കാണാമറയത്തെ മെഡിക്കൽ നിയമം,
ചികിത്സാപ്പിഴവ് എന്ന കുറ്റകൃത്യം

പൊതുസമൂഹത്തിനും ഭരണത്തിലിരിക്കുന്നവർക്കും ഡോക്ടർമാർക്കുതന്നെയും ഇന്ത്യയിലെ മെഡിക്കൽനിയമങ്ങളെക്കുറച്ച് മതിയായ ധാരണയില്ല. എം.ബി.ബി.എസിലോ മറ്റ് പാരാമെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലോ മെഡിക്കൽ നിയമം പഠനവിഷയമല്ല. ഡോക്ടർമാരിൽ പലർക്കും മെഡിക്കൽ നിയമങ്ങളുടെ അടിസ്ഥാനവശം പോലും അറിയില്ല- ഡോ.കെ.ജെ. പ്രിൻസ് എഴുതുന്നു.

സ്ത്രക്രിയയിലൂടെ അധിക വിരൽ നീക്കം ചെയ്യാനെത്തിയ കുട്ടിയുടെ നാവിന് ശസ്ത്രക്രിയ ചെയ്ത സംഭവം നടന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലാണ്. ഇത്തരം സംഭവങ്ങൾ അടുത്തകാലത്തായി അടിക്കടി കേൾക്കേണ്ടിവരുന്നുണ്ട്. ആദ്യമായല്ല ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്?

കോഴിക്കോട് മെഡിക്കൽ കോളേജിലെ പൂർവ വിദ്യാർത്ഥി എന്ന നിലയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്ഥിതിയെക്കുറിച്ച് ബോധ്യമുള്ളയാൾ എന്ന നിലയിലും, രോഗികളുടെ അവകാശങ്ങൾക്കും ആരോഗ്യകരമായ ഡോക്ടർ - രോഗി ബന്ധം നിലനിർത്തുന്നതിനുമായി പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിലും ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ബാധ്യസ്ഥനാണെന്ന ബോധ്യത്തിലാണ് ഇതെഴുതുന്നത്.

മലബാറിന്റെ മെഡിക്കൽ ഹബ്ബ് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന സ്ഥാപനമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. കേരളത്തിലെ തന്നെ ഏറ്റവും തിരക്കുള്ള ആശുപത്രികളിൽ ഒന്ന്. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിൽ നിന്നെല്ലാം ചികിത്സ തേടി ധാരാളം ആളുകൾ കോഴിക്കോട് എത്താറുമുണ്ട്. കോഴിക്കോടിന്റെ തന്നെ മറ്റ് ഭാഗങ്ങളിലുള്ളവരും ആശ്രയിക്കുന്നത് ഇതേ മെഡിക്കൽ കോളേജിനെയാണ്.
അതായത്, ഒരു ദിവസം തന്നെ വിവിധ വകുപ്പുകളിലായി ആയിരക്കണക്കിന് രോഗികൾ ഇവിടെ വന്നുപോകുന്നു. എന്നാൽ രോഗികളുടെ തിരക്കിനനുസരിച്ച് ആവശ്യത്തിന് ഡോക്ടർമാർ ഇവിടെയില്ല എന്നതാണ് സത്യം. മിടുക്കരായ ഡോക്ടർമാരുണ്ടെങ്കിൽപ്പോലും പലർക്കും അധികസമയം ജോലി ചെയ്യേണ്ടിവരുന്നുണ്ട്. മെഡിക്കൽ കോളേജിന്റെ ദൈനംദിനം പ്രവർത്തനങ്ങളെ പോലും ഇത് ബാധിക്കുന്നുമുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണെങ്കിലും, ഡോക്ടർമാരിൽ പലർക്കും പലപ്പോഴും ഈ തിരക്കിനിടയിൽ സർജിക്കൽ പ്രോട്ടോക്കോളുകൾ പാലിക്കാൻ കഴിയാത്ത സാഹചര്യവുമുണ്ട്.

മലബാറിന്റെ മെഡിക്കൽ ഹബ്ബ് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന സ്ഥാപനമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. കേരളത്തിലെ തന്നെ ഏറ്റവും തിരക്കുള്ള ആശുപത്രികളിൽ ഒന്ന്.    Photo credits : The Hindu
മലബാറിന്റെ മെഡിക്കൽ ഹബ്ബ് എന്നുതന്നെ വിശേഷിപ്പിക്കാവുന്ന സ്ഥാപനമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്. കേരളത്തിലെ തന്നെ ഏറ്റവും തിരക്കുള്ള ആശുപത്രികളിൽ ഒന്ന്. Photo credits : The Hindu

ഏറ്റവും അവസാനമായി പുറത്തുവന്ന കേസിൽ തന്നെ, റിപ്പോർട്ടുകൾ പ്രകാരം കുട്ടിയുടെ അധിക വിരൽ നീക്കം ചെയ്യാനുള്ള അതേ സർജറി ഡേറ്റിൽ ജനറൽ അനസ്‌തേഷ്യ നൽകിയ 16 സർജറികളും മറ്റ് അഞ്ചു സർജറികളും കൂടി പീഡീയാട്രിക് സർജറി വിഭാഗത്തിന് മാത്രം പൂർത്തിയാക്കാനുണ്ടായിരുന്നു. ഇത് അന്നൊരു ദിവസത്തെ മാത്രം കാര്യമല്ല. മിക്ക ദിവസങ്ങളിലും ഇതാണ് സ്ഥിതി. താരതമ്യേന ചെറിയൊരു മെഡിക്കൽ ടീമിന് ഇതെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞെന്നുവരില്ല. പലപ്പോഴും അഞ്ചോ പത്തോ പേർ ചെയ്യേണ്ട ജോലി ഒരാൾ ചെയ്യേണ്ടിവരുമ്പോൾ അശ്രദ്ധ സംഭവിച്ചുപോകും (അങ്ങനെ ഉണ്ടാകാതിരിക്കേണ്ടതാണെങ്കിൽ പോലും). അങ്ങനെയൊരു സംഭവമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലും നടന്നിട്ടുള്ളത്. ഇവിടെ ഡോക്ടറുടെ തെറ്റും ന്യായീകരിക്കാവുന്നതല്ല.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം അടിയന്തര പ്രധാന്യമില്ലാത്തതിനാലും കുട്ടിയുടെ രക്ഷിതാക്കളുടെ അനുമതിയോടെ അല്ലാത്തതിനാലും സംഭവം മെഡിക്കൽ നെഗ്ലിജൻസ് ആണെന്ന് ഉറപ്പിച്ചു പറയാൻ കഴിയും.

സർജറി ചെയ്യുന്നതിനുമുമ്പായി മെഡിക്കൽ പ്രോട്ടോകോൾ പ്രകാരം നിരവധി മുന്നൊരുക്കങ്ങൾ ഡോക്ടർമാർ പൂർത്തിയാക്കേണ്ടതുണ്ട്. സർജറിയുടെ ഭാഗമായി ചെക്ക് ലിസ്റ്റ് പരിശോധിക്കണമെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ ചട്ടം. അതായത് - രോഗിക്ക് അനസ്‌തേഷ്യ നൽകുന്നതിനുമുമ്പുള്ള പരിശോധനകളും ഒരുക്കങ്ങളും പൂർത്തിയാക്കണം. രോഗിയുടെയും വേണ്ടപ്പെട്ടവരുടെയും കൺസെന്റ്, ശസ്ത്രക്രിയ ചെയ്യേണ്ട ഭാഗങ്ങൾ അടയാളപ്പെടുത്തൽ തുടങ്ങിയവ ഉൾക്കൊള്ളുന്ന സൈൻ ഇൻ, ശസ്ത്രക്രിയക്ക് കയറുന്നതിന് അൽപം മുമ്പു മാത്രം നടക്കുന്ന ടൈം ഔട്ട്, ശസ്ത്രക്രിയ ചെയ്ത് മുറിവ് തുന്നുതിനു മുമ്പ് സർജിക്കൽ ഇൻസ്ട്രുമെന്റുകൾ പരിശോധിച്ച് ഉറപ്പുവരുത്തുന്ന സൈൻ ഔട്ട് തുടങ്ങിയ പ്രൊസസ്സുകളെല്ലാം ഒരുപോലെ പൂർത്തീകരിക്കേണ്ടതുണ്ട്.

ഇവിടെ തെറ്റു പറ്റിയത് ഡോക്ടർക്കും ടീമിനും തന്നെയെന്ന് വ്യക്തമാണ്. എന്നാൽ രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടാതെ പോയ കുട്ടിയുടെ നാവിലെ കെട്ട് ഡോക്ടർ കണ്ടെത്തി ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു എന്നാണ് കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ നൽകിയ വിശദീകരണം. കുട്ടിക്ക് അപകടമുണ്ടാകില്ലെന്നും പറയുന്നുണ്ട് (നാവ് കെട്ടിന് നടത്തിയ സർജറി മൂലം കുട്ടിക്ക് അപകടമൊന്നുമുണ്ടാകില്ല). എങ്കിലും, കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റേത് അപക്വമായൊരു മറുപടിയായേ കാണാൻ കഴിയൂ. കാരണം നാവ് കെട്ട് (ടങ് ടൈ) എന്നത് അടിയന്തര ശസ്ത്രിക്രിയ ചെയ്യേണ്ട ആരോഗ്യപ്രശ്‌നമല്ല. മാത്രമല്ല കുട്ടിയുടെ രക്ഷിതാക്കളുടെ സമ്മതമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടി മൈനർ ആയതുകൊണ്ടുതന്നെ ശസ്ത്രക്രിയ ചെയ്യണമെങ്കിൽ രക്ഷിതാവിന്റെ കൺസെന്റ് വേണം താനും. അതായത്, ഈ കുട്ടിയുടെ കാര്യത്തിൽ അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമുണ്ടായിരുന്നില്ല. നാവ് കെട്ടിന്റെ സർജറിക്ക് രക്ഷിതാവിന്റെ സമ്മതപത്രവും (Consent) ഇല്ല. ഇതൊരു ക്ലിയർ കേസ് ഓഫ് മെഡിക്കൽ നെഗ്ലിജൻസ് ആണെന്ന് ഉറപ്പിച്ചുപറയാൻ കഴിയുന്നത് ഇതുകൊണ്ടാണ്.

നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം അടിയന്തര പ്രധാന്യമില്ലാത്തതിനാലും കുട്ടിയുടെ രക്ഷിതാക്കളുടെ അനുമതിയോടെ അല്ലാത്തതിനാലും സംഭവം മെഡിക്കൽ നെഗ്ലിജൻസ് ആണന്ന് ഉറപ്പിച്ച് പറയാൻ കഴിയും Photo : Unsplash
നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം അടിയന്തര പ്രധാന്യമില്ലാത്തതിനാലും കുട്ടിയുടെ രക്ഷിതാക്കളുടെ അനുമതിയോടെ അല്ലാത്തതിനാലും സംഭവം മെഡിക്കൽ നെഗ്ലിജൻസ് ആണന്ന് ഉറപ്പിച്ച് പറയാൻ കഴിയും Photo : Unsplash

മെഡിക്കൽ പുസ്‌കങ്ങളിലും, നിയമപരമായി തന്നെയും രോഗിയുടെ കൺസെന്റ് എന്താണ് എന്നതിന് കൃത്യമായ നിർവചനമുണ്ട്. 2008-ലെ സമീറ കോഹ്ലി vs ഡോ. പ്രഭാ മഞ്ചന്ത കേസിൽ കൺസെന്റിനെ സംബന്ധിച്ച് സുപ്രീംകോടതി നിരീക്ഷണം നടത്തിയിട്ടുണ്ട്. (ശസ്ത്രക്രിയ ചെയ്തതിലൂടെ, കുട്ടികളില്ലാതിരുന്ന സമീറ കോഹ്ലിക്ക് ഗർഭപാത്രം നഷ്ടപ്പെട്ടിരുന്നു). മെഡിക്കൽ നിയമപ്രകാരം ശസ്ത്രക്രിയ ഉൾപ്പടെയുള്ള പ്രധാന ചികിത്സകൾക്ക് 18 വയസ്സ് കഴിഞ്ഞ ഓരോ രോഗിയുടെ പക്കൽ നിന്നും സമ്മതം അഥവാ കൺസെന്റ് വാങ്ങിയിരിക്കണം. ശസ്ത്രക്രിയയിൽ രോഗിയിൽ നിന്നുള്ള ഇൻഫോംഡ് കൺസെന്റ് നിർബന്ധമാണ്. എങ്ങനെയാണ് ഇൻഫോംഡ് കൺസെന്റ് വാങ്ങേണ്ടതെന്ന് ഇതേ കേസിൽ സുപ്രീംകോടതി വിശദീകരിക്കുന്നുണ്ട്:

a) A doctor has to seek and secure the consent of the patient before commencing a treatment. The consent so obtained should be real and valid.

b) Doctor should disclose the nature of the treatment and it's purpose, benefit and effect.

c) Any alternative treatment.

d) Outline of substantial risk.

e) Adverse consequences of refusing treatment.

f) Consent given only for diagnostic procedure can not be considered as consent for therapeutic treatment.

g) Only exception is emergency conditions to save life.

സുപ്രീംകോടതി കൺസെന്റിനെക്കുറിച്ച് പറയുന്നത് ഇതാണ്. ഇതെല്ലാം രോഗിയും രോഗിയുടെ ബന്ധപ്പെട്ടവരോ അറിഞ്ഞിരിക്കണം. രോഗിക്ക് മനസിലാകുന്ന ഭാഷയിൽ വേണം കൺസെന്റ് എടുക്കാൻ. കാരണം രോഗിക്ക് കൺസെന്റ് എന്തെന്ന് മനസിലാവുക എന്നതാണ് പ്രധാനം. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സ്വീകരിക്കാനും നിരാകരിക്കാനും രോഗിക്ക് അവകാശവും ഉണ്ടായിരിക്കണം. മാത്രമല്ല, ഒരു ആവശ്യത്തിനായി വാങ്ങിയ കൺസെന്റ് മറ്റൊരു കാര്യത്തിന് ഉപയോഗിക്കാനും പാടില്ല. അതായത്, ഡയഗ്നോസിസിന് എടുത്ത കൺസെന്റ് ശസ്ത്രക്രിയ ചെയ്യാനുള്ള കൺസെന്റ് അല്ല.

രോഗിയോ ഗാർഡിയനോ സമ്മതപത്രത്തിൽ ഒപ്പിട്ടതുകൊണ്ടുമാത്രം കൺസെന്റ് സാധുവാകില്ല. ഡോക്ടറുടെ ഒപ്പ് കൂടി രേഖപ്പെടുത്തിയാലേ അത് പൂർണാർത്ഥത്തിൽ സാധുവാകൂ.

സമീറ കോഹ്ലി vs പ്രഭാ മഞ്ചന്ത കേസിൽ സമീറ കോഹ്ലിയുടെ സർജറിക്ക് അടിയന്തര പ്രാധാന്യമില്ലെന്ന് നിരീക്ഷിച്ച കോടതി അടിയന്തര ഘട്ടത്തിൽ കൺസെന്റ് ഇല്ലാതെ തന്നെ രോഗിയുടെ ജീവൻ രക്ഷിക്കാനായി ഡോക്ടർക്ക് ശസ്ത്രക്രിയ നടത്താൻ അധികാരമുണ്ടെന്നും നിരീക്ഷിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറുടെ ഭാഗത്തു നിന്ന് ചികിത്സാപിഴവുണ്ടായാൽ പോലും ഇന്ത്യൻ ശിക്ഷാനിയമം 80, 88, 92, 93 വകുപ്പുകൾ പ്രകാരം ഡോക്ടർക്ക് നിയമപരിരക്ഷ ലഭിക്കും. എന്നാൽ സംരക്ഷണം നൽകുമെന്ന് പറയുമ്പോൾ പോലും, ഈ നാല് വകുപ്പുകളിലും Good faith അല്ലെങ്കിൽ ഉത്തമ വിശ്വാസം എന്നൊരു വാക്ക് പ്രയോഗിക്കുന്നുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 52ാം വകുപ്പ് ഉത്തമ വിശ്വാസം എന്താണെന്ന് നിർവചിക്കുന്നുണ്ട്:
Nothing is said to be done or believed in good faith which is done or believed without due care and attention - എന്നാണ് ഉത്തമ വിശ്വാസത്തെ നിർവചിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെ ചികിത്സിച്ചില്ലെങ്കിൽ അയാൾക്ക് ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാമെന്നും അല്ലെങ്കിൽ മറ്റ് അപകടാവസ്ഥകൾ ഉണ്ടായേക്കാമെന്നും ഡോക്ടർക്ക് ഉത്തമ ബോധ്യമുണ്ടായിരിക്കണം.

പൊതുസമൂഹത്തിനും ഭരണത്തിലിരിക്കുന്നവർക്കും ഡോക്ടർമാർക്കുതന്നെയും ഇന്ത്യയിലെ മെഡിക്കൽനിയമങ്ങളെക്കുറച്ച് മതിയായ ധാരണയില്ല.

അത്തരം സാഹചര്യങ്ങളിൽ രോഗിയുടെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് രോഗിയുടെയോ രോഗിയുടെ വേണ്ടപ്പെട്ടവരുടെയോ കൺസെന്റിന് കാത്തുനിൽക്കാതെ ശസ്ത്രക്രിയ പോലുള്ള നിർണായക തിരുമാനങ്ങൾ കൈക്കൊള്ളുന്നതിന് ഡോക്ടർക്ക് വകുപ്പുകൾ അധികാരം നൽകുന്നുണ്ട്. സദുദ്ദേശ്യത്തോടെയുള്ള അത്തരം ശസ്ത്രക്രിയക്കിടെ രോഗിക്ക് അഹിതമായതെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ പോലും ഡോക്ടറെ കുറ്റക്കാരായി കണക്കാക്കുകയുമില്ല (ഇതിനായി മെഡിക്കൽ കേസ് ഷീറ്റുകൾ ഉൾപ്പടെയുള്ള രേഖകൾ ഡോക്ടർമാർ കൃത്യമായി സൂക്ഷിക്കേണ്ടതുണ്ട്). എന്നാൽ, ഡോക്ടറുടെ ഭാഗത്തുനിന്ന് കൃത്യമായ ശ്രദ്ധയും പരിചരണയും നൽകാത്ത കേസുകളിൽ രോഗിക്ക് അപകടം സംഭവിക്കുകയാണെങ്കിൽ ഡോക്ടർക്ക് ഈ വകുപ്പുകൾ പ്രകാരമുള്ള സംരക്ഷണം ലഭിക്കുകയില്ല.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം അടിയന്തര പ്രധാന്യമില്ലാത്തതിനാലും കുട്ടിയുടെ രക്ഷിതാക്കളുടെ അനുമതിയോടെ അല്ലാത്തതിനാലും സംഭവം മെഡിക്കൽ നെഗ്ലിജൻസ് ആണെന്ന് ഉറപ്പിച്ചു പറയാൻ കഴിയും.

മെഡിക്കൽ നെഗ്ലിജൻസും നിയമങ്ങളും

ഇന്ത്യയിൽ മെഡിക്കൽ നിയമങ്ങൾ പ്രാരംഭ ദശയിലാണെന്നു പറയാം. വകുപ്പുകളും നിയമങ്ങളും പലതും വികസിച്ചു വരുന്നതേയുള്ളൂ. എന്നാൽ യു.കെ പോലുള്ള വിദേശ രാജ്യങ്ങളിൽ മെഡിക്കൽ നിയമങ്ങൾ ശക്തമായിക്കഴിഞ്ഞു. മറ്റൊരർത്ഥത്തിൽ നമ്മളും ഈ വഴിയാണ് പിന്തുടരുന്നത്. എന്നാൽ ഇത് പൂർണാർത്ഥത്തിൽ വളർന്നുവരാൻ സമയമെടുക്കുമെന്ന് മാത്രം. പൊതുസമൂഹത്തിനും ഭരണത്തിലിരിക്കുന്നവർക്കും ഡോക്ടർമാർക്കുതന്നെയും ഇന്ത്യയിലെ മെഡിക്കൽനിയമങ്ങളെക്കുറച്ച് മതിയായ ധാരണയില്ല. എം.ബി.ബി.എസിലോ മറ്റ് പാരാമെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലോ മെഡിക്കൽ നിയമം പഠനവിഷയമല്ല. ഡോക്ടർമാരിൽ പലർക്കും മെഡിക്കൽ നിയമങ്ങളുടെ അടിസ്ഥാനവശം പോലും അറിയില്ല. ഞങ്ങൾ പഠിച്ചിരുന്ന കാലത്തും മെഡിക്കൽ നിയമങ്ങളെക്കുറിച്ച് കരിക്കുലത്തിൽ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇപ്പോഴും ആ അവസ്ഥയ്ക്ക് മാറ്റമില്ല. മെഡിക്കൽ നിയമപ്രകാരം താൻ ചെയ്തത് കുറ്റമാണോ അല്ലയോ എന്നു പോലും ഡോക്ടർമാരിൽ പലർക്കും തിരിച്ചറിയാൻ കഴിയുന്നില്ല എന്ന സ്ഥിതിയാണ്. മെഡിക്കൽ ലോ നിയമപഠനത്തിൽ തന്നെ ഓപ്ഷണൽ സബ്ജക്ട് ആയി വന്നത് ഈയടുത്ത കാലത്താണ് എന്നും ഓർക്കണം.

‘ഡിലെയ്ഡ് ജസ്റ്റിസ് ഈസ് ഡിനൈഡ് ജസ്റ്റിസ്’ എന്നതാണ് മെഡിക്കൽ നെഗ്ലിജൻസ് കേസുകളിലെ പലപ്പോഴുമുള്ള ഫലം.
‘ഡിലെയ്ഡ് ജസ്റ്റിസ് ഈസ് ഡിനൈഡ് ജസ്റ്റിസ്’ എന്നതാണ് മെഡിക്കൽ നെഗ്ലിജൻസ് കേസുകളിലെ പലപ്പോഴുമുള്ള ഫലം.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന സംഭവത്തിൽ ഡോക്ടറുടെ പ്രവർത്തിയെ ന്യായീകരിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ പോലൊരു ഉത്തരവാദിത്തപ്പെട്ട സംഘടന നടത്തിയ പ്രസ്താവന തികച്ചും അപക്വമാണ്. ലോജിക്കലി പ്രശ്‌നമുള്ളതാണ്. കേസ് കോടതിയിലേക്ക് വരികയാണെങ്കിൽ കോടതിക്ക് ഈ സംഭവത്തിൽ എക്‌സ്‌പർട്ട് ഒപ്പീനിയൻ തേടാം. എവിഡൻസ് ആക്ട് 45 പ്രകാരം എക്‌സ്‌പർട്ട് ഒപ്പീനിയൻ എങ്ങനെയായിരിക്കണം, ആരായിരിക്കണം എക്‌സ്‌പർട്ട് ഒപ്പീനിയൻ നൽകേണ്ടത് എന്നതിനൊക്കെ നിർവചനമുണ്ട്. എന്നാൽ എക്‌സ്‌പർട്ട് എവിഡൻസിന് ഒരു അഡ്വൈസറുടെ സ്വഭാവം മാത്രമേ ഉള്ളൂ.
മലയകുമാർ ഗാംഗുലി vs ഡോക്ടർ സുകുമാർ മുഖർജി കേസിൽ (ഇന്ത്യയിൽ നടന്നിട്ടുള്ള ഏറ്റവും വലിയ കോമ്പൻസേഷൻ കേസ്), കോടതി ഇത് വ്യക്തമാക്കുന്നുണ്ട്. സാധാരണ മറ്റു തെളിവുകളെ പരിഗണിക്കുന്നതുപോലെ മാത്രമേ എക്‌സ്‌പർട്ട് ഒപ്പീനിയനുകളെയും പരിഗണിക്കേണ്ടതുള്ളൂ എന്നാണ് കോടതി വ്യക്തമാക്കിയത്.

മെഡിക്കൽ നെഗ്ലിജൻസ്
എന്ന ക്രിമിനൽ കേസ്

2005- ലെ ജേക്കബ് മാത്യു vs സ്‌റ്റേറ്റ് ഓഫ് പഞ്ചാബ് കേസിലെ സുപ്രീംകോടതി മാർഗനിർദേശത്തിൽ പറയുന്ന പ്രധാന കാര്യം, കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ വിശ്വസനീയവും നിഷ്പക്ഷവുമായ അഭിപ്രായം (Credible and impartial opinion) ലഭിക്കാനാണ് കേസ് മെഡിക്കൽ ബോർഡിന് വിടുന്നത് എന്നാണ്. പരാതി ഉയർന്ന ഡോക്ടറുടെ പ്രവർത്തനങ്ങൾ ആ മേഖലയിലുള്ള മറ്റ് ഡോക്ടർമാരുടേതുമായി പൊരുത്തപ്പെട്ട് പോകുന്നുണ്ടോ, സ്റ്റാൻഡേർഡ് കെയർ കൊടുക്കുന്നതിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയിട്ടുണ്ടോ എന്നറിയാനുമൊക്കെയാണ് കേസ് മെഡിക്കൽ ബോർഡിന് വിടുന്നത് (Bolam Principle).

ഇവർ തരുന്ന വിവരങ്ങൾ ഡോക്ടറുടെ വീഴ്ചയെ സാധൂകരിക്കുന്നതാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നോട്ടുപോകാം. അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമെന്ന് തോന്നുന്നപക്ഷം ഒരു സ്വകാര്യ ഡോക്ടറോട് അഭിപ്രായം ചോദിക്കാം. വീഴ്ച ബോധ്യപ്പെട്ടാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കേസുമായി മുന്നോട്ടുപോകാം. ഇല്ലെങ്കിൽ മറ്റൊരു ടീമിനെ ഏൽപിക്കാം.

Bolitho vs city and hackney health authority എന്നത് പ്രമാദമായ കേസാണ്. ഇതിലെ കോടതി നിരീക്ഷണപ്രകാരം ലോജിക്കലായി യോജിക്കാത്ത റിപ്പോർട്ടാണ് വരുന്നതെങ്കിൽ അതിനെ നിരസിക്കാനുള്ള അധികാരം കോടതികൾക്കുണ്ട് (Rejection of bolam principle). അത് കോടതികൾ മനസ്സിലാക്കണം. മെഡിക്കൽ വിദഗ്ധർ തരുന്ന റിപ്പോർട്ട് തീർത്തും ശരിയാണ് എന്ന ധാരണയിൽ നിന്ന് മാറി കോടതികൾക്ക് അത് ചോദ്യം ചെയ്യാം എന്ന് ചുരുക്കം.

അടിയന്തര ഘട്ടത്തിൽ കൺസെന്റ് ഇല്ലാതെ തന്നെ രോഗിയുടെ ജീവൻ രക്ഷിക്കാനായി ഡോക്ടർക്ക് ശസ്ത്രക്രിയ നടത്താൻ അധികാരമുണ്ട്
അടിയന്തര ഘട്ടത്തിൽ കൺസെന്റ് ഇല്ലാതെ തന്നെ രോഗിയുടെ ജീവൻ രക്ഷിക്കാനായി ഡോക്ടർക്ക് ശസ്ത്രക്രിയ നടത്താൻ അധികാരമുണ്ട്

ജേക്കബ് മാത്യു വേഴ്‌സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസിൽ തന്നെ സുപ്രീംകോടതി, മെഡിക്കൽ നെഗ്ലിജൻസ് കേസുകൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ മാർഗനിർദേശങ്ങൾ പ്രകാരം കേരള ആഭ്യന്തര വകുപ്പ് എങ്ങനെയാണ് ക്രിമിനൽ കേസ് കൈകാര്യം ചെയ്യേണ്ടതെന്ന് സർക്കുലർ ഇറക്കിയിട്ടുണ്ട്. പിന്നീട് ഈ സർക്കുലർ പുതുക്കുകയും ചെയ്തു. 2007-08 ലാണ് ഇത് അവസാനമായി പുതുക്കപ്പെട്ടത്. ഒരു അന്വേഷണ ഉദ്യോഗസ്ഥർ കേസ് പരിഗണിക്കുമ്പോൾ ഗവൺമെന്റ് തലത്തിലുള്ള ഡോക്ടറുടെ എക്‌സ്‌പർട്ട് ഒപ്പീനിയൻ തേടിയശേഷം, മെഡിക്കൽ നെഗ്ലിജൻസ് ഉണ്ടെന്ന് ഉറപ്പായി കഴിഞ്ഞാൽ മാത്രമേ അന്വേഷണവുമായി മുന്നോട്ടുപോകാൻ പാടുള്ളൂ എന്ന് ഈ സർക്കുലർ വ്യക്തമാക്കുന്നു. മാത്രമല്ല ഇത്തരം കേസുകളിൽ ഡോക്ടർമാരെ അകാരണമായി അറസ്റ്റ് ചെയ്യാനും സാധിക്കില്ല. കുറ്റാരോപിതരായ ഡോക്ടർ നാടുവിട്ടു പോകാനോ തെളിവ് നശിപ്പിക്കാനോ സാധ്യതയുണ്ടെങ്കിൽ മാത്രമേ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാൻ അധികാരമുള്ളൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മറ്റൊന്ന്, ചികിത്സാപിഴവുമായി ബന്ധപ്പെട്ട കേസ് വന്നാൽ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കണം കേസ് അന്വേഷിക്കേണ്ടത് എന്നും സർക്കുലർ വ്യക്തമാക്കുന്നു. ഡോക്ടർമാരെ അനാവശ്യമായി ഉപദ്രവിക്കരുത് എന്ന ഉദ്ദേശ്യത്തോടെയാണ് ഈ മാർഗനിർദേശങ്ങൾ വന്നിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥർ കേസിനാവശ്യമായ രേഖകൾ കണ്ടെടുത്തശേഷം, മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡി.എം.ഒ) നിർദ്ദേശം കൊടുക്കണം. ഡി.എം.ഒ ആണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുക. സബ്ജക്ട് എക്‌സ്‌പർട്ട്, പബ്ലിക് പ്രോസിക്യൂട്ടർ, ഫോറൻസിക് വിദഗ്ധൻ എന്നിവരടങ്ങിയ സംഘമായിരിക്കണം മെഡിക്കൽ ബോർഡിൽ ഉണ്ടാകേണ്ടത്. നിലവിലുള്ള ഉന്നത സമിതിക്കും ആവശ്യമെങ്കിൽ ഇടപെടാം. ഡയറക്ടർ ജനറൽ പ്രോസിക്യൂഷൻ, ഡയറക്ടർ മെഡിക്കൽ എജ്യൂക്കേഷൻ, ഫോറൻസിക് വിദഗ്ധൻ, സബ്ജക്ട് എക്‌സ്‌പർട്ട് എന്നിവരടങ്ങിയതായിരിക്കും ഈ ഉന്നത സമിതി. ആദ്യ സമിതിയിൽ നിന്ന് ഏതെങ്കിലും ഡോക്ടർ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചാലോ, നെഗ്ലിജൻസ് നടത്തിയെന്നാരോപിക്കപ്പെടുന്ന ഡോക്ടർക്ക് തനിക്കെതിരെയാണ് റിപ്പോർട്ട് വരുന്നതെങ്കിലോ അപ്പീലുമായി സമീപിക്കാവുന്ന സമിതിയാണിത്. അതേസമയം രോഗിക്ക് ഈ ഉന്നതാധികാര സമിതിയെ സമീപിക്കാൻ അവകാശമില്ല. രോഗിയെ സംബന്ധിച്ച് ഇത് അനീതിയാണ്, തുല്യതയുടെ ലംഘനമാണ്. ആർട്ടിക്കിൾ 14-ന്റെ ലംഘനമാണ് ഇതെന്ന് കണക്കാക്കേണ്ടി വരും.

എന്നാൽ ഈ വിഷയത്തിൽ കോടതിയുടെ അഭിപ്രായം, രോഗിക്ക് നിയമപരമായി തന്നെ മറ്റ് മാർഗങ്ങളുള്ളപ്പോൾ മെഡിക്കൽ ബോർഡിനെ സമീപിക്കേണ്ട ആവശ്യമില്ലെന്നാണ്. കൺസ്യൂമർ കോടതിയെയോ സിവിൽ കോടതിയെയോ രോഗിക്ക് സമീപിക്കാം. പക്ഷേ കോടതിയുടെ അഭിപ്രായത്തിന് സാധുതയില്ലെന്ന് പറയേണ്ടിവരും. കാരണം, പിന്നീട് മറ്റൊരു ഡോക്ടറുടെ പക്കൽനിന്ന് എക്‌സപർട്ട് ഒപ്പീനിയൻ സംഘടിപ്പിക്കുക എന്നത് രോഗിയെ സംബന്ധിച്ച് ബുദ്ധിമുട്ടായിരിക്കും. എന്നാൽ മെഡിക്കൽ ലിറ്ററേച്ചർ രോഗിക്ക് തെളിവായി സമർപ്പിക്കാം, പക്ഷേ പലരും ഡിസ്ചാർജ് ഷീറ്റ് മാത്രം തെളിവായി സമർപ്പിക്കുകയാണ് പതിവ്. അതിനുപകരം പരിശോധനയും ചികിത്സയും സംബന്ധിച്ച മുഴുവൻ രേഖകളുമാണ് സമർപ്പിക്കേണ്ടത്. ആ രേഖകളെല്ലാം രോഗിക്ക് അവകാശപ്പെട്ടതുമാണ്. 2002- ലെ മെഡിക്കൽ കൗൺസിൽ റൂൾസ് ആൻഡ് റെഗുലേഷൻസ്, രോഗിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും കുറഞ്ഞത് മൂന്ന് വർഷത്തേക്കെങ്കിലും സൂക്ഷിക്കണം എന്ന് നിർദേശിക്കുന്നുണ്ട്. രോഗിയോ, ബന്ധുക്കളോ, രോഗിയുടെ നിയമോപദേശകരോ ആവശ്യപ്പെടുകയാണെങ്കിൽ ലാബ് റിപ്പോർട്ട് ഉൾപ്പടെയുള്ള എല്ലാ രേഖകളുടെയും കോപ്പി 72 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുകയും വേണം. എം.പി രാജപ്പൻ vs ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് കേസിൽ കേരള ഹൈക്കോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഡോക്ടർമാരിൽ പലരും മെഡിക്കൽ നിയമങ്ങളെക്കുറിച്ച് അജ്ഞരാണ്. സ്വന്തം ശരീരത്തിൽ എന്തു ചെയ്യണം എന്ന് തിരുമാനിക്കാനുള്ള അവകാശം രോഗിക്കാണുള്ളതെന്ന് പലപ്പോഴും ഡോക്ടർമാർ മനസ്സിലാക്കുന്നില്ല.

എന്നാൽ മെഡിക്കൽ ബോർഡിന്റെ തിരുമാനത്തേക്കാൾ, കേസിൽ മെഡിക്കൽ നെഗ്ലിജൻസ് നടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയാണെങ്കിൽ, മറ്റൊരു ഡോക്ടറിൽ നിന്ന് എക്‌സപർട്ട് ഒപ്പീനിയൻ എടുക്കാനും അന്വേഷണവുമായി മുന്നോട്ട് പോകാനും അധികാരമുണ്ട്. പലപ്പോഴും മറ്റ് കേസുകളെക്കാൾ പ്രാധാന്യമർഹിക്കുന്നതാണ് മെഡിക്കൽ നെഗ്ലിജൻസ് കേസുകൾ എങ്കിലും മിക്കപ്പോഴും വർഷങ്ങൾ കേസിനു​വേണ്ടി ചെലവഴിക്കേണ്ടിവരുമെന്നതാണ് സത്യം. പലപ്പോഴും സമയനഷ്ടം, സാമ്പത്തികനഷ്ടം എന്നിവയും അനുഭവിക്കേണ്ടി വരും. മെഡിക്കൽ നെഗ്ലിജൻസ് കേസുകൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി ഇതാണ്. സർക്കാരിൻ്റെ ആശുപത്രിയിൽ സർക്കാർ സ്റ്റാഫകളുടെ എണ്ണത്തിൽ കുറവുവന്നതുകൊണ്ട് സംഭവിച്ച കേസിൽ പണവും സമയവും നഷ്ടപ്പെടുന്നത് രോഗിയുടേതാണ്. ‘ഡിലെയ്ഡ് ജസ്റ്റിസ് ഈസ് ഡിനൈഡ് ജസ്റ്റിസ്’ എന്നതാണ് പലപ്പോഴുമുള്ള ഫലം. ഈ സ്ഥിതി മാറേണ്ടതുണ്ട്.

മെഡിക്കൽ നെഗ്ലിജൻസുകൾ
രണ്ടു തരം

മെഡിക്കൽ നെഗ്ലിജൻസ് കേസുകളെ രണ്ടായി തിരിച്ചിട്ടുണ്ട്: ക്രിമിനൽ മെഡിക്കൽ നെഗ്ലിജൻസും സിവിൽ മെഡിക്കൽ നെഗ്ലിജൻസും.
മെഡിക്കൽ നെഗ്ലിജൻസ് കേസ് പൊലീസിൽ പരാതിപ്പെടുമ്പോൾ, പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി ​പൊലിസ് ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്ന്, ഡോക്ടർമാർ രോഗിക്ക് അസുഖം മൂർച്ഛിക്കണമെന്ന് കരുതി ഇങ്ങനെ ചെയ്യില്ലല്ലോ എന്നാവും. ഇവിടെയാണ് സാധാരണ ക്രിമിനൽ കേസുകളും ക്രിമിനൽ മെഡിക്കൽ നെഗ്ലിജൻസും തമ്മിലുള്ള വ്യത്യാസം. സാധാരണ ക്രിമിനൽ കേസുകളിൽ, കുറ്റം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ കുറ്റകൃത്യത്തിൽ ഏർപ്പെട്ടെന്ന് തെളിഞ്ഞാൽ മാത്രമേ കേസ് നിലനിൽക്കൂ. എന്നാൽ മെഡിക്കൽ നെഗ്ലിജൻസുമായി ബന്ധപ്പെട്ട കേസുകളിൽ ഇതിന് വ്യത്യാസമുണ്ട്. ബോധപൂർവം കുറ്റകൃത്യത്തിൽ ഏർപ്പെടുക എന്നതല്ല കേസെടുക്കുമ്പോൾ ഇവിടെ പരിഗണിക്കുന്നത്. മറിച്ച്, രോഗിയെ ചികിത്സിക്കുന്നതിൽ ഡോക്ടർ Recklessness അഥവാ ഉദാസീനത കാണിച്ചു എന്ന തരത്തിലാണ് കേസ് രജിസ്റ്റർ ചെയ്യുക. അതായത് ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ രോഗിക്ക് നേരിടേണ്ടി വന്നേക്കാവുന്ന എല്ലാ പ്രത്യാഘാതങ്ങളെക്കുറിച്ചും ധാരണയുണ്ടായിട്ടും ഡോക്ടർ അശ്രദ്ധയോടെ പെരുമാറിയെന്നും വേണ്ട പരിചരണം ലഭ്യമാക്കിയില്ല എന്നതിനുമാണ് കേസ്. ഈ കുറ്റകരമായ ഉദാസീനതയാണ് മെഡിക്കൽ നെഗ്ലിജൻസിനെ ക്രിമിനൽ കേസ് എന്ന തരത്തിലേക്ക് എത്തിക്കുന്നത്. ക്രിമിനൽ കേസ് ആണെങ്കിൽ കുറ്റാരോപിതരായ ഡോക്ടർക്കുമേൽ കുറ്റം സ്ഥാപിച്ചെടുക്കണമെങ്കിൽ ഡോക്ടർ ഗ്രോസ് നെഗ്ലിജന്റ് ആയിരിക്കണം. എന്നാൽ ഗ്രോസ് നെഗ്ലിജന്റ് എന്തായിരിക്കണം എന്നത് എവിടെയും നിർവചിച്ചിട്ടില്ല. ഇതാണ് ഡോക്ടർമാർക്ക് ശിക്ഷ കിട്ടുന്നത് കുറയാൻ കാരണം.

എന്നാൽ സിവിൽ മെഡിക്കൽ നെഗ്ലിജൻസ് ആണെങ്കിൽ tort law-യുടെ അടിസ്ഥാനത്തിലായിരിക്കും കേസ് രജിസ്റ്റർ ചെയ്യുക. സിവിൽ കേസുകൾ കൺസ്യൂമർ കോടതികളിലും കൊടുക്കാം. വിദഗ്ധരടങ്ങിയ മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ടിന്റെ സാധുതയെ കോടതിയിൽ ചോദ്യം ചെയ്യാനും രോഗിക്ക് അവകാശമുണ്ട്. ഇതിനെല്ലാം പുറമേ രോഗിക്ക് സ്വകാര്യ പരാതി കൊടുക്കാനും കഴിയും. അത്തരം സാഹചര്യങ്ങളിൽ മറ്റൊരു എക്സ്പർട്ട് ഒപ്പീനിയൻ മൊഴിയായി സമർപ്പിക്കേണ്ടതുണ്ട് എന്ന് മാത്രം. മെഡിക്കൽ നെഗ്ലിജൻസ് നടന്നു എന്ന് ഈ എക്‌സ്‌പർട്ട് ഒപ്പീനിയനിൽ നിന്ന് വ്യക്തമാവുകയാണെങ്കിൽപരാതിക്കാരെ വിസ്തരിച്ച് കോടതിക്ക് കേസെടുക്കുകയും ചെയ്യാം.

മറ്റൊരു സന്ദർഭം Res Ipsa Loquitor ആണ്. Truth speaks itself അല്ലെങ്കിൽ സ്വയം വെളിപ്പെടുത്തുന്ന സത്യം എന്നെല്ലാം പറയാം. ഇത്തരം കേസുകളിൽ മറ്റ് തെളിവുകളോ കൂടുതൽ അന്വേഷണങ്ങളോ ആവശ്യമില്ലാത്ത വിധം യാഥാർഥ്യം മുന്നിലുണ്ടാവും. ആളുമാറി സർജറി ചെയ്യുക, സൈറ്റ് മാറി ഓപ്പറേഷൻ ചെയ്യുക, സർജിക്കൽ ഉപകരണങ്ങൾ ശരീരത്തിനകത്ത് വെച്ച് തുന്നുക എന്നതൊക്കെ ഇതിൽ ഉൾപ്പെടുന്നതാണ്. കോഴിക്കോട് മെഡിക്കൽകോളേജിൽ നാളുകളായി സമരം ചെയ്യുന്ന ഹർഷിനയുടെയും നാവ് കെട്ടിന് ശസ്ത്രക്രിയക്ക് വിധേയയായ കുട്ടിയുടെയെല്ലാം കേസ് ഇതിന് ഉദാഹരണമാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ, ശസ്ത്രക്രിയക്കു ശേഷമുള്ള സൈൻ ഔട്ട് പ്രക്രിയയിൽ വന്ന അശ്രദ്ധ മൂലമാണ് ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്.

നിയമങ്ങളെക്കുറിച്ച്
ഡോക്ടർമാർക്കുള്ള അജ്ഞത

ഡോക്ടർമാരിൽ പലരും മെഡിക്കൽ നിയമങ്ങളെക്കുറിച്ച് അജ്ഞരാണ്. സ്വന്തം ശരീരത്തിൽ എന്തു ചെയ്യണം എന്ന് തിരുമാനിക്കാനുള്ള അവകാശം രോഗിക്കാണുള്ളതെന്ന് പലപ്പോഴും ഡോക്ടർമാർ മനസ്സിലാക്കുന്നില്ല. കാരണം എം.ബി.ബി.എസ് സിലബസിൽ എവിടെയും ഇന്ത്യയിലെ മെഡിക്കൽ നിയമങ്ങൾ പഠിക്കാനില്ല. പി.ജി ഡിപ്ലോമ ഇൻ മെഡിക്കൽ ലോ ആൻഡ് എത്തിക്സ് എന്ന കോഴ്‌സ് മാത്രമാണുള്ളത്. പിന്നെ പി.എച്ച്.ഡി തലത്തിലൊക്കെ മാത്രമേ ഇതു സംബന്ധിച്ച് കോഴ്‌സുകളുള്ളൂ.

 എം.ബി.ബി.എസിലോ മറ്റ് പാരാമെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലോ മെഡിക്കൽ നിയമം പഠനവിഷയമല്ല.
എം.ബി.ബി.എസിലോ മറ്റ് പാരാമെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലോ മെഡിക്കൽ നിയമം പഠനവിഷയമല്ല.

ഇപ്പോൾ ഗ്രാജുവേഷൻ തലത്തിൽ തന്നെ എൽ.എൽ.ബി വിദ്യാർത്ഥികൾക്ക് എം.ജി. യൂണിവേഴ്‌സിറ്റിയിൽ ഓപ്ഷണൽ സബ്‌ജക്റ്റായി മെഡിക്കൽ ലോ പഠിക്കാം. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലാണ് ആദ്യമായി ഈ കോഴ്‌സ് തുടങ്ങിയത്. ഡോക്ടർമാർക്കും അഡ്വക്കേറ്റുമാർക്കും ഇത് പഠിക്കാമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ അവിടെ മെഡിക്കൽ ലോ പഠിക്കാൻ ചേർന്നത്. മെഡിക്കൽ കൗൺസിൽ റെഗുലേഷനെ കുറിച്ചോ മെഡിക്കൽ റൂൾസ് ആൻഡ് റെഗുലേഷൻസിനെ കുറിച്ചോ അടിസ്ഥാന വിവരങ്ങൾ പോലും എം.ബി.ബി.എസ് തലത്തിൽ പഠിപ്പിക്കുന്നില്ല. അതുകൊണ്ടുതന്നെ ഡോക്ടർമാരിൽ പലർക്കും നിയമത്തെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും അജ്ഞതയുണ്ട്. എന്നാൽ Ignorance of law is not an excuse എന്ന് നിയമം തന്നെ പറയുന്നുണ്ട്. നിയമത്തെക്കുറിച്ച് അറിവില്ലാത്തതിനാൽ ഡോക്ടർമാർ കൂടുതൽ അപകടത്തിൽ പെടാനാണ് സാധ്യത. നിയമത്തെക്കുറിച്ചുള്ള അജ്ഞ മൂലം മെഡിക്കൽ റെക്കോർഡുകളോ മറ്റോ തിരുത്താൻ ശ്രമിക്കുകയോ മറ്റോ ചെയ്താൽ ഡോക്ടർ കൂടുതൽ പ്രശ്‌നത്തിലാവുകയേ ഉള്ളൂ.

റോബോട്ടിക് സർജറിയും
മെഡിക്കൽ നെഗ്ലിജൻസും

റോബോട്ടിക് സർജറിയിലെ ചികിത്സാപിഴവുകൾ മെഡിക്കൽ നെഗ്ലിജൻസ് കേസിൽ ഉൾപ്പെടുമോ എന്നത് പൊതുവെയുള്ള സംശയമാണ്. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം, റോബോട്ടിക് സർജറി ചെയ്യുന്ന വേളയിലും റോബോട്ടിന്റെ നിയന്ത്രണം ഡോക്ടറുടെ കൈയിലുണ്ട്. റോബോട്ട് ഒറ്റക്ക് തീരുമാനം എടുത്തല്ല സർജറി ചെയ്യുന്നത്. സർജറി ചെയ്യൻ ഡോക്ടറെ അസിസ്റ്റ് ചെയ്യുക മാത്രമാണ് റോബോട്ട് ചെയ്യുന്നത്. ഡോക്ടർ തന്നെയാണ് നിർദേശങ്ങൾ നൽകുന്നത്.

റോബോട്ടിക് സർജറിയിലെ ചികിത്സാപിഴവുകൾ മെഡിക്കൽ നെഗ്ലിജൻസ് കേസിൽ ഉൾപ്പെടുമോ എന്നത് പൊതുവെയുള്ള സംശയമാണ്. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം, റോബോട്ടിക് സർജറി ചെയ്യുന്ന വേളയിലും റോബോട്ടിന്റെ നിയന്ത്രണം ഡോക്ടറുടെ കൈയിലുണ്ട്.   Photo : Screenshot
റോബോട്ടിക് സർജറിയിലെ ചികിത്സാപിഴവുകൾ മെഡിക്കൽ നെഗ്ലിജൻസ് കേസിൽ ഉൾപ്പെടുമോ എന്നത് പൊതുവെയുള്ള സംശയമാണ്. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം, റോബോട്ടിക് സർജറി ചെയ്യുന്ന വേളയിലും റോബോട്ടിന്റെ നിയന്ത്രണം ഡോക്ടറുടെ കൈയിലുണ്ട്. Photo : Screenshot

മറ്റ് സാഹചര്യങ്ങളിലേത് പോലെ തന്നെ ഇവിടെയും നെഗ്ലിജൻസ് സംഭവിച്ചേക്കാം. മുമ്പ് വിശദമാക്കിയ സാഹചര്യങ്ങളിലെല്ലാം ഡോക്ടറുടെ ഭാഗത്തു നിന്നുള്ള ചികിത്സാപിഴവുകളെയാണ് നെഗ്ലിജൻസ് ആയി കണക്കാക്കിയിരുന്നതെങ്കിൽ ഇവിടെ മെഷീൻ തകരാറും നെഗ്ലിജൻസിന് കാരണമായേക്കാം. നിലവിൽ റോബോട്ടിക് സർജറിയിലെ നെഗ്ലിജൻസ് കേസുകൾ കുറവായതിനാൽ ഇത് സംബന്ധിച്ചുള്ള നിയമങ്ങൾ വികസിച്ചു വരാൻ സമയമെടുക്കും. എങ്കിലും മെഷീൻ തകരാർ ഇല്ലാത്ത സാഹചര്യത്തിൽ, ലീഗൽ ഡ്യൂട്ടി ഡോക്ടർക്കാണ് എന്നതിനാൽ ഡോക്ടറും ഇത്തരം കേസുകളിൽ നിയമനടപടി നേരിടേണ്ടിവരും.


Summary: Dr. KJ Prince writes about Medical Negligence and Medical Law.


ഡോ. കെ.ജെ. പ്രിൻസ്

ഡെന്റല്‍ ഡോക്ടര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജിലും കൊച്ചി നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സറ്റഡീസിലും പഠിച്ചു. രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ആരോഗ്യകരമായ ഡോക്ടര്‍ - രോഗി ബന്ധം വളര്‍ത്തിക്കൊണ്ടുവരുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ചികിത്സാനീതി ചാരിറ്റബിള്‍ സംഘടനയുടെ സെക്രട്ടറി.

Comments