Photo: Pixabay

കേരളത്തിന്​ മാസ്​ക്​ മാറ്റാറായിട്ടില്ല

കേരളത്തിൽ മാസ്‌ക് അടക്കമുള്ള പ്രതിരോധ സംവിധാനം പൂർണമായും ഉപേക്ഷിക്കാൻ സമയമായിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുകയും സാമൂഹിക- സാമ്പത്തിക ജീവിതം സാധ്യമാക്കുകയും ചെയ്യുന്ന ചില കാര്യങ്ങളാണ് ഇനി നമുക്ക് ചെയ്യാൻ കഴിയുക. കൈകൾ കഴുകുക, മാസ്‌ക് ധരിക്കുക, അനാവശ്യമായി കൂട്ടംചേരുന്നത് ഒഴിവാക്കുക തുടങ്ങിയവ നീണ്ടകാലത്തേക്ക് തുടരാവുന്ന ശീലങ്ങളാണ്.

കോവിഡ്-19ന് കാരണമായ സാർസ് കൊറോണ വൈറസ് -2 ഏതുരീതിയിലാണ് മനുഷ്യരിലേയ്ക്ക് കടന്നുവന്നത് എന്ന കാര്യം നമുക്കിപ്പോഴും പൂർണമായും അറിയില്ല. വവ്വാലുകളിൽനിന്ന് ഇടനിലക്കാരൻ ജീവി വഴി (ഇത് ഈനാംപേച്ചി ആകാം) മനുഷ്യരിലേയ്ക്ക് ആദ്യം എത്തുകയും വ്യാപിക്കുകയും ചെയ്തിരിക്കാനാണ് സാധ്യത. വന്യജീവികളിൽ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് കടന്നുവരുന്ന പ്രതിഭാസത്തിന് ‘സ്പിൽ ഓവർ' എന്നാണ് പറയുക. വവ്വാലിൽ നിന്ന് മറ്റൊരു ജീവിയിലേയ്ക്ക് ഒരു ‘സ്പിൽ ഓവർ' ഉണ്ടാവുകയും പിന്നീട് ഇത്തരം ജീവികളിൽ നിന്ന് പരിണാമത്തിന്റെ മറ്റൊരു ഘട്ടത്തിൽ മനുഷ്യകുലത്തിലേക്ക് കടക്കുകയും ചെയ്യുക എന്നത് കൊറോണ, ഇൻഫ്ളുവൻസ തുടങ്ങിയ വൈറസ് ഗ്രൂപ്പുകളുടെ പൊതുവായ പ്രവണതയാണ്. മുമ്പുണ്ടായിട്ടുള്ള കൊറോണ വൈറസുകളെല്ലാം ഇത്തരം മാർഗത്തിലൂടെ- ഒന്നുകിൽ വവ്വാലിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ വവ്വാലിൽ നിന്ന് മറ്റൊരു ജീവി മുഖാന്തരമോ- മനുഷ്യരിലേക്കെത്തിയതായിട്ടാണ് കാണുന്നത്.

മഹാമാരിക്കുപിന്നിൽ

മനുഷ്യർക്കിടയിൽ വ്യാപിക്കാൻ സാധ്യതയുള്ള വൈറസ്​ വിഭാഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കൊറോണ വൈറസ്. കൊറോണ വൈറസുകൊണ്ടോ ഇൻഫ്ളുവൻസ വിഭാഗത്തിൽപെട്ട വൈറസുകൊണ്ടോ മഹാമാരികൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മുമ്പ്, 2000-ൽ ചൈനയിലും പരിസരപ്രദേശങ്ങളിലും 2012- 2013 ൽ ഗൾഫ് രാജ്യങ്ങളിലുമൊക്കെ തീവ്രപ്രഹരശേഷിയുള്ള കൊറോണ വൈറസുകൾ വ്യാപിച്ചിരുന്നു. ചൈനയിലുണ്ടായ കൊറോണ വൈറസ്​ മൂലം ‘സാർസ്' (സിവിയർ അക്യൂട്ട് റസ്പിരേറ്ററി സിൻഡ്രോം) എന്ന രോഗവും ഗൾഫ് രാജ്യങ്ങളിൽ ‘മെർസ്' (മിഡിൽ ഈസ്റ്റ് റസ്പിരേറ്ററി സിൻഡ്രോം) എന്ന രോഗവും പൊട്ടിപ്പുറപ്പെട്ടു. ഈ രണ്ട് വൈറസുകളും വവ്വാലുകളിൽ നിന്ന് എങ്ങനെ മനുഷ്യരിലേക്കെത്തി എന്നതിന് കൃത്യമായ തെളിവുണ്ട്. ഇതിൽ തന്നെ, ചൈനയിലുണ്ടായ ‘സാർസി'ൽ വെരുകുകൾ പോലെയുള്ള ജീവികൾ ഇടനിലക്കാരായി വർത്തിച്ചു എന്നും അതേസമയം ‘മെർസ്' രോഗാണുബാധയിൽ ഒട്ടകം പോലെയുള്ള ജീവികൾ ഇടനിലക്കാരായി വർത്തിച്ചു എന്നുമാണ് വസ്തുതകൾ വിരൽചൂണ്ടുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോൾ സാർസ് കൊറോണ വൈറസ് 2 അല്ലെങ്കിൽ കോവിഡ്-19 ഏതുരീതിയിലാണ് മനുഷ്യരിലേയ്ക്കെത്തിയത് എന്നതിന് വളരെ കൃത്യമായ തെളിവ്​ ഇപ്പോഴുമില്ല. എങ്കിലും ജനിതക ശ്രേണീകരണ പഠനങ്ങൾ കാണിക്കുന്നത്, വവ്വാലുകളിൽ നിന്ന് രൂപപ്പെട്ട് ഈനാംപേച്ചികൾ പോലെയുള്ള ജീവികൾ വഴി മനുഷ്യരിലേയ്ക്ക് എത്തിയതായിട്ടാണ്.
ഇത് മനുഷ്യനിർമിത വൈറസാണ് എന്നും വുഹാനിലുള്ള വൈറസ് ഗവേഷണകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട വൈറസാണ് എന്നുമുള്ള ചില ഗൂഢാലോചനാ സിദ്ധാന്തങ്ങളും നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വഴിയേ മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കാം.

വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ / Photo: Wikimedia Commons
വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ / Photo: Wikimedia Commons

‘സ്പിൽ ഓവർ’ സാധ്യത വളരെ കൂടുതലുള്ള വൈറസ് വിഭാഗമാണ് കൊറോണ. കാലാവസ്ഥാ വ്യതിയാനം ആവാസ വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങൾ, മനുഷ്യന്റെ വർധിച്ച സഞ്ചാരവും പരസ്പരമുള്ള ഇടപഴകലുകളും, ഉയർന്ന ജനസാന്ദ്രത, വന്യജീവി കച്ചവടം, ഭക്ഷണ ശീലങ്ങളിലുള്ള മാറ്റങ്ങൾ എന്നിവയും ‘സ്പിൽ ഓവർ' പ്രതിഭാസം അടിക്കടി ഉണ്ടാകുന്നതിനും വ്യാപിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ടുതന്നെ ഗൂഢാലോചനാ സിദ്ധാന്തത്തേക്കാൾ, പ്രകൃതിയിലെ അസംഖ്യം വൈറസുകളിലൊന്ന് മനുഷ്യരിലേയ്ക്ക് വ്യാപിക്കുന്നതിനുള്ള ശേഷി കൈവരിച്ചത് മഹാമാരിക്ക് കാരണമായി എന്നതിനാണ് സാധ്യത കൂടുതൽ.
ഇത്തരം ‘സ്പിൽ ഓവർ' പ്രതിഭാസങ്ങളുണ്ടാകുമ്പോൾ അത് ഏതെങ്കിലും പ്രദേശത്ത് വളരെക്കുറച്ചാളുകളെ ബാധിക്കുന്ന രോഗങ്ങളായി ഒതുങ്ങിപ്പോവുകയോ അപൂർവമായി, വളരെ പ്രഹരശേഷിയുള്ള, മനുഷ്യജീവിതത്തെ തന്നെ പിടിച്ചുനിർത്താൻ ശേഷിയുള്ള മഹാമാരികളായി രൂപപ്പെടുകയോ ചെയ്യും.

കാലാവസ്ഥാ വ്യതിയാനം ആവാസ വ്യവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങൾ, മനുഷ്യന്റെ വർധിച്ച സഞ്ചാരവും പരസ്പരമുള്ള ഇടപഴകലുകളും, ഉയർന്ന ജനസാന്ദ്രത, വന്യജീവി കച്ചവടം, ഭക്ഷണ ശീലങ്ങളിലുള്ള മാറ്റങ്ങൾ എന്നിവയും ‘സ്പിൽ ഓവർ' പ്രതിഭാസം അടിക്കടി ഉണ്ടാകുന്നതിനും വ്യാപിക്കുന്നതിനും കാരണമാകുന്നു.

കോവിഡ്-19 എന്ന മഹാമാരിക്ക് ഒട്ടനവധി പ്രത്യേകതകളുണ്ട്.
ശാസ്ത്രം ഇത്ര വികസിച്ചതിനുശേഷമുണ്ടായ ആദ്യത്തെ വലിയ മഹാമാരിയാണിത്. 1918-ലുണ്ടായ സ്പാനിഷ് ഫ്ളൂ ആണ് മുമ്പ് ലോകം മുഴുവൻ വ്യാപിക്കുകയും ഇത്തരത്തിലോ ഇതിനേക്കാൾ കൂടുതലോ പ്രഹരശേഷിയുണ്ടായിരുന്നതുമായ ഒരു മഹാമാരി. അതുകഴിഞ്ഞ് ഒരു നൂറ്റാണ്ടിനുശേഷമാണ് കോവിഡ്-19 വരുന്നത്. അതുകൊണ്ടുതന്നെ, ഈ നൂറ്റാണ്ടിനിടയിൽ ശാസ്ത്രത്തിനുണ്ടായ അതിഭീമമായ കുതിച്ചുചാട്ടം ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിൽ പ്രതിഫലിച്ചു. അതോടൊപ്പം, ആരോഗ്യവ്യസ്ഥിതിയിൽ നിലനിൽക്കുന്ന ബലഹീനതകളെ മറനീക്കി പുറത്തുകൊണ്ടുവരാനും കോവിഡിന് കഴിഞ്ഞു.

രോഗപ്രതിരോധത്തിന്റെ ശാസ്​ത്രം

മഹാമാരികളുടെ കൂട്ടത്തിൽ മരണനിരക്ക് ഏറ്റവും കുറഞ്ഞ ഒന്നാണ് കോവിഡ് 19. ലോകത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം (ഔദ്യോഗിക കണക്കനുസരിച്ച് ആറ് ദശലക്ഷവും പിന്നിട്ട് മുന്നോട്ട് പോകുന്നുവെങ്കിലും കോവിഡ് കാലത്ത് ജീവിച്ചിരുന്ന മനുഷ്യരിൽ ഏതാണ്ട് ആയിരത്തിൽ ഒരാൾ എന്ന നിരക്കിൽ മാത്രമേ മരണങ്ങളുണ്ടായിട്ടുള്ളു. ലഭ്യമായ കണക്കനുസരിച്ച്​, സ്പാനിഷ് ഫ്‌ളൂ അന്ന് ജീവിച്ചിരുന്നവരിൽ രണ്ട് ശതമാനത്തിലധികം പേരെ കൊന്നൊടുക്കിയിട്ടുണ്ട്​. വാക്‌സിനുകൾ ഉൾപ്പെടെയുള്ള സയൻസിന്റെ നേട്ടങ്ങൾ മരണം തടഞ്ഞുനിർത്തുന്നതിൽ നമ്മെ ഒട്ടൊന്നുമല്ല സഹായിച്ചത്. എന്നാൽ സാമ്പത്തിക- സാമൂഹിക അസമത്വം ലോകത്തിലെ ഒരു വലിയ ശതമാനം പ്രദേശത്തെ ശാസ്ത്രത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നതിൽ നിന്ന്​വിലക്കുന്നതിനും വഴിവച്ചു.

കോവിഡിന്റെ പുതിയ വകഭേദങ്ങൾ അടിക്കടി വീണ്ടും വരുന്നുണ്ട്​. കോവിഡ്-19 വൈറസ് ഏതുരീതിയിലാണ് മനുഷ്യകോശങ്ങളെ ബാധിക്കുന്നത് എന്നതിനെപ്പറ്റി കൃത്യമായ തിരിച്ചറിവുണ്ടായാലേ ഈ പ്രതിഭാസത്തെ മനസ്സിലാക്കാൻ കഴിയൂ. കോവിഡ് ഉണ്ടാക്കുന്ന സാർസ് കൊറോണ വൈറസിന് ഒരു ആർ. എൻ. എ ജനിതകപദാർഥവും അതിനുവെളിയിൽ പല പാളി മാംസ്യ ആവരണങ്ങളുമുണ്ട്. അതായത്, മാംസ്യ ആവരണത്തിൽ പൊതിഞ്ഞ ജനിതക പദാർഥമാണ് ഏതൊരു വൈറസും. സാർസ് കൊറോണ വൈറസിൽ, അല്ലെങ്കിൽ ഏതൊരു കൊറോണ വൈറസിനും, പുറത്തേക്ക് തള്ളിനിൽക്കുന്ന മുള്ളുകൾ പോലെയുള്ള ഭാഗങ്ങൾ കാണാം. ഇത് ‘സ്​പൈക്​ പ്രോട്ടീൻ’ എന്ന മാംസ്യ പദാർഥമാണ്. ഈ ‘സ്​പൈക്​ പ്രോട്ടീൻ’ ഉപയോഗിച്ചാണ് മനുഷ്യകോശത്തിലേക്ക്​ വൈറസ് പ്രവേശിക്കുന്നത്​. മനുഷ്യകോശവുമായി ‘സ്​പൈക്​ പ്രോട്ടീൻ’ ബന്ധം സ്ഥാപിക്കുകയും അതിനുശേഷം വൈറസിന്റെ ഉൾഭാഗത്തുള്ള ജനിതകപദാർഥം മനുഷ്യകോശത്തിലേയ്ക്ക് കടത്തിവിടുകയുമാണ് ചെയ്യുന്നത്​.

മനുഷ്യകോശത്തിൽ കടന്നുകൂടുന്ന വൈറസിന്റെ ജനിതകപദാർഥം വളരെ വേഗം പെരുകും. ഇത്തരത്തിൽ പെരുകുന്ന ജനിതകപദാർഥം മനുഷ്യകോശത്തെക്കൊണ്ടു തന്നെ അതിനാവശ്യമായ മാംസ്യപദാർഥങ്ങൾ ഉത്പാദിപ്പിക്കും. ഇത്തരത്തിൽ അസംഖ്യം വൈറസുകൾ കോശങ്ങളിൽ രൂപീകൃതമാവുകയും നിശ്വാസവായുവിലൂടെ പുറത്തുവരികയും ചെയ്യും. ഇത്തരത്തിലാണ് വൈറസുകൾ ഒരാളുടെ ശരീരത്തിൽ പെരുകുന്നതും മറ്റുള്ളവരിലേക്ക് പടരുന്നതും.

ഏതൊരു കൊറോണ വൈറസിനും പുറത്തേക്ക് തള്ളിനിൽക്കുന്ന മുള്ളുകൾ പോലെയുള്ള ഭാഗങ്ങൾ കാണാം. ഈ 'സ്‌പൈക് പ്രോട്ടീൻ' ഉപയോഗിച്ചാണ് മനുഷ്യകോശത്തിലേക്ക്വൈറസ് പ്രവേശിക്കുന്നത്. / Photo: Pixabay
ഏതൊരു കൊറോണ വൈറസിനും പുറത്തേക്ക് തള്ളിനിൽക്കുന്ന മുള്ളുകൾ പോലെയുള്ള ഭാഗങ്ങൾ കാണാം. ഈ 'സ്‌പൈക് പ്രോട്ടീൻ' ഉപയോഗിച്ചാണ് മനുഷ്യകോശത്തിലേക്ക്വൈറസ് പ്രവേശിക്കുന്നത്. / Photo: Pixabay

ഇത്തരത്തിൽ വൈറസ് വ്യാപിക്കണമെങ്കിൽ, അത് മനുഷ്യകോശങ്ങളിൽ കടന്നുകൂടണമെങ്കിൽ ‘സ്​പൈക്​ പ്രോട്ടീനു’കൾ അത്യാവശ്യമാണ്. അതോടൊപ്പം, ‘സ്​പൈക്​ പ്രോട്ടീനു’കൾക്ക് മനുഷ്യകോശവുമായി ബന്ധം സ്ഥാപിക്കണമെങ്കിൽ മനുഷ്യകോശത്തിലെ ഒരു മാംസ്യപദാർഥം കൂടി ഇതിനകത്ത് പങ്കെടുക്കണം. അതായത്, വൈറസിന്റെ ഒരു മാംസ്യപദാർഥവും മനുഷ്യകോശത്തിലെ ഒരു മാസ്യപദാർഥവും തമ്മിൽ ബന്ധം സ്ഥാപിക്കുന്നതിലൂടെയാണ് ഈ ജനിതകപദാർഥ കൈമാറ്റം നടക്കുന്നത്. മനുഷ്യശരീരത്തിലെ ഈ മാംസ്യപദാർഥത്തിന്റെ പേര് ആൻജിയോ ടെൻസിൻ കൺവേർട്ടിങ് എൻസൈം- 2 (ACE2) എന്നാണ്. ഈ മാംസ്യപദാർഥം മനുഷ്യന്റെ എല്ലാ കോശങ്ങളിലുമുണ്ട്. കോവിഡ് പോലുള്ള വൈറസിന് മനുഷ്യന്റെ ഏതുകോശത്തിലും കടന്നുകയറാൻ കഴിയും. പക്ഷെ വൈറസ് കടന്നുവരുന്നത് വായുവിലൂടെയാണ് എന്നതുകൊണ്ടുതന്നെ മനുഷ്യന്റെ ശ്വാസകോശങ്ങളിലുള്ള കോശങ്ങളിലായിരിക്കാം ഏറ്റവും കൂടുതൽ വൈറസ് കടന്നുകൂടുക.

ഒരുപക്ഷെ, ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം എത്രത്തോളം ശരിയാണ് എന്നതിന് കോവിഡ് പോലെ ഒരു ദൃഷ്ടാന്തം മറ്റൊന്നുണ്ടാകില്ല. അർഹതയുടെ അതിജീവിക്കൽ (Survival of the fittest) എന്ന പ്രക്രിയയാണ് ഇവിടെ സംഭവിക്കുന്നത്.

മനുഷ്യശരീരത്തിലേയ്ക്ക് കടന്നുവരുന്ന മിക്ക വൈറസുകൾക്കെതിരെയും മനുഷ്യന് സ്വാഭാവികമായി രോഗപ്രതിരോധശക്തി ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ, സാർസ് കൊറോണ വൈറസ് 2വിനെ പോലെ ഏതാണ്ടെല്ലാ മനുഷ്യരെയും ബാധിക്കാൻ ശേഷിയുള്ള ഒരു രോഗാണു, ‘സ്പിൽ ഓവറി'ലൂടെ കടന്നുവരുമ്പോൾ, രോഗപ്രതിരോധശക്തിക്ക് ഒരു പരിചയവുമില്ലാത്ത ഒരു വൈറസ് മനുഷ്യനെ ബാധിക്കാൻ തുടങ്ങുമ്പോൾ, ആ വൈറസിന്റെ വ്യാപനം വളരെ വേഗത്തിലായിരിക്കും. കാരണം, മനുഷ്യന് അതിനെ പ്രതിരോധിക്കാൻ ശേഷിയില്ല. പക്ഷെ, ഒട്ടേറെ പേരിൽ രോഗാണുബാധയുണ്ടാകുമ്പോൾ ക്രമേണ ഈ വൈറസിനെതിരെയും മനുഷ്യൻ രോഗപ്രതിരോധശക്തി കൈവരിക്കാൻ തുടങ്ങും. ഇത്തരത്തിൽ, രോഗപ്രതിരോധശക്തി കൈവരിക്കുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് വൈറസിന് ആളുകളെ ബാധിക്കാനുള്ള ശേഷി കുറഞ്ഞുപോകും എന്നതാണ് സാധാരണ സംഭവിക്കുക. ഇതിനോടൊപ്പം, ആധുനിക ശാസ്ത്രത്തിന്റെ സംഭാവനയായ വാക്സിനേഷനും മാസ്‌ക് പോലുള്ള പ്രതിരോധ മാർഗങ്ങളും കൂടിയാകുമ്പോൾ, സാധാരണ വേഗത്തിൽ വൈറസിന് വ്യാപിക്കാൻ കഴിയാതെയാകും.

പക്ഷേ മഹാമാരിയുടെ സമയത്ത് ഇതുകൊണ്ട് കാര്യങ്ങൾ അവസാനിക്കില്ല. ലോകത്തിന്റെ ഏതാണ്ട്​ എല്ലാ ഭാഗങ്ങളിലും രോഗാണുബാധ ഒരേസമയം ഉണ്ടായതിനാൽ, മനുഷ്യന്റെ രോഗപ്രതിരോധ ശക്തിയെ അധികരിക്കാൻ ശേഷിയുള്ള വൈറസ് ഉപവിഭാഗങ്ങൾ പലയിടത്തും രൂപപ്പെടും.
ഒരുപക്ഷെ, ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം എത്രത്തോളം ശരിയാണ് എന്നതിന് കോവിഡ് പോലെ ഒരു ദൃഷ്ടാന്തം മറ്റൊന്നുണ്ടാകില്ല. അർഹതയുടെ അതിജീവിക്കൽ (Survival of the fittest) എന്ന പ്രക്രിയയാണ് ഇവിടെ സംഭവിക്കുന്നത്. ഇത്തരം വൈറസുകളിലുണ്ടാകുന്ന ജനിതക പരിണാമത്തിൽ ഏതെങ്കിലുമൊന്ന് മനുഷ്യന്റെ രോഗപ്രതിരോധശക്തിയെ കടന്നുപോകാൻ ശേഷിയുള്ളതാണെങ്കിൽ ആ ഒരു വൈറസിന്റെ ശ്രേണി, പ്രകൃതിനിർദ്ധാരണം എന്ന പ്രതിഭാസത്തിലൂടെ തെരഞ്ഞെടുക്കപ്പെടുകയും ആ വൈറസുകൾ പിന്നീട് വ്യാപിക്കുകയും ചെയ്യും. അതായത് മനുഷ്യന്റെ രോഗപ്രതിരോധശക്തിയെ അതിജീവിച്ചുപോകാൻ കഴിയുന്ന വൈറസിന്റെ ശ്രേണികളായിരിക്കും രണ്ടാംഘട്ടത്തിൽ കൂടുതലായി വ്യാപിക്കുക. അത്തരത്തിലുള്ള വൈറസ് വ്യാപിക്കുന്ന സമയത്ത്, ആദ്യഘട്ടത്തിൽ ആർജ്ജിച്ച മനുഷ്യന്റെ രോഗപ്രതിരോധശക്തിക്ക് വീണ്ടും വൈറസിനുമുന്നിൽ അടിയറവ് പറയേണ്ടതായി വരും. പക്ഷെ ഇത്തവണ മനുഷ്യന് തീർച്ചയായും ഭാഗികമായ രോഗപ്രതിരോധശക്തി ഉണ്ടാകും.

ആധുനിക ശാസ്ത്രത്തിന്റെ സംഭാവനയായ വാക്സിനേഷനും മാസ്‌ക് പോലുള്ള പ്രതിരോധ മാർഗങ്ങളും കൂടിയാകുമ്പോൾ, സാധാരണ വേഗത്തിൽ വൈറസിന് വ്യാപിക്കാൻ കഴിയാതെയാകും. / Photo: Pixabay
ആധുനിക ശാസ്ത്രത്തിന്റെ സംഭാവനയായ വാക്സിനേഷനും മാസ്‌ക് പോലുള്ള പ്രതിരോധ മാർഗങ്ങളും കൂടിയാകുമ്പോൾ, സാധാരണ വേഗത്തിൽ വൈറസിന് വ്യാപിക്കാൻ കഴിയാതെയാകും. / Photo: Pixabay

കോവിഡിന്റെ കാര്യത്തിൽ ഈ ഭാഗിക രോഗപ്രതിരോധശക്തി, അതായത് അമ്മവൈറസിനെതിരെയുണ്ടായ രോഗപ്രതിരോധശക്തി നമ്മെ രോഗതീവ്രതയിൽ നിന്ന് സംരക്ഷിക്കുന്നുണ്ട്. ഒരു മനുഷ്യന് കോവിഡ് വന്നുകഴിയുമ്പോഴുണ്ടാകുന്ന രോഗപ്രതിരോധശക്തി അല്ലെങ്കിൽ കോവിഡിന്റെ ആദ്യകാല വൈറസുകളെ ഉപയോഗിച്ചുണ്ടാക്കിയ വാക്സിൻ എടുത്തതുമൂലമുള്ള രോഗപ്രതിരോധശക്തിയൊക്കെ പിന്നീടുണ്ടാകുന്ന വൈറസിന്റെ ജനിതക വ്യതിയാനങ്ങൾക്കെതിരെയും ഭാഗികമായി പ്രവർത്തിക്കും. അതായത്, അമ്മവൈറസിനെതിരെയുള്ള രോഗപ്രതിരോധശക്തി ഭാഗികമായി വൈറസുകളുടെ അടുത്ത ശ്രേണിക്കെതിരെയും പ്രവർത്തിക്കുന്നു. എന്നാൽ പുതിയ വൈറസ് മൂലമുള്ള അണുബാധ തടയാൻ അത് മതിയാകില്ല. എല്ലാ വൈറസുകളുടെയും കാര്യത്തിലും ഇത്തരം ഭാഗിക പ്രതിരോധശക്തി ഫലം തരണമെന്നില്ല. പക്ഷെ, ഭാഗ്യവശാൽ കോവിഡിന്റെ കാര്യത്തിൽ ഈ ഭാഗിക രോഗപ്രതിരോധശക്തി തീവ്രമായ രോഗങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കുന്നതായിട്ടാണ് കാണുന്നത്.

ജനിതക വ്യതിയാനങ്ങളും വെല്ലുവിളികളും

ഒരുതവണ വൈറസ് ബാധിച്ചതുകൊണ്ടോ വാക്സിനെടുത്തതുകൊണ്ടോ മനുഷ്യന് ലഭിച്ച രോഗപ്രതിരോധശക്തിയെ അതിജീവിച്ചുപോകാൻ കഴിയുന്ന വൈറസുകൾ ഉണ്ടായിക്കൊണ്ടേയിരിക്കും എന്നതാണ് കോവിഡ് ഉയർത്തുന്ന പ്രധാന പ്രശ്നം. പുത്തൻ വൈറസുകൾ ഒരു ചംക്രമണം പൂർത്തിയാക്കുന്ന സമയത്ത് ഒരുപാടാളുകൾക്ക് രോഗാണുബാധയുണ്ടാകും. ഇതേതുടർന്ന്, പുതിയ വൈറസിനെതിരെയുള്ള രോഗപ്രതിരോധശക്തി മനുഷ്യന് കൈവരും. പക്ഷേ അപ്പോഴേക്കും അതിനെയും മറികടക്കാൻ കഴിയുന്ന വൈറസുകൾ എവിടെയെങ്കിലും രൂപപ്പെട്ടിട്ടുണ്ടാകും. പിന്നീട് അതിന്റെ ചംക്രമണം ആരംഭിക്കുകയായി. ഏതെങ്കിലും സമയത്ത് കോവിഡ് വന്നവരിലും വാക്‌സിൻ സ്വീകരിച്ചവരിലും രോഗതീവ്രത കുറവായിരിക്കുമെന്നുമാത്രം.
ഇത്തരത്തിൽ, നിലനിൽക്കുന്ന പ്രതിരോധ ശക്തിയെ മറികടക്കാനുള്ള വൈറസിന്റെ ശേഷിയെ ‘ഇമ്മ്യൂൺ എസ്‌കേപ്' എന്നാണ് പറയുക. അതായത്, ‘ഇമ്മ്യൂൺ എസ്‌കേപ്' എന്ന സ്വഭാവസവിശേഷത കൈവരിച്ച അല്ലെങ്കിൽ രോഗപ്രതിരോധശക്തിയെ അധികരിച്ച് പോകാൻ കഴിയുന്ന സ്വഭാവസവിശേഷത കൈവരിച്ച വൈറസുകൾ അടുത്ത തരംഗമായി വീണ്ടും മനുഷ്യരെ ബാധിക്കുന്നു. ഇത്തരത്തിൽ ജനിതകവ്യതിയാനം വൈറസിൽ വന്നുകൊണ്ടിരിക്കുന്നതിനനുസരിച്ച് മനുഷ്യർക്ക് പലതവണ കോവിഡ് പോലെയുള്ള രോഗങ്ങൾ വരുന്നു. വൈറസുകൾ മൂലമുള്ള മഹാമാരികളിൽ മുൻപും ഈ പ്രവണത ഉണ്ടായിരിക്കാം. എന്നാൽ, അവയെ കണ്ടെത്താനുള്ള ശേഷി കൂടുതലായി കൈവരിച്ചു എന്നതുകൊണ്ടും അവ റിപ്പോർട്ട് ചെയ്യുന്നതു കൊണ്ടുമാണ് കോവിഡിൽ ഒട്ടേറെ തരംഗങ്ങളുണ്ടാകുന്നത്. പണ്ടുകാലത്ത് ഇത്തരം തരംഗങ്ങളുണ്ടാകുന്നത് കണ്ടെത്താൻ കഴിയുമായിരുന്നില്ല. കാരണം, കുറച്ച് തരംഗങ്ങൾ കഴിയുമ്പോൾ ഭാഗിക രോഗപ്രതിരോധശക്തി മൂലം രോഗതീവ്രത കുറയുകയും മനുഷ്യർ ഇതിനെപ്പറ്റി ശ്രദ്ധിക്കാതാകുകയും രോഗം പതിയെ അപ്രത്യക്ഷമാകുകയും ചെയ്യും. അല്ലെങ്കിൽ മനുഷ്യരെ ബാധിക്കുന്ന ഒട്ടനവധി ജലദോഷപ്പനികളിലൊന്നായി ഇത് പരിണമിക്കും.

പുത്തൻ വൈറസുകൾ ഒരു ചംക്രമണം പൂർത്തിയാക്കുന്ന സമയത്ത് ഒരുപാടാളുകൾക്ക് രോഗാണുബാധയുണ്ടാകും. ഇതേതുടർന്ന്, പുതിയ വൈറസിനെതിരെയുള്ള രോഗപ്രതിരോധശക്തി മനുഷ്യന് കൈവരും. പക്ഷേ അപ്പോഴേക്കും അതിനെയും മറികടക്കാൻ കഴിയുന്ന വൈറസുകൾ എവിടെയെങ്കിലും രൂപപ്പെട്ടിട്ടുണ്ടാകും.

ഓരോ പുതിയ ജനിതകവ്യതിയാനം വരുന്ന സമയത്തും അത് താരതമ്യേന ദുർബലമാണെങ്കിൽ പോലും (ദുർബലം എന്നുപറയുന്നത് അതുണ്ടാക്കുന്ന അപകടസാധ്യതയും ശാരീരിക അസ്വസ്ഥകളും ദുർബലമാണ് എന്ന അർഥത്തിലാണ്) ഇത്തരം വൈറസുകളിൽ എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് കണ്ടെത്താനുള്ള ശേഷി നമുക്കിപ്പോഴുണ്ട്. അതുകൊണ്ടുകൂടിയാണ് നമ്മൾ കൂടുതൽ കൂടുതൽ ജനിതകവ്യതിയാനങ്ങളെ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഇനിയും കോവിഡിന് ജനിതകവ്യതിയാനം സംഭവിക്കുകയും അത് വീണ്ടും തരംഗങ്ങളുണ്ടാക്കുകയും ചെയ്യുമോ എന്ന ചോദ്യത്തിന്റെ ഉത്തരം തീർച്ചയായും അത് സംഭവിക്കും എന്നുതന്നെയാണ് .

ഇപ്പോൾ ലോകത്തെമ്പാടും കാണുന്നത് ഒമിക്രോൺ വിഭാഗത്തിൽപെട്ട വൈറസുകളാണ്. ഒമിക്രോണിന്റെ ആദ്യ തരംഗത്തിലെ വൈറസിനെ ഒമിക്രോൺ BA1 എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ BA2 ഉം അതിന്റെ ഉപവിഭാഗങ്ങളുമാണ് ലോകത്ത് ഏറ്റവും കൂടുതൽ കാണുന്നത്. ഇനിയും പുതിയ തരംഗങ്ങളുണ്ടാകുമെന്നതിന് സംശയമില്ല. പക്ഷെ ഇപ്പോഴുള്ള നമ്മുടെ ധാരണയനുസരിച്ച് ഇത്രയധികം ആളുകൾക്ക് കോവിഡ് വരികയും ഇത്രയധികം ആളുകൾ വാക്സിനെടുക്കുകയും ചെയ്ത സാഹചര്യത്തിൽ ഇനി വരുന്ന തരംഗങ്ങളിൽ രോഗാതുരത കുറയുകയും ജലദോഷപ്പനി പോലെയുള്ള രോഗങ്ങളായി പരിണമിക്കുകയും ചെയ്യാനാണ് സാധ്യത.

വൈറസിനോടൊപ്പം മനുഷ്യർ ജീവിക്കുന്ന ഒരു സാഹചര്യത്തിലേയ്ക്ക്, വൈറസ് മനുഷ്യരെ വളരെ കൂടുതലായി അപകടപ്പെടുത്താത്ത സാഹചര്യത്തിലേയ്ക്ക്, ഈ രോഗം നീങ്ങിപ്പോകാനാണ് സാധ്യത. / Photo: Wikimedia Commons
വൈറസിനോടൊപ്പം മനുഷ്യർ ജീവിക്കുന്ന ഒരു സാഹചര്യത്തിലേയ്ക്ക്, വൈറസ് മനുഷ്യരെ വളരെ കൂടുതലായി അപകടപ്പെടുത്താത്ത സാഹചര്യത്തിലേയ്ക്ക്, ഈ രോഗം നീങ്ങിപ്പോകാനാണ് സാധ്യത. / Photo: Wikimedia Commons

കോവിഡ്-19 പൂർണമായി മനുഷ്യകുലത്തിൽ നിന്ന് ഇല്ലാതാകാനുള്ള സാധ്യത വിരളമാണ്. അത്, പല ജനിതക വ്യതിയാനങ്ങളിലൂടെ വീണ്ടും മനുഷ്യരെ ബാധിക്കാനും അതേസമയം അപകടസാധ്യത കുറവുള്ള രോഗാണുബാധയായി പരിണിച്ച് പോകാനുമാണ് സാധ്യത. നേരത്തെ കണ്ടതുപോലെ മനുഷ്യരുടെ ജീവിതത്തിന് വിലങ്ങുതടിയാകുന്ന രീതിയിൽ രോഗാണുബാധയുണ്ടാകാനുള്ള സാധ്യത വിരളമാണ്. കാരണം, ഒട്ടനവധിപേർക്ക് രോഗം വരികയും ഒട്ടുമിക്കവരും വാക്സിൻ സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ.
അതുകൊണ്ടുതന്നെ, എൻഡെമിക് (Endemic)എന്നുപറയുന്ന, വൈറസിനോടൊപ്പം മനുഷ്യർ ജീവിക്കുന്ന ഒരു സാഹചര്യത്തിലേയ്ക്ക്, വൈറസ് മനുഷ്യരെ വളരെ കൂടുതലായി അപകടപ്പെടുത്താത്ത സാഹചര്യത്തിലേയ്ക്ക്, ഈ രോഗം നീങ്ങിപ്പോകാനാണ് സാധ്യത. പക്ഷെ, മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം, ഇത്തരം മഹാമാരികൾ ഇനിയും വളരെ കൂടുതലായി മനുഷ്യരെ ബാധിക്കാൻ സാധ്യതയുണ്ട് എന്നതിന് കോവിഡ് അനുഭവം അടിവരയിടുന്നു.

പുതിയ തരംഗങ്ങൾ വരികയും രോഗികളുടെ എണ്ണം അടിക്കടി ഏറിയും കുറഞ്ഞും വരികയും ചെയ്യുന്നു എന്നതുകൊണ്ടും എൻഡമിക് ആണെന്ന്​ പറയാൻ കഴിയില്ല. അതേസമയം, രോഗതീവ്രത വളരെ കുറഞ്ഞുവരുന്ന പ്രവണത കാണിക്കുന്നുമുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തിന്റെയൊക്കെ സാഹചര്യത്തിൽ ജാഗ്രത പുലർത്തേണ്ട നിരവധി സാധ്യതകൾ മനുഷ്യർക്ക് നേരിടേണ്ടിവന്നേക്കാം. നേരത്തെ സൂചിപ്പിച്ചതുപോലെയുള്ള ‘സ്പിൽ ഓവർ', കൊതുകുജന്യരോഗങ്ങൾ പോലെയുള്ളവ മനുഷ്യരെ കൂടുതൽ ബാധിക്കാനുള്ള സാധ്യത, ആന്റിബയോട്ടിക്കുകളോട് അതിജീവനശേഷി കാണിക്കുന്ന ബാക്ടീരിയകൾ മനുഷ്യരെ ബാധിക്കാനുള്ള സാധ്യത... ഇത്തരം ഒരുപാട് സാധ്യതകൾ നമ്മുടെ മുന്നിലുണ്ട്. മനുഷ്യർ വളരെ കൂടുതലായി സഞ്ചരിക്കുന്നു എന്നതുകൊണ്ടും ജനസാന്ദ്രത ഏറെ വർധിച്ചു എന്നതുകൊണ്ടും ഇനിയുള്ള കാലത്ത് ഇതുപോലെയുള്ള വൈറസ് ബാധകൾ ഇപ്പോഴത്തേതിനേക്കാൾ കൂടുതലുണ്ടാകാനും സാധ്യതയുണ്ട്

ഡൽഹി അനുഭവവും കേരളവും

ഇത്തരം വസ്​തുതകളുടെ വെളിച്ചത്തിൽ, ഇന്ത്യയിലും കേരളത്തിലും ഇപ്പോഴുള്ള രോഗാവസ്​ഥയെ ഒന്നു പരിശോധിച്ചുനോക്കാം.

ഇന്ത്യയിൽ മാത്രമല്ല, ലോകത്തൊരിടത്തും കോവിഡ് എൻഡമിക് ആയി എന്ന്​പറയാറായിട്ടില്ല. മറിച്ച്, ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡിന്റെ പുതിയ തരംഗങ്ങൾ രൂപപ്പെടുന്നുണ്ട്​. പുതിയ തരംഗങ്ങൾ വരികയും രോഗികളുടെ എണ്ണം അടിക്കടി ഏറിയും കുറഞ്ഞും വരികയും ചെയ്യുന്നു എന്നതുകൊണ്ടും എൻഡമിക് ആണെന്ന്​ പറയാൻ കഴിയില്ല. അതേസമയം, രോഗതീവ്രത വളരെ കുറഞ്ഞുവരുന്ന പ്രവണത കാണിക്കുന്നുമുണ്ട്.
രോഗതീവ്രത അടിക്കടി കുറയുകയും രോഗികളുടെ എണ്ണം കൂടുകയും കുറയുകയും ചെയ്യുന്ന പ്രവണത ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലേ കോവിഡ് എൻഡമിക് ആയി എന്നു പറയാൻ കഴിയൂ. മഹാമാരിയുടെ വാൽഭാഗത്തേക്ക് നമ്മൾ നീങ്ങിയിരിക്കുന്നു എന്നുമാത്രമേ ഇപ്പോൾ പറയാൻ കഴിയൂ. ഇപ്പോഴും മഹാമാരിക്കാലത്തിലൂടെതന്നെയാണ് നാം കടന്നുപോകുന്നത്. എൻഡമിക് ആയി എന്നതിന് ഒരു തെളിവുമില്ല എന്നുമാത്രമല്ല, ഇനിയും കോവിഡിന് നാലാം തരംഗം ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ് ഇപ്പോഴത്തെ തെളിവുകൾ വിരൽ ചൂണ്ടുന്നത്.

ഇന്ത്യയിൽ മാത്രമല്ല, ലോകത്തൊരിടത്തും കോവിഡ് എൻഡമിക് ആയി എന്ന്​പറയാറായിട്ടില്ല. മറിച്ച്, ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡിന്റെ പുതിയ തരംഗങ്ങൾ രൂപപ്പെടുന്നുണ്ട്​. / Photo: Flickr
ഇന്ത്യയിൽ മാത്രമല്ല, ലോകത്തൊരിടത്തും കോവിഡ് എൻഡമിക് ആയി എന്ന്​പറയാറായിട്ടില്ല. മറിച്ച്, ലോകത്തിന്റെ പല ഭാഗങ്ങളിലും കോവിഡിന്റെ പുതിയ തരംഗങ്ങൾ രൂപപ്പെടുന്നുണ്ട്​. / Photo: Flickr

കോവിഡ് ലോകത്തെ എല്ലാ പ്രദേശങ്ങളിലും, ഒരു രാജ്യത്തെ തന്നെ വിവിധ പ്രദേശങ്ങളിൽ, ഒരേപോലെയല്ല വന്നിട്ടുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗം വ്യാപകമായി പടർന്നുപിടിച്ച ആദ്യഘട്ടത്തിൽ കേരളത്തിൽ അത് കുറവായിരുന്നു. അതേസമയം, ഉത്തരേന്ത്യയിൽ രോഗം പിന്മാറിയ സമയത്ത്, കേരളത്തിൽ വ്യാപകമാകുന്ന അവസ്ഥയും നാം കണ്ടു. ഡൽഹിയിലെ ഇപ്പോഴത്തെ രോഗവ്യാപനം ചേർത്തുവച്ച്​ പരിശോധിച്ചാൽ, അത്തരം ഒരവസ്​ഥയായിരിക്കും ഇപ്പോഴും ആവർത്തിക്കുന്നത്.

കേരളം പൊതുവേ രോഗത്തെ കൂടുതൽ പ്രതിരോധിക്കുന്ന ഒരിടമാണ്. ആളുകളിൽ ശുചിത്വശീലം ശക്തമായതുകൊണ്ട്, താരതമ്യേന രോഗം പതുക്കെ മാത്രമേ കേരളത്തിലേക്ക് എത്തുകയുള്ളൂ. മാത്രമല്ല, രോഗം ഉച്​ഛസ്​ഥായിയിലെത്തുന്ന അവസ്​ഥ, അതായത്​, രോഗികളുടെ എണ്ണം വളരെയധികം കൂടുകയും വളരെയധികം കുറയുകയും ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ടാകുകയില്ല.

മാസ്‌ക് അടക്കമുള്ള പ്രതിരോധ സംവിധാനം പൂർണമായും ഉപേക്ഷിക്കാൻ സമയമായിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുകയും സാമൂഹിക- സാമ്പത്തിക ജീവിതം സാധ്യമാക്കുകയും ചെയ്യുന്ന ചില കാര്യങ്ങളാണ് ഇനി നമുക്ക് ചെയ്യാൻ കഴിയുക.

മെട്രോ സിറ്റികളിലൊന്നായ ഡൽഹിയിൽ തുടരുന്ന ഇപ്പോഴത്തെ വ്യാപനം മറ്റു മെട്രോ സിറ്റികളിലേക്കും ജനസാന്ദ്രത കുറവുള്ള ഇടങ്ങളിലേക്കും പതിയെ പടരുന്ന പ്രവണതയായിരിക്കും ഇപ്പോൾ കാണുന്നത്. കേരളത്തിൽ, ഏതാനും ആഴ്ചകൾക്കുള്ളിൽ കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകൂടി വർധിക്കുകയും ഏതാണ്ട് നാലാം തരംഗത്തിന് സമാനമായ കാഴ്ചയുണ്ടാവുകയും ചെയ്‌തേക്കാം. പക്ഷ, ഡൽഹിയിലേതടക്കം, ഇതുവരെയുള്ള അനുഭവം കാണിക്കുന്നത്, ഇപ്പോൾ കോവിഡ് ഉണ്ടാക്കുന്നത് ഒമിക്രോണിന്റെ തന്നെ ചില ഉപവിഭാഗങ്ങളാണ്. ഇത് അത്ര തീവ്രമായ രോഗാവസ്ഥ പൊതുവേ ഉണ്ടാക്കുന്നില്ല. അതുകൊണ്ട്, രോഗികളുടെ എണ്ണവും അപകടാവസ്ഥയും മൂന്നാം തരംഗത്തോളം ഉയരാത്ത, ആശുപത്രികൾ നിറയുന്ന അവസ്ഥയുണ്ടാക്കാത്ത, താരതമ്യേന ബലഹീനമായ നാലാം തരംഗം ഉണ്ടാകാനാണ് സാധ്യത.

കേരളം ഇനി ചെയ്യേണ്ടത്​

ഈ സാഹചര്യത്തിൽ, കേരളത്തിലടക്കം ചില ജാഗ്രതകൾ തുടരേണ്ടതുണ്ട്​. മാസ്‌ക് അടക്കമുള്ള പ്രതിരോധ സംവിധാനം പൂർണമായും ഉപേക്ഷിക്കാൻ സമയമായിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുകയും സാമൂഹിക- സാമ്പത്തിക ജീവിതം സാധ്യമാക്കുകയും ചെയ്യുന്ന ചില കാര്യങ്ങളാണ് ഇനി നമുക്ക് ചെയ്യാൻ കഴിയുക. കൈകൾ കഴുകുക, മാസ്‌ക് ധരിക്കുക, അനാവശ്യമായി കൂട്ടംചേരുന്നത് ഒഴിവാക്കുക തുടങ്ങിയവ നീണ്ടകാലത്തേക്ക് തുടരാവുന്ന ശീലങ്ങളാണ്. മഹാമാരി പൂർണമായും പിൻവാങ്ങിയിട്ടില്ല എന്നതുകൊണ്ടും അടിക്കടി പുതിയ തരംഗങ്ങളുണ്ടാകുന്നു എന്നതുകൊണ്ടും ഒരു പ്രദേശത്ത് രോഗം ഏറെ വ്യാപിച്ച് നിരവധിപേർ ഒരേസമയം രോഗികളാകുന്നതിനേക്കാൾ, കുറച്ചുപേർക്ക്​ രോഗം ബാധിച്ച് വളരെ പതുക്കെ രോഗം സമൂഹത്തിലെത്തുന്നതാണ് നല്ലത്. പുതിയ തരംഗം അത്ര അപകടസാധ്യത ഉണ്ടാക്കുന്നില്ലെങ്കിൽ പോലും ഒരു പ്രദേശത്ത് വളരെ വേഗം വ്യാപിക്കുമ്പോൾ അവിടുത്തെ ജനങ്ങളുടെ ജീവിതത്തെ അത് സാരമായി ബാധിക്കാനിടയുണ്ട്. അത് തടയാൻ മാക്‌സുകൾ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ തുടരേണ്ടതാണ്.

കോവിഡിന്റെ കാര്യത്തിൽ കേരളത്തെ സംബന്ധിച്ച്​ മറ്റു ചില അപകടസാധ്യതകൾ കൂടിയുണ്ട്​. ഒന്ന്, പ്രായാധിക്യമുള്ളവരുടെ ശതമാനം ഇവിടെ കൂടുതലാണ്. ഇന്ത്യയിൽ 65 വയസ്സിനുമുകളിലുള്ളവർ ഏതാണ്ട് ഏഴ്- എട്ട് ശതമാനമാണെങ്കിൽ കേരളത്തിൽ അതിന്റെ ഇരട്ടിയാണ്. കോവിഡ് പ്രായാധിക്യമുള്ളവരെയും മറ്റുരോഗങ്ങളുള്ളവരെയും അപകടപ്പെടുത്താൻ സാധ്യതയുള്ള രാേഗമാണ്. അത്​ മുന്നിൽക്കണ്ടാണ്​ പല മാർഗങ്ങളിലൂടെയും നാം അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചത്​.

കൈകൾ കഴുകുക, മാസ്‌ക് ധരിക്കുക, അനാവശ്യമായി കൂട്ടംചേരുന്നത് ഒഴിവാക്കുക തുടങ്ങിയവ നീണ്ടകാലത്തേക്ക് തുടരാവുന്ന ശീലങ്ങളാണ്. / Photo: unicef.org
കൈകൾ കഴുകുക, മാസ്‌ക് ധരിക്കുക, അനാവശ്യമായി കൂട്ടംചേരുന്നത് ഒഴിവാക്കുക തുടങ്ങിയവ നീണ്ടകാലത്തേക്ക് തുടരാവുന്ന ശീലങ്ങളാണ്. / Photo: unicef.org

മറ്റൊരു അപകട സാധ്യത, കേരളത്തിന്റെ ഉയർന്ന രോഗാതുരതയാണ്​. അതായത്, മറ്റു രോഗങ്ങളുള്ളവരുടെ എണ്ണം, രാജ്യത്തുതന്നെ കേരളത്തിൽ കൂടുതലാണ്. കേരളത്തിൽ പൊതുവെയുള്ളത്​ നഗരസ്വഭാവമാണ്. ജനസാന്ദ്രത കണക്കിലെടുത്താൽ കേരളത്തെ ഒരു വലിയ നഗരമായി കണക്കാക്കേണ്ടിവരും. അതുകൊണ്ട്, ഒരു പ്രദേശത്തുണ്ടാകുന്ന രോഗാണുബാധ വേഗം മറ്റൊരു പ്രദേശത്തേക്ക് വ്യാപിക്കുകയും സംസ്ഥാനം മുഴുവൻ രോഗത്തിന്റെ പിടിയിലാകുന്ന തരത്തിലുള്ള ജനസംഖ്യാ വിതരണ ക്രമം കേരളത്തിലുണ്ട്. ഇത് മറ്റൊരു അപകട സൂചികയാണ്.

ഇതോടൊപ്പം, ഗുണകരമായ മറ്റു സവിശേഷതകളുമുണ്ട്​. അതിൽ പ്രധാനം, പൊതുജനാരോഗ്യശീലമാണ്​. സർക്കാറിന്റെയും മറ്റു വിദഗ്ധരുടെയും നിർദേശങ്ങൾ അനുസരിക്കാൻ തയാറാകുന്ന ജനവിഭാഗമാണ്​ കേരളത്തിലുള്ളത്​.
വാക്​സിനേഷൻ നിരക്ക് ഇവിടെ വളരെ കൂടുതലാണ്​- ഇന്ത്യയിലുള്ളതിനേക്കാൾ 20- 25 ശതമാനം കൂടുതൽ.
രോഗവ്യാപനം തുടരുന്നു എന്നതുകൊണ്ടുതന്നെ രോഗമുണ്ടാക്കുന്ന രോഗപ്രതിരോധശക്തി കേരളത്തിൽ കൂടുതലാണ്. കുത്തിവെപ്പും രോഗവും ചേർന്ന് നൽകുന്ന രോഗപ്രതിരോധശക്തി- ഹൈബ്രിഡ് ഇമ്യൂണിറ്റി മറ്റൊരു അനുകൂല ഘടകമാണ്​.

ഈ സവിശേഷതകൾ കൊണ്ട്​ രോഗത്തെ പ്രതിരോധിക്കാൻ നമുക്കു കഴിയും. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ അവസ്​ഥയിൽ, മാസ്‌ക്​ അടക്കമുള്ള പൊതുവായ പൊതുജനാരോഗ്യശീലങ്ങൾക്ക്​ പ്രാധാന്യം കൊടുക്കുക എന്നതിനപ്പുറം എന്തെങ്കിലും ചെയ്യേണ്ട സാഹചര്യമില്ല. ഒപ്പം, രോഗത്തെയും രോഗവ്യാപനത്തെയും വൈറസുകളിൽ സംഭവിക്കുന്ന മാറ്റങ്ങളെയും നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതും പ്രധാനമാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. അനീഷ്​ ടി.എസ്​.

തിരുവനന്തപുരം​ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ്​ പ്രൊഫസർ. സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതിയിൽ അംഗം.

Comments