ബ്രാഹ്​മണന്റെ സ്വർണം കട്ടാൽ പ്രമേഹം; പ്രതിവിധി, ഹോമം:
ഇതായിരുന്നു വേദകാലത്തെ ‘രോഗ ശാസ്​ത്രം’

ഇന്ത്യയിലെ ആയുർവേദ ചികിത്സാപാരമ്പര്യം അന്വേഷണാത്മകമായും ഗവേഷണാത്മകമായും രോഗങ്ങൾക്ക് കൃത്യമായ മരുന്ന് ചികിത്സയിലേക്ക് കടക്കുന്നതിന് തടയിട്ടത് പൂജാ മന്ത്ര വിശ്വാസ പാരമ്പര്യത്തിലൂന്നിയ പൗരോഹിത്യ ബന്ധനത്താലാണ്. ഇതിപ്പോഴും പലനിലകളിൽ തുടരുകയാണ്.

‘‘ഇമാരുദ്രായ തപസേ കപർദ്ദിനേ ക്ഷയദ്വീരായ പ്രഭരാമഹേമതീഃ യഥാശമസദ്വിപതേ ചതുഷ്പദേ വിശ്വം പുഷ്ടങ്ഗ്രാമേ അസ്മിന്നനാതുരം'' - യജുർവേദം 16.48
‘‘ഞങ്ങളുടെ ഗ്രാമത്തിൽ മനുഷ്യനും കന്നുകാലിക്കും രോഗശമനം ഭവിക്കാൻ ഗ്രാമത്തിലെല്ലാവരും ആരോഗ്യവാന്മാരും സമ്പന്നരുമായി ഭവിക്കാൻ, പ്രവൃദ്ധനും ജടായുക്തനും ശത്രുഹന്താവുമായ രുദ്രനായിക്കൊണ്ട് ഞങ്ങൾ മഹനീയങ്ങളായ സ്‌ത്രോത്രങ്ങൾ ചൊല്ലുന്നു.''

മനുഷ്യചരിത്രം മഹാരോഗങ്ങളുടെ ചരിത്രം കൂടി ഉള്ളടങ്ങിയതാണ്. മഹാമാരികളെ തരണം ചെയ്താണ് മനുഷ്യവംശം തങ്ങളുടെ അതിജീവനത്തിന്റെ മഹാമാതൃക സൃഷ്ടിച്ചിട്ടുള്ളത്. ഇന്ത്യയെ സംബന്ധിച്ചാണെങ്കിൽ ലഭ്യമായ ഏറ്റവും പ്രാചീന സാഹിത്യശേഖരങ്ങളായ വേദങ്ങളിൽ, രോഗത്തെ ഭയപ്പെട്ട് രോഗനിവാരണത്തിനുള്ള മാർഗങ്ങൾ ആരാഞ്ഞിരുന്ന മനുഷ്യചേതനയുടെ വിഹ്വലതകൾ കാണാനാവും. രോഗങ്ങൾ നീങ്ങാനുള്ള നിരവധി പ്രാർഥനകൾ അഥർവ വേദത്തിലുമുണ്ട്.

രോഗങ്ങൾ പ്രാർഥനയിലൂടെ ശമിപ്പിക്കാൻ കഴിയുമെന്ന വിശ്വാസം അഥർവവേദത്തിൽ പ്രബലമായി കാണാം. ഇന്ത്യയിൽ വേദാനന്തരഘട്ടത്തിൽ ഉരുത്തിരിഞ്ഞുവന്ന ചില വിശ്വാസങ്ങൾ രോഗികളെ പാപികളായി വിലയിരുത്തുന്നതിന് ഇടവരുത്തിയിട്ടുണ്ട്.

അഥർവ വേദത്തിലെ പ്രഥമ കാണ്ഡത്തിൽ ഹൃദയസംബന്ധിയായ രോഗങ്ങൾ, കുഷ്ഠം, ജ്വരം, രക്തസംബന്ധിയായ രോഗങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിനുള്ള മന്ത്രസ്തുതികൾ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി രോഗങ്ങളെ പറ്റി ചർച്ച ചെയ്യുമ്പോഴും അഥർവ വേദത്തിൽ ഏറ്റവും പരാമർശിക്കപ്പെടുന്ന ഒരു രോഗം തക്മനാണ്. ജീവിതത്തെ കഠിനമായ ദുരിതത്തിലാഴ്ത്തുന്ന രോഗമായിട്ടാണ് തക്മനെ വേദഭാഷ്യകാരനായ സായണൻ വിശേഷിപ്പിച്ചിട്ടുള്ളത് (‘തക്മാനം കൃച്ഛജീവനകർത്താരം').
അഥർവ വേദത്തിൽ നിരവധി തവണ പരാമർശിക്കുന്ന ‘തക്മൻ' പനിയാണെന്നാണ് വേദവ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നത്. നിമിഷം പ്രതി വർധിച്ചുവരുന്ന ശരീരതാപമാണ് തക്മന്റെ പ്രധാനലക്ഷണം.
‘‘അഗ്‌നേരിവാസ്യ ദഹത ഏതി ശുഷ്മിണ ഉതേവ മത്തോ വിലപന്നപായതി
അന്യമസ്മദിച്ഛതു ചിദ്രവ്രതസ്ത പൂർവധായ/ നമോസ്തുതക്മനേ'' (അഥർവ വേദം 4 20.1).
തക്മൻ (പനി) ബാധിച്ചവന്റെ ശരീരം അഗ്‌നിയെപ്പോലെ ചുട്ടുപൊള്ളുകയും ശരീരം വിറയ്ക്കുകയും ഒടുവിൽ മരിക്കുകയും ചെയ്യുന്നു.

ചരക സംഹിതയിലെ ഒരു ഭാഗം

അഥർവവേദത്തിൽ മനുഷ്യരെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു രോഗമായിട്ടാണ് പനി പ്രത്യക്ഷപ്പെടുന്നത്. ജീവികൾ ജനിക്കുന്നതും മരിക്കുന്നതും പനിയോട് കൂടിയാണെന്ന് ചരകസംഹിതയും പറയുന്നു (‘സർവ പ്രാണഭൃതശ്ച വ ജ്വര ഏവ ജായതേ സജ്വരാ ഏവ മ്രിയതേ സർവപ്രാണ ഭൃതാം ജ്വര ഏവ പ്രാണാൻ ആദത്തോ,' ചരക സംഹിത, നിദാനസൂത്രം, 1. 31).
പലവിധ മാറ്റങ്ങൾക്ക് വിധേയമായിട്ടാണെങ്കിലും 21ാം നൂറ്റാണ്ടിലും ചരക സംഹിതയിൽ സൂചിപ്പിച്ചതുപോലെ മനുഷ്യന്റെ പ്രാണൻ അപഹരിക്കുന്ന ഒന്നായി തന്നെയാണ് ജ്വരം വന്നുനിൽക്കുന്നത്. അത് കൊറോണയുടെ രൂപത്തിലാണ് മനുഷ്യവംശത്തെ ബാധിക്കുന്നതെങ്കിലും പ്രാണനെ അപഹരിക്കുന്ന ജ്വരമായി തന്നെ തുടരുന്നു. മനുഷ്യവംശത്തിന്റെ ആദിമഘട്ടത്തിൽ തന്നെ അവരെ ബാധിച്ച വൈറൽ രോഗങ്ങളുടെ ചരിത്രം അനാവരണം ചെയ്യുന്നതാണ് അഥർവ വേദത്തിലെ നിരവധി മന്ത്രങ്ങൾ. അഥർവ വേദ മന്ത്ര ദ്രഷ്ടാക്കൾ ഏറെ ഭയപ്പെട്ടിരുന്നതും മനുഷ്യരുടെ പ്രാണൻ അപഹരിക്കുന്ന ജ്വരങ്ങളെയാണു താനും. ചില ഔഷധ പ്രയോഗങ്ങളിലൂടെയും മന്ത്ര- മണി പ്രയോഗങ്ങളിലൂടെയും രോഗങ്ങളെ തടയാൻ കഴിയുമെന്നാണ് അഥർവ ഋഷികൾ പ്രത്യാശിച്ചിരുന്നത്. രോഗങ്ങൾ പ്രാർഥനയിലൂടെ ശമിപ്പിക്കാൻ കഴിയുമെന്ന വിശ്വാസം അഥർവ വേദത്തിൽ പ്രബലമായി കാണാം.

കേരളത്തിൽ പടർന്നുപിടിച്ചിരുന്ന ‘വസൂരി’ എന്ന മഹാമാരിക്ക് ചികിത്സ കണ്ടെത്തുംവരെ ഏകാഭയം ഭദ്രകാളി യായിരുന്നു. തന്റെ വാതരോഗം നീങ്ങാൻ ഗുരുവായൂരപ്പനെ സ്തുതിച്ച്​ മേൽപ്പത്തൂർ നാരായണഭട്ടതിരി എഴുതിയ ഗ്രന്ഥമാണല്ലോ നാരായണീയം.

ഇന്ത്യയിൽ വേദാനന്തര ഘട്ടത്തിൽ ഉരുത്തിരിഞ്ഞുവന്ന ചില വിശ്വാസങ്ങൾ രോഗികളെ പാപികളായി വിലയിരുത്തുന്നതിന് ഇടവരുത്തിയിട്ടുണ്ട്. എല്ലാ രോഗങ്ങളും പാപങ്ങളുടെ ഫലമാണെന്ന സിദ്ധാന്തമാണ് ഇതിന് അടിയടരായി വർത്തിച്ചത്. ശരീരത്തിൽ വന്നുചേരുന്ന എല്ലാ രോഗങ്ങളുടെയും അടിസ്ഥാനം മുജ്ജന്മകർമകൃതമോ ഇഹജന്മകൃതമോ ആയ പാപഫലമാണെന്നാണ് മനുവും വസിഷ്ഠനും മറ്റും സിദ്ധാന്തിച്ചത് (മനുസ്മൃതി, 11.48, വസിഷ്ഠധർമസൂത്രം, 20.43.44). മുജ്ജന്മകർമഫലങ്ങളാണ് രോഗരൂപത്തിൽ വന്നുചേരുന്നതെന്ന് ചരകസംഹിത പോലും വ്യക്തമായി പറയുന്നു-

‘‘നിർദിഷ്ടം ദൈവശബ്ദേന കർമ യത് പൗർവദേഹികം ഹേതുസ്തദപി കാലേന രോഗാണാമുപലഭ്യതേ''
(ചരക സംഹിത, ശരീരസ്ഥാനം, 1.11. 6).

ഇത്തരം രോഗസംബന്ധിയായ വിധിവിശ്വാസങ്ങൾ രോഗിയെ സാമൂഹികമായി ഒറ്റപ്പെടുത്തുന്നതിനും പാപിയായി മുദ്രകുത്തുന്നതിനും ഇടവരുത്തിയിട്ടുണ്ട്. ഇപ്പോഴും ഇന്ത്യൻ സമൂഹം പലനിലകളിൽ ഇത്തരം വിധിവിശ്വാസങ്ങൾ പുലർത്തിപ്പോരുന്നുണ്ട്.

സായണാചാര്യൻ എഴുതിയതായി കരുതപ്പെടുന്ന പ്രായശ്ചിത്ത- സുധാനിധി അഥവാ സായണീയം എന്ന ഗ്രന്ഥം അമ്പതോളം രോഗങ്ങൾക്ക് പരിഹാരം വിധിക്കുന്നുണ്ട്. രാജയക്ഷ്മാ, കാർശ്യം, കുഷ്ഠം, വിസർപ്പം, ദദ്രു, വിസ്‌ഫോടം, അതിസാരം, ഗ്രഹണി, ഗുല്മം, മഹോദരം, വിഷൂചിക, അപസ്മാരം, കാമില, ശൂല തുടങ്ങിയ നിരവധി രോഗങ്ങൾക്ക് പൂജയും ഹോമവും ദാനവുമാണ് ഈ ഗ്രന്ഥം പരിഹാരമായി വിധിക്കുന്നത്. ഇന്ത്യയിലെ ആയുർവേദ ചികിത്സാപാരമ്പര്യം അന്വേഷണാത്മകമായും ഗവേഷണാത്മകമായും രോഗങ്ങൾക്ക് കൃത്യമായ മരുന്ന് ചികിത്സയിലേക്ക് കടക്കുന്നതിന് തടയിട്ടത് പൂജാ- മന്ത്ര വിശ്വാസ പാരമ്പര്യത്തിലൂന്നിയ പൗരോഹിത്യ ബന്ധനത്താലാണ്. ഇതിപ്പോഴും പലനിലകളിൽ തുടരുകയാണ്.

ആയുർവേദ വിജ്​ഞാനമനുസരിച്ച്​ ഒരു മനുഷ്യന്റെ അനാറ്റമിക്കൽ ഘടന സൂചിപ്പിക്കുന്ന സ്​കെച്ച്​

ക്ഷേത്രാരാധാനയും ക്ഷേത്രാവിശ്വാസങ്ങളും രോഗവും അതുമായി ബന്ധപ്പെട്ട പരിഹാരങ്ങൾക്കും പുതിയ മാനം നൽകി. തന്റെ വാതരോഗം നീങ്ങാൻ ഗുരുവായൂരപ്പനെ സ്തുതിച്ച്​ മേൽപ്പത്തൂർ നാരായണഭട്ടതിരി എഴുതിയ ഗ്രന്ഥമാണല്ലോ നാരായണീയം. കേരളത്തിലെ അച്ചൻകോവിൽ ശാസ്താ ക്ഷേത്രത്തിൽനിന്ന്​ നൽകുന്ന തീർത്ഥവും പ്രസാദവും വിഷചികിത്സയ്ക്ക് ഉത്തമമാണെന്നാണ് വിശ്വാസം. കേരളത്തിൽ പടർന്നുപിടിച്ചിരുന്ന ‘വസൂരി’ എന്ന മഹാമാരിക്ക് ചികിത്സ കണ്ടെത്തുംവരെ ഏകാഭയം ഭദ്രകാളിയായിരുന്നു. ഭദ്രകാളിയുടെ ധ്യാനശ്ലോകത്തിൽ ‘വന്ദേ ദുഷ്ടമസൂരികാദി വിപദാം സംഹാരിണീമീശ്വരീം' എന്നാണ് ഭദ്രകാളിയെ വാഴ്ത്തുന്നത്. അതായത് മസൂരിയാകുന്ന ദുഷ്ടവിപത്തിനെ സംഹരിക്കുന്ന മഹാകാളിയെ വന്ദിക്കുന്നു എന്ന്.

മനുഷ്യവംശത്തെ ബാധിച്ച മറ്റൊരു മഹാരോഗമായ വിഷൂചികയെ ജ്ഞാനവാസിഷ്ഠത്തിൽ ഒരു രാക്ഷസിയായാണ് ചിത്രീകരിക്കുന്നത്.‘‘പിന്നേയും പിതാമഹൻ ദേവനാ നിശാചരി തന്നെപ്പാർത്തിപ്രകാരമരുളിച്ചെയ്തീടിനാൻ സോപസർഗയായുള്ള സൂചികയായിട്ടാശു നീ പാരിൽ വിഷൂചികയായ് വരുമറിഞ്ഞാലും മൂർഖന്മാരേയും ദുരാരംഭന്മാരേയു- മോർക്ക നീ ദുർഭോജനം ചെയ്തീടുന്നവരേയും ദുർദ്ദേശവാസികളായോരെയും ദുഷ്ടരേയും ദുസ്ഥിതരായോരെയും ഹിംസിച്ചുകൊണ്ടീടുക പ്രാണവായുക്കളോട് ചേർന്നു നീ ഹൃദയത്തെ പ്രാപിച്ചു നന്നായ് പത്മപ്ലീഹാദി ബാധകളാൽ വാതവികാര രൂുപയായുള്ള വിഷൂചികാ വ്യാധിയായ് ഭവിച്ചുകൊണ്ടീടും നീ മേലേലെടോ''
സത്തുക്കളായ മനുഷ്യരെ ബാധിച്ചാൽ മന്ത്രജപം കൊണ്ട് വിഷൂചിക മാറുമെന്നാണ് ജഞാനവാസിഷ്ഠം ഉപദേശിക്കുന്നത്.

1949 ജനുവരി മൂന്നിന് ലക്‌നോയിൽ ചേർന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു സംസാരിക്കുന്നു. കെ.എസ്. കൃഷ്ണൻ, സരോജിനി നായിഡു എന്നിവർ സമീപം

ആധുനിക കാലത്തുപോലും പകർച്ചവ്യാധികളുടെ ശമനത്തിന് സാധാരണക്കാരായ ജനങ്ങൾ മുതൽ ഉന്നതബിരുദധാരികൾ വരെ ​ക്ഷേത്രത്തെയും ക്ഷേത്രവഴിപാടുകളെയുമാണ് ആശ്രയിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് വേദകാലം മുതൽ തുടർന്നുപോന്ന വിശ്വാസ ധാരണകൾ ആധുനികകാലത്തും മനുഷ്യർ പിന്തുടരുന്നു എന്നുതന്നെയാണ്. ജ്യോതിഷ വിശ്വാസങ്ങളും ഇത്തരം ചിന്തകൾക്ക് ആക്കം കൂട്ടുന്നു. ജ്യോതിഷ ഗ്രന്ഥങ്ങളും മുൻപ് സൂചിപ്പിച്ചതുപോലെ പൂർവകൃതമായ പാപഫലങ്ങളാണ് രോഗങ്ങളുടെ നിദാനമെന്ന് കരുതുന്നു. ഒരുദാഹരണം പരിശോധിക്കാം- കേരളത്തിലെ ഏറെ പ്രസിദ്ധമായ ജ്യോതിഷ ഗ്രന്ഥമാണ് പ്രശ്‌നമാർഗം. 23-ാം അധ്യായത്തിൽ പ്രമേഹം വരാനുള്ള കാരണങ്ങളെയും പരിഹാരങ്ങളെയും പറ്റി പറയുന്ന്​; ഗുരുക്കന്മാരെ വിദ്വേഷിച്ചതും ബ്രാഹ്‌മണന്റെ സ്വർണം അപഹരിച്ചതും അന്യർക്ക് വിഷമം ഉണ്ടാക്കിയതുമാണ് പ്രമേഹം ഉണ്ടാകാൻ കാരണമെന്നാണ്. മൃത്യുഞ്ജയ ഹോമവും സഹസ്ര നാമജപവുമാണ് പ്രമേഹത്തിന് പ്രശ്‌നമാർഗം പരിഹാരമായി വിധിക്കുന്നത് (പ്രശ്‌നമാർഗം, 23.18-19).

‘കൊറോണാസുരൻ' എന്ന് സങ്കൽപ്പിച്ച് അതിന് തീ കൊളുത്തിയാൽ വൈറസ്ബാധ ശമിക്കുമെന്നും മണി അടിച്ചാൽ വൈറസ് നിർവീര്യമാവുമെന്നുമുള്ള വിശ്വാസധാരകൾ ഒരർഥത്തിലും ആധുനികമനുഷ്യന് ഭൂഷണമല്ല.

ഇന്ത്യയിൽ നിലനിന്ന രോഗവും ചികിത്സയുമായി ബന്ധപ്പെട്ട പാരമ്പരൃത്തിന്റെ ഒരു പ്രതലമാണ് ഇവിടെ പരിശോധിച്ചത്. കൊറോണ വ്യാപിക്കുമ്പോൾ ‘കൊറോണാസുരൻ' എന്ന് സങ്കൽപ്പിച്ച് അതിന് തീ കൊളുത്തിയാൽ വൈറസ്ബാധ ശമിക്കുമെന്നും മണി അടിച്ചാൽ വൈറസ് നിർവീര്യമാവുമെന്നുമുള്ള വിശ്വാസധാരകൾ ഒരർഥത്തിലും ആധുനികമനുഷ്യന് ഭൂഷണമല്ല. ഇത്തരം വിശ്വാസങ്ങളെല്ലാം അന്ധ വിശ്വാസജഡിലമായ പൂർവപാരമ്പരൃത്തിലേക്കുള്ള മടങ്ങലായി മാത്രമേ വിലയിരുത്താൻ കഴിയു. കൊറോണ പോലൊരു പകർച്ചവ്യാധി നാടു മുഴുവൻ വ്യാപിക്കുമ്പോൾ പരിഹാരം വേദമന്ത്രജപവും ഹോമവും വഴിപാടുകളുമാണെന്ന് കരുതി ഒരു ജനത പൂർവഗോത്രീയ വിശ്വാസങ്ങളിലേക്കാണ് പിന്മടങ്ങുന്നതെങ്കിൽ നാം പാഠങ്ങളുൾക്കൊള്ളാത്ത ജനതയായായിരിക്കും അവശേഷിക്കുക. ▮


ഡോ. ടി. എസ്. ശ്യാംകുമാർ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്​കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments