അനാവശ്യ
മരുന്നുകളുടെ വിപണി,
നിഷ്ക്രിയം നിയന്ത്രണ സംവിധാനം

ഒരു മാസത്തിനിടെ 22 കുട്ടികളുടെ മരണത്തിനിടയാക്കിയ Coldrif എന്ന ചുമ സംഹാരി, രാജ്യത്തെ ഔഷധ ഗുണനിലവാര പരിശോധനാ ഏജൻസികളുടെ ഗുരുതര വീഴ്ചയാണ് വെളിപ്പെടുത്തുന്നതെന്ന് ഡോ. ബി. ഇക്ബാൽ. ഗുണപരിശോധനാ സംവിധാനം കാര്യക്ഷമമല്ലെങ്കിൽ കഫ് സിറപ്പുകൾക്കു മാത്രമല്ല, ഏതു മരുന്നിനും ഇത്തരം അപകടങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.

ന്ത്യൻ ഔഷധവിപണിയിൽ വിറ്റഴിക്കപ്പെടുന്ന ചുമമരുന്നുകൾ കഴിച്ചതിനെത്തുടർന്ന് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ചത്, രാജ്യത്തെ ഔഷധ ഗുണനിലവാര പരിശോധനാ ഏജൻസികളുടെ ഗുരുതര വീഴ്ചയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. വിഷാംശമുള്ള ഡൈഎത്തിലീൻ ഗ്ലൈക്കോൾ (Diethylene Glycol) പോലുള്ള രാസവസ്തുക്കൾ മരുന്നിൽ കലർന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇത്തരം മരുന്നുകൾ വിപണിയിലെത്താൻ കാരണം, രാജ്യത്തെ ഔഷധ നിയന്ത്രണ സംവിധാനങ്ങൾ നിഷ്‌ക്രിയമായതിനാലാണ്. മരുന്നുകളുടെ ഗുണപരിശോധനാ സംവിധാനം കാര്യക്ഷമമല്ലെങ്കിൽ കഫ് സിറപ്പുകൾക്കു മാത്രമല്ല, ഏതു മരുന്നിനും ഇത്തരം അപകടങ്ങളുണ്ടാകാം. ചെറുകിട കമ്പനികൾക്കും ജനറിക് മരുന്നുകൾക്കുമാണ് കുഴപ്പം എന്ന് പറയുന്നതിലും അർഥമില്ല. വൻകിട കമ്പനികളുടെ മരുന്നുകളിലും ഗുണനിലവാരക്കുറവുമൂലം പല ബാച്ചുകളും പിൻവലിക്കേണ്ടിവരുന്നുണ്ട്.

1980-കളിലെ കാമ്പയിൻ

മറ്റു രാജ്യങ്ങളിൽ നിരോധിച്ച മരുന്നുകൾ, ഉപയോഗം നിയന്ത്രിക്കപ്പെട്ട മരുന്നുകൾ, അനാവശ്യ മരുന്നുകൾ എന്നിവ വിതരണം ചെയ്യുന്നതിനെതിരെയും ജനകീയ ആരോഗ്യനയത്തിന്റെ ഭാഗമായ ജനകീയ ഔഷധനയത്തിനുവേണ്ടിയും 1980-കളിൽ ആഗോളതലത്തിലും ദേശീയ തലത്തിനും കേരളത്തിലും കാമ്പയിൻ നടന്നിരുന്നു. വിദേശ രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട അപകടകാരികളായ മരുന്നുകളും അനാവശ്യമരുന്നുകളും നിരോധിക്കുക, അവശ്യമരുന്നുകൾ മിതമായ വിലക്ക് ലഭ്യമാക്കുക, ഹാത്തി കമ്മറ്റി ശുപാർശകൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ടായിരുന്നു കാമ്പയിൻ.

നിരവധി അവശ്യമരുന്നുകൾ മാർക്കറ്റ് ചെയ്യുന്നുണ്ടെങ്കിലും പ്രധാനമായും നാലുതരം മരുന്നുകളുടെ വില്പനയിലൂടെയാണ് വികസ്വരരാജ്യങ്ങളിൽ നിന്ന് ബഹുരാഷ്ട്ര മരുന്നുകമ്പനികൾ ലാഭം കൊയ്യുന്നത്:

- സ്വന്തം രാജ്യത്ത് നിരോധിച്ച മരുന്നുകൾ.
- കർശന നിയന്ത്രണത്തിന് വിധേയമാക്കപ്പെട്ട മരുന്നുകൾ.
- ചികിത്സാപരമായി യാതൊരു നീതീകരണവുമില്ലാത്ത ഔഷധചേരുവകൾ.
- യാതൊരു ഫലസിദ്ധിയുമില്ലാത്ത അനാവശ്യ മരുന്നുകൾ.

ചില മരുന്നുകൾ പ്രത്യേക ആവശ്യങ്ങൾക്കു വേണ്ടിമാത്രമാണ് വിദേശങ്ങളിൽ കൊടുത്തുകൊണ്ടിരുന്നത്. എന്നാൽ, ഏത് രോഗത്തിനും നൽകാമെന്ന രൂപത്തിൽ ഇവ വികസ്വരരാജ്യങ്ങളിൽ മാർക്കറ്റ് ചെയ്തു. വിദേശരാജ്യങ്ങളിൽ മാർക്കറ്റ് ചെയ്യുമ്പോൾ അവ നൽകാവുന്ന രോഗങ്ങൾ (indications) പരിമിതമായിരിക്കും. ചില പ്രത്യേക രോഗാവസ്ഥകൾക്കേ അവ കൊടുക്കാൻ പറ്റൂ. അതിന്റെ പാർശ്വഫലങ്ങളും മറ്റും കൃത്യമായി നൽകിയിരിക്കും (Contraindications, Side effects). മരുന്നുകളോടൊപ്പം നൽകുന്ന കുറിപ്പുകളിൽ (Promotional Materials) ഇതെല്ലാം സൂചിപ്പിച്ചിട്ടുണ്ടാകും. എന്നാൽ, ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലേക്കു വരുമ്പോൾ മരുന്നുകൾ നൽകാവുന്ന രോഗാവസ്ഥകൾ കൂടുതലായിരിക്കും. പാർശ്വഫലങ്ങളെ സംബന്ധിച്ച കുറവ് വിവരം നൽകുന്ന കുറിപ്പുകളാണ് നൽകുക.

ഇന്ത്യൻ ഔഷധവിപണിയിൽ വിറ്റഴിക്കപ്പെടുന്ന ചുമമരുന്നുകൾ കഴിച്ചതിനെത്തുടർന്ന് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ചത്, രാജ്യത്തെ ഔഷധ ഗുണനിലവാര പരിശോധനാ ഏജൻസികളുടെ ഗുരുതര വീഴ്ചയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.
ഇന്ത്യൻ ഔഷധവിപണിയിൽ വിറ്റഴിക്കപ്പെടുന്ന ചുമമരുന്നുകൾ കഴിച്ചതിനെത്തുടർന്ന് മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ചത്, രാജ്യത്തെ ഔഷധ ഗുണനിലവാര പരിശോധനാ ഏജൻസികളുടെ ഗുരുതര വീഴ്ചയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.

അന്ന് ഞങ്ങൾ ചൂണ്ടിക്കാണിച്ച ഒരു മരുന്ന് വ്യാപകമായി വിറ്റഴിച്ചുകൊണ്ടിരുന്ന വേദനാസംഹാരിയായ അനാൽജിൻ (Analgin) ആയിരുന്നു. Analgin can be given in a life threaten painful condition when an alternative is not available എന്നാണ് വിദേശത്ത് പറഞ്ഞിരുന്നത്. ഉദാഹരണത്തിന്, കാൻസർ പോലുള്ള രോഗങ്ങളുടെ വേദനാശമനത്തിന് മറ്റൊരു മരുന്നും ഫലവത്തല്ലാതാകുമ്പോൾ കൊടുക്കാവുന്ന മരുന്ന് എന്നു പറഞ്ഞാണ് അനാൽജിൻ മാർക്കറ്റ് ചെയ്തിരുന്നത്. അതിന് പാർശ്വഫലങ്ങളുള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എന്നാൽ, ഇന്ത്യയിൽ വന്നപ്പോൾ അത് ആർത്തവകാലത്തെ വേദനയ്ക്കുപോലും കൊടുക്കാവുന്ന തരത്തിലാണ് മാർക്കറ്റ് ചെയ്തത്.

അനാവശ്യ മരുന്നുകളിൽ അന്ന് പ്രധാനമായും ചൂണ്ടിക്കാണിച്ചത് ടോണിക്കുകളും വൈറ്റമിൻ മിശ്രിതങ്ങളും ചുമസംഹാരികളുമാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1986-ൽ പ്രസിദ്ധീകരിച്ച ‘നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ’ എന്ന പുസ്തകത്തിൽ, Avil Expectorant (Hoechst), Soventol Expectorant (Bohringer), Piriton Expectorant (Glaxo) തുടങ്ങിയ ചുമസംഹാരികൾ നിരോധിക്കപ്പെടേണ്ട മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു.

അന്നത്തെ കാമ്പയിന്റെ ഫലമായി ഇന്ത്യയിലെ ഡ്രഗ്ഗ് കൺട്രോളിങ് സംവിധാനം കുറെ മെച്ചപ്പെട്ടു. കേരളത്തിൽ പോലും ചില മരുന്നു ബാച്ചുകൾ നിരോധിച്ചു എന്നു പറഞ്ഞ് ഡ്രഗ്ഗ് കൺട്രോളറുടെ അറിയിപ്പ് വരാറുണ്ടല്ലോ. മരുന്നുകളുടെ എണ്ണം കണക്കിലെടുത്താൽ ഗുണപരിശോധനാ സംവിധാനം അപര്യാപ്തമാണെങ്കിലും കുറെയൊക്കെ കാര്യങ്ങൾ ഇന്ന് നടക്കുന്നത് അന്നത്തെ കാമ്പയിന്റെ ഭാഗമായിട്ടാണ്.

മറ്റു രാജ്യങ്ങളിൽ നിരോധിച്ച മരുന്നുകൾ മാർക്കറ്റ് ചെയ്തുകൊണ്ടല്ല കമ്പനികൾ ഇന്ന് ലാഭമുണ്ടാക്കുന്നത്. പുതിയ ഔഷധങ്ങളുടെ പേറ്റന്റ് സംരക്ഷണത്തിന്റെ മറവിൽ വൻതോതിൽ ദീർഘകാലം വിലയീടാക്കിയാണ് ഇന്ന് കമ്പനികൾ കൊള്ളലാഭം കൊയ്യുന്നത്.

കേരളത്തിലാണ് അന്ന് കാമ്പയിൻ ഏറ്റവും ഫലപ്രദമായി നടന്നത്. ഡോ. മീരാ ശിവയും ഡോ. വിശ്വാസ് റാണേയും ചേർന്ന് എഴുതിയ Banned & Bannable Drugs എന്ന പുസ്തകത്തിന്റെ (Banned & Bannable Drugs: Unbiased Drug Information Essential Drugs and Rational Drug Policy, Dr. Mira Shiva, M.D. and Dr. Wishvas Rane). മൂവായിരത്തോളം കോപ്പികളാണ് വിൽക്കാനായത്. WHO-യുടെ അവശ്യമരുന്നുകളുടെ പട്ടിക കൂടി ചേർത്ത് പുറത്തിറക്കിയ ‘നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ' എന്ന പുസ്തകം ഒരു വർഷം കൊണ്ട് ആറേഴ് എഡിഷനുകളിലായി 40,000 കോപ്പികളാണ് വിറ്റഴിഞ്ഞത്. നിരവധി ഇന്ത്യൻ ഭാഷകളിലേക്കും അത് വിവർത്തനം ചെയ്യപ്പെട്ടു.

കാമ്പയിനുമായി ബന്ധപ്പെട്ട് രസകരമായ ഒരനുഭവം കൂടി പറയാം. നിരോധിക്കപ്പെട്ട മരുന്നുകളുടെ വിവരങ്ങൾ കിട്ടിയപ്പോൾ, 1985- കാലത്ത് തൃശ്ശൂരിൽ ഞാനൊരു പത്രസമ്മേളനം നടത്തി. ഒരു പെട്ടിയിൽ അപകടകാരികളായ മരുന്നുകളുമായാണ് ഞാൻ പത്രസമ്മേളനത്തിനെത്തിയത്. ഓരോ മരുന്നും എടുത്തുകാണിച്ചുകൊണ്ട്, അവയുടെ വിദേശത്തെയും ഇന്ത്യയിലെയും പ്രമോഷൻ മെറ്റീരിയലുകൾ വായിക്കുന്നു, നിരോധിക്കപ്പെട്ട നിരവധി മരുന്നുകൾ ഇന്ത്യയിൽ വിൽക്കുന്നുണ്ട് എന്ന് തെളിവുകൾ സഹിതം പത്രസമ്മേളനത്തിൽ വെളിപ്പെടുത്തുന്നു. ഏറെ വാർത്താമൂല്യമുള്ള ഈ വെളിപ്പെടുത്തൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷയിൽ പിറ്റേന്ന് പത്രങ്ങൾ നോക്കുമ്പോൾ, ഒരു പത്രം പോലും അത് റിപ്പോർട്ട് ചെയ്തിരുന്നില്ല. കാരണം, ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കെതിരായിരുന്നു ആ വെളിപ്പെടുത്തൽ. ഇവർ കേസിനും മറ്റും പോയാൽ അതിനെ നേരിടാൻ തങ്ങൾക്ക് സാമ്പത്തികവും മറ്റുമായ ശേഷിയില്ലെന്നാണ് മാധ്യമ സുഹൃത്തുക്കൾ പറഞ്ഞത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1986-ൽ പ്രസിദ്ധീകരിച്ച ‘നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ’ എന്ന പുസ്തകത്തിൽ, Avil Expectorant (Hoechst), Soventol Expectorant (Bohringer), Piriton Expectorant (Glaxo) തുടങ്ങിയ ചുമസംഹാരികൾ നിരോധിക്കപ്പെടേണ്ട മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1986-ൽ പ്രസിദ്ധീകരിച്ച ‘നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ’ എന്ന പുസ്തകത്തിൽ, Avil Expectorant (Hoechst), Soventol Expectorant (Bohringer), Piriton Expectorant (Glaxo) തുടങ്ങിയ ചുമസംഹാരികൾ നിരോധിക്കപ്പെടേണ്ട മരുന്നുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ, ഞങ്ങൾ നിരോധിക്കണമെന്നു പറഞ്ഞ, അന്ന് വ്യാപകമായി കൊടുത്തിരുന്ന Streptomycin- Penicillin combination മരുന്ന് കുത്തിവെച്ച് ദൽഹി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഒരു മലയാളി യുവ നേതാവ് മരിച്ചു. Streptomycin ക്ഷയരോഗത്തിനു മാത്രമായി കൊടുക്കേണ്ടതാണ്. Penicillin ടെസ്റ്റ് ഡോസ് കൊടുത്തശേഷം കൊടുക്കേണ്ട മരുന്നാണ്. Strepto- Penicillin കൊടുക്കുമ്പോൾ രണ്ടു പ്രശ്‌നങ്ങളുണ്ടാകാം. ഒന്ന്; ക്ഷയരോഗാണുവിന് ഈ മരുന്നിനോട് പ്രതിരോധശേഷിയുണ്ടാകും (Drug-resistant DR-TB). രണ്ട്, ചിലർക്ക് അലർജിയുണ്ടായി മരണം വരെ സംഭവിച്ചേക്കാം- ഇതായിരുന്നു ഞങ്ങൾ ചൂണ്ടിക്കാട്ടിയത്. അതുതന്നെയാണ് യൂത്ത് കോൺഗ്രസ് നേതാവിന് സംഭവിച്ചതും. ഈ സംഭവം നടന്നപ്പോൾ കേരളത്തിലെ ഒരു പ്രമുഖ പത്രം അപകടകാരികളായ മരുന്നുകളെ സംബന്ധിച്ച് എന്നോട് ലേഖനം എഴുതാൻ ആവശ്യപ്പെടുകയും അത് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

കൊള്ളലാഭത്തിന്റെ
ഔഷധച്ചേരുവകൾ

മറ്റു രാജ്യങ്ങളിൽ നിരോധിച്ച മരുന്നുകൾ മാർക്കറ്റ് ചെയ്തുകൊണ്ടല്ല കമ്പനികൾ ഇന്ന് ലാഭമുണ്ടാക്കുന്നത്. പുതിയ ഔഷധങ്ങളുടെ പേറ്റന്റ് സംരക്ഷണത്തിന്റെ മറവിൽ വൻതോതിൽ ദീർഘകാലം വിലയീടാക്കിയാണ് ഇന്ന് കമ്പനികൾ കൊള്ളലാഭം കൊയ്യുന്നത്. ഇതിനു പുറമേ പലപ്പോഴും ശാസ്തീയ അടിസ്ഥാനമില്ലാത്ത ഔഷധച്ചേരുവകളുടെ (Fixed Drug Combination- FDC) വിൽപ്പനയിലൂടെയാണ് വലിയ ലാഭം കൊയ്യുന്നത്. രാജ്യത്ത് മൊത്തം വിൽക്കുന്ന മരുന്നുകളിൽ 40 ശതമാനവും FDCകളാണ്. ഈ മരുന്നുകൾ വിൽക്കുമ്പോൾ കമ്പനികൾക്ക് പല ‘നേട്ട’ങ്ങളുമുണ്ട്. മരുന്നുവില നിയന്ത്രിക്കുമ്പോൾ ഏകമാത്ര മരുന്നുകളുടെ (Single Ingredient drug) -ന്റെ വിലയാണ് നിയന്ത്രിക്കുക. ഉദാഹരണത്തിന് Paracetamol, Aspirin എന്നിവയുടെ വിലയായിരിക്കും നിയന്ത്രിക്കുക. എന്നാൽ, ഇവ രണ്ടും ചേർത്തുള്ള മരുന്നിന്, ഇവ പ്രത്യേകമായി വാങ്ങുമ്പോഴുള്ള മരുന്നിനേക്കാൾ കൂടിയ വിലയിട്ട് വിൽക്കും.

അനാവശ്യമരുന്നുകളുടെ ഗണത്തിൽ പെടുന്നതാണ് ടോണിക്കുകൾ, വിറ്റാമിൻ മിശ്രിതങ്ങൾ, ചുമസംഹാരികൾ എന്നിവ. ചുമസംഹാരികൾ എന്നൊരു മരുന്നിനെക്കുറിച്ച് വൈദ്യശാസ്ത്രപുസ്തകങ്ങളിലൊന്നും പഠിപ്പിക്കുന്നില്ല.

FDC മരുന്നുകളുടെ ഒരു പ്രശ്‌നം, ഇവയിലുള്ള മരുന്നുകൾ തമ്മിൽ പ്രതിപ്രവർത്തിക്കാം എന്നതാണ്. ഓരോ മരുന്നിന്റെയും ഡോസ് കൃത്യമായി നിശ്ചയിക്കാനാകില്ല. പാർശ്വഫലമുണ്ടായാൽ ഏത് മരുന്നുകൊണ്ടാണ് എന്ന് കണ്ടുപിടിക്കാനാകില്ല. അതുകൊണ്ട്, FDC-കളെ ഫാർമക്കോളജിയിൽ നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. ക്ഷയരോഗം, എയ്ഡ്‌സ് പോലുള്ള ചില രോഗങ്ങൾക്കുള്ള FDC മരുന്നുകൾ മാത്രമാണ് WHO അവശ്യമരുന്ന് പട്ടികയിൽ പെടുത്തിയിട്ടുള്ളത്. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ മാർക്കറ്റിലുള്ള മരുന്നുകളിൽ 40 ശതമാനവും FDC- കളാണ്. കാമ്പയിന്റെ ഫലമായി ഇവയിൽ കുറെയെണ്ണം നിരോധിച്ചിട്ടുണ്ട്. എന്നാൽ, ഭൂരിഭാഗവും ഇപ്പോഴും തുടരുന്നുണ്ട്.

ചുമസംഹാരിയല്ല
യഥാർത്ഥ പ്രശ്നം…

അനാവശ്യമരുന്നുകളുടെ ഗണത്തിൽ പെടുന്നതാണ് ടോണിക്കുകൾ, വിറ്റാമിൻ മിശ്രിതങ്ങൾ, ചുമസംഹാരികൾ എന്നിവ. ചുമസംഹാരികൾ എന്നൊരു മരുന്നിനെക്കുറിച്ച് വൈദ്യശാസ്ത്രപുസ്തകങ്ങളിലൊന്നും പഠിപ്പിക്കുന്നില്ല. ലോകാരോഗ്യ സംഘടനയുടെ (WHO) കുട്ടികൾക്കായുള്ള അവശ്യ മരുന്നുകളുടെ പട്ടികയിൽ (Essential Medicines List for Children) ചുമസംഹാരികളെക്കുറിച്ച് പരാമർശമില്ല. കാരണം, ചുമ രോഗലക്ഷണമാണ്. എന്താണ് രോഗമെന്ന് കണ്ടെത്തി അതിനെ ചികിത്സിക്കുകയാണ് വേണ്ടത്. വൈറൽ ന്യുമോണിയ വന്നാലാണ് പലപ്പോഴും ചുമ കൂടുതലായി കാണുന്നത്. അതിന് ഏറ്റവും നല്ലത് ആവി പിടിക്കൽ തന്നെയാണ്. മാത്രമല്ല, ചുമ സംഹാരികളിൽ പലതും വൈദ്യശാസ്ത്രപരമായി നീതികരിക്കാനാകാത്ത irrational combination drugs ആണ്. പിന്നെ, Colin എന്ന മരുന്ന് വേണമെങ്കിൽ ചുമസംഹാരിയായി കൊടുക്കാം എന്നാണ് കഷ്ടിച്ച് പറയുന്നത്, അത് കോമ്പിനേഷൻ മരുന്നല്ല. ഇവയ്ക്ക് therapeutic validity ഇല്ല.

നിഷ്ക്രിയം,
നിയന്ത്രണ സംവിധാനം

ചുമസംഹാരിയല്ല ഇപ്പോഴുണ്ടായ പ്രശ്നങ്ങളിലെ യഥാർഥ വില്ലൻ, ഗുണനിലവാര പരിശോധനയിലെ പ്രശ്‌നമാണ്. യാദൃച്ഛികമായി അത് ചുമസംഹാരിയായി എന്നതേയുള്ളൂ. ഗുണപരിശോധന നടത്താത്ത മറ്റേതൊരു മരുന്നിലും മരണമല്ലെങ്കിലും പാർശ്വഫലങ്ങളുണ്ടാകാം. അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്.

ഔഷധമേഖലയുടെ നിയന്ത്രണത്തിനും ക്രമീകരണത്തിനുമായി ഇന്ത്യയിൽ വിപുലമായ നിയമങ്ങളും ഉദ്യോഗസ്ഥസംവിധാനവുമുണ്ട്.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ് (CDSCO) രാജ്യത്തെ പരമോന്നത ഔഷധ നിയന്ത്രണ ഏജൻസി. മരുന്നുകളുടെ ഉത്പാദനം, ഗുണനിലവാരം, ക്ലിനിക്കൽ പരീക്ഷണങ്ങൾ, ലൈസൻസിങ്, ഇറക്കുമതി തുടങ്ങിയ എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും (Regulation and Monitoring) ചെയ്യുന്നത് CDSCO ആണ്. ചെന്നൈ, കൊൽക്കത്ത, മുംബൈ, ഗാസിയാബാദ് എന്നിവിടങ്ങളിൽ റീജിയണൽ ഓഫീസുകളും, കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ് ലബോറട്ടറി ഉൾപ്പെടെയുള്ള ടെസ്റ്റിംഗ് ലാബറട്ടറികളും CDSCO- യ്ക്കു കീഴിൽ പ്രവർത്തിക്കുന്നു.

ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്റ്റ് (1940) ഉൾപ്പെടെ നിരവധി നിയമങ്ങൾ ഈ മേഖലയെ നിയന്ത്രിക്കുന്നു. ഗുണനിലവാരം കുറഞ്ഞതോ ഹാനികരമായതോ എന്ന് ബോധ്യപ്പെട്ടാൽ ഏത് മരുന്നും നിരോധിക്കാൻ സിഡിഎസ്സിഒയ്ക്ക് അധികാരമുണ്ട്. നിയമങ്ങളോ അധികാരങ്ങളോ ഇല്ലാത്തതല്ല പ്രശ്‌നം; കൃത്യമായ നടപ്പിലാക്കലിലെ പരാജയമാണ് കുട്ടികളുടെ ജീവനെടുത്തത്.

വൻകിട ബഹുരാഷ്ട്ര കുത്തക കമ്പനികളും അതിന് കൂട്ടുനിൽക്കുന്ന ഭരണസംവിധാനങ്ങളുമെല്ലാം ചേർന്ന വലിയൊരു സംവിധാനത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണി മാത്രമാണ് ഡോക്ടർമാർ. അവർ പൂർണമായും സ്വതന്ത്രരാണ് എന്നു പറയാനാകില്ല.

മഷേൽക്കർ കമ്മിറ്റി റിപ്പോർട്ട്

വ്യാജമരുന്നുകളെയും ഗുണനിലവാരം കുറഞ്ഞ മരുന്നുകളെയും കുറിച്ച് പഠിക്കാൻ നിയോഗിച്ച ഡോ. ആർ. എ. മഷേൽക്കർ കമ്മിറ്റി 2003-ൽ സമർപ്പിച്ച റിപ്പോർട്ടിൽ, നിലവിലെ ഔഷധ നിരീക്ഷണ സംവിധാനങ്ങളുടെ തകരാറുകൾ ചൂണ്ടിക്കാണിച്ചിരുന്നു. കമ്മിറ്റിയുടെ പ്രധാന നിർദ്ദേശം ഇതായിരുന്നു: “നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സ്വയംഭരണാധികാരത്തോടുകൂടിയ ദേശീയ ഔഷധ അതോറിറ്റി (National Drug Authority - NDA) രൂപീകരിക്കുക’’. ഈ നിർദ്ദേശം നടപ്പിലാക്കിയിരുന്നെങ്കിൽ, സംസ്ഥാന- കേന്ദ്ര ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മ പരിഹരിക്കപ്പെടുകയും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ കൂടുതൽ കർശനമായ ഒരു സംവിധാനം നിലവിൽ വരികയും ചെയ്യുമായിരുന്നു. എന്നാൽ, രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറവും കേന്ദ്ര സർക്കാർ മഷേൽക്കർ കമ്മിറ്റി റിപ്പോർട്ടിലെ ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കുട്ടികളുടെ ജീവനെടുത്ത ഇപ്പോഴത്തെ ദുരന്തം ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് രാജ്യത്തെ ആരോഗ്യരംഗത്തെ ഘടനാപരമായ പിഴവിന്റെ സൂചനയാണ്.

- മഷേൽക്കർ കമ്മിറ്റി നിർദ്ദേശിച്ചതുപോലെ, ദേശീയ ഔഷധ അതോറിറ്റി (NDA) ഉടൻ രൂപീകരിക്കണം.
- നിലവാരമില്ലാത്ത മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളുടെ ലൈസൻസുകൾ റദ്ദാക്കുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുകയും വേണം.
- ഔഷധ ഗുണനിലവാര പരിശോധനകളുടെ ഫലങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം.

വ്യാജമരുന്നുകളെയും ഗുണനിലവാരം കുറഞ്ഞ മരുന്നുകളെയും കുറിച്ച് പഠിക്കാൻ നിയോഗിച്ച ഡോ. ആർ. എ. മഷേൽക്കർ കമ്മിറ്റി 2003-ൽ സമർപ്പിച്ച റിപ്പോർട്ടിൽ, നിലവിലെ ഔഷധ നിരീക്ഷണ സംവിധാനങ്ങളുടെ തകരാറുകൾ ചൂണ്ടിക്കാണിച്ചിരുന്നു.
വ്യാജമരുന്നുകളെയും ഗുണനിലവാരം കുറഞ്ഞ മരുന്നുകളെയും കുറിച്ച് പഠിക്കാൻ നിയോഗിച്ച ഡോ. ആർ. എ. മഷേൽക്കർ കമ്മിറ്റി 2003-ൽ സമർപ്പിച്ച റിപ്പോർട്ടിൽ, നിലവിലെ ഔഷധ നിരീക്ഷണ സംവിധാനങ്ങളുടെ തകരാറുകൾ ചൂണ്ടിക്കാണിച്ചിരുന്നു.

ഡോക്ടർമാരാണോ
പ്രതികൾ?

ഔഷധരംഗത്തെ അശാസ്ത്രീയതകൾക്കെതിരെ ഏറ്റവും കൂടുതൽ കാമ്പയിൻ നടത്തിക്കൊണ്ടിരിക്കുന്നത് സാമൂഹിക പ്രതിബന്ധയുള്ള ഡോക്ടർമാരാണ്. ഒരു ഭാഗത്ത് അവർ ഈ സംവിധാനത്തിന്റെ ഇരകളാണ്, മറുവശത്ത് ഗുണഭോക്താക്കളുമാണ് എന്നു പറയാം. മരുന്ന് നിർദ്ദേശിക്കുന്നത് ഡോക്ടർമാരാണ്, അതുകൊണ്ട് അവരാണ് ഉത്തരവാദികൾ എന്ന് വാദിക്കാമെങ്കിലും അവർ ഈ സംവിധാനത്തിന്റെ ഇങ്ങേ അറ്റത്തെ കണ്ണികൾ മാത്രമാണ്. WHO-യുടെ അവശ്യമരുന്നുകളുടെ ലിസ്റ്റ് ഉള്ളപ്പോഴും കേന്ദ്ര സർക്കാർ അനാവശ്യമരുന്നുകൾ മാർക്കറ്റ് ചെയ്യാൻ അനുവദിച്ചു കൊണ്ടിരിക്കുകയാണല്ലോ. വൻകിട ബഹുരാഷ്ട്ര കുത്തക കമ്പനികളും അതിന് കൂട്ടുനിൽക്കുന്ന ഭരണസംവിധാനങ്ങളുമെല്ലാം ചേർന്ന വലിയൊരു സംവിധാനത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണി മാത്രമാണ് ഡോക്ടർമാർ. അവർ പൂർണമായും സ്വതന്ത്രരാണ് എന്നു പറയാനാകില്ല. ഞങ്ങളിൽ പലർക്കും ഒരു ജനകീയാരോഗ്യ പ്രസ്ഥാനത്തിന്റെ ഭാഗമെന്ന നിലയിൽ അതിൽനിന്ന് മുറിച്ചുകടക്കാനായെന്നുമാത്രം. അതേസമയം, ഡോക്ടർമാർ ഇത്തരം വിഷയങ്ങൾ കൂടുതലായി പൊതുശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ട്. ഡ്രഗ് റഗുലേറ്ററി അതോറിറ്റിയെക്കുറിച്ച് IMA നിലപാട് സ്വീകരിച്ചിട്ടുണ്ട്. ചെറുപ്പക്കാരായ നിരവധി ഡോക്ടർമാർ ഇപ്പോൾ ഈ സംവിധാനത്തിനെതിരെ മുന്നോട്ടുവരുന്നുമുണ്ട്.

കേരളത്തിലെ ഡ്രഗ്ഗ് കൺട്രോളിങ് സംവിധാനം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ, ഡ്രഗ് കൺട്രോളർമാരുടെ എണ്ണവും പരിശോധനയുടെ എണ്ണവും, മരുന്നുകളുടെ എണ്ണവുമായി താരതമ്യം ചെയ്താൽ പരിമിതമാണ്. ഇക്കാര്യത്തിൽ ദേശീയതലത്തിലുള്ള ഇടപെടലുകളാണ് വേണ്ടത്. ഒരു മരുന്ന് മാർക്കറ്റ് ചെയ്യാൻ അനുവാദം കൊടുത്തുകഴിഞ്ഞാൽ സംസ്ഥാന സംവിധാനത്തിന് ഒന്നും ചെയ്യാനാകാതെ വരും.

ഇന്ത്യൻ ഔഷധമേഖലയിൽ
സംഭവിച്ചത്, സംഭവിക്കുന്നത്…

ഇന്ത്യൻ ഔഷധമേഖലയെ മുന്നോട്ടുകൊണ്ടുപോയത് നിരവധി ഘടകങ്ങൾ ചേർന്നാണ്.

1972- ൽ പുതിയ പേറ്റന്റ് നിയമം പ്രാബല്യത്തിൽ വന്നു. 1979- ൽ 374 ഔഷധങ്ങളുടെ വില നിയന്ത്രിച്ചുകൊണ്ടുള്ള നിയമം (Drug Price Control Order: DPCO) നടപ്പിലാക്കി. ഇന്ത്യൻ ഔഷധവ്യവസായത്തെ പറ്റി പഠിച്ച് ശുപാർശങ്ങൾ സമർപ്പിക്കുന്നതിനായി സർക്കാർ നിയോഗിച്ച ഹാത്തിക്കമ്മറ്റിയുടെ ശുപാർശകളുടെ (1975) അടിസ്ഥാനത്തിൽ 1978- ൽ പുതിയ ഔഷധനയം സർക്കാർ പ്രഖ്യാപിച്ചു. ഇതോടൊപ്പം വ്യവസായ നയം, Monopolies Restrict Privacy Practices Act, Foreign Exchange Regulation Act തുടങ്ങിയ നിയമനിർമ്മാണങ്ങളുടെയെല്ലാം ഫലമായാണ് ഇന്ത്യൻ ഔഷധവ്യവസായം അഭൂതപൂർവ്വമായ വളർച്ച കൈവരിക്കാൻ തുടങ്ങിയത്.

ഒരു സംസ്ഥാന സർക്കാറിന് വലിയൊരു ഔഷധക്കമ്പനി നടത്താനാകില്ല. കേരളത്തിൽ 2000- 3000 കോടി രൂപയുടെ മരുന്ന് ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും വിറ്റുകൊണ്ടിരിക്കുന്നത് 20,000 കോടി രൂപയുടെ മരുന്നാണ് എന്നോർക്കണം.

1975-ൽ, അവശ്യമരുന്നുകൾ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചു എന്നതാണ് ഹാത്തി കമ്മിറ്റിയുടെ പ്രധാന സംഭാവന. WHO പോലും അവശ്യമരുന്നുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത് 1977-ലാണ്. അതുവരെ എല്ലാ മരുന്നുകളും നല്ലത് എന്നാണു കരുതിയിരുന്നത്. അനാവശ്യമരുന്നുകൾ, അപകടകാരികളായ മരുന്നുകൾ, അവശ്യമരുന്നുകൾ എന്നിങ്ങനെ മരുന്നുകളെ മൂന്നായി ഹാത്തി കമ്മറ്റി തിരിച്ചു. അവശ്യമരുന്നുകളുടെ ഉല്പാദനം വർധിപ്പിക്കണം, അവയുടെ വില നിയന്ത്രിക്കണം തുടങ്ങിയ ശുപാർശകൾ മുന്നോട്ടുവെച്ചു. മറ്റെല്ലാം നിരോധിക്കണം എന്ന ശുപാർശ അതുകൊണ്ടുതന്നെ കമ്പനികളെ പ്രകോപിപ്പിച്ചു.

ഹാത്തി കമ്മറ്റി സർക്കാരിന് സമർപ്പിച്ച പ്രധാന ശുപാർശകൾ ഇവയാണ്:

1. പൊതുമേഖലാ ഔഷധക്കമ്പനികൾക്ക് ഔഷധ ഉല്പാദനത്തിൽ നേതൃത്വപരമായ പരിഗണന നൽക്കുക.

2. ഔഷധ ഉല്പാദന- വിതരണ രംഗത്തെ നയരൂപീകരണത്തിനും നിരീക്ഷണത്തിനുമായി ദേശീയ ഔഷധ അതോറിറ്റി രൂപീകരിക്കുക.

3. ബഹുരാഷ്ട്ര മരുന്നുകമ്പനികൾ ദേശസാൽക്കരിക്കുക. തുടക്കമെന്ന നിലയിൽ അവയുടെ മൂലധനമുടക്ക് 20 ശതമാനമായി കുറക്കുക.

4. ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളിൽ കാണപ്പെടുന്ന രോഗങ്ങൾക്കാവശ്യമായ മരുന്നുകൾ വികസിപ്പിച്ചെടുക്കുന്നതിനായി ICMR ഗവേഷണങ്ങളാരംഭിക്കുക.

5. അനാവശ്യങ്ങളും അപകടകാരികളുമായ ഔഷധചേരുവകൾ നിരോധിക്കുക.

6. ഇന്ത്യൻ ജനതയുടെ ആരോഗ്യാവശ്യങ്ങൾ പരിഗണിച്ച് കമ്മറ്റി തയ്യാറാക്കിയ 117 അവശ്യമരുന്നുകൾ വിലകുറച്ച് ഉല്പാദിപ്പിച്ച് ജനങ്ങൾക്ക് ലഭ്യമാക്കുക.

7. മരുന്നുകൾ ശാസ്ത്രീയനാമത്തിൽ (ജനറിക് നാമം) മാർക്കറ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കുക (അടിയന്തരമായി ജനറിക്ക് നാമത്തിൽ മാർക്കറ്റ് ചെയ്യേണ്ട 13 മരുന്നുകളുടെ പേരും കമ്മറ്റി നിർദ്ദേശിച്ചു).

8. ഇന്ത്യൻ നാഷനൽ ഫോർമുലറി പരിഷ്കരിച്ച് പ്രസിദ്ധീകരിക്കുക. നിക്ഷപക്ഷവും ശാസ്ത്രീയവുമായ വിവരങ്ങൾ ഡോക്ടർമാർക്ക് ലഭ്യമാക്കുന്നതിനുള്ള പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുക.

9. ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുക.

10. അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കുക.

ഹാത്തി കമ്മറ്റി ശുപാർശകൾ ഭൂരിഭാഗവും സർക്കാർ അവഗണിച്ചു. ബഹുരാഷ്ട്ര മരുന്നുകമ്പനികളെ നിരോധിക്കാൻ സർക്കാർ കൂട്ടാക്കിയില്ല. എന്നാൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തയ്യാറായി. അഞ്ചു മരുന്നുകൾ ജനറിക്ക് നാമത്തിൽ മാർക്കറ്റ് ചെയ്യാൻ തീരുമാനിച്ചു. ഔഷധവിലനിയന്ത്രണ നിയമം നടപ്പിലാക്കി. വിദേശകമ്പനികൾ ദേശസാൽക്കരിച്ചില്ലെങ്കിലും പൊതുമേഖലാ കമ്പനികൾക്ക് ഔഷധ ഉല്പാദനത്തിൽ കൂടുതൽ പ്രാമുഖ്യം നൽകുകയും ഇന്ത്യൻ സ്വകാര്യമേഖലക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്ന നയം സ്വീകരിക്കുകയും ചെയ്തു. പൊതുമേഖല, ഇന്ത്യൻ സ്വകാര്യ മേഖല, വിദേശകമ്പനികൾ എന്നിവ ഉല്പാദനം നടത്താവുന്ന ഔഷധങ്ങൾ എതൊക്കെയെന്ന് പട്ടികപ്പെടുത്തി, മേഖലാ സംവരണം ഏർപ്പെടുത്തി, ലൈസൻസ് നൽകുന്ന സംവിധാനവും നടപ്പിലാക്കി. അഞ്ചു കോടിയിലേറെ വാർഷിക വരുമാനമുള്ള വിദേശകമ്പനികൾ ഇന്ത്യയിൽ ഔഷധഗവേഷണത്തിനായി വിറ്റുവരവിന്റെ നാലു ശതമാനം വർഷം തോറും മാറ്റിവക്കണമെന്ന വ്യവസ്ഥയും 1978- ലെ ഔഷധനിയമത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതെല്ലാം ഇന്ത്യൻ ഔഷധകമ്പനികളുടെ വളർച്ചക്ക് സഹായകരമാ‍യ വ്യവസായാന്തരീക്ഷം സൃഷ്ടിച്ചു.

ഹാത്തി കമ്മറ്റി ശുപാർശകൾ ഭൂരിഭാഗവും സർക്കാർ അവഗണിച്ചു. ബഹുരാഷ്ട്ര മരുന്നുകമ്പനികളെ നിരോധിക്കാൻ സർക്കാർ കൂട്ടാക്കിയില്ല.
ഹാത്തി കമ്മറ്റി ശുപാർശകൾ ഭൂരിഭാഗവും സർക്കാർ അവഗണിച്ചു. ബഹുരാഷ്ട്ര മരുന്നുകമ്പനികളെ നിരോധിക്കാൻ സർക്കാർ കൂട്ടാക്കിയില്ല.

എന്നാൽ, ഇത്തരം നടപടികളിൽനിന്ന് കേന്ദ്ര സർക്കാർ ഏറെ പുറകോട്ടുപോയിരിക്കുകയാണ്. 'മെയ്ക്ക് ഇന്ത്യ' എന്നൊക്കെ കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിലും ഔഷധമേഖലയിൽ ഒട്ടും ഇടപെടുന്നില്ല. പൊതുമേഖലാ മരുന്നു സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഇന്ന് ആന്റിബയോട്ടിക് ഉണ്ടാക്കുന്ന ഇന്ത്യയിലെ ഏക പൊതുമേഖലാ സ്ഥാപനം KSDP- യാണ് (Kerala State Drugs & Pharmaceuticals Ltd). ഒരു സംസ്ഥാന സർക്കാറിന് വലിയൊരു ഔഷധക്കമ്പനി നടത്താനാകില്ല. കേരളത്തിൽ 2000- 3000 കോടി രൂപയുടെ മരുന്ന് ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിലും വിറ്റുകൊണ്ടിരിക്കുന്നത് 20,000 കോടി രൂപയുടെ മരുന്നാണ് എന്നോർക്കണം. മരുന്നുൽപ്പാദനത്തിനുള്ള ബേസിക് ഡ്രഗ്ഗുകളുടെ (Active Pharmaceutical Ingredient -API) ഉൽപ്പാദനത്തിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചിരുന്നു. ആ നയത്തിൽനിന്ന് ഇന്ത്യ മാറിയതിനാൽ API ഇപ്പോൾ ഇറക്കുമതി ചെയ്യണം. API-യുടെ കുത്തക ചൈനയ്ക്കാണ്. വില കൂടിയ API ഇറക്കുമതി ചെയ്ത് വലിയ കമ്പനി നടത്താൻ കേരള സർക്കാറിനാകില്ല. കേന്ദ്രസർക്കാർ അടിസ്ഥാന മരുന്നുകൾ ഉൽപ്പാദിപ്പിക്കാനുള്ള കൂടുതൽ സംവിധാനങ്ങൾ ആരംഭിക്കണം.

ഇന്ത്യയിലിപ്പോൾ ചെയ്യേണ്ടത് പൊതുമേഖലാ ഔഷധക്കമ്പനികളെ പുനരുജ്ജീവിപ്പിക്കുകയാണ്.
ഔഷധമേഖലയിൽ ഏതാണ്ട് 600 തരം മരുന്നുകളാണുള്ളതെങ്കിൽ അവയിൽ 500 എണ്ണവും പേറ്റന്റ് ഇല്ലാത്തവയാണ്. ഇവയിൽ പെടുന്ന ആന്റിബയോട്ടിക്കുകൾ, വേദന സംഹാരികൾ, ചില കാൻസർ മരുന്നുകൾ തുടങ്ങിയവ പൊതുമേഖലാ മരുന്നുകമ്പനികൾക്ക് വൻതോതിൽ ഉൽപ്പാദിപ്പിക്കാം. ഇവ സർക്കാർ ആശുപത്രികളിലൂടെ സൗജന്യമായും ജൻ ഔഷധികേന്ദ്രങ്ങളിലൂടെ വില കുറച്ചും ജനങ്ങൾക്ക് വിതരണം ചെയ്യുക എന്നതാണ് കേന്ദ്ര സർക്കാർ ചെയ്യേണ്ടത്.


Summary: Coldrif cough syrup tragedy reveals serious shortcomings in the country's drug quality testing agencies, Dr B Ekbal writes.


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ. പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം (എഡിറ്റർ), പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും (എഡിറ്റർ), മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments