ഡോ. അനീഷ് ടി.എസ്.

സാമൂഹ്യ ഇടം എന്ന നിലയിൽ
നമ്മുടെ ആശുപത്രികൾ ഇനിയും മാറേണ്ടതുണ്ട്

നമ്മുടെ ആശുപത്രികളിലെ ഡോക്ടർ-നേഴ്സ്- അറ്റൻഡർ ബന്ധങ്ങൾ ഏതാണ്ട് കൊളോണിയൽ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ്. അത് വളരെ ഡോക്ടർ കേന്ദ്രീകൃതമാണ്. മെഡിക്കൽ ടീമുകൾ ഉണ്ടാവുകയും ജോലികൾ അവർക്കിടയിൽ വിഭജിക്കപ്പെടുകയും അത് നിർവചിക്കപ്പെടുകയും ചെയ്യുന്ന സംവിധാനം വേണം- ഡോ. അനീഷ് ടി.എസ് എഴുതുന്നു.

കെ. കണ്ണൻ: ചികിത്സാപ്പിഴവ് എന്ന് പൊതുവെ പറയുന്ന മെഡിക്കൽ നെഗ്ലിജൻസിനെയും അതിലേക്കു നയിക്കുന്ന സാഹചര്യങ്ങളെയും എങ്ങനെ നിർവചിക്കാം?

ഡോ. അനീഷ് ടി.എസ്: മെഡിക്കൽ രംഗത്ത് നൽകിവരുന്ന സേവനങ്ങൾക്ക് , പ്രത്യേകിച്ച്, രോഗനിർണയവുമായും ചികിത്സയുമായും ബന്ധപ്പെട്ടവക്ക് ഒട്ടനവധി പ്രത്യേകതകളുണ്ട്. സേവനത്തിന്റെ ഗുണനിലവാരം അളക്കാൻ സേവനം ലഭിക്കുന്ന ആൾക്ക് പരിമിതികളുണ്ട് എന്നതാണ് അതിലൊന്ന്. താൽക്കാലിക രോഗശാന്തിയോ പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്ന സൗഖ്യമോ ആണ് രോഗികളും അവരുടെ ബന്ധുക്കളും ഉപയോഗിക്കുന്ന അളവുകോലുകൾ. അവ ഇപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിന്, ഇപ്പോൾ കഴിക്കുന്ന മരുന്നിന്റെ പാർശ്വഫലം വർഷങ്ങൾക്കപ്പുറം പ്രകടമാകാം. ഉടനടിയുണ്ടായ സൗഖ്യത്തിന്, അതിന്റെ ഹാനി മനസിലാക്കാതെ നാം ചികിത്സകരെയോ ചികിത്സ നൽകിയ സ്ഥാപനത്തെയോ പ്രകീർത്തിക്കും. ഇത് തിരിച്ചും സംഭവിക്കാം. നാളെ ജീവഹാനി വരുത്തുന്ന ഒരു കാൻസർ ഇന്ന് കാര്യമായ ഒരു പ്രശ്നവും പ്രകടമാക്കണമെന്നില്ല. എന്നാൽ, അതിന്റെ ചികിത്സ നമ്മുടെ ഒരു അവയവം തന്നെ നഷ്ടപ്പെടുത്തിയേക്കാം. അത് മനസിലാക്കാതെ നാം നമ്മുടെ ജീവൻ രക്ഷിച്ച ചികിത്സയെ തള്ളിപ്പറഞ്ഞേക്കാം.

നൽകപ്പെടുന്ന സേവനത്തിന്റെ പ്രാധാന്യമാണ് മറ്റൊരു കാര്യം. ഒരാളുടെ ശേഷിയേയും ജീവിത ഗുണനിലവാരത്തെയും, എന്തിന്, ജീവനെത്തന്നെയും ബാധിക്കാൻ ശേഷിയുള്ളതാണ് വൈദ്യസേവനങ്ങൾ. അതുകൊണ്ടുതന്നെ വൈദ്യസേവനങ്ങളുടെ ഗുണനിലവാരം വളരെ പ്രാധാന്യമർഹിക്കുന്നു. യാദൃച്ഛയാ ഉണ്ടാകാനിടയുള്ള, നമുക്ക് വലിയ നിയന്ത്രണമില്ലാത്ത കാര്യങ്ങളെ ഒഴിച്ചു നിർത്തിയാൽ വളരെ ഉയർന്ന ഗുണനിലവാരമുള്ള സേവനങ്ങളാണ് ആരോഗ്യരംഗത്ത് ലഭിക്കേണ്ടത് എന്നതിൽ തർക്കമുണ്ടാകാനിടയില്ല.

വളരെ ഉയർന്ന ഗുണനിലവാരമുള്ള സേവനങ്ങളാണ് ആരോഗ്യരംഗത്ത് ലഭിക്കേണ്ടത് എന്നതിൽ തർക്കമുണ്ടാകാനിടയില്ല.
വളരെ ഉയർന്ന ഗുണനിലവാരമുള്ള സേവനങ്ങളാണ് ആരോഗ്യരംഗത്ത് ലഭിക്കേണ്ടത് എന്നതിൽ തർക്കമുണ്ടാകാനിടയില്ല.

പൊതുവിൽ മാർക്കറ്റ് എക്കണോമിയിൽ കണ്ടുവരുന്ന കുറഞ്ഞ വിലയ്ക്ക് കുറഞ്ഞ ഗുണനിലവാരമുള്ള സേവനവും കൂടിയ വിലയ്ക്ക് കൂടുതൽ ഗുണനിലവാരമുള്ള സേവനവും എന്ന തത്വം ആരോഗ്യരംഗത്തിന് ബാധകമല്ല. പണം ചെലവു ചെയ്യാനുള്ള ശേഷിക്കനുസരിച്ച് പുറമെയുള്ള സൗകര്യങ്ങളിൽ ഏറ്റക്കുറച്ചിലുണ്ടാകാം എങ്കിലും രോഗനിർണയത്തിന്റെയും ചികിത്സയുടെയും കാതലായ ഭാഗങ്ങൾ ഉയർന്ന ഗുണനിലവാരത്തോടെ തന്നെ നൽകേണ്ടതാണ്. ഇവിടെ, ചികിത്സക്കെത്തുന്ന രോഗിയും അവർക്ക് ചികിത്സ നല്കാൻ ബാധ്യതപ്പെട്ട സ്ഥാപനം /ആളുകൾ തമ്മിൽ എഴുതപ്പെടാത്ത ഒരു കരാർ നിലനിൽക്കുന്നത് കാണാൻ കഴിയും. നേരത്തെ സൂചിപ്പിച്ച യാദൃച്ഛികതകൾ ഒഴിവാക്കിയാൽ രോഗിക്ക് തിരിച്ചെത്താൻ കഴിയുന്ന ഏറ്റവും മെച്ചപ്പെട്ട ആരോഗ്യാവസ്ഥയിൽ അയാളെ എത്തിക്കുന്ന കൂട്ടുത്തരവാദിത്തത്തിൽ സേവനത്തിന്റെ സ്വീകർത്താവും ദാതാവും പങ്കാളികളാണ്. ഈ യാത്രക്കുവേണ്ട കോപ്പുകൾ ചില സമയങ്ങളിൽ സേവനദാതാവിന്റെ മാത്രം കയ്യിലാണ് എന്നത് രോഗചികിത്സാരംഗത്തിന്റെ പ്രത്യേകതയാണ്.

ഉദാഹരണത്തിന്, ശസ്ത്രക്രിയാ മേശയിൽ കിടക്കുന്ന രോഗിക്ക് ഒന്നും ചെയ്യാനില്ല, അയാളുടെ സൗഖ്യത്തെ നിർണ്ണയിക്കുന്ന ഏതാനും മണിക്കൂറുകൾ പൂർണമായും ഡോക്ടറുടെയും മെഡിക്കൽ ടീമിന്റെയും കയ്യിലാണ്. ഹൃദയാഘാതത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റി ചികിത്സയാണോ, ബൈപാസ് ഓപ്പറേഷനാണോ, അതോ മരുന്ന് മാത്രമാണോ ചികിത്സയ്ക്കായി വേണ്ടത് എന്ന തീരുമാനം സാങ്കേതികമായി മാത്രം രോഗിയുടേതാണ്, അതിന് സഹായിക്കുന്ന അറിവുകൾ ഏതാണ്ട് പൂർണ്ണമായും ഡോക്ടറുടെ അടുത്താണ്. അതായത്, രോഗചികിത്സയെ സംബന്ധിച്ച് രോഗിയും ഡോക്ടറും തമ്മിലുള്ള ഉടമ്പടിയിൽ, സാധാരണ ഒരു സേവനാർത്ഥിയും സേവനദാതാവും എന്നതിനപ്പുറം ചില മാനങ്ങളുണ്ട്. ഇത് സേവനം നല്കുന്നയാളുടെ, മിക്കപ്പോഴും ഒരു ഡോക്ടറുടെ ഉത്തരവാദിത്തം കൂട്ടുന്നു. ഡോക്ടറുടെ, മെഡിക്കൽ ടീമിൽ ഉൾപ്പെട്ട മറ്റുള്ളവരുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ പിഴവുകൾ (അത് മനഃപൂർവ്വമോ അല്ലാതെയോ ആകാം, ചെയ്യാതിരിക്കുന്നതോ ചെയ്യുന്നതിലുള്ള ഏറ്റക്കുറച്ചിലുകളോ ആകാം) ചികിത്സയെ തുടർന്ന് സാധാരണ നിലയിൽ രോഗിക്കുണ്ടാകേണ്ട സൗഖ്യത്തിന് താൽക്കാലിലമായോ സ്ഥിരമായോ ഹാനി വരുത്തുകയോ അതിനുള്ള സാധ്യത ഉണ്ടാക്കുകയോ ചെയ്താൽ മെഡിക്കൽ നെഗ്‌ളിജൻസ് ഉണ്ടായി എന്നുപറയാം.

പാവപ്പെട്ടവരുടെ കിടത്തിചികിത്സക്ക് കേന്ദ്ര സർക്കാർ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അനുവദിച്ചിരിക്കുന്ന പണം നമ്മുടെ നാട്ടിൽ, അവർക്ക് പത്തിലൊരാൾക്ക് ചികിത്സ നൽകാൻ മാത്രമേ തികയുന്നുള്ളു എന്നതിൽ നിന്ന്, സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർ പോലും എത്ര അളവിൽ ആരോഗ്യസേവനങ്ങൾ തേടുന്നു എന്ന് മനസിലാക്കാം.

കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ നിന്ന് സമീപകാലത്ത് ചികിത്സാപ്പിഴവുകളുമായി ബന്ധപ്പെട്ട പരാതികളുയർന്നുവന്നിട്ടുണ്ട്. പരാതികൾക്കിടയാക്കുന്ന സംഭവങ്ങൾ സിസ്റ്റത്തിന്റെ തകരാറുമൂലമാണ് എന്നും അതല്ല, മെഡിക്കൽ കോളേജുകളടക്കമുള്ള ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരുടെ മാനവവിഭവശേഷിയുടെ വിനിയോഗം അടക്കമുള്ള ചില അടിസ്ഥാന പ്രശ്നങ്ങൾക്ക് ഇതുമായി ബന്ധമുണ്ടെന്നമുള്ള വാദങ്ങൾ സജീവമാണ്. നമ്മുടെ മെഡിക്കൽ കോളേജുകൾ അടക്കമുള്ള സർക്കാർ ആശുപത്രികളിലെ നിലവിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ആലോചിച്ചാൽ എന്താണ് വസ്തുത?

ഇത് പല മുഖങ്ങളുള്ള ഒരു പ്രശ്നമാണ്. കണ്ടെത്തപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്യാത്ത ചികിത്സാപിഴവുകളുണ്ട്, ചികിത്സാപ്പിഴവ് സംഭവിക്കുകയും അവ ചർച്ച ചെയ്യപ്പെടുകയും എന്നാൽ അതേ അബദ്ധങ്ങൾ വീണ്ടും വീണ്ടും സംഭവിക്കുകയും ചെയ്യുന്ന അവസരങ്ങളുണ്ട്, ചർച്ച ചെയ്യപ്പെടുകയും പരിഹരിക്കപ്പെടൂകയും ചെയ്യുന്ന അവസരങ്ങളുണ്ട്, ചില സന്ദർഭങ്ങളെ പിഴവുകളായി വരുത്തിത്തീർക്കുന്ന അനുഭവങ്ങളും ഉണ്ട്.

ചികിത്സാപ്പിഴവുകൾ, അത് സംഭവിക്കുന്ന അവസരങ്ങളിൽ ആളുകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്നുണ്ടെകിലും അത് ഏതാണ്ട് പൂർണമായും ഇല്ലാതെയാക്കാൻ നിർമിത ബുദ്ധിപോലെയുള്ള സങ്കേതങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാവികാലം വരെ കാത്തിരിക്കേണ്ടിവരും. അമേരിക്കൻ ഐക്യനാടുകളിൽ ഓരോ വർഷവും 2.5- 4 ലക്ഷം മരണങ്ങൾ മെഡിക്കൽ തെറ്റുകൾ കാരണം സംഭവിക്കുന്നു എന്നാണ് കണക്ക്. കേരളം രോഗാതുരമായ ഒരു സമൂഹമാണ് എന്ന് നമുക്കറിയാം. രോഗമുള്ളവർ അത് തിരിച്ചറിയാനുള്ള സാധ്യതയും രോഗങ്ങൾക്ക് ആശുപത്രി സേവനങ്ങൾ തേടാനുള്ള പ്രവണതയും നമ്മുടെ ഇടയിൽ കൂടുതലാണ്. ഓരോ ആയിരം പേരിലും ആശുപത്രിയിലെത്തുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പലമടങ്ങ് വരും. പാവപ്പെട്ടവരുടെ കിടത്തിചികിത്സക്ക് കേന്ദ്ര സർക്കാർ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അനുവദിച്ചിരിക്കുന്ന പണം നമ്മുടെ നാട്ടിൽ, അവർക്ക് പത്തിലൊരാൾക്ക് ചികിത്സ നൽകാൻ മാത്രമേ തികയുന്നുള്ളു എന്നതിൽ നിന്ന്, സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർ പോലും എത്ര അളവിൽ ആരോഗ്യസേവനങ്ങൾ തേടുന്നു എന്ന് മനസിലാക്കാം. സൂപ്പർ സ്പെഷ്യലിറ്റി സേവനങ്ങൾ ഉൾപ്പെടെയുള്ള പുതിയ ആവശ്യങ്ങളും ഏറിവരുന്നു. ആളുകളുടെ ചികിത്സാആവശ്യമായി തട്ടിച്ചുനോക്കുമ്പോൾ തൃപ്തികരമായ ഗുണനിലവാരത്തിൽ, സൗജന്യമായതോ ചെലവ് പരിമിതപ്പെടുത്തിയതോ ആയ ചികിത്സ നൽകാനുള്ള സംവിധാനങ്ങൾ എല്ലാ ഇടങ്ങളിലും ഇല്ല. എന്നാൽ അതിനായുള്ള ക്രിയാത്മക പ്രവർത്തനം ആർദ്രം പദ്ധതിയുടെ കീഴിൽ സംസ്ഥാനത്ത് നടക്കുന്നുണ്ട്. നമ്മുടെ പ്രാഥമിക ആരോഗ്യ സ്ഥാപനങ്ങളിൽ വളരെ മെച്ചപ്പെട്ട മാറ്റങ്ങൾ കാണാൻ കഴിയും. സേവനങ്ങളുടെയും മരുന്നുകളുടെയും ലഭ്യത കഴിഞ്ഞ പത്ത് വർഷങ്ങളിൽ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ദേശീയ ഗുണനിലവാര പരിശോധനയിൽ ആദ്യ സ്ഥാനങ്ങളിൽ വരുന്ന കുടുംബാരോഗ്യസ്ഥാപനങ്ങൾ ഏറെയും സംസ്ഥാനത്തുനിന്നുള്ളവയാണ്. മെഡിക്കൽ കോളേജുകളിലും വലിയ മാറ്റങ്ങൾ നടക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ഹൃദ്രോഗികൾ ചികിത്സ തേടുന്ന ആശുപത്രി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആകുന്നത് കേരളത്തിൽ വളരെ കൂടുതൽ ഹൃദ്രോഗികളുണ്ട് എന്നതുകൊണ്ടുമാത്രമല്ല, ആശുപത്രിയിൽ ചികിത്സാ സൗകര്യമുള്ളതുകൊണ്ടു കൂടിയാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ ഹൃദ്രോഗികൾ ചികിത്സ തേടുന്ന ആശുപത്രി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആകുന്നത് കേരളത്തിൽ വളരെ കൂടുതൽ ഹൃദ്രോഗികളുണ്ട് എന്നതുകൊണ്ടുമാത്രമല്ല, ആശുപത്രിയിൽ ചികിത്സാ സൗകര്യമുള്ളതുകൊണ്ടു കൂടിയാണ്
രാജ്യത്ത് ഏറ്റവും കൂടുതൽ ഹൃദ്രോഗികൾ ചികിത്സ തേടുന്ന ആശുപത്രി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആകുന്നത് കേരളത്തിൽ വളരെ കൂടുതൽ ഹൃദ്രോഗികളുണ്ട് എന്നതുകൊണ്ടുമാത്രമല്ല, ആശുപത്രിയിൽ ചികിത്സാ സൗകര്യമുള്ളതുകൊണ്ടു കൂടിയാണ്

പക്ഷെ ചോദ്യത്തിൽ സൂചിപ്പിച്ചതുപോലെ, മെഡിക്കൽ കോളേജുകളടക്കമുള്ള ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരുടെ മാനവവിഭവശേഷിയുടെ ലഭ്യത, അതിന്റെ വിതരണം, വിനിയോഗം, നിയന്ത്രണം തുടങ്ങിയവയിൽ കൂടുതൽ ഇടപെടലുകൾ നടത്തിയാൽ ചികിത്സാപിഴവുകൾക്കുള്ള സാദ്ധ്യതകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരാൻ കഴിയും. സർക്കാർ മെഡിക്കൽ കോളേജുകളുടെ അംഗീകാരം നിലനിർത്തുന്നതിനും ട്രോമാ കെയർ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുക എന്നതിനപ്പുറത്ത് മാനവവിഭവശേഷി കൂടുതൽ ലഭ്യമാക്കാൻ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല. എന്നാൽ, ഡോക്ടർമാർ ഉൾപ്പെടെയുള്ള മാനുഷിക വിഭവശേഷി തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ഇടങ്ങളിൽ കേന്ദ്രീകരിക്കുന്നത് തടയണം.

ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പോലെ, രോഗികളെ വിവേചിക്കുകയും ചിലർക്ക് കൂടുതൽ മുൻഗണന കിട്ടുകയും ചെയ്യാൻ സാധ്യത ഉണ്ടാക്കുന്ന അവസരങ്ങൾ ഇല്ലായ്മ ചെയ്യണം. ചികിത്സ പ്രോട്ടോകോളുകളും മെഡിക്കൽ ഓഡിറ്റിങ് സംവിധാനവും എല്ലാ ഡിപ്പാർട്ടുമെന്റുകളിലും നിലവിൽ വരണം. ഇപ്രകാരമുള്ള മാറ്റങ്ങൾ മാനുഷിക വിഭവശേഷിയുടെ കാര്യക്ഷമത കൂട്ടും എന്നതിൽ തർക്കമില്ല. നമ്മുടെ ആശുപത്രികളിലെ ഡോക്ടർ-നേഴ്സ്- അറ്റൻഡർ ബന്ധങ്ങൾ ഏതാണ്ട് കൊളോണിയൽ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ്. അത് വളരെ ഡോക്ടർ കേന്ദ്രീകൃതമാണ്. മെഡിക്കൽ ടീമുകൾ ഉണ്ടാവുകയും ജോലികൾ അവർക്കിടയിൽ വിഭജിക്കപ്പെടുകയും അത് നിർവചിക്കപ്പെടുകയും ചെയ്യുന്ന സംവിധാനം വേണം. നമ്മുടെ ആശുപത്രികളിലെ തിരക്ക് ഇത്തരം പ്രവർത്തനങ്ങളെ പിന്നോട്ടടിക്കുന്നു എന്നതും വസ്തുതയാണ്. കൂടുതൽ നഴ്സുമാരെ നിയമിച്ച് ഇപ്പോൾ ഡോക്ടർമാർ ചെയ്യുന്ന പ്രവർത്തങ്ങൾ പലതും അവരെ ഏൽപ്പിക്കുന്നത് ഡോക്ടർമാരുടെ സമ്മർദ്ദവും പാളിച്ചകൾക്കുള്ള സാധ്യതകളും കുറയ്ക്കാൻ സഹായിക്കും.

കൂട്ടായ നേട്ടങ്ങളെ കാണുകയോ പരാമർശിക്കുകയോ ചെയ്യാതെ ഒറ്റപ്പെട്ട പാളിച്ചകൾ സിസ്റ്റത്തിന്റേതാണ് എന്ന് വരുത്തുന്നത് സിസ്റ്റത്തിന്റെയും അതിനെ മുന്നോട്ട് നയിക്കുന്നവരുടെയും ആത്മവിശ്വാസത്തെ കെടുത്താനല്ലാതെ പാളിച്ചകൾ നിവർത്തിക്കാൻ ഉപകരിക്കില്ല.

നമ്മുടെ സിസ്റ്റം മെച്ചപ്പെടാനുണ്ട് എന്നത് നമുക്കെല്ലാം അറിയാം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അത് മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. ശിശുമരണനിരക്കിലൊക്കെ കുതിച്ചുചാട്ടമുണ്ടാക്കിയ ഒരു ദശാബ്ദത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സിസ്റ്റത്തിന്റെ പാളിച്ച ആളുകളെ കൂട്ട മരണത്തിലേക്കും അവശതകളിലേക്കും തള്ളിവിടുന്നത് എങ്ങനെയെന്നു കാണാൻ കോവിഡ് കാലത്തെ ഇന്ത്യയെ നോക്കിയാൽ മതി.

നമ്മുടെ നാട്ടിൽ വീഴ്ചകൾ ഒറ്റപ്പെട്ട സംഭവമാണ്. എല്ലാ പാളിച്ചകളും ചർച്ച ചെയ്യേണ്ടതും തിരുത്തേണ്ടതുമാണ്. എന്നാൽ കൂട്ടായ നേട്ടങ്ങളെ കാണുകയോ പരാമർശിക്കുകയോ ചെയ്യാതെ ഒറ്റപ്പെട്ട പാളിച്ചകൾ സിസ്റ്റത്തിന്റേതാണ് എന്ന് വരുത്തുന്നത് സിസ്റ്റത്തിന്റെയും അതിനെ മുന്നോട്ട് നയിക്കുന്നവരുടെയും ആത്മവിശ്വാസത്തെ കെടുത്താനല്ലാതെ പാളിച്ചകൾ നിവർത്തിക്കാൻ ഉപകരിക്കില്ല. ആരോഗ്യരംഗത്തിന്റെ ഒരു പ്രത്യേകത, സർക്കാരുകൾ വഴിയായ സേവനങ്ങൾ ജനങ്ങൾക്ക് വേഗത്തിൽ അനുഭവവേദ്യമാകുന്നത് ആരോഗ്യരംഗത്താണ് എന്നാണ്. മറ്റൊന്ന്, ഒരു പക്ഷെ പൊതുമരാമത്ത് ആയിരിക്കും. പൊതുവായ പൊതുജനാരോഗ്യ നേട്ടങ്ങൾ കാണാനില്ലാത്ത ഔൽത്സുക്യം ചികിത്സാപിഴവുകളെ പാർവ്വതീകരിക്കാൻ ഉണ്ടാവുന്നുണ്ട്.

നമ്മുടെ സിസ്റ്റം മെച്ചപ്പെടാനുണ്ട് എന്നത് നമുക്കെല്ലാം അറിയാം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അത് മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്.
നമ്മുടെ സിസ്റ്റം മെച്ചപ്പെടാനുണ്ട് എന്നത് നമുക്കെല്ലാം അറിയാം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി അത് മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്.

ഇത്തരം പരാതികൾ, ഡോക്ടർ- രോഗി വിനിമയങ്ങൾ, കുറെക്കൂടി ശാസ്ത്രീയവും ജനാധിപത്യപരവുമായി നവീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കു കൂടിയല്ലേ വിരൽചൂണ്ടുന്നത്?

തീർച്ചയായും അതെ. നേരത്തെ സൂചിപ്പിച്ചതുപോലെ, ഒരു സാമൂഹ്യഇടം എന്ന നിലയിൽ നമ്മുടെ ആശുപത്രികൾ ഇനിയും മാറേണ്ടതായിട്ടുണ്ട്. പൊതുമേഖല മാത്രമല്ല സ്വകാര്യമേഖലയും ജനാധിപത്യത്തിലും അവകാശങ്ങളിലും ഊന്നിയുള്ള നവീകരണപ്രവർത്തങ്ങൾ നടക്കേണ്ടതാണ്. ഉദാഹരണത്തിന്, സ്വകാര്യ ആശുപത്രികൾ ഇപ്പോൾ പോലും രോഗിയുടെ, അവർ പണം മുടക്കി ലഭ്യമാക്കിയ രോഗനിർണയ / ചികിത്സാരേഖകൾ ഏതാണ്ട് പൂർണ്ണമായും സ്ഥാപനത്തിൽ തന്നെ സൂക്ഷിക്കുന്ന നിലയാണുള്ളത്. ആവശ്യപ്പെട്ടാൽ പോലും ഈ രേഖകൾ മിക്കപ്പോഴും പൂർണമായി നൽകാറില്ല. എന്നാൽ ചികിത്സാരേഖകളിൽ മേലുള്ള പൂർണ അവകാശം രോഗികൾക്കാണെന്ന് ലോകാരോഗ്യസംഘടനയും വിവിധ നിയമസംവിധാനങ്ങളും അടിവരയിട്ടു പറഞ്ഞിട്ടുള്ളതാണ്.

കോർപ്പറേറ്റ് ആശുപത്രികളുടെയും വൻകിട രോഗനിർണയ സംവിധാനങ്ങളുടെയും കടന്നുവരവിന് കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനങ്ങളിലുണ്ടാകുന്ന പുരോഗതി വലിയൊരു അളവിൽ തിരിച്ചടിയാണ്.

നമ്മുടെ ആശുപത്രികളിൽ നല്ലൊരു ശതമാനം നേരത്തെയുണ്ടായിരുന്നതിനെ അപേക്ഷിച്ച് രോഗീ സൗഹൃദമായിട്ടുണ്ടെങ്കിലും ഡോക്ടർ- രോഗി ബന്ധം ഇനിയും കൂടുതൽ മെച്ചപ്പെടാനുണ്ട്. രോഗികൾക്ക് എന്തു കാര്യവും ഡോക്ടറുമായി ചർച്ച ചെയ്യാനുള്ള അവസരം ചികിത്സ പിഴവുകളുടെ സാധ്യതകൾ കുറയ്ക്കും. അതോടൊപ്പം ഡോക്ടർ ചികിത്സയുടെ വിവിധ ഘട്ടങ്ങളിൽ രോഗിയുമായി പ്രസ്തുത കാര്യങ്ങളുമായി ബന്ധപ്പെട്ട് ആശയവിനിമയം ചെയ്യുന്നതും സഹായകരമായിരിക്കും.

നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ ആശുപത്രികളിലെ ക്രമാതീതമായ തിരക്ക് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ രോഗികളുമായി കാര്യങ്ങൾ സംസാരിക്കുന്നതിന് പരിശീലനം സൃഷ്ടിച്ച നഴ്സുമാരെയോ കൗൺസിലർമാരെയോ നിയമിക്കുന്നത് നന്നായിരിക്കും. എല്ലാ രോഗികളുമായും പൊതുവായ ആശയവിനിമയവും മരണാസന്നരായ രോഗികളുടെ ബന്ധുക്കൾ, ശസ്ത്രക്രിയകൾക്ക് തയ്യാറെടുത്തിരിക്കുന്ന രോഗികൾ, പ്രസവറൂമിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള സ്ത്രീകളും അവരുടെ ബന്ധുക്കളും തുടങ്ങിയവരുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നത് നന്നാവും. അതോടൊപ്പം, ആശുപത്രി സേവനദാതാക്കളുടെ ഇടയിൽതന്നെയുള്ള പവർ ഇക്വേഷൻസും മാറേണ്ടതുണ്ട്.

ആശുപത്രി സേവനദാതാക്കളുടെ ഇടയിൽതന്നെയുള്ള പവർ ഇക്വേഷൻസും മാറേണ്ടതുണ്ട്.
ആശുപത്രി സേവനദാതാക്കളുടെ ഇടയിൽതന്നെയുള്ള പവർ ഇക്വേഷൻസും മാറേണ്ടതുണ്ട്.

പരാതികൾ അന്വേഷിക്കുക, നടപടിയെടുക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ കൂടാതെ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ ഇടപെടലുകളെ എങ്ങനെ കുറേക്കൂടി ശാസ്ത്രീയമാക്കാം.

ചികിത്സാപിഴവുകൾ അത്ര അപൂർവ്വമായ ഒന്നല്ല. അതുകൊണ്ടുതന്നെ നേരത്തെ അതുണ്ടായിട്ടുള്ള അവസരങ്ങളിൽ നടന്ന അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ പഠിക്കുന്നത് ഒട്ടനവധി കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടും. ഇത്തരം പാളിച്ചകൾക്ക് ഒരു സ്ഥിരം പാറ്റേൺ ഉണ്ടോ, ഏതൊക്കെ അവസരങ്ങളിലാണ് ഉണ്ടായിട്ടുള്ളത്, അന്വേഷണസമിതി കണ്ടെത്തിയ പാളിച്ചകൾ, അവർ നൽകിയ പരിഹാര നിർദേശങ്ങൾ, അതിന്മേലുണ്ടായ നടപടികൾ എന്നിവ അവലോകനം ചെയ്യുന്നത് നന്നാവും.

നേരത്തെ സൂചിപ്പിച്ചതുപോലെ, പാളിച്ചകൾ സംഭവിക്കാൻ ഇടയുള്ള ഇടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾക്ക് പ്രോട്ടോകോളുകളും രീതിശാസ്ത്രങ്ങളും നിർമ്മിക്കുകയും എല്ലാ മെഡിക്കൽ കോളേജുകളും ഒരുപോലെ അവ അനുവർത്തിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യണം. പരാതികളുണ്ടാകുമ്പോൾ അത് അന്വേഷിക്കുക, നടപടിയെടുക്കുക എന്നത് ഒരു 'knee jerk' റിയാക്ഷനാണ്. അത് വിശാലമായ അർത്ഥത്തിൽ നീണ്ടുനിൽക്കുന്ന രീതിയിൽ സംവിധനങ്ങളെ മെച്ചപ്പെടുത്തില്ല. പാളിച്ചകളുണ്ടായാലും ഇല്ലെങ്കിലും ഓരോ മാസവും (അല്ലെങ്കിൽ മറ്റൊരു നിശ്ചിത ഇടവേളയിൽ) മെഡിക്കൽ ഓഡിറ്റ് നടത്താനുള്ള സംവിധാങ്ങൾ എല്ലാ ഡിപ്പാർട്മെന്റുകളിലും ഉണ്ടാവണം (ഒട്ടനവധി ഇടങ്ങളിൽ അത് ഇപ്പോൾ തന്നെയുണ്ട്, പക്ഷെ അത് പോരാ, അത് സ്ഥിരം രീതി ആകണം). ഇത്തരം ഓഡിറ്റിംഗിൽ പാളിച്ച പറ്റിയ അവസരങ്ങൾ മാത്രമല്ല, പാളിച്ച കഷ്ടി ഒഴിവായിപ്പോയ അവസരങ്ങൾ, അവ ഉണ്ടാകാനുള്ള കാരണങ്ങൾ, അവ തടയുന്നതിൽ കൈക്കൊണ്ട നടപടികൾ എന്നിവ ചർച്ച ചെയ്യണം. ഇക്കാര്യങ്ങൾ നിഷ്കർഷിക്കുന്നതിനും അതിനാവശ്യമായ സംവിധാനമൊരുക്കുന്നതിനുമാണ് മുൻഗണന നൽകേണ്ടത്.

സർക്കാർ ആശുപത്രികളോടും സ്വകാര്യ ആശുപത്രികളോടും രണ്ടു നയമാണ് പലപ്പോഴും മീഡിയ പുലർത്തുക. സ്വകാര്യ ആശുപത്രികളുടെ പേരുകൾ ഒട്ടുമിക്കപ്പെടും പരാമർശിക്കാറേയില്ല, അതേസമയം, സർക്കാർ ആശുപത്രികളിലുണ്ടാകുന്ന പ്രശ്നങ്ങൾ പർവതീകരിക്കപ്പെടും.

കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെയും ആരോഗ്യ പ്രവർത്തകരെയും ടാർഗറ്റ് ചെയ്ത്, അതിന്റെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സംഘടിത കാമ്പയിൻ കേരളത്തിലുള്ളതായി അനുഭവപ്പെട്ടിട്ടുണ്ടോ?

അത് മനഃപൂർവ്വമായ സംഘടിത കാമ്പയിൻ എന്നതിനേക്കാൾ കേരളം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ- സാമൂഹിക- സാമ്പത്തിക ആശയങ്ങളെ തമസ്കരിക്കാനുള്ള ഒരു ശ്രമമായിട്ടാണ് തോന്നിയിട്ടുള്ളത്. ആരോഗ്യപ്രവർത്തകരൊക്കെ ഇതിൽ പെട്ടുപോകുന്നതാണ്. കേരളത്തിന്റെ പൊതുജനാരോഗ്യമേഖല തകർന്നാൽ അതുകൊണ്ട് ആർക്കാണ് മെച്ചം എന്ന് ചിന്തിച്ചാൽ അത് വളരെ വേഗം മനസ്സിലാകും. കേരളം ഊറ്റം കൊള്ളുന്ന ഒന്നാണ് അതിന്റെ പൊതുജനാരോഗ്യ മേഖല എന്നുമാത്രമല്ല, പൊതുജനാരോഗ്യം ഉൾപ്പെടെയുള്ള എല്ലാ സാമൂഹിക സൗഖ്യ സൂചികകളിലും നാം ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. സംസ്ഥാന രൂപീകരണം മുതൽ ഇങ്ങോട്ട് നോക്കുമ്പോൾ നാം വലിയ എടുപ്പുകളോ നഗരങ്ങളോ ഉണ്ടാക്കിയിട്ടില്ല. അതേസമയം വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സാമൂഹിക രക്ഷാ സംവിധാനത്തിലും നാം ഒരുപാട് മുന്നോട്ടുപോയി. കെട്ടിടങ്ങളുടെയും റോഡുകളുടെയും കണക്കിൽ എത്ര പുരോഗതി പറഞ്ഞാലും പിഞ്ചുകുഞ്ഞുങ്ങൾ പിടഞ്ഞു മരിക്കുന്ന ഒരു നാട് പുരോഗമിച്ചു എന്ന് പറയാനായി കഴിയില്ല. ആ അർത്ഥത്തിൽ നോക്കുമ്പോൾ ഭാരതത്തിൽ ഇന്ന് ഏറ്റവും അധികം പുരോഗമിച്ച നാട് കേരളമാണ് എന്ന് നിസംശയം പറയാം. ഈ പുരോഗമനം പുരോഗമനമല്ല എന്നു വരുത്തി തീർക്കുന്നതിന് പല രാഷ്ട്രീയ-സാമ്പത്തിക ലക്ഷ്യങ്ങളുണ്ട്.
രാഷ്ട്രീയമായി കേരളം ശരിയാണെങ്കിൽ മറ്റ് പലതും തെറ്റാണ്. സാമ്പത്തിക താല്പര്യങ്ങൾ നോക്കുകയാണെങ്കിൽ കോർപ്പറേറ്റ് ആശുപത്രികളുടെയും വൻകിട രോഗനിർണയ സംവിധാനങ്ങളുടെയും കടന്നുവരവിന് കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനങ്ങളിലുണ്ടാകുന്ന പുരോഗതി വലിയൊരു അളവിൽ തിരിച്ചടിയാണ്. ഹൃദ്രോഗവും കാൻസറും ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിമുറുക്കുമ്പോൾ വളരെ കൂടുതൽ ആളുകൾ കോർപ്പറേറ്റ് ആശുപത്രികളെ ആശ്രയിക്കും എന്ന് വിചാരിച്ചിരുന്ന ഒരു കാലത്താണ് അത്തരം പ്രശ്നങ്ങളെ കൂടി കൈകാര്യം ചെയ്യാവുന്ന രീതിയിലേക്ക് നമ്മുടെ പൊതു ആരോഗ്യരംഗം ശക്തിപ്രാപിക്കുന്നത്. ചികിത്സാപാളിച്ച പോലെയുള്ള വാർത്തകൾ മീഡിയയിൽ വരുന്ന രീതിയിൽത്തന്നെ തന്നെ ഇത് നമുക്ക് മനസ്സിലാകും. സർക്കാർ ആശുപത്രികളോടും സ്വകാര്യ ആശുപത്രികളോടും രണ്ടു നയമാണ് പലപ്പോഴും മീഡിയ പുലർത്തുക. സ്വകാര്യ ആശുപത്രികളുടെ പേരുകൾ ഒട്ടുമിക്കപ്പെടും പരാമർശിക്കാറേയില്ല, അതേസമയം, സർക്കാർ ആശുപത്രികളിലുണ്ടാകുന്ന പ്രശ്നങ്ങൾ പർവതീകരിക്കുക എന്നതു മാത്രമല്ല, ഒരു പ്രശ്നമുണ്ടായാൽ തുടരെത്തുടരെ പ്രശ്നങ്ങളാണ് എന്ന് വരുത്തിത്തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമവും ഉണ്ടാകുന്നുണ്ട്. കോഴിക്കോട് ഇപ്പോൾ ഇപ്പോൾ നടക്കുന്നതും മറ്റൊന്നല്ല. കമ്പി മാറ്റിയിട്ടു എന്നു പറയുന്ന കേസിൽ പാളിച്ച ഉണ്ടായിട്ടേയില്ല എന്ന് കാണാം.

കേരളത്തിന്റെ ആരോഗ്യരംഗത്ത് കഴിഞ്ഞ കുറച്ചുവർഷങ്ങളായി വന്നിട്ടുള്ള സിസ്റ്റമാറ്റിക് പുരോഗതി കാര്യമായി മീഡിയ റിപ്പോർട്ട് ചെയ്തിട്ടില്ല.
കേരളത്തിന്റെ ആരോഗ്യരംഗത്ത് കഴിഞ്ഞ കുറച്ചുവർഷങ്ങളായി വന്നിട്ടുള്ള സിസ്റ്റമാറ്റിക് പുരോഗതി കാര്യമായി മീഡിയ റിപ്പോർട്ട് ചെയ്തിട്ടില്ല.

കേരളത്തിന്റെ ആരോഗ്യരംഗത്ത് കഴിഞ്ഞ കുറച്ചുവർഷങ്ങളായി വന്നിട്ടുള്ള സിസ്റ്റമാറ്റിക് പുരോഗതി കാര്യമായി മീഡിയ റിപ്പോർട്ട് ചെയ്തിട്ടില്ല. അഥവാ അപൂർവ്വം അവസരങ്ങളിൽ അത് ചെയ്യേണ്ടിവന്നപ്പോൾ തന്നെ അത് ചില വ്യക്തികളുടെ അക്കൗണ്ടിലിടാനാണ് ശ്രമിച്ചിട്ടുള്ളത്. നമ്മുടെ സംസ്ഥാനം കാലങ്ങളായി ആർജിച്ചിട്ടുള്ള പൊതുജനാരോഗ്യരംഗത്തെ മികവ് അടിസ്ഥാനരഹിതമാണ് എന്ന് പറഞ്ഞു വയ്ക്കുന്നതിലൂടെ, ശക്തമായ രാഷ്ട്രീയ സാമ്പത്തിക സന്ദേശങ്ങളാണ് പൊതുമാധ്യമങ്ങൾ സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്നത്.

Comments