ഏറ്റവും വലിയ ബേബി ഫുഡ് നിർമാതാക്കളായ സ്വിസ് കമ്പനി നെസ്‍ലേ ഇന്ത്യയിൽ വിതരണം ചെയ്യുന്ന സെറിലാക് എന്ന ഉല്പന്നത്തിൽ കൂടിയ അളവിൽ പഞ്ചസാരയുടെ അംശമുണ്ടെന്ന റിപ്പോർട്ടിനെതുടർന്ന് ഇന്ത്യയിൽ ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം നിയന്ത്രിക്കുന്ന ഫുഡ് സേഫ്ടി ആൻറ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തിവരികയാണ്. ഇന്ത്യയിൽ മാത്രം ഈ ഉൽപ്പന്നത്തിന് കഴിഞ്ഞ വർഷം 250 മില്യൺ ഡോളറിൻ്റെ വിറ്റുവരവുണ്ടായിരുന്നു.
സ്വിറ്റ്സർലാന്റിലെ പബ്ലിക്ക് ഐ എന്ന സർക്കാരി തര സംഘടനയും ഇൻ്റർനാഷനൽ ബേബി ഫുഡ് ആക്ഷൻ നെറ്റ് വർക്കും (IBFAN) ചേർന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച 150- ലധികം ബേബി ഫുഡ് സാമ്പിളുകളിൽ നടത്തിയ പരിശോധനകളിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.
ശിശുക്കൾക്ക് ആറു മാസം വരെ മുലപ്പാൽ മാത്രം നൽകാനും ശേഷം മുലപ്പാലിനുപുറമേ ഖര ആഹാരവും നൽകാനാണ് ലോകാരോഗ്യ സംഘടന അനുശാസിക്കുന്നത്. ആറു മാസം തൊട്ട് രണ്ടു വയസ്സ് വരെ കുട്ടികൾക്ക് നൽകുന്ന ബേബി ഫുഡുകളിൽ ഒരു തരത്തിലുള്ള പഞ്ചസാരയുടെ അംശങ്ങളും അധികമായി ചേർക്കരുത്.
സ്വിറ്റ്സർലാൻഡ് ആസ്ഥാനമായ യൂറോപ്യൻ കമ്പനിയായ നെസ് ലേക്കുമാത്രം ലോകത്തിലെ വിവിധ രാജ്യങ്ങളിൽ 80-ലധികം ഉത്പാദന ഫാക്ടറികളും 300- ലധികം സെയിൽസ് യൂനിറ്റുകളുമുണ്ട്. നെസ്‌ലെ കമ്പനി ശുപാർശ ചെയ്യുന്നത്, ശിശുക്കൾ ദിവസം ശരാശാശി പത്ത് സ്പൂണെങ്കിലും – അതായത് 100 ഗ്രാമിലധികം- ബേബി ഫുഡ് കഴിച്ചിരിക്കണമെന്നാണ്. ഇതുവഴി അവർക്കാവശ്യമുള്ള പ്രോട്ടീനുകൾ, കാർബോ ഹൈഡ്രേറ്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ ലഭിക്കുമത്രേ.
ഇന്ത്യയിൽ ഒരു അളവ് നെസ് ലേ ബേബി ഫുഡിൽ മൂന്നു ഗ്രാമോളം അധിക പഞ്ചസാര ചേർക്കപ്പെട്ടതായിട്ടാണ് ഇപ്പോൾകണ്ടെത്തിയിട്ടുള്ളത്. അതുവഴി ഒരു ദിവസം തന്നെ 30 ഗ്രാമിലേറെ അധിക പഞ്ചസാര കുട്ടികളുടെ ശരീരത്തിലെത്താം.
നെസ്‌ലെ തന്നെ യൂറോപ്പിലെ വികസിത രാജ്യങ്ങളായ ഫ്രാൻസ്, ജർമനി, സ്വിസ് സർ ലാൻഡ്, യു.കെ എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന തങ്ങളുടെ ഉൽപ്പന്നങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ ശുപാർശ പാലിച്ച് അധികമായി മധുരം ചേർക്കുന്നില്ല. എന്നാൽ മറ്റ് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ വിവിധ ചേരുവകളിൽ പഞ്ചസാര ചേർത്താണ് വിപണനം ചെയ്യുന്നത്.
ഇതുപ്രകാരം ഒരു അളവ് ബേബി ഫുഡിൽ എത്യോപ്യയിൽ അഞ്ച് ഗ്രാമും, തായ്ലാൻഡിൽ ആറു ഗ്രാമും ഫിലിപൈൻസിൽ 7.3 ഗ്രാമും ദക്ഷിണാഫ്രിക്കയിൽ നാലു ഗ്രാമും അധിക പഞ്ചസാര ചേർത്താണ് വിപണനം ചെയ്യുന്നത്. ഇരട്ട നിലപാടാണ് നെസ്‌ലെ വിപണനത്തിൽ പാലിച്ചുവരുന്നത് എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
ഇത് കുട്ടികളിൽ ആ ഭക്ഷണത്തിൻ്റെ അഡിക്ഷനുണ്ടാക്കുന്നതിനുപുറമേ മറ്റു നിരവധി ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കാം. അമിതഭാരം, പല്ലുകൾക്ക് കേടുവരുത്തൽ, പ്രമേഹം, ഫാറ്റി ലിവർ എന്നിവ ഇവയിൽ ചിലതാണ്.
അധികമായി ചേർക്കുന്ന പഞ്ചസാര പാൻക്രിയാസ് ഗ്രന്ഥിയെ അമിതമായി ഉത്തേജിപ്പിച്ച് ഇൻസുലിൻ പുറപ്പെടുവിക്കുകയും ഭാവിയിൽ ദുർമേദസും പ്രമേഹവും ഉണ്ടാക്കാനും സാധ്യതയുണ്ട്. അധികം പഞ്ചസാര ട്രൈഗ്ലിസറൈഡുകളായി മാറുകയും അവ കരളിൽ ശേഖരിക്കപ്പെടുകയും ഭാവിയിൽ ഫാറ്റി ലിവർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാനും കാരണമാകും.
കൂടാതെ ഇത്തരം ഉത്പ്പന്നങ്ങളിൽ ഫ്ലേവറുകളും ടെക്സ്ചറും കൂട്ടാനായി ചേർക്കുന്ന മാൾട്ടോ ഡെക്സ്ട്രിൻ എന്ന പദാർത്ഥം ഉയർന്ന ഗ്ലൈസിമിക് ഇൻഡക്സ് ഉള്ള താണ്. അതായത് ഇത് കഴിച്ചാൽ രക്തത്തിലെ പഞ്ചസാര നില അധികമായി കൂടും.
കുട്ടികൾക്കുള്ള 2019- ലെ ന്യൂട്രിഷൻ റഗുലേഷൻ നിയമ പ്രകാരം ധാന്യങ്ങൾ അടിസ്ഥാനമാക്കിയുള്ള കുട്ടികളിലെ ഭക്ഷ്യപദാർത്ഥങ്ങളിൽ പഞ്ചസാരകൾ പരമാവധി 20% വരെ ചേർക്കാമെങ്കിലും അവ ലാക്ടോസുകളോ ഗ്ലൂക്കോസ് പോളിമറുകളോ ആയിരിക്കണം. ഒരിക്കലും ഇവ സുക്രോസുകളോ, ഫ്രക്ടോസുകളോ ആയ പഞ്ചസാരകൾ ആകരുത്. ഇതുതന്നെ പുനഃപരിശോധനക്ക് വിധേയമാക്കണമെന്നാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്. ഇവിടെ അതും ലങ്ഘിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്നുണ്ട്.
ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ 30 % ത്തോളം പഞ്ചസാരയുടെ അംശങ്ങൾ കുറച്ചതായി നെസ്ലേയുടെ ഇന്ത്യൻ അധികൃതർ അവകാശപ്പെട്ടു. 1977-ൽ മിൽക്ക് ഫോർമുലകളെക്കുറിച്ച് “ബേബി കില്ലർ” - കുട്ടികളുടെ കൊലയാളികൾ- എന്ന റിപ്പോർട്ട് വന്നതിനുശേഷം ആഗോളതലത്തിൽ നെസ്ലേ ഉല്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനമുണ്ടായി. ഇതേതുടർന്നുള്ള സമ്മർദങ്ങളുടെ ഫലമായി 1980- ലാണ് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ഈ ഉല്പന്നങ്ങളെ നിയന്ത്രിക്കാൻ നിയമം നടപ്പിലാക്കി തുടങ്ങിയത്.
ബേബി ഫുഡ് വ്യവസായങ്ങൾ വാണിജ്യ മേഖലയിൽ വളരെ ശക്തമാണ്. വിപണനത്തിന് ഇവർ ശിശുകളുടെ പോഷണത്തിൻ്റെ എല്ലാ വ്യാപാര സാധ്യതകളും ചൂഷണം ചെയ്യുന്നുണ്ട്. ഒന്നാമതായി, ബേബി ഫുഡുകളേയും ഫോർ മുലകളേയും ഒരു ഭക്ഷ്യ ഉൽപ്പന്നമായാണ് പരിഗണിക്കുന്നത്. അതിനാൽ, ഔഷധ നിലവാരത്തിന് വേണ്ട കർശനമായ ആഗോള നിലവാരമോ നിയമങ്ങളോ ഇതിന് ബാധകമല്ല.
ഇന്ത്യയടക്കം മിക്ക രാജ്യങ്ങളിലും പത്ര, ടെലിവഷൻ മാധ്യമങ്ങളിൽ ബേബി ഫുഡ് പരസ്യം നിയന്ത്രിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇവർ ഡിജിറ്റൽ ടെക്നോളജി ഉപയോഗിച്ചാണ് മാർക്കറ്റിംഗും പരസ്യങ്ങളും ചെയ്യുന്നത്. ഇത് വിവിധ തലങ്ങളിൽ, അന്താരാഷ്ര തലത്തിൽ പ്രച്ഛന്നമായാണ് ചെയ്യുന്നത് എന്നതിനാൽ മോണിറ്റർ ചെയ്യാനും വിഷമമാണ്.
കൂടാതെ ഇവർ വ്യാപാരതന്ത്രം മെനയാൻ ഗ്ലോബൽ പരസ്യ ഏജൻസികളെയാണ് ഏർപ്പാട് ചെയ്തിട്ടുള്ളത്. അതിനാൽ, ഡിജിറ്റൽ സർവൈലൻസ് ഉപയോഗിച്ചാണ് ഇവരുടെ മാർക്കറ്റിംങ്. ഡിജിറ്റൽ മാർക്കറ്റിൽ പലപ്പോഴും തെറ്റായ പ്രമോഷൻ വിവരങ്ങൾ വഴിയാണ് ഇത് വിൽക്കപ്പെടുന്നുവെങ്കിലും ഈ പ്ലാറ്റ്ഫോമുകളെ ആ രാജ്യങ്ങളിലെ നിയമപാലകർക്ക് എളുപ്പം കണ്ടു പിടിക്കാനാകില്ല.
ഒരു വർഷം 25 മില്യനിലധികം കുട്ടികൾ ജനിച്ചു വീഴുന്ന ഇന്ത്യ, ബേബി ഫുഡ് ഉത്പന്നങ്ങളുടെ വലിയ വിപണിയാണ്. കുട്ടികളിൽ ഇവയോടുണ്ടാകുന്ന അടിമത്വം ഭാവിയിൽ വലിയ ആരോഗ്യദുരന്തമായി മാറിയേക്കാം.