അടുത്ത കാലത്തായി നമ്മുടെ ആശുപത്രി സേവനങ്ങളെ ചൊല്ലി ധാരാളം പരാതികളും വിവാദങ്ങളും ഉയർന്നുവരുന്നുണ്ട്. ശസ്ത്രക്രിയക്കിടെ ഉള്ളിൽ ആർട്ടറി ഫോഴ്സ്പ്സ് കുടുങ്ങുക, സർജ്ജറിക്കുശേഷം രോഗി ലൈംഗികപീഡനത്തിന് വിധേയപ്പെടുക, ചികിത്സാ പിഴവ് മൂലമുള്ള മരണങ്ങൾ തുടങ്ങിയവ. ഏറ്റവും അടുത്തതായി വിരൽ മുറിച്ച് മാറ്റാനെത്തിയ കുട്ടിയുടെ നാവിലെ കെട്ട് മാറ്റുക എന്നൊരു സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ചികിത്സാ പിഴവായി ആരോപിക്കപ്പെടുന്നതെല്ലാം ചികിത്സാ പിഴവ് ആയിക്കൊള്ളണമെന്നില്ല. സുതാര്യത നില നിർത്തുന്ന ഒരു സംവിധാനത്തിൽ മാത്രമേ ഇത് വേർതിരിച്ച് മനസ്സിലാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. നീതിന്യായവ്യവസ്ഥയോടൊപ്പം സ്ഥാപനങ്ങളിലെ സ്വയംനിർണയസംവിധാനങ്ങളും (self regulatory bodies) ഇതിൽ പ്രധാനമാണ്.
മെഡിക്കൽ നെഗ്ലിജൻസിൽ പെടുന്ന ഒന്നാണ് വിരൽ ശസ്ത്രക്രിയാസംഭവത്തിലുള്ളത്. മെഡിക്കൽ നെഗ്ലിജൻസ് സംബന്ധിച്ച നിയമങ്ങൾ നമ്മുടെ നാട്ടിൽ നിലവിലുണ്ട്. അപൂർവ്വം കേസുകളിൽ മാത്രമാണ് പരാതിക്കാർക്ക് നീതി ലഭ്യമാവുക. ഇതിനിടയിൽ ആരോഗ്യ മേഖലയിലുള്ളവരുടെ തന്നെ കമ്മിറ്റികൾ നൽകുന്ന റിപ്പോർട്ടുകളിൽ പൊതുവേ ജനങ്ങൾ സംതൃപ്തരല്ല. മറുവശത്ത് വലിയ തുക നഷ്ടപരിഹാരം നൽകേണ്ടിവരുന്നതും കടുത്ത ശിക്ഷയും മറ്റും കുറ്റം മറച്ചുവെക്കാൻ പ്രൊഫഷണൽ രംഗത്തുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തേക്കാം. അതിനാൽ നിയമവ്യവസ്ഥയേക്കാൾ ഉപരി, നൈതിക കാഴ്ചപ്പാടുകൾ ഉൾക്കൊണ്ടുള്ള റഗുലേഷനുകൾ സ്ഥാപനവൽക്കരിക്കപ്പെടുന്നതും അവയിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതും സ്ഥിതി മെച്ചപ്പെടുത്തിയേക്കും. നിയമവ്യവസ്ഥക്ക് പകരമായല്ല, അവിടെ എത്തുന്ന കേസുകളുടെ എണ്ണം കുറക്കാൻ വേണ്ടിയാണിത്.
ജനങ്ങളും ആരോഗ്യസേവകരും രണ്ടു ചേരികളിലായി നിന്ന് പൊരുതേണ്ട വിഷയമല്ല ചികിത്സയുടേത്. അതിർത്തിയില്ലാത്ത തരത്തിൽ തുടരേണ്ട ബന്ധങ്ങളുടെ ഇടമാണിത്.
ഇത്തരം സംവിധാനങ്ങൾ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങളൊന്നും വിവാദങ്ങൾക്കൊടുവിൽ സംഭവിക്കുന്നില്ല എന്നതാണ് അസ്വസ്ഥപ്പെടുത്തുന്ന കാര്യം. ഈ സംഭവങ്ങളൊക്കെ തന്നെ വ്യത്യസ്തമായ തരത്തിൽ ഗുരുതരമായവയായിരിക്കും. അറിയാതെ സംഭവിക്കുന്ന ചെറിയ പിഴവിനേയും ലൈംഗികപീഡനം പോലെയുള്ള കൊടും കുറ്റത്തേയും ഒരു പോലെ കാണാനാവില്ല. കോമ്പൻസേഷൻ തീരുമാനിക്കപ്പെടേണ്ടതും വ്യത്യസ്തമായ തരത്തിലായിരിക്കും. ചിലത് വെറും ആരോപണങ്ങൾ മാത്രമായിരിക്കും. വിരൽ ശസ്ത്രക്രിയയിലുണ്ടായ പിഴവ് ആദ്യം ഡോക്ടർ സമ്മതിക്കുന്നതായും പിന്നീട് നാക്കിൽ കെട്ടുണ്ടായിരുന്നതിനാൽ അതു കൂടി ചെയ്തു എന്നും മറ്റുമാണ് മാദ്ധ്യമ റിപ്പോർട്ടിലുള്ളത്. രോഗിയുടെയോ രക്ഷിതാവിന്റേയോ സമ്മതമില്ലാതെ അങ്ങനെ ചെയ്യാൻ നിയമം അനുവദിക്കാത്തതിനാൽ ആ വാദം നിലനിൽക്കുകയില്ല. യാഥാർഥ്യം എന്താണെന്ന റിപ്പോർട്ട് ലഭ്യമല്ലാത്ത സാഹചര്യത്തിൽ അത്തരം പിഴവുപറ്റി എന്നു കരുതി, അത് പരിശോധിച്ചുനോക്കാം. പുറത്തുള്ള വിവാദങ്ങളിൽ മാധ്യമപ്രവർത്തകരും ചില ജനവിഭാഗങ്ങളും ഒരു വശത്തും ഡോക്ടർമാർ പ്രതിരോധ നിലപാടിൽ മറുവശത്തുമായാണ് പല ചർച്ചകളിലും കണ്ടത്. ജനങ്ങളും ആരോഗ്യസേവകരും രണ്ടു ചേരികളിലായി നിന്ന് പൊരുതേണ്ട വിഷയമല്ല ചികിത്സയുടേത്. അതിർത്തിയില്ലാത്ത തരത്തിൽ തുടരേണ്ട ബന്ധങ്ങളുടെ ഇടമാണിത്.
ഇത്തരത്തിൽ ഒരു പിഴവിന് വിധേയയായ രോഗിയുടേയോ ബന്ധുക്കളുടേയോ സ്ഥാനത്തു നിന്നുകൊണ്ട് നമുക്ക് ഇതിനെ പറ്റി ചിന്തിക്കാം. അബദ്ധം പറ്റിയ ഡോക്ടറുടെ വശത്തു നിന്നും ചിന്തിക്കാം. രണ്ട് മനുഷ്യാവസ്ഥയും നമുക്ക് ക്ഷോഭം കൂടാതെ തിരിച്ചറിയാനാവും. ഇത്തരം വീഴ്ചകൾ പരമാവധി ഇല്ലാതാക്കാൻ എങ്ങനെ കഴിയും എന്ന് ചിന്തിക്കാനാവണം. അടുത്ത കാലത്തായി ആശുപത്രികളിലുണ്ടാകുന്ന സംഘർഷങ്ങളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇങ്ങനെ കാണുന്നത്. ഡോക്ടർമാർ, പ്രത്യേകിച്ച് യുവാക്കൾ, മാനസികസമ്മർദ്ദത്തിന് വിധേയപ്പെടുകയും അതു മൂലം അവർ ചികിത്സ തേടുന്നവരെ അപരരായി കാണുകയും സ്വയംപ്രതിരോധ ചികിത്സക്ക് (defensive practice) പ്രേരിതരാവുകയും ചെയ്യുന്നുണ്ട്. ഇത് ആരോഗ്യമേഖലക്ക് ഗുണം ചെയ്യില്ല. ഒന്നുരണ്ട് വർഷങ്ങൾക്കുമുൻപ് സർജ്ജറി പരാജയപ്പെട്ടതിന്റെ പേരിൽ കേരളത്തിൽ ഒരു ഡോക്ടർ ആത്മഹത്യ ചെയ്തത് ഇപ്പോൾ ഓർക്കുന്നു. അത്തരം സംഭവങ്ങൾ കേരളത്തിന് പുറത്തും ഉണ്ടായിട്ടുണ്ട്. അവരെ അതിലേക്ക് നയിച്ച സംഭവങ്ങൾ ചികിത്സാ പിഴവുകളായിരുന്നില്ല, പരാജയങ്ങളായിരുന്നു എന്നും ഓർക്കണം. ചികിത്സകൾ എല്ലായ്പ്പോഴും നൂറു ശതമാനവും വിജയിക്കുകയില്ല. എന്നാൽ, പരമാവധി വിജയിപ്പിക്കാനുള്ള അർപ്പണഭാവം ചികിത്സകർക്കുണ്ടാവുകയും വേണം.
ആരോഗ്യ രംഗത്തെ ഇപ്പോഴത്തെ അവസ്ഥ വിശദമായും ഗൗരവമായും പരിശോധിക്കേണ്ടതാണ്. ഒട്ടേറെ ഘടകങ്ങൾ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെങ്കിലും ഒറ്റ നോട്ടത്തിൽ വിഭവങ്ങളുടെ അപര്യാപ്തതക്ക് മുൻതൂക്കം നൽകേണ്ടതുണ്ട്. ഇതിൽ വൈഭവമുള്ള മനുഷ്യവിഭവശേഷി പ്രധാനമാണ്. ഒരു ദിവസം മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും മറ്റു ആശുപത്രികളിലും എത്ര സർജ്ജറി ചെയ്യേണ്ടിവരുന്നു, എത്രയാണ് ഗുണ നിലവാരം ഉറപ്പുവരുത്തി ചെയ്യാൻ സാധിക്കുന്നത് എന്നതിന്റെ ഓഡിറ്റ് നമ്മൾ ചെയ്യുന്നുണ്ടോ? ചെയ്താൽ തന്നെ പടിപടിയായെങ്കിലും മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ടോ? ഇതിൽ ആരോഗ്യദാതാക്കളുടെ സംഘടനകൾക്കും ജനകീയ സംഘടനകൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും. ഗവണ്മെന്റിലേക്ക് ശുപാർശ ചെയ്യാൻ കഴിയും.
ഞാൻ ഓപ്പറേഷൻ തിയേറ്ററുകളിൽ ജോലി ചെയ്തപ്പോഴുള്ള അനുഭവങ്ങൾ കൊണ്ട് ചില കാര്യങ്ങൾ പറയാൻ കഴിയും. സർജറിക്ക് മുൻപുള്ള തയാറാക്കൽ, ഷിഫ്റ്റിങ്, വെയ്റ്റിങ്, അനസ്തേഷ്യ എന്നിങ്ങനെ പല പ്രക്രിയകൾക്കു ശേഷമാണ് രോഗി സർജ്ജന്റെ ടേബിളിൽ എത്തുന്നത്. ആ സമയത്ത് രോഗി ആരാണെന്നും എന്ത് സർജ്ജറിയാണെന്നും ഏത് സൈഡാണെന്നും ഒന്നു കൂടി ഉറപ്പിച്ചശേഷമാണ് അതിലേക്ക് കടക്കുന്നത്. കൂടെയുള്ളവരും അതിൽ ജാഗ്രത പുലർത്തണം. ഒരു ദിവസം തന്നെ കണക്കിലധികം സർജ്ജറി നടക്കുകയാണെങ്കിൽ ഒരു പക്ഷെ, ജാഗ്രത കുറഞ്ഞേക്കാം. ആവശ്യത്തിന് നഴ്‌സുമാരും അസിസ്റ്റന്റുമാരും ഇല്ലെങ്കിൽ സേവനത്തിന്റെ ഗുണനിലവാരം അപൂർവ്വമായെങ്കിലും നഷ്ടപ്പെട്ടേക്കാമെന്നത് യാഥാർഥ്യമാണ്. സ്ഥാപനങ്ങളിലെ ഗുണനിലവാരം ഉറപ്പുവരുത്തൽ, മോർട്ടാലിറ്റി റിവ്യൂ മീറ്റിങ്ങുകൾ എന്നിവ സ്വയം നിയന്ത്രണ സമിതികളുടെ ഭാഗമായി നടക്കേണ്ടതാണ്. എന്നാൽ, ഇതൊക്കെ ആശുപത്രികളിൽ നടക്കുന്നുണ്ടോ എന്ന് മോണിട്ടർ ചെയ്യേണ്ടതും ആവശ്യമാണ്. ആശുപത്രി ഭരണത്തിൽ മെഡിക്കൽ വിദഗ്ദ്ധരോടൊപ്പം മാനേജ്മെന്റ് വിദഗ്ധരും ഉണ്ടാകണം.
ആശുപത്രികളിലെ തിരക്ക് കുറച്ച് ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റൊരു സാദ്ധ്യത റഫറൽ സംവിധാനം ഫലപ്രദമായി നടപ്പിൽ വരുത്തുക എന്നതാണ്. നമുക്ക് ആദ്യം മുതൽ റഫറൽ സംവിധാനം ഉണ്ടെങ്കിലും അത് വേണ്ട രീതിയിൽ നടപ്പാക്കുന്നില്ല. ഇതിന് തടസ്സമായി വരുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്നതും നോക്കേണ്ടതുണ്ട്. ഇവിടെ നമ്മുടെ സാംസ്കാരിക പരിസരവും സാമ്പത്തിക ചുറ്റുപാടുകളും കൂടി പരിഗണിക്കേണ്ടതായിവരും. രാഷ്ട്രീയ നേതാക്കളടക്കം എല്ലാ ജനങ്ങൾക്കും എല്ലാ രോഗങ്ങൾക്കും ചികിത്സ ഏറ്റവും ഉയർന്ന സ്ഥാപനങ്ങളിൽ നിന്നുതന്നെ ലഭിക്കണമെന്നത് പൊതു താല്പര്യമായി നിലനിൽക്കുന്നു. താഴെ തട്ടിലുള്ള സ്ഥാപനങ്ങളിൽ സൗകര്യങ്ങളുള്ളപ്പോഴും നേരിട്ട് മെഡിക്കൽ കോളേജിൽ പോകുന്ന പ്രവണതയുണ്ട്. അതിനൊക്കെയുള്ള ശുപാർശകളും നടക്കുന്നു. അതേപോലെ, സ്വകാര്യ ആശുപത്രികളിലെ ചികിത്സ കൂടുതൽ മെച്ചമാണെന്നും കഴിയുമെങ്കിൽ അവിടെ നിന്നുതന്നെ ചികിത്സ വേണമെന്നും എല്ലാവരും കരുതുന്നു. പണം കുറഞ്ഞവർ ചില ആനുകൂല്യങ്ങൾ കിട്ടാനുള്ള പേപ്പറുകൾ സംഘടിപ്പിക്കാൻ മാത്രമായി ഗവണ്മെന്റ് ആശുപത്രികളിൽ വരുകയും, അതിനുശേഷം പ്രൈവറ്റിലേക്ക് മാറുന്നതും കണ്ടിട്ടുണ്ട്. ഇതെല്ലാം അനാവശ്യമായി തിരക്ക് കൂടുന്നതിന് കാരണമാണ്.
ആരോഗ്യമേഖലയിലെ അസന്തുലിതമായ വിതരണം ഇരുപതാം നൂറ്റാണ്ട് കഴിയുമ്പോഴേക്കും വർദ്ധിക്കുകയാണുണ്ടായത്. രണ്ടായിരാമാണ്ടിൽ എല്ലാവർക്കും ആരോഗ്യമെന്ന സങ്കല്പനം നിരർത്ഥകമായി.
ഡോക്ടർമാരുടെ വശത്തുനിന്ന് നോക്കുകയാണെങ്കിൽ മത്സരാധിഷ്ഠിതമായ സംസ്കാരത്തിൽ, രോഗിയോടുള്ള പ്രതിബദ്ധത എന്നതിനേക്കാൾ സ്വന്തം പേരും പെരുമയും ഉറപ്പിച്ചെടുക്കാനുള്ള ബാദ്ധ്യത വന്ന് തലയിൽ പതിച്ചിരിക്കുകയാണ്. അതുകൊണ്ടു മാത്രമല്ല, ധാർമ്മിക ഉത്തരവാദിത്വം എന്ന നിലക്കും അവർ കൂടുതൽ പേർക്ക് സേവനം നൽകുന്നുണ്ട്. സർജറി ആവശ്യമുള്ളവരുടെ നീണ്ട ലിസ്റ്റ് എപ്പോഴും ഉണ്ടാവും. ഒ.പി സമയം കഴിഞ്ഞും ആളുകൾ ധാരാളം വരിയിലുണ്ടാകും. ഇതൊക്കെ പരിമിതപ്പെടുത്താമെന്ന് പറയാമെങ്കിലും പ്രായോഗികമായി ചെയ്യാൻ കഴിയില്ല. പരിഹാരം കണ്ടെത്തണമെങ്കിൽ വൈദഗ്ധ്യമുള്ളവരെ കൂടുതൽ റിക്രൂട്ട് ചെയ്യേണ്ടി വരും.
കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാൻ ഗവൺമെന്റുകൾക്ക് കഴിയുമോ? അത് സാമ്പത്തിക നയങ്ങളുമായി കൂടി ബന്ധപ്പെട്ട കാര്യമാണ്. തൊണ്ണൂറുകൾക്കുശേഷം വന്ന സാമ്പത്തികനയത്തിലെ മാറ്റങ്ങൾ ഏറ്റവും ബാധിച്ചത് ആരോഗ്യമേഖലയെയാണ്. സേവനമെന്ന നിലക്കും ക്ഷേമമെന്ന നിലക്കും പരിഗണിച്ചിരുന്ന ആരോഗ്യസേവനങ്ങൾക്കുള്ള സബ്‌സിഡികൾ പിൻവലിക്കുകയും ആരോഗ്യ ബഡ്ജറ്റ് കുറയുകയും ചെയ്ത പരിതസ്ഥിതിയിൽ എത്രത്തോളമാണ് ഗവൺമെന്റുകൾ കൂടുതൽ റിക്രൂട്ട്മെന്റ് നടത്തുക എന്ന് പറയാൻ കഴിയില്ല. താൽക്കാലിക നിയമനങ്ങൾ നടത്തി വിഭവശോഷണം പരിഹരിക്കാനൊക്കെയാണ് ശ്രമിക്കുന്നത്. സ്വാഭാവികമായും സർക്കാരുകൾ പിന്നോട്ട് പോകുമ്പോൾ സ്വകാര്യമേഖല വികസിക്കുകയും വാണിജ്യവൽക്കരണം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യും. ആരോഗ്യമേഖലയിലെ അസന്തുലിതമായ വിതരണം ഇരുപതാം നൂറ്റാണ്ട് കഴിയുമ്പോഴേക്കും വർദ്ധിക്കുകയാണുണ്ടായത്. രണ്ടായിരാമാണ്ടിൽ എല്ലാവർക്കും ആരോഗ്യമെന്ന സങ്കല്പനം നിരർത്ഥകമായി. അതിനെ ധാർമ്മികമായി നേരിടാനെന്ന വണ്ണം സാർവ്വത്രികാരോഗ്യ വിതരണം (Universal health coverage) എന്ന പരികല്പന മുന്നോട്ടു കൊണ്ടുവന്നു എങ്കിലും സ്വകാര്യസ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് അത് സാധിച്ചെടുക്കാനാണ് പറയുന്നത്. ഈ വർഷം ലോകാരോഗ്യസംഘടന, ഏപ്രിൽ 7 ആരോഗ്യ ദിനത്തിൽ മുന്നോട്ടുവച്ച പ്രമേയം, ‘ആരോഗ്യം അവകാശമാണ്’ എന്നതാണ്. എന്നാൽ ഇന്നത്തെ സാമ്പത്തിക ക്രമത്തിൽ അതെങ്ങനെ സാധിച്ചെടുക്കാമെന്നത് വിശദമാക്കുന്നുമില്ല.
ചികിത്സയുടെ സംസ്കാരം, നൈതികതയുടെ വശത്തുനിന്ന് വാണിജ്യതാല്പര്യങ്ങളിലേക്ക് ചാഞ്ഞു പോകുന്നത് ഈ സാഹചര്യത്തിൽ അനിവാര്യമാവുകയാണ്. ഈ സംസ്കാരത്തിൽ സ്വന്തം നിലയുറപ്പിക്കാൻ പഠനകാലം മുതൽ ഡോക്ടർമാർ കഠിനമായ അദ്ധ്വാനവും സമ്മർദ്ദവും ഏൽക്കേണ്ടിവരുന്നു. സ്ഥാപനങ്ങളുടെ കച്ചവടതാൽപ്പര്യങ്ങൾക്ക് കീഴ്‌പ്പെടുക എന്ന ദുരന്തം അവർക്ക് നേരിടേണ്ടിവരുന്നുണ്ട്. ഗവൺമെന്റിൽ ജോലി ചെയ്യുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ, ഉപകരണങ്ങൾ, അസിസ്റ്റന്റുമാർ, മരുന്നുകൾ എന്നിവക്കൊക്കെ ദൗർല്ലഭ്യം ഉണ്ടാകും. ഇതെല്ലാം അവരുടെ ആർജ്ജവത്തേയും നൈതികബോധത്തെയും ബാധിക്കും.
ഉയർന്ന പദവിയും സാമ്പത്തിക നേട്ടവും ചിലർക്ക് ചികിത്സയുടെ വാണിജ്യവൽക്കരണത്തിൽ നിന്നുണ്ടാകുന്നു എങ്കിലും പലപ്പോഴും ഡോക്ടർമാരും നഴ്‌സുമാരും കടുത്ത മാനസികസമ്മർദ്ദത്തിനും വിധേയരാകുന്നു. അന്താരാഷ്ട്രതലത്തിൽ ഇതിൽ പഠനങ്ങളും ഉണ്ടായിട്ടുണ്ട്. ധാർമ്മിക സമ്മർദ്ദം (moral distress) എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ധാർമ്മികത ആവശ്യപ്പെടുന്ന ഒരു സാഹചര്യത്തിൽ അത് നിറവേറ്റാൻ കഴിയാത്ത അനുഭവമാണ് ഇതുണ്ടാക്കുന്നത്. വിഷാദം, കുറ്റബോധം, നിരാശ, തലവേദന, ക്ഷീണം, ഓക്കാനം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളായി പറയുന്നു. തീക്ഷ്ണമായ അവസ്ഥയിലായിരിക്കാം ആത്മഹത്യകൾ നടക്കുന്നത്. വാണിജ്യവൽക്കരിക്കപ്പെട്ട അവസ്ഥയിൽ ഒരു വശത്ത് മറ്റുള്ളവരുടെ പദവിക്കൊപ്പമെത്താൻ മത്സരത്തിലേർപ്പെടേണ്ടി വരുകയും, മറുവശത്ത് ചികിത്സകരുടെ അകക്കാമ്പായ ധാർമ്മികതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുകയും ചെയ്യുന്നതിനിടയിലുള്ള സംഘർഷമാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.
രോഗിയുടെ ശരീരത്തിൽ എന്തു ചെയ്യുമ്പോഴും അതവരെ പറഞ്ഞു മനസ്സിലാക്കി കൊടുത്തശേഷം ഒപ്പിട്ടു വാങ്ങുകയാണ് വേണ്ടത്. അങ്ങനെ
ഇപ്പോഴത്തെ അത്രയും രൂക്ഷമല്ലെങ്കിൽ പോലും വാണിജ്യ താല്പര്യങ്ങൾക്കും വൈദ്യശാസ്ത്ര ധാർമ്മികതക്കുമിടയിൽപെട്ട് ഡോക്ടർമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്. 1937- ൽ എ. ജെ. ക്രോണിൻ എഴുതിയ ‘സിറ്റാഡൽ’ എന്ന നോവൽ ഈ വിഷയം അവതരിപ്പിക്കുന്നു. ‘കോട്ട’ എന്ന പേരിൽ ഡോ. ഷാഫി മുത്തലീഫ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മരുന്നുകമ്പനികളും മെഡിക്കൽ ഉപകരണ നിർമ്മാതാക്കളും ബോധപൂർവ്വമായോ അല്ലാതെയോ എങ്ങനെ ഡോക്ടർമാരെ സ്വാധീനിക്കുന്നു എന്നത് ഇതിലെ പ്രധാന കഥാപാത്രമായ ഡോക്ടറുടെ അവസ്ഥാന്തരങ്ങളിലൂടെ നോവലിസ്റ്റ് വരച്ചു കാണിക്കുന്നുണ്ട്. സമ്പന്നതയുടെ വശ്യതയിൽ പെടുമ്പോഴും സേവനത്തിലൂടെ ലഭിക്കേണ്ട ധാർമ്മികസമ്പത്തിന്റെ നഷ്ടപ്പെടൽ ഡോക്ടറെ പ്രതിസന്ധിയിൽ പെടുത്തുന്നു.
ആഗോള- പ്രാദേശിക തലങ്ങളിൽ വൈദ്യസേവനം നേരിടുന്ന പലവിധ പ്രശ്നങ്ങളുടെ സാമ്പത്തികവും സാംസ്കാരികവുമായ പരിസരം സൂചിപ്പിക്കുകയാണ് ചെയ്തത്. ഇവയിൽ പലതും വികസിത രാജ്യങ്ങളടക്കം നേരിടുന്നതും ചിലവ പ്രാദേശികമായ ചുറ്റുപാടിൽ ഉണ്ടാകുന്നതുമാണ്. ചികിത്സയിൽ എടുക്കുന്ന തീരുമാനങ്ങളിൽ പലപ്പോഴും ചികിത്സകരും രോഗികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറ്റു രാജ്യങ്ങളിൽ കാണാറുണ്ട്. ഇവിടെ മിക്കവാറും എല്ലാം ഡോക്ടർമാരിൽ അർപ്പിച്ചതുപോലെയാണ് രോഗികളും ബന്ധുക്കളും കാണുന്നത്. എന്നാൽ, പ്രതീക്ഷക്ക് വിപരീതമായി എന്തെങ്കിലും സംഭവിച്ചാൽ ക്ഷോഭത്തോടെ പ്രതികരിക്കുകയും ചെയ്യും.
ഇവിടെ, സംഭവിക്കാവുന്ന കാര്യങ്ങളെ കുറിച്ചും ചികിത്സയുടെ ഫലങ്ങളെ കുറിച്ചും മറ്റും രോഗിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാത്തത് തെറ്റിദ്ധാരണകൾക്ക് ഇടവരുത്തുന്നു. സമയക്കുറവു മൂലവും, കൂടുതൽ ചികിത്സകളിലും പ്രശ്നങ്ങളില്ലാതിരിക്കുന്നതുകൊണ്ടും ഇത് ലാഘവത്തോടെ എടുക്കുന്നതാണ് പലപ്പോഴും സംഘർഷങ്ങൾക്ക് കാരണമാകുന്നത്. സമ്മതപത്രം ഒപ്പിട്ടുവാങ്ങുന്നിടത്തും ഇത് കാണാറുണ്ട്. രോഗിയുടെ ശരീരത്തിൽ എന്തു ചെയ്യുമ്പോഴും അതവരെ പറഞ്ഞു മനസ്സിലാക്കി കൊടുത്തശേഷം ഒപ്പിട്ടു വാങ്ങുകയാണ് വേണ്ടത്. അങ്ങനെ ചെയ്താൽ തന്നെ പല പ്രശ്നങ്ങളും ഒഴിവാക്കാം. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ വച്ച് ഒരു പ്രശ്നം പുതുതായി കണ്ടെത്തുകയും മറ്റൊരു സർജ്ജറി അത്യാവശ്യമായി വരുകയും ചെയ്താൽ അടുത്ത ബന്ധുവിൽ നിന്നും സമ്മതം വാങ്ങാൻ കഴിയും.
ചെറുതും വലുതുമായ ചികിത്സാപിഴവുകളും ലോകത്താകമാനമുള്ള ആരോഗ്യ രംഗത്തെ പ്രശ്നമാണ്. എന്നാൽ, ഇവയോടുള്ള സമീപനത്തിൽ വ്യത്യാസങ്ങൾ കണ്ടേക്കാം. മരുന്നുകുറിപ്പുകൾ മാറിപ്പോകുക, സർജ്ജറി ചെയ്യുന്ന അവയവമോ വശമോ മാറിപ്പോകുക, അണുനശീകരണത്തിലുള്ള പോരായ്മ കൂട്ടത്തോടെ ബാധിക്കുക എന്നിങ്ങനെ പല തരത്തിൽ പിഴവുകളുണ്ടാകാം. തെറ്റു സംഭവിക്കുക എന്നത് മനുഷ്യസഹജമായതിനാൽ അത് പൂർണമായി ഇല്ലാതാക്കുക അസാദ്ധ്യമായിരിക്കും. എന്നാൽ, അവ പരമാവധി കുറക്കാനും ആവർത്തിക്കാതിരിക്കാനുമുള്ള നടപടികൾ ആവശ്യമാണ്. അതിന് സ്വയം നിയന്ത്രണ സമിതികളാണ് ഏറ്റവും ഉചിതം. ജനങ്ങളുടെ പ്രതിനിധികളും സമിതിയിലുണ്ടാവണം. പിഴവ് സംഭവിച്ചാൽ വിശദമായി പരിശോധിക്കുകയും സുതാര്യതയോടെ അവതരിപ്പിക്കുകയും വേണം. ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കണം. ഇവയെല്ലാം സുതാര്യമാക്കുന്നത് ജനങ്ങളിൽ വിശ്വാസ്യത വർദ്ധിപ്പിക്കും. നിയമവ്യവസ്ഥയിലേക്കെത്തുന്ന കേസുകൾ കുറക്കാനും സാധിക്കും. ജനങ്ങളും ചികിത്സകരും തമ്മിൽ വളർന്നു വരുന്ന സംഘർഷങ്ങളും അകൽച്ചയും അങ്ങനെയാണ് കുറക്കാൻ സാധിക്കുന്നത്.
മെഡിക്കൽ നെഗ്ലിജൻസ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ, ആരോഗ്യരംഗത്തെ മറ്റു പ്രശ്നങ്ങളിൽ നിന്ന് വ്യത്യസ്തമാണെങ്കിലും ഇന്നത്തെ സങ്കീർണ ചുറ്റുപാടിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ദിവസം തോറും വളർന്നു കൊണ്ടിരിക്കുന്ന മെഡിക്കൽ ടെക്‌നോളജി, അവയെ എളുപ്പത്തിൽ ആഗിരണം ചെയ്യുന്ന മെഡിക്കൽ ഇൻഡസ്ട്രി, ആരോഗ്യരംഗത്തുനിന്നുള്ള ഗവണ്മെന്റുകളുടെ പിൻവാങ്ങൽ, ഇവ ചേർന്നുണ്ടാകുന്ന അസന്തുലിതയും അസമത്വവും, വിഭവങ്ങളുടെ പോരായ്മ, ജനങ്ങളുടെ പങ്കാളിത്തമില്ലായ്മ, രാഷ്ട്രീയ സാമ്പത്തിക താൽപ്പര്യങ്ങൾ, സുതാര്യതയുടെ അഭാവം, ഇതിനിടയിൽ തങ്ങളുടെ നില മെച്ചപ്പെടുത്താനുള്ള ചികിത്സകരുടെ തത്രപ്പാടുകൾ, നിയമവ്യവസ്ഥയിലേയും സ്ഥാപനങ്ങളിലേയും നീതിരഹിതമായ ബാഹ്യ ഇടപെടലുകൾ, അവകാശബോധം കുറഞ്ഞ, എന്നാൽ ചില അവസരങ്ങളിൽ നിയന്ത്രണം വിട്ട് പ്രതികരിക്കുന്ന ജനങ്ങൾ എന്നിവയെല്ലാം ചേർന്ന അവസ്ഥയെയാണ് സങ്കീർണമെന്ന് വിശേഷിപ്പിച്ചത്. ഇതിനെല്ലാം പുറമെ, ഇങ്ങനെയുള്ള പ്രശ്നങ്ങളിൽ പോലും മതത്തിന്റെ നിറം കൊണ്ടു വരാൻ പണിപ്പെടുന്നവരേയും കാണുന്നു. ഇതിന്റെ പരിഹാരം എവിടെ തുടങ്ങണമെന്നത് കുഴഞ്ഞ പ്രശ്‌നം തന്നെയാണ്.
എങ്കിലും ഒന്നുറപ്പിച്ച് പറയാൻ കഴിയും. ആരോഗ്യവ്യവസ്ഥയും ജനങ്ങളും രണ്ടുചേരിയിൽ നിന്ന് ശത്രുക്കളെ പോലെ പൊരുതുന്നതിൽനിന്ന് പരിഹാരമുണ്ടാവില്ല. പൊതുജനങ്ങളും ഉത്തരവാദിത്വം എടുക്കേണ്ടതുണ്ടെങ്കിലും പരിഹാരങ്ങൾക്കുള്ള സംരംഭം തുടങ്ങേണ്ടത് ഗവണ്മെന്റുകളും പ്രൊഫഷണൽ സംഘടനകളുമാണ്. എല്ലാ പരിമിതികൾക്കുള്ളിലും നിന്നുകൊണ്ട് ചെയ്യാവുന്ന കാര്യങ്ങളുണ്ട്. അതിന് സുതാര്യതയും സത്യസന്ധതയും ആവശ്യമാണ്.