ഫോട്ടോ: ലോകാരോഗ്യസംഘടന

കേരളത്തിൽ കുറേനാൾ കൂടി കോവിഡ് തുടരും

കോവിഡിന് അനുബന്ധമായി രൂപപ്പെടുന്ന രോഗവ്യാപന പഠനശാസ്ത്രം, പുതിയ പൊതുജനാരോഗ്യ ഗവേഷണ ചർച്ചകൾ, രോഗവ്യാപനത്തിന്റെ ഭാവി എന്നിവ വിശകലനം ചെയ്യപ്പെടുന്നു.

ധുനികശാസ്ത്രം രൂപമെടുത്ത് വികാസം പ്രാപിച്ചശേഷമുള്ള അസമാനതകളുള്ള ഒരു പാൻഡെമിക്കിലൂടെയാണ് ലോകം ഇപ്പോൾ കടന്നുപോകുന്നത്. ലോകത്താകെ വ്യാപകമായി ഇത്രയധികം നിയന്ത്രണങ്ങളും രോഗികളും ഉണ്ടാകുന്ന, കോടിക്കണക്കിനുപേരെ രോഗനിയന്ത്രണത്തിനായി ടെസ്റ്റ് ചെയ്യുന്ന ഒരു രോഗാവസ്ഥ ഉണ്ടായിട്ടില്ല. ഒപ്പം, പകുതി സത്യവും പകുതി നുണകളുമായ വൈറസ് വ്യാപനത്തെ വെല്ലുന്ന മാധ്യമക്കടലുകൾ വഴിയുള്ള "ഇൻഫോഡെമിക്കു'കളുടെ പ്രളയവും വാളെടുത്തവർ മുഴുവൻ വെളിച്ചപ്പാടുകളാകുന്ന "വിദഗ്ധരുടെ' വിജ്ഞാന ചൂട്ടുവെളിച്ചത്തിൽ മിസ്​മാനേജ്മെന്റുകളുടെ കുടെ കൊടുങ്കാറ്റുകളുമുണ്ടാകുന്നുണ്ട്.

പലയിടത്തും രാഷ്ട്രീയ- ദേശീയത പ്രശ്നങ്ങൾ കൂട്ടിക്കുഴച്ച് ശരിയായ ശാസ്ത്രീയ വിവരങ്ങൾ മൂടിവെക്കപ്പെടുകയോ വളയ്ക്കപ്പെടുകയോ ഗവേഷണ ഫലങ്ങൾ വികലമാക്കുകയോ മാറ്റിമറിക്കപ്പെടുകയോ അനുകൂലമാക്കി തിരുത്തപ്പെടുകയോ ചെയ്തിട്ടുമുണ്ട്. ശാസ്ത്രജ്ഞരെ പലയിടത്തും രാഷ്ട്രീയ അധികാരികൾ മറികടക്കുകയും തീരുമാനങ്ങൾ തെളിവുകളുടെ പിൻബലമില്ലാതെ നിശ്ചയിക്കപ്പെടുകയും ചെയ്യുന്നു. ചിലർക്ക്​ അധികാരത്തിൽ തുടരാനും മറ്റു ചിലർ അധികാരത്തിൽ നിന്നിറക്കപ്പെടാനും കോവിഡ് കാരണമാകുന്നു.

ഏറ്റവും സമ്പന്നരാജ്യമായ അമേരിക്കയിൽ ഡോണൾഡ് ട്രംപ് തോറ്റ് ജോ ബൈഡൻ ജയിക്കുന്നതിന് കോവിഡ് കാരണമായി എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആരോഗ്യ- നയ വിദഗ്ധരെ പിൻനിരയിലിരുത്തി രാഷ്ട്രീയ നേതാക്കളും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും മുന്നിലിരുന്ന് രോഗനിയന്ത്രണങ്ങൾ നടത്തുന്നത് പല സ്ഥലത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മാസ്‌ക്ക് തൊട്ട് പി.പി.ഇ കിറ്റ് വരെയുള്ള സകല കോവിഡ് പ്രതിരോധ സഹായികളും, ചികിത്സകളും വ്യാപാരവൽക്കരിക്കപ്പെടുകയും ശാരീരിക അകലത്തിന്റെ പിൻബലത്തിൽ ലോകത്താകെ ഡിജിറ്റൽ കാപ്പിറ്റലിസം ശക്തി പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് അനുബന്ധമായി രോഗവ്യാപന പഠനശാസ്ത്രത്തിന്റെ (എപ്പിഡിമിയോളജി) വെളിച്ചത്തിൽ ലോകത്തുണ്ടായ പുതിയ പൊതുജനാരോഗ്യ ഗവേഷണ ചർച്ചകൾക്കാണ് ഈ ലേഖനം ശ്രമിക്കുന്നത്.

രോഗ നിയന്ത്രണത്തിനുള്ള സ്ട്രാറ്റജികൾ

പത്തുമാസമായി തുടരുന്ന കോവിഡ് നിയന്ത്രണത്തിന്റെ മുമ്പോട്ടുള്ള നിയന്ത്രണ പ്രവർത്തനങ്ങളിൽ അന്താരാഷ്ട്രതലത്തിൽ തന്നെ ലോക ശാസ്ത്രജ്ഞന്മാർക്കിടയിൽ രണ്ട് വിരുദ്ധമായ അഭിപ്രായങ്ങൾ പ്രചരിക്കപ്പെടുന്നുണ്ട്. രണ്ട് സ്ട്രാറ്റജികളോടും യോജിക്കാനാവാതെ മറ്റു ചില തന്ത്രങ്ങൾ മെനയുന്ന വിദഗ്ധരും വേറെയുണ്ട്. ഇതിൽ ഒന്നാമത്തേത് ബാരിങ്ങ്ടൺ ഡിക്ലറേഷൻ ആണ്; അമേരിക്കയിയിലെ മസാച്ചുസെറ്റ്സിലെ വിദഗ്ധരുടെ നേതൃത്വത്തിൽ തയ്യാറാക്കി ഒക്ടോബർ നാലിന് പ്രസിദ്ധീകരിക്കപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടാക്കുന്ന ശാരീരിക- മാനസിക- സാമ്പത്തിക പ്രത്യാഘാതങ്ങൾ രോഗത്തിന്റെ അനന്തരഫലങ്ങളെ കടത്തിവെട്ടുന്നതാണെന്നും അതിനാൽ കാടടച്ചല്ലാതെ "ഫോക്കസ്' ചെയ്തുള്ള നിയന്ത്രണങ്ങളാണ് ഇനി വേണ്ടതെന്നുമാണ് ഇവരുടെ വാദം.

ഇനിയുള്ള നാളുകളിൽ കോവിഡ് മരണങ്ങളേക്കാൾ കോവിഡ് ഇതര രോഗങ്ങൾ മൂലമുള്ള ഗുരുതരാവസ്ഥകളും മരണങ്ങളും വർധിക്കാനാണ് സാധ്യത. അതിനാൽ കോവിഡിനെതിരെ വാക്സിൻ വരുന്നതുവരെ അടച്ചിട്ട് കാത്തിരിക്കുന്നത് സമൂഹത്തിൽ ഒരിക്കലും "റിപ്പയർ' ചെയ്യാനാകാത്ത നാശമുണ്ടാക്കും

പൊതുവെ കോവിഡ് അത്ര മാരകമല്ലെന്നും കോവിഡ് മൂലം ഗുരുതരാവസ്ഥയിലുള്ളവരോ മരണസാധ്യതയുള്ളവരോ അടങ്ങുന്ന റിസ്‌ക് ഗ്രൂപ്പിലുള്ളവരെ മാത്രം സംരക്ഷിച്ചുനിർത്തി മറ്റുള്ളവരെ സ്വതന്ത്രമാക്കി ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുപോകണം എന്നാണ് ഇവരുടെ അഭിപ്രായം.

നിയന്ത്രണങ്ങൾ മൂലം ആശുപത്രികളിലെ മറ്റ് രോഗികളുടെ ചികിത്സ, കുട്ടികളിലെ പ്രതിരോധ വാക്സിനുകൾ, കാൻസർ പോലുള്ള രോഗങ്ങളുടെ സ്‌ക്രീനിങ്ങ്, വൃക്ക-ഹൃദയ രോഗികളുടെ ചികിത്സ ഇവയൊന്നും ഒരിടത്തും ഇപ്പോൾ ശരിയായി നടക്കുന്നില്ല. അതിനാൽ ഇനിയുള്ള നാളുകളിൽ കോവിഡ് മരണങ്ങളേക്കാൾ കോവിഡ് ഇതര രോഗങ്ങൾ മൂലമുള്ള ഗുരുതരാവസ്ഥകളും മരണങ്ങളും വർധിക്കാനാണ് സാധ്യത. അതിനാൽ കോവിഡിനെതിരെ വാക്സിൻ വരുന്നതുവരെ അടച്ചിട്ട് കാത്തിരിക്കുന്നത് സമൂഹത്തിൽ ഒരിക്കലും "റിപ്പയർ' ചെയ്യാനാകാത്ത നാശമുണ്ടാക്കും, മാത്രമല്ല, ഇത് എല്ലാവരെയും ബാധിക്കുമെങ്കിലും സാമ്പത്തികമായും സാമൂഹ്യമായും പിന്നിലുള്ളവരെയായിരിക്കും ഏറ്റവും ദോഷകരമായി ബാധിക്കുക. കോവിഡ് പ്രായമായവരിലും, മറ്റ് പ്രത്യേക "കോ മോർബിഡിറ്റി' ഉള്ളവരിലും മാത്രമാണ് മാരകമാകുന്നതെന്നും ചെറുപ്പക്കാരിൽ "ഇൻഫ്ളുവൻസ' പോലെ വന്ന് കുഴപ്പമില്ലാതെ മാറി പോയിക്കൊള്ളുമെന്ന് നമ്മൾ ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാൽ സ്‌കൂളുകൾ തുറന്ന് വിദ്യാഭ്യാസം പുനരാരംഭിക്കാം.

പ്രൊഡക്ടീവ് ഗ്രൂപ്പിലുള്ള ചെറുപ്രായത്തിൽപ്പെട്ടവരിൽ രോഗാണുബാധ അധികം ലക്ഷണമില്ലാതെ ഭേദമായി പോകുകയാണെന്നും അവർക്കായി തൊഴിലിടങ്ങളും ഹോട്ടലുകളും തുറന്നുകൊടുക്കുകയും കല-കായികമേളകളും സംസ്‌കാരിക കൂടിച്ചേരലുകളും നടത്തി അവരെ ഇടകലർത്തി സമൂഹത്തിൽ ആവശ്യമായ "ഹേർഡ് ഇമ്യൂണിറ്റി ' ഉണ്ടാക്കി രോഗപ്പകർച്ച കുറയ്ക്കാനാകുമെന്നുമാണ് ഇവർ വാദിക്കുന്നത്. രോഗം ബാധിച്ച് ഭേദമായ ആരോഗ്യ പ്രവർത്തകരെ ആശുപത്രികളിൽ കോവിഡ് ചികിത്സക്ക് കൂടുതലായി വിനിയോഗിക്കാനും പ്രായമായവരെ റിവേഴ്സ് ക്വാറന്റയിനിൽ സംരക്ഷിക്കാനും ഇവർ ആവശ്യപ്പെടുന്നു. ഇവർക്ക് വീടുകളിൽ തന്നെ അവശ്യവസ്തുക്കളും മരുന്നും എത്തിച്ചുകൊടുക്കുകയും വേണം. ഈ രേഖയിൽ ഇത് എങ്ങിനെ നടപ്പിലാക്കാം എന്ന വിശദാംശങ്ങളില്ല. (സ്വീഡനിൽ എപ്പിഡിമിയോളജിസ്റ്റ് ആന്റേഴ്‌സ് ടെഗ്നി (Anders Tegnell) ലിന്റെ നേതൃത്വത്തിൽ ആദ്യമേ ഈ നയമാണ് പിന്തുടർന്നത്).

രണ്ടാമത്തേത്; ജോൺസ്നോ മെമ്മോറാണ്ടം ആണ്. ഇത് പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിലെ വിദഗ്ധർ മുന്നോട്ടുവെച്ച സ്ട്രാറ്റജിയാണ് (ഒക്ടോബർ 14 ന് പ്രസിദ്ധീകരിച്ചു). രോഗനിയന്ത്രണത്തിന് ആളുകൾ കൂടുന്നത് ഒഴിവാക്കി ആദ്യമേയുള്ള നടപടികൾ തുടരാനാണ് ഇവർ ആവശ്യപ്പെടുന്നത്. റാപിഡ് ടെസ്റ്റ് നടത്താനും, കോൺടാക്റ്റുകളെ ട്രേയ്സ് ചെയ്യാനും കണ്ടെത്തിയവരെ ഐസോലേറ്റ് ചെയ്യാനും ഇതിൽ ആവശ്യപ്പെടുന്നുണ്ട്. വേണ്ടത്ര ആരോഗ്യ സംവിധാനമില്ലാത്ത ഇടങ്ങളിൽ രോഗവ്യാപനം കൂടുമ്പോൾ നിയന്ത്രിക്കാൻ ലോക്ക്ഡൗൺ ഏർപ്പെടുത്താമെന്ന് ഇവർ ഉപദേശിക്കുന്നുണ്ട്. ഏതുസമയത്തും വീണ്ടും കോവിഡ് വേവ് തിരമാലയായി വരാമെന്നും ആദ്യത്തെ ഗ്രൂപ്പ് മുന്നോട്ടുവെച്ച ആളുകളെ തുറന്നുവിട്ട് സാമൂഹ്യപ്രതിരോധം ഉണ്ടാക്കുന്ന രോഗനിയന്ത്രണ തന്ത്രത്തിന് ശാസ്ത്രീയ പിന്തുണ ഇല്ലെന്നും ഇവർ അഭിപ്രായപ്പെടുന്നു.

നിയന്ത്രണങ്ങളിലൂടെ പ്രാദേശികമായി പടരാതെ കഴിക്കാമെന്നും കുറച്ചുപേരിൽ മാത്രം രോഗബാധ ഒതുക്കാനാവുമെന്നും അത് ചികിത്സാ സംവിധാനങ്ങൾക്ക് താങ്ങാനാവുമെന്നും ഇവർ വാദിക്കുന്നു. രോഗബാധ മൂലം ആർക്കൊക്കെയാണ് മരണസാധ്യത കുറവെന്ന കാര്യവും രോഗാനന്തരം ഇതുണ്ടാക്കാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചും ഇതുവരെ ശരിയായി അറിയില്ലെന്നും അതിനാൽ ഫലപ്രദമായ ഔഷധങ്ങളോ, വാക്സിനോ ലഭ്യമാകുന്നതുവരെ നിയന്ത്രണം തുടരണമെന്നുമാണ് ഇതിന്റെ പ്രധാന ഉള്ളടക്കം. വ്യാപകമായി സമൂഹവ്യാപനം നടന്ന സ്ഥലങ്ങളിൽ ഭൂരിഭാഗം ജനങ്ങളിൽ ഉണ്ടായിട്ടുള്ള ആർജിത പ്രതിരോധ ശക്തിയെക്കുറിച്ചോ, അവ എത്ര നീണ്ടുനിൽക്കുമെന്നതിനെക്കുറിച്ചോ വ്യക്തത ഇല്ല എന്നുമാണ് ഈ രേഖ പറയുന്നത്. വാക്സിൻ എത്തുന്നതിനുമുമ്പേ ജപ്പാൻ, വിയറ്റ്നാം, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങൾ ഇങ്ങനെ മഹാമാരിയെ മറികടന്ന് സാധാരണ ജീവിതം തിരിച്ചുപിടിച്ചതായി ഇവർ ഉദാഹരിക്കുന്നുമുണ്ട്.
ശീതകാലത്തിന്റെ വരവോടെ പടിഞ്ഞാറൻ രാജ്യങ്ങളിൽ രണ്ടാം വരവായി കോവിഡ് എത്തിയ സ്ഥിതിക്ക് ഈ രണ്ട് സ്ട്രാറ്റജികളിലും ആധുനിക ലോകം പരാജയപ്പെട്ടു എന്നാണ് ബ്രിട്ടീഷ് മെഡിക്കൽ ജേർണലിലെ ( നവംബർ 5 ) എഡിറ്റോറിയൽ ലേഖനം ചൂണ്ടിക്കാണിക്കുന്നത്.

മെഡിക്കൽ പ്രശ്‌നത്തിലുപരി ഒരു സാമൂഹ്യ- സാമ്പത്തിക പ്രതിസന്ധിയായി മാറിയ കോവിഡ് പരിഹരിക്കുന്നതിൽ വിദഗ്ധരും, ഭരണനേതൃത്വങ്ങളും ഇപ്പോഴും അനിശ്ചിതത്വത്തിലാണ് എന്നതുകൊണ്ടുതന്നെ ഇത് ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും പരാജയമാണ്. വേണ്ടത്ര തെളിവുകളില്ലാതെ പ്രതിരോധ ചികിത്സകളും, ശമന ചികിത്സകളും തെറ്റായി പ്രചരിപ്പിക്കുന്നത് ഇതിന് തെളിവാണ്.

ഭ്രമണപഥങ്ങൾ തെറ്റി ചലിക്കുന്ന ലോക രാഷ്ട്രങ്ങൾ

രോഗനിയന്ത്രണങ്ങളുടെ ഭ്രമണപഥങ്ങൾ തെറ്റി ചലിക്കുന്ന പ്രമുഖ ലോക രാഷ്ട്രങ്ങൾ, പാൻഡമിക് കൈകാര്യം ചെയ്തതിൽ വരുത്തിയ പാളിച്ചകളെ കുറിച്ച് അന്താരാഷ്ട്ര സയൻസ് ജേർണലുകളിൽ പോലും പരാമർശങ്ങൾ വന്നുകഴിഞ്ഞു. നേച്ചർ സയൻസ് മാഗസിനിൽ (നവംബർ 5 ലക്കം) അമേരിക്കയെ കുറിച്ചും ലാൻസറ്റ് മെഡിക്കൽ ജേർണലിൽ (സപ്തംബർ 26) ഇന്ത്യയെക്കുറിച്ചുമാണ് ഈ അസാധാരണ വിശകലനങ്ങൾ.

വളരെ നേരത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും തുടക്കത്തിൽ തൃതീയ ആരോഗ്യകേന്ദ്രങ്ങൾ സജ്ജമാക്കാൻ ശ്രമിക്കുകയും ചെയ്ത ഇന്ത്യൻ ഭരണനേതൃത്വം പിന്നീട്, യാഥാർഥ്യങ്ങൾക്ക് വിപരീതമായി അമിത ശുഭാപ്തി വിശ്വാസത്തോടെ തിടുക്കത്തിൽ നിയന്ത്രണങ്ങൾ ഒന്നൊന്നായി കയറഴിച്ചുവിടുകയായിരുന്നു, ഇതിന് കേന്ദ്ര നേതൃത്വത്തെ കുറ്റപ്പെടുത്തുന്നുമുണ്ട്. പകരം സൗകര്യം ഏർപ്പെടുത്താത്തതിനാൽ ലോക്ക്ഡൗണിൽ നഗരത്തിൽ വലഞ്ഞുപോയ കുടിയേറ്റ തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്ക് നടന്നുപോകേണ്ടി വന്നത് പരാമർശിക്കപ്പെടുന്നു, നഗരത്തിൽനിന്ന് ഗ്രാമങ്ങളിലേക്ക് വൈറസ് പടർന്നുതുടങ്ങിയശേഷം അസന്തുലിതമായ, ചികിത്സാസൗകര്യം അപ്രാപ്യമായ അവിടങ്ങളിൽ രോഗികൾ ഓക്സിജൻ കിട്ടാതെ മരിക്കാനിടയാക്കിയ നയപരമായ വൈകല്യങ്ങളെയും ലാൻസെറ്റ് ചൂണ്ടിക്കാട്ടുന്നു. ഉചിത ഇടപെടലുകളുടെ അഭാവത്തിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളർച്ച 25 ശതമാനത്തിലും താഴെ പോകുകയും ദാരിദ്ര്യ രേഖക്കുതാഴേക്ക് ഇനിയും ധാരാളം കുടുംബങ്ങൾ എത്തിച്ചേരുമെന്നും താക്കീത് നൽകുന്നുമുണ്ട്.

ഇന്ത്യയിലെ കോവിഡ് കേസുകളുടെയും മരണങ്ങളുടേയും ഡാറ്റ സുതാര്യമല്ലെന്നും രാജ്യത്ത് യഥാർത്ഥത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡാറ്റയല്ല ലോകാരോഗ്യ സംഘടനക്ക് കൈമാറുന്നതെന്നും ഇവ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും പറയുന്നു.

ജൂണോടെ ഇന്ത്യയിലെ അധികാരികൾ അമിത ശുഭാപ്തി വിശ്വാസത്തോടെ, രോഗത്തിന്റെ പകർച്ചാസ്ഥിതി കണക്കിലെടുക്കാതെ നിയന്ത്രണങ്ങളിൽ അയവ് വരുത്തിക്കൊണ്ടിരിക്കയായിരുന്നു. മാത്രമല്ല, പൊതുജനാരോഗ്യ നിയന്ത്രണ പ്രവർത്തനങ്ങളായ ശുചിത്വം, ശാരീരിക അകലം പാലിക്കൽ, മാസ്‌ക് ഉപയോഗം ഇവയൊന്നും വേണ്ടത്ര രീതിയിൽ പ്രചരിക്കപ്പെട്ടില്ലെന്നും ജനങ്ങളിൽ റിസ്‌ക് കമ്യൂണിക്കേഷനുകൾക്ക് വേണ്ടത്ര ഊന്നൽ കൊടുത്തില്ലെന്നും ആരോപിക്കപ്പെടുന്നു.

ഐ.സി.എം.ആർ തലവൻ ബൽറാം ഭാർഗവ

പാതിരാത്രി മുന്നറിയിപ്പില്ലാതെ മണിക്കൂറിന്റെ ഇടവേളയിൽ രാജ്യത്താകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും പ്രതികൂല വാർത്തകൾ പ്രസിദ്ധീകരിക്കാൻ അനുവദിക്കാതിരിക്കുന്നതും രാജ്യത്തെ വൈദ്യശാസ്ത്ര ഗവേഷണത്തിന്റെ തലപ്പത്തുള്ള ഐ.സി.എം.ആറിലെ വിദ്ഗധരെ രാഷ്ട്രീയ ചട്ടുകമാക്കി മാറ്റുന്നതിനെക്കുറിച്ചുമെല്ലാം ലാൻസെറ്റ് സൂചിപ്പിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനത്തിൽ തന്നെ കോവിഡ് വാക്സിൻ വിതരണം ചെയ്യുമെന്ന് ഐ.സി.എം.ആർ തലവൻ ബൽറാം ഭാർഗവ പ്രഖ്യാപിച്ചതിനെക്കുറിച്ചും ഇതിനായി തയ്യാറെടുപ്പ് നടത്തിയതിനെക്കുറിച്ചും അതിനനുസരിച്ച് ഗവേഷണ നൈതികത കാറ്റിൽ പറത്തി, ട്രയലിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്ക് തിടുക്കത്തിൽ ആളുകളെ റിക്രൂട്ട് ചെയ്യാൻ നിർദ്ദേശം നൽകിയതും ശാസ്ത്രീയ തെളിവില്ലാതെ ക്ലോറോക്വിൻ മരുന്ന് കോവിഡ് ചികിത്സക്കും പ്രതിരോധത്തിനും ഉപയോഗിക്കാമെന്ന് മാർഗനിർദേശം നൽകിയതും വിമർശനവിധേയമായിട്ടുണ്ട്. മാത്രമല്ല, ഇന്ത്യയിലെ കോവിഡ് കേസുകളുടെയും മരണങ്ങളുടേയും ഡാറ്റ സുതാര്യമല്ലെന്നും രാജ്യത്ത് യഥാർത്ഥത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഡാറ്റയല്ല ലോകാരോഗ്യ സംഘടനക്ക് കൈമാറുന്നതെന്നും ഇവ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും പറയുന്നു. സത്യം വളച്ചൊടിച്ച് നേട്ടങ്ങൾ പെരുപ്പിച്ച് കാണിക്കുന്നത് വിദഗ്ധരിൽ അനിശ്ചിതത്വവും ജനങ്ങളിൽ നിയന്ത്രണം പാലിക്കുന്നതിൽ വിമുഖതയും വിശ്വാസക്കുറവും ഉണ്ടാക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യ വൈദ്യശാസ്ത്രജ്ഞരുടേയും പൊതുജനാരോഗ്യ വിദഗ്ധരുടേയും ഗവേഷകരുടേയും മികച്ച കേന്ദ്രമാണ്. കോവിഡിന് വേണ്ട ഓഷധങ്ങളും വാക്സിനുകളും ഇവിടെനിന്ന് കണ്ടുപിടിക്കേണ്ടതും നിർമിക്കേണ്ടതുമുണ്ട്. ഇത് സാധ്യമാക്കാൻ ഇന്ത്യൻ നേതൃത്വത്തിനുവേണ്ടത് തെറ്റായ ശുഭാപ്തി വിശ്വാസമല്ല, മറിച്ച് ശാസ്ത്രീയ തെളിവുകൾക്കും വിദഗ്ധരുടെ അഭിപ്രായങ്ങൾക്കും അക്കാദമിക് സ്വാതന്ത്ര്യങ്ങൾക്കും നൽകുന്ന ഇടങ്ങളാണ്. ലേഖനത്തിൽ ചൂണ്ടിക്കാണിച്ച വസ്തുതകളുടെ നിജസ്ഥിതി അറിയാൻ ബന്ധപ്പെട്ട ലിങ്കുകളും അവർ നൽകിയിട്ടുണ്ട്.

ഇതുപോലെ യു.എസിൽ ട്രംപ് ഭരണം എങ്ങനെയാണ് കോവിഡുസ്ഥിതി വഷളാക്കിയതെന്നാണ് ചൂണ്ടിക്കാട്ടുന്നു. എങ്ങനെയാണ് വൈദ്യശാസ്ത്രജ്ഞരുടെ ഉപദേശങ്ങൾ കാറ്റിൽ പറത്തി അമേരിക്കയിലെ കോവിഡ് സ്ഥിതി വഷളാക്കിയതെന്നാണ് ഈ ലേഖനം വിശദമാക്കുന്നത്. സർക്കാരിന് ഉപദേശങ്ങൾ നൽകുന്ന "കൊറോണ ക്രൈസിസ് കമ്മിറ്റി' വെബ്സൈറ്റിൽ തന്നെ എട്ടുമാസങ്ങൾക്കിടയിൽ യു.എസ് പ്രസിഡണ്ട് 47 തവണ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കെതിരെ പ്രവർത്തിച്ചതിന്റെ വിവരങ്ങൾ നാൾവഴിയായി അക്കമിട്ട് നിരത്തിയിട്ടുണ്ട് .

ലേഖനത്തിലുള്ള മറ്റ് പ്രധാന കാര്യങ്ങളുടെ രത്നച്ചുരുക്കം ഇതാണ്:

1. ഒക്ടോബർ അവസാന ആഴ്ച നടത്തിയ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ട്രംപ്, താൻ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ നാഷനൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് അലർജി ആന്റ് ഇൻഫക്ഷ്യസ് ഡിസീസ് തലവൻ ആന്റണി ഫൗസിയെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു. 1984 മുതൽ ഈ ഗവേഷണ സ്ഥാപനത്തിന്റെ തലവനായും സർക്കാർ ഉപദേശകനായും പ്രവർത്തിച്ചുവരുന്ന ഫൗസി ലോകം അംഗീകരിച്ച എപ്പിഡിമിയോളജിസ്റ്റും വൈദ്യശാസ്ത്രജ്ഞനുമാണ്. ഈ പാൻഡമിക്ക് കാലത്ത് ഫൗസിയുടെ വായടിപ്പിക്കുകയും പലപ്പോഴും ഉപദേശങ്ങൾ അവഗണിച്ച് പ്രവർത്തിക്കുകയും ചെയ്ത ട്രംപ് അമേരിക്കൻ കോൺഗ്രസ് പ്രതിനിധികൾക്കുമുമ്പിൽ കോവിഡ് നിയന്ത്രണ പരിപാടികൾ വിശദീകരിക്കുന്നതിൽനിന്ന് അദ്ദേഹത്തെ തടയുകയും ചെയ്തിട്ടുണ്ട്.

2. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (CDC) ആണ് ലോകത്തെവിടേയും പകർച്ചവ്യാധികളുണ്ടാകുമ്പോൾ (ഉദാ: കേരളത്തിൽ നിപ ) വിവരം ശേഖരിച്ച് വിശകലനം ചെയ്ത് നിയന്ത്രണ പ്രവർത്തനങ്ങൾക്കും ചികിത്സക്കും നിർദ്ദേശം നൽകുകയും മാധ്യമങ്ങൾക്ക് വിവരം നൽകുകയും ചെയ്യുന്നത്. എന്നാൽ കോവിഡ് കാലത്ത് മിക്ക അവസരങ്ങളിലും വൈറ്റ്ഹൗസ് സി.ഡി.സിയെ ഒഴിവാക്കിയാണ് മീഡീയ ബ്രീഫിംഗ് നടത്തിയിരുന്നത്. അവിടത്തെ വിദഗ്ധർക്ക് ശാസ്ത്രീയ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിന് വിലക്കേർപ്പെടുന്നതിനാൽ പല പ്രമുഖരും സി.ഡി.സിയിൽ നിന്ന് രാജിവെച്ചൊഴിഞ്ഞു. വിദഗ്ധരായ മറ്റ് പല "വിസിൽ ബ്ലോവർ'മാരെയും വിമർശകരെയും അധികാരികൾ പുറത്താക്കി. ഇതുമൂലം അമേരിക്ക കോവിഡ് "ഡാറ്റാ ക്രൈസിസി'ലുമായി.

രാജ്യത്തെ അണുബാധിതരുടെ എണ്ണം കുറച്ചുകാണിൻ സി.ഡി.സി വെബ്സൈറ്റിൽ അധികൃതരറിയാതെ, കോവിഡ് അണുബാധയുണ്ടായിട്ടും രോഗലക്ഷണമില്ലാത്തവർ (Asymptomatic) ടെസ്റ്റിന് വിധേയമാകേണ്ടതില്ല എന്ന, തെറ്റായ മാർഗനിർദ്ദേശം ഇറക്കിവെക്കുകയും പിന്നീട് വിമർശനമുയർന്നപ്പോൾ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇതുവരെയില്ലാത്ത അപൂർവവും വിചിത്രവുമായ സംഭവമായിട്ടാണ് ലോകം കണ്ടത്.

3. അന്താരാഷ്ട്ര വിമാനയാത്രക്കൊപ്പം, യാത്രാകപ്പലുകളും നിരവധി രാജ്യങ്ങൾ നിരോധിച്ചിരുന്നു. വിമാനയാത്രയേക്കാളും നിയന്ത്രണം വേണ്ട മേഖലയാണ് ക്രൂയിസ് കപ്പലുകളുടേത്. സപ്തംബർ അവസാനം സി.ഡി.സി തലവൻ റോബർട്ട് റെഡ്ഫീൽഡ് ഈ നിരോധനം 2021 വരെ നീട്ടാൻ ശ്രമിച്ചപ്പോൾ ഇതിനെ മറികടന്ന് ട്രംപ് ഭരണകൂടം ക്രൂയിസ് കപ്പലുകൾക്ക് അമേരിക്കയിലേക്ക് യാത്രാനുമതി കൊടുക്കുകയാണ് ചെയ്തത്. ഇത് രോഗവ്യാപനം വീണ്ടും കൂടാൻ കാരണമായി.

4. അമേരിക്കയിലെ പൊതുജനാരോഗ്യ വകുപ്പിനുകീഴിൽ ആഴ്ച തോറും പ്രസിദ്ധീകരിക്കുന്ന മോർബിഡിറ്റി ആന്റ് മോർട്ടാലിറ്റി റിപ്പോർട്ട് (MMWR- Monthly Morbidity Mortality Report ) അവിടെയുണ്ടാകുന്ന രോഗങ്ങളുടെ എപ്പിഡിമിയോളജി വിവരങ്ങളുടെ യഥാർത്ഥ ഡാറ്റയാണ്. വിവരങ്ങൾ മൂടിവെക്കാൻ ട്രംപ് ഭരണകൂടം ഇതിന്റെ പ്രസിദ്ധീകരണം തടയാനും വൈകിപ്പിക്കാനും ശ്രമിച്ചു. ഡാറ്റ ഫാബ്രിക്കേറ്റ് ചെയ്യാൻ ശ്രമിച്ചതിനെ ഭീകരമെന്നാണ് ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിച്ചത്. ഈ പ്രസിദ്ധീകരണത്തിന്റെ മുൻ എഡിറ്റർമാർ ചേർന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിക്കുന്ന JAMAയുടെ സപ്തംബർ ലക്കത്തിൽ MMWRന്റെ എഡിറ്റോറിയൽ സ്വാതന്ത്ര്യം നിലനിർത്തേണ്ടതിനേപ്പറ്റി മുഖപ്രസംഗം എഴുതിയിട്ടുണ്ട്.

5. ട്രംപിന്റെ നിർബന്ധപ്രകാരം അമേരിക്കയിലെ ചികിത്സക്കുള്ള ഔഷധ അംഗീകാര എജൻസിയായ FDAക്ക് എമർജൻസി യൂസ് ഓതറൈസേഷൻ (EUA) ആയി രണ്ടുതരം കോവിഡ് ചികിത്സക്ക് അംഗീകാരം കൊടുക്കേണ്ടിവരികയും പിന്നീട് തെളിവുകളുടെ അഭാവത്തിൽ പിൻവലിക്കേണ്ടിയും വന്നിട്ടുണ്ട്. ഇതിൽ ആദ്യത്തേത് ക്ലോറോക്കിന്നും രണ്ടാമത്തേത് രോഗം ഭേദമായവരിലെ പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയുമാണ്. ഇത് രണ്ടും വേണ്ടത്ര തെളിവുകളുടെ പിൻബലമില്ലാത്തതായിരുന്നു.

യു.എസിലെ ആദ്യ കോവിഡ് 19 കേസിൽ നിന്നും വേർതിരിച്ച വൈറസിന്റെ ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്‌കോപ് ദൃശ്യം. Photo: unsplash.com

ഇതൊക്കെ എഫ്.ഡി.എയുടെ വിശ്വാസ്യത കുറച്ചു. കോവിഡ് വാക്സിനുകൾക്ക് ഇലക്ഷനുമുമ്പ് ഉപയോഗത്തിനായി അനുമതി നൽകണമെന്ന ട്രംപിന്റെ നിർദ്ദേശം, വേണ്ടത്ര തെളിവ് കിട്ടിയതിനുമാത്രമേ അനുമതി നൽകൂ എന്ന മറുപടി നൽകി വിദഗ്ധർ മാറ്റിവെച്ചു. ഭരണകൂട നടപടി ജനങ്ങളിൽ വാക്സിനുകളെക്കുറിച്ച് വിശ്വാസക്കുറവുണ്ടാക്കാൻ കാരണമായി.

സാർസ് കൊറോണ- 2 വൈറസിന്റെ ഉറവിടം

കോവിഡ് പാൻഡെമിക്കിന് കാരണമായ സാർസ് കൊറോണ- 2 വൈറസിന്റെ ഉറവിടം ഇന്നും വിവാദമാണ്. ഇത് മനുഷ്യനിർമിതമാണെന്നും ലബോറട്ടറിയിൽനിന്ന് ആകസ്മികമായി പുറത്തുകടന്ന് വ്യാപിച്ചതാണെന്നും പ്രചാരണം നടക്കുന്നു. എന്നാൽ, phylogenic analysisൽ ചൈനയിലെ യുനാനിൽ നിന്ന് ഹോഴ്‌സ് ഷൂ വവ്വാലുകളിൽ 2013 ൽ കണ്ടെത്തിയ RAT GB
വൈറസുകളുമായി കോവിഡ് വൈറസിന്റെ ജനിതകഘടനക്ക് 96% യോജിപ്പ് കണ്ടെത്തിയിട്ടുണ്ട്. മലയാനിൽനിന്ന് വവ്വാലുകളിൽ കണ്ടെത്തിയ Rm Y NO2 വൈറസുകളിൽ 93% യോജിപ്പും കണ്ടെത്തി. അതിനാൽ ഇതിന്റെ ഉറവിടം വവ്വാലുകൾ തന്നെയാണെന്ന് ഉറപ്പിക്കാം. 4% മാറ്റം മനുഷ്യരിൽ എത്തുന്നതിനിടയിലുള്ള മൃഗങ്ങളിലുണ്ടായ (Inter mediate) പരിണാമ മാറ്റമായിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഇടയിലുള്ള മൃഗം വെരുകുകളോ (civets) ഈനാംപേച്ചിയോ (Pangolins) ആയിരിക്കാമെന്നാണ് തെളിവുകൾ പറയുന്നത്. ഈ തെളിവുകൾ വെച്ച് മൃഗങ്ങളിൽ നിന്ന് നേരിട്ട് സാർസ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരാൻ സാധ്യതയില്ലെങ്കിലും ഈ വൈറസ് വീടുകളിൽ വളർത്തുന്ന നായ, പൂച്ച എന്നിവയെയും തുരപ്പൻ, കീരി (Ferrets) എന്നീ ജീവികളെയും ബാധിച്ചേക്കാമെന്നും ഇവക്ക് വൈറസിന്റെ റിസർവോയർ ആയി വർത്തിക്കാൻ പറ്റുമെന്നും കണ്ടെത്തിട്ടുണ്ട്. മനുഷ്യരിൽ നിന്ന് സ്പിൽ ഓവർ (Spill over)ആയി ഇവയിൽ രോഗാണുബാധക്ക് സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വിവരം നൽകുന്നത്. അതുപോലെ, ഭക്ഷ്യവസ്തുക്കൾ വഴി കോവിഡ് പകരില്ലെന്നും ചില അനുകൂല സാഹചര്യങ്ങളിൽ പ്രതലങ്ങളിൽ (Surface ) പരമാവധി 72 മണിക്കൂറുകളോളം വൈറസുകൾക്ക് അതിജീവിക്കാമെന്നും പക്ഷേ ഇത്ര വൈകി പകരാനുള്ള സാധ്യതക്ക് അത്ര തെളിവുകൾ ലഭ്യമല്ല എന്നുമാണ് ഇതുസംബന്ധിച്ച വിവരം.

കോവിഡ് ഇമ്യൂണിറ്റിയും വീണ്ടും ഉണ്ടാകാവുന്ന അണുബാധയും

സാധാരണ ബാക്ടീരിയയോ വൈറസോ കൊണ്ട് അണുബാധയുണ്ടായാൽ ഒരു വ്യക്തിക്ക് തുടർന്ന് അതിനെതിരെ പ്രതിരോധമുണ്ടാകും. ഇത് എത്രനാൾ, ഏത് അളവിൽ നിലനിൽക്കും എന്നത് ഓരോ രോഗാണുവിന്റെയും സ്വഭാവത്തിനനുസരിച്ച് മാറാം. രോഗാണുബാധയെ തുടർന്ന് ശരീരത്തിൽ രോഗാണുവിനെതിരെ ആന്റിബോഡികളും പ്രതിരോധ കോശങ്ങളും ഉൽപാദിപ്പിക്കപ്പെടുന്നു, ഇവക്ക് ദീർഘനാൾ നീണ്ടുനിൽക്കുന്ന "ഓർമ'യുണ്ടാകും, പിന്നീട് ഇതേ രോഗാണു ശരീരത്തിൽ പ്രവേശിക്കുമ്പോൾ ഇവയെ തിരിച്ചറിഞ്ഞ് കൂടുതൽ പ്രതിരോധ വസ്തുക്കൾ ഉൽപാദിപ്പിച്ച് പ്രത്യാക്രമണം നടത്തി രോഗാണുവിനെ നശിപ്പിക്കാൻ പറ്റും... ഇതെല്ലാം മൂലമാണ് ഈ പ്രതിരോധം സാധ്യമാകുന്നത്. അതിനാൽ വീണ്ടും ഉടൻ അതേ രോഗബാധ ഉണ്ടാകാൻ സാധ്യത കുറവായിരിക്കും. രോഗാണുബാധ ഉണ്ടായാലും കാര്യമായ രോഗലക്ഷണം ഉണ്ടാവണമെന്നില്ല. ചിക്കൻ പോക്സ്, മീസിൽസ് തുടങ്ങിയവക്ക് ഇങ്ങനെയുള്ള പ്രതിരോധം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കും. ടൈഫോയ്ഡ്, എലിപ്പനി എന്നിവയുടെ പ്രതിരോധം കുറച്ചുവർഷങ്ങൾ മാത്രമേ ഉണ്ടാകൂ. മറ്റുചില രോഗങ്ങൾക്ക് വീണ്ടും അണുബാധ ഉണ്ടായാൽ പോലും പ്രതിരോധ വസ്തുക്കളുള്ളതിനാൽ രോഗം തീവ്രമാകാതെ ഭേദമാകാനും സാധ്യതയുണ്ട്.

കോവിഡ് ഭേദമായാലും ചിലരുടെ ശ്വാസകോശ കലകളിൽ RNA മൃതകണങ്ങൾ മാസങ്ങളോളം ഉണ്ടാകുമെന്നതിനാൽ RTPCR ടെസ്റ്റ് പൊസിറ്റീവ് ആകാനും സാധ്യതയുണ്ട്.

കോവിഡ് ബാധിച്ചവരിൽ വീണ്ടും രോഗബാധ ഉണ്ടായതായി ചില സ്ഥലങ്ങളിൽ നിന്ന് വിരളമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോടിക്കണക്കിനുപേരെ ബാധിച്ച കോവിഡ് ചിലരിൽ മാത്രം വീണ്ടും വരുന്നതായി പറയപ്പെടുന്നത് ഒന്നുകിൽ ഭേദമായവരുടെ കോശങ്ങളിൽ അവശേഷിക്കുന്ന വൈറസിന്റെ RNAകണങ്ങളെ RTPCR ടെസ്റ്റ് വഴി കണ്ടെത്തുന്നതുകൊണ്ടാകാം. ഇത്തരം കേസുകളെ "നോർമൽ' അവസ്ഥക്കുപുറത്തുള്ള വിരളമായ ഒന്നായേ കാണേണ്ടതുള്ളൂവെന്നും വീണ്ടും രോഗം വന്നാൽ ചെറിയ ലക്ഷണങ്ങളോടെയോ ലക്ഷണമൊന്നും ഉണ്ടാക്കാതെയോ ഭേദമാകാൻ സാധ്യതയേറെയാണെന്നുമാണ് ഇപ്പോഴുള്ള ശാസ്ത്രീയ അറിവ്. കോവിഡ് ഭേദമായാലും ചിലരുടെ ശ്വാസകോശ കലകളിൽ RNA മൃതകണങ്ങൾ മാസങ്ങളോളം ഉണ്ടാകുമെന്നതിനാൽ RTPCR ടെസ്റ്റ് പൊസിറ്റീവ് ആകാനും സാധ്യതയുണ്ട്.

രോഗാണുക്കൾക്കെതിരെ സവിശേഷതകളുള്ള ആന്റിബോഡികളും (Antibody) സെല്ലുകളും (Cell mediate) ഉൽപാദിച്ചാണ് മനുഷ്യശരീരം പ്രതിരോധം തീർക്കുന്നത്. ഇതിന് തെളിവായി നേച്ചർ മാഗസനിൽ ഇറ്റലിയിലെയും സ്പെയിനിലെയും കോവിഡുരോഗികളിൽ നടത്തിയ ഗവേഷണഫലം വിശദമാക്കുന്നുണ്ട്. രോഗാണുവിനെ നശിപ്പിക്കുന്ന നൂട്രലൈസിംഗ് ആന്റിബോഡികൾ (പ്രധാനം M, G ആന്റിബോഡികൾ) ഉൽപ്പാദിക്കുന്നതായും ഇവ രോഗത്തിന്റെ തീവ്രതക്കും രോഗാണുവിന്റെ ജനിതക സ്വഭാവത്തിനനുസരിച്ചും കൂടുന്നതായും ഈ ഗവേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടുതൽ വൈറൽ ലോഡുകളുള്ള രോഗികളിൽ അതിനനുസരിച്ച് ഇത് കൂടുതൽ ഉൽപാദിക്കപ്പെടുന്നു. ഇതിനുപുറെമേ കോവിഡുബാധിതരിൽ ദീർഘകാല പ്രതിരോധത്തിനായി രോഗിയുടെ ശരീരത്തിൽ T cell പ്രതിരോധ കോശങ്ങളും ഉൽപ്പാദിക്കപ്പെടുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. രോഗപ്രതിരോധത്തിന് വേണ്ട ഇവയുടെ ലെവൽ / അളവ് എത്രയാണെന്ന് നിശ്ചയിക്കാനായിട്ടില്ല. ഇൻഫ്ളുവൻസ രോഗത്തിൽ, വീണ്ടും അണുബാധ ഉണ്ടാകാതെ തടയാൻ വേണ്ട ആന്റിബോഡിയുടെ ടൈറ്റർ അളവ് 1:40 ഉം മിസിൽസിന്റേത് 1: 120 യുമാണ്. കൊറോണയുടേതും ഇതിന് സമാനമായിരിക്കാമെന്നാണ് വിദഗ്ധരുടെ അനുമാനം.

കോവിഡ് രോഗികളിൽ ഉൽപാദിക്കപ്പെടുന്ന പ്രതിരോധ ആന്റിബോഡികളുടെ പഠനം പ്രതീക്ഷ നൽകുന്നതാണ്. 2020 ഒക്ടോബർ 28ന് പ്രസിദ്ധീകരിച്ച സയൻസ് ജേർണലിൽ ന്യൂയോർക്കിലെ മൗണ്ട് സിനായ് ആശുപത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാർച്ച് തൊട്ട് ഒക്ടോബർ ആറുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടതും രോഗലക്ഷണങ്ങൾ ഉണ്ടായതുമായ 30,082 രോഗികളെ പിന്തുടർന്ന് നിശ്ചിത ഇടവേളകളിൽ ശരാശരി (52, 82, 148 ദിവസം) മൂന്നു തവണകളായി പരിശോധിച്ചപ്പോൾ അവരിൽ 98 ശതമാനം പേരിലും മാസങ്ങളോളം നല്ല അളവിൽ ആന്റിബോഡികൾ ഉണ്ടായി അധികം കുറയാതെ 1: 80 അളവിലും കൂടുതലായി നിലനിൽക്കുന്നതായി കണ്ടെത്തി. ഇതിന്റെ അർധായുസ്സ് 21 ദിവസമായും കണക്കാക്കിയിട്ടുണ്ട്.

30082 പേരിൽ നടത്തിയ കോവിഡ് പ്രതിരോധ ആന്റിബോഡികളുടെ പഠനം. / ഫോട്ടോ: സയൻസ് ജേണൽ

ഇതിൽനിന്ന്, കോവിഡുബാധിതരിലെ ആന്റിബോഡി ലെവൽ അഞ്ചുമാസത്തോളം കുറയാതെ നിലനിൽക്കും എന്ന് മനസ്സിലാക്കാം. പിന്നീട് ഇതേ വിഷയത്തിൽ ഒക്ടോബർ 29ന് പ്രസിദ്ധീകരിച്ച ന്യൂ ഇംഗ്ലണ്ട് മെഡിക്കൽ ജേർണലിലെ ഗവേഷണ ലേഖനത്തിൽ ഐസ്‌ലാൻഡിലെ 1200 ലധികം രോഗികളിൽ നടത്തിയ പഠനത്തിൽ 91 ശതമാനം കോവിസ് പോസിറ്റീവ് രോഗികളിലും ഇതുവരെയുള്ള പഠനത്തിൽ (1107/1215 പേരിൽ) രോഗനിർണയം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം ആന്റിബോഡി ലെവൽ കൂടിവരുന്നതായും നാലു മാസത്തോളം ഈ ലെവൽ കുറയാതെ നിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. പഠനം തുടരുകയാണ്​.

രോഗതീവ്രതക്കനുസരിച്ച് മുതിർന്നവരിലും ഇത് കൂടുതലാണെന്നും പുകയില ഉപയോഗിക്കുന്നവരിലും ആന്റി ഇൻഫ്ളമേറ്ററി മരുന്നുകൾ കഴിക്കുന്നവരിലും അമിതവണ്ണമുള്ളവരിലും ആന്റിബോഡി ലെവൽ കുറവാണെന്നും കണ്ടെത്തി. കോവിഡ് ആന്റിബോഡികൾ ദീർഘകാലം നിലനിൽക്കുമെന്നും അതിനാൽ ഒരാൾക്ക് ചെറിയ ഇടവേളകളിൽ വീണ്ടും രോഗബാധക്ക് സാധ്യതയില്ലെന്നുമാണ് ഈ പഠനഫലങ്ങൾ തെളിയിക്കുന്നത്.

മറ്റ് കൊറോണ വൈറസ് അണുബാധകൾ കോവിഡിന് ക്രോസ് ഇമ്യൂണിറ്റി നൽകുമോ?

ഒരു രോഗാണുവിനെതിരെ പ്രത്യേകമായി ഉണ്ടാക്കപ്പെട്ട ആന്റിബോഡികൾ ശരീരത്തിൽ പ്രസ്തുത രോഗാണുവിന്റെ ഭീഷണി മാറിക്കഴിഞ്ഞാൽ ക്രമേണ കുറഞ്ഞുവരാം. എന്നാൽ T സെൽ അടിസ്ഥാനമായിട്ടുള്ള (സി.ഡി 4, സി.ഡി 8 ) പ്രതിരോധ കോശങ്ങൾ പ്രസ്തുത രോഗാണുവിന്റെ ഓർമ (Memory) ദീർഘകാലം നിലനിർത്തുകയും പിന്നീട് എപ്പോഴെങ്കിലും വീണ്ടും അതേ രോഗാണു ശരീരത്തിൽ എത്തുമ്പോൾ എളുപ്പം തിരിച്ചറിഞ്ഞ് പ്രതികരിച്ച് പ്രതിരോധ വസ്തുക്കൾ ഉപയോഗിച്ച് അവയെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യും. ഇത്തരം T സെൽ കോശങ്ങൾക്ക് സാധാരണ അതേ സ്വഭാവമുള്ള / ഗ്രൂപ്പിൽപ്പെട്ട മറ്റ് രോഗാണുക്കളെയും എളുപ്പം തിരിച്ചറിയാൻ കഴിയും, മാത്രമല്ല, അവർക്കെതിരെ പ്രതികരിക്കാനുള്ള "ക്രോസ് പ്രോട്ടക്ഷൻ' ( Cross protection ) പ്രകൃതിയിലുണ്ട്.

ഒരേ ഗ്രൂപ്പിൽപ്പെട്ട വൈറസുകൾ അവയുടെ സമാനഘടനകൾ കൊണ്ട് പ്രതിരോധ കോശങ്ങൾക്ക് "പരസ്പരം രക്ഷ' നൽകാൻ സാധ്യതയുമുണ്ട്. അത് ദീർഘകാലം നിലനിൽക്കുമെന്ന അറിവ് ശരിയാകുമെങ്കിൽ മുമ്പ് ഏതെങ്കിലും കൊറോണ ഗ്രൂപ്പിൽപ്പെട്ട വൈറസ് ബാധയുണ്ടായവരിൽ പുതുതായി ഉണ്ടായ കോവിഡ് 19 /കോറോണ 2 നെതിരെയും പ്രതിരോധം ഉണ്ടാകാൻ സാധ്യതയുണ്ട്.

കോവിഡ് ഉണ്ടാക്കുന്ന കൊറോണ വൈറസിന്റെ അതേ ഗ്രൂപ്പിൽപ്പെട്ട വൈറസുകളാണ് (Corona Virus 1) 2003 ൽ പുതുതായി ഉണ്ടായ "സാർസ്' (SARS) രോഗം ഉണ്ടാക്കിയത്. അന്ന് സാർസ് ബാധയുണ്ടായിരുന്ന രോഗികളിൽ 17 വർഷം കഴിഞ്ഞ് പരിശോധിച്ചപ്പോഴും അവരിൽ ആ വൈറിസിനെനിതിരെ T സെൽ പ്രതിരോധ കോശങ്ങൾ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ആന്റിബോഡികൾക്കുപുറമേ ഇപ്പോഴുള്ള കോവിഡ് അഥവാ കോറോണ 2 വൈറസുകൾക്കെതിരെ ഉൽപാദിപ്പിക്കുന്ന T സെൽ കോശങ്ങളും ദീർഘനാൾ മനുഷ്യരിൽ നിലനിൽക്കും എന്നുതന്നെയാണ് ശാസ്തജ്ഞർ അനുമാനിക്കുന്നത്.

കൂടാതെ, ഒരേ ഗ്രൂപ്പിൽപ്പെട്ട വൈറസുകൾ അവയുടെ സമാനഘടനകൾ കൊണ്ട് പ്രതിരോധ കോശങ്ങൾക്ക് "പരസ്പരം രക്ഷ' (Cross Immunity ) നൽകാൻ സാധ്യതയുമുണ്ട്. അത് ദീർഘകാലം നിലനിൽക്കുമെന്ന അറിവ് ശരിയാകുമെങ്കിൽ മുമ്പ് ഏതെങ്കിലും കൊറോണ ഗ്രൂപ്പിൽപ്പെട്ട വൈറസ് ബാധയുണ്ടായവരിൽ പുതുതായി ഉണ്ടായ കോവിഡ് 19 /കോറോണ 2 നെതിരെയും പ്രതിരോധം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ശരിയാണെന്ന് സ്ഥാപിക്കപ്പെട്ട അഞ്ച് പഠനങ്ങളെപ്പറ്റി ഇമ്യുണോളജി (Nature Review Immunology) ജേണലിൽ (Alessadrosette, Shane Crotty- Centre for Infectious disease and Vaccine research, കാലിഫോർണിയ യൂണിവേഴ്സിറ്റി) ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിട്ടുണ്ട്. കൊറോണ ബാധ ഉണ്ടാകുന്നതിനുമുമ്പ് 2015ൽ അമേരിക്ക, നെതർലാൻസ്, ജർമനി, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കപ്പെട്ടവരുടെ രക്തസാമ്പിളുകളിൽ 34- 50 ശതമാനം പേരിൽ T സെൽ ലിംഫോസൈറ്റ് കോശങ്ങൾക്ക് കൊറോണ- 2 വൈറസിനെതിരെയുള്ള പ്രതിരോധ വസ്തുക്കളെയും കണ്ടെത്തി, മുകളിൽ സൂചിപ്പിച്ച "ക്രോസ് പ്രൊട്ടക്ഷൻ' തിരിച്ചറിഞ്ഞിട്ടുണ്ട്. സിംഗപ്പൂരിൽ നിന്നുള്ള സാമ്പിളുകളിലാണ് ഇത് കൂടുതൽ ഉള്ളതെന്നതും സിംഗപ്പൂർ പോലുള്ള എഷ്യൻ രാജ്യങ്ങളിൽ കൊറോണ മരണനിരക്ക് കുറവാണെന്നതും ഈ പ്രതിരോധത്തിന്റെ പിൻബലത്തിലാകാമെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.

കൊറോണ വൈറസ് ഗണത്തിൽപ്പെട്ട, സാധാരണ ജലദോഷമുണ്ടാക്കുന്ന നാലുതരം വൈറസുകൾ (229E, NL63, OC43, HKU1) ട്രോപ്പിക്കൽ സമൂഹത്തിൽ വ്യാപകമാണ്. അതിനാൽ ഇവ കൊറോണ T മെമ്മറി കോശങ്ങളുള്ളവരിൽ കോറോണ- 2 ആന്റിജനെ വളരെ നേരത്ത മൂക്ക്, തൊണ്ട, തുടങ്ങിയ ശ്വാസകോശവ്യൂഹ പാതയിൽ വെച്ച് തിരിച്ചറിഞ്ഞ് പ്രതിരോധിക്കും എന്നവർ വാദിക്കുന്നു. അതിനാലാണ് ലോകരാജ്യങ്ങളിലുള്ള ജനങ്ങളിൽ ചിലരിൽ കോവിഡ് ഗുരുതരമാകാത്തതെന്നും ഇവർ സമർത്ഥിക്കുന്നു. അതിനാൽ വാക്സിൻ പരീക്ഷണം നടത്തുമ്പോൾ അതിൽ പങ്കെടുക്കുന്നവരിൽ ഇതുപോലെ ആദ്യമേ "കൊറോണ T സെൽ' പ്രതിരോധ കോശങ്ങൾ ഉള്ളവരിലും ഇല്ലാത്തവരിലും ഉണ്ടാക്കാവുന്ന പ്രതിരോധശക്തിയുടെ വേഗതയും അളവും കണക്കാക്കി വിശകലനം ചെയ്യണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ സമാനമായ മറ്റ് വൈറസുകൾക്കെതിരെയുള്ള T സെൽ പ്രതിരോധ കോശങ്ങൾ ആദ്യമേ ഉള്ളതുകൊണ്ടാണ് എച്ച്1 എൻ1 /ജപ്പാൻ ജ്വരം വൈറസ് ബാധകൾ യുവാക്കളിലും മുതിർന്ന ജനവിഭാഗങ്ങളിലും അത്ര തീവ്രമാകാത്തതും, മറ്റു തരത്തിലുള്ള അണുബാധ കിട്ടാത്ത പ്രായം കുറഞ്ഞ കുട്ടികളിലും പ്രതിരോധം കുറഞ്ഞുതുടങ്ങുന്ന പ്രായമായവരിലും ( "V' shaped curve) തീവ്രമായി ബാധിക്കുന്നതും എന്ന വിശദീകരണവും ഇവർ നൽകുന്നുണ്ട്.

നോർവെ ഇൻഫ്ളുവൻസ സെന്ററിലെ വിദഗ്ധരായ റെബെക്ക. ജെ. കോക്സിന്റെ അഭിപ്രായത്തിൽ (നേച്ചർ, ഒക്ടോബർ 20, ) കോവിഡിന്റെ കാര്യത്തിൽ ആന്റിബോഡിയുടെ ലെവൽ കുറഞ്ഞാലും പ്രശ്നമുണ്ടാവാൻ സാധ്യത ഇല്ലെന്നും മെർസ് (MERS), സാർസ്, സാധാരണ ജലദോഷത്തിന് കാരണമാകുന്ന 229 E, NL63, OC43, HKU1, തുടങ്ങി കൊറോണ ഗ്രൂപ്പിലുള്ള വൈറസുകൾക്കൊക്കെ T സെൽ മുഖാന്തിരമുള്ള പ്രതിരോധ ശക്തി (T Cell Immunity) ലഭിക്കുന്നുണ്ടെന്നുമാണ്. സാർസ് രോഗമുണ്ടായ രോഗികളിലെ T സെൽ കോശങ്ങൾ 17 വർഷങ്ങൾ കഴിഞ്ഞും പുതിയ കൊറോണ- 2 വൈറസുകൾക്കെതിരെ പ്രവർത്തിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുള്ളത് ഈ ഗവേഷണ പ്രബന്ധത്തിലും പരാമർശിക്കുന്നു. മനുഷ്യരിൽ വളരെ സാധാരണമായി (28 50 % പേരിലും) ജലദോഷ ലക്ഷണങ്ങൾ ഉണ്ടാക്കി പിടിപെടുന്ന കൊറോണ വൈറസ് ഗ്രൂപ്പിൽപ്പെട്ട മറ്റ് നാലെണ്ണത്തിന്റേയും T സെൽ പ്രതിരോധ കോശങ്ങൾ പുതിയ കൊറോണ വൈറസുമായി ക്രോസ് റിയാക്റ്റ് ചെയ്ത് സംരക്ഷണം ലഭ്യമാക്കുമെന്ന് , അമേരിക്കയിലെ NIH ന്റ ആഭിമുഖ്യത്തിൽ നടത്തിയ ഗവേഷണ പ്രബന്ധത്തിൽ മാർക്ക് ലിപ് സിച്ച് പ്രസ്താവിക്കുന്നുണ്ട്. അതിനാൽ, ഈ ജലദോഷ വൈറസുകളുടെ T cell പ്രതിരോധ കോശങ്ങളുടെ വ്യത്യാസം നോക്കി ലോകരാജ്യങ്ങളുടെയും ജനങ്ങളുടെയും കോവിഡ് റിസ്‌ക് /വ്യാപന സാധ്യത മാപ്പ് ചെയ്യാനാകുമെന്നും ഇതനുസരിച്ച് രോഗാണുബാധ, രോഗത്തിന്റെ സ്വഭാവം, തീവ്രത, മരണനിരക്ക് എന്നിവയിൽ അനുകൂല മാറ്റമുണ്ടാക്കാനാകുമെന്നും ഇതിൽ സ്ഥാപിക്കുന്നു.

കൊറോണ വൈറസ് ഗ്രൂപ്പിൽപ്പെട്ട നാലിനം വൈറസുകളുടെ T സെൽ പ്രതിരോധ കോശങ്ങളും പുതിയ കൊറോണ വൈറസുമായുളള ക്രോസ് റിയാക്ഷന്റെ ഗ്രാഫ് / ഫോട്ടോ: നേച്ചർ

അതിനാൽ, ഈ പ്രതിരോധ കോശങ്ങളിലൂടെ ഒരിടത്തെ കോവിഡ് രോഗപകർച്ചയുടെ സാധ്യത കുറച്ച് (ആർ നോട്ട് R 0) അവിടെ ഹേർഡ് ഇമ്യൂണിറ്റി ഉണ്ടാകാൻ വേണ്ട രോഗബാധിതരുടെ മിനിമം ശതമാനം കുറക്കാം. അതുവഴി, അവിടങ്ങളിൽ രോഗവ്യാപനം കുറവായിരിക്കും, കുറച്ചു ശതമാനം പേരിൽ രോഗപ്പകർച്ച ഉണ്ടായിക്കഴിയുമ്പോൾ തന്നെ "ഹേർഡ് ഇമ്യൂണിറ്റി' ഉണ്ടായി വ്യാപനം നിയന്ത്രണത്തിലാക്കാനും സാധ്യതയുണ്ട്.

"ക്രോസ് ഇമ്യൂണിറ്റി' പ്രതിഭാസം വിശദീകരണങ്ങൾ സാധൂകരിക്കുന്ന വിധത്തിലാണ് ലോക രാജ്യങ്ങളിൽ വിവിധ പ്രദേശങ്ങളിൽ വിവിധ ജനവിഭാഗങ്ങളിൽ വ്യത്യസ്തമായി കോവിഡ്, എണ്ണത്തിലും തീവ്രതയിലും കൂടിയും കുറഞ്ഞും വ്യാപിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലുമുള്ള സമ്പന്ന രാജ്യങ്ങളിൽ കോവിഡ് മരണനിരക്ക് ലക്ഷത്തിൽ അമ്പതിൽ കൂടുതലുള്ളപ്പോൾ ആരോഗ്യ സേവന മേഖല അത്ര മെച്ചപ്പെട്ടതല്ലാത്ത, ശുചിത്വം പൊതുവേ കുറഞ്ഞ ഇന്ത്യയടക്കം ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളിൽ ഇത് ലക്ഷം പേരിൽ പത്തിൽ താഴെയാണ്. ഈ വ്യത്യാസം പൊതുവെ ഇവിടങ്ങളിലെ ജനങ്ങളിൽ വ്യാപകമായി മുമ്പുണ്ടായ മറ്റ് തരത്തിലുള്ള കൊറോണ വൈറസ് ബാധയെ തുടർന്ന് ആർജിത പ്രതിരോധം നൽകുന്ന "ക്രോസ് പ്രൊട്ടക്ഷൻ' കൊണ്ടാണ് എന്നാണ് ശാസ്ത്രം കരുതുന്നത്. ഇതിന് ബി.സി.ജി വാക്സിൻ ഒരു കാരണമാകാമെന്ന നിഗമനം ശാസ്ത്ര പഠനങ്ങളിലൂടെ തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇമ്യൂണിറ്റിയും വാക്സിനേഷനും

വാക്സിനുകൾ എല്ലായിടത്തും ആവശ്യത്തിന് ഇഷ്ടംപോലെ ലഭ്യമാകുന്നതിന് പല തടസങ്ങളുമുണ്ട്. രോഗാണുബാധയുണ്ടായവരിലുണ്ടാകുന്ന ആർജിത പ്രതിരോധശേഷി രോഗപ്രതിരോധത്തിന് വേണ്ടത്ര അളവിൽ ഉണ്ടാകുകയും ദീർഘകാലം നിലനിൽക്കുകയും ചെയ്യുകയാണെങ്കിൽ ഇപ്പോൾ രോഗം വന്നവരെ മുഴുവൻ ഒഴിവാക്കി ബാക്കിയുള്ളവരിലെ റിസ്‌ക് ഗ്രൂപ്പുകളിൽപ്പെട്ടവർക്കും മറ്റുള്ളവർക്കും നൽകിയാൻ മതിയെന്ന "വാക്സിൻ നയം' ലോകരാജ്യങ്ങൾക്ക് പിന്തുടരാനാകും. മറിച്ച്, രോഗബാധയുണ്ടായവരിൽ അധികകാലം നീളുന്ന പ്രതിരോധം ഉണ്ടാക്കുന്നില്ലെങ്കിൽ എല്ലാവർക്കും വാക്സിൻ നൽകേണ്ടിവന്നേക്കാം. മാത്രമല്ല, ഇപ്പോൾ കണ്ടുപിടിക്കപ്പെടുന്ന വാക്ലിനുകളുടെ പ്രതിരോധം അധികംകാലം നീണ്ടുനിൽക്കാനും സാധ്യതയില്ല. അങ്ങിനെയാകുമ്പോൾ രോഗപ്രതിരോധത്തിന് നിശ്ചിത ഇടവേളകളിൽ വീണ്ടും വിലകൂടിയ നൽകേണ്ടിവരികയും ചെയ്യും.

കോവിഡ് വൈറസിന്റെ മ്യുട്ടേഷനുകൾ

കോവിഡ് രോഗകാരിയായ കൊറോണ വൈറസ് ഒരു ആർ.എൻ.എ (RNA) വൈറസ് ആയതിനാൽ മ്യുട്ടേഷൻ സാധ്യത കൂടുതലാണ്. എന്നാൽ, ഇതുവരെയുണ്ടായ ജനിതക വ്യതിയാനങ്ങൾ ഇതിന്റെ വ്യാപനം കൂടാൻ സഹായിക്കുമെങ്കിലും വീര്യമോ രോഗതീവ്രതയോ (Virulence) കൂട്ടുന്നതായി കണ്ടെത്തിയിട്ടില്ല. മറിച്ച് പരിമാണ ശാസ്ത്രതത്വം അനുസരിച്ച്, മറ്റു ജീവികളെ പൂർണമായും ആശ്രയിച്ചുകഴിയുന്ന വൈറസ് പോലുള്ള സൂഷ്മാണുക്കൾ അതിജീവനത്തിനും വ്യാപനത്തിനും സഹായിക്കുന്ന വിധത്തിലായിരിക്കും ആതിഥേയ ജീവിയുമായി പരസ്പരം ബന്ധപ്പെട്ട് പരിണമിക്കുക. അതിനാൽ, തലമുറകൾ കടന്ന് പിൻഗാമികളായി വരുന്ന വൈറസുകൾ ആതിഥേയരായ മനുഷ്യർക്ക് നാശം/മരണം ഉണ്ടാക്കുന്നത് കുറച്ചുകൊണ്ടായിരിക്കും പാരസ്പര്യം നിലനിർത്തി അതിജീവന സാധ്യത വർധിപ്പിച്ച് മ്യുട്ടേറ്റ് ചെയ്യുക. അതിനാൽ ആദ്യ വംശപരമ്പരകളെ അപേക്ഷിച്ച് അനേക തലമുറകൾ പിന്നിടുന്തോറും വൈറസുകളുടെ തീവ്രത കുറഞ്ഞുവരും. പ്രത്യേകിച്ച്, എതിരായി "ആന്റി വൈറൽ' ഔഷധങ്ങൾ ഇല്ലാത്ത സ്ഥിതിയിൽ. പത്തു പതിനൊന്ന് മാസങ്ങൾക്കുമുമ്പ് മനുഷ്യരിൽ എത്തിയ, അനേകം മനുഷ്യരിലൂടെ കടന്നുപോയ ആദിമ "കോവിഡ് വൈറസു'കളുടെ 20 -30 തലമുറകൾക്കിപ്പുറം ഉള്ളവയാണ് ഇപ്പോഴുള്ള വൈറസുകൾ. അതുകൊണ്ടു കൂടിയാണ് ആദ്യ സമയത്തെ അപേക്ഷിച്ച് കോവിഡ് രോഗികളിൽ ഇപ്പോൾ മരണനിരക്ക് കുറഞ്ഞുവരുന്നത് എന്നും ശാസ്ത്രത്തിന് അഭിപ്രായമുണ്ട്. പുതുതായി ഉണ്ടായി കൂടുതൽ പടർന്നുപിടിക്കുന്ന പാൻഡമിക്കുകൾക്ക് മുഴുവൻ ഈ സ്വഭാവമായിരിക്കും. (ഉദാ: എച്ച്1 എച്ച്1, ഇൻഫ്ളുവൻസ)

കോവിഡിന്റെ ഭാവി

കോവിഡിനെതിരെ ഇതുവരെ ഫലപ്രദമായ ഔഷധങ്ങൾ കണ്ടെത്തിയിട്ടില്ല. ഇപ്പോൾ ഉപയോഗിച്ചുവരുന്ന മരുന്നുകളൊന്നും ഫലപ്രദമാണെന്ന് തെളിയിക്കാനായിട്ടില്ല എന്നാണ് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ വിവിധ രാജ്യങ്ങളിൽ നടത്തിയ മെഗാട്രയലുകളുടെ ഫലം - (Solidarity Trial ) -കാണിക്കുന്നത്. രോഗതീവ്രത കുറക്കാൻ "ഡെക്സാമെതസോൺ' പോലുള്ള ഔഷധങ്ങൾ ഫലപ്രദമാണ് എന്നാണ് പരീക്ഷണങ്ങളിൽ തെളിയിക്കപ്പെട്ടത്. രോഗമുക്തി നേടിയവരുടെ "പ്ലാസ്മ' ചികിത്സയോ റെംഡെസിവിർ പോലുള്ള മരുന്നുകളോ രോഗികളുടെ ഗുരുതരാവസ്ഥയോ മരണങ്ങളോ കുറക്കാൻ സഹായിക്കുമെന്ന് പൂർണമായും തെളിയിക്കപ്പെട്ടിട്ടില്ല. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ (Propagative ) മുഴുവൻ നമ്മൾ പ്രതീക്ഷിക്കുന്നപോലെ ഉയർന്നുപൊങ്ങി (Bell Shaped ) ഒരു "സ്മൂത്ത് കർവ്' ആയി നേരെ താഴ്ന്നുവരില്ല. പകരം, പരമാവധി ഉയർന്ന് താഴെക്ക് കുറഞ്ഞുവരുന്ന വഴിയിൽ ഇടക്കിടെ തിരകൾ പോലെ പല തവണകൾ ഉയർന്നും താഴ്ന്നു (Spikes) മായിരിക്കും കുറഞ്ഞുവരുന്നത്. അതിനിടെ, ആ പ്രദേശത്തെ ആളുകളുടെ യാത്രകളും അകത്തോട്ടും പുറത്തോട്ടുമുള്ളവരുടെ ഒഴുക്കും/മൈഗ്രേഷനും അനുസരിച്ച് രോഗപകർച്ച ഉയർന്നും താഴ്ന്നുമിരിക്കും. ഒടുവിൽ നിശ്ചിത ശതമാനം പേർക്ക് രോഗപ്രതിരോധം ഉണ്ടാകുമ്പോൾ അത് അടങ്ങി സ്ഥിരതയിലെത്തി ഇടക്ക് വിവിധ സ്ഥലകാലങ്ങളിൽ അവിടെയും ഇവിടെയും പ്രത്യക്ഷപ്പെട്ട് സ്ഥായിയാകും (Endemic), കുറെ നാശം വിതച്ച് അവസാനം എൻഡമിക്ക് അവസ്ഥയിൽ എത്തുമെന്നതാണ് പകർച്ചവ്യാധികളുടെ "നാച്ചുറൽ ഹിസ്റ്ററി' (Natural history). 2009 ൽ ആദ്യമായി ഉണ്ടായ H1 N1ന്റെ ഭൂമിയിലെ ഇപ്പോഴത്തെ സ്ഥിതിയും ഇതാണ്.

കേരളത്തിൽ ഇതുവരെ 5.87 ലക്ഷത്തിലേറെ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനർത്ഥം ഇതിന്റെ പത്ത് ഇരട്ടിയിലധികം പേർക്ക്; അതായത് 50 ലക്ഷത്തിലധികം പേർക്ക്, കേരളത്തിൽ ഇതിനകം കോവിഡ് അണുബാധ ഉണ്ടായിട്ടുണ്ടാവാം.

പുതുതായി ഒരു പകർച്ചവ്യാധി ഒരു പ്രദേശത്ത് എത്തുമ്പോൾ ജനങ്ങളിൽ പ്രതിരോധശക്തി ഇല്ലാത്തതിനാൽ അത് പടരുകയും നിശ്ചിത പരിധിയിലെത്തുമ്പോൾ (ഹേർഡ് ഇമ്യൂണിറ്റി ത്രഷോൾഡ്) പകർച്ച തനിയെ നിലയ്ക്കുകയും ചെയ്യും. കോവിഡിന്റെ ഈ പരിധി ഏകദേശം 60% ഓളമാണ്. ഇപ്പോൾ പല രാജ്യങ്ങളിലെയും ജനങ്ങളിലുണ്ടായ രോഗാണുബാധനിരക്ക് അവിടെ റിപ്പോർട്ടു ചെയ്യപ്പെട്ട രോഗികളുടെ പത്ത് ഇരട്ടിയെങ്കിലും ഉണ്ടാവാമെന്നാണ് എപ്പിഡിമിയോളജിസ്റ്റുകൾ കണക്കാക്കുന്നത്. കൂടുതൽ ടെസ്റ്റുകൾക്ക് വിധേയമാക്കാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ യഥാർഥ എണ്ണം ഇതിലും കൂടുതൽ (15-20 ഇരട്ടി ) ആയിരിക്കും. ഇതുപ്രകാരം കേരളത്തിൽ ഇതുവരെ 5.87 ലക്ഷത്തിലേറെ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനർത്ഥം ഇതിന്റെ പത്ത് ഇരട്ടിയിലധികം പേർക്ക്; അതായത് 50 ലക്ഷത്തിലധികം പേർക്ക്, കേരളത്തിൽ ഇതിനകം കോവിഡ് അണുബാധ ഉണ്ടായിട്ടുണ്ടാവാം. ഇത് ജനസഖ്യയുടെ 15% ലധികം വരും. സാധാരണ ഹേർഡ് ഇമ്യൂണിറ്റി പരിധിയുടെ പകുതിയെത്തുംവരെ രോഗം വ്യാപിച്ച് പരമാവധി "പീക്ക് ' അവസ്ഥയിലെത്തിയാൽ പിന്നെ കൂടാതെ താഴേക്കുവന്നുതുടങ്ങും. പിന്നീട് രോഗാണുവിന് പടരാൻ പ്രതിരോധമില്ലാത്തവർ കുറയുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. മുംബൈയിലും പൂനയിലും ഇങ്ങിനെയാണ് സംഭവിച്ചത്.

തുടക്കത്തെ അപേക്ഷിച്ച് പിന്നീടുണ്ടാകുന്ന രോഗബാധിതരിൽ കൂടുതൽ പേർ ലക്ഷണങ്ങൾ ഇല്ലാത്തവരോ / കുറഞ്ഞവരോ ആകുമ്പോൾ രോഗം ടെസ്റ്റ്/ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുകയും രോഗബാധ കുറയുന്നതായി തെറ്റായി തോന്നുകയും ചെയ്യാം. അതിനാൽ കേരളത്തിൽ ഇനിയും കുറെനാൾ കോവിഡ് തുടരും. അതിനോടൊപ്പം ജീവിക്കാൻ നമ്മുടെ ജീവിതരീതികളിലും പെരുമാറ്റങ്ങളിലും ആരോഗ്യ ശീലങ്ങളിലും ഉചിത മാറ്റം തുടരണം. ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ശുചിത്വം പാലിക്കുകയും പനി-ശ്വാസകോശ രോഗങ്ങൾ ഉള്ളപ്പോൾ പുറത്തിറങ്ങാതെ വിശ്രമിക്കുകയും വേണം. ആവശ്യമുള്ളവർക്ക് ഉചിതമായ ചികിത്സയും ലഭ്യമാകണം. കോവിഡിനെ, വരാൻ പോകുന്ന "ക്ലൈമറ്റ് ചെയ്ഞ്ചിന്റെ' ക്രൈസിസിന് (Climate change crisis) മുന്നോടിയായ ഡ്രസ് റിഹേഴ്‌സലായി കണ്ട് സയൻസിനെ ഉറപ്പിച്ച് നിർത്താനുള്ള അവസരമായി കാണണമെന്നാണ് സ്ലാവോയ് സിസെക് (Slavoj Zizek)പറയുന്നത്.▮


ഡോ. ജയകൃഷ്ണൻ ടി.

എപ്പിഡെമിയോളജി വിദഗ്ധൻ. വകുപ്പ് മേധാവി ആൻറ്​ പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, കെ. എം. സി. ടി. മെഡിക്കൽ കോളേജ്, കോഴിക്കോട്.

Comments