കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ

‘‘അച്ഛൻ എപ്പോഴും പറയാറുണ്ട്, ‘കൈവിട്ടു പോയി എന്ന് വിചാരിച്ചിടത്തുനിന്ന് തിരിച്ചു കിട്ടിയതാണ് നിന്നെ’ എന്ന്. അതിനു കാരണക്കാരൻ, രോഗം കണ്ടുപിടിച്ച ഡോക്ടർ നമ്പൂതിരിയാണ്’’- തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ഡോക്ടറെക്കുറിച്ച് എഴുതുന്നു വടകര എം.എൽ.എ കെ. കെ. രമ. ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ എഴുതിയ ലേഖനം.

മ്മുടെ ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ, പല സമയങ്ങളിൽ നിരവധി ഡോക്ടർമാരെ സമീപിച്ച് പലവിധ രോഗങ്ങൾക്ക് ചികിത്സ തേടിയിട്ടുണ്ടാവാം. അവരുടെ മുഖങ്ങൾ നമ്മുടെ മനസ്സിൽ ഇടംപിടിക്കുന്നുമുണ്ടാവാം. അതിൽ ഏറ്റവും പ്രിയപ്പെ ട്ടൊരാളെ തെരഞ്ഞെടുക്കാൻ നാം കുറച്ചു ബുദ്ധിമുട്ടും. എങ്കിലും എല്ലാവരുടെ ജീവിതത്തിലുമുണ്ടാവും ചില ഡോക്ടർമാരുടെ കരസ്പർശങ്ങൾ, മറവിയിൽ മാഞ്ഞുപോവാതെ.

മാരകമായ അസുഖം വന്ന് അവസാനിച്ചു എന്ന് തോന്നിയ ഘട്ടത്തിൽ നമ്മുടെ ജീവിതം തിരികെ ലഭിച്ച അനുഭവം ചിലരുടെയെങ്കിലും ജീവിതത്തിൽ ഉണ്ടാകാം. ആ ഘട്ടങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചം പകർന്നു തന്ന ആളെ ഒരിക്കലും മറന്നുപോവില്ല. വ്യക്തിപരമായി പറഞ്ഞാൽ പല അസുഖങ്ങളുമായി പല ഡോക്ടർമാരെ സമീപിച്ചിട്ടുണ്ട്. ഏറെ ആശ്വാസം പകർന്ന, ജീവിതത്തിലേക്ക് തിരികെ നടത്തിയ പലരുണ്ട്. അതിൽ മറന്നുപോകാത്ത ഒരാൾ ആരാണ് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. നടുവണ്ണൂരിലെ നമ്പൂതിരി ഡോക്ടർ എന്ന് നാട്ടുകാർ സ്നേഹപൂർവ്വം വിളിക്കുന്ന ഡോ. ശങ്കരൻ നമ്പൂതിരി.

മാരകമായ അസുഖം വന്ന് അവസാനിച്ചു എന്ന് തോന്നിയ ഘട്ടത്തിൽ നമ്മുടെ ജീവിതം തിരികെ ലഭിച്ച അനുഭവം ചിലരുടെയെങ്കിലും ജീവിതത്തിൽ ഉണ്ടാകാം. ആ ഘട്ടങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചം പകർന്നു തന്ന ആളെ ഒരിക്കലും മറന്നുപോവില്ല. | Representative image
മാരകമായ അസുഖം വന്ന് അവസാനിച്ചു എന്ന് തോന്നിയ ഘട്ടത്തിൽ നമ്മുടെ ജീവിതം തിരികെ ലഭിച്ച അനുഭവം ചിലരുടെയെങ്കിലും ജീവിതത്തിൽ ഉണ്ടാകാം. ആ ഘട്ടങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചം പകർന്നു തന്ന ആളെ ഒരിക്കലും മറന്നുപോവില്ല. | Representative image

ഞങ്ങളുടെയൊക്കെ ഒരു കുടുംബ ഡോക്ടർ എന്ന് പറയാം അദ്ദേഹത്തെ. അച്ഛൻ എപ്പോഴും പറയാറുണ്ട്. "കൈവിട്ടു പോയി എന്ന് വിചാരിച്ചിടത്തുനിന്ന് തിരിച്ചു കിട്ടിയതാണ് നിന്നെ’’ എന്ന്. അതിനു കാരണക്കാരൻ, രോഗം കണ്ടുപിടിച്ച ഡോക്ടർ നമ്പൂതിരിയാണ്. ജനിച്ച് പത്തുമാസമായപ്പോൾ എനിക്ക് ഒരു വലിയ വയറുവേദന വന്നത്രേ. എഴുപതുകളിലാണ്. ഇന്നത്തെ പോലെ വലിയ സ്വകാര്യ ഹോസ്പിറ്റലുകളിൽ പോകാനുള്ള സാമ്പത്തിക സാമൂഹ്യ ചുറ്റുപാടുകളുണ്ടായിരു ന്നില്ല. പ്രാരാബ്ധക്കാരായ അമ്മമാർ പലപ്പോഴും വീട്ടിലെ വലിയ ഉത്തരവാദിത്തങ്ങളുടെ ഭാരത്താൽ കുട്ടികളുടെ കാര്യങ്ങൾക്ക് വേണ്ടത്ര ശ്രദ്ധയോ പരിഗണനയോ കൊടുക്കാൻ അവർക്ക് സമയം കിട്ടാറില്ല. സ്നേഹമില്ലാഞ്ഞിട്ടല്ല. അത് വേണ്ടും വിധം പ്രകടിപ്പിക്കാനോ എപ്പോഴും ചേർത്ത് നിർത്താനോ സമയം കിട്ടണമെന്നില്ല.

ചെറിയ കുട്ടി ആയിരിക്കുമ്പോഴേ ഭയങ്കര കുസൃതിയായിരുന്നു എന്ന് എന്നെക്കുറിച്ച് പറയും. പണിയെടുക്കുമ്പോൾ എന്നെ ഒരു ഉരലിൽ കെട്ടിയിടാറുണ്ടത്രേ. മുട്ടിലിഴഞ്ഞു നടക്കുന്ന പ്രായത്തിൽ കിട്ടിയതു മുഴുവൻ വായിലിടുന്നത് കുട്ടികളുടെ സ്വഭാവമാണല്ലോ. ഒരിക്കൽ ഞാനും കോഴിയുടെ കാഷ്ഠമോ മറ്റോ എടുത്തുകഴിച്ചു. അതുകൊണ്ടാണോ എന്നറിയില്ല, കടുത്ത വയറുവേദനവന്ന് ചുവന്ന ജെല്ലി പോലെ വയറ്റിൽ നിന്ന് എന്തോ പോകാൻ തുടങ്ങി. അങ്ങനെ ആശുപത്രിയിൽ കൊണ്ടുപോയി. നമ്പൂതിരി ഡോക്ടറുടെ അടുത്താണ് കൊണ്ടുപോയത്. ഉടനെ മറ്റൊരാശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു.

അന്ന് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലേക്കാണ് പോയത്. വണ്ടി വിളിച്ച് പോകാൻ പറ്റുന്ന സാമ്പത്തിക ചുറ്റുപാടായിരുന്നില്ല. അതുകൊണ്ട് ബസിൽ ആയിരുന്നു യാത്ര. മേജർ സർജറി വേണമായിരുന്നുവത്രെ. മൂന്ന് മാസത്തോളം കണ്ണ് തുറക്കാതെ കിടന്നു എന്ന് കേട്ടിട്ടുണ്ട്. ശരിയാണോ എന്നറിയില്ല. ഹോസ്പിറ്റൽ ബില്ല് കൊടുക്കാൻ പണമില്ലായിരുന്നു. അന്ന് സഹായിച്ചത് നമ്പൂതിരി ഡോക്ടറായിരുന്നു. കടം വീട്ടാൻ ഡോക്ടറുടെ വീട്ടിലെ പശുവിന് പുല്ല് തലയിൽ ചുമന്നു കൊണ്ടുപോയി കൊടുത്തത് അച്ഛൻ എപ്പോഴും പറയുമായിരുന്നു.

വലിയ സാമ്പത്തിക പ്രയാസം ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നല്ലോ. രക്ഷപ്പെടില്ല എന്ന് എല്ലാവരും പറഞ്ഞ നാളുകളായിരുന്നു അതെന്ന് കേട്ടിട്ടുണ്ട്. അച്ഛൻ അവസാനം വരെ ഒരു ജലദോഷം വന്നാൽ പോലും കാണിക്കുന്നത് നമ്പൂതിരി ഡോക്ടറെയാണ്. മറ്റെവിടെയും പോയാൽ തൃപ്തിയാവുമായിരുന്നില്ല. നമ്പൂരിയെ കാണിച്ചാൽ മാറും എന്ന് പറയും.

ഇതുപോലെ നന്മ വറ്റാത്ത ധാരാളം ഡോക്ടർമാർ നമുക്കു ചുറ്റുമുണ്ട്. അവർ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. എന്നാൽ ഡോക്ടർമാർക്കെതിരെയുള്ള കടന്നാക്രമണങ്ങൾ ഈയിടെയായി വർധിച്ചു വരുന്നുണ്ട്. അത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

കെട്ടിടങ്ങൾ ഉയർന്നതുകൊണ്ടു മാത്രമായില്ല. ആവശ്യമായ ഡോക്ടർമാരും അനുബന്ധ ജീവനക്കാരെയും നിയമിക്കേണ്ടത് സർക്കാറിന്റെ പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. ജോലിഭാരത്തിന്റെ സമ്മർദ്ദം വല്ലാതെ ജീവനക്കാരെ ബാധിക്കുന്നുണ്ട്. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും അവകാശങ്ങൾ അനുവദിച്ചു കൊടുക്കാനും ആശുപത്രിയും ഡോക്ടർമാരും തയ്യാറാകണം. കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കാനും അനാവശ്യമായ മരുന്നുകളും ടെസ്റ്റുകളും ഒഴിവാക്കാനും തയ്യാറാകണം. മരുന്നുകമ്പനികളുടെ ലാഭത്തിനുവേണ്ടി പ്രവർത്തിക്കു ന്നവരായി മാറാതിരിക്കാനുള്ള ജാഗ്രത എല്ലാവരുടെ ഭാഗത്തു നിന്നുമുണ്ടാകണം.

കുറ്റമറ്റ ഒരു ആരോഗ്യ സംവിധാനം സൃഷ്ടിക്കാൻ ഡോക്ടർമാരും നേഴ്സുമാരും രോഗികളും ജനങ്ങളും ഭരണ സംവിധാനവും ഒത്തുചേർന്ന് പ്രവർത്തിക്കണം. എങ്കിലേ നമ്മുടെ ജനകീയ ആരോഗ്യ സംവിധാനം തിരിച്ചുപിടിക്കാൻ സാധിക്കുകയുള്ളൂ അതിനുള്ള കൂട്ടായ്മ ഉണ്ടാകട്ടെ.

Read:

ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം

Comments