പുതിയ വ്യാപനം പുതിയ തരംഗത്തിന്റെ സൂചനയോ?

കോവിഡ്​ ഉയർത്തുന്ന പുതിയ ചോദ്യങ്ങൾ

ഒരിക്കൽക്കൂടി കോവിഡ് വ്യാപനം ആരംഭിക്കുന്നതും ഒരു പുതിയ തരംഗം ഉണ്ടായേക്കാമെന്ന തോന്നലും നമ്മെ ആശ്ചര്യപ്പെടുത്തും. എല്ലാം നിയന്ത്രിക്കപ്പെടും എന്നു കരുതിയ സമയം തന്നെ വീണ്ടും അങ്ങുമിങ്ങും കോവിഡ് പൊട്ടിപ്പുറപ്പെടുന്നത് നാമിതുവരെ സ്വീകരിച്ച മുൻകരുതലുകൾ ഫലപ്രദമല്ലാഞ്ഞിട്ടാണോ എന്നൊക്കെയുള്ള സംശയങ്ങളും ഉയരുന്നു.

നാം ശ്രദ്ധിക്കാതെതന്നെ കോവിഡ് വർത്തയല്ലാതായി.
പലരും മാസ്‌ക്​ അഴിക്കുകയും മുൻബന്ധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു. വിവാഹ സൽക്കാരങ്ങളും, പ്രദർശനവേദികളും, മാർക്കറ്റും ശബ്ദായമാനമായ ആൾക്കൂട്ടങ്ങളായി. മാർച്ച് ആയപ്പോഴേയ്ക്കും, റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി; പുതുതായി രോഗം കണ്ടെത്തുന്നവരിലാകട്ടെ രോഗതീക്ഷ്ണത വളരെക്കുറഞ്ഞതായും കണ്ടെത്തി. കോവിഡ് ഗ്രാഫുകളിൽ കീഴോട്ടുള്ള ചെരിവുണ്ടായതായി ലോകാരോഗ്യ സംഘടനയും നിരീക്ഷിച്ചു.

ഏപ്രിൽ മധ്യമായപ്പോൾ സ്ഥിതിഗതി മാറിത്തുടങ്ങി. ഒരാഴ്ച മുമ്പുള്ള റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പെത്തി. സംഘടനയ്ക്ക് ലഭിക്കുന്ന റിപ്പോർട്ടിങ് അനുസരിച്ച് പ്രതിവാര കോവിഡ് സംഖ്യയിൽ ഗണ്യമായ വർധനവ് കാണാം. ഉത്തര, ദക്ഷിണ അമേരിക്കകളിൽ 9%, ആഫ്രിക്കയിൽ 32% എന്നിങ്ങനെയാണ് വർദ്ധനവ്. മരണറിപ്പോർട്ടിൽ ഏഷ്യയിൽ 41%, ആഫ്രിക്കയിൽ 110% എന്നിങ്ങനെ വർധനവ് രേഖപ്പെടുത്തി.

രോഗവ്യാപനത്തിലെ വർധന, പുതിയ കോവിഡ് തരംഗത്തിന്റെ സൂചനയാണോ, നാം പ്രതീക്ഷിച്ചിരുന്ന ഹേർഡ് ഇമ്യൂണിറ്റി എത്താത്തതാണോ, വാക്സിൻ കാര്യക്ഷമത വേണ്ടത്ര ഇല്ലാതായോ തുടങ്ങി അനേകം ചോദ്യങ്ങളുയർത്തുന്നു

ഇന്ത്യയിൽ എന്തുസംഭവിക്കുന്നു?

ഏറ്റവുമൊടുവിലത്തെ റിപ്പോർട്ടനുസരിച്ച്, മേയ്​ അഞ്ചിന്​ ഇന്ത്യയിൽ 3275 പേർ കോവിഡ് ബാധിതരായി, മുൻ ദിവത്തേക്കാൾ നേരിയ വർധനവ്. ഈ ദിവസത്തെ കണക്കനുസരിച്ച്​, 24 മണിക്കൂറിനുള്ളിൽ 55 പേർ മരിക്കുകയും ചെയ്തു. വീണ്ടും ഒരു കോവിഡ് മുന്നേറ്റം തള്ളിക്കളയാവുന്നതല്ല എന്ന തോന്നൽ ശക്തമാകുന്നു. ഇന്ത്യയിലെ കണക്കുകളെ വിലയിരുത്തി ഏപ്രിൽ 29-ലെ ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് നമ്മുടെ സാഹചര്യം സമഗ്രമായി പ്രതിപാദിക്കുന്നു. ഏപ്രിൽ രണ്ടാം വാരത്തെ അപേക്ഷിച്ച്​ നാലാം വാരത്തിൽ രോഗറിപ്പോർട്ടിങ്ങിൽ 199% വർധനവാണുണ്ടായത്. മരണസംഖ്യകളിലും വലിയ വർധനവുണ്ട്. പാൻഡെമിക് ആരംഭിച്ച നാളുകൾ മുതലിന്നുവരെ 32 ൽ ഒരാളെന്ന തോതിൽ കോവിഡ് ബാധയുണ്ടായിട്ടുണ്ട്. ഇത് ടെസ്റ്റ് പോസിറ്റീവ് ആയവരുടെ കണക്കായതിനാൽ യഥാർഥ രോഗബാധ ഇതിലുമേറെയുണ്ടാവണം. അതുകൂടി കണ്ടാണ് കോവിഡ് ഡേറ്റ പരിശോധിക്കേണ്ടത്.

Photo: UNICEF, Fb

ഏപ്രിൽ അവസാനവാരം, രേഖകളനുസരിച്ച്​, പ്രതിദിന ശരാശരി കോവിഡ് ബാധ 2871 ആണ്. ഡൽഹി, ഹരിയാന, ചണ്ഡീഗഡ്​, ഉത്തർഖണ്ഡ്, ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, പുതുച്ചേരി, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, എന്നിവിടങ്ങളിൽ 100% ത്തിലധികമാണ് വർധനവ്. കേരളത്തിലിപ്പോൾ 70% വർധനവ് കാണിക്കുന്നു.

ഇത് പുതിയ കോവിഡ് തരംഗത്തിന്റെ സൂചനയാണോ, നാം പ്രതീക്ഷിച്ചിരുന്ന ഹേർഡ് ഇമ്യൂണിറ്റി എത്താത്തതാണോ, വാക്സിൻ കാര്യക്ഷമത വേണ്ടത്ര ഇല്ലാതായോ തുടങ്ങി അനേകം ചോദ്യങ്ങളിലൂടെ നമ്മുടെ സംശയങ്ങൾ വിഹരിക്കുന്നു. പുതിയ തരംഗങ്ങൾ ആരംഭിക്കുന്നത് ഏതാണ്ടിങ്ങനെത്തന്നെ. ചെറിയ തോതിൽ അങ്ങുമിങ്ങും രോഗം പ്രത്യക്ഷപ്പെടുക, സാവധാനം ആക്കം കൂട്ടുക. മുൻകാലങ്ങളിലുണ്ടായ വേഗം ഇപ്പോൾ കാണുന്നില്ലെന്ന് കരുതണം. അതിനും കാരണമുണ്ട്. വർധിച്ച വാക്‌സിനേഷൻ നിരക്ക്, പുതിയ ഒമിക്രോൺ വേരിയൻറ്​ പ്രദർശിപ്പിക്കുന്ന സവിശേഷത എന്നിവ ചൂണ്ടിക്കാട്ടാം.

പുതിയ തരംഗം സൃഷ്ടിക്കാൻ ഏറ്റവും അനുയോജ്യമായതാണ് ചൈനയിലെ പുതു വേരിയൻറ്​. രോഗലക്ഷണം ഉള്ളവരും ഇല്ലാത്തവരും തമ്മിൽ കാണുന്ന അന്തരം ശ്രദ്ധിച്ചാൽ അതിന്റെ ഗൗരവം മനസ്സിലാകും.

പുതിയ വേരിയൻറും പുതിയ വ്യാപനവും

പുതിയ തരംഗം ഉണ്ടാകുന്നതായി ചൈനയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈനയിൽനിന്ന്​ റിപ്പോർട്ടുകൾ കുറവാണ്, എങ്കിലും മാർച്ച് മുതൽ കോവിഡ് രോഗത്തിൽ വൻ വർധനവുണ്ടായിരിക്കുന്നു. രണ്ടരക്കോടിയിലധികം ജനങ്ങൾ നിവസിക്കുന്ന ഷാങ്ഹായ് പ്രവിശ്യ ഏപ്രിൽ രണ്ടാം വാരത്തിലും സമ്പൂർണ ലോക്ഡൗണിൽ തുടരുന്നു. വ്യാപകമായ ടെസ്റ്റിങ് നടക്കുന്ന രാജ്യത്ത് 27500 ലധികം ടെസ്റ്റുകൾ പോസിറ്റീവായി; എന്നാലതിൽ 1184 പേർക്ക് മാത്രമേ കാര്യമായ രോഗലക്ഷണമുണ്ടായിരുന്നുള്ളു. അതായത്, പുതിയ തരംഗം സൃഷ്ടിക്കാൻ ഏറ്റവും അനുയോജ്യമായതാണ് ചൈനയിലെ പുതു വേരിയൻറ്​. രോഗലക്ഷണം ഉള്ളവരും ഇല്ലാത്തവരും തമ്മിൽ കാണുന്ന അന്തരം ശ്രദ്ധിച്ചാൽ അതിന്റെ ഗൗരവം മനസ്സിലാകും.
പോസിറ്റീവ് ആകുന്നവരിൽ 4.3% ശതമാനം പേരിൽ മാത്രമാണ്​ രോഗലക്ഷണം; നിർബന്ധിത ടെസ്റ്റിങ് നടപ്പാക്കിയില്ലെങ്കിൽ രോഗലക്ഷണമില്ലാതെ പോസിറ്റീവ് ആകുന്നവരെ കണ്ടെത്താനാകില്ല. അതിനാൽ നിശബ്ദമായി രോഗവ്യാപനം നടത്താൻ പുതിയ വേരിയൻറിന് അനായാസം സാധിക്കുന്നു. മുൻ കോവിഡ് വൈറസുകൾക്കും നിശബ്ദ രോഗവ്യാപനം സാധിക്കുമായിരുന്നു; പുതിയ ഒമിക്രോൺ വേരിയൻറിന് അത് കൂടുതൽ കാര്യക്ഷമമായി, അതിവേഗം ചെയ്യാനാകുന്നു.

Shanghai Pudong International Airport / Photo : Wikimedia Commons

കോവിഡ് മഹാമാരിയുടെ ആദ്യകാലത്ത് ഹേർഡ് ഇമ്യൂണിറ്റിയെക്കുറിച്ചുള്ള ചർച്ച സജീവമായിരുന്നു. വാക്‌സിൻ ലഭ്യമല്ലെന്നതും രോഗവ്യാപനം അനിയന്ത്രിതമായി തുടർന്നാൽ നമുക്കുള്ള ആശ്രയം എന്ന രീതിയിലും അത് പ്രധാന വിഷയം തന്നെയായിരുന്നു. ഉദ്ദേശം 65% പേർ രോഗബാധിതരായാൽ ഹേർഡ് ഇമ്യൂണിറ്റിയായി എന്നൊരു ധാരണ പരക്കെയുണ്ടായി. എന്നാൽ, തുടർന്ന് ശക്തിയാർജിച്ച വേരിയൻറുകൾ വന്നുതുടങ്ങിയപ്പോൾ ഹേർഡ് ഇമ്യൂണിറ്റി ടാർജറ്റും മരീചിക പോലെയായി. വൈറസിന്റെ വ്യാപനശേഷി (transmissibility) വർധിക്കുംതോറും രോഗപ്രതിരോധശേഷിയുള്ളവരുടെ എണ്ണത്തിലും വർധനവുണ്ടാകും. ഉദാഹരണത്തിന് വളരെ ഉയർന്ന വ്യാപനശേഷിയുള്ള അഞ്ചാംപനിക്ക് ഹേർഡ് ഇമ്യൂണിറ്റിയുണ്ടാകാൻ സമൂഹത്തിലെ 95% പേർക്കും പ്രതിരോധശേഷിയുണ്ടാകണം. വ്യാപനം നടക്കുമ്പോൾ വൈറസിന് പലവിധ മ്യൂ​ട്ടേഷനുകളുണ്ടാകും. ശക്തമായ വേരിയൻറുകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത് അങ്ങനെയാണ്. പുതിയ വേരിയൻറ്​ മൂന്നുരീതിയിൽ എപിഡെമിക്കിനെ സ്വാധീനിക്കും; വ്യാപനം, തീവ്രത, പ്രതിരോധം എന്നിവയിലാണ് മുഖ്യമായും സ്വാധീനിക്കുന്നത്. ഡെൽറ്റ മുതലിങ്ങോട്ട് വേരിയൻറുകൾ വർധിച്ച വ്യാപനശേഷി സിദ്ധിച്ചവയാണ്. കൂടാതെ, അവ തീക്ഷ്ണത കുറഞ്ഞ രോഗമുണ്ടാക്കുകയും, നമ്മുടെ പ്രതിരോധഭിത്തി കുറേയൊക്ക കടന്നുപോകുകയും ചെയ്യുന്നു. ഒമിക്രോൺ തരംഗം പ്രബലമായത് ഇതിനാൽ തന്നെ. ഒമിക്രോൺ ബാധിച്ചവരുടെ മരണസാധ്യത തൊട്ടുമുമ്പ് ശക്തമായിരുന്ന ഡെൽറ്റയെക്കാൾ 75% കുറവാണെന്ന് പഠനങ്ങൾ കാണിക്കുന്നു.

ഒമിക്രോൺ വന്നപ്പോൾ കോവിഡ്-മുക്ത സമൂഹം അസാധ്യമായ ലക്ഷ്യമാണെന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ടായി. അവരിപ്പോൾ ശ്രമിക്കുന്നത് സീറോ സാമൂഹികവ്യാപനം എന്ന ലക്ഷ്യം നേടാനാണ്.

ചൈനയിൽ ഒമിക്രോൺ വേരിയൻറാണ് പുതിയ തരംഗത്തിനുപിന്നിൽ. അതിന്റെ BA.2 എന്ന വർഗത്തിന്റെ ഉപജാതിയാണ് അതിവേഗവ്യാപനം സൃഷ്ടിക്കുന്നത്. ചെറിയ വ്യത്യാസങ്ങളുള്ള അനേകം സ്‌ട്രെയിനുകൾ ഒമിക്രോൺ ഉത്പാദിപ്പിച്ചിട്ടുണ്ട്. അവയുടെ വകഭേദങ്ങളും സങ്കരയിനങ്ങളും പലയിടത്തും കണ്ടുവരുന്നു. BA.2 വേരിയൻറ്​ വ്യാപിക്കുന്ന വഴികൾ രേഖപ്പെടുത്തി വൈറസിനെ ട്രാക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്. വൈറസിന്റെ ഈ പ്രത്യേകത കോവിഡ് നിയന്ത്രണ പദ്ധതികളെ സ്വാധീനിക്കും. ചൈന തുടക്കം മുതലേ സീറോ-കോവിഡ് പദ്ധതിയുമായി മുന്നോട്ടുപോയ രാജ്യമാണ്. ഒമിക്രോൺ വന്നപ്പോൾ കോവിഡ്-മുക്ത സമൂഹം അസാധ്യമായ ലക്ഷ്യമാണെന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ടായി. അവരിപ്പോൾ ശ്രമിക്കുന്നത് സീറോ സാമൂഹികവ്യാപനം (zero community spread) എന്ന ലക്ഷ്യം നേടാനാണ്. ഇതിനും വ്യാപകമായ ടെസ്റ്റിങ്ങും ഐസൊലേഷനും ആവശ്യമാണെന്നത് ലക്ഷ്യത്തിലേക്കുള്ള പാത ദുർഘടമാക്കുന്നു.

ലോക്ക്ഡൗൺ കാലത്ത് ചൈനയിലെ വുഹാനിൽ മാസ്‌ക് വാങ്ങാൻ ക്യൂ നിൽക്കുന്നവർ

ഒമിക്രോൺ വ്യാപനം നിയന്ത്രിക്കാൻ പ്രയാസമാണെന്ന് കണ്ടു. അതിന്റെ കാരണങ്ങളും ഇപ്പോൾ നാം മനസ്സിലാക്കിത്തുടങ്ങി. ഇപ്പോൾ ലോകത്തെ ഏറ്റവും പ്രധാന കോവിഡ് വൈറസ് ഒമിക്രോൺ തന്നെ. യൂറോപ്പിലും ഏഷ്യയിലും അമേരിക്കയിലും അതിവേഗ വ്യാപനം നടക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വൈറസ് ഇതുതന്നെ. അതിന്റെ BA.2 ഉപജാതിയാണ് ഇപ്പോൾ നാം കണ്ടുവരുന്ന കോവിഡ് എപിഡെമിക്കുകൾക്കു പിന്നിൽ. ജീനോം പഠനങ്ങൾക്കെത്തുന്ന സ്‌പെസിമെനുകളിൽ 86% വരെ ഒമിക്രോൺ BA.2 സാന്നിധ്യമുണ്ട്. ആൽഫ മുതൽ സമൂഹത്തിൽ കണ്ടെത്തിയ മുൻ വേരിയൻറുകളേക്കാൾ വേഗത്തിലിതിന്​വ്യാപിക്കാനാകുന്നു. കുറച്ചുനാളുകളായി BA.3 എന്ന പതിപ്പുകൂടി കണ്ടുതുടങ്ങി. ഈ വകഭേദങ്ങൾ ജീനോം പഠനങ്ങളിൽ കൂടി മാത്രമേ കണ്ടെത്താനാകൂ എന്നതാണ് അവയുയർത്തുന്ന വെല്ലുവിളി. അതിനാൽ ഒമിക്രോൺ BA.2, 3 എന്നിവയെ സ്റ്റെൽത്ത് വൈറസ് (stealth virus) എന്നുകൂടി പറയാറുണ്ട്. ജീനോം പഠനങ്ങൾ എല്ലാ രാജ്യങ്ങളും ഒരേ പോലെയല്ല ചെയ്യുന്നത്. കൂടുതൽ ടെക്‌നോളജി, മാനവശേഷി എന്നിവ ആവശ്യമുള്ളതിനാൽ മൂന്നാം ലോകരാജ്യങ്ങളിൽ ജീനോം പഠനങ്ങൾ വികസിത രാജ്യങ്ങളേക്കാൾ പിന്നിലായിരിക്കും. കോവിഡ് ഇത്തരം സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങൾ കൂടി സൃഷ്ടിക്കുന്നുണ്ടല്ലോ.

ഒമിക്രോണിന്റെ പുതിയ വകഭേദങ്ങൾ ആവിർഭവിച്ച കാലത്തുതന്നെ കോവിഡ് നിയന്ത്രണങ്ങൾ അപ്പാടെ പിൻവലിക്കുകയും സാമൂഹികജീവിതം പഴയതുപോലെ മടങ്ങിവരികയും ചെയ്തപ്പോൾ ഇങ്ങനെയൊക്കെയായി എന്നുകരുതാം.

എങ്കിലും, ഒരിക്കൽക്കൂടി കോവിഡ് വ്യാപനം ആരംഭിക്കുന്നതും ഒരു പുതിയ തരംഗം ഉണ്ടായേക്കാമെന്ന തോന്നലും നമ്മെ ആശ്ചര്യപ്പെടുത്തും. എല്ലാം നിയന്ത്രിക്കപ്പെടും എന്നു കരുതിയ സമയം തന്നെ വീണ്ടും അങ്ങുമിങ്ങും കോവിഡ് പൊട്ടിപ്പുറപ്പെടുന്നത് നാമിതുവരെ സ്വീകരിച്ച മുൻകരുതലുകൾ ഫലപ്രദമല്ലാഞ്ഞിട്ടാണോ എന്നൊക്കെയുള്ള സംശയങ്ങളും ഉയരുന്നു.
ചില രാജ്യങ്ങളിലെങ്കിലും കോവിഡ് ഗ്രാഫിൽ രണ്ട് അഗ്രങ്ങൾ (double peak) അടുത്തടുത്തു പ്രത്യക്ഷപ്പെടുന്നു. ഇപ്പോൾ ആശങ്കയ്ക്ക് വകയില്ലെങ്കിലും ഇത്തരം ഡബിൾ പീക്ക് പുതിയ വേരിയൻറിനെയോ ആവർത്തിച്ചുള്ള രോഗബാധയോ സൂചിപ്പിക്കുന്നു. മറ്റു വേരിയൻറുകൾ മൂലം രോഗം ബാധിച്ചവരിൽ ഒമിക്രോൺ ബാധ കാണുന്നുണ്ടെങ്കിലും BA.1 ബാധിച്ചവരിൽ BA.2 ബാധ വളരെ അപൂർവമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതിനുകാരണം, ലോകമെമ്പാടും കോവിഡ് നിയന്ത്രണങ്ങളിൽ അയവുവരുത്തിയ കാലത്ത് ഒമിക്രോൺ ഉണ്ടായിരുന്നു എന്നതാണ്​. അതിന്റെ പുതിയ വകഭേദങ്ങൾ ആവിർഭവിച്ച കാലത്തുതന്നെ കോവിഡ് നിയന്ത്രണങ്ങൾ അപ്പാടെ പിൻവലിക്കുകയും സാമൂഹികജീവിതം പഴയതുപോലെ മടങ്ങിവരികയും ചെയ്തപ്പോൾ ഇങ്ങനെയൊക്കെയായി എന്നുകരുതാം.

കോവിഡ് 19 രോഗികളുടെ മൃതദേഹം ഗാസിപൂരിലെ ശ്മശാനത്തിൽ സംസ്കരിക്കുന്നു / Photo: Pushkar Vyas

വാക്​സിനെക്കുറിച്ചുള്ള ചോദ്യങ്ങൾ

എങ്കിൽ, ലോകമെമ്പാടും വിന്യസിക്കപ്പെട്ട വാക്‌സിൻ ഫലപ്രദമല്ലെന്ന് വരുമോ, വാക്‌സിൻ എടുത്തവരിലും രോഗബാധയുണ്ടാകുന്നു എന്ന വസ്തുതകൂടി പരിഗണിച്ചാൽ. വാക്‌സിൻ എടുത്തിട്ടും രോഗം വരുന്നുവെന്ന വാദം ഒമിക്രോൺ കാലത്തെ പ്രധാന ചർച്ചാവിഷയമാണ്​. ലബോറട്ടറി പഠനങ്ങളിൽ വാക്‌സിനുകൾ ഇപ്പോഴും കോവിഡിനെതിരെ പ്രവർത്തിക്കുന്നുണ്ടെന്നു കാണുന്നു. എന്നാൽ വാക്സിനുകൾ നൽകുന്ന പ്രതിരോധത്തെ പുതിയ വേരിയൻറുകൾക്ക് തരണം ചെയ്യാനാകുന്നുമുണ്ട്. കോവിഡ് വാക്സിനുകളുടെ പ്രതിരോധശേഷി കാലം ചെല്ലുമ്പോൾ ദുർബലപ്പെടുന്നതായും കാണാം. വാക്‌സിൻ നൽകുന്ന പ്രതിരോധശേഷി ഇപ്പോഴും ഗുരുതര രോഗത്തിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു. ഒമിക്രോൺ BA.2 വ്യാപിക്കുന്ന രാജ്യങ്ങളിൽ പുതിയ തരംഗം രൂപപ്പെടുന്നതിൽ നിന്ന് ഉയർന്ന വാക്‌സിനേഷൻ തോത് ഭാഗികമായെങ്കിലും സംരക്ഷിക്കും. അധിക രോഗസാധ്യതയുള്ളവർക്ക് നാലാം ഡോസ് വാക്സിൻ നൽകാൻ ഇസ്രായേൽ തീരുമാനിച്ചത്​ ഈ ലോജിക് അനുസരിച്ചാണ്​.

ഇപ്പോൾ നടക്കുന്ന കോവിഡ് വ്യപനത്തിൽ BA.1, BA.2 എന്നീ വേരിയൻറുകളാണ് പ്രധാനമായും കാണപ്പെടുന്നത്. വ്യാപനശേഷിയിൽ BA.2 വിന് മികവുണ്ട്. പ്രസരണശക്തി (transmissibility), പ്രതിരോധത്തെ മറികടക്കൽ (immune evasion) എന്നിവയാണ് വൈറസിന്റെ ആയുധങ്ങൾ. പ്രസരണശക്തി പലരീതിയിൽ വർധിപ്പിക്കാം: രോഗലക്ഷണങ്ങളില്ലാതെ വൈറസ് ബാധയുണ്ടാകുക, അന്തരീക്ഷത്തിൽ ഏറോസോൾ ആയി കൂടുതൽ സമയം നിൽക്കാനാകുക, വൈറസ് സ്വീകർത്താവിന്റെ മൂക്കിലും വായയിലും അനായാസം ബന്ധം സ്ഥാപിക്കാനാകുക.

Photo : Unsplash.com

ഈ മൂന്നു പ്രവർത്തനങ്ങളിലും BA.2, ഇതര സ്‌ട്രെയിനുകളെക്കാൾ മുന്നിലാണ്. വാക്സിൻ നൽകുന്ന ഇമ്യൂണിറ്റി പരിരക്ഷയെ ഒട്ടൊന്ന് ഭേദിക്കാൻ BA.2 വിന് കഴിയുന്നതായി കാണാം. വാക്സിനേഷൻ ലഭിച്ച വ്യക്തികളിൽ വ്യത്യസ്ത വൈറസുകൾ രോഗമുണ്ടാക്കാനുള്ള സാധ്യത പഠനവിധേയമാക്കിയിട്ടുണ്ട്. ലബോറട്ടറി സാഹചര്യത്തിൽ നടത്തിയ പരീക്ഷണമായതിനാൽ വ്യക്തികളുടെ രക്തത്തിൽനിന്ന് സീറം ശേഖരിച്ച്​ അതിൽ മുൻ വൈറസ് വേരിയൻറുകളെ കടത്തിക്കൊണ്ടാണ് പരീക്ഷണം പൂർത്തിയാക്കിയത്. രണ്ടോ മൂന്നോ ഡോസ് വാക്‌സിൻ എടുത്തവരിൽ ഒമിക്രോൺ പ്രതിരോധത്തെ ഭേദിക്കുന്നതായും അതിൽത്തന്നെ മറ്റു വേരിയൻറുകളേക്കാൾ BA.2 വിന് പ്രാപ്തിയുള്ളതായും കണ്ടു. മൂന്ന്​ വാക്‌സിൻ ഡോസ് എടുത്തവരിൽ BA.2 നെതിരെയുണ്ടാകുന്ന പ്രതിരോധ തന്മാത്രകളേക്കാൾ 40% അധികമാണ് BA.1 നെതിരെയുണ്ടാകുന്നത്. BA.1 അണുബാധയേറ്റ വ്യക്തികൾക്ക് BA.2 വിനെതിരെ പ്രതിരോധമുള്ളതായും കാണുന്നുണ്ട്. അതിനാൽ BA.1 നുശേഷം BA.2 മറ്റൊരു തരംഗം സൃഷ്ടിക്കാനിടയില്ല.

ആഫ്രിക്കയിൽ 15% മാത്രമാണ് പൂർണ വാക്സിനേഷൻ കൈവരിച്ചത്. ലോകത്തിപ്പോൾ 59% പേരിലേക്ക് മാത്രമേ വാക്‌സിനെത്തിക്കാനായുള്ളൂ. ഇത് ഹേർഡ് ഇമ്യൂണിറ്റി കൈവരിക്കാനുള്ള ടാർഗറ്റ് അല്ലല്ലോ.

മറ്റൊരു വിഷയം കൂടി ചർച്ച ചെയ്യേണ്ടതുണ്ട്. ലോകമെമ്പാടും ജനങ്ങൾ വാക്സിൻ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. അത് ഫലപ്രദമാണെന്ന്​ പറയാൻ തെളിവു വേണം, സംശയമില്ല. വാക്‌സിൻ വിതരണം ആരംഭിച്ചിട്ട് ഒരു കൊല്ലം കഴിഞ്ഞുവെന്നത് നേര്. എന്നാൽ കോവിഡിനെ നിയന്ത്രിക്കാനാവശ്യമായ അളവിൽ വാക്‌സിൻ സ്വീകരിക്കപ്പെട്ടോ എന്ന് സംശയമാണ്. അതിന്റെ കണക്കുകൾ പരിശോധിക്കാം. ആഫ്രിക്കയൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും പൂർണ വാക്‌സിനേഷൻ 62% കഴിഞ്ഞു. ആഫ്രിക്കയിൽ 15% മാത്രമാണ് പൂർണ വാക്സിനേഷൻ കൈവരിച്ചത്. ലോകത്തിപ്പോൾ 59% പേരിലേക്ക് മാത്രമേ വാക്‌സിനെത്തിക്കാനായുള്ളൂ. ഇത് ഹേർഡ് ഇമ്യൂണിറ്റി കൈവരിക്കാനുള്ള ടാർഗറ്റ് അല്ലല്ലോ. ചൈന 86%, ജപ്പാൻ 80%, ബ്രസീൽ 76%, ബ്രിട്ടൻ 73%, അമേരിക്ക (USA) 66%, ഇന്ത്യ 61% എന്നിങ്ങനെയാണ് ഏപ്രിൽ നാലാം വാരത്തിലെ വാക്സിൻ റിപ്പോർട്ട്. ഒരു എപിഡെമിക്കിനെ തളയ്ക്കാനാവശ്യമായ പ്രതിരോധശേഷി സമൂഹം കൈവരിച്ചിട്ടില്ല എന്നുസാരം.

Photo: UNICEF

വാക്‌സിൻ ഫോർമുലയിലും മാറ്റം കൊണ്ടുവരാൻ ഗവേഷകർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ബൂസ്റ്റർ നൽകുക എന്ന നിലവിലെ പദ്ധതി എത്രകണ്ട് ഫലപ്രദമാണെന്ന പഠനം തുടരുകയാണ്. മെല്ലെയെങ്കിലും സമൂഹത്തിൽ വികസിച്ചുവരുന്ന ‘ബൂസ്റ്റർ ഫറ്റീഗ്’ (booster fatigue) വാക്‌സിൻ സ്വീകാര്യതയെ ദുർബലപ്പെടുത്തും. ബൂസ്റ്റർ ഡോസ് ആർക്കെല്ലാം കൊടുക്കണം എന്നതും തർക്കങ്ങൾക്ക് കാരണമാകാം. അധിക റിസ്‌ക് ഉള്ളവരെ സംരക്ഷിക്കുകയാണോ വേണ്ടത്, എല്ലാവർക്കും കൊടുത്ത്​ പ്രസരണം തടയുകയാണോ വേണ്ടത് എന്ന ചോദ്യം മുഖ്യ ചർച്ചാവിഷയമാകാനിടയുണ്ട്. രോഗലക്ഷണങ്ങളില്ലാതെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോൺ ഉപജാതികൾ ചോദ്യത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു. അടുത്തിടെയായി കുട്ടികളിൽ കണ്ടുവരുന്ന കരൾവീക്കത്തിന്​(hepatitis) കോവിഡ് ആന്റിബോഡിയുമായി ബന്ധമുണ്ടാകാനുള്ള സാധ്യതയും ഭാവിയിലെ വാക്‌സിൻ ചർച്ചയെ ചൂടുപിടിപ്പിക്കും. അതിനാൽ കോവിഡിന്റെ ലഘുരോഗാവസ്ഥയെയും തടയാൻ പറ്റുന്ന വാക്സിൻ കണ്ടെത്താനുള്ള സമ്മർദം ഏറുകയാണ്. കുട്ടികൾക്കും കൂടി നൽകാവുന്ന പുതിയ വാക്സിൻ ഫോർമുല മനസ്സിലുണ്ടെന്ന് ഫൈസറിന്റെ കാതറീൻ ജാൻസെൻ, മോഡേണയുടെ ജാക്ലിൻ മില്ലർ എന്നിവർ പറയുകയുണ്ടായി. ഫ്‌ളൂ വാക്‌സിൻ ഒന്നിലേറെ സ്‌ട്രെയിനുകൾക്കെതിരെ പ്രവർത്തിക്കുന്ന പോളിവാലെൻറ്​ ഫോർമുലയാണ്. അതുപോലെ രണ്ടു സ്‌ട്രെയിനുകൾക്കെതിരെ പ്രവർത്തിക്കുന്ന ബൈവാലെൻറ്​ ഫോർമുലയും ഗവേഷണത്തിലാണ്.

കോവിഡ് അവസാനിച്ചിട്ടില്ല. നാമിനിയും പൊരുതേണ്ടിയിരിക്കുന്നു. മാസ്‌കുകൾ ഉപേക്ഷിക്കാനും ആഘോഷങ്ങൾ ഒരുക്കാനും കുറച്ചുകൂടി സമയം വേണം എന്ന് തോന്നുന്നു. വിദഗ്ധമായി മ്യൂട്ടേഷനുകൾ സംഘടിപ്പിക്കാനും അവകൾ ഒത്തുചേർത്ത് ഫലപ്രദമായ പുതിയ വേരിയൻറുകളെ സൃഷ്ടിക്കാനും കോവിഡ് വൈറസ് ഇതിനകം കഴിവുതെളിയിച്ചിട്ടുണ്ട്. വാക്‌സിൻ സ്വീകരിക്കുന്നതിൽ ഉദാസീനത വരുന്നതും കോവിഡ് മാനദണ്ഡങ്ങളിൽ അയവുണ്ടാകുന്നതും അഭികാമ്യമല്ല. ▮

References
1. https://www.who.int/publications/m/item/weekly-epidemiological-update-on-covid-19---27-april-2022
2. https://www.nytimes.com/interactive/2021/world/india-covid-cases.html
3. https://www.cnbc.com/2022/04/11/covid-omicron-who-says-it-closely-watching-as-china-grapples-with-its-worst-covid-surge-yet.html
4. https://english.alarabiya.net/coronavirus/2022/02/23/Herd-immunity-against-COVID-19-following-omicron-an-elusive-concept-says-expert
5. https://www.weforum.org/agenda/2022/03/explainer-omicron-ba-2-variant/
6. https://www.bbc.com/news/world-51235105


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. യു. നന്ദകുമാർ

എഴുത്തുകാരൻ, പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നു. അണ്ണാമലൈ യൂണിവേഴ്​സിറ്റിയിലെ റിഹാബിലിറ്റേഷൻ മെഡിസിനിൽ പ്രൊഫസറായിരുന്നു.

Comments