ഡോ. ബിധാൻ ചന്ദ്ര റോയി

ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ

ഇന്ത്യയുടെ ആതുരസേവനരംഗത്തിന്റെയും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാനഘടന കെട്ടിപ്പടുക്കുന്നതിൽ മാർഗ്ഗദർശിയായ യുഗപ്രഭാവനായിരുന്നു ഡോ. ബിധാൻ ചന്ദ്ര റോയി- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സി.കെ. ആനന്ദൻ എഴുതിയ ലേഖനം.

ല്ലാ വർഷവും ജൂലൈ ഒന്നാം തീയതി ഭാരതം ഡോക്ടേഴ്‌സ്‌ ദിനമായി ആചരിക്കുന്നത്, ആ ദിവസം ഇതിഹാസതുല്യനായ ഡോ. ബിധാൻ ചന്ദ്ര റോയിയുടെ ജന്മദിനമായതുകൊണ്ടാണ്. യാദൃച്ഛികമെന്ന് പറയാം, ജൂലൈ ഒന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ചരമദിനവും.

മഹാത്മാഗാന്ധിയെപ്പോലെയും ജവഹർലാൽ നെഹ്റുവിനെപ്പോലെയുമുള്ള മഹത് വ്യക്തികളെ ചികിത്സിച്ചിരുന്ന അതിപ്രഗത്ഭനായൊരു ഭിഷഗ്വരനായിരുന്നു അദ്ദേഹം. അതിലുപരി ഇന്ത്യയുടെ ആതുരസേവനരംഗത്തിന്റെയും മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാനഘടന കെട്ടിപ്പടുക്കുന്നതിൽ മാർഗ്ഗദർശിയായ ഒരു യുഗപ്രഭാവനായിരുന്നു ബി.സി. റോയ്.

ബഹുമുഖപ്രതിഭയായിരുന്ന അദ്ദേഹം രാഷ്ട്രീയം, ഭരണനിർവ്വഹണം ആതുരസേവനം, മെഡിക്കൽ വിദ്യാഭ്യാസം എന്നീ മേഖലകളിലൊക്കെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ജനനവും വിദ്യാഭ്യാസവും

1882 ജൂലൈ ഒന്നിന് പാട്നക്കടുത്തുള്ള ബങ്കിപ്പൂർ എന്ന സ്ഥലത്ത് പ്രകാശ് ചന്ദ്ര റോയിയുടെയും അഘോർ കാമിനി ദേവിയുടെയും അഞ്ചാമത്തെ കുട്ടിയായി ജനിച്ചു. അച്ഛൻ അന്നത്തെ ബംഗാൾ പ്രൊവിൻഷ്യൽ സർവ്വീസിൽ റവന്യൂ ഇൻസ്പെക്ടർ ആയിരുന്നു. അദ്ദേഹം പിന്നീട് അസിസ്റ്റന്റ് കളക്ടറായി വിരമിച്ചു. റോയിയുടെ കുടുംബം രാജാറാം മോഹൻ റായിയുടെ ബ്രഹ്മസമാജത്തിലെ അംഗങ്ങളായിരുന്നതുകൊണ്ട് സാമൂഹിക സേവനത്തിൽ അതീവ തത്പരരായിരുന്നു. സാമൂഹിക സേവനതത്‌പരത അദ്ദേഹത്തിന് കുടുംബത്തിൽനിന്ന് കിട്ടിയതായിരുന്നു.

അതിസമർത്ഥനായ വിദ്യാർത്ഥിയായിരുന്നു റോയി. പാട്ന കോളേജിയേറ്റ് സ്കൂളിലെ പഠനത്തിനുശേഷം പ്രസിഡൻസി കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് കഴിഞ്ഞു. പിന്നെ പാട്ന കോളേജിൽനിന്ന് ബി.എ ഡിഗ്രി കണക്കിൽ ഓണേഴ്സോടുകൂടി പ്രശസ്തമായ നിലയിൽ പാസായി. അതിനുശേഷം ബംഗാളിലെ ഏറ്റവും പ്രശസ്തമായ എൻജിനീയറിംങ് കോളേജായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംങ് സയൻസ് & ടെക്നോളജിയിലും കൽക്കത്ത മെഡിക്കൽ കോളേജിലും അഡ്മിഷൻ കിട്ടി. 1901 ൽ കൽക്കത്ത മെഡിക്കൽ കോളേജിൽ ചേർന്നു.

അന്ന് മെഡിക്കൽ കോളേജിലെ പ്രൊഫസർമാർ ബ്രിട്ടീഷുകാരായിരുന്നു. മെഡിസിൻ ഡിപ്പാർട്ട്മെന്റ് മേധാവിയുടെ അപ്രീതിക്ക് വിധേയനായ റോയിയെ അവസാനവർഷ മെഡിസിന്‍ പരീക്ഷ എഴുതാൻ അനുവദിച്ചില്ല. ആറ് മാസത്തിനുശേഷം ഡിസ്റ്റിംങ്ഷനോടെ പരീക്ഷ പാസായ അദ്ദേഹത്തിന് കൽക്കത്ത യൂണിവേഴ്സിറ്റിയിൽ എം.ഡി മെഡിസിന് അഡ്മിഷൻ കിട്ടി. എം.ഡി പാസ്സായ അദ്ദേഹം ഇംഗ്ലണ്ടിൽ ഉപരിപഠനത്തിന് ആഗ്രഹിച്ചു.

രണ്ട് സഹോദരിമാരെ വിവാഹം കഴിച്ചയയ്ക്കുകയും അഞ്ച് കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കുകയും ചെയ്ത പിതാവ് അന്തരിച്ചതോടെ കുടുംബം സാമ്പത്തിക പരുങ്ങലിലായി. എങ്കിലും വളരെ ബുദ്ധിമുട്ടി 1200 രൂപ സ്വരൂപിച്ച് റോയി ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി. ഇംഗ്ലണ്ടിൽ അദ്ദേഹം സെന്റ് ബാർത്തലോമിയോസ് മെഡിക്കൽ കോളേജിൽ അഡ്മിഷന് ശ്രമിച്ചെങ്കിലും കടുത്ത അവഗണനയായിരുന്നു ഫലം. ഏഷ്യക്കാർക്ക് അഡ്‌മിഷൻ കൊടുക്കില്ല എന്നത് അവിടുത്തെ അലിഖിത നിയമമായിരുന്നു. അതുവരെ ഒരു ഏഷ്യക്കാരനും പഠിച്ചിട്ടില്ലാത്ത സെന്റ് ബാർത്തലോമിയോസിലെ തീവ്രമായ വർഗ്ഗവിവേചനവും റോയിയെ തളർത്തിയില്ല. അവിടെയെത്തി 45 ദിവസത്തിനുള്ളിൽ 29 തവണ എം.ആര്‍.സി.പിക്കുള്ള അപേക്ഷയുമായി റോയി കോളേജ് ഡീനിനെ സമീപിച്ചു. എല്ലാ പ്രാവശ്യവും അപേക്ഷ നിരസിക്കപ്പെട്ടു. മുപ്പതാമത്തെ പ്രാവശ്യം ഡീനിന് അലിവ് തോന്നി അഡ്മിഷൻ കൊടുത്തു. പിന്നീട് സംഭവിച്ചത് ചരിത്രമായിരുന്നു. രണ്ട് വർഷവും മൂന്ന് മാസവും കൊണ്ട് എം.ആര്‍.സി.പി ഒന്നാം റാങ്കോടെ പാസായി. അതോടൊപ്പം എഫ്.ആര്‍.സി.എസ് ഡിസ്റ്റിംങ്ഷനോടെ ജയിച്ചു.

കർമ്മപഥത്തിൽ

1911 ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ബി.സി. റോയ്ക്ക് ബ്രിട്ടീഷ് പ്രൊവിൻഷ്യൽ സർവ്വീസിൽ അസിസ്റ്റൻഡ് സർജനായി നിയമനം കിട്ടി. അതോടൊപ്പം കാമ്പൽ കോളേജിൽ മെഡിസിൻ അധ്യാപകനായി ജോലി ചെയ്തു. അവിടുത്തെ ബ്രിട്ടിഷ് വകുപ്പ് മേധാവിയുമായി ഒത്തുപോകാൻ പറ്റാതായപ്പോൾ കാർമൈക്കേൽ കോളേജിലേക്ക് മാറി. പിന്നീട് കൽക്കത്ത മെഡിക്കൽ കോളേജിൽ മെഡിസിൻ പ്രൊഫസറായി. അതിനുശേഷം കൽക്കത്ത യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി. രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരികൊണ്ട സമയമായിരുന്നു അത്. ബർമ്മയിലെ റംഗൂൺ നഗരം ജപ്പാൻ പിടിച്ചടക്കിയപ്പോൾ അടുത്ത ലക്ഷ്യം വൻ നഗരമായ കൽക്കത്തയായിരിക്കാമെന്ന് ധരിച്ച ജനങ്ങൾ പലായനം തുടങ്ങി. സധൈര്യം പിടിച്ചു നിന്ന ബി.സി. റോയ് യുദ്ധബങ്കറുകളം ഷെൽട്ടറുകളും ധൃതഗതിയിൽ നിർമ്മിച്ച് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം തടസ്സമില്ലാതെ നടത്തി. യുദ്ധകാലത്തെ സ്തുത്യർഹ സേവനത്തിന് യൂണിവേഴ്സിറ്റി അദ്ദേഹത്തിന് ഹോണററി ഡോക്ടറേറ്റ് ഇൻ മെഡിസിൻ നൽകി ആദരിച്ചു. ധാരാളം മറ്റ് ഫെല്ലോഷിപ്പുകളും അദ്ദേഹത്തിനുണ്ടായിരുന്നു.

1. Fellow of Royal society of tropical medicine and hygiene in Britain.
2. Fellow of American society of chest physicians.
3. ഇന്ത്യൻ കാർഡിയോളജി സൊസൈറ്റിയുടെ പ്രഥമ പ്രസിഡണ്ടായിരുന്നു. 1948 മുതൽ 1950 വരെ പ്രസിഡണ്ടായിരുന്നു അദ്ദേഹം.

ഇന്ത്യൻ മെഡിക്കൽ രംഗത്ത് അദ്ദേഹമായിരുന്നു 1933 ലെ ഇന്ത്യൻ മെഡിക്കൽ ആക്റ്റിന്റെ മുഖ്യ ശില്പി. അതിലെ നിർദ്ദേശപ്രകാരം രൂപീകൃതമായ നാഷണൽ മെഡിക്കൽ കമ്മീഷനാണ്, ചികിത്സാ രംഗത്തെ നിയന്ത്രിക്കുവാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ രൂപീകരിച്ചത്. 1939 മുതൽ 1945 വരെ അതിന്റെ പ്രസിഡന്റ് ആയിരുന്ന ബി.സി.റോയി ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസത്തിന് അടിത്തറ ഇടുകയും ഡോക്ടർമാരുടെ പ്രാക്ടീസിന് നൈതിക ചട്ടക്കൂട് ഉണ്ടാക്കുകയും ചെയ്തു. 1928- ൽ കൽക്കത്തയിൽ നടന്ന ഓൾ ഇന്ത്യ മെഡിക്കൽ കോൺഫറൻസിൽ IMA രൂപീകരിച്ചു. ഡോക്ടർ D.V. ദേശ് മുഖ് ആയിരുന്നു പ്രഥമ പ്രസിഡണ്ട്. റോയി 1929, 1938 വർഷങ്ങളിൽ IMA ദേശീയ പ്രസിഡണ്ടായി. ഐ എം എ യുടെ മെഡിക്കൽ പ്രസിദ്ധീകരണമായ "JIMA" അദ്ദേഹം കൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ച് തുടങ്ങി.

1939 മുതൽ 1945 വരെ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ പ്രസിഡന്റ് ആയിരുന്ന ബി.സി.റോയി ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസത്തിന് അടിത്തറ ഇടുകയും ഡോക്ടർമാരുടെ പ്രാക്ടീസിന് നൈതിക ചട്ടക്കൂട് ഉണ്ടാക്കുകയും ചെയ്തു.
1939 മുതൽ 1945 വരെ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ പ്രസിഡന്റ് ആയിരുന്ന ബി.സി.റോയി ഇന്ത്യൻ മെഡിക്കൽ വിദ്യാഭ്യാസത്തിന് അടിത്തറ ഇടുകയും ഡോക്ടർമാരുടെ പ്രാക്ടീസിന് നൈതിക ചട്ടക്കൂട് ഉണ്ടാക്കുകയും ചെയ്തു.

ഡോ. റോയി അവിവാഹിതനായിരുന്നു. ‘ഞാൻ എന്റെ തൊഴിലിനെയാണ് വിവാഹം കഴിച്ച’തെന്ന് അദ്ദേഹം ഫലിതരൂപേണ പറയാറുണ്ടായിരുന്നു. അതുപോലെ "എന്ത് ചെയ്യമ്പോഴും നിങ്ങളുടെ സർവ്വ ശക്തിയുമെടുത്ത് ചെയ്യുക" എന്നതും അദ്ദേഹത്തിന് ഇഷ്ടപ്പെട്ട വാക്യം ആയിരുന്നു.

ബംഗാൾ രാഷ്ട്രീയരംഗത്ത്

1925- ൽ സ്വരാജ് പാർട്ടിയുടെ സമുന്നത നേതാവായ സി.ആർ. ദാസിന്റെ പ്രേരണയാൽ ബറാക്പൂർ മണ്ഡലത്തിൽനിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ബംഗാൾ ലെജിസ്ലേറ്റീവ് അസംബ്ലിയിലെത്തി. അദ്ദേഹം പരാജയപ്പടുത്തിയത് സുരീന്ദ്രനാഥ് ബാനർജി എന്ന അതികായനെ ആയിരുന്നു (Grand old man of Bengal). 1928- ൽ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1929- ലെ നിയമലംഘന പ്രസ്ഥാനം ബംഗാളിൽ കാര്യക്ഷമമായി നടത്തിയപ്പോൾ ജവഹർലാൽ നെഹ്റുവിന്റെ ശ്രദ്ധയിൽപ്പെട്ടു. 1930- ൽ അദ്ദേഹം ബി.സി. റോയിയെ കോൺഗ്രസ് സെൻട്രൽ വർക്കിങ്ങ് കമ്മിറ്റിയിലേക്ക് (CWC) നോമിനേറ്റ് ചെയ്തു. CWC യിൽ പങ്കെടുക്കാൻ ദൽഹിയിലെത്തിയ റോയിയെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്യുകയും 6 മാസം ആലിപ്പൂർ സെൻട്രൽ ജയിലിൽ തടവിലിടുകയും ചെയ്തു.

1931 മുതൽ 1933 വരെ കൽക്കത്ത കോർപ്പറേഷൻ മേയറായിരുന്നു. ആ കാലത്ത് കോർപ്പറേഷൻ അടിസ്ഥാന മേഖലകളിൽ വളരെ വലിയ പുരോഗതി നേടി. 1948- ൽ ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി. ബംഗാൾ അപ്പോൾ 1905 ലെ വിഭജത്തിനുശേഷമുള്ള അഭയാർത്ഥി പ്രശ്നം, ജനസംഖ്യ വിസ്ഫോടനം, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നീ പ്രശ്നങ്ങളാൽ വീർപ്പുമുട്ടി നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് കാർഷിക, വ്യവസായിക, വിദ്യാഭ്യാസ രംഗങ്ങളിൽ വൻ കുതിപ്പ് നടത്തിയ ബംഗാൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ GDP യുള്ള സംസ്ഥാനമായി. ബഡ്ജറ്റ് തുക 32 കോടിയിൽ നിന്ന് പത്തിരട്ടി വർദ്ധിച്ച് 320 കോടിയായി.

ഭരണരംഗത്തെ നേട്ടങ്ങൾ

സമഗ്രമായ ഭൂപരിഷ്കരണം നടപ്പിലാക്കി. ബംഗാളിലെ സെമിന്ദാരി സമ്പ്രദായം നിർത്തി. സ്വകാര്യ ഭൂമിക്ക് പരിധി നിശ്ചയിച്ചു. മിച്ചഭൂമി ചെറുകിട കർഷകർക്കും കർഷകത്തൊഴിലാളികൾക്കും വീതിച്ചുകൊടുത്തു. ജലവിതരണം കാര്യക്ഷമമാക്കി. കർഷകൾക്ക് ചെറിയ വിലയ്ക്ക് വളവും മികച്ച ഇനം വിത്തുകളും നൽകി. ദീർഘ വീക്ഷണത്തോടെ പല സ്ഥാപനങ്ങളും തുടങ്ങി. ആരോഗ്യ മേഖലയെയും വിദ്യഭ്യാസ മേഖലയെയും പരിപോഷിപ്പിച്ചു.

1. ഇന്ത്യയിലെത്തന്നെ ആദ്യത്തെ മെഡിക്കൽ പി.ജി ഇൻസ്റ്റിറ്റ്യൂട്ട് ആർ.എസ്. ഘാർ മെഡിക്കൽ കോളേജിൽ തുടങ്ങി.
2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻഡൽ ഹെൽത്ത്.
3. ഇൻഫെക്‌ഷ്വസ് ഡിസീസ് ഹോസ്പിറ്റൽ.
4. ചിത്തരഞ്ജൻ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്.
5.ജാഥവ്പൂർ ടി.ബി ഹോസ്പിറ്റൽ.
6. ഇന്ത്യയിലെ ആദ്യത്തെ I l T ഖരക്പൂരിൽ തുടങ്ങി.
7. പ്രശസ്തമായ വിക്ടോറിയ കോളേജ്.

ഉപഗ്രഹ പട്ടണങ്ങൾ
(Satellite Cities)

ജനപ്പെരുപ്പം മൂലം വീർപ്പുമുട്ടിയ കൽക്കത്ത നഗരത്തിന് ചുറ്റും കുറെ പട്ടണങ്ങൾ വളർത്തിക്കൊണ്ടുവന്നു.

1. ദുർഖാപ്പൂർ.
2. കല്യാൺ.
3. ബിധൻ നഗർ.
(പഴയ സാൾട്ട് ലേയ്ക്ക് സിറ്റി).
4. അശോക് നഗർ.

വളരെ ഏറെ വൻ വ്യവസായങ്ങളും ജലവൈദ്യുത പദ്ധതികളും കൊണ്ടുവന്നു:

1. ദുർഖപ്പൂർ സ്റ്റീൽ പ്ലാന്റ്.
2. ചിത്തരഞ്ജൻ ലോക്കോമോട്ടീവ്സ് 1500 ഏക്കറിലുള്ള ഏഷ്യയിലെത്തന്നെ വലി യൊരു ഫാക്ടറിയാക്കി മാറ്റി.
3. ബന്ദേൽ തെർമൽ.

പവർ സ്റ്റേഷൻ

4. ദാമോദർവാലി കോർപ്പറേഷൻ.
5. മയൂരാക്ഷി വാലി പ്രൊജക്ട്.

കൂടാതെ എണ്ണമറ്റ പുതിയ സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ, ചെറുതും വലുതുമായ ആശുപത്രികൾ, പുതിയ റോഡുകൾ, പാലങ്ങൾ.

സമ്പത്തും അധികാരവും
ബി.സി. റോയിയുടെ ജീവിതത്തിൽ

1947- ൽ യുണൈറ്റഡ് പ്രോവിൻസിന്റെ (ഇന്നത്തെ യു.പിയുടെ ആദ്യ രൂപം ) ഗവർണറാകാൻ ജവഹർലാൽ നെഹ്റു അദ്ദേഹത്തെ ക്ഷണിച്ചെങ്കിലും രോഗീപരിചരണത്തിന് അത് തടസ്സമാകും എന്ന് പറഞ്ഞ് വിനയപൂവ്വം നിരസിക്കുകയാണ് ചെയ്തത്.

1948- ൽ തെരഞ്ഞെടുപ്പ് വിജയിച്ച കോൺഗ്രസ് പാർട്ടിയുടെ നിമയസഭാ കക്ഷിനേതാവായി അദ്ദേഹം നിയോഗിക്കപ്പെട്ടു. പാർട്ടി അദ്ദേഹത്തോട് മുഖ്യമന്ത്രിയാവാൻ അഭ്യർത്ഥിച്ചപ്പോൾ നേരത്തെ പറഞ്ഞ കാരണം പറഞ്ഞ് അദ്ദേഹം നിരസിച്ചു. പിന്നീട് മഹാത്മാഗാന്ധി നിർബന്ധിച്ചപ്പോഴാണ് മുഖ്യമന്ത്രിപദം ഏറ്റെടുത്തത്. തന്റെ വീട് അമ്മയുടെ പേരിൽ ഒരു ചാരിറ്റി ഹോസ്റ്റിറ്റൽ തുടങ്ങാൻ വിട്ടു കൊടുത്തു. തന്റെ സമ്പാദ്യം മുഴുവൻ ഒരു ട്രസ്റ്റ് ആക്കി പാവങ്ങൾക്ക് വേണ്ടി നീക്കിവച്ചു.

1948- ൽ മുഖ്യമന്ത്രിയായശേഷം 1952, 1957, 1962 വർഷങ്ങളിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചു. 1948 മുതൽ 1962 ൽ മരിക്കുന്നതുവരെ തുടർച്ചയായി മുഖ്യമന്ത്രിയായിരുന്നു. 1961- ൽ രാജ്യം ഭാരതരത്ന അവാർഡ് നൽകി ആദരിച്ചു. 1962 ജൂലായ് ഒന്നിന് ഇന്ത്യയുടെ ആ മഹാനായ പുത്രൻ വിട വാങ്ങി.

ബി.സി.റോയിയുടെ പ്രശസ്തിയും പ്രസക്തിയും

ഇന്ത്യയിൽ മാത്രമല്ല വിദേശത്തും വളരെ പ്രശസ്തനായിരുന്ന അദ്ദേഹം 1962 ൽ അന്തരിച്ചതിനുശേഷം ഇറങ്ങിയ ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ എഡിറ്റോറിയൽ കുറിപ്പ് ശ്രദ്ധേയമായിരുന്നു. ഏഷ്യാ വൻകര മുഴുവൻ അറിയപ്പെട്ട ആദ്യത്തെ മെഡിക്കൽ കൺസൾട്ടന്റും ഏഷ്യയിൽത്തന്നെ ഏറ്റവും കൂടുതൽ കൺസൾട്ടിംങ്ങ് രോഗികളുള്ളത് ഡോ. ബി.സി റോയിക്കാണെന്നാണ് അതിൽ പറഞ്ഞിരുന്നത്. അമേരിക്കൻ വൻകരയിലും അദ്ദേഹം അതിപ്രശസ്തനായിരുന്നു. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ജോൺ എഫ് കെന്നഡി, രണ്ടാം ലോകമഹായുദ്ധത്തിലെ പരിക്കിന്റെ ഫലമായുണ്ടായ മാറാത്ത നടുവേദനക്കായി ഡോ. ബി.സി. റോയിയെ കൺസൾട്ട് ചെയ്തിരുന്നതായി പറയപ്പെടുന്നു.

രോഗികളോടുള്ള സമർപ്പണവും ആത്മാർത്ഥതയും മരണം വരെ കാത്തുസൂക്ഷിച്ച ആ മഹാൻ നമ്മുടെ ആതുരശുശ്രൂഷ രംഗത്തും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലും ജീവൻ തുടിക്കുന്ന ഓർമ്മയായി ഇന്നും നിലനിൽക്കുന്നു. സാമൂഹിക സേവനമാണ് ഏറ്റവും മഹത്തായ ബൗദ്ധിക സേവനമെന്ന മഹത്തായ സത്യം അദ്ദേഹത്തിന്റെ ജീവിതം നമുക്ക് കാട്ടിത്തന്നു.

അദ്ദേഹത്തിന്റെ മഹത്ജീവിതം വൈദ്യശാസ്ത്ര സമൂഹത്തിനും കൂടുതൽ മെച്ചപ്പെട്ടതും ആരോഗ്യമുള്ളതുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ ആഗ്രഹമുള്ള ഓരോ ഭാരതപൗരനും തുടർന്നും പ്രചോദനമാകട്ടെ എന്ന് ആത്മാർഥമായി ആശിക്കാം.

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments