ആരോഗ്യസർവകലാശാലയുടെ തലച്ചോറിന് എത്ര വയസ് ആയിട്ടുണ്ടാവും ?

ഇരുപത്തിയഞ്ച് വയസുവരെ അടവച്ച് വിരിയിച്ചാൽ ഒരാൾക്കും ആരോഗ്യ സർവകലാശാല പറയുന്ന പക്വത വരില്ല. മറിച്ച് കുട്ടികൾ പലരുമായി ഇടപെട്ട്, പ്രണയിച്ച്, വായിച്ച്, പല അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് മേല്പറഞ്ഞ പക്വത വരുന്നത്. അതിന് പകരം അവരോട് ഒൻപതര കഴിഞ്ഞാൽ പുറത്തിറങ്ങരുത് എന്നോ, ഹോസ്റ്റൽ ടൂറിസ്റ്റ് ഹോമല്ല, നൈറ്റ് ലൈഫ് വേണ്ട എന്നൊക്കെ പറയുന്നത് മണ്ടത്തരമാണ്.

ഗോമതി കാനഡയിലെ ജോലി രാജിവച്ച് എന്നെ വിവാഹം കഴിക്കാനായി കൊച്ചിയിലേക്ക് വരുമ്പോൾ അവൾക്ക് വെറും 22 വയസായിരുന്നു, എനിക്ക് 28-ഉം. ഇപ്പോൾ വിവാഹം കഴിഞ്ഞ് 21 വർഷങ്ങൾ കഴിയുമ്പോൾ എനിക്കൊരു കാര്യമുറപ്പാണ്, അവൾക്ക് 25 വയസായിട്ടാണ് എന്നെ കണ്ടിരുന്നതെങ്കിൽ മിക്കവാറും ഈ കല്യാണം നടക്കില്ലായിരുന്നു, കാരണം കോടതിയിൽ ആരോഗ്യ സർവകലാശാല പറഞ്ഞ പോലെ, ജീവശാസ്ത്രപരമായി തലച്ചോറിന്റെ പൂർണ വികാസം നടക്കുന്നത് 25 വയസിലാണ്, പ്രത്യേകിച്ചും കാര്യകാരണങ്ങൾ ആലോചിച്ച തീരുമാനം എടുക്കാൻ (reasoning) നമ്മളെ സഹായിക്കുന്ന തലച്ചോറിലെ ഫ്രോണ്ടൽ കോർറ്റെക്സ് എന്ന ഭാഗം പൂർണമായും വളർച്ചയെത്തുന്നത് 25 വയസിലാണ്. അന്നത്തെ സംഭവത്തിൽ ഗോമതിക്ക് ഒരു പേടിയും തോന്നാതിരുന്നതും, എനിക്ക് കാര്യമായി പേടി തോന്നിയതിന്റെയും ശാസ്ത്രീയാടിസ്ഥാനം ഇതുതന്നെയായിരുന്നു എന്ന് തോന്നുന്നു.

20 വയസുള്ള ഒരാളുടെ തലച്ചോറിലെ മറ്റ് എല്ലാ ഭാഗങ്ങളും പൂർണ വളർച്ചയെത്തിയിട്ടുണ്ടാകുമെങ്കിലും, ഫ്രോണ്ടൽ കോർട്ടെക്സ് പൂർണമായും വികസിക്കാൻ 25 വയസാകും. അതുകൊണ്ടാണ് 25 വയസിനു മുൻപ് നമ്മൾ ഇപ്പോൾ ആലോചിക്കുമ്പോൾ ഒട്ടും ലോജിക് ഇല്ലാത്ത, കുറെ "തല്ലുകൊള്ളിത്തരങ്ങൾ' ചെയ്യുന്നത്. ഞാനൊക്കെ 25 വയസിനു മുൻപ് ചെയ്‌ത വട്ടുകളിൽ, എന്നെ ഡിഗ്രിക്ക് പഠിപ്പിച്ച ഒരു അധ്യാപകൻ പറഞ്ഞ ചില കാര്യങ്ങൾ എനിക്ക് ഇഷ്ടമില്ലാത്തത് കൊണ്ട് ഡിഗ്രി ഫൈനൽ പരീക്ഷ എഴുതാതെ ഇരുന്ന പോലുള്ള ജീവിതം മാറ്റിമറിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഉൾപെടും. ഒരു വർഷം, സ്വന്തം പഠനം പോലും മാറ്റിവച്ച്, ശാസ്ത്രസാഹിത്യ പരിഷത്തിലും, സമ്പൂർണ സാക്ഷരതാ പ്രസ്ഥാനത്തിലുമൊക്കെ പ്രവർത്തിച്ചത് അക്കാലത്താണ്.

ഇന്നാലോചിക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരങ്ങൾ ചെയ്തതും ഏറ്റവും വലിയ പാഠങ്ങൾ പഠിച്ചതും അക്കാലത്താണ്.

നിങ്ങളിൽ ഓരോരുത്തർക്കും കൗമാരകാലത്ത് ഇതുപോലുള്ള എന്തെങ്കിലുമൊക്കെ സംഭവങ്ങൾ പറയാനുണ്ടാകും എന്നെനിക്കുറപ്പാണ്. 25 വയസിനു മുൻപ് നമുക്ക് റിസ്ക് എടുക്കാനുള്ള ത്വര കൂടുതലായിരിക്കും, പലപ്പോഴും ജാതിയും മതവും മാറിയുള്ള പ്രണയങ്ങളും വിവാഹങ്ങളുമൊക്കെ നടക്കുന്നത് 25 വയസിനു മുൻപാണ്. ലോകം മുഴുവൻ മാറ്റി മറിക്കാനുള്ള ആവേശമൊക്കെ ആ പ്രായത്തിലാണ് കൂടുതൽ. കൂടുതൽ സാഹസികമായുള്ള കാര്യങ്ങൾ ചെയ്യുന്നത് മാത്രമല്ല, മറിച്ച് നമ്മളും ആയി വളരെ വ്യത്യസ്തമായ പശ്ചാത്തലമുള്ള ഒരാളെ അല്ലെങ്കിൽ ഒരു കൂട്ടം ആളുകളുമായി ചേർന്ന് പ്രവർത്തിക്കാനും അവരുമായി കൂട്ടുകൂടാനുമൊക്കെ ഈ പ്രായത്തിലാണ് കഴിയുക. കുറെ കഴിയുമ്പോൾ അങ്ങിനെ എല്ലാവരെയും നമ്മളിൽ ഒരാളായി കാണാനുള്ള കഴിവ് ചിലർക്ക് നഷ്ടപ്പെടും. സ്കൂളുകളിലും കോളേജുകളിലും പഠിക്കുമ്പോൾ ജാതിയും മതവും ഒന്നും നോക്കാതെ ഇടപെട്ടിരുന്ന ചില കൂട്ടുകാർ വർഷങ്ങൾ കഴിഞ്ഞ്​ വാട്​സ്​ആപ്പ്​ ഗ്രൂപ്പുകളിൽ ജാതിയും മതവും കാണിക്കുന്ന പോസ്റ്റുകൾ ഇടുമ്പോഴോ, അവരുടെ കുട്ടികൾക്ക്, അവർക്കില്ലാത്ത ജാതിപ്പേര്​ വയ്ക്കുമ്പോഴോ നിങ്ങളിൽ ചിലരെങ്കിലും അത്ഭുതപെട്ടുകാണും.

Photo: flintrehab.com

പരിണാമപരമായി മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്ന് വേരിതിരിക്കുന്ന ഒന്നാണ് ഇത്ര വലിയ ഫ്രോണ്ടൽ കോർട്ടെക്‌സ്. മനുഷ്യരിലും ചില കുരങ്ങു വർഗങ്ങളിലുമാണ് ഈ ഭാഗം കാണപ്പെടുന്നത്. മനുഷ്യനിലാണ് ഇത് ഏറ്റവും വലുത്. ഭാഷയുടെ ഉപയോഗം, ന്യായവാദം, ആലോചിച്ച് തീരുമാനം എടുക്കാനുള്ള കഴിവ് എന്നിവ കൈവരുന്നത് ഈ ഭാഗത്തിന്റെ വികാസത്തിൽ നിന്നാണ്. അങ്ങനെയാണെങ്കിൽ ആരോഗ്യസർവ്വകലാശാല കോടതിയിൽ പറഞ്ഞത് ന്യായമായ കാര്യമല്ലേ എന്ന് നമുക്ക് സ്വാഭാവികമായും സംശയം തോന്നാം. പക്ഷേ അവർ പറഞ്ഞതിൽ ഒരു ചെറിയ പ്രശ്നമുണ്ട്.

രണ്ടുതരത്തിലാണ് നമ്മുടെ തലച്ചോർ വികസിക്കുന്നത്. ഒന്ന് ജനിതകപരമാണ്. ഭൂരിപക്ഷം കാര്യങ്ങളും ജീനാണ് തീരുമാനിക്കുന്നത് എങ്കിലും ഫ്രോണ്ടൽ കോർട്ടെക്‌സ് വൈകി വികാസം പ്രാപിക്കുന്നതുകൊണ്ട് ഈ ഭാഗത്തിന്റെ വികാസം ഒരാളുടെ അനുഭവങ്ങളും സാഹചര്യങ്ങളും കൊണ്ടാണ്, ജീനിന്റെ സ്വാധീനം ഫ്രോണ്ടൽ കോർട്ടെക്സിന്റെ വികാസത്തിന് സ്വാധീനം കുറവാണ്. എന്നു പറഞ്ഞാൽ 25 വയസുവരെ അടവച്ച് വിരിയിച്ചാൽ ഒരാൾക്കും ആരോഗ്യ സർവകലാശാല പറയുന്ന പക്വത വരില്ല. മറിച്ച് കുട്ടികൾ പലരുമായി ഇടപെട്ട്, പ്രണയിച്ച്, വായിച്ച്, പല അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് മേല്പറഞ്ഞ പക്വത വരുന്നത്. അതിന് പകരം അവരെ ഒൻപതര കഴിഞ്ഞാൽ പുറത്തിറങ്ങരുത് എന്നോ, ഹോസ്റ്റൽ ടൂറിസ്റ്റ് ഹോമല്ല, നൈറ്റ് ലൈഫ് വേണ്ട എന്നൊക്കെ പറയുന്നത് മണ്ടത്തരമാണ്. പക്വത കൈവരിക്കാനുള്ള അവസരമാണ് യഥാർത്ഥത്തിൽ ആരോഗ്യ സർവകലാശാല ഇല്ലാതാക്കുന്നത്. പതിനെട്ട് വയസിൽ നമ്മളെ ഭരിക്കാനുള്ള ആളുകളെ തിരഞ്ഞെടുക്കുന്ന, 21 വയസിൽ വിവാഹം കഴിക്കുന്ന ആളുകളെ കുറിച്ചാണ് 25 വയസിൽ പ്രായപൂർത്തി ആകുള്ളൂ എന്നു പറയുന്നത്. ശരിക്കും തിരിച്ചല്ലേ വേണ്ടത്? വോട്ടിങ് പ്രായമല്ലേ ശരിക്കും 25 വയസിൽ "ശരിക്കും' പ്രായപൂർത്തിയായിട്ട് ചെയ്യേണ്ട കാര്യം. പക്ഷേ അതിലും ഒരു പ്രശ്നമുണ്ട്.

പതിനെട്ട് വയസിൽ നമ്മളെ ഭരിക്കാനുള്ള ആളുകളെ തിരഞ്ഞെടുക്കുന്ന, ഇരുപത്തിയൊന്ന് വയസിൽ വിവാഹം കഴിക്കുന്ന ആളുകളെ കുറിച്ചാണ് ഇരുപത്തിയഞ്ചു വയസിൽ പ്രായപൂർത്തി ആകുള്ളൂ എന്ന് പറയുന്നത്.

60 വയസായ ഒരാളുടെ തലച്ചോറും 20 വയസായ ഒരാളുടെ തലച്ചോറും കാര്യങ്ങൾ പ്രോസസ്സ് ചെയ്യുന്നത് വ്യത്യസ്‍തമായ രീതിയിലാണ്. 20 വയസുള്ള ആളുകൾ പുതിയ കാര്യങ്ങൾ ട്രൈ ചെയ്യും. പുതിയ ഭക്ഷണം, പുതിയ ഉടുപ്പ്, പുതിയ ജീവിത രീതികൾ തുടങ്ങി പുതിയ കാര്യങ്ങൾ ഒരു മടിയുമില്ലാതെ ശ്രമിക്കാൻ 20 വയസുള്ളവർക്ക് കഴിയും. എന്നാൽ 60 വയസുള്ള ആളുകളുടെ തലച്ചോർ പുതുമയോട് മുഖം തിരിച്ചിരിക്കുന്നവയാണ്. 20 വയസിൽ നിങ്ങൾക്ക് സ്ട്രെസ് വന്നാൽ ആ സ്ട്രെസ്സിനെ എങ്ങിനെ പരാജയപ്പെടുത്താം എന്നാണ് നിങ്ങൾ ആലോചിക്കുന്നത് (പുതിയ ഫുഡ് കണ്ടാൽ ട്രൈ ചെയ്തു നോക്കുന്ന പോലെ), എന്നാൽ 60 വയസിൽ നിങ്ങളുടെ സ്ട്രെസ്സ്​ എങ്ങനെ ഒഴിവാക്കാം എന്നായിരിക്കും നിങ്ങളുടെ തലച്ചോർ ആലോചിക്കുക (പുതിയ ഫുഡ് ഉള്ള സ്ഥലത്ത് പോകാതെ ഇരുന്ന് പ്രശ്നം ഒഴിവാക്കുന്ന രീതി). മാറ്റങ്ങൾക്കുവേണ്ടി ആഗ്രഹിക്കുന്നതും അതിനുവേണ്ടി സമരം ചെയ്യുന്നതും, യഥാർത്ഥത്തിൽ ചെറുപ്പക്കാരാണ്. അതുകൊണ്ട് കൂടിയാണ് ചെറുപ്പക്കാരുടെ വോട്ടുകൾക്ക് പ്രാധാന്യം കൂടുന്നത്.

അതുകൊണ്ട്, ജീവശാസ്ത്രം പറയുമ്പോൾ ആരോഗ്യ സർവകലാശാല പൂർണമായും ജീവശാസ്ത്രം പറയണം, ചില കാര്യങ്ങൾ വിട്ടുകളയരുത്.

നോട്ട് 1: കേരളത്തിലെ രാത്രിജീവിതത്തെ കുറിച്ച് വേറൊരു പോസ്റ്റ് തന്നെ എഴുതേണ്ടി വരും. കാരണം രാത്രി ജീവിതം (night life) പല ഘടകങ്ങൾ ഉൾപ്പെട്ട ഒന്നാണ്. രാത്രി ഒൻപതര കഴിഞാൽ വീട്ടിൽ പോകാൻ കൊച്ചിയിൽ പോലും ബസ് കിട്ടാത്ത ഇക്കാലത്തു രാത്രിയിലെ ജീവിതത്തെ കുറിച്ച് എഴുതിയിട്ട് കാര്യമില്ല. രാത്രി ഒന്നോ രണ്ടോ പേര് മാത്രം പുറത്തിറങ്ങി നടന്നാൽ രാത്രി ജീവിതം നടക്കില്ല. കുറെ ആളുകൾ രാത്രിജീവിതം ആസ്വദിക്കാൻ വരുമ്പോഴാണ് രാത്രി ജീവിതം ആസ്വാദ്യകരവും, സുരക്ഷിതവുമാകുന്നത്. അതിനുവേണ്ടി രാത്രി തുറന്നിരിക്കുന്ന കടകൾ, ക്ലബുകൾ, പബ്ബുകൾ എന്നിവയുടെ കൂടെ, രാത്രി എത്ര വൈകിയാലും സുരക്ഷിതമായി വീട്ടിൽ പോകാൻ കഴിയുന്ന ഗതാഗതമാർഗങ്ങളും വേണം. ആയിരക്കണക്കിന് ആളുകൾ വെള്ളി. ശനി. ഞായർ ദിവസങ്ങളിൽ എങ്കിലും കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും പോലുള്ള നഗരങ്ങളിൽ എങ്കിലും രാത്രി ആസ്വദിക്കാൻ കുടുംബവുമായി ഇറങ്ങാൻ പറ്റിയ ഒരു അന്തരീക്ഷം ഉണ്ടാക്കിയാൽ കേരളത്തിന് ഒരു നല്ല നൈറ്റ് ലൈഫ് സംസ്കാരം ഉണ്ടാക്കാം. തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവൽ നടക്കുമ്പോഴൊക്കെ കുറച്ചു ദിവസത്തേക്ക് ഇങ്ങനെയുള്ള അവസ്ഥകൾ സാധ്യമാകുന്നുണ്ട്, അതുകൊണ്ട് ഇതെല്ലാം അസാധ്യമായ കാര്യങ്ങളല്ല.

നോട്ട് 2: സുരക്ഷിത ലൈംഗികബന്ധത്തെക്കുറിച്ചും, മയക്കുമരുന്ന് പോലുള്ള സാധനങ്ങളുടെ ദുരുപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും കുട്ടികൾ ബോധവാന്മാരാക്കേണ്ടത് മേല്പറഞ്ഞ കാരണങ്ങളാൽ അത്യാവശ്യമാണ്. കുട്ടികളെ പുറത്തിറങ്ങാൻ സമ്മതിക്കാതെ ഇരിക്കുന്നതിനുപകരം സർവ്വകലാശാലകൾ യഥാർത്ഥത്തിൽ, സുരക്ഷിതമായ ലൈംഗികവേഴ്ചയെ കുറിച്ചും, മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചും മറ്റും ബോധവൽക്കണം നടത്തുകയാണ് വേണ്ടത്. പ്രായപൂർത്തിയായ കുട്ടികൾ സുരക്ഷിതമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും പക്വത ആർജിക്കുന്നതിന്റെ ഭാഗം തന്നെയാണ്. അഞ്ച് മിനിറ്റ് കണ്ട് ചായ കുടിച്ചു പിരിഞ്ഞ ആളുകൾ തമ്മിൽ ജീവിതകാലം കഴിയുന്നതാണോ, കുട്ടികൾ പരസ്പരം തങ്ങളുടെ ലൈംഗിക താല്പര്യങ്ങൾ ചർച്ച ചെയ്ത് തങ്ങൾക്ക് ഇഷ്ടപെട്ട പങ്കാളിയെ തിരഞ്ഞെടുക്കുന്നതാണോ കൂടുതൽ ആരോഗ്യകരമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

നോട്ട് 3: 25 വയസ് തികയുന്ന അന്ന് സ്വിച്ച് ഇട്ട പോലെ ഫ്രോണ്ടൽ കോർട്ടെക്‌സ് വികസിക്കുന്നതല്ല, ശരാശരി വയസ്സിന്റെ കാര്യം പറഞ്ഞതാണ്. എനിക്ക് 27 വയസ്സുള്ളപ്പോഴാണ് ബാംഗ്ലൂരിൽനിന്ന് സുസുകി സമുറായി എന്ന 100 cc ബൈക്കിൽ കൊച്ചിയിലേക്ക്, അന്ന് വീരപ്പൻ വിളയാടിയിരുന്ന സത്യമംഗലം കാട് വഴി, ഒറ്റക്ക് യാത്ര ചെയ്തത്. അതിനടുത്ത ആഴ്ചയോ മറ്റോ ആണ്, വീരപ്പൻ, രാജ്‌കുമാറിനെ തട്ടിക്കൊണ്ടു പോയത്. എന്റെ കാര്യത്തിൽ അമ്പത് വയസ് കഴിഞ്ഞിട്ടും ഇതുവരെ പക്വത വന്നതായി എനിക്കനുഭവപ്പെട്ടിട്ടില്ല.

Comments