ആധുനിക വൈദ്യശാസ്ത്രത്തിന്റെ സർവതോമുഖമായ പുരോഗതിക്ക് സമാന്തരമായി ആയുർദൈർഘ്യം വിസ്മയകരമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ച് മറ്റൊരു പ്രധാന പ്രത്യേകത, മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുതിർന്ന പൗരരുടെ സംഖ്യ താരതമ്യേന കൂടുതലാണ് എന്ന വസ്തുതയാണ്.
പഴയകാലങ്ങളിൽ കൂട്ടുകുടുംബവ്യവസ്ഥയാണ് അധികമായി കണ്ടുവന്നിരുന്നതെങ്കിൽ ഇക്കാലത്ത് അണുകുടുംബമാണ് അംഗീകൃത ജീവിതരീതി. ഇതിന്റെ ഒരു തിക്തഫലം, വയോധികർ അനുഭവിക്കുന്ന ഒറ്റപ്പെടലാണ്.
കാലം മാറുമ്പോൾ നമ്മുടെ ജീവിതരീതിയും സാമൂഹികഘടനയും വേഗത്തിൽ മാറിക്കൊണ്ടിരിക്കും. ആധുനികയുഗത്തെ കുറിച്ച് നോക്കുന്ന സാമൂഹികപ്രശ്നമായി മാറിയിരിക്കുകയാണ് വാർദ്ധക്യം എന്ന അവസ്ഥ. ഒരു മനുഷ്യായുസ്സ് മുഴുവൻ അധ്വാനിച്ച്, കുടുംബത്തിനും മക്കൾക്കുമായി ജീവിതം ഹോമിച്ച് ഒടുവിൽ ആരോഗ്യം നഷ്ടപ്പെട്ട് പരാശ്രയത്തിന്റെ പടുകുഴിയിലേക്ക് വീണു പോകുമ്പോൾ അണുകുടുംബങ്ങളുടെ ഇത്തിരിപ്പോന്ന വിസ്തൃതിയിൽ വൃദ്ധജനങ്ങൾക്ക് പലപ്പോഴും പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാറുണ്ട്. മക്കൾക്കും മരുമക്കൾക്കും ഉദ്യോഗത്തിരക്കിൽ അച്ഛനമ്മമാരെ ശുശ്രൂഷിക്കാൻ സമയം കാണാൻ വളരെ പ്രയാസം അനുഭവിക്കേണ്ടിവരുന്നു.
പല സന്ദർഭങ്ങളിലും വിദേശത്ത് ജോലിയുള്ളവരായിരിക്കാം മാതാപിതാക്കളെ പരിചരിക്കാൻ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നത്. ലോക അപവാദം ഭയക്കുന്ന മക്കൾ മാതാപിതാക്കൾക്ക് സഹായം എന്നവണ്ണം തരപ്പെടുത്തി കൊടുക്കുന്ന ഒന്നാണ് വൃദ്ധജന പരിചരണ കേന്ദ്രങ്ങൾ.

വൃദ്ധജനങ്ങള്‍ക്കു മുന്നിലുള്ള
സാദ്ധ്യതകൾ ഇവയാണ്:
പകല്‍ വീടുകളില്‍ പോയി സമയം ചെലവഴിക്കാം, സമപ്രായക്കാരോടൊപ്പം ആശയങ്ങള്‍ കൈമാറാം, മക്കളോടൊപ്പം ഒരുമിച്ച് ജീവിക്കാം, അതിലൊന്നും സംതൃപ്തരല്ലെങ്കിൽ മറ്റു ജീവിതരീതികളെപറ്റി ചിന്തിക്കാവുന്നതുമാണ്.
ഇന്നത്തെ കാലത്ത് മുതിർന്ന പൗരർക്ക് താമസിക്കുന്നതിന് പലവിധത്തിലുള്ള വൃദ്ധസദനങ്ങൾ ലഭ്യമാണ്. സാമ്പത്തികമായി ബുദ്ധിമുട്ടാണെങ്കിൽ സൗജന്യകേന്ദ്രങ്ങളിൽ പോകാം. സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ വൃദ്ധസദനങ്ങളിൽ താമസിക്കാവുന്നതുമാണ്. അതുമല്ലെങ്കിൽ കമ്മ്യൂണിറ്റി ലിവിങ് ഫോർ ലൈക്ക് മൈൻഡ് നമ്മുടെ വിളിപ്പുറത്തുണ്ട്.
സാമൂഹിക ജീവിതത്തിലെ ഗുണങ്ങൾ
1. സാമൂഹികബന്ധം:
സമപ്രായക്കാരുടെ കൂട്ടത്തിൽ കഴിയുന്നതിനാല്‍ ഏകാന്തത കുറയുന്നു.
2. ഒറ്റ അടുക്കള, ഒറ്റ ഭക്ഷണശാല (കോമൺ കിച്ചണ്‍, കോമൺ ഡൈനിങ് റൂം) എന്നിവ മറ്റുള്ളവരുമായി അടുപ്പം വർദ്ധിപ്പിക്കും.
3. പരിസരം വൃത്തിയാക്കൽ (കോമൺ ക്ലീനിംഗ്):
ഒരുമിച്ചു ജോലി ചെയ്യുന്നതിന്റെ ആഹ്ളാദം നൽകുന്നു.
4. ആരോഗ്യപരിപാലനം, ചികിത്സ, അടിയന്തിര സേവനങ്ങൾ എന്നിവ അവിടെ ലഭ്യമായിരിക്കും.
5. ഏകാന്തജീവിതത്തേക്കാൾ സുരക്ഷിതമായ അന്തരീക്ഷം.
6. വിനോദ- സാംസ്കാരിക പരിപാടികളിലൂടെ മനസ്സിന് ചൈതന്യം.
പക്ഷേ, ഇത്തരം സമൂഹജീവിതം നിർബന്ധിതമാക്കാതെ സ്നേഹപൂർവ്വമായ ഒരു തെരഞ്ഞെടുപ്പ് ആയിരിക്കണം കുടുംബങ്ങൾ അവർക്ക് നൽകേണ്ട ഉപഹാരം. മുതിർന്നവരെ സ്ഥിരമായി സന്ദർശിക്കുകയും ഫോൺ മുഖേന ബന്ധപ്പെടുകയും തീരുമാനങ്ങളിൽ പങ്കെടുപ്പിക്കുകയും വേണം. സമൂഹജീവിതം അവരുടെ സുരക്ഷിതമായ രണ്ടാമത്തെ വീടാകാം. പക്ഷേ കുടുംബബന്ധങ്ങളുടെ പകരക്കാരൻ ഒരിക്കലും ആകാൻ പാടില്ല. വയോധികരെ പരിചരിക്കുന്നത് നമ്മുടെ സാംസ്കാരിക മൂല്യങ്ങളുടെ പ്രകാശനമാണ്. സാമൂഹികജീവിതം അനിവാര്യമായ ഒരു വഴിയായേക്കാം, എങ്കിലും കുടുംബസ്നേഹത്തെയും ആദരവിനെയും മാറ്റി സ്ഥാപിക്കാൻ കഴിയില്ല. അതിനാൽ സമൂഹവും കുടുംബവും ചേർന്ന് വയോധികർക്ക് സുരക്ഷിതവും സ്നേഹപൂർവ്വവുമായ അന്തരീക്ഷം ഒരുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് പറയാം.
കമ്മ്യൂണിറ്റി ലീവിങ് എന്ന ആശയം ഈ പശ്ചാത്തലത്തിലാണ് വളരെയേറെ പ്രാധാന്യം നേടുന്നത്.
READ: ‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

