ട്രോമ പഠനങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും. ട്രോമ അനുഭവങ്ങൾ പൊടുന്നനെയുണ്ടാകുന്ന ആഘാതത്തിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് പൊതുവെ നാം കരുതുന്നു. എന്നാൽ സമൂഹത്തിൽ നിലനിൽക്കുന്ന ഘടനാപരമായ വയലൻസ് മറ്റൊരുതരം ട്രോമയ്ക്ക് കാരണമാകും. ട്രോമയുടെ ദാർശനികതലം കൂടി പരിഗണിച്ചാൽ ഇതെളുപ്പം മനസിലാകും.
ജാതീയം, വംശീയം സാമൂഹികം, ജൻഡർ തുടങ്ങിയ ഘടകങ്ങൾ സാവധാനം വികസിക്കുന്ന ദീർഘകാല ട്രോമയ്ക്ക് കാരണമാകാം. അതുപോലെ യുദ്ധവും സംഘർഷവും ഉയർത്തുന്ന ഭീതി, കാലാവസ്ഥാമാറ്റങ്ങളാൽ കഷ്ടപ്പെടുന്നവർ, കൃഷി നശിച്ച് കടബാധ്യതകളിൽ കുടുങ്ങിയവർ, ഗാർഹിക പീഡനം തുടങ്ങി സമൂഹത്തിലെ അനേകം ഉപസമൂഹങ്ങൾ ട്രോമയ്ക്ക് വിധേയരാണ്. ഇവരുടെ ട്രോമയനുഭവങ്ങൾ കൃത്യതയോടെ പഠിച്ച് അവതരിപ്പിക്കപ്പെട്ടിട്ടില്ല. ഇതൊരു പ്രശ്നമാണ്.
ഗവേഷകരിൽ പലരും ഇപ്പോൾ ‘ട്രോമയനുഭവ’മായിട്ടാണ് ട്രോമയെ കാണുന്നതു തന്നെ. അതിന് പൊടുന്നനെയുണ്ടായ ആകസ്മികാഘാതം ആവശ്യമില്ല എന്നും വന്നിരിക്കുന്നു. ഗാർഹിക പീഡനം പലപ്പോഴും ഒരൊറ്റ സംഭവമായല്ല വന്നെത്തുക. ലഘുവായി പരിഗണിക്കാവുന്ന അനേകം ട്രോമകൾ കൂടിച്ചേർന്നാണ് പ്രതിസന്ധികളുണ്ടാകുന്നത്. ജാതീയമായ ട്രോമയും ഒന്നിനുമേലൊന്ന് എന്ന കണക്കിൽ വന്നുചേരുന്നതാണ്. ഇതെല്ലാം ട്രോമ ഫിലോസഫി തത്വങ്ങളിലൂടെ കാണുന്നതാണ് അഭികാമ്യം. ആധുനിക ഗവേഷകരിൽ പലരും, ഇന്ന് പ്രചാരത്തിലുള്ള മെഡിക്കൽ മോഡൽ (പി ടി എസ് ഡി- PTSD) ഉത്തമ മാതൃകയായി അംഗീകരിക്കുന്നുമില്ല.
മറ്റൊരുതരം ട്രോമ കൂടിയുണ്ട്. വ്യക്തമായി ആക്രമണമോ ആഘാതമോ പറയാനാവില്ല. കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾ ഉദാഹരണം. താനനുഭവിക്കുന്നത് ട്രോമയാണെന്ന തോന്നൽ പോലും കുട്ടികൾക്കുണ്ടാകണമെന്നില്ല. വൈകാരിക (emotional) സമ്മർദത്തിലൂടെ കടന്നുപോകുന്ന കുട്ടികളുടെ ഭാവിജീവിതത്തെ ഇതെങ്ങനെ ബാധിക്കുമെന്നത് നാം കാര്യമാക്കാറില്ല. ബാല്യം സംഘർഷഭരിതമാകുമ്പോൾ കുട്ടികൾക്ക് പൂർണ വ്യക്തിത്വത്തിലേക്ക് വളരാനാകാതെ വരുന്നു. അവരുടെ ഓർമകളിൽ യാഥാർഥ്യം എന്നത് സംഘർഷങ്ങളും ദുഃഖങ്ങളും മാത്രമായി ചുരുങ്ങും. ജീവിതത്തെക്കുറിച്ച് ഉള്ളിൽ നിറയുന്ന ആത്മഭാഷണത്തിലാകെ വേദനകളും മുറിവുകളുമായിരിക്കും. അതിനാൽ സമൂഹത്തോട് പൂർണമായി ഇഴുകിച്ചേരാനാവാതെ അവരെപ്പോഴും അകലത്തിൽ കഴിയുന്നവരാകാൻ ശ്രമിക്കും. പൗരർ എന്ന നിലയിൽ പൂർണതയിലെത്താൻ ഇതെല്ലാം തടസ്സങ്ങളാകും.

മറ്റൊരുതരം ദീർഘകാല ട്രോമ കൂടി പരിഗണിക്കേണ്ടതുണ്ട്. ദീർഘകാല, അഥവാ സ്ഥായിയായ രോഗങ്ങൾ ട്രോമ സൃഷ്ടിക്കുന്നവയാണ്. 20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ വ്യാപകമായിരുന്ന ലപ്രസി (കുഷ്ഠരോഗം), ക്ഷയരോഗം എന്നിവ മെല്ലെ വികസിച്ചുവരുന്ന തീവ്ര ട്രോമാനുഭവങ്ങളാണ്. ഇക്കാലത്ത് കാൻസർ, ചിലതരം സന്ധിരോഗങ്ങൾ, മസ്തിഷ്‌ക രോഗങ്ങൾ എന്നിവയും ഇടം പിടിച്ചിരിക്കുന്നു. നഷ്ടപ്പെടുന്ന ഭാവിയാണ് ഇവരെ നിരന്തരം അലട്ടുന്നത്. ഭാവി നഷ്ടപ്പെടുന്നതിനോടൊപ്പം, തങ്ങളുടെ സാമൂഹിക പങ്കാളിത്തം പൂർത്തിയാക്കാനാവില്ലെന്ന ചിന്തയും അവരുടെ ട്രോമ അനുഭവത്തെ സങ്കീർണമാക്കും.
ഈവിധം ചിന്തിച്ചാൽ ട്രോമയിലെ വൈവിധ്യം പെട്ടെന്ന് മനസിലാക്കാം. വിശാലമായ അർത്ഥത്തിൽ സങ്കൽപ്പിക്കാൻ ലക്കാൻ, കേരു മോഡൽ മാത്രം പോരാ; പോസ്റ്റ്- സ്ട്രക്ച്ചറലിസം, ദർശനം, ഭാഷ, തുടങ്ങിയ മറ്റു മാതൃകകൾ കൂടി അത്യാവശ്യമായി വരുന്നു. അതിൽ ചിലതിനെക്കുറിച്ച് ഇനി ചിന്തിക്കാം.
ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാം, കേൾക്കാം:
ട്രോമ; മുറിവേറ്റവരുടെ മനസ്സും സമൂഹവും
ട്രോമ പഠനങ്ങളും
ചില പ്രതിസന്ധികളും
ട്രോമ സിദ്ധാന്തങ്ങൾ പാശ്ചാത്യ ലോകത്തുനിന്ന് കടംകൊണ്ടവയാണ്. അതിന് അന്തർലീനമായ കുറെ പോസ്റ്റ്- കൊളോണിയലിറ്റി സംസ്കാരമുണ്ട്. അപ്പോൾ ട്രോമാ സിദ്ധാന്തങ്ങളിൽ അല്പമെങ്കിലും ഡി കോളോണിയൽ മനസ്സ് ആവശ്യമാണ്. പാശ്ചാത്യേതര സംസ്കാരങ്ങൾ മനസ്സിലാക്കാനും ന്യൂനപക്ഷ വിഭാഗങ്ങളുടെ സാംസ്‌കാരികത ഉൾക്കൊള്ളാനും ഇത് സഹായിക്കും. നിലവിൽ പാശ്ചാത്യ ബന്ധമുള്ള ട്രോമാ സിദ്ധാന്തങ്ങൾക്ക്, സംസ്കാര വൈവിധ്യങ്ങൾക്കുള്ളിൽ (cross-cultural) പ്രകടമാകുന്ന ട്രോമാ അനുഭവങ്ങളിൽ നൈതികതയുടെ മാനം കണ്ടെത്താൻ പ്രയാസമാണെന്ന് പോസ്റ്റ്- കൊളോണിയൽ പഠിതാക്കൾ കരുതുന്നു.
'സാധാരണ ജീവിതത്തിൽ നിന്ന് വേറിട്ട, ഭയാനക സംഭവം' എന്നാണ് പ്രഥമ ട്രോമാ സംഭവത്തെ അടയാളപ്പെടുത്തുക. ഇത് പാശ്ചാത്യരല്ലാത്തവർക്കും ന്യൂനപക്ഷ സമൂഹങ്ങൾക്കും ബാധകമായിരിക്കില്ല, പലപ്പോഴും. പ്രത്യേകിച്ച് അനേകം പേരെ ബാധിക്കുന്ന ട്രോമയിൽ.
ഇപ്രകാരം നൂതന ആശയങ്ങളും പുതുതായി ആവിർഭവിക്കുന്ന സാംസ്കാരിക ബന്ധങ്ങളും കൂടി ഉൾക്കൊള്ളുന്ന രീതിയിൽ ട്രോമാ പഠനങ്ങൾ മാറേണ്ടതുണ്ടെന്ന് ജിൽ ബെന്നറ്റ്, റോസാൻ കെന്നഡി (Jill Bennett & Roseanne Kennedy, 2003) എന്നിവർ സമർഥിക്കുകയുണ്ടായി. ഇതേത്തുടർന്ന് മറ്റ് ഗവേഷകരും സമാന അഭിപ്രായം മുന്നോട്ടു വെയ്ക്കുന്നു. അങ്ങനെ 21-ാം നൂറ്റാണ്ടിൽ ട്രോമാ പഠനങ്ങളുടെ കാഴ്‌ചപ്പാടിൽ മാറ്റങ്ങൾ വന്നുതുടങ്ങി.
ലക്കാൻ മുതൽ പോസ്റ്റ്- സ്ട്രക്ച്ചറലിസ്റ്റുകൾ വരെയുള്ളവരുടെയും ദെറിദ, ഫൂക്കോ മുതലായ, സാംസ്കാരിക ദർശനം ആവിഷ്കരിച്ചവരുടെയും പഠനങ്ങൾ അമ്പേ തള്ളിക്കളഞ്ഞല്ല, അവയിൽ മാറ്റങ്ങളുടെ സമ്മർദ്ദം നൽകിക്കൊണ്ടാണ് പുതുവഴികൾ തുറന്നത്. ബെന്നറ്റ്- കെന്നഡി തിയറി വലിയ സ്വാധീനമാണ് ട്രോമാപഠനങ്ങളിൽ സൃഷ്ടിച്ചത്. അതിനുശഷം പത്തു വർഷത്തിനുള്ളിൽ സ്റ്റെഫ് ക്രാപ്‌സ് (Stef Craps) മറ്റൊരു നവീന കാഴ്ചപ്പാടുമായി രംഗത്തുവന്നു. അദ്ദേഹം പ്രസിദ്ധീകരിച്ച ‘അധിനിവേശാനന്തര സാക്ഷ്യപ്പെടൽ’ (Post- colonial Witnessing) എന്ന ടെക്സ്റ്റ്, ട്രോമ തിയറിയിൽ ആവശ്യം വേണ്ടിവരുന്ന മാറ്റങ്ങൾ പ്രകാശിപ്പിക്കുന്നു. ട്രോമാ പഠനങ്ങളുടെ ആരംഭം മനുഷ്യരുടെ സഹജമായ നിലനില്പിലും നൈതികതയാർന്ന സാമൂഹിക ജീവിതത്തിലും ഊന്നിയാണെങ്കിലും, ക്രമേണ ട്രോമാ പഠനങ്ങൾ പാശ്ചാത്യേതരെ ഏറെക്കുറെ ‘അപരർ’ ആക്കി നിർത്തി. പാശ്ചാത്യരല്ലാത്ത ന്യൂനപക്ഷങ്ങളുടെ ട്രോമ അനുഭവങ്ങളും ദുരിതങ്ങളും അവരുടെ 'നോട്ട'ത്തിൽ എത്തിയില്ല.

നാല് പോരായ്മകൾ ക്രാപ്‌സ് ചൂണ്ടിക്കാണിക്കുന്നു:
ഒന്ന്: പാശ്ചാത്യമല്ലാത്ത ന്യൂനപക്ഷ സംസ്കാരങ്ങളെ അംഗീകരിക്കാതെ, അവയെ അരികുവത്കരിക്കുന്നു.
രണ്ട്: പാശ്ചാത്യ ആധുനികതാ സിദ്ധാന്തങ്ങൾക്കനുസൃതമായി വികസിപ്പിക്കപ്പെട്ട ട്രോമാ ആശയങ്ങളും അതിജീവന മാതൃകകളും സാർവത്രികമായ സത്യമാണെന്ന് കരുതപ്പെടുന്നു. അതിനാൽ മറിച്ചുള്ള അഭിപ്രായങ്ങൾക്കും അനുഭവങ്ങൾക്കും പ്രസക്തി നഷ്ടപ്പെടുന്നു.
മൂന്ന്: ആധുനിക പാശ്ചാത്യ സർഗാത്മകതയുമായി ചേർന്ന ദർശനമാണ് ഏവർക്കും വേണ്ടി നിഷ്കർഷിക്കുന്നത്. ട്രോമയിൽ കാണപ്പെടുന്ന ആശയവിഘടനം (fragmentation), അഭേദ്യമായ പ്രതിബന്ധം (aporia) എന്നിവ പാശ്ചാത്യ ദൃഷ്ടിയിലൂടെ മാത്രം വിലയിരുത്തുന്നു. അതിനാൽ വികസ്വര സമൂഹങ്ങളിലെ വ്യക്തികൾ നടത്തുന്ന ട്രോമ സാക്ഷ്യങ്ങൾക്ക് മൂല്യം നഷ്ടപ്പെടും.
നാല്: ഒരേ സ്ഥലത്ത് വ്യത്യസ്ത സംസ്കാര സമൂഹങ്ങളുണ്ടാകാം. അവരുടെ പരസ്പര ഇടപെടലുകൾ ട്രോമയിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നത് പരിഗണയിൽ വരുന്നില്ല. ഒരു മെട്രോപൊളിറ്റൻ സമൂഹത്തെ പരിഗണിക്കുക; അവിടെത്തന്നെ പാശ്ചാത്യരല്ലാത്തതോ മൈനോരിറ്റിയിൽ പെട്ടതോ ആയ ഇതര സമൂഹങ്ങളുണ്ടാകുമല്ലോ. ഇവരെല്ലാം പരസ്പരബന്ധത്താൽ ചേർന്നുജീവിക്കുന്നവരാണ്. അവിടെ നടക്കുന്ന കൊടുക്കൽ വാങ്ങലുകൾ, ബന്ധങ്ങൾ എന്നിവ നൽകുന്ന വേറിട്ട പാഠങ്ങൾ അന്വേഷണവിധേയമാകുന്നില്ല.
ട്രോമാ സിദ്ധാന്തങ്ങൾക്ക് ഇന്നത്തെ നിലയിൽ ചില പരിമിതികളുണ്ട്. ട്രോമാ അനുഭവങ്ങൾക്കിടയാക്കുന്ന 'ഒരു' (single event) സംഭവം. അത് അസാധാരണമായിരിക്കും, ഒപ്പം വിനാശകാരിയും. 'സാധാരണ ജീവിതത്തിൽ നിന്ന് വേറിട്ട, ഭയാനക സംഭവം' എന്നാണ് പ്രഥമ ട്രോമാ സംഭവത്തെ അടയാളപ്പെടുത്തുക. ഇത് പാശ്ചാത്യരല്ലാത്തവർക്കും ന്യൂനപക്ഷ സമൂഹങ്ങൾക്കും ബാധകമായിരിക്കില്ല, പലപ്പോഴും. പ്രത്യേകിച്ച് അനേകം പേരെ ബാധിക്കുന്ന ട്രോമയിൽ.
അദ്ദേഹം ഇങ്ങനെ പറയുന്നു: “Unlike structural trauma, racism is historically specific; yet, unlike historical trauma, it is not related to a particular event, with a before and an after. Understanding racism as a historical trauma, which can be worked through, would be to obscure the fact that it continues to cause damage in the present”
ഇത് കൃത്യമായ അടയാളപ്പെടുത്തലാണ്. നമ്മുടെ നാട്ടിലെ വംശീയത, ജാതീയത, ഗാർഹിക പീഡനം, കുട്ടികളോടുള്ള ക്രൂരത എന്നിങ്ങനെ നിരവധി തലങ്ങളിൽ ട്രോമ സംഭവിക്കുന്നു. നമ്മുടെ പഠനങ്ങളും പാശ്ചാത്യ മോഡലുകളെ പിന്തുടർന്ന് കൊളോണിയൽ വായനകളിലേയ്ക്ക് ചുരുങ്ങുകയും ചെയ്യുന്നു. ഇത് മനസ്സിലാക്കാനുതകുന്ന ഒരു സപ്ലിമെൻറ്ററി മോഡലാണ് ക്രാപ്‌സിന്റെ നിർദ്ദേശം. സമൂഹം ആന്തരികവത്കരിച്ച ആക്രമണത്തെ നാല് മാനങ്ങളിൽ കാണാമെന്ന് ക്രാപ്‌സ് പറയുന്നു. അവയിലൂടെ ട്രോമയെ പരിശോധിക്കാനാവും. അവ, നിയാമകം (normative), ദൈനംദിനത (quotidian), നൈരന്തര്യം (persistent) തുടങ്ങിയവ ഉപയോഗിച്ച് അപഗ്രഥിക്കണം; എങ്കിലേ അവയുടെ സങ്കീർണത വ്യക്തമാകൂ.
ട്രോമാ പഠനങ്ങളുടെ ആരംഭം മനുഷ്യരുടെ സഹജമായ നിലനില്പിലും നൈതികതയാർന്ന സാമൂഹിക ജീവിതത്തിലും ഊന്നിയാണെങ്കിലും, ക്രമേണ ട്രോമാ പഠനങ്ങൾ പാശ്ചാത്യേതരെ ഏറെക്കുറെ ‘അപരർ’ ആക്കി നിർത്തി. പാശ്ചാത്യരല്ലാത്ത ന്യൂനപക്ഷങ്ങളുടെ ട്രോമ അനുഭവങ്ങളും ദുരിതങ്ങളും അവരുടെ 'നോട്ട'ത്തിൽ എത്തിയില്ല.
ട്രോമ എന്ന സത്ത (entity) മനസ്സിലാക്കാൻ പുതിയ ഉപകരണങ്ങൾ കൂടി വേണമെന്ന ആശയമാണ് ആഗോളീകരണ (globalization) പ്രതിഭാസം അവസരം നൽകുന്നത്. നേരത്തെ പരിശോധിച്ച മനോവിശ്ലേഷണം, അപനിർമിതി എന്നീ ഉപകരണങ്ങളെ ക്രാപ്‌സ് തള്ളിക്കളയുകയല്ല, മറിച്ച്, ട്രോമ പരിശോധിക്കുമ്പോൾ അവിടെ നിലനിൽക്കുന്ന സാമൂഹിക- ചരിത്ര പശ്ചാത്തലങ്ങൾ കൂടി ഉൾക്കൊണ്ടുവേണം എന്ന് പറഞ്ഞുറപ്പിക്കുന്നു എന്നുമാത്രം. എങ്കിൽ മാത്രമേ, ഓരോ വ്യക്തിയുടെയും ട്രോമാഭാഷണം, ആഖ്യാനം, പൊതു നറേറ്റീവുകൾ എന്നിവ ഗ്രഹിക്കാനാവു. ഇത് നറേറ്റീവുകളെയും നമ്മുടെ മനസ്സിലാക്കലുകളെയും സമൂലമായി പരിവർത്തനം ചെയ്യാൻ സഹായിക്കും. ഒരുവേള, അപകോളനീകരിക്കപ്പെട്ട (decolonized trauma theory) ട്രോമാ സിദ്ധാന്തം ഇതിലൂടെ വികസിച്ചു വരില്ലെന്നാരുകണ്ടു? സാർവത്രികമായ ട്രോമാ സിദ്ധാന്തമാണ് നിലവിലുള്ളത് എന്ന ധാരണ ക്രാപ്‌സ് പഠനങ്ങൾക്ക് കഴിഞ്ഞുവന്നത് നിസ്സാരമല്ല. പാശ്ചാത്യലോകത്തിന് യുക്തമായ മോഡലാണ് മെച്ചം എന്ന പ്രബലമായ നറേറ്റീവ് വെല്ലുവിളിക്കപ്പെടുകയും, ഒന്നാം ലോകത്തിലും മൂന്നാം ലോകത്തിലും ഇടയിൽ നിലനിൽക്കുന്ന സാംസ്കാരിക വിടവ് (gap) പര്യവേക്ഷണ വിധേയമാക്കാനുള്ള അവസരം സംജാതമാകുകയും ചെയ്യുന്നു.
ഹോളോകോസ്റ്റും ട്രോമയും
ട്രോമാ സിദ്ധാന്തങ്ങളുടെ ചരിത്രത്തിലേയ്ക്ക് അല്പം കടന്നുചെന്നാൽ ഇപ്പറഞ്ഞതിന്റെ പ്രായോഗിക വശം വ്യക്തമാകും. 20-ാം നൂറ്റാണ്ടിലെ അനുഭവങ്ങളുമായാണ് ട്രോമാപഠനങ്ങൾ 1990- ൽ ആരംഭിച്ചത്. രണ്ടാം ലോകയുദ്ധക്കാലത്തെ ഹോളോകോസ്റ്റ് (holocaust) പ്രധാന പ്രതിപാദ്യം. ഇപ്പോൾ നാം മനസ്സിലാക്കുന്ന ട്രോമാ തിയറികൾ ഹോളോകോസ്റ്റ് ചരിത്രം, കഥനം, ഓർമ, നറേറ്റീവ് എന്നിവയിൽ നിന്ന് വികസിച്ചുവന്നവയാണ്.
നാത്സികൾ നടത്തിയ വൻതോതിലുള്ള ജൂതഹത്യ ലോകജീവിതത്തിൽത്തന്നെ വലിയ സ്വാധീനം ചെലുത്തിയ ചരിത്രം നമുക്കറിയാം. പഠനത്തിൽ വന്ന പുറന്തള്ളലുകളും അപരവത്ക്കരണവും ട്രോമ സിദ്ധാന്തത്തിൽ കടന്നുവരുമ്പോഴുണ്ടാകുന്ന അപകടമെന്തെന്ന് സൂസന്ന റാഡ്സ്റ്റോൺ (Susannah Radstone) സൂചിപ്പിക്കുന്നു. ഇത് ട്രോമാ അനുഭവങ്ങളെ രാഷ്ട്രീയ നിർമിതികളാക്കി മാറ്റുന്നു; അങ്ങനെ സ്വത്വാവിഷ്കാരം പ്രബലമായവർക്ക് ട്രോമാ യാതനകൾ അടയാളപ്പെടുത്താനാവും. മറ്റുള്ളവർ പുറത്തുമാവും.
ജൂഡിത്ത് ബട്‍ലർ (Judith Butler) സമാന വീക്ഷണം അവതരിപ്പിക്കുന്നു. ഒരു ജനത ട്രോമ അനുഭവിക്കുമ്പോൾ എല്ലാവരുടെ ട്രോമയും തുല്യമായല്ല സമൂഹത്തിന്റെ കാഴ്ച്ചയിൽ പ്രത്യക്ഷപ്പെടുക. ചിലരുടെ യാതനകൾക്ക് ദുഃഖഭാരത്വം (grievability) കൂടുതലാകും; അത്രത്തോളമാവില്ല മറ്റു ചിലരുടേത്. ആഘാതം സമാനമെങ്കിലും അങ്ങനെയുണ്ടാവാം എന്നർത്ഥം. ചിലരുടെ ജീവിതം നേർത്ത ദുഃഖഭാരം മാത്രമേ ഉണ്ടാക്കുന്നുള്ളൂ. സാമൂഹിക ശ്രദ്ധ അവരിൽ പതിയുന്നത് നേരിയ അളവിലായിരിക്കും. വ്യക്തികളുടെ ജീവന്റെ മൂല്യമളക്കാൻ ഇത്തരം ഏറ്റക്കുറച്ചിലിന്റെ ധാരണകൾ കാരണമാകും. ചിലർക്ക് മുന്തിയ പരിഗണയും ശ്രദ്ധയും ലഭിക്കുമ്പോൾ ചിലർക്ക് പട്ടിണി, തൊഴിൽ നഷ്ടം, പുനരധിവാസ പ്രവർത്തനത്തിലെ അപ്രാപ്യത, വർധിച്ച ആക്രമണവും മരണവും നേരിടാനുള്ള സാധ്യത എന്നിവയാവും അനുഭവം. അതിനാൽ വികസ്വര സമൂഹങ്ങളിൽ ദുഃഖഭാരത്വം (grievability) ട്രോമാ അനുഭവങ്ങളിലും അന്വേഷണങ്ങളിലും ക്ഷേമപ്രവർത്തനങ്ങളിലും പ്രധാനപ്പെട്ട ഒന്നാണെന്ന് നാം മനസിലാക്കുന്നു.

ഹോളോകോസ്റ്റ് അനുഭവത്തിലേയ്ക്ക് ഒന്നുകൂടി നോക്കാം. രണ്ടാം ലോകയുദ്ധക്കാലത്ത് ജൂതവംശഹത്യ മാത്രമല്ലല്ലോ സംഭവിച്ചത്. ജപ്പാനിൽ അണുബോംബ് വർഷിച്ചു. ജർമനിയിലും യൂറോപ്പിലും ചെറുത്തുനിൽപ്പുണ്ടായി- അങ്ങനെ പലതും. അതിലെല്ലാം ട്രോമയും ഉണ്ടായിരുന്നു. എന്നാൽ ചിലതിന് ഏറെ ശ്രദ്ധ കിട്ടി, മറ്റു ചിലതിന് തീരെ കുറവും.
ഗൂഡ്‌മാൻ, മൊയ്‌നിഹാൻ എന്നിവർ ചേർന്ന് ഡെമോക്രസി നൗ (Democracy Now) എന്ന മീഡിയയിൽ 'വാഴ്സ ഗെറ്റോയിൽനിന്ന് ഗാസ വരെ' എന്ന കോളം ചെയ്തിരുന്നു. യുദ്ധത്തിന് പട്ടിണി ആയുധമാക്കുന്നതിനെ കുറിച്ചുള്ള ലേഖനത്തിൽ പത്രപ്രവർത്തകനായ ഗെസൺ (Gessen) പറഞ്ഞതിങ്ങനെ: ജൂതർ ജർമനിയിൽ അനുഭവിച്ച കൊടുംയാതനകൾക്ക് സമാനമാണ് ഗാസയിൽ ഇസ്രായേൽ നടപ്പാക്കുന്നത്:
"That’s important to say, not just because it’s important to describe things in the best possible way that we can, but because, again, in the name of ‘never again,’ we have to ask if this is like a ghetto. If what we’re witnessing now in this indiscriminate killing, in an onslaught that has displaced almost all the people of Gaza, that has made them homeless, if that is substantially similar to what we saw in some places during the Holocaust, then what is the world going to do about it? What is the world going to do in the name of ‘never again?’"
രാഷ്ട്രീയ നിലപാടുകൾക്കും വ്യക്തി താല്പര്യങ്ങൾക്കുമപ്പുറം ട്രോമ എന്ന ഒറ്റ അനുഭവകേന്ദ്രത്തിൽ നിന്നുനോക്കിയാൽ വേണ്ടത്ര ശ്രദ്ധയാകർഷിച്ചിട്ടുണ്ടോ എന്ന സംശയം ലേഖകർ പങ്കുവെയ്ക്കുന്നു.
പ്രബലമാകുന്ന ട്രോമാ സദ്ധാന്തങ്ങൾ മുഖ്യധാരയിലെത്തും, മറ്റുള്ളവ അരികുവത്കരിക്കപ്പെടും.
ഹിരോഷിമയും ട്രോമയും
പ്രബലമാകുന്ന ട്രോമാ സദ്ധാന്തങ്ങൾ മുഖ്യധാരയിലെത്തുമെന്നും മറ്റുള്ളവ അരികുവത്കരിക്കപ്പെടുമെന്നും കണ്ടുകഴിഞ്ഞു. ഇതിനൊരുദാഹരണം സ്റ്റഫ് ക്രാപ്‌സ് നൽകുന്നു. രണ്ടാം ലോകയുദ്ധത്തിനുശേഷം അലേയ്ൻ റെനേ, മാർഗരീറ്റ് ഡ്യൂഹാസ് (Alain Resnais & Marguerite Duras) എന്നിവർ ചേർന്ന് ചെയ്ത സിനിമയാണ് ഹിരോഷിമ, മോൺ ആമർ (Hiroshima, Mon Amour, 1957). ഒരു ഫ്രഞ്ച് നടി സമാധാനത്തെക്കുറിച്ച് സിനിമയെടുക്കാൻ ഹിരോഷിമ സന്ദർശിക്കുന്നു. അവിടെ ആ നടി ജപ്പാൻകാരനായ ഒരു ആർക്കിടെക്റ്റിനെ കണ്ടുമുട്ടുന്നു. അവർ ആശയക്കുഴപ്പം പിടിച്ച പ്രണയത്തിൽ പെടുന്നു. യുവതി വലിയൊരു കഥ ഉള്ളിൽ അടക്കിപ്പിടിച്ചിരിക്കുകയാണ്; അതിന്റെ ഓർമ്മകൾ നിശ്ശബ്ദമായി അവരെ വേട്ടയാടുന്നുണ്ട്. കടുത്ത ട്രോമയാണ് അവർ അനുഭവിച്ചത്. ഫ്രാൻസിൽ നേവേഴ്‌സ് (Nevers) പട്ടണമാണ് അവയുടെ സ്ഥലം. യുദ്ധകാലത്ത് ഒരു ജർമൻ പട്ടാളക്കാരനുമായി അവർ പ്രണയത്തിലായിരുന്നു. യുദ്ധത്തിന്റെ അവസാനനാളിൽ അയാൾക്ക് വെടിയേറ്റു, പിന്നീട് മരിച്ചു. അവിടുണ്ടായ അനുഭവങ്ങളിൽ നിന്ന് മുക്തമാകാൻ അവർ വീടുവിട്ടിറങ്ങി. പാരീസിലേയ്ക്കും തുടർന്ന് ഹിരോഷിമയിലേയ്ക്കും പോകുന്നു. ഹിരോഷിമ ആറ്റംബോംബ് പതിച്ച പട്ടണമാണല്ലോ. അവിടെ യുവതി ജാപ്പനീസ് ആർക്കിടെക്റ്റിനെ കണ്ടുമുട്ടുന്നു. അയാൾക്ക് യുദ്ധത്തിൽ സ്വന്തം കുടുംബം നഷ്ടപ്പെട്ടിരുന്നു. രണ്ടു പേർക്കും ദുരന്തകഥയുണ്ട്; യുവതി മെല്ലെ തന്റെ കഥ അനാവരണം ചെയ്യുന്നു. അവർ അനുഭവിക്കുന്ന സംഘർഷം സിനിമയിൽ നന്നായി ചിത്രീകരിച്ചിരിക്കുന്നു.

മുൻകാല ട്രോമാ സൈദ്ധാന്തികരുടെ നിരീക്ഷണമനുസരിച്ച് രണ്ടു വ്യത്യസ്ത സംസ്‌കാരങ്ങളിൽ ട്രോമ വ്യാപിക്കുന്നു. സംസ്കാരങ്ങളുടെ കാഴ്ചയും കേൾവിയും വഴി ട്രോമയനുഭവത്തിന് അന്തർ സംസ്കാര ഇടപെടലുണ്ട്, അതിനാൽ ട്രോമയ്ക്ക് പൊതുഭാഷ്യമുണ്ടെന്ന വാദം പ്രബലപ്പെടുന്നു. ഇതിനോട് സ്റ്റഫ് ക്രാപ്സ് വിയോജിക്കുന്നു. കാരണങ്ങൾ ഇവയാണ്: സിനിമയിൽ ഫ്രഞ്ച് വനിതയുടെ ഭാഗം മാത്രമാണ് നാം കേൾക്കുന്നത്. ജാപ്പനീസ് യുവാവും യുദ്ധക്കെടുതിയുടെ ട്രോമ അനുഭവിക്കുന്നുണ്ട്. അവയ്ക്ക് സിനിമ ശബ്ദം നൽകിയിട്ടില്ല. യുവാവിന്റെ മാത്രമല്ല, ഹിരോഷിമയുടെ കഥയും പറയപ്പെടുന്നില്ല. ഫ്രഞ്ച് വനിതയ്ക്ക് സ്വന്തം ട്രോമയിൽ നിന്ന് പുറത്തുവരാനുള്ള സാഹചര്യമൊരുക്കുന്നത് ഹിരോഷിമയാണ്; അതിനപ്പുറം സമാനതകളില്ലാത്ത കെടുതിയനുഭവിച്ച പട്ടണം മൂകസാക്ഷിയായി നിലകൊള്ളുന്നു. പുതുക്കിപ്പണിഞ്ഞ ഹിരോഷിമ നാം കാണുമ്പോൾ, അത് കെടുതികളിൽ നിന്ന് മുക്തമായെന്ന നറേറ്റീവ് ശക്തമാകുകയും ചെയ്യും. ഇതിലൂടെ ക്രാപ്‌സ് പറഞ്ഞുവെയ്ക്കുന്നതിതാണ്: പാശ്ചാത്യ കേന്ദ്രീകൃതമായ നറേറ്റീവുകൾ പ്രബല സമൂഹങ്ങളെ ചിത്രീകരിക്കാനേ ഉതകൂ. അപരർ, സ്ത്രീകൾ, മൈനോറിറ്റി തുടങ്ങിയ സമൂഹങ്ങൾ മുൻകാല രേഖപ്പെടുത്തലുകളിൽ അരികുപറ്റിനിൽക്കും.
സമകാലിക ജീവിതം പുതുതായി ചില സാംസ്കാരിക വഴികൾ കൂടി തുറന്നിടുന്നു. ആയുധവത്കരിച്ച 'വെറുപ്പ്' അങ്ങിങ്ങായി, എന്നാൽ ഒറ്റപ്പെട്ടതെന്ന് തോന്നിപ്പിക്കും പോലെ ലോകത്ത് പലയിടത്തും സംഭവിക്കുന്നു. വിദേശത്തുനിന്ന് വന്നവർ, പ്രവാസികൾ, അഭയാർത്ഥികൾ തുടങ്ങിയവരെയാണിത് കൂടുതലും ലക്ഷ്യം വെയ്ക്കുന്നത്. വെറുപ്പ് രാഷ്ട്രീയവും സാംസ്കാരികവുമായ വേർതിരിവിന്റെ ഉപകരണമാകുന്നത് വർധിച്ചുവരുന്നു, യൂറോപ്പിലും അമേരിക്കയിലും ഇതിന്റെ അലയൊലികൾ കാണാം.
ട്രോമ വ്യക്തിയുടെ സ്വത്വം, ഓർമ എന്നിവയെ സ്വാധീനിക്കുന്നുണ്ട്. വ്യക്തിയുടെ ആന്തരികഘടന, ബാഹ്യാവസ്ഥകൾ, സമൂഹം, സംസ്കാരം, ഭാഷ എന്നിങ്ങനെ പലതുമായി അത് ബന്ധപ്പെട്ടിരിക്കുന്നു.
സാഹിത്യത്തിലെ ട്രോമ
നിരവധി സാഹിത്യകൃതികളിൽ ട്രോമ വിഷയമായിട്ടുണ്ട്. പ്രീമോ ലെവി, സിൽവിയ പ്ലാത്ത്, വെർജീനിയ വുൾഫ്, ജെയിംസ് ബാൾഡ്വിൻ, കെ. സരസ്വതി അമ്മ, രാജലക്ഷ്മി, നന്തനാർ, ബഷീർ, തുടങ്ങി അനേകം സാഹിത്യകാരർ വ്യക്തിഗത ട്രോമയുമായി ജീവിച്ചവരാണ്. അവരുടെ സാഹിത്യത്തിൽ ട്രോമയെക്കുറിച്ചുള്ള അന്വേഷണം കാണാൻ കഴിയും. ശ്രദ്ധേയമായ കാര്യം, ഈവക പഠനങ്ങളുണ്ടായത് 21ാം നൂറ്റാണ്ടിലാണെന്നതാണ്. അതിപ്പോഴും തുടരുന്നു. ആലീസ് വോക്കർ രചിച്ച പുസ്തകങ്ങളിൽ (Color Purple, By the Light of My Father's Smile) ആവിഷ്കരിക്കപ്പെട്ട ട്രോമ ഇപ്പോഴും സൂക്ഷ്മവായനയ്ക്ക് വിധേയമാകുന്നു. ട്രോമാ പഠനങ്ങൾ പ്രീമോ ലെവി (Primo Levi) പുസ്തകങ്ങളെ കണ്ടെത്തിയത് കഴിഞ്ഞ ദശകത്തിലാണ്. മരിച്ച് മൂന്ന് ദശകങ്ങൾ കഴിഞ്ഞാണ് അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് ഗൗരവമായ ട്രോമാപഠനങ്ങളുണ്ടായത്. അതിനിയും തുടരുമെന്ന് കരുതാം.
എലീഫ് ഷഫാക് (Elif Shafak) തുർക്കിയിൽ ജനിച്ച പ്രശസ്ത നോവലിസ്റ്റാണ്. കൂടുതലും തുർക്കി ഭാഷയിൽ എഴുതുന്നു, ചിലപ്പോൾ ഇംഗ്ലീഷിലും. അവർ 2007-ൽ എഴുതിയ 'ഇരുണ്ട പാൽ' (Black Milk: On Writing, Motherhood, and the Harem Within) 2011-ൽ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തി. അവരുടെ ട്രോമയനുഭവം വിവരിക്കുന്നതെങ്ങനെയെന്ന് നോക്കാം. ഇസ്താംബൂളിൽ 1999- ൽ ഭൂചലനമുണ്ടായി. വെളുപ്പിന് മൂന്ന് മണിക്ക് ജനജീവിതം താറുമാറായി. ജനം വീടുകളിൽ നിന്നിറങ്ങിയോടി. നിലവിളികളും ഓരിയിടലുമായി ടൗൺ നിറഞ്ഞു. വർഷങ്ങൾക്കു ശേഷം അവർക്ക് ഒരു കുട്ടി ജനിച്ചു; അത് മറ്റൊരു ആഘാതമായിരുന്നു. പ്രസവാനന്തര വിഷാദത്തിലേയ്ക്കവർ അമർന്നുപോയി. ഭൂചലനവും അമ്മയാവാനുള്ള ശ്രമവും വിഷാദവും ഒത്തുചേരുന്ന അവസ്ഥ അവർ വിവരിച്ചിരിക്കുന്നു.

21-ാം നൂറ്റാണ്ടിൽ വ്യക്തികൾ ട്രോമയുടെ വല്ലാത്ത അനുഭവത്തിലൂടെ കടന്നുപോകുമ്പോൾ എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് അവരുടെ വാക്കുകൾ നമ്മോട് പറയുന്നു. സുഗമമായ വായന യ്ക്ക് വേണ്ടി വിവരണം ഇംഗ്ലീഷിൽത്തന്നെ ചേർത്തിരിക്കുന്നു.
"I was in Istanbul when the earthquake hit in 1999. At the time I lived in one of the most vibrant and diverse neighborhoods in the city, where the quality of houses varied as widely as the stories of the people who inhabited them. When I ran out of the building with everyone else at three in the morning amid shouts and screams, I saw something that stopped me in my tracks. Across the street was the local grocer — a grumpy old man who didn’t sell alcohol and didn’t speak to marginals — sitting next to a transvestite with a long, black wig and mascara running down her cheeks. I watched the man open up a pack of cigarettes, his hands shaking, his face as white as a ghost, and offer one to her. That was, and still is, the image of that night that has stayed most entrenched in my mind: a conservative grocer and a crying transvestite smoking side by side. In the face of disaster and death, our mundane differences evaporated and we were all One, even if for only a few hours.
But I have always believed that stories, too, have a similar effect on us. I am not saying that fiction has the magnitude of an earthquake, but when we are inside a good novel we leave our cozy, small apartments behind and, through fictional characters, find ourselves getting to know people we had never met before, and perhaps had even disliked as our Others.
Years later I would recall that night in a completely different context: After the birth of my first child I experienced a strong depression that separated me from the one passion in life that until then I had held above everything: writing fiction.
It was an emotional tremor for me. When I ran out of the building of the Self that I had carefully constructed all those years, there in the darkness, scared and shaken, I encountered a group of Thumbelinas — six tiny finger - women, each of whom looked like a different version of me — sitting side by side. I knew four of them already. The two others I was meeting for the first time. I understood that if it weren’t for the extraordinary situation of my postpartum depression, I would have never seen them in a new light, and they would have kept living in my body and soul without ever listening to one another, like neighbors who share the same air but never a peaceful greeting.
Perhaps all women live with a mini harem inside and the discrepancy, tension and hard - achieved harmony among our conflicting selves is what really makes us ourselves’’.
ഇവിടെ പ്രതിനിധാനം ചെയ്യപ്പെട്ട ട്രോമാകഥാപാത്രങ്ങളുടെ വൈവിധ്യം ശ്രദ്ധിച്ചാൽ ചില കാര്യങ്ങൾ വ്യക്തമാകും. അപരത്വം അനുഭവിക്കുന്ന മൂന്നു കഥാപാത്രങ്ങൾ ചിത്രത്തിൽ തെളിയുന്നു. മൂന്നുപേരെയും നാം തിരിച്ചറിയുന്നത് അവരെക്കുറിച്ചു പറയുന്ന രീതി കണ്ടാണ്: 'a grumpy old man', 'transvestite', മൂന്നാമത് നറേറ്റർ. പ്രസവാനന്തര വിഷാദരോഗം അനുഭവിക്കുന്ന, മാതൃത്വം വിജയിപ്പിക്കാൻ മല്ലിടുന്ന സ്ത്രീ ട്രോമകഥാപാത്രം ആകുന്നത് മുൻ നൂറ്റാണ്ടിൽ പതിവില്ല. അതാണ് നവീന ട്രോമാ സിദ്ധാന്തങ്ങൾ സംഭാവന ചെയ്ത മാറ്റം.
ട്രോമ ചിലപ്പോൾ പ്രതിഫലിക്കുക ആഴത്തിലുള്ള മൗനം അടയാളപ്പെടുത്തിക്കൊണ്ടാണ്. എന്നാൽ 'പറയാൻ പാടില്ലാത്ത’തെന്ന രീതിയിലും ട്രോമ ആവിഷ്കരിക്കപ്പെടാറുണ്ട്.
കൈമാറപ്പെടുന്ന
ട്രോമ അനുഭവങ്ങൾ
ട്രോമ സിദ്ധാന്തങ്ങളിലേയ്ക്ക് 21-ാം നൂറ്റാണ്ടിൽ കടന്നുവരുന്ന അതിനൂതന ചിന്തകളാണ് നാം ചർച്ച ചെയ്യുന്നത്. പഴകാല സങ്കല്പത്തിൽ ട്രോമ എന്നാൽ ദീർഘകാലക്ഷതം എന്നത്രേ. പരിഹാരമാർഗങ്ങളും ഇല്ലെന്ന കാഴ്ചപ്പാടാണ് നിലനിന്നത്. ഇക്കാലത്ത് ട്രോമാനന്തരം നാം പലതരം മാറ്റങ്ങൾക്ക് വിധേയമാകുന്നു. ട്രോമാനന്തര പരിണാമം അനുകൂലമാക്കുക എന്നതാണതിലെ പ്രധാന ഘടകം. മാറ്റങ്ങൾ അനുകൂലമാക്കാൻ മാനസിക ക്രമീകരണശേഷി (resilience) പ്രവർത്തനോന്മുഖമായിരിക്കണം. ഈ രണ്ടു ഘടകങ്ങളും വ്യക്തികൾക്കും സമൂഹത്തിനും മുന്നോട്ടുള്ള യാത്രയിൽ അത്യന്താപേക്ഷിതമാണ്. അടുത്തകാലത്തായി വരുന്ന പല പഠനങ്ങളും റെസിലിയൻസ് (resilience) കണ്ടെത്താൻ ശ്രമിക്കുന്നു. ട്രോമാനന്തരം കുറെ പേർക്കെങ്കിലും സങ്കീർണ ട്രോമാ സിൻഡ്രോം (complex trauma syndrome) ബാധിക്കാറുണ്ട്. മാനസികമായും ശാരീരികമായും കാണപ്പെടുന്ന ക്ലേശങ്ങൾ, സാമൂഹിക പങ്കാളിത്തത്തിലെ (social participation) വിടവ്, വ്യക്തിയെന്ന നിലയിൽ പ്രവർത്തനക്ഷമതക്കുറവ് എന്നിവ കൂടി ഇതിൽ പെടും. അതുകൊണ്ടുതന്നെ ട്രോമ ശാരീരിക- മാനസിക- വൈകാരിക സുസ്ഥിതിയെ ഗണ്യമായി ബാധിക്കും.
ട്രോമ വ്യക്തിയുടെ സ്വത്വം, ഓർമ എന്നിവയെ സ്വാധീനിക്കുന്നുണ്ട്. വ്യക്തിയുടെ ആന്തരികഘടന, ബാഹ്യാവസ്ഥകൾ, സമൂഹം, സംസ്കാരം, ഭാഷ എന്നിങ്ങനെ പലതുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. എത്രകണ്ട് ആഘാതം വ്യക്തിയിൽ സൃഷ്ടിച്ചുവെന്നത് ട്രോമ അനുബന്ധ ഓർമകളെ അനുസരിച്ചിരിക്കും. പഴയകാല ട്രോമ മോഡൽ പറയുന്നത് ഓർമ്മകൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും, അവ നമ്മെ ഇടയ്ക്കിടെ അലോസരപ്പെടുത്തുംപോലെ വേട്ടയാടിക്കൊണ്ടിരിക്കും എന്നുമാണ്. ഇതിൽ സംസ്കാര സംബന്ധിയായതും ജീവശാസ്ത്രപരമായതുമായ കാര്യങ്ങൾ അടങ്ങിയിരിക്കും.

ജൻഡർ ഫ്ലൂയിഡിറ്റി, ഇതര ജൻഡർ ഐഡന്റിറ്റി എന്നിവയുമായി ബന്ധപ്പെട്ടും ട്രോമ തിയറി പരിശോധിക്കപ്പെട്ടിട്ടുണ്ട്. ട്രാൻസ് ഐഡൻറിറ്റിയുമായി ബന്ധപ്പെട്ട സംവാദങ്ങളും നിലപാടുകളും അവിടെ നിലനിൽക്കുന്ന പൊതു സാംസ്കാരിക അടിത്തറയുമായി സംഘർഷങ്ങളിൽ പെടാം.
ട്രോമ ചിലപ്പോൾ പ്രതിഫലിക്കുക ആഴത്തിലുള്ള മൗനം അടയാളപ്പെടുത്തിക്കൊണ്ടാണ്. എന്നാൽ 'പറയാൻ പാടില്ലാത്ത’തെന്ന രീതിയിലും ട്രോമ ആവിഷ്കരിക്കപ്പെടാറുണ്ട്. ആഘാതം തന്റെ ഉത്തരവാദിത്തത്തിൽപ്പെട്ടതെല്ലെന്ന ചിന്ത താൻ കടന്നുപോയ ഓർമയെ 'പറയാൻ പാടില്ലാത്ത'താക്കും. ടോണി മോറിസൺ രചിച്ച ‘അരുമ’ (Beloved, 1987) പ്രാചീന വിശ്വാസം, അടിമത്തം, എന്നിവയുടെ പശ്ചാത്തലത്തിൽ അനുഭവിക്കപ്പെടുന്ന ട്രോമയാണ് വിവരിക്കുന്നത്. മൗനവും മറവിയും തന്ത്രപരവും ആത്മബോധപരവും (strategic & self conscious) ആയ പ്രതിരോധമാണ്.
ഓർമയെക്കുറിച്ചാണെല്ലോ പറഞ്ഞുവന്നത്. പണ്ടു നടന്ന സംഭവങ്ങൾ നാമോർക്കും പോലെ, ഒരു തലമുറയിൽ നടന്ന ട്രോമനുഭവങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറാമോ എന്ന ചോദ്യം ഈ നൂറ്റാണ്ടിൽ ഗൗരവമായി പരിശോധിക്കപ്പെട്ടുവരുന്നു. ഇന്നത്തെ തലമുറ നേരിൽ കാണുകയോ അനുഭവിക്കുകയോ ചെയ്യാത്ത കാര്യങ്ങൾ / സംഭവങ്ങൾ അടുത്ത തലമുറ അനുഭവിക്കുന്നതെങ്ങനെ? അത് മനസ്സിലാക്കാൻ പോസ്റ്റ്- മെമ്മറി എന്ന ആശയം ആവശ്യമാണ്. മറിയാൻ ഹെർഷ് (Marianne Hirsch, 2008) ഇങ്ങനൊരാശയം മുന്നോട്ടുവച്ചു. ഒരു തലമുറയിൽ നടന്ന ശക്തമായ എന്നാൽ ട്രോമയനുഭവങ്ങൾ നിറഞ്ഞ സംഭവങ്ങൾ അതിനുശേഷം ജനിച്ച അടുത്ത തലമുറക്കാർ കാണുന്നതും അനുഭവിക്കുന്നതുമെങ്ങനെ എന്ന വിഷയം അവർ അവതരിപ്പിക്കുന്നു.
പോസ്റ്റ്- മെമ്മറി ഇങ്ങനെ നിർവചിക്കപ്പെടാം:
"Post memory describes the relationship of the second generation to powerful, often traumatic, experiences that preceded their births but that were nevertheless transmitted to them so deeply as to seem to constitute memories in their own right."
ശ്രീലങ്കയിൽ 2004-ൽ സുനാമി ആഞ്ഞടിച്ച് 35,000 പേർ മരിക്കുകയും 21,000 പേർക്ക് മാരകമായ പരിക്കുണ്ടാവുകയും ചെയ്തു. വ്യത്യസ്ത പഠനങ്ങളിൽ 3% മുതൽ 77% വരെ പേർക്ക് Post traumatic stress disorder ബാധിച്ചതായി കണ്ടെത്തി.
രണ്ടാം തലമുറക്കാർ ട്രോമ അനുഭവങ്ങൾ നേരിട്ടിട്ടില്ല; എങ്കിലും പഴയ കാലത്തെ ഓർമ്മകൾ അവർക്കിപ്പോഴുമുണ്ട്. കേട്ടറിഞ്ഞ കഥകൾ, ചിത്രങ്ങൾ, ഇമേജുകൾ, പെരുമാറ്റരീതികൾ ഇവയെല്ലാം ചേർന്ന് പുതിയ അനുഭവം അവരിൽ സൃഷ്ടിക്കുന്നു. പോസ്റ്റ്- മെമ്മറി സാധ്യമാകുന്നത് പഴയ കാര്യങ്ങൾ ഓർമിക്കൽ വഴിയല്ല. പോസ്റ്റ്-മെമ്മറിയുടെ അടിസ്ഥാനം പഴയ ഓർമ പുതുക്കലല്ല, പഴയ ചരിത്രാവശിഷ്ടങ്ങളിൽനിന്ന് പുതിയ ധാരണകൾ ഉണ്ടായിവരുന്നതാണ്. അവ പുതിയ തലമുറയുടെ സ്വതഃസിദ്ധമായ ഓർമ്മകളായി പരിണമിക്കുകയും ചെയ്യൂന്നു.
ഒരു സമൂഹത്തിന്റെ ഭാവനാപരമായ നിക്ഷേപങ്ങളാണ് (imaginative investment) പോസ്റ്റ്- മെമ്മറിയെ നിലനിർത്തുന്നത്. ഭാവനയുടെ ഭാഗമായി കാലം പിന്നിടുമ്പോൾ പാഠഭേദങ്ങളും ഉപകഥകളും ഉണ്ടാവുകയും കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യും. രണ്ടു തലമുറകൾ കഴിയുമ്പോൾ വ്യത്യസ്ത നറേറ്റീവുകൾ ആധിപത്യം പുലർത്താൻ ശ്രമിക്കാം; അതിനായി പരസ്പരം മത്സരിച്ചെന്നും വരാം. ട്രോമയാനുഭവങ്ങൾ ഇപ്രകാരം തലമുറകളിലൂടെ സഞ്ചരിക്കും; ചരിത്രവസ്തുക്കളാൽ പുനർനിർമിതി അസാധ്യമാക്കുകയും ചെയ്യും. പോസ്റ്റ്- മെമ്മറിയായി കടന്നുവന്ന ട്രോമയുടെ പലപ്പോഴും അതിശക്തമായ ശാസനകളായി മാറും. ചിലരെങ്കിലും അതിന്റെ ഭാരത്താൽ കഷ്ടപ്പാടുകൾ അനുഭവിക്കും. അതിനെ സ്വാധീനിക്കുന്നത് നിശ്ചേതനമായ ചരിത്രവസ്തുക്കളല്ല, അവയുടെ വൈകാരിക (ഇമോഷണൽ) സമ്മർദങ്ങളാണ്. ഓർമകളല്ലാത്തവ പോസ്റ്റ്- മെമ്മറിയിൽ ഉൾപ്പെടുന്നതെങ്ങനെ എന്നത് ഹേർഷ് വിശദീകരിക്കുന്നു:
"These ‘not memories’ communicated in ‘flashes of imagery’ and ‘broken refrains’,
transmitted through ‘the language of the body’, are precisely the stuff of postmemory."

ഇതിനൊരു പ്രായോഗിക വശമുണ്ട്. വിഭജനത്തിന്റെ മുറിവുകൾ ഇന്ത്യയിൽ ഇപ്പോഴും തുടരുന്നതിൽ പോസ്റ്റ്- മെമ്മറിയുടെ സാന്നിധ്യമുണ്ട്. വിഭജനക്കാലത്ത് അതിർത്തിയുടെ അപ്പുറവും ഇപ്പുറവും ജീവിക്കാൻ വിധിക്കപ്പെട്ടവരിൽ ചിലർ അടുത്ത ബന്ധുക്കളാണ്. അവർക്ക് പരസ്പരം കാണണോ സ്നേഹം പങ്കിടാനോ ഉള്ള അവസരം പരിമിതമായി തുടരുന്നു. സോഷ്യൽ മീഡിയ വന്നതിനുശേഷം ചിലർക്ക് കൂടിക്കാഴ്‌ച നടത്താനുള്ള ഭാഗ്യമുണ്ടായി. 75 വർഷങ്ങൾക്കു ശേഷം ആദ്യമായി കൂട്ടിമുട്ടിയ രണ്ട് സഹോദരരുടെ കഥ അടുത്തകാലത്ത് വാർത്തയായി. അവർ മനസ്സിൽ കൊണ്ടുനടന്ന ട്രോമയനുഭവങ്ങൾ അവരുടെ അടുത്ത തലമുറയ്ക്ക് കൈമാറിക്കാൻ സാധ്യതയുണ്ടല്ലോ. ചിത്രങ്ങൾ, ഫോട്ടോകൾ, പത്രവാർത്തകൾ, ഉപയോഗിച്ചിരുന്ന വസ്തുക്കൾ (പുസ്തകങ്ങൾ, പത്രങ്ങൾ, കളിപ്പാട്ടം, അങ്ങനെയങ്ങനെ...) എന്നിവയിലൂടെ പുതുതലമുറയ്ക്ക് തങ്ങളുടെ ഭാവനാപരമായ ചിന്തകൾ കൊണ്ട് മുൻതലമുറയുടെ വേദനകൾ നെയ്തെടുക്കാൻ സാധിക്കുകയും ചെയ്യും.
രണ്ടാം ലോകയുദ്ധാനന്തരം വടക്കൻ അയർലണ്ട് കണ്ട രാഷ്ട്രീയ, സാമൂഹിക കലാപങ്ങൾ, 19-ാം നൂറ്റാണ്ടിലെ ഹാർലെം നവോത്ഥാനം എന്നിവയിലും പോസ്റ്റ്- മെമ്മറി പ്രവർത്തിക്കുന്നത് നമുക്ക് വായിച്ചെടുക്കാനാവും. നമ്മുടെ നാട്ടിലെ പ്രാദേശികമായ പല മിത്തുകളും ഫോക്‌ലോറുകളും (myths & folklore) പഴയകാല വേദനകളെ സൂചിപ്പിക്കുന്നു; ചിലത് പഴയകാല യാതനകളിൽ നിന്ന് മുക്തി നേടാനുള്ള ഉപാധികൾ പറഞ്ഞുവെയ്ക്കുന്നു.
വലിയ സാമൂഹിക ആഘാതങ്ങളുണ്ടാകുമ്പോൾ എല്ലാവരിലും ഏകരൂപമായല്ല ട്രോമാഫലങ്ങൾ പ്രതിഫലിക്കുക. വികസ്വര രാജ്യങ്ങളിൽ വംശീയ, ഉപവംശീയ ഘടകങ്ങൾ വലിയ സ്വാധീനം ചെലുത്തും.
പോസ്റ്റ്- മെമ്മറി സാഹിത്യത്തിൽ രേഖപ്പെടുത്തിയതിന്റെ നല്ല ഉദാഹരണമാണ് പീറ്റർ കാവനാ എന്ന വിശ്രുത ഐറിഷ് കവി രചിച്ച 'ദ ഗ്രേറ്റ് ഹംഗർ' (Peter Kavanagh, The Great Hunger, 1942) എന്ന ദീർഘകവിത. അയർലണ്ട് അനുഭവിച്ച കൊടുംക്ഷാമം 1845 മുതൽ 1852 വരെ നീണ്ടുനിന്നു. ഏതാണ്ടൊരു നൂറ്റാണ്ടു കഴിഞ്ഞാണ് ഈ സംഭവം ഓർത്തുകൊണ്ട് കാവനാ തന്റെ കവിത രചിക്കുന്നത്. കവിതയിലെ കേന്ദ്രകഥാപാത്രം പാട്രിക് മഗ്വയ്ർ (Patrick Maguire) ദരിദ്രനായ കൃഷിക്കാരനാണ്; അയാൾ 20-ാം നൂറ്റാണ്ടിൽ ജീവിക്കുകയാണ്. അവിടെനിന്ന് ഒരു നൂറ്റാണ്ടിനു മുമ്പ് നടന്ന അനുഭവങ്ങളുമായി കവി ചേർത്തു കാണാൻ ശ്രമിക്കുന്നതിലൂടെ ഭാവനപരമായ സാംഗത്യം സൃഷ്ടിക്കുന്നു. ഒറ്റപ്പെടലും ഏകാന്തതയുമാണ് മഗ്വയ്ർ അനുഭവിക്കുന്നത്; ഒപ്പം നഷ്ടപ്പെടുന്ന പ്രത്യാശയും, നിരാശയും. അയാളുടെ അവസ്ഥ വിവരിക്കുന്ന നാല് വരികൾ:
Health and wealth and love he too dreamed of in May
As he sat on the railway slope and watched the children of the place
Picking up a primrose here and a daisy there -
They were picking up life's truth singly.
മാറുന്ന ട്രോമാ പഠനങ്ങൾ
21-ാം നൂറ്റാണ്ടിൽ ട്രോമപഠനങ്ങൾക്ക് ഗുണപരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട് എന്നു നാം കണ്ടുകഴിഞ്ഞു. കഴിഞ്ഞ മൂന്നോ നാലോ ദശാബ്ദങ്ങളിൽ വന്ന മാറ്റങ്ങളാണവ.
ശ്രീലങ്കയിൽ 2004-ൽ സുനാമി ആഞ്ഞടിച്ച് 35,000 പേർ മരിക്കുകയും 21,000 പേർക്ക് മാരകമായ പരിക്കുണ്ടാവുകയും ചെയ്തു. 1500 കുട്ടികൾക്ക് മാതാപിതാക്കളും 1,00,000 പേർക്ക് കിടപ്പാടവും 1,50,000 പേർക്ക് ജീവനോപാധികളും നഷ്ടപ്പെട്ടു. ആദ്യകാല അന്വേഷണങ്ങളുടെ ഫോക്കസ് സുനാമി അതിജീവിച്ചവരുടെ തിക്തഫലം കണ്ടെത്തുന്നതിനായിരുന്നു. വ്യത്യസ്ത പഠനങ്ങളിൽ 3% മുതൽ 77% വരെ പേർക്ക് Post traumatic stress disorder (PTSD) ബാധിച്ചതായി കണ്ടെത്തി. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ അവരുടെ അതിജീവനത്തിലെ മാറ്റങ്ങൾ കണ്ടെത്താനായി ഗവേഷണങ്ങൾ വിരളമാണെന്നു കാണുന്നു. ഈ വിഷയമാണ് ചരിണി ഗുണരത്നെ, പീറ്റർ ക്രെമീർ എന്നിവർ പഠിക്കുന്നത്. അടുത്തകാലത്താണ് അവരുടെ റിപ്പോർട്ട് (2021) പ്രസിദ്ധപ്പെടുത്തിയത്.

വലിയ സാമൂഹിക ആഘാതങ്ങളുണ്ടാകുമ്പോൾ എല്ലാവരിലും ഏകരൂപമായല്ല ട്രോമാഫലങ്ങൾ പ്രതിഫലിക്കുക. വികസ്വര രാജ്യങ്ങളിൽ വംശീയ, ഉപവംശീയ (ethnic) ഘടകങ്ങൾ വലിയ സ്വാധീനം ചെലുത്തും. വ്യക്തികളും ഉപസമൂഹങ്ങളും നിലവിലുള്ള വിഭവങ്ങളെ സമീപിക്കുന്നതും അവർക്ക് ലഭ്യമാകുന്നതിലും വലിയ അന്തരം നിലനിൽക്കുന്നു. ഇതെല്ലാം കെടുതിയിൽ നിന്ന് പുറത്തുവരാനുള്ള ശേഷിയെ സ്വാധീനിക്കും. രോഗാതുരത, നിസ്സഹായത, രോഗദൈർഘ്യം തുടങ്ങിയവ അവരുടെ ജീവിത പാശ്ചാത്തലം, സാംസ്കാരിക സ്വാധീനങ്ങൾ എന്നിവയെ അധികരിച്ചിരിക്കും. ട്രോമയിൽ നിന്ന് പുറത്തുവരാൻ 'അതിജീവനോൽസുകത' (resilience) അത്യാവശ്യമാണ്. ഇതിനെയും സാഹചര്യ ഘടകങ്ങൾ സ്വാധീനിക്കും.
ഏഷ്യയിൽ തന്നെ ചൈന, കൊറിയ എന്നിവിടങ്ങളിൽ നടന്ന പഠനങ്ങളിലും അതിജീവനോൽസുകതയുടെ അളവിൽ പ്രകടമായ വ്യത്യാസങ്ങൾ ശ്രദ്ധയിൽ പെട്ടു. ഡിസാസ്റ്റർ റെസിലിയെൻസ് (resilience) മറ്റു പല ഘടകങ്ങളിൽ ആശ്രിതമാണ്. സാമൂഹിക മൂലധനം (social capital), സാമൂഹിക കൂട്ടായ്‌മകൾ (social network) എന്നിവ ആഘാതശമനത്തിന് അത്യന്താപേക്ഷികമാണ്. വൈകാരികമായി അടുപ്പമുള്ളവർക്ക് തോന്നുന്ന ബന്ധത്തെ സാമൂഹിക മൂലധനമെന്ന് കല്പിക്കാം. സ്വാധീനമുള്ളവർ, അധികാരമുള്ളവർ, കാര്യപ്രാപ്തിയുള്ളവർ എന്നിങ്ങനെ പലരും ഉൾപ്പെടും. അതിജീവനോത്സുകത അളക്കാൻ ഏറ്റവും പറ്റിയ സ്കെയിൽ ഇവ രണ്ടുമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിജീവിക്കാനുള്ള പ്രാപ്തി വ്യക്തികളിലുള്ള ജീവശാസ്ത്രപരമായ ഘടകങ്ങൾ മാത്രമല്ലെന്ന് വ്യക്തം.
അതിസങ്കീർണമായ സാമൂഹിക സന്ദർഭങ്ങൾ കൂടി ചേർത്തുകണ്ടാൽ മാത്രമേ അതിജീവനോത്സുകത പഠിക്കാനൊരു ചട്ടക്കൂട് സങ്കല്പിക്കാനാവു. ഹാർവെയ് (Harvey) എന്ന ഗവേഷകൻ തയ്യാറാക്കിയ ബഹുമുഖ മാതൃക (multidimensional model of recovery and resilience) ഉപയോഗിച്ച് ഡിസാസ്റ്ററിൽ നിന്നുള്ള മാറ്റങ്ങൾ പഠിക്കാം. ഇതുപയോഗിച്ചു നടത്തിയ പഠനങ്ങളിൽ മെഡിക്കൽ അഥവാ ജീവശാസ്ത്രപരമായ ഘടകങ്ങളെക്കാൾ പ്രധാനം സാമൂഹിക ഘടകങ്ങൾക്കാണെന്നു കണ്ടെത്തി.
ഉപസംഹാരം
ട്രോമാ പഠനങ്ങൾ പ്രായേണ പുതിയ മേഖലയാണ്; ഫിലോസഫി, സാംസ്കാരിക പഠനം, ഇതര മാനവികവിഷയങ്ങൾ എന്നിവയുടെ ഇന്റർസെക്ഷൻ അതിൽ കാണാം. കഴിഞ്ഞ ഏതാനും ദശകങ്ങളായി നവീന ചിന്തകൾ വന്നുചേർന്ന മേഖലയാണ് ട്രോമ. അതിനാൽ ട്രോമയുടെ പഠിതാക്കൾ അതിന്റെ പരിണാമം, സംവാദം എന്നിവയിൽ ശ്രദ്ധ ചെലുത്തുന്നത് കാണാം. സമഗ്രമായി ട്രോമ പഠിക്കാനും ദാർശനികമായ വ്യത്യസ്ത അനുഭവങ്ങളെ മനസ്സിലാക്കാനും ഉതകുന്ന മോഡലുകൾ ഇനിയും വരേണ്ടതുണ്ട്. ജീവശാസ്ത്രവും കോഗ്നിറ്റീവ് ശാസ്ത്രവും സാമൂഹികമാനങ്ങളിൽ എന്തെല്ലാം സ്വാധീനം ചെലുത്തുമെന്ന കാര്യത്തിൽ ഇനിയും കൃത്യത വരേണ്ട മേഖലയാണ്. നമ്മുടെ അനുഷ്ടാന കലകളിൽ ചരിത്രപരമായ ട്രോമ ഒളിഞ്ഞിരിക്കുന്നതായി തോന്നൽ വന്നേക്കാം. ഇതെല്ലാം ഗവേഷണശ്രദ്ധ പതിയേണ്ട വിഷയങ്ങൾ തന്നെ.
▮
References:
1. https://en.wikipedia.org/wiki/2010_Haiti_earthquake
2. Wright C. Lacan on ‘Trauma and Causality: A Psychoanalytic Critique of Post-Traumatic Stress/Growth’, J Med Humanit. 2021 Jun; 42(2):235-244. doi: 10.1007/s10912-020-09622-w. PMID: 32445171; PMCID: PMC8119265.
3. Friedman, Mathew J. : History of PTSD in Veterans: Civil War to DSM-5 https://www.ptsd.va.gov/understand/what/history_ptsd.asp
4. Danovich, Tove K – Was I raped? Brutal assaults by strangers are unambiguous. But what should a woman do when she is the victim of an ‘almost rape’?: Aeon Essays; Aug, 2015.
5. Edelman, Susan - Burning Up 9/11 Money – Widow’s $5 Mil Spend Spree Buys Her New Misery; New York Post, Jun 2005.
6. Orner, Peter - After the Earthquake: Oral histories on life, death, and survival in Port-au-Prince, Haiti; May, 2017.
7. കുമാരനാശാൻ - ചിന്താവിഷ്ടയായ സീത, 1919.
8. Caruth, Cathy - Unclaimed Experience – Trauma, Narrative and History: Johns Hopkins University Press, 1996.
9. ചിറക്കരോട്, പോൾ - പുലയത്തറ (നോവൽ, 1962): മനോരമ ബുക്ക്സ്, 2019
10.Nordquist, Richard - What Is The Speech Act Theory: Definition and Examples: ThoughtCo., (Updated April 29, 2025)
11.Raj Sree, M S - Contextualizing Fragmentation: An Analytic Study of Trauma Theory: Samyukta – A Journal of Gender and Culture; Jan, 2019.
12.Meretoja, Hanna – Philosophies of Trauma (The Routledge Companion to Literature and Trauma: Ed – Colin Davis and Hanna Meretoja), Routledge, 2020)
13.Andermahr S. “Decolonizing Trauma Studies: Trauma and Postcolonialism”—Introduction. Humanities. 2015; 4(4):500-505. https://doi.org/10.3390/h4040500
14.Craps, Stef – Beyond Eurocentrism: Trauma theory in the global age (https://www.stefcraps.com/wp-content/uploads/craps_-_beyond_eurocentrism.pdf)
15.Goodman, A & Moynihan – From the Warsaw Ghetto to Gaza, Starvation as a Weapon of War: Democracy Now, July 24, 2025.
16.Shafak, Elif - Black Milk: On Writing, Motherhood, and the Harem Within (Trans: Hande Zapsu Watt) Penguin, 2011.
17.Mambrol, Nasrullah – Trauma Studies: Literary Theory and Criticism, December, 2018.
18.Hirsch, Marianne – The Generation of Postmemory: Poetics Today 29:1 (Spring 2008) DOI 10.1215/03335372-2007-019
19.O’Donoghue, Samuel – Postmemory as Trauma? Some Theoretical Problems and Their Consequences for Contemporary Literary Criticism: Politika, mis en ligne le 26/06/2018, consulté le 10/07/2018.
20.https://www.cbc.ca/news/world/india-independence-75-anniversary-1.6549624
21.Kavanagh, Peter – The Great Hunger, poem 1942.
22.Charini D. Gunaratne, Peter J. Kremer – The long-term impact of the 2004 tsunami on Sri Lankan survivors: Exploring the socio-cultural influences on resilience: International Journal of Disaster Risk Reduction, Volume 64, 2021.
(അവസാനിച്ചു).
