Photo: UNICEF

ഉണ്ണാത്തവർക്ക് ഇലയോ? ഉണ്ടവർക്ക് പായയോ?
എന്താണ് പ്രയോറിറ്റി ?

വാക്സിൻ കൊണ്ട് പാൻഡമിക്ക് പകർച്ചയുടെ നെറുകയിൽ അവസാനത്തെ ആണിയും അടിക്കാമെന്നും വൈറസിനെ അടിച്ചിരുത്താമെന്നുമുള്ള പ്രതീക്ഷകൾ ഇപ്പോൾ അസ്ഥാനത്തായിരിക്കയാണ്.

ണം നമ്മെയൊക്കെ സമത്വത്തേയും (equality), നീതിയുക്തമായ വിതരണത്തെയും (equity) ഓർമിപ്പിക്കുന്ന ഉത്സവകാലമാണ്. ഇക്കൊല്ലത്തെ ഓണവും കഴിഞ്ഞ വർഷത്തെ പോലെ നമുക്ക് ഇനിയും നീന്തി കയറാനാകാത്ത "കൊറോണ' കാലമായി മാറിപ്പോയി. കൊറോണയുടെ ഭീകരത നമുക്ക് വേണ്ടപ്പെട്ടവരിൽ കുറെ പേരെ ഇനി ഒരിക്കലും കാണാനാകാത്ത വിധത്തിൽ കരുണാരഹിതമായി പാതാളത്തിലേക്ക് ചവിട്ടിത്താഴ്​ത്തിക്കളഞ്ഞു.

കോവിഡ് ഇതുവരെ ലോകത്താകെ ഇരുപതു കോടിയിലധികം പേരെ രോഗികളാക്കുകയും അരക്കോടിയ്ക്കടുത്തു പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ 2021ന്റെ ആരംഭം തൊട്ട് ലഭ്യമായി തുടങ്ങിയ വാക്‌സിനുകൾ സാമ്പത്തിക കഴിവിനും ഉത്പാദനത്തിനും ശേഷിയുള്ള രാജ്യങ്ങളിൽ മുതിർന്ന പൗരന്മാർക്ക് ലഭ്യതയ്ക്കും ശേഷിക്കുമനുസരിച്ച് നൽകിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഇങ്ങനെ കഴിഞ്ഞ വർഷം ഡിസംബർ 8 ന് രാവിലെ ആറരക്ക്​ കോവിഡ് വാക്‌സിൻ നൽകപ്പെട്ട തൊണ്ണൂറുകാരിയായ മാർഗരറ്റ് കിനാന് ( Margaret Keenan ) ശേഷം ഭൂമിയിലാകെ കോടിക്കണക്കിന് പേർ കുത്തിവെയ്പുകൾ എടുത്തു കഴിഞ്ഞു.

മാർഗരറ്റ് കിനാൻ / Photo:nhs.uk

ഒപ്പം ഇപ്പോൾ നൽകപ്പെടുന്ന വാക്‌സിനുകൾ രോഗത്തിന്റെ ഗുരുതരാവസ്ഥയും മരണങ്ങളും മാത്രമേ കുറയ്ക്കാൻ സഹായകരമായിരിക്കുകയുള്ളൂവെന്നും അവർക്ക് രോഗാണുബാധയുണ്ടാകാമെന്നും അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാമെന്നും വൈദ്യശാസ്​ത്രജ്ഞർക്കൊപ്പം സാധാരണക്കാരും അനുഭവത്തിലൂടെ മനസ്സിലാക്കിക്കൊണ്ടിരിക്കയാണ്. അതിനാൽ വാക്സിനുകൾകൊണ്ട് പാൻഡമിക്ക് പകർച്ചയുടെ നെറുകയിൽ അവസാനത്തെ ആണിയും അടിക്കാമെന്നും വൈറസിനെ അടിച്ചിരുത്താമെന്നുമുള്ള പ്രതീക്ഷകൾ ഇപ്പോൾ അസ്ഥാനത്തായിരിക്കയാണ്.

ഇങ്ങനെ പാൻഡമിക്കിന്റെ താണ്ഡവ ദൈർഘ്യം പ്രവചനാതീതമായി നീണ്ടു പോകുമെന്ന ആശങ്കകൾക്കൊപ്പം, വാക്‌സിനെടുത്തവരിലും രോഗമുക്തരായവരിലും രോഗപ്രതിരോധത്തിന്റെ ഒരു സൂചകമായ ആന്റിബോഡിയുടെ ലെവൽ അധികം നീണ്ട് നിൽക്കാതെ കുറഞ്ഞ് വരുന്ന നിലയിൽ, മരുന്ന് ഉത്പാദന കമ്പനികളുടെ ഗവേഷണ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ സമ്പന്ന രാജ്യത്തിലെ സർക്കാറുകൾ അവരുടെ രാജ്യങ്ങളിലെ മുതിർന്ന പൗരർക്ക് രണ്ട് ഫുൾഡോസുകൾക്ക് ശേഷം മൂന്നാമതൊരു ഡോസ് കൂടി ബൂസ്റ്റർ നൽകാനുള്ള ശ്രമത്തിലാണ്.

ലോകത്ത് ഉത്പ്പാദിക്കപ്പെടുന്ന വാക്‌സിനുകളിൽ പകുതിയും സാമ്പത്തികമായി ശക്തിയുള്ള അമേരിക്ക, കാനഡ, മറ്റു യൂറോപ്യൻ രാജ്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്തു കൈപ്പിടിയിൽ വെച്ചിരിക്കുകയാണ്.

ഇതേ അവസരത്തിൽ തന്നെ കോവിഡും അത്​ നിയന്ത്രിക്കാനുണ്ടാക്കിയ നടപടികളും മൂലം ലോകത്താകെ രാജ്യങ്ങൾക്കിടയിലും, രാജ്യങ്ങളിൽ തന്നെ ജനങ്ങൾക്കിടയിലും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കൂടി വരികയും കൂടുതൽ പേർ കടക്കെണികളിൽപെട്ടുഴലുകയും ചെയ്യുകയാണ്. ചിലർ നിരാശയിൽ ആത്മഹത്യ ചെയ്യുന്നതായി വാർത്തകൾ വരുന്നുണ്ട്. സാമ്പത്തിക ഞെരുക്കവും വാക്‌സീൻ നിർമാണ സാങ്കേതിക സൗകര്യവും ഇല്ലാത്തതിനാൽ പല ദരിദ്രരാജ്യങ്ങളും തങ്ങളുടെ ജനങ്ങൾക്ക് പേരിന് പോലും വാക്‌സിൻ നൽകാനാകാതെ "ഇറയത്ത് കയറുന്ന വെള്ളപ്പൊക്കം' പോലെ കോവിഡിനെ മുഖാമുഖം നോക്കി നിൽപ്പാണ്.

ലോകത്താകെ രാജ്യങ്ങൾക്കിടയിലും, രാജ്യങ്ങളിൽ തന്നെ ജനങ്ങൾക്കിടയിലും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കൂടി വരികയും കൂടുതൽ പേർ കടക്കെണികളിൽപ്പെട്ടുഴലുകയും ചെയ്യുകയാണ്. / Photo: ruralindiaonline.org

ഈ സാഹചര്യത്തിൽ കോവിഡിനെതിരെയുള്ള ഫുൾഡോസ് വാക്‌സിൻ എടുത്തവർക്ക് ഇപ്പോൾ വീണ്ടും ബൂസ്റ്റർ ഡോസ് നൽകുന്നതിനെതിരെ 2021 ആഗസ്റ്റ് നാലിന് ലോകാരോഗ്യ സംഘടന മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്ത് ഉൽപ്പാദിക്കപ്പെടുന്ന വാക്‌സിനുകളിൽ പകുതിയും സാമ്പത്തികമായി ശക്തിയുള്ള അമേരിക്കയും, കാനഡയും, മറ്റു യൂറോപ്യൻ രാജ്യങ്ങളും മുൻകൂട്ടി ബുക്ക് ചെയ്തു കൈപ്പിടിയിൽ വെച്ചിരിക്കുകയാണ്. ഇപ്പോൾ ഏറ്റവും സമ്പന്ന രാജ്യങ്ങളിൽ ശരാശരി 58% ആളുകൾക്ക് ഫുൾഡോസ് വാക്‌സിൻ ലഭ്യമായപ്പോൾ ദരിദ്ര രാജ്യങ്ങളിലെ ശരാശരി 1.3% ആളുകൾക്ക് മാത്രമേ ഇത് സാധ്യമായിട്ടുള്ളൂ. സമ്പന്ന രാജ്യങ്ങളിൽ നൂറുപേർക്ക് ശരാശരി നൂറ്റിമൂന്നു ഡോസ് വെച്ച് വാക്‌സിനുകൾ കിട്ടിക്കഴിഞ്ഞപ്പോൾ ഇത് ദരിദ്ര രാജ്യങ്ങളിൽ വെറും ആറ് എന്ന ഏക അക്ക സംഖ്യ ആണ്. ഇന്നത്തെ സാഹചര്യത്തിൽ ഈ വർഷം പൂർത്തിയാക്കുമ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത് ശരാശരി രണ്ട് ശതമാനത്തിനപ്പുറം കടക്കില്ലെന്നാണ് നിഗമനം.

അതിനാൽ, ഒന്നുകിൽ ലോകജനതയിൽ പത്ത് ശതമാനം പേർക്ക് വാക്‌സിൻ ലഭ്യമാവുന്നതുവരെയോ അല്ലെങ്കിൽ സപ്തംബർ കഴിയുന്നത് വരെയോ ബൂസ്റ്റർ ഡോസുകളുടെ വിതരണം നിർത്തിവെക്കണമെന്നാണ് ലോകാരോഗ്യ സംഘടന സമ്പന്ന രാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകത്താകെ ആളുകൾ വാക്‌സിൻ ക്ഷാമത്തിൻ ഉഴലുകയാണ്. അധിക ഗുണം കിട്ടുമെന്നതിന് യാതൊരു തെളിവുകളുമില്ലാതെ, ബൂസ്റ്റർ ഡോസ് വേണമെന്ന ശാസ്ത്രീയ പിൻബലമില്ലാതെ, സമ്പന്ന രാജ്യങ്ങളിൽ വാക്‌സിനുകൾ ആഢംബരമായി ഉപയോഗിക്കപ്പെടുമ്പോൾ മറുഭാഗത്ത് പല രാജ്യങ്ങളിലായി ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരും, റിസ്‌ക് ഗ്രൂപ്പുകളിൽപ്പെട്ടവരും, പാവപ്പെട്ടവരും രോഗബാധ ഗുരുതരമായി മരണപ്പെടുകയാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കണമെന്നാണ് ഇതിന്റെ അത്ഥം. ഇത് ലോകത്താകെ ഇപ്പോഴുള്ള തൊഴിൽ /കച്ചവട സ്ഥാപനങ്ങളുടെയും സ്‌കൂളുകളുടെയും അടച്ചിടൽക്കാലദൈർഘ്യവും, സാമ്പത്തിക വറുതിയുടെ ആഴവും ഇനിയും കൂട്ടുകയേ ഉള്ളൂ.

കൂടുതൽ ആളുകൾ വാക്‌സിൻ എടുത്ത് കഴിഞ്ഞാലും സമൂഹത്തിൽ വേണ്ടത്ര "ഹേർഡ് ഇമ്യൂണിറ്റി’ ഉണ്ടായില്ലെങ്കിൽ വൈറസ് വ്യാപനം ഇവിടെ തുടർന്ന് ഉണ്ടായിക്കൊണ്ടിരിക്കാം എന്നാണു ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുള്ളത്.

മൊറോട്ടോറിയം നടപടിയെ ശരിവെച്ച് നേച്ചർ മാഗസിൻ (ആഗസ്ത് 19 ) പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ ഇസ്രായേൽ, ജർമനി, ഫ്രാൻസ്, യുകെ, അമേരിക്ക തുടങ്ങിയ - ജനങ്ങളിൽ പകുതിയിലധികം പേർക്ക് വാക്‌സിൻ നൽകപ്പെട്ട - രാജ്യങ്ങളുടെ "ബൂസ്റ്റർ ' പദ്ധതിയെ സ്വന്തം വാലിനായി പിന്നിലേക്ക് തിരഞ്ഞ് കൊണ്ടിരിയ്ക്കുന്ന പട്ടിയുടെ വൃഥാ ശ്രമവുമായി ചേർത്ത് വെച്ച് പരിഹസിക്കുന്നുണ്ട്. പകരം അവർ ഇത്, ഒരു ഡോസ് വാക്‌സിനായി കൈ നീട്ടി കാത്തു നിൽക്കുന്ന ജനങ്ങൾക്ക് നൽകണമെന്ന് അഭ്യർത്ഥിക്കുന്നുമുണ്ട്. അമേരിക്കയിൽ ഒരു മില്യണിലധികം പേർ അനധികൃതമായി ബൂസ്റ്റർ ഡോസുകൾ എടുത്ത വിവരവും ഇതിൽ പുറത്ത് വിടുന്നുണ്ട് (ഇന്ത്യയിലും ഇത് നടന്നു തുടങ്ങിയിട്ടുണ്ടാവും).

അമേരിക്കയിൽ ഒരു മില്യണിലധികം പേർ അനധികൃതമായി ബൂസ്റ്റർ ഡോസുകൾ എടുത്ത വിവരവും നേച്ചർ മാസിക പുറത്ത് വിടുന്നുണ്ട്. / Photo: Wikimedia Commons

ഇപ്പോൾ നിലവിലുള്ള വാക്‌സിനുകൾ ഫുൾഡോസ് നൽകപ്പെടുമ്പോൾ അവരിൽ പിന്നീട് രോഗബാധയുണ്ടായാൽ തന്നെ എടുക്കാത്തവരെ അപേക്ഷിച്ച് 90 ശതമാനത്തോളം ഗുരുതരാവസ്ഥകളും മരണസാധ്യതകളും കുറയാമെന്ന് അനുഭവങ്ങളിൽ തെളിയിക്കപ്പെട്ടതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ബൂസ്റ്റർ നൽകപ്പെടുന്നുണ്ടെങ്കിൽ അത് പ്രതിരോധത്തിന് തകരാറുണ്ടാക്കുന്ന ഇമ്യൂണോ സപ്രസ്സ് രോഗികൾക്കോ, അവയവ സ്വീകർത്താക്കൾക്കോ, അല്ലെങ്കിൽ അധികകാലം പ്രവർത്തനം നീണ്ട് നിൽക്കാത്ത മൃത വാക്‌സിനുകൾ നൽകുന്നവർക്കോ മാത്രമായി വേണമെങ്കിൽ നൽകാവുന്നതാണെന്നാണ് ശാസ്ത്ര നൈതികത (മൃത വാക്‌സിൻ നൽകിയ സൗദി അറേബ്യയിലും ചൈനയിലും മൂന്നാമത് മറ്റ് തരത്തിൽപ്പെട്ട വാക്‌സിൻ നൽകി തുടങ്ങിയിട്ടുമുണ്ട് ).

ഇപ്പോൾ മൂന്നാം ഡോസായി നൽകപ്പെടുന്ന വാക്‌സിൻ ഡോസുകൾ ലോകത്താകെയുള്ള ദരിദ്ര രാജ്യങ്ങളിലെ അഞ്ചിലൊന്ന് ജനവിഭാഗങ്ങൾക്കെങ്കിലും (20%) വാക്‌സിൻ ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള "കോവാക്‌സ്' (COVAX) പ്രസ്ഥാനത്തിന് നൽകുകയോ, അല്ലെങ്കിൽ അധിക വാക്‌സീൻ നൽകാൻ ഉപയോഗിക്കുന്ന പണം രാജ്യങ്ങളിലെ വാക്‌സിൻ നിർമാണ കപ്പാസിറ്റി കൂട്ടാൻ ഉപയോഗിക്കുകയോ, ദരിദ്യ രാജ്യങ്ങൾക്ക് വാക്‌സീൻ വാങ്ങാനായി നൽകുകയോ ചെയ്യാവുന്നതാണ്. ഇപ്പോൾ സ്വകാര്യ ഉത്പാദകർ വഴി നൽകപ്പെടുന്ന വാക്‌സിനുകൾ മുഴുവനും തന്നെ (ആസ്ട്ര സെനക്ക /കൊവിഷീൽഡ്/ ഫൈസർ/ മോഡേണ etc ) രാജ്യങ്ങളുടെ പൊതു ഫണ്ടുകളുടെ (Public Fund) സഹായത്താൽ വികസിപ്പിച്ചെടുത്തതായതിനാൽ അവർക്ക് അതിന്റെ ബാധ്യതയുമുണ്ട്. ഇതോടൊപ്പം വാക്‌സിൻ ലഭ്യത വർദ്ധിപ്പിക്കാൻ പേറ്റൻറ്​ നിയമങ്ങൾ ഒഴിവാക്കാനും, സാങ്കേതിക വിദ്യകൾ കൈമാറാനും നേച്ചറിലെ എഡിറ്റോറിയൽ ലേഖനം ആവശ്യപ്പെടുന്നു.

കൂടുതൽ ആളുകൾ വാക്‌സിൻ എടുത്ത് കഴിഞ്ഞാലും സമൂഹത്തിൽ വേണ്ടത്ര ""ഹേർഡ് ഇമ്യൂണിറ്റി'' ഉണ്ടായില്ലെങ്കിൽ വൈറസ് വ്യാപനം ഇവിടെ തുടർന്ന് ഉണ്ടായിക്കൊണ്ടിരിക്കാം എന്നാണ് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുള്ളത്.

ഫുൾ ഡോസ് വാക്‌സിനുകൾ എടുത്തവർ തൊണ്ണൂറു ശതമാനത്തോളം സുരക്ഷിതരാണെന്ന വിവരം, രോഗം മറ്റുള്ളവരിൽ നിന്ന് പകർന്ന് കിട്ടുന്നതിൽ നിന്നും, തങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതിൽ നിന്നുമുള്ള സുരക്ഷയാണെന്ന് പലരും തെറ്റായി മനസിലാക്കിയിട്ടുണ്ട്. എന്നാൽ വാസ്തവം ഇതല്ല. നിലവിൽ ലോകത്ത് ലഭ്യമായിട്ടുള്ള വാക്‌സീനുകൾ മുഴുവനും രോഗബാധിതരിലെ ഗുരുതരാവസ്ഥകളും മരണവും മാത്രമേ തടയുന്നുള്ളൂ എന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ ഉറപ്പിച്ചിട്ടുള്ളത്. മറിച്ചുള്ള ധാരണയിൽ പലരും അമിത വിശ്വാസത്തിന്റെ മറപറ്റി കോവിഡ് മുൻകരുതലുകൾ പാടെ ഉപേക്ഷിച്ച് രോഗാണുബാധിതരാകുകയും രോഗം മററുള്ളവരിലേക്ക് പകരാൻ കാരണമാകുകയും ചെയ്യുന്നുണ്ട്. അതിനാൽ കൂടുതൽ ആളുകൾ വാക്‌സിൻ എടുത്ത് കഴിഞ്ഞാലും സമൂഹത്തിൽ വേണ്ടത്ര ""ഹേർഡ് ഇമ്യൂണിറ്റി'' ഉണ്ടായില്ലെങ്കിൽ വൈറസ് വ്യാപനം ഇവിടെ തുടർന്ന് ഉണ്ടായിക്കൊണ്ടിരിക്കാം എന്നാണ് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുള്ളത്. അതിനാൽ രോഗം പൂർണ വിരാമമില്ലാതെ അതിന്റെ വ്യാപനത്തിന്റെ വലിപ്പ ചെറുപ്പത്തിൽ ഏറ്റക്കുറച്ചിലുകളുമായി പലയിടത്തും നിലനിൽക്കാനാണ് സാധ്യത.

വാക്‌സിൻ കമ്പനികൾ മുന്നാട്ട് വെക്കുന്ന റിപ്പോർട്ടുകൾ മാത്രം തെളിവായി എടുക്കുകയും പിയർ റിവ്യൂ (Peer Review) നടത്തിയ ശേഷം പ്രസിദ്ധീകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങളെ വിലക്കെടുക്കാതിരിക്കുന്നതും അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കുന്നതും ശാസ്ത്രീയമായും നൈതികമായും ശരിയായി കൊള്ളണമെന്നില്ല.

ആഗസ്റ്റ് 19 ന് തന്നെ പ്രസിദ്ധീകരിച്ച നേച്ചർ സയൻസ് മാഗസിലെ മറ്റൊരു ലേഖനത്തിൽ (Nature: Ewen Callaway. ലക്കം 596 ,പേജു 327) ഇപ്പോൾ പ്രചാരത്തിലുള്ള ഡെൽറ്റാ വേരിയൻറ്​ മറ്റ് വൈറസ് വേരിയന്റുകളെക്കാൾ വാക്‌സിൻ നൽകപ്പെട്ടവരിൽ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന വിവരവും നൽകുന്നുണ്ട്. അമേരിക്ക, യു. കെ., സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ വാക്‌സിൻ എടുത്ത ശേഷം "ബ്രേക്ക്ത്രൂ' ഇൻഫക്ഷൻ (Break through infection) കിട്ടിയവരുടെ മൂക്കിൽ നിന്നുള്ള സ്രവങ്ങളിൽ നടത്തപ്പെട്ട പരീക്ഷണങ്ങളിൽ ഇവയിൽ കൂടുതലായി കൊറോണ വൈറസുകൾ ഉണ്ടാകുന്നതായും അതിനാൽ ഇവ വഴി കൂടുതലാളുകളിലേക്ക് പടരാനുള്ള സാധ്യത ഉണ്ടെന്നുമാണ് വിസ്‌കോൺസൺ യൂണിവേഴ്‌സിറ്റിയിലെ ഡേവിഡ് ഒ. കോണോർ (David O connor) അഭിപ്രായപ്പെട്ടത്.

ഫുൾ ഡോസ് വാക്‌സീനുകൾ എടുത്തവർ, രോഗം മറ്റുള്ളവരിൽ നിന്ന് പകർന്ന് കിട്ടുന്നതിൽ നിന്നും, തങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതിൽ നിന്നും സുരക്ഷിതരാണെന്ന് പലരും തെറ്റായി മനസിലാക്കിയിട്ടുണ്ട്. / Photo: shutterstock.com

ഇവരിൽ നിന്നെടുത്ത സ്രവ സാമ്പിളുകളിൽ നടത്തിയ ടെസ്റ്റുകളിൽ "സൈക്കിൾ ത്രെഷോൾഡ് വാല്യൂ' (സി.ടി.വാല്യൂ ) വളരെ കുറവായതിനാൽ അതിനു വിപരീത അനുപാതമായി വളരെയധികം വൈറസുകളുടെ ജനിതക ഘടകങ്ങൾ ഉണ്ടെന്നും ഇത് പകർച്ചാ സാധ്യത കൂട്ടുമെന്നും ആവർത്തിച്ച് നടത്തിയ പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ ഇതിന്റെ പകർച്ചാ ദൈർഘ്യം വാക്‌സിൻ എടുക്കാത്തവരെ അപേക്ഷിച്ച് വളരെക്കുറവും, പരമാവധി ഒരാഴ്ചയിൽ താഴെ മാത്രം നീണ്ട് നിൽക്കുന്നതുമാണ് എന്നത് ആശ്വാസകരമാണ്. അതിനാൽ വാക്‌സിൻ എടുക്കപ്പെടുന്നവരും കോവിഡ് അപ്രോപ്രിയേറ്റ് ബിഹേവിയറുകൾ തുടരുക എന്നതാണ് ഇനി പാലിക്കാവുന്ന ശരികൾ. ഇതിന്റെ ഉത്തരം ബൂസ്റ്റർ ഡോസ് അല്ല എന്നും വായിച്ചെടുക്കേണ്ടതുണ്ട്.

വാക്‌സിൻ കമ്പനികൾ മുന്നാട്ട് വെക്കുന്ന റിപ്പോർട്ടുകൾ മാത്രം തെളിവായി എടുക്കുന്നതും പിയർ റിവ്യൂ നടത്തിയ ശേഷം പ്രസീദ്ധപ്പെടുന്ന ഗവേഷണ പ്രബന്ധങ്ങളെ വിലക്കെടുക്കാതിരിക്കുന്നതും അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കുന്നതും ശാസ്ത്രീയമായും നൈതികമായും ശരിയായിക്കൊള്ളണമെന്നില്ല.

വാക്‌സിനുകളുടെ കാര്യത്തിൽ To boost or not to boost എന്ന് തീരുമാനിക്കുന്നത് അത് നൽകുന്ന ഇമ്മ്യൂണിറ്റി എപ്പോഴെങ്കിലും തീർത്തും നഷ്ടപ്പെട്ടു പോകുന്നുണ്ടെങ്കിൽ മാത്രമാണ്. ഇല്ലെങ്കിൽ ഈ അധിക കുത്തിവെപ്പ്​വറുതിക്കാലത്ത് ഇല്ലാത്ത വിഭവത്തിന്റെ പാഴായ വിഭവവിനിയോഗമാകും. ഇപ്പോൾ വാക്‌സിൻ നിർമ്മാണ കമ്പിനികളും അവരുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞരുമാണ് ഈ ആവശ്യം പ്രധാനമായും മുന്നോട്ട് വെക്കുന്നത്. വാക്‌സിൻ കമ്പനികൾ മുന്നാട്ട് വെക്കുന്ന റിപ്പോർട്ടുകൾ മാത്രം തെളിവായി എടുക്കുന്നതും പിയർ റിവ്യൂ (Peer Review) നടത്തിയ ശേഷം പ്രസിദ്ധീകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങളെ വിലക്കെടുക്കാതിരിക്കുന്നതും അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കുന്നതും ശാസ്ത്രീയമായും നൈതികമായും ശരിയായിക്കൊള്ളണമെന്നില്ല.

ഇന്ത്യയിൽ തന്നെ കോവിഷീൽഡ് ഉത്പാദിപ്പിക്കുന്ന സീറം ഇൻസ്റ്റിട്ട്യൂട്ട് മേധാവിയുടെ, ബൂസ്റ്റർ ഡോസ് വേണമെന്ന പ്രസ്താവന വലിയ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. പാൻഡമിക്ക് കാലത്ത് ഇത് ശാസ്ത്രത്തെ മറികടന്നു പലപ്പോഴും നമ്മുടെ നയരൂപീകരണങ്ങളുടെ കസേരകളിൽ ഉപവിഷ്ടരാകുന്നുണ്ട്.

സീറം ഇൻസ്റ്റിട്ട്യൂട്ട് മേധാവി അദാർ പൂനവാല

ഇതിന്റെ വാസ്തവം തിരിച്ചറിയാൻ വാക്‌സിൻ ശാസ്ത്രത്തിന്റെ അടിസ്ഥാനമായ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. ഒന്നാമതായി വാക്‌സിനുകൾ നൽകപ്പെടുമ്പോൾ ശരീരത്തിൽ പ്രതിരോധ കോശങ്ങൾ ( Immune Cells ) ഉണ്ടാകുകയും അവ പ്രസ്തുത രോഗങ്ങൾക്കെതിരായി സ്പെസിഫിക് ആന്റിബോഡികൾ ഉത്പാദിക്കുകയും ചെയ്യും. ഇവ കാലക്രമേണ (3 - 6 മാസം കൊണ്ട് ) കുറഞ്ഞുവരും. പക്ഷെ ഇതോടൊപ്പം, ശരീരത്തിൽ പ്രതിരോധത്തിന്റെ ഓർമകൾ (Memory) നിലനിർത്തുന്ന ബി സെൽ, ടി സെൽ എന്നിങ്ങനെ രണ്ട് തരം കോശങ്ങളെക്കൂടി വാക്‌സിനുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇവ ദീർഘകാലം നീണ്ടുനിൽക്കും. തുടർന്ന് ശരീരത്തിൽ 24x7 നിരന്തരം രക്ഷാ സേനകളെപ്പോലെ പട്രോളിങ്ങ് നടത്തുകയും വൈറസുകളെ കണ്ടെത്തിയാൽ പൂർവ്വാധികം ശക്തിയോടെ( Secondary response) തത്ക്ഷണം പ്രതിരോധ വസ്തുക്കൾ ഉത്പാദിപ്പിച്ച് അവയെ നശിപ്പികയും ചെയ്യും. അതിനാൽ യാഥാർത്ഥ്യത്തിൽ അവരിലെ സുരക്ഷ താഴുന്നില്ല.

വാക്‌സിനുശേഷം ആന്റിബോഡി ലെവൽ കുറയുന്നത് ശരീരത്തിന്റെ പ്രൊട്ടക്ഷൻ ലെവൽ കുറയുകയാണെന്ന ധാരണ നമ്മുടെ നാട്ടിലും സ്വകാര്യ ലാബുകൾക്ക് ഒരു "കറവപ്പശു' ആകുന്നതായി വാർത്തകളുണ്ട്.

കോവിഡ് രോഗബാധയുള്ളവരിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഒരിക്കൽ ബാധിച്ച തൊണ്ണൂറ് ശതമാനം പേർക്കും ആറ് തൊട്ട് ഒമ്പത് മാസത്തോളം ഇങ്ങനെ വീണ്ടും രോഗം വന്ന് ഗുരുതരമാകാതിരിക്കാൻ ഇതേ രീതിയിൽ സംരക്ഷണം കിട്ടുന്നുണ്ട്. (WHO May 2020). ഇത് വാക്‌സിനുകൾ നൽകപ്പെട്ടവരിലും വീണ്ടും കോവിഡ് രോഗാണു ബാധ ഉണ്ടായാൽ രോഗം ഗുരുതരമാകാതിരിക്കാൻ അതേ രീതിയിൽ സഹായിക്കും. പോരാതെ കോവിഡ് പ്രതിരോധിക്കാൻ മിനിമം വേണ്ട ശരീരത്തിലെ ആന്റിബോഡി ലെവൽ (Threshold ) എത്രയാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല, ഒരാളിലെ രോഗത്തിനെതിരെയുള്ള ആന്റിബോഡി ലെവലും രോഗത്തിന്റെ ഗുരുതരാവസ്ഥയും തമ്മിൽ ബന്ധമില്ല. വാക്‌സിനുശേഷം ആന്റിബോഡി ലെവൽ കുറയുന്നത് ശരീരത്തിന്റെ പ്രൊട്ടക്ഷൻ ലെവൽ കുറയുകയാണെന്ന ധാരണ നമ്മുടെ നാട്ടിലും സ്വകാര്യ ലാബുകൾക്ക് ഒരു "കറവപ്പശു' ആകുന്നതായി വാർത്തകളുണ്ട്. ഡോക്ടർമാർ അടക്കം പലരും ഈ ധാരണയിൽ ആന്റിബോഡി ടെസ്റ്റ് ചെയ്തു "ബൂസ്റ്റർ ' ഡോസിനായി വെമ്പുകയാണ്.

രണ്ടാമതായി റിയൽ ലൈഫ് സാഹചര്യങ്ങളിൽ പ്രൊട്ടക്ഷൻ ലെവൽ ക്രമേണ കുറയുമോ എന്ന് തിരിച്ചറിയണമെങ്കിൽ ആദ്യകാലങ്ങളിൽ / ആറ് മാസം മുമ്പ് വാക്‌സിൻ എടുക്കപ്പെട്ടവരിൽ ഇപ്പോൾ വാക്‌സിൻ എടുക്കുന്നവരെ അപേക്ഷിച്ച് കൊവിഡ് രോഗബാധ നിരക്ക് കൂടിയിരിക്കണം. ആദ്യ കാലത്ത് തന്നെ വാക്‌സിൻ നൽകിയ ഇസ്രായേലിൽ ആയിരക്കണക്കിന് ആളുകളിൽ നടത്തപ്പെട്ട പഠനത്തിൽ ഇതങ്ങനെയല്ല എന്ന് കണ്ടത്തിയിട്ടുണ്ട്. വാക്‌സിൻ ആദ്യം എടുത്തവർ ധനിക വിഭാഗത്തിൽ പെട്ടവരും, വിദേശയാത്രകൾ നടത്തുന്നവരും ഇടയ്ക്കിടെ ടെസ്റ്റ് ചെയ്യപ്പെടുന്നവരുമായതിനാൽ രോഗനിരക്ക് അൽപം കൂടിയിരുന്നുവെന്ന് പഠനത്തിന്റെ ആദ്യ വിശകലനത്തിൽ കണ്ടത് പ്രതിരോധം കുറയുന്നത് കൊണ്ടല്ല എന്ന് പിന്നീട് ഉറപ്പിച്ചിരുന്നു. സാധാരണയായി വാക്‌സിൻ പരീക്ഷണത്തിൽ / ട്രയൽ ഘട്ടത്തിൽ കിട്ടിയതിനേക്കാളും ഫലപ്രാപ്തി (എഫിക്കസി )10% ത്തോളം കുറഞ്ഞാണ് പിന്നീട് വ്യാപകമായി സാധാരണ ജനങ്ങളിൽ പ്രായോഗികമായി ഉപയോഗിച്ച് തുടങ്ങുമ്പോൾ ലഭ്യമാക്കുക.

ഇവലൂഷനറി പ്രഷർ മൂലം വൈറസുകൾക്ക് മൂട്ടേഷൻ വരുന്നതിന് മുമ്പ് ജനങ്ങൾക്ക് പരമാവധി വേഗത്തിൽ ഫുൾ ഡോസ് വാക്‌സിനുകൾ നൽകുകയാണ് വേണ്ടത്. / Photo: unsplash.com

അമേരിക്കയിലെ ഫൈസർ കമ്പനിയുടെ വാകസീന് പരീക്ഷണ ഘട്ടത്തിൽ 96% ഫലപ്രപ്തി ഉണ്ടായിരുന്നത് ജനങ്ങളിൽ, ഉപയോഗിച്ചവരിൽ ആറു മാസം ഇടവേള കഴിഞ്ഞുള്ള പഠനത്തിലെ ഫലപ്രാപ്തി 84. % ആണ്. അതുപോലെ മോഡേർണ വാക്‌സിന്റേത് യഥാക്രമം 94. % വും 90% മാണ്.( MedRx iv). ഈ ഫലത്തിൽ നിന്ന് തന്നെ വാക്‌സിൻ ലഭിച്ചവരിൽ ആറ് മാസം കഴിഞ്ഞിട്ടും, വൈറസ് വകഭേദം മാറി ഡെൽറ്റാ വേരിയൻറ്​ ആയിട്ടും ഫലപ്രാപ്തിയിൽ വലിയ വ്യത്യാസം ഉണ്ടായിട്ടില്ല എന്ന് നാം വായിച്ചെടുക്കേണ്ടതുണ്ട്. ഇനി ഇവലൂഷനറി പ്രഷർ മൂലം വൈറസുകൾക്ക് മ്യൂട്ടേഷൻ വരുന്നതിനുമുമ്പ് ജനങ്ങൾക്ക് പരമാവധി വേഗത്തിൽ ഫുൾ ഡോസ് വാക്‌സിനുകൾ നൽകുകയാണ് വേണ്ടത്.

വാക്‌സിനുകൾ ബുള്ളറ്റ് പ്രൂഫ് അല്ലെന്നും, വേണ്ടത്ര രോഗപ്പകർച്ച തടയുന്നില്ലെന്നും, ഇത് നൽകുന്നത് "ഹേർഡ് ഇമ്മൂണിറ്റി'ക്ക് പകരം തിരിച്ച് നോർമാലിറ്റിയിലേക്ക് സാധാരണ ജീവിതത്തിലേക്കുള്ള വഴികൾ തുറക്കാനാണെന്നും ലോകത്ത് ഒരു സമൂഹവും ഒറ്റപ്പെട്ട് കിടക്കുന്ന ദ്വീപ് അല്ലെന്നും കോവിഡ്‌ വെെറസ് ഭൂമിയിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ അത് എല്ലായിടത്തും എത്തുമെന്നും അതിനാൽ അതിജീവനത്തിന് ലഭ്യമായ ആയുധമായ വാക്‌സിൻ ഇക്വിറ്റിയുടെ (Vaccine equity) അടിസ്ഥാനത്തിൽ ആവശ്യമുള്ള എല്ലായിടത്തും എത്തിക്കുകയാണ് വേണ്ടതെന്നുമാണ് മനസ്സിലാക്കേണ്ടത്. ഒരു രാജ്യത്തിനും ഭൂമിയിൽ ഒറ്റയ്ക്ക് മാത്രം രക്ഷപ്പടാൻ പറ്റില്ലെന്നും ഒന്നിച്ചു നിന്നാൽ മാത്രമേ രക്ഷപ്പെടാൻ പറ്റുകയുള്ളൂ എന്നതും പഠിക്കാനുള്ള സമയമാണ് ഇത്. രോഗം ഗുരുതരമാകാൻ സാധ്യത കുറഞ്ഞ പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് വാക്‌സിൻ ക്ഷാമകാലത്ത് മുതിർന്നവർക്ക് വാക്‌സിൻ നൽകിയതിനുശേഷം മാത്രമേ പ്രസക്തിയുള്ളുവെന്നാണ് എപിഡിമിയോളജി ശാസ്ത്രം അനുസരിച്ചുള്ള ശരിയെന്നും ഇവിടെ ചേർത്തു വായിക്കണം. ഭൂമിയിലെ ഒരു ഡോസ് പോലും ലഭിക്കാത്ത റിസ്‌ക് ഗ്രൂപ്പിൽപ്പെട്ടവർക്ക് കോവിഡ് വാക്‌സിൻ ലഭിച്ചതിനു ശേഷം മാത്രം ആവശ്യമുണ്ടെങ്കിൽ ബൂസ്റ്റർ എടുക്കുക, അതുവരെ മാറ്റി വെക്കുക എന്നതാണ് വർത്തമാന ധാർമ്മികത.

ഉദാരവത്കരണത്തിന്റെ ഒരു ദശകം കഴിഞ്ഞ് 2007 എത്തിയപ്പോൾ പൊതുമേഖലയിലെ വാക്‌സിൻ നിർമാണ യൂണിറ്റുകൾ വെറും ഏഴെണ്ണം മാത്രമായി ചുരുങ്ങി. മറ്റുള്ളവയൊക്കെ അടച്ചിടപ്പെടുകയും ചെയ്തു. ഇതേ അവസരത്തിൽ സ്വകാര്യ മേഖലയിലെ വാക്സിൻ നിർമാണ യൂണിറ്റുകൾ അനേക ഇരട്ടി വളരുകയും ചെയ്തു.

ലേഖനത്തിൽ മുൻപ് സൂചിപ്പിച്ച പോലെ ഇന്ത്യയിലും ആദ്യം തന്നെ രണ്ട് ഡോസ് ലഭിച്ചവർ ഇപ്പോൾ മൂന്നാം ഡോസിനായി ആർത്തി പിടിക്കുന്നുണ്ട്. ഈ വർഷം ജനുവരി 16ന്​ ആരംഭിച്ച ഇന്ത്യയിലെ കോവിഡ് വാക്‌സിൻ യത്‌നം കൃത്യം ഏഴുമാസം തികയുമ്പോൾ 60 കോടിയോളം വാക്‌സീനുകൾ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യപ്പെട്ടതായാണ് കേന്ദ്ര സർക്കാറിന്റെ രേഖകൾ വെളിപ്പെടുത്തുന്നത്. ഇത് വരെ പ്രിയോറിറ്റി ഗ്രൂപ്പിൽപ്പെട്ട മുതിർന്നവരിൽ 13% പേർക്ക് രണ്ട് ഡോസും 46.1% പേർക്ക് ഒറ്റ ഡോസും നൽകപ്പെട്ടിട്ടുണ്ട്, എന്നാലും മഹാ ഭൂരിപക്ഷം പേരും ""വാക്‌സിൻ പരിധിക്കു പുറത്തു'' (Vaccine gap) തന്നെയാണ് എന്നാണ് കേന്ദ്ര റിപ്പോർട്ടുകൾ നൽകുന്ന വിവരം.

കോവിഡ് വാക്‌സിനായി 35,000 കോടി രൂപ ഈ വർഷത്തെ ബജറ്റിൽ മാറ്റിവെക്കപ്പെട്ടിട്ടും രാജ്യത്തിന് ആവശ്യത്തിന് വേണ്ടത്ര വാക്‌സിൻ ലഭ്യമാകാത്തതാണ് ഇവിടത്തെ പ്രശ്‌നം. ജൂൺ 7 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച കോവിഡ് വാക്‌സിൻ പോളിസി പ്രകാരം ഈ വർഷം 83 കോടി ഡോസുകൾ വാങ്ങാനായിരുന്നു പദ്ധതി. അത് ആവശ്യത്തിന് വേണ്ടതിനേക്കാൾ നൂറ് കോടിയോളം ഡോസ് കുറവായിരുന്നുവെന്ന് അന്നേ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് ആസ്ഥാനങ്ങൾ

ഇവിടെ ഉപയോഗത്തിലുള്ള കോവിഷീൽഡ്, കോവാക്‌സിൻ തുടങ്ങിയവയുടെ നിർമ്മതാക്കളായ സീറം ഇൻസ്റ്റിട്ട്യൂട്ടിനും ഭാരത് ബയോടെക്കിനും ആവശ്യത്തിനനുസരിച്ച് അവ നിർമ്മിച്ച് വിതരണം ചെയ്യാനാകാത്തതാണ് ഇത് മന്ദഗതിയിലാകാൻ പ്രധാന കാരണം. ഇതിനെ മറികടക്കാൻ സർക്കാർ മേഖലയിൽ വാക്‌സിൻ ഉത്പാദക യൂണിറ്റുകൾ ഇല്ലാത്തതും, ഉള്ളവ കപ്പാസിറ്റി വർദ്ധിപ്പിക്കാത്തതും നമ്മുടെ ന്യൂനതയായി ഇപ്പോഴെങ്കിലും തിരിച്ചറിയണം. ഏപ്രിൽ 13 തൊട്ട് റഷ്യൻ വാക്‌സീൻ ആയ സ്പുട്നികിന് ഇറക്കുമതിക്കും നിർമാണത്തിനുമുള്ള ലൈസൻസ് നൽകിയിട്ടുണ്ട്.

വാക്‌സിൻ ക്ഷാമം എന്ത് കൊണ്ടെന്നു തിരിച്ചറിയാൻ ഇന്ത്യൻ ചരിത്ര പാശ്ചാത്തലം ഗുണപാഠമായെങ്കിലും മനസിലാക്കുന്നത് ഭാവിയിലെ നയവൈകല്യങ്ങൾ തിരുത്താൻ സഹായകരമായിരിക്കും എന്ന് തോന്നുന്നതിനാൽ ഒന്ന് ചുരുക്കി പറയട്ടെ . 1980കളിൽ ഇന്ത്യയിൽ 29 ഓളം വാക്‌സിൻ നിർമ്മാണ യൂണിറ്റുകൾ ഉണ്ടായിരുന്നു. ഇവിടെ ജനിക്കുന്ന കുട്ടികൾക്ക് സാർവ്വത്രിക പ്രതിരോധ ചികിത്സ ലഭ്യമാക്കുന്നതിനൊപ്പം രാജ്യത്തെ ഉപയോഗത്തിനുള്ള വാക്‌സിനുകളുടെ സ്വയംപര്യാപ്തത ആഭ്യന്തര ഉത്പാദനത്തിലൂടെ പൂർത്തീകരിക്കാനും ഇതിലൂടെ സാധ്യമായിരുന്നു. ഇന്ത്യയിൽ അന്ന് നിലവിലുണ്ടായിരുന്ന പ്രക്രിയ പേറ്റൻൻറ്​(Process Patent), വാക്‌സീനുകൾ അടക്കം പുതുതായി കണ്ടെത്തുന്ന മരുന്നുകൾ ഇവിടെ ചെലവ് കുറഞ്ഞ് നിർമ്മിക്കാനും വിതരണം ചെയ്യാനും സൗകര്യമൊരുക്കിയിരുന്നു. പിന്നീട് ഉദാരവത്കരണത്തിന്റെ ഒരു ദശകം കഴിഞ്ഞ് 2007 എത്തിയപ്പോൾ പൊതുമേഖലയിലെ വാക്‌സിൻ നിർമാണ യൂണിറ്റുകൾ വെറും ഏഴെണ്ണം മാത്രമായി ചുരുങ്ങി. മറ്റുള്ളവയൊക്കെ അടച്ചിടപ്പെടുകയും ചെയ്തു. ഇതേ അവസരത്തിൽ സ്വകാര്യ മേഖലയിലെ വാക്സിൻ നിർമ്മാണ യൂണിറ്റുകൾ അനേക ഇരട്ടി വളരുകയും ചെയ്തു. 2008 ജനുവരിയിൽ "ഗുഡ് മാനുഫാക്ച്ചറിങ്ങ് പ്രാക്ടീ സ് ' ( GMP) പാലിക്കുന്നില്ല എന്നുപറഞ്ഞ് ബ്രിട്ടീഷ് കാലം മുതലേ രാജ്യത്തെ പൊതുമേഖലയിലെ ദീപസ്തംഭങ്ങളായിരുന്ന മൂന്ന് വാക്‌സിൻ നിർമാണ ഫാക്ടറികളിലെ ബി.സി.ജി., ഡി.പി.ടി, ടി.ടി. തുടങ്ങിയ വാക്‌സിൻ നിർമ്മാണ യൂണിറ്റുകൾ കേന്ദ്ര സർക്കാർ തിരഞ്ഞു പിടിച്ചു താഴിട്ടു. കുട്ടികൾക്ക് സാർവ്വത്രികമായി ലഭ്യമക്കേണ്ടുന്ന, ദേശീയ പ്രതിരോധ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വാക്സിനുകളുടെ യൂണിറ്റുകളാണ് പൂട്ടപ്പെട്ടത്.

പൊതുമേഖല വാക്‌സിൻ യൂണിറ്റുകൾക്കൊപ്പം മുമ്പ് കേന്ദ്ര- സംസ്ഥാന സർക്കാർ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്‌സ്, ഇന്ത്യൻ ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ പ്രധാന ഔഷധ നിർമ്മാണ യൂണിറ്റുകളൊക്കെ ഇപ്പോൾ മൺമറഞ്ഞ ഓർമകളായി മാറിയിട്ടുണ്ട്.

ഇതിൽ ഒന്നാമത്തേത് ഹിമാചൽ പ്രദേശിലെ കസൗളിലെ സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡി.പി.ടി, ടി. ടി. നിർമ്മാണ യൂണിറ്റ് ആയിരുന്നു. ഇപ്പോഴും ഇവിടെ നിന്നാണ് രാജ്യത്ത് എത്തുന്ന കോവിഡ് വാക്‌സീനുകളുടെ പോലും ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്തുന്നത്.

രണ്ടാമത്തേത് ലോകത്തിലെ തന്നെ ഏറ്റവും വലുതായിരുന്ന, ഇന്ത്യക്ക് പുറമേ മറ്റു രാജ്യങ്ങളിലേക്കും ബി.സി.ജി. നിർമ്മിച്ച് കയറ്റുമതി നടത്തിയിരുന്ന ചെന്നൈയിലെ ബി.സി.ജി. നിർമ്മാണ യൂണിറ്റ്.

മൂന്നാമത്തേത് പേവിഷ ബാധ വാക്‌സിനിൽ പേരുകേട്ട, ഊട്ടിയിലെ ഡി.പി.ടി, പോളിയോ നിർമ്മിക്കുന്ന പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു. ഇതിനെ തുടർന്ന് രാജ്യത്തെ കുട്ടികൾക്ക് പോലും നൽകേണ്ടുന്ന വാക്‌സിനുകൾ കേന്ദ്ര സർക്കാറിന് സ്വകാര്യ കമ്പനികളിൽ നിന്നും വലിയ വില കൊടുത്ത് വാങ്ങേണ്ട സ്ഥിതി ഉണ്ടായി. ഈ ഒഴിഞ്ഞ "വിളനിലത്ത് ' സ്വകാര്യ മേഖല തഴച്ചു വളരാനും തുടങ്ങി.

കൂനൂരിലെ പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് / Photo: Wikimedia Commons

തുടർന്നുള്ള വർഷങ്ങളിൽ ആവശ്യത്തിന് പ്രതിരോധ വാക്‌സിനുകൾ ലഭ്യമാകാതെ കുട്ടികൾ രോഗാതുരരായി മരണപ്പെട്ടപ്പോൾ, രാജ്യത്തെ ജനകീയ ആരോഗ്യ പ്രവർത്തകർ സുപ്രീം കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജിയെ തുടർന്നാണ് 2011 ഏപ്രിലിൽ രാജ്യത്ത് "ദേശിയ വാക്‌സിനേഷൻ നയം' പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായത്. രാജ്യത്തെ കുട്ടികൾക്ക് സൗജന്യ പ്രതിരോധ ചികിത്സ ലഭ്യമാക്കേണ്ടത് സർക്കാരുകളുടെ കടമയാണെന്ന കോടതി വിധിയെ തുടർന്ന് വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ സർക്കാരിന്റെ സത്യവാങ്മൂല പ്രകാരം തമിഴ് നാട്ടിൽ പൊതുമേഖലയിൽ 2016ൽ തന്നെ സ്ഥാപിക്കപ്പെട്ട "വാക്‌സിൻ ' പാർക്ക് ഈ വർഷം വരെ വാക്‌സീൻ ഉത്പാദിക്കാൻ പര്യാപ്തമായില്ലെന്നും പകരം അവിടെ സാനിട്ടൈസറുകൾ നിർമിക്കുകയാണെന്നുമാണ് വിവരം.

ഇങ്ങനെയൊക്കെയാണ് പ്രതിരോധ ഔഷധ മേഖലയിൽ സ്വയം പര്യാപ്തത ഉണ്ടായിരുന്ന രാജ്യത്തെ പൊതുമേഖലാ ഔഷധ നിർമ്മാണം ശ്വാസം നിലച്ചു നിന്ന് പോയതെന്ന് കോവിഡ് വാക്‌സിനുവേണ്ടി വെർച്വൽ ആയും അല്ലാതെയും വരി നിൽക്കുമ്പോൾ ഓരോ ഇന്ത്യൻ പൗരനും അറിയുന്നത് നന്ന്. ഇപ്പോഴുപയോഗിക്കുന്ന കോവാക്‌സിനും ഗവേഷണം നടത്തി വികസിപ്പിച്ചത് പൊതുമേഖലയിലെ ശാസ്ത്രജ്ഞർ ആയിരുന്നു. ലോകരാഷ്ട്രങ്ങളുടെ ഫാർമസി എന്നറിയപ്പെടുന്ന ലോകജനതക്കാവശ്യമുള്ള 60% ലധികം വാക്‌സിനുകൾ നിർമിച്ച് കയറ്റുമതി ചെയ്യുന്ന രാജ്യം ഇപ്പോൾ കോവിഡ് വാക്‌സിനായി നീണ്ട കാലം കാത്തിരിക്കുന്നത് ഒരു വിരോധാഭാസവും, നയപരമായ പിടിപ്പ് കേടുകളുടെ ഫലവുമാണ്. കോവിഡ് വാക്‌സിൻ ഉത്പാദന കാര്യത്തിൽ നമ്മുടെ ശേഷി ലോകത്താകെ ഉത്പാദിപ്പിക്കുന്നതിന്റെ 20% ത്തിൽ താഴെ മാത്രമേ വരികയുള്ളൂ. വാക്‌സിൻ ഗവേഷണത്തിലും, നിർമാണത്തിലും പൊതുമേഖലയ്ക്ക് കൂടുതൽ പങ്കാളിത്തം വേണ്ടതിന്റെ ആവശ്യകതയാണ് ഈ വാക്‌സിൻ കാത്തിരിപ്പ് ഇന്ത്യക്കാരെ ഓർമിപ്പിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാർ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്‌സ്, ഇന്ത്യൻ ഡ്രഗ്‌സ് ആൻറ്​ ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ പ്രധാന ഔഷധ നിർമ്മാണ യൂണിറ്റുകളൊക്കെ ഇപ്പോൾ മൺമറഞ്ഞ ഓർമകളായി മാറിയിട്ടുണ്ട്.

പൊതുമേഖലാ വാക്‌സിൻ യൂണിറ്റുകൾക്കൊപ്പം മുമ്പ് കേന്ദ്ര- സംസ്ഥാന സർക്കാർ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്‌സ്, ഇന്ത്യൻ ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ പ്രധാന ഔഷധ നിർമ്മാണ യൂണിറ്റുകളൊക്കെ ഇപ്പോൾ മൺമറഞ്ഞ ഓർമകളായി മാറിയിട്ടുണ്ട്. ഈ പാൻഡെമിക്ക് കാലത്തെ അടിയന്തിര സ്വഭാവം മനസ്സിലാക്കിയെങ്കിലും സർക്കാർ മേഖലയിൽ ഔഷധ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും സർക്കാർ തലത്തിൽ നയപരിപാടികളും വിഭവ അലോക്കേഷനുകളും ഉണ്ടാകേണ്ടതുണ്ട്. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ നമുക്ക് പേറ്റൻറ്​ നിയമങ്ങൾ ഭേദഗതി ചെയ്‌തോ, നിർബന്ധിത ലൈസൻസ് നൽകിയോ സാങ്കേതിക വിദ്യകൾ കൈമാറിയോ, ഇപ്പോഴുള്ള യന്ത്രസംവിധാനങ്ങൾ റീ പർപസ് (Re purpose) ചെയ്‌തോ ആവശ്യത്തിന് വാക്‌സിനുകൾ നിർമിച്ച് ജനങ്ങൾക്ക് നൽകാൻ പറ്റുമായിരുന്നു.

കേന്ദ്രത്തിന് മുമ്പിൽ വാക്‌സിനുവേണ്ടി കൈ നീട്ടുന്ന സംസ്ഥാനങ്ങളിലെ സർക്കാറുകളിൽ നിന്നോ, പ്രധാന രാഷ്ട്രീയ കക്ഷികളിൽ നിന്നോ , പ്രൊഫഷനൽ സംഘടനകളിൽ നിന്നോ ഇതിന്​ സമ്മർദ്ദം ഇതുവരെ ഉണ്ടായിക്കാണുന്നില്ല എന്ന യാഥാർത്ഥ്യം നമ്മെ ഇപ്പോഴെങ്കിലും അലോസരപ്പെടുത്തേണ്ടതുമുണ്ട്. ▮


ഡോ. ജയകൃഷ്ണൻ ടി.

എപ്പിഡെമിയോളജി വിദഗ്ധൻ. വകുപ്പ് മേധാവി ആൻറ്​ പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, കെ. എം. സി. ടി. മെഡിക്കൽ കോളേജ്, കോഴിക്കോട്.

Comments