ആശുപ്രതിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന്​ മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലിയര്‍പ്പിക്കുന്നു.

ഒരു ഡോക്ടറുടെ ജീവനും ഒരു രോഗിയുടെ ജീവിതവും തകര്‍ത്ത ഭരണ അലസത

ഇന്ത്യന്‍ പാർലമെൻറ്​ 2017- ല്‍ പാസ്സാക്കിയ മാനസികാരോഗ്യ നിയമം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഡോ. വന്ദന ദാസിന്​ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ല. മനോനില തെറ്റിയ ഒരു യുവാവിന്റെ ജീവിതം തകരുമായിരുന്നില്ല.

ലുപ്പ- ചെറുപ്പം, രോഗകാരണം, രോഗം എന്നിവയെ അടിസ്ഥാനപ്പെടുത്തി വേര്‍തിരിവ് കാണിക്കാതെ, തുല്യതയോടെയും അങ്ങേയറ്റം വില കല്പിച്ചും ഓരോ മനുഷ്യ ജീവനെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരാണ് ഡോക്ടര്‍മാര്‍. സഹായം തേടിവരുന്നവരുടെ ജീവനെയും ജീവിതത്തെയും സംരക്ഷിക്കാനുള്ള ചോദന, തുറന്ന മനസ്സ്, ശാന്തമായ അന്തരീക്ഷം, പരസ്പര വിശ്വാസം എന്നിവയുണ്ടെങ്കില്‍ മാത്രമേ ഈ ശ്രമം സാര്‍ത്ഥകമാകാറുള്ളൂ. ഡോക്ടര്‍മാരും ജനങ്ങളും തമ്മിലുണ്ടാവാറുള്ള അനിഷ്ട സംഭവങ്ങളില്‍ മേല്പറഞ്ഞ ഘടകങ്ങളിലെ പോരായ്മകള്‍ നല്ലൊരു പങ്കു വഹിക്കാറുണ്ട്. എന്നാല്‍, കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസ്​ അതിക്രൂരമായി കൊല്ലപ്പെട്ട സംഭവം നമ്മുടെ ഭരണസംവിധാനങ്ങളുടെയും ആരോഗ്യമേഖലക്ക് നേതൃത്വം നല്കുന്നവരുടെയും പരിമിതികളും അലസതകളും എത്രമേല്‍ ഭീകരമാണെന്ന് ഓര്‍മപ്പെടുത്തുന്നു. ഈ അലസതകളും പരിമിതികളും ഒരു ഡോക്ടറുടെ ജീവനും ഒരു രോഗിയുടെ ജീവിതവും തകര്‍ത്തു എന്നതാണ് യാഥാര്‍ഥ്യം.

മാനസികാരോഗ്യ നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. മാനസികാരോഗ്യത്തോടുള്ള അവഗണന, അജ്ഞത, അവജ്ഞ എന്നിവ പൊതുസമൂഹത്തിനുള്ള പോലെ ഭരണനേതൃത്വത്തിനും ഉണ്ടെന്നേ നമുക്ക് അനുമാനിക്കാന്‍ പറ്റൂ.

ഇന്ത്യന്‍ പാർലമെൻറ്​ 2017- ല്‍ പാസ്സാക്കിയ മാനസികാരോഗ്യ നിയമം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഈ ഡോക്ടറുടെ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ല. മനോനില തെറ്റിയ ഒരു യുവാവിന്റെ ജീവിതം തകരുമായിരുന്നില്ല. ഒരു യുവാവ് മാനസിക നില തെറ്റി തന്റെ അയൽപ്പക്കത്ത്​ ഓടിനടക്കുന്നു. പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നു. തന്നെ ആരോ വേട്ടയാടുന്നു, തനിക്ക് സംരക്ഷണം വേണം എന്നൊക്കെ പറയുന്നു. സെക്ഷന്‍ 94 പ്രകാരം, ഇദ്ദേഹത്തെ അടിയന്തരമായി മാനസിക പരിശോധനക്ക് എത്തിക്കാനും അടിയന്തിര ചികിത്സ നല്‍കാനും പറ്റുമായിരുന്നു. ഏതെങ്കിലും ഒരാള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഈ യുവാവിന്റെ പെരുമാറ്റമാറ്റം അറിയിച്ചാല്‍, ഇദ്ദേഹത്തിന്​ സെക്ഷന്‍ 94 പ്രകാരമുള്ള അടിയന്തര ചികിത്സ നല്‍കാന്‍ കഴിയുമായിരുന്നു. അതല്ല, യുവാവ് അക്രമ സ്വഭാവം കാണിക്കുകയാണെങ്കില്‍, സെക്ഷന്‍ 100 പ്രകാരം പോലീസിന് ഇദ്ദേഹത്തെ ഉടൻ മാനസിക പരിശോധനക്ക്​ ആശുപത്രിയിലേക്ക് കൊണ്ടുപോകാം.

മുന്‍ഗണന ഇവിടെ, സ്വഭാവമാറ്റത്തിനാണ്, യുവാവിന്റെയും മറ്റുള്ളവരുടെയും സുരക്ഷക്കാണ്, അല്ലാതെ കാലിലെ മുറിവിനല്ല. അപ്പോള്‍ സ്വാഭാവികമായും കൂടുതല്‍ മുന്‍കരുതല്‍ യുവാവിനെ പരിശോധിക്കുന്ന സ്ഥലത്തുണ്ടാവുമായിരുന്നു. മാനസികാരോഗ്യ നിയമങ്ങള്‍ കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. മാനസികാരോഗ്യത്തോടുള്ള അവഗണന, അജ്ഞത, അവജ്ഞ എന്നിവ പൊതുസമൂഹത്തിനുള്ള പോലെ ഭരണനേതൃത്വത്തിനും ഉണ്ടെന്നേ നമുക്ക് അനുമാനിക്കാന്‍ പറ്റൂ.

എങ്ങനെയാണ് സുരക്ഷ ഒരുക്കുക?

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേതാക്കള്‍പറയുന്നത് ആശുപത്രികളില്‍ വിമാനത്താവളത്തില്‍ഉള്ള പോലെ സെക്യൂരിറ്റി സംവിധാനം വേണം എന്നാണ്. അതായത്; മെറ്റല്‍ ഡിറ്റക്ടര്‍, എക്​സ്​ റേ, ദേഹപരിശോധന എന്നിവ കഴിഞ്ഞേ ആര്‍ക്കും ആശുപത്രിക്കകത്ത്​ കയറാന്‍ പറ്റൂ എന്നര്‍ത്ഥം. വളരെ ചെറിയ ന്യൂനപക്ഷം ചെയ്യുന്ന അക്രമ പ്രവര്‍ത്തനത്തിന് ആശുപത്രികളുടെ മിലിറ്ററിവല്‍ക്കരണം പരിഹാരമായി കാണുന്നത് രോഗി- ഡോക്ടര്‍ ബന്ധം കൂടുതല്‍ നശിപ്പിക്കാന്‍ മാത്രമേ ഉതകൂ. ഇത് ആരോഗ്യ പ്രവര്‍ത്തകരെയും ജനങ്ങളെയും കൂടുതല്‍ ‘ഞങ്ങളും നിങ്ങളും’ ആകാന്‍ മാത്രമേ ഉപകരിക്കൂ.

ആശുപത്രിക്കകത്തുള്ള, പരിശോധനാമുറിയിലെ കത്രികയാണ് അക്രമത്തിനു ഉപയോഗിച്ചത്. വിമാനത്താവള സെക്യൂരിറ്റി ഉണ്ടായിരുന്നെകില്‍ ഇത് എങ്ങനെയാണ് ലഭ്യമാവാതിരിക്കുക? വന്ദനയുടെ ജീവന്‍ പൊലിഞ്ഞത്, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കുനേരെ ഈയിടെയുണ്ടായ കൈയേറ്റങ്ങളില്‍ നിന്ന്​ തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ്. മനോനില തെറ്റിയാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള അക്രമപ്രവര്‍ത്തനം അപൂര്‍വ മായെങ്കിലും ഉണ്ടാകാം. അത് സംഭവിക്കാതിരിക്കണമെങ്കില്‍, ക്ലിനിക്കല്‍ സേവനങ്ങള്‍ നൽകുന്നിടങ്ങളിലെ റിസ്‌ക് ആഴത്തില്‍ മനസ്സിലാക്കിയുള്ള ഇടപെടലുകളാണ്​ വേണ്ടത്. റിസ്‌ക് കുറക്കാനുള്ള പലമുഖമായ സംവിധാനങ്ങളുണ്ടാകണം. തോക്കേന്തിയ പോലീസ് ഔട്ട്​പോസ്റ്റുകള്‍ ആശുപത്രി നിറയെ സ്ഥാപിച്ചാല്‍ തീരാവുന്നതല്ല ഈ പ്രശ്‌നം.

കസ്റ്റഡി രോഗികള്‍, മനോനിലയിലെ മാറ്റം കാരണം നിയന്ത്രണം വിട്ട്​ പെരുമാറാന്‍ സാധ്യതയുള്ളവര്‍, ലഹരി ഉപയോഗിക്കുന്നവര്‍ തുടങ്ങിയവരെ പരിശോധിക്കുന്നതുനു മുന്‍പേ അത്തരം രോഗികളെ പരിശോധനക്ക് കൊണ്ടുവരുന്ന ഏജന്‍സി കൃത്യമായ റിസ്‌ക് അസ്സെസ്സ്‌മെൻറ്​ നടത്തിയിരിക്കണം.

സുരക്ഷയുടെ ഡിസൈന്‍

അടിയന്തര വിഭാഗത്തില്‍ രോഗികളെ പരിശോധിക്കുന്ന എല്ലാ മുറികളുടെയും ഡിസൈന്‍ സുരക്ഷയെ മുന്‍നിര്‍ത്തിയായിരിക്കണം. പെട്ടെന്ന് കൈ എത്തുന്ന സ്ഥലത്ത്​ എറിയാന്‍ പറ്റുന്ന സാധങ്ങള്‍ ഉണ്ടാവരുത്. മൂര്‍ച്ചയുള്ള വസ്തുക്കള്‍ പ്രത്യക സ്ഥലങ്ങളില്‍ കഴിയുന്നത്ര ഭദ്രമായി വച്ചിരിക്കണം. മുറിക്ക്​ രണ്ടു വാതിലുകള്‍ ഉണ്ടാവണം. പെട്ടെന്ന് സഹായമെത്തിക്കാന്‍ അലാറം സിസ്റ്റം ഉണ്ടാവണം. രോഗി മുറിയില്‍ വരുന്നതിനു മുന്‍പുതന്നെ രോഗിയെ സംബന്ധിച്ച വിവരങ്ങള്‍ ഡോക്ടര്‍ക്ക് ലഭ്യമാവണം. റിസ്‌ക് കൂടുതലുള്ളവരെ പൊതു സ്ഥലത്തു നിന്ന്​ മാറി പ്രത്യേക സുരക്ഷ ഉറപ്പുവരുത്തിയുള്ള മുറികളില്‍ വേണം പരിശോധിക്കാന്‍.

Photo: Wikimedia Commons

റിസ്‌ക് വിലയിരുത്തല്‍ റിപ്പോര്‍ട്ട്

കസ്റ്റഡി രോഗികള്‍, മനോനിലയിലെ മാറ്റം കാരണം നിയന്ത്രണം വിട്ട്​ പെരുമാറാന്‍ സാധ്യതയുള്ളവര്‍, ലഹരി ഉപയോഗിക്കുന്നവര്‍ തുടങ്ങിയവരെ പരിശോധിക്കുന്നതുനു മുന്‍പേ അത്തരം രോഗികളെ പരിശോധനക്ക് കൊണ്ടുവരുന്ന ഏജന്‍സി (ഉദാ: പോലീസ്) കൃത്യമായ റിസ്‌ക് അസ്സെസ്സ്‌മെൻറ്​ നടത്തിയിരിക്കണം. ഈ റിപ്പോര്‍ട്ട് രോഗിയെ പരിശോധിക്കാന്‍ പോകുന്ന യൂണിറ്റിലെ ഡോക്ടറെ കാണിക്കണം. ഈ റിപ്പോര്‍ട്ടില്‍ രോഗിയെ സംബന്ധിച്ച്​ ലഭ്യമായ, റിസ്‌ക് സംബന്ധിച്ച എല്ലാ വിവരങ്ങളും ഉണ്ടാകണം. ഈ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഡോക്ടര്‍മാര്‍ക്ക്, എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നറിയാന്‍ പറ്റും. മനോനില തെറ്റിയ യുവാവിന്റെ പെരുമാറ്റ മാറ്റങ്ങള്‍, ലഹരി സാധ്യതകള്‍ ഒക്കെ കാഷ്വാലിറ്റി മെഡിക്കല്‍ ടീമിന് നേരത്തെ ലഭിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ ആ ജീവന്‍ നമുക്കു നഷ്ടപ്പെടുമായിരുന്നില്ല.

ലഹരി കഴിച്ച്​ അക്രമം കാണിക്കുന്നവരാണ് ആശുപത്രി സേവനത്തിന്​ എത്തുന്നതെങ്കില്‍, ലഹരി ഇറങ്ങി മാത്രമേ വിശദ പരിശോധനകള്‍ നടത്തൂ എന്നാവണം അംഗീകൃത രീതി.

അപകടകാരികളുടെ ഡാറ്റാബേസ്

കടുത്ത ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ആശുപത്രികളിലും മറ്റു പൊതുസേവനങ്ങള്‍ നല്കുന്നിടത്തും അക്രമചരിത്രമുള്ളവരും ആശുപത്രിയില്‍ ചികിത്സക്കെത്തുമ്പോള്‍, ഇക്കാര്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അറിയാന്‍ കഴിയണം. ആശുപത്രികളിലെ ഇലക്ട്രോണിക് രജിസ്റ്ററുകളില്‍ ഉയര്‍ന്ന റിസ്‌കുള്ളവരെ രേഖപ്പെടുത്താനും ഇത് സംസ്ഥാനമൊട്ടാകെയുള്ള ആശുപത്രികള്‍ക്ക് ലഭ്യമാകാനും സംവിധാനം ഉണ്ടാകണം. ഇത്തരം ആളുകള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കി വേണം ചികിത്സ നല്‍കാന്‍. ഇത്തരത്തില്‍ പശ്ചാത്തലമുള്ളവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചുതന്നെ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാവുന്നതാണ്.

ഉയര്‍ന്ന സെക്യൂരിറ്റി മുറികള്‍ വേണം

വിവിധ തരത്തില്‍ പോലീസ് ഇടപെട്ടിട്ടുള്ള രോഗികളെയും മറ്റുതരത്തില്‍ റിസ്‌ക് കൂടുതലുള്ളവരെയും പരിശോധിക്കാന്‍ പ്രത്യേകം സുരക്ഷിത മുറികളുണ്ടാവണം. ഇവിടെ പരിശോധനക്കുള്ള സാഹചര്യം ഒരുക്കുന്നതും നിയന്ത്രിക്കുന്നതും പോലീസ് ആയിരിക്കണം. സേഫ്റ്റി ക്ലിയറന്‍സ് കിട്ടിയാല്‍ മാത്രമേ ഇവിടെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രവേശിക്കാന്‍ പാടുളളൂ.

ലഹരി ഇറങ്ങിയ ശേഷം മതി പരിശോധന

ലഹരി കഴിച്ച്​ അക്രമം കാണിക്കുന്നവരാണ് ആശുപത്രി സേവനത്തിന്​ എത്തുന്നതെങ്കില്‍, ലഹരി ഇറങ്ങി മാത്രമേ വിശദ പരിശോധനകള്‍ നടത്തൂ എന്നാവണം അംഗീകൃത രീതി. അതുവരെ, സുരക്ഷിതമായി അവരെ പോലീസ് കസ്റ്റഡി മുറിയിലോ സമാനമായ സ്ഥലത്തോ താമസിപ്പിക്കുയാണ് വേണ്ടത്.

ഡോ. വന്ദന ദാസിനെ ആക്രമിച്ച്​ കൊലപ്പെടുത്തിയ പ്രതി സന്ദീപ്​

നിയമനിര്‍മാണത്തിന്റെ സാധ്യതകള്‍

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കൈയേറ്റങ്ങള്‍ ഇല്ലാതാക്കിയേ പറ്റൂ. അസംതൃപ്തികള്‍ക്കും വൈകാരിക പ്രതികരണങ്ങള്‍ക്കും എപ്പോഴും സാധ്യതയുള്ള ഒന്നാണ് ആരോഗ്യ സേവന മേഖല. പൊതുവില്‍ സ്ഥാപനങ്ങളോടും പ്രത്യേകിച്ച് ആശുപത്രികളോടുമൊക്കെ ജനങ്ങള്‍ക്കുള്ള വിശ്വാസക്കുറവ് കൂടി ഇതിന്റെ കൂടെ ചേരുമ്പോള്‍ അനിഷ്ടകരമായ സംഭവങ്ങള്‍ അരങ്ങേറുന്നു. ഡോക്ടര്‍- രോഗി ബന്ധം വഷളാക്കുന്നതില്‍ ഇത്തരം ഘടകങ്ങള്‍ വഹിക്കുന്ന പങ്ക്​ ചെറുതല്ല. കേരളം നേരിട്ട പൊതു ജനാരോഗ്യ പ്രതിസന്ധികളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് മുഴുവന്‍സമയം കര്‍മനിരതരായവരാണ് ഡോക്ടര്‍മാര്‍. സ്വകാര്യ- സര്‍ക്കാര്‍ വ്യത്യാസമില്ലാതെ, വൈദ്യലോകം, എന്നും എപ്പോഴും രോഗികളുടെ അവകാശങ്ങള്‍ക്കും ജീവിത സുരക്ഷിതത്വത്തിനും ജീവന്‍രക്ഷക്കും ആരോഗ്യ സൗഖ്യത്തിനും വേണ്ടി സദാസമയവും നിലകൊള്ളുന്നു എന്ന് ഇത്തരം അനുഭവങ്ങളിലൂടെ ബോധ്യപ്പെടുന്നതിലൂടെയാണ് നമ്മള്‍ പലപ്പോഴും കാണുന്ന വിശ്വാസക്കുറവ് മാറുക. ഇതോടൊപ്പം, ശാരീരീരിക ആക്രമണത്തെയും ബലപ്രയോഗത്തെയും പ്രശ്‌നപരിഹാരരീതിയായി കാണുന്ന പ്രാകൃതചിന്തയും ഹീനപ്രവര്‍ത്തിയും ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലില്‍ നിന്നും ഇല്ലാതാക്കാനുതകുന്ന ചര്‍ച്ചകളും ആശുപത്രികള്‍ സുരക്ഷിത സ്ഥലമാക്കാനുള്ള നിയമനിര്‍മാണവും ഉണ്ടാകണം.

Comments