“ബ്രഹ്മാ സ്മൃത്വായുഷോ വേദം
പ്രജാപതിമജി ഗ്രഹൽ
സോശ്വിനൗ തൗ സഹ്യസാക്ഷം
സോ ത്രിപുത്രാദികാൻ മുനീൻ’’
- അഷ്ടാംഗഹൃദയം
സൃഷ്ടിയുടെ ആരംഭത്തിൽ ബ്രഹ്മാവ് വേദങ്ങളെ ഉണ്ടാക്കിയതിനുശേഷം ആയുർവേദത്തെ സൃഷ്ടിച്ച് ദക്ഷപ്രജാപതിയെ ഗ്രഹിപ്പിച്ചു. അദ്ദേഹം അശ്വിനീദേവന്മാരെ ഗ്രഹിപ്പിക്കുകയും അവർ ഇന്ദ്രനെ ഗ്രഹിപ്പിക്കുകയും ചെയ്തു. ധർമ്മച്യുതിയാലും കാമക്രോധാദി മനോദോഷങ്ങൾ നിമിത്തവും രോഗപീഡയനുഭവിക്കുന്ന സഹജീവികൾക്ക് ആശ്വാസം പകരാനുള്ള മാർഗ്ഗമന്വേഷിച്ച് ഭരദ്വാജൻ ഇന്ദ്രസമക്ഷത്തിൽ എത്തുന്നു. ഇന്ദ്രൻ ഭരദ്വാജനെ ദേവവൈദ്യമായ ആയുർവേദം അഭ്യസിപ്പിച്ച് ഭൂമിയിലേക്ക് തിരിച്ചയക്കുന്നു. ഭരദ്വാജൻ അത് ആത്രേയാദി മഹർഷിമാരെയും അവർ അഗ്നിവേശാദികളേയും ഗ്രഹിപ്പിച്ചു- ഇതാണ് ഭാരതീയ പൈതൃക ചികിത്സയായ ആയുർവേദത്തിന്റെ പശ്ചാത്തലത്തെ കുറിച്ച് പ്രാമാണിക ഗ്രന്ഥങ്ങളായ അഷ്ടാംഗഹൃദയവും ചരകസംഹിതയും പറയുന്നത്.
ക്രിസ്തുവിന് 200 വർഷങ്ങൾക്കു മുമ്പാണ് ചരകനും സുശ്രുതനും ജീവിച്ചിരുന്നത്. ബുദ്ധന്റെ കാലത്ത് ബുദ്ധഭിക്ഷുവായ വാഗ്ഭടൻ രചിച്ചതാണ് ഇന്നത്തെ BAMS പഠനത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളിൽ ഒന്നായ അഷ്ടാംഗഹൃദയം. സംസ്കൃത ശ്ലോകരൂപത്തിലുള്ള ഈ ഗ്രന്ഥത്തിന് എട്ട് അംഗങ്ങളാണുള്ളത്. പ്രഥമ അംഗമായ സൂത്രസ്ഥാനത്തിലെ ആയുഷ്കാമീയം എന്ന അദ്ധ്യായം തുടങ്ങുന്നത് രാഗാദികളായ രോഗങ്ങളെ നിശ്ശേഷമായി നശിപ്പിച്ച ആദിവൈദ്യന് സാംഷ്ടാംഗ നമസ്കാരം ചെയ്തു കൊണ്ടാണ്.
ആയുർവേദവും ഗ്രീക്ക് മെഡിസിനും തമ്മിലുള്ള സാമ്യം അത്ഭുതാവഹമാണ്. രോഗങ്ങൾ ദൈവിക ശിക്ഷയായും രോഗശാന്തി ഈശ്വരകൃപയായും പ്രാചീന ഗ്രീക്കുകാരും പ്രാക്തന ഭാരതീയ സമൂഹവും ഒരുപോലെ കരുതി. വൈദ്യത്തിന്റെ ദൈവമായി ഗ്രീക്കുകാർ എസ്ക്ലീപിയസിനെ ആരാധിച്ചപ്പോൾ ഭാരതീയർ ധന്വന്തരിയെ ആയുർവേദത്തിന്റെ ദൈവമായി പൂജിച്ചു. ആയുർവേദത്തിന്റെയും ഗ്രീക്ക് മെഡിസിന്റെയും താത്വിക അടിത്തറ ദോഷ സിദ്ധാന്തമാണ് (Humoral theory). ദേഹത്തിൽ നടക്കുന്ന പോഷകവും പാചകവും ചാലകവുമായ പ്രക്രിയകളെ നിയന്ത്രിക്കുന്നവയായി മൂന്നു ഭാവങ്ങൾ ഉണ്ടെന്നും അവയെ ദോഷങ്ങൾ എന്നും ആയുർവേദം പറയുന്നു. വാതം,പിത്തം,കഫം എന്ന ഈ ത്രിദോഷങ്ങളിൽ പ്രാണന്റെ നിലനിൽപ്പിന് ആധാരമായ വാതദോഷത്തിനാണത്രെ പ്രാമുഖ്യം. ഇതിൽ നിന്നായിരിക്കണം മരണപ്പെട്ടു എന്ന അർത്ഥത്തിൽ ‘കാറ്റു (വാതം) പോയി’ എന്ന നാട്ടുഭാഷാപ്രയോഗം നിലവിൽ വന്നത്. സാഹചര്യം അനുകൂലമായിരിക്കുമ്പോൾ ഇവ സമങ്ങളായിരുന്ന് ശരീരം അരോഗ്യാവസ്ഥയിലിരിക്കും. സാഹചര്യ വ്യത്യാസത്താൽ ദോഷങ്ങൾ വിഷമങ്ങളായിത്തീരുകയും ദേഹത്തിലെ ധാതുക്കളെയും മലങ്ങളേയും ദുഷിപ്പിക്കുകയും ചെയ്യുന്നതാണ് രോഗങ്ങൾക്കു നിദാനം. വൈദ്യൻ ദോഷങ്ങളെ സമങ്ങളാക്കി നിലനിർത്തുകയേ വേണ്ടൂ.
“സർവേഷാ മേവ രോഗാണാം
നിദാനം കുപിതാ മല:”
സർവ്വരോഗങ്ങൾക്കും ഹേതു ത്രിദോഷ കോപമാണ്! സാങ്കൽപിക ഘടകങ്ങളായ വാതം, പിത്തം, കഫം എന്നിവയുടെ അസന്തുലനമാണ് മനുഷ്യരെ ബാധിക്കുന്ന എല്ലാ രോഗങ്ങൾക്കും കാരണം എന്ന വിശ്വാസമാണ് ഭാരതീയ പാരമ്പര്യ ചികിത്സയായ ആയുർവേദത്തിന്റെ ‘ശാസ്ത്രം’. വാതാദി ദോഷങ്ങൾക്ക് തെളിവുകളോ അവയെ കണ്ടെത്താൻ മാർഗ്ഗങ്ങളോ ഇല്ല. ശാസ്ത്രം കാരകമല്ല, ബോധകമാണ് എന്നത്രെ പ്രാമാണിക ഗ്രന്ഥങ്ങൾ പറയുന്നത്. നിരന്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടും തെളിവടിസ്ഥാനത്തിൽ തിരുത്തിയും നവീകരിച്ചും വളരുന്നതാണ് യഥാർത്ഥ ശാസ്ത്രം അഥവാ സയൻസ്. അത് മൗലികവും നിർമുക്തവും സാർവജനീനവും സന്ദേഹാത്മകവും പൊതു അഭിഗമ്യവുമായിരിക്കും. ഒരു ശാസ്ത്ര ശാഖക്കും ബദൽ സാധ്യമല്ല. കപടശാസ്ത്രങ്ങൾക്ക് അനന്ത സാധ്യതകളുണ്ട്. ചോദ്യങ്ങളോട് അസഹിഷ്ണുത പുലർത്തുകയും കണ്ണടച്ചു വിശ്വസിക്കാൻ ആജ്ഞാപിക്കുകയും ചെയ്യുന്ന കെട്ടുകഥകളും മിത്തുകളും ശാസ്ത്രമല്ല.

ആയുർവേദ ദർശനത്തിലെ ത്രിദോഷ സങ്കൽപത്തിനു സമാനമായി ഗ്രീക്കുവൈദ്യം നാലു ദ്രവങ്ങളെയാണ് (Humoral theory) മുന്നോട്ടു വെക്കുന്നത്. രക്തം, മഞ്ഞപ്പിത്തം, കറുത്ത പിത്തം, കഫം എന്നിവയാണ് ഈ നാലു ദോഷങ്ങൾ (Humors). ഇവയുടെ അസന്തുലനമാണ് സർവ്വരോഗങ്ങൾക്കും ഹേതു.
ഹിപ്പോക്രാറ്റസും (460-375 BCE) പ്ലേറ്റോയുമാണ് ഗ്രീക്ക് മെഡിസിനെ സുസംഘടിതമാക്കുകയും വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ദൈവീകവും പ്രപഞ്ചാതീതവുമായ കാരണങ്ങളാണ് സർവ്വ പീഡാനുഭവങ്ങൾക്കും രോഗങ്ങൾക്കും കാരണമെന്ന പ്രാചീന ഗ്രീക്ക് വിശ്വാസത്തെ തിരുത്തുകയും ഭൗതിക കാരണങ്ങളാണ് രോഗഹേതു എന്നു സ്ഥാപിക്കുകയും ചെയ്തതാണ് ഹിപ്പോക്രാറ്റസിന്റെ മഹത്വം. അതുകൊണ്ടു തന്നെയാണ് അദ്ദേഹം വൈദ്യശാസ്ത്രപിതാവായി അറിയപ്പെടുന്നതും.
ബി.സി 129 -നും എ.ഡി 216 നും ഇടയിൽ ജീവിച്ച മറ്റൊരു പ്രമുഖ വൈദ്യനായ ഗാലൻ ഗ്രീക്കുവൈദ്യത്തെ വിപുലീകരിച്ചു. ഈ ഗ്രീക്കു വൈദ്യത്തിന്റെ തുടർച്ച തന്നെയാണ് ഹാനിമാൻ, ‘അന്യരെ വേദനപ്പിക്കുന്ന ചികിത്സ’ എന്ന് ധ്വനിയുള്ള അലോപ്പതി എന്ന പേരിട്ട് അപഹസിച്ച മധ്യകാല യൂറോപ്യൻ വൈദ്യവും. ഈ അർത്ഥത്തിൽ അലോപ്പതി എന്ന പേര് ഇന്ന് ഏറെ ചേരുന്നത് ആയുർവേദത്തിനാണ്. ഗ്രീക്ക് മെഡിസിന്റെ വകഭേദമാണ് ഇസ്ലാമിക് മെഡിസിൻ. ആയുർവേദ പ്രപഞ്ച സങ്കൽപവും ഗ്രീക്ക് മെഡിസിന്റെ പ്രപഞ്ചസങ്കൽപവും തമ്മിൽ സാധർമ്യമുണ്ട്. പ്രപഞ്ചവും മനുഷ്യശരീരവും ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നീ പഞ്ചഭൂതങ്ങളാൽ (Elements) നിർമിതമാണെന്ന സങ്കൽപനം ആയുർവേദം മുന്നോട്ടുവെക്കുമ്പോൾ ഗ്രീക്ക് വിശ്വാസമനുസരിച്ച് ഭൂമി, ജലം, വായു, അഗ്നി എന്നീ നാല് അടിസ്ഥാന മൂലകങ്ങളാണുള്ളത്. വായുവും ആകാശവും ചേർന്ന് വാതദോഷവും അഗ്നിയും ജലവും ചേർന്ന് പിത്തദോഷവും ഭൂമിയും ജലവും ചേർന്ന് കഫദോഷവും ഉണ്ടാകുന്നു എന്ന് ആയുർവേദം സിദ്ധാന്തിക്കുന്നു.
നാല് അടിസ്ഥാന പ്രാപഞ്ചിക മൂലകങ്ങൾക്കൊപ്പം നാല് ഋതുക്കൾ യോജിച്ചാണ് ഗ്രീക്ക് വൈദ്യത്തിലെ ഹ്യൂമറുകൾ ഉണ്ടാകുന്നത്. വായുവും വസന്തവും ചേർന്ന് രക്തവും, അഗ്നിയും ഗ്രീഷ്മവും യോജിച്ച് യെല്ലോ ബൈലും, ഭൂമിയും ഹേമന്തവും ഒന്നിച്ചുചേർന്ന് ബ്ലാക് ബൈലും ജലവും ശിശിരവും കൂടിച്ചേർന്ന് ഫ്ലെമ്മും (phlegm) സൃഷ്ടിക്കപ്പെട്ടി രിക്കുന്നു. രണ്ടു പ്രാകൃത വിശ്വാസ വൈദ്യരീതികളിലെ ചികിത്സകൾ തമ്മിലും സാമ്യം ഏറെയാണ്. രക്തമോക്ഷവും പ്രാർത്ഥനയും ഔഷധികളും രണ്ടു ധാരയിലുമുണ്ട്. മന്ത്രവാദവും ഹെർബൽ ‘മരുന്നു’കളും വൈദിക പാരമ്പര്യത്തിന്റെയും സെൽറ്റിക് ട്രഡിഷന്റെയും (Celtic tradition- അയർലന്റ്, സ്കോട്ട്ലൻഡ്, വെയിൽസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ പാഗൻ സംസ്കാരം) അഭേദ്യ ഭാഗമാണ്.
മനുഷ്യശരീരം പ്രവർത്തിക്കുന്നത് അഗ്നിയും ജലവും തമ്മിലുള്ള കോസ്മിക് ബാലൻസിന്റെ അടിസ്ഥാനത്തിലാണെന്നത് പ്രാചീന യൂറോപ്യൻ വിശ്വാസം. ഔഷധ വീര്യത്തെ ഉഷ്ണം,ശീതം എന്ന് സുശ്രുതൻ വിഭജിച്ചിരിക്കുന്നത് ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്. രണ്ടു വൈദ്യ പുരാവൃത്തങ്ങളിലും ദിവ്യ വൈദ്യന്മാരായ ഇരട്ടകളെ കുറിച്ച് സൂചനയുണ്ട്. ആകാശ ദൈവമായ ദിയൂസിന്റെ (Dyaus) ഇരട്ടസന്താനങ്ങളായ അശ്വിനീ കുമാരന്മാരെ ആയുർവേദം പരിചയപ്പെടുത്തുമ്പോൾ ആകാശ ദൈവമായ സിയൂസിന്റെ (Zeus) ഡയസ്ക്യുറി (Dioscuri) ഇരട്ടകളെ (Castor and Pollux- Gemini) ഗ്രീക്ക് മെഡിസിൻ വിഭാവനം ചെയ്യുന്നു.

ആര്യവൈദ്യവും ഗ്രീക്കു വൈദ്യവും തമ്മിലുള്ള അവിശ്വസനീയ സാദൃശ്യം യാദൃച്ഛികമല്ല, ചരിത്രപരമാണ്, ആര്യൻ ദേശാന്തരഗമനവുമായി ബന്ധപ്പെട്ടതാണ്. വെങ്കലയുഗത്തിൽ ആദിമ ഇൻഡോ- യൂറോപ്യൻ ഭാഷ സംസാരിച്ചിരുന്ന ഇടയസമൂഹങ്ങൾ പോൺടിക്-കാസ്പിയൻ സ്റ്റെപ്പി (ഇന്നത്തെ റഷ്യ, ഉക്രയിൻ) ഭൂപ്രദേശങ്ങളിൽ നിന്നും തെക്കൻ ഏഷ്യയിലേക്കും യൂറോപ്പിലേക്കും വലിയ തോതിൽ കുടിയേറുകയുണ്ടായി. യൂറോപ്പിലേക്കുള്ള സ്റ്റെപ്പി ജനതയുടെ വ്യാപനം 3000 ബി.സി യോടെയും ഇന്ത്യയിലേക്കുള്ള കുടിയേറ്റം 2000-1600 ബി.സി യോടെയുമാണ് സംഭവിക്കുന്നത്. ഒരേ ഭാഷാ വേരുകളും അശ്വരഥ സാങ്കേതികവിദ്യയും ഗോത്രാധിപത്യ ഇടയ പാരമ്പര്യവും പൗരാണിക ഇന്ത്യയുടേയും യൂറോപ്പിേന്റയും ജനിതകപരവും സാംസ്കാരികവുമായ ഭൂദൃശ്യത്തെ പുനർ നിർമ്മിച്ചു. യംനായ സ്റ്റെപ്പി പാസ്ചറൽ സംസ്കാരം സെൽറ്റിക്, ജർമ്മാനിക്, സ്ലാവിക്, ഇറ്റാലിക്, ഗ്രീക്ക് ഭാഷാ കുടുംബങ്ങൾക്ക് രൂപം നൽകി. സിന്ധു നദീതട സംസ്കാരത്തിന്റെ അപചയ കാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കൻ സമതലപ്രദേശങ്ങളിലേക്ക് കുടിയേറിയ സമൂഹം പ്രാദേശിക നായാടി സമൂഹവുമായും പ്രാചീന ഇറാനിയൻ കർഷകസമൂഹവുമായും ഇടകലർന്ന് വൈദികസംസ്കാരത്തിനും സംസ്കൃതഭാഷക്കും ആചാരാനുഷ്ഠാന രീതികൾക്കും രൂപം നൽകി. സംസ്കൃതവും ലാറ്റിൻ,ഗ്രീക്ക്, ജർമ്മൻ, സെൽറ്റിക് തുടങ്ങിയ യൂറോപ്യൻ ഭാഷകളും ഒരേ ഭാഷാപൈതൃകം പേറുന്നതിനാൽ സാമ്യം ഏറെയുണ്ട്.
രണ്ടു സംസ്കാരങ്ങളും ഒരേ പുരാവൃത്തങ്ങളും അനുശാസനങ്ങളും സർവ്വദേവഗണങ്ങളും (Pantheons) ആദിമ ചികിത്സകളും ( Ayurveda and Greek Medicine) പങ്കുവെക്കുന്നു. സംസ്കൃതത്തിന്റെ ആകാശദേവനായ ‘ഡിയൂസ് പിതൃ’ ആണ് ഗ്രീക്കിലെ സിയൂസ് പറ്റർ(Zeus Pater),ലാറ്റിനിലെ ജൂപ്പിറ്റർ. ഇന്ത്യൻ മിത്തോളജിയിലെ ഇന്ദ്രനും നോർസ് മിത്തോളജിയിലെ തോറും(Thor)ഇടിമിന്നലിന്റെ ദേവന്മാരാണ്.

ഹിപ്പോക്രാറ്റസ് തുടക്കം കുറിക്കുകയും ഗാലൻ(Galen of Pergamon) നവീകരിക്കുകയും ചെയ്ത ഗ്രീക്ക് മെഡിസിൻ 1300 വർഷങ്ങളോളം യൂറോപ്പിൽ ശക്തമായി നിലകൊണ്ടു. എന്നാൽ 14 -ാം നൂറ്റാണ്ടോടു കൂടി ഈ വിശ്വാസ ചികിത്സയുടെ അനുശാസനങ്ങൾ അപ്രസക്തമാവുകയും കാലഹരണപ്പെടുകയും ക്രമേണ അപ്രത്യക്ഷമാവുകയും ചെയ്യാൻ തുടങ്ങി. പ്ലേഗ് പോലുള്ള മാരകമായ സാംക്രമികരോഗങ്ങൾ മധ്യകാല യൂറോപ്പിൽ മരണക്കൊയ്ത്തുകൾ നടത്തുമ്പോൾ(Black Death) ഗ്രീക്ക് വൈദ്യത്തിന്റെ അന്ത:സ്സാര ശൂന്യത അനാവരണം ചെയ്യപ്പെട്ടു. പകർച്ചവ്യാധികളെ തടയാനോ ചികിത്സിക്കാനോ പ്രാകൃത ചികിത്സാസങ്കൽപങ്ങൾക്കാവില്ല എന്ന് നിരന്തരം തെളിയിക്കപ്പെട്ടു. ദോഷ സിദ്ധാന്തം പോലെയുള്ള തെളിവുകളില്ലാതെ വെറുതെ ഉരുവിട്ടു പഠിക്കുന്ന മൂഢസിദ്ധാന്തങ്ങൾ നിരർത്ഥകമാണെന്ന് തിരിച്ചറിയപ്പെട്ടു. പാശ്ചാത്യ സമൂഹം അനുക്രമം പ്രായോഗിക നിരീക്ഷണങ്ങളിലേക്കും യുക്തിപരമായ പുത്തൻ ചികിത്സാമാർഗ്ഗങ്ങളിലേക്കും തിരിയാൻ തുടങ്ങി.
നവോത്ഥാന കാലഘട്ടത്തിൽ വ്യവസ്ഥാനുസൃതമായ മനുഷ്യശരീര പഠനങ്ങളും ശാസ്ത്രീയമായ രോഗപഠനങ്ങളും ആരംഭിച്ചു. ഇതിൽ പ്രമുഖർ വില്യം ഹാർവെയും വെസേലിയസുമാണ്. രക്തചംക്രമണം കണ്ടെത്തുന്നതും ഹൃദയം ഒരു സങ്കീർണ പമ്പാണെന്ന്(ആയുർവേദ സങ്കൽപമനുസരിച്ച് മനസ്സ് ഹൃദയത്തിലാണ് കുടികൊള്ളു ന്നത് !) മാനവരാശിയെ ആദ്യമായി പഠിപ്പിക്കുന്നതും വില്യം ഹാർവെയാണ് (1628). ആധുനിക വൈദ്യശാസ്ത്രത്തിന്റെ സൂര്യോദയം ഇവിടെ തുടങ്ങുന്നു.
14-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഗ്രീക്ക് മെഡിസിൻ അസ്തമിച്ചിട്ടും ഇരട്ട സോദരനായ ആയുർവേദം എന്തുകൊണ്ട് ഇന്നും ഇന്ത്യയിൽ (ചില ബ്രിക് രാജ്യങ്ങളിലും) നിലനിൽക്കുന്നു എന്ന ചോദ്യം സ്വാഭാവികമാണ്. ഇന്ത്യയിലെ സങ്കീർണമായ മത-രാഷ്ട്രീയ സാഹചര്യങ്ങൾ ഒരു പ്രധാന കാരണമായി മനസ്സിലാക്കാം. നമ്മുടെ വിശ്വാസങ്ങളും സാംസ്കാരിക ചിഹ്നങ്ങളും ചിന്തകളും വൈദികകാലഘട്ടത്തിൽ ഘനീഭവിച്ചു പോയിരിക്കു ന്നു. വേദങ്ങൾ പോലുള്ള പ്രാചീന അറിവുകൾ പോലും വർണാശ്രമ ധർമ്മത്തിന്റെ പേരിൽ മഹാഭൂരിപക്ഷത്തിനും നിഷേധിക്കപ്പെട്ടിരുന്നു. പാശ്ചാത്യരാജ്യങ്ങൾക്കു സമാനമായി സ്വതന്ത്ര ചിന്തയും ബൗദ്ധിക വ്യായാമങ്ങളും ഇവിടെ വികസിച്ചു വന്നില്ല. അധിനിവേശമായിരുന്നെങ്കിലും ബ്രിട്ടീഷ് ആധിപത്യാനന്തരമാണ് സവർണ ബാഹ്യ സമൂഹത്തിന് ജാത്യാടിമത്തത്തിൽ നിന്നു മോചനവും മനുഷ്യൻ എന്ന അംഗീകാരവും ലഭിക്കുന്നത്. വിദ്യാഭ്യാസവും ഇംഗ്ലീഷ് പഠനവും ബാഹ്യലോകത്തേക്കും സയൻസിലേക്കും പാലം പണിതു. എങ്കിലും നാം എന്നും സാംസ്കാരിക മഹത്വത്തെ കുറിച്ച് ഊറ്റം കൊണ്ടു, സാങ്കൽപ്പിക സുവർണ ഗതകാല സ്വപ്നങ്ങളിൽ അഭിരമിച്ചു. മതാധിഷ്ഠിത രാഷ്ട്രീയാധികാരം കൾച്ചറൽ ഐഡന്റിറ്റിയെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ട് രാഷ്ട്രത്തെ തന്ത്രപൂർവ്വം ഭൂതകാലത്തിലേക്ക് ആനയിക്കുകയാണ്. ആയുർവേദം എന്ന ഉപവേദം മാത്രമല്ല, പശു എന്ന ഡൊമസ്റ്റിക്കേറ്റഡ് അനിമലും ഇന്നൊരു ചികിത്സാരീതിയായി (Cowpathy) രൂപം കൊണ്ടു കഴിഞ്ഞു!
‘ൻ്റുപ്പൂപ്പാക്കൊരു ആനണ്ടാർന്നു’ എന്ന ബഷീറിയൻ ഐറണി പോലും മലയാളിയടക്കമുള്ള ഇന്ത്യക്കാർ ഗൃഹാതുരത്വത്തോടെ താലോലിക്കുകയാണ്. ആന വെറും കുഴിയാനയായിരുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നില്ല.
Read: ഒരു വര്‍ഷത്തെ
സര്‍ട്ടിഫിക്കറ്റ് കോഴ്‌സും
ആധുനിക വൈദ്യശാസ്ത്രവും
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

