ഡോ. എൻ. അശോകൻ

ചില കോവിഡുകാല മാതൃകകൾ

ശരീരത്തിന്റെ ദൗർബല്യങ്ങളും, ജീവിതത്തിന്റെ നശ്വരതയും, പ്രകൃതി ശക്തികളോട് താരതമ്യം ചെയ്യുമ്പോൾ മനുഷ്യന്റെ നിസ്സാരതയും ഒരു സൂക്ഷ്മജീവി നമ്മെ ഭംഗിയായി പഠിപ്പിച്ചു. ഇത് എത്ര നന്നായി പഠിച്ചുവെന്നും എത്ര കാലം ഓർത്തിരിക്കും എന്നും കാലം തെളിയിക്കട്ടെ

ല കാരണങ്ങളാലും, നമ്മുടെ സംസ്ഥാനത്ത്, കോവിഡ് ചികിത്സക്ക് അധികം ജനങ്ങളും ആശ്രയിച്ചതും ആശ്രയിക്കുന്നതും സർക്കാർ ആശുപത്രികളെയാണ്. ഇതിനു പല കാരണങ്ങളുമുണ്ട്. ചികിത്സയുടെ നെടുംതൂണായി വിഭാവനം ചെയ്തത് സർക്കാർ ആശുപത്രികളെയായിരുന്നു. ആസൂത്രിതമായി ചികിത്സ നൽകാൻ സർക്കാരിന് കൂടുതൽ സൗകര്യം സ്വന്തം നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളായത് സ്വാഭാവികം. ആദ്യ ഘട്ടങ്ങളിൽ പരിശോധന - ചികിത്സാ സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ മാത്രമായിരുന്നു. പിന്നീട് രോഗികളുടെ എണ്ണം കൂടിയപ്പോൾ സ്വകാര്യ സ്ഥാപനങ്ങളെയും ഉപയോഗപ്പെടുത്തേണ്ടി വന്നെങ്കിലും അത് താരതമ്യേന പരിമിതമായ തോതിലായി തുടരുന്നു. ഒരു ഭാഗത്ത്, സർക്കാർ സ്ഥാപനങ്ങളുടെ ഉയർന്ന വിശ്വാസ്യതയും മറുഭാഗത്ത് സ്വകാര്യ സ്ഥാപനങ്ങളിലെ ഉയർന്ന ചെലവും വന്നപ്പോൾ ഇങ്ങനെയായതിൽ അത്ഭുതമില്ല.

കൊറോണ നിയന്ത്രണ വിധേയമാകുന്നതോടെ എല്ലാം പഴയ വിധത്തിലാകാതെ നോക്കേണ്ട ബാധ്യത കൂടി നമുക്കുണ്ട്. ഇപ്പോഴുണ്ടായ പശ്ചാത്തല സൗകര്യങ്ങളുടെ വർധന നിലനിർത്തുന്നതോടൊപ്പം, ഭാവിയിൽ വന്നേക്കാവുന്ന കൂടുതൽ വലിയ വെല്ലുവിളികളെയും നേരിടാൻ പാകത്തിന് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളെ സജ്ജമാക്കേണ്ടതുണ്ട്.

സർക്കാർ സ്ഥാപനങ്ങൾ കൂടുതൽ സജ്ജമായി. സാധാരണ രീതിയിൽ സർക്കാർ ആശുപത്രികൾ കാര്യമായി ഉപയോഗിക്കാറില്ലാത്ത ഒരു വിഭാഗം ജനങ്ങൾ - ഉയർന്ന സാമ്പത്തികനിലയുള്ളവർ, ഉയർന്ന ഉദ്യോഗസ്ഥർ, രാഷ്ട്രീയ - ഭരണ രംഗങ്ങളിലെ പ്രമുഖർ - അവയെ ആശ്രയിക്കേണ്ടി വന്നതിന് പല ഗുണഫലങ്ങളുമുണ്ടായി. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ ശക്തിയും ദൗർബല്യവും നേരിട്ട്, കൂടുതൽ ഫലപ്രദമായി മനസ്സിലാക്കാൻ അവർക്കാകും എന്നതാണ് അതിലൊന്ന്. ഇത് ഭാവിയിൽ ഈ സ്ഥാപനങ്ങളുടെ വളർച്ചക്കും പുരോഗതിക്കും ആക്കം കൂട്ടും എന്ന് പ്രതീക്ഷിക്കാം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളജ് കോവിഡ് ആശുപത്രി പ്രവർത്തന സജ്ജമാക്കിയപ്പോൾ

കോവിഡ് എന്ന വെല്ലുവിളി പെട്ടെന്ന് ഉയർന്നുവന്നപ്പോൾ കോവിഡ് ചികിത്സയിലേർപ്പെട്ട സ്ഥാപനങ്ങളുടെ - വിശേഷിച്ചും സർക്കാർ സ്ഥാപനങ്ങളുടെ - സൗകര്യങ്ങളിലുണ്ടായ വളർച്ചയാണ് മറ്റൊരു ശ്രദ്ധേയ മാറ്റം. പരിശോധന- ചികിത്സ സൗകര്യങ്ങളിൽ ഗണ്യമായ പുരോഗതിയുണ്ടായി. ഇന്റൻസീവ് കെയർ യൂണിറ്റുകൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ എന്നിവ പല ആശുപത്രികളിലും ഗണ്യമായി വർധിച്ചു. ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ. കൊറോണ നിയന്ത്രണ വിധേയമാകുന്നതോടെ എല്ലാം പഴയ വിധത്തിലാകാതെ നോക്കേണ്ട ബാധ്യത കൂടി നമുക്കുണ്ട്. ഇപ്പോഴുണ്ടായ പശ്ചാത്തല സൗകര്യങ്ങളുടെ വർധന നിലനിർത്തുന്നതോടൊപ്പം, ഭാവിയിൽ വന്നേക്കാവുന്ന കൂടുതൽ വലിയ വെല്ലുവിളികളെയും നേരിടാൻ പാകത്തിന് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളെ സജ്ജമാക്കേണ്ടതുണ്ട്. പ്രളയം, മഹാമാരികൾ എന്നിവ നേരിടാൻ പൊതു ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തിയേ പറ്റൂ എന്ന് എല്ലാവരെയും ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഈ കാലം കടന്നു പോകുക എന്നുറപ്പ്.

പൊളിച്ചെഴുതപ്പെട്ട ധാരണകൾ

കോവിഡ് കാലത്തെ മറ്റൊരു മാറ്റം രോഗങ്ങളെപ്പറ്റി നമുക്കുണ്ടായിരുന്ന ധാരണയിലെ പൊളിച്ചെഴുത്താണ്. ചെറിയ പ്രശ്‌നങ്ങളെ പോലും വലുതാക്കിക്കണ്ട് അവക്ക് ചികിത്സ തേടാൻ പലർക്കുമുണ്ടായിരുന്ന വ്യഗ്രത ഗണ്യമായി കുറഞ്ഞു. യാത്രാസൗകര്യങ്ങളിലെ ബുദ്ധിമുട്ടും ആശുപത്രിയിൽ പോകാനുള്ള പേടിയും ഇതിനു കാരണമായി. ഇതിനുപക്ഷെ, അനഭിലഷണീയമായ മറ്റൊരു വശം കൂടിയുണ്ട്. ഗൗരവമുള്ള രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങൾ ചിലപ്പോൾ നിസ്സാരം എന്നുതോന്നാം. ഇത്തരം ലക്ഷണങ്ങൾ അവഗണിക്കുന്നത് പലപ്പോഴും യഥാസമയം ചികിത്സ കിട്ടാതിരിക്കാനിടയാക്കും. ഇതുമൂലം ഗുരുതര അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ട്.

കോവിഡ് കാലത്ത് സർക്കാർ ആശുപത്രികളുടെ ശ്രദ്ധ കോവിഡ് ചികിത്സയിലും പ്രതിരോധത്തിലും ആയപ്പോൾ അടിയന്തിര സ്വഭാവം ഇല്ലാത്ത ഇത്തരം രോഗങ്ങളുടെ ചികിത്സ പലപ്പോഴും നീട്ടിവയ്ക്കപ്പെടാൻ നിർബന്ധിക്കപ്പെട്ടു

മറ്റൊരു വിഭാഗം രോഗികൾ, യഥാർത്ഥത്തിൽ ചികിത്സ ആവശ്യമുള്ളവരാണ് - അത്യാവശ്യ സ്വഭാവം ഇല്ലെങ്കിലും. ഉദാഹരണമായി ഹെർണിയ, തിമിരം തുടങ്ങിയ രോഗങ്ങളുള്ളവർ. ഇവരിൽ മിക്കവർക്കും സർജറി അത്യാവശ്യം അല്ലെങ്കിലും നീണ്ടകാലത്തേക്ക് നീട്ടിവക്കുന്നത് പല അസൗകര്യങ്ങളും ഉണ്ടാക്കും. സർക്കാർ ആശുപത്രികളുടെ ശ്രദ്ധ കോവിഡ് ചികിത്സയിലും പ്രതിരോധത്തിലും ആയപ്പോൾ അടിയന്തിര സ്വഭാവമില്ലാത്ത ഇത്തരം രോഗങ്ങളുടെ ചികിത്സ പലപ്പോഴും നീട്ടിവയ്ക്കപ്പെടാൻ നിർബന്ധിതമായി. സ്വകാര്യ ആശുപത്രികളിൽ ഇവ നടക്കുന്നുണ്ടെങ്കിലും ഉയർന്ന ചികിത്സാ ചെലവ് പരിമിതിയാണ്.

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ടെലിമെഡിസിൻ ഐ.സി.യു

ജീവിതശൈലീരോഗങ്ങൾ എന്ന് പൊതുവെ അറിയപ്പെടുന്ന ദീർഘകാല ചികിത്സ ആവശ്യമായ പകർച്ചേതര രോഗങ്ങളുടെ കാര്യം പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. പ്രമേഹം, രക്തസമ്മർദ്ദം, ത്വക് രോഗങ്ങൾ, മാനസിക രോഗങ്ങൾ, വാതരോഗങ്ങൾ എന്നിവയെല്ലാം പെടുന്ന ഈ വിഭാഗം രോഗികൾക്ക് മുടങ്ങാതെ ചികിത്സയും നിശ്ചിത ഇടവേളകളിൽ മേൽനോട്ടവും, ഡോസ് ക്രമീകരണവും എല്ലാം ആവശ്യമാണ്. രോഗങ്ങളെ പറ്റി സാമാന്യ അവബോധവും, ഒരു പരിധി വരെ അച്ചടക്കവും ഉള്ളവർക്ക് ഇത്തരം രോഗങ്ങളുടെ ചികിത്സ വലിയ മുടക്കമില്ലാതെ നടത്തിക്കൊണ്ടുപോകാൻ പറ്റിയിട്ടുണ്ട്. ആധുനിക സാങ്കേതികത ഉപയോഗപ്പെടുത്തുന്ന ടെലി മെഡിസിൻ വഴിയും, ചുരുങ്ങിയ പക്ഷം ഡോക്ടർമാരുമായി ഫോണിലൂടെയെങ്കിലും ബന്ധപ്പെട്ടും സമീപത്തുള്ള ഡോക്ടർമാരുടെ ഉപദേശം തേടിയും ചികിത്സ തുടരാൻ സാധിച്ചവർക്ക് വലിയ പ്രശ്‌നമൊന്നും ഇല്ലാതെ ഈ കാലം കഴിച്ചു കൂട്ടാൻ പറ്റിയിട്ടുണ്ട്.

രോഗികളും ഡോക്ടർമാരും മുഖാവരണങ്ങൾ, ഷീൽഡുകൾ എന്നിവ ഉപയോഗിച്ചാൽ ചോദ്യം ചോദിച്ച് വിഷമങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കുന്നത് തന്നെ വലിയ ബുദ്ധിമുട്ടാകാറുണ്ട്. ശാരീരികമായി ക്ഷീണിതരായ രോഗികളുടെ കാര്യത്തിൽ വിശേഷിച്ചും.

ചിലർക്കെങ്കിലും സ്വന്തം ആരോഗ്യ - ചികിത്സാ കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം ഉണ്ടാകാൻ ഈ കാലം കാരണമായി എന്നും അനുമാനിക്കാം. എന്നാൽ അത്ര ജാഗ്രതയോ സൗകര്യങ്ങളോ ഇല്ലാത്ത ചിലരിലെങ്കിലും തുടർചികിത്സ മുടങ്ങി രോഗങ്ങൾ നിയന്ത്രണാതീതമായിട്ടുമുണ്ട്.

ഡോക്ടർമാരുടെ വെല്ലുവിളികൾ

ഒരു മുൻനിര ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ ലേഖകന് നേരിട്ട് അനുഭവപ്പെട്ട ചില കാര്യങ്ങളെ കുറിച്ച് കൂടി എഴുതാം. ശാരീരിക അകലം പാലിച്ച് രോഗികളുമായി സംവദിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ചികിത്സക്ക് വരുന്ന എല്ലാ രോഗികളെയും മുൻകൂട്ടി ടെസ്റ്റ് ചെയ്ത് കോവിഡ് ഇല്ലെന്ന്​ ഉറപ്പു വരുത്തുന്നത് അസാധ്യമാണല്ലോ. പ്രകടമായ ലക്ഷണം ഇല്ലാത്തവർക്കും കോവിഡ് ഉണ്ടാകാം എന്നിരിക്കെ മറ്റു രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്ന ആർക്കും കോവിഡ് ഉണ്ടാകാം എന്ന് കണക്കാക്കി വേണം അവരെ ചികിത്സിക്കാൻ. മറ്റു പല സ്ഥാപനങ്ങളിലും എന്ന പോലെ, രോഗിയുമായി സംവദിക്കുമ്പോൾ ശാരീരിക അകൽച്ച പാലിക്കുക പ്രായോഗികമല്ലല്ലോ. രോഗികളും ഡോക്ടർമാരും മുഖാവരണങ്ങൾ, ഷീൽഡുകൾ എന്നിവ ഉപയോഗിച്ചാൽ വിഷമങ്ങൾ എന്തൊക്കെയാണെന്ന് ചോദിച്ച്​ മനസ്സിലാക്കുന്നതുതന്നെ ബുദ്ധിമുട്ടാകാറുണ്ട്, ശാരീരികമായി ക്ഷീണിതരായ രോഗികളുടെ കാര്യത്തിൽ വിശേഷിച്ചും. രോഗികളുടെ കൂടെ വരുന്ന സഹായികൾ കുറയുന്നതും ചിലപ്പോൾ വിഷമം ഉണ്ടാക്കാറുണ്ട്.
ശാരീരിക പരിശോധനയാണ് അടുത്ത വെല്ലുവിളി. മുഖം, വായ തൊണ്ട എന്നീ ഭാഗങ്ങൾ പരിശോധിക്കുമ്പോൾ ഡോക്ടർമാർക്ക് രോഗപ്പകർച്ച ഉണ്ടാകാനുള്ള സാധ്യത പതിന്മടങ്ങ് വർധിക്കുന്നു.
രോഗനിർണയത്തിന് എൻഡോസ്‌കോപ്പി മുതലായ ആന്തരിക പരിശോധനകൾ വേണ്ടി വന്നാൽ അപകട സാധ്യത കൂടുതലായതിനാൽ മുൻകൂർ കോവിഡ് ടെസ്റ്റ് നിഷ്‌കർഷിക്കാറുണ്ട്. ഇതുമൂലം ഉണ്ടാകുന്ന കാലതാമസവും, ടെസ്റ്റ് ചെയ്യാൻ ആവശ്യമായി വരുന്ന അലച്ചിലും കൂടി കണക്കാക്കേണ്ടതുണ്ട്. രോഗപരിശോധനക്ക് സ്വകാര്യത ഉറപ്പു വരുത്തേണ്ട സാഹചര്യങ്ങൾ മറ്റൊരു വെല്ലുവിളിയാണ്, അടഞ്ഞ മുറികളിൽ രോഗം പകരാനുള്ള സാധ്യത കൂടുതലായിരിക്കെ പ്രത്യേകിച്ചും.

രോഗവ്യാപന സാധ്യത കൂടിയ മേഖലയിലാണ് ജോലി ചെയ്യുന്നതെന്നതിനാൽ വലിയ വെല്ലുവിളിയാണ് ആരോഗ്യപ്രവർത്തകർ നേരിട്ടത്. രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നതും തങ്ങളിൽ നിന്നും പ്രായമായവരും കുട്ടികളുമടക്കമുള്ള വീട്ടിലുള്ള മറ്റുള്ളവർക്ക് രോഗം പടരുമോയെന്ന ആശയങ്കയും ഇവരെ അലട്ടിയിരുന്നു.

ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർ നേരിടുന്ന മറ്റു സാമൂഹ്യ പ്രശ്‌നങ്ങളും നിരവധിയാണ്. കൂടുതൽ രോഗസാധ്യതയുള്ള സാഹചര്യങ്ങളിൽ പ്രവർത്തിച്ചശേഷം സ്വന്തം വീട്ടിൽ വരുമ്പോൾ വീട്ടിലുള്ളവർക്ക് - പ്രത്യേകിച്ച് പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗങ്ങൾ ഉള്ളവർ എന്നിവരെല്ലാം ഉണ്ടെങ്കിൽ- രോഗം പകരാതെ നോക്കുക എന്നത് നിരന്തരം നേരിടേണ്ടി വരുന്ന മറ്റൊരു വെല്ലുവിളിയാണ്. മഹാമാരിയുടെ ആദ്യ നാളുകളിൽ ആരോഗ്യ പ്രവർത്തകർക്ക് അവർ താമസിച്ചിരുന്ന വാടക വീടുകൾ നിഷേധിച്ചിരുന്നതും ഓർക്കേണ്ടതാണ്.

ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഇടയിലെ ചെറുപ്പക്കാർ വിശേഷിച്ചും, ദുഷ്‌കര സാഹചര്യങ്ങളിലും, രോഗീ പരിചരണത്തിന് ധൈര്യത്തോടെയും, അർപ്പണ ബോധത്തോടെയും മുൻനിരയിൽത്തന്നെ നിന്നത് ഈ മഹത്തായ പ്രൊഫഷനുകളുടെ ഭാവി വരും തലമുറയുടെ കൈകളിൽ സുരക്ഷിതമാണെന്ന് കാണിച്ചു തരുന്നു

ടീം വർക്ക്

കോവിഡിനെ നേരിട്ടതുവഴി ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവർത്തകർ തമ്മിലുള്ള ബന്ധങ്ങളിലും ഗുണകരമായ കാര്യങ്ങളുണ്ടായിട്ടുണ്ട്​. നല്ല ടീം വർക്കുള്ള സ്ഥാപനങ്ങൾക്ക് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ സാധിച്ചു. എല്ലാ തട്ടിലുമുള്ള ജീവനക്കാരുടെ - ശുചിത്വ പ്രവർത്തകർ മുതൽ സ്ഥാപന മേധാവികൾ വരെ- പ്രാധാന്യം എല്ലാവർക്കും മനസ്സിലാക്കാൻ ഈ പ്രതിസന്ധി കാലം കാരണമായി. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഇടയിലെ ചെറുപ്പക്കാർ വിശേഷിച്ചും, വളരെ ദുഷ്‌കരമായ സാഹചര്യങ്ങളിലും, രോഗീ പരിചരണത്തിന് ധൈര്യത്തോടെയും, അർപ്പണ ബോധത്തോടെയും മുൻ നിരയിൽത്തന്നെ നിന്നത് ഈ മഹത്തായ പ്രൊഫഷനുകളുടെ ഭാവി വരും തലമുറയുടെ കൈകളിൽ സുരക്ഷിതമാണെന്ന് കാണിച്ചു തരുന്നു. കൂടുതൽ സീനിയർ ആയവരാകട്ടെ മികച്ച നേതൃത്വ പാടവം തന്നെയാണ് കാഴ്ചവെച്ചു പോരുന്നത്.

സാമൂഹ്യമായ ഒരു വീക്ഷണ കോണിലൂടെ കോവിഡ് കാലത്തെ നോക്കുമ്പോൾ തോന്നുന്ന ചില കാര്യങ്ങൾ കൂടി പറയാം. മറ്റ് പല രംഗങ്ങളിലും എന്നതുപോലെ ആരോഗ്യ രംഗത്തും ഇക്കാലത്ത് ഉപഭോക്താവിന്റെ സ്ഥാനം കൂടുതൽ ദുർബലമായതായി തോന്നുന്നു. ചികിത്സ കിട്ടാനുണ്ടായ പ്രതിബന്ധങ്ങൾ - യാത്രാ തടസം, ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ ദൗർലഭ്യം, വരുമാനക്കുറവ്, സ്വകാര്യ മേഖലയിലെ ചികിത്സാചെലവ്- എന്നിവയെല്ലാം ഇതിലേക്ക് നയിച്ച കാരണങ്ങളാണ്.

രോഗം, മരണം എന്നിവയെ ഒരു സമൂഹം എന്ന നിലയിൽ നാം കൂടുതൽ യാഥാർഥ്യ ബോധത്തോടെ സമീപിക്കാൻ ഈ കാലത്തെ അനുഭവങ്ങൾ നമ്മെ പ്രേരിപ്പിച്ചിട്ടുണ്ടോ? ഉണ്ടെന്നാണ് തോന്നുന്നത്

എന്തു പഠിച്ചു, എത്ര നന്നായി പഠിച്ചു?

സമൂഹത്തിന് രോഗങ്ങളെ പറ്റിയും ചികിത്സയെ പറ്റിയുമുള്ള കാഴ്ചപ്പാടുകൾ മാറാൻ ഈ അനുഭവം കാരണമായിട്ടുണ്ടോ? കൃത്യമായ പഠനങ്ങളുടെ അഭാവത്തിൽ ഇക്കാര്യത്തിൽ തീർപ്പു പറയാൻ പറ്റില്ലെങ്കിലും, പൊതുവേ ശാസ്ത്രസംബന്ധമായ അറിവുകൾ കൂടുതൽ ജനങ്ങളിലെത്താനും അവർക്ക്​ അവയെ പറ്റി സ്വന്തം നിഗമനങ്ങളിലെത്താനുമുള്ള കഴിവ് കൂടിയിട്ടുണ്ട് എന്നുകരുതാം. ആഴത്തിൽ ചിന്തിക്കുന്നവർക്ക് ശാസ്ത്രം, ദൈവം, മതങ്ങൾ ഇവ തമ്മിലുള്ള അതിർത്തികളും ഇവ തമ്മിലുള്ള ബന്ധങ്ങളും മനസ്സിലാക്കാൻ ഈ കാലം ഉപയുക്തമായിട്ടുണ്ടെന്നു തോന്നുന്നു.

പ്രശസ്തരായ പലരെയും കോവിഡ് കീഴടക്കിയത് നമ്മെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ രോഗം, മരണം എന്നിവയെ ഒരു സമൂഹം എന്ന നിലയിൽ കൂടുതൽ യാഥാർഥ്യ ബോധത്തോടെ സമീപിക്കാൻ ഈ കാലത്തെ അനുഭവങ്ങൾ നമ്മെ പ്രേരിപ്പിച്ചിട്ടുണ്ടോ? ഉണ്ടെന്നാണ് തോന്നുന്നത്. ശരീരത്തിന്റെ ദൗർബല്യങ്ങളും, ജീവിതത്തിന്റെ നശ്വരതയും, പ്രകൃതി ശക്തികളോട് താരതമ്യം ചെയ്യുമ്പോൾ മനുഷ്യന്റെ നിസ്സാരതയും ഒരു സൂക്ഷ്മജീവി നമ്മെ ഭംഗിയായി പഠിപ്പിച്ചു. ഇത് എത്ര നന്നായി പഠിച്ചുവെന്നും എത്ര കാലം ഓർത്തിരിക്കും എന്നും കാലം തെളിയിക്കട്ടെ.▮


ഡോ. എൻ. അശോകൻ

തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ ഡെർമറ്റോളജി വിഭാഗത്തിൽ പ്രഫസർ

Comments