Photo: Creative Commons.org

പുതിയ രോഗങ്ങളുടെ ഉൽപത്തികളെക്കുറിച്ച്
​രണ്ട് ഉപന്യാസങ്ങൾ

സാർസ് കൊറോണ 2 വൈറസുകളുടെ ഉൽപ്പത്തി കണ്ടെത്താൻ അന്താരാഷ്ട്ര വിദഗ്ധ സംഘം നടത്തിയ ശാസ്ത്രീയാന്വേഷണങ്ങളുടെ കണ്ടെത്തലുകൾ

ഒന്ന്: സാർസ് കൊറോണ-2 വൈറസുകളുടെ ഉൽപ്പത്തി

പുതിയ വൈറസുകളെ കണ്ടെത്തിയാൽ അത് എവിടെനിന്ന്, എങ്ങനെ വന്നു എന്ന് തിരിച്ചറിയുന്നത് ശാസ്ത്രത്തിന്റെ അനുപക്ഷണീയമായ കടമയും അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യവുമാണ്. ഉൽപ്പത്തിയുടെ ഡെെനാമിക്‌സ് അറിയുന്നത് ഇപ്പോഴത്തെ ഇരുട്ടിൽനിന്ന് പുറത്തുകടക്കാനും ഭാവിയിൽ അവ ആവർത്തിക്കുന്നത് തടയാനും വേണ്ടിയാണ്. കോവിഡ് പാൻഡമിക്കിന് കാരണമായ സാർസ് കൊറോണ-2 വൈറസിന്റെ തിട്ടമില്ലാത്ത ഉറവിടം വലിയ വിവാദമായി ആദ്യം തൊട്ടേ അന്താരാഷ്ട്ര മാധ്യമങ്ങൾ ഉയർത്തിപ്പിടിച്ചിട്ടുണ്ട്​. ഇത് മനുഷ്യനിർമിതമാണെന്നും ലബോറട്ടറിയിൽ നിന്ന് അപകടത്തിൽ പുറത്തുകടന്ന് വ്യാപിച്ചതാണെന്നും ഇപ്പോഴും പ്രചാരണമുണ്ട്.

ചൈനയിലേക്ക്

ഈ പാൻഡമിക് കാലത്ത്, 2020 മേയിൽ ചേർന്ന ലോകാരോഗ്യ സംഘടനയുടെ വാർഷിക അസംബ്ലിയിൽ ലോകരാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാർ ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയത്തിൽ പാൻഡമിക്കിന്റെ ഉറവിടവും വൈറസ് മനുഷ്യരിൽ എത്താനുണ്ടായ സാഹചര്യങ്ങളും വഴികളും കണ്ടെത്തണമെന്ന് ലോകാരോഗ്യസംഘടനയോട് ആവശ്യപ്പെട്ടിരുന്നു.

ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അഥനോം ഗാബ്രിയേസ്

ഇതുപ്രകാരം ഈ വർഷമാദ്യം SARS-CoV-2 വൈറസിന്റെ ഉറവിടം അന്വേഷിക്കാൻ ചൈനയിലെത്തിയ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള ജോയിന്റ് എക്‌സ്‌പെർട്ട് കമ്മിറ്റി 15 ദിവസം നീണ്ട അന്വേഷണങ്ങൾക്കുശേഷം ഫെബ്രുവരി പത്തിന് മടങ്ങി. അന്താരാഷ്ട്ര തലത്തിലുള്ളതും ചൈനയിൽനിന്നുള്ളതുമായ 17 വീതം വിദഗ്ധരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവർ വുഹാനിൽ രോഗമുണ്ടായ ക്ലസ്റ്റർ പ്രദേശങ്ങളും, രോഗികളെ ചികിത്സിച്ച ആശുപത്രികളും, രോഗികളുടെ സാമ്പിൾ പരിശോധിച്ച ലാബോറട്ടറികളും, ആദ്യം ക്ലസ്റ്ററുകളുണ്ടായ ഹുനാൻ മാർക്കറ്റും, വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും സന്ദർശിച്ചാണ് പഠനം നടത്തിയത്.

അന്വേഷണ സംഘത്തിന് പാൻഡമിക്കിന്റെ ഉറവിടം കണ്ടെത്താൻ കഴിയുകയും ഇപ്പോഴും ആ സ്രോതസ്സ് അവിടെ നിലനിൽക്കുകയും ചെയ്യുന്ന അവസ്ഥയാണെങ്കിൽ ഭാവിയിൽ അത് മനുഷ്യരിലെത്തുന്നത് തടയാനാകും

2021 ജനുവരി 18- ന് വിദഗ്ധസംഘം ചൈനയിലെത്തിയ ദിവസം തന്നെ ലോകരാജ്യങ്ങളിലെ ആരോഗ്യ വകുപ്പുമന്ത്രിമാരെ അഭിസംബോധന ചെയ്ത് ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അഥനോം ഗാബ്രിയേസ് സംഘത്തിന്റെ ദൗത്യം വ്യക്​തമാക്കി: ‘‘സംശങ്ങൾക്കതീതമായ ശാസ്ത്രീയ പ്രക്രിയകളിലൂടെയുള്ള അന്വേഷണം’’.

വിദഗ്ധരുടെ സംഘം

ലോകാരോഗ്യ സംഘടനയിലെ മൃഗജന്യരോഗ വിദഗ്ധൻ Peter Ben Embarek- ന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഈ വിഷയത്തിൽ ലോകത്തിലെ പ്രമുഖരായ വിദഗ്ധരൊക്കെ ഉണ്ടായിരുന്നു: Fabian Leen dertz എന്ന വെറ്ററിനറി ഗവേഷകനായിരുന്നു ഒരാൾ. മറ്റൊരാൾ, ബർലിനിലെ Robert Koch institute ലെ ഗവേഷക ഫാബിയാൻ. ഇവരാണ് 2014-ൽ വെസ്റ്റ് ആഫ്രിക്കയിലെ എബോള ഔട്ട്‌ബ്രേക്കിന്റെ സ്രോതസ് വവ്വാലുകളാണെന്ന് ആദ്യം കണ്ടെത്തിയത്. അവിടെ രോഗബാധയുണ്ടായ പ്രദേശത്ത് കുട്ടികൾ കളിക്കുന്ന ഒരു മരപ്പൊത്തും മരത്തിന്റെ ശാഖകളിൽ നിറയെ വവ്വാലുകളുടെ താവളവുമായിരുന്നു. ആ മരം തീവെച്ച് കരിച്ചശേഷമുള്ള ദിവസങ്ങളിലാണ് സമീപപ്രദേശങ്ങളിൽ എബോള ബാധിച്ചതെന്ന് കുട്ടികളിൽനിന്ന് മനസിലാക്കിയ ഫാബിയാൻ, സ്ഥിരം താവളത്തിൽ നിന്നുള്ള വവ്വാലകളുടെ ഡിസ്‌പ്ലെയ്‌സ്‌മെന്റ് ആയിരുന്നു അവിടെ എബോള രോഗവ്യാപനത്തിന് കാരണം എന്ന് കണ്ടെത്തിയിരുന്നു.

ലോകാരോഗ്യ സംഘടനയിലെ മൃഗജന്യ രോഗ വിദഗ്ധൻ Peter Ben Embarek, വെറ്ററിനറി ഗവേഷകൻ Fabian Leen dertz

സംഘത്തിലെ മറ്റൊരാൾ Marion Koopman, നെതർലാൻഡ്സിലെ വൈറോളജി വിദഗ്ധനായ ഇദ്ദേഹമായിരുന്നു 2012-ൽ മെർസ് രോഗം അറേബ്യൻ നാടുകളിൽ ചില പ്രത്യേക തരം ഒട്ടകങ്ങൾ വഴിയാണ് മനുഷ്യരിലെത്തിയതെന്ന് കണ്ടെത്തിയത്. Hung Nguyen നൈറോബി ലൈവ് സ്റ്റോക്ക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധനാണ്. Peter Daszak ന്യൂയോർക്ക് ഇക്കോഹെൽത്ത് പ്രസിഡന്റാണ്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി പ്രവർത്തന ബന്ധമുണ്ട്. കൂടാതെ ഡെൻമാർക്ക്, യു.കെ, ആസ്‌ത്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും ഉണ്ടായിരുന്നു. ചൈന ടീമിനെ നയിച്ചത് Liang Wannian ആയിരുന്നു.

കോവിഡിന്റെ ഉറവിടം: നാലു സാധ്യതകൾ

ഫെബ്രുവരി ആറിന് ലാൻസറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ലോകാരോഗ്യ സംഘടന സംഘത്തിന് നേതൃത്വം കൊടുത്ത പീറ്റർ ബെൻ ദൗത്യത്തിന്റെ പ്രസക്ത നേട്ടങ്ങളായി ലോകത്തിനുമുമ്പിൽ വെച്ചത് മൂന്നു കാര്യങ്ങളാണ്: ഒന്ന്​; ഇപ്പോഴത്തെ അന്വേഷണത്തിൽ സംഘത്തിന് പാൻഡമിക്കിന്റെ ഉറവിടം -സോഴ്‌സ് കണ്ടെത്താൻ കഴിയുകയും ഇപ്പോഴും ആ സ്രോതസ്സ് അവിടെ നിലനിൽക്കുകയും ചെയ്യുന്ന അവസ്ഥയാണെങ്കിൽ ഭാവിയിൽ അത് മനുഷ്യരിലെത്തുന്നത് തടയാനാകും. രണ്ട്​; വവ്വാലുകളിൽ നിന്ന് വൈറസുകൾ മനുഷ്യരിലേക്ക് സ്പിൽ ചെയ്ത് എത്തിയ സഞ്ചാരപാത കണ്ടെത്തുകയാണെങ്കിൽ ഈ വഴികളെ ഭാവിയിൽ എന്നന്നേക്കുമായി കൊട്ടിയടക്കാനോ, തടയാനോ പറ്റിയേക്കും. മൂന്ന്​; മനുഷ്യരിലെത്തുന്നതിനുമുമ്പുള്ള വൈറസിന്റ അവസ്ഥകളും സ്വഭാവവിശേഷങ്ങളും മനസ്സിലാക്കാൻ പറ്റിയാൽ ഭാവിയിൽ ഇതിനെതിരെ വാക്‌സിൻ കണ്ടുപിടിക്കാനും ഔഷധ ഗവേഷണങ്ങൾക്കും സഹായകമായിരിക്കും. ഇങ്ങനെ മഹത്തായ ലക്ഷ്യങ്ങളുമായാണ് ഗവേഷകർ മുന്നോട്ടുപോയത്.

ജനുവരിയിൽ എത്തിയ സംഘം ആദ്യ രണ്ടാഴ്ച ചൈനയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (CDC) വിദഗ്ധരുമായും ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരുമായും മിനിസ്ട്രി ഉദ്യോഗസ്ഥരുമായും ഓൺലൈനിൽ ചർച്ച നടത്തി. അവസാന രണ്ടാഴ്ച വുഹാനിലെ രോഗത്തിന്റെ ആദ്യ ക്ലസ്റ്ററുകളുണ്ടായ ഹുനാൻ മാർക്കറ്റ് സന്ദർശിക്കുകയും 2019 നവംബർ- ഡിസംബർ മാസങ്ങളിൽ അവിടെയുണ്ടായിരുന്നവരുടെയും സമുദ്ര ഉൽപ്പന്നങ്ങളുടെയും വന്യമൃഗങ്ങളുടെയും വരവും പോക്കും വിലയിരുത്തി. അവ വിതരണം ചെയ്തവരേയും വാങ്ങിയവരേയും മാപ്പ് ചെയ്തു. ഫ്രോസൻ ചെയ്തുവെച്ച സീവേജ് സാമ്പിളുകൾ ശേഖരിച്ചു. ആദ്യകാലത്ത് കോവിഡ് ബാധിച്ചവരെ നേരിട്ടുകണ്ട് വിവരശേഖരണം നടത്തി.

കോവിഡ് വ്യാപന സമയത്ത് വുഹാനിലെ മാർക്കറ്റിൽ പച്ചക്കറി വാങ്ങാനെത്തിയവർ

കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ആശുപത്രികൾ സന്ദർശിച്ച്​ അവരുടെ രേഖകൾ പരിശോധിച്ചു. രോഗനിർണയം ചെയ്ത സമയക്രമമനുസരിച്ച് രോഗികളുടെ ‘ലൈൻ ലിസ്റ്റ്' നൽകാൻ ചൈനയിലെ ആരോഗ്യ വകുപ്പ് അധികാരികൾ വിസമ്മതിച്ചതായി പിന്നീട് ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ലാബോറട്ടറി, സീറോളജി, വൈറോളജി പഠനങ്ങളും എപ്പിഡിമിയോളജി പഠനവിശകലനങ്ങളും നടത്തി.

സാർസ് കൊറോണ-2 വൈറസുകൾ മനുഷ്യരിലെത്തിയതിന് പ്രധാനമായും നാലു പരികൽപനകളാണ് ശാസ്ത്രജ്ഞർ വിശകലനം ചെയ്തത്. കോവിഡിന്റെ ഉറവിടത്തിന്​ നാലു സാധ്യതകളാണ് സംഘം അന്വേഷിച്ചത്.
1. ഏതെങ്കിലും വന്യമൃഗങ്ങളിൽനിന്ന് നേരിട്ട് മനുഷ്യരിലെത്തിയത്.
2. ശീതികരിച്ച, സംസ്‌കരിക്കപ്പെട്ട മാംസഭക്ഷ്യവസ്തുകളിലൂടെ ചൈനയിലെ മാർക്കറ്റുകൾ വഴി അപകടത്തിൽ എത്തിയത്. ഇത് ഏതെങ്കിലും മത്സ്യ- ജന്തു മാംസ ഉൽപ്പന്നങ്ങളാകാം.
3. ചൈനയിലെ ഏതെങ്കിലും (വുഹാൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ) ഗവേഷണ സ്ഥാപനത്തിൽ നിന്ന് അപകടത്തിൽ ലീക്ക് ചെയ്യപ്പെട്ടത്.
4. വവ്വാലുകളിൽനിന്ന് ഇടയിലുള്ള മറ്റേതെങ്കിലും മൃഗങ്ങളിലൂടെ മനുഷ്യരിലെത്തിയത്.

ശേഖരിക്കപ്പെട്ട വിവരങ്ങൾ വെച്ച് ഇവ ഓരോന്നും കാര്യകാരണസഹിതം വിശകലനം ചെയ്ത സംഘം ഇനി പറയുന്ന നിഗമനങ്ങളിലെത്തി: രോഗം പൊട്ടിപ്പുറപ്പെട്ട ഇൻഡക്‌സ് കേസുകളുണ്ടായ വുഹാൻ നഗരം വനമേഖലക്കടുത്തല്ലാത്തതിനാലും ഇതിന് സമീപപ്രദേശങ്ങളിൽ വവ്വാലുകൾ അധിവസിക്കുന്ന താവളങ്ങളില്ലാത്തതിനാലും നേരിട്ട് വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നു എന്ന തിയറി തള്ളി.

ആദ്യം ക്ലസ്റ്ററുകൾ രുപപ്പെട്ട ഹുനാൻ മാർക്കറ്റല്ല വൈറസുകളുടെ ഉറവിടം എന്നും ഇത് രോഗാണുക്കളെ ധാരാളം ആളുകളിലേക്ക് പടർത്തി പെരുപ്പിച്ച /ആംപ്ലിഫൈ ചെയ്ത ഇടം മാത്രമെന്നുമാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

പുറമേനിന്ന് ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിൽ നിന്നാണ് ചൈനയിൽ വൈറസ് എത്തിയത് എന്നാണ് ചൈനയിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ അതിനെ തള്ളിക്കളയുന്ന വിധത്തിൽ, ആദ്യം കരുതിയതുപോലെ നേരത്തെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഹുനാൻ മാർക്കറ്റല്ല കേസുകളുടെ ഉറവിടം എന്നാണ് ടീമിലെ ചൈനീസ് സംഘത്തലവൻ Liang Wannian അഭിപ്രായപ്പെട്ടത്. 2019 ഡിസംബർ ഒന്നിന് രോഗലക്ഷണം കണ്ടെത്തിയ ആദ്യ രോഗിക്കോ പിന്നീട് ഡിസംബർ എട്ടുതൊട്ട് കണ്ടെത്തിയ ആദ്യ കേസുകൾക്കോ ഈ മാർക്കറ്റുമായി ബന്ധമുണ്ടായിരുന്നില്ല. ആദ്യരോഗിക്ക് അറിയപ്പെടാത്ത മറ്റേതെങ്കിലും രോഗിയിൽ നിന്ന് നവംബർ അവസാനം വൈറസ് പകർന്നുകിട്ടിയതാകാം. അതിനാൽ ആദ്യം ക്ലസ്റ്ററുകൾ രുപപ്പെട്ട ഹുനാൻ മാർക്കറ്റല്ല വൈറസുകളുടെ ഉറവിടം എന്നും, ഇത് രോഗാണുക്കളെ ധാരാളം ആളുകളിലേക്ക് പടർത്തി പെരുപ്പിച്ച/ആംപ്ലിഫൈ ചെയ്ത ഇടം മാത്രമെന്നുമാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

‘ഗൂഢാലോചനാസിദ്ധാന്തം' തള്ളി

വൂഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സന്ദർശിച്ച സംഘം അവിടത്തെ സംവിധാനങ്ങൾ വിലയിരുത്തുകയും വിദഗ്ധരുമായി ചർച്ച നടത്തുകയും ചെയ്തു. ഡാറ്റാബേസ് രേഖകൾ വിശകലനം ചെയ്​തു. ശേഖരിച്ച പഴയ സീറം സാമ്പിളുകളും സീവേജ് സാമ്പിളുകളും അനലൈസ് ചെയ്​തു. 2019 ഡിസംബറിനു മുമ്പ് അവിടത്തെ ശാസ്ത്രഞ്ജർക്ക് ആർക്കും സാർസ് കോറോണ വൈറസ്-2 നെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും ഉറപ്പിച്ചിട്ടുണ്ട്. അങ്ങനെ ‘ഗൂഢാലോചനാസിദ്ധാന്ത'ത്തിന്റെ ഭാഗമായ ‘ലബോറട്ടറി ലീക്കും' സംഘം തള്ളി.
2020 മെയ് ഒന്നിന് അന്നത്തെ യു.എസ്​ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്, ‘എനിക്ക് കോവിഡ് വൈറസിന്റെ ഉറവിടം വുഹാൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ് വൈറോളജിയാണെന്ന് തറപ്പിച്ച് പറയാനാകും, പക്ഷെ തുറന്നുപറയാൻ പരിധികളുണ്ട്​' എന്നുപറഞ്ഞത് വിവാദമായിരുന്നു. പുതിയ വൈറസിനെ കണ്ടെത്തി മൂന്ന് ദിവസത്തിനുള്ളിൽ അതിന്റെ ജനിതക സീക്വൻസ് മനസ്സിലാക്കി ചൈനയിലെ ശാസ്ത്രഞ്ജർ അന്താരാഷ്ട്ര ഗവേഷണത്തിന് ഷെയർ ചെയ്തിരുന്നു ( 2020 ജനുവരി 12 ). ഇതിന്​ ബീറ്റ കൊറോണ വൈറസിൽ പെട്ട Ra TG 13 വൈറസിന്റെ ജനിതക ഘടനയുമായി 96 % സമാനതയുണ്ടായിരുന്നതായി തുടർന്ന് കണ്ടെത്തി (WHO March 2020). വൈറസ് മനുഷ്യനിർമിതിയാണെങ്കിൽ ഒരിക്കലും ഈ ജനിതകഘടന ഉണ്ടാകുമായിരുന്നില്ല.

ഹുനാൻ റെയിൽവേ സ്റ്റേഷന് സമീപമുള്ള മാർക്കറ്റ്‌

ബാക്കി, വവ്വാലുകളിൽ നിന്ന് മറ്റുജീവികൾ വഴി മനുഷ്യരിലെത്തി എന്ന തിയറിയാണ്. ഇതിന് തെളിവായി അവിടെ വവ്വാലുകളേയും ഇനാംപേച്ചികളേയും വളർത്തുന്നതും വിൽക്കുന്നതുമായ കർഷകരെയും വ്യാപാരികളെയും അവയുടെ മാർക്കറ്റുകളും അവരിലെ രോഗബാധിതരെയും സംഘം കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഇത് എങ്ങനെ എന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല.

ചൈനയിൽ കുറെ നാളുകളായി പുതിയ രോഗമുണ്ടായിരുന്നുവെന്നും അത് മൂടിവെച്ചതായിരുന്നുവെന്നും വ്യാപക പ്രചാരണമുണ്ടായിരുന്നു. സംഘം ഇതിന്റെയും സത്യാവസ്ഥ പരിശോധിച്ചു. വൈറസിന്റെ സർക്കുലേഷൻ അവിടെ മുമ്പില്ല എന്നുറപ്പിക്കാൻ പല പെറ്റ് - പോറ്റ് മൃഗങ്ങളെയും വന്യമൃഗങ്ങളെയും അവയുടെ സീറവും പരിശോധിച്ചിരുന്നു. കൂടാതെ പല രക്തബാങ്കുകളിൽനിന്ന് പഴയ രക്തസാമ്പിൾ ശേഖരിച്ച് ആന്റിബോഡി പരിശോധന ചെയ്തുനോക്കി. ചൈനയിൽ മറ്റെവിടെയും മറ്റ് സോഴ്‌സകളിൽനിന്ന് സമാന രോഗ പകർച്ചകളോ ക്ലസ്റ്ററുകളോ സമാന രോഗങ്ങളോ ഉണ്ടായതായി തെളിവില്ല. 2019 ഡിസംബറിനു മുമ്പ് ചൈനയിൽ രോഗപ്പകർച്ചയുണ്ടായിട്ടില്ലെന്നും ഉണ്ടെങ്കിൽ അത് ‘സൈലന്റ് സ്‌പ്രെഡ് ' ആയിരിക്കാമെന്നുമാണ് സംഘത്തിന്റ നിഗമനം.

മനുഷ്യനിർമിതമല്ല, പ്രകൃതിയിൽനിന്ന്

സമിതി വൂഹാനിലെ ആശുപത്രികളിലെ കേസ് രേഖകളും കോവിഡ് സംശയിക്കപ്പെടുന്ന ലക്ഷണങ്ങളുള്ള ഇൻഫ്‌ളൂവൻസ ലൈക് ഇൽനസ് (ILI) കേസുകളും ഡിസംബറിൽ ന്യൂമോണിയ രോഗം ബാധിച്ചവരുടെ റിക്കാർഡുകളും ഫാർമസികളിലെ ജലദോഷപ്പനിക്കുള്ള പ്രിസ്‌ക്രിപ്ക്ഷനുകളും ഓഡിറ്റ് ചെയ്തു. അന്ന് കോവിഡ് ബാധിതരായിരുന്ന 4500-ഓളം രോഗികളുടെ സാംപിൾ ശേഖരിച്ച് വൈറസ് ആർ.എൻ.എ സ്വീകൻസ് വിശകലനവും, ആന്റിബോഡി പഠനവും നടത്തി. ഇതിനെക്കുറിച്ച് ഫെബ്രുവരി 10 ലക്കത്തിലെ നേച്ചർ ലേഖനം തലക്കെട്ടിൽ വിശേഷിപ്പിച്ചത്; ‘വിദഗ്ധ സംഘത്തിന് ഇതുസംബന്ധിച്ച് പ്രധാന പാറക്കല്ലുകൾ മറിച്ചിട്ട് നോക്കാനായിട്ടില്ലെങ്കിലും ഭാവി അന്വേഷണങ്ങൾക്ക് വഴിവെട്ടിയിട്ടുണ്ട്’ എന്നാണ്.

കഴിഞ്ഞ മാർച്ചിൽ തന്നെ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ origin of SARS CoV-2 രേഖയിൽ വൈറസിന്റെ ജനിതക സീക്വൻസ് മനസ്സിലാക്കി ഇതിന്റെ മനുഷ്യരിലേക്കുള്ള ചാട്ടം ‘ഒരു സ്ഥലത്ത് ഒരു സമയം ഒരു പോയിന്റിൽ' മാത്രം സംഭവിച്ചതാണെന്നും അത് 2019ന്റെ അവസാനത്തിലാണെന്നും പരാമർശിച്ചിട്ടുണ്ടായിരുന്നു. ഇത് മനുഷ്യനിർമിതിയല്ല, പ്രകൃതിയിൽ തന്നെ ഉണ്ടായതാണെന്ന് ജനിതക സീക്വൻസ് പഠനങ്ങളും കാണിച്ചിരുന്നു. മുമ്പുതന്നെ ശാസ്ത്രജ്ഞർ വവ്വാലുകളിൽ സാർസ് 2 വൈറസുമായി ജനിതക സാമ്യമുള്ള വൈറസുകളെ കണ്ടെത്തിയിരുന്നു. ഫെബ്രുവരി ഒമ്പതിന് നേച്ചർ കമ്യൂണിക്കേഷൻ റിപ്പോർട്ട് ചെയ്തതുപ്രകാരം, കഴിഞ്ഞ ജൂണിൽ തന്നെ കിഴക്കൻ തായ്‌ലാൻഡിലെ വവ്വാലുകളിൽ സാർസ് കൊറോണ വൈറസ്-2 വിന്റെതിന് സമാനമായി 92% ജീനുകൾ ഷെയർ ചെയ്യുന്ന RaC-203 എന്ന് പേരിട്ട വൈറസുകളെ കണ്ടെത്തിയതായി വിവരമുണ്ടായിരുന്നു. ഇവയൊക്കെ തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിലെ വവ്വാലുകളിലൂടെ വ്യാപിക്കുന്നാണ്ടാവാം.

കഴിഞ്ഞ ജൂണിൽ തന്നെ കിഴക്കൻ തായ്‌ലാൻഡിലെ വവ്വാലുകളിൽ സാർസ് കൊറോണ വൈറസ് 2വിന്റെതിന് സമാനമായി 92% ജീനുകൾ ഷെയർ ചെയ്യുന്ന RaC-203 എന്ന് പേരിട്ട വൈറസുകളെ കണ്ടെത്തിയതായി വിവരമുണ്ടായിരുന്നു.

വംശ ജനിതകശാസ്ത്രത്തിന്റെ അനാലിസിസിലൂടെ ( Phylogenic Analysis) ചൈനയിലെ യുനാനിൽ ഹോഴ്സ് ഷൂ വവ്വാലുകളിൽ നിന്ന് 2013 ൽ കണ്ടെത്തിയ RAT GB വൈറസുമായി കോവിസ് വൈറസിന്റെ ജനിതക ഘടനക്ക് 96% യോജിപ്പ് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ Rm Y NO-2 വൈറസുകളിൽ 93% യോജിപ്പ് കണ്ടെത്തിയിട്ടുണ്ട്​. ബാക്കി 4% മാറ്റങ്ങൾ ഇടയിലുള്ള ജീവിയിലൂടെയുള്ള (ഈനാംചേച്ചി) സഞ്ചാരപഥത്തിൽ മനുഷ്യരിലേക്ക് ചേക്കേറുമ്പോൾ സംഭവിച്ചതാകമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പ്രധാന പ്രവേശന കവാടം

വിദഗ്ധ സംഘത്തിന് ആദ്യം വുഹാൻ നഗരത്തിൽ പ്രവേശിക്കുന്നതിനുതന്നെ ഔദ്യോഗിക നൂലാമാല മൂലം അനുമതി വൈകിയിരുന്നു. എങ്കിലും, ചെറിയ സമയപരിധിയിൽ നടത്തിയ ഈ റിട്രോസ്‌പെക്ടീവ് പഠനത്തിലൂടെ ഒരു വർഷത്തിനുമുമ്പുണ്ടായ രോഗത്തിന്റെ ശരിയായ ഉറവിടം നിർണയിക്കാൻ പറ്റിയിട്ടില്ലെങ്കിലും ഭാവിയിൽ ഇതുപോലുള്ള പാൻഡമിക്കുകളിൽനിന്ന് എങ്ങനെ രക്ഷനേടാമെന്ന വഴി മനസിലാക്കാനാകും എന്നാണ് ലണ്ടൻ സ്‌കൂൾ ഓഫ് ടോപിക്കൽ മെഡിസിനിലെ വിദഗ്ധൻ ഡേവിഡ് ഹെമാൻ പറഞ്ഞത്. ചിലപ്പോൾ ശരിയായ ഉറവിടം വ്യക്തമായി കണ്ടെത്താൻ വർഷങ്ങൾ എടുത്തേക്കാം. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയിൽനിന്ന് മടങ്ങുന്നതിനു തലേന്ന് ( ഫെബ്രുവരി 9) നടത്തിയ വാർത്താസമ്മേളനത്തിൽ ഇത്രയൊക്കെ വിവരങ്ങളാണ് പങ്കുവെച്ചത്.

‘ജൈവായുധം', ‘ലബോറട്ടറി അപകടം' തുടങ്ങിയ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ തള്ളിക്കളയാൻ ഈ അന്വേഷണത്തിനായിട്ടുണ്ട്. എങ്കിലും, സമിതിക്ക് പാൻഡമിക്ക് സംബന്ധിച്ച അന്താരാഷ്ട്ര വിവാദങ്ങളുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ച് അടച്ചുവെക്കാനായി എന്ന് കരുതേണ്ടതില്ല എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.▮

(രണ്ടാം ഭാഗം അടുത്ത പാക്കറ്റിൽ)


ഡോ. ജയകൃഷ്ണൻ ടി.

എപ്പിഡെമിയോളജി വിദഗ്ധൻ. വകുപ്പ് മേധാവി ആൻറ്​ പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, കെ. എം. സി. ടി. മെഡിക്കൽ കോളേജ്, കോഴിക്കോട്.

Comments