യു.എസിലെ ആരോഗ്യരംഗം വംശീയവിദ്വേഷത്തെ ഗൗരവമായെടുക്കണം എന്നാവശ്യപ്പെട്ട് ഒറിഗൺ ഹെൽത്ത് & സയൻസ് യൂണിവേഴ്‌സിറ്റിയിലെ ആരോഗ്യപ്രവർത്തകർ നടത്തിയ പ്രതിഷേധം. വികസിത, വികസ്വര രാജ്യങ്ങളിലെ സാമൂഹിക ശ്രേണികൾക്കിടയിൽ നിലനിൽക്കുന്ന അസമത്വത്തിന്റെ തീവ്രത തുറന്നു കാട്ടാൻ കോവിഡ്-19 കാരണമായി / Photo: OHSU, Kristyna Wentz-Graff

ഇനി വീണ്ടെടുക്കാം; മാസ്‌കുകൾക്ക് പിന്നിലെ മാനവിക മുഖം

കൊറോണ വൈറസിന് ജാതി, മത, രാഷ്ട്രീയ പക്ഷപാതങ്ങളില്ല. എന്നാൽ, രാഷ്ട്രീയമായി പരിശോധിക്കുമ്പോൾ വൈറസിന്റെ ശരിയായ ഇരകൾ ഏറ്റവും താഴെയുള്ള ശ്രേണിയിലുള്ളവരാണ്​; ഏപ്രിൽ ഏഴിന്​ ആചരിക്കുന്ന ലോകാരോഗ്യദിനം മുൻനിർത്തി ഒരാലോചന

വൈറസ് ബാധ ഏൽക്കാതിരിക്കാൻ മനുഷ്യർ പരസ്പരം ഇടപെടുമ്പോൾ വായും മൂക്കും മറയ്ക്കുന്ന മാസ്‌ക്കുകൾ ഉപയോഗിക്കാൻ നിർദേശം നൽകിയ ലോകാരോഗ്യ സംഘടന തന്നെ, ഇനിയങ്ങോട്ട് ആരോഗ്യം വീണ്ടെടുക്കാൻ ആളുകളോട് മനുഷ്യമുഖം വീണ്ടെടുക്കാൻ ആഹ്വാനം നൽകുകയാണ്. Building a fairer, Healthier World- നീതിയുക്തവും ആരോഗ്യകരവുമായ ഒരു ലോകം സൃഷ്ടിക്കുക, എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിലെ സന്ദേശം. നമ്മൾ ജീവിക്കുന്ന വർത്തമാന ലോകം അസുന്തലനങ്ങളുടേതാണെന്ന് കോവിഡ് കൂടുതൽ വെളിവാക്കിക്കൊണ്ടിരിക്കയാണ്. ഇപ്പോൾ ചിലർക്കുമാത്രം ആരോഗ്യത്തോടെ നിലനിൽക്കാനാകുന്നതും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതും അവർ മറ്റുള്ളവരെ അപേക്ഷിച്ച് ജനിച്ചതും, വളർന്നതും, ജീവിച്ചതും, തൊഴിൽ ചെയ്യുന്നതും നല്ല സാഹചര്യങ്ങളിലായതുകൊണ്ടാണ്.

ഇതേസമയം, ലോകത്ത് എവിടെയായിരുന്നാലും, മറ്റൊരു കൂട്ടം മനുഷ്യർ ചുരുങ്ങിയ വരുമാനത്തിൽ പാർപ്പിട-തൊഴിൽ സൗകര്യങ്ങളും വിദ്യാഭ്യാസവും ലഭിക്കാതെ അവസരങ്ങൾ നിഷേധിക്കപ്പെട്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ വിഷമിക്കുന്നുണ്ട്. ഇവർ തന്നെയാണ് ശുദ്ധമായ കുടിവെള്ളമോ ഭക്ഷ്യ സുരക്ഷയോ ആവശ്യമായ ആരോഗ്യ സേവനങ്ങളോ ലഭ്യമാകാതെ വിഷമിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ ഇവർക്കിടയിൽ തടയാവുന്ന രോഗങ്ങൾ പടർത്തുന്നു, അകാല മരണത്തിലേക്ക് തള്ളിവിടുന്നു, തോരാത്ത കഷ്ടപ്പാടുകളുണ്ടാക്കുന്നു. ഇവയൊക്കെ ലോകത്താകെയുള്ള മനുഷ്യരുടെ സാമൂഹിക സ്ഥിതിയെയും സാമ്പത്തികാവസ്ഥകളെയും ദോഷകരമായി ബാധിക്കുന്നതുമാണ്. സമ്പത്തും അധികാരവും സാമൂഹ്യ പദവികളും പോലുള്ള പ്രിവിലേജുകളുള്ളവർക്കുമാത്രം ആരോഗ്യ സേവനം ലഭ്യമാകുന്നതും മറ്റുള്ളവർക്ക് നിരാകരിക്കപ്പെടുന്നതും നൈതികതക്കും മനുഷ്യാവകാശങ്ങൾക്കും എതിരാണ്. അതിനാൽ ആരോഗ്യ അസമത്വം ഒരിക്കലും നീതികരിക്കാവുന്നതല്ല, ഇത് അവസാനിപ്പിക്കേണ്ടതുമാണ്. ഇതിനായി ഓരോ രാജ്യത്തും ഓരോരുത്തർക്കും ആരോഗ്യകരമായി ജീവിക്കാനും തൊഴിലുകളിലേർപ്പെടാനുമുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കാൻ ഭരണ നേതൃത്വം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി സർക്കാരുകൾ ജനങ്ങൾക്കിടയിലെ ആരോഗ്യസ്ഥിതികളിലും ആരോഗ്യ സേവന ലഭ്യതകളിലുമുള്ള അസന്തുലിതാവസ്ഥ നിരന്തരം മോണിറ്റർ ചെയ്തുകൊണ്ടിരിക്കണം, അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് യഥാസമയം സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ജീവശാസ്ത്രപരമായി പരിശോധിക്കുമ്പോൾ, മനുഷ്യരെ ബാധിക്കുന്നതിൽ സാർസ് കൊറോണ വൈറസിന് ജാതി, മത, രാഷ്ട്രീയ പക്ഷപാതങ്ങളില്ല. എന്നാൽ, രാഷ്ട്രീയമായി പരിശോധിക്കുമ്പോൾ വൈറസിന്റെ ശരിയായ ഇരകളാകുന്നത് ഏറ്റവും താഴെയുള്ള ശ്രേണിയിലുള്ളവരായിരിക്കും.

കോവിഡ് എല്ലാ രാജ്യങ്ങളെയും ഒരേപോലെ ബാധിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ ആഘാതം ദുർബല ജനവിഭാഗങ്ങളെയാണ് ഏറ്റവും ദോഷകരമായി ബാധിച്ചത്. വൈറസ് ഭീതിദമായി പടർന്നതും ഇത്തരം ജനസമൂഹങ്ങളിൽ തന്നെയാണ്. പാൻഡമിക് നിയന്ത്രണ പ്രവർത്തം വേണ്ട രീതിയിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ഇടങ്ങളിലും ചികിത്സാ സേവനം സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുന്ന ഇടങ്ങളിലും ഇതിന്റെ ആഘാതം കുറവാണെന്ന് അനുഭവങ്ങളിലൂടെ കണ്ടു. അതുകൊണ്ട്, ഭൂമിയിൽ എല്ലായിടത്തും എല്ലാവർക്കും ആരോഗ്യവും, ആരോഗ്യ സേവനങ്ങളും അവകാശമാണെന്ന തിരിച്ചറിവ് വ്യക്തികൾക്കും ഭരണകൂടങ്ങൾക്കും ഉണ്ടാക്കിയെടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ജനങ്ങൾക്കിടയിലെ വർഗ- വംശീയ- ലിംഗ പരമായ ആരോഗ്യത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുക, സേവനം എല്ലാവർക്കും പ്രാപ്യമാക്കുക എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ വിഷയം കൊണ്ട് ഉദ്ദേശിക്കുന്നത്.

ജീവശാസ്ത്രപരമായി പരിശോധിക്കുമ്പോൾ, മനുഷ്യരെ ബാധിക്കുന്നതിൽ സാർസ് കോറോണ വൈറസിന് ജാതി, മത, രാഷ്ട്രീയ പക്ഷപാതങ്ങളില്ല. എന്നാൽ, രാഷ്ട്രീയമായി പരിശോധിക്കുമ്പോൾ വൈറസിന്റെ ശരിയായ ഇരകളാകുന്നത് ഏറ്റവും താഴെ ശ്രേണിയിലുള്ളവരായിരിക്കും; ഇവരായിരിക്കും ചികിത്സ കിട്ടാതെ മരിക്കുന്നവരിൽ ഭൂരിഭാഗവും. അതിന്റെ പ്രത്യാഘാതം ദീർഘനാൾ ചുമക്കേണ്ടതും ഇവരുടെ മുതുകുകളാണ്. ഏതുരാജ്യത്തും സമൂഹത്തിലെ പാർശ്വവതക്കരിക്കപ്പെട്ടവരെയാണ് ആരോഗ്യപരമായും, സാമ്പത്തികമായും സംരക്ഷിക്കപ്പെടേണ്ടതെന്നും ഇല്ലെങ്കിൽ ജനാധിപത്യത്തിന് അർഥമുണ്ടാകില്ലെന്നും കോവിഡ് കൂടുതൽ വ്യാപിക്കുന്നതിന് മുമ്പേ, മനുഷ്യാവകാശത്തിനു​വേണ്ടിയുള്ള യു.എൻ ഹൈകമീഷണർ മിഷേൽ ബാഷെൽ അഭിപ്രായപ്പെട്ടിരുന്നു. പാൻഡമിക്ക് രാജ്യങ്ങൾക്കിടയിലെയും അവയിലെ തന്നെ മനുഷ്യർക്കിടയിലെയും ആരോഗ്യ അസന്തുലിതാവസ്ഥകളുടെ തനിനിറം പുറത്തുകൊണ്ടുവരാൻ കാരണമായിട്ടുണ്ട്. ഒപ്പം, ഇത്തരം അസന്തുലിതാവസ്ഥകൾക്ക് കാരണമായ അപകടകരമായ തൊഴിലുകൾ, ശോചനീയമായ തൊഴിൽ പരിസരങ്ങൾ, ഇവയോടൊപ്പം വളർന്നുവരുന്ന സാമ്പത്തിക ഉച്ചനീചത്വങ്ങൾ, ജനാധിപത്യവിരുദ്ധമായ രാഷട്രീയാവസ്ഥകൾ, സ്ഥാപനങ്ങൾ എന്നിവയെ ഇത് കൂടുതൽ വെളിവാക്കിയിട്ടുണ്ട്. ഇവയൊക്കെയും ആരോഗ്യത്തിന്റെ സാമൂഹിക- സാമ്പത്തിക- വംശീയ- ലിംഗ ഘടകങ്ങളുമായി ചേർന്നുനിൽക്കുന്നവയാണ്. നിലവിലെ ദൗർബല്യങ്ങളെ കൂടുതൽ രൂക്ഷമാക്കുന്നതുമാണ്. അതിനാൽ എല്ലാവർക്കും ആരോഗ്യവും ആരോഗ്യ സേവനങ്ങളും ലഭ്യമാകണമെങ്കിൽ നിലവിലെ ലോക സാമ്പത്തിക ക്രമം പുതുക്കി പണിയണം. ജനങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ ഉന്നതങ്ങളിലെ അധികാരികൾക്കൊപ്പം ജനങ്ങളുടെ പങ്കാളിത്തവും കൂടി വേണമെന്നുമുള്ള തിരിച്ചറിവുണ്ടായിട്ടുണ്ട്. ഇവ പ്രയോഗവൽക്കരിക്കപ്പെടുന്ന ഇടങ്ങളിൽ ഇതിന്റെ ഗുണഫലവും ദൃശ്യമാകുന്നുണ്ട്.

പ്യു റിസേർച്ച് സെൻററിൻറെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ദിവസം ശരാശരി 150 രൂപയിൽ താഴെ മാത്രം വരുമാനമുള്ള പരമദരിദ്രരുടെ എണ്ണം 5.9 കോടിയിൽ 13.4 കോടിയായി. ഇതേ കാലയളവിൽ ലോകത്ത് സമ്പത്തിൽ ഏറ്റവും വർധനവുണ്ടായത് ഇന്ത്യയിലെ തന്നെ ഗൗതം അദാനിക്കാണ്‌ / Photo: Flickr, John Englart

ലോറെൻ പാരിമോരിന്റെ (Lauren Paremoer) നേതൃത്വത്തിൽ വിദഗ്ധർ തയ്യാറാക്കി ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, കോവിഡ്- 19ന്റെ സാമൂഹ്യ നിർണയ ഘടകങ്ങളുടെ വിശദാംശങ്ങൾ വിവരിക്കുന്നുണ്ട് (Covid-19 pandemic and the social determinants of health). ആളുകളുടെ എണ്ണമനുസരിച്ച് സമ്പന്ന രാജ്യങ്ങളിലാണ് മരണം കൂടുതലുണ്ടായതെങ്കിലും ആഘാതം തീവ്രമായതും ഇനി തുടർന്നും അവ അനുഭവിക്കേണ്ടതും ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളാണ്. ബ്രിട്ടനിൽ കോവിഡ് മൂലം മരിച്ചവരിൽ വെളുത്ത വർഗക്കാരെ അപേക്ഷിച്ച് കറുത്തവർ ഇരട്ടിയായിരുന്നു. അമേരിക്കയിലെ ശുചീകരണ തൊഴിലാളികളിൽ 70 ശതമാനവും ഡെലിവറി ജോലിക്കാരിൽ 60 ശതമാനവും കറുത്തവരായിരുന്നു. ഭൂരിഭാഗവും ഇൻഷ്വറൻസ് കവറേജുകൾക്ക് പുറത്തായതിനാൽ ഇവർക്ക് രോഗത്തിന്റെ ആഘാതം താങ്ങാൻ കഴിയാത്തതുമായിരുന്നു.

വൈറസ് വ്യാപനം തടയാൻ മനുഷ്യസഞ്ചാരം നിയന്ത്രിക്കപ്പെട്ടപ്പോൾ, ഇത്തരക്കാരുടെ ഉപജീവന മാർഗങ്ങളും തൊഴിലും സുരക്ഷയും ഭക്ഷണവും ആരോഗ്യ സേവനങ്ങളും വിദ്യാഭ്യാവും വിനോദവും അടഞ്ഞുപോയി. വ്യാപാര നിയന്ത്രങ്ങളെ തുടർന്നുണ്ടായ സപ്ലൈ ചെയിൻ തകരാറുമൂലം ഓക്‌സിജൻ- പി.പി.ഇ കിറ്റ് വിതരണം പോലും മുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം 90 ശതമാനം രാജ്യങ്ങളിലും കോവിഡ് അല്ലാത്ത മറ്റു രോഗങ്ങളുടെ ചികിത്സ മുടങ്ങി. 40 ശതമാനം രാജ്യങ്ങളിൽ മാത്രമേ പ്രവാസികൾക്ക് ചികിത്സ പോലും ലഭിച്ചിട്ടുള്ളൂ.

ഇടക്കിടെ കൈ കഴുകാൻ ആവശ്യപ്പെടുമ്പോൾതന്നെ, ലോകത്താകെ 2.2 ബില്ല്യൻ ആളുകൾക്ക് കുടിക്കാൻ പോലും വെള്ളമില്ലെന്നോർക്കണം. വീട്ടിലിരിക്കാനും ശാരീരിക അകലം പാലിക്കാനും പറയുമ്പോൾ, 1.8 ബില്ല്യൻ ആളുകൾക്ക് താമസിക്കാൻ വീടില്ലെന്നും മനസ്സിലാക്കണം. മഹാമാരിയുടെ 2020 മാർച്ചിനുശേഷമുള്ള ആറു മാസത്തെ കണക്കെടുത്താൽ, കോടിക്കണക്കിന് സാധാരണക്കാർക്കിടയിലെ തൊഴിലില്ലായ്മയും കടബാധ്യതയും ദാരിദ്ര്യവും വർധിച്ചതായി കാണാം. എന്നാൽ, ശതകോടി ധനവാൻമാരായ അഞ്ചു പേരുടെ വരുമാനം 59% കൂടിയതായിട്ടാണ് രേഖകൾ കാണിക്കുന്നത്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിക്കുകയും യുവാക്കളും പ്രവാസികളും തൊഴിലിടങ്ങളിൽ നിന്ന് ബഹിഷ്‌കൃതരാകുകയും ചെയ്തതിനൊപ്പം കള്ളപ്പണത്തിന്റെ ഒഴുക്ക് കൂടി. വരുമാന മാർഗങ്ങൾക്കായി മയക്കുമരുന്ന് വ്യാപാരങ്ങളിൽ ഏർപ്പെടുന്ന തൊഴിൽ രഹിതരായ ചെറുപ്പക്കാരുടെ എണ്ണവും കൂടി വരുന്നു.

ലോകത്താകെ കോവിഡ് മൂലം മരിച്ചവരിൽ ഭൂരിഭാഗവും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലോ തൊഴിലുകളിലോ ഏർപ്പടുന്നവരും ആരോഗ്യ സേവനം ലഭിക്കാത്തവരും സിക്ക് ലീവ് പോലുള്ള ആനുകൂല്യങ്ങൾ ഇല്ലാത്തവരുമായിരുന്നു. ഇവർ കുറഞ്ഞ വേതനം ലഭിക്കുന്നവരും പരിമിത ജീവിത സാഹചര്യങ്ങളുള്ളവരും പാർപ്പിടങ്ങളില്ലാത്തവരുമായിരുന്നു

മാർച്ച് ആദ്യവാരം പ്രസീദ്ധീകരിച്ച, ലോകബാങ്കുമായി ബന്ധപ്പെട്ട "പ്യു റിസർച്ച് സെന്ററിന്റെ' (Pew Research Center) റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ, ജനങ്ങൾക്കിടയിൽ ഒരു വർഷത്തിനിടെ സാമ്പത്തിക അന്തരം വളരെ കൂടി. ദിവസം ശരാശരി 150 രൂപയിൽ താഴെ മാത്രം വരുമാനമുള്ള പരമദരിദ്രരുടെ എണ്ണം 5.9 കോടിയിൽ നിന്ന് ഇരട്ടിച്ച് 13.4 കോടിയായി. 3.5 കോടിയിലേറെ ഇടത്തരക്കാർ ദാരിദ്ര്യരേഖക്ക് താഴെയായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് വൻതോതിൽ എന്റോൾമെന്റ് കൂടിയത് തൊഴിൽ നഷ്ടത്തിന്റെയും ദാരിദ്ര്യം ഏറിയതിന്റെയും തെളിവാണ്.

ലോകത്താകെ കോവിഡ് മൂലം മരിച്ചവരിൽ ഭൂരിഭാഗവും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലോ തൊഴിലുകളിലോ ഏർപ്പടുന്നവരും ആരോഗ്യ സേവനം ലഭിക്കാത്തവരും സിക്ക് ലീവ് പോലുള്ള ആനുകൂല്യങ്ങൾ ഇല്ലാത്തവരുമായിരുന്നു. ഇവർ കുറഞ്ഞ വേതനം ലഭിക്കുന്നവരും പരിമിത ജീവിത സാഹചര്യങ്ങളുള്ളവരും പാർപ്പിടങ്ങളില്ലാത്തവരുമായിരുന്നു. വരുമാനം ഇല്ലാതായയോടെ ഇവർക്ക് ശാരീരിക അകലവും ക്വാറന്റയിനും പാലിക്കാൻ കഴിഞ്ഞില്ല. നേരിട്ടുതന്നെ തൊഴിലുകളിൽ ഏർപ്പെടേണ്ടവരായിരുന്നു ഇവർ. അതായത്, "വർക്ക് അറ്റ് ഹോം' സൗകര്യം അസാധ്യമായവർ. അതിനാൽ ഇവർക്ക് രോഗാണുബാധയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയുമായിരുന്നില്ല.

ലോകത്താകെ നോക്കിയാൽ മാർക്കറ്റുകളിലും ചന്തകളിലും പണിയെടുക്കുന്നവരെയാണ് ക്ലസ്റ്ററുകളായി രോഗം ബാധിച്ചത്. മത്സ്യച്ചന്തകളിലും ഇറച്ചി മാർക്കറ്റുകളിലുമാണ് കോവിഡ് കാട്ടുതീ പോലെ പരന്നത്. രോഗത്തിന്റെ ഉത്ഭവ കാലത്തുതന്നെ ചൈനയിൽ വുഹാനിലെ ഹുനാൻ മാർക്കറ്റ് തൊട്ട് രോഗത്തിന്റെ സ്വഭാവമിതായിരുന്നു. ഇവിടങ്ങളിലെ ഇടുങ്ങിയതും വായുസഞ്ചാരം കുറഞ്ഞതുമായ ഇടങ്ങളിൽ ശാരീരിക അകലം പാലിക്കൽ അസാധ്യമായിരുന്നു. ഇവിടങ്ങളിലെ തൊഴിലാളികളിൽ ഭൂരിഭാഗവും അന്യദേശക്കാരും കുടിയേറ്റക്കാരും അസംഘടിതരും തൊഴിലാളി യൂണിയനുകളിൽ അംഗത്വം ഇല്ലാത്തവരും ആയിരുന്നു. എന്നാൽ പലയിടങ്ങളിലും ആരോഗ്യ അടിയന്തിരാവസ്ഥയുടെ മറവിൽ തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തി അദ്ധ്വാന സമയം വർധിപ്പിക്കുകയും വേതനം മരവിപ്പിക്കുകയും പിരിച്ചുവിടലുകൾ അരങ്ങേറുകയും ചെയ്തു. ഇന്ത്യയിലെ ലോക്ക്ഡൗൺ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ ഏറ്റവും ദോഷകരമായി ബാധിച്ചത് അന്തർ സംസ്ഥാന തൊഴിലാളികളെയാണ്. ഇതുമായി ബന്ധപ്പെട്ട പട്ടിണിയിലും ആത്മഹത്യയിലും അപകടങ്ങളിലും ആയിരത്തോളം പേരാണ് മരിച്ചത്. ചികിത്സ ലഭ്യമാകാതെ ഇവരുടെ കുടുംബാങ്ങളടക്കം ധാരാളം പേർ മരിച്ചു. പൊതുഗതാഗതം ഇല്ലാത്തതിനാൽ ദരിദ്രർക്ക് തൊഴിൽ നഷ്ടമാകുകയും വരുമാനം നിലയ്ക്കുകയും ചികിത്സ പോലും നിഷേധിക്കപ്പെടുകയും ചെയ്തു. മഹാരാഷ്ട്രയിലെ ജാൽനയിൽ നിന്ന് എണ്ണൂറു കിലോമീറ്ററിലേറെ ദൂരത്തുള്ള മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് നടന്നുപോകവേ, റെയിൽ പാളത്തിൽ തളർന്നുറങ്ങിയവരുടെ മേൽ ട്രെയിൻ കയറി പതിനാറുപേർ മരിച്ചത് ഈ അവസ്ഥയുടെ ചൂണ്ടുപലക മാത്രമാണ്.
മാർച്ച് 25ന് ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേബർ ഫോർസ് സർവേയുടെ ഡാറ്റ പ്രകാരം ഇന്ത്യയിൽ കോവിഡ് കാലത്ത് നിയന്ത്രണം മൂലം വളരെയധികം പേർക്ക് തൊഴിൽ നഷ്ടമായി. 2021 ന്റെ ആദ്യ പാദത്തിലും എട്ടിലധികം സംസ്ഥാനങ്ങളിൽ നഗരപ്രദേശങ്ങളിലുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് മുൻവർഷത്തെ അപേക്ഷിച്ച് ഇന്ത്യൻ ശരാശരിയേക്കാളും വളരെ കൂടുതലാണ്. ഇതിൽ കേരളവും പെടും. ഈ വരുമാനനഷ്ടം ദാരിദ്ര്യവൽക്കരണതിന്റെ സൂചന കൂടിയാണ്.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, ലോകത്താകെ തൊഴിൽ ചെയ്യുന്ന സ്ത്രീകളിൽ 40% പേരേയും കോവിഡ് പ്രതികൂലമായി ബാധിച്ചു. തൊഴിൽ നഷ്ടമുണ്ടാകുകയും പ്രതിഫലം വെട്ടിച്ചുരുക്കുകയും ചെയ്ത മേഖലകളിലേറെയും സ്ത്രീകളുടേതായിരുന്നു / Photo: un.org

കോവിഡ് കാലത്ത് ധാരാളം കമ്യൂണിറ്റി വളണ്ടിയർമാരും സന്നദ്ധ പ്രവർത്തകരും പൊതുആരോഗ്യ സംവിധാനത്തിൻ കീഴിൽ പ്രവർത്തിച്ചിരുന്നു. ഇവരിൽ പലർക്കും പ്രതിഫലം നാമമാത്രമായിരുന്നു, ഗുണനിലവാരമുള്ള പി.പി.ഇ കിറ്റുകൾ ലഭ്യമാക്കിയില്ല. ഇതുവഴി ഇവരിൽ പലർക്കും രോഗാണുബാധയുണ്ടായി. സപ്ലൈ ചെയിൻ ലഭ്യത ഇല്ലാത്തതിനാൽ പി.പി.ഇ കിറ്റുകൾ, അവശ്യമരുന്നുകൾ, വാക്‌സിൻ എന്നിവ പോലും പല ഇടങ്ങളിലും ലഭ്യമായിരുന്നില്ല. ഇത് ബാധിച്ചത് ഏറ്റവും താഴെയുള്ള കാറ്റഗറിയിൽ പെട്ട ആരോഗ്യ പ്രവർത്തകരെയും തൊഴിലാളികളെയുമായിരുന്നു. ഇതിലും അസമത്വം മുഴച്ചുനിന്നിരുന്നു.

കോവിഡിനെ തുടർന്നുള്ള യാത്രാവിലക്ക് കൂടുതൽ ബാധിച്ചത് സ്ത്രീകളെയാണ്. ഇത് ഇവരുടെ വരുമാനം മാത്രമല്ല തൊഴിലും നഷ്ടമാക്കി. യാത്രാവിലക്ക് ആരോഗ്യത്തെയും ബാധിച്ചു. റീ പ്രൊഡക്ടീവ് ഹെൽത്ത്- ലൈംഗികരോഗ ചികിത്സകൾ ധാരാളം മുടങ്ങിപ്പോയി. ഈ കാലത്ത് ലോകത്താകെ 70 ലക്ഷത്തിലധികം അപ്രതീക്ഷിത ഗർഭധാരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് കണക്ക്. ഇതേതുടർന്നുണ്ടായ അബോർഷനുകളും പ്രസവങ്ങളും അവയോടനുബന്ധിച്ച സങ്കീർണതകളും സ്ത്രീ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച്, ലോകത്താകെ തൊഴിൽ ചെയ്യുന്ന സ്ത്രീകളിൽ 40% പേരേയും കോവിഡ് പ്രതികൂലമായി ബാധിച്ചു. തൊഴിൽ നഷ്ടമുണ്ടാകുകയും പ്രതിഫലം വെട്ടിച്ചുരുക്കുകയും ചെയ്ത മേഖലകളിലേറെയും സ്ത്രീകളുടേതായിരുന്നു. "തുല്യ ജോലിക്ക് തുല്യ വേതനം ' എന്ന നയം കാറ്റിൽ പറത്തി. സ്ത്രീകൾ കൂടുതലുള്ള വിനോദ-ടൂറിസം- ഗാർഹിക- അസംഘടിത തൊഴിൽ മേഖലകളിലാണ് ആഘാതം രൂക്ഷമായത്. ലോകത്തൊട്ടാകെ 72 ശതമാനം ഗാർഹിക ജോലിക്കാർക്കും കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടു. ഇവരിൽ 67% വും മൈഗ്രന്റ് /കുടിയേറ്റ തൊഴിലാളികളായിരുന്നു. പല "മധ്യവർഗ ഫ്‌ളാറ്റ് സമുച്ചയങ്ങളിലും ഇത്തരം സ്ത്രീ തൊഴിലാളികളെ പുറത്താക്കി. ആരോഗ്യ മേഖലയിൽ ആശുപത്രികൾക്കകത്തും ഫീൽഡിലും ഭൂരിഭാഗവും (70%) സ്ത്രീ ആരോഗ്യ പ്രവർത്തകരാണ് /തൊഴിലാളികളാണ്.

ആരോഗ്യ സ്ഥാപനങ്ങളേയും സേവനങ്ങളേയും "മാർക്കറ്റ് തിയറി ' അനുസരിച്ച് വ്യാപാരവൽക്കരിക്കുന്നതുമൂലം അത്തരം രാജ്യങ്ങളിൽ അസന്തുലിതാവസ്ഥ രൂക്ഷമാകുകയാണ്.

അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ചൈൽഡ് കെയർ സർവീസുകളും അടച്ചിട്ടപ്പോൾ 15% ത്തോളം സ്ത്രീ തൊഴിലാളികളുടെ വരുമാനം ഇല്ലാതായതായി കണക്കുകൾ പറയുന്നു. പല സ്ത്രീകൾക്കും വീടുകളിലെ പ്രായമായവരെയും കുട്ടികളെയും ശ്രുശ്രൂഷിക്കാൻ തൊഴിൽ ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ ലിംഗപരമായും സ്ത്രീകളെ കോവിഡ് വളരെ മോശമായി ബാധിച്ചു.

അന്താരാഷ്ട്ര നാണയനിധിയുടെ വ്യവസ്ഥകളും ഇതുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളും കടമെടുക്കുന്ന രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങളെ ജനവിരുദ്ധമാക്കിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ സ്ഥാപനങ്ങളേയും സേവനങ്ങളേയും "മാർക്കറ്റ് തിയറി ' അനുസരിച്ച് വ്യാപാരവൽക്കരിക്കുന്നതുമൂലം അത്തരം രാജ്യങ്ങളിൽ അസന്തുലിതാവസ്ഥ രൂക്ഷമാകുകയാണ്. ആഗോള പുത്തൻ സാമ്പത്തിക ക്രമത്തോടനുബന്ധിച്ച പ്രവണതകൾ / നടപടികൾ ഓരോന്നും ആരോഗ്യത്തിന് ഭീഷണികളാവുന്നതായിട്ടാണ് ആരോഗ്യ സമതക്ക് (health equity) വേണ്ടി വാദിക്കുന്ന വിദഗ്ധർ വിലയിരുത്തുന്നത്. സമീപകാലത്ത് ദരിദ്രരാജ്യങ്ങളുടെയും ഒപ്പം വികസ്വര രാജ്യങ്ങളുടെയും അന്താരാഷ്ട്ര കടബാധ്യത ബലൂൺ പോലെ വീർത്തുവരികയാണ്. ട്രിപ്‌സ് കരാർ (Trade-Related Aspects of Intellectual Property Rights) ലോകരാജ്യങ്ങൾക്കിടയിൽ വൈദ്യ സാങ്കേതിക വിദ്യ എത്തിപ്പിടിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു, സാധാരണക്കാർക്ക് പുതിയ ഔഷധങ്ങൾ ലഭ്യമാക്കുന്നതും തടയുന്നു. കോവിഡുമായി ബന്ധപ്പെട്ട ഔഷധ സാങ്കേതിക വിദ്യകളുടെ കണ്ടുപിടുത്തങ്ങളെ ഇളവുനൽകി പേറ്റന്റ് വ്യവസ്ഥകളിൽ നിന്ന് സ്വതന്ത്രമാക്കണമെന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചേർന്ന് ലോക വ്യാപാര സംഘടനയോട് കഴിഞ്ഞ വർഷം ആവശ്യപ്പെട്ടതിന് ഇപ്പോൾ നൂറിലധികം ലോകരാജ്യങ്ങൾ പിന്തുണ നൽകിയിട്ടുണ്ടെങ്കിലും അമേരിക്കയും യുറോപ്യൻ യൂണിയനും എതിർക്കുകയാണ്. ഓക്‌സ്‌ഫോർഡ് -ആസ്ത്ര സനക്ക വാക്‌സിനുകൾ ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് നിർമിക്കാൻ അനുമതി നൽകിയതുപോലുള്ള സാങ്കേതിക വിദ്യാ കൈമാറ്റങ്ങളും ദരിദ്ര രാജ്യങ്ങളിൽ പുതിയ ഔഷധങ്ങളെത്തിക്കാൻ പ്രോത്സാഹിപ്പിക്കേണ്ട മാതൃകകളാണ്.

തമിഴ്​നാട്​ മുസ്‌ലിം മുന്നേറ്റ കഴകം (ടി.എം.എം.കെ) എന്ന എൻ.ജി.ഒയുടെ നേതൃത്വത്തിൽ, കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്​കാരം നടത്തുന്നു / Photo: PARI, TMMK

കോവിഡ് വാക്‌സിൻ ലഭ്യതയിലും ഈ അസമത്വം കാണാം. സമ്പന്ന രാജ്യങ്ങൾ "വാക്‌സിൻ ദേശീയതയുടെ പേരിൽ ' ആവശ്യമുള്ളതിന്റെ എത്രയോ ഇരട്ടി നിർമാതാക്കളിൽ നിന്ന് അഡ്വാൻസ് ഓർഡർ ചെയ്ത് വെച്ചിട്ടുണ്ട്. കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് ആളോഹരി അഞ്ചിലധികം വാക്‌സിൻ ലഭ്യമാകുമ്പോൾ തന്നെ പല ഏഷ്യൻ -ആഫ്രിക്കൻ രാജ്യങ്ങളിലും ചെറിയ ശതമാനം ആളുകൾക്കും വാക്‌സിൻ ലഭിക്കാനുള്ള സാധ്യത പോലും ഇല്ല. ഈ വർഷം അവസാനം ലഭ്യമാകുമെന്ന് കരുതുന്ന 8.60 ബില്ല്യൻ ഡോസ് വാക്‌സിനുകളിൽ 6 ബില്ല്യനും സമ്പന്ന രാജ്യങ്ങൾക്കുമാത്രമാണ് ലഭ്യമാകുക. ലോക ജനസംഖ്യയിൽ 80 ശതമാനത്തിൽ കൂടുതലുള്ള ദരിദ്രരാജ്യങ്ങളിൽ 2.6 ബില്യൻ മാത്രമേ ലഭ്യമാകൂ. ഇതിൽ തന്നെ 1.5 ബില്യൻ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ "കൊവാക്‌സ്' എന്ന സ്‌കീമിൽ പെടുന്നതിനാൽ മാത്രം അന്താരാഷ്ട്ര സഹകരണത്തോടെ ദരിദ്ര രാജ്യങ്ങളിലെ അഞ്ചിലൊന്ന് പേർക്ക് ലഭ്യമാക്കുന്നതാണ്. വാകസിൻ വിതരണത്തിനു തന്നെ സൂചി തൊട്ട് ഗ്ലാസ് വയൽ വരെ ഇരുനൂറിലധികം ഘടകങ്ങൾ ലഭ്യമാകണം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ സപ്ലൈ ചെയിൻ തടസം മൂലം ഇവയുടെ ലഭ്യത അവതാളത്തിലാവാനും സാധ്യതയുണ്ട്.

വിശന്നുകഴിയുന്നവരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ 82% കൂടാമെന്നാണ് പ്രവചനം. ആഭ്യന്തര കലാപങ്ങളുടെയും കാലാവസ്ഥാ മാറ്റങ്ങളുടേയും ആഘാതത്തിൽ ഉഴലുന്ന ദരിദ്ര രാജ്യങ്ങളിലെ ഭക്ഷ്യ അരക്ഷിതാവസ്ഥ ഇന്നുള്ളതിന്റെ ഇരട്ടിയാകാമെന്നാണ് മുന്നറിയിപ്പ്

ഡയഗ്‌നോസ്റ്റിക് കിറ്റുകളുടെയും, ഔഷധങ്ങളുടെയും വാക്‌സിനുകളുടെയും ഗവേഷണവും ഉൽപ്പാദനവും വിതരണവും ഏകോപിപ്പിക്കാനും യൂണിവേഴ്‌സൽ ഹെൽത്ത് കെയറിനും ആഗോളതലത്തിൽ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ഒരു Global Health Equity task Force രൂപീകരിക്കണമെന്ന് അമ്പതിലധികം പൊതുജനാരോഗ്യ വിദഗ്ദ്ധരും, ആരോഗ്യ വകുപ്പ് മന്ത്രിമാരും യു.എൻ നേതൃത്വത്തോട് നിവേദനത്തിലൂടെ മുമ്പ് ആവശ്യപ്പെട്ടിട്ടുള്ളത് നടപ്പിലാക്കുകയാണെങ്കിൽ നല്ല കാര്യമാണ്.

പ്രതീക്ഷക്ക് വിപരീതമായി ലോകത്ത് പലയിടങ്ങളിലും സാമൂഹ്യ സുരക്ഷാ നയങ്ങൾ / നടപടികൾ പിൻവലിക്കപ്പെടുകയും ഭക്ഷണവസതുക്കൾ അടക്കമുള്ള അവശ്യ സർവീസുകൾ വിപണിവത്ക്കരിക്കപ്പെടുകയും ചെയ്തു. ഇതുമൂലം വിശന്നുകഴിയുന്നവരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ 82% കൂടാമെന്നാണ് പ്രവചനം. ആഭ്യന്തര കലാപങ്ങളുടെയും കാലാവസ്ഥാ മാറ്റങ്ങളുടേയും ആഘാതത്തിൽ ഉഴലുന്ന ദരിദ്ര രാജ്യങ്ങളിലെ ഭക്ഷ്യ അരക്ഷിതാവസ്ഥ ഇന്നുള്ളതിന്റെ ഇരട്ടിയാകാമെന്നാണ് മുന്നറിയിപ്പ്. ലോക ബാങ്ക് തലവൻ ദൈവിസ് മാൽ പാസ് തന്നെ ലോക്ക്ഡൗൺ മൂലം ഈ വർഷം ആറു കോടിയോളം പേർ പട്ടിണിയിലാകുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. യൂണിവേഴ്‌സൽ ഹെൽത്ത് കെയർ പോലെ തന്നെ ഭക്ഷ്യ സുരക്ഷയ്ക്കുള്ള പൊതുവിതരണ സമ്പ്രദായവും മിനിമം കൂലി ഉറപ്പാക്കലും ആശുപത്രികളിലടക്കം ജോലിയിടങ്ങളിലെ സുരക്ഷയും ഉറപ്പാക്കിയാലേ മനുഷ്യരാശിക്ക് മുമ്പോട്ടുപോകാൻ സാധ്യമാകൂ എന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്.

കോവിഡ് കാലത്ത് പലയിടത്തും സർക്കാറുകൾ ജനാധിപത്യവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ട്. ലോക്ക് ഡൗണിൽ പലയിടങ്ങളിലും കോടതികൾ പൂട്ടി. പല അടിയന്തര നിയമങ്ങളും ചർച്ച ചെയ്യാതെ പാസാക്കി. വ്യക്തികളെ സ്വകാര്യത പരിഗണിക്കാതെ അനാവശ്യ കാർക്കശ്യത്തോടെ നിരീക്ഷണത്തിന് വിധേയമാക്കി. ചൈന, ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഇങ്ങനെ ചെയ്തതായി യു.എൻ. റിപ്പോർട്ടിലുണ്ട്. ചിലയിടങ്ങളിൽ വിവര കൈമാറ്റം നിയന്ത്രിക്കുകയോ തടയുകയോ ചെയ്തു. ഡിജിറ്റൽ ട്രാക്കിങ്ങ് വിദ്യ രാഷ്ട്രീയമായി വിയോജിപ്പുള്ളവരെ മോണിട്ടർ ചെയ്യാനും ദുർവിനിയോഗം ചെയ്തിട്ടുണ്ട്.

ആരോഗ്യ സ്ഥാപനങ്ങളേയും സേവനങ്ങളേയും "മാർക്കറ്റ് തിയറി ' അനുസരിച്ച് വ്യാപാരവൽക്കരിക്കുന്നതുമൂലം അത്തരം രാജ്യങ്ങളിൽ അസന്തുലിതാവസ്ഥ രൂക്ഷമാകുകയാണ്.

കോവിഡിന്റെ മറപറ്റി രാജ്യങ്ങളുടെ സാമ്പത്തിക വികസനത്തിന്റെ പേരിൽ പരിസ്ഥിതി നിയമങ്ങൾ കാറ്റിൽ പറത്തി ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ പല പദ്ധതികളും നടപ്പിലാക്കി. അമേരിക്കയിൽ ഇന്ധനക്ഷമതാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വ്യവസായികൾ വാഹനം നിർമിച്ച് വിപണനം ചെയ്തതായി ഈ വിഷയത്തിലെ അന്താരാഷ്ട്ര വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട് .
സ്വകാര്യ മേഖലയിലെ സർക്കാരുകൾ ഏർപ്പെടുത്തിയിരുന്ന പല നിയമ /നിയന്ത്രണ നടപടികളും ചുരുങ്ങി. മെഡിക്കൽ സാങ്കേതിക വിദ്യാമേഖലകളിലും വാക്‌സിൻ വ്യവസായ മേഖലയിലും ഇത് ഉദാരമാക്കപ്പെട്ടു. ഇതേതുടർന്ന് പല രാജ്യങ്ങളിലും ആശുപത്രികളിലെ ചികിത്സാ നിരക്ക് /ഔഷധവില നിയന്ത്രണങ്ങൾ അയഞ്ഞു തുടങ്ങി. സാമ്പത്തിക ലാഭം മാത്രം കണ്ട് സ്വകാര്യ മേഖലകളിലെ ആരോഗ്യ സേവന സ്ഥാപനങ്ങൾ വളരുകയും സാമ്പത്തികമായി അവ സാധാരണക്കാർക്ക് അപ്രാപ്യമാകുകയും ചെയ്തു (ഉദാ: ലാബറട്ടറി പരിശോധന, ചികിത്സ).

കോവിഡ് ലക്ഷണമില്ലാത്തവരെ "ഐസോലഷന്റെ' പേരിൽ സ്‌പെഷ്യൽ മുറികളിൽ ആഴ്ചകളോളം പാർപ്പിച്ച് ചാർജീൗടാക്കി സ്വകാര്യ ആശുപത്രികൾ സാമ്പത്തികമായി വളർന്നു. ഇതിനായി പല നഗരങ്ങളിലും കോവിഡ് കാലത്ത് ഒഴിഞ്ഞ പഞ്ചനക്ഷത്ര ഹോട്ടലുകൾ പലതും ആശുപത്രിക്കാർ വാടകക്കെടുത്തു. മുംബൈയിൽ ഷോപ്പിംഗ് മാളിൽ നടത്തിയിരുന്ന സ്വകാര്യ ആശുപത്രിയിൽ തീ പടർന്ന് ഒമ്പത്​ കോവിഡ് രോഗികൾ മരിച്ചപ്പോൾ ആശുപത്രി സുരക്ഷാ നിയമം എത്രമാത്രം ലംഘിക്കപ്പെടുന്നുണ്ടെന്നു ലോകം തിരിച്ചറിഞ്ഞു. പല രാജ്യങ്ങളിലും സ്വകാര്യ ആശുപത്രികളിൽ പണമില്ലാത്തതിനാൽ അവശ്യ സേവനങ്ങൾ ലഭിക്കാത്തതുമൂലം സാധാരണക്കാരിൽ മരണ നിരക്ക് കൂടുകയും ചെയ്തതായി പഠന വിവരങ്ങളുണ്ട് .

2020 ഒക്ടോബറിൽ കോവിഡ് രോഗികളെ താമസിപ്പിച്ച മുംബൈയിലെ ഡ്രീംസ് മാളിലുണ്ടായ തീപ്പിടുത്തം 10 രോഗികളുടെ മരണത്തിനിടയാക്കി. മരിച്ചവരിൽ ഏഴു പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരായിരുന്നു

കോവിഡിന്റെ ആഘാതത്തെയും അനന്തര വീണ്ടെടുപ്പുകളെപ്പറ്റിയുമുള്ള ബ്രിട്ടിഷ് അക്കാദമി റിപ്പോർട്ട് അടുത്തിടെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് (Addressing the long-term societal impacts of COVID-19). പല പ്രധാന സൂചകങ്ങളുമുള്ള ഇതിൽ ലോകത്തെ മനുഷ്യരെ മഹാമാരികളിൽ നിന്ന് രക്ഷപ്പെടുത്താൻ നമ്മൾ "സൂപ്പർ ഹീറോ'യായി കാണുന്ന ആധുനിക സയൻസിനും സാങ്കേതിക വിദ്യകൾക്കും ആയില്ലെന്ന് തുറന്നു പ്രസ്താവിക്കുന്നുണ്ട്. മഹാമാരി ഒരു വൈറസും മനുഷ്യരും ഉൾക്കൊള്ളുന്ന ബയോളജിക്കൽ പ്രതിഭാസത്തോടൊപ്പം ഒരു സാമൂഹ്യ പ്രതിഭാസവും കൂടിയാണ്. ഇതുകൂടി പരിഗണിച്ചായിരിക്കണം ഇനി പ്രതികരണം എടുക്കേണ്ടത്. ഉദാഹരണമായി വൈറസ് വ്യാപനത്തിന് മാസ്‌കിന്റെ ഉപയോഗത്തിന് ആരോഗ്യവിദഗ്ധർ റാൻഡമൈസ് പരീക്ഷണങ്ങളുടെ (Randomize trial) ഫലങ്ങൾക്ക് കാത്തുനിൽക്കാതെ സമാന രോഗാനുഭവങ്ങളിൽ അവിടങ്ങളിൽ മുൻകാലത്ത് എന്താണ് വിജയം കണ്ടെതെന്ന് അന്വേഷിക്കുകയോ ചരിത്രകാരമാരുടെ ഉപദേശം തേടുകയോ ചെയ്യാമായിരുന്നു എന്നും സൂചിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ നേരത്തെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാമായിരുന്നു, ഇവ സാർവത്രികമായി വ്യാപിപ്പിക്കാനും രോഗതീവ്രത കുറയ്ക്കാനും ആകുമായിരുന്നു.

ശാസ്ത്രശാഖകളായ "സ്‌ടെം' ( Science, Technology, Engineering, Maths) ശാഖകൾ ലോകത്തിന് രോഗപ്പകർച്ചയുടെ ഭാവി പ്രവചനങ്ങളും വാക്‌സിനുകളും നൽകുമ്പോൾ "ഷെയിപ്പ്' (Social science, Humanities, Arts for people, Economics) ശാഖകൾ ആണ് ഓരോ ഇടങ്ങളിലെയും സാമൂഹ്യ യാഥാർഥ്യങ്ങളും ജനവികാരവും, പ്രതികരണവും സംസ്‌കാരവുമാകുന്നത്. ഇതിനനുസൃതമായിട്ടാണ് വ്യത്യസ്ത ജനവിഭാഗങ്ങളിൽ രോഗപ്പകർച്ച നിയന്ത്രിക്കപ്പെടുന്നതും ആഘാതം കുറയുന്നതും. അതിനാൽ മഹാമാരിയുമായി ബന്ധപ്പെട്ട നയരൂപീകരണങ്ങൾക്ക് ഈ വിഷയങ്ങളിലുള്ളവരുടെ ഉൽക്കാഴ്ചകളും വേണ്ടതുണ്ട്. (ആളുകൾ കൂടുക, സാമൂഹ്യ അകലം പാലിക്കൽ, ശുചിത്വം, വാക്‌സിൻ സ്വീകരണം തുടങ്ങിയവ).
അമേരിക്കയിൽ പ്രസിഡണ്ട് ബൈഡന്റെ സയൻസ് ആൻഡ് സൊസൈറ്റി നയരൂപീകരണ കമ്മിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടറായി Alondra Nelson എന്ന സോഷ്യോളജിസ്റ്റിനെയാണ് നിയമിച്ചിട്ടുള്ളത് എന്നത് ഇതിന് ദൃഷ്ടാന്തമായി ഈ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട് . ശാസ്ത്രശാഖകളിൽ നിന്ന് ഡാറ്റ സമാഹരിച്ച് പാൻഡമിക്ക് നിയന്ത്രണം നടത്തുന്നതുപോലെ മേൽപ്പറഞ്ഞ ഹ്യൂമാനിറ്റി ശാഖകളിൽ നിന്ന്, പഠനങ്ങളുടെ തെളിവനുസരിച്ച് നയം നടപ്പിലാക്കണം. അവയിൽ ഓരോ സ്ഥലത്തുമുള്ള ജനങ്ങളുടെ പ്രത്യേക പെരുമാറ്റ രീതികളും പ്രതികരണങ്ങളും പെടും.

ലോകത്ത് പകുതിയിലധികം പേർക്കും ഇന്റർനെറ്റ് ലഭ്യമായ അവസ്ഥയിൽ ശരിയായ വിവരങ്ങൾ വേഗം വ്യാപിച്ചിരുന്നു. ഇത് ഭരണകൂടങ്ങൾക്കും, ശാസ്ത്രജ്ഞർക്കും മെഡിക്കൽ വിദഗ്ധർക്കും ഉപകാരമായി

അതുപോലെ ഭാവിലോകത്തിൽ സർക്കാറിന്റെ ശ്രദ്ധ പതിയേണ്ട ചില പ്രധാന മേഖലകളും ബ്രിട്ടിഷ് അക്കാദമിയുടെ റിപ്പോർട്ടിലുണ്ട്. ഇതിൽ ശ്രദ്ധ പതിയേണ്ട ചില മേഖലകൾ ഇവയാണ്,
ഒന്ന്: ഡിജിറ്റൽ അസന്തുലിതാവസ്ഥ. കോവിഡ് കാലത്ത് വിദ്യാഭ്യാസത്തിൽ ഓൺലൈൻ സാധ്യത വ്യാപകമായപ്പോൾ അത് എല്ലായിടത്തും എല്ലാവർക്കും ലഭ്യമാക്കാൻ സ്‌കൂൾ കെട്ടിട സൗകര്യങ്ങൾ പോലെ തന്നെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകൾ പ്രധാന പൊതുസേവനമേഖലയാക്കി (public service) അംഗീകരിക്കപ്പെടണം. അങ്ങനെ ജനങ്ങൾക്കിടയിൽ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കാനുള്ള ഊന്നലുകൾ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ഭാഗമായി നടക്കേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ റെയിൽവെ ലൈനുകൾ പണിതത് പോലെ ഇനി എല്ലാ രാജ്യങ്ങളിലും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകൾ പണിയേണ്ടതുണ്ട്. അതുപോലെ "ഇൻഫോർമെറ്റിക്കു' കളെ മറികടന്ന് ശാസ്ത്രീയ വിവരം എല്ലായിടത്തും ഒരുപോലെ എത്തിക്കാൻ ഡിജിറ്റൽ സാക്ഷരതായത്‌നവും നടത്തേണ്ടി വരും.

രണ്ടാമത്തേത്, വികേന്ദ്രീകൃത രാഷ്ട്രീയാധികാരമാണ്. ഓരോ രാജ്യത്തും കേന്ദ്രീകൃത ദേശീയ രാഷ്ട്രീയത്തോടൊപ്പം വികേന്ദ്രീകരിക്കപ്പെട്ട പ്രാദേശിക രാഷ്ടീയവും വേണം. താഴെത്തട്ടിൽ ജനങ്ങളുടെ വേറിട്ട ആവശ്യങ്ങൾ അറിഞ്ഞ് എല്ലാ തലത്തിലും പ്രവർത്തിക്കാൻ വികേന്ദ്രീകരിക്കപ്പെട്ട പ്രാദേശിക രാഷ്ട്രീയത്തിനേ കഴിയൂ. എങ്കിലേ ഉത്തരവാദിത്തമുള്ള പ്രാദേശിക ഭരണകൂടം ഉണ്ടാകൂ. കോവിഡ് കാലത്ത് താഴേത്തട്ടിലുള്ള കൂട്ടായ്മകളോ / സംവിധാനങ്ങളോ ആണ് ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞു പ്രവർത്തിച്ചിട്ടുള്ളത്. അത്തരം ഇടങ്ങൾ ആഘാതങ്ങൾ കുറക്കാൻ സഹായിച്ചിട്ടുമുണ്ട് എന്ന് കേരളത്തിൽ നിന്ന് പറയാം. നിലവിലെ സംവിധാനങ്ങളുടെ ശക്തിയും ദൗർബല്യവും അതിജീവനശക്തിയും ക്രിയേറ്റിവിറ്റിയും സാധ്യതകളും കോവിഡ് നമുക്ക് മനസ്സിലാക്കിത്തരുന്നതിനപ്പുറം പുതിയ കാഴ്ചപ്പാടുകളിലൂടെ സമൂഹത്തെ പുനഃസൃഷ്ടിക്കാനും അവസരം തരികയാണ്.

കേരളത്തിൽ കോവിഡ് കാലത്ത് പ്രവർത്തനക്ഷമമായ സമൂഹ അടുക്കളകളിലൊന്ന്. ഭക്ഷ്യസുരക്ഷ, പൊതുവിതരണസമ്പ്രദായം, മിനിമം കൂലിയും ഉറപ്പാക്കൽ എന്നിവ നടപ്പിലാക്കേണ്ടതിൻറെ ആവശ്യകത കോവിഡ്-19 ഓർമ്മപ്പെടുത്തുന്നുണ്ട്‌ / Photo: P Thilothaman, Fb

മഹാമാരി നിയന്ത്രിക്കാൻ ലോകാരോഗ്യ സംഘടന എടുത്ത നടപടികളുടെ ശക്തിയും, ദൗർബല്യവും മുൻ ന്യൂസിലാൻഡ് പ്രധാനമന്ത്രി ഹെലെൻ ക്ലാർക്കിന്റെ നേതൃത്വത്തിലുള്ള പതിനൊന്നംഗ അന്താരാഷ്ട്ര സമിതി വിലയിരുത്തുകയുണ്ടായി (Independent Panel for Pandemic Preparedness and Response for the WHO Executive Board 2021). ചൈനയിൽ രോഗം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് 2020 ജനുവരി 30ന് ലോകാരോഗ്യ സംഘടന മുഴക്കിയ ആഗോള അടിയന്തരാവസ്ഥയുടെ അലാറം ചില ഏഷ്യൻ രാജ്യങ്ങളൊഴികെ മറ്റു ലോകരാജ്യങ്ങൾ അത്ര ഗൗരവത്തിലെടുത്തിയില്ല. ലോകത്തിലൊരിടത്തും ഇത്തരം ഒരു പകർച്ച വ്യാധിയെ നേരിടാൻ കരുതലെടുത്തിരുന്നില്ല. പതിനഞ്ചു വർഷങ്ങൾക്കിടയിൽ ഇത് ആറാമത്തെ "പബ്ലിക് ഹെൽത്ത് എമർജൻസി' അലാറവുമായിരുന്നു. മുൻപത്തെ അഞ്ചും അധികം വ്യാപിക്കാതെ കെട്ടടങ്ങുകയാണ് ഉണ്ടായത്. (സാർസ്, എബോള, മെർസ്, എച്ച് വൺ എൻ വൺ) അതിനാൽ ഈ അലാറം നാട്ടുകഥയിലെ "ആട്ടിടയന്റെ ചെന്നായ ഭീഷണി അറിയിപ്പ്' പോലെ പലരും അലസമായി എടുത്തു. ഒരു രോഗം ലക്ഷണമില്ലാതെ പടർന്നതും ലോകത്താകെ വ്യാപിച്ചതും ഇതുവരെയില്ലാത്ത ഒരു പകർച്ചവ്യാധി അനുഭവമായിരുന്നു. 1990 നുശേഷം ഗോളാന്തര യാത്രകൾ നാലിരട്ടി കൂടി 4. 2 ബില്യണിലെത്തി വ്യാപകമായ അവസ്ഥയിലെത്തിയിരുന്നു. അന്താരാഷ്ട്ര യാത്രകളും വ്യാപാരങ്ങളും വിലക്കുന്നതിന് ലോകാരോഗ്യ സംഘടന തുടക്കത്തിൽ എതിരായിരുന്നു.

ലോകത്ത് പകുതിയിലധികം പേർക്കും ഇന്റർനെറ്റ് ലഭ്യമായ അവസ്ഥയിൽ ശരിയായ വിവരങ്ങൾ വേഗം വ്യാപിച്ചിരുന്നു. ഇത് ഭരണകൂടങ്ങൾക്കും, ശാസ്ത്രജ്ഞർക്കും മെഡിക്കൽ വിദഗ്ധർക്കും ഉപകാരമായി. പക്ഷെ കിട്ടിയ അറിവുകൾ ജനം വേണ്ടത്ര ഷെയർ ചെയ്ത് ഉപയോഗപ്പെടുതിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മറുഭാഗത്ത് സമൂഹമാധ്യമങ്ങളിലെ "ഇൻഫോഡെമിക്' വഴിയുള്ള തെറ്റായ വിവരങ്ങൾ ലോകത്താകെ ഉൽക്കണ്ഠ കൂട്ടാനും അനുചിതമായ പെരുമാറ്റങ്ങളും ശീലങ്ങളും സൃഷ്ടിക്കാനും കാരണമായി. രോഗപ്പകർച്ച തടയാനുള്ള അവസരം അങ്ങനെ നഷ്ടമായിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ നടപ്പിലാക്കാത്ത രാജ്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ സംഘടനക്ക് ഇന്നത്തെ നിലയിൽ സാധ്യമല്ല. കൂടാതെ, സംഘടനയുടെ നിലനിൽപ്പിനാധാരം അംഗരാജ്യങ്ങളുടെ മെമ്പർഷിപ്പ് തുകയും മറ്റു സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാകുന്ന സംഭാവനകളുമാണ്. ഈ പരിമിതികളെ മറികടന്നുകൊണ്ടോ സംഘടനക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയൂ എന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

കോവിഡാനന്തര ലോകത്ത് ദരിദ്രവത്കരണം കുറക്കാനും ജീവിതോപാധികൾ നിലനിർത്താനും തൊഴിലിടം സുരക്ഷിതമാക്കാനും സാമൂഹ്യ സുരക്ഷാ പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്.

യൂണിവേഴ്‌സൽ ഹെൽത്ത് കെയറിനൊപ്പം ഭക്ഷ്യസുരക്ഷ, പൊതുവിതരണസമ്പ്രദായവും മിനിമം കൂലിയും ഉറപ്പാക്കൽ, ആശുപത്രികളിലടക്കമുള്ള ജോലിയിടങ്ങളിലെ സുരക്ഷ ഇതൊക്കെ ഉറപ്പിച്ചാൽ മാത്രമേ മനുഷ്യരാശിക്ക് മുൻപോട്ടു പോകാൻ സാധ്യമാകൂ എന്ന് ഇപ്പോൾ ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ കോവിഡാനന്തര ലോകത്ത് ദരിദ്രവത്കരണം കുറക്കാനും ജീവിതോപാധികൾ നിലനിർത്താനും തൊഴിലിടം സുരക്ഷിതമാക്കാനും സാമൂഹ്യ സുരക്ഷാ പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. പൊതുഇടങ്ങളും സർക്കാർ സേവന മേഖലകളും ശക്തപ്പെടുത്തിയും വരുമാനത്തിനനുസരിച്ച് ജനങ്ങളിൽ നിന്ന് നികുതി സമാഹരിച്ചും കൂടുതൽ വിഭവ സമാഹരണം നടത്തിയും ഇത് ചെയ്യാം. ഇതിനായി ആരോഗ്യ മേഖലയിൽ മനുഷ്യവിഭവ ശേഷി വർധിപ്പിക്കുകയും പ്രവർത്തകർക്ക് പ്രതിഫലം വർധിപ്പിക്കുകയും വേണം എന്നാണ് വിദഗ്ധ നിർദ്ദേശം. വിവേചനത്തിനെതിരെ നിയമങ്ങളുണ്ടാവണം. സാമ്പത്തിക സ്ഥിതി നോക്കാതെ സർവർക്കും ആരോഗ്യ സേവനം ലഭ്യമാക്കണം.

ഇതിനായി ചില കാര്യങ്ങൾ സ്വീകരിക്കാം. 1)നീതിയുക്തവും ആരോഗ്യപൂർണവുമായ ലോകത്തിനായുള്ള കാമ്പയിനിൽ എല്ലാവരും പങ്കുചേരുക. 2)ആരോഗ്യ അസന്തുലിതാവസ്ഥക്ക് കാരണമാകുന്ന അടിസ്ഥാന കാര്യങ്ങളുടെ വേരറുക്കാൻ സർക്കാരുകളും ജനങ്ങളും ഒന്നിച്ചു പ്രവർത്തിക്കുക. 3)എല്ലാവരും സുരക്ഷിതരാകാതെ ലോകത്ത് ആരും തനിയെ സുരക്ഷിതരാകുന്നില്ല. ഭൂമിയിൽ എവിടെയെങ്കിലും ഒരു പകർച്ചവ്യാധി ഉണ്ടെങ്കിൽ അത് എവിടെയും, ആരിലും എത്താമെന്ന് കോവിഡ് കാണിച്ചു തന്നു. അതിനാൽ ഭാവിയിലെ വെല്ലുവിളി നേരിടാൻ അടിസ്ഥാന തലത്തിൽ ആരോഗ്യത്തിന് കൂടുതൽ വിഭവ നിക്ഷേപവും പൊതുജനാരോഗ്യ ഇടപെടലും ആവശ്യമുണ്ട്. ജനങ്ങൾക്ക് അവരുടെ ആവശ്യത്തിന്, വേണ്ട സമയത്ത് സേവനം ലഭ്യമാക്കാൻ അടിസ്ഥാന ആരോഗ്യ സംവിധാനങ്ങളും, ആരോഗ്യ പ്രവർത്തകരും അവരുടെ താമസസ്ഥലത്തിനടുത്ത് ഉണ്ടാകണം. ഇതാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്.

Building a fairer, healthier world എന്ന സന്ദേശം ഓട്ടോ റെനെ കാസ്റ്റിയ്യോയുടെ വരികൾ ഓർമിപ്പിക്കുന്നുണ്ട്: ""യാതനകളിൽ ദരിദ്രന്റെ ജീവിതവും സ്വപ്നവും കത്തിയെരിഞ്ഞപ്പോൾ എന്തുചെയ്യുകയായിരുന്നു നിങ്ങൾ?''
കഴിഞ്ഞ നൂറ്റാണ്ടിൽ രണ്ടാം ലോകമഹായുദ്ധം എന്ന മനുഷ്യനിർമിത ദുരന്തത്തിന്റെ ആഴക്കടലിൽ നിന്നാണ് യൂണിവേഴ്‌സൽ ഹെൽത്ത് കെയർ എന്ന സങ്കൽപ്പം ഉരുത്തിരിഞ്ഞുവന്നത്. കോവിഡ് ഉണ്ടാക്കിയ ആഘാതങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ നീതിപൂർവമായ ആരോഗ്യ സങ്കൽപ്പം പൂർത്തികരിക്കാൻ ഈ പാഠങ്ങൾ ലോകജനതക്ക് കരുത്താകും. ▮


ഡോ. ജയകൃഷ്ണൻ ടി.

എപ്പിഡെമിയോളജി വിദഗ്ധൻ. വകുപ്പ് മേധാവി ആൻറ്​ പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, കെ. എം. സി. ടി. മെഡിക്കൽ കോളേജ്, കോഴിക്കോട്.

Comments