photo: Australian psychological society

കോവിഡിനുശേഷം പിടിവിട്ടുപോകുന്നു
കുട്ടികളുടെ മനസ്സും ശരീരവും

കോവിഡ് മഹാമാരി ലോകത്തെല്ലായിടത്തും മാനസികരോഗങ്ങളുടെ തോത് വർദ്ധിപ്പിച്ചിട്ടുണ്ട്. കോവിഡിന്റെ ആദ്യവർഷത്തിൽ കേരളത്തിൽ ആത്മഹത്യ വർദ്ധിച്ചതായി കണ്ടില്ലെങ്കിലും രണ്ടാമത്തെ വർഷം ഇത് വർദ്ധിച്ചതായി കണ്ടു. വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ ഉത്കണ്ഠപ്പെട്ട്​ സുഹൃത്തുക്കളായ അദ്ധ്യാപികമാർ പലരും വിളിച്ചിരുന്നു. മക്കൾ ഫോണിൽ ആസക്തരായി വഴിതെറ്റി പോകുന്നതായി അമ്മമാർ കോവിഡിനുമുൻപും ശേഷം കൂടുതലായും പരാതിപ്പെട്ടു കൊണ്ടിരിക്കുന്നു.

കോവിഡിനുശേഷം, യുവാക്കൾക്കിടയിൽ ആത്മഹത്യയും മറ്റു മാനസികാരോഗ്യ പ്രശ്‌നങ്ങളുമെല്ലാം കൂടിവരുന്നതായി കാണുന്നുണ്ട്. അവൾ അല്ലെങ്കിൽ അവൻ എന്തിനിതുചെയ്തു എന്നറിയാതെ, തങ്ങളെ വിട്ടുപോയവരുടെ ബന്ധുക്കൾ അമ്പരക്കുകയാണ്. പലർക്കും പഴയ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിയുന്നില്ല. കുട്ടികളുടെ ജീവിതവും, അതിനേക്കാളുപരി മരണവും മുതിർന്നവരുടേതുമായി ഇഴചേർന്നു കിടക്കുകയാണല്ലോ. കോവിഡ് സമയത്ത്, വിദ്യാർത്ഥികളുടെ ആത്മഹത്യയിൽ ഉത്കണ്ഠപ്പെട്ട്​ സുഹൃത്തുക്കളായ അദ്ധ്യാപികമാർ പലരും വിളിച്ചിരുന്നു. മക്കൾ ഫോണിൽ ആസക്തരായി വഴിതെറ്റി പോകുന്നതായി അമ്മമാർ കോവിഡിനുമുൻപും ശേഷം കൂടുതലായും പരാതിപ്പെട്ടു കൊണ്ടിരിക്കുന്നു.

പ്രിയപ്പെട്ടവർക്കുണ്ടാകുന്ന മനോവിഷമം അവരോടടുത്തുകഴിയുന്നവരുടേതുകൂടിയാണ്. കുട്ടികൾക്കും യുവാക്കൾക്കും അവരുടെ ചെറുലോകങ്ങളുണ്ടെങ്കിലും, അവർ മുതിർന്നവരുടെ ലോകത്തിലും ഹൃദയങ്ങളിലും കൂടി നിറഞ്ഞുനിൽക്കുന്നവരാണ്. എങ്കിലും ചിലപ്പോഴെങ്കിലും അവരുടെ മനസ്സ് വലിയവർക്ക് അപ്രാപ്യമാകുന്നു. കുട്ടികളുടെ മാനസിക സമ്മർദ്ദം, അതിലേക്ക് നയിക്കുന്ന ഘടകങ്ങളൊക്കെ ഇനിയും കൂടുതൽ തിരിച്ചറിയേണ്ടതായുണ്ട്. ആത്മഹത്യാ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കാലത്തുണ്ടായ പന്ത്രണ്ട് വയസ്സുള്ള ഒരു കുട്ടിയുടെ ആത്മഹത്യ ഇപ്പോഴും ഒരു സമസ്യയായി മനസ്സിലുണ്ട്.

മാനസികസമ്മർദ്ദം ഏറ്റവും അധികമാവുകയും യുവാക്കളുടെ മരണത്തിനുള്ള കാരണങ്ങളിൽ ആത്മഹത്യ പ്രമുഖമാവുകയും ചെയ്യുന്ന ഒരു കാലത്തിലൂടെയാണ്​നമ്മൾ കടന്നുപോവുന്നത്. ഒരു പകർച്ചാവ്യാധി എന്ന പോലെ ഇത് വികസിത രാജ്യങ്ങളിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കുകൂടി വ്യാപിച്ചു കൊണ്ടിരിക്കുന്നു. ഈ അവസ്ഥ സ്വാഭാവികമായും എല്ലാ പ്രായക്കാരേയും ബാധിക്കും. കേരളത്തിൽ പൊതുവേ എല്ലായിടത്തെയും പോലെ കൂടുതൽ ആത്മഹത്യകളും ഇടപ്രായക്കാരിലാണെങ്കിലും മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്, വയോധികരിലും കൗമാരക്കാരിലും കൂടുതൽ കണ്ടുവരുന്നു. കോവിഡ് മഹാമാരി ലോകത്തെല്ലായിടത്തും മാനസികരോഗങ്ങളുടെ തോത് വർദ്ധിപ്പിച്ചിട്ടുണ്ട്. കോവിഡിന്റെ ആദ്യവർഷത്തിൽ കേരളത്തിൽ ആത്മഹത്യ വർദ്ധിച്ചതായി കണ്ടില്ലെങ്കിലും രണ്ടാമത്തെ വർഷം ഇത് വർദ്ധിച്ചതായി കണ്ടു.

മനസ്സിന്റെ നോവുകൾ, അസ്വസ്ഥതകൾ

മനസ്സിന്റെ വേദന എന്നാൽ എന്താണ്? കൈകാലുകൾ വേദനിക്കുന്നത് പോലെയോ നെഞ്ച് വേദനിക്കുന്നത് പോലെയോ അതിന്റെ സ്ഥാനം നിർണ്ണയിച്ചെടുക്കാനോ പെട്ടെന്ന് പരിഹരിക്കാനോ കഴിയില്ല. മനസ്സിന്റെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയെടുക്കാൻ കഴിയാത്തതു കൊണ്ടുകൂടിയാണത്. വികാരങ്ങൾക്കും വിക്ഷോഭങ്ങൾക്കും അനുസരിച്ച് മസ്തിഷ്‌കത്തിലുണ്ടാകുന്ന രാസമാറ്റങ്ങൾ മനസ്സിന്റെ സ്ഥാനം ഒരു പരിധിവരെ അവിടെ ഉറപ്പിക്കുന്നുണ്ട്. വ്യക്തികളുടെ ജനിതകസമുച്ചയവും മാനസികാവസ്ഥയുടെ ചില കോഡുകൾ വഹിക്കുന്നതിനാൽ അതും മനസ്സിന്റെ ഭൗതികമായ ഒരു ഇരിപ്പിടമാണെന്ന് പറയാം. എന്നാൽ, മനസ്സിന്റെ സൂക്ഷ്മരൂപം വ്യക്തിയുടെ ശരീരത്തിനുപുറത്തേക്കുകൂടി പടർന്നുകിടക്കുന്നുണ്ട്. ഏറ്റവും അടുത്ത് ജീവിക്കുന്നവരിലെന്ന പോലെ ഭാഷയിലൂടെയും ബിംബകല്പനകളിലൂടെയും സംസ്‌കാരത്തിലേക്കും കൂടി അത് ബദ്ധമാണ്. അതിനാൽ, അസ്വസ്ഥമായ മനസ്സിന്റെ ഉടമ, ചുറ്റുമുള്ളവരുടെ സ്വസ്ഥത കൂടി തകിടം മറിക്കുന്നു. വ്യക്തിയുടെ വികാരങ്ങളുടേയും ആശയങ്ങളുടേയും പ്രവൃത്തികളുടേയും മണ്ഡലം ഉറ്റവർ കൂടി പങ്കുവക്കുന്നത് കൊണ്ടാണിത്. വ്യക്തിയുടെ ഉള്ളം, മനഃസ്ഥിതിയിലൂടെ അയാളെ കവിഞ്ഞുകിടക്കുന്ന ഒരു സൂക്ഷ്മശരീരത്തിന്റെ ഭാഗമാകുന്നുണ്ട്. ഒരാളുടെ മനഃസ്ഥിതി അതേ സാമൂഹ്യസാഹചര്യങ്ങളിൽ നിലകൊള്ളുന്നവരുമായി ചേർന്ന് സൂക്ഷ്മതലത്തിൽ രൂപപ്പെടുന്നതാണ്. അതുകൊണ്ട് ജീനുകളും കോവിഡ് പോലെയുള്ള വൈറസുകളും ശരീരകോശങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതുപോലെ തന്നെ സാമൂഹികതയും അതിൽ വരുന്ന മാറ്റങ്ങളും മനസ്സിന് അസ്വസ്ഥതയോ അനാരോഗ്യമോ ഉണ്ടാക്കാം. കോവിഡിനോട് അനുബന്ധമായി വർദ്ധിച്ചിരിക്കുന്ന മാനസിക വ്യഥകൾ മനസ്സിലാക്കാൻ ശരീരത്തിൽ വന്ന മാറ്റങ്ങളോടൊപ്പം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സാമൂഹികതയിൽ വരുത്തിയ മാറ്റങ്ങളെയും ശ്രദ്ധിക്കേണ്ടതുണ്ട്.

വളർച്ചയുമായി ബന്ധപ്പെട്ട് കുട്ടികൾ പ്രായത്തിനനുസരിച്ച് ആത്മവിശ്വാസം ആർജ്ജിക്കേണ്ടതുണ്ട്. ഇത് നേടിയെടുക്കാൻ കുട്ടികൾ അവരുടെ ഭാഗത്തുനിന്ന് ശ്രമിക്കുന്നതോടൊപ്പം, ഇടപെടുന്ന മേഖലയും പ്രധാനമാണ്.

വിഷാദവും മാനസികാരോഗ്യവും

മനസ്സിന്റെ പ്രശ്‌നങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് വിഷാദം. എല്ലാ പ്രായത്തിലുമുള്ളവരിൽ വിഷാദമാണ് മാനസിക സമ്മർദ്ദത്തിന്റെ പ്രകട രൂപമാകുന്നതും ചിലപ്പോൾ ആത്മഹത്യയിലേക്ക് നയിക്കുന്നതും. ജന്മനാ ലഭിക്കുന്ന ജനിതകഘടനക്കനുസരിച്ച് വിഷാദരോഗമുണ്ടാകാനുള്ള സാദ്ധ്യത ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. സാഹചര്യങ്ങൾക്കനുസരിച്ചാണ് ഈ ശാരീരിക ഘടകം പ്രവർത്തനക്ഷമമാകുന്നത്. കുട്ടിക്കാലത്ത് പരിചാരകർ ആയുള്ളവർ (മിക്കവാറും ഇത് അമ്മമാരായിരിക്കും, എന്നാൽ, എപ്പോഴും അമ്മമാർ മാത്രം ആയിക്കൊള്ളണമെന്നില്ല.) നൽകുന്ന ശ്രദ്ധ, അവരിൽ നിന്നുള്ള വേർപാട്, സാമൂഹ്യബന്ധങ്ങൾ വളർത്തിയെടുക്കാനുള്ള അവസരങ്ങൾ നഷ്ടമാകുന്നത്, അപമാനങ്ങളും പീഡനങ്ങളും എന്നിവയെല്ലാം തന്നെ ജനിതകസാദ്ധ്യതകൾ ഉള്ളവരിൽ ഇത് പ്രകടമാക്കും.

വളർച്ചയുമായി ബന്ധപ്പെട്ട് കുട്ടികൾ പ്രായത്തിനനുസരിച്ച് ആത്മവിശ്വാസം ആർജ്ജിക്കേണ്ടതുണ്ട്. ഇത് നേടിയെടുക്കാൻ കുട്ടികൾ അവരുടെ ഭാഗത്തുനിന്ന് ശ്രമിക്കുന്നതോടൊപ്പം, ഇടപെടുന്ന മേഖലയും പ്രധാനമാണ്. മത്സരാധിഷ്ഠിതമായ വിദ്യാഭ്യാസവും കലാസാഹിത്യ നൈപുണ്യമേഖലയും ഒക്കെ, കഴിവ് വളർത്തുന്നതോടൊപ്പം തന്നെ മാനസിക സമ്മർദ്ദമുണ്ടാക്കാനുള്ള പ്രേരക ഘടകങ്ങൾ കൂടിയാണ്. ഇതെല്ലാം ഏറെക്കുറെ സന്തുലിതാവസ്ഥയിൽ പോവുകയാണെങ്കിൽ, ആ സമൂഹത്തിലെ മാനസികാരോഗ്യവും മെച്ചപ്പെട്ടതാണെന്ന് പറയാം.

കേരള സമൂഹം പൊതുവേ മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ അത്ര മെച്ചമല്ല എന്നാണ് ആത്മഹത്യാ നിരക്ക്, വിഷാദരോഗ നിരക്ക്, മദ്യപാനാസക്തി തുടങ്ങിയ സൂചികകൾ കാണിക്കുന്നത്. ഉയർന്ന വിദ്യാഭ്യാസം, മറ്റു രാജ്യങ്ങളിൽ പോയി ജോലി ചെയ്ത് ധനം സമ്പാദിക്കുന്നത്, ഭൂമി കച്ചവടം എന്നിങ്ങനെ മത്സര പ്രമുഖമായ ഘടകങ്ങളും സാമൂഹ്യനീതിയോടൊപ്പം പൊതുആരോഗ്യത്തിൽ ഉയർന്നു നിൽക്കാൻ കേരളത്തെ സഹായിച്ചു. എന്നാൽ, മാനസികാരോഗ്യം, റോഡപകടങ്ങൾ, ലിംഗനീതി, ലൈംഗിക വിദ്യാഭ്യാസം എന്നിവയിൽ നമ്മൾ പിന്നിലാണ്. അതിനാൽ, വളരെ ദുർബ്ബലമായ ഒരു ബാലൻസിംഗിലൂടെയാണ് സമൂഹത്തിന്റെ പൊതു ആരോഗ്യനില സൂക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ കോവിഡ് മഹാമാരിയും അത് തടയാൻ ആവിഷ്‌കരിച്ച സാമൂഹ്യനിയന്ത്രണങ്ങളും, നേരത്തേ ഉണ്ടായിരുന്ന സാമൂഹ്യ സുരക്ഷിതത്വത്തെ അരക്ഷിതപ്പെടുത്തി. അത് മാനസികാരോഗ്യത്തെ കുറച്ചു കൂടി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

മനസ്സും സമൂഹവും

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ദീർഘകാലം അടച്ചിട്ടത് വിദ്യാർത്ഥികളുടെ സാമൂഹ്യവൽക്കരണം അസാധ്യമാക്കി. ഈ സാമൂഹ്യവൽക്കരണ പ്രക്രിയ ബോധപൂർവ്വമായല്ലെങ്കിലും വിദ്യാഭ്യാസത്തിന്റെ ഒരു ഉദ്ദേശിക്കാത്ത ഫലം (unintended consequence) പോലെ ഏറെക്കുറെ നടന്നു വന്നിരുന്നു. പഠിക്കാനും പരീക്ഷ എഴുതാനും മാത്രമല്ല സ്‌കൂളുകളും കോളേജുകളും ഉപകരിച്ചിരുന്നത്. ചെറുപ്പക്കാർക്ക് ഒരുമിച്ച് ചേരാനും അണിഞ്ഞൊരുങ്ങാനും ആഘോഷിക്കാനും മറ്റുള്ളവരുടെ അംഗീകാരം നേടിയെടുക്കാനുമൊക്കെയുള്ള ഇടങ്ങളായിരുന്നു അവ. ഇതൊക്കെ കൂടുതൽ പേർക്കും ഉന്മേഷവും ഉത്സാഹവും നൽകി, അവരുടെ വളർച്ചക്ക് സഹായകമായി. എന്നാൽ, പല കാരണങ്ങളാൽ ഈ കൂട്ടത്തിൽ പിന്തള്ളപ്പെട്ടു പോകുന്നവരും ഉണ്ടായിരിക്കും. അവർക്ക് നിരാശയും വിഷാദവും ഉണ്ടാകാം. കോവിഡ് മൂലമുണ്ടായ അടച്ചിടലും ഒറ്റപ്പെടലും കൂടുതൽ പേരെ ഈ വിഭാഗത്തിലേക്ക് തള്ളിയിട്ടു.

പ്രത്യക്ഷത്തിൽ, തിരിച്ചറിയുന്ന ജീവശാസ്ത്രപരമായ ഘടകങ്ങളും സാമൂഹിക തലത്തിലുണ്ടാകുന്ന മാറ്റങ്ങളും കൂടി ചേർന്ന് പരോക്ഷമായ മനോനില എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിന് കോവിഡ് കാലം നല്ല ഉദാഹരണമാണ്.

ഓൺലൈൻ ക്ലാസുകളിലൂടെ പഠിപ്പിക്കാൻ ശ്രമിച്ചെങ്കിലും, പലർക്കും അത് പിന്തുടരാൻ കഴിഞ്ഞില്ല. സാങ്കേതികതയുടെ ലഭ്യതക്കുറവോ താല്പര്യമില്ലായ്മയോ ഒക്കെ പലരേയും ബാധിച്ചു. വിദ്യാഭ്യാസം വിജ്ഞാനത്തിന്റെ ശേഖരണം മാത്രമല്ല എന്നത് ഈ അവസ്ഥ കാണിച്ചു തരുന്നുണ്ട്. ചിലർ പരീക്ഷകളിൽ വിജയിച്ചു എങ്കിലും വിഷാദത്തിലേക്ക് വഴുതി വീണു. മത്സര പരീക്ഷകളിൽ വിജയിക്കുമോ എന്ന ഭീതി കൊണ്ടും ചിലർക്ക് സമ്മർദ്ദമുണ്ടായി. മത്സരത്തിലേക്കുമാത്രം വിദ്യാഭ്യാസത്തെ ചുരുക്കാനാവില്ല. സ്‌കൂളിലും കോളേജിലും പോകുമ്പോൾ ബോണസായി ലഭിച്ചിരുന്ന കൂട്ടുചേരലിന്റെ ഊഷ്മളത നഷ്ടപ്പെട്ടത് പ്രശ്‌നമായിരുന്നു. വിദ്യാർത്ഥികൾക്ക് സ്പർശവും ചിരിയും കളിയും കൂട്ടുജീവിതവും നഷ്ടപ്പെട്ടു. ഇവയൊന്നും നമ്മൾ വിലമതിച്ചിരുന്നില്ല എങ്കിലും, നഷ്ടപ്പെട്ടപ്പോൾ അവയുടെ ആവശ്യകത കൂടുതൽ വ്യക്തമാവുകയാണ്. യുവാക്കൾ, ഓരോരുത്തർക്കും വളരാൻ ഊർജ്ജം പകരുന്ന സൗഹൃദങ്ങളുടെ ഇടം കണ്ടെത്തുന്നതും കലാശാലകളിലാണ്.

ഓൺലൈൻ ക്ലാസുകൾക്കുവേണ്ടി എല്ലാവർക്കും സ്മാർട്ട് ഫോണുകൾ വാങ്ങി നൽകാൻ രക്ഷിതാക്കൾ നിർബ്ബന്ധിതരായി. നേരത്തേ അതിനെതിരായിരുന്നവർക്ക് പോലും, പഠനത്തിനായി അത് ചെയ്യേണ്ടി വന്നു. ചിലർക്ക് ഗെയിമുകളും സിനിമകളും പോൺ ചിത്രങ്ങളും കാണുന്നത് നിർത്താനാവാതെ വന്നു. നേരിട്ടുള്ള ബന്ധങ്ങളേക്കാൾ താൽപ്പര്യം പ്രതീതി ലോകത്തിലായി. കുറച്ചു പേർക്കെങ്കിലും ഇത് ‘ഒബ്‌സെഷ’നായി (പിന്മാറാൻ പറ്റാതെ എപ്പോഴും അതിൽ തുടരുന്ന അവസ്ഥ) മാറുകയും അവർക്ക് മറ്റു താൽപ്പര്യങ്ങളും അതോടെ സാമൂഹ്യജീവിതവും നഷ്ടമാവുകയും ചെയ്തു.

മനസ്സിന്റെ വ്യത്യസ്ത മാനങ്ങൾ

എന്നാലിത് എല്ലാവരേയും ഒരേ പോലെ ബാധിക്കുന്നില്ല എന്നും നമുക്ക് കാണാൻ കഴിയും. അവിടെ ജനിതകഘടകങ്ങളും, ശൈശവത്തിൽ ലഭിക്കാതെ പോയ സുരക്ഷിതത്വവുമെല്ലാം പ്രേരകമാവുന്നുണ്ട്. പ്രത്യക്ഷത്തിൽ, തിരിച്ചറിയുന്ന ജീവശാസ്ത്രപരമായ ഘടകങ്ങളും സാമൂഹിക തലത്തിലുണ്ടാകുന്ന മാറ്റങ്ങളും കൂടി ചേർന്ന് പരോക്ഷമായ മനോനില എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിന് കോവിഡ് കാലം നല്ല ഉദാഹരണമാണ്. സൂക്ഷ്മതലത്തിൽ രൂപപ്പെടുന്ന മനസ്സും അതിന്റെ വ്യഥകളും മനസ്സിലാക്കാൻ മനഃശാസ്ത്രം സഹായിക്കുമെങ്കിലും അത് മാത്രം പോരാ. മസ്തിഷ്‌കത്തിലെ നാഡീവ്യൂഹത്തേയും അവയുടെ പ്രവർത്തനങ്ങളേയും കുറിച്ചുള്ള പഠനവും സാമൂഹ്യശാസ്ത്രവും കൂടി അറിവ് പകരുന്ന സമീപനമായിരിക്കും ഈ പ്രശ്‌നത്തിലേക്ക് കൂടുതൽ ദിശാബോധം നൽകുന്നത്.

മസ്തിഷ്‌കത്തിലെ പ്രീ ഫ്രോണ്ടൽ (pre-frontal), ലിംബിക് (Limbic) സ്ഥലങ്ങളിലാണ് മനസ്സിന്റെ ചേരുവകളിൽ പ്രധാനമായ വികാരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. വിഷാദമുള്ളവരിൽ, ഘടനാപരമായും ധർമപരമായും ഈ സ്ഥാനങ്ങളിൽ മാറ്റം കണ്ടുവരുന്നുണ്ട്. നമ്മുടെ രോഗപ്രതിരോധത്തിൽ പങ്ക് വഹിക്കുന്ന ഗ്‌ളൂക്കോ കോർട്ടിക്കോയ്ഡ് ഹോർമോണുകൾ (Glucocorticoids), സൈറ്റോകീനുകൾ (Cytokines) എന്നിവയൊക്കെ ഈ ഭാഗത്ത് മാറ്റങ്ങളുണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്. വികാരങ്ങൾ ഒരു വശത്ത് ബന്ധങ്ങളുടെ സ്വഭാവവുമായും മറു വശത്ത് ജനിതകത്തിലൂടെ ലഭിച്ച ശരീരനിർമ്മിതിയുമായും ബന്ധപ്പെട്ടിരിക്കുന്നു. മാനസിക പ്രശ്‌നങ്ങൾ പൊതുവേ വികാരങ്ങളുടെ വിക്ഷോഭമായി മനസ്സിലാക്കാറുണ്ടെങ്കിലും അവയുടെ ശാരീരികവും മനോബാഹ്യവുമായ ഉല്പത്തിയെ കുറിച്ച് ഇപ്പോൾ കൂടുതൽ അറിവുകളുണ്ട്.

photo: stockvault

കോവിഡ് ബാധിച്ച ശേഷമുണ്ടാകുന്ന മാനസികാരോഗ്യപ്രശ്‌നങ്ങളെ പല പഠനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. വിഷാദം (Depression), ഉത്കണ്ഠ (Anxiety), പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ (Post traumatic Stress Disorder), ഒബ്‌സെസ്സീവ് കംപൾസീവ് ഡിസോർഡർ (Obsessive Compulsive Disorder), ഉറക്കമില്ലായ്മ (Insomnia) എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടു കാണുന്നു. കൃത്യമായും എങ്ങനെയാണ് ഇതിൽ മസ്തിഷ്‌കത്തിന്റെ രോഗവൽക്കരണപ്രക്രിയ നടക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ഏറെക്കുറെ വിശദീകരിക്കാൻ കഴിയുന്നുണ്ട്. പ്രതിരോധ കൊടുങ്കാറ്റു (Immune storm) ണ്ടാക്കുന്ന കോവിഡിൽ അമിതമായ തരത്തിൽ കോശങ്ങളുടെയും രാസവസ്തുക്കളുടെയും പ്രക്ഷോഭം ഉണ്ടാകുന്നതായി കാണാം. മസ്തിഷ്‌ക്കം അടക്കം പല അവയവങ്ങളിലേയും കോശങ്ങളിലും കലകളിലും നീർവീക്കം (Inflammation) പോലുള്ള പ്രതികരണങ്ങളുണ്ടാകുന്നു.

ഇടപെടാൻ കഴിയുന്ന വിധങ്ങൾ

വിഷാദം ഏതു കാരണം കൊണ്ടുണ്ടായാലും ദുഃഖം, അർത്ഥശൂന്യത, ആശയക്കുഴപ്പം, ദേഷ്യം, നിരാശ, നിസ്സഹായത, നഷ്ടബോധം എന്നതൊക്കെയായാണ് ബാധിച്ചയാളും രോഗനിർണ്ണയം നടത്തുന്നവരും തിരിച്ചറിയുന്നത്. ഇത് നിസ്സാരമായ രീതിയിലോ ഗുരുതരാവസ്ഥയിലോ ഉണ്ടാകാം. ചിലർ പെട്ടെന്ന് പ്രതികരിക്കുന്നവരും ദേഷ്യം പിടിക്കുന്നവരുമായിരിക്കും. ചിലർ അക്രമസ്വഭാവം കാണിക്കാറുണ്ട്. പെട്ടെന്നുണ്ടാകുന്ന വേർപാട്, നഷ്ടം, മറ്റുള്ളവരിൽ നിന്നുള്ള കളിയാക്കലുകൾ, പീഡനങ്ങൾ എന്നിവയൊക്കെ പ്രേരക ഘടകങ്ങളാണ്. കുടുംബത്തിൽ മറ്റാർക്കെങ്കിലും ഇത്തരം പ്രശ്‌നങ്ങളുണ്ടോ എന്നതും പ്രധാനമാണ്. ജനിതക ഘടകങ്ങളുള്ളവരിലും കുട്ടിക്കാലത്ത് പ്രശ്‌നങ്ങൾ അനുഭവിച്ചിട്ടുള്ളവരിലും പല പ്രാവശ്യം ഇതുണ്ടാവുകയും ചികിത്സ ഇല്ലാതെ ദീർഘനാൾ കഴിയുന്നവരിലും ഒക്കെയാണ് ഗുരുതര പ്രശ്‌നങ്ങൾ കാണുന്നത്. കോവിഡിനുശേഷം മാനസികപ്രശ്‌നം അനുഭവിക്കുന്നവരിലും ഈ ഗണത്തിൽ പെടുന്നവർ കൂടുതലാണെന്ന് കാണാം.

ഇപ്പോൾ നമ്മൾ നേരിട്ടു കൊണ്ടിരിക്കുന്ന കോവിഡാനന്തര മാനസികാരോഗ്യ പ്രശ്‌നങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെ കാര്യത്തിൽ മുതിർന്നവർ കൂടുതൽ കരുതൽ എടുക്കേണ്ടതുണ്ടാവും. രക്ഷിതാക്കൾ, അദ്ധ്യാപകർ, സുഹൃത്തുക്കൾ, അയൽക്കാർ എന്നിവർക്കൊക്കെ ഇത് ചെയ്യാൻ സാധിക്കും. വ്യക്തിപരമായ തലത്തിലും സാമൂഹ്യതലത്തിലും കരുതൽ ആവശ്യമാണ്. ഇതിനുള്ള കാരണങ്ങളും, കോവിഡ് വൈറസ് പോലെ ശരീരബദ്ധമായതോ പ്രതിരോധത്തിനായി നടത്തിയ സാമൂഹ്യഅകലം പോലെ ശരീരബാഹ്യമോ ആയിരിക്കാം. രണ്ടായാലും ലക്ഷണങ്ങൾ ഒരുപോലെ ആയിരിക്കും.
വ്യക്തിപരമായ തലത്തിൽ കുട്ടികളിലുണ്ടാവുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ ശ്രമിക്കാം. എപ്പോഴും അവരുടെ പിറകെ നടക്കുന്നത് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കും. എന്നാൽ, അവരറിയാതെ തന്നെ അവരുടെ മേൽ നിരന്തരമായ ശ്രദ്ധ ഉണ്ടാവണം. ഉദാഹരണത്തിന്, സ്മാർട്ട് ഫോണുകൾ അവർ എന്തിനൊക്കെയാണ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കാം. അവരോടൊപ്പം ചേർന്ന് കുറച്ചുസമയം അതുപയോഗിക്കാം. അവിടെയും അഭിപ്രായങ്ങളൊക്കെ പങ്കുവെക്കാനുള്ള അവസരം ഉണ്ടാക്കാവുന്നതാണ്. സ്വഭാവത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ അറിയാൻ കഴിയണം.

സംശയമുണ്ടെങ്കിൽ ആത്മഹത്യയെ കുറിച്ച് മിണ്ടാതിരിക്കുന്നതിനേക്കാൾ തുറന്ന് ചോദിക്കുന്നതായിരിക്കും നല്ലത്. നിനക്ക് മനസ്സിന് വല്ലാത്ത വിഷമം ഉണ്ടോയെന്നും മരിക്കാൻ തോന്നുന്നോ എന്നും ചോദിക്കുന്നതിൽ തെറ്റില്ല.

ഭക്ഷണത്തിൽ വൈമുഖ്യം, ഉറക്കക്കുറവ്, അശ്രദ്ധമായ വസ്ത്രധാരണം, വിഷാദഭാവം, സുഹൃത്തുക്കളിൽ നിന്നും കൂട്ടായ്മകളിൽ നിന്നും വിട്ടുനിൽക്കുന്നത് എന്നതെല്ലാം കടുത്ത വിഷാദത്തിന്റെ സൂചനകളാണ്. പഠിത്തത്തിൽ പിന്നോട്ടാവുകയും ഒന്നിലും ഉത്സാഹമില്ലാതിരിക്കുകയും ആവാം. ചിലർ വയറു വേദന, തല വേദന, ക്ഷീണം തുടങ്ങി ശാരീരിക പ്രശ്‌നങ്ങൾ അവതരിപ്പിക്കും.
ആത്മഹത്യക്ക് ഉപകരിച്ചേക്കാവുന്ന വസ്തുക്കൾ, ഗുളികകൾ, വിഷവസ്തുക്കൾ തുടങ്ങിയവ കരുതിവക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്.
‘എന്നെ ആരും സ്‌നേഹിക്കാനില്ല', ‘ഞാനിനി നിങ്ങൾക്കൊരു ഭാരമാവില്ല,' തുടങ്ങിയ വാക്കുകൾ കൊണ്ട് ചിലപ്പോൾ കുട്ടികൾ അവരുടെ അവസ്ഥയുടെ സൂചനകൾ നൽകിയേക്കും. മരണത്തെ കുറിച്ച് ഇടക്കിടെ സംസാരിക്കുന്നുണ്ടാവും. ഏറെ ഇഷ്ടപ്പെടുന്ന വസ്തുക്കൾ പ്രിയപ്പെട്ടവർക്ക് നൽകിയേക്കും.

സംശയമുണ്ടെങ്കിൽ ആത്മഹത്യയെ കുറിച്ച് മിണ്ടാതിരിക്കുന്നതിനേക്കാൾ തുറന്ന് ചോദിക്കുന്നതായിരിക്കും നല്ലത്. നിനക്ക് മനസ്സിന് വല്ലാത്ത വിഷമം ഉണ്ടോയെന്നും മരിക്കാൻ തോന്നുന്നോ എന്നും ചോദിക്കുന്നതിൽ തെറ്റില്ല. ആരെങ്കിലും കരുതലിനുണ്ടെന്ന വിചാരമാണ് അവർക്ക് അപ്പോഴുണ്ടാവുക. അത് വഴി അവർക്ക് മനസ്സ് തുറക്കാൻ അവസരം കിട്ടുകയും ചെയ്യും. ഇത് പോലെയുള്ള അവസ്ഥകൾ ശ്രദ്ധയോടെ തിരിച്ചറിയുകയും, തിരിച്ചറിഞ്ഞാലുടൻ തന്നെ അവരെ വിദഗ്ധരുടെ അടുത്ത് എത്തിക്കുകയും വേണം.

പൊതുവെ, മരുന്ന് കഴിക്കുന്നത്, പ്രത്യേകിച്ച് മോഡേൺ മെഡിസിൻ മരുന്ന് കഴിക്കുന്നത് അപകടമാണെന്ന ഒരു ധാരണ നമ്മുടെ സമൂഹത്തിലുണ്ട്. വേണ്ട സമയത്ത് ചികിത്സ തേടാതിരിക്കുന്നതിന് ഇതൊരു പ്രധാന കാരണമാണ്. പ്രശ്‌നങ്ങൾ തിരിച്ചറിയുന്ന പലരും അന്വേഷിക്കുന്നത് മരുന്ന് നൽകാത്ത സൈക്കോളജിസ്റ്റിനെയാണ്. സൈക്കോ തെറാപ്പി ഉപകാരപ്രദമാണ്. എന്നാൽ, മസ്തിഷ്‌കത്തിലെ ഡോപ്പമിൻ (dopamine) സിറോട്ടോണിൻ (serotonin) തുടങ്ങിയ രാസവസ്തുക്കളിലും ന്യൂറോണുകളുടെ പ്രവർത്തനമാതൃകകളിലും വരുന്ന മാറ്റങ്ങളെ തിരിച്ചുകൊണ്ടുവരാൻ കഴിയുന്ന, പാർശ്വഫലങ്ങൾ കുറഞ്ഞ മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്. മസ്തിഷ്‌കത്തിലുണ്ടാകുന്ന മാറ്റങ്ങൾ കൂടുതൽ കാലം നീണ്ടു നിൽക്കുന്നത് ദോഷകരമായതുകൊണ്ട് അവ മരുന്നുകളുപയോഗിച്ച് പെട്ടെന്നു തന്നെ പൂർവ്വസ്ഥിതിയിലെത്തിക്കുന്നത് നന്നായിരിക്കും. എല്ലാവർക്കും ഇത് ഉടൻ ആവശ്യമുണ്ടാകണമെന്നില്ല. രോഗാവസ്ഥയുടെ കാഠിന്യമനുസരിച്ചാവണം ചികിത്സ നിർണ്ണയിക്കേണ്ടത്. അതിന് കൃത്യമായ രോഗനിർണ്ണയം ആവശ്യമാണ്. സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സോഷ്യൽ സയന്റിസ്റ്റ് എന്നിവരടങ്ങുന്ന ഒരു ടീം ഒരുമിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്. എല്ലാവരും ഒരേ ആശയങ്ങൾ പങ്ക് വയ്ക്കുന്ന പരിശീലനത്തിലൂടെ കടന്നുപോവുകയും വേണം. ടീമംഗങ്ങൾ പരസ്പരം ചർച്ച ചെയ്ത് ഓരോരുത്തരുടെ കാര്യത്തിലും രോഗനിർണ്ണയത്തിലും ചികിത്സരീതിയിലും എത്തുകയാണെങ്കിൽ, ആദ്യം ആര് കണ്ടാലും കുഴപ്പമില്ല. ചികിത്സകർ പരസ്പര ധാരണയിൽ എത്തണമെന്നേയുള്ളൂ.

photo: unsplash

മറുവശത്ത്, മരുന്നുകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കാനാവും എന്ന് കരുതുന്നവരുമുണ്ട്. വ്യക്തിയുടെ ഉള്ളം എങ്ങനെ ചുറ്റുമുള്ളവരിൽ കൂടി പടർന്നുകയറിയിരിക്കുന്നു എന്നത് ആദ്യമേ വിശദീകരിച്ചത്, രോഗചികിത്സയിൽ അവരുടെ പങ്ക് കൂടി സൂചിപ്പിക്കാനാണ്. ചുറ്റുമുള്ളവർ, കുടുംബാംഗങ്ങളോ, ബന്ധുക്കളോ, സുഹൃദ് വലയമോ, പരസ്പര സഹായ ഗ്രൂപ്പോ മറ്റേതുതരം സാമൂഹ്യരൂപമോ ആകാം. ഓരോ വ്യക്തിക്കും ഇണങ്ങുന്നത് കണ്ടെത്താൻ സോഷ്യൽ സയന്റിസ്റ്റിനാകും. മരുന്നു കഴിച്ച് മസ്തിഷ്‌കം ആരോഗ്യനില വീണ്ടെടുത്താലും, വീണ്ടും സാമൂഹ്യതലത്തിലുള്ള ഘടകങ്ങൾ വ്യക്തിയിൽ സമ്മർദ്ദമുണ്ടാക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ നാട്ടിൽ ധാരാളം വിദഗ്ധരുണ്ടെങ്കിൽ കൂടിയും ടീം സമീപനത്തിന്റെ അഭാവം നില നിൽക്കുന്നുണ്ട്.

സാമൂഹ്യഘടകങ്ങൾക്ക് ചികിത്സയിൽ തീരെ പ്രാമുഖ്യം കൊടുത്തുകാണുന്നില്ല. ജനിതകം അടക്കമുള്ള ശാരീരിക ഘടകങ്ങൾ മാനസികാരോഗ്യത്തെ നിർണ്ണയിക്കുമ്പോൾ തന്നെ, കുട്ടികളും മുതിർന്നവരും തമ്മിൽ ഇട പഴകുന്ന, തമ്മിൽ പങ്കുവക്കപ്പെടുന്ന ഒരു മനോതലം വിശകലനം ചെയ്യപ്പെടേണ്ടതുമുണ്ട്. സാമൂഹികത രൂപപ്പെടുകയും പരുവപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യുന്ന ഇടം കൂടിയാണത്. സാമൂഹ്യനിയന്ത്രണങ്ങളുടെ ബലവും അതിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുന്ന യുവതയുടെ വെമ്പലും ഒക്കെ ഈ സ്ഥലത്തുണ്ടാകും.
സമൂഹത്തിലെ നിലനിൽക്കുന്ന ബലാബലങ്ങളും, മാറി വരുന്ന അധികാരബന്ധങ്ങളും സംസ്‌കാരവും ഒക്കെ വിശകലനം ചെയ്യേണ്ടതുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങൾ, അപമാനം, ബഹിഷ്‌കൃതമായ അവസ്ഥ എന്നിവയൊക്കെ കുട്ടികളുടെ മനോനിലയേയും ബാധിക്കുന്നതാണ്.

വിവാഹിതകളായ സ്ത്രീകളും പഴയതിനെ അപേക്ഷിച്ച് കൂടുതൽ ബന്ധങ്ങൾ ഏറ്റെടുക്കുന്നു. പ്രണയം തകരുമ്പോൾ അത് നേരിടാനുള്ള പ്രാപ്തിയോ സാമൂഹിക പിന്തുണയോ ഇവർക്ക് ലഭിക്കുന്നില്ല.

ഉദാഹരണത്തിന്, ദലിതരും ആദിവാസികളുമൊക്കെ സ്‌കൂളിൽ പോകുമ്പോഴും അവർ നേരിടേണ്ടിവരുന്ന വിവേചനം മൂലം, വിദ്യാഭ്യാസം അവരുടെ ജീവിതത്തിൽ മെച്ചമുണ്ടാക്കുന്നില്ലെന്നും അവർ കൂടുതൽ വ്യഥകൾ നേരിടേണ്ടിവരുന്നു എന്നും അവരുടെ ആത്മകഥനങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കും. തുല്യത, വ്യക്തിയുടെ അന്തസ്സ് തുടങ്ങിയ മൂല്യങ്ങൾ ഉയർന്നു വരുന്ന സമൂഹത്തിൽ അത് അനുഭവിക്കാത്തവർക്ക് കൂടുതൽ ആത്മസംഘർഷമുണ്ടാകും. സാമൂഹ്യതലത്തിൽ ഇടപെടുന്നതിന് ചികിത്സകർക്ക് പരിമിതിയുണ്ടെങ്കിലും ഇത് മനസ്സിലാക്കുന്നത് തുടർപരിശോധനക്കും അനുയോജ്യമായ പിന്തുണാസംവിധാനങ്ങളിലേക്ക് റഫർ ചെയ്ത് ചികിത്സ പൂർത്തീകരിക്കാനും ഉപകരിക്കും.

സാംസ്‌കാരികമായി മാറിക്കൊണ്ടിരിക്കുന്ന യുവസമൂഹത്തെ അറിയാൻ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലുള്ളവർ ശ്രമിക്കേണ്ടതുണ്ട്. അവരുടെ തുടർ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇതൊക്കെ കൊണ്ടുവരണം. ലിംഗത്വം, ലൈംഗികത എന്നിവയിലൊക്കെ യുവാക്കളിൽ വരുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ പൊതു സമൂഹത്തിന് കഴിയാതെവരുന്നതും സംഘർഷങ്ങൾ ഉണ്ടാക്കുന്നുണ്ട്.
യുവാക്കൾ കൂടുതലായി ഇപ്പോൾ അടുത്തിടപഴകുന്നു. കൂടുതൽ ശാരീരികമായി അടുക്കുന്നു. ബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകൾ, ആഗ്രഹമില്ലാത്തപ്പോഴുള്ള ഗർഭധാരണം, ഒട്ടും സൗഹാർദ്ദപരമല്ലാത്ത നമ്മുടെ സ്ഥാപനങ്ങൾ എന്നതെല്ലാം യുവതീയുവാക്കളുടെ വൈകാരിക സമ്മർദ്ദത്തിനിടയാക്കുന്നുണ്ട്.

ലൈംഗികരോഗങ്ങൾ യുവാക്കളുടെ ഇടയിൽ വർദ്ധിക്കുന്നതായി സൂചനകളുണ്ട്. വിവാഹിതകളായ സ്ത്രീകളും പഴയതിനെ അപേക്ഷിച്ച് കൂടുതൽ ബന്ധങ്ങൾ ഏറ്റെടുക്കുന്നു. പ്രണയം തകരുമ്പോൾ അത് നേരിടാനുള്ള പ്രാപ്തിയോ സാമൂഹിക പിന്തുണയോ ഇവർക്ക് ലഭിക്കുന്നില്ല. മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുമ്പോൾ തന്നെ സംഘർഷങ്ങളെ നേരിടാനുള്ള പ്രാപ്തി പൊതുവേ യുവാക്കൾക്കുണ്ടാകുന്നില്ല. ഈ ദിശയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾ കുറച്ചു കൂടി വ്യാപകമാവുകയും പിന്തുണാ സംവിധാനങ്ങളുണ്ടാക്കുകയും ചെയ്യേണ്ടതുണ്ട്.

photo: wikimedia

സ്ത്രീപുരുഷദ്വന്ദ്വ മാതൃകയിലുള്ള കുടുംബ സങ്കൽപ്പത്തിന് പുറത്തു കടക്കാൻ എല്ലാവരും വെമ്പൽ കൊള്ളുന്നു. എന്നാൽ ലിംഗത്വത്തേയും അതിന്റെ വൈവിദ്ധ്യങ്ങളേയും പഴയ കള്ളികളിൽ നിന്ന് പുറത്തെടുത്ത് പരിശോധിക്കാനുള്ള അറിവോ സാഹചര്യമോ ലഭിക്കുന്നില്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള അധികാരബന്ധത്തെ കുറിച്ച് പറയുമ്പോഴും പൗരുഷത്തെയും അതിന്റെ മൂല്യങ്ങളേയും തള്ളിക്കളയാൻ കഴിയുന്നില്ല. അതിനായി ആൺകുട്ടികളും പുരുഷന്മാരും പരിശീലിപ്പിക്കപ്പെടുന്നില്ല. അതിനാൽ അകത്തേക്കോ പുറത്തേക്കോ വയലൻസ് തള്ളി പുറപ്പെടുന്നു. പ്രണയ തകർച്ചയിലും പ്രണയം നിലനിർത്തുമ്പോഴും ഇത് കാണാറുണ്ട്. ഈ വികാരത്തള്ളൽ അടക്കാനാവാതെ കൂട്ടുകാരികളോട് അക്രമം ചെയ്ത ഒരു യുവാവ് കുറ്റബോധം താങ്ങാനാവാതെ അടുത്തിടെ ആത്മഹത്യ ചെയ്തതായി അറിയാൻ കഴിഞ്ഞു.

കുട്ടികളുടെ മാനസിക പ്രശ്‌നങ്ങളും ആത്മഹത്യയുമൊക്കെ പരിഗണിക്കുമ്പോൾ അവരുടെ രക്ഷിതാക്കളുടെ ആരോഗ്യത്തിനും സമാധാനത്തിനും ഏറെ പ്രാധാന്യമുണ്ട്. കുട്ടികളുടെ പ്രശ്‌നങ്ങൾക്ക്, എപ്പോഴും മാതാപിതാക്കളുടെ നേരെയാണ് വിരൽ ചൂണ്ടുന്നത്. അവരുടെ അവസ്ഥ കൂടി ചേർത്തുവച്ചു മാത്രമേ ഇത് കാണാൻ കഴിയൂ. കുട്ടികളെ വളർത്തുന്നതിനുള്ള ഉപദേശം നൽകുന്നതിന് മുമ്പ് രക്ഷിതാക്കളുടെ സാഹചര്യവും മാനസികാരോഗ്യനിലയും മനസ്സിലാക്കേണ്ടതുണ്ട്. ഗാർഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളും കുട്ടികൾക്ക് വേണ്ടി വിവാഹമോചനം ഒഴിവാക്കാൻ നിർബ്ബന്ധിതരാവുന്നു. ഈ പ്രക്രിയയിൽ കുട്ടികൾ പങ്കാളികളാവുന്നുമില്ല. ചില കുട്ടികൾ ഒരു രക്ഷിതാവാണെങ്കിലും മതി, വീട്ടിൽ സമാധാനമുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. അമ്മയും അച്ഛനും ഒരുമിച്ചുണ്ടാകണം എന്നാഗ്രഹിക്കുന്ന കുട്ടികളുമുണ്ട്. നിലനിൽക്കുന്ന മൂല്യങ്ങൾ കുട്ടികളുടെ ആഗ്രഹത്തെയും സ്വാധീനിക്കുന്നു. കുടുംബപ്രശ്‌നങ്ങളിൽ കുട്ടികളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുക്കുകയും അവർക്ക് മനസ്സിലാകാത്ത കാര്യങ്ങളുണ്ടെങ്കിൽ അത് പറഞ്ഞുകൊടുക്കുകയും വേണം. കുടുംബങ്ങൾ ജനാധിപത്യവൽക്കരിക്കുക ഒക്കെ ഇതിന്റെ ഭാഗമായി വരും.
കുട്ടികളുടെ ആത്മഹത്യ അതിജീവിച്ച് വിഷമമനുഭവിക്കുന്ന ഉറ്റവരുടെ മാനസികാരോഗ്യത്തെയും പരിഗണിക്കേണ്ടതുണ്ട്. ഒരു വർഷത്തോളമെങ്കിലും അവർക്ക് കരുതൽ നൽകാൻ മറ്റുള്ളവർ ശ്രദ്ധിക്കണം. പ്രത്യേകിച്ച് അവർ ഒറ്റപ്പെട്ടവരാണെങ്കിൽ.

വരും തലമുറയുടെ മാനസികാരോഗ്യം മുൻഗണനകളിൽ പെടേണ്ട ഒന്നാണ്. പലയിടങ്ങളിലായി ചിതറി കിടക്കുന്ന മാനസികാരോഗ്യ പരിപാടികൾ മാറി വരുന്ന സാഹചര്യത്തിനനുസരിച്ച് ഏകോപിപ്പിക്കേണ്ടതുണ്ട്. മനോരോഗ ചികിത്സാ പദ്ധതി പൊതുജനാരോഗ്യത്തിന്റെ ഭാഗമാകണം. എല്ലാ ഘടകങ്ങളും പരിഗണിച്ചു കൊണ്ടുള്ള സമഗ്രമായ സമീപനമാണ് വേണ്ടത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. എ. കെ. ജയശ്രീ

കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി.

Comments