ഡോ. ജയകൃഷ്​ണൻ ടി.

മനുഷ്യരുമായി സഹവസിക്കാനെത്തിയആറ്​ വൈറസുകളുടെ അതിജീവനകഥ

30 വർഷത്തിനിടയിൽ, മുപ്പതിലധികം പുതിയ പകർച്ചവ്യാധികൾ ഭൂമിയിലുണ്ടായിട്ടുണ്ട്​. ഇവയിൽ 60% ത്തിലധികം മൃഗജന്യ രോഗങ്ങളാണ്. അവയുടെ ഉറവിടം തേടിയാൽ, പരിസ്ഥിതിയുടെ താളം തെറ്റലും ആവാസ വ്യവസ്ഥയുടെ തകിടം മറിച്ചലും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഇടപെടലുകളും കണ്ടെത്താം.

കർച്ചവ്യാധികൾ വൻകരകൾ താണ്ടുമ്പോൾ മാത്രമാണ് ‘പാൻഡമിക്ക്’ എന്ന വിളി​പ്പേരിലറിയപ്പെടുന്നത്‌. എന്നാൽ ഇങ്ങനെയുള്ള ‘പാൻഡമിക്ക്’ ആകാൻ സാധ്യതയുള്ള പല പുതിയ രോഗങ്ങളും, ഒപ്പം, കാലയവനികയിൽ മറഞ്ഞ പല പഴയ രോഗങ്ങളും ഭൂഖണ്ഡത്തിന്റെ പല ഭാഗത്തും ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നുമുണ്ട്. ഇവയിൽ പലതും അവസരം പാത്തുകഴിയുകയാണ്.

മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുന്ന ഏതു ഘടകത്തെയും പരിസ്ഥിതി (Environment) എന്നുവിളിക്കാം. ഇത് ചിലപ്പോൾ ഭൗതികമായതോ (താപനില, തണുപ്പ്, ജലലഭ്യത) രാസപരമായതോ (മലിനീകരണം, കീടനാശിനികൾ), ജൈവപരമായതോ (സസ്യങ്ങൾ, മൃഗങ്ങൾ, ജീവികൾ) സാമൂഹ്യമോ (രാഷ്ട്രീയം, മതം, സംസ്കാ​രികം, ആഹാരരീതി, യാത്രകൾ, ഉത്സവങ്ങൾ) ആയ ഏതു ഘടകങ്ങളുമാകാം.

മനുഷ്യർ ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന ഓരോ മാറ്റവും മൃഗങ്ങളിലുള്ള രോഗാണുക്കൾക്ക് മനുഷ്യരിലേക്ക് ചേക്കേറാനുള്ള അവസരമാണ്.

വൈദ്യശാസ്ത്ര​ത്തിൽ ആരോഗ്യാവസ്ഥകളിൽ നിന്ന്​ രോഗാവസ്ഥയിലേക്ക് മാറുന്നതിനെപ്പറ്റി പരാമർശിക്കുമ്പോൾ ഈ ഘടകങ്ങൾ ചേർന്ന ഒരു തുലാനാവസ്ഥയുടെ ത്രയത്തെപ്പറ്റി (ട്രയാഡ്നെപ്പറ്റി ) വിവരിക്കുന്നുണ്ട്. രോഗാണുക്കൾ, മനുഷ്യർ, പരിസ്ഥിതി- ഇവ ചേർന്ന ഒരു ത്രയമാണിത്. ആരോഗ്യാവസ്ഥയിൽ ഇവ മൂന്നും പരസ്പരതുലാനാവസ്ഥയിലായിരിക്കും. ഇവ മൂന്നും ചേർന്ന സന്തുലിതാവസ്ഥകൾക്ക് ഭംഗമുണ്ടാകുമ്പോഴാണ് രോഗമുണ്ടാകുന്നത്. പലപ്പോഴും ഇത് പരിസ്ഥിതിയെ മനുഷ്യർ ചൂഷണം ചെയ്യാൻ ശ്രമിക്കുമ്പോൾ രോഗാണുക്കൾ പ്രകോപിപ്പിക്കപ്പെടുകയോ മാറ്റപ്പെടുകയോ ചെയ്യുന്നതുമൂലമുണ്ടാകുന്ന സ്വഭാവമാറ്റങ്ങളായിരിക്കും. ഡേവിസ് ക്യൂമൻ എന്ന ശാസ്ത്രജ്ഞൻ ഇതിനെപറ്റി പറയുന്നത്​ ഇങ്ങനെയാണ്: ‘മനുഷ്യർ ആവാസവ്യവസ്ഥയിലുണ്ടാക്കുന്ന ഓരോ മാറ്റവും മൃഗങ്ങളിലുള്ള രോഗാണുക്കൾക്ക് മനുഷ്യരിലേക്ക് ചേക്കേറാനുള്ള (Spill over) ഒരു അവസരമാണ്. ഈ അവസരം, സാധ്യതകൾ പരമാവധി മുതലെടുത്ത്​, അവയിൽ ജനിതക മാറ്റമുണ്ടാകയും തുടർന്ന്​ അവ പരിണാമം പ്രാപിച്ച് മനുഷ്യരിലെത്തി ‘പാൻഡമിക്കു’കൾ ഉണ്ടാക്കുകയും ചെയ്യും.

Photo: UNICEF, facebook

ജനസംഖ്യയിലെ വളർച്ച, മൈഗ്രേഷനുകൾ, നഗരവത്കരണം, പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണം, തെറ്റായ ഭൂവിനിയോഗം, പരിസ്ഥിതി മാറ്റങ്ങൾ, കൃഷിയും മൃഗപരിപാലനവും വൻകിട ബിസിനസായി മാറിയത്, ആന്റിബയോട്ടിക്കുകളുടെ വഴിവിട്ട ഉപയോഗം, കീടനാശിനികളുടെ അമിത ഉപയോഗം, ഗ്ലോബലൈസേഷൻ, സസ്യേതര ഭക്ഷണങ്ങളുടെ ഉപയോഗക്കൂടുതൽ, യാത്രകൾ, വ്യാപാരം, ടൂറിസം, ഗതാഗത സൗകര്യങ്ങൾ ഇവയൊക്കെ ഇതിന് കാരണമായിട്ടുണ്ട്. സ്വർണമുട്ടയിടുന്ന താറാവിനെ കൊന്നതുപോലെ ആന്റിബയോട്ടിക്കുകളെ അമിതമായി ഉപയോഗിച്ച് അതിന്റെ ഫലപ്രാപ്തിയും ഇല്ലാതായിട്ടുണ്ട്. വ്യാപാരവും, യാത്രകളും രോഗാണുക്കളെ ഓരോ രാജ്യത്തിലേക്കും മനുഷ്യരിലേക്കെത്തിത്തിക്കുന്ന കൺവേയർ ബെൽട്ടുകളാണ് എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ ലോകത്തെവിടെയെങ്കിലും ഒരു മൂലക്ക് പിറവിയെടുക്കുന്ന രോഗാണുവിന് 36 മണിക്കൂറുകൊണ്ട് മനുഷ്യരോടൊപ്പം യാത്ര ചെയ്ത്​ ഗോളത്തിന്റെ മറുഭാഗത്തെത്താം. അതിനർത്ഥം, ഒരിടത്തുനിന്ന് ഇൻഫെക്ഷൻ കിട്ടിയ ഒരാൾ അതിന്റെ ഇൻകുബേഷൻ സമയത്തുതന്നെ മറ്റൊരു ദേശത്തെത്തി, രോഗലക്ഷണങ്ങളുണ്ടായി രോഗാണുവിനെ അവിടെയും എത്തിക്കാൻ സാധ്യത കൂടുതലാണ് എന്നതാണ്. ഏത്​ രാജ്യക്കാരാവട്ടെ എല്ലാവരും നീന്തുന്നത് ഒരേ കടലിലെ രോഗാണുക്കൾക്കൊപ്പമാണ്.

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ന്യൂജേഴ്‌സിയിലെ ഹാക്കൻസാക്കിലെ ഒരു ആശുപത്രിയുടെ പുറത്ത് മൊബൈൽ മോർച്ചറിയിൽ.

ഇപ്പോൾ ലോകത്തെവിടെയെങ്കിലും ഒരു മൂലക്ക് പിറവിയെടുക്കുന്ന രോഗാണുവിന് 36 മണിക്കൂറുകൊണ്ട് മനുഷ്യരോടൊപ്പം യാത്ര ചെയ്ത്​ ഗോളത്തിന്റെ മറുഭാഗത്തെത്താം.

കഴിഞ്ഞ 30 വർഷത്തിനിടയിൽ, മുപ്പതിലധികം പുതിയ പകർച്ചവ്യാധികൾ ഭൂമിയിലുണ്ടായിട്ടുണ്ട്​. ഇവയിൽ 60% ലധികം മൃഗജന്യരോഗങ്ങളാണ്. ഇവയിൽ ഇപ്പാൾ നമ്മൾ നീന്തിക്കൊണ്ടിരിക്കുന്ന കോവിഡുതൊട്ട് പിന്നോട്ട് കണ്ണോടിച്ചാൽ, അവയുടെ ഉറവിടം തേടിയാൽ, പരിസ്ഥിതിയുടെ താളം തെറ്റലും ആവാസ വ്യവസ്ഥയുടെ തകിടം മറിച്ചലും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഇടപെടലുകളും കണ്ടെത്താം. മെർസ്, എബോള, എച്ച് 1 എൻ1, സാർസ്, നിപ്പ, ഒടുവിൽ കോവിഡ്​എന്നിവ നമുക്ക് സുപരിചിതവുമാണ്.

ഒന്ന്​: കോവിഡ്​- 19, ഇനിയും ഏകാഭിപ്രായത്തിലെത്താതെ ശാസ്​ത്രം

2021 ജനുവരിയിൽ, ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വിദഗധരുടെ 17 അംഗ സംഘം ചൈനയിലെത്തി കോവിഡിന്റെ ഉറവിടം കണ്ടു പിടിക്കാൻ പഠനം നടത്തി. ലാബിൽ നിന്നുള്ള വൈറസ് ചോർച്ച, മനുഷ്യനിർമിത ജൈവായുധം, ശീതികരിച്ച ഭക്ഷണവസ്തു​ക്കൾ വഴി ചൈനയിലെത്തിയത്, വവ്വാലുകളിൽ നിന്ന് നേരിട്ട് മനുഷ്യരിലേക്ക്, വവ്വാലിൽനിന്ന് മറ്റു മൃഗങ്ങൾ വഴി മനുഷ്യരിലേക്ക് എന്നിങ്ങനെ അഞ്ചു സാധ്യതകളാണ് അവരുടെ മുമ്പിലുണ്ടായിരുന്നത്. ആദ്യ നാല് സാധ്യതകളും തള്ളി, അഞ്ചാമത്തെ സാധ്യതയിലാണ്​ സംഘം എത്തിയത്​. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധൻ പീറ്റർ ബെന്നിനോടൊപ്പം സംഘത്തിൽ ജർമനിയിലെ റോബർട്ട് കോക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ വെറ്ററിനറ്റി എപിഡിമിയോളജിസ്റ്റ് ഫാബിയാനും നെതർലാൻസിൽ നിന്ന് മറിയോൺ കൂപ്മേനും ഉണ്ടായിരുന്നു.

ഇപ്പോഴത്തെ സാർസ് കൊറോണ- 2 വൈറസുമായി 96% ത്തോളം ജനിതക സാമ്യമുള്ള R AT G | B വൈറസുകളെ ശാസ്ത്രജ്ഞർ ചൈനയിൽ വവ്വാലുകളിൽ നിന്ന് മുൻവർഷമേ കണ്ടെത്തിയിരുന്നു. അവയിൽനിന്ന് ഈനാംപേച്ചി വർഗത്തിൽപ്പെട്ട മൃഗങ്ങളിലൂടെ മൃഗചന്തകൾ വഴി (വെറ്റ് മാർക്കറ്റ്​) മനുഷ്യരിലേക്ക് സ്പിൽ ചെയ്തായിരിക്കും പുതിയ വൈറസ് മനുഷ്യരിലെത്തിയതെന്നായിരുന്നു സമിതിയുടെ പ്രാഥമിക നിഗമനം. ഭക്ഷ്യാവശ്യത്തിനും വേട്ടയാടലിനും വേണ്ടി, മനുഷ്യരും മറ്റ് മൃഗങ്ങളും തമ്മിലുള്ള അതിരുവിട്ടുള്ള ഇടകലരലാണ് രോഗകാരണമായത്​ എന്നായിരുന്നു ഇവരുടെ റിപ്പോർട്ടിലെ നിഗമനങ്ങൾ. പക്ഷെ, ഇതിൽ ഒരു ഏകാഭിപ്രായം ഇതുവരെ രൂപപ്പെട്ടിട്ടില്ല.

കുട്ടികൾ കളിച്ചിരുന്ന പൊത്തുകളോടുകൂടിയ ഒരു വൻമരം വവ്വാലുകളുടെ ശല്യം മൂലം മുതിർന്നവർ തീവെച്ച് കരിച്ചു. വവ്വാലുകളിൽ പലതും ചത്തു, ചിലത് പരിക്കേറ്റ് നിലത്തുവീഴുകയും ബാക്കിയുള്ളവ പറന്നുപോകുകയും ചെയ്​തു. മരം തീവെച്ചതിനെതുടർന്ന്​, വവ്വാലുകളുടെ ആവാസവ്യവസ്ഥ തകർന്നതാണ് എബോളക്ക് കാരണമായത്.

രണ്ട്​: തീവെച്ച മരത്തിൽനിന്ന്​ വ്യാപിച്ച എബോള

2014 ൽ ആഫ്രിക്കയിൽ എബോള പൊട്ടിപ്പുറപ്പെട്ടപ്പോഴും ഉറവിടം കണ്ടെത്താൻ നിയോഗിക്കപ്പെട്ട സംഘത്തിന് നേതൃത്വം കൊടുത്തത് ജർമനിയിലെ റോബർട്ട് കോക്ക് ഇൻസ്​റ്റിറ്റ്യൂട്ടിലെ വെറ്ററിനറി എപിഡിമിയോളജിസ്റ്റ് ഫാബിയാൻ ആയിരുന്നു. എബോള ആദ്യമായി ഉണ്ടായ ഗ്രാമത്തിൽ അവർ സന്ദർശനം നടത്തിയപ്പോൾ ചില കാര്യങ്ങൾ മനസ്സിലാക്കി: അവിടുത്തെ കുട്ടികൾ അടുത്ത നാളുകൾ വരെ കയറി കളിച്ചിരുന്ന പൊത്തുകളോടുകൂടിയ ഒരു വൻമരം വവ്വാലുകളുടെ ശല്യം മൂലം മുതിർന്നവർ തീവെച്ച് കരിച്ചു. വവ്വാലുകളിൽ പലതും ചത്തു, ചിലത് പരിക്കേറ്റ് നിലത്തുവീഴുകയും ബാക്കിയുള്ളവ പറന്നുപോകുകയും ചെയ്​തു. നിലത്ത് വീണതും പറന്നുപോയതുമായ വവ്വാലുകളുടെ ശരീരത്തിലുണ്ടായിരുന്ന എബോള വൈറസുകളാണ്​ പ്രദേശവാസികളിലും മറ്റ് പ്രദേശങ്ങളിലും വ്യാപിച്ചത് എന്ന നിഗമനത്തിലെത്തി. സംഘം അവിടെനിന്ന് ശേഖരിച്ച ചാരസാമ്പിളുകളിൽ നിന്ന് എബോളയുടെ ജനിതകാംശങ്ങൾ പിന്നീട് കണ്ടെത്തി. മരം തീവെച്ചതിനെതുടർന്ന്​, വവ്വാലുകളുടെ ആവാസവ്യവസ്ഥ തകർന്നതാണ് എബോളക്ക് കാരണമായത്.

എബോള ബാധിതയായ ഭാര്യയെ കാണാൻ പി.പി.ഇ. കിറ്റ് ധരിക്കുന്ന നൈജീരിയൻ യുവാവ്. 2014-ലെ ചിത്രം. / Photo: unicef.org

മൂന്ന്​: മരുഭൂമിയിലെ വവ്വാലിൽനിന്ന്​ ഒട്ടകം വഴിയെത്തിയ മെർസ്​

2012 ൽ സൗദി അറേബ്യയിലെ ജിദ്ദയിലാണ് ആദ്യം മെർസ് രോഗം, അതായത്​, മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോം എന്ന പുതിയ കൊറോണ വൈറസ് രോഗം കണ്ടെത്തിയത്​. ഉറവിടം അന്വേഷിച്ചെത്തിയ നെതർലാൻഡിലെ മറിയോൺ കൂപ്പ് മാൻ, വൈറസ് മനുഷ്യരിലെത്തിയത് അവിടെയുള്ള പ്രത്യേകതരം ഒട്ടകങ്ങളിൽ നിന്നാണെന്ന് കണ്ടെത്തി. ഇവിടങ്ങളിൽ ഒട്ടകത്തിന്റെ മാംസം ഭക്ഷിക്കാറുണ്ട്​. ഈ ഒട്ടകങ്ങൾ മേയാൻ പോകുന്ന മരുഭൂമികളിലുണ്ടായിരുന്ന വവ്വാലുകളിൽ മെർസ് വൈറസിന്റെ പ്രാക് രൂപത്തെ ശാസ്ത്രഞ്ജർ പിന്നീട് കണ്ടെത്തി.

ഒട്ടകത്തിലെ മെർസ് വൈറസിന്റെ സാന്നിധ്യം പരിശോധിക്കുന്നു / Photo: Wikimedia Commons

നാല്​: പന്നി- കോഴി- മനുഷ്യ സഹവാസത്തിൽനിന്നുവന്ന എച്ച്​ വൺ എൻ വൺ

2009 ൽ എച്ച് 1 എൻ1 വൈറസ് ആദ്യമായി കണ്ടെത്തിയത് മെക്‌സിക്കോവിലായിരുന്നു. ഇൻഫ്ലൂവൻസാ ഗ്രൂപ്പിൽ പെട്ട ഈ വൈറസ്​ മനുഷ്യരിലേയും പന്നികളിലേയും പക്ഷികളിലേയും വൈറസുകളുടെ ജനിതക ഘടകങ്ങൾ ചേർന്ന് രൂപം കൊണ്ടതാണ്. പന്നിഫാമുകളും, കോഴിഫാമുകളും, ആളുകളും ഇടകലർന്ന മെക്‌സിക്കോവിൽ ഇവരുടെ അടുപ്പം മൂലം മനുഷ്യരിലേയും പക്ഷികളിലേയും വൈറസുകൾ പന്നികളിലെത്തുകയും അവയുടെ ശരീരത്തിൽവെച്ച് ഇവയുടെ ജനിതക കൈമാറ്റം നടക്കുകയും ചെയ്​താണ്​ പുതിയ ഹൈബ്രിഡ്​ എച്ച് 1 എൻ 1 രൂപപ്പെട്ടത്. 2009 മാർച്ച് 28 ന് തിരിച്ചറിയപ്പെട്ട വൈറസ് നൂറുദിവസം തികയുമ്പോഴേക്കും, അതായത്​, ജൂൺ 28 ന് കേരളത്തിലെത്തി. ഇപ്പോഴും എൻഡമിക്ക് ആയി ഇവിടെയുണ്ട്​.

അഞ്ച്​: ഗുഹകളിലെ വവ്വാലുകളിൽനിന്ന്​ സാർസ്​

2003ൽ, ഇപ്പോഴത്തെ കോവിഡ്​ പോലെ മറ്റൊരു മഹാമാരി ചൈനയിൽ പിറവി കൊണ്ടിരുന്നു. സാർസ് എന്ന ഇതും മറ്റൊരു കോറോണ വൈറസ് മൂലമായിരുന്നു. ചൈനയിലെ കാട്ടുമൃഗങ്ങളെ വീട്ടിൽ പോറ്റുന്നവരിലേക്കും മാർക്കറ്റിൽ വിൽക്കുന്നവരിലേക്കും മെരുക് (Civet Cat) വഴിയാണ്​ ആദ്യം സാർസ് വൈറസ് എത്തിയത്. ഈ വൈറസുകളുടെ പൂർവികർ ഗുഹകളിലുള്ള വവ്വാലുകളിലുള്ളവയാണെന്നും അവയിൽനിന്ന് വെരുകുവഴിയുള്ള അടുപ്പം മൂലം മനുഷ്യരിലേക്ക് സ്പിൽ ചെയ്യപ്പെട്ടതാണെന്നും പിന്നീട് കണ്ടെത്തി.

ആറ്​: പലായനം ചെയ്​ത വവ്വാലുകളിൽ നിന്ന്​ നിപ്പ

1999ൽ, മലേഷ്യയിലുള്ള പന്നികർഷകർക്കിടയിലാണ് നിപ്പ ആദ്യം ഉണ്ടായത്. പന്നികളിൽ നിന്ന് പകർന്ന ജപ്പാൻ ജ്വരമാണെന്നായിരുന്നു തുടക്കത്തിൽ കരുതിയത്​. പിന്നിടാണ്, പുതിയ രോഗമായി തിരിച്ചറിയപ്പെട്ടത്. വവ്വാലുകളിൽ സ്വഭാവികമായുണ്ടാകുന്ന നിപ വൈറസ് ആകസ്മികമായാണ് മനുഷ്യരിലെത്തുന്നത്. ഇന്തോനേഷ്യയിൽ വ്യാപക കാട്ടുതീയിൽ കാടുകൾ നശിച്ചപ്പോൾ പലായനം ചെയ്​ത വവ്വാലുകൾ ചേക്കേറിയത് മലേഷ്യയിലെ തോട്ടങ്ങളിലായിരുന്നു.

നിപ്പ വെെറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം അടക്കം ചെയ്യാൻ കൊണ്ടുപോകുന്നു / ഫോട്ടോ : നിധീഷ് കൃഷ്ണൻ സുപ്രഭാതം

തോട്ടങ്ങളിലെ പന്നിഫാമുകളിലുണ്ടായിരുന്ന പന്നികളിൽ ഈ വൈറസുകൾ ആംപ്ലിഫൈ (Amplify) ചെയ്​ത് പെരുകി.അങ്ങനെ പന്നിഫാമുകളിൽ ജോലി ചെയ്തിരുന്ന കർഷകരിലെത്തി.വവ്വാലുകൾ കൂടുതൽ സ്ട്രസ്സും ഉത്കണ്ഠയുമുണ്ടാകുമ്പോഴും, ഭക്ഷ്യക്ഷാമം രൂക്ഷമായാലും പ്രജനനകാലത്തും കൂടുതൽ വൈറസുകളെ പുറത്തുവിടും. ഇവയുടെ പ്രജനന കാലം ജനുവരി തൊട്ട് മെയ് വരെയാണ്. 2018ൽ കേരളത്തിൽ നിപ്പ എത്തിയതും മെയ് മാസത്തിലായിരുന്നു. ഇൻഡക്​സ്​ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട കോഴിക്കോട്​ ജില്ലയിലെ പേരാമ്പ്ര പ്രദേശം വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളുളള വന പ്രദേശവുമായിരുന്നുവെന്ന്​ മനസ്സിലാക്കണം. ആവാസവ്യവസ്ഥയിലെ ഏതു കടന്നുകയറ്റവും മനുഷ്യരിലേക്ക് രോഗാണുക്കളുടെ സ്പിൽ ഓവർ ഉണ്ടാകാനുള്ള പാലമാണെന്ന് തിരിച്ചറിയുക. ▮


ഡോ. ജയകൃഷ്ണൻ ടി.

എപ്പിഡെമിയോളജി വിദഗ്ധൻ. വകുപ്പ് മേധാവി ആൻറ്​ പ്രൊഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, കെ. എം. സി. ടി. മെഡിക്കൽ കോളേജ്, കോഴിക്കോട്.

Comments