ഇന്ത്യയിലെ ആരോഗ്യമുള്ള ചെറുപ്പക്കാർക്കിടയിൽ കഴിഞ്ഞ വർഷങ്ങളിൽ സംഭവിച്ച പെട്ടെന്നുണ്ടാകുന്ന മരണങ്ങളെ കോവിഡ് രോഗമോ കോവിഡ് വാക്സിനോ ആയി ബന്ധപ്പെടുത്തി ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കി തുടർച്ചയായി മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുന്നുണ്ട്. ഇതിന്റെ മറ്റൊരു പതിപ്പായി, കോവിസ് വാക്സിൻ എടുത്തവരിൽ ഹൃദയാഘാതം കൂടുന്നതിനാൽ ആശുപത്രിയിൽ വന്ന് ‘ഡി ഡൈമർ’ പരിശോധിക്കണം എന്ന വ്യാജസന്ദേശങ്ങൾ മലയാളത്തിലും വാട്സ്ആപ്പിൽ പല തവണ വന്നുപോയിട്ടുണ്ടാകും. ഇതിൻ്റെ നിജസ്ഥിതി അറിയാൻ കേന്ദ്ര സർക്കാറിൻ്റെ കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ഐ.സി.എം.ആർ) നേതൃത്വത്തിൽ ഒരു രാജ്യാന്തര പഠനം നടത്തി, ഈ മരണങ്ങളെ കോവിഡ് വാക്സിനുകളുമായി ബന്ധപ്പെടുത്താൻ തെളിവുകൾ ലഭ്യമല്ലെന്ന നിഗമനങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. മാത്രമല്ല, പകരം, രണ്ട് ഡോസ് കോവിഡ് വാക്സിൻ എല്ലാ മരണങ്ങളും കുറക്കുമെന്നാണ് റിപ്പോർട്ടിലുള്ളത്.
ഈ പഠനറിപ്പോർട്ട് ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ 2023 ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഗവേഷണ റിപ്പോർട്ടിന്റെ ക്രിട്ടിക്കൽ റീഡിങ്ങ് ആണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.
റിപ്പോർട്ട് പുറത്തുവന്നശേഷം, ഈ പഠനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാധൂകരിക്കും വിധത്തിൽ തന്നെയാണോ ഗവേഷകർ രൂപകല്പനയും രീതിശാ സ്ത്രവും നിഗമനങ്ങളും നടത്തിയിട്ടുള്ളത് എന്ന സംശയം പലരും ഉയർത്തിയിട്ടുണ്ട്.
ഐ സി.എം.ആറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ‘സഡൻ ഡെത്ത് സ്റ്റഡി ഗ്രൂപ്പി’ൽ ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ 47- ഓളം ത്രിതല ആശുപത്രികളിലെ വിദഗ്ധസംഘം ഡോക്ടർമാർ അവിടങ്ങളിലെ ലഭ്യമായ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇതിൽ ചെറുപ്പക്കാരിലെ മരണങ്ങളും കോവിഡ് വാക്സിനേഷനും തമ്മിലുള്ള ബന്ധം നോക്കാനായി ഗവേഷണത്തിന് സ്വീകരിച്ച രൂപകല്പന, കേസ് കൺട്രോൾ ( case control design) ഡിസൈൻ ആണ്.
മരണങ്ങൾ മുമ്പ് സംഭവിച്ചു കഴിഞ്ഞതിനാൽ കാര്യകാരണ ബന്ധങ്ങൾ ശരിയായി തെളിയിക്കാൻ തെരഞ്ഞെടുക്കേണ്ടത് റിട്രോസ്പെക്ടീവ് കോഹോർട്ട് ഡിസൈൻ (Retrospective cohort) ആയിരുന്നു. ഇതുപ്രകാരം രണ്ടുവർഷം മുമ്പേ കോവിഡ് വാക്സിൻ സ്വീകരിച്ച ചെറുപ്പക്കാരുടെ വിവരങ്ങൾ ശേഖരിച്ച് അവരുടെ രോഗവിവരങ്ങൾ, ആശുപത്രിവാസം, മരണവിവരങ്ങൾ എന്നിവയും സമാനമായി വാക്സിൻ എടുക്കാത്ത ചെറുപ്പക്കാരിലെ ഇതേ വിവരങ്ങളും ഫോളോഅപ്പ് ചെയ്ത് ശേഖരിച്ച് താരതമ്യം പഠനം നടത്താമായിരുന്നു.
എല്ലാ സംസ്ഥാനങ്ങളിലേയും കോവിഡ് പരിശോധനാവിവരങ്ങൾ, ആശുപത്രിവാസം, മരണങ്ങൾ, വാക്സിനേഷൻ നൽകിയ കോവിൻ ആപ്പിലെ വിവരങ്ങൾ എന്നിവ അപ് ലോഡ് ചെയ്ത് ശേഖരിച്ച ഡാറ്റാസഞ്ചയം ഐ.സി.എം.ആറിന്റെ കസ്റ്റഡിയിൽ ലഭ്യമാണ്. ഗൗരവകരമായ ഈ വിഷയത്തിൽ ശാസ്ത്രീയസാധ്യതകൾ മുഴുവനുണ്ടായിട്ടും സമയലാഭത്തിനും, എളുപ്പത്തിനും ഉറപ്പില്ലാത്ത നിഗമനങ്ങളിലേക്ക് നയിക്കുന്ന കേസ് കൺട്രോൾ ഡിസൈൻ ആണ് ഈ പഠനത്തിൽ ഉപയോഗിച്ചത്. ഇഫക്ട് /ഫലം ഉണ്ടായശേഷം പിന്നോട്ട് തിരിഞ്ഞുനോക്കി കാരണങ്ങൾ അന്വേഷിക്കുന്ന രീതിയാണിത്.
പഠനം നടത്തിയ സമയം 2023 മാർച്ച് തൊട്ട് ആഗസ്റ്റ് വരെ നാല് മാസം ഇടവേളയിലാണ്. പഠനത്തിന് വിഷയമായ കേസുകളായി, 2021 ഒക്ടോബർ ഒന്ന് തൊട്ട് 2023 മാർച്ച് 31 വരെ വിവിധ സംസ്ഥാനങ്ങളിൽ ആശുപത്രികളിൽ പെട്ടെന്ന് മരണം സംഭവിച്ച ചെറുപ്പക്കാരെയാണ് പരിഗണിച്ചത്. ഇതുപ്രകാരം പഠനയോഗ്യത പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ട 24,398 കേസുകളിൽ 729 എണ്ണം മാത്രമാണ് ഈ പഠനത്തിനായി പരിഗണിച്ചത്. ഇതിന്റെ സെലക്ഷൻ ഒഴിവാക്കൽ മാനദണ്ഡങ്ങൾ എന്തായിരുന്നുവെന്ന് ഈ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടില്ല. സെലക്ഷൻ ബയസ് ഇല്ല എന്ന് സ്ഥാപിക്കാൻ ഇത് വേണ്ടതുണ്ട്.
കേസുകൾ അതുവരെ ആരോഗ്യമുള്ള, 18 നും 45 നും ഇടക്ക് പ്രായമുള്ള, ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനുശേഷമോ / രോഗലക്ഷണങ്ങൾ ഉണ്ടായതിനുശേഷം വീടുകളിലോ, 24 മണിക്കൂറിനുള്ളിൽ മരണകാരണം വ്യക്തമാകാതെ പെട്ടെന്ന് മരിച്ച ചെറുപ്പക്കാരാണ്. താരതമ്യത്തിനായി കൺട്രോളുകളെ തിരഞ്ഞെടുത്തത് മരിച്ച കേസുകളുടെ ലിംഗം, പ്രായം എന്നിവ അനുസരിച്ച് അവരുടെ അയൽപക്കത്ത് താമസിക്കുന്നതും ഇപ്പോൾ ജീവിച്ചിരിക്കുന്നതുമായ അതേ ലിംഗത്തിലുള്ള, അഞ്ച് വയസ്സിൽ കുറയാതെ പ്രായവ്യത്യാസമുള്ള വരെയാണ്. ഇതിൽ കേസുകളിലോ, കൺടോൾ ഗ്രൂപ്പിലോ സ്ത്രീകളും പുരുഷന്മാരും എത്രയെന്നോ, പ്രായം തരംതിരിച്ചോ ഇവരിലെ അനുപാതമോ റിപ്പോർട്ടിൽ ഒരിടത്തും നൽകിയിട്ടില്ല.
രോഗങ്ങളും മരണകാരണങ്ങളും പ്രായ, ലിംഗ വ്യത്യാസമനുസരിച്ച് മാറാവുന്നതായതിനാൽ ഈ വിവരങ്ങൾ നൽകേണ്ടത് ഇത്തരം പഠനങ്ങളിലെ പ്രാഥമിക പാഠമാണ്. പോരാതെ, പ്രായം കൂടുന്നതിനനുസരിച്ചാണ് കോവിഡ് രോഗികളിലെ മരണങ്ങളും ഉണ്ടാകുന്നത്. മരിച്ച കേസുകളുടെ വിവരങ്ങൾ ആശുപത്രി കേസ് റിക്കാർഡുകളിൽ നിന്നും ബന്ധുക്കളിൽ നിന്നും കൺട്രോളുകളുടെ വിവരങ്ങൾ അവരിൽ നിന്ന് നേരിട്ടുമാണ് ശേഖരിച്ചത്.
ഇവരുടെ പുകയില ഉപയോഗം, മദ്യ ഉപയോഗം, മയക്കുമരുന്നുപയോഗം, അമിത വ്യായാമം, ഇവയുടെ ശീലം, മരണത്തിന് 48 മണിക്കൂർ മുന്നേ ഇവയുടെ ഉപയോഗം / പ്രയോഗം എന്നിവ ശേഖരിച്ചിട്ടുണ്ട്. രണ്ടുകൊല്ലം മുമ്പ് മരിച്ചവരുടെ ബന്ധുക്കളിൽ നിന്ന് ശേഖരിച്ച ഈ വിവരങ്ങൾ പലപ്പോഴും അപൂർണമാകാം. മറിച്ച് കൺട്രോൾ ഗ്രൂപ്പിൽ നേരിട്ട് ശേഖരിക്കപ്പെട്ടതുമാണ്. അതിനാൽ ഇൻഫോർമേഷൻ ബയസ് ഉണ്ടാകാം. കൺട്രോൾ ഗ്രൂപ്പിലെ ആളുകൾ സ്വമേധയാ സമ്മതത്തോടെ തെരഞ്ഞെടുക്കപ്പെട്ടവരായതിനാൽ ഇത്തരം ദുശ്ശീലങ്ങളുള്ളവരും രോഗികളും പഠനത്തിൽ നിന്ന് മാറിനിൽക്കാനും സാധ്യതയുണ്ട്.
ഇതുപ്രകാരം കേസുകളിലും കൺട്രോളുകളിലും റിസ്ക്കുകളുടെ നിരക്കുകൾ (ശതമാനം):
പുകവലി 27:19, മദ്യപാനം 27:13, അമിതവ്യായാമം 18:17, മരണത്തിന് 48 മണിക്കൂർ മുമ്പ് 7:1 എന്നീ റേഷ്യോയിലാണ്.
പുകവലി, മദ്യപാനം, അമിത വ്യായാമം ഇവ ആളുകളിൽ പെട്ടെന്നുണ്ടാകുന്ന മരണങ്ങൾക്ക് കാരണമാകുന്നതാണെന്ന് കോവിഡ് രോഗത്തിനും മുമ്പേ തെളിയിക്കപ്പെട്ട ഘടകങ്ങളാണ്. ഈ ഘടകങ്ങൾ കോവിഡ് രോഗികളിലും മരണം കൂട്ടാവുന്ന കൺഫൗണ്ടിങ്ങ് ഫാക്ടറുകളാണ്. അതിനാൽ ഈ ഘടകങ്ങളെ രണ്ട് ഗ്രൂപ്പിലും ഒഴിവാക്കിയോ, ഒരേ തോതിൽ ബാലൻസ് ചെയ്ത് മാച്ചിങ്ങ് ആയി എടുത്തോ സെലക്ഷൻ നടത്തണം. അല്ലെങ്കിൽ ഫലം നോക്കുമ്പോൾ വെവ്വേറെ കാറ്റഗറൈസ് ചെയ്തോ അനലൈസ് നടത്തണം. ഇല്ലെങ്കിൽ ലഭിക്കുന്ന ഫലത്തിന് ശാസ്ത്രീയമായി സ്വീകാര്യത കുറയും.
ഇവരിലെ അനുബന്ധ രോഗങ്ങൾ, ബന്ധുക്കളിൽ പെട്ടെന്നുണ്ടായിട്ടുള്ള മരണവിവരങ്ങൾ (10:4) എന്നിവ ശേഖരിച്ചിട്ടുണ്ട്. മരിച്ചവരിലെ പല അനുബന്ധ രോഗങ്ങളും അടുത്ത ബന്ധുക്കൾ അറിഞ്ഞിരിക്കണമെന്നില്ല. അടുത്ത ബന്ധുക്കളിൽ ആകസ്മിക മരണമുണ്ടായവരിൽ പാരമ്പര്യ സാധ്യതകൾ കൊണ്ടുതന്നെ ഇത്തരം മരണങ്ങൾക്ക് സാധ്യത കൂടുതലുണ്ട്. മരിച്ച കേസുകളുടെ ബന്ധുക്കൾ ഇത് കൂടുതൽ ഓർത്ത് വെച്ച് പറയുകയും ചെയ്യും. (റീ കാൾ ബയസ്).
മരണത്തിന്റെ കാരണങ്ങളും അനുബന്ധ കാര്യങ്ങളും വിശകലനം ചെയ്തത് ബന്ധുക്കളിൽ നടത്തിയ "വെർബൽ ഓട്ടോപ്സി" വഴിയാണ്. സാധാരണ ത്രിതല ആശുപത്രികളിൽ ഇങ്ങനെ സംഭവിക്കുന്ന എല്ലാ മരണങ്ങളും ഡെത്ത് ഓഡിറ്റ് നടത്തിയും രോഗലക്ഷണങ്ങളും ശേഖരിക്കപ്പെട്ട രക്ത - സ്രവ സാമ്പിളുകളും പരിശോധിച്ചും പിന്നീട് ശരിയായ മരണകാരണങ്ങൾ കണ്ടെത്താറുണ്ട്. ഈ പഠനത്തിൽ ആശുപത്രികളിൽ ലഭ്യമാകുന്ന മരണ കാരണം കണ്ടെത്താവുന്ന ഇത്തരം വിവരങ്ങൾ ശേഖരിച്ചതായി കാണുന്നില്ല.
കൂടാതെ, കേസുകളുടെ മരണം സംഭവിച്ച കോവിഡ് കാലത്ത് എല്ലാ മരണങ്ങളും ഓഡിറ്റ് ചെയ്യണമെന്ന് സർക്കാർ നിർദ്ദേശമുണ്ടായിരുന്നു. മരിച്ചവരുടെ ആശ്രിതർക്ക് സാമ്പത്തിക സഹായം കിട്ടാൻ ഈ രീതി നിർബ്ബന്ധവുമായിരുന്നു. എന്നിട്ടും വിവരശേഖരണത്തിന് അത്ര കൃത്യതയില്ലാത്ത വെർബൽ ഓട്ടോപ്സി രീതിയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. രാജ്യത്ത് താരത്യമേന ഏറ്റവും നന്നായി കോവിഡ് മരണവിവരങ്ങൾ ഡോക്യുമെന്റ് ചെയ്യപ്പെട്ട കേരളത്തിലെ ഒരു ആശുപത്രിയും ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
പഠനത്തിൽ, രണ്ട് വിഭാഗങ്ങളിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ച വിവരങ്ങളും മുൻപ് കോവിഡ് ബാധയോ അതുമൂലം ആശുപത്രിവാസമോ ഉണ്ടായ വിവരങ്ങളും ശേഖരിച്ചിരുന്നു - ഇതുപ്രകാരം, മരിച്ചവരിൽ 87% വും കൺട്രോൾ ഗ്രൂപ്പിൽ 81% വും ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തിട്ടുണ്ട്.
വാക്സിൻ മൂലം ആളുകൾ മരിക്കുന്നുണ്ടോ എന്നറിയാനുള്ള ലക്ഷ്യത്തോടെ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടിൽ പ്രധാനമായും ജനങ്ങൾക്ക് കോവീഷീൽഡ്, കോവാക്സിൻ എന്നീ രണ്ടുതരം വാക്സിനുകൾ നൽകിയിട്ടും ഏത് വാക്സിനാണ് എടുത്തതെന്ന് തരം തിരിച്ച് വെളിപ്പെടുത്തിയിട്ടില്ല. നൽകപ്പെട്ട വിവരങ്ങൾ പ്രകാരം മരിച്ചവരിൽ രണ്ടു ശതമാനവും കൺട്രോൾ ഗ്രൂപ്പിൽ 1% പേരും മുമ്പ് എപ്പോഴെങ്കിലും കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരാണ്. കോവിഡിന്റെ ആദ്യ കാലത്ത് ഡെൽറ്റാ വൈറസ് മൂലം മരണനിരക്ക് കൂടിയിരുന്നു. കൂടാതെ ആദ്യവർഷങ്ങളിൽ എല്ലാ കോവിഡ് പോസിറ്റിവ് രോഗികളേയും ഗുരുതരമല്ലെങ്കിലും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗത്തിന്റെ തീവ്രതയറിയാൻ മറ്റൊരു വിവരവും ഇതിൽ ശേഖരിച്ചിട്ടില്ല.
മരണകാരണം കോവിഡ് ആണോ എന്നറിയാനും കൂടിയായിരുന്നു ഈ പഠനം. പഠന കാലത്തുണ്ടായിരുന്ന ഇത്തരം എല്ലാ മരണങ്ങളിലും കോവിഡ് പരിശോധന നടത്തണമെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും ഈ പഠനത്തിൽ മരണസമയത്തോ / വിവരശേഖരണ സമയത്തോ അവരുടെ കോവിഡ് ടെസ്റ്റ് പരിശോധനാവിവരം / കോവിഡ് രോഗബാധയുടെ വിവരങ്ങൾ ഇതിൽ രേഖപ്പെടുത്തിയിട്ടില്ല. മരിച്ചവരിൽ പലരും പാൻഡമിക്ക് കാലത്ത്, 2021- ൽ മരിച്ചവരും താരതമ്യം ചെയ്യപ്പെട്ടവർ 2023- ൽ പാൻഡമിക്ക് ശമിച്ചശേഷം ആരോഗ്യത്തോടെ ജീവിക്കുന്നവരുമാണ്. അതിനാൽ കോവിഡ് മൂലമുള്ള മരണ സാധ്യത രണ്ട് ഗ്രൂപ്പിലും വ്യത്യസ്തവുമായിരിക്കും.
പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ട് പ്രകാരം മുമ്പ് കോവിഡ് ബാധമൂലം ആശുപത്രിയിൽ കഴിഞ്ഞവർ, ബന്ധുക്കളിൽ പെട്ടെന്ന് മരണമുണ്ടായിട്ടുള്ളവർ, മരിക്കുന്നതിന് 48 മണിക്കൂർ മുമ്പ് അമിതമായി മദ്യപിച്ചവർ, അമിതമായി വ്യായാമം ചെയ്തവർ- ഇതുമായി ബന്ധപ്പെട്ടാണ് ചെറുപ്പക്കാരിൽ പെട്ടെന്ന് മരണം സംഭവിച്ചിട്ടുള്ളതെന്നും കോവിഡ് വാക്സിൻ രണ്ടുതവണ എടുത്തവരിൽ ഇത്തരം മരണങ്ങൾ കുറഞ്ഞുവെന്നുമാണ് പഠനത്തിലെ പ്രധാന ഫലങ്ങൾ. നേരത്തെ സൂചിപ്പിച്ച സംശയങ്ങൾക്ക് ഉത്തരം നൽകാതെ ഈ പഠനം കൊണ്ട് ഉദ്ദേശിച്ച ലക്ഷ്യങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടോ എന്നൊരു സംശയം ഇപ്പോഴും ഉയർന്നുനിൽക്കുന്നു. ഈ പഠനത്തിലെ നിഗമനങ്ങൾക്ക് ശാസ്ത്രീയ സ്വീകാര്യത കിട്ടണമെങ്കിൽ മുകളിൽ ഉന്നയിക്കപ്പെട്ട സംശയങ്ങൾക്ക് ഗവേഷകർ മറുപടി നൽകേണ്ടതുണ്ട്. കോവിഡിന്റെ ആദ്യകാലത്ത് തീരെ തെളിവുകളില്ലാതിരുന്നിട്ടും ക്ലോറോ ക്വിൻ ചികിത്സ ഐ.സി.എം.ആർ വിദഗ്ധർ തയ്യാറാക്കിയ ഇന്ത്യയിലെ ചികിത്സാ പ്രോട്ടോക്കോളിൽ കടന്നു കൂടിയിരുന്നത് വിവാദമായിട്ടുണ്ട്.
സാധരണ ലോകത്താകെ ചെറുപ്പക്കാരിൽ പ്രതിവർഷം പത്തു ലക്ഷം പേരിൽ 1- 6 വരെ പേർ ഇങ്ങനെ പെട്ടെന്ന് മരിക്കാൻ സാധ്യതയുണ്ടെന്നാണ് വൈദ്യശാസ്ത്രം കണക്കാക്കിയിരിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനവും ഹൃദയത്തെ ബാധിക്കുന്ന തകരാറുകൾ കൊണ്ടാണ്.
ഇന്ത്യയിൽ 2020 നുമുമ്പിലുള്ള വർഷങ്ങളിലും, 2020 തൊട്ട് 2022 വരെയും കോവിഡ് കാലത്തും അതിനുശേഷവും ഇത്തരം മരണങ്ങളുടെ തോത് എത്രയാണെന്നും, എന്തുകൊണ്ടാണെന്നും അറിയേണ്ടത് അത്യാവശ്യമാണ്.
ലഭ്യമായ വിവരം വെച്ച് കോവിഡ് രോഗബാധമൂലം പത്തുലക്ഷം പേരിൽ 39 (25 തൊട്ട് 60) പേർക്കെങ്കിലും രക്തക്കുഴലുകളിൽ ക്ലോട്ട് ഉണ്ടാകാൻ സാധ്യതയുള്ളപ്പോൾ അഡിനോ വൈറസ് കോവിഡ് വാക്സിൻ മൂലം 4 പേർക്ക് (1 തൊട്ട്-15) വരെ സാധ്യതയുണ്ട് എന്നതാണ് കണക്ക് - അതായത് സാധ്യത പത്തിരട്ടി കുറയാം. Vaccine induced Immune Thrombotic Thrombocytopenia VIITT എന്നാണ് ഈ ക്ലോട്ട് പ്രതിഭാസത്തെ വിളിക്കുന്നത്. ഈ റിസ്ക് - ബെനിഫിറ്റ് അനാലിസിന്റെ പിൻഫലത്തിലാണ് വാക്സിൻ നൽകാൻ ശുപാർശ ചെയ്യപ്പെട്ടതുതന്നെ.
2023 ഒക്ടോബർ 30 നുമാത്രം ഗവേഷകരിൽനിന്ന് ലഭിച്ചു എന്ന് രേഖപ്പെടുത്തിയ ലേഖനം, അതേ മാസത്തെ ലക്കത്തിൽ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ ഗവേഷണ പ്രബന്ധം ധൃതിപിടിച്ച് പിയർ റിവ്യൂ വിന് വിധേയമാകാതെയായിരിക്കാം പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിലെ സെലക്ഷൻരീതിയിലും, ഡാറ്റാ ശേഖരണരീതിയിലും അനാലിസിസിലും ശാസ്ത്രീയ മികവുകളുടെ അപാകതയുണ്ട്. പല നിഗമനങ്ങളും "സെലക്ടീവ് റിപ്പോർട്ടിങ്ങ്" ആയി വിശകലനത്തിൽ തോന്നുന്നു. അതിനാൽ ഇതിലെ ഫലങ്ങൾ ശരിയാണെങ്കിലും ശാസ്ത്രീയമായി പഠനത്തിലൂടെ തെളിയിക്കണമെങ്കിൽ കൂടുതൽ സംശയനിവാരണങ്ങളും വിശദീകരണങ്ങളും ഇനിയും ആവശ്യമുണ്ട്. ഇന്ത്യയിലെ പ്രമുഖസ്ഥാപനങ്ങളിലെ ഗവേഷകരാണ് ഇതിൽ പ ങ്കാളികളായിട്ടുള്ളത്. അതിനാൽ ഈ വിഷയം പരിഗണിക്കപ്പെടേണ്ടതാണ്. ആധുനിക വൈദ്യശാസ്ത്രം തെളിവുകളുടെ അടിസ്ഥാനത്തിലാണ് സത്യത്തിന്റെ പാതകളിൽ മനുഷ്യരാശിയെ മുന്നോട്ട് ചലിപ്പിക്കുന്നത്. ഇനിയും അങ്ങനെത്തന്നെയാവണവെന്ന വിചാരമാണ് ഈ എഴുത്തിനുപിറകിൽ.
(നവംബർ 30 ന് ട്രൂകോപ്പിതിങ്കിൽ പ്രസിദ്ധീകരിച്ച ‘കോവിഡാനന്തരം യുവാക്കളിൽ മരണം കൂടുന്നുവെന്ന ആശങ്ക; പഠനങ്ങൾ പറയുന്നത്’ എന്ന ലേഖനത്തിനുള്ള പ്രതികരണം).