ഈ മഹാമാരിയിൽനിന്ന് ഉയർന്നുവരും, കൂടുതൽ നല്ല ഒരു മനുഷ്യൻ

കോവിഡ് എന്ന പകർച്ചവ്യാധി ആധുനിക ശാസ്ത്രത്തിനെന്നപോലെ ആധുനിക സമൂഹത്തെയും മനുഷ്യജീവിതത്തെയും സംബന്ധിച്ച് പലതരം വെല്ലുവിളികളുയർത്തുന്നുണ്ട്. സ്വന്തം ജനതയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന ഭരണകൂടങ്ങളെയും രാഷ്ട്രീയ സംവിധാനത്തിന്റെ തകർച്ചയെയും കുറിച്ച് ലോകമെങ്ങും ചർച്ച ചെയ്യപ്പെടുന്നു. ആഗോളീകരണത്തിന്റെ കാലത്തെ ഒരു മഹാമാരി എന്ന നിലയിൽ കോവിഡ് എങ്ങനെയാണ് മനുഷ്യരാശിയെ ബാധിക്കാൻ പോകുന്നത് എന്ന വിശകലനമാണ്, മനു എസ്. പിള്ളയും എൻ.ഇ. സുധീറും തമ്മിലുള്ള ഈ സംഭാഷണം

എൻ.ഇ സുധീർ: നമ്മൾ ഇന്ന് അപകടകരമായ പകർച്ചവ്യാധിയുടെ നടുവിലാണ്. നമ്മളിൽ പലരും മരിക്കാൻതന്നെ സാധ്യതയുള്ള ഒന്ന്. തീർച്ചയായും ഇത് ലോകമെമ്പാടുമുള്ള മനുഷ്യരിൽ വലിയ ആഘാതം സൃഷ്ടിക്കും. എന്നാൽ, ഇത്തരമൊരു മഹാമാരിയെ നേരിടാൻ മാനവരാശി സജ്ജമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പല പാശ്ച്യാത്യരാജ്യങ്ങളും സ്വന്തം ജനതയെ സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്നുണ്ട്. ഇതെവിടെ ചെന്ന് അവസാനിക്കുമെന്ന് ആർക്കും ഊഹിക്കാൻ കഴിയുന്നില്ല. മെഡിക്കൽ സയൻസിലെയും ആരോഗ്യ മേഖലയിലെയും പ്രവർത്തകർ മനുഷ്യകുലത്തെ ഈ വിപത്തിൽ നിന്ന് രക്ഷിക്കാനുള്ള കഠിന പോരാട്ടത്തിലാണ്. അതുപോലെ സാമൂഹ്യ ശാസ്ത്രജ്ഞൻമാർക്കു മുന്നിലും ഇതൊരു വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഒരു സാമൂഹ്യ ശാസ്ത്ര വിദ്യാർത്ഥി എന്ന നിലയിൽ, ഇപ്പോൾ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ഈ സാഹ്യചര്യങ്ങളെ മനു എങ്ങനെ നോക്കിക്കാണുന്നു?

മനു എസ്.പിള്ള:ആദ്യമായി, എനിക്ക് തോന്നുന്നത്, ഈ മഹാമാരിയുടെ ഗൗരവത്തെ കുറച്ചുകാണിക്കാനുള്ള പ്രവണത ഉണ്ട് എന്നാണ്. ഇരുനൂറു കൊല്ലം മുമ്പുവരെ- ഇന്ത്യയിൽ അത് കുറച്ചു പതിറ്റാണ്ടു മുമ്പുവരെ, മരണം മനുഷ്യജീവിതത്തിലെ ഒരു സാധാരണ സംഭവമായിരുന്നു. അന്നൊക്കെ മരണനിരക്ക് വളരെ കൂടുതലായിരുന്നു, ശരാശരി ജീവിതത്തിന്റെ കാലയളവ് വളരെ കുറവായിരുന്നു.

ജീവിതത്തിന്റെ അടിസ്ഥാന ഗുണനിലവാരവും, ശുചിത്വപരിപാലനവും വളരെ കുറവായതുകൊണ്ട്, രോഗവും മരണവും മനുഷ്യ ജീവിതത്തിന്റെ സാധാരണ ഭാഗമായിരുന്നു. എന്നാൽ, കഴിഞ്ഞ ഒന്നര നൂറ്റാണ്ടിൽ, വൈദ്യശാസ്ത്രരംഗത്തും, സാങ്കേതിക രംഗത്തും ഉണ്ടായ വളർച്ചയും വെൽഫെയർ സ്റ്റേറ്റിന്റെ ഉയർച്ചയും ഈ മരണങ്ങളെ വലിയൊരു പരിധി വരെ കുറയ്ക്കാൻ സഹായിച്ചു.

ജീവിതദൈർഘ്യം കൂടി, മരണനിരക്ക് കുറഞ്ഞു, രക്ഷിതാക്കൾക്ക് കുട്ടികളെ കൂടുതൽ എളുപ്പം വളർത്തിക്കൊണ്ടുവരാൻ കഴിഞ്ഞു. ഇതോടൊപ്പം, പുതിയ സാമ്പത്തിക ഘടനയും, ജീവിതത്തെ കുറിച്ചുള്ള പുതിയ തത്വശാസ്ത്രവും വളർന്നുവന്നു. ഇത്തരമൊരു പ്രതിസന്ധി മുൻപുണ്ടായതു നൂറു കൊല്ലത്തിനപ്പുറമാണ് എന്നതുകൊണ്ട് നമുക്ക് ഒരു മഹാമാരി കണ്ട പരിചയമില്ല. അതുകൊണ്ടാണ് ഇതിന്റെ ഗൗരവത്തെ തള്ളിപ്പറയാൻ നാം തിരക്കു കൂട്ടുന്നത്.

അമേരിക്കൻ, ബ്രസീൽ പ്രസിഡന്റുമാരുടെയും, ബ്രിട്ടന്റെയും ആദ്യ പ്രതികരണങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. ഇതൊരു അതിശയോക്തി ആണെന്നും, അതിരുകടന്ന പ്രതികരണമാണെന്നും നമ്മെക്കൊണ്ട് തോന്നിപ്പിക്കുന്നതും അതുകൊണ്ടാണ്. പോരാത്തതിന് ഇതിനൊക്കെ കാരണക്കാർ പാവങ്ങളാണെന്നും വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. (സമ്പന്നരുടെ, ആഗോളതലത്തിലുള്ള ഇടപെടലുകളാണ് ഇത് പടരാനുള്ള യഥാർത്ഥ കാരണം).

ഇന്ത്യയിൽ, രാജ്യത്തിന്റെ പരിമിതമായ ശേഷിയെയാണ് ഇത് തുറന്നുകാണിക്കുന്നത്. പ്രധാനമന്ത്രിക്ക്, രാജ്യം അടച്ചിടേണ്ടിവരുന്നത്, ഇത്തരം പ്രതിസന്ധികളെ നേരിടാൻ നമുക്ക് അടിസ്ഥാന സൗകര്യമില്ല എന്നതിന്റെ തെളിവാണ്. ഇതിനെ മുൻനിർത്തി, വരുംകാലങ്ങളിൽ, അമ്പലത്തിന്റെയും പള്ളിയുടെയും പേരിൽ സംഘർഷം ഉണ്ടാകുന്നതിനുപകരം, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ബലപ്പെടുത്താനുള്ള ഉത്തരവാദിത്വം സർക്കാരിനാണ് എന്ന് വോട്ടർമാർ ശക്തമായി ആവശ്യപ്പെടുമെന്നു ഞാൻ ആഗ്രഹിക്കുന്നു.

നരേന്ദ്ര മോദി

ഭാവിയിൽ ഇത്, സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്ന, കുറെക്കൂടി ശക്തമായ ഒരു ഫെഡറൽ സംവിധത്തിലേക്കു നയിക്കുമോ എന്ന് ഞാൻ ചിന്തിക്കുന്നു.

ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാൻ സംസ്ഥാനങ്ങൾക്കാണ് യഥാർത്ഥത്തിൽ കഴിയുക. അതുകൊണ്ടുതന്നെ, കൂടുതൽ വിഭവശേഷി ആവശ്യപ്പെടാൻ സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്ന, അടിസ്ഥാനമാറ്റത്തിന് ഈ അവസ്ഥ വഴിയൊരുക്കുമോ?

ഈ സ്ഥിതിയെ നല്ല നിലയിൽ തരണം ചെയ്യാൻ കഴിഞ്ഞാൽ, സംസ്ഥാനങ്ങൾക്ക് അത് ആവശ്യപ്പെടാൻ എല്ലാ ന്യായവുമുണ്ട്.

എന്തായാലും ഇത് കഴിയുമ്പോഴേക്കും ലോകത്തിൽ വലിയ മാറ്റം സംഭവിക്കും. ലോക്ഡൗൺ മൂലം സാമ്പത്തിക ഞെരുക്കമുണ്ടാകും (ചില സാമ്പത്തിക ശാസ്ത്രജ്ഞന്മാർ ഒരു പതിറ്റാണ്ടുവരെ നീളുന്ന സാമ്പത്തിക ഞെരുക്കമാണ് പ്രവചിക്കുന്നത്). സാമൂഹിക ഘടനകൾ കൂടുതൽ ശക്തിപ്പെടും, രാഷ്ട്രീയത്തിന്റെ അടിസ്ഥാനങ്ങളിൽ, ജനങ്ങൾ സർക്കാരിൽനിന്ന് എന്ത് പ്രതീഷിക്കുന്നു എന്നതിലൊക്കെ വലിയ മാറ്റം വരും, സർക്കാർ ചെയ്യുന്നതൊക്കെ ജനം അംഗീകരിക്കും എന്ന ചിന്ത ചോദ്യം ചെയ്യപ്പെടും. ഇതെല്ലാം കൂടുതൽ ശുഭകരമായ മാറ്റങ്ങൾക്ക് അവസരമൊരുക്കിയേക്കും.

നിലവിലെ രാഷ്ട്രീയം ഈ അവസ്ഥയെ നേരിടുന്നതിൽ എങ്ങനെ പരാജയപ്പെട്ടു എന്നാണ് ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നത്. ക്യാപിറ്റലിസത്തിനു സംഭവിച്ച വീഴ്ച എന്ന നിലയിലും ചർച്ച മുന്നേറുന്നുണ്ട്. ചൈന ഇതിനെ നേരിട്ടത് മറ്റൊരു വിധത്തിലാണ്, അതിൽ അവർ കുറെ വിജയിക്കുകയും ചെയ്തു. എങ്കിലും തുടക്കത്തിലുള്ള അവരുടെ പരാജയം, മുതലാളിത്തത്തിലേക്കുള്ള അവരുടെ മാറ്റം കൊണ്ടാണ് എന്ന ആക്ഷേപത്തിനു കാരണമായിട്ടുണ്ട്. ഒരു കാര്യം ഉറപ്പാണ്, അടുത്ത കാലത്തായി പല രാജ്യങ്ങളിലും ഉയർന്നുവന്ന നാഷണൽ പോപ്പുലിസം ഇതിനെ നേരിടുന്നതിൽ പൂർണമായും പരാജയപ്പെട്ടിരിക്കുന്നു. ഈ അവസരത്തിൽ മുമ്പ് അമർത്യസെൻ പറഞ്ഞ ഒരു വിശകലനം ഓർമ വരുന്നു: വരൾച്ച പോലുള്ള പ്രതികൂല സാഹചര്യം മറികടക്കാൻ ജനാധിപത്യമാണ് നല്ലതെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഈ പ്രതിസന്ധിയുടെ രാഷ്ട്രീയവശത്തെ കുറിച്ച് താങ്കളുടെ അഭിപ്രായം? ഈ പകർച്ചവ്യാധിയുടെ പിന്നിലുള്ള അപകടങ്ങളെ മനസ്സിലാക്കുന്നതിലും സമയോചിതമായി ഇടപെടുന്നതിലും ലോകനേതാക്കൾ പരാജയപ്പെട്ടു എന്ന് തോന്നുന്നുണ്ടോ?

വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞപ്പോൾ അതിന്റെ ഗൗരവം കുറച്ചുകാണിക്കാൻ ശ്രമിച്ച ചൈന, (വൈറസിനെ തിരിച്ചറിഞ്ഞ ഡോക്ടറെ അവർ ശിക്ഷിക്കുകപോലും ചെയ്തു) ഒരു സമഗ്രാധിപത്യം എങ്ങനെ സുതാര്യമാവില്ല എന്നതിന്റെ തെളിവാണ്. പണ്ടാണെങ്കിൽ ഇത് മറ്റാരെയും ബാധിക്കില്ല. ഒരു സ്വേച്ഛാധിപത്യ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ നടക്കുന്നത് മറ്റുള്ളവരെ ബാധിക്കില്ല.

വൈറസ് ബാധയെക്കുറിച്ച് ആദ്യ മുന്നറിയിപ്പ്

നൽകിയ ചൈനീസ് ഡോക്ടർ ലി വെൻലിയാങ്‌

അവരുടെ രാജ്യത്ത് എന്ത് സിസ്റ്റം വേണം എന്നുതീരുമാനിക്കാൻ ചൈനക്ക് അവകാശമുണ്ടെങ്കിലും, ഇന്ന് എല്ലാ ലോകരാജ്യങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ട്, ഒരു രാജ്യത്തു സംഭവിക്കുന്നതിന്റെ ഫലം മറ്റു രാജ്യങ്ങളും അനുഭവിക്കും. ആ അർത്ഥത്തിൽ ഇത് മറച്ചുവെക്കാൻ ശ്രമിച്ച ചൈന കുറ്റക്കാർ തന്നെയാണ്.

ഇതിനെ ചോദ്യം ചെയ്തപ്പോൾ, അതിന് വംശീയനിറം കൊടുക്കാൻ ശ്രമിച്ചതിനെതിരെ, കപിൽ കോമിറെഡ്ഢി ശക്തമായ ലേഖനം എഴുതിയിട്ടുണ്ട്. മാത്രമല്ല, ഞങ്ങളാണ് ഈ ദുരന്തത്തിന്റെ ഇരകൾ എന്ന മട്ടിൽ ചൈന അതിൽ നിന്ന് ഒഴിഞ്ഞു മാറാനും ശ്രമിക്കുന്നുണ്ട്. ഇത് അനുവദിക്കരുത്. ഇതിപ്പോൾ അനുവദിച്ചാൽ, ഭാവിയിൽ എല്ലാ രാജ്യങ്ങളും ഇതേ തന്ത്രം ഉപയോഗിക്കും. അത് ഒരു ലോകസംവിധാനത്തെ, ആഗോള നിയമത്തെ കുറച്ചു കാണലാവും.

അത്, ലോകം മുഴുവൻ അരക്ഷിതത്വം വരുത്താനേ സഹായിക്കൂ. എല്ലാ രാജ്യങ്ങളും പാലിക്കേണ്ട കുറച്ച് പൊതുനിയമങ്ങൾ വേണം. അത് പാലിക്കാനുള്ള ഉത്തരവാദിത്വം എല്ലാ രാജ്യത്തിനുമുണ്ട് എന്ന് ഉറപ്പുവരുത്തണം. പരസ്പരം വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന ലോകത്ത് ഇതല്ലാതെ വേറെ വഴിയില്ല. ഇവിടെയാണ് ജനാധിപത്യം പ്രസക്തമാവുന്നത്.

ദിവസവേതനം കിട്ടാതെയായപ്പോൾ, ഡൽഹിയിൽ നിന്ന് യു. പി. യിലേക്ക് പലായനം ചെയ്യുന്ന ആയിരങ്ങളുടെ ചിത്രങ്ങൾ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ കൊടുത്തപ്പോഴാണ്, യു. പി. സർക്കാർ ഉണർന്നതും അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ തയാറായതും. ആ പാവങ്ങൾക്ക് നേരെയുള്ള അനീതിയും, ക്രൂരതയും തുറന്നുകാണിക്കാൻ മാധ്യമങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ സർക്കാർ വല്ലതും ചെയ്യുമായിരുന്നോ?

ഇത് എന്തുതരം ലോക്ഡൗൺ ആണ്? പണമുള്ളവർക്ക് സുഖമായി വീട്ടിലിരിക്കാം. എവിടെയും പോകാനില്ലാത്ത തെരുവിലെ പാവങ്ങൾ പട്ടിണിക്കും, മഹാവ്യാധിക്കും ഇരയാകുന്നു. ഇത് സോഷ്യലിസം അല്ല, അടിസ്ഥാനമായ മാനുഷിക പരിഗണനയാണ്.

സർക്കാറിന് ഒരു തെറ്റുപോലും വരുത്താൻ അധികാരമില്ല. കാരണം, ആ ഒരു തെറ്റ് അനേകം തലമുറകളെ ബാധിക്കുന്ന തരം കഠിനമാകും. ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ ഉദാഹരണമാണ്. അത് വെറും രണ്ടു വർഷത്തെ കാര്യമായിരുന്നില്ല. മറിച്ച് ഒരു തലമുറയെ മുഴുവൻ, അല്ലെങ്കിൽ രാജ്യത്തിന്റെ വികാസത്തെ തന്നെ നശിപ്പിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ, മുൻകരുതലെടുക്കാതെ ഇത്തരമൊരു ലോക് ഡൗൺ പ്രഖ്യാപിച്ച സർക്കാരിനെ ചോദ്യം ചെയ്യേണ്ടതാണ്.

മുന്നൊരുക്കങ്ങളില്ലാതെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പെരുവഴിയിലായവർ

അന്തർ സംസ്ഥാന തൊഴിലാളികളെ കുറിച്ച് ചിന്തിക്കാതെ ഇത്തരം തീരുമാനം എടുക്കാൻ ഉപദേശം കൊടുത്തവർ ആരാണ്? അവർക്ക് പാർപ്പിട സൗകര്യം ഉണ്ടോ എന്ന് അന്വേഷിക്കാത്ത ഉദ്യോഗസ്ഥർ ആരാണ്? തെരുവിലൂടെ തിരിച്ചുപോകുന്നവരെ തല്ലിച്ചതച്ച പൊലീസുകാർ ആരാണ്? വീട്ടിലിരുന്ന്, ഈ പാവങ്ങളെ കുറ്റം പറയുന്നവർ ആരാണ്?

സമൂഹമാധ്യമങ്ങളിൽ പലരും ചോദിക്കുന്നത് കണ്ടു; "വീട്ടിലിരിക്കാതെ ഇവർ എന്തിനാണ് തെരുവിലൂടെ നടക്കുന്നത്?'. അത്തരം ചോദ്യം ചോദിക്കുന്നവർ, അവർ ജീവിക്കുന്ന സാഹചര്യം കണ്ടിട്ടുണ്ടാവില്ല. ഒറ്റമുറിയിൽ ആറും പത്തും പേരൊക്കെയാണ് താമസിക്കുക. 21 ദിവസം അങ്ങിനെ ജീവിക്കാൻ നിർബന്ധിക്കുന്നത് മനുഷ്യത്വരഹിതമാണ്.

കോവിഡ് വ്യാധിയിൽ ആഗോളവത്കരണത്തിന്റെ പങ്കിനെ കുറിച്ച് ചർച്ച നടക്കുന്നുണ്ട്. തീർച്ചയായും വൈറസിന്റെ വ്യാപനത്തിൽ അതിന് വലിയ പങ്കുണ്ട് എന്ന് കാണാം. ആഗോളവത്കരണം ഇതിനു കാരണമാണ് എന്ന് കരുതുന്നുണ്ടോ? പണ്ടൊന്നും പകർച്ച വ്യാധി ഈ വേഗതയിലും ഇത്ര വ്യാപകമായും രാജ്യാന്തര തലത്തിൽ പടർന്നിട്ടില്ല. ഇന്നത്തെ പോലെ അതിനെ പടർത്താൻ വഴിയൊരുക്കുന്ന വ്യോമസഞ്ചാരങ്ങൾ ഇല്ലാതിരുന്നതും ഒരു കാരണമാവാം.

ശരിയാണ്. ആഗോളവത്കരണത്തിന് ഗുണവും ദോഷവുമുണ്ട്. ഇന്ന് ലോകം കൂടുതൽ ചടുലമായി, സമ്പന്നമായി, കഴിവുറ്റതായി, സുരക്ഷിതമായി. ഇതൊക്കെ അതിന്റെ ചില നല്ല വശങ്ങളാണ്. ആഗോളവത്കരണം ലോകത്തെ സ്വർഗമാക്കിയിട്ടില്ലെങ്കിലും, ഇനിയും പല പ്രശ്‌നങ്ങളും പരിഹരിക്കാനുണ്ടെങ്കിലും, അത് ലോകത്താകെ ഇതുവരെ ഇല്ലാത്ത സമാധാനത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. പലരും ഇപ്പോൾ യുവാൻ ഹരാരിയുടെ വരികൾ ഉദ്ധരിക്കാറുണ്ട്;"ഇന്ന് ലോകത്തിൽ കൂടുതൽ ആളുകൾ മരിക്കുന്നത് പ്രമേഹം മൂലമാണ്, വെടിമരുന്ന് കൊണ്ടല്ല'. ആ അർത്ഥത്തിൽ ആഗോളവത്കരണത്തിന് പല ഗുണങ്ങൾ ഉണ്ട്.

എന്നാൽ അതിന്റെ തന്നെ ദോഷവശങ്ങളുമുണ്ട്. ആത്യന്തികമായി അത് മനുഷ്യനെ ഒരു യന്ത്രത്തിന്റെ ഭാഗമായിട്ടാണ് കാണുന്നത്. ലോകമൊന്നാകെ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് പറയുമ്പോഴും സമൂഹത്തിന്റെ ഉള്ളിൽ അസമത്വം പെരുകുന്നു, സമ്പത്തിന്റെ വിതരണത്തിൽ വലിയ ഏറ്റക്കുറച്ചിൽ ഉണ്ടാവുന്നു.

നേരത്തെ പറഞ്ഞതുപോലെ, മറ്റു സ്ഥലങ്ങളിൽ നടക്കുന്ന പ്രശ്‌നങ്ങളിൽ നിന്ന് ഒരു രാജ്യത്തിനും മാറിനിൽക്കാനാകില്ല. മറ്റൊരു രാജ്യത്തിന്റെ പ്രതിസന്ധി ഇന്ത്യയെയും ബാധിക്കും. ഇറാനിലെ സാമ്പത്തിക സ്ഥിതി ലോകസമ്പത്തിനെ തന്നെ ബാധിക്കും. അതിർത്തികൾ കടന്ന് മൂലധനം ഒഴുകുന്ന സുഖത്തോടെ അപകടകരമായ ചിന്തകളും, തീവ്രവാദവും രാജ്യാതിർത്തികൾ കടക്കും. മൂലധന വ്യാപാരത്തിന് ഉപയോഗിക്കുന്ന അതേ സാങ്കേതികതയും, നെറ്റ്‌വർക്കും മതി ലോകത്തിന് ഹാനി വരുത്താനും.
രോഗവും മരണവും എത്ര വേഗം പടരാമെന്നു നാം ഇപ്പോൾ കാണുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് പ്ലേഗ് ഇങ്ങനെ പടർന്നിട്ടുണ്ട്. പക്ഷെ അത് പകരാൻ കുറെയധികം സമയമെടുത്തു. ഇന്ന് പക്ഷെ എല്ലാം വളരെ വേഗത്തിലാണ്. ഈ പ്രതിസന്ധിക്കു മുമ്പുതന്നെ, ലോകത്തിന്റെ പിടിവിട്ട വേഗത്തെക്കുറിച്ച് ആശങ്ക ഉണ്ടായിരുന്നു.

കൾച്ചറൽ നാഷണലിസത്തിന്റെ വളർച്ച, യഥാർത്ഥ അതിർത്തികൾക്കുവേണ്ടിയുള്ള രാജ്യങ്ങളുടെ മുറവിളി, ആഗോളതലത്തിൽ ഉയർന്നുവന്ന ഒരു കൂട്ടം സമ്പന്നന്മാരോടുള്ള വെറുപ്പ്... ഇതൊക്കെ ആഗോളവത്കരണത്തിന്റെ മറുവശങ്ങളാണ്, എന്നുകരുതി ഇതിനെ വേണ്ടെന്ന് വെക്കാൻ കഴിയില്ല.

ഈ പകർച്ചവ്യാധിക്ക് മറുമരുന്ന് എവിടെയെങ്കിലും കണ്ടുപിടിച്ചാൽ, ഈ ആഗോള ചങ്ങലയുടെ കണ്ണികളാണ് അത് ആവശ്യമുള്ള സ്ഥലത്തേക്ക് എത്തിക്കുക. മാത്രമല്ല, ശാസ്ത്രത്തിന്റെ ഉന്നമനത്തിനും, പട്ടിണിയുടെ നിരാകരണത്തിനും ആഗോളവത്കരണത്തിന്റെ സഹകരണം കൂടിയേ തീരൂ. ഇടക്കെവിടെയോവെച്ച് നമ്മുടെ ശ്രദ്ധ ആഗോളവത്കരണത്തിന്റെ ഉപകാരത്തിൽ നിന്ന് അതിന്റെ ലാഭത്തിലേക്കു തിരിഞ്ഞു. അവിടെയാണ് വീഴ്ച പറ്റിയത്. അതിനെ തിരുത്താനും, ആഗോളവത്കരണത്തിന്റെ നല്ല വശത്തേക്കു തിരിച്ചുവരാനും ഈ ആപത് കാലം നമ്മെ സഹായിക്കട്ടെ.

ലോകത്താകമാനം, ജനങ്ങളെ രക്ഷിക്കാനുള്ള സംവിധാനമുണ്ടാക്കാൻ സ്റ്റേറ്റിനു മാത്രമെ കഴിയുന്നുള്ളൂ. മറ്റുള്ളവരൊക്കെ തിരശീലക്കു പിന്നിലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ലോകത്ത് സ്റ്റേറ്റിന്റെ പങ്ക് വർദ്ധിക്കുകയാണോ?

അതെ. "മിനിമം ഗവൺമെന്റ്' എന്ന ആശയത്തിന് വെല്ലുവിളിയാണിത്. അടുത്ത കാലം വരെയും, സ്റ്റേറ്റ് അടിസ്ഥാനപരമായ ചില മേഖലയിൽ മാത്രമേ ഇടപെടാവൂ എന്നും, ബാക്കി മാർക്കറ്റിന് വിട്ടുകൊടുക്കണം എന്നും വാദം ഉയർന്നിരുന്നു. എന്നാൽ ആഗോള സമ്പദ്ഘടന അനിശ്ചിതത്വത്തിലേക്കു നീങ്ങുമ്പോൾ അതിനെ നേരെയാക്കാൻ നമ്മൾ സ്റ്റേറ്റിനെ ആശ്രയിക്കുന്നു. അതുപോലെ, ഒരു പകർച്ചവ്യാധി പടരുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വവും സ്റ്റേറ്റിനാവുന്നു.

പ്രധാനമായും, മനുഷ്യന്റെ സാമൂഹിക ഘടകങ്ങളെ വിപണിക്ക് നിയന്ത്രിക്കാനാകില്ല. അതിന് അനുവാദം കൊടുക്കുന്നത് അസമത്വത്തിനും, ആകുലതക്കും വഴിതെളിക്കും. കാരണം മാർക്കറ്റ് പ്രവർത്തിക്കുന്നത് അതിന്റേതായ മാതൃകയിലും, പണത്തിന്റെയും, കണക്കിന്റെയും അടിസ്ഥാനത്തിലുമാണ്.

എന്നാൽ, സമൂഹം മനുഷ്യനാൽ - അവരുടെ മജ്ജയും മാംസവും വികാരങ്ങളും സങ്കീർണതകളൊക്കയും കൊണ്ട് തീർത്തതാണ്. ഓരോ സമയത്തെയും മുൻഗണന തീരുമാനിക്കേണ്ടത് സ്റ്റേറ്റ് ആണ്. വിപണി സമൂഹത്തെ സഹായിക്കാനുള്ളതാണ്, മറിച്ചല്ല. ഈ ബാലൻസ് ഉറപ്പുവരുത്തേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. "വിപണിയിലെ ശക്തികൾക്ക്' നീതി ഉറപ്പാക്കാൻ കഴിയില്ല. അതിന്, മനുഷ്യത്വത്തിൽ ഊന്നിയ മൂല്യങ്ങളും ആദർശങ്ങളും ഉയർത്തിപ്പിടിക്കുന്ന വ്യവസ്ഥകൾക്കും, സ്ഥാപനങ്ങൾക്കുമേ കഴിയൂ.

അതോടൊപ്പം, സ്വേച്ഛാധിപത്യത്തിലേക്ക് വീണു പോകാതിരിക്കാൻ സ്റ്റേറ്റിനുമേലും നിയന്ത്രണം വേണം. രണ്ടിനെയും ഒരുമിച്ചുചേർക്കുന്ന ബാലൻസ് ആണ് ആവശ്യം. ഒന്ന് മറ്റൊന്നിന് പകരമാവില്ല.

ഇപ്പോൾ നിലനിൽക്കുന്ന സാമൂഹിക ക്രമത്തിന് ഇനിയങ്ങോട്ട് സംഭവിച്ചേക്കാവുന്ന മാറ്റത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എനിക്ക് തോന്നുന്നു, ലോകഘടന തന്നെ ചിലപ്പോൾ മാറിയേക്കാം. ലോക മഹായുദ്ധത്തിനുശേഷം നടന്ന പല വലിയ മാറ്റങ്ങളെ കുറിച്ചും ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. അത്തരമൊരു മാറ്റം അനിവാര്യമാവുമോ?

യഥാർത്ഥത്തിൽ ഈ അവസ്ഥയെ കൂടുതൽ ഭയക്കണം. ഇത്തരം പ്രതിസന്ധി ഗവൺമെന്റിന് ഒരുപാട് അധികാരം കൈയിലെടുക്കാനുള്ള അവസരം ഒരുക്കും. രാജ്യത്ത് എമർജൻസി ആയതുകൊണ്ട് സർക്കാരിന് അതിനെ നേരിടാൻ അസാധാരണമായ അധികാരം കൈയിൽ വരും. എന്നാൽ നമുക്കറിയേണ്ടത്, ഈ പ്രതിസന്ധിഘട്ടം കഴിഞ്ഞാൽ ഈ അധികാരങ്ങളെ അടിയറ വെക്കാൻ സർക്കാർ തയ്യാറാവുമോ എന്നതാണ്.

പലപ്പോഴും, നിയന്ത്രണമില്ലാത്ത അധികാരം അവരെ ലഹരി പിടിപ്പിക്കും. പിന്നെ കൂട്ടിന് ടെക്‌നോളജിയുടെ സഹായം കൂടി ആകുമ്പോൾ, സ്വകാര്യതയിലേക്ക് കടന്നുകയറിയുള്ള നിയന്ത്രണം, കർക്കശമായ പൊലീസിങ് ഒക്കെ സാധ്യമാകുന്നു. ഇത് അൽപം കുഴപ്പം പിടിച്ച മേഖലയിലേക്കു കാര്യങ്ങളെ നീക്കാം. ഇവിടെയാണ് മാധ്യമങ്ങളുടെ അനിവാര്യത തിരിച്ചറിയേണ്ടത്.

ഡോക്ടർമാരെ പോലെ, മാധ്യമപ്രവർത്തകരും ദിവസവും വലിയൊരു അപകട സാധ്യത അഭിമുഖീകരിക്കുന്നുണ്ട്. മാധ്യമങ്ങൾ പോലും ഉണ്ടായിരുന്നില്ലെങ്കിൽ എന്താവും അവസ്ഥ എന്ന് ആലോചിച്ചു നോക്കൂ. എല്ലാം ഇരുട്ടിലാവും. ഇത്രയേറെ മാധ്യമങ്ങൾ ഉണ്ടായിട്ടു തന്നെ പല ആശങ്കകളും നിലനിൽക്കുന്നു. അതിനുകാരണം, ഭൂരിപക്ഷം ടി.വി മാധ്യമങ്ങളും മാധ്യമ പ്രവർത്തനത്തിനുപകരം, രാജ്യപ്രശംസ ആണ് ചെയ്യുന്നത് എന്ന് നമുക്കറിയാമെന്നതുതന്നെയാണ്.

അച്ചടി മാധ്യമ (സമൂഹമാധ്യമങ്ങൾക്കും)ങ്ങൾക്ക്, അവരുടെ നിരന്തര ഇടപെടൽ കൊണ്ട്, ഒരു പരിധിവരെ അധികാരികളുടെ മേൽ സമ്മർദ്ദം ചെലുത്താനും, അവരുടെ അധികാര ദുർവിനിയോഗത്തെ ജനങ്ങളിലെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്. കൊറോണേതര കാലഘട്ടത്തിലും അവർ ഇത് ചെയ്തുകൊണ്ടിരിക്കണം. സർക്കാരുകൾ കാര്യക്ഷമമാവുന്നത് നമ്മുടെ സഹതാപം കൊണ്ടല്ല. അധികാരികൾ കാര്യക്ഷമമാവണമെങ്കിൽ, ജനങ്ങളെ സേവിക്കണമെങ്കിൽ, നമ്മൾ അവരെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കണം.

ഈ പ്രതിസന്ധിയിൽ നിന്ന് പാഠമുൾക്കൊണ്ട് പുതിയൊരു ലോകക്രമം കൊണ്ടുവരാൻ പ്രാപ്തിയുള്ള ഒരു ലോക നേതാവിനെ എവിടെയും കാണുന്നില്ല. അത്തരമൊരു നേതാവിന്റെ, അല്ലെങ്കിൽ നേതൃത്വങ്ങളുടെ അഭാവം ഈ പ്രതികൂല അവസ്ഥക്ക് കാരണമാണ് എന്ന് കരുതുന്നുണ്ടോ?

ഇത് ഒരു നേതാവിന്റെ പരിധിക്കും അപ്പുറത്താണ്. എന്നാൽ ലോകത്തിനാകെ ഊർജം പകരാനും, അതിന് പുതിയ അർത്ഥവും ജീവിതവും കൊടുക്കാനും കെൽപുള്ള, പക്വതയുള്ള നേതാക്കൾ ഇല്ല എന്നതും സത്യമാണ്. ഇന്ന് ലോകത്ത് നിലനിൽക്കുന്ന സംവിധാനങ്ങൾ, അതിന്റെ വിജയത്തിന്റെ തന്നെ ഇരകളാണ്. മനുഷ്യരാശിയുടെ ഏറ്റവും ദാരുണമായ അവസ്ഥ കണ്ടവരാണ് ഈ സംവിധാനത്തിന്റെ ശിൽപികൾ. രണ്ടു ലോകയുദ്ധങ്ങൾ വിതച്ച വിനാശം (സാമൂഹികമായും, സാമ്പത്തികമായും, മനുഷ്യ ജീവിതം നഷ്ടപ്പെട്ടതിന്റെ അളവിലും) കണ്ടറിഞ്ഞവരാണ്.

നാൽപതുകളിൽ, ഈ ലോക സംഘടനകൾക്ക് രൂപം കൊടുത്ത്, ഒരു വശത്ത് മനുഷ്യന്റെ കൂട്ടക്കുരുതിയും, ജപ്പാനിൽ സാമ്രാജ്യത്വവും, ഇന്ത്യയിലും ആഫ്രിക്കയിലും കോളനിവാഴ്ചയുടെ ഭീകരതയും ഒക്കെ അവർ നേരിട്ടനുഭവിച്ചവരാണ്. ആ തീവ്രമായ അനുഭവങ്ങളാണ് മാനുഷികമൂല്യങ്ങളിൽ ഊന്നിയ, ലോകശാന്തിക്കുവേണ്ടിയുള്ള ലോകക്രമം പടുത്തുയർത്താൻ അവരെ പ്രേരിപ്പിച്ചത്.

എന്നാൽ പ്രായോഗിക തലത്തിൽ അതൊന്നും നടപ്പിലാക്കാൻ കഴിഞ്ഞില്ല. ആദ്യ നാളുകളിൽ തന്നെ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി. അമേരിക്കയാണ് അതിന് പ്രധാന ഉത്തരവാദി. വളരെ ഉന്നതമായ ഒരു ആശയത്തിന് വേണ്ടിയാണ് ആ സംവിധാനങ്ങൾ നിലകൊണ്ടത്. ഇന്നത്തെ നേതാക്കൾ അത്തരം പ്രതിസന്ധികളിൽ കൂടി കടന്നുപോയിട്ടില്ല. യുദ്ധക്കൊതിയുടെ, തീവ്രമായ രാഷ്ട്രവാദത്തിന്റെ, ഒരു മതത്തിനെ അന്യവത്കരിക്കുന്നതിന്റെ അപകടം എന്താണ് എന്നവർ അറിഞ്ഞിട്ടില്ല.

ഇന്ന് ലോകത്തു പൊതുവായുള്ള സ്ഥിരത അവരെ ദീർഘവീക്ഷണം ഇല്ലാത്തവരാക്കി. നേതാക്കൾ മാത്രമല്ല, ജനങ്ങളും ഇതിന് ഉത്തരവാദികളാണ്. പല ഉത്തരേന്ത്യൻ ചാനലുകളും തൊടുത്തു വിടുന്ന അറപ്പുളവാകുന്ന മുസ്‌ലിം വിരുദ്ധ പ്രചാരണം ഇതിന് ഉദാഹരണമാണ്. അവർ കളിക്കുന്നത് തീ കൊണ്ടാണ്, അത് സ്വന്തം നാശത്തിനാണ് എന്നറിയാതെ.

ആദ്യം അവർ മുസ്‌ലിങ്ങളെ ശത്രുക്കളാക്കും, നാളെ അത് ദലിതരാകും, പിന്നെ ഹിന്ദി സംസാരിക്കാത്തവരാകും, അത് കഴിഞ്ഞാൽ LGBT സമൂഹം. ഒടുവിൽ അത് നിങ്ങളുടെ പടിവാതിൽക്കലെത്തും. സൃഷ്ടിച്ചെടുത്ത ശത്രുക്കളുടെ ബലത്തിൽ വളരുമ്പോൾ, കൂടുതൽ ശത്രുക്കളെ ഉണ്ടാക്കിയെടുക്കേണ്ടതിന്റെ ആവശ്യം കൂടുന്നു. വളരെ മോശമായ സ്ഥിതിയാണിത്. പ്രത്യാശ തരാൻ ആരുമില്ല. മാത്രമല്ല, നമ്മൾ ഒരിക്കൽ ചെയ്ത തെറ്റ് ആവർത്തിക്കാനാണ് ശ്രമിക്കുന്നത്. അൽപം, അപകർഷതാ ബോധത്തോടെ പറയുകയാണെങ്കിൽ, മനുഷ്യൻ ഒന്നും പഠിക്കുന്നില്ല.

മുമ്പ് ഇതുപോലുള്ള മഹാമാരി ലോകത്തുണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിന്റെ സാമൂഹികമായ പരിണിതഫലം എന്തൊക്കെയായിരുന്നു? ഇത്തരം പ്രതിസന്ധിയെ നേരിടാൻ നാം ചരിത്രത്തിൽ നിന്ന് എന്ത് പാഠമാണ് ഉൾക്കൊള്ളേണ്ടത്?

ബ്ലാക്ക് ഡെത്ത് (പതിനാലാം നൂറ്റാണ്ടിലെ പ്ലേഗ്) ഇതുപോലെ നാശം വിതച്ച പകർച്ച വ്യാധിയാണെന്നു കരുതപ്പെടുന്നു. പ്രത്യേകിച്ചും യൂറോപ്പിൽ അത് വലിയ തോതിൽ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കി. അന്നും അത് വാണിജ്യത്തിലൂടെയും ഗതാഗതത്തിലൂടെയും ആണ് പടർന്നത്. ആയിരങ്ങൾ മരിച്ചു.

വർഷങ്ങൾക്കുശേഷം ആദ്യമായി, ആവശ്യത്തിന് തൊഴിലാളികളെ കിട്ടാതായി. ഇത് പല മാറ്റങ്ങൾക്കും വഴിതെളിയിച്ചു. മധ്യവർഗത്തിന്റെ വേതനം കൂടി, സമ്പത്തിന്റെ വിതരണ ശൈലിയിൽ മാറ്റം വന്നു, ജീവിതരീതി മാറി, പുതിയൊരു വരേണ്യവർഗം ഉയർന്നുവന്നു. സ്വാഭാവികമായും അവർ കൂടുതൽ അധികാരത്തിന് ശ്രമിച്ചു. ഉപഭോഗത്തിലും ഈ മാറ്റം പ്രകടമായി. വിലയിടിഞ്ഞതുകൊണ്ട്, പണ്ട് സാധാരണക്കാരന് താങ്ങാനാവാത്ത പല സാധനങ്ങളും അവർക്ക് അനായാസം വാങ്ങാവുന്ന നില വന്നു. നവോത്ഥാനം പോലുള്ള സാമൂഹിക മാറ്റങ്ങൾ പ്ലേഗിന്റെ ഫലമാണ് എന്ന് വിശ്വസിക്കുന്ന സാമൂഹിക പണ്ഡിതന്മാരുണ്ട്.

മറ്റൊരു പ്രധാന മാറ്റം, ജനം മതത്തെയും, പള്ളിയെയും സംശയത്തോടെ കാണാൻ തുടങ്ങി എന്നതാണ്. നിലനിൽക്കുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനുള്ള ഈ പ്രവണത, മനുഷ്യനെ ശാസ്ത്രത്തിലേക്കും, പുരോഗമന കലകളിലേക്കും കൂടുതൽ അടുപ്പിച്ചു. യൂറോപ്പിലെ പല രാജ്യത്തും അതൊരു സാംസ്‌കാരിക വിപ്ലവത്തിന് തുടക്കം കുറിച്ചു.

കോവിഡ് പ്രതിസന്ധിയുടെ തീവ്രത കുറയുമ്പോൾ, ലോകത്ത് എന്തുമാറ്റമാണ് പ്രതീക്ഷിക്കുന്നത്? ജനങ്ങളുടെ ചിന്തയിൽ കാതലായ മാറ്റങ്ങൾക്ക് ഇത് വഴിയൊരുക്കിയേക്കും എന്നാണ് ഞാൻ കരുതുന്നത്.

എന്റെ ഏറ്റവും വലിയ പ്രതീക്ഷ, ജനം ഭരണകൂടത്തിൽ നിന്ന് കൂടുതൽ ഉത്തരവാദിത്വം ആവശ്യപ്പെടും എന്നതാണ്. എന്നാൽ, ഇത് നീണ്ടുപോയാൽ, എല്ലാ അധികാരവും ഭരണകൂടം കൈയാളാൻ തുടങ്ങിയാൽ, നേരത്തെ പറഞ്ഞതുപോലെ, തിരിച്ചും സംഭവിക്കാം. ഇപ്പോഴത്തെ സ്ഥിതി പ്രവചനാതീതമാണ്. എങ്കിലും ശുഭാപ്തി വിശ്വാസത്തോടെ നോക്കുമ്പോൾ-

മാധ്യമങ്ങൾ അതിന്റെ ധർമത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ- പല നല്ല കാര്യത്തിലേക്കും നയിക്കുന്ന അവസരമായി ഇതിനെ കാണാനാവും. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുകൊണ്ടുവരാനും, ആലസ്യത്തിലും അനാസ്ഥയിലും ആണ്ടുകിടക്കുന്ന സ്ഥാപനങ്ങളെ ഉണർത്താനും, വിഘടന വാദത്തിനെ മാറ്റിനിർത്തി, കൂടുതൽ ഗൗരവമുള്ള വിഷയങ്ങളിലേക്കു ശ്രദ്ധ ചെലുത്താനും ഈ അവസരം ഉപയോഗിക്കാനാവും.

ഇന്ത്യൻ സ്ഥിതിവിശേഷത്തെ എങ്ങിനെ നോക്കി കാണുന്നു? ഈ പ്രതിസന്ധി നമ്മളെ കൂടുതൽ നല്ല പൗരന്മാരാകാൻ, അല്ലെങ്കിൽ കൂടുതൽ നല്ല മനുഷ്യരാവാൻ പ്രേരിപ്പിക്കുമോ?

നല്ല വശവും ചീത്ത വശവും ഇവിടെ കാണാൻ കഴിയുന്നുണ്ട്. ഒരു വശത്ത്, വീട്ടുജോലിക്കാർക്ക് പരിരക്ഷയും, സാമ്പത്തിക സഹായവും ഉറപ്പു വരുത്തുന്ന വീട്ടുകാരെ, തൊഴിലാളികൾക്ക് ജോലിയും ശമ്പളവും ഉറപ്പു വരുത്തുന്ന ചെറിയ സ്ഥാപന ഉടമകളെ നമ്മൾ കാണുന്നു.

മറുവശത്ത്, ജോലിക്കാരെ പിരിച്ചുവിടുന്ന മേലാളർമാർ ( അവരെ കമ്പനി പിരിച്ചുവിട്ടാൽ അവരും പരാതി പറയും എന്നത് വേറെ കാര്യം), വാടകക്കാരെ ഇറക്കിവിടുന്ന ഉടമസ്ഥന്മാർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ വംശീയതയുടെ പേരിൽ അകറ്റിനിർത്തുന്നവർ... എന്നിവരെ നമ്മൾ കാണുന്നു.

ഞാൻ ഏതു തരം മനുഷ്യനാവണം എന്ന് സ്വയം വിലയിരുത്താനും, സഹജീവികളോട് കൂടുതൽ സഹാനുഭൂതിയോടെ പെരുമാറാൻ പഠിക്കാനുമുള്ള സുവർണാവസരമാണിത് എന്ന് എനിക്ക് തോന്നുന്നു.

2020 ഏപ്രിൽ 8ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ എഡിറ്റഡ് വേർഷൻ

Comments