ശുചിത്വ, അണുവിമുക്ത രീതികൾ നിരീക്ഷക്കപ്പെടാതെ പോകുന്നുവെന്നതാണ് ഈയടുത്ത കാലത്തുണ്ടായ ഭക്ഷ്യവിഷബാധകൾ സൂചിപ്പിക്കുന്നത്. / Photo: Wikimedia Commons

ജീവനെടുക്കരുത്​, ഭക്ഷണം

കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിച്ചതിനെതുടർന്ന്‌ ഭക്ഷ്യവിഷബാധയെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ചുമുള്ള ചർച്ച സജീവമായിരിക്കുകയാണ്​. കേരളത്തിലെ മാറുന്ന ഭക്ഷണസംസ്​കാരം എങ്ങനെ​ ഭക്ഷണത്തെ ബാധിക്കുന്ന എന്ന ​അന്വേഷണം.

ക്ഷ്യവിഷബാധ മൂലമുണ്ടായ മരണം കേരളത്തിൽ വ്യാപകമായ ഭക്ഷണ പരിശോധനകൾക്കും, ആരോഗ്യകരമായ പാചകം, സൂക്ഷിപ്പ്, വിതരണം എന്നിവ സംബന്ധിച്ച ചർച്ചയ്ക്കും വഴിയൊരുക്കിയിരിക്കുകയാണല്ലോ. സുരക്ഷിതഭക്ഷണം പൗരന്മാരുടെ ജീവിക്കുവാനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയിലെ 21-ാം വകുപ്പിന്റെ അനുബന്ധമായി കണ്ടുകൊണ്ടുള്ള ചർച്ചകളും ഇന്ന് സജീവമാണ്.

മാറിവരുന്ന ജീവിതശൈലി, പ്രവാസി ജീവിതത്തിന്റെ സ്വാധീനം, പുത്തൻ ജോലിക്രമം, കൂട്ടുകുടുംബങ്ങളിൽ നിന്ന്​ അണുകുടുംബങ്ങളിലേക്കുള്ള മാറ്റം എന്നിവയെല്ലാം മലയാളിയുടെ ഭക്ഷണരീതികളിലും സമൂലമാറ്റത്തിന് കാരണമായിട്ടുണ്ട്. പൊതുവിൽ, ഉപഭോക്തൃ സംസ്‌കാരത്തിനടിമപ്പെട്ടുള്ള ജീവിതക്രമത്തിലേക്കുള്ള പ്രയാണം കേരളസമൂഹത്തിൽ അതിവേഗത്തിലാകുന്നുവെന്നത് യാഥാർഥ്യം തന്നെയാണ്​. അതിൽത്തന്നെ ഭക്ഷണരീതി, അടുക്കള, പാചകം, വിവാഹ സത്കാരങ്ങൾ, സൗഹൃദ കൂട്ടായ്മകൾ എന്നിവയിലെല്ലാം പുത്തൻ രീതികളും പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇവയൊക്കെ യാതൊരു മടിയുമില്ലാതെ സമൂഹം സ്വീകരിക്കുകയും ചെയ്യുന്നു.

ലോകത്തിൽ പത്തിലൊരാൾക്ക് ഭക്ഷ്യപദാർത്ഥങ്ങൾ വഴി അണുബാധയുണ്ടാകുകയും നാലര ലക്ഷത്തോളം പേരുടെ മരണ കാരണമാകുകയും ചെയ്യുന്നുണ്ട്.
ലോകത്തിൽ പത്തിലൊരാൾക്ക് ഭക്ഷ്യപദാർത്ഥങ്ങൾ വഴി അണുബാധയുണ്ടാകുകയും നാലര ലക്ഷത്തോളം പേരുടെ മരണ കാരണമാകുകയും ചെയ്യുന്നുണ്ട്.

ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവർക്ക് ഭക്ഷണ പദാർഥങ്ങൾ വീട്ടിൽ നിന്നല്ലാതെ വാങ്ങേണ്ടതായും കഴിക്കേണ്ടതായും വരാറുണ്ട്. ഈ ഭക്ഷണമെല്ലാം സുരക്ഷിതമാണെന്നുറപ്പുവരുത്തേണ്ടത് വ്യക്തികളോടൊപ്പം അധികാരികളുടെയും ഉത്തരവാദിത്തമാണ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ (CDC) യുടെ കണക്കനുസരിച്ച്​, അമേരിക്കയിലെ 48 ദശലക്ഷം പേർക്ക് ഭക്ഷ്യവിഷബാധയുണ്ടാകുന്നുവെന്നും ഇതിൽ 1.3 ലക്ഷത്തോളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടിവരുന്നുവെന്നും 3000 ത്തോളം പേർക്ക് മരണം സംഭവിക്കുന്നുണ്ടെന്നും സൂചിപ്പിക്കുന്നു. ബ്രിട്ടനിലാകട്ടെ, പ്രതിവർഷ മരണസംഖ്യ 180 മാത്രമാണ്. ഇന്ത്യയിൽ ഭക്ഷ്യവിഷബാധ 2008-ൽ 50 എണ്ണമായിരുന്നെങ്കിൽ 2017 ൽ 242 ആയി വർധിച്ചു. കൃത്യമായി പ്രതിവർഷ മരണനിരക്ക് ലഭ്യമല്ലെങ്കിലും ഒരു ലക്ഷത്തോളം മരണം പ്രതിവർഷം ഇന്ത്യയിലുണ്ടാകുന്നുവെന്ന്​ കരുതുന്നു. ചുരുക്കിപ്പറഞ്ഞാൽ, ലോകത്തിൽ പത്തിലൊരാൾക്ക് ഭക്ഷ്യപദാർഥങ്ങൾ വഴി അണുബാധയുണ്ടാകുകയും നാലരലക്ഷത്തോളം പേരുടെ മരണ കാരണമാകുകയും ചെയ്യുന്നുണ്ട്.

ആഗോളവൽക്കരണത്തിന്റെ ഏറ്റവും പ്രകടമായ മാറ്റം കേരള സമൂഹത്തിലെ മാറിയ ഭക്ഷണ രീതികളാണ്. നഗരപ്രദേശങ്ങളിൽ, പ്രത്യേകിച്ചും കൗമാരപ്രായക്കാരിലും, യുവാക്കളിലും, ഇത് വ്യാപകമാണ്​.

ഭക്ഷ്യ വിഷബാധക്ക്​ കാരണമെന്ത്​?

ഇ-കോളി, ലിസ്റ്റീരിയ, സാൽമാണല്ല, നോറോ വൈറസ് എന്നിവയാണ് ഭക്ഷ്യവിഷബാധയ്ക്ക്​ പ്രധാന കാരണങ്ങൾ. വയറുവേദന, ഓക്കാനം, ഛർദി, വയറിളക്കം, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വിവിധ രോഗാണുക്കളിൽ നോറോ വൈറസാണ് ഏറ്റവും ഗുരുതര രോഗബാധയുണ്ടാക്കുന്നത്. സ്റ്റെഫലോകോക്കസ്, ബാസിലസ് സിറിയസ്, ഷിഗല്ല തുടങ്ങിയ ബാക്ടീരിയകളും ഗുരുതര അണുബാധയാണുണ്ടാക്കുന്നത്. കോളറ, റോട്ടാവൈറസ്, ഹെപ്പറ്റൈറ്റിസ് എ എന്നിവ കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങളാണ്.

ഭക്ഷണം കഴിക്കുന്നതിനു മുൻപായി കൈ വൃത്തിയായി കഴുകുക എന്നത് ഭക്ഷണ ശുചിത്വം ഉറപ്പുവരുത്താനുള്ള പ്രാഥമിക കാര്യങ്ങളിലൊന്നാണ്.
ഭക്ഷണം കഴിക്കുന്നതിനു മുൻപായി കൈ വൃത്തിയായി കഴുകുക എന്നത് ഭക്ഷണ ശുചിത്വം ഉറപ്പുവരുത്താനുള്ള പ്രാഥമിക കാര്യങ്ങളിലൊന്നാണ്.

ഭക്ഷണ ശുചിത്വം ഉറപ്പു വരുത്തുന്നതിന്​ പ്രാഥമികമായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്​: ഭക്ഷണം കഴിക്കുന്നതിനുമുൻപായി കൈ വൃത്തിയായി കഴുകുക.പാചകം ചെയ്യുന്ന പാത്രങ്ങൾ ഉൾപ്പെടെ കഴുകി വൃത്തിയാക്കി വെയ്ക്കുക.പാചകം ചെയ്യാത്ത ഭക്ഷണങ്ങൾ വേർതിരിച്ചുവെക്കുക.പാചകം ചെയ്യുന്ന ഭക്ഷണപദാർഥങ്ങൾ ചൂടാറാതെ സൂക്ഷിക്കുവാനുള്ള സംവിധാനമൊരുക്കുക.തണുപ്പിച്ചു സൂക്ഷിക്കേണ്ട ഭക്ഷണപദാർഥങ്ങൾ ഫ്രിഡ്ജിൽ ഉടൻതന്നെ വെയ്ക്കുക.

ഭക്ഷ്യ അണുബാധയുണ്ടാക്കാവുന്ന കാരണങ്ങൾ: വേവിയ്ക്കാത്തതോ പാതിവെന്തതോ ആയ മാംസം.വേവിയ്ക്കാത്ത അഥവാ പകുതി വേവിച്ച മുട്ടകൾ.തിളപ്പിക്കാത്ത പാൽ, വെണ്ണ, മറ്റു പാലുത്പന്നങ്ങൾ.കടൽ മത്സ്യങ്ങൾ.പഴങ്ങൾ, പച്ചക്കറികൾ.വറുക്കാത്ത ധാന്യപ്പൊടികൾ.മുളപ്പിച്ച പയറുവർഗങ്ങൾ.

ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ പ്രകാരം മുട്ട, ഇറച്ചി എന്നിവ 160 ഡിഗ്രി ഫാരൻഹീറ്റിലും, ഇറച്ചിഭാഗങ്ങൾ, മറ്റു ഇറച്ചിവിഭവങ്ങൾ എന്നിവ 145 ഡിഗ്രി ഫാരൻഹീറ്റിലും കോഴിയിറച്ചി 165 ഡിഗ്രി ഫാരൻഹീറ്റിലും പാചകം ചെയ്തു മാത്രമേ കഴിക്കാവൂ.

പാചകം ചെയ്യാനെടുത്ത ഭക്ഷണപദാർഥങ്ങളുടെ ബാക്കിഭാഗം അന്തരീക്ഷോത്മാവിൽ രണ്ടു മണിക്കൂറിലധികം വെക്കരുത്. അന്തരീക്ഷോത്മവ് 90 ഡിഗ്രി ഫാരൻഹീറ്റിലധികമാണെങ്കിൽ ഇവ ഒരു മണിക്കൂറിലധികം വെയ്ക്കേണ്ടിവന്നാൽ നിർബന്ധമായും കളയണം.

മുട്ട, ഇറച്ചി എന്നിവ 160 ഡിഗ്രി ഫാരൻഹീറ്റിലും കോഴിയിറച്ചി 165 ഡിഗ്രി ഫാരൻഹീറ്റിലും പാചകം ചെയ്തു മാത്രമേ കഴിക്കാവൂ. / Photo: Unsplash.com
മുട്ട, ഇറച്ചി എന്നിവ 160 ഡിഗ്രി ഫാരൻഹീറ്റിലും കോഴിയിറച്ചി 165 ഡിഗ്രി ഫാരൻഹീറ്റിലും പാചകം ചെയ്തു മാത്രമേ കഴിക്കാവൂ. / Photo: Unsplash.com

40 മുതൽ 140 വരെ ഡിഗ്രി ഫാരൻഹീറ്റിലാണ് ബാക്ടീരിയകൾ പെരുകുന്നത്. ഇതിനെ Danger Zone Temperature (അപകടമേഖല ഊഷ്മാവ്) എന്നുവിളിക്കുന്നു. പാചകം ചെയ്ത ആഹാരപദാർഥങ്ങൾ വീണ്ടും ഉപയോഗിക്കുമ്പോൾ കുറഞ്ഞ ഊഷ്മാവിൽ 350 ഡിഗ്രി ഫാരൻഹീറ്റിലും (8- 20 മിനിട്ടു വരെ) ചൂടാക്കി മാത്രമേ കഴിക്കാവൂ.

മാറുന്ന ഭക്ഷണസംസ്‌ക്കാരം

ആഗോളവത്കരണത്തിന്റെ ഏറ്റവും പ്രകടമായ മാറ്റം കേരള സമൂഹത്തിലെ മാറിയ ഭക്ഷണരീതികളാണ്. നഗരപ്രദേശങ്ങളിൽ, പ്രത്യേകിച്ചും കൗമാരപ്രായക്കാരിലും, യുവാക്കളിലും, ഇത് വളരെ പ്രകടമാണ്. സാമ്പ്രദായിക ഭക്ഷണരീതിയിൽ നിന്ന്​ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേയ്ക്കുള്ള മാറ്റം വളരെ വേഗത്തിലായിരിക്കുന്നു. അജിനോമോട്ടോ, മയണീസ്, ചീസ്, വിനിഗർ എന്നിവയുടെ വ്യാപക ഉപയോഗം ഇപ്പോഴത്തെ ഫാസ്റ്റ് ഫുഡ് രീതികളിൽ പ്രകടമാണ്.

Photo: pixahive.com
Photo: pixahive.com

പ്രവാസി മലയാളികൾ, ഐ.ടി. പ്രൊഫഷണലുകൾ എന്നിവരിൽ ഫാസ്റ്റ് ഫുഡ് സംസ്‌കാരം കൂടുതലായി കാണാം. നഗരകേന്ദ്രീകൃത മാളുകളിലെ ഫുഡ്കോർട്ടുകളിലുള്ള അന്താരാഷ്ട്ര ബ്രാൻഡഡ് ഭക്ഷണശാലകളിലെ തിരക്ക് മലയാളികളിലെ മാറുന്ന രുചികൂട്ടുകൾക്ക് ഉത്തമദൃഷ്ടാന്തമാണ്. എന്നാൽ, ഇവിടങ്ങളിലെല്ലാം പാലിക്കപ്പെടേണ്ട ശുചിത്വ, അണുവിമുക്ത രീതികൾ നിരീക്ഷക്കപ്പെടാതെ പോകുന്നുവെന്നതാണ് ഈയടുത്ത കാലത്തുണ്ടായ ഭക്ഷ്യവിഷബാധകൾ സൂചിപ്പിക്കുന്നത്.

സുരക്ഷിതഭക്ഷണം എങ്ങനെ ഉറപ്പുവരുത്താം?

ഇടവേളകളിൽ ഊഷ്മാവ്, സാന്ദ്രത, ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന സ്റ്റോർ റൂമുകളിലെ പരിശോധന എന്നിവ. ഇക്കാര്യങ്ങൾ തുടർച്ചയായി നിരീക്ഷിക്കുകയും, ശേഖരിക്കുകയും അവലോകനം ചെയ്യുകയും ചെയ്യണം. ഒരു സ്ഥാപനത്തിലെ ഭക്ഷണപദാർഥങ്ങളിലെ വരവും ഉപഭോഗവും നിരീക്ഷിക്കുന്ന സംവിധാനമാണ് HACCP (Hazard Analysis of Critical Control Points).

ഫുഡ് സെൻസറുകൾ: ഭക്ഷണപദാർഥങ്ങളുടെ ഗുണനിലവാരം, അണുബാധകളുടെ ഉറവിടം, അളവ് എന്നിവ നിർണയിക്കുന്ന സംവിധാനം. ഇവ ഭക്ഷ്യവസ്തുക്കൾ പാഴാകുന്നില്ലെന്നുറപ്പുവരുത്തുന്നതിന് സഹായിക്കും.

ഭക്ഷ്യ സുരക്ഷാനിയമങ്ങളുടെ അവസ്​ഥ

1954-ൽ പാസ്സാക്കിയ പ്രിവൻഷൻ ഓഫ് ഫുഡ് അഡൾട്രേഷൻ ആക്ട് (ഭക്ഷ്യ വസ്തുക്കളിലെ മായം ചേർക്കൽ തടയൽ നിയമം) ആണ് ഇന്ത്യയിലെ ഈ രംഗത്തെ ഏറ്റവും ശക്തമായ നിയമം. അവശ്യവസ്തു നിയമ പ്രകാരമാകട്ടെ രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾക്ക് ലൈസൻസ് എടുക്കേണ്ടതുണ്ട്. 1990-ൽ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ നിയമ (Food Safety Act) പ്രകാരം ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സൂക്ഷിപ്പ്, വിതരണം, കയറ്റുമതി, ഇറക്കുമതി, കൊണ്ടുപോകൽ എന്നിവയ്ക്കെല്ലാം കർശന മാനദണ്ഡങ്ങൾ നിഷ്‌കർഷിച്ചിട്ടുണ്ട്. ഇവ പരിശോധിക്കുന്നതിനും മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനും നിരീക്ഷകരെ (Food Inspectors) നിയമിച്ചിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ഇവർ കടകൾ, ഹോട്ടലുകൾ, കാറ്ററിങ് കേന്ദ്രങ്ങൾ, ഭക്ഷണവിതരണ കേന്ദ്രങ്ങൾ എന്നിവയിലെ പരിശോധന നടത്തേണ്ടതാണ്. കേരളത്തിൽ 2011 -ൽ നടപ്പിലാക്കിയ ഭക്ഷ്യസുരക്ഷാ നിലവാര നിയമം വളരെ കാതലായ പല നിർദേശങ്ങളും മുന്നോട്ടുവെയ്ക്കുന്നുണ്ട്.

നിയമങ്ങളുടെ അഭാവമല്ല, നടപ്പിലാക്കുന്നതിലെ അലംഭാവമാണ് ഭക്ഷ്യവിഷബാധകൾക്ക് കാരണമെന്ന വിമർശനം ഉയർന്നുവരുന്നുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഗ്രാമ- നഗര വ്യത്യാസമില്ലാതെ നിത്യേന തുറക്കപ്പെടുന്ന ഹോട്ടലുകൾ, വഴിയോര ഭക്ഷണശാലകൾ, തട്ടുകടകൾ എന്നിവിടങ്ങളിലെല്ലാം സുരക്ഷിത ഭക്ഷണ ഉത്പാദനം, സൂക്ഷിപ്പ്, വിതരണം എന്നിവ ഉറപ്പുവരുത്തണം. ഇതിനുവേണ്ട മാനുഷിക വിഭവശേഷി, പരിശോധനാ സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള നിശ്ചയദാർഢ്യം അധികാരികൾക്കുണ്ടാകണം. അല്ലാത്തപക്ഷം ഭക്ഷ്യവിഷബാധ നമ്മുടെ നാട്ടിൽ നിത്യസംഭവമായി മാറുമെന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. വി.ജി. പ്രദീപ്​കുമാർ

സീനിയർ കൺസൾട്ടൻറ്​, ന്യൂറോളജിസ്റ്റ്, ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള മുൻ പ്രസിഡൻറ്​. പൊതുജനാരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments