ആത്മഹത്യ, ആത്മഹത്യാശ്രമം എന്നിവ സമൂഹത്തിലെ പ്രധാനപ്പെട്ട പൊതു സാമൂഹ്യ - ആരോഗ്യ പ്രശ്‌നങ്ങളായി സമൂഹവും സർക്കാരും അംഗീകരിക്കുകയാണ് ഇപ്പോൾ ആവശ്യം. Photo: Unsplash

ആത്മഹത്യക്കൊരുങ്ങുന്ന മനുഷ്യർക്കു മുന്നിൽ
​തോറ്റുപോകുന്ന കേരളം

ഓരോ ആത്മഹത്യയും ഗുരുതരമായ ആത്മഹത്യാശ്രമവും 10 വ്യക്തികളെ നേരിട്ട് ബാധിക്കുന്നുവെന്ന് സങ്കൽപ്പിക്കുക, അപ്പോൾ കേരളത്തിൽ കുറഞ്ഞത് 16 ലക്ഷം ആളുകളെങ്കിലും ആത്മഹത്യയുടെ നേരിട്ടും അല്ലാതെയും ഉള്ള പ്രയാസമനുഭവിക്കുന്നു. എന്നാൽ, ആത്മഹത്യയും ആത്മഹത്യാ ശ്രമങ്ങളും സൃഷ്ടിക്കുന്ന പൊതുജനാരോഗ്യ പ്രതിസന്ധി അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെടുകയാണ്​ കേരളവും കേരളീയ പൊതുസമൂഹവും.

കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്താണ് വളപട്ടണം. 2011 ലെ സെൻസസ് പ്രകാരം ഇവിടെ 7955 പേർ താമസിക്കുന്നു. ഓരോ വർഷവും വളപട്ടണം പഞ്ചായത്തിലെ മുഴുവൻ ജനസംഖ്യയ്ക്കും തുല്യമായ എണ്ണം ആളുകൾ നമ്മുടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നു. ദിവസവും ഏതാണ്ട് 24 പേർ ജീവിതം അവസാനിപ്പിക്കുന്നു. ഇതിൽ പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ, പ്രൊഫഷണലുകൾ, തൊഴിലില്ലാത്തവർ, വിദ്യാർത്ഥികൾ, കുട്ടികൾ, വീട്ടമ്മമാർ തുടങ്ങി എല്ലാത്തരം വ്യക്തികളും ഉണ്ടാകും. പൂർത്തിയായ ഓരോ ആത്മഹത്യയും കണക്കിലെടുത്താൽ, കുറഞ്ഞത് 20 വ്യക്തികളെങ്കിലും ജീവിതം അവസാനിപ്പിക്കാൻ ഗൗരവമായി ശ്രമിച്ചിരിക്കാം. ഇതിനർത്ഥം, കുറഞ്ഞത് ഒന്നര ലക്ഷത്തോളം ആളുകളെങ്കിലും ഒരു വർഷത്തിൽ ഗുരുതരമായ ആത്മഹത്യാശ്രമങ്ങൾ നടത്തിയിരിക്കാം എന്നാണ്. ആത്മഹത്യയും ഗുരുതരമായ ആത്മഹത്യാശ്രമങ്ങളും നിരവധി ആളുകളുടെ ജീവിതത്തെ എന്നെന്നേക്കുമായി ബാധിക്കുന്നു. ഓരോ ആത്മഹത്യയും ഗുരുതരമായ ആത്മഹത്യാശ്രമവും 10 വ്യക്തികളെ നേരിട്ട് ബാധിക്കുന്നുവെന്ന് സങ്കൽപ്പിക്കുക, അപ്പോൾ കേരളത്തിൽ കുറഞ്ഞത് 16 ലക്ഷം ആളുകളെങ്കിലും ആത്മഹത്യയുടെ നേരിട്ടും അല്ലാതെയും ഉള്ള പ്രയാസങ്ങൾ അനുഭവിക്കുന്നു. ആത്മഹത്യയും ആത്മഹത്യാ ശ്രമങ്ങളും സൃഷ്ടിക്കുന്ന പൊതുജനാരോഗ്യ പ്രതിസന്ധിയുടെ തീവ്രത ഇതു കാണിക്കുന്നു.

ഇന്ത്യ: സ്ത്രീആത്മഹത്യയുടെ ലോക കേന്ദ്രം

ആഗോള സ്ത്രീആത്മഹത്യയുടെ 40 % വും ഇന്ത്യയിലാണ്. ചെറുപ്പക്കാർക്കിടയിൽ ഏറ്റവും പ്രധാന മരണകാരണം ഇന്ന് ആത്മഹത്യയാണ്. ആത്മഹത്യ ഒരു ക്രിമിനൽ കുറ്റമല്ലാതാക്കിയിട്ട്​ ഏതാണ്ട് അഞ്ചു വർഷമായെങ്കിലും (29, മെയ്, 2018) ഇന്നും ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ മാത്രമാണ് രാജ്യത്തെ ആത്മഹത്യയുടെ തോതും ഘടകങ്ങളും മനസ്സിലാക്കാനുള്ള ഏക മാർഗം എന്നതു തന്നെ മാനസികാരോഗ്യത്തോട് കേന്ദ്ര സർക്കാരുകൾ കാണിക്കുന്ന തികഞ്ഞ അവഗണന എടുത്തുകാണിക്കുന്നു. ദേശീയതലത്തിൽ, ആരോഗ്യത്തിനായി ചെലവഴിക്കുന്നത് വളരെ തുച്ഛമായ പണമാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നു ശതമാനം മാത്രമാണ് ഇന്ത്യ ആരോഗ്യത്തിന്​ ചെലവഴിക്കുന്നത്. സർക്കാർ പൊതുമേഖലയിൽ ചെലവാക്കുന്നത് ആഭ്യന്തര ഉത്പാദനത്തിന്റെ 1.8 ശതമാനം മാത്രമാണ്. ആരോഗ്യ ബഡ്ജറ്റിൽ നിന്ന്​ തുച്ഛമായ പങ്കു മാത്രമേ മാനസികാരോഗ്യ മേഖലക്ക് ലഭിക്കുന്നുള്ളൂ. 2022ലെ കേന്ദ്ര ആരോഗ്യ ബഡ്ജറ്റിന്റെ 0.8% മാത്രമാണ് ദേശീയ സർക്കാർ മാനസികാരോഗ്യത്തിന്​ നീക്കി വെച്ചിട്ടുള്ളത്. നമ്മൾ നേരിടുന്ന വെല്ലുവിളികളെ നോക്കുമ്പോൾ ഇത് പരമ ദയനീയം എന്നേ പറയാൻ പറ്റൂ. തുച്​ഛമായ മാനസികാരോഗ്യ ബജറ്റിന്റെ 94% ത്തിലധികം രണ്ടു വമ്പൻ ചികിത്സ- ഗവേഷണ സ്ഥാപനങ്ങളിലേക്ക് പോകുകയും ചെയ്യുമ്പോൾ, ഭേദപ്പെട്ട ഒരു ദേശീയ പദ്ധതിയും സാധ്യമാവുന്നുമില്ല.

പതിനായിരം പേരുടെ ജീവൻ ഓരോ വർഷവും നഷ്ടപ്പെടുന്ന സ്ഥിതിയിലെത്തിയിട്ടും എന്താണ് നമ്മുടെ ‘വകുപ്പുകളും അധികാരികളും' ചെയ്യുന്നത് Photo: Pixabay

പരാജയപ്പെടുന്ന കേരളം

ആരോഗ്യരംഗത്ത് ഏറെ കരുതലോടെ ഒരുപാടു പദ്ധതികൾ നടപ്പാക്കാനും ആരോഗ്യ സാമൂഹ്യ സേവനം മെച്ചപ്പെടുത്താനുമുള്ള കാര്യമായ ശ്രമം കേരളത്തിൽ കാണാം. മുൻപൊരിക്കലും ഉണ്ടാവാത്തത്ര സാമ്പത്തിക നിക്ഷേപവും ഈ മേഖലയിലുണ്ടായിട്ടുണ്ട്. പ്രയാസമനുഭവിക്കുന്നവർക്ക് കൗൺസിലിംഗ് നൽകാനും അവശതകളും പാർശ്വവത്കരണവും അനുഭവിക്കുന്ന ജന വിഭാഗങ്ങൾക്ക്​ സഹായം വർധിപ്പിക്കാനും ജില്ലാ മാനസികാരോഗ്യ പരിപാടി വ്യാപിപ്പിക്കാനും സർക്കാരിന് കഴിഞ്ഞെങ്കിലും മാനസികാരോഗ്യരംഗത്ത് കാതലായ മാറ്റമുണ്ടാക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണ്. വിദ്യാഭ്യാസത്തിൽ പിന്നിൽ പോയവർ, തൊഴിലില്ലാത്തവർ, വരുമാനം കുറവുള്ള തൊഴിലിലേർപ്പെടുന്നവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, സാമൂഹ്യ-വിവര മൂലധനം ഒട്ടുമില്ലാത്തവർ, വേണ്ട സമയത്ത്​ ജീവൻരക്ഷാ മാനസിക സേവനങ്ങൾ ലഭിക്കാത്തവർ തുടങ്ങിയവർ ആത്മഹത്യ ചെയ്തവരിൽ കൂടുതലായി ഉണ്ടെന്നുകാണാം. സാമൂഹ്യഘടനയും സാമ്പത്തിക വിടവുകളും ഇക്കാര്യത്തിൽ ഏറെ സംഗതമാണെങ്കിലും നവകേരള സൃഷ്ടിക്കായുള്ള സി.പി.എം രേഖയിൽ (2022) മാനസികാരോഗ്യത്തെകുറിച്ച്​ ഒരു വാക്കുപോലും പറയുന്നില്ല എന്നത് ഈ ഭരണ അവഗണനയുമായി ചേർത്തുവായിക്കേണ്ടതാണ്.

ആത്മഹത്യ കുറക്കാൻ ലക്ഷ്യമിട്ടുള്ള പോളിസിയോ പദ്ധതിയോ കേന്ദ്ര സർക്കാരിനില്ല. കേരളവും ഒരു പോളിസിയും പ്രോഗ്രാമും ഉണ്ടാക്കിയിട്ടില്ല. ഗൗരവമായ പൊതുആരോഗ്യ പ്രശ്‌നമായിട്ടും ആത്മഹത്യ പ്രതിരോധത്തിന്​ ഒരു പോളിസിയും പദ്ധതിയും ഇല്ല എന്നത് സർക്കാർ കാഴ്ചപ്പാടിന്റെ കടുത്ത പരാജയം തന്നെയാണ്.

ആത്മഹത്യ, ആത്മഹത്യാശ്രമം, സ്വയം ഉപദ്രവിക്കൽ (മരണാഗ്രഹമില്ലാത്ത സ്വയം ഉപദ്രവിക്കൽ) എന്നിവയെല്ലാം നമ്മുടെ സമൂഹത്തിലെ വളരെ പ്രധാനപ്പെട്ട പൊതു സാമൂഹ്യ - ആരോഗ്യ പ്രശ്‌നങ്ങളായി സമൂഹവും സർക്കാരും അംഗീകരിക്കുകയാണ് ഇപ്പോൾ ആവശ്യം. സമൂഹത്തിന്റെയും ഭരണ സംവിധാനങ്ങളുടെയും വിവിധ സേവനമേഖലകളുടെയും കൂട്ടായ ഇടപെടലുകൾ അത്യാവശ്യമായ സ്ഥിതിയാണ് ഇന്നുള്ളത്. കൃത്യമായ ലക്ഷ്യങ്ങളും ലക്ഷ്യത്തിലെത്താനുള്ള മാർഗങ്ങളും അതിനായുള്ള കർമപദ്ധതികളും രൂപീകരിക്കേണ്ടതുണ്ട്. ലോകത്തെ പല രാജ്യങ്ങളും മാനസികാരോഗ്യത്തിന് പ്രത്യേക വകുപ്പുണ്ടാക്കുകയും ആത്മഹത്യാ പ്രതിരോധത്തിനുമാത്രമായി മന്ത്രിമാരെ നിയമിക്കുകയും ചെയ്യുന്നത്​, സൂചിപ്പിക്കുന്നത്​ മുൻഗണകളിൽ വരുന്ന മാറ്റത്തെയാണ്. ആത്മഹത്യ കുറക്കാൻ ലക്ഷ്യമിട്ടുള്ള പോളിസിയോ പദ്ധതിയോ കേന്ദ്ര സർക്കാരിനില്ല. കേരളവും ഒരു പോളിസിയും പ്രോഗ്രാമും ഉണ്ടാക്കിയിട്ടില്ല. ഗൗരവമായ പൊതുആരോഗ്യ പ്രശ്‌നമായിട്ടും ആത്മഹത്യ പ്രതിരോധത്തിന്​ ഒരു പോളിസിയും പദ്ധതിയും ഇല്ല എന്നത് സർക്കാർ കാഴ്ചപ്പാടിന്റെയും മുൻഗണന തീരുമാനിക്കുന്നതിലെയും കടുത്ത പരാജയം തന്നെയാണ്.

ആത്മഹത്യക്കു ശ്രമിക്കുന്നവർ ജീവിതം അവസാനിപ്പിക്കാൻ തന്നെയാണ് ശ്രമിക്കുന്നത് എന്നുകരുതി ഇടപെടുന്നതാണ് അഭികാമ്യം. Photo: Pexels

വർധിക്കുന്ന ആത്മഹത്യകൾ

കേരളത്തിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തിന് 16 ആയി കുറയ്ക്കാനാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (യു.എൻ എസ്.ഡി.ജി) പരിപാടി പ്രകാരം സംസ്ഥാന സർക്കാർ 2016 ൽ ലക്ഷ്യമിട്ടത്. എന്നാൽ 2016 -ൽ 21 .6 ആയിരുന്ന ആത്മഹത്യാനിരക്ക് 2021 ലെ കണക്കു പ്രകാരം 26.9 ആണ്. ആത്മഹത്യാ പ്രതിരോധത്തിലും പൊതു മാനസികാരോഗ്യം സംരക്ഷിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്നുവേണം അനുമാനിക്കാൻ. കോവിഡിനുമുൻപുള്ള വർഷങ്ങളിലും ആത്മഹത്യാനിരക്ക് ക്രമേണ വർധിക്കുകയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

കേരളം കടന്നുപോകുന്ന സാമൂഹ്യവും സാമ്പത്തികവും സാങ്കേതികവും സാംസ്‌കാരികവുമായ മാറ്റങ്ങൾ നിത്യജീവിതത്തിലും ബന്ധങ്ങളിലും സ്വപ്നങ്ങളിലും പ്രതീക്ഷകളിലും സ്വത്വബോധത്തിലുമൊക്കെ എങ്ങനെ പ്രതിഫലിക്കുന്നു, ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്ന്​ മോചനം തേടുന്നവർ, ലഭ്യമായ വിദ്യാഭ്യാസ അവസരങ്ങളിൽ അർത്ഥവും കാമ്പും കണ്ടെത്താൻ പറ്റാത്തവർ, ചെയ്യുന്ന തൊഴിലിൽ ഒട്ടും സംതൃപ്തിയില്ലാത്തവർ, ബന്ധങ്ങൾ ബന്ധനങ്ങളായി ശ്വാസം മുട്ടി ജീവിക്കുന്നവർ, സാമൂഹ്യമായ ഇഴകൾ അഴിഞ്ഞും പൊഴിഞ്ഞും പോയവർ, തൊലി നിറത്തിന്റെയും, ശരീരത്തിന്റെയും ‘ഭംഗി’യുടെ സാമൂഹ്യ അളവുകോലുകളിൽ തട്ടിവീണ്​ അദൃശ്യരായി ജീവിക്കാനാഗ്രഹിക്കുന്നവർ, വർധിക്കുന്ന സാമ്പത്തിക അന്തരങ്ങൾക്കൊപ്പം കൂടിവരുന്ന ‘അനുഭവ ദാരിദ്ര്യവും' ‘അവസര ദാരിദ്രവും' മൂലം ആത്മാഭിമാനത്തിൽ നിരന്തരമായി മുറിവേൽക്കുന്നവർ, മറ്റുള്ളവരുടെ അമിത പ്രതീക്ഷകളുടെ കടുത്ത ഭാരം ചുമക്കുന്നവർ, അസമത്വവും അനീതിയും അവഗണയും മൂലം ജീവന്റെ ഇന്ധനമായ അന്തസ്സ് വറ്റിപ്പോകുന്നവർ, മാനസിക രോഗം മൂലം എല്ലായിടത്തുനിന്നും മാറ്റിനിർത്തപ്പെടുന്നവർ, ആരോഗ്യകരമായ ആനന്ദങ്ങളും ഉള്ളു തൊടുന്ന ആശയങ്ങളും ആശ്രയമാകുന്ന ഉള്ളടുപ്പങ്ങളും ഇല്ലാതാകുമ്പോൾ നിരാസത്തിന്റെ മറുപുറമായി രാസലഹരിയിൽ ജീവിതം അഴിച്ചുവിടുന്നവർ തുടങ്ങിയവരെ എല്ലാം മനസിലാക്കാനും ഉൾകൊള്ളാനും കഴിയുന്ന സമഗ്രമായ, ആധുനിക മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന, മനസ്സിന്റെയും ശരീരത്തിന്റെയും രൂപ- ഭാവ- പ്രയാസങ്ങൾക്ക് ഒരുപോലെ വില കല്പിക്കുന്ന, ഒരു പുതിയ മാനസികാരോഗ്യ നയം കേരളത്തിനുണ്ടായേ പറ്റൂ. പതിനായിരം പേരുടെ ജീവൻ ഓരോ വർഷവും നഷ്ടപ്പെടുന്ന സ്ഥിതിയിലെത്തിയിട്ടും എന്താണ് നമ്മുടെ ‘വകുപ്പുകളും അധികാരികളും' ചെയ്യുന്നത് എന്ന് ഓരോ മലയാളിയും ചോദിക്കേണ്ടിയിരിക്കുന്നു.

Photo: Unsplash

യൂണിവേഴ്‌സൽ മെന്റൽ ഹെൽത്ത് കെയർ

ഇന്ത്യക്കാകെ മാതൃകയാകാവുന്ന വിപ്ലവകരമായ ഒരു സാമൂഹ്യ ആരോഗ്യ ഇടപെടലിനുള്ള സാധ്യതയും ശേഷിയും ഇന്ന് കേരളത്തിനുണ്ട്. ഏറ്റവും കൂടുതൽ പേർക്ക് ആരോഗ്യ ഇൻഷുറൻസ് ഉറപ്പുവരുത്തിയ സംസ്ഥാനമാണ് കേരളം. ചരിത്രത്തിലെ ഏറ്റവും കൂടുതൽ സർക്കാർ ശ്രദ്ധയും നിക്ഷേപവും പൊതു ആരോഗ്യ മേഖലയിൽ വന്നിട്ടുള്ള കാലം. എല്ലാ ആരോഗ്യാവശ്യങ്ങളും അത് വാങ്ങാനുള്ള സാമ്പത്തിക കഴിവുണ്ടോ എന്നുനോക്കാതെ മുഴുവൻ കേരളീയർക്കും ആവശ്യമുള്ളപ്പോൾ ആവശ്യത്തിനനുസരിച്ചു കിട്ടുന്ന ഒരു ‘യൂണിവേഴ്‌സൽ ഹെൽത്ത് കെയർ' സംവിധാനത്തിലേക്കുള്ള സുപ്രധാന കാൽവെപ്പായി ‘യൂണിവേഴ്‌സൽ മെന്റൽ ഹെൽത്ത് കെയർ' നടപ്പാക്കാൻ സർക്കാർ മുന്നിട്ടിറങ്ങണം.

മാനസികാരോഗ്യ ചികിത്സ മനുഷ്യാവകാശം: ചില നിർദേശങ്ങൾ

കേരളത്തിലെ എല്ലാ മാനസികാരോഗ്യ കേന്ദ്രങ്ങളെയും (സർക്കാർ- സ്വകാര്യ-സഹകരണ- സന്നദ്ധ) മാനസികാരോഗ്യ സേവന ദാതാക്കളെയും, അവയുടെ നടത്തിപ്പിലും സാമ്പത്തിക കാര്യങ്ങളിലും ഇന്നുള്ള സ്വാതന്ത്ര്യം നിലനിർത്തിക്കൊണ്ടുതന്നെ കൂട്ടിയോജിപ്പിച്ച്​ കേരള മെന്റൽ ഹെൽത്ത് സർവീസ് രൂപീകരിക്കണം. ഇത് സംസ്ഥാനത്തൊട്ടാകെ മാനസികാരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം കൂട്ടാനും, കാലത്തിനൊത്ത മാറ്റം എളുപ്പം കൊണ്ടുവരാനും, മാനസികാരോഗ്യ ചികിത്സ മലയാളിയുടെ മനുഷ്യാവകാശം എന്ന നിലപാട്​ പ്രയോഗികമാക്കാനും സഹായിക്കും.

ആത്മഹത്യ നിയമപരമായി കുറ്റകൃത്യമല്ലാതായിട്ട്​ വർഷം അഞ്ചായി. ഇപ്പോഴും കേരളം ആത്മഹത്യയുടെ കണക്കുകൾക്ക്​ ആശ്രയിക്കുന്നത് പൊലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോയെ ആണ്.

കടുത്ത രോഗാവസ്ഥയും ആത്മഹത്യാ സാധ്യതയും ഉള്ളവർക്ക് എവിടെ നിന്നും സൗജന്യമായി ചികിത്സ കിട്ടുന്ന രൂപത്തിൽ സാമൂഹ്യ / സംസ്ഥാന ഇൻഷുറൻസ് സംവിധാനം രൂപപ്പെടുത്തുക. ഇന്ത്യക്കു മുഴുവൻ മാതൃകയാവുന്ന ഒരു പുതിയ കേരള മോഡൽ ഇതുവഴി സൃഷ്ടിക്കുക. ഇതിന്റെ ആദ്യ പടിയായി ആത്മഹത്യാ ശ്രമം നടത്തിയവർക്ക് അവർക്കിഷ്ടമുള്ള മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്​അംഗീകരിക്കപ്പെട്ട തുടർചികിത്സ നിശ്ചിത കാലയളവിൽ സർക്കാർ ചെലവിൽ (ഇൻഷുറൻസ് വഴി) നൽകുക. അതുപോലെ, കടുത്ത മാനസിക രോഗമുള്ളവരെ, മാനസികാരോഗ്യ നിയമം ഉപയോഗിച്ച് (രോഗിയുടെ ഇഷ്ടത്തിന് വിരുദ്ധമായി സ്റ്റേറ്റ് അതിന്റെ അധികാരം ഉപയോഗിക്കുന്ന അവസ്ഥ) അഡ്മിറ്റ് ചെയ്യുമ്പോൾ, അതിന്റെ ചികിത്സാചെലവ്​ പൂർണമായും സർക്കാർ ഏറ്റെടുക്കുക.

ആത്മഹത്യ ചെയ്യുന്നവരിൽ ബഹു ഭൂരിപക്ഷവും അതിനു മുൻപ് അതിനു ശ്രമിച്ചിരുന്നതായി കാണാം. Photo: Pexels

കോൺഫിഡൻഷ്യൽ വിവര ശേഖര സംവിധാനം

ആത്മഹത്യ നിയമപരമായി കുറ്റകൃത്യമല്ലാതായിട്ട്​ വർഷം അഞ്ചായി. ഇപ്പോഴും കേരളം ആത്മഹത്യയുടെ കണക്കുകൾക്ക്​ ആശ്രയിക്കുന്നത് പൊലീസ് ക്രൈം റെക്കോർഡ്സ് ബ്യൂറോയെ ആണ്. ആത്മഹത്യകളെ സംബന്ധിച്ച്​ ​പൊലീസ് ശേഖരിക്കുന്ന വിവരങ്ങൾ വളരെ പരിമിതമാണ്. ആത്മഹത്യയുടെ കാര്യങ്ങൾ ആഴത്തിൽ പരിശോധിക്കുന്ന ഡോക്ടർമാർ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ തുടങ്ങി പലരിൽ നിന്നായി വിശദമായ വിവരങ്ങൾ ശേഖരിച്ച്​ വിശകലനം ചെയ്യുന്ന ‘കോൺഫിഡൻഷ്യൽ അന്വേഷണ സംവിധാനം' നമുക്കുണ്ടാവണം . ആത്മഹത്യയിലെ ഗതിവിഗതികളും രീതികളും മാർഗങ്ങളും കാരണങ്ങളും അപ്പപ്പോൾ മനസ്സിലാക്കി ഉടൻ ഇടപെടാൻ പല രാജ്യങ്ങളും ഇതാണ് ഉപയോഗിക്കുന്നത്.

ആത്മഹത്യ നടന്ന കുടുംബങ്ങൾക്കായി പ്രത്യേക കരുതൽ / സഹായ പദ്ധതി അത്യാവശ്യമാണ്. സ്റ്റിഗ്മ കാരണം പലർക്കും അവരനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നുപറയാൻ കഴിയാത്ത അവസ്ഥയുണ്ട്.

ആത്മഹത്യ അന്വേഷണ സംവിധാനം

ഓരോ ആത്മഹത്യയും വിശദമായി പരിശോധിക്കാനുള്ള മറ്റൊരു സംവിധാനവും വേണം. പൊലീസ്, പ്രദേശത്തെ ആരോഗ്യ വിഭാഗം, പ്രാദേശിക സർക്കാരുകൾ, ചികിത്സയിൽ ഭാഗമായിരുന്നവർ തുടങ്ങി വ്യക്തിയുടെ ആരോഗ്യകാര്യത്തിൽ ഉത്തരവാദിത്വമുണ്ടായിരുന്നവർ അത് ശരിയായി നിർവഹിച്ചോ, ആത്മഹത്യ തടയാമായിരുന്നോ, ആത്മഹത്യ തടയാൻ മാനസികാരോഗ്യ നിയമത്തിലെ സാധ്യതകൾ വേണ്ടവിധം ഉപയോഗിച്ചോ, ഏതെങ്കിലും വകുപ്പുകളോ വിഭാഗങ്ങളോ ആത്മഹത്യകൾ ആവർത്തിക്കാതിരിക്കാൻ എന്തെങ്കിലും മാറ്റങ്ങൾ അവരുടെ പ്രവർത്തനത്തിൽ വരുത്തേണ്ടതുണ്ടോ എന്നൊക്കെ പരിശോധിക്കുന്നതാകണം പല മേഖലകളിൽ നിന്നുള്ള വിദഗ്ധരുള്ള ഈ സംവിധാനം. ഇത് ആരെയും കുറ്റപ്പെടുത്താനല്ല, മറിച്ച്,​ ജീവനഷ്ടം തടയാനാകുമായിരുന്ന കാര്യങ്ങൾ മനസിലാക്കാനും ആ അറിവുകളെ പ്രതിരോധത്തിനുപയോഗിക്കാനുമാണ്.

ആത്മഹത്യാനന്തര സഹായ പദ്ധതി

ആത്മഹത്യ നടന്ന കുടുംബങ്ങൾക്കായി പ്രത്യേക കരുതൽ / സഹായ പദ്ധതി അത്യാവശ്യമാണ്. സ്റ്റിഗ്മ കാരണം പലർക്കും അവരനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നുപറയാൻ കഴിയാത്ത അവസ്ഥയുണ്ട്. ഓരോ ആത്മഹത്യയും ആരെയൊക്കെ ബാധിച്ചിട്ടുണ്ടോ അവർക്കൊക്കെ അംഗീകൃത ‘പോസ്റ്റ് വെൻഷൻ സപ്പോർട്ട് പാക്കേജ്' അവർക്കിഷ്ടപ്പെട്ട അംഗീകൃത മാനസികാരോഗ്യ സേവകരിൽ നിന്ന്​ സർക്കാർ ചെലവിൽ ലഭ്യമാക്കണം

Photo: Unsplash

മാനസികാരോഗ്യ കമീഷൻ

മനുഷ്യാവകാശ കമീഷന്റെയും, യുവജന കമീഷന്റെയും പോലെ മാനസികാരോഗ്യത്തിന്​ പൊതുവായും ആത്മഹത്യാ പ്രതിരോധം പ്രത്യേകം ലക്ഷ്യമാക്കിയും പ്രവർത്തിക്കുന്ന മാനസികാരോഗ്യ കമീഷൻ രൂപീകരിക്കാവുന്നതാണ്. കേരള മെന്റൽ ഹെൽത്ത് സർവീസ്, യൂണിവേഴ്‌സൽ മെന്റൽ ഹെൽത്ത് കെയർ,ആത്മഹത്യ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം, കോൺഫിഡൻഷ്യൽ ആത്മഹത്യാ വിവരശേഖരണ സംവിധാനം, അന്വേഷണ സംവിധാനം എന്നിവയൊക്കെ രൂപീകരിക്കാനും പ്രവർത്തികമാക്കാനുമുള്ള പ്രവർത്തങ്ങൾക്ക് നേതൃത്വവും ആവേഗവും പകരാൻ പറ്റുന്ന വിധത്തിൽ വേണം കമീഷൻ രൂപീകരിക്കാൻ. നിയമപരമായ കാര്യങ്ങൾക്കുവേണ്ടിയുള്ള സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റിയുമായി ചേർന്ന്​ സംസ്ഥാനത്തെ മാനസികാരോഗ്യ രംഗത്തെ ആധുനീകരിക്കുന്നതിനുള്ള ശക്തമായ നേതൃത്വമായി ഈ കമീഷനെ രൂപപ്പെടുത്തണം.

ആത്മഹത്യ ചെയ്യുന്നവരിൽ പകുതിയോളം പേരും ആദ്യ ശ്രമത്തിൽ തന്നെ മരിക്കുന്നവരാണ്. ആത്മഹത്യ ചെയ്യുന്നവരിൽ നല്ല പങ്കും പലവിധത്തിലുള്ള സിഗ്‌നലുകൾ ചുറ്റുമുള്ളവർക്കു നൽകും.

മാനസികാരോഗ്യ നിയമം: ആരോഗ്യ വകുപ്പിന്റെ പരാജയം

മാനസിക ചികിത്സാരംഗത്ത് ആഴത്തിൽ മാറ്റമുണ്ടാക്കുന്ന, വ്യക്തികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്ന മാനസികാരോഗ്യ നിയമം നിലവിൽ വന്നിട്ട് വർഷം അഞ്ചായി എങ്കിലും കേരളത്തിൽ ഇത് ഇന്നും നടപ്പിലായിട്ടില്ല. സർക്കാർ കേന്ദ്രങ്ങളിൽ തന്നെ നിയമവിരുദ്ധമായി ഏകാന്ത തടവിലും സെല്ലുകളിൽ പൂട്ടിയും നിരവധി മനുഷ്യർ ഇപ്പോഴുണ്ട്. നിയമം അനുശാസിക്കുന്ന വിധത്തിലല്ലാത്ത സ്ഥാപനങ്ങൾ നിരവധിയാണ്. സർക്കാർ കാണിക്കുന്ന പിടിപ്പുകേടിൽ പലരുടെയും മനുഷ്യാവകാശങ്ങൾ നിത്യേന നിരസിക്കപ്പെടുകയാണ്. ശാരീരിക രോഗ ചികിത്സാകേന്ദ്രങ്ങൾക്ക് പലവിധ അക്രെ ഡിറ്റേഷനുകളും അംഗീകാരങ്ങളും നേടിയെടുക്കാൻ ഉത്സാഹിക്കുകയും അതിൽ വിജയിക്കുകയും ചെയ്യുന്ന ആരോഗ്യ വകുപ്പിന് മാനസികാരോഗ്യരംഗത്ത്​ നിസ്സംഗതയാണ് എന്നാണ് അനുമാനിക്കേണ്ടത്.

പൊതുജന പരിശീലനം: ആത്മഹത്യ ചെയ്യുന്നവരിൽ പകുതിയോളം പേരും ആദ്യ ശ്രമത്തിൽ തന്നെ മരിക്കുന്നവരാണ്. ആത്മഹത്യ ചെയ്യുന്നവരിൽ നല്ല പങ്കും പലവിധത്തിലുള്ള സിഗ്‌നലുകൾ ചുറ്റുമുള്ളവർക്കു നൽകും. ഇത് തിരിച്ചറിയാനും അവസരോചിതമായും ശാസ്ത്രീയമായും ഇടപെടാനുമുള്ള അറിവും കഴിവും പൊതുജനങ്ങൾക്കുണ്ടാവേണ്ടതുണ്ട്. പൊതുജനങ്ങൾക്ക് രക്ഷകരാകാൻ ഇതുവഴി സാധിക്കും. മാനസിക വിദഗ്ധരുടെ പങ്കിനേക്കാൾ പൊതുജനത്തിന്​ ആത്മഹത്യാ പ്രതിരോധത്തിൽ വലിയ പങ്കു വഹിക്കാനാകും. കേംബ്രിഡ്​ജ്​യൂണിവേഴ്‌സിറ്റിയിലെയും ഇന്ത്യയിലെയും വിദഗ്ധർ തയ്യാറാക്കിയ, മാനസികരോഗ വിദഗ്ദ്ധരുടെ പ്രൊഫഷണൽ സംഘടനകൾ അംഗീകരിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെതും സൗജന്യമായതുമായ പൊതുജന ആത്മഹത്യാ പ്രതിരോധ ഓൺലൈൻ കോഴ്‌സ് (സ്‌പോട്ട്​ കോഴ്‌സ് -https://spot.inmind.in) കേരളത്തിൽ നിന്നാണ്. മുഴുവൻ സർക്കാർ ജീവനക്കാർക്കും ഇങ്ങനെയുള്ള പരിശീലനങ്ങൾ നിർബന്ധമാക്കുകയാണ് ആത്മഹത്യാ പ്രതിരോധത്തിൽ സമൂഹത്തെ മുഴുവൻ തയ്യാറാക്കുന്നതിന്റെ ആദ്യ പടി.

ആത്മഹത്യയെക്കുറിച്ചു സംസാരിക്കുന്നവർ, അത് തുറന്നു പറയുന്നതിന്റെ അർഥം അവർ അതിനെക്കുറിച്ച് ആലോചിക്കുന്നു എന്നുതന്നെയാണ്. Photo: Pexels

മാനസികാരോഗ്യ ഗവേഷണ ഫണ്ട്, സ്റ്റേറ്റ് ഗവേഷണ നെറ്റ്​വർക്ക്​,
മാനസികാരോഗ്യത്തിന്റെ തദ്ദേശീയ അവസ്ഥ, സാമൂഹ്യവും വ്യക്തിപരവുമായ രോഗകാരണങ്ങൾ, ചികിത്സാരീതികൾ, ഫലപ്രാപ്തി, പുത്തൻ സമീപനങ്ങൾ എന്നിവയൊക്കെ മനസ്സിലാക്കാൻ കൂടുതൽ ആഴത്തിലുള്ള ഗവേഷണം ആവശ്യമാണ്. വിജ്ഞാന- സാമ്പത്തിക വ്യവസ്ഥയെ കേരളത്തിന്റെ ഭാവിയായി കാണുകയും ഗൗരവമായി സമീപിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാനം പക്ഷെ ആരോഗ്യ മേഖലയിൽ ഗവേഷണ- ഇന്നോവേഷൻ -തൊഴിൽ സാദ്ധ്യതകൾ തിരിച്ചറിഞ്ഞുള്ള ഗൗരവകരമായ ഇടപെടലുകൾ നടത്തിയിട്ടില്ല. സംസ്ഥാനം തീരുമാനിക്കുന്ന മുൻഗണനാവിഷയങ്ങളിൽ, ഗവേഷണം നടത്തുന്നതിന്​ തുറന്ന അപേക്ഷകൾ ക്ഷണിക്കുക, സർക്കാർ- സ്വകാര്യ- സഹകരണ- സന്നദ്ധ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർക്കെല്ലാം ഇതിൽ മത്സരിക്കാൻ അവസരം നൽകുക, നല്ല നിലയിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള എല്ലാ പൊതു ആരോഗ്യ ശൃംഖലയെയും സ്വകാര്യ സഹകരണ സ്ഥാപനങ്ങളെയും കൂട്ടിച്ചേർത്ത്​ വിപുലവും വികേന്ദ്രീകൃതവുമായ ഗവേഷണ നെറ്റ്​വർക്ക്​ സ്ഥാപിക്കാനും ആഗോള തലത്തിൽ ലഭ്യമായ ഗവേഷണ ഫണ്ടുകളും പദ്ധതികളും കേരളത്തിലേക്കു കൊണ്ടുവരാനും ഇന്ത്യൻ ആരോഗ്യ ഗവേഷണത്തിന്റെ കേന്ദ്രമാകാനും കേരളത്തിന് മെച്ചപ്പെട്ട സാധ്യതയുണ്ട്. അത് നടപ്പിലാക്കാൻ കേരള സമൂഹത്തിന്റെ നേതൃത്വത്തിന് ഉത്സാഹവും ഉൾക്കാഴ്ചയും ഉണ്ടോ എന്നതാണ് ചോദ്യം.

ആത്മഹത്യ: ഉടൻ വേണ്ടത്​ നയവും പദ്ധതിയും

വിവിധ മേഖലകളിലും തലങ്ങളിലും ഇടപെടൽ ഉറപ്പാക്കുന്ന, സമഗ്ര ആത്മഹത്യാ പ്രതിരോധ സമീപനം, നയം, പദ്ധതി, മാർഗരേഖ എന്നിവ ഇന്ന് സംസ്ഥാനത്തിനില്ല. മേഖലകൾ, സമീപനങ്ങൾ, ലക്ഷ്യങ്ങൾ, ഘട്ടങ്ങൾ, അളവുകോലുകൾ, ശാസ്ത്രീയ തെളിവുകൾ, ചെലവുകൾ, നേതൃത്വം തുടങ്ങിയവയെല്ലാം ആലോചിച്ചുള്ള ഒരു സമഗ്രനയവും അതനുസരിച്ചുള്ള പരിപാടിയുമാണ്​ ആവശ്യം.

സർക്കാർ കേന്ദ്രങ്ങളിൽ തന്നെ നിയമവിരുദ്ധമായി ഏകാന്ത തടവിലും സെല്ലുകളിൽ പൂട്ടിയും നിരവധി മനുഷ്യർ ഇപ്പോഴുണ്ട്. Photo: Pexels

ഭാഗം രണ്ട്​:
ആത്മഹത്യയെ കുറിച്ചുള്ള
പൊതുധാരണകളും
​ശാസ്ത്രീയ വസ്തുതകളും

പൊതുധാരണ: ആത്മഹത്യ ചെയ്യുന്ന മിക്ക ആളുകളും ജീവിതത്തെ സ്‌നേഹിക്കുന്നില്ല.

ശാസ്​ത്രീയ വസ്​തുത: ആത്മഹത്യക്കു ശ്രമിക്കുന്നവർക്ക് മറ്റെല്ലാവരേയും പോലെ ജീവിതത്തോട് ആഭിമുഖ്യവും താത്പര്യവുമുണ്ട്. മറ്റെല്ലാവരെയും പോലെ തന്നെ അവർക്കും സുഹൃത്തുക്കളും കുടുംബവുമുണ്ട്. അവരോടൊക്കെ സ്‌നേഹവും അടുപ്പവുമുണ്ട്. ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും ഭാവിയെക്കുറിച്ചുള്ള ആഗ്രഹങ്ങളും അവർക്കുമുണ്ട്. മറ്റെല്ലാവരെയും പോലെ ജീവിതത്തിൽ സന്തോഷവും സമാധാനവും അവരും ആഗ്രഹിക്കുന്നു. കഷ്ടപ്പാടുകൾ, നിയന്ത്രണമില്ലാത്ത നഷ്ടങ്ങൾ, തിരസ്‌കാരങ്ങൾ, മാനസിക പരിമിതികൾ എന്നിവ അവരെ ആത്മഹത്യാ ചിന്തകളിലേക്ക് നയിക്കുന്നു. ജീവിതത്തെയല്ല, ജീവിത സന്ദർഭങ്ങളെയാണ് ആത്മഹത്യ ചെയ്യുന്നവർ തിരസ്‌കരിക്കുന്നത്. ജീവിതം കഠിനമായെന്നും ബന്ധങ്ങൾ വേദനാജനകമെന്നും വ്യക്തിക്ക് തോന്നുന്നതാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. ജീവിതത്തെ ഇഷ്ടപ്പെടാത്തതുകൊണ്ടല്ല ആത്മഹത്യകൾ നടക്കുന്നത് എന്നർത്ഥം.

നെഞ്ചുവേദന ഒരു വ്യക്തിയുടെ ഭീരുത്വത്തിന്റെ അടയാളമല്ല എന്ന പോലെ തന്നെയാണ് കടുത്ത മാനസിക വേദനയും. അത് ഭീരുത്വത്തിന്റെയോ ധീരതയുടെയോ ലക്ഷണമല്ല.

പൊതുധാരണ: ആത്മഹത്യ ചെയ്യുന്നവർ ദുർബലരാണ്.

ശാസ്​ത്രീയ വസ്​തുത: ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമല്ല . എത്ര ‘ശക്തിയുള്ള' വ്യക്തിയും വിഷാദാവസ്ഥയിലേക്ക് വീഴാം. ജീവിത പ്രതിസന്ധി ആർക്കും വരാം. നിരാശയും ജീവിത നിരാസവും ആർക്കും അനുഭവപ്പെടാം. എത്ര കരുത്തുള്ള വ്യക്തിക്കും കടുത്ത നിരാശയും മരണമാണ് ഭേദം എന്ന ചിന്തയും ഉണ്ടാകാം. നെഞ്ചുവേദന ഒരു വ്യക്തിയുടെ ഭീരുത്വത്തിന്റെ അടയാളമല്ല എന്ന പോലെ തന്നെയാണ് കടുത്ത മാനസിക വേദനയും. അത് ഭീരുത്വത്തിന്റെയോ ധീരതയുടെയോ ലക്ഷണമല്ല.

വ്യക്തി അനുഭവിക്കുന്ന മനോവേദന കടുത്തതാണ്. ആത്മഹത്യാ ശ്രമങ്ങൾ ആ വേദനയെ പ്രതിഫലിപ്പിക്കുന്നു. Photo: Pexels

പൊതുധാരണ: വിഷാദരോഗം അപൂർവവും എന്നാൽ ആത്മഹത്യാ സാധ്യത കൂട്ടുന്നതുമായ ഒരു രോഗമാണ്

ശാസ്​ത്രീയ വസ്​തുത: വിഷാദരോഗം വളരെ കൂടുതലായി കാണുന്ന മാനസിക രോഗാവസ്ഥയാണ്. ലോകമനുഷ്യരിൽ 5% പേർ ഒരു സമയത്ത് വിഷാദരോഗം അനുഭവിക്കുന്നു. വിഷാദം മൂലമുള്ള അവശത വർദ്ധിക്കുകയാണ്. ജീവിത അവശത ഉണ്ടാക്കുന്ന രോഗാവസ്ഥകളിൽ പ്രധാനപ്പെട്ട ഒന്നാണ് വിഷാദം. ആത്മഹത്യ ചെയ്യുന്നവരിൽ ഗണ്യമായ തോതിൽ വിഷാദം കാണുന്നു.

പൊതുധാരണ: മാനസിക രോഗമുള്ളവർ മാത്രമേ ആത്മഹത്യയെകുറിച്ചു ചിന്തിക്കൂ.

ശാസ്​ത്രീയ വസ്​തുത: ജീവിത പ്രതിസന്ധികളോടും നഷ്ടങ്ങളോടും നമ്മൾ പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. കടുത്ത നിരാശയും, നഷ്ടബോധവും പ്രത്യാശ ഇല്ലായ്മയും ആത്മഹത്യാ ചിന്തകളിലേക്ക് നയിക്കാം. മാനസിക രോഗത്തിന്റെ അഭാവത്തിലും ഇത്തരം ചിന്തകളും ആത്മഹത്യാചിന്തകളും ഉണ്ടാകാം.

പൊതുധാരണ: മരിക്കാൻ ഒരാൾ തീരുമാനമെടുത്താൽ പിന്നെ നിങ്ങൾക്ക് ഒന്നും ചെയ്യാനില്ല.

ശാസ്​ത്രീയ വസ്​തുത: വേണ്ട സഹായം വേണ്ടത്ര ലഭ്യമാക്കിയാൽ ആത്മഹത്യാ ചിന്തകൾ കടുത്ത തോതിലുള്ളവരെ അതിൽ നിന്ന്​ പിന്തിരിപ്പിക്കാൻ കഴിയും. ബഹുഭൂരിപക്ഷം സന്ദർഭങ്ങളിലും കൂട്ടുകാർ, സഹപ്രവർത്തകർ, കുടുംബാംഗങ്ങൾ, പ്രൊഫഷണലുകൾ എന്നിവർക്ക് ഒരുപാട് ചെയ്യാനാകും.

ആത്മഹത്യകൾ കൂടുതലുള്ളത് തൊഴിലില്ലാത്തവരുടെയും ദരിദ്രരുടെയും ഇടയിലാണ്.​

പൊതുധാരണ: കൂടുതൽ വിദ്യാഭ്യാസം നേടിയവരിലും മധ്യവർഗക്കാരിലുമാണ് കൂടുതൽ ആത്മഹത്യകൾ.

ശാസ്​ത്രീയ വസ്​തുത: വിദ്യാഭ്യാസം, സാമ്പത്തികാവസ്ഥ, സാമൂഹ്യാവസ്ഥ എന്നിവയിൽ പിന്നാക്കം നിൽക്കുന്നവരിൽ ആത്മഹത്യ കൂടുതലാണ്. പ്രസിദ്ധരുടെയും ഉന്നതരുടെയും ആത്മഹത്യകൾ മാധ്യമങ്ങളിൽ വലിയ വാർത്തകളാവാറുണ്ട് എന്നുമാത്രം. പക്ഷെ ആത്മഹത്യകൾ കൂടുതലുള്ളത് തൊഴിലില്ലാത്തവരുടെയും ദരിദ്രരുടെയും ഇടയിലാണ്.​

Photo: Freepik

പൊതുധാരണ: ആത്മഹത്യാശ്രമങ്ങൾ സഹായത്തിനായുള്ള നിലവിളികൾ മാത്രമാണ്​.

ശാസ്​ത്രീയ വസ്​തുത: ആത്മഹത്യാശ്രമങ്ങൾ സഹായത്തിനുള്ള നിലവിളിയാകാം. വ്യക്തി അനുഭവിക്കുന്ന മനോവേദന കടുത്തതാണ്. ആത്മഹത്യാ ശ്രമങ്ങൾ ആ വേദനയെ പ്രതിഫലിപ്പിക്കുന്നു. എല്ലാ ആത്മഹത്യാശ്രമങ്ങളെയും ജീവിതം അവസാനിക്കാനുള്ള സാധ്യത ഏറെയുള്ള സന്ദർഭമായി കാണുന്നതിനോടൊപ്പം സഹായത്തിനുള്ള നിലവിളിയായും കണക്കാക്കാം.

പൊതുധാരണ: വിഷാദാവസ്ഥയിലുള്ള, ജീവിതം മടുത്തു എന്ന് പറയുന്ന ഒരാളോട് ആത്മഹത്യാചിന്തയുണ്ടോ എന്ന് ചോദിക്കുന്നത് നല്ലതല്ല.

ശാസ്​ത്രീയ വസ്​തുത: വിഷാദരോഗമുള്ളവർ ആത്മഹത്യ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ജീവിതം മടുത്തു എന്നുപറയുന്നത് വളരെ ഗൗരവത്തോടെ കാണണം. ‘ജീവിതത്തെക്കുറിച്ച്​ എന്തുതോന്നുന്നു?’, ‘ജീവിതത്തെക്കുറിച്ച് എന്തു ചിന്തിക്കുന്നു’, ‘നാളെയെക്കുറിച്ചോർക്കുമ്പോൾ എന്താണ് മനസ്സിൽ വരുന്നത്’- ഇത്തരം തുറന്ന ചോദ്യങ്ങളിൽ തുടങ്ങി ‘ജീവിതം മടുത്തു എന്നൊക്കെ തോന്നാറുണ്ടോ’, ‘മരണചിന്തകളുണ്ടോ’, ‘ഇതിലും നല്ലത്​ മരിക്കുകയാണ് എന്ന്​തോന്നാറുണ്ടോ’ എന്നിങ്ങനെയുള്ള കൂടുതൽ സൂക്ഷ്മമായ ചോദ്യങ്ങളിലേക്കു പോകാവുന്നതാണ്. ചോദിക്കുന്നതുമാത്രമാണ് തുറന്ന സംസാരത്തിലേക്കു നയിക്കുക. അതുമാത്രമാണ് വ്യക്തിക്ക് സഹായം ലഭ്യമാക്കാനുള്ള വഴിതുറക്കുക.

എല്ലാം മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാനുള്ള നാടകം മാത്രം എന്ന് ധരിച്ചാൽ വ്യക്തിയെ സഹായിക്കാൻ നമുക്ക് കഴിയില്ല. ആ മനോഭാവം വ്യക്തിയെ നമ്മിൽ നിന്നകറ്റും.

പൊതുധാരണ: ആത്മഹത്യാഭീഷണി മുഴക്കുന്നതും അതിനെക്കുറിച്ചു സംസാരിക്കുന്നതും മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാൻ വേണ്ടി മാത്രമാണ്.

ശാസ്​ത്രീയ വസ്​തുത: ജീവിതത്തിൽ നേരിടുന്ന പ്രയാസം, വേദനകൾ, നിസ്സഹായാവസ്ഥ, ദേഷ്യം, പ്രതീക്ഷയില്ലായ്മ തുടങ്ങിയവയാണ് ആത്മഹത്യാ ചിന്തകളിലേക്കും അത്തരം പ്രവർത്തികളിലേക്കും വ്യക്തിയെ എത്തിക്കുന്നത്. വ്യക്തിക്ക്​ പൂർണമായ ശ്രദ്ധ ഈ സമയത്ത് നമ്മൾ നല്കണം. അതുമാത്രമാണ് വ്യക്തിയുടെ ആത്മഹത്യാചിന്തകളുടെ ആഴം മനസ്സിലാക്കാൻ നമ്മെ സഹായിക്കുക. എല്ലാം മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാനുള്ള നാടകം മാത്രം എന്ന് ധരിച്ചാൽ വ്യക്തിയെ സഹായിക്കാൻ നമുക്ക് കഴിയില്ല. ആ മനോഭാവം വ്യക്തിയെ നമ്മിൽ നിന്നകറ്റും. സ്വയം ഇടയ്ക്കിടെ വേദനിപ്പിക്കുന്ന കാര്യങ്ങളിലേർപ്പെടുന്ന ചിലരുണ്ട് എന്നത് ശരിതന്നെ. അവർ മനോവേദനയെ ആ രൂപത്തിൽ പ്രകടിപ്പിക്കുന്നു. അവിടെ മരണമല്ല ലക്ഷ്യം. ഉള്ളിൽ പൊങ്ങിവരുന്ന വൈകാരികാവസ്ഥയെ നിയന്ത്രിക്കാനുള്ള ശ്രമമോ, മറ്റുള്ളവരോടോ തന്നോട് തന്നെയോ ഉള്ള ദേഷ്യം പ്രകടിപ്പിക്കലോ ആകാം അത്തരം സ്വയം മുറിപ്പെടുത്തുന്ന രീതികളുടെ അർഥം.

കൂടുതൽ സ്ത്രീകൾ ആത്മഹത്യക്കു ശ്രമിക്കുന്നു. എന്നാൽ കൂടുതൽ പുരുഷന്മാർ ആത്മഹത്യ ചെയ്യുന്നു. Photo: Unsplash

പൊതുധാരണ: ആരെങ്കിലുംആത്മഹത്യയെകുറിച്ച് സംസാരിക്കുന്നുവെങ്കിൽ അവർ പറയുന്നത് കാര്യമാക്കേണ്ടതില്ല.

ശാസ്​ത്രീയ വസ്​തുത: കടുത്ത മനോവേദനയുടെ ലക്ഷണമാണ് ആത്മഹത്യാചിന്തകൾ. മരിക്കുന്നതാണ് നല്ലത് എന്ന് വ്യക്തി ചിന്തിക്കുന്നു. ചുറ്റുപാടുള്ള മനുഷ്യരോടും ലോകത്തോടുമുള്ള ബന്ധത്തിൽ ഇതുമൂലം മാറ്റം വരുന്നു. ഇതെല്ലം കടുത്ത മാനസിക സംഘർഷങ്ങളിലേക്ക് നയിക്കുന്നു. ജീവിക്കാനുള്ള ആഗ്രഹവും മരിച്ചാൽ മതി എന്ന തോന്നലും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നു. മരിച്ചാൽ മതി എന്നത് ചില നേരങ്ങളിൽ മറ്റെല്ലാ ചിന്തകളെയും മേൽ ആധിപത്യം സ്ഥാപിക്കുന്നു. ആത്മഹത്യയെക്കുറിച്ചു സംസാരിക്കുന്നവർ, അത് തുറന്നു പറയുന്നതിന്റെ അർഥം അവർ അതിനെക്കുറിച്ച് ആലോചിക്കുന്നു എന്നുതന്നെയാണ്. തുറന്നു സംസാരിക്കുന്നവർക്ക് സഹായം ലഭ്യമല്ലാതെ വരുമ്പോൾ ആത്മഹത്യ ചെയ്യാൻ സാധ്യത കൂടുന്നു. ആത്മഹത്യ ഒരു പോംവഴിയായി കാണുന്നു എന്നാരെങ്കിലും പറഞ്ഞാൽ അത് ഗൗരവമായി തന്നെ എടുക്കണം.

ശാരീരിക പ്രയാസങ്ങളെ കുറിച്ച് സംസാരിക്കുന്നപോലെ മാനസിക പ്രയാസങ്ങളെക്കുറിച്ച്​ നമ്മൾ സംസാരിക്കുന്നില്ല. ആത്മഹത്യാ ചിന്തയുള്ളവർക്ക് അത് തുറന്നുപറയാനുള്ള സാഹചര്യം ഇന്നില്ല.

പൊതുധാരണ: പുരുഷന്മാരേക്കാൾ സ്ത്രീകൾകൂടുതലായി ആത്മഹത്യ ചെയ്യുന്നു.

ശാസ്​ത്രീയ വസ്​തുത: കൂടുതൽ സ്ത്രീകൾ ആത്മഹത്യക്കു ശ്രമിക്കുന്നു. എന്നാൽ കൂടുതൽ പുരുഷന്മാർ ആത്മഹത്യ ചെയ്യുന്നു. മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം പുരുഷന്മാരിൽ കൂടുതലാണ്. പുരുഷന്മാർക്കുള്ള പല തരം സ്വാതന്ത്ര്യങ്ങളും ആത്മഹത്യ പൂർത്തീകരിക്കുന്നതിന് അവരെ സഹായിക്കുന്നുണ്ടാകാം.

പൊതുധാരണ: ആത്മഹത്യയെക്കുറിച്ച്​ കൂടുതൽ തുറന്നു സംസാരിക്കുന്നത്​, അത്തരം കാര്യങ്ങൾ ചെയ്യാനുള്ള പ്രചോദനം /ആശയം നൽകും.

ശാസ്​ത്രീയ വസ്​തുത: മനസ്സിന്റെ പ്രവർത്തനങ്ങളിലെ അപാകതകളും മനസ്സിന്റെ പ്രയാസങ്ങളും തുറന്നുപറയാൻ പൊതുവിൽ എല്ലാവരും മടി കാണിക്കുന്നു. ശാരീരിക പ്രയാസങ്ങളെ കുറിച്ച് സംസാരിക്കുന്നപോലെ മാനസിക പ്രയാസങ്ങളെക്കുറിച്ച്​ നമ്മൾ സംസാരിക്കുന്നില്ല. ആത്മഹത്യാ ചിന്തയുള്ളവർക്ക് അത് തുറന്നുപറയാനുള്ള സാഹചര്യം ഇന്നില്ല. തുറന്നുപറയാൻ പറ്റിയാലേ ആത്മഹത്യാ ചിന്തയുള്ളവരെ പിന്തിരിപ്പിക്കാനാകൂ. ആത്മഹത്യയെക്കുറിച്ചു സംസാരിക്കുന്നതുകൊണ്ടുമാത്രം ആരിലും ആത്മഹത്യാ ചിന്ത ഉണ്ടാവില്ല.​

Photo: Intermountainhealthcare

പൊതുധാരണ: ​​​​​​​ആത്മഹത്യക്കു ശ്രമിക്കുന്നവർ ഒരിക്കലും ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല.

ശാസ്​ത്രീയ വസ്​തുത: ജീവിതത്തിൽ യാതൊരു പ്രതീക്ഷയും ഇല്ല, എന്റെ ജീവിതം കൊണ്ട് ഒരു കാര്യവുമില്ല എന്ന നിരാശാവസ്ഥയാണ് ആത്മഹത്യക്കു ശ്രമിക്കുന്നവരിൽ നല്ലൊരു പങ്കും അനുഭവിക്കുന്നത്. ഈ ചിന്തകൾ ശക്തിപ്പെടുന്ന സമയത്ത്​ ജീവിതം അവസാനിപ്പിക്കണമെന്ന ചിന്ത ദൃഢമാകുന്നു. ആദ്യ ആത്മഹത്യാ ശ്രമത്തിൽ തന്നെ 40 ശതമാനം പേരും മരിക്കുന്നതായി പറയാം. മാനസിക സംഘർഷം കുറക്കാനും, സ്വന്തം ജീവനുമേൽ നിയന്ത്രണമുണ്ടെന്ന്​സ്വയം ബോധ്യപ്പെടുത്താനും, മറ്റുളവരോടോ സ്വയമോ തോന്നുന്ന ദേഷ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായും ചിലർ ഇടക്കിടെ സ്വയം പീഡിപ്പിക്കുന്ന (മരിക്കണം എന്ന ആഗ്രഹം ഇല്ലാതെ) പ്രവർത്തികളിൽ ഏർപ്പെട്ടേക്കാം. ഇവരിലും ആത്മഹത്യാ സാധ്യത വളരെ കൂടുതലാണ്. പൊതുവിൽ പറഞ്ഞാൽ ആത്മഹത്യക്കു ശ്രമിക്കുന്നവർ ജീവിതം അവസാനിപ്പിക്കാൻ തന്നെയാണ് ശ്രമിക്കുന്നത് എന്നുകരുതി ഇടപെടുന്നതാണ് അഭികാമ്യം.

കടുത്ത കുറ്റബോധവും തികഞ്ഞ നഷ്ടബോധവും കടുത്ത തോതിലുണ്ടാക്കുന്ന ചില സന്ദർഭങ്ങളിൽ വ്യക്തികൾ വളരെ പെട്ടെന്ന് ആത്മഹത്യാ തീരുമാനങ്ങളിലേക്ക് എത്തിയേക്കാം.

പൊതുധാരണ: ആത്മഹത്യ ചെയ്തവരിൽ കൂടുതൽ പേരും ആ നിമിഷത്തിൽ മരിക്കാനുള്ള തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്.

ശാസ്​ത്രീയ വസ്​തുത: ആത്മഹത്യാചിന്ത പലപ്പോഴും ഏറെനാളായി വ്യക്തിക്കുള്ളിലുണ്ടായിരിക്കും. ഒട്ടും പ്രത്യാശയില്ലാതാവുന്ന അവസ്ഥയിലേക്ക് വിഷാദചിന്തകളെത്താൻ, മിക്കവാറും സന്ദർഭങ്ങളിൽ, ദിവസങ്ങളും ആഴ്ചകളും എടുത്തേക്കാം. കടുത്ത കുറ്റബോധവും തികഞ്ഞ നഷ്ടബോധവും കടുത്ത തോതിലുണ്ടാക്കുന്ന ചില സന്ദർഭങ്ങളിൽ (ഉദാ: പ്രണയ നിരാസം, അപ്രതീക്ഷിത ദുരന്തങ്ങൾ), വ്യക്തികൾ വളരെ പെട്ടെന്ന് ആത്മഹത്യാ തീരുമാനങ്ങളിലേക്ക് എത്തിയേക്കാം. പക്ഷെ പൊതുവിൽ, ആത്മഹത്യാ ചിന്തകളും ജീവിക്കാനുള്ള ത്വരയും തമ്മിലുള്ള യുദ്ധം വ്യക്തിക്കുള്ളിൽ ഏറെ സമയം (ദിവസങ്ങൾ, ആഴ്ചകൾ ) ഉണ്ടായിരിക്കാനാണ് സാധ്യത.

Photo: Wikimedia Commons

പൊതുധാരണ: ഒരിക്കൽആത്മഹത്യക്കുശ്രമിച്ചവർ, മനഃസ്താപത്താൽ (പശ്ചാത്താപത്താൽ) പിന്നെ അതു ചെയ്യില്ല.

ശാസ്​ത്രീയ വസ്​തുത: ഒരിക്കൽ ആത്മഹത്യക്കു ശ്രമിച്ചവർ പിന്നീട് ആത്മഹത്യ ചെയ്യാനുള്ള സാധ്യത ഏറെയാണ്. ജീവിത പ്രയാസങ്ങളും മാനസിക പിരിമുറുക്കങ്ങളും ഉണ്ടാകുന്ന അവസ്ഥയിൽ, ആത്മഹത്യക്ക് പണ്ട് ശ്രമിച്ചവർ, വീണ്ടും അത് ശ്രമിക്കാനുള്ള സാധ്യത കൂടുതലാണ്. ആത്മഹത്യ ചെയ്യുന്നവരിൽ ബഹു ഭൂരിപക്ഷവും അതിനു മുൻപ് അതിനു ശ്രമിച്ചിരുന്നതായി കാണാം.

മനോദുരിതത്തിലായ ഒരാളെ തിരിച്ചറിയാനും കരുണയും കരുതലുമുള്ള സംഭാഷണങ്ങളിൽ ഏർപ്പെടാനും നമുക്ക് ഓരോരുത്തർക്കും എത്രത്തോളം കഴിയുന്നുവോ, അത്രത്തോളം നമുക്ക് ജീവൻ രക്ഷിക്കാൻ സാധിക്കും. ▮

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471 2552056)


ഡോ. മനോജ്​ തേറയിൽ

കൺസൾട്ടൻറ്​ സൈക്യാട്രിസ്​റ്റ്​, എൻ.എച്ച്​.എസ്​, യു.കെ. ഡയറക്​ടർ, ഇൻസ്​റ്റിറ്റ്യൂട്ട്​ ​ഫോർ മൈൻഡ്​ ആൻറ്​ ബ്രെയിൻ, തൃശൂർ. ഡയറക്​ടർ, ഓപൺ മൈൻഡ്​ ചാരിറ്റി.

Comments