ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് എല്ലാ ഭാഷകളിലും ചൊല്ലുള്ള നാടാണ് നമ്മുടേത്. രാജ്യവികസനത്തിൻ്റെ എഞ്ചിൻ്റെ ഒരു ചാലക ശക്തി ജനങ്ങളുടെ ആരോഗ്യമാണെന്ന് സർക്കാറിൻ്റെ പ്രധാന പദ്ധതി രേഖകളിൽ എഴുതപ്പെട്ടിട്ടുമുണ്ട്. അങ്ങനെയുള്ള ഇന്ത്യാ രാജ്യത്തിലെ ഈ വർഷത്തെ ബജറ്റിലെ ആരോഗ്യനീക്കിയിരുപ്പുകൾ എന്തൊക്കെ, എങ്ങനെയൊക്കെയാണെന്ന് ഇഴകീറിനോക്കുമ്പോൾ തെളിഞ്ഞുവരുന്ന ചിത്രങ്ങൾ എന്താണെന്ന് പരിശോധിക്കാം.
ആരോഗ്യമേഖലക്ക് അനുവദിച്ച 1,03,851 കോടി രൂപ കഴിഞ്ഞ വർഷത്തേക്കാൾ 9180 കോടി രൂപ കൂടുതലാണെങ്കിലും നിലവിലുള്ള നാണയ പെരുപ്പതോതുമായി ചേർത്തുവെക്കുമ്പോൾ 3.04% വർധന മാത്രമേ ആകുന്നുള്ളൂ എന്നു കാണാം. ഇന്ത്യയുടെ മൊത്തം GDP-യുടെ 0.29% മാണ് ആരോഗ്യത്തിനു നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷം 0.37% ആയിരുന്നു. അതായത് GDP അനുപാതത്തിൽ 0.8% കുറവാണ്.

കഴിഞ്ഞവർഷം മൊത്തം ബജറ്റ് തുകയുടെ 2.26%- മാണ് ആരോഗ്യവിഹിതമെങ്കിൽ ഈ വർഷം 2.05 %-മായി കുറഞ്ഞിട്ടുമുണ്ട്. പാൻഡമിക്കിനുശേഷമുള്ള വർഷങ്ങളിൽ ഇത് കൂടുകയാണ് വേണ്ടത്.
സർക്കാർ- സ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതികൾക്ക് പ്രോത്സാഹനം നൽകി വികസന എഞ്ചിനെ മുന്നോട്ട് കൊണ്ടുപോകുന്നു എന്ന് അവകാശപ്പെടുമ്പോൾ തന്നെ സർക്കാർ മേഖലയിലെ ചില സാമൂഹ്യ സേവന പദ്ധതികൾക്ക് ബജറ്റിൽ മുറിവേറ്റിട്ടുമുണ്ട്. ചികിത്സാ ഇൻഷൂറൻസ് പദ്ധതിയായ പ്രധാൻമന്ത്രി ജന ആരോഗ്യ യോജനയ്ക്ക് (PMJY) 30 ശതമാനത്തിനടുത്ത് വർധന നൽകി. ‘മിസ്സിങ്ങ് മിഡിൽ ക്ലാസിനേയും ചേർത്ത്’ കൂടുതൽ വികസിപ്പിക്കുമ്പോൾ തന്നെ രാജ്യത്താകെ ആരോഗ്യ സേവനങ്ങൾ നൽകുന്ന ദേശീയ ആരോഗ്യമിഷന് (NHM) നാല് ശതമാനത്തിൽ താഴെ വർദ്ധനവേയുള്ളൂ.
വിദേശ ഇൻഷൂറൻസ് കമ്പനികളുടെ നിക്ഷേപം 75%- ത്തിൽ നിന്ന് 100 ശതമാനമാക്കി വർധിപ്പിച്ചതും ബ്ലാക്ക് സ്റ്റോൺ പോലെയുള്ള കോർപ്പറേറ്റ് ധനകാര്യ സ്ഥാപനങ്ങൾ കേരളത്തിലെ വൻകിട ആശുപത്രികളായ ബി.എം.എച്ച്, ആസ്റ്റർ മിമ്സ്, കിംസ് തുടങ്ങിയവയുടെ ഓഹരികൾ കൈക്കലാക്കിയതും ആരോഗ്യ മേഖലയിലെ സ്വകാര്യവത്ക്കരണവും ഇൻഷൂറൻസുമായി കൂട്ടിവായിക്കണം.
ദേശീയ ആരോഗ്യമിഷൻ സാമ്പത്തികമായി മെലിയുന്നതോടെ സാധരണക്കാരുടെ ആശ്രയമായ പ്രാഥമിക, ദ്വീതിയ ആരോഗ്യകേന്ദ്രങ്ങളുടെ വികസനം മുരടിക്കുകയും അവയിലൂടെ നൽകി വരുന്ന മാതൃശിശുസംരക്ഷണ പ്രവർത്തനങ്ങൾ, പകർച്ചവ്യാധി- രോഗനിയന്ത്രണ സംവിധാനങ്ങൾ, പ്രതിരോധ ഔഷധവിതരണം പോലുള്ള ആരോഗ്യ സേവനങ്ങൾ എന്നിവ ബുദ്ധിമുട്ടിലാകും.

ഒരു കോടിക്കടുത്തുവരുന്ന ആമസോൺ, സ്വിഗ്ഗി സൊമാറ്റോ, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികളിലെ അസംഘടിത ഗിഗ് തൊഴിലാളികൾക്ക് ഐഡൻൻ്ററി കാർഡ് വിതരണം ചെയ്ത്, ‘ഇ - ശ്രമ’ പോർട്ടലിൽ ചേർത്ത് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ കൊണ്ടുവരുന്നത് നല്ല ക്ഷേമകാര്യം തന്നെ. പക്ഷെ ഇതിനു കീഴിലുള്ള സേവനം ഐ.പി ചികിത്സക്കു മാത്രമേയുള്ളൂ എന്നും ഒ.പി ചികിത്സയ്ക്ക് പണം നൽകേണ്ടിവരുമെന്നും ബി.പി.എൽ കുടുംബങ്ങളിൽ നിന്നുവരുന്ന ഇവരിൽ മിക്കവരും PMJY പദ്ധതിയിൽ നേരത്തെ എൻറോൾ ചെയ്യപ്പെട്ടവരായിരിക്കുമെന്നതും ഓർക്കുന്നത് നന്ന്.
പുതിയ രോഗാണുക്കളെ നേരിടാനുള്ള വൈദ്യഗവേ ഷണത്തിനായുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന് 18% ലധികം വർദ്ധന നൽകുമ്പോൾ തന്നെ ആയുഷ് വിഭാഗത്തിനും കഴിഞ്ഞ വർഷത്തേക്കാൾ 7.5% തുക വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ ഔഷധഫലത്തിൻ്റെയോ ശാസ്ത്രീയതകളുടെയോ തെളിവുകൾ ഇപ്പോൾ ആരും അന്വേഷിക്കാറില്ല.
സ്വകാര്യ മേഖലക്ക് മുൻഗണനയുള്ള ഡിജിറ്റൽ ഹെൽത്തിന് ബജറ്റിൽ കൂടുതൽ പണം നൽകുമ്പോൾ ആരോഗ്യ മേഖലയിലെ അടിസ്ഥാന പ്രവർത്തകരായ ആശ വർക്കർമാരായ സ്ത്രീകൾക്ക് ചില്ലി കാശും പോലും ബജറ്റിൽ നീക്കിവെച്ചിട്ടില്ല. ലക്ഷക്കണക്കിനുള്ള ഇവരുടെ ക്ഷേമത്തിനായി ഒരു ‘ഔഷധ’വും ബജറ്റിലില്ല.
‘Heal in India’ ടാഗ് ചെയ്ത്, സ്വകാര്യ ആശുപത്രികൾക്ക് പിന്തുണ നൽകി, മെഡിക്കൽ ടൂറിസത്തിലൂടെ ഇന്ത്യയെ ഗ്ലോബൽ ഹെൽത്ത് കെയറിൻ്റെ ഹബ് ആക്കാൻ നീക്കം നടക്കുമ്പോൾ, ഇതിന് ഫണ്ട് അനുവദിച്ചു കാണുന്നില്ല.

ഇപ്പോൾ സ്പെഷലിസ്റ്റ് ആശുപത്രികളിൽ മാത്രം ലഭ്യമായിരുന്ന കാൻസർ ചികിത്സക്കായി ജില്ലാ ആശുപത്രികളിൽ കാൻസർ ഡേ കെയർ സെൻ്ററുകൾ സ്ഥാപിക്കാനും മൂന്ന് വർഷങ്ങൾക്കകം ഇവ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് പിന്തുണ നൽകുന്നത് നല്ല കാര്യം. പക്ഷെ കാൻസർ നേരത്തെ കണ്ടെത്താൻ സർക്കാർ നേതൃത്വത്തിൽ റഗുലർ സ്ക്രീനിംങ് സമ്പ്രദായം ഇതുവരെ നടപ്പിലാകാത്ത രാജ്യമായി ഇന്ത്യ തുടരുന്നത് നല്ല തല്ല. (ഉദാ: സ്തന കാൻസർ, ഗർഭാശയ ഗള കാൻസറുകൾ.)
കാൻസർ അടക്കം ചില അപൂർവ രോഗങ്ങൾക്കുള്ള വില കൂടിയ 36 ഔഷധങ്ങൾക്ക് 15% കസ്റ്റംസ് ഡ്യൂട്ടി ഇളവ് നൽകുന്നത് നല്ലതു തന്നെ. പക്ഷെ, ഈ ഇളവ് കിട്ടിയാലും ഔഷധങ്ങളുടെ വില നിർമ്മാണ കമ്പനികൾക്ക് നിശ്ചയിക്കാനും ലാഭം കൂട്ടി വിൽക്കാനും പറ്റുന്ന ഔഷധ വിലനിയന്ത്രണ നിയമ / സാഹചര്യമാണ് ഇന്ത്യയിൽ ഇപ്പോഴുള്ളത്. ഉദാഹരണത്തിന് സ്പൈനൽ മസ്കുലാർ അട്രോഫി (Spinal muscular atrophy -SMA) എന്ന അപൂർവ്വ രോഗത്തിനുപയോഗിക്കുന്ന സ്വിസ് കമ്പനിയായ റോഷ്ന് 2035 വരെ പേറ്റൻ്റുള്ള റിസ്ഡിപാം (Risdiplam) എന്ന മരുന്നിന് ഒരു മാസം ചികിത്സിക്കാനായി ആറു ലക്ഷം രൂപ വേണ്ടി വരുമ്പോൾ ഒരു വർഷത്തേക്ക് വേണ്ടിവരുന്നത് 72 ലക്ഷം രൂപയാണ്. ഇതിൻ്റെ കസ്റ്റംസ് തീരുവ ഒഴിവാക്കിയാൽ 61 ലക്ഷമാകും. ഇതും ആളുകൾക്ക് താങ്ങാൻ വിഷമമാണ്. പക്ഷെ അതിൻ്റെ നിർമ്മാണ ചെലവ് കണക്കാക്കി ഇന്ത്യയിൽ ജെനറിക്ക് ആയി നിർമ്മിക്കുകയാണെങ്കിൽ 3,024 രൂപയേ വരികയുള്ളൂ. ഇതിന് സർക്കാർ നിർബന്ധിത ലൈസൻസിങ് നിയമം- Compulsory licensing- നടപ്പാക്കണം. ഒപ്പം, ഇപ്പോഴുള്ള മാർക്കറ്റ് അടിസ്ഥാനത്തിലുള്ള വിലനിർണ്ണയരീതി മാറ്റി കോസ്റ്റ് ബേസ്ഡ് ആയ വിലനിർണ്ണയരീതി കൊണ്ടുവരണം. ഇതിന് ഭരണതലത്തിൽ നയപരമായ തീരുമാനം വേണം.
ഇന്ത്യയിൽ പ്രായമായവരുടെ എണ്ണം വർധിക്കുകയാണ്. ഭാവിയിൽ ഡോക്ടർമാരുടെ എണ്ണവും ഇതിനാനുപാതികമായി വർധിപ്പിക്കേണ്ടിവരും. അടുത്ത അഞ്ചു കൊല്ലത്തിനുള്ളിൽ 75,000 MBBS സീറ്റുകളായി ഉയർത്തുന്നതിൻ്റെ ഭാഗമായി ഈ വർഷം 10,000 സീറ്റുകൾ വർധിപ്പിക്കുന്നതായി ബജറ്റിലുണ്ട്. ഇത് സർക്കാർ മേഖലയിലാണോ സ്വകാര്യ മേഖലയിലാണോ എന്ന് പറഞ്ഞിട്ടില്ല. എയിംസ് പോലെയുള്ള ഉന്നത മെഡിക്കൽ കോളേജുകൾ തുടങ്ങാൻ ഫണ്ട് നൽകിവരുന്ന പ്രധാൻമന്ത്രി സ്വസ്ഥ ഭാരത് പദ്ധതിക്ക് ഇത്തവണ ഫണ്ട് നീക്കി വെച്ചിട്ടില്ല. ഡോക്ടർമാർക്കുപുറമേ ആരോഗ്യ മേഖലക്ക് വേണ്ട നേഴ്സുമാർ, പാരാമെഡിക്കൽ ജോലിക്കാർ ഇവരെപ്പറ്റി ഒന്നും രേഖയിലില്ല.
മഞ്ഞ പെയിൻ്റ് ചെയ്ത് വേഷം മാറി ആയുഷ്മാൻ ഭാരത് ‘ആരോഗ്യ മന്ദിറു’കളായി മാറിയ ബ്രാൻഡ് ചെയ്യപ്പെട്ട പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കോ, ഹെൽത്ത് ആന്റ് വെൽനെസ് സെൻ്ററുകൾക്കോ ഇത്തവണ വലിയ ശ്രദ്ധ കിട്ടിയില്ല എങ്കിലും ആരോഗ്യ മന്ദിറുകൾക്ക് ‘ഭാരത് നെറ്റ്’ വക ഇൻ്റർനെറ്റ് സേവനങ്ങൾ നൽകാൻ തുക മാറ്റി വെച്ചത് ടെലി മെഡിസിനും ആരോഗ്യവിവര വിനിമയത്തിനും നല്ലതാണ്.
നരേന്ദ്ര മോദി സർക്കാർ വികസിത ഭാരതത്തിൻ്റെ വികസനത്തിനുള്ള മൂന്നാമത്തെ തത്വമായി അടയാളപ്പെടുത്തുന്നത്, ‘സമഗ്ര ആരോഗ്യ സേവനങ്ങളാ’ണ്. എന്നാൽ, രോഗനിയന്ത്രണ പ്രവർത്തനങ്ങളെ അവഗണിച്ച്, ആരോഗ്യത്തിൻ്റെ ബജറ്റ് വിഹിതത്തിൽ രോഗചികിത്സയ്ക്ക് മാത്രം ഊന്നൽ കൊടുക്കുന്നതായി വിമർശനമുണ്ട്.

ആരോഗ്യത്തിൻ്റെ നിർണ്ണയ ഘടകങ്ങളായ കുടിവെള്ളം, കൃഷി, ഭക്ഷ്യസുരക്ഷ, വനിതാവികസനം, സാമൂഹ്യക്ഷേമം ഇവ കൂടി ആരോഗ്യത്തോട് ചേർത്ത് പരിശോധിക്കേണ്ടതുണ്ട്. കുടിവെള്ളവിതരണ പദ്ധതിയായ ജലജീവൻ മിഷൻ്റെ പ്രവർത്തനം 2028 വരെ നീട്ടിയതും 67,000 കോടി രൂപ അനുവദിച്ചതും ഗുണകരമാണെങ്കിലും ഗ്രാമീണ വികസനത്തിനുള്ള ഫണ്ട് ഇത്തവണ 5.24% കുറവാണുള്ളത്.
ശിശു- വനിത വികസന മന്ത്രാലയത്തിനും ഫണ്ടിൽ 3%- ത്തിൻ്റെ കുറവാണ്. ഒപ്പം, ICDS-ന്റെ കീഴിലുള്ള അംഗൻവാടികൾക്ക് ചെറിയ വർദ്ധനവ് മാത്രമേ ഉള്ളൂ. നാണയപെരുപ്പനിരക്കും അംഗൻവാടി വർക്കർമാർക്ക് സർക്കാർ മുമ്പ് പ്രഖ്യാപിച്ച വേതന വർദ്ധനവും കണക്കാക്കിയാൽ ഈ വർദ്ധനവ് മറ്റ് സേവന പ്രവർത്തനങ്ങൾക്ക് തികയില്ല. അംഗൻവാടികളിലൂടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി യുടെ ടാഗ് ചേർത്ത (പോഷൺ 2) കുട്ടികളുടേയും സ്ത്രീകളുടേയും പോഷകാഹാര പരിപാടികൾക്ക് കഴിഞ്ഞ വർഷത്തേക്കാൾ 2.7% കുറവാണ് തുക അനുവദിച്ചിട്ടുള്ളത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ചെറിയ തുക വർധിപ്പിച്ചപ്പോൾ ഭക്ഷ്യസുരക്ഷാ പദ്ധതിയ്ക്കുകീഴിലുള്ള പൊതുവിതരണ പദ്ധതിക്കും, ഭക്ഷ്യ സബ്സിഡിക്കും കഴിഞ്ഞ വർഷത്തിൽ നിന്ന് വർദ്ധനവില്ല. ഇത് ആരോഗ്യമേഖലയെ കൂടി ബാധിക്കും. പ്രോട്ടീൻ അഭാവം ജനങ്ങളിൽ കൂടിവരുമ്പോഴും പൊതുവിതരണത്തിൽ ഇത്തവണയും പയറുകളോ എണ്ണ വിഭവങ്ങളോ ഉൾപ്പെടുത്താൻ ഫണ്ട് നൽകിയിട്ടില്ല.
ജീവിതച്ചെലവ് കൂടിയിട്ടും ഗ്രാമങ്ങളിലെ ദാരിദ്ര്യ നിർമ്മാർജനവുമായി ബന്ധപ്പെട്ട തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കഴിഞ്ഞ വർഷത്തിലെ തുകയായ 86,000 കോടിയിൽ കുടുങ്ങിക്കിടക്കുകയാണ്.
എനർജി സെക്ടറിൽ 0.14% ൻ്റെ ചെറിയ വർദ്ധനവുണ്ട്.
കാർഷിക മേഖലയിൽ ഫണ്ട് കുറവിനോടൊപ്പം വിളനാശത്തിന് കാർഷിക വിളകൾക്ക് നൽകിവരുന്ന ഇൻഷൂറൻസ് പദ്ധതിയായ ഫസൽ ബീമാ യോജനക്ക് 300 കോടിയുടെ കുറവുണ്ട്. ഒപ്പം കർഷകർക്കുള്ള വള സബ്സിഡിയിൽ ആറിലൊന്നിൻ്റെ കുറവുണ്ട്. ഉത്തരേന്ത്യയിൽ തുടരുന്ന കർഷക സമരത്തിൻ്റെ വെളിച്ചത്തിൽ ഈ ഭാഗം പ്രത്യേക ശ്രദ്ധയർഹിക്കുന്നു.
കാർഷിക ഗവേഷണത്തിനും വിദ്യാഭ്യാസത്തിനും 26 കോടി രൂപ മാത്രം നീക്കിവെച്ച ബജറ്റിൽ ജൈവകൃഷിയുടെ വിഹിതം 30 കോടിയിൽ നിന്ന് 616 കോടിയായി ഉയർത്തിയത് അയൽരാജ്യമായ ശ്രീലങ്കയിൽ നിന്ന് ഇന്ത്യ പാഠം പഠിച്ചില്ല എന്നതിന്റെ സൂചനയാണോ? രാജ്യത്തെ ‘ഫുഡ് ബാസ്കറ്റ്" ആയി മാറ്റിയെടുക്കാനായി, സ്വകാര്യ മേഖലയിലെ ഫുഡ് പ്രൊസസിങ്ങ് വ്യവസായത്തിനുള്ള തുക ഇരട്ടി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട മൃഗസംരക്ഷണം, മത്സ്യമേഖല എന്നിവയ്ക്ക് പ്രാധാന്യം നൽകാതെ ഫ്രോസൻ മത്സ്യവിഭവങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 25% കുറച്ചിട്ടുമുണ്ട്.
ചെലവ് ചുരുക്കാൻ സോഷ്യൽ സെക്ടറിലെ പല പദ്ധതികളുടെയും ‘ടാർജറ്റ് കട്ട്’ ചെയ്തു എന്നതാണ് ഇത്തവണ ബജറ്റിലെ ശരി.
ഇന്ത്യയിൽ ആദായനികുതി കൊടുക്കുന്ന ആകെയുള്ള 8% പേരിൽ പകുതിവരുന്ന മധ്യവർഗ്ഗക്കാരുടെ ടാക്സ് പരിധി ഉയർത്തി ഇളവു നൽകി, ആ പണം ചെലവാക്കി, ഉപഭോഗം കൂട്ടി രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്ന സാമ്പത്തിക സമവാക്യം പ്രചരിപ്പിച്ച് ആഘോഷത്തോടെ പ്രഖ്യാപിക്കപ്പെട്ട ഈ ബജറ്റ് സാധാരണക്കാർക്കായി ആരോഗ്യത്തിൻ്റെ ഇലയിൽ അത്ര രുചികരമായ വിഭവങ്ങളൊന്നും വിളമ്പുന്നില്ല എന്നതാണ് സത്യം.
(ഈ ലേഖനത്തിലെ അഭിപ്രായം വ്യക്തിപരമാണ്.)