകയും വിപുലീകരിക്കയും ചെയ്യേണ്ടത് തീർച്ചയായും ആവശ്യമാണ്.
എന്നാൽ കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ആരോഗ്യവെല്ലുവിളിയായ വർധിച്ചുവരുന്ന രോഗാതുരതയെ നേരിടുക എന്നതാണ് ലക്ഷ്യമെങ്കിൽ, ഇടപെടലുകൾ ഹെൽത്ത് ബ്രിഗേഡുകളുടെ രൂപീകരണത്തിൽ മാത്രം ഒതുങ്ങരുത്. അതിനേക്കാൾ വിപുലവും ശാസ്ത്രീയവുമായ സമീപനമാണ് ആവശ്യമായത്.

പുനരുജ്ജീവിപ്പിക്കേണ്ട സ്കൂൾ ആരോഗ്യപദ്ധതി
ഒരുകാലത്ത് മാതൃകാപരമായി നടപ്പാക്കിയിരുന്ന സ്കൂൾ ആരോഗ്യപദ്ധതി ഇന്ന് നിലച്ചുപോവുകയോ വളരെ പരിമിതമായി മാത്രം നടക്കുകയോ ചെയ്യുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടപ്പാക്കുന്ന സമഗ്രമായ ഒരു സ്കൂൾ ആരോഗ്യപദ്ധതി പുനരാരംഭിക്കുകയും അതിനെ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കോളേജുകൾ കൂടി ഉൾപ്പെടുത്തി വികസിപ്പിക്കുകയും വേണം.
കേരളത്തിലെ കുട്ടികളിലും കൗമാരക്കാരിലും അമിതവണ്ണവും അമിതഭാരവും ആശങ്കാജനകമായി വർധിച്ചുവരികയാണ്. ലോകാരോഗ്യസംഘടന അമിതവണ്ണത്തെ (Obesity) ഒരു രോഗാവസ്ഥയായാണ് കണക്കാക്കുന്നത്. പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗങ്ങൾ, വൃക്കരോഗങ്ങൾ തുടങ്ങി കേരളത്തെ അലട്ടുന്ന മിക്ക ജീവിതശൈലീരോഗങ്ങളുടെയും വിത്ത് പാകപ്പെടുന്നത് ബാല്യത്തിലും കൗമാരത്തിലും തന്നെയാണ്. അതിനാൽ രോഗം വന്നശേഷം ചികിത്സിക്കുന്നതിലുപരി രോഗം വരാതിരിക്കാനുള്ള പ്രതിരോധ നടപടികളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യവും
ഇന്നത്തെ സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം, മദ്യാസക്തി, ആക്രമണപ്രവണത, ആത്മഹത്യാശ്രമങ്ങൾ, മറ്റ് സാമൂഹിക പ്രശ്നങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെയും യുവജനങ്ങളുടെയും മാനസികാരോഗ്യത്തിന് പ്രത്യേക പ്രാധാന്യം നൽകേണ്ടതുണ്ട്. സ്കൂൾ-കോളേജ് ആരോഗ്യപദ്ധതിയുടെ ഭാഗമായി ശാരീരിക പരിശോധനകൾക്കൊപ്പം മാനസികാരോഗ്യ വിലയിരുത്തലും കൗൺസിലിംഗ് സേവനങ്ങളും ഉൾപ്പെടുത്തേണ്ടതാണ്. കുട്ടികൾക്ക് അവരുടെ വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ തന്നെ മാനസിക സമ്മർദ്ദങ്ങളെ തിരിച്ചറിയാനും കൈകാര്യം ചെയ്യാനും, ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങൾ വളർത്തിയെടുക്കാനും, ജീവിതനൈപുണികൾ ആർജിക്കാനുമുള്ള അവസരങ്ങൾ ഒരുക്കേണ്ടതുണ്ട്.
ആരോഗ്യവിദ്യാഭ്യാസവും കായികസംസ്കാരവും
സമഗ്ര ആരോഗ്യപദ്ധതി വൈദ്യപരിശോധനയിൽ മാത്രം ഒതുങ്ങരുത്. ആരോഗ്യകരമായ ഭക്ഷണരീതികൾ, പോഷകാഹാരം, ശാരീരിക വ്യായാമം, വ്യക്തിശുചിത്വം, ലഹരിവിരുദ്ധ ബോധവത്കരണം, ഡിജിറ്റൽ ജീവിതശൈലിയുടെ ആരോഗ്യപ്രഭാവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തുടർച്ചയായ ആരോഗ്യവിദ്യാഭ്യാസം നൽകേണ്ടതുണ്ട്. കുട്ടിക്കാലം മുതൽ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും അമിതമായ സ്ക്രീൻ ഉപയോഗവും ശാരീരിക പ്രവർത്തനങ്ങളുടെ കുറവും വ്യാപകമാകുന്ന സാഹചര്യത്തിൽ, അവഗണിക്കപ്പെട്ടുവരുന്ന കായികപരിശീലനത്തിനും ശാരീരികക്ഷമതാപരിപാടികൾക്കും വീണ്ടും പ്രാധാന്യം നൽകേണ്ട സമയമാണിത്.

ഭാവികേരളത്തിന്റെ
ആരോഗ്യനിക്ഷേപം
എല്ലാ പ്രായവിഭാഗങ്ങളിലും വർധിച്ചുവരുന്ന രോഗാതുരതയാണ് കേരളത്തിന്റെ ആരോഗ്യരംഗം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഈ പ്രതിസന്ധിയെ ഫലപ്രദമായി നേരിടണമെങ്കിൽ ആരോഗ്യസംരക്ഷണം വിദ്യാർത്ഥികളിൽ നിന്നാണ് തുടങ്ങേണ്ടത്. അതിനാൽ ഹെൽത്ത് ബ്രിഗേഡ് എന്ന ആശയത്തെ കൂടുതൽ വിപുലീകരിച്ച്, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ ഒരു സമഗ്ര സ്കൂൾ-കോളേജ് ആരോഗ്യപദ്ധതി പ്രഖ്യാപിക്കാൻ ബജറ്റ് ചർച്ചകൾക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ ഭാവിആരോഗ്യത്തിനായുള്ള ഏറ്റവും ഫലപ്രദമായ നിക്ഷേപങ്ങളിലൊന്നായി അത് മാറും.
