പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ

‘‘പൾമണോളജിക്ക് ടി ബി - നെഞ്ചു രോഗം എന്നു മാത്രമറിയപ്പെട്ടിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് വളരെ വ്യത്യസ്തവും നൂതനവുമായ പല ഉപവിഭാഗങ്ങളായി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സ്പെഷ്യാലിറ്റിയാണ് പൾമണോളജി’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. പത്മനാഭൻ കെ.വി. എഴുതിയ ലേഖനം.


“The weariness , the fever and the fret"
"Youth grows pale and Spectre thin and dies"

പ്രസിദ്ധ കവി ജോൺ കീറ്റ്സിന്റെ Ode to a Nightingale എന്ന കവിതയിലെ വരികളാണിത്. ക്ഷയരോഗത്തിന് ശരിയായ മരുന്നുകളൊന്നും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത, വിശ്രമവും പോഷക ഭക്ഷണങ്ങളും കൊണ്ടുമാത്രം ക്ഷയരോഗം ചികിത്സിച്ചിരുന്ന ഒരു കാലത്ത്, തന്റെ അമ്മ, സഹോദരൻ എന്നിവരുടെ മരണം ഏൽപ്പിച്ച മാനസികാഘാതം, അവസാനം അത് തന്നെയും കാർന്നുതിന്നാൻ തുടങ്ങിയപ്പോഴുണ്ടായ തീവ്രദുഃഖം എന്നിവയൊക്കെയാണ് ആ വരികളിൽ നിറഞ്ഞു നിൻ ക്കുന്നത്.

ജോൺ കീറ്റ്സ്
ജോൺ കീറ്റ്സ്

പൾമണോളജിക്ക് ടി ബി - നെഞ്ചു രോഗം എന്നു മാത്രമറിയപ്പെട്ടിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് വളരെ വ്യത്യസ്തവും നൂതനവുമായ പല ഉപവിഭാഗങ്ങളായി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സ്പെഷ്യാലിറ്റിയാണ് പൾമണോളജി.

എന്താണ് പൾമണോളജി?

പൾമണോളജി (പൾമോണറി മെഡിസിൻ, റസ്പിറേറ്ററി മെഡിസിൻ, ചെസ്റ്റ് മെഡിസിൻ) എന്നതുകൊണ്ടുദ്ദേശിക്കുന്നത് പ്രധാനമായും ശ്വാസകോശം, അതിന്റെ ആവരണമായ പ്ലൂര, ശ്വാസനാളം, നെഞ്ചിന്റെ ഭിത്തികൾ, ഉള്ളിലുള്ള മറ്റ് രക്തക്കുഴലുകൾ, (മീഡിയാസ്റ്റിനം), ഡയഫ്രം എന്നിവക്കുണ്ടാകുന്ന രോഗങ്ങളാണ്.

ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗമുള്ളത് (ഡ്രഗ് സെൻസിറ്റീവ് ടി ബി, ഡ്രഗ് റസിസ്റ്റന്റ് ടി ബി) ഇന്ത്യയിലാണ്. സിബി നാറ്റ്, ട്രൂനാറ്റ്, ലിക്വിഡ് കൾച്ചർ, ലൈൻ പ്രോബ് അസ്സേ,ഹോൾ ജീനോം സീക്വൻസിംഗ് എന്നീ നൂതന മാർഗ്ഗങ്ങളിലൂടെ വളരെ പെട്ടെന്ന് രോഗനിർണ്ണയം നടത്താനും ഫലപ്രദമായ പുതിയ മരുന്നുകളിലൂടെ എല്ലാതരം ക്ഷയരോഗത്തെയും പൂർണ്ണമായി ചികിത്സിച്ചു ഭേദമാക്കാനും ഇന്ന് സാധിക്കുന്നുണ്ട്. ടി.ബിരോഗത്തിന്റെ വ്യാപനവും അതുമൂലമുള്ള മരണവും ഗണ്യമായി കുറക്കുവാൻ ആധുനിക വൈദ്യശാസ്ത്രത്തിന് സാധിച്ചിട്ടുണ്ട്.

നാം ഇന്ന് ടി ബി എലിമിനേഷന്റെ പാതയിലാണ്. ആസ്ത്മ, സി ഒ പി ഡി രോഗങ്ങളുടെ ചികിത്സയിൽ വളരെയേറെ മാറ്റങ്ങൾ ഈയടുത്ത കാലത്തുണ്ടായിട്ടുണ്ട്. ഇൻഹേലർ / നെബുലൈസേഷൻ ചികിത്സയുടെ വ്യാപക ഉപയോഗം ആസ് ത് മ, സി ഒ പി ഡി രോഗികൾക്ക് ഏറെ ആശ്വാസകരമാണ്. ബ്രോ​​ൈങ്കറ്റിസ്, സിസ്റ്റിക് ഫൈബ്രോസിസ് തുടങ്ങി ചില രോഗങ്ങൾക്ക് ആന്റിബയോട്ടിക് മരുന്നുകളും നെബുലൈസേഷൻ വഴി കൊടുത്തുവരുന്നു. ഗുരുതരമായ ആസ്ത്‌മാരോഗികൾക്ക് ശ്വാസനാളത്തിലെ തടിപ്പും നീർക്കെട്ടും നീക്കം ചെയ്യുന്ന ബ്രോങ്കിയൽ തെർമോപ്ലാസ്റ്റി എന്ന ചികിത്സ ഇന്ന് പല ആശുപത്രികളിലും ചെയ്തുവരുന്നു.

നേസോ ബ്രോങ്കിയൽ അലർജി, അലർജിക് ആസ് ത് മ എന്നീ രോഗങ്ങൾക്ക് കാരണമായ പൊടി പടലങ്ങൾ, പൂപ്പൽ, പൂമ്പൊടി (എയറോ അലർജൻസ്) മുതലായവയെ തിരിച്ചറിയാനുള്ള ടെസ്റ്റുകൾ ഇന്ന് പൾമണോളജിയുടെ ഭാഗമാണ്. ഇത്തരക്കാർക്ക് ഇമ്യൂണോതെറാപ്പി, മോണോ ക്ലോണൽ ആന്റിബോഡി എന്നിവ ഫലപ്രദമാണ്.

ഇന്റർവെൻഷണൽ പൾമണോളജി

കഴിഞ്ഞ 5-10 വർഷമായി വളരെയധികം വികസിച്ച ഒരു ഉപവിഭാഗമാണിത്. ബ്രോങ്കോസ്കോപി (റിജിഡ് & ഫ്ലക്സിബിൾ ബ്രോങ്കോസ്കോപി) വഴി ശ്വാസനാളത്തിലുള്ള മുഴകൾ നീക്കം ചെയ്യാനും ബയോപ്സി എടുക്കുവാനും സാധിക്കുന്നു. ശ്വാസനാളത്തിൽ കുടുങ്ങുന്ന അന്യവസ്തുക്കൾ (ഫോറിൻ ബോഡികൾ - സൂചി, ധാന്യങ്ങൾ, എല്ല്, മത്സ്യമുള്ളുകൾ തുടങ്ങിയവ) ഒരു പൾമോണോളജിസ്റ്റിനെ സംബന്ധിച്ച് പലപ്പോഴും വെല്ലുവിളിയാവാറുണ്ട്. ശ്വാസകോശ ക്യാൻസർ രോഗികൾക്ക് ആശ്വാസമേകുന്ന ബ്രാക്കി തെറാപ്പി ഇന്ന് പല സെന്ററുകളിലും ചെയ്തുവരുന്നു.

ശ്വാസകോശത്തിലെ വളരെ ചെറിയ മുഴകൾ, കഴലകൾ, ഗ്രന്ഥികൾ എന്നിവ ഇബസ് (എൻഡോ ബ്രോങ്കൈൽ അൾട്രാസൗണ്ട്) കൊണ്ട് പരിശോധിക്കുവാനും ബയോപ്സി എടുക്കുവാനും സാധിക്കും.

തൊറാക്കോസ്കോപിയിലൂടെ പ്ലൂരൽ കാവിറ്റിയിലുള്ള മുഴകൾ നീക്കം ചെയ്യാനും ബയോപ്സി പരിശോധന നടത്തുവാനും സാധിക്കുന്നു.

ബ്രോങ്കോസ്കോപി
ബ്രോങ്കോസ്കോപി

സ്ലീപ് മെഡിസിൻ പൾമണോളജിയുടെ മറ്റൊരു ഉപവിഭാഗമാണ്. ഒബ്സ്റ്റ്രക്ടീവ് സ്ലീപ് ഏപ് നിയ, സെൻട്രൽ സ്ലീപ് ഏപ്നിയ എന്നിവയുടെ രോഗനിർണയവും (പോളിസോമ്നോഗ്രാഫി) ചികിത്സയും ഇന്ന് ലഭ്യമാണ്.

തീവ്രപരിചരണ വിഭാഗം (ക്രിട്ടിക്കൽ കെയർ) പൾമണോളജിയും അനസ്തീഷ്യോളജിയും സംയുക്തമായി കൈകാര്യം ചെയ്യുന്ന മേഖലയാണ്. വിവിധതരം വെന്റിലേറ്ററുകൾ ( നോൺ ഇൻവേസീവ്, ഇൻവേസീവ്) ഇവിടെ ഉപയോഗിക്കുന്നു. ഗുരുതരമായ അസുഖങ്ങൾ മൂലം തകരാറിലായ ശ്വാസകോശത്തിന്റെ പ്രവർത്തനം പുറത്തുള്ള ഉപകരണത്തിലൂടെ താല്ക്കാലികമായി സാദ്ധ്യമാക്കുന്ന എക്മോ (EC MO) കൊറോണ വൈറസ് ബാധയുടെ സമയത്ത് വിലപ്പെട്ട ജീവൻ രക്ഷാഉപാധിയായിരുന്നു.

പലതരം ശ്വാസകോശരോഗ ചികിത്സക്ക് വിധേയനായതിനുശേഷം രോഗികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുതകുന്ന പൾമണറി റീഹാബിലിറ്റേഷൻ മിക്ക ആശുപത്രികളിലും പ്രവർത്തിച്ചു വരുന്നു.

കോൺട്രാസ്റ്റ് സിടി സ്കാൻ, പെറ്റ് സ്കാൻ, ബ്രോങ്കോസ്കോപി, ഇബസ് (EBUS) എന്നിവയുടെ വ്യാപകമായ ഉപയോഗവും പുതിയ മരുന്നുകളുടെ കണ്ടുപിടുത്തവും ശ്വാസകോശ ക്യാൻസർ നിർണയത്തിലും ചികിത്സയിലും വളരെയേറെ പുരോഗതി കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്.

ശ്വാസകോശ രക്തക്കുഴലിലുണ്ടാവുന്ന തടസ്സം (പൾമണറി ത്രോംബോ എംബോളിസം) പൾമണറി ആൻജിയോഗ്രാം എന്ന ടെസ്റ്റിലൂടെ പെട്ടെന്ന് നിർണയിക്കാനും അനുയോജ്യമായ ചികിത്സ ലഭ്യമാക്കാനും സാധിക്കും.

മറ്റു മേഖലകളിലെന്നപോലെ പൾമണോളജിയിലും നിർമിത ബുദ്ധി ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യുടെ ഫലപ്രദമായ ഉപയോഗം രോഗനിർണയത്തിലും ചികിത്സയിലും മാറ്റങ്ങൾ വരുത്താം. ഇന്റർസ്റ്റീഷ്യൽ ലംഗ് ഡിസീസിന്റെ എച്ച് ആർ സി ടി (ഹൈ റിസൊല്യൂഷൻ കംപ്യൂട്ടർ ടോമോഗ്രഫി) യുടെ സൂക്ഷ്മമായ അപഗ്രഥനത്തിന് ഇത് പ്രയോജനപ്പെടുത്താനാവും.

വിദേശരാജ്യങ്ങളിൽ മാത്രം ലഭ്യമായിരുന്ന ശ്വാസകോശം മാറ്റിവെക്കൽ ( ലംഗ് ട്രാൻസ്പ്ലാന്റേഷൻ) ശസ്ത്രക്രിയ ഇന്ത്യയിലെ പല ആശുപത്രികളിലും ഇന്നു് വിജയകരമായി ചെയ്തു വരുന്നു.

ദ്രുതഗതിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വൈദ്യശാസ്ത്ര ശാഖയാണ് പർമണോളജി. മൊത്തം രോഗികളുടെ കണക്കെടുത്താൽ ഏകദേശം 15 മുതൽ 35 ശതമാനം വരെ ശ്വാസകോശവും അനുബന്ധ അവയവങ്ങളുമായി ബന്ധപ്പെട്ട പ്രശ്നമുള്ളവരാണ്. വായു മലിനീകരണം, ആഗോള താപനം, തൊഴിലിടങ്ങളിലെ ശ്വാസകോശ അസുഖങ്ങൾ എന്നിവ ഇതിനെ കൂടുതൽ സങ്കീർണമാക്കുന്നു. എന്നാൽ ഈ വൈദ്യശാസ്ത്രശാഖക്ക് അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. പുതിയ പഠനങ്ങളും പരീക്ഷണങ്ങളും ഈ ശാഖയെ കൂടുതൽ മുന്നോട്ട് നയിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

READ: വെളിച്ചം
തെളിയിക്കുന്ന
കൈകൾ


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments